Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, January 13, 2012

പ്രേമവേദം - ജനുവരി 12

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
ഏവം ദേവ ചതുര്‍ദ്ദശാത്മക ജഗത് രൂപേണ ജാതഃ പുന-
സ്തസ്യോര്‍ധ്വം ഖലു സത്യലോകനിലയേ ജാതോസി  
ധാതാ സ്വയം 
യം ശംസന്തി ഹിരണ്യ ഗര്‍ഭമഖില ത്രൈലോക്യ 
ജീവാത്മകം 
യോ ഭൂത സ്ഫീത രജോവികാര വികസന്‍
നാനാ സിസൃക്ഷാ രസഃ  
                  (ദശ:7  ശ്ലോഃ 1) 

      അല്ലയോ പ്രകാശാത്മാവായ ഭഗവാനേ! ഇങ്ങനെ പതിന്നാലു ലോകങ്ങളുടെ ആത്മാവോടെ ജന്മമെടുത്ത അങ്ങ് പിന്നീട്, അവയ്ക്കെല്ലാം മുകളിലുള്ള സത്യാ ലോകത്തില്‍ സ്വയം ബ്രഹ്മാവായി രൂപം കൈക്കൊണ്ടു. ത്രിലോകങ്ങളുടെ മുഴുവന്‍ ജീവാത്മാവായ ആ ബ്രഹ്മാവിനെ ഹിരണ്യ ഗര്‍ഭനെന്നു പേര്‍ പറയുന്നു. ആ ബ്രഹ്മാവ്‌ രജോ ഗുണ വികാസ ഫലമായി ഒട്ടേറെ വസ്തുക്കള്‍ സൃഷ്ടിക്കാന്‍ കൌതുകമുള്ളവനായി ഭവിച്ചു.
                                          (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 

പ്രേമസന്ദേശം
      രാധേകൃഷ്ണാ! എന്നും നാം കാലത്തു കുട്ടികളെ ഉണര്‍ത്തുമ്പോള്‍    നല്ല വാക്കു പറഞ്ഞു ഉണര്‍ത്തണം. 'മോനെ അല്ലെങ്കില്‍ മോളെ നീ ഉണരൂ! നിനക്കു ഇന്നു ഭഗവാനേ അനുഭവിക്കണ്ടെ? ഇന്നു നിനക്കു എന്തു അനുഭവമാണ് ഭഗവാന്‍ തരുന്നത് എന്നു നമുക്കു കാണാം.' എന്നു പറഞ്ഞു ഉണര്‍ത്തണം അല്ലാതെ  നേരമായി പോയി, ഇങ്ങനെ കിടന്നു ഉറങ്ങരുതു എന്നുള്ള വിരോധ ഭാവമുള്ള വാക്കുകള്‍ കൊണ്ടല്ല! രാധേകൃഷ്ണാ! രാധേകൃഷ്ണാ!     

സദ്ഗുരുവാത്സല്യം
നിത്യം ശുദ്ധം നിരാഭാസം നിരാകാരം നിരഞ്ജനം  
നിത്യ ബോധം നിരാനന്ദം ഗുരു ബ്രഹ്മ നമാമ്യഹം   
        രാധേകൃഷ്ണാ! ഗുരുവിന്റെ മഹിമ എത്ര പറഞ്ഞാലും തീരില്ല. അത്ഭുതാവഹമായ ഗുണങ്ങള്‍  നിറഞ്ഞവരാണ് സദ്ഗുരുമാര്‍.  നിത്യം - ഗുരു ഒരിക്കലും മറഞ്ഞു പോകുന്നില്ല. ആ സാന്നിധ്യം നിരന്തരമായി ഉണ്ടാവും. സാധാരണ മനുഷ്യരെ പോലെ അവര്‍ അനിത്യരല്ല. വേദവ്യാസര്‍  നമുക്കു പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും ഭാഗവതത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉടനീളം ഉണ്ട്. അതു പോലെ സദ്ഗുരു എപ്പോഴും ഉണ്ടാവുന്നു. 
      അതേ പോലെ അവര്‍ യാതൊരു കുറ്റവും ഇല്ലാത്തവരാണ്. പരിപൂര്‍ണ്ണരാണ്, അതു കൊണ്ടു ശുദ്ധരാണ്.  അവരെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അവരെ  ഇന്ന തരത്തിലാണെന്ന് ഒരിക്കലും നിര്‍ണ്ണയിക്കാന്‍ സാധിക്കുകയില്ല. മാറ്റം ഒട്ടും ഇല്ലാത്തവരാണ്, നിത്യബോധത്തോടു കൂടിയവരാണ്‌, ആനന്ദത്തിന്റെ മൂര്‍ത്തി ഭാവമാണ്. സ്വയം ആനന്ദത്തില്‍ വിഹരിക്കുന്നു. മറ്റുള്ളവര്‍ക്കും ആനന്ദം പകര്‍ന്നു നല്‍കുന്നു.  കല്മഷം ഒട്ടും ഇല്ലാത്തവരാണ് സദ്ഗുരുമാര്‍. 
     ഒരിക്കല്‍ പരാശര ഭാട്ടരോടു ഒരു ശിഷ്യന്‍ വൈഷ്ണവ ലക്ഷണം എന്താണെന്നു ചോദിച്ചു. ആ ശിഷ്യന്‍ സ്വയം ഭക്ത ലക്ഷണം നിറഞ്ഞവനായിരുന്നു. പക്ഷെ ഒരു ഗുരു ഒരിക്കലും നേരിട്ട് തന്റെ  ശിഷ്യനെ പുകഴ്ത്താന്‍ പാടില്ല എന്നാണ് ധര്‍മ്മം. എപ്പോഴും വഴക്കു പറഞ്ഞു കൊണ്ടിരിക്കുന്നതു ഗുരു ധര്‍മ്മം. ഇതു മനസ്സിലാക്കാനും അംഗീകരിക്കാനും വളരെ ബുദ്ധിമുട്ടാണ്. പരാശരര്‍ ശിഷ്യനോട് തിരുപ്പതിയില്‍ തിരുമല അനന്താഴ്വനോടു ചെന്നു വൈഷ്ണവ ലക്ഷണം എന്താണെന്നു എന്റെ ആചാര്യന്‍ ചോദിച്ചു വരാന്‍ പറഞ്ഞു എന്നു പറയാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു തരുന്നതു തിരിച്ചു വന്നിട്ട് അടിയനും പറഞ്ഞു തരിക എന്നു പറഞ്ഞു. 
       ഇതു കേട്ട ശിഷ്യന്‍ തന്റെ ഗുരുവിനും വൈഷ്ണവ ലക്ഷണങ്ങള്‍ അറിയില്ല പോലും എന്നു വിചാരിച്ചു. അദ്ദേഹത്തിന് ഒരു കൈങ്കര്യമായി താന്‍ ഇതു അറിഞ്ഞു വന്നു പറയണം എന്നു വിചാരിച്ചു പുറപ്പെട്ടു. ഇദ്ദേഹം ചെല്ലുമ്പോള്‍ അനന്താഴ്വാന്‍ 'തതീയാരാധനം' ചെയ്തു വരികയായിരുന്നു. എന്നു വെച്ചാല്‍ ഭക്തന്മാരെ ആരാധിക്കുക എന്നതാണ് അര്‍ത്ഥം! ഭഗവാനു ഇഷ്ടമുള്ളവരെ  നല്ല ഭക്ഷണം കൊടുത്തു നാം ആരാധിക്കണം. 
        ഈ കാലത്തു എല്ലാവരും അന്നദാനം ചെയ്യുന്നു എന്നു പറയുന്നു. ദാനം ചെയ്യാന്‍ നമ്മുടെ കയ്യില്‍ വാസ്തവത്തില്‍ എന്താണ് ഉള്ളത്? നമ്മുടെ അഹങ്കാരം മാത്രമല്ലേ നമുക്കു മുതലായുള്ളൂ. അതു സ്വീകരിക്കാന്‍ സദ്ഗുരു മാത്രമേ തയ്യാറാവു. ഭഗവാന്‍ നമുക്കു നല്‍കിയിട്ടുള്ള ധനമോ മറ്റോ കൊണ്ടു ദാനം ചെയ്യാന്‍ നാം ആരാണ്? വിനയത്തോടു കൂടി ഭഗവത് ഭക്തന്മാരെ ആരാധിക്കണം. അതാണ്‌ ശരി.
        പരാശരരുടെ ശിഷ്യന്‍ ഇതു നോക്കി നില്‍ക്കുകയായിരുന്നു. വളരെ നേരം പന്തി തുടര്‍ന്നു. എല്ലാം കഴിഞ്ഞു അനന്താഴ്വാന്‍ കയ്യും കൂപ്പി ഇദ്ദേഹത്തിന്റെ അടുത്തു വന്നു. അനന്താഴ്വാന്‍ രാമാനുജരുടെ ശിഷ്യനായ ഒരു വലിയ മഹാനാണ്. അദ്ദേഹം ഈ ഭക്തനോടു കൈ കൂപ്പി കൊണ്ടു ഇത്രയും നേരം ആയതിനു ക്ഷമ ചോദിച്ചു. 'അങ്ങു ഇനി വരിക ആഹാരം കഴിക്കാം' എന്നദ്ദേഹത്തെ വിളിച്ചു ഭക്ഷണം കൊടുത്തു.  ശിഷ്യന്‍ അവിടെ ഭക്ഷണം എല്ലാം കഴിച്ചു. ഉടനെ അനന്താഴ്വാര്‍ അദ്ദേഹത്തോട് അദ്ദേഹത്തിന് എന്തെങ്കിലും ധൃതി ഉണ്ടോ ഇല്ലെങ്കില്‍ താന്‍ പോയി  ഭക്ഷണം കഴിച്ചു വരാം എന്നു പറഞ്ഞു. ആ ഭക്തന്‍ ശരി താന്‍ കാത്തിരിക്കാം എന്നു പറഞ്ഞു. 
        അനന്താഴ്വാന്‍ ഭക്ഷണം കഴിച്ചു വന്നു എന്നിട്ട് അദ്ദേഹം ആരാണെന്ന്  ചോദിച്ചു. അദ്ദേഹം താന്‍ പരാശര ഭാട്ടരുടെ ശിഷ്യനാനെന്നു പറഞ്ഞു ഇതു കേട്ട് അദ്ദേഹം വളരെ സന്തോഷിച്ചു. ഉത്തമനായ ശ്രീ രാമാനുജരുടെ ശിഷ്യനായ പരാശരുടെ ശിഷ്യനാണോ എന്നു സന്തോഷിച്ചു. ശിഷ്യന്‍ അദ്ദേഹത്തോട് താന്‍ ഉത്തമമായ വൈഷ്ണവ ഭക്ത ലക്ഷണം എന്താണെന്ന് അറിയാന്‍ വന്നതാണെന്നു പറഞ്ഞു. തന്നെ തന്റെ ഗുരു ഇവിടേയ്ക്കു പറഞ്ഞയച്ചതാണെന്നും താന്‍ അതു അറിഞ്ഞു കൊണ്ടു അദ്ദേഹത്തിനു പറഞ്ഞു കൊടുക്കണം എന്നു ആജ്ഞ ഉണ്ടെന്നും പറഞ്ഞു. 
         ഇതു കേട്ടിട്ടു അനന്താഴ്വാന്‍ ആ ശിഷ്യനോട് "കൊക്കു പോലെ ഇരുപ്പാന്‍, കോഴി പോലെ ഇരുപ്പാന്‍, ഉപ്പു പോലെ ഇരുപ്പാന്‍ ഉമ്മൈ പോലെ ഇരുപ്പാന്‍" എന്നു മറുപടി പറഞ്ഞു.  കൊക്കു കുളത്തില്‍ നല്ല ഒരു മീന്‍ കിട്ടാന്‍ കാത്തിരിക്കും. വെള്ളത്തില്‍ എന്തൊക്കെയോ വന്നു പോകും. കൊക്കു അതൊന്നും ശ്രദ്ധിക്കാതെ തനിക്കു വേണ്ട മത്സ്യം വരുന്നുണ്ടോ എന്നു കാത്തിരിക്കും. അതു പോലെ ജീവിതത്തില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ആരൊക്കെയോ വന്നു പോകുന്നു. പക്ഷെ നാം അവരെയൊക്കെ ഹൃദയത്തില്‍ ഏറ്റാതെ ഇടപഴാകണം. എന്നെങ്കിലും ഉത്തമമായ ഒരു ആചാര്യന്‍ വരുമോ എന്നു ശിഷ്യന്‍ കാത്തിരിക്കണം. സാമാന്യ സംഭവങ്ങള്‍ എല്ലാം നടക്കുമ്പോഴും അതെല്ലാം ഒരു അരികത്തു മാറ്റി വെച്ചിട്ടു നല്ല ഭഗവത് അനുഭവം എപ്പോള്‍ കിട്ടും എന്നു കാത്തിരിക്കണം. അതാണു കൊക്കിനെ പോലെ ഒരു ശിഷ്യന്‍ ഇരിക്കും എന്നു പറഞ്ഞത്. 
         ഒരു കോഴി ചവറു കൂനയില്‍ ചെന്നു ചികയും. അതില്‍ നിന്നും അതിനു വേണ്ട ഭക്ഷണം മാത്രം അതു സ്വീകരിക്കുന്നു. താന്‍ ഇത്രയും ചികഞ്ഞിട്ടു തനിക്കു ഒരൊറ്റ ധാന്യമേ കിട്ടിയുള്ളൂ എന്നു അതു ദുഃഖിക്കാറില്ല. താന്‍ ചികഞ്ഞു തനിക്കു ഒരു മണി കിട്ടി എന്നുമാത്രമേ വിചാരിക്കു. അതു പോലെ ശാസ്ത്ര വിചാരം ചെയ്തു ആവശ്യമില്ലാത്തത് മാറ്റി വെച്ചിട്ടു സാരത്തെ ഗ്രഹിക്കണം. അതാണു കോഴി പോലെ ഇരുപ്പാന്‍ എന്നു പറയുന്നത്. 
         ഉപ്പൈ പോലെ ഇരുപ്പാന്‍ എന്നു പറയുന്നു. ഉപ്പു നമ്മുടെ ആഹാരത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉപ്പു ശരിയായിരുന്നാല്‍ ഭേഷ് ഭേഷ് എന്നു എല്ലാവരും പ്രശംസിക്കുന്നു. എന്നാല്‍ സ്വല്പം കൂടുതലോ കുറവോ ആയാല്‍ ഒട്ടും രസിക്കുന്നില്ല. എന്നാല്‍ ഉപ്പിനു യാതൊരു പ്രശംസയും കിട്ടുന്നില്ല. അതിനെ ആരും ശ്രദ്ധിക്കുന്നേയില്ല. അതു പോലെ ഭക്ത ലക്ഷണം ഉള്ള ഭക്തന്‍ എല്ലാ കൂട്ടത്തിലും മറഞ്ഞു നിന്നു കൊണ്ടു എല്ലാ കൈങ്കര്യങ്ങളും ചെയ്യുന്നു. ഉപ്പിനെ പോലെ ഒരു അതിര്‍ത്തിയില്‍ നിന്നു കൊണ്ടു തന്നെ കൈങ്കര്യം ചെയ്യുന്നു. ഒരിക്കലും പ്രത്യക്ഷത്തില്‍ തന്നെ വെളിപ്പെടുത്തുകയില്ല. ഒരേ സ്ഥിതിയില്‍ ഇരിക്കും.
     "ഉമ്മൈ പോലെ ഇരുപ്പാന്‍". അങ്ങയെ പോലെ ഇരിക്കും. അങ്ങ് സാധു ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞിരിക്കുന്നു എങ്കിലും അതു അറിയാനായിട്ടു ഗുരു പറഞ്ഞത് കൊണ്ടു ഇവിടെ വരെ വന്നില്ലേ. ഇത്രയും നേരം ഞാന്‍ കാത്തിരിക്കാന്‍ വെച്ചപ്പോഴും അങ്ങു ക്ഷമയോടെ അറിയേണ്ടത് അറിയണം എന്നു കാത്തു നിന്നില്ലേ അതു തന്നെയാണ് ലക്ഷണം', എന്നു പറഞ്ഞു.    
       ഇതു കേട്ടു ആ ഭക്തന്‍ കണ്ണീര്‍ വാര്‍ത്തു എന്നിട്ടു അനന്താഴ്വാനോടായി അങ്ങു എനിക്ക് സാധു ലക്ഷണം ഉണ്ടെന്നു പറഞ്ഞില്ലേ എനിക്കു ആശ്ചര്യമായി തോന്നുന്നു എന്നു പറഞ്ഞു. ഇതു കേട്ട അനന്താഴ്വാന്‍ അദ്ദേഹത്തോട് അങ്ങ് പരാശര ഭട്ടരുടെ ശിഷ്യനായി ഇരിക്കുന്നതു കൊണ്ടാണ് അങ്ങയ്ക്കു ഈ ഭക്ത ലക്ഷണം. അങ്ങു അദ്ദേഹത്തെ ആശ്രയിച്ചു ഇരിക്കുന്നത് കൊണ്ടു അ അങ്ങു  കൊക്കു പോലെ കോഴി പോലെ ഉപ്പു പോലെ ഇരിക്കുന്നു എന്നു പറഞ്ഞു. 
       ആ ഭക്തന്‍ തിരിച്ചു തന്റെ ഗുരുവിന്റെ അടുത്തേയ്ക്ക് വന്നു ചേര്‍ന്ന്. പരാശര ഭട്ടര്‍ അദ്ദേഹത്തോട് 'സാധു ലക്ഷണം അറിഞ്ഞു വന്നോ?' എന്നു ചോദിച്ചു.  'ഉവ്വ് ഗുരോ! അനന്താഴ്വാന്‍ എനിക്കു അതു മനസ്സിലാക്കി തന്നു' എന്നു ശിഷ്യന്‍ പറഞ്ഞു.
ഉടനെ ഭട്ടര്‍ അദ്ദേഹത്തോട് എന്തു മനസ്സിലായി എന്നു ചോദിച്ചു. അതിനു അദ്ദേഹം 'അങ്ങയുടെ ശിഷ്യനായിരുന്നാല്‍  ഈ ലക്ഷണങ്ങള്‍ ഉണ്ടാവും എന്നു മനസ്സിലായി' എന്നു പറഞ്ഞു നിറുത്തി. അദ്ദേഹം കൊക്കും കോഴിയും ഉപ്പും എല്ലാം വിട്ടു. തന്റെ ആചാര്യനെ പിടിച്ചു അദ്ദേഹത്തിന്റെ ശിഷ്യനായി ഇരിക്കുന്നത് തന്നെ ശിഷ്യ ലക്ഷണം ആണെന്നു പറഞ്ഞു നിറുത്തി. അതാണു സദ്ശിഷ്യന്‍! തന്റെ ഗുരുവിനെക്കാള്‍ അയാള്‍ക്കു വലുതായി മറ്റൊന്നും തന്നെ ഇല്ല. സദ്ഗുരുവും എങ്ങനെ തന്റെ ശിഷ്യന്റെ ഗുണത്തെ നിരൂപണം ചെയ്തു എന്നു കാണാം. നേരിട്ട് പറയാതെ തന്നെ ഈ സദ്ഗുണങ്ങള്‍ നിന്നില്‍ ഉണ്ട് എന്നു മനസ്സിലാക്കി കൊടുക്കുന്നു.  ജയ്‌ സദ്ഗുരു മഹാരാജ് കീ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
    ഭഗവാനു ജാതി മത ഭേദങ്ങള്‍ ഒന്നും തന്നെയില്ല. ഭക്തി മാത്രമാണ് പ്രധാനം. ശ്രീ വേദവ്യാസര്‍ ഒരു മുക്കുവത്തിയുടെ മകനാണ്. നാരദര്‍ ഒരു ദാസീ പുത്രനാണ്. വിദുരരും അതെ പോലെ തന്നെ. പ്രഹ്ലാദന്‍ അസുര കുലത്തില്‍ ജനിച്ചവന്‍. പക്ഷെ ഭക്തി കൊണ്ടു ഭഗവാനെ തൂണില്‍ പ്രത്യക്ഷപ്പെടുത്തി. ഗോപസ്ത്രീകള്‍ ഇടച്ചിമാരാണ്. ആരായാലും ഭഗവാനു ഒന്നു തന്നെ. ഭക്തി ഉണ്ടെങ്കില്‍ അവര്‍ ഭഗവാനു പ്രിയപ്പെട്ടവരാണ്. 
ശ്രീ തൊണ്ടരടിപ്പോടിയാഴ്വാര്‍ തന്റെ 'തിരുമാലൈ' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. 
പഴുതിലാ ഒഴുകലാറ്റു പല ചതുപ്പേതിമാര്‍കള്‍!
ഇഴി കുലത്തവര്‍കളേലും എമ്മടിയാര്‍കളാകില്‍ 
തോഴുമിനീര്‍ കൊടുമിന്‍ കൊണ്മിന്‍ എന്റു നിന്നോടും ഒക്ക
വഴിപാട അരുളിനായ് പോല്‍ മതില്‍ തിരുവരംഗത്താനേ!
     ചതുര്‍ വേദവും പഠിച്ച ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ പിറന്നവര്‍ പോലും താഴ്ന്ന കുലത്തില്‍ ജനിച്ചു ആചാരങ്ങള്‍ ഒന്നും  അറിയാതെ, തീണ്ടാന്‍ പാടില്ലാത്ത ആളായാലും ഭഗവത് ഭക്തി ഉള്ളവരോടൊപ്പം വരില്ല. ഭഗവാന്‍ തന്നെ പറയുന്നു, 'ഇഴി കുലത്തില്‍' പിറന്നവരായാലും എന്റെ ഭക്തന്മാര്‍ വളരെ ശ്രേഷ്ഠം തന്നെയാണ് എന്ന്. 'എമ്മടിയാര്‍കളൈ  തോഴുമിന്‍ നീരേ' എന്റെ ഭക്തന്മാരെ നിങ്ങള്‍ നമസ്കരിക്കു എന്ന് ഭഗവാന്‍ പറയുന്നു. അവര്‍ ഇതു ജാതിയില്‍ പെട്ടവരായാലും അവരുടെ പക്കല്‍ നിന്നും ഉപദേശം സ്വീകരിക്കാം. അവര്‍ക്കും ഉപദേശം നല്‍കാം. ഭക്തി ഒന്നു മാത്രമാണ് പ്രാധാന്യം! 
         ഭക്തര്‍ ഏകാദശി വ്രതം ഭഗവാനു വേണ്ടി നോക്കുന്നു. ഏകാദശി വ്രതം കൊണ്ടു ഭഗവാന്‍ വളരെ പ്രീതിയടയുന്നു എന്നാണു പ്രമാണം. അതിലും വൃശ്ചിക മാസം വളരെ വിശേഷപ്പെട്ട മാസമാണു. പുരാണങ്ങളില്‍ വൃശ്ചിക മാസത്തിന്റെ മാഹാത്മ്യം പറയുന്നുണ്ട്.  വൃശ്ചിക മാസത്തിലേ ശുക്ല പക്ഷ ഏകാദശി ഉപവാസം വളരെ ശ്രേഷ്ഠമാണ്. സകല വിധമായ പാപങ്ങളെയും നശിപ്പിക്കാന്‍ ഈ ഏകാദശി വ്രതത്തിന് കഴിയും. ഗുരുവായൂരില്‍ ഈ ഏകാദശി വളരെ വിശേഷമായി കൊണ്ടാടുന്നു. അതേ സമയം തമിഴ് നാട്ടിലെ വൈഷ്ണവ ഭക്തന്മാര്‍ ഇത് കൈശിക ഏകാദശി എന്നു കൊണ്ടാടുന്നു. രണ്ടും ഒരേ ദിനമാണ്.  
ഏകാദശി വ്രതം എന്നാല്‍ ശരീരത്തിനു വേണ്ട ആഹാരം നല്‍കുന്നതിനു മുഖ്യത്വം നല്‍കാതെ ആത്മാവിനു വേണ്ട ആഹാരമായ നാമജപം ധാരാളം നല്‍കണം എന്നാണു. അന്നു നാം എന്തു കഴിക്കുന്നു എന്നതല്ല പ്രധാനം. ഭഗവന്‍ നാമജപമാണ് അന്നു  ചെയ്യേണ്ട കര്‍മ്മം. അതു കൊണ്ടാണ് ഭഗവാനു ഇതു ഇത്ര പ്രീതികരം. 
        ഒരു ഗുരുവായൂര്‍ ഏകാദശി ദിനം കേശവന്‍ എന്ന ഒരു ആന ഭഗവാന്റെ ചരണ കമലങ്ങളില്‍ തന്നെ അര്‍പ്പിച്ചു ജീവന്‍ വെടിഞ്ഞു എന്നു പറയുന്നു. ഒരു ആന പോലും ഭഗവത് ഭക്തി ചെയ്യും എന്നു നിരൂപിച്ചു. അതേ പോലെ ഇതേ ദിനം തന്നെ തമിഴ് നാട്ടിലെ തിരുക്കുറുങ്കുടി  എന്ന ദിവ്യ ദേശത്തും കൈശിക ഏകാദശി എന്ന പേരില്‍ വളരെ വിശേഷമായി കൊണ്ടാടുന്നു. തിരുനെല്‍വേലിയില്‍ ഉള്ള നാങ്കുനേരി എന്ന ഗ്രാമത്തിന്റെ അടുത്തു തിരുക്കുറുങ്കുടി എന്ന ദിവ്യ ദേശം സ്ഥിതി ചെയ്യുന്നു. ഭഗവാന്‍ തന്റെ രൂപത്തെ കുറുക്കി ചെറുതാക്കി അതു കൊണ്ടാണ് ഈ പേരു സിദ്ധിച്ചത്‌. ഭഗവാന്‍ വരാഹമൂര്‍ത്തി ഇരുന്നു കൊണ്ടു മഹാലക്ഷ്മി അമ്മയ്ക്കു ഉപന്യാസം ചെയ്തു കൊടുക്കുന്നു. ഭഗവാന്‍ തന്റെ ഭക്ത വൈഭവത്തെ പറയുന്നു. അമ്മ വളരെ താല്പര്യത്തോടെ കേള്‍ക്കുന്നു. ആ ഭക്തന്റെ പേരു എന്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല. സംസ്കൃതത്തില്‍ ഭഗവാന്‍ മമ ഗായകാഃ  എന്നു പറഞ്ഞതായിട്ടു ഉണ്ട്. അതിനെ ആസ്പതമാക്കി തമിഴില്‍ 'നമ്പാടുവാന്‍ (നം പാടുവാന്‍)' എന്നു പേരിട്ടിരിക്കുന്നു.
         തിരുക്കുറുങ്കുടിയ്ക്കടുത്ത് മഹേന്ദ്രഗിരി എന്നൊരു സ്ഥലം ഉണ്ട്. അവിടെ കുറച്ചു ഹരിജനങ്ങള്‍ താമസിച്ചിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമി രാമാനുജര്‍ അവരെ 'തിരുക്കുലത്തോര്‍' എന്നു വിളിച്ചിരുന്നു. ഹരിയുടെ കുലത്തെ ചേര്‍ന്നവര്‍ എന്നാണു അര്‍ത്ഥം.  അവരുടെ ഇടയില്‍ ഒരു ഭക്തന്‍ ഉണ്ടായിരുന്നു. അയാളുടെ കഥയാണ് നാം ഇനി വരുന്ന ലക്കങ്ങളില്‍ കൂടി കാണുവാന്‍ പോകുന്നത്. കഥ കേള്‍ക്കാന്‍ തയ്യാറായി നാമ ജപം ചെയ്തു കാത്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 55)
         രാധേകൃഷ്ണാ! തിരുക്കോളൂരിലെ പെണ്‍പിള്ളൈക്കു മഹാനായ സ്വാമി രാമാനുജരോട് സംസാരിക്കാവാനുള്ള ഭാഗ്യം ഉണ്ടായി. അതും അവള്‍ എല്ലാം നഷ്ടപ്പെട്ടു മനം നൊന്തു ഈ നാട് വിട്ടു പോകാം എന്നു പുറപ്പെടുംപോഴാണ് രാമാനുജരെ കാണുന്നത്. ദുഃഖം കൊണ്ടു നമ്മുടെ ഹൃദയം തകര്‍ന്നു നാം ബലം ഇല്ലാതെ നില്‍ക്കുമ്പോഴാണ് ഗുരു നമ്മുടെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. മനസ്സില്‍ ബലം ഉള്ളപ്പോള്‍ ഗുരുവിന്റെ മഹിമ നമുക്കു മനസ്സിലാകില്ല.  ഹൃദയത്തില്‍ ആഗ്രഹം അല്ലെങ്കില്‍ കാമം ഉണ്ടെങ്കില്‍ അതിന്റെ പിന്നാലെ ഒടുന്നതല്ലാതെ മനസ്സ് മറ്റൊന്നും തന്നെ ശ്രദ്ധിക്കുകയില്ല. പക്ഷെ ജീവിതത്തില്‍ വലിയ ഒരു ആഘാതം ഏറ്റു, ഒന്നും വേണ്ടാ എന്നു എല്ലാ കാമങ്ങളില്‍ നിന്നും മനസ്സ് പിന്‍ വാങ്ങുമ്പോള്‍ ഗുരു കടാക്ഷം പതിക്കുന്നു. എന്തെങ്കിലും ഒരു ആശ്രയം ഉണ്ടോ എന്നു അന്വേഷിക്കുന്ന സമയത്തു ഗുരു കടാക്ഷം കിട്ടുമ്പോള്‍ അതിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നു. നമുക്കു ബലം ഇല്ലാത്തപ്പോളാണ് ഗുരുവിന്റെ ബലത്തെ നാം അംഗീകരിക്കുന്നത്. 
        പെണ്‍പിള്ളൈ ദാരിദ്ര്യവും കഷ്ടവും കാരണം തിരുക്കോളൂര്‍ എന്നാ ദിവ്യദേശം വിട്ടു പോകാന്‍ ഒരുങ്ങുമ്പോള്‍ സദ്ഗുരു രാമാനുജരെ കാണുന്നു. അവള്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ടു തനിക്കു ഇവിടെ ഇരിക്കാന്‍ അര്‍ഹതയില്ല എന്നു ഓരോന്നായി പറയുന്നു. ഓരോ ഭക്തന്മാരെയും മറ്റും പറഞ്ഞ അവള്‍ അടുത്തതായി ഒരു വാക്യം പറഞ്ഞു.
"ഇങ്കു പാല്‍ പൊങ്കും എന്റെനോ വടുക നമ്പിയൈ പോലെ"
  രാമാനുജരെ സംബന്ധിച്ചുള്ള ഒരു വിഷയമാണ് അവള്‍ പറഞ്ഞത്. താന്‍ സംസാരിക്കുന്നതു സ്വാമി രാമാനുജരോടാണ് എന്നു അറിയാതെയാണ് അവള്‍ പറയുന്നത്. വടുക ദേശം എന്നാല്‍ ആന്ധ്ര ദേശം എന്നാണു. രാമാനുജരുടെ ഒരു ശിഷ്യന്‍ ആന്ധ്ര ദേശത്തു നിന്നുള്ള വടുക നമ്പിയാണ്. ആചാര്യന്‍ മാത്രം ശരണം എന്നു കിടക്കുന്ന ഒരു ശിഷ്യനാണ്. അദ്ദേഹത്തിനു ആചാര്യനല്ലാതെ മറ്റു ഒന്നും തന്നെ ഇല്ല. മധുരകവി ആള്‍വാരെ   പോലെയാണ് വടുക നമ്പി. അസാധ്യ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ആ ഭാവം വരികയുള്ളു. 
        ഒരിക്കല്‍ രാമാനുജരും ശിഷ്യരും യാത്ര പോകുകയായിരുന്നു. വടുക നമ്പിയുടെ തലയില്‍ യതിരാജരുടെ ആരാധാനാ മൂര്‍ത്തിയടങ്ങിയ പെട്ടി ഉണ്ടായിരുന്നു. അവര്‍ക്കു കാവേരി നദി കടക്കേണ്ട ആവശ്യം വന്നു. എല്ലാവരും ജലത്തില്‍ കൂടി നടന്നു നീങ്ങുകയായിരുന്നു. ഉള്ളിലേക്ക് പോകുന്തോറും വെള്ളം പൊങ്ങി പിങ്ങി വന്നു കൊണ്ടിരുന്നു. വടുക നമ്പിയുടെ ഒരു കയ്യില്‍ യതിരാജരുടെ പാദുകകള്‍ ഉണ്ടായിരുന്നു. അവിചാരിതമായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ വെള്ളം കഴുത്തു വരെ വന്നു പോയി. വടുക നമ്പി എന്തു ചെയ്യണം എന്നറിയാതെ ഒടുവില്‍ കയിലുള്ള പാദുകകള്‍ തലയിലെ പെട്ടിയുടെ മുകളില്‍ എടുത്തു വെച്ചു. യാദൃച്ചയാ രാമാനുജര്‍ ഇതു കണ്ടു. 
        തന്റെ ആരാധനാ മൂര്ത്തിയുള്ള പെട്ടിയുടെ മുകളില്‍ തന്റെ പാദുകകള്‍ വെച്ചിരിക്കുന്നത് കണ്ട രാമാനുജര്‍ക്കു പ്രയാസമായി. 'വടുകാ ഇതെന്താ നീ ഈ ചെയ്തത്?' എന്നദ്ദേഹം ശിഷ്യനോട് ചോദിച്ചു. ഉടനെ വടുക നമ്പി 'ഇതാണോ സ്വാമി വലിയ കാര്യം?' എന്നു പറഞ്ഞു. രാമാനുജര്‍ അതിനു നമ്പി ആരാധനാ മൂര്‍ത്തിയുടെ മേല്‍ പാടുക വെച്ചത് ഒട്ടും ശരിയായില്ല എന്നു പറഞ്ഞു. അതിനു വടുക നമ്പി ചിരിച്ചു കൊണ്ടു, 'അങ്ങയ്ക്കു അങ്ങയുടെ ആരാധനാ മൂര്‍ത്തി പ്രധാനം, എനിക്കു എന്റെ ആരാധനാ മൂര്‍ത്തി പ്രധാനം!' എന്നു പറഞ്ഞു. രാമാനുജര്‍ ദേഷ്യത്തില്‍ നീ പാദുകകളെ   ഭഗവാനോട് സമമായി പറയുകയാണോ എന്നു ചോദിച്ചു. വടുക നമ്പി അതിനു. അങ്ങയുടെ ആരാധനാ മൂര്‍ത്തിയേക്കാള്‍   ഒട്ടും കുറഞ്ഞതല്ല എന്റെ ആരാധനാ മൂര്‍ത്തി. അങ്ങയുടെ മൂര്‍ത്തി അങ്ങയ്ക്കു എന്തെല്ലാം തരുമോ അതെല്ലാം തന്നെ എന്റെ ആരാധനാ മൂര്‍ത്തി എനിക്കു തരുന്നുണ്ട്. എന്റെ ആരാധനാ മൂര്‍ത്തി അങ്ങയുടെ പാദുകകള്‍ ആണ്. സ്വാമി രാമാനുജര്‍ക്കു കൂടുതലായി ഒന്നും തന്നെ പറയാന്‍ സാധിച്ചില്ല. ഞാന്‍ നിന്നോടു തോറ്റു എന്നു പറഞ്ഞു കൊണ്ടു മാറി പോയി. വടുക നമ്പിയുടെ ആചാര്യ ഭക്തി കണ്ടു മറ്റുള്ള ശിഷ്യരെല്ലാവരും ആശ്ചര്യപ്പെട്ടു പോയി. 
     വടുക നമ്പിയുടെ ആചാര്യ ഭക്തിയുടെ കഥകളുമായി അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!