Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, June 26, 2010

പ്രേമവേദം - ജൂണ്‍ -10

Posted by VEDHASAARAM

ശ്രീമന്നാരായണീയം
കാലഃ കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വഞ്ച കാര്യം വിഭോ 
ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ല്ലീനതാമായയുഃ 
തേഷം നൈവ വദന്ത്യസത്വമയി  ഭോശ്ശക്തയാത്മനാ തിഷ്ഠതാം,
നോ ചെത്ത കിം ഗഗനപ്രസൂന സദൃശം ഭൂയോ ഭവേത് സംഭവഃ 
    (ദശഃ 5  ശ്ളോഃ 2 )
അല്ലയോ ഭഗവാനെ, അക്കാലത്ത് കാലം, കര്‍മ്മം, ഗുണങ്ങള്‍, 
ജീവാത്മാക്കളുടെ സമൂഹം മുതലായി സര്‍വ വിശ്വവും, ആത്മാരാ‍മ യോഗനിദ്രയില്‍ മുഴുകിയിരുന്ന അങ്ങയില്‍ ലയിച്ചിരുന്നു. അവയുടെ അവ്യക്തമായ ശക്തിയും അപ്പോഴത്തെ അസത്തയും ആരും പറയുന്നില്ല.
അന്ന് അവയുണ്ടായിരുന്നില്ലെങ്കില്‍ ആകാശ പുഷ്പങ്ങള്‍ പോലുള്ള അവ വീണ്ടും ഉത്ഭവിക്കുമായിരുന്നോ?  
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)    
പ്രേമസന്ദേശം 
രാധേകൃഷ്ണാ! എപ്പോഴും ഭഗവാനെ കുറിച്ച് ചിന്തിക്കുക. അതു ആനന്ദമാണ്. അതു നിങ്ങളുടെ ജീവിത ധര്‍മ്മവുമാണ്. അതു വളരെ ലളിതവുമാണ്. അതു നിങ്ങളുടെ ആവശ്യവുമാണ്. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരു വാത്സല്യം 
'ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാലാക 
വന്താര്‍പോലെ ഇരുപ്പീരാക!'
      രാധേകൃഷ്ണാ! സ്വാമി രാമാനുജര്‍ക്കു അദ്ദേഹത്തിന്‍റെ അഞ്ചു ഗുരുക്കന്മാരില്‍ ഒരാള്‍ പറഞ്ഞു കൊടുത്ത ഒരു രഹസ്യം! സ്വാമി രാമാനുജരുടെ നേര്‍ ഗുരു സ്വാമി ആളവന്താര്‍ ആണ്. പക്ഷെ രാമാനുജര്‍ക്കു അദ്ദേഹവും ആയിട്ട് നേരിട്ട് ബന്ധം ഒന്നും ഇല്ല. സ്വാമി ആളവന്താര്‍ വൈകുണ്‍ഠ പ്രാപ്തിയടയുന്നതിനു മുന്‍പേ തന്‍റെ അഞ്ചു ശിഷ്യന്മാരോടായി  രഹസ്യ ഉപദേശങ്ങള്‍ നല്‍കി അതു അവര്‍ രാമാനുജര്‍ക്ക്  പറഞ്ഞു കൊടുക്കണം എന്നു ആജ്ഞാപിച്ചിരുന്നു. അങ്ങനെ ആ ആഞ്ചു ശിഷ്യന്മാര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതാണു ഇതു. 
     ശ്രീരംഗത്തില്‍ രംഗനാഥന്‍ പള്ളി കൊണ്ടരുളുന്നു. അതേ ഭഗവാന്‍ നമ്മുടെ ഇടയില്‍ സഞ്ചരിച്ചാല്‍ എങ്ങനെയിരിക്കും! അതാണ്‌ ആചാര്യ പുരുഷന്മാര്‍! കിടക്കുന്ന രംഗനാഥന്‍ തന്നെ ആചാര്യ രൂപം ധരിച്ചു വന്നിരിക്കുന്നു എന്നു വിശ്വസിക്കണം.അങ്ങനെ വിചാരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍, വിശ്വസിച്ചാല്‍ മാത്രമേ മാര്‍ഗ്ഗം ഉള്ളു.  ജീവിതത്തില്‍ എത്രയോ വിഷയങ്ങളെ നാം സുലഭമായി വിശ്വസിക്കുന്നു. ഉദാഹരണത്തിന്, വിവാഹ സമയത്ത് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. ആ പുരുഷനെ അവള്‍ സകല വിശ്വാസവും അര്‍പ്പിച്ചു സ്നേഹിക്കുന്നു. അതു പോലെ ഒരു വിശ്വാസം ആചാര്യനോടു ഒരു ശിഷ്യനോ ശിഷ്യയ്ക്കോ വേണം! എങ്കില്‍ ജീവിതം പരമ സുഖമായി തീരും.
      ചൈതന്യ മഹാപ്രഭു ഒരു ഉത്തമമായ ആചാര്യനാണ്.  ഭാരത ദേശം മുഴുവനും അലഞ്ഞു നടന്നു നാമസങ്കീര്‍ത്തനന്‍റെ  മഹത്വത്തെ പ്രചരിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം കൂര്‍മ്മദേശം എന്നൊരു സ്ഥലത്ത് എത്തി.  അവിടെ ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ അദ്ദേഹം ഒരു രാത്രി കഴിച്ചു കൂട്ടി. പുലര്‍ച്ചെ അദ്ദേഹം ആ ബ്രാഹ്മണനെ അനുഗ്രഹിച്ചു പുറപ്പെട്ടു. അതേ കൂര്‍മ്മ ദേശത്തില്‍ വാസുദേവഘോഷ് എന്നൊരു ബ്രാഹ്മണന്‍ വസിച്ചിരുന്നു. അദ്ദേഹം തന്‍റെ കുടുംബത്താല്‍ തന്നെ ഒതുക്കപ്പെട്ടവാനാണ്. കാരണം അദ്ദേഹത്തിനു മഹാരോഗമായ കുഷ്ടം പിടിപെട്ടിരുന്നു.  ശരീരം മുഴുവനും വൃണമയമായി. ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ താല്പര്യം ഇല്ല. 
     വാസുദേവ ഘോഷിന് ഹൃദയത്തില്‍ നല്ല ഭക്തി ഉണ്ടായിരുന്നു. ഏതോ ഒരു മഹാന്‍ അവിടെ വരുന്നുന്റെന്നു അദ്ദേഹാവും കേട്ടിരുന്നു. ആ മാഹാത്മാവിനെ ദൂരെ നിന്നും കണ്ടു ആശീര്‍വാദം വാങ്ങിക്കാം എന്നു അദ്ദേഹം കരുതി. മഹാത്മാക്കലുറെ ദര്‍ശനം ആത്മാവിനു ആനന്ദമേകും. വാസുദേവ ഘോഷ് ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു വന്നിട്ടുള്ള മഹാനെ പറ്റി അന്വേഷിച്ചു. തനിക്കു അദ്ദേഹത്തെ ഒന്ന് ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു. ആ ബ്രാഹ്മണന്‍ തെല്ലു ദുഃഖത്തോടെ പ്രഭു അല്പം മുന്‍പ് സ്ഥലം വിട്ടുവെന്നും അദ്ദേഹത്തിന്‍റെ നിരാശയില്‍ തനിക്കു ഖേദം ഉണ്ടെന്നും അറിയിച്ചു.  വാസുദേവ ഘോഷ് ഇതു കേട്ടു പൊട്ടിക്കരഞ്ഞു. താന്‍ ഒരു മഹാ പാപിയാണെന്നും തനിക്കു ഒരു മഹാത്മാവിനെ ദര്‍ശിക്കാനുള്ള ഭാഗ്യം പോലും ഇല്ലെന്നും പറഞ്ഞു ഉറക്കെ കരഞ്ഞു. ദുഃഖം സഹിക്കാനാവാതെ 'കൃഷ്ണാ കൃഷ്ണാ' എന്നുരുവിട്ടു കൊണ്ടേ ഇരുന്നു. ഭഗവാനോട് വീണ്ടും വീണ്ടും തനിക്കു ആ മാഹാത്മാവിന്റെ ദര്‍ശനം സാധിപ്പിച്ചു തരണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ഇനി എപ്പോഴായിരിക്കും തനിക്കു ആദേഹത്തെ കാണാന്‍ സാധിക്കുക? ഇത്ര അടുത്തു വന്നിട്ടും തനിക്കു കാണാന്‍ സാധിച്ചില്ലല്ലോ എന്നു സങ്കടപ്പെട്ടു. 
      ഈ സമയം കൊണ്ടു ചൈതന്യ മഹാപ്രഭു കൂര്‍മ്മ ദേശത്തിന്‍റെ അതിര്‍ത്തി എത്തിയിരുന്നു. എന്തു കൊണ്ടോ അദ്ദേഹത്തിനു മുന്നോട്ടു പോകുവാന്‍ സാധിച്ചില്ല. മനസ്സില്‍ എന്തോ ഒരു തടസ്സം തോന്നി.  ഉടനെ അദ്ദേഹം മടങ്ങാന്‍ തീരുമാനിച്ചു. ധൃതി പിടിച്ചു തിരിച്ചു നടന്നു.  ഒരു ആത്മാവ് തനിക്കു വേണ്ടി കേഴുന്നു എന്നു അദ്ദേഹത്തിനു മനസ്സിലായി. അതിനു ദുഃഖശാന്തി നല്‍കുവാനായി അദ്ദേഹത്തിനു തിടുക്കമായി. ദൂരെ നിന്നും അദ്ദേഹത്തെ വാസുദേവഘോഷ് കണ്ടു. ആ തേജസ് കണ്ടപ്പോഴേ അദ്ദേഹമാണ് താന്‍ കാണാന്‍ കാത്തിരുന്ന മഹാത്മാവാണെന്നു മനസ്സിലായി. രണ്ടു കയ്യും കൂപ്പി തൊഴുതു നിന്നു. മഹാപ്രഭുവും അദ്ദേഹത്തെ കണ്ടു. രണ്ടു കയ്യും വിടര്‍ത്തി കൊണ്ടു ഘോഷിനെ നോക്കി ഓടി വന്നു. വാസുദേവ ഘോഷ് അതു കണ്ടു ഒഴിഞ്ഞു മാറി. പ്രഭു വിട്ടില്ല. വീണ്ടും അടുത്തു. വാസുദേവ ഘോഷ് അദ്ദേഹത്തോട് "പ്രഭോ! എനിക്കു അങ്ങയുടെ ദര്‍ശനം കിട്ടി. അതു തന്നെ പരമ ഭാഗ്യം. അങ്ങ് എന്‍റെ അടുത്തു വരരുത്. എന്‍റെ ശരീരം മുഴുവനും വ്രണം വന്നു നാറുന്നു. എല്ലാരാലും ഒതുക്കപ്പെട്ടവാനാണ് ഞാന്‍. അങ്ങ് ദൂരെ നില്‍ക്കു" എന്നു പറഞ്ഞു. ചൈതന്യര്‍ അതൊന്നും കേറ്റില്ല. 'കുഞ്ഞേ നിന്‍റെ ആത്മാവ് പരിശുദ്ധമാണ്. എനിക്കു അതാണ്‌ വേണ്ടത്' എന്നു പറഞ്ഞു കൊണ്ടു ഘോഷിനെ പിടിക്കാന്‍ അടുത്തു. അവസാനം മഹാപ്രഭു ഘോഷിനെ കടന്നു പിടിച്ചു. ഘോഷ് അരുത് അരുത് എന്നു നിലവിളിച്ചു കൊണ്ടേയിരുന്നു  പ്രഭു അദ്ദേഹത്തിന്‍റെ എതിര്‍പ്പിനെ അവഗണിച്ചു ആ ശരീരം മുറുകെ പുണര്‍ന്നു. ഘോഷ് ആ പ്രേമാലിംഗനത്തില്‍ ചൂളി പോയി. 
     അപ്പോള്‍ ഓര്‍ അത്ഭുതം സംഭവിച്ചു. മഹാപ്രഭുവിന്‍റെ  സ്പര്‍ശത്താല്‍  ആ ശരീരവും പരിശുദ്ധമായി. വൃണങ്ങള്‍ ഒക്കെ മറഞ്ഞു ശരീരം നല്ല തേജസ്സോടെ ജ്വലിച്ചു. ഒരു തഴമ്പ് പോലും ശേഷിച്ചില്ല. വാസുദേവ ഘോഷ് പൊട്ടി കരഞ്ഞു. സാക്ഷാത് ഭഗവാന്‍ കൃഷ്ണന്‍ തന്നെ മഹാപ്രഭുവിന്‍റെ രൂപത്തില്‍ എത്തി എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് അദ്ദേഹം ഒരു മഹാ ഭക്തനായി കാലം തള്ളി അവസാനം പരമ പദം പ്രാപിച്ചു. ഗുരുവിന്‍റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ് അദ്ദേഹത്തിനു ഇതു സാധിച്ചത്. ദൃഡ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ അപാര മഹിമയെ അനുഭവിച്ചറിയാന്‍ സാധിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
അര്‍ജ്ജുനഭക്തി -1 
അമരരായ് തിരികിന്‍റോര്‍കട്ക്കു ആദിശേര്‍ അനന്തപുരത്തു 
അമരര്‍ കോന്‍ അര്‍ച്ചിക്കിന്‍റു അങ്കു അകപ്പണി ചെയ് വര്‍  വിണ്ണോര്‍ 
നമര്‍കളോ സൊല്ല കേള്മിന്‍ നാമും പോയ്‌ നണുക വേണ്ടും 
കുമാരനാര്‍ താതൈ തുന്‍പം തുടൈത്ത ഗോവിന്ദനാരേ!
      രാധേകൃഷ്ണാ! തിരുവനന്തപുരത്ത് വാസം ചെയ്യാന്‍ എത്രയോ കോടി ജന്‍മങ്ങളിലെ പുണ്യം വേണമത്രേ! കാരണം നമ്മാള്‍വാര്‍ പറയുന്നത്  കേള്‍ക്കു. അവിടെ ചെന്നു ചേര്‍ന്നാല്‍ മാത്രം മതി. നമ്മുടെ പാപങ്ങള്‍ എല്ലാം അപ്പോഴേ നശിക്കും. 'കെടും ഇടരായവെല്ലാം' - പാപങ്ങളെല്ലാം നശിച്ചു പോകുന്നു.  ഈ പുണ്യസ്ഥലം വൈകുണ്ഠത്തേക്കാള്‍  ശ്രേഷ്ഠമാണ്. അത് കൊണ്ടു അവിടെ നിന്നും ദേവന്‍മാര്‍ പോലും ഇവിടെ വന്നു എന്തെങ്കിലും ഒരു കൈങ്കര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു -'അങ്കു അകപ്പണി ചെയ് വര്‍ വിണ്ണോര്‍'! രാത്രി നട അടച്ചു എല്ലാരും പോയി കഴിയുമ്പോള്‍, അവരുടെ ഊഴമാണ്! വിഷ്വാക്സേനര്‍ ഒരു കൈങ്കര്യം, ആദിശേഷന്‍ ഒരു കൈങ്കര്യം, മഹാലക്ഷ്മി ഒരു കൈങ്കര്യം, ബ്രഹ്മാവ് മറ്റൊരു കൈങ്കര്യം, ഇങ്ങനെ എത്രയോ പേര്‍ ഓരോ കൈങ്കര്യവും ഭഗവാനു വേണ്ടി ചെയ്യുന്നു. അതു കൊണ്ടു ഹേ ജനങ്ങളെ നമ്മളും അവിടെ പോകണം എന്നു പറയുന്നു നമ്മാള്‍വാര്‍. 
     അവിടെ ശയിച്ചിരിക്കുന്നത് ഗോവിന്ദനാണ്. അതും യാതൊരു ന്യൂനതകളും ഇല്ലാതെയാണ് കിടക്കുന്നത്.  മുരുകന്‍റെ അച്ഛനായ മഹാദേവന്‍റെ ദുഃഖം ഭഗവാന്‍ തുടച്ചു മാറ്റി. മഹാദേവന്‍ ഒരിക്കല്‍ ഒരു അസുരന് വരം നല്‍കി. അവനുടെ കൈ ആരുടെ തലയില്‍ വെയ്ക്കുന്നുവോ അയാള്‍ ഭസ്മമായി തീരും! വരം ലഭിച്ച അസുരം അതു പരീക്ഷിക്കാന്‍ മാഹാദേവനെ തന്നെ തിരഞ്ഞെടത്. ശിവന് ആപത്തു വന്നപ്പോള്‍ ഹേ പത്മനാഭാ നീ തന്നെ രക്ഷിച്ചില്ലേ എന്നു നമ്മാള്‍വാര്‍ ചോദിക്കുന്നു. ഇവിടെ ഭഗവാന്‍റെ വലതു കൈയുടെ താഴെ വളരെ ഭദ്രമായി പരമശിവന്‍ ലിംഗ രൂപത്തില്‍ ഇരിക്കുന്നു. ഭഗവാന്‍റെ കൈകളില്‍ അഭയം പ്രാപിക്കാന്‍ നമ്മോടും ആഹ്വാനം ചെയ്യുന്നുണ്ട് അദ്ദേഹം! ഇതു മോക്ഷസ്ഥാനമാണ്‌. ഇവിടെ വന്നു കഴിഞ്ഞാല്‍ നമ്മുടെ സകല കാര്യങ്ങളും പത്മനാഭന്‍ ഏറ്റെടുക്കും. 
      പത്മനാഭന്‍ ഒരിക്കല്‍ ഒരു ഋഷിയുടെ ദുഃഖവും തീര്‍ത്തുകൊടുത്തു. കാലവ മഹര്‍ഷി എന്നൊരു പരമ ഭക്തന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭഗവാനു വേണ്ടി സ്വയം അര്‍പ്പിച്ചു നാമജപം ചെയ്തു കഴിഞ്ഞിരുന്നു. വൃന്ദാവനത്തില്‍ വസിച്ചു വന്നു. ഒരു ദിവസം കാളിന്ദി തീരത്ത് അദ്ദേഹം സന്ധ്യാ വന്ദനാദികള്‍ ചെയ്തു കൊണ്ടിരുന്നു. രണ്ടു കൈകളിലും തീര്‍ത്ഥം എടുത്തു ഭഗവാനെ ധ്യാനിച്ച്‌ കൊണ്ടു അര്‍ഘ്യം കൊടുത്തു. രണ്ടാമത് അതു പോലെ തീര്‍ത്ഥം എടുത്തു കൈകള്‍ ഉയര്‍ത്തിയപ്പോള്‍ കൈകളില്‍ എന്തോ വന്നു വീണു. ഞെട്ടിപ്പോയ അദ്ദേഹം കൈയിലേക്ക്‌ നോക്കിയപ്പോള്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയിരിക്കുന്നതായിട്ടാണ് കണ്ടത്. ആകെ അന്ധാളിച്ചു പോയി. ഭഗവാനു അര്‍പ്പണം ചെയ്യാനിരുന്ന അര്‍ഘ്യ ജലത്തില്‍ ആരാണ് ഇത്രയും ധൈര്യമായി ഇതു ചെയ്തത്? അതു ആരാണെന്ന് നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേ കൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം - 39 
തിരുപ്പാണാള്‍വാരുടെ അനുഭവം പങ്കു വെച്ചു പെണ്‍പിള്ളൈ അടുത്തതായി രാമായണ വിഷയത്തിലേക്ക് കടന്നു. 
'അനുപ്പി വെയ്യും എന്‍റേനോ വസിഷ്ഠരൈപ്പോലെ'   
 ശ്രീരംഗം രംഗനാഥന്‍റെ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എവിടെ നിന്നോ രാ‍മ വിഷയം കയറി വന്നു. രംഗനാഥന്‍ തന്നെയാണ് രാമായണ നായകന്‍.  ശ്രീരാമന്‍ തന്നെ ആരാധിച്ച ഒരു മൂര്‍ത്തിയാണ് രംഗനാഥന്‍.
ഭഗവാന്‍ ശ്രീ രാമന്‍ കാട്ടില്‍ പോകാന്‍ ആഗ്രഹിച്ചപ്പോള്‍ പട്ടാഭിഷേകത്തെ
നിറുത്തി കാട്ടില്‍ പോകാനുള്ള വഴി ഒരുക്കിയതും രംഗനാഥനാണ്! 
      ആദ്യം ശിഷ്യനായ വിശ്വാമിത്രരുടെ വാക്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗുരുവായ വസിഷ്ഠരുടെ വാക്യം പറയുന്നു. വിശ്വാമിത്രര്‍ രാ‍മന്‍റെ പ്രഭാവത്തെ പറ്റി ദശരഥനോട് പറയുന്നുണ്ട്.  രാമന്‍റെ മഹത്വത്തെ പറ്റി വസിഷ്ടര്‍ക്കും നന്നായി അറിയാം എന്നൊരു സൂചനയും കൊടുക്കുന്നു. എന്നിട്ടും ദശരഥനു രാമനെ അദ്ദേഹത്തിന്‍റെ കൂടെ കാട്ടില്‍ അയയ്ക്കാന്‍ മനസ്സ് വരുന്നില്ല. ആ സമയം വിശ്വാമിത്രര്‍ കുപിതനായി 'നീണാള്‍ വാഴട്ടെ' എന്നു ആക്ഷേപ ധ്വനിയില്‍ പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി. ഇതെല്ലാം കണ്ടു നിന്ന വസിഷ്ടര്‍ അപ്പോള്‍ ഇടപെട്ടു. വിശ്വാമിത്രരെ ഒന്ന് ക്ഷമിക്കാന്‍ പറഞ്ഞു. എന്നിട്ട് ദശരഥനോട് രാമനെ അദ്ദേഹത്തിന്‍റെ കൂടെ അയയ്ക്കാന്‍ പറയുന്നു. തന്‍റെ ശിഷ്യന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു വസിഷ്ടര്‍. വിശ്വാമിത്രര്‍ വിചാരിച്ചാല്‍  രാക്ഷസന്മാരെ വധിക്കാന്‍ എളുപ്പമാണ്. എന്നിട്ടും അദ്ദേഹം രാമനെ ആവശ്യപ്പെട്ടാല്‍ അതു രാമന്‍റെ നല്ലതിനായിരിക്കും. അദ്ദേഹത്തിന്‍റെ കൂടെ രാമനെ അയയ്ക്കുന്നത് കൊണ്ടു രാമനു ഗുണം മാത്രമേ ഉണ്ടാവൂ എന്നു ഉപദേശിക്കുന്നു. ദശരഥന്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ മാനിച്ചു ഒടുവില്‍ രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ച്ചു. 
        തന്‍റെ ശിഷ്യന്‍റെ ഹൃദയം നന്നായി മനസ്സിലാക്കി അതിനു അനുകൂലമായി ഭഗവാനെ പറഞ്ഞയക്കാന്‍ സഹായിക്കുന്നു. വിശ്വാമിത്രര്‍ രാമനെ വിളിച്ചു കൊണ്ടു പോയാലെ സീതാ സ്വയംവരം സംഭവിക്കുകയുള്ളൂ എന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഭഗവാന്‍റെ അവതാര ഉദ്ദേശം മനസ്സിലാക്കി അതിനു അനുകൂലമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പൊതുവേ അദ്ദേഹം തന്‍റെ ശിഷ്യനായ വിശ്വാമിത്രരേ എപ്പോഴും കുട്ടപ്പെടുത്താറുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പരമാത്മാവായ രാമനെ തന്‍റെ ശിഷ്യന് കൊടുത്തു അനുഗ്രഹിച്ചു. അതു കൊണ്ടു വിശ്വാമിത്രര്‍ക്ക് പെരുമ ഉണ്ടായി. ഇപ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു. അതാണ്‌ സദ്ഗുരു! തന്‍റെ ശിഷ്യരെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രശംസിക്കുകയോ പുകഴ്ത്തുകയോ ഒന്നും ചെയ്യില്ല. പക്ഷെ അവര്‍ക്കു ഏറ്റവും നല്ലത് വരാനുള്ളത് പ്രവര്‍ത്തിക്കും!
      വിശ്വാമിത്രര്‍ വസിഷ്ടരുടെ വായില്‍ നിന്നും ബ്രഹ്മര്‍ഷി എന്ന പട്ടം നേടാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം ഒരുപാടു പ്രയത്നിക്കുകയും ചെയ്യുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ബ്രഹ്മര്‍ഷി എന്നു പറഞ്ഞാലും തന്‍റെ ഗുരു പറയാതെ അദ്ദേഹത്തിനു സമ്മതമല്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി അദ്ദേഹം തന്‍റെ ഗുരുവിനെ കാണാനായി ആശ്രമത്തില്‍ ചെല്ലുന്നു.  ആ സമയം വസിഷ്ടര്‍ അകത്തിരുന്നു ഏതോ ഗ്രന്ഥം വായിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു.  അദ്ദേഹം ഇടയ്ക്കിടയ്ക്ക് 'ആഹാ! ബലേ ഭേഷ്! വാക്കുകളുടെ പ്രയോഗം അല്ഭുതാവാഹം!' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതു കണ്ട വസിഷ്ടരുടെ ഭാര്യ അങ്ങ് ഇത്രത്തോളം ആസ്വദിക്കുന്ന ഈ ഗ്രന്ഥം ഏതാണ്? ആരെഴുതിയതാണ്? എന്നു ചോദിച്ചു. വസിഷ്ടര്‍ അതിനു എന്‍റെ വിശ്വാമിത്രര്‍ അല്ലാതെ വേറെ ആരാണ് എന്നുത്തരം പറഞ്ഞു.  ഇതു കേട്ട അദ്ദേഹത്തിന്‍റെ പത്നി വളരെ ആശ്ചര്യത്തോടെ അങ്ങ് എപ്പോഴും വിശ്വാമിത്രരെ ശകാരിക്കുകയല്ലേ ചെയ്യുന്നത്. ഒരിക്കലെങ്കിലും ഒരു നല്ല വാക്കു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം ചിരിച്ചു കൊണ്ടു അതു കൊണ്ടാണ് ലോകം അവനെ ശ്ലാഘിക്കുന്നത്! വസിഷ്ടര്‍ എന്തു കുറ്റമാണ് വിശ്വാമിത്രനില്‍ കാണുന്നത് എന്നു അവര്‍ അന്വേഷിക്കുകയാണ്. അവന്‍റെ ഗുണങ്ങള്‍ കണ്ടു അവര്‍ അവനെ പുകഴ്ത്തുകയാണ്. എന്‍റെ ശിഷ്യനെ ലോകം പുകഴ്ത്താന്‍ വേണ്ടി തന്നെയാണ് ഞാന്‍ താഴ്ത്തുന്നത് എന്നു പറഞ്ഞു. അവന്‍ ലോക പ്രശസ്തി നേടും, നന്നായി വരും എന്നു ഹൃദയം നിറഞ്ഞു ആശീര്‍വദിച്ചു. 
        പുറത്തു നിന്നു  ഇതെല്ലാം വിശ്വാമിത്രാര്‍ കേട്ടു കൊണ്ടിരുന്നു. തന്‍റെ ഗുരുവിന്‍റെ മാഹാത്മ്യം ഇതു വരെയും താന്‍ മനസ്സിലാക്കിയില്ലല്ലോ എന്നു ഖേദിച്ചു. അങ്ങനെ വിശ്വാമിത്രര്‍ക്കു ഭഗവാന്‍ രാ‍മലക്ഷ്മണന്‍മാരെ കൊടുക്കുവാന്‍ ദശരഥനോട് ഉപദേശിക്കുന്നു. പെണ്‍പിള്ളൈ രാമാനുജരോടു ഈ കാര്യം പറഞ്ഞു തനിക്കു അതു പോലെ മഹത്വം ഒന്നും ഇല്ലല്ലോ എന്നു പറയുന്നു. രാധേകൃഷ്ണാ!

Sunday, June 13, 2010

പ്രേമവേദം മേയ് -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത് പ്രാക്ക് പ്രാകൃതപക്ഷയേ
മായായാം ഗുണസാമ്യരുദ്ധവികൃതൌ ത്വയ്യാഗതായാം ലയം;
നൊ മൃത്യുശ്ച തദാമൃതഞ്ച സമഭൂന്നാഹ്നോ ന രാത്രേഃ സ്ഥിതി-
സ്തത്രൈകസ്ത്വമശിഷ്യഥാഃ കില പരാനന്ദ പ്രകാശാത്മനാ.    
                                                          (ദശഃ 5 ശ്ലോ: 1)
      പണ്ടു ബ്രഹ്മ പ്രളയകാലത്ത് സത്വം, രാജാസ്, തമസ്സ് എന്നീ ഗുണങ്ങളുടെ സാമ്യം മൂലം ചലനമില്ലാതിരുന്ന മായ അങ്ങയില്‍ ലയിച്ചു സ്ഥിതി ചെയ്തിരുന്നപ്പോള്‍ വ്യക്ത രൂപത്തിലും, അവ്യക്തമായും ഇന്നു  കാണുന്ന വസ്തുക്കളൊന്നും ജന്മമെടുത്തിരുന്നില്ല. അപ്പോള്‍ മൃത്യുവും മോക്ഷവും, ഉണ്ടായിരുന്നില്ല. പകല്‍, രാത്രി, എന്നെ സ്ഥിതിഭേദങ്ങളും ഉണ്ടായിരുന്നില്ല. ഏകനായ അങ്ങ് മാത്രം ചിദാനന്ദ സ്വരൂപനായും ജ്ഞാന പ്രകാശത്തോടെയും അവശേഷിച്ചിരുന്നു.                                                     
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
      രാധേകൃഷ്ണാ! നിങ്ങള്‍ക്ക് നിങ്ങളുടെ കടമകളെ ചെയ്യാനുള്ള ശരീര ബലം ഉണ്ട്‌. നിങ്ങളുടെ മനസ്സാണ് അതിനെ വിപരീത ചിന്തകളാല്‍ തടസ്സപ്പെടുതുന്നത്! നാമം ജപിച്ചു അതിനെ ജയിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സത്ഗുരു വാത്സല്യം
 ആചാര്യഃ സ: ഹരിഃ സാക്ഷാത് ചരരൂപി ന സംശയ! 
     രാധേകൃഷ്ണ! എല്ലാവരും ഗുരുവിനെ ഒരു മനുഷ്യന്‍ എന്നു കരുതുന്നു.  എന്തു കൊണ്ടെന്നാല്‍ അവരുടെ പ്രവൃത്തികള്‍, ശരീരം എല്ലാം മനുഷ്യരെ പോലെ തന്നെ ഇരിക്കും. ഗുരു മനുഷ്യ ശരീരത്തില്‍ ഇരിക്കുന്നുണ്ടെങ്കിലും  സ്വയം ഭഗവാനാണ്. അതുകൊണ്ടാണ് വേറൊരു ആത്മാവിനു മനശ്ശാന്തി നല്‍കാന്‍ സാധിക്കുന്നത്. ആചാര്യനെ 'ഹരിഃ സാക്ഷാത് ചരരൂപി എന്നു പറയുന്നു. എന്നുവെച്ചാല്‍ ചരിക്കുന്ന ദൈവം! ക്ഷേത്രങ്ങളില്‍ ദൈവം ഒരേ ഇടത്തില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഗുരു എല്ലായിടത്തും പോകുന്നു. അതില്‍ സംശയം വേണ്ടാ. ഭഗവാനും ഗുരുവിനും വ്യത്യാസം ഒന്നും ഇല്ല. ഇതു അവരവരുടെ വിശ്വാസത്തിനെ ആശ്രയിച്ചു അനുഭവം നല്‍കുന്നു. 
     കണപുരത്താള്‍ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ക്കു ഉറച്ച ആചാര്യ ഭക്തി ഉണ്ടായിരുന്നു. അവരുടെ ജീവിത ലക്‌ഷ്യം തന്നെ ഗുരു ധ്യാനം, ഗുരുവിന്‍റെ ഇഷ്ടത്തിനൊത്തു  ജീവിക്കുക എന്നതായിരുന്നു. എല്ലാവരുടെയും ജീവിത ലക്‌ഷ്യം അതാകണം. ഗുരുവിന്‍റെ ഇച്ഛ പോലെ ഭക്തനായോ ഭക്തയായോ ജീവിക്കണം! ഗുരു അതു മാത്രമേ നമ്മളില്‍ നിന്നും പ്രതേക്ഷിക്കുന്നുള്ളൂ. 
     ഒരിക്കല്‍ തന്‍റെ ആചാര്യന്‍റെയും, മറ്റു ശിഷ്യന്മാരോടും കൂടി കണപുരത്താള്‍ ഒരു ദിവ്യ ദേശം സന്ദര്‍ശിച്ചിട്ടു ശ്രീ രംഗത്തിന് മടങ്ങുകയായിരുന്നു. കാവേരിയുടെ അക്കരയില്‍ എത്തിയ അവര്‍ ഒരു വഞ്ചിക്കാരന് വേണ്ടി കാതു നിന്നു. വഞ്ചിയില്‍ കയറി ആറു കടക്കുമ്പോള്‍ പകുതി വഴിയില്‍ പെട്ടെന്ന് വെള്ളം പെരുകി. ഉടനെ വള്ളക്കാരന്‍ യാത്രക്കാരോട് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ നീന്തി ഇറങ്ങിയാല്‍ വള്ളം ചുഴലിയില്‍ പെടാതെ അക്കരെ എത്തിക്കാം എന്നു പറഞ്ഞു. ഇതു കേട്ടു ആരും ശബ്ദിച്ചില്ല. വഞ്ചിയില്‍ നിറച്ചു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ ആരും വെള്ളത്തില്‍ ചാടാന്‍ തയ്യാറല്ലായിരുന്നു. ഇതു കണ്ട കണപുരത്താള്‍, വഞ്ചിക്കാരനോടു താന്‍ വെള്ളത്തില്‍ ചാടാമെന്നും അതിനു പകരമായി തന്‍റെ ഗുരുവിനെ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു കരയില്‍ എത്തിക്കണം എന്നും പറഞ്ഞു. പറഞ്ഞു കഴിഞ്ഞതും വെള്ളത്തിലേക്ക്‌ എടുത്തു ചാടി.  
     ആചാര്യന് വല്ലാത്ത വിഷമം തോന്നി. ഒരു സാധു ശിഷ്യയായിരുന്നു അവര്‍! അവര്‍ ഇങ്ങനെ എടുത്തു ചാടിയല്ലോ എന്നു തോന്നി. എന്തായാലും വള്ളം ഒരു വിധം കരയ്ക്കടുത്തു. എല്ലാവരും ഇറങ്ങി നടന്നു. ഗുരു മാത്രം ആറ്റിന്‍റെ  കരയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരഞ്ഞു കൊണ്ടു നടന്നു. ശിഷ്യന്മാരോട് എവിടെയെങ്കിലും ആ ആത്മാവ് ഒതുങ്ങി കിടക്കുന്നുണ്ടോ എന്നു ചോദിച്ചു. അപ്പോള്‍ ദൂരെ നിന്നും 'ആചാര്യരെ ഞാന്‍ ഇവിടെ തന്നെ സുരക്ഷിതയായി ഇരിക്കുന്നു' എന്നൊരു ശബ്ദം കേട്ടു. കാവേരിയില്‍ അവിടവിടെയായി മണല്‍ തിട്ടകള്‍ കാണപ്പെടും. അതു പോലെ ഒരു തിട്ടയില്‍ നിന്നാണ് ശബ്ദം വന്നത്. കണപുരത്തമ്മാളെ വെള്ളം അടിച്ചു കൊണ്ടു വന്നു ആ മണല്‍ തിട്ടയില്‍ ഇട്ടു. അവരെ അവിടെ നിന്നും ആനയിച്ചു കൊണ്ടു വന്നു, ഗുരു ആശ്വാസം പൂണ്ടു. ഉടനെ അവര്‍ ഞാന്‍ വെള്ളത്തില്‍ വീണപ്പോഴും ഒരു മണല്‍ തിട്ടയായി അങ്ങ് എന്നെ രക്ഷിച്ചില്ലേ! ഈ കാരുണ്യത്തിനു ഞാന്‍ എങ്ങനെ നന്ദി പറയും? എന്നു പറഞ്ഞു. വെള്ളത്തിലേക്ക്‌ ചാടുമ്പോള്‍ കണപുരത്തമ്മാള്‍ ഗുരു ധ്യാനത്തോട് കൂടി ചാടി. അപ്പോള്‍ സദ്ഗുരു ഒരു മണല്‍ തിട്ടയായി വന്നു തന്നെ രക്ഷിചില്ലേ എന്നു പറഞ്ഞു.  ഉടനെ ഗുരു അവരോടു നിനക്കു ആ വിശ്വാസം ഉണ്ടെങ്കില്‍ അതുവും സാധ്യമാകും എന്നു പറഞ്ഞു. നമ്മുടെ വിശ്വാസമാണ് എല്ലാറ്റിനും ആധാരം. നമുക്ക് ആ വിശ്വാസം വേണം! 
    ഒരിക്കല്‍ ഗുരുജി അമ്മയുടെ ഒരു ശിഷ്യനും ഇതു പോലെ ഒരു അനുഭവം ഉണ്ടായി. ഒരിക്കല്‍ അയാളും കൂട്ടരും ഒഴുക്കില്‍ പെട്ടു പോയി. കൂടെ വന്നവര്‍ ഒഴുകി പോയി. പക്ഷെ ഇയാള്‍ മാത്രം എങ്ങനെയോ ഒരു മരത്തില്‍ ചെന്നു മുട്ടി. അതില്‍ പിടിച്ചു അയാള്‍ കര കയറുകയും ചെയ്തു. ഗുരു ധ്യാനം അയാളെ രക്ഷിച്ചു. 
ആചാര്യഃ സ ഹരിഃ സാക്ഷാത് ചര രൂപി ന സംശയ!
ഗുരുവിനെ ദൃഡമായി വിശ്വസിക്കു. അതിന്‍റെ ബലം അനുഭവിച്ചറിയു! രാധേകൃഷ്ണാ!
 ഭക്തി രഹസ്യം 
ഭക്തദാസന്‍ - 5
     സാഷ്ടാംഗപാദമഭിവന്ദ്യ സമസ്ത ഭാവൈ:
സര്‍വാന്‍ സുരേന്ദ്ര നികരാന്‍ ഇടമേവ യാചേ.
മന്ദസ്മിതാന്ദ്ര മധുരാനന ചന്ന്ദ്ര ബിംബേ
നന്ദസ്യ പുണ്യ നിചയേ മമ ഭക്തിരസ്തു! 
    രാധേകൃഷ്ണാ! സമസ്ത ദേവ ഗണങ്ങളെ സാഷ്ടാംഗമായി നമസ്കരിച്ചിട്ട്‌ നന്ദഗോപരുടെ പുണ്യവും, മന്ദസ്മിതം ഒഴുകുന്ന മധുരമയമായ മുഖ ചന്ദ്രനോട് കൂടിയവനും ആയ ശ്രീകൃഷ്ണനില്‍ എനിക്കു സ്ഥിരമായ ഭക്തി ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ലീല ശുകര്‍! അദ്ദേഹം പോലും ആവശ്യപ്പെടുന്നത് കൃഷ്ണ ചരണാരവിന്ദങ്ങളില്‍ അചഞ്ചലമായ ഭക്തിയെയാണെങ്കില്‍ അതിന്‍റെ മഹത്വത്തെ പറ്റി പറയുകയും വേണോ? മനുഷ്യ ജന്മത്തില്‍ പ്രാപിക്കേ ന്ടതായ ഒന്നാണ് കൃഷ്ണഭക്തി. എത്രയോ മഹാന്മാരും യോഗികളും പോലും അതിനു വേണ്ടി തപസ്സ് ചെയ്യുന്നു.  ആ ഭക്തി ഒരു ബ്രാഹ്മണന് സുലഭമായി ലഭിച്ചിരിക്കുന്നത് നാം കണ്ടു.  തന്‍റെ പരമമായ ലക്‌ഷ്യം ഭഗവാന്‍  ശ്രീകൃഷ്ണന് വേണ്ടി അദ്ദേഹം എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചു എന്നും നാം കണ്ടു. തന്‍റെ നാടും വീടും ഉപേക്ഷിച്ചു ദേശാടാനത്തിനിറങ്ങിയ അദ്ദേഹത്തിനു എന്തു സംഭവിച്ചു എന്നു നമുക്ക് കാണാം!  വഴിയില്‍ ഒരു നദീ തീരത്ത് അദ്ദേഹം നിത്യ കര്‍മ്മാ നഷ്ടാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കവേ രണ്ടു കുട്ടികള്‍ അദ്ദേഹത്തിന്‍റെ ദേഹത്തും വസ്ത്രതും ചെളി വെള്ളം തെറിപ്പിച്ചു. തുരര്‍ന്നു എന്തു സംഭവിച്ചു എന്നു കാണുക!
ബ്രാഹ്മണനു ശുണ്ഠി വന്നു. 
'എന്താ കുട്ടികളെ ഇതു? ഞാന്‍ കര്‍മ്മാനുഷ്ടാനങ്ങള്‍ ചെയ്യുന്നത് കണ്ടില്ലേ? ഇങ്ങനെ പുറത്തെല്ലാം ചേറാക്കിയില്ലേ? എന്നു ചോദിച്ചു. കുട്ടികള്‍ ചിരിച്ചു കൊണ്ടു 'അതിനെന്താ? സ്വാമി വെള്ളതിലല്ലേ നില്‍ക്കുന്നത്. അങ്ങ് കുഴുകി കളഞ്ഞാല്‍ പോരെ?' എന്നു പറഞ്ഞു. 
'ആഹാ! എനിക്കറിയാം എന്തു ചെയ്യണം എന്നു. എന്നെ പഠിപ്പിക്കേണ്ടാ.' എന്ന് പറഞ്ഞു കൊണ്ടു അദ്ദേഹം തലയിലെ കെട്ടു അഴിക്കാതെ തന്നെ വീണ്ടും ജലത്തില്‍ മുങ്ങി. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. 'അയ്യേ! ആ കെട്ടഴിച്ചിട്ടു തുണി കഴുകു. അല്ലെങ്കില്‍ ചെളി പോവില്ല എന്നു പറഞ്ഞു കളിയാക്കി ചിരിച്ചു. 'എന്നെ പഠിപ്പിക്കണ്ടാ! എന്തു ചെയ്യണം എന്നു ഞാന്‍ നിശ്ചയിച്ചു കൊളളാം  എന്നദ്ദേഹം പറഞ്ഞു.
'അതെന്താ ആ തുണി അഴിച്ചു കഴുകിയാല്‍? എന്തെങ്കിലും ബുദ്ധിമുട്ട് 
ഉണ്ടോ?
'എന്‍റെ ബുദ്ധിമുട്ട് എനിക്കു. നിങ്ങള്‍ അതറിയേണ്ട  കാര്യമില്ല. 
 'നിങ്ങളുടെ തലയിലെ കെട്ടു എന്തോ വ്യത്യാസമായി തോന്നി. അതു കൊണ്ടു ചോദിച്ചതാണ്. നിങ്ങള്‍ വെറുതെ ശുണ്ഠി പിടിക്കണ്ടാ!' എന്നു കുട്ടികള്‍ പറഞ്ഞു. 
'എനിക്കു നിങ്ങളോട് ശുണ്ഠി ഒന്നുമില്ല'
     ആ കുട്ടികള്‍ എന്തൊക്കെയോ പറഞ്ഞു അദ്ദേഹത്തെ കളിയാക്കി കൊണ്ടിരുന്നു. അദ്ദേഹം അതൊന്നും വകവെച്ചില്ല. തലയിലെ കെട്ടു അഴിക്കാനും ഭാവമില്ല.  കുട്ടികള്‍ അദ്ദേഹതോടു 'നിങ്ങളെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ നിങ്ങളെ അറിയാതെ അപമാനിച്ചു എന്നു തോന്നുന്നു. ക്ഷമിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണം എന്നു ഞങ്ങള്‍ക്ക് തോന്നുന്നു. ദാ ഈ പൂവ് സ്വീകരിക്കു' എന്നു പറഞ്ഞു ആ വെളുത്ത കുട്ടി ഒരു അപൂര്‍വ വാസനയുള്ള ഒരു പൂവ് അദ്ദേഹത്തിന്‍റെ നേര്‍ക്ക്‌ നീട്ടി. ഉടനെ ആ കറുത്ത പയ്യനും ഒരു ചെറിയ പുല്ലാങ്കുഴല്‍ എടുത്തു നീട്ടി. 
'അങ്ങ് ആ പുല്ലാങ്കുഴല്‍ ഊതിയാല്‍ എവിടെയായാലും ഞങ്ങള്‍ ഉടനെ എത്തും' എന്നു പറഞ്ഞു, രണ്ടു പേരും ഓടി പോയി. ബ്രാഹ്മണന്‍ പുല്ലാങ്കുഴല്‍ അരയില്‍ തിരുകി വെച്ചു. ആ പൂവിനു നല്ല വാസനയായിരുന്നു. അദ്ദേഹം അതു മണപ്പിച്ചു കൊണ്ടു ഒരു പാറപ്പുറത്തിരുന്നു.  
      ആ സമയം ഒരു വഴിപ്പോക്കന്‍ അവിടെ വന്നു ഇരുന്നു. ബ്രാഹ്മണന്റെ കയ്യിലെ പൂവിന്‍റെ മണം അയാള്‍ ശ്രദ്ധിച്ചു. ആ മണത്തില്‍ ആകര്ഷിതനായി അയാള്‍ അതു എന്താണെന്ന് ചോദിച്ചു. ബ്രാഹ്മണന്‍ ഉടനെ പൂവ് അയാള്‍ക്ക്‌ കൊടുത്തു. അയാള്‍ ആ അപൂര്‍വ വാസനയും ഭംഗിയും കണ്ടു അതു അവിടുത്തെ രാജാവിന് സമ്മനാമായി കൊടുക്കാം എന്നു തീരുമാനിച്ചു അതു എടുത്തു കൊണ്ടു പോയി. അയാള്‍ നേരെ കൊട്ടാരത്തില്‍ ചെന്നു രാജാവിന് ആ അത്ഭുത പൂവ് കാഴ്ച വെച്ചു. രാജന്‍ പൂവിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായി അതു റാണിക്ക് കൊടുത്തു. റാണിക്ക് അതു വളരെ ഇഷ്ടപ്പെട്ടു. അതു പോലെ ഒരെണ്ണം കൂടി കിട്ടിയാല്‍ കൊള്ളാം എന്നാഗ്രഹം പ്രകടിപ്പിച്ചു. രാജന്‍ പൂവ് തന്ന ആളിനോട്‌ അന്വേഷിച്ചു. അയാള്‍ തനിക്കതിനെ കുറിച്ചു ഒന്നും അറിയില്ലെന്നും ആരോ ഒരാള്‍ അതു തനിക്കു നല്‍കിയതാണെന്നും പറഞ്ഞു. രാജന്‍ എവിടുന്നെങ്കിലും അയാളെ കണ്ടു പൂവ് വാങ്ങി വരാന്‍ ആജ്ഞാപിച്ചു. 
അയാള്‍ ആകെ വളഞ്ഞു. എല്ലായിടവും അലഞ്ഞു ബ്രാഹ്മണനെ തിരഞ്ഞു. ഒടുവില്‍ ബ്രാഹ്മണനെ വഴിയില്‍ കണ്ടു പിടിച്ചു. ബ്രാഹ്മണനോട് പൂവിനെക്കുരിച്ചു ചോദിച്ചപ്പോള്‍, അദ്ദേഹം തനിക്കൊന്നും അറിയില്ലെന്നും, ഏതോ ഒരു കുറ്റി അദ്ദേഹത്തിനു തന്നതാണെന്നും ആ കുറ്റി ആരെന്നു അദ്ദേഹത്തിനു അറിയില്ലെന്നും ഇതിനു മുന്‍പെങ്ങും ആ കുട്ടിയെ അദ്ദേഹം  കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതു കേട്ട അയാള്‍ ബ്രാഹ്മണന്‍റെ കാലില്‍ വീണു പൊട്ടി കരഞ്ഞു എങ്ങനെയെങ്കിലും ആ കുട്ടിയെ കണ്ടു പിടിക്കണം എന്നും ഇല്ലെങ്കില്‍ തന്നെ രാജന്‍ ശിരശ്ചേദം ചെയ്യുമെന്നും പറഞ്ഞു. ബ്രാഹ്മണന്റെ മനസ്സ് അലുഞ്ഞു. എങ്ങനെ അവരെ കണ്ടുപിടിക്കും എന്നാലോചിച്ചു. പെട്ടെന്ന് അദ്ദേഹത്തിനു അവര്‍ തന്ന പുല്ലാങ്കുഴല്‍ ഓര്‍മ്മ വന്നു. അദ്ദേഹം അതു എടുത്തു ഊതി. ഉടനെ എവിടെ നിന്നോ ആ കുട്ടികള്‍ രണ്ടും ഓടി എത്തി. 
'അല്ല ഞങ്ങളെ അന്വേഷിച്ചോ?' എന്നു ചോദിച്ചു. അദ്ദേഹം കാര്യം പറഞ്ഞു. 
;എങ്ങനെയെങ്കിലും ഒരു പൂവ് കൂടി ഈ സാധുവിന് തരണം' എന്നു ചോദിച്ചു. അവര്‍ ഉടനെ 'ശരി അങ്ങ് ഞങ്ങളുടെ കൂടെ വരണം' എന്നു പറഞ്ഞു അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി നടന്നു നടന്നു അവര്‍ വളരെ ദൂരം പിന്നിട്ടു. അദ്ദേഹത്തിനു തളര്‍ച്ച തോന്നി. അവസാനം അവര്‍ ഒരു പൂങ്കാവനത്തില്‍ എത്തിപെട്ടു.  അവിടെ ആ പുഷ്പം ധാരാളം ഉണ്ടായിരുന്നു. അവിടെ  രത്നമയമായ ഒരു മണ്ഡപം കണ്ടു അതില്‍ ഒരു സിംഹാസനം ഇട്ടിരുന്നു. അവിടെ ആകെ ദൈവീകത്വം നിറഞ്ഞു നിന്നിരുന്നു. ആ സിംഹാസനത്തില്‍ ഒരു ജോടി പാദുകങ്ങള്‍ വെച്ചിരുന്നു. അതു കണ്ടപ്പോഴേ അദ്ദേഹത്തിനു വണങ്ങുവാന്‍ തോന്നി. കുനിഞ്ഞു അദ്ദേഹം നമസ്ക്കരിക്കവേ ഇത്രയും കാലം അദ്ദേഹം വിട്ടു പിരിയാതെ കൊണ്ടു നടന്ന തലക്കെട്ട്‌ അഴിഞ്ഞു സാളഗ്രാമ മൂര്‍ത്തി താഴെ വീണു. അദ്ദേഹം പരിഭ്രമിച്ചു നോക്കിയപ്പോള്‍ സാളഗ്രാമത്തെ കാണാനില്ല. സിംഹാസനത്തില്‍ സാക്ഷാത് ഭഗവാന്‍ ശ്രീകൃഷ്ണന്‍  ഇരിക്കുന്നു. ചെന്താമാരക്കൈകളും, പാദങ്ങളും, ചെഞ്ചുണ്ടുകളും നീണ്ട കണ്ണുകളുമായി ഭഗവാന്‍ ലാവണ്യ സ്വരൂപനായി ഇരിക്കുന്നു. അടുത്ത് തന്നെ ബലരാമസ്വാമിയും ഇരിക്കുന്നുണ്ടായിരുന്നു.  ബ്രാഹ്മണന്‍ പൊട്ടി കരഞ്ഞു കൊണ്ടു ഭഗവാന്‍റെ തൃക്കാല്‍ക്കല്‍  വീണു. 'ഭഗവാനെ എനിക്കു ദര്‍ശനം തന്നുവോ?' എന്നു കരഞ്ഞു. ഭഗവാന്‍ അദ്ദേഹത്തെ എടുത്തു മാറോടെ ആലിംഗനം ചെയ്തു. 
'ഹേ ബ്രഹ്മണാ! നിന്‍റെ ഭക്തിയില്‍ എന്നെ കെട്ടിയിട്ടു നീ. നിന്‍റെ കുടുംബത്തിലെല്ലാര്‍ക്കും നാം മോക്ഷം  പ്രാദാനം ചെയ്തു. അവസാനം നിന്നെ ശരീരതോടെ കൊണ്ടു  വരികയും ചെയ്തു' എന്നു പറഞ്ഞു. 
''പ്രഭോ! ഇത്ര കാരുണ്യം എന്‍റെ മേല്‍ എന്തിനാണ്?' എന്നു ബ്രാഹ്മണന്‍ ചോദിച്ചു. 
'ബ്രഹ്മണാ! നാം എന്തൊക്കെ ചെയ്തിട്ടും എങ്ങനെയൊക്കെ ഭയപ്പെടുത്തിയിട്ടും എന്‍റെ മേലുള്ള വിശ്വാസം താന്‍ ഒട്ടും കുറച്ചില്ല. അതുകൊണ്ടു തനിക്കു എന്തെങ്കിലും ചെയ്യണം എന്നു എനിക്കു തോന്നി.  അതാണ്‌' എന്നു പറഞ്ഞു. വെറും ധനമോ ഐശ്വര്യമോ കൊടുത്തു അദ്ദേഹത്തെ കബളിപ്പിക്കാന്‍ ഭഗവാനു മനസ്സ് വന്നില്ല. തന്നെത്തന്നെ കൊടുത്തു! ഇതു പോലെ ഒരു ഭക്തിയുണ്ടെങ്കില്‍ ഭഗവാനു ഏറ്റവും സന്തോഷം ഉണ്ടാകുന്നു. ജീവിതത്തില്‍ എന്തെല്ലാം തന്നെ സംഭവിച്ചാലും അതു ഭഗവാന്‍റെ സങ്കല്പമാണെന്നു എടുക്കുക. അപ്പോള്‍ മാത്രമേ കൃഷ്ണാനുഭവം നമുക്ക് ലഭിക്കൂ! എത്രത്തോളം നമുക്ക് ശ്രദ്ധയുണ്ടോ അത്രത്തോളം കൃഷ്ണലീലാ വൈഭവം നമുക്ക് അനുഭവിക്കണം!  രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
തിരുക്കോളൂര്‍ പെണ്‍പിള്ളൈ 
വാക്യം - 38
     സ്വാമി രാമാനുജരും തിരുക്കോളൂരിലെ  ഒരു വീഥിയില്‍ ഒരു സാധാരണ സ്ത്രീ പറയുന്നത് കെട്ടു അത്ഭുത പരതന്ത്രരായി നില്‍ക്കുകയാണ്! തുടര്‍ന്നു അവള്‍ എന്തു പറയും എന്നവര്‍ ശ്രദ്ധിച്ചു നിന്നു.  ഉടനെ അവര്‍ അടുത്ത വാക്യം പറഞ്ഞു,
"അവന്‍ മേനി ആനേനോ തിരുപ്പാണരൈ  പോലെ"
തിരുക്കച്ചി നമ്പികള്‍ അവന്‍ പറയുന്നത് കേട്ടു. എന്നാല്‍ തിരുപ്പാണാള്‍വാര്‍ എന്ന ഭക്തനോ അവന്‍റെ ശരീരമായി തന്നെ തീര്‍ന്നു!
അദ്ദേഹം ഗര്‍ഭാവാസം ഇല്ലാതെ ജനിച്ചയാളാണ്. എങ്ങനെയോ ഒരു പാണന്‍റെ കുടിലില്‍ എത്തി പെട്ടു അയാളാല്‍ വളര്‍ക്കപ്പെട്ടു. പാണന്‍ എന്നാല്‍ ഭഗവാനെ കുറിച്ചു പാടി നടക്കുന്നവര്‍.  താഴ്ന്ന ജാതിയില്‍ പെട്ടവരാണ്. കുഞ്ഞു നാള്‍ മുതല്‍ ശ്രീരംഗ ഭക്തി ഊട്ടി നിറച്ചിരുന്നു. കാവേരി ആറിന്‍റെ ഇക്കരയില്‍ താമസം, അക്കരയില്‍ ശ്രീരംഗ ക്ഷേത്രം!
ഉറയൂര്‍ എന്ന ഗ്രാമത്തിലാണ് താമസം. ശ്രീരംഗ ക്ഷേത്രത്തിന്‍റെ വളരെ അടുത്താണെങ്കിലും അവിടെ കാലു കുത്താന്‍ പോലും തനിക്കു അര്‍ഹതയില്ല എന്നു അദ്ദേഹം കരുതിയിരുന്നു. ഹൃദയം നിറയെ രംഗനാഥ  ഭക്തി വ്യാപിച്ചിരുന്നു. ശ്രീരംഗം അദ്ദേഹത്തിനു ശ്രീവൈകുണ്ഠം
തന്നെയായിരുന്നു. അവിടെയുള്ള പക്ഷികള്‍ മൃഗങ്ങള്‍ ഒക്കെ അദ്ദേഹത്തിനു നിത്യസൂരികളും നിത്യ മുക്തര്‍കളുമായി തോന്നിയിരുന്നു.
കുലശേഖര ആള്‍വാര്‍ തന്‍റെ പെരുമാള്‍ തിരുമൊഴിയില്‍ ശ്രീരംഗത്തെ വൈകുണ്‍ഠമായി അനുഭവിച്ചു പത്തു പാസുരങ്ങള്‍ പാടിയിരിക്കുന്നു. 
     അദ്ദേഹത്തെ പോലെ തിരുപ്പാണാള്‍വാരും കാവേരിക്കരയില്‍ ശ്രീരംഗത്തെ നോക്കി ഏങ്ങി നില്‍ക്കും.  ആറ്റില്‍ കളിക്കുന്ന മീനിനോടു തന്‍റെ സന്ദേശം ഭഗവാനെ അറിയിക്കാന്‍ പറയും. ശ്രീരംഗ ദിക്കില്‍ അടിക്കുന്ന കാറ്റിനോട് 'ഇവിടെ ഒരു ജീവന്‍ ഭഗവാനു വേണ്ടി കേഴുന്നു എന്നു പറയണേ'  എന്നു പറയും. ചിലപ്പോള്‍ ശ്രീരംഗ ദിശയില്‍ നിന്നും അടിക്കുന്ന കാറ്റു വരുമ്പോള്‍ തന്നെ ഭഗവാന്‍ അനുഗ്രഹിക്കുന്നതായി സങ്കല്പിച്ചു ആനന്ദിക്കും. സദാ 'രംഗാ രംഗാ' എന്നു പുലമ്പിക്കൊണ്ടിരിക്കും. അസാധ്യമായ ഒരു ഭക്തി!
       ഭഗവാന്‍ ഇദ്ദേഹത്തിന്‍റെ ഭക്തിയെ പ്രകടനം ചെയ്യണം എന്നു വിചാരിച്ചു. ഒരിക്കല്‍ കാവേരി തീരത്ത് നിന്നു കൊണ്ടു ഭഗവത് ധ്യാനം ചെയ്തു കൊണ്ടു അദ്ദേഹം നില്‍ക്കുകയായിരുന്നു. രംഗ ധ്യാനത്തില്‍ സ്വയം സകലതും മറന്നു നില്‍ക്കുകയായിരുന്നു. ആ സമയം ഭഗവാനു കൈങ്കര്യം ചെയ്യുന്ന ലോകസാര്‍ങ്കമുനികള്‍ ഭഗവാനു തിരുമഞ്ചനത്തിനുള്ള തീര്‍ത്ഥവും എടുത്തു കൊണ്ടു ആ വഴി വന്നു. തിരുപ്പാണാള്‍വാരോടു 'ഒതുങ്ങി നില്‍ക്കു! ഒതുങ്ങി നില്‍ക്കു!' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വന്നു. പക്ഷെ ഭഗവത് ധ്യാനത്തില്‍ സ്വയം മറന്നു നില്‍ക്കുന്ന അദ്ദേഹം ഉണ്ടോ കേള്‍ക്കുന്നു?  ക്ഷേതരത്തിലെത്താന്‍ തിടുക്കമായതിനാല്‍ അദ്ദേഹം ഒരു കല്ലെടുത്തു തിരുപ്പാണാള്‍വാരേ എറിഞ്ഞു.  പെട്ടെന്ന് സ്വ പ്രജ്ഞ വീണ്ടു  കിട്ടിയ ആള്‍വാര്‍ അവിടെ നിന്നും ഓടി അകന്നു. ലോകസാര്‍ങ്കമുനികള്‍ ക്ഷേത്രതില്‍ എത്തി. അന്ന് രാത്രി അദ്ദേഹത്തിനു അദ്ദേഹത്തിനു സ്വപ്ന ദര്‍ശനം ഉണ്ടായി.  ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തോട് തന്‍റെ ഒരു ഭക്തന്‍ കാവേരിയുടെ അക്കരയില്‍ നിന്നു തപിക്കുകയാണെന്നും, അയാള്‍ക്ക്‌ ഇവിടെ വരാന്‍ അര്‍ഹതയില്ല എന്നു സ്വയം വിചാരിച്ചു മാറി നില്‍ക്കുകയാണെന്നും, തന്നെ കാണാതെ കേഴുകയാനെന്നും പറഞ്ഞു. തനിക്കു വേണ്ടി ലോകസാര്‍ങ്കമുനികള്‍ തിരുപ്പാണാള്‍വാരേ തൂക്കി എടുത്തു കൊണ്ടു വരണം എന്നും പറഞ്ഞു. ഇതു കേട്ട 
ലോകസാര്‍ങ്കമുനികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു തന്‍റെ പ്രവൃത്തിക്ക് ഭഗവാനോട് മാപ്പപേക്ഷിച്ചു. അദ്ദേഹം ഉടനെ തന്നെ തിരുപ്പാണാള്‍വാരേ തിരഞ്ഞു അക്കര എത്തി. അവിടെ പതിവ് പോലെ ശ്രീ രംഗത്തെ നോക്കി കൊണ്ടു നില്‍ക്കുന്ന ആ ഭക്തനെ കണ്ടു.  അദ്ദേഹത്തെ നമസ്ക്കരിക്കാനായി ഓടി ചെന്നു. ആള്‍വാര്‍ വളരെ പരിഭ്രമത്തോടെ പിന്മാറി. താന്‍ ബോധമില്ലാതെ എന്തെങ്കിലും തെറ്റു ചെയ്തുവോ എന്നു പരിതപിച്ചു. 
      ലോകസാര്‍ങ്കമുനികള്‍ ആള്‍വാരോടു ഭഗവാന്‍ തന്നോടു ആള്വാരെ തൂക്കി എടുത്തു കൊണ്ടു വരാന്‍ കല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. 
'ഹേ! എന്നെയോ! എന്തിനാണ്?' എന്നദ്ദേഹം ചോദിച്ചു.  അതിനു 
ലോകസാര്‍ങ്കമുനികള്‍ 'അങ്ങയെ രംഗനു കാണാന്‍ ആഗ്രഹം ഉണ്ട്‌! അതു കൊണ്ടു അവിടെ എടുത്തു കൊണ്ടു വരാന്‍ കല്‍പ്പിച്ചിരിക്കുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ആള്‍വാര്‍ ഭയന്ന് ഓടാന്‍ തുടങ്ങി. ലോകസാര്‍ങ്കമുനികള്‍ ഒടുവില്‍ അദ്ദേഹത്തെ എങ്ങനെയോ പിടി കൂടി. ആള്വാരോടു 'ദയവു ചെയ്തു അങ്ങ് അടിയാണ് കിട്ടിയ ഈ ഭാഗ്യം തള്ളിക്കളയരുത്. അങ്ങയെ പോലെ ഒരു ഭക്തനെ ചുമക്കുക അടിയന്‍റെ  ഭാഗ്യം തന്നെയാണ്' എന്നു പറഞ്ഞു. ആള്‍വാര്‍  ഒന്നും പറയാന്‍ നിര്‍വാഹമില്ലാതെ സങ്കോചിച്ചു നിന്നു. 
     ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ തന്‍റെ ചുമലില്‍ എടുത്തു കൊണ്ടു നടന്നു. ഗരുഡാള്‍വാര്‍ ഭഗവാനെ തന്‍റെ ചുമലില്‍ എടുത്തു കൊണ്ടു പോകുന്നത് പോലെ, ആഞ്ചനേയര്‍ ശ്രീരാ‍മചന്ദ്രനെ തന്‍റെ തോളില്‍ ചുമക്കുന്ന പോലെ,  അദ്ദേഹം ആള്‍വാരേ എടുത്തു കൊണ്ടു നടന്നു. ആള്‍വാര്‍ ഒന്നും പറയാനാവാതെ കണ്ണുകള്‍ രണ്ടും ഇറുക്കി അടച്ചു. ഉറക്കെ രംഗാ രംഗാ എന്നുരുവിട്ടു കൊണ്ടിരുന്നു.  താന്‍ രംഗനാഥനെ കാണാന്‍ പോവുകയാണെന്ന കാര്യം അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. തനിക്കു ഈ ജന്മത്തില്‍ ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കും എന്നു അദ്ദേഹം വിചാരിച്ചതേയില്ല.  ആനന്ദത്തില്‍ മതി മറന്നു പോയി. ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ തൊട്ടു എടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ശ്രീ രംഗനാഥന്‍റെ തൃപ്പാദങ്ങള്‍  കണ്ടു. ക്രമത്തില്‍ കണങ്കാലുകള്‍, പീതാംബരം, അരകെട്ടു, നാഭിക്കമാലം, വിരിഞ്ഞ മാറു, ഉയര്‍ന്ന തോളുകള്‍, നീണ്ട കൈകള്‍, വിടര്‍ന്ന മുഖകമലം,  ചെഞ്ചുണ്ടുകള്‍, താമര ഇതള്‍ പോലെ നീണ്ട കണ്ണുകള്‍ എല്ലാം കണ്ടു മയങ്ങി പോയി. ആ രൂപം അദ്ദേഹത്തിന്‍റെ ഹൃദയം കവര്‍ന്നു. അറിയാതെ ആ വായില്‍ നിന്നും പാദാദികേശം വര്‍ണ്ണിച്ചു കൊണ്ടു പാസുരങ്ങള്‍ ഒഴുകി തുടങ്ങി. 
      ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ രംഗ സന്നിധിയില്‍ ഇറക്കി നിറുത്തി. താന്‍ ഇത്രയും നേരം ഹൃദയത്തില്‍ കണ്ട രൂപം പ്രത്യക്ഷതില്‍  കണ്ടു ആള്‍വാര്‍ ആവേശഭരിതനായി. സ്വയം മറന്നു. ആ സൌന്ദര്യത്തില്‍ മയങ്ങി പോയി. ഗോകുലത്തില്‍ വെണ്ണ കട്ടു തിന്ന അതേ കൃഷ്ണന്‍ തന്നെയല്ലേ ഇതു എന്നു ചിന്തിച്ചു. ഈ ഭാഗ്യം ലഭിച്ച തനിക്കു ഇനി ജീവിതത്തില്‍ വേറെ ഒന്നും തന്നെ വേണ്ടാ എന്നു തീരുമാനിച്ചു അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചു. 
'എന്‍ അമുതിനൈ കണ്ട കണ്കള്‍ മറ്റൊന്‍റിനൈ കാണാവേ' എന്നു പറഞ്ഞു അദ്ദേഹം ഓടി ചെന്നു രംഗനാഥനെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഭഗവാന്‍ അദ്ദേഹത്തെ തന്നിലേക്ക് എടുത്തു. ആ ശരീരം പോലും ഭഗവാനില്‍ ലയിച്ചു ചേര്‍ന്നു. ഒന്നും ബാക്കി ഉണ്ടായില്ല. 
'അവന്‍ മേനി ആനേനോ തിരുപ്പാണരൈ പോലെ" എന്നു പെണ്‍പിള്ളൈ ചോദിച്ചു. രാമാനുജരും ശിഷ്യരും അവള്‍ പറഞ്ഞത് കെട്ടു തരിച്ചു നില്‍ക്കുകയാണ്. എന്തൊരു ഭാവം ആ സാധു സ്ത്രീക്ക്! രാമാനുജര്‍ കണ്ണ് കൊണ്ടു നിനക്കും അതു പോലെ വൈത്തമാനിധി പെരുമാളില്‍ ലയിക്കനമോ എന്നു ചോദിച്ചു. അവള്‍ അതിനു തനിക്കു അതിനു ആവുമോ എന്ന ഭാവത്തില്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം തന്‍റെ കടാക്ഷം കൊണ്ടു അവള്‍ക്കു ആ ഭാഗ്യം നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!