Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, February 12, 2011

പ്രേമവേദം ഫെബ്രുവരി -11

Posted by VEDHASAARAM

നാരായണീയം 
അണ്ഡം തത് ഖലു പൂര്‍വ സൃഷ്ട സലിലേ
      തിഷ്ഠല്‍ സഹസ്രം സമാ 
നിര്‍ഭിന്ദന്നകൃഥാശ്ചതുര്‍ദ്ദശജഗട്രൂപം
വിരാഡാഹവ്യം 
സാഹസ്രൈഃ കരപാദമൂര്‍ദ്ധ നിവഹൈര്‍
ന്നിശ്ശേഷജീവാത്മകോ 
നിര്‍ഭാതോസി മരുത്പുരാധിപ! സമം ത്രായസ്വ 
സര്‍വാമയാല്‍.  
               (ദശഃ 5 ശ്ലോഃ 10)
            അങ്ങനെ അങ്ങയാല്‍ തന്നെ നിര്‍മ്മിതമായ അണ്ഡം ആദ്യമേ സൃഷ്ടിച്ചിട്ടുള്ള ജലത്തില്‍ ആയിരം വര്‍ഷം സ്ഥിതി ചെയ്തു. അങ്ങ് അതിനെ പിളരുകയും വിരാഡ് നാമാവായ പതിനാലു ലോകങ്ങളുടെ ആകൃതിയില്‍ സൃഷ്ടി നടത്തുകയും ചെയ്തു. പിന്നീട് അങ്ങ് ആയിരക്കണക്കിലുള്ള കൈകാലുകളോടും  ശിരസ്സുകളോടും കൂടി എല്ലാ ജീവാത്മാക്കളേയും സ്വയം വഹിച്ചു കൊണ്ടു പ്രശോഭിച്ചു കൊണ്ടിരുന്നു. ഹേ ഗുരുവായൂരപ്പാ! അങ്ങനെയുള്ള അങ്ങ് എന്നെ സര്‍വ്വ രോഗ പീഡകളില്‍ നിന്നും രക്ഷിക്കണേ!
                                            (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)  

ആനന്ദരഹസ്യം
       രാധേകൃഷ്ണാ! ഭക്തി എന്നാല്‍ എന്തു? ചിലര്‍ പറയും ക്ഷേത്രത്തില്‍ പോകുന്നത് ഭക്തി എന്നു. ചിലര്‍ പറയും, പാരായണം ചെയ്യുന്നത് ഭക്തി എന്നു. ചിലര്‍ പറയും, ഉപവാസം ഇരിക്കുന്നതാണ് ഭക്തി എന്നു. ക്ഷേത്രത്തില്‍ പോകുന്നതും, പാരായണം ചെയ്യുന്നതും, ഉപവാസം ഇരിക്കുന്നതും ഒക്കെ ഭക്തിയുടെ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. പക്ഷേ വാസ്തവത്തില്‍ ഇവയൊക്കെ എന്താണു ചെയ്യുന്നത്. നമ്മളില്‍ ഇതൊക്കെ ചെയ്യുന്നു എന്ന അഹങ്കാരം വര്‍ധിപ്പിക്കുന്നു. നാം അറിയാതെ ഭഗവാനില്‍ നിന്നും അകന്നു പോകുന്നു. ഇതിനു എന്താണ് പോംവഴി? നാമജപം! വിടാതെ നാമം ജപിച്ചു കൊണ്ടു എല്ലാം ചെയ്യു. എല്ലാം ഭഗവാന്‍റെ സങ്കല്‍പം എന്നു ധരിച്ചു കൊണ്ടു ചെയ്യു. അപ്പോള്‍ അഹങ്കാരം തനിയെ അകന്നു പോകും. രാധേകൃഷ്ണാ!
സദ്ഗുരുവാത്സല്യം 
           സദ്ഗുരുനാഥന്‍ ഒരു വാഹനത്തെ പോലെയാണ്. ട്രെയിനില്‍ നാം കയറുമ്പോള്‍ ടിക്കറ്റ്‌ എടുക്കുന്നു. അതു കഴിഞ്ഞാല്‍ പിന്നെ ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യം ഇല്ല. നാം ഉദ്ദേശിച്ച സ്ഥലത്ത് ട്രെയിന്‍ നില്‍ക്കുമ്പോള്‍  ഇറങ്ങിയാല്‍ മാത്രം മതി. അതു പോലെ സദ്ഗുരുനാഥനില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുക. നിങ്ങള്‍ എത്തേണ്ട സ്ഥലത്ത് താനേ എത്തിച്ചേരും. അതിനു പകരം കുറച്ചു ദിവസം ഈ ഗുരു പിന്നെ മറ്റൊരു ഗുരു അതു കഴിഞ്ഞു വേറൊരു ഗുരു എന്നു അലഞ്ഞു  നടന്നാല്‍ ഒരിടത്തും എത്തില്ല.
         സദ്ഗുരുനാഥന്‍ ഭഗവാനെ എങ്ങനെ അനുഭവിക്കണം എന്നു നമുക്ക് പറഞ്ഞു തരുന്നു. 
തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനഃ തത്വ ദര്‍ശിനഃ
           താഴ്മയോടെ, സേവ ചെയ്തു കൊണ്ടു, കേള്‍ക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ ജ്ഞാനികള്‍ നിനക്കു തത്വത്തെ ഉപദേശിക്കും എന്നു ഭഗവാന്‍ ഗീതയില്‍ അര്‍ജ്ജുനനോട് പറയുന്നു. യുദ്ധക്കളത്തില്‍ മനസ്സ് തളര്‍ന്നു എന്തു ചെയ്യണം എന്നറിയാതെ ഭഗവാനെ സര്‍വഥാ ആശ്രയിച്ചു, കൃഷ്ണാ എനിക്കു പറഞ്ഞു തരു എന്നു അര്‍ജ്ജുനന്‍ കരഞ്ഞപ്പോള്‍ മാത്രമാണ് ഭഗവാന്‍ ഭഗവത് ഗീത ഉപദേശിച്ചു കൊടുത്തത്. 
ശിഷ്യസ്തേ ശാദി മാം പ്രപന്നഃ 
പ്രഭോ അങ്ങ് എനിക്കു ഗുരുവാണ് ഞാന്‍ അങ്ങയുടെ ശിഷ്യനാണ് അങ്ങ് എനിക്കു വഴി പറഞ്ഞു തരണം  എന്നു പറഞ്ഞു ഭഗവാനെ ശരണം പ്രാപിച്ചു. അതിനു ശേഷം ഭഗവാന്‍ അര്‍ജ്ജുനനു ഉപദേശം ചെയ്യുന്നു.  ഗുരുവിന്‍റെ പാദങ്ങളില്‍ ശരണം പ്രാപിക്കു. ഗുരു നമ്മേ രക്ഷിക്കും. 
       ശ്രീ ശങ്കരര്‍ അദ്വിതീയനായ ഒരു ആചാര്യനാണ്. അദ്ദേഹം അവതരിച്ചില്ലായിരുന്നുവെങ്കില്‍  ഇന്നു എല്ലാവരും ബ്രഹ്മത്തെ വിട്ടിട്ടു ശൂന്യം ശൂന്യം എന്നു പറഞ്ഞു നടന്നേനെ. ഇന്നു വേദപാഠശാലകളും, വേദ അധ്യാനവും നടക്കുന്നുവെങ്കില്‍ നാം അതിനു ശ്രീ ശങ്കരരോതാണ് നന്ദി പറയേണ്ടതു. അദ്വൈതിയായാലും, വിശിഷ്ടാദ്വൈതിയായാലും, ദ്വൈതിയായാലും ആരായിരുന്നാലും ശങ്കരാചാര്യര്‍ക്ക് 
കടപ്പെട്ടവരാണ്. 35 വയസ്സിനുള്ളില്‍ ഭാരതം മുഴുവനും സഞ്ചരിച്ചു ബുദ്ധ മതം എവിടെ ഉത്ഭവിച്ചുവോ അവിടെ നിന്നു തന്നെ അതിനെ തുരതിയില്ലേ?  ബുദ്ധ മതം സര്‍വ്വം ശൂന്യം ശൂന്യം എന്നു പറഞ്ഞു നടന്നപ്പോള്‍, അതല്ല 'ബ്രഹ്മ സത്യം ബ്രഹ്മ സത്യം' എന്നു തറപ്പിച്ചു വാദിച്ചു സത്യം നില നിര്‍ത്തിയ മഹാനാണ് അദ്ദേഹം. 
        അദ്ദേഹത്തിനു ധാരാളം ശിഷ്യരുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ഒരാളോടു മാത്രം മറ്റുള്ളവര്‍ക്ക് അത്ര മതിപ്പില്ല എന്നു അദ്ദേഹം മനസ്സിലാക്കി.  ഗുരുവിനു എല്ലാ ശിഷ്യരും തുല്യരാണ്. എല്ലാരും അരുമ ശിഷ്യര്‍ തന്നെയാണ്. തന്‍റെ ആ ശിഷ്യന്റെ പെരുമയെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തണം എന്നു തീരുമാനിച്ചു.  ഒരിക്കല്‍ സദാനന്ദന്‍ എന്ന ആശിഷ്യന്‍ ആറ്റിന്റെ അങ്ങേക്കരയില്‍ ഗുരുവിന്‍റെ വസ്ത്രം ഉണക്കി കൊണ്ടിരിക്കുകയായിരുന്നു.  പെട്ടെന്ന് ശ്രീ ശങ്കരാര്‍ 'സദാനന്ദാ വരു' എന്നുറക്കെ വിളിച്ചു. സദ്ഗുരുനാഥന്‍ വിളിക്കുന്നത്‌ കേട്ട ആ നിമിഷം തന്നെ അദ്ദേഹം തുണികള്‍ എടുത്തുകൊണ്ടു ഒന്നും ആലോചിക്കാതെ നദിയുടെ കുറുകെ നടന്നു വന്നു. താന്‍ നദിയുടെ അക്കരെയാണല്ലോ എന്നോ,  ഗുരുവിനു അതു അറിയില്ലേ എന്നോ, അദ്ദേഹം തന്നെ ഇത്ര പെട്ടെന്ന് വിളിക്കരുതായിരുന്നു എന്നോ, ഒന്നും തന്നെ അദ്ദേഹം ചിന്തിച്ചില്ല. ഗുരു വിളിച്ചപ്പോള്‍ ഉടനെ പോകണം എന്നു മാത്രം ചിന്തിച്ചു. അദ്ദേഹം നദിയുടെ മുകളില്‍ കൂടി നടന്നു തുടങ്ങി. ഗംഗാ മാതാ ഇതു ശ്രദ്ധിച്ചു. 'ആഹാ ഇതു പോലൊരു സത്ശിഷ്യനെ കാണാന്‍ പോലും കിട്ടില്ല' എന്നു വിചാരിച്ചു.  സത്യം അതാണ്‌. സത്ഗുരുവിനെ കാണാന്‍ സാധിക്കും എന്നാല്‍ ഒരു സത്ശിഷ്യനെ കാണാന്‍ അത്ര വിഷമമാണ്.
    സദ്ഗുരു ഒരു സത്ശിഷ്യനെ തേടി അലയുന്നു. വേദവ്യാസര്‍ക്ക് ഒരേ ഒരു ശുകബ്രഹ്മ മഹര്‍ഷി ശിഷ്യനായി ലഭിച്ചു. ശുക ബ്രഹ്മ മഹര്‍ഷിക്ക് ഒരു പരീക്ഷിത്തിനെ ശിഷ്യനായി ലഭിച്ചു. നല്ല പക്വ്യത വന്ന ശിഷ്യന്‍! അതു പോലെയുള്ള ശിഷ്യനാണ് ആവശ്യം. ധനികനോ, വിദ്വാനോ ആയ ശിഷ്യനല്ല!  അവരെ കൊണ്ടു തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്നോ, തന്‍റെ സംഘം ബലപ്പെടുത്താം എന്നോ,  ധാരാളം ധനം സ്വരൂപിക്കാം എന്നോ ഒരു സത്ഗുരുവും ഒരിക്കലും ചിന്തിക്കുന്നില്ല. ഭാഗവന്നാമ ജപം കൊണ്ടു മോക്ഷം പോലും സിദ്ധിക്കും എന്നിരിക്കെ അവര്‍ക്കു അതിന്‍റെ ആവശ്യം ഉണ്ടോ? ശിഷ്യര്‍ നല്‍കുന്ന കുറച്ചു ധനം കൊണ്ടു അവര്‍ക്കു എന്തു നേടാനാണ്? അഥവാ അവര്‍ എന്തെങ്കിലും നല്‍കിയാല്‍ തന്നെ അതു അവരുടെ പാപങ്ങളാണ്. പ്രാരബ്ധവശാല്‍ അവര്‍ സമ്പാദിക്കുന്ന ധനത്തില്‍ എത്രയോ പാപങ്ങള്‍ മറഞ്ഞിരിക്കുന്നു. അവര്‍ നല്‍കുന്ന പാപങ്ങളെ സ്വീകരിച്ചു അവരുടെ ശക്തി കൊണ്ടു കരിച്ചു കളയുന്നു. മല മൂത്രത്തെക്കള്‍ എത്രയോ വൃത്തികേട്ടതാണു പാപങ്ങള്‍. അതു സദ്‌ഗുരുവല്ലാതെ ആരും സ്വീകരിക്കാന്‍ ഒരുങ്ങുന്നില്ല. നാം കൊടുക്കുന്ന സ്വല്പ ധനം സ്വീകരിച്ചു നാമജപം ചെയ്തു  ഭഗവാനോട് "പ്രഭോ ഈ കുഞ്ഞ് തരുന്നത് സ്വീകരിച്ചു അതിനു അനുഗ്രഹം നല്കണമേ' എന്നു പ്രാര്‍ത്ഥിക്കുന്നു. ഗുരു നല്‍കുന്ന വിഷയങ്ങള്‍ കണ്ണ്കള്‍ക്ക് പ്രത്യക്ഷമായി കാണാന്‍ സാധിക്കില്ല. ആത്മാവിനു ഭക്തിയും, ഭഗവത് ധ്യാനവും, ശാന്തിയും നല്‍കുന്നു. സത്ഗുരുവിന്റെ മഹിമയെ ശിഷ്യര്‍ മനസ്സിലാക്കേണ്ടതാണ്. സദാനന്ദന്‍ ആ രഹസ്യം മനസ്സിലാക്കിയിരുന്നു. തുടര്‍ന്നുള്ള ചരിത്രം അറിയാന്‍ സത്ഗുരുവില്‍ അതു പോലെ വിശ്വാസം അര്‍പ്പിച്ചു കാത്തിരിക്കു. രാധേകൃഷ്ണാ! 
ഭക്തിരഹസ്യം 
       കഴിഞ്ഞ ലക്കത്തില്‍ ഭഗവാന്‍ ആരു എന്തു ഭക്തിയോടെ കൊടുത്താലും സ്വീകരിക്കുന്നു എന്നു ഘണ്ടാകര്‍ണ്ണന്റെ കഥയില്‍ നിന്നും മനസ്സിലാക്കി. ഭഗവാന്‍ നല്‍കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കില്‍ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല.  അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്. തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. ഭഗവാന്‍ ഉത്തമനാണ്.  മൂന്നു വിധം ആള്‍കാര്‍ ഉണ്ടു. അധമന്‍, മധ്യമന്‍ ഉത്തമന്‍ !  അധമന്‍ - ആര്‍ക്കു എന്തു സംഭവിച്ചാലും കുഴപ്പമില്ല തന്‍റെ സുഖം തന്നെ പ്രാധാന്യം എന്നുചിന്തിക്കുന്നവന്‍ അധമന്‍. 
മധ്യമന്‍ - താനും സുഖമായിരിക്കണം, മറ്റുള്ളവരും സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവന്‍ മധ്യമന്‍. ഉത്തമന്‍ - തനിക്കു എന്തു തന്നെ സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവര്‍ സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവന്‍ ഉത്തമന്‍ ! ഭഗവാന്‍ ഉത്തമാനാണ്. തനിക്കു എത്ര പ്രയാസങ്ങള്‍ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു.  ആ ഉത്തമന്റെ അടുക്കല്‍ ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു  ഭക്തരില്‍ യാതൊരു ഭേദവും ഇല്ല.
'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'
തന്‍റെ ഭക്തന്മാരില്‍ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാന്‍ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാന്‍ ഗണിക്കുന്നത്. 
പൂരി ജഗന്നാഥന്‍ വളരെ വിശേഷപ്പെട്ട മൂര്‍ത്തിയാണ്. പൊതുവേ എല്ലാര്‍ക്കും അദ്ദേഹത്തോട് വളരെ പ്രീതിയാണ്. ജഗന്നാഥനു ചമ്പക പൂവ് എന്നാല്‍ വളരെ ഇഷ്ടമാണ്. എന്നും പലരും അദ്ദേഹത്തിനു ചെമ്പക പൂവ് വാങ്ങി നല്‍കും.  രാജകുമാരന്മാരും സാധാരണക്കാരും പതിവായി അങ്ങനെ ഭഗവാനു ചെമ്പക പൂവ് അര്‍പ്പിക്കുക പതിവായിരുന്നു. ഒരു ദിവസം എന്തോ കാരണവശാല്‍ ചന്തയില്‍ ചെമ്പകപൂവിനു ക്ഷാമം അനുഭവപ്പെട്ടു. ചന്ത മുഴുവനും അന്വേഷിച്ചിട്ടും അവര്‍ക്കു ചെമ്പക പൂവ് കാണാന്‍ കഴിഞ്ഞില്ല. ഒരേ ഒരു കടയില്‍ മാത്രം ഒരൊറ്റ ചെമ്പക പൂവ് ഉണ്ടായിരുന്നു.  മൂന്നു രാജകുമാരന്മാര്‍ അതിനു വേണ്ടി അടുത്തു കൂടി. കടക്കാരന്‍ വല്ലാതെ വിഷമിച്ചു. മൂന്നു പേരും ജഗന്നാഥനു വേണ്ടി തന്നെയാണ് പൂവ് ചോദിക്കുന്നത്. അയാള്‍ ആര്‍ക്കു കൊടുക്കും? 
      സ്വാഭാവികമായും അപ്പോള്‍ പൂവിനു ലേലം വിളി ആരംഭിച്ചു. അവിടെ ഞാനോ നീയോ എന്ന മത്സരമല്ല. ഇന്നു ഇപ്പോള്‍ ഒരു പൂവ് ലഭ്യമാണ്. നാളെ അതും കിട്ടുമോ എന്നറിയില്ല. നാളെ ജീവന്‍ ഉണ്ടാവുമോ എന്നും അറിയില്ലല്ലോ.  ഇന്നു  ഭഗവാനു അതു വാങ്ങി ചാര്‍ത്താന്‍ സാധിച്ചാല്‍ അതു നല്ലതല്ലേ എന്ന ഭാവമായിരുന്നു.  അതു കൊണ്ടു എന്തു വില കൊടുത്തും വാങ്ങിക്കാന്‍ അവര്‍ തയ്യാറായി. ഒരു പൂവിനു സ്വര്‍ണ്ണ നാനയതിലായിരുന്നു ലേലം വിളി. ഒരാള്‍ നൂറു സ്വര്‍ണ്ണ നാണയം പറഞ്ഞാല്‍ അടുത്തയാള്‍ നൂറ്റിയൈമ്പതും മറ്റൊരാള്‍ ഇരുനൂറും വരെ പറഞ്ഞു. വില ഉയര്‍ന്നു ഉയര്‍ന്നു വന്നു തുടങ്ങി. ഒടുവില്‍ ഒരു രാജകുമാരന്‍ ആയിരക്കണക്കിന് സ്വര്‍ണ്ണ നാണയം വില പറഞ്ഞു ആ പൂവ് വാങ്ങിച്ചു. ആ പണം കൊണ്ടു അയാള്‍ക്ക്‌ എത്രയോ സ്വര്‍ണ്ണ ചെമ്പകപൂവ് തന്നെ ഉണ്ടാക്കി നല്‍കാമായിരുന്നു. പക്ഷേ അയാള്‍ അതൊന്നും നോക്കിയില്ല. ഇന്നു ഭഗവാനു ചെമ്പക പൂവ് എങ്ങനെയെങ്കിലും അര്‍പ്പിക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. പിന്നെ സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കുന്ന പൂവിനു രൂപം  വേണമെങ്കില്‍ അതു പോലെ ഉണ്ടാകും. പക്ഷേ മണം ഉണ്ടാവില്ല. എത്രയായാലും മരത്തില്‍ പൂത്ത ചെമ്പക പൂവിനു തുല്യമാവില്ലല്ലോ എന്നു ഓര്‍ത്തു .         ആനന്ദം കൊണ്ടു അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഉടനെ എല്ലാവരും അദ്ദേഹത്തോട് 'പൂവ് കിട്ടിയില്ലേ! പിന്നെ എന്തിനാണ് കരയുന്നത്?' എന്നു ചോദിച്ചു. അതിനു അദ്ദേഹം 'എനിക്കു ഇങ്ങനെ ഒരു പ്രശ്നം എപ്പോഴെങ്കിലും ഉണ്ടാകും എന്നു കണക്കാക്കി കരുണാ സാഗരനായ ഭഗവാന്‍ എന്നെ അതു വാങ്ങിക്കാന്‍ സാധിക്കുന്ന ധനസ്ഥിതിയില്‍ വെച്ചിരിക്കുന്നത് ഓര്‍ത്തു കരഞ്ഞു പോയതാണ്' എന്നു പറഞ്ഞു.  ഒരിക്കല്‍ നഞ്ചീയര്‍ തന്‍റെ ഗുരുവായ പരാശര ഭാട്ടരോടു എന്തിനാണ് രംഗരാജന്‍ കാവേരി നദിയുടെ നടുക്ക് ഇങ്ങനെ വന്നു കിടക്കുന്നത്  എന്നു ചോദിച്ചു. അതു കേട്ട ഉടനെ പരാശര ഭട്ടര്‍ പൊട്ടിക്കരഞ്ഞു കൊണ്ടു 'ആന കരഞ്ഞു വിളിച്ചതിന് ശേഷം പരന്നു വന്നു, കലിയുഗത്തില്‍ ഞാന്‍ വിളിക്കും എന്നറിഞ്ഞു അതിനു മുന്‍പേ താനേ വന്നു കിടക്കുകയാണ്' എന്നു പറഞ്ഞു നിറുത്തി. ആന എന്നു അദ്ദേഹം ഉദ്ദേശിച്ചത് ഗജേന്ദ്രനെയാണ്. അതു പോലെ ഈ രാജകുമാരന് ഒരു ദിവസം ചെമ്പക പൂവ് വാങ്ങിക്കാനായി നേരത്തെ തന്നെ നല്ല ധന സ്ഥിതി നല്‍കിയിരുന്നു. 
       രാജകുമാരന്‍ വളരെ വിനീതനായി ഭക്തിയോടെ പ്രാര്‍ത്ഥിച്ചു കൊണ്ടു ആ പൂവ് ഭഗവാനു കൊണ്ടു കൊടുത്തു. 'ഭഗവാനെ ഇന്നു അടിയാണ് ഒരു പൂവ് മാത്രമേ ചാര്‍ത്താന്‍ സാധിച്ചുള്ളൂ. ദയവായി ഇതു സ്വീകരിക്കണമേ എന്നു അഭ്യര്‍ത്ഥിച്ചു. മനസ്സിന് വല്ലാത്ത ശാന്തി തോന്നി.   ഒരിക്കലും താന്‍ ഇതു ചെയ്തു എന്നു അഹങ്കാരം തോന്നിയില്ല. ഭഗവാന്‍റെ കൃപ കൊണ്ടു തനിക്കു ഇന്നു ഇതു സാധിച്ചു എന്നു സന്തോഷിച്ചു. തിരിച്ചു തന്‍റെ കൊട്ടാരത്തില്‍ എത്തി രാത്രി ഉറങ്ങാന്‍ കിടന്നു. ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. സുന്ദര രൂപം! മനം മയക്കുന്ന പുഞ്ചിരി! ഭഗവാന്‍ രാജകുമാരനോട് 'താന്‍ എനിക്കു അര്‍പ്പിച്ച പൂവ് വളരെ ഘനം തോന്നുന്നു' എന്നു പറഞ്ഞു. അദ്ദേഹം അതു അത്ര ആഗ്രഹത്തോടെയാണ് വാങ്ങിയത്. അതിനു വേണ്ടി എത്ര തങ്ക നാണയങ്ങള്‍ ചെലവിടുകയും ചെയ്തു! ആ സ്നേഹ ഭാരം തനിക്കു താങ്ങാന്‍ പറ്റുന്നില്ല എന്നു പറഞ്ഞു. രാജകുമാരന്‍ ഉടനെ പൊട്ടിക്കരഞ്ഞു പോയി. 'പ്രഭോ അങ്ങയ്ക്ക് അതു അത്രയ്ക്ക് ഭാരം തോന്നുന്നുവെങ്കില്‍ അതു ഒരു മൂലയ്ക്ക് മാറ്റി ഇട്ടേക്കു' എന്നു പറഞ്ഞു.  ആ പൂവിനു വേണ്ടി കൊടുത്ത ധനമോന്നും ഒരു കാര്യമായി തോന്നിയില്ല. ഭഗവാന്‍റെ സുഖമാണ് പ്രാധാന്യം എന്നു വിചാരിച്ചു. അതു പോലെ ഒരു ഭക്തി വേണം. അതു പോലെ ഒരു വിനയം വേണം. നാം കൊടുക്കുന്നു എന്ന അഭിമാനം ഇല്ലാതെ, ഭഗവാന്‍റെ കൃപ കൊണ്ടാണ് നമുക്ക് ഇതുസാധിക്കുന്നത് എന്ന വിനയത്തില്‍ ഇരിക്കണം. അതാണ്‌ ശ്രേഷ്ഠം. ആ ഒരു ഭക്തി ഉണ്ടായാല്‍ ജന്മം സാഫല്യമായി. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
        
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 45
              ഭാഗവതത്തില്‍ നിന്നും പെണ്‍പിള്ളൈ അടുത്തതായി രാമായണത്തിലേയ്ക്ക് പോയി. ലക്ഷ്മണനാണ് വിഷയം! ലക്ഷ്മണന്‍ ഭഗവത് കൈങ്കര്യത്തിനു വേണ്ടി മാത്രം ജനിച്ചവനാണ്. വാല്‍മീകി ലക്ഷ്മണനെ 'ലക്ഷ്മീ സമ്പന്നന്‍' എന്നാണു വിളിക്കുന്നത്‌.
'വഴിയടിമൈ ശെയ്തേനോ ലക്ഷ്മണനൈപ്പോലെ?'
പട്ടാഭിഷേകം നിശ്ചയിചിരിക്കുമ്പോള്‍ ഭഗവാനു വനവാസമാണ് കിട്ടിയത്. വനവാസത്തിനു തയ്യാറെടുക്കുമ്പോള്‍ സീതയോട് കൌസല്യാ മാതാവിന് കൈങ്കര്യം ചെയ്തു കൊണ്ടു അയോധ്യയില്‍ തന്നെ ഇരിക്കാന്‍ ആജ്ഞാപിച്ചു.  ഇതു കേട്ടു കൊണ്ടു നിന്ന ലക്ഷ്മണന്‍ ഉള്ളില്‍ തളര്‍ന്നു പോയി. സീതയെ പോലും വരണ്ടാ എന്നു പറയുന്ന രാമന്‍ തന്നെ ചേര്‍ക്കുമോ എന്ന സംശയമായിരുന്നു. സീത ഒടുവില്‍ എങ്ങനെയോ വിജയിച്ചു. ഭഗവാനും ലക്ഷ്മണനോട്  അച്ഛനമ്മയ്ക്ക് തുണയായി ഇരിക്കാന്‍ കല്‍പ്പിക്കുന്നു. ലക്ഷ്മണന്‍ അപ്പോള്‍ രാമനോട് "ഹേ രാമാ! ഞാനും സീതാ മാതാവും അങ്ങയെ പിരിയാന്‍ അശക്തരാണ്. ചിലപ്പോള്‍ പ്രാണം തന്നെ വെടിയുന്നതാണ് എന്നു അപേക്ഷിക്കുന്നു. 
        അമ്മയെ പിടിച്ചാല്‍ ശരണാഗതി ഫലിക്കും എന്നറിയാം. അമ്മ കാരുണ്യവതിയാണ്. ഈ ജീവനു വേണ്ടി അമ്മ ഭഗവാനോട് ശുപാര്‍ശ ചെയ്യുന്നു. ലക്ഷ്മണന് അതറിയാം. അതു കൊണ്ടാണ് അമ്മയെ മുന്‍നിറുത്തി കൊണ്ടു തന്‍റെ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഭഗവാന്‍ വേറെ വഴി ഇല്ലാതെ ശരി എന്നു സമ്മതിച്ചു. 
       വനവാസത്തിനു ഇറങ്ങുമ്പോള്‍ സുമിത്രാ ദേവി മകനോട് 'നീ വനവാസത്തിനായി ജനിച്ചവനാണ്' എന്നു പറയുന്നു.  രാമനും, സീതയ്ക്കും വനത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണം എന്നു ആജ്ഞാപിക്കുന്നു. അമ്മയുടെ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റി. 14 വര്‍ഷം ഉറക്കം പോലും ഇല്ലാതെ ഭഗവാനു കൈങ്കര്യം ചെയ്തു. രാ‍മന്‍ നടക്കുന്ന വഴിയിലെ കല്ലും, മുള്ളും മാറ്റി ഇടും, പഴങ്ങള്‍ പറിച്ചു കൊണ്ടു വരും, സീതാ മാതാവിന് പുഷ്പങ്ങള്‍ പറിച്ചു കൊണ്ടു കൊടുക്കും. പോകുന്ന സ്ഥലത്തെല്ലാം അവര്‍ക്കു തങ്ങാന്‍ പര്‍ണ്ണശാല കെട്ടി കൊടുക്കും. രാത്രി ഭഗവാനും അമ്മയും ഉറങ്ങുമ്പോള്‍ പുറത്തു കണ്ണിമയ്ക്കാതെ കാവല്‍ നില്‍ക്കും. ലക്ഷ്മണനും രാജകുമാരന്‍ തന്നെയാണ്. പക്ഷേ എല്ലാം മറന്നു പോയി. താന്‍ ഭഗവാന്‍റെ ഭ്രുത്യനാണ് എന്നു മാത്രം സദാ ചിന്തിച്ചു. അയാളുടെ ഭാഗ്യം ഓര്‍ത്തു ഭരതന്‍ പോലും കൊതിക്കുകയാണ്. 
       താന്‍ ലക്ഷ്മണനെ പോലെ വൈത്തമാനിധി പെരുമാളിന് യാതൊരു കൈങ്കര്യവും ചെയ്തിട്ടില്ലല്ലോ എന്നു ദുഃഖിക്കുകയാണ് പെണ്‍പിള്ളൈ. തനിക്കു എന്തു അര്‍ഹതയാണ് ഇവിടെ താമസിക്കാന്‍ എന്നു രാമാനുജരോടു ചോദിച്ചു. ലക്ഷ്മണന്റെ സമര്‍പ്പണ ഭാവം അവള്‍ മനസ്സിലാക്കിയിരിക്കുന്നത് കണ്ടു രാമാനുജരും ശിഷ്യരും ആനന്ദിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
രാധേകൃഷ്ണാ!