Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, September 13, 2012

പ്രേമവേദം - സെപ്തംബർ 12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ദൃഷ്ടവാ സംഭൃതസംഭ്രമഃ കമലഭൂസത്വത് പാദപാഥോരുഹേ 
ഹർഷാവേശവശംവദോ നിപതിതഃ പ്രീത്യാ കൃതാർത്ഥീഭവൻ
ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ
ദ്വൈതാട്വൈത ഭവത്സ്വരൂപപരമിത്യാചഷ്ടതം ത്വാം ഭജേ. 
(ദശഃ7 ശ്ലോഃ 9)
     ആ സ്വരൂപ ദർശനത്താൽ പരിഭ്രാന്ത ചിത്തനായ ബ്രഹ്മാവ്‌ ഹർഷാവേഗത്തിനു കീഴ്പ്പെട്ടു അങ്ങയുടെ ചരണകമലത്തിൽ നമസ്കരിച്ചു പ്രീതനും കൃതാർത്ഥനുമായിപ്പറഞ്ഞുഃ അല്ലയോ വിഭോ, അങ്ങേക്കു എന്റെ ആഗ്രഹമറിയാമല്ലോ. ദ്വൈതവും അദ്വൈതവുമായ അങ്ങയുടെ സ്വരൂപത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം എന്നിൽ ഉണ്ടാകണമേ. ഇപ്രകാരം ബ്രഹ്മാവിനാൽ അപേക്ഷിക്കപ്പെട്ട അങ്ങയെ ഞാൻ ഭജിക്കുന്നു.
 (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
        രാധേകൃഷ്ണാ! ഗുരുവിനു ഏതു സന്ദർഭത്തിലും പക്ഷാഭേദം എന്നൊന്നില്ല. വിവേചനവും ഇല്ല. വഴക്കു പറയുന്നതും പരിഹസിക്കുന്നതും എല്ലാം ഒരു ജീവനെ നേർവഴി നടത്താനാണ്. അഴുക്കു പുരണ്ട വസ്ത്രം നാം അടിച്ചു നനക്കാരില്ലേ അതു പോലെ. ഓരോ ജീവനും പല ജന്മങ്ങളായി ചേർന്ന അഴുക്കു വസ്ത്രം പോലെയാണ്. ആ അഴുക്കൊക്കെ മാറ്റണ്ടേ! അത് മനസ്സിലാക്കാനുള്ള ശക്തിയാണ് നമുക്കാർക്കും ഇല്ലാത്തതു. 
          നല്ല വേദ വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു സദ്ഗുരു ഉണ്ടായിരുന്നു. അതിൽ ഒരുവന ജ്യോതിഷ ശാസ്ത്രം പഠിച്ചുകൊണ്ടിരുന്നു. മറ്റൊരുത്താൻ ആയുർവേദം അഭ്യസിച്ചു കൊണ്ടിരുന്നു. വേറൊരുത്തൻ തർക്ക ശാസ്ത്രം പഠിച്ചു കൊണ്ടിരുന്നു. തര്ക്ക ശാസ്ത്രം അഭ്യസിക്കുന്നവനെ മാത്രം ഗുരു ഇപ്പോഴും അടുത്തു ഇരുത്തി കൂടുത്തൽ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ഇതു ഗുരു പത്നി നോക്കി വന്നിരുന്നു. അവർ ഒരു ദിവസം തന്റെ പതിയോടു ചോദിച്ചു. 'മൂന്നു പേരും ശിഷ്യ ഭാവത്തിൽ തന്നെ അവിടുത്തോട്‌ പെരുമാറുന്നു പക്ഷെ അങ്ങയിൽ ഞാൻ പക്ഷാഭേദം കാണുന്നപോലെ തോന്നുന്നു' എന്നു പറഞ്ഞു. തർക്കശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥിയോട് മാത്രം കൂടുത്തൽ ഇഷ്ടം അങ്ങു കാണിക്കുന്നു എന്നെനിക്കു തോന്നുന്നു എന്നു പറഞ്ഞു.  അതിനദ്ദേഹം ചിരിച്ചു കൊണ്ടു നാളെ ഇതിന്റെ കാരണം ഞാൻ നിനക്കു നിരൂപിക്കാം എന്നു പറഞ്ഞു. 
         പിറ്റേദിവസം ഗുരു പറഞ്ഞു തന്നതു പോലെ ഗുരു പത്നി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ജ്യോതിഷം പഠിക്കുന്ന വിദ്യാർത്ഥി വന്നു ചേർന്നു. ഗുരു പത്നി എന്തിനാണു കരയുന്നതെന്നു അന്വേഷിച്ചു. അവർ ഉടനെ ഗുരുവിന്റെ ചെവിയിൽ ഒരു ഓന്തു കയറി പോയി. അത് കൊണ്ടു ഗുരു മരണമടഞ്ഞു എന്നു പറഞ്ഞു കരച്ചിൽ തുടർന്നു. ഉടനെ ആശിഷ്യൻ ഗുരുവിന്റെ ജാതകം എടുത്തു അദ്ദേഹത്തിന് ഇപ്പോൾ എന്തു  ദശയാണെന്നു നോക്കാം എന്നു പറഞ്ഞു പോയി. അടുത്തതായി ആയുർവേദ വിദ്യാർത്ഥി വന്നു. അയാളോട് കാര്യം പറഞ്ഞപോൾ അവൻ ഉടനെ തന്നെ 'ഇതിനു എന്തു മരുന്നുണ്ടെന്നു നോക്കട്ടെ' എന്ന് പറഞ്ഞു പോയി. അടുത്തതായി തര്ക്ക ശാസ്ത്രം പഠിക്കുന്നവാൻ വന്നു. അയാള് ഇത് കേട്ടപ്പോൾ 'ഇതു അസംഭവ്യം. ഞാൻ ഇതു വിശ്വസിക്കില്ല' എന്നു പറഞ്ഞു.. ഉടനെ ഗുരു പത്നി അതെന്താ അയാള് വിശ്വസിക്കാത്തത് എന്ന് ചോദിച്ചു. ഉടനെ അയാൾ ഒന്നാമതായി ചെവിയുടെ ഓട്ടയിൽ ഓന്തിനു പ്രവേശിക്കാൻ സാധിക്കില്ല രണ്ടാമതു അഥവാ എന്തെങ്കിലും അനർത്ഥം സംഭവിചിട്ടുണ്ടെങ്കിൽ ഗുരു പത്നി ഇതു പോലെ ചോദിച്ചു കൊണ്ടു നിൽക്കില്ല. ഗുരുപത്നിയുടെ കണ്ണുകളിൽ ഒട്ടും കണ്ണീർ ഇല്ല. അതു കൊണ്ടു ഇതെന്തോ പരീക്ഷണമാണ്. ഗുരുവേ! അങ്ങ് കാര്യം എന്താണെന്നു പറയു എന്നു പറഞ്ഞു. 
         ഇതു കേട്ടിട്ടു ഗുരു അകത്തു നിന്നും ഓടി വന്നു ശിഷ്യനെ കെട്ടി പിടിച്ചു. എന്നിട്ടു പത്നിയോട് അവന്റെ ബുദ്ധി കണ്ടോ എന്നു ചോദിച്ചു. അവരവരുടെ തരാതരം അനുസരിച്ചാണ് ഗുരു പെരുമാറുന്നത്. ബുദ്ധി സാമർത്ഥ്യവും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള പാടവവും അയാൾക്കുണ്ടെന്നു ഗുരുവിനു അറിയാം. അത് കൊണ്ടു അയാളോട് അതിനനുസരിച്ച് പെരുമാറി. ഓരോരുത്തരുടെ വിശപ്പിനനുസരിച്ചല്ലേ ഭക്ഷണം വിളമ്പുക? ഓരോ ജീവന്റെയും അജ്ഞാനം, ജ്ഞാനം, ഭക്തി, ശ്രദ്ധ, വിശ്വാസം, ദൃഡത, അഹങ്കാരം, മമകാരം, എല്ലാം അനുസരിച്ച് അതിനു ആവശ്യമുള്ളത് നൽകുന്നു. ഗുരു അത്ര ശ്രേഷ്ഠനാകുന്നു. ഗുരുവിൽ അപാര വിശ്വാസം അർപ്പിച്ചു കൈങ്കര്യം ചെയ്യുക. അദ്ദേഹം പറയുന്നതു അതു പോലെ പിന്തുടരുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ഭക്തി ഏതു സ്ഥിതിയിലും ഉപേക്ഷിക്കാൻ പാടില്ല. നമ്മുടെ പരിസരം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നമ്മുടെ ഭക്തിയിൽ കുറവ് വരാൻ പാടില്ല. ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി പ്രതികൂല സ്ഥിതിയിൽ പോലും ഭഗവാനോടുള്ള ഭക്തി വിട്ടില്ല. ഓരോ ദിവസവും അവൾ പാണ്ഡുരംഗനോടു തന്റെ ഭർത്താവിനു നല്ല ബുദ്ധി നൽകാൻ പ്രാർത്ഥിക്കും. അദ്ദേഹം ഇനിയെങ്കിലും ഒന്നു മാറണമേ എന്നു ഭഗവാനോട് യാചിക്കും. അദ്ദേഹത്തിനു ഭക്തി ലഭിക്കണമേ എന്നവൾ ആഗ്രഹിച്ചു ഓരോ ദിവസവും അങ്ങനെ വിചാരിച്ചു കൊണ്ടാണ് അവൾ ഉണരുന്നതു. പക്ഷെ ഓരോ ദിവസവും വിപരീതമായിട്ടാണു നടക്കുക പക്ഷെ അത് കൊണ്ടു അവളുടെ വിശ്വാസം തെല്ലും കുറഞ്ഞില്ല.
        അതാണു യഥാർത്ഥ ഭക്തി! നമുക്കു ഭഗവാനോട് ചോദിക്കാൻ അർഹതയുണ്ട്. പക്ഷെ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നതു നാമല്ല. അവിടെയാണ് നമുക്കു തെറ്റുന്നത്. രണ്ടു ദിവസം പ്രാർത്ഥിച്ചിട്ടു നടന്നില്ലെങ്കിൽ ഉടനെ ഇതെന്തു ഭഗവാൻ എന്നു നാം ചോദിക്കും. ഭഗവാൻ നമ്മുടെ കാര്യം എങ്ങനെ നടത്തുന്നു എന്നു കാത്തിരുന്നു കാണാൻ ക്ഷമയില്ല. പക്ഷെ ലക്ഷ്മി ഭഗവാൻ തന്റെ ഭാരതാവിനെ മാറ്റിക്കോണ്ടിരിക്കുന്നു എന്നു ദൃഡമായി വിശ്വസിച്ചു. ആലിൻ വിത്തു മുളച്ചു വരുമ്പോൾ ഒന്നോ രണ്ടോ ഇലകളൊടെയാണല്ലോ വരുന്നത്. പിന്നെ വർഷങ്ങൾക്കു ശേഷമല്ലേ അതു മരമാകുന്നതു. അതു പോലെ തന്റെ ഭർത്താവിനും കുറേശ്ശെ മാറ്റം ഉണ്ടാവുന്നു എന്നവൾ വിശ്വസിച്ചു. നടക്കുന്നതെല്ലാം നല്ലതിനാണ് എന്നു സന്തോഷിച്ചിരുന്നു.
            ഭഗവാൻ അവളുടെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞു അവളെ അനുഗ്രഹിക്കുവാൻ തീരുമാനിച്ചു. അവൾ ആഗ്രഹിക്കുന്ന പോലെ ഒരു മാറ്റം അവളുടെ ഭർത്താവിൽ ഉണ്ടാക്കണം എന്നു തീരുമാനിച്ചു.
ഒരു ദിവസം ശ്രീനിവാസാൻ തന്റെ കട രാവിലെ തുറന്നു. അന്നു തന്റെ പക്കൽ പണയം വയ്ക്കാനായി നിറയെ വസ്തുക്കൾ എടുത്തു കൊണ്ടു ആളുകൾ വരണം, അവരിൽ നിന്നും നല്ല പലിശ ഈടാക്കണം, അവർക്കു ആ പണയ വസ്തു തിരിച്ചു എടുത്തു കൊണ്ടു പോകാൻ സാധിക്കാതെ വരണം, ആ വസ്തു തന്റെ സ്വന്തമാകണം എന്നൊക്കെ മനക്കോട്ട കെട്ടി കൊണ്ടു അദ്ദേഹം കട തുറന്നു. കടയുടെ മുന്നിൽ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നു. അയാളുടെ വസ്ത്രം കീറിയിരുന്നു. എല്ലും തോലുമായി ശരീരം ശോഷിച്ചു വിറച്ചു കൊണ്ടിരുന്നു. കയ്യിൽ ഒരു ഊന്നുവടി പിടിച്ചിരുന്നു. വളരെ ദരിദ്ര സ്ഥിതിയിലാണെന്നു കണ്ടാൽ അറിയാം. 
         അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ഭിക്ഷ യാചിക്കുവാൻ വന്നവനാണു എന്നു മനസ്സിലായി. ഉടനെ തന്നെ ആ വൃദ്ധനെ നോക്കി ശ്രീനിവാസാൻ പോകു! പോകു! എന്നാട്ടിപ്പായിച്ചു. ശ്രീനിവാസനെ കണ്ട ഉടനെ ആവൃദ്ധനും 'ങ്ഹാ ശ്രീനിവാസാ നീ വന്നുവോ' എന്നു പരിചയ ഭാവത്തിൽ ചോദിച്ചു. 
ശ്രീനിവാസാൻ 'നിങ്ങൾക്കു എന്നെ അറിയാമോ' എന്നു ചോദിച്ചു. 
വൃദ്ധൻ: നന്നായി അറിയാം. നിന്റെ അച്ഛൻ ഒരു ഉത്തമാനായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയം ഉണ്ട്.
ശ്രീനിവാസാൻ:- അതിനു? അതും പറഞ്ഞു കൊണ്ടു ഇവിടെ നിക്കണ്ടാ നിങ്ങൾ ഇപ്പോൾ പോകു. എനിക്കു ഇടപാടുകാർ വരാനുള്ള സമയമായി. വെറുതെ സ്ഥലം മെനക്കെടുത്തരുതു'.
വൃദ്ധൻ:- എന്താ ശ്രീനിവാസാ നീ ഇങ്ങനെ ധൃതി പിടിക്കുന്നതു? ഞാൻ നിനക്കു മംഗള വാചങ്ങൾ പറയട്ടെ 
ശ്രീനിവാസാൻ:- വേണ്ടാ വേണ്ടാ നിങ്ങൾ ഇപ്പോൾ ഒന്നും പറയണ്ടാ എനിക്കു ഒന്നും കേൾക്കുകയും വേണ്ടാ 
പക്ഷെ വൃദ്ധനുണ്ടോ വിടുന്നുണ്ട്. അദ്ദേഹം തന്റെ കൈകൾ രണ്ടും ശ്രീനിവാസന്റെ തലയി വെച്ചു ശതമാനം ഭവതു എന്നാശീർവദിച്ചു. എന്നിട്ടു മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു വെച്ചിരുന്ന ഒരു നാരങ്ങാ എടുത്തു നീട്ടി. ശ്രീനിവാസാൻ നാരങ്ങാ വാങ്ങി. വെറുതെ കിട്ടുന്നത് എന്തിനു കളയണം? എന്നിട്ടു മംഗള വാചകം ഒക്കെ കഴിഞ്ഞെങ്കിൽ സ്ഥലം കാലിയാക്കണം എന്ന് പറഞ്ഞു.  വൃദ്ധൻ ഉടനെ 'നീ എന്താ ഇങ്ങനെ പറയുന്നത്? നിന്നെ കാണാനല്ലെ ഇത്ര ദൂരം കഷ്ടപ്പെട്ട് ഞാൻ നടന്നു വന്നതു. എന്നിട്ട് നീ എന്നെ വിരട്ടുകയാണോ?' എന്നു പറഞ്ഞു. ശ്രീനിവാസാൻ അതിനു 'എന്തിനു നിങ്ങൾ ശരീരം ഇത്രയും ബുദ്ധിമുട്ടിച്ചത്? അത്ര അത്യാവശ്യമായി എന്നെ കാണണ്ട കാര്യം എന്തുണ്ടായിരുന്നു? നിങ്ങൾ അവിടെ തന്നെ ഇരുന്നാൽ പോരേ? എന്നു ചോദിച്ചു.
അദ്ദേഹം ഉടനെ 'എന്റെ കൊച്ചുമകനു ഉപനയനം ചെയ്യണം എന്നു വിചാരിക്കുന്നു. നീ തന്നെ അതു നടത്തി തരണം. എനിക്കു വേറെ ആരാ ഉള്ളതു? എന്നു പറഞ്ഞു.
           ശ്രീനിവാസനു വൃദ്ധന്റെ ഉദ്ദേശം മനസ്സിലായി. ഉടനെ അദ്ദേഹത്തോടു 'അതിനെന്താ ഞാൻ കുടുംബ സമേതം നാലു ദിവസം മുൻപ് തന്നെ അവിടെ ഹാജരായിരിക്കും. അവിടെ തന്നെ താമസിച്ചു വിശേഷം എല്ലാം കഴിഞ്ഞിട്ടേ തിരിച്ചു വരുന്നുള്ളൂ പോരേ' എന്നു പറഞ്ഞു. വൃദ്ധൻ സന്തോഷത്തോടെ അവനു ആദ്യം ഒരു പട്ടു വസ്ത്രം നീ വാങ്ങിത്തരണം എന്നു പറഞ്ഞു. ഇത് കേട്ട ഉടനെ ശ്രീനിവാസന്റെ മട്ടു മാറി. വൃദ്ധാൻ തന്ന നാരങ്ങാ തിരിച്ചു കൊടുത്തിട്ടു 'ഓഹോ നല്ല സാമർത്ഥ്യം! ഒരു നാരങ്ങാ തന്നു എന്നെ കൊള്ളയടിക്കാനാണു ഭാവം അല്ലേ. ഞാനേ എന്തു മാത്രം കഷ്ടപ്പെടുന്നു എന്നു എനിക്കു മാത്രമേ അറിയുള്ളു. ഈ തൊഴിലിൽ എനിക്കു പണം വാരാനൊന്നും പറ്റില്ല അറിയാമോ. ഇതിൽ ചീത്ത പേരു മാത്രമാണു മിച്ചം. അത്യാവശ്യത്തിനു എന്റടുത്തു ഓടി വരും. പക്ഷെ പലിശ ചോദിക്കുമ്പോൾ എല്ലാവർക്കും ദേഷ്യമാണ്. അച്ഛൻ ചെയ്തു കൊണ്ടിരുന്ന കുലത്തൊഴിൽ അത് കൊണ്ടു മാത്രമാണു ഞാൻ അതു പിന്തുടരുന്നത്. എനിക്കു വലിയ സ്ഥിതി ഒന്നും ഇല്ല. നിങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ടാ. തക്കാലം പോകു.' എന്നു പറഞ്ഞു. 
        ഉടനെ ബ്രാഹ്മണൻ 'മോനെ ഉള്ളതിൽ ഒരു പങ്കു ധർമ്മം ചെയ്യുന്നതു കൊണ്ടു നിനക്കു പുണ്യമാണു എന്നു പറഞ്ഞു. 'എനിക്കു പുണ്യം വേണ്ടാ ധനമാണു വേണ്ടത്' എന്നു പറഞ്ഞു. വൃദ്ധാൻ എന്തൊക്കെയോ പറഞ്ഞു നോക്കി. ഒന്നിനും ശ്രീനിവാസാൻ മയങ്ങിയില്ല. വൃദ്ധൻ ഭിക്ഷ യാചിച്ചു കാലം കഴിക്കുകയാണെന്നു അധിക്ഷേപിച്ചു. ശ്രീനിവാസന്റെ പരിഹാസ വാക്കുകൾ കേട്ടിട്ടും വൃദ്ധാൻ കുലുങ്ങിയില്ല. 'ഇന്നു നിന്റെ മനസ്സ് ശരിയില്ല. ഞാൻ വന്ന സമയം ശരിയായില്ല. നീ കട തുറന്നപ്പോൾ ഞാൻ വന്നു അതാണു പറ്റിയതു. സാരമില്ല ഞാൻ പോയിട്ടു പിന്നെ വരാം' എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസാൻ തൊഴുതു കൊണ്ടു 'ഇനി മേലാൽ ഈ വഴി വരികയെ വേണ്ടാ' എന്നു പറഞ്ഞു. വൃദ്ധൻ ചിരിച്ചു കൊണ്ടു പോയി.
           അന്നു മുഴുവനും വൃദ്ധാൻ വരുമോ വരുമോ എന്നാ ചിന്തയിൽ ശ്രീനിവാസാൻ കഴിച്ചു കൂട്ടി. ഉച്ച വരെ ആളു വരാത്തപ്പോൾ കുറച്ചു സമാധാനമായി. ആരെങ്കിലും എന്തെങ്കിലും കൊടുത്തിരിക്കും. അയാൾ പോയി കാണും എന്നു വിചാരിച്ചു. വീട്ടിൽ പോയി ആഹാരം കഴിക്കാനായി കട അടച്ചു തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ വൃദ്ധൻ! 'ശ്രീനിവാസാ!' 
"ഹോ നിങ്ങൾ ഇതു വരെ പോയില്ലേ?"
വൃദ്ധൻ:-'നീ കട അടയ്ക്കുന്നതു വരെ കാത്തു നിൽക്കുകയായിരുന്നു. നല്ല വെയ്യിൽ നിന്റെ കൈ കൊണ്ടു നീ എനിക്കു എന്തെങ്കിലും തരണം'
ശ്രീനിവാസൻവളരെ പണിപ്പെട്ടു അദ്ദേഹത്തെ പറഞ്ഞയച്ചു. വൈകീട്ടു കട അടച്ചു വീട്ടിലേക്കു വരുമ്പോൾ ആ വൃദ്ധന്റെ ചിന്ത തെന്നെയായിരുന്നു മനസ്സിൽ. അയാൾ പിന്നെയും വരുമോ എന്നോർത്തു രാത്രി ശരിയായി ഉറങ്ങാനും കഴിഞ്ഞില്ല. ആ കിഴവൻ പിന്നെയും വന്നു ബുദ്ധിമുട്ടിക്കുമോ? 
          പിറ്റേ ദിവസം പതിവ് പോലെ കട തുറക്കാനായി പേടിച്ചു പേടിച്ചു ചെന്നു. പതുക്കെ കട തുറന്നപ്പോൾ പിന്നിൽ നിന്നും ശ്രീനിവാസാ എന്ന വിളി വന്നു. 'അയ്യോ നിങ്ങൾ ഇനിയും തിരിച്ചു പോയില്ലേ?' എന്നു ശ്രീനിവാസൻ കലി തുള്ളി നിന്നു. കുറെ പണിപ്പെട്ടു വൃദ്ധനെ ഇറക്കി വിട്ടു. വൃദ്ധൻ കടയുടെ എതിർവശത്തു ഒരു ഓരം ചേർന്നു ഇരുന്നു. കടയിൽ ഇടപാടുകാർ വന്നും പോയും ഇരുന്നു. ഉച്ചയായപ്പോൾ ഊണു കഴിക്കാൻ പോകാൻ വേണ്ടി കട അടച്ചു. അപ്പോൾ അതാ വൃദ്ധാൻ വീണ്ടും മുന്നിൽ! 'ശ്രീനിവാസാ! ഇന്നു നല്ല വരവുണ്ടായിരുന്നല്ലൊ. വരുമാനത്തിന്റെ ആറിൽ ഒരു ഭാഗം ദാനത്തിനു ചെലവഴിക്കണം എന്നാണു ശാസ്ത്രം' വൃദ്ധൻ പറഞ്ഞു. ശ്രീനിവാസനു കോപം അതിരു കടന്നു. ബദ്ധപ്പെട്ടു അടക്കിക്കൊണ്ടു എന്തൊക്കെയോ പറഞ്ഞു വീണ്ടും അയാളെ ഒഴിവാക്കി.
       കുറെ ദിവസത്തേക്കു ഇതൊരു പതിവായി തീർന്നു. എന്നും ആ വൃദ്ധന്റെ കൂടെ മല്ലിടുന്നതു ഒരു വലിയ പ്രശ്നമായി തീർന്നു. കടയിൽ നടക്കുന്നതെല്ലാം വൃദ്ധനു എങ്ങനെയോ കൃത്യമായി മനസ്സിലാകുന്നു. ഓരോ ദിവസത്തെയും വരവും പറഞ്ഞിട്ടു ദാനം ചോദിക്കും. ശ്രീനിവാസനു അത്ഭുതമാവും. ഇതൊക്കെ ഇയാൾ എങ്ങനെ അറിയുന്നു? എന്തു പറഞ്ഞാലും ആ വൃദ്ധൻ ശ്രീനിവാസന്റെ കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങാതെ പോവില്ല എന്നായി. ശ്രീനിവാസനും വിട്ടു കൊടുത്തില്ല. ഒരു ചില്ലിക്കാശു പോലും കൊടുക്കില്ല എന്നാ വാശി. രാവും പകലും ആ വൃദ്ധന്റെ ധ്യാനം തന്നെ! ലക്ഷ്മി കുറെ ദിവസങ്ങളായി ഭർത്താവിൽ വന്ന മാറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്താണു പ്രശ്നം എന്നു ചോദിച്ചു നോക്കി. ഒന്നുമില്ല എന്നു മറുപടി പറയും. ഇങ്ങനെ ഏകദേശം 6 മാസങ്ങളോളം കഴിഞ്ഞു.
          അവസാനം വൃദ്ധൻ മനസ്സ് മടുത്തിട്ടു അയാളോട് ചോദിക്കുന്നതിൽ അർത്ഥമില്ല എന്നുറച്ചു. ഇനി അയാളുടെ പത്നിയെ വേണമെങ്കില സമീപിച്ചു നോക്കാം എന്നായി. ശ്രീനിവാസൻ കടയിലേക്കു പോയ തക്കം നോക്കി വീട്ടിലെത്തി കതകിനു മുട്ടി. ലക്ഷ്മി കതകു തുറന്നപ്പോൾ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നതു കണ്ടു. അവളെ കണ്ടപ്പോൾ 'പാണ്ഡുരംഗ ഹരി' എന്നു പറഞ്ഞു. ലക്ഷ്മിക്കു അതു കേട്ടപ്പോൾ ആനന്ദമുണ്ടായി. തന്റെ വീട്ടിലും ഒരു ഭക്തൻ എത്തിയല്ലോ എന്നു വിചാരിച്ചു. തുടർന്നു അടുത്ത ലക്കത്തിൽ വായിക്കുക രാധേകൃഷ്ണാ! രാധേകൃഷ്ണാ! 


തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 60)
       പെണ്‍പിള്ളൈ മാരുതി ആണ്ടാന്റെ വിഷയം പറഞ്ഞതു കേട്ടു സന്തോഷിച്ച രാമാനുജർ അടുത്തതായി അവൾ ഏതെങ്കിലും ഭക്ത വിഷയം പറഞ്ഞാൽ കൊള്ളാം എന്നു വിചാരിച്ചു. അവളുടെ വാക് ചാതുര്യം വശീകരിക്കുന്നതായിരുന്നു. അല്ലെങ്കിൽ രാമാനുജരെ പോലെ ഉള്ള ഒരു സദ്ഗുരു വീഥിയിൽ നിന്നു അവളുടെ വാക്കുകൾ ശ്രദ്ധിക്കുമോ? അവളും അടുത്ത വാക്യം പറഞ്ഞു:
'അവൻ വേണ്ടാം എന്റേനോ ആഴ്വാനൈ പോലേ?'
        ഇതുവും രാമാനുജരുടെ മറ്റൊരു പ്രധാന ശിഷ്യനായ കൂറത്താഴ്വാനെ കുറിച്ചാണ്. കൂറത്താഴ്വാൻ എന്നതു അദ്ദേഹത്തിന്റെ പേരല്ല.അദ്ദേഹത്തിന്റെ ശരിയായ പേരു ശ്രീവത്സാംഗർ എന്നാണു. അദ്ദേഹത്തിന്റെ വക്ഷസ്സിൽ ഒരു മറുക് ഉണ്ട്.  സാക്ഷാത് ഭഗവാന്റെ അവതാരം തന്നെയാണു കൂറത്താഴ്വാൻ എന്നു പറയും. ഭഗവാന്റെ രാമാ കൃഷ്ണാദി അവതാരവേളയിൽ ആദിശേഷൻ കൂടെ അവതരിച്ചു കൈങ്കര്യങ്ങൾ ചെയ്തു. ഇപ്പോൾ ആദി ശേഷൻ രാമാനുജരായി അവതരിച്ചിരിക്കുകയാണ്. ഭഗവാൻ അപ്പോൾ സ്വയം അവതരിച്ചു താൻ തന്നെ ഭക്തനു കൈങ്കര്യം ചെയ്യണം എന്നു 
 നിശ്ചയിച്ചു. മുഴുവനും ശിഷ്യ ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു. കൂറം എന്ന ഗ്രാമത്തിന്റെ രാജനായിരുന്നു. കൊട്ടാരത്തിൽ എന്നും അന്നദാനത്തിനു യാതൊരു കുറവും ഇല്ല. വരടരാജന്റെ ക്ഷേത്ര നട അടച്ചു കഴിയുന്നതതു വരെ കൊട്ടാര വാതിൽ തുറന്നിരിക്കും. 
         ഒരു ദിവസം ക്ഷേത്ര നട അടച്ചു എന്നു കരുതി ഭൃത്യൻ കൊട്ടാര വാതിൽ ആഞ്ഞടച്ചു. ആ ശബ്ദം അഞ്ചു മൈൽ ദൂരെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രത്തിൽ പ്രതിധ്വനിച്ചു. ശബ്ദം കേട്ടു പെരുന്തേവി അമ്മ അതെന്താണെന്നു ഭഗവാനോട് അന്വേഷിച്ചു. ഭഗവാൻ ഉടനെ തിരുക്കച്ചി നമ്പികളോട് ഇന്നെന്താ നേരത്തെ നട അടച്ചോ എന്നു ചോദിച്ചു. ഉടൻ തിരുക്കച്ചി നമ്പികൾ ഭഗവാനോട് പ്രഭോ ഇതു അങ്ങയുടെ ക്ഷേത്ര നടയല്ല കൂറത്താഴ്വാന്റെ തിരുമാളികയുടെ വാതിൽ അടച്ചതാണ് എന്നു പറഞ്ഞു. അത്രത്തോളം ഭഗവത് സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. ഇതറിഞ്ഞ കൂറത്താഴ്വാൻ പിറ്റേ ദിവസം തന്നെ എല്ലാം ഉപേക്ഷിച്ചു തെരുവിൽ ഇറങ്ങി. ഭഗവാനും അമ്മയും ശ്ലാഘിക്കുന്ന ഐശ്വര്യം തനിക്കു വേണ്ടാ എന്നു തീരുമാനിച്ചു. കണക്കില്ലാത്ത ഐശ്വര്യമെല്ലാം ആ ക്ഷണം ഉപേക്ഷിച്ചു വീട് വിട്ടിറങ്ങി.
         ഒരിക്കൽ അദ്ദേഹം കൃമികണ്ഠ ചോഴന്റെ രാജ സദസ്സിൽ പോയി. രാമാനുജരെ ദൂഷിച്ച രാജനെ കണ്ട കണ്ണുകൾ തനിക്കു വേണ്ടാ എന്നു പറിച്ചെടുത്തു കളഞ്ഞു. അദ്ദേഹത്തെ ചില വൈഷ്ണവ ഭക്തന്മാർ ശുശ്രൂഷിച്ചു കണ്ണുകളുടെ മുറിപ്പാടുകൾ മാറ്റി ശ്രീരംഗത്തു കൊണ്ടു വിട്ടു. അദ്ദേഹം ആദ്യം രംഗനാഥനെ ദര്ശിക്കാനായി ക്ഷേത്രത്തിൽ എത്തി. ഉടനെ ചോഴന്റെ ആൾക്കാർ രാമാനുജരോടു ചേർന്നവർക്കു ക്ഷേത്രത്തിൽ പ്രവേശനമില്ല എന്നു പറഞ്ഞു തടഞ്ഞു. അദ്ദേഹത്തെ വിളിച്ചു കൊണ്ടു വന്നവർ അവരോടു അദ്ദേഹം ഒരു സാധുവാണു, ഭൂതദയ ഉള്ളവനാണ് എന്നൊക്കെ പറഞ്ഞു. അവരുടെ ശുപാർശ കേട്ട കാവൽക്കാർ അദ്ദേഹത്തിനു അകത്തു പ്രവേശിക്കാൻ അനുവാദം നൽകി. 
         ഇതൊക്കെ കേട്ടു നിന്ന കൂറത്താഴ്വാൻ പെട്ടെന്നു പുറകോട്ടു മാറി.ഉടനെ ആ വൈഷ്ണവർകൾ 'അങ്ങ് വിഷമിക്കേണ്ടാ. അങ്ങയ്ക്കു അകത്തു കയറാൻ അനുവാദം കിട്ടിക്കഴിഞ്ഞു എന്നു പറഞ്ഞു. ഉടനെ കൂറത്താഴ്വാൻ 'എനിക്കതിലാണു വിഷമം എന്റെ ഗുണങ്ങൾ കൊണ്ടു എനിക്കൊരു രംഗ ദർശനം ആവശ്യമില്ല. എന്റെ ആചാര്യന്റെ കൃപ കൊണ്ടു കിട്ടുന്നെങ്കിൽ മാത്രം മതി. എനിക്കു രംഗൻ വേണ്ടാ ആചാര്യ കൃപ മാത്രം മതി.' എന്നു പറഞ്ഞു. നമ്മുടെ ഗുണങ്ങൾ സ്ഥായിയല്ല. അവ പെട്ടെന്നു മാറും പക്ഷെ ആചാര്യ കൃപ ഒരിക്കലും മാറുന്നില്ല. അതിൽ ഒരിക്കലും ഒരു കുറവ് സംഭവിക്കുന്നില്ല.
          അദ്ദേഹം പറഞ്ഞതോടു കൂടി ശ്രീരംഗം തന്നെ ഉപേക്ഷിച്ചു പോയി. തിരുമാലിരുഞ്ചോലൈ എന്നാ ദിവ്യ  ദേശത്തിൽ ചെന്നു വസിച്ചു. എന്റെ ആചാര്യനെ വേണ്ടാത്ത ശ്രീരംഗം എനിക്കും വേണ്ടാ എന്നു പറഞ്ഞ ഒരു സദ്‌ശിഷ്യനാണ് അദ്ദേഹം. പിന്നീടു രാമാനുജർ വന്നപ്പോൾ മാത്രമാണു അദ്ദേഹം തിരിച്ചു വന്നതു. പെണ്‍പിള്ളൈക്കു ആ ഭാവം വളരെ ശ്രേഷ്ഠമായി തോന്നി. 'അവൻ വേണ്ടാ എന്റേനോ ആഴ്വാനൈ പോലെ?' രാമാനുജർക്കു അതീവ സന്തോഷം തോന്നി. തന്റെ പ്രിയ ശിഷ്യനെ പറ്റിയല്ലേ അവൾ പറഞ്ഞത്. അദ്ദേഹത്തെ കുറിച്ചു അവൾ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ആനന്ദത്തിൽ അവളെ കുളിരെ കടാക്ഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!