Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Sunday, November 13, 2011

പ്രേമവേദം - നവംബര്‍ 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
സംസാര ചക്രമയി ചക്രധര! ക്രിയാസ്തേ
വീര്യം മഹാസുരഗണോസ്ഥികുലാനി ശൈലാഃ 
നാഡ്യഃ സരിത് സമുരയസ്തരവശ്ച രോമ
ജീയാദിദം വപുരനിര്‍വചനീയമീശ!
    (ദശ: 6  ശ്ലോഃ 9)  
       സുദര്‍ശന ചക്രധാരിയായ ഹേ ഭഗവാനേ! തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ഈ സംസാരിക ചക്രം അങ്ങയുടെ ക്രിയയാണ്. അസുരസംഘമാകട്ടെ പരാക്രമാവുമാണ്. പര്‍വതങ്ങള്‍ അസ്ഥികളും, നദികള്‍ സിരകളുമാണ്. വൃക്ഷങ്ങള്‍ രോമങ്ങളുമാണ്‌. ഹേ ഭഗവാനേ! അനിര്‍വചനീയമായ അങ്ങയുടെ ഇപ്രകാരമുള്ള സ്വരൂപം എന്നില്‍ നിറഞ്ഞു നില്‍ക്കട്ടെ!
                                                              
സദ്ഗുരുവാത്സല്യം 
         രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് അയാള്‍ ജീവിതത്തില്‍ എന്താണ് നേടിയിട്ടുള്ളത് എന്നു ചോദിക്കുന്നതു നാം കണ്ടു.  പല രാജ്യങ്ങള്‍ ജയിച്ചു വന്ന അലെക്സാണ്ടര്‍ക്കു മഹാന്റെ ഈ ചോദ്യം കുറച്ചു കോപം ഉണ്ടാക്കി. അയാള്‍ അഹങ്കാരത്തോടെ താന്‍ നേടിയതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അയാളോട് താന്‍ ഒരു ചോദ്യം ചോദിക്കാം എന്നും അലെക്സാണ്ടര്‍  അതിനു മറുപടി നല്‍കണം എന്നും പറഞ്ഞു. ഇനി അദ്ദേഹം അയാളോട് എന്തു ചോദിച്ചു എന്നു  നമുക്കു നോക്കാം.
         ജ്ഞാനി അയാളോട് 'ശരി. താന്‍ ഇപ്പോള്‍ ഒരു മരുഭൂമിയില്‍ കൂടി സഞ്ചരിക്കുകയാണെന്നു സങ്കല്‍പ്പിക്കുക. അവിടെ തുള്ളി വെള്ളം പോലും ലഭ്യമല്ല. അപ്പോള്‍ താന്‍ എന്തു ചെയ്യും' എന്നു ചോദിച്ചു. ഉടനെ അയാള്‍ 'എന്റെ പട്ടാളം എന്റെ കൂടെ ഉണ്ടല്ലോ അവരെ ഉപയോഗിച്ച് എവിടെ നിന്നെങ്കിലും ഞാന്‍ വെള്ളം സംരഭിക്കും' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'ആരും നിന്റെ കൂടെ ഇല്ല എന്നു സങ്കല്‍പ്പിക്കുക. അങ്ങനെ ഒരു അവസ്ഥയില്‍ നിനക്കു ദാഹം തോന്നുന്നു. അവിടെ ഒരു കളത്തില്‍ വെള്ളവുമായി ഞാന്‍ ഇരിക്കുന്നു എന്നു സങ്കല്‍പ്പിക്കു. അപ്പോള്‍ നീ എന്തു ചെയ്യും? എന്നുചോദിച്ചു. 
     ഉടനെ അലെക്സാണ്ടര്‍ ഞാന്‍ അങ്ങയോടു വെള്ളം ചോദിക്കും എന്നു പറഞ്ഞു. 
ജ്ഞാനി: നീ ലോകം മുഴുവനും ജയിച്ച ആളല്ലേ അപ്പോള്‍ നീ എന്തിനു എന്നോടു വന്നു ചോദിക്കണം? എന്നു ചോദിച്ചു. 
അലെക്സണ്ടാര്‍ക്കു പെട്ടെന്നു മറുപടി ഒന്നും പറയാനായില്ല. അപ്പോള്‍ ജ്ഞാനി:- ശരി നീ വെള്ളം ചോദിക്കുമ്പോള്‍ ഞാന്‍ തന്നില്ല എന്നു വെക്കുക. അപ്പോള്‍ നീ എന്തു ചെയ്യും?
അലെക്സാ: അങ്ങ് എനിക്കു വെള്ളം നല്‍കാന്‍ എന്തു വേണമോ അതു ഞാന്‍ ചെയ്യും. എന്റെ കയ്യിലെ ധനം ഞാന്‍ അങ്ങയ്ക്കു കൊടുത്തിട്ട് പകരം വെള്ളം ചോദിക്കും.
ജ്ഞാനി: എനിക്കു ധനം വേണ്ടെന്നു പറഞ്ഞാലോ? 
അലെക്സാ: അപ്പോള്‍ ഞാന്‍ എന്റെ ഒരു രാജ്യം വാഗ്ദാനം ചെയ്യും.
ജ്ഞാനി: ഞാന്‍ അതു സ്വീകരിച്ചില്ലെങ്കില്‍?
അലെക്സാ: രണ്ടു രാജ്യം, അല്ലെങ്കില്‍ എന്റെ കയ്യിലുള്ള എല്ലാ രാജ്യങ്ങളും ഞാന്‍ അങ്ങയ്ക്കു തന്നിട്ടു വെള്ളം വാങ്ങി കുടിക്കും എന്നു പറഞ്ഞു.  
       ഉടനെ ജ്ഞാനി ചിരിച്ചു.  'നീ നേടിയ ഈ രാജ്യങ്ങള്‍ ഒക്കെ ഒരു കവിള്‍ വെള്ളത്തിനു തുല്യമാകില്ലേ? അപ്പോള്‍ ഈ നേടിയതിനൊക്കെ എന്തര്‍ത്ഥം?  നീ ദാഹിച്ചു വലഞ്ഞു വെള്ളത്തിനായി കേഴുമ്പോള്‍ നിന്റെ നേട്ടങ്ങള്‍ കൊണ്ടു നിനക്കു ഒരു പ്രയോജനവും ഇല്ലല്ലോ. അതിനു പകരം നീ ആ സമയമത്രയും ഭാഗവന്നാമം ജപിച്ചിരുന്നെങ്കില്‍ എത്രയോ മെച്ചമായേനെ. ഞാന്‍ ജപിക്കുന്ന ഭഗവാന്‍ എനിക്കു വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുന്നുണ്ട്. നിന്നെ പോലെ പലരെയും കൊന്നിട്ടു എനിക്കു രാജ്യങ്ങള്‍ നേടെണ്ട ആവശ്യം ഇല്ല. നീ നേടിയതു നിന്റെ കൈ വിട്ടു പോകുമോ എന്ന പേടി നിനക്കുണ്ടു. എന്നാല്‍ ഞാന്‍ നേടിയതു ഈശ്വര കൃപയാണ്‌. അതിനെ ആര്‍ക്കും എന്നില്‍ നിന്നും എടുക്കാന്‍ കഴിയില്ല. അതു കൊണ്ടു എനിക്കു സമാധാനം ഉണ്ട്, എന്നാല്‍ നിനക്കു അതില്ല. ആത്മ ജ്ഞാനവും ഭക്തിയുമാണ് ഏറ്റവും ശ്രേഷ്ഠമായതു എന്നു അദ്ദേഹം പറഞ്ഞു. 
       ജ്ഞാനിയുടെ വാക്കുകള്‍ കേട്ടു നിന്ന അലെക്സാണ്ടര്‍ തരിച്ചു നിന്നു പോയി. ഇന്നുവരെ അയാള്‍ ആരുടെ മുമ്പിലും തോറ്റിട്ടില്ല. ആദ്യമായിട്ടു ആ യോഗിയുടെ മുന്നില്‍ അയാള്‍ തല കുനിച്ചു.  ഇവിടെ വന്നതിനു ശേഷമാണ് അയാള്‍ക്കു ഇങ്ങനെ ഒരു അനുഭവം. ഒരു രാജാവിന്റെ മുന്നില്‍ ഇങ്ങനെ സംസാരിക്കാനുള്ള ധൈര്യം ഇവിടുത്തെ മഹാന്മാര്‍ക്കു മാത്രമേയുള്ളൂ. അവര്‍ക്കു രാജനെന്നോ ദരിദ്രനെന്നോ വ്യത്യാസം ഇല്ല. അവര്‍ക്കു ആവശ്യങ്ങള്‍ ഇല്ല. അതു കൊണ്ടു പൂര്‍ണ സംതൃപ്തി അനുഭവിച്ചിരുന്നു. ഭഗവാന്‍  അവരുടെ കാര്യങ്ങള്‍ എല്ലാം നോക്കും എന്ന ദൃഡ വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.  ആ ജ്ഞാനിക്കു അയാളോട് ഇത്രയും വിശദീകരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്നിട്ടും ക്ഷമയോടെ അദ്ദേഹം അയാളെ സത്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. എന്നിട്ടു തിരിഞ്ഞു നോക്കാതെ നടന്നു മറഞ്ഞു. അവരുടെ കാരുണ്യമാണ് അതു! തന്റെ ജന്മം വെറുതെ പാഴാക്കി കൊണ്ടിരിക്കുന്ന ജീവനു ഏതെങ്കിലും ഒരു സമയത്തു സദ്ഗതി കിട്ടട്ടെ എന്ന കാരുണ്യം കൊണ്ട് അദ്ദേഹം അയാള്‍ക്കു ഉപദേശം നല്‍കി. ഈ ദേശത്തിന്റെ മഹാന്മാരുടെ മഹത്വം അയാള്‍ നേരില്‍ കണ്ടു. ഭാരത ദേശത്തിന്റെ മഹിമ അയാള്‍ക്കു മനസ്സിലായി. 
         സദ്ഗുരുവിന്റെ മഹിമ അതാണ്‌. ഏതോ രാജ്യത്തില്‍ നിന്നും ഏതോ ജാതിയില്‍ പെട്ട ഒരുവനു പോലും ഉയര്‍ന്ന ഭാഗവന്നാമം കൊടുത്തു നല്‍വഴി കാണിച്ചു തന്നു. സദ്ഗുരുമാര്‍ക്കു നമസ്ക്കാരം!
ഭാരത ദേശത്തിന് നമസ്ക്കാരം! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
 അനന്യാശ്ചിന്തയന്തോ മാം യെ ജനാഃ പര്യുപാസതെ
തേഷാം നിത്യാഭി യുക്താനാം യോഗക്ഷേമം വഹാമ്യഹം.
        രാധേകൃഷ്ണാ! ഭഗവാന്‍ തന്റെ കൃപ ചൊരിയുന്നതില്‍ ഭേദം കാണുന്നില്ല. ആണായാലും പെണ്ണായാലും, ഇതു ജാതിയില്‍ പെട്ടതായാലും, ധനികനായാലും ദരിദ്രനായാലും രോഗിയായാലും പണ്ഡിതനായാലും എല്ലാവര്‍ക്കും അനുഗ്രഹം ഒരു പോലെ! ശ്രദ്ധയും വിശ്വാസം മാത്രമാണ് പ്രധാനം! അതു വേണം! 
        ഒരു രാജ്യത്തു ഒരുപാടു കാലം മഴ പെയ്തില്ല. അവിടെ വരള്‍ച്ച അനുഭവപ്പെട്ടു. രാജാവ് ഒരു ഭക്തനായിരുന്നു. രാജാവ് ധാരാളം പൂജകളും ഹോമങ്ങളും മറ്റും നടത്തി നോക്കി. പക്ഷെ ഒന്നിനും ഫലം ഉണ്ടായില്ല. അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി.  എന്തു കൊണ്ടു തങ്ങളുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേള്‍ക്കുന്നില്ല എന്നു അയാള്‍ ഭഗവാനോട് കരഞ്ഞു ചോദിച്ചു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു ആ രാജ്യത്തില്‍ ഒരു പരമ ഭക്തന്‍ ഉണ്ടെന്നും അദ്ദേഹം വന്നു പറഞ്ഞാല്‍ മാത്രമേ മഴ പെയ്യു എന്നും പറഞ്ഞു. രാജാവ് വളരെ ആകാംക്ഷയോടെ അതാരാണെന്നു അന്വേഷിച്ചു. അതിനു ഭഗവാന്‍ ആ ഭക്തന്‍ ആണുമല്ല പെണ്ണുമല്ല ഒരു അലിയാണ്! 
      ഇതു കേട്ടു രാജാവിന് വളരെ അത്ഭുതം തോന്നി. ഹേ! തന്റെ രാജ്യത്തു അങ്ങനെ ഒരു ഭക്തനോ? സുദക്ഷ എന്നാണു ആ ഭക്തന്റെ പേരു. താന്‍ ആരെന്നു പുറം ലോകത്തെ കാണിക്കാതെ തന്നെ അദ്ദേഹം ഒറ്റയ്ക്കു ജീവിച്ചു വന്നു. ഈശ്വരന്റെ സൃഷ്ടിയിലെ  ഒരു വൈചിത്ര്യം മാത്രമാണ് താന്‍ എന്നു അദ്ദേഹം കരുതി പോന്നു. പക്ഷെ ഭഗവാനില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു അദ്ദേഹത്തിനു. രാജാവ് ഭഗവാന്‍ പറഞ്ഞു തന്ന അടയാളങ്ങള്‍ വെച്ചു അദ്ദേഹത്തെ കണ്ടു പിടിച്ചു.
         രാജാവ് സുദക്ഷയോടു ഭഗവാന്‍ തന്റെ സ്വപ്നത്തില്‍ പറഞ്ഞ കാര്യം അറിയിച്ചു. എന്നിട്ടു അദ്ദേഹം വന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ രാജ്യത്തില്‍ മഴ പെയ്യുള്ളു എന്നറിയിച്ചു. സുദക്ഷയ്ക്കു  വളരെ അത്ഭുതം നോന്നി. അദ്ദേഹം താന്‍ അങ്ങനെ ഒരു വലിയ ഭക്തനൊന്നും അല്ല എന്നു രാജനോട്‌ പറഞ്ഞു. രാജാവ്  അതിനു അദ്ദേഹത്തെ ഈശ്വരന്‍  തന്നെയാണ് തനിക്കു കാട്ടി കൊടുത്തത് എന്നു പറഞ്ഞു. ലോക ക്ഷേമത്തിന് വേണ്ടി അദ്ദേഹം ഇതു ചെയ്തു തന്നെ പറ്റു എന്നു പറഞ്ഞു.  സുദക്ഷയ്ക്കു മറുത്തൊന്നും പറയാന്‍ തോന്നിയില്ല. രാജാവ് അദ്ദേഹത്തെ വിളിച്ചത് നാമജപത്തിനു വേണ്ടിയല്ലേ? അതും ലോക ക്ഷേമാര്‍ത്ഥം അല്ലെ?
അദ്ദേഹം വരാം എന്നു സമ്മതിച്ചു.
        അവര്‍ ഉടനെ തന്നെ ഒരു ദിവസവും, സമയവും കുറിച്ചു.അന്നു എല്ലാവരും ചേര്‍ന്നു അഖണ്ഡ നാമജപം ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം മുഴുവനും അറിയിച്ചു. ആ ദിവസവും വന്നെത്തി. ജനങ്ങള്‍ എല്ലാവരും നാമജപ വേദിയിലേക്കു തിരിച്ചു. ജനങ്ങള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ 'രാജാവ് ഏതോ ഒരു അലിയെ നാമജപത്തിനു വിളിച്ചിരിക്കുകയാണ്. പരമ ഭക്തനാണത്രെ! ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. അതു കൊണ്ടു മഴ പെയ്യും എന്നൊന്നും തോന്നുന്നില്ല. എന്നാലും രാജാവിനു വേണ്ടി നമുക്കു പോകണം എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും നാമജപത്തില്‍ വിശ്വാസം തോന്നിയില്ല. പലപ്പോഴും നമ്മുടെ അവിശ്വാസം ഭഗവാന്‍ തരുന്ന കാരുണ്യത്തെ തട്ടി മാറ്റുന്നു. നാം അതു മനസ്സിലാക്കുന്നില്ല. നമ്മുടെ ചിന്താ ശക്തിയുടെ ബലം അനുസരിച്ച് ഫലം ഉണ്ടാവും. നമ്മുടെ വിപരീത ചിന്താ ഗതി നമുക്കു വരാനുള്ള നന്മയെ പോലും വഴി മാറ്റുന്നു. 
        സുദക്ഷ വേദിയില്‍ ഒരു കുടയും എടുത്തു കൊണ്ടു എത്തിയിരുന്നു. അയാള്‍ക്കു ഭഗവാന്റെ കാരുണ്യത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. രാജനും സുദക്ഷയുടെ ഭക്തിയില്‍ വിശ്വസിച്ചു ഒരു കുട എടുത്തിരുന്നു. എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു. എല്ലാവരും ചേര്‍ന്നു നാമജപം തുടങ്ങി. ഭജന കൊഴുത്തു വന്നു. ഭജന തീരാറായി. ഇതു വരെയും മഴയുടെ ഒരു ലാഞ്ചന പോലും ഇല്ല. ആളുകള്‍ പതുക്കെ പതുക്കെ പരിഹാസം പറഞ്ഞു തുടങ്ങി. കേട്ടു നിന്ന രാജാവിനു മനസ്സ് വേദനിച്ചു. ലോകത്തിന്റെ രീതി അതാണ്‌. രാജാവ് സുദക്ഷയെ നോക്കി. അദ്ദേഹം ഒന്നും ചിന്തിക്കാതെ ഭജനയില്‍ മുഴുകി ഇരിക്കുകയാണ്. രാജനു ധൈര്യമായി. തീര്‍ച്ചയായും നാമ ജപം കഴിയുമ്പോള്‍ മഴ പെയ്യും എന്നു മനസ്സില്‍ ഉറപ്പിച്ചു. 
         ഭജന കഴിഞ്ഞു ആളുകള്‍ എല്ലാവരും പിരിഞ്ഞു തുടങ്ങി. പലരും രാജന്‍ കേള്‍ക്കെ തന്നെ ഉറക്കെ പരിഹസിച്ചു ചിരിച്ചു കൊണ്ട് നടന്നു. രാജന്‍ അതൊന്നും വക വെയ്ക്കാതെ തന്റെ കയ്യില്‍ ഉള്ള കുട നിവര്‍ത്തു വെച്ചു. ജനങ്ങള്‍ എല്ലാവരും കുറച്ചു അകലേക്കു നീങ്ങിയ ഉടന്‍ രാജനും സുദക്ഷയും ഇരിക്കുന്ന സ്ഥലത്ത് മാത്രമായി മഴ പെയ്തു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയാ അവര്‍ അദ്ഭുത സ്തബ്ധരായി പോയി. അവര്‍ക്കു അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആയില്ല. സുദക്ഷയും രാജനും കനത്ത മഴയില്‍ കുട പിടിച്ചു കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ അവരെ ചുറ്റി മാത്രമാണ് ആ മഴ പെയ്യുന്നത്. ഒരു പരിധി കഴിഞ്ഞു ഒരു തുള്ളി വെള്ളം പോലും ആകാശത്തു നിന്നും വീഴുന്നില്ല! ഇങ്ങനെ നടക്കുമോ എന്ന സംശയം ഉണ്ടാകാം. പക്ഷെ ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും. നമ്മള്‍ തന്നെ ചിലപ്പോള്‍ നമ്മുടെ നഗരത്തില്‍ ഒരു സ്ഥലത്തില്‍ പെയ്യുന്ന മഴ മറ്റൊരു സ്ഥലത്തു അതെ സമയം എത്തുന്നില്ല എന്നു കാണുന്നില്ലേ? അതു സാധ്യമാണെങ്കില്‍ ഭഗവാന്‍ വിചാരിച്ചാല്‍ ഇതും സാധ്യമാണ്.
       ജനങ്ങള്‍ക്കു അവരുടെ ഭാഗത്ത്‌ എന്തോ തെറ്റ് പറ്റി എന്നു മനസ്സിലായി. അവര്‍ ഉടനെ തന്നെ ഓടി വന്നു രാജന്റെയും സുദക്ഷയുടെയും പാദങ്ങളില്‍ വീണു. അവര്‍ക്കും മഴ വേണം. അവരുടെ തെറ്റ് എന്താണ് എന്നു കേണപേക്ഷിച്ചു. സുദക്ഷ അവരോടു ഉള്ള സമയത്തില്‍ ഭഗവാനില്‍ പൂര്‍ണ വിശ്വാസത്തോടെ നാമജപം ചെയ്യാന്‍ പറഞ്ഞു. ഉടനെ തന്നെ അവര്‍ എല്ലാവരും ഭഗവാന്‍ മഴ തരും എന്ന വിശ്വാസത്തോട് കൂടെ നാമജപം ചെയ്തു. കുറച്ചു നേരത്തിനുള്ളില്‍ മഴ അവിടെ തകര്‍ത്തു പെയ്തു. ഭഗവാന്റെ കാരുണ്യം അവര്‍ക്കു മനസ്സിലായി. സുദക്ഷയെ ഒരു അലി എന്നു അവര്‍ അവഹേളിച്ചതിനു അവര്‍ ലജ്ജിച്ചു. ഭഗവാന്‍ ശുദ്ധ ഹൃദയം മാത്രമാണ് നോക്കുന്നത്. മറ്റൊന്നും തന്നെ ഭഗവാന്റെ കൃപയ്ക്കു ഒരു യോഗ്യതയായി കണക്കാക്കുന്നില്ല!  ഒട്ടും സംശയമില്ലാത്ത ഒരു ഹൃദയം വേണം. എന്നാല്‍ ഭഗവാന്റെ കാരുണ്യം പൂര്‍ണ്ണമായി അനുഭവിക്കാം! അങ്ങനെയുള്ളവരാണ് ഭക്തര്‍. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
       (വാക്യം 53)
       രാധേകൃഷ്ണാ!  ഭഗവാന്‍ ശാശ്വതമായവാന്‍! ഭഗവാന്റെ അപ്രാകൃത ദിവ്യമായ ശരീരവും ശാശ്വാതമായത്! പക്ഷേ മനുഷ്യരുടെ ശരീരം അനിത്യമായത്! ഈ ശരീരത്തെ നാം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം. എങ്ങനെ ഉപയോഗിക്കാം? നമ്മളെ സംബന്ധിച്ച് കാമ സുഖം അനുഭവിക്കുക, പണം സമ്പാദിക്കുക, ശരീരത്തിന്റെ സുഖത്തിനെ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ഒക്കെയാണ്.  എന്നാല്‍ മനുഷ്യ ശരീരത്തെ അനുഭവിക്കുക എന്നാല്‍ ഭഗവാന്‍ തന്ന ശരീരത്തെ കൊണ്ടു ഭഗവാനെ അനുഭവിക്കുക എന്നതാണ്‌ നമ്മുടെ ധര്‍മ്മം. ഈ ശരീരം തളര്‍ന്നു താഴെ വീഴും മുമ്പ് നാം വന്ന കാര്യം നോക്കണം. ധ്രുവന്‍ തന്റെ ശരീരം ഉപയോഗപ്പെടുത്തി, ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചു ഭഗവാനെ കണ്ടു. പ്രഹ്ലാദന്‍ തന്റെ ശരീരം കൊണ്ടു നരസിംഹനെ പ്രത്യക്ഷപ്പെടുത്തി. ആണ്ടാള്‍, മീരാ, ആഴ്വാര്‍കള്‍ തുടങ്ങിയവര്‍ ഒക്കെ ശരീരം ഉപയോഗപ്പെടുത്തി. എന്നാല്‍ നാം അങ്ങനെ ചെയ്യുന്നുണ്ടോ? ഈ ശരീരം പാഴായി പോയി കൊണ്ടിരിക്കുകയാണ്. പക്ഷെ നാം  നാം വ്യസനിക്കുന്നില്ല. പത്തു രൂപാ കൊടുത്തു പൂവ് വാങ്ങി വെച്ചിട്ട് അതു ചൂടാതെ വാടി കളഞ്ഞാല്‍ നമുക്കു എന്തു മാത്രം വിഷമം ഉണ്ടാവുന്നു. എന്നാല്‍ കോടി കോടി രൂപയേക്കാള്‍ വിലയുള്ള ഈ ശരീരം പാഴാകുന്നതില്‍ എന്തു ന്യായമാണ് ഉള്ളത്. അതിനെ കുറിച്ച് നാം ആലോചിക്കുന്നില്ല. പിന്നെ ഈ മനുഷ്യ ശരീരം കിട്ടിയിട്ട് നമുക്കു എന്തു പ്രയോജനമാണ്? മൃഗമായി തന്നെ ജീവിച്ചാല്‍ പോരെ?  തിരുക്കൊളൂരിലെ പെണ്‍ പിള്ളൈക്കു അങ്ങനെ ഒരു വ്യസനം ഉണ്ടായി. അവളുടെ ഹൃദയ വ്യഥ സദ്ഗുരുവായ രാമാനുജരോടു പറയുന്നു. താന്‍ അക്രൂരരെ പോലെയോ വിദുരരെ പോലെയോ ഇല്ലല്ലോ എന്നു പുലമ്പുന്നു. അവള്‍ ഓരോ ഭക്തരുമായിട്ട് താരതമ്യം ചെയ്യുന്നതു കേട്ടു രാമാനുജരും ശിഷ്യരും അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. 
        ശ്രീ രാമനെ കുറിച്ചു പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി രാമദാസനായ ആഞ്ചനെയരെ കുറിച്ചു പറഞ്ഞു.  
'കണ്ടു വന്തേന്‍ എന്റെനോ തിരുവടിയൈ പോലെ' 
 ശ്രീരാമന്‍ ലങ്കയില്‍ സീതയെ തിരയാന്‍ ആഞ്ചനേയരെ അയയ്ക്കുന്നു. ആഞ്ചനേയര്‍ രാമന്റെ കൈയില്‍ നിന്നും മോതിരം വാങ്ങി ജയ് ശ്രീരാം എന്നു പറഞ്ഞു പുറപ്പെടുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ഇത്രയും വലിയ ആളായ ശ്രീരാമചന്ദ്രന്‍ ഒരു സ്ത്രീക്കു വേണ്ടി എന്തിനാണ് ഇത്രയും കരയുന്നത് എന്നു. എപ്പോള്‍ നോക്കിയാലും രാമന്‍ സീതേ സീതേ എന്നു കരയുന്നതു അദ്ദേഹത്തിനു മനസിലായില്ല. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് രാമനും എന്നദ്ദേഹം മനസ്സില്‍ കരുതി. എന്തായാലും താന്‍ വിവാഹം കഴിക്കാതെ ബ്രഹ്മചാരിയായിയിരിക്കുന്നത് നന്നായി എന്നു അദ്ദേഹം വിചാരിച്ചു.
         പക്ഷെ സീതയെ കണ്ടു കഴിഞ്ഞപ്പോള്‍ ആഞ്ചനേയരുടെ കണ്ണുകളില്‍ കണ്ണീര്‍ ഒഴുകി. സീതയെ പിരിഞ്ഞു രാമന്‍ എങ്ങനെ ജീവിക്കുന്നു എന്നു തോന്നിപ്പോയി. ഇത്രയും ഗുണവതിയായ ഒരു ഭാര്യയെ പിരിയുവാന്‍ സാധ്യമല്ലല്ലോ എന്നു വിചാരിച്ചു. സീതയെ കണ്ടു അദ്ദേഹം സംസാരിച്ചു. തന്നെ രാമന്‍ ദൂതനായി അയച്ചതാണെന്നു പറഞ്ഞു. അതിനു വേണ്ട അടയാളങ്ങള്‍ ഒക്കെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അവളെ ആശ്വസിപ്പിച്ചു. രാമന്‍ ഉടനെ വരും അമ്മയെ രക്ഷിക്കും എന്നു ധൈര്യം പകര്‍ന്നു. ഭഗവാന്‍ കൊടുത്ത മോതിരത്തെ അവിടെ സമര്‍പ്പിച്ചു. സീതയ്ക്കു മോതിരം കണ്ടപ്പോള്‍ ആനന്ദവും ദുഃഖവും അണപൊട്ടി ഒഴുകി. 
       പകരം സീതയും കാകാസുര വൃത്താന്തം തുടങ്ങി ചില രഹസ്യ വര്‍ത്തമാനങ്ങള്‍ അടയാളമായി ആഞ്ചനേയരോടു പറയുന്നു. എന്നിട്ടു തന്റെ തലയില്‍ അണിഞ്ഞിരുന്ന ചൂടാമണി എടുത്തു കയ്യില്‍ കൊടുക്കുന്നു. ഇതില്‍ ഒരു നിഗൂഡ സന്ദേശം ഉണ്ട്! അതായത് ഭഗവാന്‍ കൊടുത്തു വിട്ട മോതിരത്തില്‍ സീത ഭഗവാന്റെ അഭയ ഹസ്തമാണ് കണ്ടത്. അപ്പോള്‍ അതിനു ഉത്തരമായി സീത തന്റെ ശിരസ്സ്‌ രാമന്റെ കൈയില്‍ വയ്ക്കുന്നു. ഇനി വനവാസത്തില്‍ ഭഗവാന്റെ കയ്യില്‍ എങ്ങനെ മോതിരം വന്നു എന്നു നാം ചിന്തിക്കാം. എന്നാല്‍ അതിനും ഉണ്ട് ഉത്തരം! ഭഗവാന്‍ വനവാസത്തിനു ഇറങ്ങുമ്പോള്‍ തനിക്കു അച്ഛന്‍ നല്‍കിയ സകല ആഭരണങ്ങളും അഴിച്ചു വെച്ചു. എന്നാല്‍ വിവാഹ വേളയില്‍ സീതയുടെ പിതാവായ ജനകര്‍ നല്‍കിയ മോതിരം മാത്രം അഴിച്ചു കൊടുത്തില്ല. അതു അഴിച്ചു കൊടുക്കേണ്ട ആവശ്യവും അവിടെ ഇല്ല. കാരണം അതു അയോധ്യയുടെ സ്വത്തല്ലല്ലോ! എന്തായാലും ഭഗവാന്‍ എല്ലാം മുന്‍ കൂട്ടി കണ്ടിരിക്കണം. അല്ലെങ്കില്‍ മഹാ രാജ്യം പോലും തൃണം പോലെ ത്യജിച്ച ഭഗവാനു ഒരു മോതിരത്തോട് ആസക്തി ഉണ്ടാകാന്‍ വഴിയില്ലല്ലോ! സീതയ്ക്കും മോതിരം കാണുമ്പോള്‍ തന്റെ അച്ഛന്റെയും ഓര്‍മ്മ വരുന്നുണ്ട്.  
         സീതയുടെ ചൂടാമണിയും വാങ്ങി ആഞ്ചനേയര്‍ ഇക്കരയ്ക്കു തിരിച്ചെത്തി.  സുഗ്രീവന്‍ തന്ന സമത്തില്‍ കുറച്ചു താമസിച്ചാണ് എത്തിയത്.  പക്ഷെ കാര്യം സാധിച്ച സന്തോഷത്തില്‍ അവര്‍ സുഗ്രീവന്റെ നന്ദവനം മുഴുവനും തകര്‍ത്തു രസിച്ചു. ഇവിടെ സമയം ഇങ്ങനെ പോകുമ്പോഴും അവിടെ രാമചന്ദ്രന്‍ ദുഃഖം കൊണ്ടു പുളയുകയാണ്. സീതയുടെ വിവരം ഒന്നും വന്നില്ലല്ലോ എന്നു വിഷമിച്ചിരുന്നു. അപ്പോള്‍ സുഗ്രീവന്‍ രാമനെ ആശ്വസിപ്പിച്ചു. 'പ്രഭോ ഇത്രയും താമസിക്കുമ്പോള്‍ തന്നെ എനിക്കു ഉറപ്പാണ് വാനരന്മാര്‍ കാര്യം സാധിച്ചിരിക്കുന്നു എന്നു. അല്ലെങ്കില്‍ അവര്‍ എന്റെ നന്ദവനത്തില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കില്ല. അങ്ങ് നിശ്ചിന്തനായി ഇരിക്കുക അവര്‍ ഇപ്പോള്‍ എത്തും'.  സുഗ്രീവന്‍ പറഞ്ഞു തീരും മുന്‍പ് ആകാശത്തില്‍ കില കില ശബ്ദം കേട്ടു. ദൂരെ നിന്നും തന്നെ ആകാശത്തില്‍ വാനരന്മാര്‍ പറന്നു വരുന്നത് കാണാമായിരുന്നു. അതില്‍ ആഞ്ചാനെയരെ എടുത്തു കാണാമായിരുന്നു. രാമന്‍ ആകാംക്ഷയോടെ അങ്ങോട്ട്‌ നോക്കി. ആഞ്ചനെയര്‍ അവിടുന്നു തന്നെ 'കണ്ടേന്‍ സീതയൈ' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വന്നു. 'കണ്ടേന്‍' എന്നു കേട്ടപ്പോള്‍ തന്നെ രാമന്റെ മനസ്സ് കുളിര്‍ത്തു. പറയുന്ന രീതി അത്ര നന്നാകണം. ആദ്യം പറഞ്ഞ വാക്കു കണ്ടേന്‍ എന്നതാണ്. ഒരു പക്ഷെ ആദ്യം 'ഞാന്‍ സീതയെ ലങ്കയില്‍ കണ്ടു' എന്നു പറഞ്ഞിരുന്നെങ്കില്‍ കണ്ടു എന്നു പറയുന്നതു വരെ ഭഗവാന്‍ രാമനു സമാധാനം കിട്ടില്ലായിരുന്നു. അത്ര സൂക്ഷ്മമായി ആഞ്ചനേയര്‍ ചിന്തിച്ചു. വാക്കുകളുടെ പ്രയോഗം അത്ര മുഖ്യമാണ്. പലര്‍ക്കും അതു അറിയില്ല. നമ്മുടെ വാക്ക് ചാതുര്യം കൊണ്ടു പലതും നേടാം നശിപ്പിക്കാം. അതു ഒരു കലയാണ്‌. ആഞ്ചനേയര്‍ അതില്‍ മിടുക്കനായിരുന്നു. കണ്ടു എന്നു കേട്ടപ്പോള്‍ തന്നെ രാമന്റെ ശരീരത്തില്‍ പുതു ജീവന്‍ വന്നു. ലക്ഷ്മണന്‍ ഇതു കണ്ടു ആസ്വദിച്ചു. എത്ര മിടുക്കനാണ് ആഞ്ചനേയര്‍ എന്നു തോന്നി. 
പെണ്‍പിള്ളൈക്കു ഇതു ഏറ്റവും വിശേഷമായി തോന്നി. 
         ആഞ്ചനെയര്‍ സമുദ്രം ചാടി കടന്നതോ, സീതയെ അന്വേഷിച്ചു പിടിച്ചതോ? രാവണനോടു വഴക്കിട്ടതോ? ലങ്കയെ കത്തിച്ചതോ ഒന്നും പ്രധാനമായി തോന്നിയില്ല. കണ്ടേന്‍ സീതയൈ എന്നു പറഞ്ഞത് മാത്രം അങ്ങേയറ്റം വിശേഷമായി അവള്‍ക്കു തോന്നി. ഭഗവാനെ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുന്‍പേ ദുഃഖത്തില്‍ നിന്നും വിടുവിച്ചില്ലേ? അതല്ലേ ശ്രേഷ്ഠം?
'കണ്ടു വന്തേന്‍ എന്റെനോ തിരുവടിയൈപോലെ'
സ്വാമി രാമാനുജര്‍ ആശ്ചര്യത്തോടെ ഇതു കേട്ടു നിന്നു. അവള്‍ പറയുന്നതു എത്ര സത്യമാണ്. എല്ലാര്‍ക്കും ഇങ്ങനെ തോന്നുന്നില്ലല്ലോ എന്നു വിചാരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!