Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, July 13, 2012

പ്രേമവേദം - ജൂലൈ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
തത്രൈവം പ്രതിദർശിതെ നിജപദേ രാത്നാസനാദ്ധ്യാസിതം 
ഭാസ്വത് കോടിലസത്കിരീടകടകാദ്യ കല്പദീപ്രാകൃതി 
ശ്രീവത്സാംഗിതമാത്ത കൌസ്തുഭമണീഛായാരുണം കാരണം 
വിശ്വേഷാം തവ രൂപമൈക്ഷത വിധിസ്തത്തേ വിഭോ ഭാതുമേ.
      (ദശഃ7 ശ്ലോഃ 7)
     ഇപ്രകാരം പ്രദർശിക്കപ്പെട്ട വൈകുണ്ഠ ലോകത്തിൽ രത്ന സിംഹാസനത്തിൽ ഇരിക്കുന്നതും ഉജ്ജ്വളിക്കുന്ന കോടി സൂര്യന്മാരെ പോലെയുള്ള കിരീടം, കടകം മുതലായ ആഭരണങ്ങളണീഞ്ഞു പ്രകാശ പൂർണ്ണമായതും ശ്രീവത്സം അങ്കിതമായിട്ടുള്ളതും കൌസ്തുഭ രത്നകാന്തിയാൽ അരുണവർണ്ണം പൂണ്ടതും എല്ലാ വിശ്വത്തിന്റെയും മൂലകാരണവുമായ അങ്ങയുടെ രൂപത്തെ ബ്രഹ്മാവ്‌ പ്രത്യക്ഷ രൂപത്തില ദർശിച്ചു. ഹേ ഭഗവാനേ, ആ രൂപം എനിനിലും പ്രകാശിപ്പിക്കണമേ.
                                            (പണ്ഡിറ്റ്‌ ഗോപാലാൻനായർ) 

സദ്ഗുരുവാത്സല്യം 
      രാധേകൃഷ്ണാ! ശ്രീ തുക്കാറാം മഹാരാജിനു മാല സമർപ്പിച്ച ഭക്തന്റെ കഥ തുടരുന്നു. അദ്ദേഹം തുക്കാറാമിനെ സഹായിക്കാൻ പതിവായി പാടുമായിരുന്നു. അന്നു എന്തു കൊണ്ടോ നാവാജി പാടാൻ കൂട്ടാക്കിയില്ല. തുക്കാറാം മഹാരാജ് നാവാജിയെ നോക്കി. പക്ഷെ അദ്ദേഹം തല കുനിഞ്ഞിരുന്നു. നാവാജിക്കു തുക്കാറാമിനെ സഹായിക്കാൻ പാടണം എന്നുണ്ടു. പക്ഷെ താൻ തെറ്റു പാടി പാപം ചെയ്യാൻ പാടില്ല എന്നും ഉണ്ടായിരുന്നു. തുക്കാറാം ഒന്നും പറഞ്ഞില്ല. നാവാജിയോടു പാടാനും ആവശ്യപ്പെട്ടില്ല. ആളുകൾ എല്ലാം പരസ്പരം മുറുമുറുത്തു തുടങ്ങി. ജനങ്ങൾക്കു അവരവരുടെ സങ്കല്പങ്ങളല്ലെ! 
         നാവാജി പാടുന്നതു തുക്കാറാമിനു ഇഷ്ടമല്ലെന്നു തോന്നുന്നു എന്നു ഒരു കൂട്ടർ. നാവാജിക്കു എന്തോ വലിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നു എന്നു ചിലർ. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഏതായാലും ഭജന കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. നാവാജിയെ പാടുന്നതിൽ നിന്നും വിലക്കിയ ബ്രഹ്മണനു വീട്ടിൽ ചെന്നപ്പോൾ പെട്ടെന്നു സംസാര ശക്തി നഷ്ടമായി. അയാൾക്കു ശബ്ദം പുറപ്പെടുവിക്കാനേ സാധിക്കുന്നില്ല. പിന്നെങ്ങനെ സംസാരിക്കാൻ! 
         അയാൾക്കു മനസ്സിൽ ലേശം കുറ്റബോധം തോന്നി. താൻ ചെയ്തതു തെറ്റായി പോയോ? ഇതു അതിനുള്ള ശിക്ഷയാണോ എന്നൊക്കെ തോന്നി. എന്തായാലും അയാൾ തുക്കാറാമിന്റെ ശത്രുവായിരുന്നു പിന്നീട് ഭക്തനായി മാറിയ രാമേശ്വര ഭട്ട് എന്ന ബ്രാഹ്മണന്റെ അടുക്കൽ ചെന്നു. എന്നിട്ടു നടന്നതൊക്കെ അദ്ദേഹത്തെ എഴുതി അറിയിച്ചു. രാമേശ്വര ഭട്ട് അയാളെയും നാവാജിയെയും കൂട്ടി തുക്കാറാമിന്റെ അടുക്കൽ ചെന്നു. തുക്കാറാം നടന്നതൊക്കെ കേട്ടു. ഒന്നും പറഞ്ഞില്ല.
           ഈ സമയം അവിടെ ഒരു തോട്ടക്കാരൻ എത്തി. അയാളുടെ കൃഷിയിൽ ഇത്തവണ വെള്ളരിക്ക നല്ല വിളവു തന്നു. അയാൾ ഒരു സാധു ഭക്തനായിരുന്നു. നല്ല വിളവു കിട്ടിയ സന്തോഷത്തിൽ ഒരു വെള്ളരിക്ക തുക്കാറാമിനു സമർപ്പിക്കാൻ കൊണ്ടു വന്നു. തുക്കാറാം അത് സന്തോഷത്തോടെ സ്വീകരിച്ചു എന്നിട്ടു നാളായി മുറിച്ചു. മൂന്നു കഷ്ണങ്ങൾ അദ്ദേഹം രുചിച്ചു കഴിച്ചു. കണ്ടു കൊണ്ടു  നിന്ന രാമേശ്വർ ഭട്ട് 'ഞങ്ങൾക്കു തരില്ലേ മഹാരാജ്' എന്നു ചോദിച്ചു അതിനു തുക്കാറാം മഹാരാജ് ചിരിച്ചു കൊണ്ടു ബാക്കി കഷ്ണത്തെ രണ്ടായി മുറിച്ചു. ഒരു കഷ്ണം ആ ബ്രാഹ്മണന്റെ നേർക്കു നീട്ടി. എന്നിട്ടു  ഭട്ടിനോട് 'ഇതു നിങ്ങകളുടെ പങ്കല്ല' എന്നു പറഞ്ഞു. 
      ബ്രാഹ്മണൻ ശ്രീ തുക്കാറാം മഹാരാജ് തന്ന വെള്ളരിക്ക കഷ്ണം കഴിച്ചു. അയാളുടെ കണ്ണുകളിൽ ആനന്ദ ബാഷ്പം പൊഴിഞ്ഞു. അയാൾ ഉടനെ 'തുക്കാറാം മഹാരാജിനു ജയ്' എന്നുറക്കെ പറഞ്ഞു. കണ്ടു കൊണ്ടിരുന്ന എല്ലാവരും സ്ഥബ്ധരായി. ഇത് ഏതോ ദൈവീകത്വമുള്ള വെള്ളരിക്കയാണു എന്നെല്ലാവരും പറഞ്ഞു. ബാക്കിയിരുന്ന വെള്ളരിക്ക കഷ്ണം അദ്ദേഹം ചെറിയ കഷ്ണങ്ങളാക്കി എല്ലാവർക്കും വീതിച്ചു. എല്ലാവരും ആകംക്ഷയോടെ വാങ്ങി വായിലിട്ടു. വായിലിട്ടപ്പോൾ അതിനു സഹിക്കാൻ വയ്യാത്ത കയ്പ്പുണ്ടെന്നു കണ്ടു. ആർക്കും അതു കഴിക്കുവാൻ സാധിച്ചില്ല. എല്ലാവരും തുപ്പിക്കളഞ്ഞു.
          ഉടനെ എല്ലാവരും തുക്കാറാമിനോട് ഇതെന്താണെന്നു അന്വേഷിച്ചു. തുക്കാറാം മഹാരാജ് 'ഇതു ആ ബ്രഹ്മണനുള്ള മരുന്നാണ്. അതു കൊണ്ടു അദ്ദേഹത്തിനു കൊടുത്തു. നിങ്ങൾക്കു മനസ്സിലാകാൻ വേണ്ടി കുറച്ചു തന്നു എന്നു പറഞ്ഞു. എന്നിട്ടു ആ ബ്രാഹ്മണനോട് നിങ്ങൾ നാവാജിയോടു ചെന്നു മാപ്പപേക്ഷിക്കു. ഏതു നാവു കൊണ്ടു നവാജി പാടുന്നത് തെറ്റു എന്നു പറഞ്ഞോ അതേ നാവു കൊണ്ടു അദ്ദേഹത്തെ പാടാൻ പറയു
 എങ്കിലെ നിങ്ങൾക്കു സുഖം കിട്ടുകയുള്ളു എന്നു പറഞ്ഞു. ആ ബ്രാഹ്മണൻ നാവാജിയുടെയും ആ തോട്ടക്കരന്റെയും കാളകൾ വീണു നമസ്കരിച്ചു. ഭഗവാനെ കുറിച്ചു പാടുവാൻ ഭാവമാണ് പ്രധാനം എന്നു ഇപ്പോൾ എനിക്കു മനസ്സിലായി. നാം പാടുന്ന വാക്കുകൾ തെളിവായും, ഉച്ചാരണ ശുദ്ധിയോടെയും ഇരുന്നാൽ മാത്രം പോരാ. ഹൃദയത്തിൽ ഭാവമാണു വേണ്ടതു എന്നു പറഞ്ഞു. ഇനി അങ്ങു എന്നും പാടണം എന്നു അപേക്ഷിച്ചു. എല്ലാവര്ക്കും സന്തോഷമായി.
            അത്രയ്ക്കു ശ്രേഷ്ഠനാണു തുക്കാറാം മഹാരാജ്. ആ ബ്രാഹ്മണന്റെ തെറ്റു സ്വയം മനസ്സിലാക്കി കൊടുത്തു, നാവാജിയുടെ ഹൃദയ ശുദ്ധി പ്രകടനപ്പെടുത്തി എല്ലാ ശിഷ്യന്മാരെയും ഭഗവാന്റെ പാദാരവിന്ദത്തിങ്കൽ എത്തിച്ചു. സദ്ഗുരുവിന്റെ ചെയ്തികൾ നമുക്കു  മനസ്സിലാക്കുവാൻ പ്രയാസമാണ്. എന്നാലും ശരിയ്ക്കും പ്രാർത്ഥന ചെയ്തു, ദൃഡമായ നാമജപം കൊണ്ടു ഗുരു മഹിമ നമുക്കു മനസ്സിലാക്കാൻ സാധിക്കും. ജയ് സദ്ഗുരു മഹാരാജ് കീ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!     

ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം നാഭാജി എന്ന അനാഥ ബാലന്റെ കഥ വായിച്ചു. ആരും ഇല്ലാതെ നിന്ന അവൻ അഗ്രജീ എന്ന മഹാൻ കൊണ്ടു പോയി വളർത്തി വലുതാക്കി. അവനെ സകലതും പഠിപ്പിച്ചു. അഗ്രജീ ഒരു ദിവസം പൂജാമുറിയിൽ ഒരു പാടു നേരം കതകടച്ചു ഇരുന്നു തുടർന്നു എന്തു സംഭവിച്ചു എന്നു നമുക്കു നോക്കാം. പതിവായി തന്റെ ഗുരു പൂജയ്ക്കിരിക്കുമ്പോൾ നാഭാജി മുറിക്കു പുറത്തു കാവൽ നിൽക്കും. അന്നും പതിവു പോലെ മുറിയുടെ പുറത്തു നിന്നിരുന്നു. തന്റെ ഗുരുവിന്റെ പൂജയ്ക്കു ആരിൽ നിന്നും ഒരു വിഘ്നവും വരാൻ പാടില്ല എന്നു നോക്കും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അദ്ദേഹം വളരെ സമയം കഴിഞ്ഞിട്ടും കതകു തുറന്നില്ല. അകത്തു എന്താണു നടക്കുന്നതു എന്നു നാഭാജി വളരെ നേരം ആലോചിച്ചിരുന്നു അവസാനം അയാൾ കതകു തുറന്നു അകത്തേക്കു കടന്നു. 
        അവിചാരിതമായി തന്റെ പൂജാ മുറിയിൽ നാഭാജി കടന്നു വന്നതും അഗ്രജീ അയാളോട് അതിന്റെ കാരണം അന്വേഷിച്ചു. ഉടനെ നാഭാജി അദ്ദേഹതോടു 'ഭഗവാൻ വരാനായിട്ടല്ലേ അങ്ങു കാത്തിരിക്കുന്നതു എന്നു ചോദിച്ചു. അദ്ദേഹം അത്ഭുതത്തോടെ 'അതെ. പക്ഷെ അതു നിനക്കെങ്ങനെ മനസ്സിലായി?' എന്നു ചോദിച്ചു. അതിനു നാഭാജി 'അങ്ങയുടെ ഒരു ഭക്തൻ പോകുന്ന കപ്പൽ കടലിൽ ചുഴലിക്കാറ്റിൽ അകപ്പെട്ടു. അയാള് ഭഗവാനോട് തന്നെ രക്ഷിക്കണമെന്നും,  അങ്ങയുടെ മൂർത്തിക്കു ധാരാളം ധനം നല്കാം എന്ന് പ്രാർത്ഥിച്ചു. അയാളെ കടലിൽ നിന്നും രക്ഷിക്കാനാണു അങ്ങയുടെ ഭഗവാൻ ഇപ്പോൾ പോയിരിക്കുന്നതു.' എന്നു പറഞ്ഞു കതകടച്ചു പുറത്തേയ്ക്കു പോയി. 
        അഗ്രജീ ഇതു കേട്ടു സ്തംഭിച്ചിരുന്നു. അദ്ദേഹത്തിനു അതു വിശ്വസിക്കാനായില്ല.  കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. മുഴുവനും നനഞ്ഞു വെള്ളം ഒലിപ്പിച്ചു കൊണ്ടാണ് ഭഗവാൻ വന്നത്. അത്ഭുതപ്പെട്ടു കൊണ്ടു അഗ്രജീ ഭഗവാനോട് അതിന്റെ കാരണം തിരക്കി ഉടനെ അഗ്രജീയോട് ഭഗവാൻ 'നിന്റെ ഒരു ഭക്തൻ കടലിൽ മുങ്ങി ചാവാൻ തുടങ്ങി അപ്പോൾ അയാൾ എന്നെ വിളിച്ചു കരഞ്ഞു. ഞാൻ അയാളെ രക്ഷിക്കാൻ പോയിരുന്നു. അയാൾ നിനക്കു മഠത്തിന്റെ നടത്തിപ്പിനായി കുറച്ചു ധനം തരാമെന്നു ഏറ്റിട്ടുണ്ട്.' എന്നു പറഞ്ഞു. അഗ്രജി ഭഗവാനു നിവേദ്യം സമർപ്പിച്ചു പൂജ മുഴുമിപ്പിച്ചു. എന്നിട്ടു പുറത്തു വന്നു. നാഭാജിയെ നോക്കി 'എത്രയോ കാലമായി ഞാൻ ഭാഗവാനെ ആരാധിച്ചു വരുന്നു. പക്ഷെ ഇതു വരെ ഭഗവാൻ എന്ത് ചെയ്തുകൊണ്ടിരിക്കുന്നു എന്നൊന്നും എനിക്കു കാണാൻ പറ്റിയിട്ടില്ല. നിനക്കു  അതെങ്ങനെ മനസ്സിലായി" എന്നു ചോദിച്ചു.'
 ഉടനെ അതിനു നാഭാജി 'ക്ഷമിക്കണം ഗുരു നാഥാ! എനിക്കു മറ്റൊന്നും അറിയില്ല ഞാൻ അങ്ങയെ മാത്രം മനസ്സിൽ ധ്യാനിച്ചു കൊണ്ടിരിക്കും. അപ്പോൾ ഭാഗവാൻ എനിക്കു എല്ലാം കാട്ടിത്തന്നു തെറ്റായെങ്കിൽ എന്നോടു ക്ഷമിക്കു' എന്നു പറഞ്ഞു.  
അഗ്രജീ 'എനിക്കു  വളരെ സന്തോഷമായി നീ നിന്റെ ഉള്ളിൽ ഭഗവാനെ കണ്ടിരിക്കുന്നു. നിന്റെ ഭക്തി വിശേഷപ്പെട്ടതു തന്നെ' എന്നു പറഞ്ഞു നാഭാജിയെ ആലിംഗനം ചെയ്തു. അദ്ദേഹത്തിനു വളരെ സന്തോഷമായി. നാഭാജിയുടെ എകാഗ്ര ചിന്തനയാണു ഇത് സാധിപ്പിച്ചതു.എകാഗ്ര ചിന്ത ഒന്നു മാത്രമാണു ഭഗവത് വിഷയങ്ങൾക്കു അസ്ഥിവാരം. ഏതു തരാം പ്രശ്നമായാലും എകാഗ്ര ചിന്തയുണ്ടെങ്കിൽ അതിനു പരിഹാരം കാണാം. ഗുരുവിനോട് പരിപൂർണ്ണ ശ്രദ്ധ ഉണ്ടെങ്കിൽ  ഭഗവാനെ എളുപ്പം പ്രാപിക്കാം. അതാണു ജന്മരഹസ്യം.
         സ്വാമി രാമാനുജർ തന്റെ ഗുരുവിനു അതീവ ശ്രദ്ധയോടെ കൈങ്കര്യം ചെയ്തു വന്നിരുന്നു. തിരുവരംഗ പെരുമാൾ അരയർ ആണു അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹം രംഗനാഥന്റെ മുന്നിൽ അരയർ സേവ അർപ്പിക്കും. എന്നു വെച്ചാൽ പാസുരങ്ങൾ പാടി അതിനു അഭിനയം പിടിക്കുക എന്നാണു. അതിനു വേണ്ടി സ്വാമി രാമാനുജർ ചന്ദനവും, മഞ്ഞളും കൂട്ടി അരച്ചു അദ്ദേഹത്തിന്റെ ദേഹത്തു പുരട്ടും. ഒരു ദിവസം അങ്ങനെ പുരട്ടുമ്പോൾ തന്റെ ഗുരുവിന്റെ മുഖം ഒരല്പം മാറി പോയതു അദ്ദേഹം ശ്രദ്ധിച്ചു. ഉടനെ തന്നെ അന്നു താൻ അരച്ചത്‌ ഗുരുവിനു അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നു മനസ്സിലായി. ഉടനെ തന്നെ അദ്ദേഹം പോയി വേറെ അരച്ചു കൊണ്ടു വന്നു പുരട്ടി. ഉടനെ അരയരുടെ മുഖം തെളിഞ്ഞു എന്നിട്ടു രാമാനുജരോടു 'എടാ നീ എന്റെ സ്വത്തെല്ലാം കൊള്ളയടിക്കാനാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? എന്നു ചോദിച്ചു. ഉടനെ രാമാനുജരും 'അതെ അങ്ങയുടെ പക്കലുള്ള സ്വത്തു മുഴുവനും ഞാൻ അടിച്ചെടുക്കാനായി ഇങ്ങനെയൊക്കെ ചെയ്യുന്നു' എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ഗുരുവിന്റെ പക്കലുള്ള സ്വത്തു എന്താണു? ജ്ഞാനം തന്നെ! അതു സമ്പാദിക്കുകയല്ലേ ശിഷ്യ ലക്ഷ്യണം!
       രാമാനുജരുടെ ഉത്തരം കേട്ടു സന്തോഷിച്ച ഗുരു അദ്ദേഹത്തിനു ഗുരുവിന്റെ മാഹാത്മ്യ രഹസ്യം പറഞ്ഞു കൊടുത്തു.
'ഉറങ്കും പെരുമാൾ താനേ ഉലാവും പെരുമാളാക വന്താര്പ്പോലെ ഇരുപ്പീരാക" എന്നു പറഞ്ഞു. ആദിശേഷനിൽ ശയനിച്ചിരിക്കുന്ന അതെ ഭഗവാൻ തന്നെയാണു ഗുരുവിന്റെ രൂപത്തിൽ നിന്റെ മുന്നിൽ ചരിക്കുന്നതു എന്ന വിശ്വാസം നിന്നിൽ ഉണ്ടാവട്ടെ എന്നനുഗ്രഹിച്ചു. ഗുരു തന്നെയാണു സാക്ഷാത് പരബ്രഹ്മം. ഈ ഒരു സത്യത്തെ രാമാനുജർക്കു അദ്ദേഹത്തിന്റെ ഗുരു ഉപദേശിച്ചു കൊടുത്തു. ഹൃദയത്തൽ ഗുരുവിന്റെ രൂപം സദാ ധ്യാനിച്ചു കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധയോടെ കൈങ്കര്യം ചെയ്യുക. ഭഗവാനെ പ്രാപിക്കുക രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 58) 
നെടുന്തൂരം പൊനേനൊ നാദമുനികളൈ പോലെ?
     രാധേകൃഷ്ണാ! പെണ്‍പിള്ളൈ രാമാനുജരോടു അടുത്ത വാക്യം പറഞ്ഞു. അതുവും ഒരു ഭക്തന്റെ തന്നെയാണു.  ശ്രീമാന്നാദമുനികൾ!  അദ്ദേഹമില്ലെങ്കിൽ ദിവ്യപ്രബന്ധം എന്നതു തന്നെ ഇല്ല. ദിവ്യദേശങ്ങളും അറിയാതെ പോയേനെ. തിരുപ്പാവൈ ഇല്ല. എല്ലാത്തിനും നാം കടപ്പെട്ടിരിക്കുന്നതു അദ്ദേഹത്തോടാണു. നമ്മുടെ ഗുരുപരമ്പര പ്രാർത്ഥനാ ശ്ലോകത്തിൽ ലക്ഷ്മീനാഥനിൽ തുടങ്ങി നാദമുനികൾ വഴി എന്റെ ഗുരു വരെ എന്നു പറയുന്നു. വീരനാരായണപുരം എന്ന ചെറിയ ഗ്രാമമാണു അദ്ദേഹത്തിന്റെ നാട്. കാട്ടുമന്നനാർ കൊവിലാണു അവിടുത്തെ പ്രധാന ക്ഷേത്രം. വീരനാരായണൻ അവിടുത്തെ മൂർത്തി! അവിടെയിരുന്നു അദ്ദേഹം ഭഗവത് ധ്യാനം ചെയ്തു.     
      ഒരിക്കൽ അദ്ദേഹം തിരുക്കുടന്തൈ ക്ഷേത്രത്തിൽ കുറച്ചു വൈഷ്ണവർകൾ 'ആരാവമുതേ..' എന്നു തുടങ്ങുന്ന പത്തു പാസുരങ്ങൾ പറയുനതു കേട്ടു. ഇതു വളരെ നന്നായിരിക്കുന്നുവല്ലോ എന്നദ്ദേഹം അവരോടു പറഞ്ഞപ്പോൾ അവർ ഇതു നമ്മാഴ്വാരുടെ തിരുവായ്മൊഴിയിൽ നിന്നാണെന്നു പറഞ്ഞു. അദ്ദേഹം എഴുതിയ ആയിരം പാസുരങ്ങളിൽ നിന്നു പത്തെണ്ണം മാത്രമാണു അവർ പാടിയതെന്നു പറഞ്ഞു. അവർക്കു അത്ര മാത്രമേ അറിയൂ എന്നു പറഞ്ഞു. ഇതു കേട്ട നാദമുനികൾ എങ്ങനെയെങ്കിലും അവ പഠിക്കണം എന്നു വിചാരിച്ചു നേരെ ആഴ്വാര് തിരുനഗരി വന്നു ചേർന്നു. പക്ഷെ അവിടെയും ആർക്കും അറിയില്ല. 
       യദൃഛയാ അവിടെ ഒരാൾ അദ്ദേഹം മധുരകവി ആൾവാരുടെ വംശത്തിൽ പെട്ട പരാങ്കുശദാസരോടു ചോദിച്ചാൽ അറിയാമെന്നു പറഞ്ഞു. ഉടൻ തന്നെ നാദമുനികൾ തിരുക്കോളൂർക്കു ചെന്നു അദ്ദേഹത്തെ കണ്ടു. അദ്ദേഹം നാദമുനികൾക്കു തന്റെ പൂർവജനായ മധുരകവി ആൾവാർ എഴുതിയ 'കണ്ണി നുണ്‍ ശിരു താമ്പു ...' എന്നു തുടങ്ങുന്ന പത്തു പാസുരങ്ങൾ പഠിപ്പിച്ചു കൊടുത്തു. നാദമുനികൾ ഉടൻ തന്നെ വീണ്ടും ആഴ്വാർ തിരുനഗരി വന്നിട്ടു അവിടെ തിരുപ്പുളി ആൾവാരുടെ കീഴിൽ ഇരുന്നു കൊണ്ടു ആ പാസുരങ്ങൾ പന്ത്രണ്ടായിരം ആവർത്തി ജപിച്ചു. 
        നമ്മാഴ്വാർ പ്രത്യക്ഷനായി അദ്ദേഹത്തിനു തിരുവായ്മൊഴിയിലെ ആയിരം പാസുരങ്ങളൂം പറഞ്ഞു കൊടുത്തു. എന്നിട്ടു ബാക്കി ആഴ്വാർകളൂ ടെ പാസുരങ്ങളും യഥാക്രമം പഠിപ്പിച്ചു കൊടുത്തു. അങ്ങനെയാണു  പെരിയാഴ്വാർ പാടിയ പാസുരങ്ങളും, ആണ്ടാളൂടെ തിരുപ്പാവൈ, നാച്ചിയാർ തിരുമൊഴി തുടങ്ങിയവയും, കുലശേഖര ആൾവാരുടെ പെരുമാൾ തിരുമൊഴിയും, മറ്റും ദിവ്യ പ്രാബന്ധങ്ങൾ മുഴുവനും നമുക്കു ലഭിച്ചതു. അദ്ദേഹം വീണ്ടും തന്റെ ഗ്രാമമായ തിരുനാരായണപുരത്തിൽ ഇരുന്നു കൊണ്ടു ഇതു തന്റെ ശിഷ്യന്മാർക്കു പഠിപ്പിച്ചു. അദ്ദേഹം പ്രയത്നിചില്ലായിരുന്നെങ്കിൽ കാലപ്പഴക്കത്താൽ മാഞ്ഞു പോയിരുന്ന ദിവ്യപ്രബന്ധം നമുക്കു ഇന്നു അനുഭവിക്കാൻ സാധ്യമല്ലായിരുന്നു.
         ഇതിനായി എത്ര മാത്രം പ്രയത്നപ്പെട്ടു അദ്ദേഹം! ഒരിക്കൽ അദ്ദേഹം തന്റെ ഗൃഹത്തിൽ ഇരുന്നു ദിവ്യ പ്രബന്ധങ്ങൾ ധ്യാനിച്ചു കൊണ്ടിരുന്നു. അപ്പോൾ ഒരു രാജാവ് തന്റെ പത്നിമാരും പരിവാരവും സമേതം അവിടെ വന്നു ചേർന്നു. നാദമുനികൾ ഇതൊന്നും അറിയാതെ ധ്യാനത്തിൽ മുഴുകിയിരുന്നു. രാജാൻ കുറച്ചു നേരം കാത്തിരുന്നിട്ടു തിരിച്ചു പോയി. നാദമുനികൾ ധ്യാനത്തിൽ നിന്നുണർന്നപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർ രാജാൻ വന്നിരുന്ന വിവരം പറഞ്ഞു. ഉടനെ അദ്ദേഹം 'അയ്യോ! നശിപ്പിച്ചല്ലോ!' എന്നു പറഞ്ഞു കൊണ്ടു അവരുടെ പുറകെ ഓടി.
          ഇതു കണ്ടു ജനങ്ങൾ അത്ഭുതപ്പെട്ടു. നാദമുനികളെ പോലെ ഒരാൾ ഒരു രാജാവിനെ കാണാൻ ഓടുകയോ എന്നു അവർക്കു തോന്നി. എല്ലാവരും അദ്ദേഹത്തിന്റെ പിന്നാലെ ഓടി. വഴിയിൽ കാണുന്നവരോടൊക്കെ അദ്ദേഹം 'കണ്ണനും ഗോപികമാരും ഇതിലെ പോകുന്നതു കണ്ടോ?' എന്നു ചോദിച്ചു. അവരെല്ലാവരും അദ്ദേഹത്തിന്റെ ഭാവത്തിൽ അത്ഭുതപ്പെട്ടു. നമുക്കു അങ്ങനെ ഒരു ഭാവം ഉണ്ടാകുമോ? 
       വേറൊരിക്കൽ ഇതു പോലെ ആ രാജൻ തന്റെ മന്ത്രിയും റാണിയും കൂട്ടി നായാട്ടിനു പോയിട്ടു വീരനാരായണപുരം വഴി വന്നു. കാറ്റിൽ നിന്നും പിടിച്ച ഒരു കുരങ്ങനും കയ്യിൽ ഉണ്ടായിരുന്നു. രാജാവിനു നാദമുനികളോടു വളരെ ബഹുമാനം ഉണ്ടായിരുന്നു. രാജൻ നാദമുനികളെ കാണാനായി കയറി. അദ്ദേഹം അന്നും ധ്യാനതിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞു അവർ തിരികെ പോയി. നായാട്ടിനു പോയത് കൊണ്ടു അവർ രാജകീയ വേഷങ്ങളൊന്നും ധരിച്ചിരുന്നില്ല. 
       നാദമുനികൾ ധ്യാനത്തിൽ നിന്നും ഉണർന്നപ്പോൾ വീട്ടുകാർ അദ്ദേഹതൊരു, രണ്ടു വില്ലു ധരിച്ച രണ്ടു ആണുങ്ങളും ഒരു സ്ത്രീയും ഒരു കുരങ്ങനും വന്നിരുന്നു എന്നു പറഞ്ഞു. ഇതു കേട്ട ഉടനെ തന്നെ നാദമുനികൾ 'ശ്രീരാമനും ലക്ഷ്മണനും സീതയും ആഞ്ജനേയരും വന്നിരുന്നു' എന്നു പറഞ്ഞു പുറത്തേക്കു ഓടി. അവിടെയെല്ലാം തിരഞ്ഞിട്ടും അദ്ദേഹത്തിനു അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.  അദ്ദേഹം എന്നിട്ടും വളരെ ദൂരം ഓടി ഓടി അവസാനം മൂർഛിച്ചു  വീണു. ശിഷ്യരെല്ലാവരും പുറകെ ഓടി വന്നു അദ്ദേഹത്തെ എടുത്തു. പക്ഷെ അദ്ദേഹം ജീവൻ വെടിഞ്ഞിരുന്നു. ഭഗവാനെ അന്വേഷിച്ചു അദ്ദേഹം വളരെ ദൂരം ഒടിയില്ലേ?. രാമനെ തിരഞ്ഞു പരമപദമായ വൈകുണ്ഠം വരെ അദ്ദേഹം ഓടി. ആ ഒരു ഭാവം നമുക്കുണ്ടോ? രാമൻ വന്നിരുന്നപ്പോൾ താൻ അഹംഭാവത്തിൽ മുഴുകിയിരുന്നോ, രാമധ്യാനത്തെ മറന്നു പോയോ എന്നൊക്കെ അദ്ദേഹം പുലമ്പി. കരഞ്ഞു കരഞ്ഞു തന്റെ പ്രാണം പോലും വെടിഞ്ഞു. 
         അദ്ദേഹത്തിന്റെ കൊച്ചു മകനാണ് യാമുനാചാര്യൻ എന്നു വിളിക്കുന്ന ആളവന്താർ. അദ്ദേഹത്തിന്റെ ശിഷ്യനാണ് രാമാനുജർ. ആ രാമാനുജരോടു പെണ്‍പിള്ളൈ ദിവ്യപ്രബന്ധതിന്റെ ഉത്ഭവത്തിനെ തന്നെ പറയുന്നു. നാദമുനികളെ പോലെ ഒരു ദൃഡ ഭക്തി തനിക്കുണ്ടൊ എന്നു ചോദിക്കുന്നു. ദിവ്യപ്രബന്ധം കിട്ടാനായി അദ്ദേഹം എത്ര ദൂരം തന്റെ ജീവിതത്തിൽ സഞ്ചരിച്ചിരിക്കുന്നു! അവസാനം ഭഗവാനെ കാണുവാനായി വളരെ ദൂരം സഞ്ചരിച്ചു പരമപടത്തിൽ എത്തിയില്ലേ! താൻ അത് പോലെ ഒന്നും ചെയ്തില്ലല്ലോ. തനിക്കു എന്തു യോഗ്യതയാണ് അവിടെ ഇരിക്കാൻ ഉള്ളതു എന്നു രാമാനുജരോടു അവൾ ചോദിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!