Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, December 13, 2011

പ്രേമവേദം- ഡിസംബര്‍ 11

Posted by VEDHASAARAM


നാരായണീയം 
ഈ ദൃഗ് ജഗന്മായവപുസ്തവ കര്‍മ്മ ഭാജാം
കര്‍മ്മാവസാന സമയേ സ്മരനീയമാഹുഃ 
തസ്യന്തരാത്മ വപുഷേ വിമലാത്മനേ തേ
വാതാലയാധിപ! നമോസ്തു നിരുന്ധി രോഗാന്‍. 
                                       (ദശഃ 6  ശ്ലോഃ 10) 
      കര്‍മ്മികള്‍ക്ക് കര്‍മ്മാവസാനമായ മോക്ഷ കാലം എത്തുമ്പോള്‍  സ്മരിക്കാന്‍ യോഗ്യമാണ് അങ്ങയുടെ വിശ്വാത്മക സ്വരൂപമെന്നു അഭിജ്ഞന്മാര്‍  പറയുന്നു. ഹേ ഗുരുവായൂരപ്പാ! വിശ്വത്തിന്റെ അന്തരാത്മ സ്വരൂപനും പരിശുദ്ധാത്മാവുമായ അങ്ങേക്ക് എന്റെ നമസ്ക്കാരം ഭവിക്കട്ടെ. ഹേ ഭാഗവാനേ! എന്റെ സര്‍വ രോഗങ്ങളെയും നശിപ്പിക്കണമേ!
(പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ ) 

സദ്ഗുരു വാത്സല്യം
     ഭാരത ദേശത്തിലെ ഒരു സദ്ഗുരു, അന്യ നാട്ടില്‍ നിന്നും വന്നു ചേര്‍ന്ന ധീര അലെക്ഷാണ്ടര്‍ക്കു സദുപദേശം നല്‍കി അനുഗ്രഹിച്ച കഥ നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു.  അതേ നിരയില്‍ ഇതാ മറ്റൊരു അനുഭവം!
        സ്വാമി രാമാനുജരുടെ സദ്‌ശിഷ്യനായ കൂറത്താഴ്വാന്റെ സദ്‌ പുത്രനാണ് പരാശര ഭട്ടര്‍. ശ്രീ രംഗനാഥന്റെ കുലാചാര്യന്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് ഉണ്ട്. ഭഗവാനു എന്നും അവിടെ പഞ്ചാംഗം പുരാണം തുടങ്ങിയവ വായിച്ചു കേള്‍പ്പിക്കും. അത്ര വലിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അവിടെ ശത്രുക്കള്‍ ഉണ്ടായിരുന്നു. അസൂയ എല്ലാവരുടെയും ചിത്തം നശിപ്പിക്കുമല്ലോ. അസൂയാലുക്കള്‍ക്കു എങ്ങനെയെങ്കിലും പരാശര ഭട്ടരുടെ നല്ല പേര് നശിപ്പിക്കണം എന്നു തോന്നി. സര്‍വജ്ഞനായ പരാശര ഭട്ടര്‍ക്കു അവരുടെ ചിത്തം മനസ്സിലായി. അവരെ ഒരു സന്ദര്‍ഭം വരുമ്പോള്‍ തിരുത്തണം എന്നും മനസ്സില്‍ ധരിച്ചു. ഒരിക്കല്‍ അവര്‍ ഒരു കുടത്തില്‍ എന്തോ ഇട്ടു വായ മൂടി കെട്ടി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടു വെച്ചു. അദ്ദേഹം ഉച്ച സമയം തിണ്ണയില്‍ ഇരുന്നു നാമ സങ്കീര്‍ത്തനം ചെയ്തു രസിക്കുകയായിരുന്നു. കുടം വെച്ചപ്പോള്‍ അതെന്താണ് എന്നദ്ദേഹം ചോദിച്ചു. 
  അവര്‍ 'അങ്ങേയ്ക്ക് സര്‍വജ്ഞത്വം ഉണ്ടെന്നല്ലേ എല്ലാവരും പറയുന്നത്. അത് പരിശോധിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു. 
ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ടു 'എനിക്ക് സര്‍വജ്ഞത്വം ഉണ്ടെന്നു ആരു പറഞ്ഞു' എന്നു ചോദിച്ചു. 
 അതിനു അവര്‍ 'അപ്പോള്‍ അങ്ങയ്ക്ക് സര്‍വജ്ഞത്വം ഇല്ല എന്നു അങ്ങ് സമ്മതിക്കുന്നുവോ? 
ഭട്ടര്‍: എനിക്ക് സര്‍വജ്ഞത്വം ഇല്ലെന്നു ആരു പറഞ്ഞു? എന്നു തിരിച്ചു ചോദിച്ചു. 
തിരിച്ചും മറിച്ചും അദ്ദേഹം ഉത്തരം പറയുന്നത് കേട്ട് അവര്‍ ഇളിഭ്യരായി. ഉടനെ അവര്‍ എല്ലാവരെയും വിളിച്ചു കൂട്ടി 'നിങ്ങള്‍ എല്ലാവരും പറയുന്നത് പോലെ ഇദ്ദേഹം സര്‍വജ്ഞാനാനെങ്കില്‍ ഈ കുടത്തില്‍ എന്താണ് ഉള്ളതെന്ന് പറയട്ടെ' എന്നു പറഞ്ഞു.
പരാശര ഭട്ടര്‍ ചിരിച്ചു കൊണ്ടു കുടത്തിന്റെ ഉള്ളില്‍ 'വെണ്‍കൊറ്റ കുടയുണ്ട്' എന്നു പറഞ്ഞു. ഇതു കേട്ടതും അവര്‍ ആര്‍ത്തു  ചിരിച്ചു കൊണ്ടു. 'നിങ്ങള്‍ പറയുമ്പോലെ പരാശര ഭട്ടര്‍ക്കു എല്ലാം അറിയില്ല. അദ്ദേഹം ജ്ഞാനിയുമല്ല. അത് തെളിയിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു. 
      പരാശര ഭട്ടര്‍ അവര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ തന്റെ ഭജനയില്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ അവര്‍ അപമാനിക്കുന്നു എന്നു തോന്നിയുമില്ല. ആ അസൂയാലുക്കള്‍ ജനങ്ങളോട് 'ഞങ്ങള്‍ ഈ കുടത്തിന്റെ അകത്തു ഒരു വസ്തു ഇട്ടു വെച്ചിട്ടു അദ്ദേഹത്തോട് അതെന്താണെന്ന് ചോദിച്ചു. അദ്ദേഹം ഇതിന്റെ അകത്തു വെണ്‍കൊറ്റ കുടയുണ്ട് എന്നാണു പറഞ്ഞത്. ആരെങ്കിലും കുടത്തിന്റെ അകത്തു വെണ്‍കൊറ്റകുട കൊണ്ടു വയ്ക്കുമോ? എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്?' എന്നു പറഞ്ഞു. അവിടെ കൂടിയിരുന്ന ജനങ്ങളില്‍ പലരും പരാശര  ഭട്ടരുടെ ഭക്തരായിരുന്നു അവര്‍ക്ക് വല്ലാതെ വിഷമം തോന്നി. അവര്‍ ഭട്ടരോട് 'അങ്ങ് എന്തിനാണ് ഇങ്ങനെ കളിക്കുന്നത്? സത്യം എന്താണെന്ന് പറഞ്ഞുകൂടെ? വെറുതെ ഇവരെ കൊണ്ടു ഇങ്ങനെ പറയിക്കണോ? എന്നു ചോദിച്ചു. അദ്ദേഹം വീണ്ടും 'ഞാന്‍ സത്യമാണ് പറയുന്നത്. ഇതിന്റെ അകത്തു വെണ്‍കൊറ്റകുട
തന്നെയാണ് ഇരിക്കുന്നത് എന്നു പറഞ്ഞു. എല്ലാവര്‍ക്കും സങ്കടമായി. അദ്ദേഹം എന്താണ് ഇങ്ങനെ കളിമാട്ടില്‍ ഇരിക്കുന്നത് എന്നു തോന്നി. എന്തായാലും ജനങ്ങള്‍ കുടം തുറന്നു അകത്തുള്ളത് കാണിക്കാന്‍ ആവശ്യപ്പെട്ടു. കുടം തുറന്നപ്പോള്‍ അതിന്റെ അകത്തു ഒരു പാമ്പിനെ അവര്‍ ഇട്ടിരുന്നത് കണ്ടു. കുടത്തിന്റെ അകത്തു നിന്നും അതു ചീറി. അസൂയാലുക്കള്‍ ഭാട്ടരോടു ഇതാണോ നിങ്ങളുടെ വെണ്‍കൊറ്റ കുട എന്നു കളിയാക്കി ചോദിച്ചു. ഭട്ടര്‍ വീണ്ടും ചിരിച്ചു കൊണ്ട് ആഴ്വാര്‍ അനന്തനെ കുറിച്ച് പറഞ്ഞത് അറിയില്ലേ? 
'ശെന്റാല്‍ കുയാം, ഇരുന്താല്‍ സിംഹാസനമാം, നിന്റാല്‍ മരവടിയാം, നീള്‍ കടലുള്‍ എന്റും പുണയാം മണി വിളക്കാം, പൂമ്പട്ടാം,  പുല്‍കും അണയാം തിരുമാര്‍ക്കു അറവു' എന്നു ആഴ്വാര്‍ പറഞ്ഞിട്ടുണ്ട് അതു കൊണ്ടു ഇതു വെണ്‍കൊറ്റ കുട തന്നെയാണ് എന്നു പറഞ്ഞു. അദ്ദേഹത്തിന് കുടത്തിന്റെ ഉള്ളില്‍ പാമ്പാണെന്ന് അറിയാമായിരുന്നു. പക്ഷെ അദ്ദേഹം അവരോടു പാമ്പ് എന്നു പറഞ്ഞിരുന്നെങ്കില്‍ ഇത്രയും ജനങ്ങള്‍ ഇവിടെ കൂടില്ലായിരുന്നു. അങ്ങനെ കൂടിയില്ലായിരുന്നെങ്കില്‍ അവരുടെ അജ്ഞാനം നാശമാകില്ലാ. മാത്രമല്ല വെറും പാമ്പ് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക്‌ ഭയം മാത്രമെ തോന്നു. അതു വെറും പാമ്പല്ല, ഭഗവാന്റെ കുടയാണ്, സിംഹാസനമാണ്, പാദുകയാണ്, കട്ടിലാണ് എന്നൊക്കെ അവരെ പറഞ്ഞു മനസിലാക്കണ്ടെ. അതൊക്കെ കൊണ്ടാണ് അദ്ദേഹം ആദ്യമേ ഇതു പാമ്പാണെന്ന് പറയാതിരുന്നത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ ജനങ്ങള്‍ക്കു ആവേശമായി. അസൂയാലുക്കള്‍ക്കു ലജ്ജയായി. അവര്‍ ചെയ്ത തെറ്റ് അവര്‍ മനസ്സിലാക്കി പാശ്ചാത്തപിച്ചു. 'ഞങ്ങള്‍ ചെയ്ത അപചാരത്തിന് എന്താണ് പരിഹാരം' എന്നു അവര്‍ ചോദിച്ചു. അദ്ദേഹം ഈ പാമ്പ് വെണ്‍കൊറ്റ കുടയായത്‌ പോലെ നിങ്ങളും ഭഗവാനു കൈങ്കര്യങ്ങള്‍ ചെയ്തു ജീവിക്കു. അതു തന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം എന്നു പറഞ്ഞു. അവരും അദ്ദേഹം പറഞ്ഞത് ഹൃദയത്തില്‍ ഏറ്റി അന്നു മുതല്‍ ഭട്ടരുടെ ശിഷരായി, ഭഗവത് സേവനം ചെയ്തു വന്നു. അങ്ങനെ ആ സദ്ഗുരു വഴി തെറ്റി പോയ അവരെ സന്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  
ഭക്തിരഹസ്യം  
      രാധേകൃഷ്ണാ! ഭക്തിയുടെ വിവിധ കോണുകളില്‍ നിന്നും ഭക്തന്മാരുടെ കഥകള്‍ നാം ഈ പംക്തിയില്‍ നാം കണ്ടു വരുന്നു. ഭക്തിക്കു പ്രാധാനമായും വേണ്ടത് മനസ്സ് മാത്രമാണ്. വരള്‍ച്ച മൂലം എല്ലാം നഷ്ടപെട്ട ഒരുവന്‍ തന്റെ മനസ്സ് കൊണ്ടു ഭഗവാന് ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകവും ഉത്സവവും അന്നദാനവും  ഒക്കെ നടത്തി തന്റെ പ്രാരബ്ധത്തില്‍ നിന്നും രക്ഷപ്പെട്ടത് നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. നാം മനസ്സിലാക്കേണ്ടത് ഭക്തിക്കു ധനം ആവശ്യമില്ല. നല്ല കുലമോ, വിദ്യാഭ്യാസ യോഗ്യതയോ, മറ്റൊന്നും തന്നെ ആവശ്യമില്ല. ഹൃദയത്തില്‍ ഭഗവാനോട് അകമഴിഞ്ഞ സ്നേഹം വേണം. പൂര്‍ണ്ണ വിശ്വാസവും വേണം. തുടര്‍ നാമജപം ചെയ്തു വരുമ്പോള്‍ നാം മനസ്സില്‍ വിചാരിക്കുന്നത് നടക്കുന്നതായും കാണാം.  ചിലപ്പോള്‍ ഒരു ഭക്തന്‍ അന്നു പ്രത്യേക നിവേദ്യം ഭഗവാനു നല്‍കണം എന്നു ആഗ്രഹിക്കും. അന്നു യാദൃച്ചയാ ആരെങ്കിലും അതേ നിവേദ്യം ഭഗവാനു കൊണ്ടു കൊടുക്കും. ഭഗവാന്‍ ആ ഭക്തന്റെ ആഗ്രഹം അങ്ങനെ പൂര്‍ത്തീകരിക്കും. ഭക്തന്‍ ഹൃദയ പൂര്‍വ്വം ആഗ്രഹിക്കുക മാത്രമേ ചെയ്തുള്ളു. പക്ഷെ ഭഗവാന്‍ അതില്‍ തന്നെ തൃപ്തനാണ്. 
         മനസ്സ് എകാഗ്ര ചിന്തയില്‍ ഇരിക്കണം. നമ്മുടെ മനസ്സില്‍  ചഞ്ചലം വരുമ്പോള്‍ ഭഗവാനോട് നമ്മുടെ മനസ്സ് ശരിയാക്കാന്‍ പ്രാര്‍ഥിക്കാം. നമുക്കു ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. പക്ഷെ ധാരാളം സമയം ഉണ്ട് എന്നു വന്നാല്‍ ആ സമയം വെറുതെ പാഴാക്കാതെ മനസ്സില്‍ ഭഗവാനെ കൊണ്ടു വന്നു നമ്മുടെ ഇഷ്ടം പോലെ അലങ്കരിക്കുകയോ പൂജിക്കുകയോ ഒക്കെ ആവാം. ഭഗവാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. തീര്‍ച്ച!
        ഒരിക്കല്‍ പുരന്തരദാസര്‍ പണ്ഡരീപുരത്തിലുളളപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഒരു മുത്തു മാല മോഷണം പോയി. അദ്ദേഹത്തിന് വളരെ ദുഃഖമായി. മാനസീകമായി ഭഗവാനോട് അദ്ദേഹം ആ മാല എടുത്ത ആള്‍ക്കു ചാട്ടവാറു കൊണ്ടു 30  അടി കൊടുക്കണം എന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ ഇതേ പോലെ ക്ഷേത്രത്തിലെ ഒരു ആഭരണം കാണാതെ പോയി. പാണ്ഡുരംഗന്‍ ഒരു ലീല പോലെ പുരന്തര ദാസരുടെ രൂപത്തില്‍ അതെടുത്തു ഒരു വേശ്യക്ക് കൊണ്ടു കൊടുത്തു. അന്വേഷണത്തില്‍ ആഭരണം പുരന്തര ദാസരാണ് വേശ്യക്കു കൊണ്ടു കൊടുത്തത് എന്നു തെളിഞ്ഞു. രാജന്‍ ആഭരണം മോഷ്ടിച്ച ആള്‍ക്കു ചാട്ടവാറു കൊണ്ടു 30  അടി എന്നു പ്രഖ്യാപിച്ചു. 
       അടി കൊള്ളുമ്പോള്‍ പുരന്തരദാസര്‍ ഭഗവാനോട് ചോദിച്ചു. "പ്രഭോ ഒരു ബന്ധവും ഇല്ലാതെ എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത്?' ഭഗവാന്‍ ചിരിച്ചു. 'നീ തന്നെയല്ലേ അന്നു
ചാട്ടവാറു കൊണ്ടു 30 അടിയുടെ കാര്യംപറഞ്ഞത്‌' എന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴത്തിനെ അദ്ദേഹത്തിന് കാട്ടി കൊടുത്തു.  'എന്റെ സങ്കല്‍പം കൊണ്ടല്ലേ അവന്‍ അതു കട്ടതു.  എന്തു വേണമോ അതു ഞാന്‍ ചെയ്യും' എന്നു പറഞ്ഞു ഭഗവാന്‍ ദാസരുടെ ചിന്തയുടെ ആഴം അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തു.  അതു കഴിഞ്ഞു ഭഗവാന്‍ തന്നെ ദാസരുടെ അടി നിര്‍ത്തിച്ചു. 
       നമ്മുടെ ചിന്തകള്‍ തെളിഞ്ഞതായിരിക്കണം. ഏതു  സമയത്തും ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സില്‍ വരാന്‍ പാടില്ല. മനസ്സ് അടങ്ങാന്‍ നാമജപം മാത്രമാണ് ഒരു വഴി. മനസ്സ് അടങ്ങിയാല്‍ ഭക്തി ഒരു സ്ഥിതിയില്‍ എത്തും. മനസ്സ് ഭഗവാനു നല്‍കിയിട്ട് ഭഗവത് ചിന്തയില്‍ ഇരുന്നുകൊണ്ട് ശരീരം കൊണ്ടുള്ള കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. എത്രയോ പേര്‍ക്കു മറവി കൂടെ പിറപ്പാണ്. മറവിയുള്ള ചില ഭക്തര്‍ സന്ദര്‍ഭം വരുമ്പോള്‍ ഭഗവാനോട് ഒന്നു ഓര്‍മ്മിപ്പിച്ചു കൊടുക്കാന്‍ പ്രാര്‍ഥിക്കും. ഭഗവാന്‍ അവര്‍ക്കു ഭംഗിയായി ഓര്‍മ്മിപ്പിക്കും. എത്രയോ പേര്‍ക്കു നടക്കുന്നതാണ് ഇതു. സത്യം! 
        ജീവിതത്തില്‍ എന്തു പ്രശ്നം നേരിട്ടാലും പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയില്‍ പ്രശ്നം ഭഗവാനെ ഏല്‍പ്പിച്ചു നാമജപം ചെയ്തിരുന്നാല്‍ സത്യമായിട്ടും അതിനു പരിഹാരം ഭഗവാന്‍ കാട്ടിത്തരും. ഇതു വെറും വാക്കല്ല. മനസ്സ് ഭഗവാനില്‍ പൂര്‍ണ്ണമായും ലയിക്കണം. അതില്‍ ഒട്ടും സംശയം ഉണ്ടാവാന്‍ പാടില്ല. എത്രയോ പേര്‍ക്കു ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭഗവാനില്‍ വിശ്വാസം അര്‍പ്പിക്കു. നാമജപത്തെ ആശ്രയിക്കു. തീര്‍ച്ചയായും ഫലം ഉണ്ട്.  രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 54)
      'ഇരു കൈയും വിട്ടേനോ ദ്രൗപതിയൈ പോലെ'
         പെണ്‍പിള്ളൈ അവളുടെ അടുത്ത വാക്യം പറഞ്ഞു. മഹാ ഭക്തയായ ദ്രൌപതിയെ ആണ് അവള്‍ ഇപ്പോള്‍ സ്മരിച്ചത്‌. ദ്രൗപതിക്കു ഭഗവാനോട് ദൃഡ ഭക്തിയാണ്. അവളുടെ ഭാഗ്യം അവളുടെ അഞ്ചു ഭക്താക്കന്മാരും കൃഷ്ണ ഭക്തന്മാരാണ്. അമ്മായിയമ്മയായ കുന്തി ഭഗവാനെ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. ദ്രൌപതിയുടെ സപത്നിയാണെങ്കില്‍ കൃഷ്ണന്റെ സഹോദരിയാണ് താനും. അത് കൊണ്ടു ഭഗവാനും അവരോടു വല്ലാത്ത ഒരടുപ്പം ഉണ്ടായിരുന്നു. ഇവരെ ഒരിക്കലും കൈവിടാന്‍ പാടില്ല എന്നു വിചാരിച്ചു.
          പാണ്ഡവര്‍ക്ക് ധൃതരാഷ്ട്രര്‍ ഒരു പാഴ്സ്ഥലത്തെ നല്‍കി. കൃഷ്ണ കൃപ കൊണ്ടു അവര്‍ അതിനെ ഇന്ദ്രരാജ്യത്തിനു തുല്യമായ ഇന്ദ്രപ്രസ്ഥാമാക്കി മാറ്റി.  ഭഗവാന്‍ തരുന്നതു അപ്പാടെ അവര്‍ സ്വീകരിച്ചു. ഭഗവാന്‍ അതു ഏറ്റവും മനോഹരമായതായി മാറ്റി. അതാണ്‌ രഹസ്യം. ഭഗവാന്‍ തരുന്നതു നാം അപ്പാടെ സ്വീകരിക്കണം. അതില്‍ തീര്‍ച്ചയായും നമുക്കു നല്ലതു എന്തോ ഒളിഞ്ഞു കിടപ്പുണ്ട്. പാണ്ഡവര്‍ക്കു ഹസ്ഥിനാപുറത്തെക്കാള്‍ സുന്ദരമായ ഒരു സ്ഥലം വേണം എന്നു നിശ്ചയിച്ചു അതു കൊണ്ടാണ്  ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലം കൊടുക്കാന്‍ ധൃതരാഷ്ട്രനു തോന്നിയത്. പാഴ് സ്ഥലമായത് കൊണ്ടു അവര്‍ അതു മയനെ കൊണ്ടു ഭംഗിയുള്ളതാക്കി മാറ്റി എടുത്തു. 
         ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചു കഴിഞ്ഞു കൌരവന്മാരെ അവര്‍ അവിടേക്കു കഷണിച്ചു. ദുര്യോധനന്‍ ആ മാളികയുടെ ഭംഗി കണ്ടു ഭ്രമിച്ചു പോയി. അവിടെ സ്ഥലം ഏതു ജലം ഏതു എന്നു ഭ്രമം ഉണ്ടായി. അതു കണ്ടു ദ്രൗപതി ചിരിച്ചു പോയി. അയാള്‍ അതില്‍ അപമാനിതനായി. അയാളുടെ ഹൃദയത്തില്‍ അസൂയ കത്തി ജ്വലിച്ചു. ശകുനിയുടെ ഉപദേശത്താല്‍ ചൂതാട്ടം എന്ന വ്യാജത്തില്‍ അവരെ ചതിക്കാന്‍ തീരുമാനിച്ചു. ചൂതാട്ടതിനു ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ പാടില്ല എന്നാണു ധര്‍മ്മം.  ധര്‍മ്മപുത്രര്‍ അതു ശരിയായി ചെയ്തു. പക്ഷെ  കളിക്കുമ്പോള്‍ അതില്‍ ആസക്തി കൊണ്ടു പോയി. അങ്ങനെ സര്‍വതും തുലച്ചു, സ്വന്തം പത്നിയെ വരെ പണയം വയ്ക്കാനുള്ള ദുര്‍ബുദ്ധി തോന്നി പോയി.  ഭഗവാന്‍ എല്ലാം നമുക്കു തരുന്നുണ്ട്. പക്ഷെ നാം നമ്മുടെ ആസക്തി, കാമം, ലോഭം തുടങ്ങിയവ കൊണ്ടു എല്ലാം കളഞ്ഞു കുളിക്കുന്നു. 
          ദ്രൌപതിയെ അപമാനിക്കാന്‍ കിട്ടിയ നല്ലൊരു സന്ദര്‍ഭമായി. രജസ്വലയായ അവളെ സഭയില്‍ ദു:ശ്ശാസനന്‍ വലിച്ചു കൊണ്ടു വന്നു നിറുത്തി. അവളെ നിര്‍വാണമാക്കി നിറുത്തണം എന്നു ആശിച്ചു. മഹാപാതകമാണ് അയാള്‍ ചെയ്യാന്‍ ഒരുങ്ങുന്നത് എന്നറിഞ്ഞും ധൃതരാഷ്ട്രര്‍ അവരെ തടയാന്‍ ഒരുമ്പെട്ടില്ല എന്നതാണ് ആശ്ചര്യം. അയാളുടെ ഹൃദയത്തിലും അത്രയ്ക്കുണ്ട് പാണ്‍ഡവരോടുള്ള വിദ്വേഷം! തന്റെ മാനം പോകുമെന്ന സ്ഥിതി വന്നപ്പോള്‍ ദ്രൗപതി അലറി അവിളിച്ചു കരഞ്ഞു. തന്റെ വാക്‌ചാതുര്യം ഉപയോഗിച്ചു എങ്ങനെയെങ്കിലും ജയിക്കാം എന്നു അവള്‍ നോക്കി. അവരോടു ധര്‍മ്മത്തെ എടുത്തു പറഞ്ഞു വിലക്കാന്‍ നോക്കി. ആ സഭയില്‍ ആരെങ്കിലും തന്നെ രക്ഷിക്കുവാനുണ്ടോ എന്നു വിളിച്ചു നോക്കി. തന്റെ ഭര്‍ത്താക്കന്മാരെ നോക്കി വിളിച്ചു. അവര്‍ നിര്വീര്യന്മാരായി നിഷ്ക്രിയന്മാരായി നില്‍ക്കുന്നത് കണ്ടു അവളുടെ ഹൃദയം പൊട്ടി കരഞ്ഞു. 
        അവളുടെ പ്രയത്നങ്ങള്‍ ഒന്നും തന്നെ അവിടെ ഏറ്റില്ല. വിദുരര്‍ മാത്രം അവള്‍ക്കു വേണ്ടി വാദിച്ചു നോക്കി. അതും അവര്‍ സ്വീകരിച്ചില്ല. വിടുരരെ അപമാനിച്ചു വിട്ടു. ഭീഷ്മര്‍ മറ്റാരും തന്നെ അവരോടു എതിര്‍ത്തു ഒന്നും പറഞ്ഞില്ല. തല കുനിച്ചു അവിടെ ഇരുന്നതേയുള്ളൂ. അവളുടെ കരച്ചില്‍ ദുര്യോധനാദികള്‍ക്ക്  ഹരമായി തോന്നി. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നു അവള്‍ തുടിക്കുന്നതു അവര്‍ കണ്ടു രസിച്ചു. അവിടെ ധര്‍മ്മത്തിന് സ്ഥാനമേയില്ലായിരുന്നു. 
        ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ ആരംഭിച്ചു. ദ്രൗപതി രണ്ടു കൈ കൊണ്ടു വസ്ത്രത്തില്‍ മുറുകെ പിടിച്ചു കൊണ്ടു അയാളെ നോക്കി കരഞ്ഞു യാചിച്ചു. അയാള്‍ അഹങ്കരിച്ചു ചിരിച്ചു. തന്റെ ജീവിതം തുലഞ്ഞു എന്നു അവള്‍ക്കു തോന്നി. തനിക്കു അഞ്ചു മഹാ വീരന്മാരായ ഭക്താക്കന്മാര്‍   ഉണ്ടായിട്ടു പോലും ആരും ഇല്ലാതെ അനാഥയായി നില്‍ക്കുന്നില്ലേ എന്നു അവള്‍ വിലപിച്ചു. തന്നെ രക്ഷിക്കാന്‍ ആരും തന്നെ ഇല്ലേ എന്നു അവള്‍ തളര്‍ന്നപ്പോള്‍ ഹൃദയത്തിനുള്ളില്‍ നിന്നും ഭഗവാന്‍ നിനക്കു ഞാനുണ്ട് എന്നു പറയുന്നത് അവള്‍ കേട്ട്. 
         അനാഥരായവര്‍ക്ക് നാഥന്‍ കൃഷ്ണന്‍ അല്ലേ? അപ്പോഴാണ്‌ ദ്രൌപതിക്ക് തന്റെ തെറ്റ് മനസ്സിലായത്‌. തന്റെ ബന്ധുക്കളെ എല്ലാം വിളിച്ചു കരഞ്ഞിട്ടു ഒരു പ്രയോജനവും ഇല്ല. താന്‍ വിളിക്കേണ്ടത് അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായകനെയല്ലേ? താന്‍ ഇത്രയും നേരം ഭഗവാനെ എങ്ങനെ മറന്നു എന്നു തോന്നി. ഭഗവാന്‍ എല്ലാവരുടെയും ഉള്ളില്‍ നിന്നു വിളിക്കുന്നുണ്ട്‌.  നമുക്കു ഇപ്പോഴും രക്ഷ നല്‍കുന്നുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കുന്നില്ല. ദ്രൌപതിയെ ധര്‍മ്മം രക്ഷിച്ചില്ല. ബന്ധുക്കള്‍ രക്ഷിച്ചില്ല.  ഭഗവാന്‍ മാത്രമാണ് രക്ഷയ്ക്കു എത്തിയത്. എനിക്കു എന്റെ ഭഗവാന്‍ ഉണ്ട് എന്നു ഒരു മാത്ര നേരം അവള്‍ ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ഓടി എത്തി. ഭഗവാനല്ലാതെ മറ്റാരും തന്നെ തനിക്കു ശരണം ഇല്ല എന്നു മനസ്സിലാക്കി അവള്‍ കൃഷ്ണാ എന്നു അലറി   വിളിച്ചു കൊണ്ടു രണ്ടു കയ്യും ഉയരെ തൂക്കി. തന്നെ രക്ഷിക്കാന്‍ തനിക്കാവില്ല എന്നു മനസ്സിലാക്കി വേറെ ഒരു ഗതിയും കാണാഞ്ഞു  അവസാനം പൂര്‍ണ്ണമായും ഭഗവാനില്‍ അര്‍പ്പിച്ചു, വസ്ത്രത്തെ പിടിച്ചിരുന്ന തന്റെ രണ്ടുകയ്യും മുകളിലേയ്ക്ക് ഉയര്‍ത്തി  'ഗോവിന്ദാ പുണ്ഡരീകാക്ഷാ രക്ഷമാം ശരണാഗതം' എന്നുറക്കെ വിളിച്ചു.   
          അവള്‍ രണ്ടു കയ്യും വസ്ത്രത്തില്‍ നിന്നും വിട്ടു ഉയര്‍ത്തിയ ആക്ഷണം തന്നെ ഭഗവാന്‍ അവിടെ വസ്ത്ര രൂപത്തില്‍ അവളുടെ രക്ഷയ്ക്കു എത്തി. അവള്‍ നാമം പറയുന്നത് വരെ പോലും ഭഗവാന്‍ കാത്തു നിന്നില്ല. എപ്പോള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു തന്റെ കൈ രണ്ടു അവള്‍ വിട്ടുവോ അപ്പോള്‍ അവളുടെ ശരാണാഗതി പൂര്‍ണ്ണമായി. വസ്ത്രത്തെ പിടിച്ചു കൊണ്ടു അവള്‍ നാമം വിളിച്ചിരുന്നെങ്കില്‍ പോലും ഭഗവാന്‍ വരുമായിരുന്നോ എന്നു സംശയമാണ്. ഭഗവാനില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അവള്‍ രണ്ട് കയ്യും വിട്ടപ്പോള്‍ ഭഗവാന്‍ അവളുടെ ക്ഷേമം ഏറ്റെടുത്തു. എന്നെ കൊണ്ടു ഒന്നും ആവില്ല എനിക്കു ഭാഗവാനാല്ലാതെ ശരണം മറ്റൊന്നില്ല എന്നു ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ആ ശരണാഗതി സ്വീകരിച്ചു. അപ്പോള്‍ മാത്രമാണ് ശരണാഗതി തത്വം പൂര്‍ണ്ണമാകുന്നത്. ഒട്ടും സംശയം ഇല്ലാത്ത ഒരു ദൃഡ വിശ്വാസം ഉണ്ടാവണം. അതു ലഭിക്കാനാണ് പ്രയാസം. ഇപ്പോഴും ലേശം സംശയം നമ്മുടെ ഹൃദയത്തില്‍ ഇരിക്കും. നമ്മുടെ കാര്യം നടക്കുമോ ഇല്ലിയോ എന്നു ഇപ്പോഴും സംശയം. ഭഗവാനെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ഭഗവാന്‍ എല്ലാം ഭംഗിയാക്കും എന്ന വിശ്വാസം വേണം. 
         ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തി കൂപ്പി കൊണ്ടു ഭഗവാന്റെ നാമത്തെ വിളിച്ചു. അഞ്ചലി പരമ മുദ്ര എന്നാണല്ലോ പ്രമാണം. ഭഗവാന്‍ അതു കണ്ടു. ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു  വലിക്കുകയാണ്‌. അപ്പോള്‍ അവള്‍ കൈ വിട്ടു. അയ്യോ  അവള്‍ക്കു ആപത്തല്ലേ എന്നു ഭഗവാനു ഭയമായി. നാം നമ്മുടെ ചുമതല ഭഗവാന്‍ ഏല്‍പ്പിക്കുന്ന ആ നിമിഷം അതിനെ കുറിച്ചുള്ള ആധിയും വ്യാകുലതയും ഒക്കെ ഭഗവാന്റെയായി മാറുന്നു. ഭഗവാന്‍ തന്നെ എങ്ങനെ രക്ഷിക്കണം എന്നൊന്നും അവള്‍ ചിന്തിച്ചില്ല. തന്നെ രക്ഷിക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. ഭഗവാനു വേണമെങ്കില്‍ ദുഃശ്ശാസനനെ ചക്രായുധം കൊണ്ടു വധിച്ചു അവളെ രക്ഷിക്കാമായിരുന്നു. പക്ഷെ അതിനു പകരം ഏറ്റവും അത്ഭുതകരമായ ഒരു ലീലയാണ് അവിടെ കളിച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ദുഃശ്ശാസനന്‍ വലിക്കുന്തോറും വസ്ത്രം വന്നുകൊണ്ടെ ഇരുന്നു. എത്ര വലിച്ചിട്ടും തീരാത്ത ഒരു കലവറ പോലെ! കുറെ സമയം കഴിഞ്ഞു ദുഃശ്ശാസനന്‍ വലിച്ചു വലിച്ചു തളര്‍ന്നു വീണു. പക്ഷെ ദ്രൌപതിയുടെ ശരീരത്തില്‍ നിന്നും വസ്ത്രം ഒട്ടും മാറിയില്ല. അതാണ്‌ ഭഗവാന്‍! ദ്രൌപതിയുടെ ശരണാഗതി അത്ര ശ്രേഷ്ടമാണ്.
        ദ്രൌപതിയുടെ ശരണാഗതി ശ്രേഷ്ടമാണെങ്കില്‍ പെണ്‍പിള്ളൈ അതു ആസ്വദിക്കുന്നത് അതിലേറെ ശ്രേഷ്ടമാണ്. ഭഗവാന്‍ ദ്രൌപതിക്ക് പുടവ തന്നതല്ല അവള്‍ക്കു വലുതായി തോന്നിയത്, മറിച്ചു ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തിയതാണ് ഏറ്റവും ശ്രേഷ്ടമായി തോന്നിയത്. ആ ഒരു വിശ്വാസം തനിക്കു ഉണ്ടോ എന്നു പെണ്‍പിള്ളൈ ചോദിക്കുന്നു. പെണ്‍പിള്ളൈയുടെ വീക്ഷണം അതീവ വിശേഷപ്പെട്ടതാണ്. ഒരു സാധാരണ സ്ത്രീയെ പോലെയല്ല അവള്‍ ചിന്തിച്ചത്. ഒരു സംഭവത്തിന്റെ കാതലായ അതിന്റെ ഗുണത്തെയാണ്‌  അവള്‍ ശ്ലാഘിച്ചത്. അതാണ്‌  പെണ്‍പിള്ളൈയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.  രാമാനുജരും അതുകൊണ്ടു മാത്രമാണ് പാവല്‍ പറയുന്നത്  മുഴുവനും നിന്നു കേട്ടത്. അവള്‍ക്കു ദ്രൌപതിയെ പോലെ വിശ്വാസം ഉണ്ടായിരുന്നെകില്‍ ഇങ്ങനെ ഈ നാട് വിട്ടു പോകാന്‍ ഒരുങ്ങുമോ. സര്‍വവും വൈത്തമാനിധി പെരുമാളില്‍ അര്‍പ്പിച്ചു ഇവിടെ തന്നെ തുടരില്ലേ എന്നു അവള്‍ രാമാനുജരോട് ചോദിച്ചു. അതു കൊണ്ടു തനിക്കു ഇവിടെ ഇരിക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്നും പറഞ്ഞു. മനം കുളിര്‍ത്ത രാമാനുജര്‍ അവള്‍ക്കു ആ അര്‍ഹത നല്‍കി അവളെ അനുഗ്രഹിച്ചു.   രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

Sunday, November 13, 2011

പ്രേമവേദം - നവംബര്‍ 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
സംസാര ചക്രമയി ചക്രധര! ക്രിയാസ്തേ
വീര്യം മഹാസുരഗണോസ്ഥികുലാനി ശൈലാഃ 
നാഡ്യഃ സരിത് സമുരയസ്തരവശ്ച രോമ
ജീയാദിദം വപുരനിര്‍വചനീയമീശ!
    (ദശ: 6  ശ്ലോഃ 9)  
       സുദര്‍ശന ചക്രധാരിയായ ഹേ ഭഗവാനേ! തിരിഞ്ഞു കൊണ്ടേയിരിക്കുന്ന ഈ സംസാരിക ചക്രം അങ്ങയുടെ ക്രിയയാണ്. അസുരസംഘമാകട്ടെ പരാക്രമാവുമാണ്. പര്‍വതങ്ങള്‍ അസ്ഥികളും, നദികള്‍ സിരകളുമാണ്. വൃക്ഷങ്ങള്‍ രോമങ്ങളുമാണ്‌. ഹേ ഭഗവാനേ! അനിര്‍വചനീയമായ അങ്ങയുടെ ഇപ്രകാരമുള്ള സ്വരൂപം എന്നില്‍ നിറഞ്ഞു നില്‍ക്കട്ടെ!
                                                              
സദ്ഗുരുവാത്സല്യം 
         രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയോട് അയാള്‍ ജീവിതത്തില്‍ എന്താണ് നേടിയിട്ടുള്ളത് എന്നു ചോദിക്കുന്നതു നാം കണ്ടു.  പല രാജ്യങ്ങള്‍ ജയിച്ചു വന്ന അലെക്സാണ്ടര്‍ക്കു മഹാന്റെ ഈ ചോദ്യം കുറച്ചു കോപം ഉണ്ടാക്കി. അയാള്‍ അഹങ്കാരത്തോടെ താന്‍ നേടിയതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അയാളോട് താന്‍ ഒരു ചോദ്യം ചോദിക്കാം എന്നും അലെക്സാണ്ടര്‍  അതിനു മറുപടി നല്‍കണം എന്നും പറഞ്ഞു. ഇനി അദ്ദേഹം അയാളോട് എന്തു ചോദിച്ചു എന്നു  നമുക്കു നോക്കാം.
         ജ്ഞാനി അയാളോട് 'ശരി. താന്‍ ഇപ്പോള്‍ ഒരു മരുഭൂമിയില്‍ കൂടി സഞ്ചരിക്കുകയാണെന്നു സങ്കല്‍പ്പിക്കുക. അവിടെ തുള്ളി വെള്ളം പോലും ലഭ്യമല്ല. അപ്പോള്‍ താന്‍ എന്തു ചെയ്യും' എന്നു ചോദിച്ചു. ഉടനെ അയാള്‍ 'എന്റെ പട്ടാളം എന്റെ കൂടെ ഉണ്ടല്ലോ അവരെ ഉപയോഗിച്ച് എവിടെ നിന്നെങ്കിലും ഞാന്‍ വെള്ളം സംരഭിക്കും' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'ആരും നിന്റെ കൂടെ ഇല്ല എന്നു സങ്കല്‍പ്പിക്കുക. അങ്ങനെ ഒരു അവസ്ഥയില്‍ നിനക്കു ദാഹം തോന്നുന്നു. അവിടെ ഒരു കളത്തില്‍ വെള്ളവുമായി ഞാന്‍ ഇരിക്കുന്നു എന്നു സങ്കല്‍പ്പിക്കു. അപ്പോള്‍ നീ എന്തു ചെയ്യും? എന്നുചോദിച്ചു. 
     ഉടനെ അലെക്സാണ്ടര്‍ ഞാന്‍ അങ്ങയോടു വെള്ളം ചോദിക്കും എന്നു പറഞ്ഞു. 
ജ്ഞാനി: നീ ലോകം മുഴുവനും ജയിച്ച ആളല്ലേ അപ്പോള്‍ നീ എന്തിനു എന്നോടു വന്നു ചോദിക്കണം? എന്നു ചോദിച്ചു. 
അലെക്സണ്ടാര്‍ക്കു പെട്ടെന്നു മറുപടി ഒന്നും പറയാനായില്ല. അപ്പോള്‍ ജ്ഞാനി:- ശരി നീ വെള്ളം ചോദിക്കുമ്പോള്‍ ഞാന്‍ തന്നില്ല എന്നു വെക്കുക. അപ്പോള്‍ നീ എന്തു ചെയ്യും?
അലെക്സാ: അങ്ങ് എനിക്കു വെള്ളം നല്‍കാന്‍ എന്തു വേണമോ അതു ഞാന്‍ ചെയ്യും. എന്റെ കയ്യിലെ ധനം ഞാന്‍ അങ്ങയ്ക്കു കൊടുത്തിട്ട് പകരം വെള്ളം ചോദിക്കും.
ജ്ഞാനി: എനിക്കു ധനം വേണ്ടെന്നു പറഞ്ഞാലോ? 
അലെക്സാ: അപ്പോള്‍ ഞാന്‍ എന്റെ ഒരു രാജ്യം വാഗ്ദാനം ചെയ്യും.
ജ്ഞാനി: ഞാന്‍ അതു സ്വീകരിച്ചില്ലെങ്കില്‍?
അലെക്സാ: രണ്ടു രാജ്യം, അല്ലെങ്കില്‍ എന്റെ കയ്യിലുള്ള എല്ലാ രാജ്യങ്ങളും ഞാന്‍ അങ്ങയ്ക്കു തന്നിട്ടു വെള്ളം വാങ്ങി കുടിക്കും എന്നു പറഞ്ഞു.  
       ഉടനെ ജ്ഞാനി ചിരിച്ചു.  'നീ നേടിയ ഈ രാജ്യങ്ങള്‍ ഒക്കെ ഒരു കവിള്‍ വെള്ളത്തിനു തുല്യമാകില്ലേ? അപ്പോള്‍ ഈ നേടിയതിനൊക്കെ എന്തര്‍ത്ഥം?  നീ ദാഹിച്ചു വലഞ്ഞു വെള്ളത്തിനായി കേഴുമ്പോള്‍ നിന്റെ നേട്ടങ്ങള്‍ കൊണ്ടു നിനക്കു ഒരു പ്രയോജനവും ഇല്ലല്ലോ. അതിനു പകരം നീ ആ സമയമത്രയും ഭാഗവന്നാമം ജപിച്ചിരുന്നെങ്കില്‍ എത്രയോ മെച്ചമായേനെ. ഞാന്‍ ജപിക്കുന്ന ഭഗവാന്‍ എനിക്കു വേണ്ടതെല്ലാം എത്തിച്ചു കൊടുക്കുന്നുണ്ട്. നിന്നെ പോലെ പലരെയും കൊന്നിട്ടു എനിക്കു രാജ്യങ്ങള്‍ നേടെണ്ട ആവശ്യം ഇല്ല. നീ നേടിയതു നിന്റെ കൈ വിട്ടു പോകുമോ എന്ന പേടി നിനക്കുണ്ടു. എന്നാല്‍ ഞാന്‍ നേടിയതു ഈശ്വര കൃപയാണ്‌. അതിനെ ആര്‍ക്കും എന്നില്‍ നിന്നും എടുക്കാന്‍ കഴിയില്ല. അതു കൊണ്ടു എനിക്കു സമാധാനം ഉണ്ട്, എന്നാല്‍ നിനക്കു അതില്ല. ആത്മ ജ്ഞാനവും ഭക്തിയുമാണ് ഏറ്റവും ശ്രേഷ്ഠമായതു എന്നു അദ്ദേഹം പറഞ്ഞു. 
       ജ്ഞാനിയുടെ വാക്കുകള്‍ കേട്ടു നിന്ന അലെക്സാണ്ടര്‍ തരിച്ചു നിന്നു പോയി. ഇന്നുവരെ അയാള്‍ ആരുടെ മുമ്പിലും തോറ്റിട്ടില്ല. ആദ്യമായിട്ടു ആ യോഗിയുടെ മുന്നില്‍ അയാള്‍ തല കുനിച്ചു.  ഇവിടെ വന്നതിനു ശേഷമാണ് അയാള്‍ക്കു ഇങ്ങനെ ഒരു അനുഭവം. ഒരു രാജാവിന്റെ മുന്നില്‍ ഇങ്ങനെ സംസാരിക്കാനുള്ള ധൈര്യം ഇവിടുത്തെ മഹാന്മാര്‍ക്കു മാത്രമേയുള്ളൂ. അവര്‍ക്കു രാജനെന്നോ ദരിദ്രനെന്നോ വ്യത്യാസം ഇല്ല. അവര്‍ക്കു ആവശ്യങ്ങള്‍ ഇല്ല. അതു കൊണ്ടു പൂര്‍ണ സംതൃപ്തി അനുഭവിച്ചിരുന്നു. ഭഗവാന്‍  അവരുടെ കാര്യങ്ങള്‍ എല്ലാം നോക്കും എന്ന ദൃഡ വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു.  ആ ജ്ഞാനിക്കു അയാളോട് ഇത്രയും വിശദീകരിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. എന്നിട്ടും ക്ഷമയോടെ അദ്ദേഹം അയാളെ സത്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. എന്നിട്ടു തിരിഞ്ഞു നോക്കാതെ നടന്നു മറഞ്ഞു. അവരുടെ കാരുണ്യമാണ് അതു! തന്റെ ജന്മം വെറുതെ പാഴാക്കി കൊണ്ടിരിക്കുന്ന ജീവനു ഏതെങ്കിലും ഒരു സമയത്തു സദ്ഗതി കിട്ടട്ടെ എന്ന കാരുണ്യം കൊണ്ട് അദ്ദേഹം അയാള്‍ക്കു ഉപദേശം നല്‍കി. ഈ ദേശത്തിന്റെ മഹാന്മാരുടെ മഹത്വം അയാള്‍ നേരില്‍ കണ്ടു. ഭാരത ദേശത്തിന്റെ മഹിമ അയാള്‍ക്കു മനസ്സിലായി. 
         സദ്ഗുരുവിന്റെ മഹിമ അതാണ്‌. ഏതോ രാജ്യത്തില്‍ നിന്നും ഏതോ ജാതിയില്‍ പെട്ട ഒരുവനു പോലും ഉയര്‍ന്ന ഭാഗവന്നാമം കൊടുത്തു നല്‍വഴി കാണിച്ചു തന്നു. സദ്ഗുരുമാര്‍ക്കു നമസ്ക്കാരം!
ഭാരത ദേശത്തിന് നമസ്ക്കാരം! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
 അനന്യാശ്ചിന്തയന്തോ മാം യെ ജനാഃ പര്യുപാസതെ
തേഷാം നിത്യാഭി യുക്താനാം യോഗക്ഷേമം വഹാമ്യഹം.
        രാധേകൃഷ്ണാ! ഭഗവാന്‍ തന്റെ കൃപ ചൊരിയുന്നതില്‍ ഭേദം കാണുന്നില്ല. ആണായാലും പെണ്ണായാലും, ഇതു ജാതിയില്‍ പെട്ടതായാലും, ധനികനായാലും ദരിദ്രനായാലും രോഗിയായാലും പണ്ഡിതനായാലും എല്ലാവര്‍ക്കും അനുഗ്രഹം ഒരു പോലെ! ശ്രദ്ധയും വിശ്വാസം മാത്രമാണ് പ്രധാനം! അതു വേണം! 
        ഒരു രാജ്യത്തു ഒരുപാടു കാലം മഴ പെയ്തില്ല. അവിടെ വരള്‍ച്ച അനുഭവപ്പെട്ടു. രാജാവ് ഒരു ഭക്തനായിരുന്നു. രാജാവ് ധാരാളം പൂജകളും ഹോമങ്ങളും മറ്റും നടത്തി നോക്കി. പക്ഷെ ഒന്നിനും ഫലം ഉണ്ടായില്ല. അയാള്‍ക്ക്‌ വല്ലാത്ത വിഷമം തോന്നി.  എന്തു കൊണ്ടു തങ്ങളുടെ പ്രാര്‍ത്ഥന ഭഗവാന്‍ കേള്‍ക്കുന്നില്ല എന്നു അയാള്‍ ഭഗവാനോട് കരഞ്ഞു ചോദിച്ചു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു ആ രാജ്യത്തില്‍ ഒരു പരമ ഭക്തന്‍ ഉണ്ടെന്നും അദ്ദേഹം വന്നു പറഞ്ഞാല്‍ മാത്രമേ മഴ പെയ്യു എന്നും പറഞ്ഞു. രാജാവ് വളരെ ആകാംക്ഷയോടെ അതാരാണെന്നു അന്വേഷിച്ചു. അതിനു ഭഗവാന്‍ ആ ഭക്തന്‍ ആണുമല്ല പെണ്ണുമല്ല ഒരു അലിയാണ്! 
      ഇതു കേട്ടു രാജാവിന് വളരെ അത്ഭുതം തോന്നി. ഹേ! തന്റെ രാജ്യത്തു അങ്ങനെ ഒരു ഭക്തനോ? സുദക്ഷ എന്നാണു ആ ഭക്തന്റെ പേരു. താന്‍ ആരെന്നു പുറം ലോകത്തെ കാണിക്കാതെ തന്നെ അദ്ദേഹം ഒറ്റയ്ക്കു ജീവിച്ചു വന്നു. ഈശ്വരന്റെ സൃഷ്ടിയിലെ  ഒരു വൈചിത്ര്യം മാത്രമാണ് താന്‍ എന്നു അദ്ദേഹം കരുതി പോന്നു. പക്ഷെ ഭഗവാനില്‍ അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു അദ്ദേഹത്തിനു. രാജാവ് ഭഗവാന്‍ പറഞ്ഞു തന്ന അടയാളങ്ങള്‍ വെച്ചു അദ്ദേഹത്തെ കണ്ടു പിടിച്ചു.
         രാജാവ് സുദക്ഷയോടു ഭഗവാന്‍ തന്റെ സ്വപ്നത്തില്‍ പറഞ്ഞ കാര്യം അറിയിച്ചു. എന്നിട്ടു അദ്ദേഹം വന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ രാജ്യത്തില്‍ മഴ പെയ്യുള്ളു എന്നറിയിച്ചു. സുദക്ഷയ്ക്കു  വളരെ അത്ഭുതം നോന്നി. അദ്ദേഹം താന്‍ അങ്ങനെ ഒരു വലിയ ഭക്തനൊന്നും അല്ല എന്നു രാജനോട്‌ പറഞ്ഞു. രാജാവ്  അതിനു അദ്ദേഹത്തെ ഈശ്വരന്‍  തന്നെയാണ് തനിക്കു കാട്ടി കൊടുത്തത് എന്നു പറഞ്ഞു. ലോക ക്ഷേമത്തിന് വേണ്ടി അദ്ദേഹം ഇതു ചെയ്തു തന്നെ പറ്റു എന്നു പറഞ്ഞു.  സുദക്ഷയ്ക്കു മറുത്തൊന്നും പറയാന്‍ തോന്നിയില്ല. രാജാവ് അദ്ദേഹത്തെ വിളിച്ചത് നാമജപത്തിനു വേണ്ടിയല്ലേ? അതും ലോക ക്ഷേമാര്‍ത്ഥം അല്ലെ?
അദ്ദേഹം വരാം എന്നു സമ്മതിച്ചു.
        അവര്‍ ഉടനെ തന്നെ ഒരു ദിവസവും, സമയവും കുറിച്ചു.അന്നു എല്ലാവരും ചേര്‍ന്നു അഖണ്ഡ നാമജപം ചെയ്യാന്‍ തീരുമാനിച്ചു. രാജ്യം മുഴുവനും അറിയിച്ചു. ആ ദിവസവും വന്നെത്തി. ജനങ്ങള്‍ എല്ലാവരും നാമജപ വേദിയിലേക്കു തിരിച്ചു. ജനങ്ങള്‍ എല്ലാവരും തമ്മില്‍ തമ്മില്‍ 'രാജാവ് ഏതോ ഒരു അലിയെ നാമജപത്തിനു വിളിച്ചിരിക്കുകയാണ്. പരമ ഭക്തനാണത്രെ! ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. അതു കൊണ്ടു മഴ പെയ്യും എന്നൊന്നും തോന്നുന്നില്ല. എന്നാലും രാജാവിനു വേണ്ടി നമുക്കു പോകണം എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്നു. ആര്‍ക്കും നാമജപത്തില്‍ വിശ്വാസം തോന്നിയില്ല. പലപ്പോഴും നമ്മുടെ അവിശ്വാസം ഭഗവാന്‍ തരുന്ന കാരുണ്യത്തെ തട്ടി മാറ്റുന്നു. നാം അതു മനസ്സിലാക്കുന്നില്ല. നമ്മുടെ ചിന്താ ശക്തിയുടെ ബലം അനുസരിച്ച് ഫലം ഉണ്ടാവും. നമ്മുടെ വിപരീത ചിന്താ ഗതി നമുക്കു വരാനുള്ള നന്മയെ പോലും വഴി മാറ്റുന്നു. 
        സുദക്ഷ വേദിയില്‍ ഒരു കുടയും എടുത്തു കൊണ്ടു എത്തിയിരുന്നു. അയാള്‍ക്കു ഭഗവാന്റെ കാരുണ്യത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. രാജനും സുദക്ഷയുടെ ഭക്തിയില്‍ വിശ്വസിച്ചു ഒരു കുട എടുത്തിരുന്നു. എല്ലാവരും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ചു. എല്ലാവരും ചേര്‍ന്നു നാമജപം തുടങ്ങി. ഭജന കൊഴുത്തു വന്നു. ഭജന തീരാറായി. ഇതു വരെയും മഴയുടെ ഒരു ലാഞ്ചന പോലും ഇല്ല. ആളുകള്‍ പതുക്കെ പതുക്കെ പരിഹാസം പറഞ്ഞു തുടങ്ങി. കേട്ടു നിന്ന രാജാവിനു മനസ്സ് വേദനിച്ചു. ലോകത്തിന്റെ രീതി അതാണ്‌. രാജാവ് സുദക്ഷയെ നോക്കി. അദ്ദേഹം ഒന്നും ചിന്തിക്കാതെ ഭജനയില്‍ മുഴുകി ഇരിക്കുകയാണ്. രാജനു ധൈര്യമായി. തീര്‍ച്ചയായും നാമ ജപം കഴിയുമ്പോള്‍ മഴ പെയ്യും എന്നു മനസ്സില്‍ ഉറപ്പിച്ചു. 
         ഭജന കഴിഞ്ഞു ആളുകള്‍ എല്ലാവരും പിരിഞ്ഞു തുടങ്ങി. പലരും രാജന്‍ കേള്‍ക്കെ തന്നെ ഉറക്കെ പരിഹസിച്ചു ചിരിച്ചു കൊണ്ട് നടന്നു. രാജന്‍ അതൊന്നും വക വെയ്ക്കാതെ തന്റെ കയ്യില്‍ ഉള്ള കുട നിവര്‍ത്തു വെച്ചു. ജനങ്ങള്‍ എല്ലാവരും കുറച്ചു അകലേക്കു നീങ്ങിയ ഉടന്‍ രാജനും സുദക്ഷയും ഇരിക്കുന്ന സ്ഥലത്ത് മാത്രമായി മഴ പെയ്തു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയാ അവര്‍ അദ്ഭുത സ്തബ്ധരായി പോയി. അവര്‍ക്കു അവരുടെ കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആയില്ല. സുദക്ഷയും രാജനും കനത്ത മഴയില്‍ കുട പിടിച്ചു കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ അവരെ ചുറ്റി മാത്രമാണ് ആ മഴ പെയ്യുന്നത്. ഒരു പരിധി കഴിഞ്ഞു ഒരു തുള്ളി വെള്ളം പോലും ആകാശത്തു നിന്നും വീഴുന്നില്ല! ഇങ്ങനെ നടക്കുമോ എന്ന സംശയം ഉണ്ടാകാം. പക്ഷെ ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും. നമ്മള്‍ തന്നെ ചിലപ്പോള്‍ നമ്മുടെ നഗരത്തില്‍ ഒരു സ്ഥലത്തില്‍ പെയ്യുന്ന മഴ മറ്റൊരു സ്ഥലത്തു അതെ സമയം എത്തുന്നില്ല എന്നു കാണുന്നില്ലേ? അതു സാധ്യമാണെങ്കില്‍ ഭഗവാന്‍ വിചാരിച്ചാല്‍ ഇതും സാധ്യമാണ്.
       ജനങ്ങള്‍ക്കു അവരുടെ ഭാഗത്ത്‌ എന്തോ തെറ്റ് പറ്റി എന്നു മനസ്സിലായി. അവര്‍ ഉടനെ തന്നെ ഓടി വന്നു രാജന്റെയും സുദക്ഷയുടെയും പാദങ്ങളില്‍ വീണു. അവര്‍ക്കും മഴ വേണം. അവരുടെ തെറ്റ് എന്താണ് എന്നു കേണപേക്ഷിച്ചു. സുദക്ഷ അവരോടു ഉള്ള സമയത്തില്‍ ഭഗവാനില്‍ പൂര്‍ണ വിശ്വാസത്തോടെ നാമജപം ചെയ്യാന്‍ പറഞ്ഞു. ഉടനെ തന്നെ അവര്‍ എല്ലാവരും ഭഗവാന്‍ മഴ തരും എന്ന വിശ്വാസത്തോട് കൂടെ നാമജപം ചെയ്തു. കുറച്ചു നേരത്തിനുള്ളില്‍ മഴ അവിടെ തകര്‍ത്തു പെയ്തു. ഭഗവാന്റെ കാരുണ്യം അവര്‍ക്കു മനസ്സിലായി. സുദക്ഷയെ ഒരു അലി എന്നു അവര്‍ അവഹേളിച്ചതിനു അവര്‍ ലജ്ജിച്ചു. ഭഗവാന്‍ ശുദ്ധ ഹൃദയം മാത്രമാണ് നോക്കുന്നത്. മറ്റൊന്നും തന്നെ ഭഗവാന്റെ കൃപയ്ക്കു ഒരു യോഗ്യതയായി കണക്കാക്കുന്നില്ല!  ഒട്ടും സംശയമില്ലാത്ത ഒരു ഹൃദയം വേണം. എന്നാല്‍ ഭഗവാന്റെ കാരുണ്യം പൂര്‍ണ്ണമായി അനുഭവിക്കാം! അങ്ങനെയുള്ളവരാണ് ഭക്തര്‍. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
       (വാക്യം 53)
       രാധേകൃഷ്ണാ!  ഭഗവാന്‍ ശാശ്വതമായവാന്‍! ഭഗവാന്റെ അപ്രാകൃത ദിവ്യമായ ശരീരവും ശാശ്വാതമായത്! പക്ഷേ മനുഷ്യരുടെ ശരീരം അനിത്യമായത്! ഈ ശരീരത്തെ നാം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണം. എങ്ങനെ ഉപയോഗിക്കാം? നമ്മളെ സംബന്ധിച്ച് കാമ സുഖം അനുഭവിക്കുക, പണം സമ്പാദിക്കുക, ശരീരത്തിന്റെ സുഖത്തിനെ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ഒക്കെയാണ്.  എന്നാല്‍ മനുഷ്യ ശരീരത്തെ അനുഭവിക്കുക എന്നാല്‍ ഭഗവാന്‍ തന്ന ശരീരത്തെ കൊണ്ടു ഭഗവാനെ അനുഭവിക്കുക എന്നതാണ്‌ നമ്മുടെ ധര്‍മ്മം. ഈ ശരീരം തളര്‍ന്നു താഴെ വീഴും മുമ്പ് നാം വന്ന കാര്യം നോക്കണം. ധ്രുവന്‍ തന്റെ ശരീരം ഉപയോഗപ്പെടുത്തി, ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചു ഭഗവാനെ കണ്ടു. പ്രഹ്ലാദന്‍ തന്റെ ശരീരം കൊണ്ടു നരസിംഹനെ പ്രത്യക്ഷപ്പെടുത്തി. ആണ്ടാള്‍, മീരാ, ആഴ്വാര്‍കള്‍ തുടങ്ങിയവര്‍ ഒക്കെ ശരീരം ഉപയോഗപ്പെടുത്തി. എന്നാല്‍ നാം അങ്ങനെ ചെയ്യുന്നുണ്ടോ? ഈ ശരീരം പാഴായി പോയി കൊണ്ടിരിക്കുകയാണ്. പക്ഷെ നാം  നാം വ്യസനിക്കുന്നില്ല. പത്തു രൂപാ കൊടുത്തു പൂവ് വാങ്ങി വെച്ചിട്ട് അതു ചൂടാതെ വാടി കളഞ്ഞാല്‍ നമുക്കു എന്തു മാത്രം വിഷമം ഉണ്ടാവുന്നു. എന്നാല്‍ കോടി കോടി രൂപയേക്കാള്‍ വിലയുള്ള ഈ ശരീരം പാഴാകുന്നതില്‍ എന്തു ന്യായമാണ് ഉള്ളത്. അതിനെ കുറിച്ച് നാം ആലോചിക്കുന്നില്ല. പിന്നെ ഈ മനുഷ്യ ശരീരം കിട്ടിയിട്ട് നമുക്കു എന്തു പ്രയോജനമാണ്? മൃഗമായി തന്നെ ജീവിച്ചാല്‍ പോരെ?  തിരുക്കൊളൂരിലെ പെണ്‍ പിള്ളൈക്കു അങ്ങനെ ഒരു വ്യസനം ഉണ്ടായി. അവളുടെ ഹൃദയ വ്യഥ സദ്ഗുരുവായ രാമാനുജരോടു പറയുന്നു. താന്‍ അക്രൂരരെ പോലെയോ വിദുരരെ പോലെയോ ഇല്ലല്ലോ എന്നു പുലമ്പുന്നു. അവള്‍ ഓരോ ഭക്തരുമായിട്ട് താരതമ്യം ചെയ്യുന്നതു കേട്ടു രാമാനുജരും ശിഷ്യരും അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. 
        ശ്രീ രാമനെ കുറിച്ചു പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി രാമദാസനായ ആഞ്ചനെയരെ കുറിച്ചു പറഞ്ഞു.  
'കണ്ടു വന്തേന്‍ എന്റെനോ തിരുവടിയൈ പോലെ' 
 ശ്രീരാമന്‍ ലങ്കയില്‍ സീതയെ തിരയാന്‍ ആഞ്ചനേയരെ അയയ്ക്കുന്നു. ആഞ്ചനേയര്‍ രാമന്റെ കൈയില്‍ നിന്നും മോതിരം വാങ്ങി ജയ് ശ്രീരാം എന്നു പറഞ്ഞു പുറപ്പെടുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ഇത്രയും വലിയ ആളായ ശ്രീരാമചന്ദ്രന്‍ ഒരു സ്ത്രീക്കു വേണ്ടി എന്തിനാണ് ഇത്രയും കരയുന്നത് എന്നു. എപ്പോള്‍ നോക്കിയാലും രാമന്‍ സീതേ സീതേ എന്നു കരയുന്നതു അദ്ദേഹത്തിനു മനസിലായില്ല. സാധാരണ മനുഷ്യരെ പോലെ തന്നെയാണ് രാമനും എന്നദ്ദേഹം മനസ്സില്‍ കരുതി. എന്തായാലും താന്‍ വിവാഹം കഴിക്കാതെ ബ്രഹ്മചാരിയായിയിരിക്കുന്നത് നന്നായി എന്നു അദ്ദേഹം വിചാരിച്ചു.
         പക്ഷെ സീതയെ കണ്ടു കഴിഞ്ഞപ്പോള്‍ ആഞ്ചനേയരുടെ കണ്ണുകളില്‍ കണ്ണീര്‍ ഒഴുകി. സീതയെ പിരിഞ്ഞു രാമന്‍ എങ്ങനെ ജീവിക്കുന്നു എന്നു തോന്നിപ്പോയി. ഇത്രയും ഗുണവതിയായ ഒരു ഭാര്യയെ പിരിയുവാന്‍ സാധ്യമല്ലല്ലോ എന്നു വിചാരിച്ചു. സീതയെ കണ്ടു അദ്ദേഹം സംസാരിച്ചു. തന്നെ രാമന്‍ ദൂതനായി അയച്ചതാണെന്നു പറഞ്ഞു. അതിനു വേണ്ട അടയാളങ്ങള്‍ ഒക്കെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. അവളെ ആശ്വസിപ്പിച്ചു. രാമന്‍ ഉടനെ വരും അമ്മയെ രക്ഷിക്കും എന്നു ധൈര്യം പകര്‍ന്നു. ഭഗവാന്‍ കൊടുത്ത മോതിരത്തെ അവിടെ സമര്‍പ്പിച്ചു. സീതയ്ക്കു മോതിരം കണ്ടപ്പോള്‍ ആനന്ദവും ദുഃഖവും അണപൊട്ടി ഒഴുകി. 
       പകരം സീതയും കാകാസുര വൃത്താന്തം തുടങ്ങി ചില രഹസ്യ വര്‍ത്തമാനങ്ങള്‍ അടയാളമായി ആഞ്ചനേയരോടു പറയുന്നു. എന്നിട്ടു തന്റെ തലയില്‍ അണിഞ്ഞിരുന്ന ചൂടാമണി എടുത്തു കയ്യില്‍ കൊടുക്കുന്നു. ഇതില്‍ ഒരു നിഗൂഡ സന്ദേശം ഉണ്ട്! അതായത് ഭഗവാന്‍ കൊടുത്തു വിട്ട മോതിരത്തില്‍ സീത ഭഗവാന്റെ അഭയ ഹസ്തമാണ് കണ്ടത്. അപ്പോള്‍ അതിനു ഉത്തരമായി സീത തന്റെ ശിരസ്സ്‌ രാമന്റെ കൈയില്‍ വയ്ക്കുന്നു. ഇനി വനവാസത്തില്‍ ഭഗവാന്റെ കയ്യില്‍ എങ്ങനെ മോതിരം വന്നു എന്നു നാം ചിന്തിക്കാം. എന്നാല്‍ അതിനും ഉണ്ട് ഉത്തരം! ഭഗവാന്‍ വനവാസത്തിനു ഇറങ്ങുമ്പോള്‍ തനിക്കു അച്ഛന്‍ നല്‍കിയ സകല ആഭരണങ്ങളും അഴിച്ചു വെച്ചു. എന്നാല്‍ വിവാഹ വേളയില്‍ സീതയുടെ പിതാവായ ജനകര്‍ നല്‍കിയ മോതിരം മാത്രം അഴിച്ചു കൊടുത്തില്ല. അതു അഴിച്ചു കൊടുക്കേണ്ട ആവശ്യവും അവിടെ ഇല്ല. കാരണം അതു അയോധ്യയുടെ സ്വത്തല്ലല്ലോ! എന്തായാലും ഭഗവാന്‍ എല്ലാം മുന്‍ കൂട്ടി കണ്ടിരിക്കണം. അല്ലെങ്കില്‍ മഹാ രാജ്യം പോലും തൃണം പോലെ ത്യജിച്ച ഭഗവാനു ഒരു മോതിരത്തോട് ആസക്തി ഉണ്ടാകാന്‍ വഴിയില്ലല്ലോ! സീതയ്ക്കും മോതിരം കാണുമ്പോള്‍ തന്റെ അച്ഛന്റെയും ഓര്‍മ്മ വരുന്നുണ്ട്.  
         സീതയുടെ ചൂടാമണിയും വാങ്ങി ആഞ്ചനേയര്‍ ഇക്കരയ്ക്കു തിരിച്ചെത്തി.  സുഗ്രീവന്‍ തന്ന സമത്തില്‍ കുറച്ചു താമസിച്ചാണ് എത്തിയത്.  പക്ഷെ കാര്യം സാധിച്ച സന്തോഷത്തില്‍ അവര്‍ സുഗ്രീവന്റെ നന്ദവനം മുഴുവനും തകര്‍ത്തു രസിച്ചു. ഇവിടെ സമയം ഇങ്ങനെ പോകുമ്പോഴും അവിടെ രാമചന്ദ്രന്‍ ദുഃഖം കൊണ്ടു പുളയുകയാണ്. സീതയുടെ വിവരം ഒന്നും വന്നില്ലല്ലോ എന്നു വിഷമിച്ചിരുന്നു. അപ്പോള്‍ സുഗ്രീവന്‍ രാമനെ ആശ്വസിപ്പിച്ചു. 'പ്രഭോ ഇത്രയും താമസിക്കുമ്പോള്‍ തന്നെ എനിക്കു ഉറപ്പാണ് വാനരന്മാര്‍ കാര്യം സാധിച്ചിരിക്കുന്നു എന്നു. അല്ലെങ്കില്‍ അവര്‍ എന്റെ നന്ദവനത്തില്‍ പ്രവേശിക്കാന്‍ ധൈര്യം കാണിക്കില്ല. അങ്ങ് നിശ്ചിന്തനായി ഇരിക്കുക അവര്‍ ഇപ്പോള്‍ എത്തും'.  സുഗ്രീവന്‍ പറഞ്ഞു തീരും മുന്‍പ് ആകാശത്തില്‍ കില കില ശബ്ദം കേട്ടു. ദൂരെ നിന്നും തന്നെ ആകാശത്തില്‍ വാനരന്മാര്‍ പറന്നു വരുന്നത് കാണാമായിരുന്നു. അതില്‍ ആഞ്ചാനെയരെ എടുത്തു കാണാമായിരുന്നു. രാമന്‍ ആകാംക്ഷയോടെ അങ്ങോട്ട്‌ നോക്കി. ആഞ്ചനെയര്‍ അവിടുന്നു തന്നെ 'കണ്ടേന്‍ സീതയൈ' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വന്നു. 'കണ്ടേന്‍' എന്നു കേട്ടപ്പോള്‍ തന്നെ രാമന്റെ മനസ്സ് കുളിര്‍ത്തു. പറയുന്ന രീതി അത്ര നന്നാകണം. ആദ്യം പറഞ്ഞ വാക്കു കണ്ടേന്‍ എന്നതാണ്. ഒരു പക്ഷെ ആദ്യം 'ഞാന്‍ സീതയെ ലങ്കയില്‍ കണ്ടു' എന്നു പറഞ്ഞിരുന്നെങ്കില്‍ കണ്ടു എന്നു പറയുന്നതു വരെ ഭഗവാന്‍ രാമനു സമാധാനം കിട്ടില്ലായിരുന്നു. അത്ര സൂക്ഷ്മമായി ആഞ്ചനേയര്‍ ചിന്തിച്ചു. വാക്കുകളുടെ പ്രയോഗം അത്ര മുഖ്യമാണ്. പലര്‍ക്കും അതു അറിയില്ല. നമ്മുടെ വാക്ക് ചാതുര്യം കൊണ്ടു പലതും നേടാം നശിപ്പിക്കാം. അതു ഒരു കലയാണ്‌. ആഞ്ചനേയര്‍ അതില്‍ മിടുക്കനായിരുന്നു. കണ്ടു എന്നു കേട്ടപ്പോള്‍ തന്നെ രാമന്റെ ശരീരത്തില്‍ പുതു ജീവന്‍ വന്നു. ലക്ഷ്മണന്‍ ഇതു കണ്ടു ആസ്വദിച്ചു. എത്ര മിടുക്കനാണ് ആഞ്ചനേയര്‍ എന്നു തോന്നി. 
പെണ്‍പിള്ളൈക്കു ഇതു ഏറ്റവും വിശേഷമായി തോന്നി. 
         ആഞ്ചനെയര്‍ സമുദ്രം ചാടി കടന്നതോ, സീതയെ അന്വേഷിച്ചു പിടിച്ചതോ? രാവണനോടു വഴക്കിട്ടതോ? ലങ്കയെ കത്തിച്ചതോ ഒന്നും പ്രധാനമായി തോന്നിയില്ല. കണ്ടേന്‍ സീതയൈ എന്നു പറഞ്ഞത് മാത്രം അങ്ങേയറ്റം വിശേഷമായി അവള്‍ക്കു തോന്നി. ഭഗവാനെ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുന്‍പേ ദുഃഖത്തില്‍ നിന്നും വിടുവിച്ചില്ലേ? അതല്ലേ ശ്രേഷ്ഠം?
'കണ്ടു വന്തേന്‍ എന്റെനോ തിരുവടിയൈപോലെ'
സ്വാമി രാമാനുജര്‍ ആശ്ചര്യത്തോടെ ഇതു കേട്ടു നിന്നു. അവള്‍ പറയുന്നതു എത്ര സത്യമാണ്. എല്ലാര്‍ക്കും ഇങ്ങനെ തോന്നുന്നില്ലല്ലോ എന്നു വിചാരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

Thursday, October 13, 2011

പ്രേമവേദം - അക്ടോബാര്‍ 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
 ശ്രോണീസ്ഥലം മൃഗഗണാഃ പദയോര്‍ന്നഖാസ്തേ
ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനന്തു കാലഃ 
വിപ്രാടിവര്‍ണ്ണഭവനം വദനാബ്ജബാഹു-
ചാരുയുഗ്മ ചരണം കരുണാംബുധേ തേ.
             (ദശഃ 6 ശ്ളോഃ 8)
       മൃഗങ്ങള്‍ അങ്ങയുടെ ജഘനത്തിന്റെ പിന്‍ ഭാഗവും ആന, ഒട്ടകം, കുതിര എന്നിവ കാല്‍നഖങ്ങളുമാകുന്നു. കാലശക്തിയാണ്‌ അങ്ങയുടെ നടത്തം. ഹേ കാരുണ്യസാഗരമേ, അങ്ങയുടെ മുഖാംബുജം  കരങ്ങള്‍, ചാരുക്കലായ ഇരുതുടകള്‍, കാലുകള്‍ എന്നിവയാകട്ടെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നീ വര്‍ണ്ണ ഭേദങ്ങളുടെ നിവാസ സ്ഥാനവുമാണ്.
                                                 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
സദ്ഗുരുവാത്സല്യം
നിത്യം ശുദ്ധം നിരാഭാസം നിരാകാരം നിരഞ്ചനം
നിത്യബോധം ചിതാനന്ദം ഗുരും ബ്രഹ്മ നമാമ്യഹം.
             രാധേകൃഷ്ണാ! ഗുരു ഗീതയില്‍ പരമശിവന്‍ പാര്‍വതീ ദേവിക്കു ഗുരുവിന്റെ സവിശേഷതയെ കുറിച്ചു പറഞ്ഞു കൊടുക്കുന്നു. ഗുരു തത്വം വളരെ വിശാലമാണ്. അതു വര്‍ണ്ണിച്ചു തീര്‍ക്കാന്‍ പ്രയാസമുള്ളതാണ്. വെളിയില്‍ നിന്നും നോക്കുമ്പോള്‍ സാധാരണമായി തോന്നും. പക്ഷെ ഉള്ളില്‍ കടന്നാലേ അസാധാരണമായത് നമുക്കു മനസ്സിലാകുകയുള്ളൂ. നമ്മളുടെ പൂര്‍വികരൊക്കെ ഉണ്ടായിരുന്നു എന്നു നമുക്കു പറയാം. പക്ഷെ മഹാത്മാക്കളെ അങ്ങനെ പറയുവാന്‍ സാധിക്കില്ല. കാരണം അവര്‍ക്കു മരണമില്ല. അവരുടെ ശരീരം മറഞ്ഞാലും അവര്‍ ഇപ്പോഴും ഉണ്ട്. സ്വാമി രാഘവേന്ദ്രര്‍, സ്വാമി രാമാനുജര്‍, ആദി ശങ്കരാര്‍, പൂന്താനം തുടങ്ങിയ അനേകം മഹാത്മാക്കളെ നാം ഇപ്പോഴും ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നില്ലേ? അവര്‍ അനശ്വരന്മാരാണ്. ഇന്നും വേദവ്യാസരെ ഭാഗവതത്തിലൂടെ നാം കണ്ടു കൊണ്ടിരിക്കുന്നു. വാല്മീകി മഹര്‍ഷിയെ രാമായണത്തിലൂടെ നാം അനുഭവിക്കുന്നു. അതാണ്‌ അവര്‍ നിത്യം എന്നു പറയുന്നത്. 'ശുദ്ധം'- എന്നു വെച്ചാല്‍ ഒട്ടും കലര്‍പ്പില്ലാതെ എന്നര്‍ത്ഥം. നമ്മെപ്പോലെ വിഷയങ്ങളോ മറ്റോ അവരെ ഒട്ടും ബന്ധിപ്പിക്കുന്നില്ല. അതു കൊണ്ടു അവര്‍ ശുദ്ധരായി തന്നെ തുടരുന്നു. അവര്‍ക്കു യാതൊരു മാറ്റമുമില്ല. അവര്‍ക്കു യാതൊരു കല്‍മഷവും ഇല്ല. ഒരു പ്രത്യേക രൂപത്തില്‍ അവരെ ഉള്‍പ്പെടുത്താനും സാധിക്കില്ല. അവര്‍ക്കു യാതൊരു കുറ്റവും ഇല്ല. എപ്പോഴും ജ്ഞാനത്തില്‍ തന്നെ വര്‍ത്തിക്കുന്നു.  പൂര്‍ണ്ണ ബോധത്തില്‍ ഇരിക്കുന്നു. സാധാരണ ജനങ്ങളെ പോലെ മറവി എന്നൊന്നു അവര്‍ക്കില്ല. അവര്‍ സ്വയം ആനന്ദത്തില്‍ തന്നെ ഇരിക്കുന്നു. മറ്റുള്ളവര്‍ക്കും സദാ ആനന്ദത്തെ  നല്‍കുന്നു. ആ ബ്രഹ്മമായ ഗുരുവിനെ ഞാന്‍ നമസ്കരിക്കുന്നു എന്നു പരമേശ്വരന്‍ പറയുന്നു. 
           ഭാരതത്തില്‍ ഇത് പോലെ എത്രയോ ഗുരുക്കന്മാര്‍ ഉണ്ട്. ആരാണ് സദ്ഗുരു എന്നു നമുക്കു കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. അവരുടെ പ്രവൃത്തിയോ, കാര്യങ്ങളോ, വാക്കുകളോ കൊണ്ടു അവരെ സദ്ഗുരു എന്നു നമുക്കു നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. പക്ഷെ അവര്‍ തികഞ്ഞ ഭഗവത് ധ്യാനത്തില്‍ മൂഴ്കിയിരിക്കും. സാധാരണക്കാരെ പോലെ പെരുമാറും. സദാശിവ ബ്രഹ്മേന്ദ്രരെ പലരും ഒരു സദ്ഗുരു എന്നു അംഗീകരിച്ചിരുന്നില്ല. അദ്ദേഹം സദാ ജ്ഞാനത്തില്‍ നിമാഗ്നനായിരുന്നു. സദ്ഗുരുമാര്‍ക്കു ഭേദ ഭാവമും ഒട്ടും ഇല്ലായിരുന്നു. ഇന്ന ആള്‍ക്കേ ജ്ഞാനം പ്രദാനം ചെയ്യു എന്നൊന്നും നിഷ്കര്‍ഷ പാലിച്ചിരുന്നില്ല. അര്‍ഹരായവര്‍ക്ക് അവര്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അവരുടെ ജാതിയോ. മതമോ, ദേശമോ, ഒന്നും തന്നെ അവര്‍ക്കു പ്രശ്നമായിരുന്നില്ല. ആത്മാവിനെ അറിയാനുള്ള ദാഹം ഉള്ളവര്‍ക്ക് അതു പകര്‍ന്നു കൊടുത്തിരുന്നു. ഉത്തമമായ ഭാരത ദേശത്തില്‍ സദ്ഗുരുമാര്‍ക്കു ഒട്ടും കുറവില്ലായിരുന്നു. നമ്മുടെ ദേശത്തില്‍ മാത്രമാണ് ഇത്രയും വിധമായ ഗുരു പരമ്പരയും, വിവിധ സമ്പ്രദായങ്ങളും നിലവിലുള്ളത്. 
         ഒരിക്കല്‍ യോദ്ധാവായ അലക്സാണ്ടര്‍ എല്ലാ രാജ്യങ്ങളും യുദ്ധം ചെയ്തു വിജയിച്ചു ഭാരത ദേശത്തില്‍ എത്തി. ഇവിടെയും വന്നു യുദ്ധങ്ങള്‍ ഒക്കെ ചെയ്തു.  അങ്ങനെ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ഒരു ഭ്രാന്തനെ പോലെ ഒരാള്‍ നിര്‍വാണമായി നടന്നു പോകുന്നതു കണ്ടു. അദ്ദേഹം എന്തൊക്കെയോ പുലമ്പിക്കൊണ്ടു, ആനന്ദത്തില്‍ പാടികൊണ്ടും ആടികൊണ്ടും നടന്നു പോകുന്നു. മറ്റൊന്നിനെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. നല്ല നട്ടുച്ച നേരത്ത് ചുട്ടു പഴുത്ത മണലില്‍ ചെന്നു കിടന്നിട്ടു, ആഹാ ഇതല്ലേ സുഖം എന്നൊക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. വഴിയില്‍ നിന്നു ലഭിച്ച ഭക്ഷണം എടുത്തു കഴിച്ചു. 
        അലക്സാണ്ടര്‍ അത്ഭുതത്തോടെ ഇതെല്ലാം നോക്കി കണ്ടു. അയാള്‍ക്കു വല്ലാതെ ആശ്ചര്യം തോന്നി. ഏതോ ഭ്രാന്തനാവണം അതു എന്നു വിചാരിച്ചു അയാള്‍ക്ക് കുറച്ചു ഭക്ഷണം കൊടുക്കാനായി വിളിച്ചു. ഉടനെ അദ്ദേഹം 'ഞാന്‍ കഴിച്ച ഭക്ഷണത്തിന് എന്തു കുറ്റം' എന്നു മറു ചോദ്യം ചോദിച്ചു. ഉടനെ അലക്സാണ്ടര്‍ക്ക് ഇതു ഒരു സാധാരണ ആളല്ല എന്നു തോന്നി. അദ്ദേഹം അലക്സാണ്ടാരോടു 'നീ എന്തു ചെയ്തു കൊണ്ടിരിക്കുന്നു' എന്നു ചോദിച്ചു. ഉടനെ അലക്സാണ്ടര്‍ 'എന്നെ കണ്ടാല്‍ അറിയില്ലേ, ഞാന്‍ ദിഗ്വിജയംചെയ്തു രാജ്യങ്ങളെ ജയിക്കുന്നു' എന്നു സ്വല്പം അഹങ്കാരതോടു കൂടി തന്നെ പറഞ്ഞു. എന്നിട്ടു അദ്ദേഹതോടു 'നിങ്ങള്‍ എന്തു ചെയ്യുന്നു' എന്നു ചോദിച്ചു. ഉടനെ അദ്ദേഹം 'ഞാന്‍ ജീവിതത്തെ ആസ്വദിച്ചു കൊണ്ടു ഇരിക്കുന്നു' എന്നു മറുപടി പറഞ്ഞു. 
        ഈ ഒരു മറുപടി അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ആരോടു ചോദിച്ചാലും അവര്‍ ചെയ്യുന്ന കര്‍മ്മത്തെ പറഞ്ഞു താന്‍ അതു ചെയ്യുന്നു എന്നു പറയും. പക്ഷെ ഇദ്ദേഹമോ താന്‍ ചെയ്യുന്ന കര്‍മ്മത്തെ തന്റെ കര്‍ത്തവ്യമായി കണ്ടു, ജീവിതത്തെ ശരിക്കും ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ഈ അനുഭവം അലക്സാണ്ടര്‍ക്ക് ആദ്യമായാണ്‌. 'അപ്പോള്‍ നിങ്ങള്‍ വേറെ ഒന്നും ചെയ്യുന്നില്ലേ' എന്നു അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിനു താന്‍ ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞു. അദ്ദേഹം നടക്കുന്നതെല്ലാം തന്നെ ഭഗവത് സങ്കല്പമായാണ് കണ്ടിരുന്നത്‌. അല്ലാതെ സ്വയം കര്‍തൃത്വം അതില്‍ ആരോപിച്ചിരുന്നില്ല!
        അലക്സാണ്ടര്‍ അതു മനസ്സിലാക്കാതെ 'അങ്ങനെയെങ്കില്‍ അങ്ങ് ജീവിതം വ്യര്‍ത്ഥമാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണ് അല്ലെ' എന്നു പറഞ്ഞു. അതിനു അദ്ദേഹം 'അതെങ്ങനെ നിനക്ക് പറയാന്‍ കഴിയും? ആട്ടെ! നീ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?' എന്നു തിരിച്ചു ചോദിച്ചു. അയാള്‍ക്കു കോപം വന്നു. 'ഞാന്‍ എത്ര രാജ്യത്തെ വിജയിച്ചിരിക്കുന്നു. ഇതെന്തു വിഡ്ഢി ചോദ്യമാണ് എന്നോടു നിങ്ങള്‍ ചോദിക്കുന്നത്' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'കുറെ രാജ്യങ്ങള്‍ ജയിച്ചത്‌ കൊണ്ടു എന്തു പ്രയോജനം?' എന്നു ചോദിച്ചു. ഉടനെ അയാള്‍ 'ഞാന്‍ രാജനാണ്. ഞാന്‍ എന്തു ആഗ്രഹിക്കുന്നുവോ അതു എനിക്ക് ലഭിക്കും' എന്നു പറഞ്ഞു. ഉടനെ ആ മഹാന്‍ 'അങ്ങനെയാണോ? എന്നാല്‍ എന്റെ ചോദ്യത്തിന് മറുപടി പറയുമോ' എന്നു ചോദിച്ചു. അലക്സാണ്ടര്‍ പുച്ഛമായി ചിരിച്ചു. 'ഉം നിങ്ങള്‍ ചോദിച്ചു നോക്കു. ഞാന്‍ മറുപടി പറയാം' എന്നു പറഞ്ഞു. 
           അലക്സാണ്ടാരോടു ആ സദ്ഗുരു എന്തു ചോദ്യമാണ് ചോദിച്ചത്? അതിനു അയാള്‍ എന്തു മറുപടി നല്‍കി എന്നു നമുക്കു അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
         രാധേകൃഷ്ണ! ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്ന കര്‍ഷകനോടു ജ്യോത്സര്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ചു പറയണം എന്നു ആവശ്യപ്പെട്ടതനുസരിച്ച്, അയാള്‍ ഓരോന്നും ഓര്‍ത്തോര്‍ത്തു പറഞ്ഞു തുടങ്ങി.
  "അന്നു ഇവിടെ നിന്നും ഇറങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. ഒരു കാട്ടു വഴിയില്‍ കൂടിയാണ് ഞാന്‍ പോയത്.  പെട്ടെന്നു മഴ വരുന്നത് പോലെ ഇരുണ്ടു കൂടി വന്നു. ഞാന്‍ എവിടെയെങ്കിലും ഒതുങ്ങം എന്നു നോക്കി. മരത്തിന്റെ ചുവട്ടില്‍ ഒതുങ്ങിയാല്‍ വല്ല ദുഷ്ട മൃഗങ്ങളും വന്നാലോ എന്നു ചിന്തിച്ചു നോക്കിയപ്പോള്‍ ദൂരെ ഒരു പാഴ്മണ്ഡപം കണ്ണില്‍ പെട്ടു. ശരി അവിടെ ചെന്നു ഒതുങ്ങി നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി.  അവിടെ മനുഷ്യരെ ആരും കണ്ടില്ല. അതിനകത്തു പ്രവേശിച്ചു. അപ്പോഴാണ്‌ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായത്‌. അകത്തു ഒരു ഭിന്നപ്പെട്ട കൃഷ്ണ വിഗ്രഹം കണ്ടു. പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത് കണ്ടു വളരെ പ്രയാസം തോന്നി. തന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നും വൃത്തിയാക്കി, പൂജാ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നു വിചാരിച്ചു. പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ആ ക്ഷേത്രം മുഴുവനും ചുറ്റി നോക്കി. ഓരോ തൂണും നോക്കി അതില്‍ കേടുപാടു തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കി. ഉത്തരത്തിലും ഒരു പാടു മരാമത്തു ജോലികള്‍ കണ്ടു. അതൊക്കെ മാനസീകമായി ഞാന്‍ നന്നാക്കി നോക്കി.
       മുഴുവനും വലയും പൊടിയും പിടിച്ചിരുന്നു. മാനസീകമായി അതെല്ലാം തട്ടി വൃത്തിയാക്കി. നല്ല പണിക്കാരെ വിളിച്ചാല്‍ അതൊക്കെ ശരിയാക്കാമല്ലോ എന്നു വിചാരിച്ചു. അവരു വന്നാല്‍ മരാമത്തു ജോലികള്‍ എല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കും എന്നു വിചാരിച്ചു.  അവിടെ ഇരുന്ന ശിഥിലമായ വിഗ്രഹത്തിനു പകരം ഒരു നല്ല വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാം എന്ന് വിചാരിച്ചു. ആ ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. തൊഴാന്‍ വന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടു കൊടുത്താല്‍ എത്ര നന്നായിരിക്കും എന്നു വിചാരിച്ചു. ഇങ്ങനെ വിചാരങ്ങള്‍ ഓടുന്ന സമയത്ത് എന്റെ മനസ്സില്‍ ഞാന്‍ ഇതെല്ലാം കാണുകയായിരുന്നു. 
          ഹൃദയത്തില്‍ ഒരുപാടു സന്തോഷം തോന്നി. എല്ലാര്‍ക്കും ഊണും കൊടുത്തു കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും 'ശ് ശ് ശ്' എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു നില്‍ക്കുന്നത് കണ്ടു. ഭയത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ മണ്ഡപം ഇടിഞ്ഞു വീണു. ഞാന്‍ ആകെ വിയര്‍ത്തു പോയി.  ഹോ! ഭഗവാന്‍ എന്നെ കാത്തു എന്നു വിചാരിച്ചു തിരികെ വീട്ടിലേക്കു നടന്നു. ആ സമയം മഴയും വിട്ടിരുന്നു.'
       ഇത്രയും കേട്ടപ്പോള്‍ തന്നെ ആ ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞു. ആ കര്‍ഷകനെ പിന്നീട് ഒന്നും പറയാന്‍ സമ്മതിച്ചില്ല. അയാള്‍ക്ക് കേള്‍ക്കാനുള്ളത് മുഴുവനും അയാള്‍ കേട്ടു കഴിഞ്ഞു. കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകനു ജ്യോത്സരില്‍ ഉണ്ടായ മാറ്റം കണ്ടിട്ടു ഒന്നും മനസ്സിലായില്ല. ജ്യോത്സരോടു അയാള്‍ 'എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ അങ്ങു വീഴുന്നത്?' എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു 'താന്‍ അന്നു ഇവിടുന്നു തിരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തന്റെ മരണ സമയമായിരുന്നു. തന്റെ ജാതകത്തില്‍ നിന്നും ഞാന്‍ ഇത് മനസ്സിലാക്കി. അതിനു ഒരു പരിഹാരവും അതില്‍ തന്നെ ഞാന്‍ കണ്ടു. താന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തിയാല്‍
അതിനു പരിഹാരമാകുമായിരുന്നു. പക്ഷെ താന്‍ ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനാണ്. തന്നെ കൊണ്ടു സാധിക്കുന്ന കാര്യമാല്ലാതതിനാല്‍ തന്നോടു ഞാന്‍ ഒന്നും പറയാതെ തന്നെ വിട്ടു.  താന്‍ ജീവനോടെ ഉണ്ടെങ്കില്‍ അടുത്ത ആഴ്ച കാണാം എന്നാണു മനസ്സില്‍ വിചാരിച്ചത്. പക്ഷെ അത്ഭുതാവഹമായി താന്‍ അതേ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയിരിക്കുന്നു. തനിക്കു ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മാനസീകമായി കുറച്ചു സമയം കൊണ്ടു താന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ തൃപ്തനായി പാമ്പിന്റെ രൂപത്തില്‍ തന്നെ ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി തന്റെ ജീവനെ രക്ഷപ്പെടുത്തിയിരിക്കുന്നു'. 
         കര്‍ഷകന്‍ എല്ലാം കേട്ടു സ്തബ്ധനായി നിന്നു പോയി. അയാള്‍ക്കു അതിന്റെ നടുക്കത്തില്‍ നിന്നും മുക്തനാകാന്‍ കുറെ നേരം സാധിച്ചില്ല. എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ ഒരു അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ കൃഷ്ണ കൃഷ്ണാ എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്? എല്ലാം തരില്ലേ?
        ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ജാതകവശാല്‍ ആപത്ഘട്ടം കടന്ന അയാള്‍ക്കു ശേഷം ജീവിതം ഐശ്വര്യ പൂര്‍ണ്ണമായിരുന്നു. അതേ പോലെ അയാളുടെ ദുഃകങ്ങളെല്ലാം അവസാനിച്ചു അയാള്‍ക്കു നല്ലൊരു ജീവിതം കൈവന്നു. കര്‍ഷകനും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഹൃദയ പൂര്‍വമായി ഭഗവാനെ ആരാധിച്ചു. അയാള്‍ മാനസീകമായി ആഗ്രഹിച്ച പോലെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കുംഭാഭിഷേകവും നടത്തി ഭഗവാന്റെ പ്രീതിക്ക് പാത്രമായി. 
         ഹൃദയം ഭഗവാന് അര്‍പ്പിക്കു. എന്തു കാരണം കൊണ്ടും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. ദൃഡ വിശ്വാസം വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ ജീവിതം ശരിയാകും. നാം തെറ്റായി ചിന്തിക്കുന്തോറും നമ്മുടെ ജീവിതത്തെ അതു ബാധിക്കും. നമുക്കു ഒന്നും ശരിയാവില്ല, കഷ്ടം വരും എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കു. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡ വിശ്വാസത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായത്. അതില്‍ ഭഗവാനെ പ്രതിഷ്ഠിച്ചു ആരാധിക്കു. അതു ആദ്യം വെറും സങ്കല്പമായി ഇരുന്നാല്‍ പോലും ക്രമേണ അതു സത്യമാകും. ഭഗവാന്‍ വന്നു കുടിയേറും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കു. താനേ എല്ലാം ശരിയായി നടക്കും. എത്രയോ മഹാന്മാര്‍ ദരിദ്ര സ്ഥിതിയില്‍ ഇരുന്നു കൊണ്ടു, ഭഗവാനു സ്വര്‍ണ്ണ കിരീടം, വജ്ര മാല, ആര്‍ഭാടമായി ഉത്സവം എന്നു ഹൃദയത്തില്‍ ആഗ്രഹിച്ചിട്ടു ആരെയെങ്കിലും കൊണ്ടു ഭഗവാന്‍ അവര്‍ക്കു അതു നടത്തി കാട്ടിയിട്ടുണ്ട്. അവര്‍ക്കു അതു നടത്തി കൊടുക്കാനുള്ള കഴിവ് ഇല്ലായിരിക്കും പക്ഷെ ഭഗവാന്‍ വേറെ ആരെയെങ്കിലും കൊണ്ടു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കും. അതു കൊണ്ടു നമ്മുടെ ചിന്ത നല്ലതാകണം. എന്നാല്‍ എല്ലാം നല്ലതായി ഭവിക്കും. ഇതു സത്യം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 52)  
        രാധേകൃഷ്ണാ! പെണ്‍പിള്ളൈ കൃഷ്ണ വിഷയം പറഞ്ഞു കഴിഞ്ഞിട്ടു അടുത്തതായി രാമ വിഷയം പറഞ്ഞു. അതും സാക്ഷാത് ഭഗവാനെ കുറിച്ച് തന്നെ പറഞ്ഞു. പെണ്‍പിള്ളൈ രഹസ്യത്തില്‍ രണ്ടു വാക്യം മാത്രം ഭഗവാനെ കുറിച്ചു പറയുന്നു. ആദ്യം 'യാന്‍ സത്തിയം എന്റെനോ കൃഷ്ണനൈ പോലെ' എന്നു പറഞ്ഞു. അതെ പോലെ ഇപ്പോള്‍ രാമനെ കുറിച്ചു അടുത്ത വാക്യം പറഞ്ഞു. 
'കാട്ടുക്കു പോനേനോ പെരുമാളൈ പോലെ'
രാമന്‍  സത്യസന്ധന്‍, ചക്രവര്‍ത്തി തിരുമകന്‍! പെണ്‍പിള്ളൈ രാമനെ ആസ്വദിക്കുന്നു. ശ്രീരാമന്‍ സീതയെ വിവാഹം കഴിച്ചു അയോധ്യയില്‍ സുഖമായി വസിച്ചു വന്നു. ഭരതനും ശത്രുഘ്നനും  അമ്മാവന്റെ വീട്ടില്‍ പോയി. യദൃച്ഛയാ ഈ സമയം ദശരഥ ചക്രവര്‍ത്തിക്കു രാമനെ യുവരാജാവായി അഭിഷേകം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി. ഉടനെ സുമന്ത്രര്‍ വസിഷ്ടര്‍ എല്ലാരെയും വിളിച്ചു ആലോചിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ ആമോദിച്ചു. ദശരഥനു പോലും ആശ്ചര്യം ഉളവാക്കുന്ന രീതിയിലായിരുന്നു അവരുടെ സന്തോഷം. കാരണം രാമന്റെ ഗുണങ്ങള്‍ അത്രത്തോളം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. എല്ലാവരും രാമന്റെ സൌശീല്യത്തില്‍ മയങ്ങിയിരുന്നു. മൃദുഭാഷി! സ്നേഹ സമ്പന്നന്‍! വിനയാന്വിതന്‍! എല്ലാം കൊണ്ടും യുവരാജാവാകാന്‍ അര്‍ഹന്‍. പ്രജകളുടെ ഹിതം അറിഞ്ഞു ദശരഥന്‍ പട്ടഭിശേകതിനുള്ള ഏര്‍പ്പടൊക്കെ ചെയ്തു. 
         അപ്പോഴാണ്‌ മന്ഥരയുടെ രംഗപ്രവേശം. നാട്ടിലെ കോലാഹലങ്ങളൊക്കെ ശ്രദ്ധിച്ച അവള്‍ അതിന്റെ കാരണം തിരക്കി. ശ്രീരാമന് പട്ടാഭിഷേകം എന്നറിഞ്ഞപ്പോള്‍ ധൃതി പിടിച്ചു കൈകെയിയെ കാണാന്‍ പോയി. തന്റെ വാക്ക് ചാതുര്യം കൊണ്ടു കൈകേയിയുടെ ഹൃദയത്തില്‍ വിഷം കുത്തി വെച്ചു. അവളുടെ ഉപദേശപ്രകാരം, ദശരഥന്‍ വരുന്ന സമയത്തു അലങ്കാരം ഒന്നും ഇല്ലാതെ കോപാ ഗൃഹത്തില്‍ പോയി കണ്ണീര്‍ ഒഴുക്കിക്കൊണ്ടു കിടന്നു. ദശരഥന്‍ വന്നു കണ്ടു പതറിപ്പോയി. പിന്നെ കൈകെയിയെ സമാധാനിപ്പാനുള്ള ശ്രമവുമായി. അദ്ദേഹത്തിനു ഒട്ടും പിടികൊടുക്കാതെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം അവള്‍ക്കു രണ്ടു വരം നല്‍കി. കൈകേയി ഉടനെ രാമനു 14 വര്‍ഷം വനവാസവും ഭരതനു രാജ്യാഭിഷേകവും ചോദിച്ചു വാങ്ങി. 
        രാത്രി ശ്രീരാമനും സീതയും വ്രതം നോറ്റു, ഉറക്കമില്ലാതെ ജപിച്ചു കൊണ്ടു കഴിച്ചു കൂട്ടുകയായിരുന്നു. നേരം പുലര്‍ന്നാല്‍ പട്ടാഭിഷേകമല്ലേ! അതിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു. രാജ്യം മുഴുവനും ആനന്ദത്തില്‍ ആറാടിയിരുന്നു. ഓരോ വീട്ടിലും ദൂരെ നിന്നും വിരുന്നുകാര്‍ ഒക്കെ എത്തിയിരുന്നു. എല്ലാവരും രാമന്റെ പട്ടാഭിഷേകം കാണാന്‍ എത്തിയതാണ്. ദശരഥനു മാത്രം അതു കാളരാത്രിയായി തീര്‍ന്നു. കൈകേയിയുടെ സൌന്ദര്യത്തില്‍ താന്‍ മയങ്ങി വരം കൊടുത്തില്ലേ എന്നു കരഞ്ഞു. നേരം വെളുക്കരുതേ എന്നു അദ്ദേഹം ആഗ്രഹിച്ചു. നേരം പുലരുന്ന നേരം വീണ്ടും കൈകേയിയോട് യാചിച്ചു. ഭരതനെ യുവരാജനാക്കം പക്ഷെ രാമനെ കാട്ടിലേക്കു അയയ്ക്കരുതേ എന്നു അപേക്ഷിച്ച് നോക്കി. പക്ഷെ കൈകേയി ഒന്നും കേട്ടില്ല. 
           നേരം പുലര്‍ന്നു. ദശരഥ ചക്രവര്‍ത്തി തളര്‍ന്നു കിടക്കുകയാണ്‌. സ്തുതി പാഠകന്മാര്‍ വന്നു പാടി ഉണര്‍ത്തുന്നു. ചക്രവര്‍ത്തിക്കു അതൊന്നും തന്നെ കേള്‍ക്കാന്‍ താല്പര്യം ഇല്ല. അദ്ദേഹം രാമനെ വിളിച്ചു കൊണ്ടു വരുവാന്‍ ആളയച്ചു. രാമന്‍ വളരെ സന്തോഷത്തോടെ പുറപ്പെട്ടു. വനവാസത്തിനു പോകേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്‌. കൈകേയി മാതാവ് അതിനു തന്നെ സഹായിക്കും എന്നു അറിയാം. തന്റെ പട്ടാഭിഷേകം തടസ്സപ്പെട്ടു എന്നു മനസ്സിലായി. അയോധ്യയില്‍ ഇരുന്നു കൊണ്ടു രാജ്യം ഭരിക്കുന്നതിലും കാട്ടില്‍ പോയി ദുഷ്ട നിഗ്രഹം ചെയ്തു ശിഷ്ട പരിപാലനം ചെയ്യുന്നതാണ്‌ രാമനു കൂടുതല്‍ ഇഷ്ടം. അയോധ്യാ ജനങ്ങള്‍ രാമന്‍ ഇല്ലെങ്കിലും രാമാനാമത്തിന്റെ സഹായത്തോടെ ജീവിക്കും എന്നു ഭഗവാനു ഉറപ്പായിരുന്നു. കാട്ടില്‍ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഋഷികള്‍ക്കാണ് തന്റെ ആവശ്യം കൂടുതല്‍ എന്നും അറിയാം. 
           രാമന്‍ ദശരഥ ചക്രവര്‍ത്തിയെ നമസ്കരിച്ചു. അദ്ദേഹം ഒന്നും മിണ്ടുന്നില്ല. കൈകേയിയാണ് രാമനെ സ്വീകരിച്ചത്. എന്നിട്ടു രാമനോട് ചക്രവര്‍ത്തി രണ്ടു കാര്യം പറയാന്‍ ഏല്പ്പിച്ചിട്ടുണ്ട്  എന്നു പറഞ്ഞു. അതെന്താണ് എന്നു രാമന്‍ ചോദിച്ചപ്പോള്‍, തനിക്കു പകരം ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യും, താന്‍ 14  വര്‍ഷങ്ങള്‍ കാട്ടില്‍ വനവാസം ചെയ്യണം എന്നു പറഞ്ഞു. അതു രാമനോട് നേരിട്ടു പറയാന്‍ മടിച്ചിട്ടാണ് കൈകേയിയോട് പറയാന്‍ ഏല്‍പ്പിച്ചത് എന്നും പറഞ്ഞു. 
         രാമന്റെ മുഖം ഒന്നു ചുരുങ്ങി. ഇതു കണ്ട കൈകേയി അത്ഭുതപ്പെട്ടു.  രാമനും രാജ്യത്തിന് ആശ ഉണ്ടോ എന്നു സ്വല്പം സംശയിച്ചു. രാമന്‍ കൈകേയിയോട് 'അമ്മാ! ഇതു പറയാന്‍ അച്ഛന്‍ മടിക്കുന്നോ? ഓ കഷ്ടം! അപ്പോള്‍ അച്ഛനു അത്രയ്ക്കേ എന്നെ വിശ്വാസമുള്ളോ? അമ്മ തന്നെ ഒന്നു പറഞ്ഞാല്‍ ഞാന്‍ കാട്ടിലെക്കുപോവില്ലേ? അച്ഛന്‍ പറയണ്ട ആവശ്യം ഉണ്ടോ? അമ്മ തന്നെ എന്നോടു പറഞ്ഞാല്‍ പോരെ? ഞാന്‍ കാട്ടില്‍ പോവില്ലേ? അമ്മയ്ക്കും എന്നെ വിശ്വാസം ഇല്ലേ?' എന്നു കൈകേയിയോട് ചോദിച്ചു. 
         ദേവന്മാര്‍ ഇതൊക്കെ കണ്ടു അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. 
എന്തൊരു വൈരാഗ്യം! എന്തൊരു മനോ ധൈര്യം! യുവരാജ്യ പട്ടാഭിഷേകമാണ് തടസ്സപ്പെട്ടത്. എന്നിട്ടു പോലും ഭഗവാനു യാതൊരു കുലുക്കവും ഇല്ല! ഭഗവാന്‍ സീതയെ വിളിച്ചുകൊണ്ടു കൌസല്യാ മാതാവിനെ ചെന്നു കണ്ടു കാര്യം പറഞ്ഞു. കൌസല്യയ്ക്കു നിരാശ സഹിക്കാന്‍ കഴിഞ്ഞില്ല. ഭഗവാനെ പിരിഞ്ഞുള്ള ജീവിതം ചിന്തിക്കാന്‍ കൂടി പറ്റില്ല. ഭഗവാന്‍ കൌസല്യാ മാതാവിനെ ആശ്വസിപ്പിച്ചു.  'അമ്മേ! ഒരു ഒന്‍പതു വര്‍ഷം ഇതാ എന്നു പോവില്ലേ. പിന്നെ ഒരു അഞ്ചു വര്‍ഷം കൂടി. ഉടനെ ഞാന്‍ അമ്മയുടെ അടുക്കലേക്കു തിരിച്ചെത്തും തീര്‍ച്ച' എന്നു പറഞ്ഞു. 14 വര്‍ഷം എന്നു പറഞ്ഞാല്‍ കൌസല്യയ്ക്കു താങ്ങാന്‍ പറ്റില്ല എന്നു രാമാനറിയാം. അതാണ്‌ അതു എത്രയും ലഘൂകരിച്ചു പറഞ്ഞത്. 
      യാതൊരു ദുഃഖവും ഇല്ലാതെ എല്ലാവരെയും സമാധാനിപ്പിച്ചു ഭഗവാന്‍ സന്തോഷത്തോടെ വനവാസത്തിനു ഒരുങ്ങി പുറപ്പെട്ടു. ജീവിതത്തില്‍ വരുന്നത് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്കു കാണിച്ചു കൊടുക്കുകയാണ് ഭഗവാന്‍. എല്ലാം ഭഗവത് സങ്കല്പത്തിലാണ് നടക്കുന്നത്. നടക്കുന്നതിലെല്ലാം ഒരു നന്മ ഒളിഞ്ഞിരിപ്പുണ്ട്. നമുക്കു അതു മനസ്സിലാകുന്നില്ല. എന്തൊക്കെ വന്നാലും ഹൃദയം തളരരുത്. ഭഗവാന്‍ നമുക്കു അതു കാണിച്ചു തരുന്നുണ്ട്. ആ ഒരു ഭാവം തനിക്കില്ലല്ലോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു പറഞ്ഞു. രാമനുജര്‍ വളരെ ആശ്ചര്യപ്പെട്ടു അവള്‍ പറഞ്ഞതു കേട്ടു നിന്നു. അദ്ദേഹം ലക്ഷ്മണനായി നിന്നു ഇതൊക്കെ നേരിട്ടു കണ്ടതല്ലേ. അതൊക്കെ അദ്ദേഹം ഓര്‍ത്തു സന്തോഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
       

Tuesday, September 13, 2011

പ്രേമവേദം - സെപ്തംബര്‍ 11

Posted by VEDHASAARAM

ശ്രീമാന്നാരയണീയം
പൃഷ്ഠന്ത്വധര്‍മ്മ ഇഹ ദേവ! മനഃ സുധാംശു-
രവ്യക്തമേവ ഹൃദയാംബുജമംബുജാക്ഷ!
കുകഷ്വിസ് സമുദ്രനിവഹാ വസനന്തു സന്ധ്യേ 
ശേഫാ പ്രാജാപതിരസൌ വൃഷണൌ ച മിത്രഃ 
(ദശഃ 6 ശ്ലോഃ 7)
                  അല്ലയോ പ്രകാശാത്മാവായ ഭഗവാനെ, ഇങ്ങനെ അധര്‍മ്മം അങ്ങയുടെ പൃഷ്ഠഭാഗമാണ്. ഹേ! അംബുജനേത്ര, ചന്ദ്രന്‍ അങ്ങയുടെ മനസ്സും, അവ്യക്ത സ്വരൂപിയായ പ്രകൃതി ഹൃദയവും, സമുദ്രഗനങ്ങള്‍ ഉദരവും, സന്ധ്യകള്‍ വസ്ത്രങ്ങളും, ബ്രഹ്മാവ്‌ ജനനേന്ദ്രിയവും, മിത്രന്‍ വൃഷണങ്ങളുമാണ്. 
(പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 

സദ്ഗുരുവാത്സല്യം
        രാധേകൃഷ്ണാ! ഗുരു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു ശരിക്ക് മനസ്സിലാക്കണം. എങ്കിലേ നമുക്ക്ക് പക്വത വരൂ.  സദ്ഗുരുവിന്റെ മഹിമയെ കാണിക്കുന്ന മറ്റൊരു കഥ! ഒരു ഗ്രാമത്തില്‍ ഒരു സദ്ഗുരു തന്റെ ശിഷ്യന്മാരുടെ കൂടെ വസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു സത്ശിഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം ശിഷ്യനു നല്ല ഉപദേശങ്ങള്‍ നല്‍കി അയാള്‍ക്ക്‌ പക്വത വരുത്തി കൊണ്ടിരുന്നു. ഗുരു ഇപ്പോഴും ശിഷ്യന്റെ പക്വത അനുസരിച്ചാണ് ഉപദേശങ്ങള്‍ നല്‍കുക.  ശിഷ്യന്‍ അതു ശരിക്കു മനസ്സിലാക്കണം.  ഒരാള്‍ക്കു കൊടുക്കുന്ന ഉപദേശം ആയിരിക്കില്ല മറ്റൊരാള്‍ക്കു. വൈദ്യര്‍ ഓരോ രോഗികള്‍ക്കും ഓരോ മരുന്നു കൊടുക്കുന്നില്ലേ അതു പോലെ!  ഗുരു മറ്റേ ശിഷ്യനു പറഞ്ഞത്‌ പോലെ തനിക്കു പറഞ്ഞില്ലല്ലോ എന്നു ചിന്തിക്കുന്നത് തെറ്റാണ്. അവരവരുടെ വാസനയും പക്വതയും അനുസരിച്ചായിരിക്കും ഗുരു നല്‍കുന്ന ഉപദേശങ്ങള്‍. 
        ആ സദ്ഗുരു ഒരു ശിഷ്യനോട് ഇപ്പോഴും കാമത്തിന് അടിപ്പെടരുത്, കാമം സുലഭമായി നമ്മെ പറ്റിക്കും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചും അയാളോട് സ്ത്രീ സംഗം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ ഗുരുവും ശിഷ്യനും ഒരു ഗ്രാമത്തിലേക്കു പോയി കൊണ്ടിരുന്നു. പോകുന്ന വഴി ഒരു നദി തീരത്ത് കൂടെ അവര്‍ നടന്നു. ഗുരു അപ്പോഴും അയാളോട് സ്ത്രീ സംസര്‍ഗ്ഗം ത്യജിക്കുന്ന കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ആ സമയം നദിയില്‍ ഒരു സ്ത്രീ കുളിക്കുകയായിരുന്നു. ശിഷ്യന്‍ ഗുരുവിന്റെ ഉപദേശം കേട്ടു കൊണ്ടു "ശരിയാ! അങ്ങ് പറഞ്ഞത് പോലെ സ്ത്രീയെ നോക്കാനേ പാടുള്ളതല്ല"  എന്നു പറഞ്ഞു കൊണ്ടു, വെറുപ്പോടു കൂടി മുഖം തിരിച്ചു നടന്നു. 
           പെട്ടെന്നു നദിയില്‍ വെള്ളം പൊങ്ങി, കുളിച്ചു കൊണ്ടിരുന്ന സ്ത്രീ ഒരു ചുഴലിയില്‍ അകപ്പെട്ടു. അവര്‍ ഉടനെ 'എന്നെ രക്ഷിക്കു! എന്നെ രക്ഷിക്കു!' എന്നു അലറി വിളിച്ചു കൈ കാലിട്ടടിച്ചു. ശിഷ്യന്‍ ഉടനെ സ്ത്രീ സംഗം പാടില്ല, കാമം നമ്മെ ചതിക്കും എന്നു പറഞ്ഞു കൊണ്ടു മുഖം തിരിഞ്ഞു നടന്നു. ഗുരു ഇത് ശ്രദ്ധിച്ചു. അദ്ദേഹം പെട്ടെന്നു വെള്ളത്തിലേക്ക്‌ എടുത്തു ചാടി ആ സ്ത്രീയെ പിടിച്ചു കര കയറ്റി. അവളുടെ ദേഹത്ത് നിന്നും വസ്ത്രങ്ങള്‍ അഴിഞ്ഞു പോയിരുന്നു. അതൊക്കെ എടുത്തു അവളെ മൂടി പുതച്ചു, അവള്‍ക്കു വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കി, എന്നിട്ടു 'മകളെ സൂക്ഷിച്ചിരിക്കു' എന്നു പറഞ്ഞു നടന്നു. 
        ശിഷ്യന്‍ ഇതൊക്കെ കണ്ടു നില്‍ക്കുകയായിരുന്നു. അയാള്‍ക്ക് വല്ലാത്ത ദേശം തോന്നി. തന്നോടു ചെയ്തതു ഒരു ഉപദേശം, പക്ഷെ ഗുരുവിന്റെ പ്രവൃത്തിയോ അതിനു നേരെ വിപരീതം! ഇതെന്തു ന്യായം? സ്ത്രീയെ തൊട്ടാല്‍ കാമം  വരും, അതു കൊണ്ടു അവളെ നോക്കരുതു, തൊടരുതു, എന്നൊക്കെ പറഞ്ഞ ഗുരു ഇപ്പോള്‍ സന്ദര്‍ഭം കിട്ടിയോപ്പോള്‍ ഒരു യൌവന സ്ത്രീയെ കേറി പിടിച്ചിരിക്കുന്നു. ഛെ! മോശം. അയാള്‍ കോപം ഉള്ളിലടക്കി മിണ്ടാതെ നടന്നു. ഗുരുവും ഒന്നും പറഞ്ഞില്ല. കുറെ നേരം കഴിഞ്ഞു.  അയാള്‍ക്കു ക്ഷമ കെട്ടു. അവസാനം അയാള്‍ ഗുരുവിനോട് 'ഗുരോ! എനിക്കു ഒരു സംശയം. അതൊന്നു തീര്‍ത്തു തരണം എന്നു പറഞ്ഞു. 
           അയാളുടെ ഹൃദയത്തില്‍ സംശയം അലതല്ലുന്നത് ഗുരുവിനു മനസ്സിലായിരുന്നു. എന്നാലും അദ്ദേഹം അയാള്‍ ചോദിക്കുന്നതു വരെ മിണ്ടാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം 'ശരി ചോദിക്കു' എന്നു പറഞ്ഞു. ശിഷ്യന്‍ അദ്ദേഹതോടു "അങ്ങ് എന്നോടു സ്ത്രീ സംഗം പാടില്ല എന്നൊക്കെ ഉപദേശിച്ചു. എന്നിട്ടു ഇന്നു ഒരു യൌവന സ്ത്രീയെ അങ്ങ് തൊട്ടു എടുത്തില്ലേ? ഇതു തെറ്റല്ലേ?" എന്നുചോദിച്ചു. ഇതു കേട്ട ഉടന്‍ ഗുരു ചിരിക്കാന്‍ തുടങ്ങി. ശിഷ്യനു ദേഷ്യം വര്‍ദ്ധിച്ചു. ഇത്ര ചിരിക്കാന്‍ താന്‍ എന്താണ് പറഞ്ഞത് എന്നു ആലോചിച്ചു. അദ്ദേഹം കുറെ ചിരിച്ചിട്ട് ശിഷ്യനോടായി, "ഞാന്‍ ആസ്ത്രീയുടെ ശരീരം തൊട്ടു പൊക്കി കരയില്‍ കൊണ്ടാക്കി അവിടെ വിട്ടിട്ടു വന്നു. പക്ഷെ നീ മനസ്സില്‍ ഇത്രയും നേരം അവളെ ചുമന്നു കൊണ്ടു വന്നിരിക്കുന്നു. ഞാന്‍ അവളെ രക്ഷിക്കണം എന്ന ധര്‍മ്മം മാത്രം ചെയ്തു. അതില്‍ ഉപരിയായി ഒന്നും തന്നെ നോക്കിയില്ല. പക്ഷെ നീ അവള്‍ സ്ത്രീയാണ്, അതും യൌവന യുക്തയാണ്, അവളുടെ വസ്ത്രം നഷ്ടപ്പെട്ടിരുന്നു എന്നൊക്കെ നോക്കി. അതാണ്‌ വ്യത്യാസം! ഞാന്‍ അവളെ അവിടെ ഇറക്കി വിട്ടു. പക്ഷെ നീ ഇത്രയും നേരമായും അവളെ ചുമന്നു കൊണ്ടിരിക്കുന്നു. അതെന്താണ്?" എന്നു ചോദിച്ചു.
       ശിഷ്യന്‍ ലജ്ജ കൊണ്ടു തല കുനിച്ചു. അയാള്‍ക്കു തന്റെ തെറ്റ് മനസ്സിലായി. ഗുരു അയാളോട് "ഞാന്‍ നിന്നോടു ഇത്രയും ഉപദേശം ചെയ്തിട്ടു പോലും നിനക്കു ഇങ്ങനെ ചിന്തിക്കുവാന്‍   കഴിഞ്ഞു. അപ്പോള്‍ അതിനു മുന്‍പുള്ള സ്ഥിതി എന്താണെന്ന് ഒന്നാലോചിച്ചു നോക്കു!" എന്നു പറഞ്ഞു. അപ്പോഴാണ്‌ ശിഷ്യനു അയാളുടെ ഹൃദയം എത്ര മോശമായ സ്ഥിതിയിലായിരുന്നു എന്നു മനസ്സിലായത്‌. എത്രമാത്രം തനിക്കു ശരീര അഭിമാനം ഉണ്ടായിരുന്നു എന്നു തോന്നി. അയാള്‍ സത്യം മനസ്സിലാക്കി ഗുരുവിന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു. പൊട്ടിക്കറഞ്ഞ അയാളെ ഗുരു മാറോടു ചേര്‍ത്ത് അണച്ചു ആശ്വസിപ്പിച്ചു.
       അതിനു ശേഷം അയാള്‍ക്കു ദൃഡ വൈരാഗ്യം വന്നു. ശേഷമുള്ള ജീവിതം നാമജപം ചെയ്തു പൂര്‍ണ്ണ വൈരാഗിയായി ജീവിതം നയിച്ചു അവസാനം ഭഗവത് പദമണഞ്ഞു എന്നു ചരിത്രം. ഗുരു പറയുന്നത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കു. ഗുരു വാക്യത്തിനനുസരിച്ചു  ജീവിക്കു. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
           രാധേകൃഷ്ണാ! നാം ചിന്തിക്കേണ്ട വിഷയം ഭഗവാന്‍! മറ്റുള്ള വിഷയങ്ങളെ ചിന്തിക്കുന്നത് ബന്ധത്തിന് കാരണം ആകുന്നു. എന്നാല്‍ ഭഗവാനെ ചിന്തിക്കുന്നത് മോക്ഷത്തിനു വഴി ഒരുക്കുന്നു. ഭഗവത് ചിന്ത ഒഴിച്ച് മറ്റുള്ളവയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടു കഷ്ടങ്ങള്‍ മാത്രമാണ് ഫലം. ഭഗവാനെ കുറിച്ച് ചിന്തിക്കുന്നതിനു ഭഗവാനില്‍ ദൃഡ വിശ്വാസം വേണം. ഏതു സന്ദര്‍ഭത്തിലും ഭഗവാനെ കുറിച്ചുള്ള ചിന്ത മാറാന്‍ പാടില്ല. എന്തെങ്കിലും പ്രയാസം വരുന്ന സമയത്തും ഭഗവാനെ കുറിച്ച് ചിന്തിക്കണം. ഭഗവാനെ കവിഞ്ഞു ശക്തിയുള്ളതായി ഈ ലോകത്തില്‍ ഒന്നും തന്നെ ഇല്ല. നാം വിശ്വസിക്കുന്ന ഗൃഹങ്ങള്‍ പോലും ഭഗവാന്റെ അധീനതയിലാണ്. 
        ഒരു ചെറിയ ഗ്രാമം. അവിടെ ഒരു പാവപ്പെട്ട കര്‍ഷകന്‍ ഉണ്ടായിരുന്നു. തന്റെ പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്നു. അയാള്‍ എപ്പോഴോ എവിടെയോ ആരോ പറഞ്ഞു 'കൃഷ്ണ' എന്നു കേട്ടിരുന്നു. അത് അയാള്‍ ഇടയ്ക്ക് ജപിക്കാറുണ്ടായിരുന്നു.
അയാള്‍ക്ക്‌ പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലെങ്കില്‍ തന്നെ അയാള്‍ ആ നാമം ഇടയ്ക്ക് ജപിക്കും. കൃഷ്ണ നാമം ആരും അയാള്‍ക്കു ഉപദേശിച്ചിട്ടും ഇല്ല. 
       അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും അതു കൊണ്ടു ബാധിക്കപ്പെട്ടപ്പോള്‍ അയാള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു.  കൃഷിയും ശരിയാകുന്നില്ല. പട്ടിണിയും പരിവട്ടമും വേട്ടയാടി. സഹികെട്ട് ഒടുവില്‍ അയാള്‍ അയലത്തെ ഗ്രാമത്തിലുള്ള ജ്യോത്സ്യനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്നു വിചാരിച്ചു. പലരും അയാളോട് ഇതു പോലെ പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ പ്രശ്നം ശരിയായി എന്നു പറയുമായിരുന്നു. അതൊക്കെ കേട്ടിട്ട് തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാന്‍ അയാള്‍ തീരുമാനിച്ചു.  ജ്യോത്സ്യന്മാര്‍ പറയുന്ന പരിഹാരങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം. അതു ശാശ്വതമായ ഫലം ഒരിക്കലും നല്‍കുന്നില്ല. ഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്.  ലീലശുകര്‍ ഒരിക്കല്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു.  ഒഴുക്കില്‍ പെട്ട് മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പക്ഷെ അദ്ദേഹം ആ നിമിഷം മാനസീകമായി ഭഗവാനോട് സന്യാസം സ്വീകരിച്ചു കൊള്ളാം എന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹം രക്ഷപ്പെട്ടു. സന്യാസം ഒരു പുതിയ ജന്മവും ആയി. 
        കര്‍ഷകന്‍ എന്തായാലും ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അടുത്തു തന്റെ ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം ഒന്ന് നോക്കി, എന്നിട്ട് അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. തനിക്കു ഇപ്പോള്‍ കുറച്ചു തിരക്കുണ്ടെന്നും, ജാതകം വിശദമായി നോക്കിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കു എന്നും അതു കൊണ്ടു അയാളോട് അടുത്ത ആഴ്ച വരുവാനും പറഞ്ഞു.  കര്‍ഷകന്‍ ശരി എന്നു പറഞ്ഞു മടങ്ങി. 
       അടുത്ത ആഴ്ച അയാള്‍ കൃത്യമായി ജ്യോത്സന്റെ അടുക്കല്‍ എത്തി. ജ്യോത്സ്യന്‍ അപ്പോള്‍ കുറച്ചു ജാതകങ്ങള്‍ ഒക്കെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കി. ഉടനെ അയാള്‍ അദ്ദേഹത്തോട്, 'അങ്ങയ്ക്ക് എന്നെ മനസ്സിലായില്ലേ? ഞാന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നല്ലോ, അങ്ങ് എന്നെ ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞിരുന്നു. അതാണ്‌ വന്നത് എന്നു പറഞ്ഞു. ജ്യോത്സ്യര്‍ അതിനു 'എനിക്കു നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നു പറയു' എന്നു ആശ്ചര്യത്തോടെ ചോദിച്ചു. കര്‍ഷകന്‍ അതിനു 'എന്താ? എന്ത് കൊണ്ടാ അങ്ങ് അങ്ങനെ ചോദിക്കുന്നത്?' എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു 'നോക്കു നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്നും പോയത് മുതലുള്ളത് ഒന്നും വിടാതെ എന്നോടു പറയു' എന്നു പറഞ്ഞു. അയാള്‍ വളരെ ആശ്ചര്യത്തോടെ ഒന്നും മനസ്സിലാകാതെ അന്നു താന്‍ മടങ്ങിയത് മുതലുള്ള സംഭവങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി. കര്‍ഷകന്‍ ജ്യോത്സ്യനോടു എന്തു പറഞ്ഞു? അതിനു ശേഷം എന്തു സംഭവിച്ചു എന്നറിയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
      

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
 (വാക്യം- 51)
      രാധേകൃഷ്ണാ! അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ജീവകോടികളുടെ സുഖത്തിനു വേണ്ടി പരം വ്യൂഹം, വിഭവം, അന്തര്യാമി, അര്‍ച്ചാ എന്നീ നിലകളില്‍ വര്‍ത്തിക്കുന്നു. പരം എന്നാല്‍ പരമമായ വൈകുണ്ഠം. വ്യൂഹം എന്നാല്‍ തൃപ്പാല്‍ക്കടല്‍. വിഭവം - രാമാ കൃഷ്ണാദി  അവതാരങ്ങള്‍. പിന്നെ എല്ലാവരുടെയും ഉള്ളില്‍ അന്തര്യാമിയായി  നിലകൊള്ളുന്ന അവസ്ഥ. അവസാനം ക്ഷേത്രങ്ങളില്‍ അര്‍ച്ചാ മൂര്‍ത്തിയായി നിലകൊള്ളുന്നത്. ഇതില്‍ നമുക്കു ഏറ്റവും സുലഭവും, അടുത്തതും അര്‍ച്ചാ മൂര്‍ത്തികള്‍ തന്നെയാണ്. ഭഗവാന്‍ അര്‍ച്ചാ മൂര്‍ത്തിയായി  സ്ഥിതി ചെയ്യുന്ന ദിവ്യ ക്ഷേത്രങ്ങള്‍ തീര്‍ച്ചയായും വളരെ വിശേഷപ്പെട്ടതാണ്. അത് പോലെയുള്ള ഒരു ദിവ്യ ക്ഷേത്രത്തില്‍ വസിക്കാന്‍ ഇട വരുന്നത് പരമ ഭാഗ്യമാണ്. 
      അങ്ങനെ ഒരു ഭാഗ്യത്തെ തട്ടി എറിഞ്ഞിട്ടു തിരുക്കോളൂര്‍ എന്ന 
ദിവ്യ ദേശത്തില്‍ നിന്നും ഒരു സ്ത്രീ പുറത്തു പോകുന്നത് കണ്ട സദാചാര്യനായ രാമാനുജര്‍ക്ക് വളരെ ദുഃഖം തോന്നി. അവളെ വിളിച്ചിട്ട് അവള്‍ പോകുന്നതിന്റെ കാരണം അന്വേഷിച്ചു. അതിനു മറുപടിയായി അവള്‍ കാരണങ്ങള്‍ പറഞ്ഞു. ഓരോ ഭക്തന്മാരുടെ കാര്യവും പറഞ്ഞു താന്‍ അത് പോലെ അല്ലല്ലോ എന്ന് പറഞ്ഞു. കേട്ടു നിന്ന രാമാനുജരും ശിഷ്യരും ആശ്ചര്യപ്പെട്ടു. പുരാണങ്ങളില്‍ അവളുടെ അഗാധ ജ്ഞാനവും വിഷയങ്ങളോടുള്ള അവളുടെ വീക്ഷണവും രാമാനുജരെ ആകര്‍ഷിച്ചു. അടുത്തതായി അവള്‍ എന്ത് വാക്യമാണ് പറയാന്‍ പോകുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു നിന്നു.
       പെണ്‍പിള്ളൈ ഉടനെ "ഇങ്കില്ലൈ എന്റെനോ ദധിപാണ്ഡനൈ പോലെ" എന്നു പറഞ്ഞു. വൃന്ദാവനത്തില്‍ തയിരു വില്‍ക്കുന്ന ഒരാളാണ് ദധിപാണ്ഡന്‍. തയിരു ഉണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും കൊണ്ടു പോയി കച്ചവടം ചെയ്യും. കിട്ടുന്ന വരുമാനത്തില്‍ സന്തുഷ്ടനും ആയിരുന്നു. നന്ദഗോപരുടെ മകനായ കൃഷ്ണനോട് വല്ലാത്ത ഇഷ്ടവും ആയിരുന്നു. 
         ഒരു ദിവസം യശോദാ മാതാ കൃഷ്ണനു മുലയൂട്ടുകയായിരുന്നു. കൃഷ്ണന്‍ മുലകുടി പ്രായം കഴിഞ്ഞിട്ടും യശോദയുടെ മടിയില്‍ കിടന്നു പാലു കുടിക്കുമായിരുന്നു. കൃഷ്ണന്‍ നന്നായി ഓടും, നന്നായി പല്ലു വന്നു കഴിഞ്ഞു. പക്ഷെ അമ്മിഞ്ഞപ്പാലിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല. അടുപ്പില്‍ കാച്ചാന്‍ വെച്ച പാലു പൊങ്ങുന്നത് കണ്ടു പെട്ടെന്ന് കൃഷ്ണനെ ഇറക്കി തറയില്‍ വെച്ചിട്ടു അടുപ്പിന്റെ അടുത്തേയ്ക്കു ഓടി. കൃഷ്ണനു അതു ഒട്ടും രസിച്ചില്ല. അവിടെ ഇരുന്ന ഒരു കല്ല്‌ എടുത്തു നെയ്യ് വെച്ചിരുന്ന കാലം ഉടച്ചു. എന്നിട്ട് കൈ തട്ടി രസിച്ചു. ഓടി വന്ന യശോദ ഇത് കണ്ടു. ഈയിടയായി കുറുമ്പ് കുറച്ചു കൂടുന്നുണ്ട്. മാത്രമല്ല ഒട്ടും ഭയമില്ല താനും. അടുത്തു കിടന്നിരുന്ന ഒരു വടി എടുത്തു കൊണ്ടു അടിക്കാന്‍ വന്നു. മിന്നല്‍ പോലെ കൃഷ്ണന്‍ ഓടി മറഞ്ഞു. യശോദ പിറകെ തുരത്തി കൊണ്ടു ഓടി. ഇന്നു അവനെ ഒരു പാഠം പഠിപ്പിച്ചിട്ടെ എന്തു കാര്യമുള്ളൂ എന്നു ഉറച്ചു പിന്‍തുടര്‍ന്നു.
     ദധിപാണ്ഡന്‍ തന്റെ ജോലി എല്ലാം കഴിഞ്ഞു വീടിന്റെ തിണ്ണയില്‍ വിശ്രമിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു. അന്നത്തെ കാര്യം നടത്തി തന്നതിന് ഭഗവാനോട് മനസാ നന്ദി പറഞ്ഞു. ഇനി നാളെ ഭഗവാന്‍ എന്തു നിശ്ചയിച്ചിരിക്കുന്നുവോ എന്നു ആലോചിച്ചു. അപ്പോഴതാ കൊഴുത്തു തടിച്ചു കറുകറുത്ത ഒരു ഉണ്ണി ദൂരേന്നു ഓടി വരുന്നു! തലയിലെ മയില്‍ പീലി ആടി കൊണ്ടു, പീതാംബരം കുറച്ചു അഴിഞ്ഞുലഞ്ഞു, തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടു, ശ്വാസം മുട്ടെ ഓടി വന്നു. പിറകെ തന്നെ തടിച്ച യശോദയും വരുന്നുണ്ട്. 'ഓടരുത് ഉണ്ണി! ഓടരുതു! നിന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഞാന്‍ അടിക്കും. മര്യാദയ്ക്ക് നിന്നാല്‍ തല്ലില്ല!' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു ഓടി വരുന്നു. കൃഷ്ണനു അവളുടെ വാക്കില്‍ ഒട്ടും വിശ്വാസം ഇല്ല. കയ്യില്‍ കിട്ടിയാല്‍ തന്നെ തല്ലും എന്നറിയാം. യശോദയുടെ സഹായത്തിനു കുറച്ചു ഗോപികളും കൂടെ വരുന്നുണ്ട്. 
       ദധിപാണ്ഡന്റെ അടുത്തു എത്തിയ കൃഷ്ണന്‍ അയാളോട്  'അപ്പൂപ്പാ! എന്നെ ഒന്ന് സഹായിക്കു. ദയവു ചെയ്തു എന്നെ ഇവിടെ എവിടെയെങ്കിലും ഒളിപ്പിക്കു. എന്റെ അമ്മയുടെ കയ്യില്‍ നിന്നും എന്നെ ഒരു രക്ഷിക്കു!' എന്നു കെഞ്ചി.  അവിടെ ഇരുന്ന ഒരു വലിയ പാന കാണിച്ചിട്ട് താന്‍ അതില്‍ ഒളിച്ചിരിക്കാം എന്നും, ആ കലം മറ്റൊരു കലം കൊണ്ടു അടച്ചിട്ടു അമ്മ വന്നു ചോദിക്കുമ്പോള്‍ താന്‍ അവിടെ ഇല്ല എന്നും പറയണം എന്നു ശട്ടം കെട്ടി.  
         ദധിപാണ്ഡന്‍ ആ കെഞ്ചുന്ന മുഖത്ത് നോക്കി മനസ്സലിഞ്ഞു. അയാള്‍ക്ക്‌ നല്ലൊരു നേരമ്പോക്കും ആയി. കൃഷ്ണനോടു ഒളിഞ്ഞു കൊള്ളാന്‍ പറഞ്ഞു. മറ്റൊരു കലം ഇട്ടു കൃഷ്ണന്‍ ഒളിഞ്ഞ കലം മൂടി വെച്ചു. ഒന്നിലും മറച്ചു വെക്കാന്‍ സാധ്യമല്ലാത്ത ആ പരബ്രഹ്മ വസ്തുവിനെ ദധിപാണ്ഡന്‍ ഒരു തയിര്‍കലത്തിനുള്ളില്‍ മറച്ചു വെച്ചു. എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അവിടെ ഇരുന്നു. വലിയ കിതപ്പോടെ യശോദ അവിടെ എത്തി എന്നിട്ട് ദധിപാണ്ഡനോട് കൃഷ്ണനെ കണ്ടോ എന്നു ചോദിച്ചു.
ദധി:- ആരു? നമ്മുടെ കൃഷ്ണനോ? എന്താ എന്തു പറ്റി?" എന്നുചോദിച്ചു.
യശോ:- 'ഓ അവന്‍ തന്നെ! ഇന്നു അവന്‍ വലിയ നെയ്ക്കലം എടുത്തുടച്ചു. അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ഒട്ടും പേടിയില്ല. ഇന്നു എന്റെ കയ്യില്‍ കിട്ടട്ടെ. ഞാന്‍ അവനു വെച്ചിട്ടുണ്ട്.'
ദധി:- 'അമ്മാ! അവന്‍ ഇവിടെ എങ്ങും വന്നിട്ടില്ലല്ലോ!
യശോ:- അവന്‍ ഇങ്ങോട്ട് വരുന്നത് ഞാന്‍ കണ്ടതാണ്.
ദധി:- 'യശോദാമ്മേ! നിങ്ങള്‍ക്കു എന്തു കണ്ടാലും കൃഷ്ണന്‍ എന്നെ തോന്നു. എന്തിനധികം ഇരുട്ടത്ത്‌ ഇവിടെ വെച്ചിരിക്കുന്ന കലം കണ്ടാലും നിങ്ങള്‍ കൃഷ്ണന്‍ എന്നെ പറയു. കലവും കൃഷ്ണനെ പോലെ തടിച്ചു കൊഴുത്തല്ലേ ഇരിക്കുന്നത്!
യശോദ ഇതു കേട്ടു ചിരിച്ചു പോയി. ശരിയാണ്! അവര്‍ക്കു എല്ലാം കൃഷ്ണമയമാണ്. 'ശരി ശരി! അവന്‍ ഇവിടെ എങ്ങാനും വന്നാല്‍ പിടിച്ചു വെക്കു എന്നിട്ട് എന്നെ വിളിക്കു' എന്നു പറഞ്ഞു തിരിച്ചു പോയി. 
    കലത്തിന്റെ അകത്തു ഇരുന്നു കൊണ്ടു കൃഷ്ണന്‍ ഒക്കെ കേട്ടു കൊണ്ടു ഇരിക്കുകയായിരുന്നു. ഉള്ളില്‍ ഭയങ്കര വെപ്രാളം! ദധിപാണ്ഡന്‍ തന്നെ കാട്ടി കൊടുത്തു കളയുമോ എന്ന ഭയമായിരുന്നു. പക്ഷെ അയാള്‍ കൃഷ്ണന്‍ ഇവിടെ ഇല്ല എന്നു തന്നെ പറഞ്ഞു. യശോദയുടെ ചിലങ്കയുടെ ശബ്ദം അകന്നകന്നു പോകുന്നത് ശ്രദ്ധിച്ചു. ദേവന്മാര്‍ എല്ലാവരും സകലതും നോക്കി നില്‍ക്കുകയാണ്. എന്നിട്ട് പതുക്കെ ദധിപാണ്ഡനോട് "അപ്പൂപ്പാ! എന്നെ തുറന്നു വിടു, ഇതിന്റെ അകത്തു വിയര്‍ക്കുന്നു. എന്തൊരു ചൂട്!' എന്നു പറഞ്ഞു,. ദധിപാണ്ഡനു കൃഷ്ണന്‍ ഒരു സാധാരണ കുട്ടിയല്ല എന്നു മനസ്സിലായി. ഇതു സാക്ഷാത് ഭഗവാന്‍ തന്നെയാണ്. ഒരു ഇടയ ചെറുക്കാനായി വേഷം മാറി വന്നിരിക്കുകയാണ് എന്നു തോന്നി. അതു കൊണ്ടു അയാള്‍ കൃഷ്ണനോടു ' കണ്ണാ! നിനക്കു ഇതില്‍ നിന്നും മോചനം വേണമെങ്കില്‍, എനിക്കു നീ മോക്ഷം വാഗ്ദാനം ചെയ്യണം!' എന്നു പറഞ്ഞു.  'അപ്പൂപ്പാ! ഇതെന്തു കളിയാണ്. എന്റെ അമ്മ പോയില്ലേ? ഇനി എന്നെ തുറന്നു വിടരുതോ? എന്തിനാ എന്തൊക്കെയോ പറഞ്ഞു എന്നെ പറ്റിക്കുന്നത്? എന്നു ചോദിച്ചു. പക്ഷെ ദധിപാണ്ഡന്‍ തന്റെ വാദത്തില്‍ ഉറച്ചു തന്നെ നിന്നു. 'നിക്കു മോക്ഷം തരുമെങ്കില്‍ നിന്നെ ഞാന്‍ തുറന്നു വിടാം' എന്നു പറഞ്ഞു. 
        ദേവന്മാര്‍ക്കൊക്കെ ആശ്ചര്യം. അവര്‍ക്കു കൃഷ്ണനോടു ഇങ്ങനെ ചോദിക്കണം എന്നു ഒരിക്കലും തോന്നിയിട്ടില്ലല്ലോ! എന്തു കഷ്ടം എന്നു വിചാരിച്ചു. കൃഷ്ണന്‍ ഉള്ളിലിരുന്നു വിയര്‍ക്കുകയാണ്.  ഒടുവില്‍ സഹികെട്ട്  അയാളോട് 'ശരി തനിക്കു ഞാന്‍ ഇതാ മോക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനി എന്നെ തുറന്നു വിടൂ.' എന്നു പറഞ്ഞു. പക്ഷെ ദധിപാണ്ഡന്‍ പിന്നെയും വിടുന്ന ലക്ഷണമില്ല. 'കൃഷ്ണാ! നീ ഒളിഞ്ഞു കൊണ്ടിരിക്കുന്ന കലത്തിനെ ഞാന്‍ വേര്‍പിരിഞ്ഞിട്ടെയില്ല. അതു കൊണ്ടു അതിനും ചേര്‍ത്ത് നീ മോക്ഷം തരണം' എന്നു പറഞ്ഞു. ഇതെന്തു അക്രമം എന്നു കൃഷ്ണനു തോന്നി. കൃഷ്ണനില്‍ അടുക്കുന്തോറും മറ്റുള്ള വസ്തുക്കളോടുള്ള ആഭിമുഖ്യം കുറയണ്ടതാണ്. പക്ഷെ ഇയാള്‍ ധൈര്യപൂര്‍വ്വം അയാള്‍ക്കിഷ്ടമുള്ള  കലത്തിനും വേണ്ടി മോക്ഷം ചോദിക്കുന്നു. ഇയാളെ ഇങ്ങനെ വിട്ടാല്‍ ഇനി തന്റെ ചെരുപ്പ്, വീട് തുടങ്ങി ഓരോന്നായി ചോദിച്ചു തുടങ്ങും. അതിനു മുന്‍പ് ഇവിടെ നിന്നും രക്ഷപ്പെടണം എന്നു തീരുമാനിച്ചു. അതു കൊണ്ടു ഒട്ടും ആലോചിക്കാതെ മോക്ഷം തരാം എന്നു സമ്മതിച്ചു. 
         അയാള്‍ക്കു പരമ സന്തോഷമായി. പതുക്കെ കലം തുറന്നു കൊടുത്തു. ഭഗവാന്‍ പുറത്തു വന്നിട്ട് അയാളെ തുറിച്ചു നോക്കി. അയാള്‍ ഭഗവാനെ തൊഴുതു. എന്നിട്ട് 'പ്രഭോ! എനിക്കു ഒന്നും അറിയില്ല. എനിക്കു യാതൊരു അര്‍ഹതയും ഇല്ലെങ്കിലും നിന്നോടു ചോദിച്ചാല്‍ മോക്ഷം ലഭിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു അതു കൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചത്' എന്നു പറഞ്ഞു. ഭഗവാനും ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു കൊണ്ടത് മാത്രമാണ് താന്‍ മോക്ഷം നല്‍കിയത് എന്നു പറഞ്ഞു. ദേവന്മാര്‍ എല്ലാവരും വളരെ ആശ്ചര്യത്തോടെ നോക്കിയിരുന്നു. കേവലം ഒരു അചേതന വസ്തുവിന് പോലും ഭഗവാന്‍ വൈകുണ്ഠത്തില്‍ ഒരു ഇടം നല്‍കിയില്ലേ! 
      ഇതില്‍ ആശ്ചര്യം എന്താണെന്നാല്‍ ഒരു നുണ പറഞ്ഞു രണ്ടു പേര്‍ക്കും മോക്ഷം ലഭിച്ചു. 'സത്യം വദ' എന്നു വേദങ്ങള്‍ ഉത്ഘോഷിക്കുമ്പോള്‍ ഭഗവാനു വേണ്ടി ഒരു നുണ പറഞ്ഞു വെറും ഒരു തയിരു കച്ചവടക്കാരന്‍ മോക്ഷം ലഭ്യമാക്കി. 
        സര്‍വ വ്യാപിയായ ഭഗവാന്‍ ഇവിടെ ഇല്ല എന്നു പച്ചക്കള്ളം പറഞ്ഞു അയാള്‍. ഇതേ ചൊല്ലി പാര്‍വതി സരസ്വതി തുടങ്ങിയവര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. അതെങ്ങനെ അയാള്‍ പറഞ്ഞത് ശരിയാകും. ഭഗവാന്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയല്ലേ. അപ്പോള്‍ അയാള്‍ കള്ളം അല്ലെ പറഞ്ഞത്. അയാള്‍ക്കു എങ്ങനെ മോക്ഷം കൊടുക്കാം? എന്നു ചോദിച്ചു.  ശിവപെരുമാന്‍  ചിരിച്ചുകൊണ്ട് അതാണ്‌ കൃഷ്ണ ലീല എന്നു പറഞ്ഞു. പ്രഹ്ലാദനെ ഇവിടെ ഉണ്ട് എന്നു പറയിപ്പിച്ച അതെ പ്രഭു ദധിപാണ്ഡനെ ഇവിടെ ഇല്ല എന്നു പറയിച്ചു അത്രേയുള്ളൂ എന്നു പറഞ്ഞു.
      പെണ്‍പിള്ളൈ ഈ വിഷയം തിരഞ്ഞെടുത്തു. എന്നിട്ട് താന്‍ അതു പോലെ വൈത്തമാനിധി പെരുമാളോട് മോക്ഷം ഒന്നും ചോദിച്ചിട്ടില്ലല്ലോ എന്നു പറഞ്ഞു.  ദധിപാണ്ഡനെ പോലെ ബുദ്ധി  ചാതുര്യം ഒന്നും തനിക്കില്ലല്ലോ. താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു? രാമാനുജര്‍ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ!