Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, December 13, 2010

പ്രേമവേദം ഡിസംബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
 ശബ്ദാദ്വ്യോമ തതസ്സസര്‍ജ്ജിഥ വിഭോ സ്പര്‍ശം 
തതോ മാരുതം 
തസ്മാത് രൂപമതോ മഹോഥ ച രസം തോയഞ്ച
ഗന്ധം മഹീം
ഏവം മാധവ പൂര്‍വ്വ പൂര്‍വ്വകാലനാദാദ്യാദ്യ 
ധര്‍മ്മാന്വിതം 
ഭൂതഗ്രാമമിമം ത്വമേവ ഭഗവാന്‍ പ്രാകാശായ
സ്താമസാത്!
                        (ദശഃ 5) (ശ്ലോഃ 8)
         ഹേ സര്‍വശക്ത! ശബ്ദത്തില്‍ നിന്നു ആകാശത്തെയും, അതില്‍ നിന്നും സ്പര്‍ശത്തെയും, അതില്‍ നിന്നു മാരുതനെയും, വീണ്ടും രൂപത്തെയും, പിന്നീട് തേജസ്സിനെയും, തേജസ്സില്‍ രസം ജലം എന്നിവയേയും, ഗന്ധം ഭൂമി എന്നിവയേയും അങ്ങ് സൃഷ്ടിച്ചു. ലക്ഷ്മീ കാന്തനായ ഭഗവാനെ ഇങ്ങനെ ആദ്യമാദ്യം വിവരിച്ചവയോടുള്ള സംബന്ധത്താല്‍ അവയുടെ ധര്‍മ്മങ്ങളോട് ചേര്‍ന്നിണങ്ങിയ ഈ ഭൂതസംഘത്തെ അങ്ങ് തന്നെ താമസംശത്തില്‍ നിന്നും സൃഷ്ടിച്ചു. 
                        (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)   

      പ്രേമസന്ദേശം 
        രാധേകൃഷ്ണാ! പ്രായമായവരെ ബഹുമാനിക്കു. അവര്‍ക്കു സ്നേഹം നല്‍കു. ഇപ്പോള്‍ മിക്ക സ്ഥലത്തും വൃദ്ധ സദനങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതു വളരെ തെറ്റായ പ്രവണതയാണ്. വാര്‍ദ്ധക്യത്തില്‍ മാതാ പിതാക്കളെ നോക്കുന്ന ചുമതല മക്കള്‍ക്കുണ്ട്. അവര്‍ അതു മറന്നു സ്വന്തം ജീവിതത്തെ ആസ്വദിക്കുന്നു. നിങ്ങള്‍ ജീവിതം ആസ്വദിക്കു. ഒപ്പം മാതാ പിതാക്കളെയും സംരക്ഷിക്കു. അവര്‍ക്കു സ്നേഹ പരിചരണ നല്‍കു. നിങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ നിങ്ങളെ അവര്‍ സംരക്ഷിച്ചില്ലേ? അതു മറക്കരുത്! നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ക്ക് ഫലം നല്‍കും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാത്സല്യം 
        സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ജീവനു ഒരിക്കലും സ്വയം ഉദ്ധരിക്കാന്‍ കഴിയില്ല.   രത്നാകരന്‍ എന്ന വേടന്‍ വാല്‍മീകി എന്ന മഹാ കവിയായത് നാരദന്‍ എന്ന സദ്ഗുരുവിന്റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ്. അഞ്ചു വയസ്സ് ബാലനായ ധ്രുവന്‍ ഗുരുവിന്‍റെ ഉപദേശം ഇല്ലാതെ ഭഗവാനെ സാക്ഷാത്ക്കരിക്കുകയില്ലായിരുന്നു.  വെറും ഏഴു ദിവസം കൊണ്ടു പരീക്ഷിത്തിനു മോക്ഷം ലഭിച്ചത് ശുക ബ്രഹ്മര്‍ഷി എന്ന സദ്‌ഗുരുനാഥന്റെ കൃപയാ കൊണ്ടാണ്. ഒരു അസുര ബാലനായ പ്രഹ്ലാദനു വേണ്ടി ഭഗവാന്‍ തൂണില്‍ ഒരു അവതാരം ചെയ്തത് നാരദ മഹര്‍ഷിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. സന്താനങ്ങള്‍ ഇല്ലാത്ത ചിത്രകേതു എന്ന രാജനു ഒരു സന്താനത്തെ അനുഗ്രഹിച്ചു കൊടുത്തു, അതിനെയും സപത്നിമാര്‍ ആസൂയയാല്‍ കൊന്നപ്പോള്‍ ഹൃദയം തകര്‍ന്നു നിന്നപ്പോള്‍ ഒരു സദ്ഗുരുവിന്റെ ഉപദേശമാണ് തുണയായി അയാളില്‍ വൈരാഗ്യം ജനിപ്പിച്ചത്.  ശാപം മൂലം വൃത്രാസുരനായി വന്നപ്പോഴും ഹൃദയത്തില്‍ വിടാതെ ഭഗവത് ധ്യാനം ഉണ്ടായത് സദ്ഗുരുവിന്റെ കഴിഞ്ഞ ജന്മത്തിലെ ഉപദേശം ഒന്ന് കൊണ്ടു മാത്രമാണ്. ജീവിതത്തില്‍ ഒരു സദ്ഗുരുവിനെ സമ്പാദിക്കുക എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം! എത്രയും വേഗം ഒരു ആചാര്യനെ ആശ്രയിക്കുന്നുവോ അത്രയും വേഗത്തില്‍ മോക്ഷം അടുത്ത് വരുന്നു. സദ്ഗുരുനാഥനെ കൂടാതെ ഭഗവാനെ പ്രാപിക്കുക അസാധ്യമാണ്.
"ജപം തപോ വ്രതം തീര്‍ത്ഥമ് യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥമ് ഭവേത് പ്രിയേ"
ഗുരുവിന്‍റെ തത്വം മനസ്സിലാക്കാതെ ജപം തപസ്സ്, വ്രതാനുഷ്ഠാനം
 തീര്‍ത്ഥസ്നാനം, യാഗ യജ്ഞങ്ങള്‍, ദാനം ചെയ്യുക, തുടങ്ങിയവയൊക്കെ യാതൊരു പ്രയോജനവും നല്‍കില്ല. വ്യര്‍ത്ഥമായി ഭവിക്കും. എന്നാല്‍ ഗുരുവിന്‍റെ മഹത്വം മനസ്സിലാക്കി ഒരു സദ്‌ ഗുരുവിന്‍റെ ആശ്രയിച്ചാല്‍ യാതൊരു ഉപാധിയും ഇല്ലാതെ തന്നെ ഭഗവാനെ പ്രാപിക്കാം. ഒരു കുട്ടി കുരങ്ങന് അങ്ങ് ഉയരത്തില്‍ ഉള്ള കൊമ്പിലേയ്ക്ക് പോകാന്‍ തന്‍റെ അമ്മയെ മുറുക്കി പിടിച്ചാല്‍ മാത്രം മതി. അമ്മ മുകളിലേയ്ക്ക് പോകുമ്പോള്‍ കുട്ടിയും താനേ സുലഭമായി പോയി ചേരും. അതു പോലെ സദ്‌ഗുരുനാഥനെ ആശ്രയിച്ചാല്‍ നമ്മേ അവര്‍ തന്നെ ഉയര്‍ത്തും. 
        എപ്പോഴും സദ്ഗുരുനാഥനെ നാം അന്വേഷിച്ചു പോകണ്ട ആവശ്യം ഇല്ലാ. അവര്‍ നമ്മേ തേടി നമ്മുടെ ഇരിപ്പിടം തേടി എത്തുന്നു. പലപ്പോഴും നമ്മുടെ അശ്രദ്ധ കാരണം നാം അതു കാണാന്‍ വിസമ്മതിക്കുന്നു. ഗുരുവില്‍ ദൃഡമായ വിശ്വാസം വെയ്ക്കണം. അതാണ്‌ ആദ്യം വേണ്ടത്. 
      നാം കടയില്‍ നിന്നും വളരെ വിലകൂടിയ വസ്ത്രം വാങ്ങുന്നു. ആ വസ്ത്രം ഒരു തയ്യല്‍ക്കാരന്റെ കയ്യില്‍ അങ്ങനെ കൊടുക്കുന്നു. അയാള്‍ അതിന്‍റെ മൂലയില്‍ നിന്നും ഒരു ചെറിയ കഷ്ണം വെട്ടി കടലാസ്സില്‍ ഒട്ടിച്ചു നമ്മുടെ കയ്യില്‍ തരുന്നു. വില കൂടിയ വസ്ത്രം അയാളുടെ കയ്യില്‍ എത്ര വിശ്വാസത്തോടെയാണ് നാം നല്‍കുന്നത്. നാം അയാളെ സംശയിക്കുന്നേയില്ല. അതു പോലെ സദ്ഗുരുനാഥനെ പൂര്‍ണ്ണമായി വിശ്വസിക്കണം. കാരണം സദ്ഗുരുനാഥന്‍  ഭഗവാന്‍റെ ദൂതന്‍ തന്നെയാണ്. ഭഗവാന്‍ നമ്മള്‍ക്ക് വേണ്ടി ഭൂമിയിലേയ്ക്ക് അയച്ച തന്‍റെ തന്നെ അംശം!
       സ്വാമി രാമാനുജര്‍ ഇതു പോലെ വളരെ മഹത്വം ഏറിയ ഒരു സദ്‌ഗുരുവാണു. കാരുണ്യം എന്ന വാക്കിനു ഒരു രൂപം കൊടുത്താല്‍ അതു രാമാനുജരാണ്‌. ഒരിക്കല്‍ അദ്ദേഹം ശ്രീരംഗത്തിലെ മഠത്തില്‍  വസിച്ചു വന്നിരുന്നു. ശ്രീരംഗനാഥനു കൈങ്കര്യങ്ങള്‍ ചെയ്തു വന്നിരുന്നു. ധാരാളം ശിഷ്യരും അദ്ദേഹത്തിന്‍റെ കൂടെ കൂടിയിരുന്നു. എല്ലാര്‍ക്കും ഭക്തി ജ്ഞാന വൈരാഗ്യം ഉപദേശിച്ചു വന്നിരുന്നു. 
         ഒരിക്കല്‍ അവിടെ കുറച്ചു ധനക്ഷാമം അനുഭവപ്പെട്ടു. പലര്‍ക്കും പണം കൊടുക്കാതെ കടപ്പെട്ടു നില്‍ക്കേണ്ട ഒരു അവസ്ഥ വന്നു. കൂട്ടത്തില്‍ അവിടെ നിത്യം തയിരു കൊണ്ടു കൊണ്ടു കൊടുക്കുന്ന ഒരു തയിര്‍ക്കാരിയും ഉണ്ടായിരുന്നു. അവര്‍ക്കും കിട്ടേണ്ട പണം കൂടി കൂടി വന്നു. ആ തയിര്‍ക്കാരി അവരോടു താന്‍ ഒരു ദാരിദ്രയാണെന്നും, തനിക്കു കിട്ടേണ്ട പണം കിട്ടിയാലേ ജീവിത വൃത്തി കഴിയു എന്നും പല പ്രാവശ്യം പറഞ്ഞു നോക്കി. മഠത്തിലെ ശിഷ്യര്‍ പിന്നെ തരാം പിന്നെ തരാം എന്നു ഒഴിവു കഴിവ് പറഞ്ഞു കൊണ്ടേയിരുന്നു. ഒരു ദിവസം അവര്‍ സഹി കേട്ടു ശിഷ്യരോടു തനിക്കു ഇന്നു രാമാനുജരെ കണ്ടു കാര്യം സംസാരിച്ചേ മതിയാവൂ എന്നു പറഞ്ഞു.  ശിഷ്യര്‍ക്ക് ആകെ ഭയമായി. അവര്‍ അവരോടു അചാര്യനോടു ഈ കാര്യം ഇപ്പോള്‍ പറയരുതെന്നും അദ്ദേഹത്തിനു അതു വിഷമമാകുമെന്നും പറഞ്ഞു നോക്കി. പക്ഷേ ആ സ്ത്രീ അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ അവര്‍ സ്വാമി രാമാനുജരെ കണ്ടു ഈ സ്ത്രീയുടെ കാര്യം പറയാന്‍ തീരുമാനിച്ചു. അവര്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാമ ജപം ചെയ്തു കൊണ്ടിരുന്നു. ശിഷ്യര്‍ കാര്യങ്ങള്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു. സ്വാമി രാമാനുജര്‍ തയിര്‍ക്കാരിയെ കാണാം എന്നു സമ്മതിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

    ഭക്തിരഹസ്യം 
       ഭക്തിയില്‍ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ നാം അവര്‍ ഭഗവാനു പഴത്തൊലി ഭക്തിയോടെ നല്‍കുന്നതും, ഭഗവാന്‍ അതു പ്രേമയോടെ സ്വീകരിച്ചു കഴിച്ചതും വായിച്ചു. യാദൃച്ചികമായി അവിടെ എത്തിയ വിദുരര്‍ ഇതുകണ്ട് ഞെട്ടി പോയി. അദ്ദേഹത്തിന്‍റെ ശരീരം വിറച്ചു പോയി. ഭഗവാന്‍റെ കോമളമായ ശരീരത്തിന് എന്തെങ്കിലും ഹാനി സംഭവിച്ചാലോ എന്നദ്ദേഹം ഭയന്ന് പോയി. 
        പെട്ടെന്ന് തന്‍റെ പത്നിയെ അദ്ദേഹം വിളിച്ചു "അമ്മാ! നീ എന്താ ഈ കാട്ടിയത്? നോക്കു ഭഗവാനു നീ എന്താ കൊടുക്കുന്നത് എന്നു?" അപ്പോഴാണ്‌ വിദുരന്റെ പത്നിക്കും ഭഗവാനും പ്രജ്ഞ ഉണ്ടായത്. വിദുരര്‍ ഭഗവാനോട് "പ്രഭോ അങ്ങ് എന്താണു ഇങ്ങനെ ചെയ്തത്? അങ്ങയ്ക്ക് വിശപ്പുണ്ടോ?" എന്നു ചോദിച്ചു. ഭഗവാനും അതേ എന്നു പറഞ്ഞു. ഉടനെ തന്നെ വിദുരര്‍ തന്‍റെ പത്നിയെ വിളിച്ചു പെട്ടെന്ന് എന്തെങ്കിലും ഭക്ഷണം കാലമാക്കണം എന്നുകല്പിച്ചു. അവര്‍ ഉടനെ തന്നെ അടുക്കളയി ചെന്നു ഊണ് തയ്യാറാക്കി. 
        തൂശനില ഇട്ടു അതില്‍ എല്ലാം വിളമ്പി ഭഗവാനെ വിളിച്ചു. ഭഗവാന്‍റെ അടുത്ത് ഇരുന്നുകൊണ്ട് വിദുരര്‍ ഭഗവാനെ വീശി തുടങ്ങി. ഭഗവാന്‍ ഉണ്ണാന്‍ ആരംഭിച്ചു. ആദ്യത്തെ കവളം വായില്‍ വെച്ചപ്പോള്‍ തന്നെ ഭഗവാന്‍റെ മുഖം ഒന്ന് വാടി. വീണ്ടും രണ്ടാമത്തെ പിടി ചോറ് വായില്‍ വെച്ചപ്പോള്‍ സ്വല്പം കൂടി മുഖം വാദി. വിടുരര്‍ക്ക് ഇതു കണ്ടിട്ട് സഹിച്ചില്ല. അദ്ദേഹം ഉടനെ തന്നെ ഭഗവാനെ കൈയില്‍ പിടിച്ചു. എന്നിട്ട് ഭഗവാനോട് "പ്രഭോ! എന്തു പറ്റി? അങ്ങയ്ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? വേണ്ടെങ്കില്‍ അങ്ങ് കഴിക്കണ്ടാ. ഉപ്പോ പുളിയോ എരിവോ കൂടുതലായി പോയോ? എന്താണെങ്കിലും അങ്ങ് ദയവു ചെയ്തു പറയു!" എന്നു പറഞ്ഞു.  
ഭഗവാന്‍ അതിനു " ഭക്ഷണത്തില്‍ ഒരു കുറവും ഇല്ല. അവള്‍ സ്വയം മറന്നു ആദ്യം എനിക്കു നല്‍കിയ പഴത്തൊലിയുടെ  രുചി ഈ ഭക്ഷണത്തില്‍ ഇല്ല. അല്ലാതെ ഒരുപ്രശ്നവും ഇല്ല" എന്നു പറഞ്ഞു. വിദുരന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നാം നല്‍കുന്ന വസ്തുക്കള്‍ ആ കരുണാ സാഗരന്‍ എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! 
       ഭഗവാന്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. നല്‍കാനാണ് ആളില്ലാത്തത്! നാമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. എപ്പോഴെങ്കിലും നാം അര്‍പ്പിക്കുന്നത് ഭഗവാന്‍ കഴിക്കണം എന്ന പൂര്‍ണ്ണ ആഗ്രഹത്തോടു  കൂടി നാം അര്‍പ്പിക്കാറുണ്ടോ? ഭഗവാനു ഇതു ഇഷ്ടപ്പെടും എന്നോ അല്ലെങ്കില്‍ ഭഗവാനു ഇതു കഴിക്കാന്‍ ബുദ്ധി മുട്ടാകും എന്നോ നാം ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിനു പായസം ഇഷ്ടമാണ്, മകനു ബോളി ഇഷ്ടമാണ്, മകള്‍ക്ക് വട ഇഷ്ടമാണ് എന്നൊക്കെ നാം പറയാറുണ്ട്. എന്തിനേറെ! അഷ്ടമി രോഹിണിക്കു അപ്പം അവില്‍ ഒക്കെ ഉണ്ടാക്കുമ്പോഴും കൃഷ്ണനു ഇഷ്ടമാണെന്ന് നാം ചിന്തിക്കാറുണ്ടോ? എന്‍റെ കൊച്ചു മകനു അപ്പം വലിയ ഇഷ്ടമാണ്, എന്‍റെ അയല്‍ക്കാരന് ഞാന്‍ ഉണ്ടാക്കുന്ന അവില്‍ വളരെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞല്ലേ  നാം നിവേദ്യം പോലും ഉണ്ടാക്കുക. 
       മാറണം! നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാ സാഗരന്‍ ആകാംക്ഷാ പൂര്‍വ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വര്‍ഷിക്കുന്ന കൃപാ ധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാന്‍ കഴിയുക?  വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നല്‍കുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കില്‍ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്‌. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങള്‍ നേദിക്കരുത്. ഹൃദയ പൂര്‍വമായി ഭഗവാനെ സ്നേഹിച്ചാല്‍ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും. ഭഗവാന്‍റെ സൌലാഭ്യത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി  അടുത്ത ലക്കം നിങ്ങളെ തേടി എത്തും. 
രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 44 
       ഭാഗവതത്തിലെ ത്രിവക്രയുടെ വിഷയം പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി ഭാഗവതത്തിലെ തന്നെ ഒരു മാലാകാരന്റെ കാര്യം പറയുന്നു.
"പൂവൈ കൊടുത്തേനോ മാലാകാരനൈപ്പോലെ?"
       ഒരു മാലാകാരന്‍ ഭഗവാനു പുഷ്പം അര്‍പ്പിച്ചു. മധുരാ പ്രവേശത്തില്‍ കൂനി ചന്ദനം അര്‍പ്പിച്ചു കഴിഞ്ഞ ഉടന്‍ വരുന്നതാണ് മാലാകാരന്‍. സുദാമാവ്‌ എന്നാണു അയാളുടെ പേരു. പാലു, തയിരു, വെണ്ണ, വില്‍ക്കാന്‍ വരുന്ന ഗോപികള്‍ വഴി ഭഗവാന്‍റെ കഥകള്‍ ധാരാളം അയാളും കേട്ടിരിക്കുന്നു. ഓരോ ദിവസം ഓരോ മാല കെട്ടുമ്പോഴും ഇതു ഭഗവാനു അര്‍പ്പിച്ചാല്‍ എങ്ങനെ ഇരിക്കും എന്നു മനസ്സില്‍ വിചാരിക്കും. വൃന്ദാവനത്തിലെ കാടുകളില്‍ നിന്നും കാട്ടു പുഷ്പങ്ങള്‍ എല്ലാം എടുത്തു ഗോപ കുട്ടികള്‍ ഭഗവാനെ അലങ്കരിക്കും എന്നെല്ലാം അയാള്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ കേട്ടിട്ട് കൃഷ്ണനെ ഒന്ന് കാണണം എന്നു അയാള്‍ക്ക്‌ നന്നേ മോഹം ഉണ്ട്‌. 
        അയാളുടെ ഭക്തി ഭഗവാനെ ആകര്‍ഷിച്ചു. ത്രിവക്രയില്‍ നിന്നും ചന്ദനം സ്വീകരിച്ച ഭഗവാന്‍ നേരെ പോയത് മാലാകാരന്റെ വീട്ടിലേയ്ക്കാണു. അവിചാരിതമായി ഭഗവാനെ അവിടെ കണ്ടപ്പോള്‍ മാലാകാരന്‍ കുറച്ചു നേരത്തേയ്ക്ക് സ്തബ്ധനായി നിന്നു പോയി. അയാള്‍ക്ക്‌ സ്വയം വിശ്വസിക്കാനും ആയില്ല. അവരെ കണ്ടപ്പോള്‍ തന്നെ രാ‍മ കൃഷ്ണന്മാരാണെന്ന് മനസ്സിലായി. സന്തോഷത്തില്‍ മതി മറന്നു പോയി. പെട്ടെന്ന് തന്‍റെ പത്നിയെ വിളിച്ചു, ഇരുവരുടെയും കാലു കഴുകി വീട്ടിനുള്ളിലെയ്ക്കു ആനയിച്ചു. 
       അവിടെ തൂക്കിയിട്ടിരുന്ന പുഷ്പ ഹാരങ്ങളെ ഭഗവാനും ബലരാമനും ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. മാലാകാരന്‍ ഓരോന്നായി എടുത്തു ഇരുവരെയും അണിയിച്ചു കൊണ്ടിരുന്നു. കേശത്തില്‍ പുഷ്പം ചുറ്റി അലങ്കരിച്ചു. കൈയിലും കാലിലും പുഷ്പ മാല ചുറ്റി. ഭഗവാനു വളരെ സന്തോഷമായി. മാലാകാരനോടു എന്തു വേണം എന്നു ചോദിച്ചു.  'പ്രഭോ! അങ്ങ് ഇവിടെ വന്നു, ഇരുന്നു, ഞാന്‍ ചൂട്ടിയ പുഷ്പഹാരങ്ങള്‍ സ്വീകരിച്ചു. ഇതില്‍ കൂടുതലായി എനിക്കു എന്താണു വേണ്ടത്. ഇതേ സ്മരണ എന്നില്‍ നിരന്തരം ഉണ്ടാകണം' എന്നു മാത്രം ചോദിച്ചു. ഭഗവാന്‍ പ്രീതനായി 'നിന്‍റെ വംശത്തിനു മുഴുവനും ധര്‍മ്മ അര്‍ത്ഥ കാമ മോക്ഷം തന്നിരിക്കുന്നു' എന്നു പറഞ്ഞു. 
       വലിയ തപസ്സോ മറ്റു സാധനകളോ ഒന്നും ഇല്ലാതെ വെറും പൂവ് കെട്ടി കൊടുത്തു മോക്ഷം വരെ അയാള്‍ നേടി. ഇതു ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. കാരണം ഭാവഗ്രാഹിയാണ് ഭഗവാന്‍. എത്രയോ മഹാന്‍മാര്‍ക്ക് മാലാകാരന്‍ മാതൃകയാണ്. പെരിയാഴ്വാര്‍ മാലാകാരനെ മാതൃകയാക്കി വടപത്രശയിക്കു മാല കെട്ടി കൊടുത്തു. തൊണ്ടരടിപ്പൊടി ആള്‍വാര്‍ ശ്രീരംഗനാഥനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു. മാലാകാരനെ പോലെ താന്‍ പൂവൊന്നും ഭഗവാനു കൊടുത്തിട്ടില്ലല്ലോ എന്നു പരിതപിച്ചു പെണ്‍പിള്ളൈ. അവളുടെ ന്യായമായ താപം കേട്ടു സ്വാമി രാമാനുജര്‍ അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!