Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, March 13, 2012

പ്രേമവേദം മാര്‍ച്ച് - 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
കോസൌ മാമവദത് പുമാനിതി
ജലാപൂര്‍ണ്ണേ ജഗന്മണ്ഡലെ 
ദിക്ഷുദ്വീക്ഷ്യ കിമപ്യനീക്ഷിതവതാ
 വാക്യാര്‍ത്ഥമുത്പശ്യതാ 
ദിവ്യം വര്‍ഷസഹസ്രമാത്ത തപസാ
തേന ത്വമാരാധിത-
സ്ഥസ്മൈ ദര്‍ശിതവാനാസി സ്വനിലയം
വൈകുണ്ഠമേകാത്ഭുതം!
                                       (ദശഃ 7 ശ്ലോഃ 3) 
      വിശ്വമണ്ഡലം മുഴുവന്‍ ജലാവൃതമായിരിക്കെ, ഇപ്രകാരം എന്നോടു പറഞ്ഞതാരാണെന്നു ചിന്തിച്ചു നാലു ദിക്കിലും നോക്കിയെങ്കിലും ഒന്നും ദര്‍ശിക്കാന്‍ കഴിയാതിരുന്ന ബ്രഹ്മാവ്‌ അശരീരിയുടെ അര്‍ത്ഥം ഗ്രഹിച്ചു ആയിരം ദിവ്യവര്‍ഷങ്ങള്‍ തപസ്സനുഷ്ഠിച്ചു. അങ്ങനെ ബ്രഹ്മാവിനാല്‍ ഭാജിക്കപ്പെട്ട അങ്ങ് എകാതിശയകരവും സ്വവാസസ്ഥാനവുമായ വൈകുണ്ഠം അദ്ദേഹതിനു ദര്‍ശന വിഷയമാക്കി.
                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

പ്രേമസന്ദേശം 
      രാധേകൃഷ്ണാ! ജീവിതത്തിലെ ഓരോ കടമ്പ കടക്കുമ്പോഴും നമുക്കു പുതിയ ശക്തിയും, നവോന്മേഷവും നല്‍കുന്നു. പക്ഷെ നമ്മുടെ വിപരീത ചിന്തകളാല്‍ നമുക്കു തളര്‍ച്ച അനുഭവപ്പെടുന്നു. കൃഷ്ണ നാമം ജപിക്കു! യഥാര്‍ത്ഥമായ സമീപനം കൊണ്ടു ജീവിതത്തില്‍ വിജയിക്കു! കൃഷ്ണ കൃപ അനുഭവിക്കു! രാധേകൃഷ്ണാ!
സദ്ഗുരുവാത്സല്യം
         രാധേകൃഷ്ണാ! സദ്ഗുരുമാരുടെ അത്ഭുതാവഹമായ ലീലകളെ കുറിച്ചു നാം ഈ പംക്തിയില്‍ തുടര്‍ച്ചയായി വായിച്ചു വരുന്നു. ഇതാ സ്വാമി രാഘവേന്ദ്രരുടെ മറ്റൊരു അത്ഭുത ലീല! ഒരിക്കല്‍ ബ്രിട്ടീഷ്‌ രാജ്യ ഭരണ കാലത്തു ശ്രീ രാഘവേന്ദ്രരുടെ മഠത്തിന്റെ സ്വത്തുക്കളെ കണ്ടു കെട്ടണം എന്നു ഒരു ബ്രിട്ടീഷ്‌ അധികാരി നിശ്ചയിച്ചു.  പെട്ടെന്നു അയാളുടെ പക്കല്‍ നിന്നും ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചില്ല. അവര്‍ക്കു എന്തു ചെയ്യണം എന്നറിയാതെ നിന്നു. എന്തായാലും അവരെല്ലാവരും കൂടി അയാളോട് തങ്ങളുടെ മഠത്തിന്റെ നടത്തിപ്പിനും, അന്നദാനം തുടങ്ങി മറ്റു സത്കാര്യങ്ങള്‍ക്കും ആ സ്വത്തു ആവശ്യമാണെന്നു അറിയിച്ചു. പക്ഷെ അയാള്‍ അതൊക്കെ വെറും അനാവശ്യമാണെന്നു വാദിച്ചു. 
        ഭഗവത് ആരാധനയ്ക്കും മറ്റും പണം ചിലവാക്കുന്നത് വെറും വിഡ്ഢിത്തമാണെന്നു അയാള്‍ക്കു തോന്നി. ഒരു ജോലിയും ചെയ്യാതെ വെറുതെ കുത്തിയിരുന്നു തിന്നാന്‍ പ്രേരിപ്പിക്കുന്നതാണ് അന്നദാനം എന്ന ചടങ്ങ്. അതു കൊണ്ടു അതും നിറുത്തണം എന്നയാള്‍ പറഞ്ഞു. ധനം ഇങ്ങനെ വൃഥാ കളയാനുള്ളതല്ല എന്നു അയാള്‍ വാദിച്ചു. മഠത്തിന്റെ നടത്തിപ്പുകാര്‍ക്കു അയാളോട് വാതിച്ചു ജയിക്കുവാന്‍ സാധിച്ചില്ല. 
         എല്ലാം അവരുടെ സദ്ഗുരുവായ രാഘവേന്ദ്രരുടെ ചരണങ്ങളില്‍ അര്‍പ്പിച്ചു അവര്‍ വെറുതെയിരുന്നു. ബ്രിട്ടിഷ് അധികാരി കണക്കുകള്‍ ഒക്കെ പരിശോധിക്കാന്‍ മഠത്തില്‍ വന്നു. അന്നു രാത്രി അയാളുടെ സ്വപ്നത്തില്‍ സ്വാമി രാഘവേന്ദ്രര്‍ പ്രത്യക്ഷപ്പെട്ടു. ആ അധികാരിയോടു താന്‍ ആരാണെന്നു അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടു കാര്യ കാരണങ്ങള്‍ ഒക്കെ നിരത്തി മഠത്തിന്റെ സ്വത്തു തിരിച്ചേല്‍പ്പിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചു. അധികാരിക്കു അദ്ദേഹത്തിന്റെ മുന്നില്‍ സമ്മതം മൂളേണ്ടി വന്നു. ഒരു സന്യാസിയുടെ വേഷത്തില്‍ വന്ന രാഘവേന്ദ്രര്‍ അയാളോട് സംവാദിച്ചത് അയാളുടെ മാതൃ ഭാഷയായ ഇംഗ്ലീഷില്‍ തന്നെയായിരുന്നു. അയാള്‍ക്കു ആ സന്യാസിയോട് വളരെ ബഹുമാനം തോന്നി. ഉറക്കം ഉണര്‍ന്ന അധികാരിക്കു അപ്പോഴാണ്‌ താന്‍ കണ്ടതു സ്വപ്നമാണെന്നു ബോധ്യപ്പെട്ടത്. പക്ഷെ തന്റെ സ്വപ്നത്തില്‍ ആ സ്വാമി വന്നതു സത്യമാണെന്നു അയാള്‍ക്കു മനസ്സിലായി. ആ അന്യ നാട്ടുകാരന് സനാധനമായ ഹിന്ദു ധര്‍മ്മത്തിനെ കുറിച്ചു അയാളുടെ ഭാഷയില്‍ തന്നെ അദ്ദേഹം പറഞ്ഞു കൊടുത്തു.  രാഘവേന്ദ്രരുടെ മഹിമയെ പൂര്‍ണ്ണമായും മനസ്സിലാക്കിയ അധികാരി മഠത്തിന്റെ സ്വത്തുക്കള്‍ തിരികെ വിട്ടു കൊടുത്തു.  ഈ വിവരങ്ങളൊക്കെ സര്‍ക്കാരിന്റെ  ഗസറ്റില്‍ തന്നെ കാണുന്നുണ്ട്. ഗുരു മഹിമ അനന്തമാണ്‌. എത്ര പറഞ്ഞാലും തീരില്ല. സദ്ഗുരു മഹിമയെ മനസ്സിലാക്കി സദ്ഗുരു ധ്യാനത്തില്‍ വ്യാപൃതരാവുക! സദ്ഗതി പ്രാപിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
      രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ബ്രഹ്മ രക്ഷസ്സ്, നമ്പാടുവാനെ തടഞ്ഞു നിര്‍ത്തിയതും നമ്പാടുവാന്‍ ബ്രഹ്മ രക്ഷസ്സിനോടു തന്നെ ക്ഷേത്ര ദര്‍ശനം ചെയ്തു വരുവാന്‍ അനുവദിക്കണം എന്നു അപേക്ഷിക്കുന്നതും കണ്ടു. ബ്രഹ്മ രക്ഷസ്സ് ഇതു കേട്ടു ചിരിച്ചു. എന്നിട്ടു നമ്പാടുവാനോടു "ജീവനില്‍ കൊതിയുള്ളവന്‍ ഇവിടം വിട്ടു പോയാല്‍ തിരിച്ചു വരില്ല എന്നു എനിക്കറിയാം. അതു കൊണ്ടു ഞാന്‍ നിന്നെ വിശ്വസിക്കില്ല" എന്നു പറഞ്ഞു. ജീവിതത്തില്‍ അത്യാവശ്യം ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യനു കളവു പറയാം എന്നു ശാസ്ത്രങ്ങളില്‍ തന്നെ പറയുന്നുണ്ട്. നമ്പാടുവാന്‍ ഉടനെ ബ്രഹ്മ രക്ഷസ്സിനോടു കൈ കൂപ്പി കൊണ്ടു "ഞാന്‍ ഒരു ഭഗവത് ഭക്തനാണ്. സത്യമായിട്ടും ഞാന്‍ തിരിച്ചു വരും. ഞാന്‍ പറയുന്നത് നീ വിശ്വസിക്കണം! എനിക്കു ഈ ശരീരത്തില്‍ നിന്നും മോചനം തരാം എന്നാണു നീ പറയുന്നത്‌. ഇതില്‍ കൂടുതല്‍ വേറെ ഭാഗ്യം ഉണ്ടോ? അതു കൊണ്ടു ഞാന്‍ ഭഗവാനെ ദര്‍ശിച്ചിട്ടു തീര്‍ച്ചയായും തിരിച്ചു വരും" എന്നു പറഞ്ഞു. ഭക്തന്മാര്‍ക്കു ശരീരം വിടുന്നതു ഒരു വലിയ വിഷയമേ അല്ല. തങ്ങളുടെ ശരീരം കൊണ്ടു മറ്റുള്ളവര്‍ക്കു എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അതിനു വേണ്ടി ശരീരം ത്യജിക്കാന്‍ അവര്‍ക്കു ഒട്ടും മടിയില്ല. എന്നെങ്കിലും പോകേണ്ട ശരീരമല്ലേ, ഇപ്പോള്‍ പോയാലും ഒന്നുമില്ല എന്നു വിചാരിക്കും. എന്തായാലും രക്ഷസ്സ് നമ്പാടുവാനെ വിശ്വസിക്കുവാന്‍ തയ്യാറായില്ല. അവസാനം നമ്പാടുവാന്‍ സത്യം ചെയ്തു കൊടുത്തു. "അഥവാ ഞാന്‍ തിരിച്ചു വന്നില്ലെങ്കില്‍ ബ്രഹ്മഹത്യ ചെയ്തവര്‍ക്കു എന്തു നരകമാണോ കിട്ടുന്നതു അതു തന്നെ എനിക്കും കിട്ടും". അവസാനം ബ്രഹ്മരക്ഷസ്സ് അയാളെ വിശ്വസിച്ചു. എന്നിട്ടു "ശരി പോയി ഭഗവാനെ ദര്‍ശിച്ചിട്ടു, നിന്റെ ഇഷ്ടം പോലെ പാട്ടും പാടിയിട്ടു ഉടനെ തിരിച്ചു വരൂ. എനിക്കു ഇനി വേറെ ഭക്ഷണം കിട്ടില്ല. അതു കൊണ്ടു നിന്നെ വിശ്വസിച്ചു ഞാന്‍ കാത്തിരിക്കും" എന്നു പറഞ്ഞു വിട്ടു. 
         നമ്പാടുവാന്‍ ഇതു കേട്ടതും സന്തോഷത്തോടെ ക്ഷേത്രത്തിലേക്കു ഓടി.  ദൂരെ നിന്നു കൊണ്ടു മനം കുളിരെ ഭഗവാനെ പാടി. സമയം പോയത് അറിഞ്ഞില്ല. പെട്ടെന്നു മനസ്സില്‍ താന്‍ ബ്രഹ്മ രക്ഷസ്സിനു കൊടുത്ത വാക്കു ഓര്‍മ്മ വന്നു.  ഉടനെ തനിക്കു അടുത്ത ഏകാദശിക്കു വരാന്‍ പറ്റില്ലല്ലോ എന്നു തോന്നി. പ്രഭോ! എനിക്കു ഇനി ഇവിടെ വരാന്‍ പറ്റില്ല. അങ്ങയെ കാണാതെ തന്നെ എന്റെ ഈ ജീവിതം വ്യര്‍ത്ഥമാകുന്നു എന്നു ദുഃഖിച്ചു. ഭക്തിയിലൂടെ ഭഗവാനെ ദര്‍ശിച്ചാല്‍ ആ ശരീരം വിശേഷപ്പെട്ടതു തന്നെയാണ്. നമ്പാടുവാന്‍ ഭഗവാനോട് പ്രാര്‍ഥിച്ചു. തനിക്കു ഇനി എത്ര ജന്മം കിട്ടിയാലും, ഏതു ജന്മം കിട്ടിയാലും ഭഗവാന്റെ ചരണത്തില്‍ അചഞ്ചലമായ ഭക്തി ഉണ്ടാവണം! ഏതെങ്കിലും ഒരു ജന്മത്തില്‍ തനിക്കു ഭഗവാന്റെ ദര്‍ശനം ലഭിക്കണം! ഭഗവാനെ കാണാന്‍ ഉള്ള അര്‍ഹത തനിക്കു ഇപ്പോള്‍ ഇല്ലായിരിക്കും. അതുകൊണ്ടാണ് ഇതു വരെയും തനിക്കു ദര്‍ശനം കിട്ടാത്തത്. ഭഗവാനെ തനിക്കു ഇനിയെങ്കിലും ആ അര്‍ഹത തന്നു അനുഗ്രഹിക്കണമേ എന്നു പ്രാര്‍ഥിച്ചു. ഇതു പോലെ തടുക്കാന്‍ പറ്റാത്ത ഒരു ആശ ഭഗവാനോട് ഉണ്ടാവണം.                 ഭഗവാന് ആ ഭക്തന്റെ ആഗ്രഹം കണ്ടു മനസ്സലിഞ്ഞു. ഇങ്ങനെയും ഒരു ഭക്തനുണ്ടോ? ഈ ഭക്തനെ അങ്ങനെ വിടാന്‍ ഭഗവാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു.  അയാള്‍ക്കു ദര്‍ശനം നല്‍കണം എന്നു ഭഗവാന്‍ തീരുമാനിച്ചു.  അല്ലെങ്കില്‍ ഭഗവാന്‍ തന്നെ അയാളെ കാണണം എന്നു ആഗ്രഹിച്ചു. അകത്തിരുന്നു കൊണ്ടു ധ്വജ സ്തംഭത്തിനെ ഒരു വശത്തേക്കു ഒതുങ്ങാന്‍ പറഞ്ഞു. അത്ഭുതം! സ്തംഭം അങ്ങനെ ഒരു വശത്തേക്കു നീങ്ങി. ദൂരെ നിന്നു കൊണ്ടിരുന്ന നമ്പാടുവാനു നേരെ ഭഗവാന്‍ ഇരിക്കുന്നതു കാണാന്‍ കഴിഞ്ഞു. അയാള്‍ക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതെന്തു അത്ഭുതം! ധ്വജസ്തംഭം തനിക്കു വേണ്ടി വഴി മാറി തന്നിരിക്കുന്നു! അയാള്‍ കണ്‍ കുളിര്‍ക്കെ നീലമേഘാ ശ്യാമളനായ ഭഗവാനെ കണ്ടു. എന്തൊരു സൌന്ദര്യം! എന്തു ഭംഗി! എത്ര കണ്ടാലും മതിവരാത്ത അഴക്‌! കണ്ണുകള്‍ നിറഞ്ഞൊഴുകി. ഭഗവാനും കൊതി തീരെ തന്റെ ഭക്തനെ തടസ്സം ഒന്നും ഇല്ലാതെ കണ്ടു. എന്തൊരു ഭക്തി! എത്ര ശുദ്ധന്‍! എന്തൊരു പ്രേമ? ഭഗവാനും ആ പ്രേമയില്‍ മയങ്ങി പോയി. രണ്ടു പേരും പരസ്പരം ആസ്വദിച്ചു. പതുക്കെ ബോധം തിരിച്ചു കിട്ടി. നമ്പാടുവാനു സന്തോഷം കൊണ്ടു ഹൃദയം നിറഞ്ഞു. അയാള്‍ക്കു  ഇനി ഒന്നും തന്നെ വേണ്ടാ. വയറു നിറയെ സദ്യ ഉണ്ടാവാന് പിന്നെ എന്തെങ്കിലും കഴിക്കാന്‍ മോഹം കാണുമോ? അതു പോലെ നമ്പാടുവാന്‍ ഭഗവാനെ ഹൃദയം നിറയെ കണ്ടു കഴിഞ്ഞു. അയാള്‍ക്കു ഇനി ജീവിതത്തില്‍ ഒന്നും വേണ്ടാ. തന്റെ ജന്മം സാഫല്യമായി. ഇനി ഈ ശരീരം കൊണ്ടു പ്രത്യേക കാര്യം ഒന്നും തന്നെ ഇല്ല. അയാള്‍ തിരികെ പോകാന്‍ ഒരുങ്ങി. നേരം പുലര്‍ന്നത് കൊണ്ടോ ഓരോരുത്തര്‍ ദര്‍ശനത്തിനായി എത്തി കൊണ്ടിരുന്നു. അവര്‍ ധ്വജ സ്തംഭം നീങ്ങിയിരിക്കുന്നതു കണ്ടു അത്ഭുതപ്പെട്ടു. അവര്‍ക്കാര്‍ക്കും കാര്യം മനസ്സിലായില്ല. എന്തോ അപചാരമാണോ എന്നു അവര്‍ സംശയിച്ചു. ശേഷം കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 56)
           രാധേകൃഷ്ണാ! തിരുക്കോളൂരിലെ ഒരു വീഥിയില്‍ നിന്നു കൊണ്ടു സ്വാമി രാമാനുജര്‍ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം കേട്ടു കൊണ്ടിരുന്നു. തന്റെ തന്നെ ശിഷ്യനായ വറുക നമ്പിയുടെ കാര്യം അവള്‍ പറയുന്നതു കേട്ടു അദ്ദേഹം ആശ്ചര്യം പൂണ്ടു. ഇതുവരെ അദ്ദേഹം അവളോടു ഒന്നും പറഞ്ഞില്ല. അവള്‍ പറയുന്നതു മുഴുവനും അദ്ദേഹം നിന്നു കൊണ്ടു കേട്ടു. അവള്‍ തന്റെ അടുത്ത വാക്യം പറഞ്ഞു. 
      "ഇരുമിടര്‍ പിടിത്തേനോ ശെല്‍വപ്പിള്ളൈയൈ പോലെ"
സ്വാമി രാമാനുജര്‍ ചോഴ രാജനായ കൃമികണ്ഠ ചോഴന്റെ ഉപദ്രവത്താല്‍ ശ്രീരംഗം ഉപേക്ഷിച്ചു മേല്‍കോട്ടൈ തിരുനാരായണപുരം എത്തി ചേര്‍ന്നു. അദ്ദേഹം അവിടുത്തെ രാജനായ വിഷ്ണുവര്‍ദ്ധനെ ജൈന മതത്തില്‍ നിന്നും മാറ്റി ശ്രീ വൈഷ്ണവ സമ്പ്രദായത്തില്‍ കൊണ്ടു വന്നു. അയാളെ കൊണ്ടു മേല്‍കോട്ടൈ ക്ഷേത്രവും പണിയിപ്പിച്ചു. അവിടുത്തെ ജനങ്ങള്‍ക്കു വളരെ ഉത്സാഹമായി. അവര്‍ ഭഗവാനു ഉത്സവം ആഘോഷിക്കണം എന്നു ആഗ്രഹിച്ചു. പക്ഷെ അതിനു ഉത്സവ മൂര്‍ത്തി ഉണ്ടാവണം. ആ ക്ഷേത്രത്തില്‍ മൂല ബിംബം മാത്രം ഉണ്ടായിരുന്നുള്ളൂ. രാമാനുജര്‍ ഭഗവാനോട് പ്രാര്‍ഥിച്ചു. ഭഗവാന്‍ രാമാനുജരോടു തന്റെ ഉത്സവ മൂര്‍ത്തി രാമപ്രിയന്‍ ആണെന്നും തല്‍കാലം രാമപ്രിയന്‍ ദില്ലി ബാദുഷായുടെ കൊട്ടാരത്തില്‍ ആണെന്നും, കൊട്ടാരത്തില്‍ രാജകുമാരിയുടെ കൂടെ ക്രീടിച്ചു കൊണ്ടു ഇരിക്കുന്നു എന്നും അറിയിച്ചു.  
       രാമാനുജര്‍ ഈ കാര്യം ജനങ്ങളെ അറിയിച്ചു. അവര്‍ നിറകണ്ണുകളോടെ രാമനുജരുടെ പാടങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. "അങ്ങയുടെ കാരുണ്യം കൊണ്ടാണു ഞങ്ങള്‍ക്കു ഈ ക്ഷേത്രവും മൂര്‍ത്തിയും ലഭ്യമായത്. അങ്ങ് പറഞ്ഞത് കൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ ഉത്സവ മൂര്‍ത്തി ദില്ലിയില്‍ ഉള്ള വിവരവും ഞങ്ങള്‍ അറിയുന്നത്. അങ്ങയെ പോലെയുള്ള മഹാത്മാക്കള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ അജ്ഞാനത്തില്‍ കിടന്നേനെ" എന്നുണര്‍ത്തിച്ചു.  രാമാനുജര്‍ അവരെ അനുഗ്രഹിച്ചിട്ടു തന്റെ കുറെ ശിഷ്യരെയും കൂട്ടി ദില്ലിയിലേക്കു തിരിച്ചു. വഴിയിലുട നീളം ദിവ്യ ക്ഷേത്രങ്ങള്‍ എല്ലാം ദര്‍ശിച്ചു കൊണ്ടു പോയി. അവസാനം ദില്ലിയില്‍ എത്തി. കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ അദ്ദേഹം ചെന്നു നിന്നു. ആരെയും കാത്തു നില്‍ക്കേണ്ട ആവശ്യം ഇല്ലാത്ത അദ്ദേഹം തന്റെ രാമപ്രിയനു വേണ്ടി ആ മുസ്ലിം രാജാവിന്റെ കൊട്ടാര വാതില്‍ക്കല്‍ കാത്തു നിന്നു. കാവല്‍ക്കാര്‍ ഉടനെ തന്നെ രാജാവിന്റെ ചെന്നു മുഖം കാണിച്ചു. കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ കാവി വസ്ത്രം ഉടുത്ത ഒരു സന്യാസി കാത്തു നില്പുണ്ടെന്നു രാജനെ  അറിയിച്ചു. അദ്ദേഹത്തെ കണ്ടാല്‍ നല്ല ഗാംഭീര്യം തോന്നും. രാജാവിനെ മുഖം കാണിക്കണം എന്നു മാത്രം പറഞ്ഞു. എന്തിനാണെന്നു പറഞ്ഞില്ല എന്നൊക്കെ പറഞ്ഞു. 
        ബാദുഷാ അത്ഭുതപ്പെട്ടു. തന്നെ കാണാന്‍ എന്തിനാണ് ഒരു  ഹിന്ദു സന്യാസി വരുന്നത്? അവര്‍ക്കൊക്കെ മന്ത്ര തന്ത്രങ്ങള്‍ ഒക്കെ വശമല്ലേ. എന്തെങ്കിലും ഉദ്ദേശം കാണുമോ എന്നൊക്കെ സംശയിച്ചു. എന്തായാലും അദ്ദേഹത്തെ അകത്തേക്കു കൂട്ടി കൊണ്ടു വരാന്‍ കല്പിച്ചു. രാമാനുജര്‍ നടന്നു വരുന്നതു കണ്ടു എല്ലാവരും ആശ്ചര്യപ്പെട്ടു. ആ ഗാംഭീര്യവും, തലയെടുപ്പും ധൈര്യവും തന്റേടവും ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു. ബാദുഷാ തന്റെ കൈകള്‍ അറിയാതെ കൂപ്പി കൊണ്ടു അദ്ദേഹത്തെ തൊഴുതു. രാമാനുജരുടെ ആഗമനോദ്ദേശം ചോദിച്ചു. രാമാനുജര്‍ ഒട്ടും ഭയമില്ലാതെ താന്‍ കര്‍ണ്ണാടക ദേശത്തു നിന്നും വരികയാണെന്നു പറഞ്ഞു. 
"അവിടെ തിരുനാരായണപുരം എന്നൊരു ക്ഷേത്രം ഉണ്ട്. അവിടെ ഉത്സവം നടത്തണം എന്നു ഞങ്ങള്‍ ആഗ്രഹിച്ചു. അതിനായി ഒരു പുതിയ ഉത്സവ മൂര്‍ത്തിയെ ഉണ്ടാക്കേണ്ടതില്ല എന്നു ഭഗവാന്‍ ധ്യാനത്തില്‍ എന്നെ അറിയിച്ചു. പഴയ ഉത്സവ മൂര്‍ത്തി ഇവിടെ കൊട്ടാരത്തില്‍ ഉണ്ടെന്നും ഭഗവാന്‍ എന്നോടു പറഞ്ഞു. ഞാന്‍ അതു തിരിച്ചു ചോദിക്കാന്‍ വന്നതാണ്" എന്നു പറഞ്ഞു.
 ഇതു കേട്ട ബാദുഷ വളരെ ആശ്ചര്യമടഞ്ഞു. 
"എന്തു? നിങ്ങളുടെ ദൈവം നിങ്ങളോട് സംസാരിക്കുമോ?
"ഭക്തി കൊണ്ടു ഭഗവാനൊരു സംസാരിക്കാം" എന്നു രാമാനുജര്‍ മറുപടി പറഞ്ഞു. രാജന്‍ മറിച്ചൊന്നും പറഞ്ഞില്ല. ഒരു സേവകനെ വിളിച്ചു വരുത്തി "എടൊ! നാം അവിടവിടെ കൊള്ളയടിച്ചു കൊണ്ടു വന്നിട്ടുള്ള വിഗ്രഹങ്ങള്‍ എല്ലാം ഉള്ള മുറിയില്‍ ഇദ്ദേഹത്തെ കൊണ്ടു പോകു. അദ്ദേഹത്തിനു ആവശ്യമുള്ള മൂര്‍ത്തി അവിടെ ഉണ്ടെന്നു പറയുന്നു. അതു അദ്ദേഹം എടുത്തു കൊള്ളട്ടെ" എന്നു പറഞ്ഞു ശട്ടം കെട്ടി. 
       ദൂതന്‍ രാമാനുജരെ ഒരു വലിയ അറയിലേക്കു ആനയിച്ചു കൊണ്ടു പോയി. അവിടെ സ്വര്‍ണ്ണം പഞ്ചലോഹം തുടങ്ങി വിവിധയിനം ലോഹങ്ങള്‍ കൊണ്ടുള്ള പലേ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഭാരതം മുഴുവനും അയാള്‍ കൊള്ളയടിച്ചു കൊണ്ടു വന്നിരുന്നു.  നമ്മുടെ സനാതനമായ ഹിന്ദു ധര്‍മ്മത്തിനു ഇതുപോലെയുള്ള രാക്ഷസന്മാരില്‍ നിന്നും എത്ര മാത്രം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നു ഓര്‍ത്തു നോക്കുക. അതൊക്കെ കടന്നു ഇന്നും നില നില്‍ക്കുന്നുവെങ്കില്‍ അതാണ്‌ നമ്മുടെ ധര്‍മ്മത്തിന്റെ മഹത്വം എന്നു മനസ്സിലാക്കുക. എത്ര എത്ര മഹാന്മാരാണ് ഇതിനു എതിരെ കാലം കാലമായി പൊരുതു വരുന്നതു! അതു ഇപ്പോഴും തുടരുന്നു എന്നതാണു ഖേദകരമായ സത്യം! നമ്മുടെ ധര്‍മ്മത്തെ നശിപ്പിക്കാന്‍ ഒരുങ്ങുന്ന അസത്തുക്കളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഭഗവാനോട്  പ്രാര്‍ഥിക്കുക! അടുത്ത ലക്കത്തില്‍ തുടരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!