Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, July 13, 2010

പ്രേമവേദം ജൂലൈ-10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഏവഞ്ച  ദ്വിപരാര്‍ത്ഥകാല വിഗതാ വീക്ഷാം സിസൃക്ഷാത്മികാം
ബിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീ ഭാവയാ മായാ സ്വയം 
മായാതഃ ഖലു കാല ശക്തിരഖിലാ ദൃഷ്ടാ സ്വഭാവോപി ച
പ്രാദുര്‍ഭൂയ ഗുണാന്‍ വികാസ്യ വിദധുസ്തസ്യാ: സഹായക്രിയാം.
                (ദശഃ 5 ശ്ളോഃ 3)
        ഈ സ്ഥിതിയില്‍ രണ്ടു പരാര്‍ദ്ധകാലം കഴിഞ്ഞു സൃഷ്ടി കര്‍മ്മം നടത്താനുള്ള ആഗ്രഹത്താല്‍ അങ്ങ് നോക്കി കൊണ്ടിരിക്കെ മൂന്ന് ലോകങ്ങളുടെ മൂകകാരണമായ മായാ ശക്തി സ്വയം അങ്ങയില്‍ നിന്നു പുറത്തു വന്നു. മായയില്‍ നിന്നുളവായ കാലം, സമസ്ത കര്‍മ്മങ്ങള്‍, സ്വഭാവം എനീ ശക്തികള്‍ സ്വയം പ്രകാശം ചൊരിഞ്ഞു വളരുകയും മായയെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തു. 
                                                    (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
     രാധേകൃഷ്ണ! നമ്മള്‍ ജനിച്ചു കഴിഞ്ഞു.  ഒരു ദിവസം എന്തായാലും മരിക്കും. അപ്പോള്‍ ഇടയ്ക്കുള്ള ജീവിതത്തെ എന്തിനു വൃഥാ നശിപ്പുക്കുന്നത്? ഭഗവാന്‍ തന്ന ഈ ജീവിതം ഭഗവാനു വേണ്ടി ആനന്ദത്തോടെ ജീവിക്കു. മടുപ്പ് കളയു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം
 നാഹം ഇജ്യാ പ്രജാധിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ ഭൂതാത്മാ ഗുരു ശുശ്രൂഷയാ യഥാ 
     രാധേകൃഷ്ണാ! ലോകത്തില്‍ മനുഷ്യരായി ജനിച്ചാല്‍ ആനന്ദം അനുഭവിക്കണം. ആനന്ദമാണ് ജീവിത ലക്‌ഷ്യം. പക്ഷെ ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാര്‍ക്കും ഓരോ ദുഃഖവും, പ്രശ്നവും ഉണ്ട്..  ഈ ശരീരത്തിന് സന്തോഷം ലഭിക്കണമെങ്കില്‍ ഇതിന്‍റെ അകത്തുള്ള ഭഗവാന്‍  തൃപ്തിപ്പെടണം. ഭഗവാനു സന്തോഷമായാല്‍ ആത്മാവ് സന്തോഷിക്കും. പക്ഷെ ഭഗവാനെ എങ്ങനെ തൃപ്തിപ്പെടുത്തും?  ക്ഷേത്രത്തില്‍ പോയാല്‍ തൃപ്തി വരുമോ? അതോ വിവിധ തരം യാഗ യജ്ഞാദികള്‍ കൊണ്ടു സന്തോഷിക്കുമോ? ഇതിനു ഉത്തരം ഭഗവാന്‍ തന്നെ ശ്രീമദ്‌ ഭാഗവതത്തില്‍ കുചേല ഉപാഖ്യാനത്തില്‍ കുചേലനോട് സംസാരിക്കുമ്പോള്‍ പറയുന്നുണ്ട്. 
       യാഗ യജ്ഞങ്ങള്‍ കൊണ്ടോ,  ബ്രഹ്മചര്യ ധര്‍മ്മം കൊണ്ടോ,  ഇന്ദ്രിയങ്ങള്‍ നിഗ്രഹം ചെയ്തു വാനപ്രസ്ഥ ധര്‍മ്മം കൊണ്ടോ, എല്ലാം ഉപേക്ഷിച്ച സന്യാസ ധര്‍മ്മം കൊണ്ടോ, തപസ്സു കൊണ്ടോ, ശാന്തി കൊണ്ടോ ഭഗവാന്‍ സന്തോഷിക്കുന്നില്ല. ഗുരു കൈങ്കര്യം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഭഗവാന്‍ അതില്‍ സന്തോഷിക്കുന്നു.  
      ഗുരുവിനു നാം കൈങ്കര്യം ചെയ്യേണ്ട ആവശ്യം എന്താണ്? ഗുരുവിനു കൈങ്കര്യം ചെയ്യുമ്പോള്‍ നമ്മുടെ പാപങ്ങള്‍ ഒന്നൊന്നായി കത്തി തീരുന്നു. പാപത്തിനു കാരണമായ കര്‍മ്മ വാസനകളും, അഹംകാര  മമകാരാദികളും നശിക്കും. അതു കൊണ്ടു ആത്മാവ് പരിശുദ്ധമാകുന്നു. അപ്പോള്‍ ഭഗവാന്‍റെ സാന്നിധ്യം പരിപൂര്‍ണ്ണമായി അനുഭവപ്പെടുന്നു. അതു കൊണ്ടു ഗുരു കൈങ്കര്യം ചെയ്യുക എന്നത് വളരെ ഉത്തമമായ ഒരു ധര്‍മ്മമാണ്‌. 
     സ്വാമി രാമാനുജര്‍ ഉത്തമനായ ഒരു ആചാര്യനാണ്. ഒരിക്കല്‍  അദ്ദേഹം തിരുമലൈ തിരുപ്പതിക്ക് ഭഗവാനെ ദര്‍ശിക്കാനായി പോയി.  ആ സമയം അദ്ദേഹത്തിന്‍റെ ഒരു ഗുരു പെരിയ തിരുമലൈ നമ്പികള്‍ എന്ന ആചാര്യന്‍റെ അടുത്തു ഒരു വര്‍ഷം രാമായണം കേട്ടുകൊണ്ടിരുന്നു. നമ്പികളുടെ ഒരു ശിഷ്യന്‍ ഗോവിന്ദന്‍ രാമാനുജരുടെ ചിറ്റമ്മയുടെ മകനാണ്.  ഗോവിന്ദന്‍ എന്നും തന്‍റെ ഗുരുവിനു കൈങ്കര്യം ചെയ്തു വന്നിരുന്നു.  രാമാനുജര്‍ ഗോവിന്ദന്‍ ചെയ്യുന്ന കൈങ്കര്യങ്ങള്‍ ശ്രദ്ധിച്ചു വന്നു. 
        ഒരു ദിവസം ഗോവിന്ദന്‍ തന്‍റെ ഗുരു പെരിയ തിരുമലൈ നമ്പികള്‍ക്ക് കിടക്ക ശരിയാക്കിക്കൊണ്ടിരിക്കുന്നതു രാമാനുജര്‍ കണ്ടു.  ആദ്യം നിലം തുടച്ചു വൃത്തിയാക്കിട്ടു കിടക്ക ചുളിവുകള്‍ ഒന്നും ഇല്ലാതെ നിവര്‍ത്തി ഇട്ടു. എന്നിട്ട് തലയിണയൊക്കെ ഭംഗിയായി അടുക്കി വെച്ചു. കിടക്ക കണ്ടാല്‍ തന്നെ കിടക്കാന്‍ തോന്നും. നാം ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. രാമാനുജര്‍ മനസാ ഇതു കണ്ടു സന്തോഷിച്ചു. അടുത്ത ക്ഷണം ഗോവിന്ദന്‍ ചെയ്ത കാര്യം കണ്ടു അദ്ദേഹത്തിന്‍റെ ഭാവം ആകെ മാറി.  വളരെ ഭംഗിയായി കിടക്ക ശരിയാക്കിയ ഗോവിന്ദന്‍ അതില്‍ കയറി കണ്ണടച്ചങ്ങു കിടന്നു. ഇതു കണ്ട രാമാനുജര്‍ ഞെട്ടി പോയി. തന്‍റെ ആചാര്യന്‍റെ കിടക്കയില്‍ ഒരു ശിഷ്യന്‍ കയറി കിടക്കുകയോ! മഹാ പാപമല്ലേ! എന്തൊരു ധിക്കാരം! മാത്രമല്ല ഗോവിന്ദന്‍ കിടക്കയില്‍ കിടന്നു ഉരുളുകയാണ്‌. രാമാനുജര്‍ക്ക് അതു കണ്ടിട്ടു വല്ലാത്ത വിഷമം തോന്നി. കുറച്ചു സമയം കിടന്നിട്ടു ഗോവിന്ദന്‍ എഴുന്നേറ്റു വീണ്ടും കിടക്ക വളരെ ഭംഗിയായി ചുളിവൊന്നും ഇല്ലാതെ നിവര്‍ത്തി വിരിച്ചു. എന്നിട്ട് പോയി.
        രാമാനുജര്‍ നേരെ നമ്പികളെ കണ്ടു നടന്നത് പറഞ്ഞു. ഗോവിന്ദന്‍ കിടക്ക വിരിക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. പക്ഷെ അതിനു ശേഷം അയാള്‍ ചെയ്തത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല. അതു കൊണ്ടു ഗോവിന്ദനെ വിളിച്ചു ചോദിക്കണം എന്നു പറഞ്ഞു. ഉടനെ നമ്പികള്‍ ഗോവിന്ദനെ അരികില്‍ വിളിച്ചു. ഗോവിന്ദന്‍ ഓടിയെത്തി കൈ കെട്ടി നിന്നു. ഉടനെ നമ്പികള്‍ ഗോവിന്ദനോടു " എടാ എന്താ ഞാന്‍ ഈ കേള്‍ക്കുന്നത്? നീ എന്‍റെ കിടക്കയില്‍ കയറി കിടന്നോ?" എന്നു ചോദിച്ചു. ഉടനെ ഗോവിന്ദന്‍ 'അതേ' എന്നു വളരെ വിനയത്തോടെ പറഞ്ഞു.  ഇതിന്‍റെ ഫലം എന്താണെന്ന് നിനക്കറിയാമോ എന്നു നമ്പികള്‍ ചോദിച്ചു. അതിനു ഗോവിന്ദന്‍ 'നല്ല പോലെ അറിയാം, നരകവാസം' എന്നു മറുപടി പറഞ്ഞു. 
       അതു അറിഞ്ഞു കൊണ്ടാണോ നീ അങ്ങനെ ചെയ്തത് എന്നദ്ദേഹം ചോദിച്ചു. അതിനു ഗോവിന്ദന്‍ 'അങ്ങ് എത്രയോ ആത്മാക്കള്‍ക്ക് ശാന്തിയും സന്തോഷവും നല്കുന്നവനാണ്.  അങ്ങയ്ക്ക് രാത്രി നല്ല വിശ്രമം കിട്ടേണ്ടതു അത്യാവശ്യമാണ്.  അതിനു കിടക്കയില്‍ ഒരു ചുളിവോ മടക്കോ ഒരു തുരുമ്പോ ഒന്നും ഇരിക്കാന്‍ പാടില്ല. അങ്ങനെയായാല്‍ അങ്ങയ്ക്ക് രാത്രി ഉറക്കം ശരിയാവില്ല. അതു കൊണ്ടു കിടക്ക പൂര്‍ണ്ണമായും സുഖമാണോ എന്നു ഞാന്‍ കിടന്നു നോക്കും, എന്നിട്ട് എനിക്കു തൃപ്തി വന്നാല്‍ മാത്രമേ ഞാന്‍ സമ്മതിക്കു. അതു കൊണ്ടു  നരകം സംഭവിച്ചാലും എനിക്കു ദുഃഖമില്ല. ഗുരുവിന്‍റെ ശരീരത്തിന് അസൌകര്യം സംഭാവിക്കുന്നതിലും ഭയങ്കരമായ നരകം വേറെ ഒന്നും ഇല്ല' എന്നു പറഞ്ഞു.  
       ഇതു കേട്ടു നിന്ന രാമാനുജര്‍ കോരിത്തരിച്ചു പോയി. എന്തൊരു ആചാര്യ ഭക്തി! ഇത്രയും ആചാര്യ ഭക്തിയുള്ളവനില്‍ ഭഗവാന്‍ വളരെ  പ്രീതനാകുന്നു. അതുകൊണ്ടു ആചാര്യനു തന്നാലാവും വിധം ശ്രദ്ധയോടെ കൈങ്കര്യങ്ങള്‍ ചെയ്തു ഭഗവാന്‍റെ പ്രീതിക്ക് പാത്രമാവുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
അര്‍ജ്ജുന ഭക്തി- 2 
       രാധേകൃഷ്ണാ! മഹാ ഭക്തനായ കാലവ മഹര്‍ഷി സന്ധ്യാ വന്ദനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു അര്‍ഘ്യ ജലം എടുത്തു ഉയര്‍ത്തിയപ്പോള്‍ അതില്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയത് വീണു എന്നു നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു.  അദ്ദേഹം ചുറ്റും നോക്കി ആരെയും കണ്ടില്ല. ഇതു ഭൂമിയില്‍ നിന്നു ആരും ചെയ്തതായിരിക്കില്ല എന്നു തോന്നിട്ടു അദ്ദേഹം മുകളിലേയ്ക്ക് നോക്കി.  അവിടെ ഒരു ഗന്ധര്‍വന്‍ തന്‍റെ ഭാര്യ മാരോടു കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. തന്‍റെ സുഖ ഭോഗങ്ങളില്‍ മുഴികിയിരിക്കുകയായിരുന്നു. ഐശ്വര്യ മദം കൊണ്ടു മര്യാദ മറന്നു പോയി. താന്‍ സഞ്ചരിക്കുന്നത് യമുനയുടെ മുകളില്‍ കൂടിയാണ്,  ഈ പുലര്‍ച്ച സമയത്ത് ഏതെങ്കിലും ഭക്തന്മാര്‍ അവിടെ കര്‍മ്മാനുഷ്ടാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കും,  എന്നൊന്നും അയാള്‍ ഓര്‍ത്തില്ല. ഭഗവാനു ഏറ്റവും വിരോധമുള്ള ഒരു വിഷയം അഹംഭാവമാണ്.  അതു മാത്രം ഭഗവാന്‍ ക്ഷമിക്കുകയില്ല. 
      നമുക്ക് അഹങ്കരിക്കാനുള്ള യാതൊരു അര്‍ഹതയും ഇല്ല.  ഭഗവാന്‍ എല്ലാം നടത്തുന്നത് കൊണ്ടു കാര്യങ്ങള്‍ നടക്കുന്നു. പക്ഷേ നാം അതു മനസ്സിലാക്കാതെ അഹംഭാവത്തില്‍ തുള്ളുന്നു.
ഗന്ധര്‍വനും തന്‍റെ ഐശ്വര്യത്തിലും ഭാഗ്യത്തിലും മതി മറന്നു ഭഗവാനെ മറന്നു.  ഒരു മഹാ ഭാഗവതനാണ്  അപചാരം ചെയ്തത്. ഒരിക്കലും ആരും അതു ചെയ്യാന്‍ പാടില്ല. നാം എന്തു തെറ്റു ചെയ്താലും ഭഗവാന്‍ ക്ഷമിക്കും. പക്ഷേ തന്‍റെ ഭക്തന്മാരോടു അപരാധം ചെയ്താല്‍ ഒരിക്കലും ക്ഷമിക്കില്ല.
        കാലവ മഹര്‍ഷിക്ക് ഗന്ധര്‍വന്റെ അഹങ്കാരം കണ്ടിട്ടു വല്ലാതെ കോപം വന്നു. അദ്ദേഹം ഒന്നും ആലോചിക്കാതെ ഇന്നു അസ്തമനത്തിനു മുന്‍പ് അയാളുടെ മരണം നിശ്ചയം എന്നു ശപിച്ചു. അതിനു ശേഷം വീണ്ടും നല്ല ജലം എടുത്തു അര്‍ഘ്യം അര്‍പ്പിച്ചു തന്‍റെ കര്‍മ്മാനുഷ്ടാനം പൂര്‍ത്തിയാക്കി. എന്നിട്ട് തന്‍റെ ആശ്രമത്തിലേക്ക് മടങ്ങി. 
      കുറച്ചു നേരം ആയപ്പോഴേക്കും അദ്ദേഹത്തിനു മനസ്സില്‍ ഒരു വിഷമം തോന്നി.  ആ ഗന്ധര്‍വന്‍ അറിയാതെ ചെയ്ത ഒരു അപരാധത്തിന് താന്‍ ഇത്ര കഠിനമായ ശിക്ഷ നല്‍കണമായിരുന്നോ എന്നു പശ്ചാത്തപിച്ചു. അയാള്‍ അഹങ്കാരത്തില്‍ അറിയാതെ ചെയ്ത തെറ്റാണ്. അതു അയാളെ പറഞ്ഞു മനസ്സിലാക്കണം. പക്ഷേ അതിനു പകരം ജീവന്‍ എടുക്കണം എന്നു താന്‍ പറഞ്ഞത് തെറ്റായോ എന്നു തോന്നി. 
       മനസ്സില്‍ ചഞ്ചലം തോന്നിയപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതാണ്‌ ഗുരു പ്രഭാവം! ഒരു ജീവന്‍റെ മനസ്സില്‍ സമാധാനം നഷ്ടപ്പെട്ടാല്‍ ഗുരു എങ്ങനെയെങ്കിലും അവിടെ എത്തും. നാരദര്‍ എന്നാല്‍ ജ്ഞാനം നല്‍കുന്നവന്‍ എന്നര്‍ത്ഥം! കാലവ മഹര്‍ഷി നാരദരെ സ്വീകരിച്ചു ഇരുത്തി. നാരദര്‍ മഹര്‍ഷിയോട് അങ്ങയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം അന്ന് നടന്ന സംഗതികളെല്ലാം വിസ്തരിച്ചു പറഞ്ഞു. അപ്പോഴത്തെ കോപത്തില്‍ താന്‍ ആ ഗന്ധര്‍വനെ ശപിച്ചതും അതിനു ഇപ്പോള്‍ പാശ്ചാതപിക്കുന്നു എന്നും പറഞ്ഞു. ആ ഗന്ധര്‍വനും ഭാര്യ കുടുംബം ഒക്കെ ഉണ്ടാവില്ലേ. അവര്‍ക്കു വലിയ ദുഃഖമാവില്ലേ. അവര്‍ ഒരു തെറ്റും ചെയ്തില്ലല്ലോ. മനസ്സിന് യാതൊരു സമാധാനവും ഇല്ല എന്നു പറഞ്ഞു.
   
    മഹര്‍ഷിയെ നാരദര്‍ സമാധാനിപ്പിച്ചു കൊണ്ടു സാരമില്ല! അയാള്‍ അതു അര്‍ഹിക്കുന്നു എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി അങ്ങ് പറയുന്നെങ്കില്‍ ശരി അങ്ങനെ നടക്കട്ടെ എന്നു പറഞ്ഞു. ഇതു കേട്ടതും നാരദര്‍ അദ്ദേഹത്തോട്  'അങ്ങ് എന്താണ് പറയുന്നത്?  നല്ല സേനാ ബലം ഉള്ള ആ ഗന്ധര്‍വന്‍ എവിടെ വെറും ഒരു തപസ്വിയായ അങ്ങ് എവിടെ. അങ്ങയ്ക്ക് എങ്ങനെ അയാളെ വധിക്കാന്‍ കഴിയും. അതിനുള്ള ബലം അങ്ങയ്ക്ക് ഉണ്ടോ? അങ്ങ് വാക്കു മാറാന്‍ പാടില്ലല്ലോ. അങ്ങ് ചെയ്ത സത്യം പാലിക്കണ്ടെ?"   കാലവ മഹര്‍ഷി വല്ലാത്ത ഒരു പ്രതി സന്ധിയിലായി. അദ്ദേഹത്തിനു എന്തു ചെയ്യണം എന്നു മനസ്സിലായില്ല. സദ്‌ഗുരുവിനെ തന്നെ ശരണം പ്രാപിച്ചു ഒരു ഉപായം പറഞ്ഞു തരാന്‍ പറഞ്ഞു.  നാരദര്‍ മഹര്‍ഷിയെ ഭഗവാനെ തന്നെ ശരണം പ്രാപിക്കാന്‍ പറഞ്ഞു. ദ്രൗപതി ആപത്തു സമയത്ത് ഭഗവാനെ ശരണം പ്രാപിച്ചില്ലേ? ഉടനെ ഭഗവാന്‍ വസ്ത്ര രൂപത്തില്‍ വന്നു അവളുടെ മാനം രക്ഷിച്ചില്ലേ?
നാരദര്‍ കാലവ മഹര്‍ഷിയോട് ദ്വാരകയില്‍ ചെന്നു ഭഗവാനോട് കാര്യം പറയാന്‍ പറഞ്ഞു. കാലവ മഹര്‍ഷിക്ക് ഭഗവാനെ നേരിട്ട് കണ്ടു പറയാന്‍ കുറച്ചു മടി ഉണ്ടായിരുന്നത് കൊണ്ടു നാരദരെയും കൂട്ടിനു വരാന്‍ പറഞ്ഞു.   
       നാരദരും മഹര്‍ഷിയും കൂടി ദ്വാരകയില്‍ എത്തി. ദ്വാര പാലകരോടു നാരദര്‍, താനും ഒരു മഹര്‍ഷിയും ഭഗവാനെ കാണാന്‍ വന്നിട്ടുന്റെന്നു സന്ദേശം അറിയിച്ചു. ഭഗവാന്‍ ഉടനെ തന്നെ ഓടി വന്നു അവരെ സ്വീകരിച്ചു ആദരിച്ചു ഇരുത്തി. എന്നിട്ട് അവരുടെ ആഗമനോദ്ദേശം ചോദിച്ചു. ഭഗവാന്‍റെ സുന്ദര രൂപം കണ്ടു രണ്ടു പേരും കുറച്ചു നേരം മോഹിച്ചിരുന്നു പോയി. 
  
    കാലവ മഹര്‍ഷി ഭഗവാനോട് താന്‍ ചെയ്ത ശപഥത്തെക്കുറിച്ച് പറഞ്ഞിട്ട് ആ ഗന്ധര്‍വനെ വധിക്കാന്‍ തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു.  ഉടനെ ഭഗവാന്‍ സഹായിക്കാം എന്നു വാക്കു കൊടുത്തു. മഹര്‍ഷിക്ക് സന്തോഷമായി. പക്ഷേ നാരദര്‍ അദ്ദേഹത്തിന്‍റെ കാതില്‍ രഹസ്യമായി, ഭഗവാന്‍ സഹായിക്കാം എന്നു മാത്രമല്ലേ വാക്കു തന്നിട്ടുള്ളൂ. അത് പോരാ! ഗന്ധര്‍വനെ കൊല്ലാനുള്ള സഹായം മാത്രമാണ് ഭഗവാന്‍ നല്‍കാം എന്നേറ്റതു. അതിന്നര്‍ത്ഥം അയാളെ കൊല്ലുന്നത് മഹര്‍ഷി തന്നെയാവണം എന്നാണു. അങ്ങയ്ക്ക് അതിനുള്ള കെല്പില്ലല്ലോ. അതു കൊണ്ടു ഭഗവാന്‍ തന്നെ അയാളെ കൊല്ലണം എന്നു ചോദിക്കു എന്നു പറഞ്ഞു കൊടുത്തു.

      മഹര്‍ഷിയേ വീണ്ടും ഭഗവാന്‍റെ പക്കലേക്ക് പറഞ്ഞു വിട്ടു. മഹര്‍ഷിക്ക് വളരെ മടി തോന്നി. വീണ്ടും വീണ്ടും താന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടു പോയാല്‍ ഭഗവാനു ദേഷ്യമാവില്ലേ എന്നു ചോദിച്ചു. അതിനു നാരദര്‍ ഭഗവാന്‍ കരുണാ സാഗരനാണ്. നാം എന്താവശ്യപ്പെട്ടാലും അതു ചെയ്തു തരും എന്നു പറഞ്ഞു സമാധാനിപ്പിച്ചു. മഹര്‍ഷി വീണ്ടും ഭഗവാനോട് അങ്ങ് എനിക്കു വേണ്ടി ആ ഗന്ധര്‍വനെ വധിച്ചു തരണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ ചിരിച്ചുകൊണ്ട് ശരി അങ്ങ് ആവശ്യപ്പെട്ട പോലെ വൈകുന്നെരത്തിനകം ആ ഗന്ധര്‍വന്റെ തല ഞാന്‍ അറുക്കാം എന്നു വാക്കു കൊടുത്തു.  മഹര്‍ഷിക്ക് സന്തോഷമായി. അദ്ദേഹം തിരിച്ചു പോയി. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!   
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
 വാക്യം- 40 
     രാധേകൃഷ്ണാ! അടുത്തതായി പെണ്‍പിള്ളൈ രാമാനുജ സംബന്ധമായ ഒരു വാക്യം പറഞ്ഞു. 
അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ
 പെണ്‍പിള്ളൈ രാമാനുജരോടു തന്നെ രാമാനുജ വിഷയം പറഞ്ഞു. രാമാനുജരുടെ ഒരു ശിഷ്യയുടെ വിഷയമാണ്. കൊങ്കു ദേശത്തെ സുമതി എന്ന ഒരു സ്ത്രീ! ഒരിക്കല്‍ അവരുടെ ദേശത്ത് വരള്‍ച്ചയും ക്ഷാമവും ഉണ്ടായി. ആ സമയം അവര്‍ ശ്രീരംഗത്തെ തന്‍റെ ബന്ധുക്കളുടെ വീട്ടില്‍ ശരണം പ്രാപിച്ചു. കുറച്ചു ദിവസം അവിടെ താമസിക്കാന്‍ എത്തി. വെറുതെ ഇരിക്കുന്ന സമയം അവര്‍ ആ വീടിന്‍റെ മാട്ടുപ്പാവില്‍ നിന്നും തെരുവിലേക്ക് നോക്കിയിരിക്കും. 
        അങ്ങനെ നില്‍ക്കുമ്പോള്‍ ദിവസവും സന്യാസിയായ സ്വാമി രാമാനുജര്‍ ആ വഴി വരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. രാമാനുജര്‍ തന്‍റെ ധര്‍മ്മം അനുസരിച്ചു ഓരോ വീടുകളില്‍ നിന്നും  ഭിക്ഷ യാചിക്കുന്നതും അതേ സമയം അദ്ദേഹത്തിനെ പിന്തുടര്‍ന്നു ഒരു വലിയ ജനാവലി തന്നെ നടക്കുന്നതും കണ്ടു. അവര്‍ക്കു അത്ഭുതം തോന്നി. ആ കൂട്ടത്തില്‍ പണക്കാരനും, ദരിദ്രനും, പഠിച്ചവനും, പാമരനും കാണപ്പെട്ടു.  അവരെല്ലാവരും അദ്ദേഹത്തെ വളരെ ബഹുമാനത്തോടെ നോക്കിയിരുന്നു. അദ്ദേഹം പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഇതൊക്കെ കണ്ടിട്ട് അവര്‍ക്കു അത്ഭുതം തോന്നി. എന്താണ് ആ സന്യാസി അവരോടു പറയുന്നത്? എന്തു കൊണ്ടാണ് അവര്‍ ഇത്രയേറെ താല്പര്യത്തോടെ അതെല്ലാം കേള്‍ക്കുന്നത്? ഇത്രയും ആരാധകര്‍ ഉള്ളപ്പോള്‍ അദ്ദേഹം എന്തിനാണ് തെരുവില്‍ അലഞ്ഞു ഭിക്ഷ യാചിക്കുന്നതു? 
       ഇതെല്ലാം അറിയാനുള്ള ആകാംക്ഷ അവര്‍ക്കു ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവര്‍ രാമാനുജരുടെ അടുത്തു ചെന്നു അദ്ദേഹത്തോട് "അങ്ങ് എന്തിനാണ് ഭിക്ഷ യാചിക്കുന്നതു? എത്രയോ പേര്‍ അങ്ങയെ ബഹുമാനിക്കുന്നു പൂജിക്കുന്നു. അപ്പോള്‍ അങ്ങയ്ക്ക് അതിനുള്ള ആവശ്യം  ഉണ്ടോ എന്നു എനിക്കു തോന്നുന്നു" എന്നു പറഞ്ഞു. ഇതു കേട്ട രാമാനുജര്‍ അവളുടെ നിഷ്കളങ്കതയില്‍ ചിരിച്ചു കൊണ്ടു "ഇതു എന്‍റെ ധര്‍മ്മം ആണ്" എന്നു പറഞ്ഞു. 
സുമ:- "ഇവരൊക്കെ എന്തിനാണ് അങ്ങയെ പിന്‍ തുടരുന്നത്? അങ്ങ് എന്തൊക്കെയോ അവരോടു പറയുന്നുണ്ടല്ലോ. അവര്‍ അതെല്ലാം വളരെ തല്പര്യതോടു കൂടി കേട്ടു കൊണ്ടിരിക്കുന്നല്ലോ എന്താണത്?"
രാമാ:- "ഞാന്‍ അവര്‍ക്കു ഹിതം ഉപദേശിക്കുന്നു"
സുമ:- " എന്നു വെച്ചാല്‍ എന്താണ്"
രാമാ:- "ആത്മാവിന്‍റെ സംതൃപ്തിക്കായി പറയുന്നത്"
സുമ:- "ആത്മാവോ? അതെന്താണ്?"
രാമാ:- "അതു ഈ ശരീരത്തിനുള്ളില്‍ ഉള്ളതാണ്"
സുമ:- "അപ്പോ ഈ ശരീരം വേരെയാണോ?"
രാമാ:- "അതേ ഇതു നശിച്ചു പോകുന്നതാണ്. പക്ഷെ ആത്മാവ് അനിത്യവും"
സുമ:- "ഈ ശരീരം നശിക്കുമ്പോള്‍ എന്തു സംഭവിക്കും?"
രാമാ:- "ആത്മാവ് മറ്റൊരു ശരീരം സ്വീകരിക്കും"
സുമ:- "ഇതിനു അവസാനം ഇല്ലേ?"
രാമാ:- "അതിനാണ് ഹിതം ഉപദേശിക്കുന്നത്. ഭഗവത് ധ്യാനം, ഭഗവത് ഭക്തി, നാമജപം, ശരാനാഗതി  തുടങ്ങിയവയാണ്"
സുമ:- "അതെങ്ങനെ പഠിക്കാം?"
രാമാ:- "താല്പര്യതോടെ ഒരു ഗുരുവിനെ സമീപിച്ചു ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞു തരും."
സുമ:- "അപ്പോ അങ്ങ് എനിക്കും പറഞ്ഞു തരു. ഞാനും സല്ഗതി പ്രാപിക്കട്ടെ" ഇങ്ങനെ പെട്ടെന്ന് യാതൊരു മുഖവുരയോ ഒന്നും ഇല്ലാതെ അവര്‍ ചോദിച്ചു. രാമാനുജര്‍ക്ക് അവളുടെ നിഷ്കളങ്കമായ പ്രവൃത്തിയില്‍ സന്തോഷം തോന്നി. അവര്‍ക്കു അദ്ദേഹം ഗുരുവാനെന്നും അദ്ദേഹത്തെ നമസ്കരിക്കണം എന്നു പോലും തോന്നിയില്ല. കാരണം അവര്‍ക്കു അതൊന്നും അറിയില്ലായിരുന്നു. ആ നിമിഷം തന്നെ അവര്‍ക്കു അദ്ദേഹം ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ തുടര്‍ന്നു ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു സ്ഥലം വിട്ടു. 
      ദിവസങ്ങള്‍ കഴിഞ്ഞു. തെരുവുല്‍ എപ്പോഴെങ്കിലും രാമാനുജരെ നേര്‍ക്ക്‌ നേര്‍ കാണുമ്പോള്‍ അവര്‍ പരിചയ ഭാവത്തില്‍ ചിരിക്കും അദ്ദേഹവും ചിരിക്കും. അതില്‍ കൂടുതലായിട്ട് അദ്ദേഹം തന്‍റെ ഗുരുവാനെന്നോ അതു കൊണ്ടു ഏറ്റവും ആദരണീയാനാണെന്നോ അവര്‍ക്കു ഒന്നും തോന്നിയില്ല. കൊങ്കു ദേശത്ത് മഴ എത്തി. വരള്‍ച്ചയും ക്ഷാമവും മാറി. അവര്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. തന്‍റെ പരിചയക്കാരോടെല്ലാം യാത്ര ചോദിച്ചു.  അപ്പോഴാണ്‌ തനിക്കു ഉപദേശിച്ചു തന്ന സന്യാസിയോട് യാത്ര പറഞ്ഞില്ലല്ലോ എന്നു അവര്‍ക്കു തോന്നിയത്.  അവര്‍ അറിയാതെ ഹൃദയത്തില്‍ എന്തോ ഒരു ചെറിയ ദുഃഖം തോന്നി. അവര്‍ അറിയാതെ തന്നെ രാമാനുജരുടെ ചരണാരന്ദങ്ങളില്‍ അവരുടെ മനസ്സ് വന്നടിഞ്ഞിരുന്നു. 
       അവര്‍ രാമാനുജരെ തേടി എത്തി. അദ്ദേഹം അവളെ കണ്ടതും സുഖമാണോ എന്നു ചോദിച്ചു. അവള്‍ അതിനു തന്‍റെ നാട്ടില്‍ ക്ഷാമം മാറിയെന്നും താന്‍ തിരിച്ചു യാത്ര തിരിക്കുകയാനെന്നും പറഞ്ഞു.  പോകുന്നതിനു മുന്‍പ് അദ്ദേഹത്തെയും കണ്ടു യാത്ര പറയാനാണ് താന്‍ വന്നത് എന്നും തന്നെ മറക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നന്നായി വരു എന്നു ആശീര്‍വദിച്ചു. പെട്ടെന്ന് അവര്‍ അദ്ദേഹത്തോട് അങ്ങ് കോപിക്കുകയില്ലെങ്കില്‍ എനിക്കു അങ്ങയോടു ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.എന്നു പറഞ്ഞു. രാമാനുജര്‍ അതിനു താന്‍ കോപിക്കുകയില്ലെന്നും കാര്യം എന്താണെന്നും ചോദിച്ചു.  "അങ്ങ് എനിക്കു ഉപദേശം ഒക്കെ നല്‍കി. പക്ഷെ ഞാന്‍ അതു അത്ര ശ്രദ്ധയോടെ കേട്ടില്ല. അതു പൂര്‍ണ്ണമായും ഉള്‍കൊണ്ടില്ല. അതുകൊണ്ടു അതൊക്കെ മറന്നു പോയി. അങ്ങ് ദയവായി അതു എനിക്കു വീണ്ടും പറഞ്ഞു തരുമോ എന്നു ചോദിച്ചു.  
       രാമാനുജര്‍ അത്ഭുതപ്പെട്ടു പോയി. യാതൊരു ഒളിവും മരവും ഇല്ലാതെ ഇവള്‍ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. ഒട്ടും ഭയമില്ലാതെ തനിക്കു വീണ്ടും ഉപദേശം നല്‍കുമോ എന്നും ചോദിക്കുന്നു. സാധാരണ അങ്ങനെ ഒരു കീഴ്വഴക്കം തന്നെ ഇല്ല. അങ്ങനെ ചെയ്യാനും പാടില്ല. പക്ഷെ ഇവിടെ നിയമങ്ങളും ചട്ടങ്ങളും ഒന്നും ഇല്ല. അവളുടെ ആത്മാര്‍ത്ഥമായ അപേക്ഷ അദ്ദേഹം സ്വീകരിച്ചു അവള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഉപദേശം നല്‍കിയനുഗ്രഹിച്ചു.  രണ്ടാമത് ഉപദേശം കിട്ടിയപ്പോള്‍ അവളുടെ ഭാവം ഒക്കെ മാറി. അദ്ദേഹത്തിന്‍റെ കാരുണ്യം അവള്‍ക്കു മനസ്സിലായി. അതു താങ്ങാനായില്ല. അദ്ദേഹത്തോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. അദ്ദേഹത്തെ പാദാദി കേശം നോക്കി. അദ്ദേഹത്തെ നമസ്കരിച്ചു. എന്നിട്ട് അദ്ദേഹത്തോട് "ഞാന്‍ അജ്ഞാനിയാണ്. അവിടെ പോയാല്‍ ലൌകീക കാര്യങ്ങളില്‍ മുഴുകി പോവുകയും ചെയ്യും. വീണ്ടും അങ്ങ് പറഞ്ഞതൊക്കെ മറക്കാനുള്ള സാധ്യതയും ഉണ്ട്‌. എന്നു പറഞ്ഞു. അതിനു അദ്ദേഹം നീ വിഷമിക്കണ്ട ഇനി നീ ഇതു മറക്കില്ല എന്നനുഗ്രഹിച്ചു.  ഉടനെ അവള്‍ അങ്ങനെയല്ല അങ്ങ് ഞാന്‍ മറക്കാതിരിക്കാന്‍ എന്തെങ്കിലും ഒരു വസ്തു നല്‍കണം എന്നു പറഞ്ഞു. യതിരാജര്‍ ചിരിച്ചു. "അതിനു ഈ സന്യാസിയുടെ കയ്യില്‍ എന്താണുള്ളത്? ഉടുത്തിരിക്കുന്ന കാവി വസ്ത്രവും, ഭിക്ഷാ പാത്രവും പാടുകയും ദണ്ഡും ഒഴിച്ചാല്‍ എന്താണുള്ളത് എന്നു ചോദിച്ചു. അവള്‍ അദ്ദേഹത്തിന്‍റെ പാദങ്ങളിലേയ്ക്ക് നോക്കി.  ഈ കരുണാ മൂര്‍ത്തിയെ ചുമക്കുന്ന പാദുകങ്ങള്‍ എത്രയും വിശേഷപ്പെട്ടതായിരിക്കും എന്നു ചിന്തിച്ചു.  ഒട്ടും മടിക്കാതെ അങ്ങയുടെ പാദുകങ്ങള്‍ എനിക്കു തരുമോ എന്നവര്‍ ചോദിച്ചു.  ഉടനെ തന്നെ രാമാനുജര്‍ ശരി എടുത്തു കൊള്ളു എന്നു പറഞ്ഞു. ഇതു കേട്ടു നിന്ന ശിഷ്യന്മാര്‍ എല്ലാവരും സ്തബ്ധരായി.  എത്ര വിശേഷപ്പെട്ട ഒരു വസ്തുവാണ് ആ സ്ത്രീ സുലഭമായി ചോദിച്ചു വാങ്ങിയത്! എന്തൊരു ഭാഗ്യം! അവര്‍ക്കാര്‍ക്കും ഇങ്ങനെ ചോദിക്കാന്‍ ധൈര്യം വന്നില്ലല്ലോ എന്നു ദുഃഖം തോന്നി. ശ്രീരാമന്‍റെ പാദുകങ്ങള്‍ ഭരതനു നല്‍കി. അതിലും വിശേഷമാണ് സദ്ഗുരുവിന്‍റെ പാദുകങ്ങള്‍. ഇവള്‍ക്ക് എത്ര സുലഭമായി അതു ലഭിച്ചു!  
     സുമതി പാദുകങ്ങളെ എടുത്തു തലയില്‍ വെച്ചു. കണ്ണില്‍ ഒപ്പി എന്നിട്ട് തന്‍റെ ചേലയുടെ തുമ്പില്‍ കെട്ടി വെച്ചു. യാതിരാജരെ നോക്കി. അദ്ദേഹത്തോട് അങ്ങ് ഒരിക്കല്‍ ഞങ്ങളുടെ ഗൃഹത്തില്‍ വരണം എന്നു പറഞ്ഞു. അദ്ദേഹം ഭഗവത് സങ്കല്‍പം ഉണ്ടെങ്കില്‍ കാണാം എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു നടന്നു. 
       കാലം കുറെ കഴിഞ്ഞു. അവള്‍ യാതിരാജരുറെ പാടുകകള്‍ വെച്ചു നിത്യവും ആരാധിച്ചിരുന്നു. അവളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ കാണണം എന്ന താപം വര്‍ദ്ധിച്ചു വന്നു. പക്ഷെ അവള്‍ക്കു വീണ്ടും ശ്രീരംഗം പോകാനുള്ള സന്ദര്‍ഭം വന്നില്ല. അവളുടെ ഹൃദയം തേങ്ങി. തന്‍റെ ഗുരുനാഥനോടു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.  ഞാന്‍ സാംസാരീക ജീവിതത്തിനു അടിമപെട്ടവളാണ്. അതു കൊണ്ടു അസ്വതന്ത്ര. അപക്ഷേ അങ്ങ് സ്വതന്ത്രനല്ലേ? എന്‍റെ പ്രാര്‍ത്ഥന അങ്ങ് കേള്‍ക്കുന്നില്ലേ? അവിടേയ്ക്കു ഇവിടെ വന്നുകൂടെ എന്നൊക്കെ അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിചു. പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായാല്‍ അതിന്‍റെ ഫലം ഉറപ്പായും കാണാം.  
      അതേ സമയം ഒരു രാജന്‍റെ ദ്രോഹതാല്‍ രാമാനുജര്‍ക്കും ശിഷ്യര്‍ക്കും  ശ്രീരംഗക്ഷേത്രം ഉപേക്ഷിച്ചു പോകേണ്ട സ്ഥിതി വന്നു. അവര്‍ അലഞ്ഞു തിരിഞ്ഞു ഒടുവില്‍ കൊങ്കു ദേശത്ത് എത്തി. യാദൃച്ചയാ സുമതിയുടെ വീട്ടില്‍ എത്തിപെട്ടു. പക്ഷേ രാമാനുജര്‍ സ്വരക്ഷക്കായി വേഷം മാറിയിരുന്നു. തന്‍റെ ശിഷ്യ കൂട്ടത്തിനിടയില്‍ ഒളിഞ്ഞു നിന്നു. അവരുടെ സംസാരത്തില്‍ നിന്നും അവരൊക്കെ രാമാനുജരെ ചെര്‍ന്നവരാണെന്നു  അവള്‍ എങ്ങനെയോ മനസ്സിലാക്കി.  എന്നിട്ട് അവരോടു താനും രാമാനുജരുടെ ഒരു ശിഷ്യയാണെന്നും താന്‍ തന്നെ അവര്‍ക്കു ഭക്ഷണം പാകം ചെയ്തു നല്‍കാം എന്നും പറഞ്ഞു. ഇതു കേട്ടു അവര്‍ അത്ഭുതപ്പെട്ടു പോയി. രാമാനുജരുടെ ശിഷ്യ എന്നറിഞ്ഞത് കൊണ്ടു അവര്‍ അതിനു സമ്മതിച്ചു.
       സുമതി വളരെ ശ്രദ്ധയോടെ പാചകം ഒക്കെ ചെയ്തു. എന്നിട്ട് തന്‍റെ പതിവ് അനുസരിച്ചു ഭക്ഷണം യാതിരാജരുടെ പാദുകകള്‍ക്ക് ആദ്യം സമര്‍പ്പിച്ചു.  പാടുകകള്‍ അവര്‍ ആരും കാണാതെ ഒരു കലത്തില്‍ ഒളിച്ചു അടുക്കളയില്‍ വെച്ചിരുന്നു. ആര്‍ക്കും അവളുടെ ഭക്തി അറിയില്ലായിരുന്നു. അവളുടെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചിരുന്നു.  ഇതൊക്കെ കണ്ടു നിന്ന ശിഷ്യന്മാര്‍ രാമാനുജരോടു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം അതിനു ഒന്നും പറഞ്ഞില്ല. പക്ഷേ അവളോടു വീണ്ടും ഭക്ഷണം വേറെ പാകം ചെയ്യാന്‍ പറഞ്ഞു. തന്‍റെ പാദുകകള്‍ക്ക് നിവേദിച്ച ഭക്ഷണം എങ്ങനെ തന്‍റെ ഭഗവാനു അദ്ദേഹം നിവേദിക്കും! സുമതി ഒന്നും ചോദിക്കാതെ വീണ്ടും പാചകം ചെയ്തു  കൊടുത്തു. യതിരാജര്‍ അതു ഭഗവാനു നിവേദിച്ചു. എന്നിട്ട് അവളോടു ആദ്യം നീ പാചകം ചെയ്തു  ഏതോ ദൈവത്തിനു നിവേദിച്ചില്ലേ, ആര്‍ക്കാണ് എന്നു ചോദിച്ചു. ഉടനെ അവള്‍ അതു എന്‍റെ ദൈവമാണ് എന്നു പറഞ്ഞു പാടുകകള്‍ കാണിച്ചു കൊടുത്തു. അപ്പോള്‍ ശിഷ്യര്‍ അവളോടു ആ പാദുകകള്‍ ആരുടേതാണ് എന്നു ചോദിച്ചു. അവള്‍ അതു തന്‍റെ ഗുരുവായ രാമാനുജരുടെതാണു എന്നു പറഞ്ഞു. അതു അവള്‍ക്കു എങ്ങനെ ലഭിച്ചു എന്നവര്‍ ചോദിച്ചു. അതു ഒരിക്കല്‍ അദ്ദേഹം എനിക്കു തന്നതാണ് എന്നു മാത്രം പറഞ്ഞു. 
       ശിഷ്യര്‍ ഇതെല്ലാം രാമാനുജരോടു ചെന്നു പറഞ്ഞു. അദ്ദേഹം അവളെ വരാന്‍ പറഞ്ഞു എന്നിട്ട് ശിഷ്യരുടെ കൂട്ടത്തില്‍ ചേര്‍ന്നു നിന്നു.  ശിഷ്യര്‍ അവളോടു "അമ്മാ! ഈ കൂട്ടത്തില്‍ യതിരാജര്‍ ഉണ്ടോ എന്നു നോക്കു!"എന്നു പറഞ്ഞു. സുമതി അത്യാശ്ചര്യപ്പെട്ടു. തന്‍റെ ഗുരു തന്‍റെ ഗൃഹത്തില്‍ എത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വളരെ ആഹ്ലാദം തോന്നി. അവള്‍ തന്‍റെ ഗുരുവിന്‍റെ പാദുകങ്ങളെ ധ്യാനിച്ച്‌ കൊണ്ടു എല്ലാവരുടെയും പാദങ്ങളെ സൂക്ഷിച്ചു നോക്കി. സുഗ്രീവന്‍ സീതാ മാതാവിന്‍റെ ആഭരണങ്ങളെ ശ്രീ രാമന്‍റെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭഗവാന്‍ ലക്ഷ്മണനോട് അവ സീതയുടേതാണോ എന്നു നോക്കി പറയാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ ലക്ഷ്മണന്‍ നൂപുരങ്ങള്‍ കൊണ്ടു അവ സീതയുടെതാനെന്നു കണ്ടുപിടിച്ചു. അതു പോലെ അവള്‍ ഇത്രയും നാള്‍ പൂജിച്ചിരുന്ന പാദുകങ്ങളെ കൊണ്ടു അവള്‍ പാദങ്ങളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു. അങ്ങനെ സൂക്ഷിച്ചു നോക്കവേ ഒരു ജോടി പാദങ്ങളില്‍ അവളുടെ കണ്ണ് നിന്നു. എന്നിട്ട് ഈ പാദങ്ങളാണെന്നു തോന്നുന്നു. പക്ഷേ എന്‍റെ ഗുരുനാഥന്‍ സന്യാസിയാണ് കാവി വസ്ത്രം മാത്രമേ ധരിക്കു എന്നു പറഞ്ഞു ശങ്കിച്ച് നിന്നു.  കൂടി നിന്നവര്‍ക്ക് കോരിത്തരിപ്പുണ്‍ടായി. ഇത്രയും കാലത്തിനു ശേഷം എത്ര കൃത്യമായി അവള്‍ രാമാനുജരെ കണ്ടു പിടിച്ചിരിക്കുന്നു! 
     ഉടനെ ശിഷ്യര്‍ അവളോടു പാദുകങ്ങളെ കൊണ്ടു വരുവാനും അവള്‍ കാണിച്ചു തന്ന പാദങ്ങള്‍ക്ക് യോജിച്ചതാണോ എന്നു നോക്കാനും പറഞ്ഞു. അവള്‍ അതു വിസമ്മതിച്ചു. ഇതു എന്‍റെ ഗുരുവിന്റെതാണ്. മറ്റാരും അതു ധരിക്കാന്‍ പാടില്ല എന്നു ശഠിച്ചു.  ഇതു കേട്ടപ്പോള്‍ വേഷം മാറി നിന്ന  രാമാനുജര്‍ അവളുടെ മുന്നിലെത്തി എന്നിട്ട് നിനക്കു ഞാന്‍ എന്തോ ഉപദേശിച്ചു എന്നു പറഞ്ഞല്ലോ അതെന്താണെന്ന് എന്‍റെ ചെവിയില്‍ പറയു എന്നു പറഞ്ഞു. ഉടനെ അവള്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ പറഞ്ഞു. ആര്‍ക്കും ഒരിക്കലും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ആ സുമതിക്ക് അന്ന് ലഭിച്ചത്. ഗുരുനാഥന്‍ രണ്ടു പ്രാവശ്യം ഉപദേശം ചെയ്യുക, അദ്ദേഹം ഉപദേശിച്ചത് തിരിച്ചു അദ്ദേഹത്തിന്‍റെ ചെവിയില്‍ പറയുക, ഇതൊക്കെ കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ്. എത്ര ഭാഗ്യവതിയാണ് ആ മഹതി! അവള്‍ പറഞ്ഞത്‌ കേട്ട യാതിരാജര്‍ നിര്‍വൃതിയോടെ "അതേ ഞാന്‍ ഇതു തന്നെയാണ് അന്ന് നിനക്കു ഉപദേശിച്ചത്. നീ എന്‍റെ ശിഷ്യ തന്നെയാണ്" എന്നു പറഞ്ഞു. യതിരാജരുടെ ശിഷ്യരെല്ലാരും ഇതൊക്കെ കണ്ടു തരിച്ചു നില്‍ക്കുകയാണ്.
യതിരാജര്‍  വീണ്ടും ഒരു പ്രാവശ്യം കൂടി ആ പാദുകങ്ങള്‍ അണിഞ്ഞിട്ടു അവള്‍ക്കു തിരികെ കൊടുത്തു. അവളുടെ ഭാഗ്യത്തെ കുറിച്ച് എന്തു പറയുവാന്‍ എന്നു ചോദിക്കുകയാണ് പെണ്‍പിള്ളൈ. അവളുടെ ഗുരു ഭക്തിയോ ശ്രദ്ധയോ തനിക്കുണ്‍ടോ? കൊങ്കില്‍ പിരാട്ടി എവിടെ താന്‍ എവിടെ? തനിക്കു ഈ നഗരത്തില്‍ വസിക്കാനുള്ള അര്‍ഹത പോലും ഉണ്ടോ എന്നു അവള്‍ ചോദിച്ചു. 
      രാമാനുജരുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. ഈ പെണ്‍പിള്ളൈ ഇരിക്കുന്നതോ തിരുക്കോളുരില്‍. അവള്‍ പറഞ്ഞ സംഭവം നടന്നതോ ശ്രീരംഗത്തും, കൊങ്കുദേശത്തും. ഇത്രയും ദൂരം സഞ്ചരിച്ചു ഈ വിഷയങ്ങള്‍ അവള്‍ കേട്ടിരിക്കുന്നു എന്നതില്‍ നിന്നും രാമാനുജരുടെ പ്രശസ്തി അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്നു ഊഹിക്കാം. അതു മാത്രമല്ല ഈ പെണ്‍പിള്ളൈയ്ക്ക് എത്ര മാത്രം ശ്രദ്ധയുണ്ടെങ്കില്‍ ഇത്ര കൃത്യമായി ഇതു മനസ്സിലാക്കിയിരിക്കും!  അവള്‍ ഇത്രയും നേരം സംസാരിച്ചു നില്‍ക്കുന്നത് യതിരാജരോടു തന്നെയാണെന്ന കാര്യം പോലും അവള്‍ മനസ്സിലാക്കിയിരുന്നില്ല. ഏതോ ഒരു സന്യാസി എന്നു മാത്രമാണ് അവള്‍ ധരിച്ചിരുന്നത്.  കൂടെയുണ്ടായിരുന്ന ശിഷ്യര്‍ക്ക് അതു പറയാന്‍ നാവു വെമ്പി. പക്ഷേ യതിരാജര്‍ കണ്ണ് കൊണ്ടു തടഞ്ഞു. പെണ്‍പിള്ളൈ വീണ്ടും 'അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ' എന്നു പറഞ്ഞു. ഞാന്‍ കൊങ്കില്‍ പിരാട്ടിയെ പോലെ ശ്രീരംഗത്ത്‌ പോയോ? എനിക്കു രാമാനുജരെ പോലെ ഗുരു ലഭിച്ചോ? അതു പോലെ ഒരു ഗുരുവിന്‍റെ പാദുകങ്ങള്‍ ലഭിച്ചിരുന്നെകില്‍ ഞാന്‍ ഈ ദേശം വിട്ടു പോകണ്ട ആവശ്യം ഉണ്ടാവുമോ? ഞാന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു പറഞ്ഞു.  ഇതു കേട്ട രാമാനുജര്‍ നിനക്കും ആ അനുഗ്രഹം നല്‍കാം എന്ന മട്ടില്‍ നോക്കി.  ഇതൊക്കെ കണ്ടു നിന്ന വൈത്തമാനിധി പെരുമാള്‍ പോലും പെണ്‍പിള്ളൈയോട് രാമാനുജരെ കാണിച്ചു കൊടുക്കാന്‍ തിരുക്ക പെട്ടു. പക്ഷേ രാമാനുജര്‍ ഭഗവാനോട് അരുതെന്ന് വിലക്കി. അവള്‍ 40 പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഈ സത്യം മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ അവളുടെ ഹൃദയത്തില്‍ കിടക്കുന്ന ബാക്കി വിഷയങ്ങള്‍ പുറത്തു വരാതെ പോകും. അതു പാടില്ല അതു കൊണ്ടു ആരും അവളോടു ഇപ്പോള്‍ പറയണ്ടാ എന്നു ആംഗ്യം കാണിച്ചു! 
ഒരു സദാചാര്യന്‍ പോലും അഭിനന്ദിക്കുന്ന രീതിയില്‍ ഈ പെണ്‍പിള്ളൈ സംസാരിക്കുന്നു.  അതാണ്‌ അവരുടെ മഹത്വം. രാധേകൃഷ്ണാ!