Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, April 13, 2011

പ്രേമവേദം ഏപ്രില്‍ - 11

Posted by VEDHASAARAM



ശ്രീമാന്നാരായണീയം
ജംഘേ തലാതലമഥോ സുതലം ച ജാനു
കിഞ്ചോരു ഭാഗയുഗളം വിതലാതലേ ദ്വേ
ക്ഷോണീതലം ജഘനമമ്പരമംഗ! നാഭിര്‍-
വൃക്ഷശ്ച്ച ശക്രനിലയസ്തവ ചക്രപാണേ!
                               (ദശഃ 2  ശ്ലോഃ 2)  
        തലാതലം, എന്നു പേരായലോകം അങ്ങയുടെ കാല്‍
വണ്ണകളും, സുതലം മുട്ടുകളും,വിതലവും അതലവും രണ്ടു ഊരുക്കളുമാകുന്നു. ഹേ ഭഗവാനെ! ക്ഷോണീതലം അരക്കെട്ടും, അംബരം നാഭിയുമാണ്. ചക്രപാണിയായ ദേവാ, ഇന്ദ്രസ്ഥാനമായ സ്വര്‍ഗ്ഗ ലോകം അങ്ങയുടെ വക്ഷസ്ഥലമാകുന്നു.
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 

ആനന്ദരഹസ്യം
        രാധേകൃഷ്ണാ! ഒരു കുളത്തില്‍ പായല്‍ മൂടി കിടന്നാല്‍ അതിലുള്ള വെള്ളം കാണാന്‍ സാധ്യമല്ല. പായല്‍ വാരി കളഞ്ഞാല്‍ മാത്രമേ വെള്ളം കാണാനാകൂ. അതെ പോലെ ഭഗവാന്‍ നമ്മുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷെ കാമ ക്രോധാദികളാകുന്ന പായല്‍ കൊണ്ടു മൂടിയിരിക്കുകയാണ്. എത്രയോ ജന്മങ്ങള്‍ കൊണ്ടു ആര്‍ജ്ജിച്ച വാസനകള്‍ നമുക്ക് ഭഗവത് ദര്‍ശനം  തടസ്സപ്പെടുത്തുന്നു. ഈ അഴുക്കുകള്‍ ഒക്കെ മാറ്റാന്‍ നാമജപം സഹായിക്കും. സദ്ഗുരു ഉപദേശിച്ചു തരുന്ന നാമം വിടാതെ വിശ്വാസത്തോടെ ജപിക്കുക. രാധേകൃഷ്ണാ! 

സദ്ഗുരുവാല്‍സല്യം
"പയനന്റാകിലും പാങ്കു അലറ ആകിലും
സെയാല്‍ നന്റാക തിരുത്തി പണി കൊള്‍വാന്‍
കുയില്‍ നിന്റാര്‍ പൊഴില്‍ സുഴ് കുറുകൂര്‍ നമ്പി    
മുയല്‍കിന്റെന്‍ അവന്‍ മൊയ് കഴര്‍കു അന്‍പൈയേ".
  രാധേകൃഷ്ണാ! സദ്ഗുരുനാഥനു നമ്മെ കൊണ്ടു  എന്തെങ്കിലും പ്രയോജനം ഉണ്ടോ? ഒന്നും ഇല്ല തന്നെ. നമ്മെ കൊണ്ടു അവര്‍ക്ക് യാതൊരു പ്രയോജനവും ഇല്ല. എന്നാല്‍ അവര്‍ പറയുന്നത് അപ്പാടെ അനുസരിക്കാന്‍ നമ്മള്‍ തയ്യാറാണോ എന്ന് ചോദിച്ചാല്‍ അതുവും ഇല്ല. ആകെ സംശയമാണ് നമുക്കു. എന്നാലും സദ്ഗുരു നമ്മെ വീണ്ടും വീണ്ടും നല്‍വഴിക്ക് നയിക്കുന്നു. നാം എത്ര തന്നെ അകന്നു നിന്നാലും സദ്ഗുരുനാഥന്‍ നമ്മുടെ അരികിലെത്തി നമ്മെ ഉദ്ധരിക്കാന്‍ ശ്രമിക്കുന്നു. 
         ഛത്രപതി ശിവജി ഉന്നതനായ ഒരു സത്ശിഷ്യനാണ്. അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യമാണ്‌ ഇന്ന് നാം ധൈര്യത്തോടെ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ടാണ് മഹാരാഷ്ട്ര ദേശം ഇത്രത്തോളം ഭക്തിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ മഹത്വത്തിന് കാരണം സന്ത് തുക്കാറാം, സമര്‍ത്ഥ രാംദാസ്, എന്നാ രണ്ടു സദ്‌ഗുരുക്കളാണ്. അവരുടെ ബലം കൊണ്ടാണ് ഇന്നും ഹിന്ദു മതം ഉറച്ചു നില്‍ക്കുന്നത്. 
      ഒരിക്കല്‍ സന്ത് തുക്കാറാം മഹാരാജിന്റെ ഭജനയ്ക്കു ത്രപതി ശിവജി എത്തി. തുക്കാറാമിന്റെ ഭജനയില്‍ പങ്കെടുക്കാന്‍ തനിക്കു വളരെ ഭാഗ്യം ഉണ്ടെന്ന വിശ്വാസത്തില്‍ ആദ്ദേഹം അവിടെ വന്നിരുന്നു. താന്‍ ഒരു രാജനാണെന്നും മറ്റും ഉള്ള അഹങ്കാരം അദ്ദേഹത്തിന് ഒട്ടുമേ ഇല്ലായിരുന്നു. തുക്കാറാം സ്വയം മറന്നു ഭജനയില്‍ മൂഴ്കിയിരുന്നു. ലജ്ജയില്ലാതെ ഭാഗവന്നാമം ഉറക്കെ ഉറക്കെ എല്ലാവരും പാടി കൊണ്ടിരുന്നു. വിഠലന്‍ പോലും ഭജനയില്‍ മയങ്ങി നില്‍ക്കുകയായിരുന്നു.  ഭജന അത്ര ശ്രദ്ധയോടെ ആയാല്‍ യമധര്‍മ്മരാജന്‍ പോലും നമ്മുടെ പക്കല്‍ വരാന്‍ മടിക്കും. എന്നാല്‍ പിന്നെ മറ്റു ശത്രുക്കളുടെ കാര്യം പറയുകയും വേണോ? ശിവജി കൈയില്‍ യാതൊരു ആയുധവും ഇല്ലാതെ ഭജന്യ്ക്ക് എത്തിയിരുന്നു. 
      തുക്കാറാം സ്വയം മറന്നു ആടി പാടുന്നത് കണ്ടു ശിവജിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. 'ഹോ! എന്തൊരു ഭക്തി!' തനിക്കു ആ മഹാന്റെ ഭജന കാണാനും കേള്‍ക്കാനും ഉള്ള ഭാഗ്യം ദൈവം തന്നല്ലോ എന്നോര്‍ത്ത് പുളകം കൊണ്ടു. അവിടെയിരുന്നവര്‍ അദ്ദേഹത്തെ കണ്ടിട്ടു  രാജനാണെന്ന് തൊഴുതു. ശിവജിയാണെങ്കില്‍ താന്‍ വെറും ഒരു നീചനാണെന്നും, അവരുടെ ഭക്തി കണ്ടാസ്വദിക്കാന്‍ വന്നതാണെന്നും വിനയത്തോടെ പറഞ്ഞു. തനിക്കു സദ്ഗുരുനാഥന്റെ കൃപ ലഭിക്കാനാണ് ഇവിടെ വന്നിരിക്കുന്നത് എന്ന് പറഞ്ഞു ഒതുങ്ങി നിന്ന്. ഭജന കൊഴുത്തു വന്നു. പെട്ടെന്ന് ഒരു രാജദൂതന്‍ വന്നു ശിവജിയുടെ കാതില്‍ മന്ത്രിച്ചു. അദ്ദേഹം നിരായുധനായി ഇവിടെ ഭജനയ്ക്ക് എത്തിയ വിവരം എങ്ങനെയോ അറിഞ്ഞ ശത്രുക്കള്‍ അദ്ദേഹത്തെ എതിരിടാന്‍ ആയുധങ്ങളോടെ അവിടെ എത്തിയിരിക്കുന്നു! 
         ശത്രുക്കള്‍ ആ മന്ദിരം വളഞ്ഞു നില്‍ക്കുകയാണ്. ശിവജി പുറത്തേയ്ക്ക് വന്നാല്‍ അദ്ദേഹത്തെ അവിടെ വെട്ടി കൊല്ലാനും അങ്ങനെ വന്നില്ലെങ്കില്‍ അകത്തു കയറി എല്ലാവരെയും ആക്രമിക്കുവാനും അവര്‍ തീരുമാനിച്ചിരുന്നു. ശിവജി ഇത് കേട്ട് ദുഃഖിതനായി. തന്റെ പ്രാരബ്ധം കാരണം തനിക്കു സ്വൈരമായി ഭജന കേള്‍ക്കാന്‍ പോലും സാധിക്കുന്നില്ലല്ലോ എന്ന് വിചാരിച്ചു. താന്‍ ഇപ്പോള്‍ പുറത്തു പോയില്ലെങ്കില്‍ ഇവിടെ കൂടിയുള്ള ഭക്തന്മാരുടെ ജീവന് പോലും ആപത്താകും. അത് കൊണ്ടു ഭജനയില്‍ നിന്നും പുറത്തേയ്ക്ക് പോകുവാന്‍ തീരുമാനിച്ചു. അദ്ദേഹം പതുക്കെ തുക്കാറാമിന്റെ പാദങ്ങളില്‍ നമിച്ചു. എന്നിട്ട് തന്റെ പ്രാരബ്ധവശാല്‍ തനിക്കു കുറച്ചു  നേരം കൂടി ഇവിടെ തുടരുവാന്‍ സാധ്യമല്ല എന്നറിയിച്ചു. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുവാന്‍ തന്നെ പോകാന്‍ അനുവദിക്കണം എന്നപേക്ഷിച്ചു.
        തുക്കാറാം ചിരിച്ചു, എന്നിട്ട് ഭജനയെക്കാള്‍ മേലായ പ്രാരബ്ധം ഒന്നും തന്നെയില്ല എന്ന് പറഞ്ഞു. ഭജനയില്‍ ഇരിക്കുമ്പോള്‍ പ്രാരബ്ധം ഒന്നും ചെയ്യില്ല. അങ്ങനെയുള്ളപ്പോള്‍ ശിവജി ഭജനയ്ക്കിടയില്‍ പുറത്തു പോകണ്ട കാര്യം ഇല്ല എന്ന് പറഞ്ഞു. ശിവജി വീണ്ടും ക്ഷമ യാചിച്ചു. താന്‍ ഇപ്പോള്‍ പുറത്തു പോയില്ലെങ്കില്‍ അവിടെ ഇരിക്കുന്നവര്‍ക്കൊക്കെ പ്രശ്നമാകും  അതുകൊണ്ടു തന്നെ ഇപ്പോള്‍ പോകാന്‍ അനുവദിക്കണം എന്ന് പറഞ്ഞു. തുക്കാറാം വീണ്ടും ചിരിച്ചു. എന്നിട്ട് 'പാണ്ഡുരംഗന്‍ ഉള്ള സ്ഥലത്ത് പ്രശ്നം വരുമോ? പാണ്ഡുരംഗനെക്കാള്‍ ബലമുള്ളതായി എന്തെങ്കിലും ഉണ്ടോ?  അത് കൊണ്ടു അവിടെ ഇരുന്നു ഭജന്‍ ആസ്വദിക്കു എന്ന് പറഞ്ഞു. ശിവജി മഹാരാജ് വല്ലാത്ത ധര്‍മ്മ സങ്കടത്തിലായി. അദ്ദേഹം വീണ്ടും വിനയത്തോടെ തന്നെ പുറത്തു വിടണം എന്നപേക്ഷിച്ചു. പക്ഷെ തുക്കാറാം പാണ്ഡുരംഗനെ വിട്ടിട്ടു അദ്ദേഹം പോകാന്‍ പാടില്ല എന്ന് തീര്‍ത്തു പറഞ്ഞു. 
       ഗത്യന്തരമില്ലാതെ അദ്ദേഹം അവിടെ ഇരുന്നു. ഭഗവാനോട് എല്ലാവരെയും രക്ഷിക്കണം എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. തന്റെ ഭാരം മുഴുവനും ഭഗവാങ്കല്‍ അര്‍പ്പിച്ചിട്ടു അദ്ദേഹം ഭജനയില്‍ ശ്രദ്ധിച്ചു. ഭജന നടക്കുന്ന മന്ദിരത്തിനു ചുറ്റും ഔറംഗസെബിന്റെ ആള്‍ക്കാര്‍ വളഞ്ഞിരുന്നു. അവര്‍ ശിവജി പുറത്തു വരുന്നതും കാത്തു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ നോക്കുമ്പോള്‍, വാള്‍ എടുത്തു കൊണ്ടു ശിവജി പുറത്തേയ്ക്ക് വരുന്നത് കണ്ടു. അദ്ദേഹം വേഗത്തില്‍ ഒരു കുതിരയുടെ പുറത്തു കയറി ദൂരേയ്ക്ക് പോയി. ഔറംഗസെബിന്റെ  ആള്‍ക്കാര്‍ ഇത് കണ്ടു കൊണ്ടു പുറകെ തുരത്തിക്കൊണ്ടോടി. കുറച്ചു അകലെ എത്തിയപ്പോള്‍ ശിവജി തിരിഞ്ഞു നിന്ന് അവരെ എതിരിടാന്‍ ആരംഭിച്ചു. പിന്നെ അവിടെ നടന്നത് ഗംഭീരമായ ഒരു യുദ്ധമായിരുന്നു. 
         ഓരോരുത്തരായി ശിവജി ശത്രുക്കളെ വെട്ടിയിട്ടു. നൂറു കണക്കിന് ആള്‍ക്കാര്‍ അദ്ദേഹത്തിന്റെ വെട്ടേറ്റു വീണു. ഒറ്റയ്ക്ക് നിന്ന് കൊണ്ടു അദ്ദേഹം പൊരുതുന്നത് കണ്ടു അവര്‍ അമ്പരന്നു. ഇത്രയും ധീരതയോ എന്നവര്‍ ആശ്ചര്യപ്പെട്ടു. ഒടുവില്‍ ശത്രുക്കള്‍ തോറ്റു പിന്‍വാങ്ങി. അതെ സമയം അവിടെ ഭജന തുടര്‍ന്നു കൊണ്ടിരുന്നു. ദീപാരാധനയ്ക്കു സമയം ആയപ്പോള്‍ ഭജന നിര്‍ത്തി ആരതി കാണിച്ചു. തുക്കാറാം അപ്പോള്‍ ഭഗവാനോട് 'വിഠലാ! നിന്റെ ഭക്തനെ രക്ഷിച്ചു കഴിഞ്ഞില്ലേ! ഇനിയെങ്കിലും മടങ്ങി വന്നു കൂടെ എന്ന് ചോദിച്ചു. കേട്ട് നിന്നവര്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്ത് സംഭവിച്ചു എന്നവര്‍ നോക്കി. തുക്കാറാമിന്റെ ഭജന നടക്കുമ്പോള്‍ പാണ്ഡുരംഗന്‍ അവിടെ എപ്പോഴും സന്നിഹിതനാകുന്നതാണ് പതിവ്. ഇന്നെന്താ ഇങ്ങനെ എന്നവര്‍ നോക്കി നിന്നു. തുക്കാറാം മഹാരാജ് 'ആരതിക്ക് സമയമായി. വിലാ വരൂ!' എന്ന് വിളിച്ചു. 
         എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു ശിവജി മഹാരാജ് അകത്തേയ്ക്ക് പ്രവേശിച്ചു. അകത്തു ഒരു ശിവജി ഭജനയില്‍ പങ്കെടുക്കുകയായിരുന്നു. അപ്പോള്‍ ഈ ശിവജി ആരാണ് എന്ന് എല്ലാവരും ആശ്ചര്യത്തോടെ നോക്കി. ആരാണ് ശരിയായ ശിവജി എന്ന് സംശമായി. കയറി വന്ന ശിവജി നേരെ തുക്കാറാമിന്റെ മുന്നിലേയ്ക്ക് വന്നു.  'നിന്റെ ആവശ്യപ്രകാരം ആ ഭക്തനെ ഞാന്‍ രക്ഷിച്ചു കഴിഞ്ഞു ഇപ്പോള്‍ സന്തോഷമല്ലേ?' എന്ന് ചോദിച്ചു. എന്നിട്ട് നേരെ സിംഹാസനത്തില്‍ കയറി ഇരുന്നു. പെട്ടെന്ന് ശിവജിയുടെ രൂപം മാറി, ശംഖു ചക്ര ഗദാപാണിയായി, പീതാംബരം ധരിച്ചു കൊണ്ടിരിക്കുന്ന ഭഗവാന്റെ രൂപം അവിടെ എല്ലാവരും കണ്ടു. ഒരു ക്ഷണത്തില്‍ ഭഗവാന്‍ അന്തര്‍ധാനം ചെയ്തു. 
       ശിവജി പൊട്ടിക്കരഞ്ഞു കൊണ്ടു സത്ഗുരുവായ തുക്കാറാമിന്റെ  പാദങ്ങളില്‍ വീണു നമസ്കരിച്ചു. അടിയനും അങ്ങയുടെ അനുഗ്രഹത്താല്‍ ഈ മഹാ ഭാഗ്യം സിദ്ധിച്ചു. അങ്ങയുടെ ആജ്ഞയാല്‍ പ്രഭു എന്റെ രൂപം ധരിച്ചു എന്നെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു എന്ന് പറഞ്ഞു കരഞ്ഞു.  സദ്ഗുരുവിന്റെ കൃപ മാത്രമാണ് ഇത്രയും സാധിച്ചത്. ശിവാജിക്ക് വേണ്ടി സദ്ഗുരുവായ തുക്കാറാം ഭഗവാനോട്  'പ്രഭോ! ഈ കുഞ്ഞിനു നിന്റെ ഭജനയ്ക്ക് കൂടാന്‍ ആഗ്രഹം ഉണ്ട്. പക്ഷെ രാജ ധര്‍മ്മം അതിനനുവദിക്കുന്നില്ല. നീ തന്നെ അവനെ രക്ഷിച്ചു അനുഗ്രഹിക്കണം' എന്നു പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനായ്ക്കു വശം വദനായി ഭഗവാന്‍ ശിവജിയുടെ രൂപം സ്വീകരിച്ചു അദ്ദേഹത്തെ രക്ഷിച്ചു. 
       ശിവജി മഹാരാജ് ഒന്നും ചെയ്തില്ല. തന്റെ സദ്ഗുരുവിന്റെ ചരണങ്ങളില്‍ സര്‍വം അര്‍പ്പിച്ചു അദ്ദേഹം പറഞ്ഞത്‌ അനുസരിക്കുക മാത്രമാണ് ചെയ്തത്.  അതെ പോലെ സദ്ഗുരുവിന്റെ ചരണങ്ങളില്‍ നാമും അഭയം പ്രാപിച്ചു എല്ലാം അവിടെ അര്‍പ്പിച്ചു വിശ്വസിച്ചാല്‍ നമുക്കും മോക്ഷത്തിനു അധികാരം ഉണ്ട്. മോക്ഷം തന്നെ ലഭിക്കും എന്നുള്ളപ്പോള്‍ മറ്റുള്ളവ ലഭിക്കും എന്നതില്‍ സംശയവും വേണോ? 
       നമുക്കു വലിയ അറിവൊന്നും ആവശ്യം ഇല്ല. വലിയ പഠിപ്പൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല. സദ്ഗുരുനാഥനില്‍ ദൃഡവിശ്വാസം മാത്രം ഉണ്ടെങ്കില്‍ ഈ സംസാര സാഗരം നിഷ്പ്രയാസം കടക്കാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
 "കൃഷ്ണായ വാസുദേവായ ദേവകി നന്ദനായ ച
നന്ദഗോപ കുമാരായ ഗോവിന്ദായ നമോ നമഃ" 
       ഭഗവാന്‍ തന്നെയാണ് ഗതി. ആത്മാവ് ഭഗവാന്റെ സ്വന്തമാണ്, നമ്മുടേതല്ല. എപ്പോള്‍ ആത്മാവ് തന്നെ ഭഗവാന്റെയാകുമ്പോള്‍, ഈ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ആ ശരീരത്തെ ആധാരമാക്കിയുള്ള ജീവിതം എല്ലാം തന്നെ ഭഗവാന്റെ ചുമതലയാണ്.  അത് കൊണ്ടു നിശ്ചിന്തയോടെ, നിര്‍ഭയത്തോടെ ജീവിതം നയിക്കണം. എന്നും ഉണരുമ്പോള്‍ ഹൃദയം പുഷ്പിക്കണം. അതിനു എന്നും കൃഷ്ണ ധ്യാനം ചെയ്യണം.  യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു വിഷയമാണ് കൃഷ്ണ ധ്യാനം. ഏറ്റവും സുഖകരമായ ഒന്നാണ് അത്. മനസ്സ് ഇപ്പോഴും കൃഷ്ണനെ തന്നെ ഓര്‍ക്കണം. എന്നാല്‍ ആനന്ദം അനുഭവിക്കാം. ഭക്തി വളരെ ശ്രേഷ്ടമാണ്.
ലീലാ ശുകാര്‍ കൃഷ്ണ കര്‍ണ്ണാമൃതത്തില്‍ പറയുന്നു:-
   ജാഗൃഹി ജാഗൃഹി ചേതശ്ചിരായ  ച്ചരിതാര്‍ത്ഥതാ ഭവതഃ 
അനുഭൂയതാം ഇദമിദം പുരഃ സ്ഥിതം പൂര്‍ണ്ണ നിര്‍വാണം.  
ഹേ മനസ്സേ! ഉണരൂ! ഉണരൂ! എത്രയോ ജന്മങ്ങള്‍ നീ ഉറങ്ങിപ്പോയി. ഇനിയെങ്കിലും ഉണരൂ! നിനക്ക് ഇപ്പോള്‍ ഭാഗ്യം ലഭിച്ചിരിക്കുകയാണ്.  പൂര്‍വ ജന്മ പുണ്യമാണ് ഇപ്പോള്‍ നിനക്ക് ഭഗവാനെ ധ്യാനിക്കാന്‍ കിട്ടിയ അവസരം. അത് കളയരുത്. ധ്യാനിക്കുമ്പോള്‍ അനുഭവങ്ങള്‍ ലഭിക്കും. അനുഭവിക്കു! അനുഭവിക്കും തോറും കിട്ടിക്കോണ്ടേ  ഇരിക്കും. ഇലയില്‍ വിളമ്പിയ ഭക്ഷണം കഴിച്ചാല്‍ ഉടനെ അടുത്തത് വിളമ്പില്ലേ അത് പോലെ! അനുഭവിച്ചു കൊണ്ടെ ഇരിക്കു! ഹൃദയം തൃപ്തിയാകുന്നത്‌ വരെ അനുഭവിക്കണം. പൂര്‍ണ്ണ ബ്രഹ്മം കൃഷ്ണ രൂപത്തില്‍ വന്നിരിക്കുമ്പോള്‍ അത് അനുഭവിക്കാതെ കളയരുത്!
        ഭഗവത് ഭക്തിക്കു ജാതിയോ, കുലമോ, ഗോത്രമോ ഒന്നും ഭേദമില്ല. പ്രാരബ്ധം അനുസരിച്ച് ഒരു ശരീരം ലഭിക്കുന്നു. അത് നല്ലത് പോലെ ഉപയോഗിച്ചാല്‍ ഭാഗ്യം തന്നെയാണ്. എല്ലാര്‍ക്കും ഭകതിക്ക് അര്‍ഹത ഉണ്ട്. അതിന്റെ ഫലത്തെ കുറിച്ച് നാം ചിന്തിക്കേണ്ട കാര്യമില്ല. അതു പോലെ ഫലേഛ  കൂടാതെ ഭക്തി ചെയ്തു വന്നിരുന്ന ഒരു മഹാനാണ്  ഠാക്കുര്‍ കിഷാന്‍സിംഗ്. ക്ഷത്രിയ വംശത്തില്‍ ജനിച്ച അദ്ദേഹത്തിന് അത്യാശ്ചാര്യകരമായ കൃഷ്ണ ഭക്തി ഉണ്ടായിരുന്നു. ആരോ എവിടെയോ പറഞ്ഞു കേട്ടു അന്ന് മുതല്‍ കൃഷ്ണ നാമജപം ചെയ്യാന്‍ ആരംഭിച്ചു. അദ്ദേഹം തന്റെ കര്‍മ്മങ്ങളെല്ലാം തന്നെ ചെയ്തു വന്നിരുന്നു. കര്‍മ്മങ്ങള്‍ ചെയ്യുന്നത് കൊണ്ടു നാം ഭക്തിയില്‍ നിന്നും അകലുന്നില്ല. ചെയ്യുന്ന കര്‍മ്മങ്ങള്‍ ഭഗവാന് വേണ്ടി ചെയ്തു കൊണ്ടിരുന്നാല്‍ മാത്രം മതി. 
        ഓരോ ദിവസവും അദ്ദേഹം ഇന്ന് ഭഗവാന്‍ തന്റെ ജീവിതത്തില്‍ എന്ത് ലീലയാണ് ചെയ്യാന്‍ പോകുന്നത് എന്ന് കാത്തിരിക്കും. താന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍, പറയേണ്ട വാക്കുകള്‍, എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കും. ഒരു രാജാവിന്റെ മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. 
       ഒരിക്കല്‍ രാജന്റെ കൂടെ അദ്ദേഹം നായാട്ടിനു പോയി. അന്ന് മുഴുവനും അലഞ്ഞു നടന്നിട്ടും അവരുടെ കണ്ണില്‍ മൃഗങ്ങള്‍ ഒന്നും പെട്ടില്ല. അവസാനം ദൂരെ ഒരു മാനിനെ അവര്‍ കണ്ടു. നല്ല കൊഴുത്തു തടിച്ച ശരീരമായിരുന്നു അതിനു. അത് കണ്ടപ്പോള്‍ അവര്‍ ഉത്സാഹത്തോടെ അതിനെ തുരത്തി കൊണ്ടോടി. മാന്‍ തുള്ളി തുള്ളി അകന്നു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ രാജന്‍ വല്ലാതെ ക്ഷീണിച്ചു.  അദ്ദേഹം ഒരിടത്തു ഇരുന്നിട്ട് മന്ത്രിയോട് 'അങ്ങു പോയി അതിനെ വേട്ടയാടി കൊണ്ടു വരൂ നോക്കട്ടെ' എന്ന് പറഞ്ഞു. ഉടനെ അദ്ദേഹം മാനിനെ തുരത്തി കൊണ്ടു പോയി. കുറച്ചു ദൂരം അദ്ദേഹത്തെ ഓടിച്ചു കൊണ്ടു പോയ മാന്‍ ഒരു കുറ്റിക്കാട്ടില്‍ മറയുന്നത് അദ്ദേഹം കണ്ടു. മാനും തളര്‍ന്നു പോയിരുന്നു. 
        ഠാക്കുര്‍ കിഷന്‍സിംഗ് പതുക്കെ ഒച്ച വെക്കാതെ അങ്ങോട്ട്‌ നടന്നടുത്തു.  പിന്നില്‍ നിന്നും പെട്ടെന്ന് അതിനെ പിടി കൂടി തന്റെ കയിലിരുന്ന കത്തി കൊണ്ടു ആഞ്ഞു ഒരു വെട്ടു വെട്ടി. അത് ഒരു ഗര്‍ഭിണിയായ മാനായിരുന്നു. അദ്ദേഹം വെട്ടിയപ്പോള്‍ പിടഞ്ഞു കൊണ്ടു ആ മാന്‍ താഴെ വീണു.  അതെ സമയം അതിന്റെ വയറ്റിലെ മുറിവില്‍ നിന്നും അതിന്റെ കുട്ടിയും പുറത്തേയ്ക്ക് വീണു. താഴെ വീണ മാന്‍ ഠാക്കുര്‍ കിഷന്‍സിങ്ങിനെ ദയനീയമായി ഒന്ന് നോക്കി. 'ഞാന്‍ നിനക്ക് എന്ത് ദോഷം ചെയ്തിട്ടാണ് നീ എന്നെ ഉപദ്രവിച്ചത്' എന്നാ ഭാവത്തില്‍ അതൊന്നു നോക്കി. അതിന്റെ നോട്ടത്തില്‍ കോപമോ, ശാപമോ ഒന്നും തന്നെയില്ലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിനു നേരെ ആ മാന്‍ പ്രാണം വെടിഞ്ഞു കൊണ്ടിരുന്നു. അതിന്റെ കുട്ടിയും മൃതപ്രായമായി കിടന്നു.  അതിന്റെ കണ്ണുകളില്‍ 'കേവലം മൃഗമായ എനിക്ക് പോലും ആനാവശ്യമായി മറ്റുള്ളവരെ ഹിംസിക്കാന്‍ പാടില്ല എന്നറിയാം. മനുഷ്യനായ നീ എന്ത് കൊണ്ടു ഈ നീച കൃത്യം ചെയ്തു' എന്ന ചോദ്യം നിഴലിച്ചിരുന്നു. അദ്ദേഹം നോക്കി നില്‍ക്കെ തള്ള മാനും കുട്ടിയും മരിച്ചു പോയി. 
      ഠാക്കുര്‍ കിഷന്‍സിങ്ങിനു ആ മാനിന്റെ നോട്ടം താങ്ങാനായില്ല.
 അതിന്റെ ദൈന്യത അദ്ദേഹത്തെ വേദനിപ്പിച്ചു. കാരുണ്യം ഒട്ടും ഇല്ലാതെ താന്‍ എത്ര മൃഗീയമായാണ് പ്രവര്‍ത്തിച്ചത് എന്ന് ദുഃഖിച്ചു. തനിക്കാണ് മനുഷ്യത്വം ഇല്ലാതെ പോയത്. ആ മാന്‍ തന്നെ ആ സമയത്തും ശപിച്ചില്ലല്ലോ എന്നോര്‍ത്ത് വിലപിച്ചു. 
അദ്ദേഹത്തിന് പരിവര്‍ത്തനം സംഭവിച്ചുവോ? തുടര്‍ന്നുള്ള സംഭവങ്ങള്‍ എന്താണ് എന്നറിയുവാന്‍ കാത്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!


തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം.
(വാക്യം 46)
'അക്കരൈക്കെ വിട്ടേനോ ഗുഹപ്പെരുമാളൈ പോലെ.'
     രാമായണത്തിലെ തന്നെ ഗുഹന്റെ വിഷയമാണ് അടുത്തതായി പെണ്‍ പിള്ളൈ പറഞ്ഞത്. ശ്രിംഗിവേരപുരത്തിന്റെ അധിപനാണ് ഗുഹന്‍. വേടനാണ്. രാമന്റെ സുഹൃത്തുമാണ്. പെട്ടെന്ന് ഒരുദിവസം ഭഗവാന്‍ രാമന്‍, തന്റെ പത്നിയോടും ലക്ഷ്മണനോടും കൂടെ അവിടെ വരുന്നു എന്നു കേട്ടു അത്ഭുതപ്പെട്ടു. ഉടനെ തന്നെ തേന്‍, പഴങ്ങള്‍ തുടങ്ങിയവ സംഭരിച്ചു തയ്യാറാക്കി വെച്ചു. രാമനും,സീതയും ലക്ഷ്മണനും അവിടെ എത്തി. രാമന്‍ പട്ടാടയ്ക്ക് പകരം മരവുരി ധരിച്ചിരിക്കുന്നത്‌ ഗുഹനെ അത്ഭുതപ്പെടുത്തി. അവരെ സ്വീകരിച്ചു കൊണ്ടു രാമനോട് ഈ വേഷത്തില്‍ ഇവിടെ വരാനുള്ള കാരണം എന്താണെന്ന് തിരക്കി. രാമന്‍ നടന്ന വിഷയങ്ങള്‍ എല്ലാം പറഞ്ഞിട്ട്, താന്‍ ഇപ്പോള്‍ വനവാസത്തിലാണെന്നു അറിയിച്ചു. ഉടനെ തന്നെ ഗുഹന്‍ യാതൊരു മടിയും കൂടാതെ, പ്രഭോ അതിനെന്താ! ഈ ശ്രിംഗിവേരപുരം അങ്ങയുടെതല്ലേ. അങ്ങ് ഈ രാജ്യത്തിരുന്നു ഭരിച്ചു കൊള്ളു എന്ന് പറഞ്ഞു.  ഇതു കേട്ട രാമനു വളരെ സന്തോഷമായി. തന്റെ ഉറ്റ തോഴനായി ഗുഹനെ സ്വീകരിച്ചു. 
       തിരുമങ്കൈ ആള്‍വാര്‍ പറയുന്നു ഭഗവാന് പാവപ്പെട്ടവന്‍ എന്നോ പണക്കാരന്‍ എന്നോ,വലിയവന്‍ എന്നോ ചെറിയവന്‍ എന്നോ ഉള്ള ഭേദമില്ല. ഉള്ളില്‍ കലര്‍പ്പില്ലാത്ത സ്നേഹം ഉണ്ടെങ്കില്‍ അതില്‍ ഭഗവാന്‍ സന്തോഷിക്കുന്നു. ഗുഹന്റെ ശുദ്ധ പ്രേമയില്‍ ഭഗവാന്‍ മയങ്ങി. ഗുഹന്റെ സ്നേഹം സ്വീകരിച്ച ഭഗവാന്‍ പക്ഷെ ഗുഹന്‍ നല്‍കിയ തേനും തെനമാവും നിരസിച്ചു.  ഗുഹന്‍ അതു തെറ്റായി എടുത്തില്ല, ദുഃഖവും തോന്നിയില്ല. ഭഗവാന്റെ ഇഷ്ടം എന്താണോ അതു തന്നെ ശരി എന്ന് വിചാരിച്ചു. 
        ഭഗവാന്‍ ഗുഹനോടു പിറ്റേ ദിവസം തനിക്കു പോകാനായി ഓടം എല്ലാം ഏര്‍പ്പാട് ചെയ്യാന്‍ കല്‍പ്പിക്കുന്നു. രാമനും സീതയ്ക്കും കിടക്കാനായി ഗുഹന്‍ പുല്ലും ഇലകളും കൊണ്ടു കിടക്ക ഒരുക്കുന്നു. എന്നിട്ട് രാത്രി ഉറങ്ങാതെ കാവല്‍ കാത്തു കൊണ്ടു നില്‍ക്കുന്നു. കൂടെ ലക്ഷ്മണനും ഉണ്ട്. പിറ്റേ ദിവസം രാവിലെ പോകാന്‍ തയ്യാറായി. ഗുഹന്‍ തന്റെ ഓടം തയ്യാറാക്കി നിറുത്തിയിരുന്നു. ഭഗവാന്‍ ലക്ഷ്മനനോടു സീതയെ ആദ്യം കൈ പിടിച്ചു ഭദ്രമായി കയറ്റാന്‍ പറയുന്നു. എന്നിട്ട് ലക്ഷ്മണനെയും കയറാന്‍ കല്‍പ്പിക്കുന്നു. രാമന്‍ ഓടത്തില്‍ കയറുന്ന സന്ദര്‍ഭത്തില്‍ ഗുഹന്‍ പെട്ടെന്ന് തടഞ്ഞു. എന്നിട്ട് രാമന്റെ ചരണങ്ങളെ വെള്ളം കൊണ്ടു കഴുകി തുടച്ചു എന്നിട്ട് കയറാന്‍ പറഞ്ഞു. രാമന്‍ ചിരിച്ചുകൊണ്ട് 'ഗുഹാ! പെട്ടെന്ന് എന്താണ് ഇത്ര ബഹുമാനം' എന്ന് ചോദിച്ചു. ഉടനെ ഗുഹന്‍ രാമനോട് 'രാമാ അങ്ങയുടെ പാദത്തിലെ ധൂളി ഏറ്റു ഏതോ ഒരു കല്ലു സ്ത്രീയായി മാറി എന്ന് കേട്ടു. ഇനി അതു പോലെ വല്ലതും എന്റെ ഒടത്തിനു സംഭവിച്ചാല്‍ ഞാന്‍ എന്ത് ചെയ്യും? അതു കൊണ്ടു നിന്റെ കാലുകള്‍ നല്ല പോലെ കഴുകിട്ടു എന്റെ വള്ളത്തില്‍ നീ കയറിയാല്‍ മതി' എന്ന് പറഞ്ഞു.
        ഭഗവാന്‍ ചിരിച്ചു കൊണ്ടു വള്ളത്തില്‍ കയറി. വള്ളപ്പാട്ടുകള്‍ പാടി കൊണ്ടു ഭഗവാനെ അക്കരെ എത്തിച്ചു. ദേവന്മാര്‍ എല്ലാവരും അസൂയയോടെ ഇതു നോക്കി നിന്ന്. സംസാര സാഗരത്തെ തരണം ചെയ്യാന്‍ ആശ്രയിക്കുന്ന ഭഗവാനെ ഗുഹന്‍ തന്റെ വള്ളത്തില്‍ അക്കരെ കടത്തി വിട്ടു. എന്തൊരു ഭാഗ്യം! ആരുടെ നാമം സങ്കീര്‍ത്തനമാണോ സകല ദുഃഖങ്ങളെയും നാശം ചെയ്യുന്നത് അവന്റെ ദുഃഖം ശമിക്കാന്‍ വഞ്ചിപ്പാടുകള്‍ പാടി അക്കര എത്തിച്ചു! ആര്‍ക്കു കിട്ടും ഇങ്ങനെ ഒരു ഭാഗ്യം! 
'അക്കരൈക്കേ വിട്ടേനോ ഗുഹപ്പെരുമാളെപ്പോലെ' 
തനിക്കു ഇതു പോലുള്ള ഗുണം ഒന്നും തന്നെ ഇല്ലല്ലോ. തനിക്കു എന്ത് അധികാരമാണ് ഇവിടെ ഇരിക്കാന്‍ എന്ന് പെണ്‍പിള്ളൈ ചോദിച്ചു. രാമാനുജര്‍ രാമായണ സ്മൃതികളില്‍ മൂഴ്കി ആനന്ദിച്ചു. രാധേകൃഷ്ണാ!