Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, December 13, 2012

പ്രേമവേദം - ഡിസംബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
സോയം ചതുര്യുഗ സഹസ്രമിതാന്യഹാനി 
താവന്മിതാശ്ച രാജനീർ ബഹുശോ നിനായ 
നിദ്രാത്യസൗത്വയി നിലീയ സമം സ്വസൃഷ്ടൈർ 
നൈമിത്തിക പ്രളയമാഹുരതോസ്യ രാത്രിം.
(ദശഃ 8 ശ്ലോകഃ 2)
       ആയിരം ചതുർയുഗങ്ങളോടു കൂടിയ പകലുകളും അതേ വലുപ്പത്തിലുള്ള രാത്രികളും ധാരാളം കഴിച്ചു കൂട്ടിയ ബ്രഹ്മാവ്‌ രാത്രി കാലങ്ങളിൽ തന്റെ സൃഷ്ടികളോട് കൂടി അതിൽ ലയിച്ചു നിദ്ര ചെയ്യുന്നു. അതിനാല ബ്രഹ്മാവിന്റെ രാത്രിക്കു നൈമിത്തിക പ്രളയം എന്ന് ജ്ഞാനികൾ കൊടുത്തിട്ടുള്ള നാമം.
 (പണ്ഡിറ്റ്‌  ഗോപാലൻ നായർ)

സദ്ഗുരുവാത്സല്യം 
           സ്വാമി രാമാനുജർക്കു പോലും മഠത്തിൽ ധനതിന്റെ കുറവ് അനുഭവപ്പെട്ടു എന്നു നാം കഴിഞ്ഞ ലക്കത്തിൽ കണ്ടു. നിത്യവും അവിടെ തയിരു കൊണ്ടു തന്നിരുന്ന തയിർക്കാരിക്കു പോലും പണം കടം പറയേണ്ടി വന്നു. തയിർക്കാരി പല കുറി അവരോടു ചോദിച്ചു നോക്കിട്ടു അവസാനം സ്വാമി രാമാനുജരെ തന്നെ കാണണം എന്നു ശഠിച്ചു. ഗത്യന്തരം ഇല്ലാതെ ശിഷ്യർ അദ്ദേഹത്തെ ചെന്നു കാര്യം അറിയിച്ചു. അദ്ദേഹം ഒരിടത്തിരുന്നു നാമജപം ചെയ്യുകയായിരുന്നു. മടിച്ചു മടിച്ചു അവർ അദ്ദേഹത്തോടു തയിർക്കാരിയുടെ കാര്യം പറഞ്ഞു. അദ്ദേഹം അവളെ കാണാൻ വരാൻ പറഞ്ഞു. അവൾ വന്ന ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു അവളോടു 'അമ്മേ ക്ഷമിക്കണം. നിങ്ങൾക്കു ഇത്രയും ബുദ്ധിമുട്ടു ഉണ്ടാക്കിയതിൽ വിഷമം ഉണ്ടു. ഇപ്പോൾ മഠത്തിൽ ധനത്തിനു കുറച്ചു ബുദ്ധിമുട്ടു ഉള്ളതിനാലാണു അങ്ങനെ വന്നു പോയത്. ഒരു കാര്യം ചെയ്യു. ഇനി കുറച്ചു ദിവസത്തേക്കു നിങ്ങൾ മഠത്തിനു തയിരു തരേണ്ടാ. ഞങ്ങൾ നിങ്ങളുടെ പണം നൽകിയതിനു ശേഷം തന്നാൽ മതി' എന്നു പറഞ്ഞു.
                  സ്വാമി രാമാനുജർ പറഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ നിറഞ്ഞൊഴുകി കൈ കൂപ്പി കൊണ്ടു 'അങ്ങ് എന്തിനാണു അടിയന്റെ സൌഭാഗ്യത്തെ തട്ടിപ്പറിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർ ചിരിച്ചു. 'മഠത്തിൽ നിന്നും ധനം ബാക്കി ഉണ്ടെന്നു നിങ്ങളല്ലേ പറഞ്ഞതു. തൽക്കാലം മഠത്തിന്റെ ധനസ്ഥിതി കുറച്ചു മോശമാണ്. നിങ്ങൾക്കു ധനത്തിന്റെ ആവശ്യം ഉണ്ടു. തയിരു വിറ്റു വരുന്ന കാശ് കൊന്റാണു ജീവിതം കഴിക്കുന്നതു എന്നൊക്കെ പറഞ്ഞില്ലേ. അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതു. ഇപ്പോൾ നിങ്ങൾ ഇങ്ങനെ പറയുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്‌' എന്നു ചോദിച്ചു.
          ഉടനെ ആ സ്ത്രീ 'ശരിയാണ്. പക്ഷെ കടം ബാക്കി അങ്ങനെ തൽക്കാലം ഇരിക്കട്ടെ. ഞാൻ തുടർന്നും തയിരു തരാം. പക്ഷെ ആ ബാക്കി പണത്തിനു പകരം എനിക്കു അങ്ങ് മറ്റൊന്നു തന്നാൽ മതി' എന്നു പറഞ്ഞു. സ്വാമി രാമാനുജർ അതിനു 'ശരി എന്തു പകരം തരണം എന്നു പറയു. ഞാൻ ഒരു സന്ന്യാസി, കൂടെ ഇരിക്കുന്നവർ പരദേശികൾ ഞങ്ങൾക്കു എന്ത് ചെയ്യാൻ സാധിക്കും' എന്നു പറഞ്ഞു. അതിനു ആ സ്ത്രീ 'അത് സാരമില്ല. അടിയനു തയിരിനു പകരം വൈകുണ്ഠത്തിൽ ഒരിടം തന്നാൽ മതി' എന്നു പറഞ്ഞു. തയിരു ബാക്കിക്കു വൈകുണ്ഠത്തിൽ ഒരിടം -ഇതു കേട്ടു രാമാനുജരുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. എത്രയോ പേർ അദ്ദേഹത്തെ സമീപിച്ചു എന്തൊക്കെയോ ചോദിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായാണു ഒരാൾ മോക്ഷം ആവശ്യപ്പെടുന്നത്. മക്കളുടെ കല്യാണം, ജോലി, കുട്ടികൾ, തുടങ്ങി എത്രയോ കാര്യങ്ങൾ ചോദിക്കും. പക്ഷെ മോക്ഷം മാത്രം ആരും ചോദിക്കില്ല.കലിയുഗത്തിൽ ഇങ്ങനെ മോക്ഷം ചോദിക്കാൻ വേറെ ആരും ഇല്ല. രാമാനുജർക്കു അത്ഭുതം തോന്നി. 
        രാമാനുജർ അവളോടു 'മകളേ മോക്ഷം തരാനുള്ള ശക്തിയൊന്നും എനിക്കില്ല. വൈകുണ്ഠത്തിൽ ഒരിടം തരാനുള്ള അധികാരം എനിക്കില്ല. അതു രംഗനാഥന്റെ പക്കലാണു. ഞാൻ വേണമെങ്കിൽ ഒരു കാര്യം ചെയ്യാം രംഗനാഥനോട് നിനക്കു വേണ്ടി പ്രാർത്ഥിക്കാം' എന്നു പറഞ്ഞു. തയിരു കൊടുത്ത കടത്തിനു പകരം എന്തു ധൈര്യത്തിൽ മോക്ഷം ചോദിച്ചു എന്നൊന്നും അവളോടു കയർക്കാൻ പോയില്ല. ഉടനെ അവൾ 'അങ്ങ് പറഞ്ഞതു  ശരി തന്നെ. അങ്ങു എനിക്കു വേണ്ടി രംഗനാഥനോടു പ്രാർത്ഥിക്കും. പക്ഷെ അതു വരെ ഞാൻ ഉണ്ടാവുമോ എന്നറിയില്ല.'
'അപ്പോ ഞാൻ എന്താ ചെയ്യേണ്ടത്?
'അങ്ങു ഒരുകാര്യം മാത്രം ചെയ്‌താൽ മതി. അങ്ങു രംഗരാജനു ഒരു കത്തു എഴുതി തന്നാൽ മതി. ഞാൻ രംഗനാഥനോടു പറഞ്ഞോളാം.'
രാമാനുജർ വീണ്ടും ആശ്ചര്യപ്പെട്ടു. ദേവന്മാർ പോലും മുൻപിൽ വന്നു നില്ക്കാൻ ഭയപ്പെടുന്ന രംഗരാജനോടു അവൾ സംസാരിച്ചു കൊള്ളാം എന്നു പറയുന്നു. എന്തൊരു ധൈര്യം! രാമാനുജർ അവളോടു 'ഞാൻ ഒരു കത്ത് തന്നാൽ രംഗരാജൻ നിന്റെ കാര്യം സാധിച്ചു തരും എന്നു നീ വിശ്വസിക്കുന്നുവോ? എന്നു ചോദിച്ചു. അവൾ 'പൂർണ്ണമായും വിശ്വസിക്കുന്നു' എന്നു പറഞ്ഞു. 
സ്വാമി രാമാനുജർക്കു ആശ്ചര്യം തോന്നി. മറ്റുള്ള ശിഷ്യർ അത്ഭുതത്തോടെ നോക്കി. ചിലർക്കു ഇതു ഭ്രാന്താണെന്നു തോന്നി. 
 എന്തായാലും രാമാനുജർ സന്തോഷത്തോടെ ഒരു കത്തു എഴുതി. 
'അഖിലാണ്ഡകോടി  ബ്രഹ്മാണ്ഡ നായകനായ എന്റെ സ്വാമിൻ, അടിയാൻ ദാസാനുദാസൻ രാമാനുജാൻ ഇതിനാൽ എഴുതി അറിയിച്ചു കൊള്ളുന്നത്‌.  മഠത്തിൽ ധനസ്ഥിതി കുറച്ചു മോശമായിരിക്കുന്നത് കൊണ്ടു തയിരുകാരിക്കു ബാക്കി കൊടുക്കാൻ ഉണ്ട്. അതിനു പകരമായി ആ സ്ത്രീക്കു  വൈകുണ്‍ഠ ത്തിൽ ഒരിടം നല്കുവാൻ അവൾ എന്നോടു അപേക്ഷിച്ചു അതു അങ്ങയുടെ സ്വത്താണ് അത് കൊണ്ടു അങ്ങ് അവൾക്കു വെണ്ട വിധം ചെയ്തു നമ്മെ ഈ കടത്തിൽ നിന്നും മോചിപ്പിക്കണം എന്നു അപേക്ഷിക്കുന്നു. എന്നിങ്ങനെ രാമാനുജൻ എന്നു ഒപ്പും വെച്ചു. ദേവന്മാർ അത്ഭുത പരതന്ത്രരായി നോക്കി നിൽക്കുകയാണ്. എത്ര സുലഭം ! ഇതു ആർക്കും  ചെയ്യാവുന്നതല്ലെയുള്ളൂ ! പക്ഷെ എല്ലാർക്കും ഇങ്ങനെ ഒരു ഉറച്ച വിശ്വാസം ഉണ്ടോ? ഇല്ല എന്നതാണു സത്യം. 
      തയിരുകാരി രാമാനുജരുടെ പക്കല നിന്നും ആ കത്തു വാങ്ങി തന്റെ എളിയിൽ തിരുകി വെച്ച് കൊണ്ടു ഗാംഭീര്യത്തോടെ നടന്നു. ഈ ലോകം തന്നെ ജയിച്ചു എന്ന ഭാവമായിരുന്നു അവൾക്കു! ഇന്നലെ വരെ വളരെ ഒതുക്കത്തോടെ നടന്നു തയിര് വിട്ടു കൊണ്ടിരുന്ന അവളുടെ ഇന്നത്തെ നടപ്പ് കണ്ടു ജനങ്ങൾ അത്ഭുതപ്പെട്ടു. ആരൊക്കെയോ അവളെ വിളിച്ചു - 'ഹേ തയിരുകാരി ! നീ എവിടെ പോകുന്നു. നോക്കു നാളെ എനിക്കു കുറച്ചധികം തയിരു കൊണ്ടു തരണം' എന്നു പറഞ്ഞു. 
അതിനു അവൾ 'അമ്മ നാളെ മുതൽ നിങ്ങൾ തയിരു കൊണ്ടു തരുവാൻ വേറെ ആളിനെ നോക്കണം' എന്നു പറഞ്ഞു. അവർ അത്ഭുതത്തോടെ 'എന്താടീ നീ എവിടെയെങ്കിലും പോകുന്നോ? എന്നു ചോദിച്ചു. 'അതെ അതെ അമ്മ. ഞാൻ നേരെ വൈകുണ്ഠത്തിനു പോകുന്നു' എന്നു പറഞ്ഞു. ഇതു കേട്ട അവർക്കു  ഒന്നും മനസ്സിലായില്ല. ഒരു പക്ഷെ അവൾക്കു ഭ്രാന്തായോ എന്ന് വിചാരിച്ചു. 'നീ വൈകുണ്ഠത്തിനു പോകുന്നു എന്ന് ആരാ പറഞ്ഞത്? എന്ന് ചോദിച്ചു. ഉടനെ അവൾ സ്വാമി രാമനുജർ പറഞ്ഞു എന്നു മറുപടി പറഞ്ഞു. ആർക്കും ഒന്നും മനസ്സിലായില്ല. 
        തയിരുകാരി ഒന്നും വകവെച്ചില്ല. അവൾ നേരെ ശ്രീരംഗനാഥനെ കാണാൻ ചെന്നു. 'സ്വാമി രംഗനാഥാ' എന്നു വിളിച്ചു. പ്രഭു നോക്കി. യാതൊരു മുഖവുരയം ഇല്ലാതെ അവൾ വിളിക്കുന്നതു കേട്ടു ഭഗവാനു ആനന്ദം. 'എന്റെ അർച്ചാവതാര മൂര്തിയിൽ ഇത്രയേറെ വിശ്വാസമോ എന്നു നോക്കി. ഉടനെ തന്നെ 'എന്തോ' എന്നു വിളി കേട്ടു. ഉടനെ അവൾ 'നാളെ എനിക്കു വൈകുണ്ഠത്തിലേക്ക് വരണം. പുഷ്പക വിമാനം അയച്ചു തന്നെക്കു' എന്നു പറഞ്ഞു. ഭഗവാന്റെ കണ്ണുകൾ വിടർന്നു വലുതായി.
എന്തു? വൈകുണ്ഠമോ? അതിനു നീ എന്തു ചെയ്തു? കർമ്മ യോഗമോ ജ്ഞാന യോഗമോ, ഭക്തി യോഗമോ  എന്താണു ചെയ്തതു എന്നു ചോദിച്ചു. 
'അതിനേക്കാൾ ഒക്കെ വിശേഷപ്പെട്ടതു' എന്നു  പറഞ്ഞു.
'അതെന്താണ്' ഭഗവാൻ ചോദിച്ചു...
'രാമാനുജരുടെ ശുപാർശ  കത്തു' അവൾ കത്തു  എടുത്തു വീശി കാണിച്ചു. 'നാളെ എനിക്കു മോക്ഷത്തിനു പുഷ്പക വിമാനം അയച്ചു തരണം' എന്നു പറഞ്ഞു. 
ശ്രീരംഗനാഥൻ  അന്ധാളിപ്പോടെ 'രാമാനുജന്റെ കത്തോ? എപ്പോൾ തന്നു? എന്നു ചോദിച്ചു. അന്തര്യാമി അറിയാത്ത ഒരു കാര്യവും ഉണ്ടോ? പക്ഷെ നമ്മെ കുഴക്കി വശക്കുന്നതിൽ മന്നനുമാണല്ലൊ. 
അവൾ കത്തു  എടുത്തു നീട്ടി. ഭഗവാൻ  കത്തു  വായിച്ചു. 'ഹാ എന്റെ രാമാനുജന്റെ കത്തോ! 
അവൾ പെട്ടെന്നു കത്തു പിൻവലിച്ചു. 'നാളെ എനിക്കു  വേണ്ടി പുഷ്പക വിമാനം അയച്ചു തരു' എന്നു അധികാരപ്പെടുതിയിട്ടു തിരിഞ്ഞു നടന്നു. ക്ഷേത്ര ജീവനക്കാർ അത്ഭുതപ്പെട്ടു നോക്കിയിരുന്നു പോയി. യാതൊരു ഔപചാരീകതയും ഇല്ലാതെ അവൾ ഭഗവാനെ വിളിച്ചതും പറഞ്ഞതും കേട്ടു  അവർ അന്ധാളിച്ചു പോയി. 
        എന്തായാലും പിറ്റേ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടു അവൾ മോക്ഷപ്രാപ്തിയടഞ്ഞു. രാമനുജർ എന്ന സദ്ഗുരുവിൽ അവൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം അവളെ മോക്ഷ പദത്തിൽ എത്തിച്ചു. ഏല്ലാവരും സ്തബ്ധരായി നിന്നു പോയി. അവർക്കാർക്കും ഇതു തോന്നിയില്ലല്ലോ. അവൾക്കു സഹസ്രനാമം ചൊല്ലാൻ അറിയില്ല. ദിവസവും ക്ഷേത്രത്തിൽ വന്നു ദര്ശനം ചെയ്യാൻ സമയമില്ല. അവൾക്കു അറിയാവുന്നത് തയിരു വില്പന ഒന്നു മാത്രം. പക്ഷെ ആ തയിര് കടം കൊടുത്തു സദ്ഗുരുവിൽ നിന്നും മോക്ഷ സാമ്രാജ്യം അവൾ സുലഭമായി നേടി. സദ്ഗുരുനാഥന്റെ കൃപ വൈകുണ്ഠം വരെ എത്തും. അപ്പോൾ ഈ ലോക സുഖങ്ങളുടെ കാര്യം പറയുകയും വേണോ? 
     ഒരു ഗുരുവിനെ ആശ്രയിക്കു. അദ്ദേഹത്തെ മുറുകെ പിടിക്കു. ആ വിശ്വാസം നിങ്ങളെ തീർച്ചയായും  ഈ സംസാര സാഗരം കടക്കാൻ സഹായിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
        രാധേകൃഷ്ണാ! പിശുക്കനായ ഒരു ഭർത്താവിന്റെ ഭക്തയായ സാധു ഭാര്യയുടെ കഥ നാം തുടർന്നു വായിച്ചു വരുന്നു. കഴിഞ്ഞ ലക്കത്തിൽ ഒരു സാധു ബ്രാഹ്മണനു ലക്ഷ്മി തന്റെ മൂക്കുത്തി ദാനം ചെയ്തതും. അതറിയാതെ അവളുടെ ഭർത്താവു അവളോടു അപ്പോൾ മൂക്കുത്തി കാണിക്കാൻ ആവശ്യപ്പെടുന്നതും കണ്ടു. സത്യം പറഞ്ഞാൽ അയാൾ അവളെ കൊല്ലാതെ കൊല്ലും. പക്ഷെ ഇപ്പോൾ മോതിരം ചോദിച്ചാ തനിക്കു എന്ത് പറയാൻ സാധിക്കും. ഗത്യന്തരം ഇല്ലാതെ അവൾ സർവ്വവും ഭഗവാനിൽ അർപ്പിച്ചു  തന്റെ ആഭരണ പ്പെട്ടി രംടും കല്പിച്ചു ശ്രീനിവാസന്റെ നേർക്കു നീട്ടി. എന്തു സംഭവിച്ചാലും നേരിടുക തന്നെ എന്നു തീരുമാനിച്ചു. കണ്ണു രണ്ടും മുറുകെ അടച്ചു അവൾ നാമം ജപിച്ചു കൊണ്ടു നിന്നു. 
       ശ്രീനിവാസാൻ ആർത്തിയോടെ പെട്ടിയിൽ നോക്കി. അതാ അവിടെ ജ്വലിച്ചു കൊണ്ടു ഒരു മൂക്കുത്തി! തന്റെ ഭാര്യയുടെ മൂക്കുത്തി ബ്രാഹ്മണൻ തന്ന മൂക്കുത്തിയെക്കാൾ കുറഞ്ഞതാണെങ്കിൽ അതു  മാറ്റി തന്റെ ഭാര്യയുടെ മൂക്കുത്തി അയാൾക്കു തിരികെ കൊടുക്കാം എന്നു കരുതിയാണ് ശ്രീനിവാസാൻ അവളോടു മൂക്കുത്തി ചോദിച്ചതു. പക്ഷേ ആഭരണപ്പെട്ടിയിൽ ഉണ്ടായിരുന്ന മൂക്കുത്തി വളരെ വിലപിടിപ്പുള്ള കല്ലു കൊണ്ടായിരുന്നു. 'എടീ നീ ഈ മൂക്കുത്തിയാണോ ഇത്രയും നാൾ ഇട്ടു നടന്നതു? ഇത്രയും വിലപിടിപ്പുള്ളതാണെന്നു ഞാൻ അറിഞ്ഞില്ലല്ലോ' എന്നയാൾ പറഞ്ഞു. ശ്രീനിവാസാൻ പറഞ്ഞത് കേട്ട ലക്ഷ്മി കോരിത്തരിച്ചു പോയി. എന്തു! മറ്റൊരു മൂക്കുത്തിയോ? തന്നെ രക്ഷിക്കാൻ പാണ്ഡുരംഗൻ ഈ ലീല കാണിച്ചുവോ? വിഠലാ! എനിക്കു  വേണ്ടി നീ ഇതു ചെയ്തല്ലോ! എനിക്കു എന്തു  അർഹതയാണുള്ളതു? അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവൾക്കു ഒന്നും പറയുവാൻ പോലും ആയില്ല. കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകി.
        ശ്രീനിവാസൻ അതു ശ്രദ്ധിച്ചു. 'നീ എന്തിനാ കരയുന്നതു? മൂക്കുത്തി കളഞ്ഞു പോയില്ലല്ലോ. ഇവിടെ തന്നെ ഉണ്ടല്ലോ. പക്ഷെ ഒന്നു മാത്രം മനസ്സിലാകുന്നില്ല. നീ എന്നും ഇടുന്ന മൂക്കുത്തി ഇത്രയും തിളക്കം ഇല്ല. ഇതിനു എങ്ങനെ ഇത്രയും തിളക്കം വന്നു? എനിക്കു ഒരു പിടിയും കിട്ടുന്നില്ല.' എന്നു പറഞ്ഞു. ലക്ഷ്മി 'വിഠലാ വിഠലാ' എന്നുറക്കെ കരഞ്ഞു. ശ്രീനിവാസൻ അവൾ എന്തിനാണു കരയുന്നതെന്നു  ചോദിച്ചു. അവൾ ഭ്രാന്തിയെ പോലെ ഭഗവാനെ വിളിച്ചു കരഞ്ഞു കൊണ്ടെ ഇരുന്നു. 'എന്തു  പറ്റിയെടി? എന്തിനാ കരയുന്നതെന്നു പറഞ്ഞു തുലയ്ക്കു' എന്നു പറഞ്ഞു ശ്രീനിവാസാൻ അവളെ പിടിച്ചു കുലുക്കി. 'ഭഗവാന്റെ കാരുണ്യം എനിക്കു താങ്ങാൻ സാധിക്കുന്നില്ല' എന്നവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
'ഭഗവാന്റെ കാരുണ്യമോ? അതിനിപ്പൊ എന്തു സംഭവിച്ചു? എന്നയാൾ ചോദിച്ചു. 
          ലക്ഷ്മിക്കു ഒന്നും മറച്ചു വെക്കാനായില്ല. അവൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. ഒരു സാധു ബ്രാഹ്മണൻ വന്നതും, താൻ തന്റെ മൂക്കുത്തി ദാനം ചെയ്തതും എല്ലാം. ശ്രീനിവാസൻ വന്നു മൂക്കുത്തി ചോദിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഭഗവാനെ പ്രാർത്ഥിച്ചതും, അപ്പോൾ മൂക്കുത്തി അതിൽ ഇരുന്നതും എല്ലാം. ശ്രീനിവാസൻ അതു കേട്ടു ഞെട്ടി. 'നീ എന്തൊക്കെയാ ഈ പറയുന്നതു? ആ ബ്രാഹ്മണൻ ഇവിടെ വന്നു എന്നോ? നിന്റെ മൂക്കുത്തി നീ അയാൾക്കു ദാനം ചെയ്തു എന്നോ? അപ്പോൾ ഇതിൽ ഇരിക്കുന്ന മൂക്കുത്തി ഏതാണ്? ആ ജമീന്ദാർ തന്ന മൂക്കുത്തി എങ്ങനെ നിന്റേതു പോലെ ഇരിക്കുന്നതു? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ!'
ലക്ഷ്മി: ചിലപ്പോ ആ ബ്രാഹ്മണൻ അത് കൊണ്ടു പോയി ജമീന്ദാർക്കു വിറ്റിരിക്കും.
ശ്രീനിവാസാൻ : അപ്പൊ ഈ മൂക്കുത്തി ഏതാണ്? എനിക്കു  തല ചുറ്റുന്ന പോലെ ഇരിക്കുന്നു. 
ശ്രീനിവാസനു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആ ബ്രാഹ്മണനും ജമീന്ദാർക്കും എന്തെങ്കിലും സംബന്ധം ഉണ്ടാവുമോ? പിന്നെയും പിന്നേയും അയാൾക്കു സംശയം വന്നു കൊണ്ടെ ഇരുന്നു. ലക്ഷ്മി ഉടനെ അതു ചിലപ്പോൾ ഭഗവാൻ പാണ്ഡുരംഗൻ തന്നെയാവുമോ എന്നു സംശയം പ്രകടിപ്പിച്ചു. 'ഹേ പാണ്ഡുരംഗനോ! നീ പ്രാര്ത്ത്ഹിക്കുന്ന ദൈവമോ? ഇതൊക്കെ നടക്കുമോ?' എന്ന് ശ്രീനിവാസൻ ചോദിച്ചു. ഉടനെ ലക്ഷ്മി 'അറിയില്ല ഭക്തി ഉള്ളവർക്കു ഭഗവാൻ പ്രത്യക്ഷമാണു. പക്ഷേ എനിക്കു അത്ര ഭക്തി ഉണ്ടോ എന്നറിയില്ല. ഭഗവാൻ ഭക്ത വൽസലനാണു എന്നു എനിക്കുറപ്പാണ്.'എന്നു പറഞ്ഞു. 
ശ്രീനിവാസൻ: അപ്പോ ബ്രാഹ്മണനായി വന്നതു നിന്റെപാണ്ഡുരംഗനാണോ?
ലക്ഷ്മി: ചിലപ്പോൾ ആയിരിക്കാം. അദ്ദേഹം എന്നെ അനുഗ്രഹിച്ചു.
ശ്രീനിവാസൻ: എന്തു പറഞ്ഞു അനുഗ്രഹിച്ചു?
ലക്ഷ്മി: നിന്റെ ആഗ്രഹം പോലെ നിനക്കു പണ്ഡരീ ദർശനം കിട്ടും എന്നു പറഞ്ഞു. 
ശ്രീനിവാസൻ: ഹേ നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ?
ലക്ഷ്മി മടിച്ചു മടിച്ചു 'എന്നെങ്കിലും സാധിച്ചാൽ പോയാല കൊള്ളാം എന്ന് ആഗ്രഹിച്ചിരുന്നു' എന്നു പറഞ്ഞു. 
ശ്രീനിവാസൻ: നീ അതു ആ കിഴവനോട് പറഞ്ഞോ? 
ലക്ഷ്മി: ഇല്ല.
ശ്രീനിവാസൻ: അപ്പൊ പിന്നെ അയാൾക്കു എങ്ങനെ മനസ്സിലായി? 
ലക്ഷ്മി: അറിയില്ല.
ശ്രീനിവാസൻ: നീ ഇതിനു മുൻപു ദാനമോ വഴിപാടോ എന്തെങ്കിലും നടത്തിയിട്ടുണ്ടോ?
ലക്ഷ്മി: സത്യമായിട്ടും ഒരു പൂവ് പോലും അർപ്പിചിട്ടില്ല.
ശ്രീനിവാസൻ: അപ്പോൾ പിന്നെങ്ങനെ ഭഗവാൻ വരും?
ലക്ഷ്മി: ഭഗവാൻ നാം നൽകുന്ന വസ്തുവല്ല ഹൃദയത്തെയാണു നോക്കുന്നതെന്നു കേട്ടിട്ടുണ്ട്. 
ശ്രീനിവാസാൻ: അപ്പൊ നീ ഇതുവരെയും ഉണ്ടിയലിലൊ മറ്റോ എന്തെങ്കിലും ഇട്ടിട്ടുണ്ടോ ഞാനറിയാതെ?
ലക്ഷ്മി: സത്യമായിട്ടും ഒന്നും ചെയ്തിട്ടില്ല. എന്നും ഞാൻ പാചകം ചെയ്യുന്ന ഭക്ഷണം ഭഗവാനു മാനസീകമായി അർപ്പിക്കും. അത് മാത്രമേ ചെയ്തിട്ടുള്ളു.
ശ്രീനിവാസൻ അന്ധാളിച്ചു നിന്നു. ആ പുതിയ മൂക്കുത്തി വന്നതു തീർച്ചയായും ഒരു അമാനുഷീക ശക്തി കൊണ്ടു തന്നെയാണു. അത് ഭഗവാൻ ആണെന്നു കരുതിയാൽ ലക്ഷ്മിയുടെ ഭക്തിക്കു ഭഗവാൻ വശം വദനായി എന്നു സാരം. ഒരു വസ്തുവും കൊടുക്കാതെ തന്നെ അവൾ ഭഗവാനെ പ്രീതിപ്പെടുതിയിരിക്കുന്നു! ചിന്തിക്കുന്തോറും അയൾക്കു അത്ഭുതം കൂടി കൂടി വന്നു. മനസ്സു  കലങ്ങി മറിഞ്ഞു. ഒരു വല്ലാത്ത അവസ്ഥയിൽ  അയാൾ എത്തി ചേർന്നു. നമുക്കു  ശ്രീനിവാസനെ കുറച്ചു നേരം ആ സ്ഥിതിയിൽ വിടാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
 (വാക്യം 63) 
അനന്തപുരം പുക്കേനോ ആളവന്താരൈ പോലെ  
          രാധേകൃഷ്ണാ! നാദമുനികൾ വംശത്തിൽ വന്നതാണു ആളവന്താർവൈഷ്ണവ സമ്പ്രദായത്തിന്റെ നെടും തൂണാണു നാദമുനികൾ. മറഞ്ഞു കിടന്ന ഈ സമ്പ്രദായത്തെ പുനരുദ്ധരിച്ചതിൽ അദ്ദേഹത്തിന്റെ പങ്കു വളരെയാണ്. അദ്ദേഹത്തിന്റെ കൊച്ചു മകനാണ് ആളവന്താർ അഥവാ യാമുനാചാര്യൻ. അഞ്ചു വയസ്സ് ബാലനായിരുന്ന അദ്ദേഹം ഒരിക്കൽ രാജസഭയിൽ ആക്കിയാൾവാൻ എന്ന ഒരു പണ്ഡിതനുമായി തർക്കത്തിൽ ഏർപ്പെട്ടു  ജയിച്ചു. ആക്കിയാൾവാൻ ലോകം മുഴുവനും തന്റെ തർക്ക സാമർത്ഥ്യം കൊണ്ടു തോൽപ്പിച്ചു കൊണ്ടു വന്നിരുന്നു. ആ രാജ്യത്തിലും തന്നെ തോല്പ്പിക്കാൻ ആരെങ്കിലും ഉണ്ടോ എന്നു വെല്ലു വിളിച്ചു. കൊട്ടാരത്തിലെ വേദ പണ്ഡിതൻ മടിച്ചു നിന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ശിഷ്യനായ യാമുനാചാര്യൻ വെല്ലുവിളി സ്വീകരിച്ചു. ഒരു അഞ്ചു വയസായ ബാലൻ എന്തു ചെയ്യും എന്നറിയാൻ നാട്ടുകാർ മുഴുവനും രാജ്യ സഭയിൽ തടിച്ചു കൂടി. 
         ഉടനെ ഗർവ്വ പണ്ഡിതൻ ഈ കൊച്ചു കുട്ടിയോട് താൻ എന്തു തർക്കത്തിൽ ഏർപ്പെടാനാണ് എന്നു ചോദിച്ചു. ഉടനെ ആ കുട്ടി തർക്കം എന്നു വന്നു കഴിഞ്ഞാൽ പ്രായം നോക്കേണ്ട കാര്യമില്ല എന്നു ധൈര്യമായി പറഞ്ഞു. പണ്ഡിതൻ  അതിനു 'ശരി നീ എന്തെങ്കിലും പറയു. ഞാൻ അതു  തെറ്റാണെന്നു  സമർത്ഥിക്കാം' എന്നു പറഞ്ഞു. കുട്ടി ഒട്ടും മടിക്കാതെ 'നിങ്ങളുടെ അമ്മ മച്ചിയല്ല" എന്നു പറഞ്ഞു. പണ്ഡിതൻ അവിചാരിതമായ ഈ ആക്രമണത്തിൽ നിശ്ചലനായി. തന്റെ അമ്മ മച്ചിയാണെന്നു താൻ ഇപ്പോൾ സമർത്ഥിക്കണം. അതെങ്ങനെ സാധിക്കും? അദ്ദേഹം കണ്ണു മിഴിച്ചു നിന്നു . ചോദ്യം തന്നെ അബദ്ധമാണ്. കുട്ടിയാണെന്നു നിരൂപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ബാലൻ ഉടനെ 'അങ്ങയ്ക്കു സാധ്യമല്ലെങ്കിൽ അതു പറയുക' എന്നു പറഞ്ഞു. എല്ലാവരും ഇതു കേട്ടു കയ്യടിച്ചു.
         പണ്ഡിതൻ ഉടനെ തന്റെ ജാള്യത മറച്ചു കൊണ്ടു 'ശരി ഈ വാക്യത്തിനു എനിക്കു ഉത്തരം പറയാൻ പറ്റിയില്ല. ഞാൻ തോൽവി  സമ്മതിച്ചു. നിന്റെ അടുത്ത വാക്യം പറയു' എന്നു പറഞ്ഞു. പറഞ്ഞു തീർന്നതും തൊടുത്തു വിട്ട ശരം പോലെ അടുത്ത വാക്യം വന്നു - 'രാജാവ് സാർവഭൗമൻ'. പണ്ഡിതൻ വിയർത്തു പോയി. രാജാവിന്റെ മുന്നിൽ ഇരുന്നു കൊണ്ടു അദ്ദേഹം സാർവഭൌമനല്ലെന്നു താൻ വാദിക്കണം. അതെങ്ങനെ സാധിക്കും? താൻ വീണ്ടും തോറ്റിരിക്കുന്നു. ഉത്തരം പറയാനാവാതെ കുനിഞ്ഞു നിന്നു. കുട്ടിയുടെ ബുദ്ധി കണ്ടു ജനങ്ങൾ ആരവാരം മുഴക്കി. വീണ്ടും തോൽവി സമ്മതിച്ചു അടുത്ത വാക്യം ചോദിച്ചു. ഉടൻ വന്നു അടുത്ത വാക്യം 'റാണി പതിവ്രതയാണു'. പണ്ഡിതൻ നടുങ്ങി പോയി. ശരീരമാസകലം വിയർത്തു തളർന്നു പോയി. റാണി പതിവ്രതയല്ല എന്നു താൻ എങ്ങനെ പറയും? മൂന്നു ലളിതമായ വാക്യങ്ങൾ കൊണ്ടു പണ്ഡിതന്റെ ഗർവ്വു അടക്കി. ജനങ്ങളുടെ ആവേശം അതിരു കടന്നു. ആർപ്പു വിളികൾ കൊണ്ടു സഭ മുഖരിതമായി. 
          പണ്ഡിതന്റെ വായടച്ചതു കൊണ്ടു മാത്രം ആയില്ലല്ലോ. തന്റെ വാദം സമർത്ഥിക്കുകയും വേണം. അപ്പോഴേ വിജയം പൂർണ്ണമാവുകയുള്ളു. രാജാവ് എല്ലാവരെയും നിശ്ശബ്ധരാകാൻ കൈ കാണിച്ചു. എന്നിട്ടു ബാലനോടു ഈ മൂന്നു വാക്യങ്ങളെയും നിഷേധിക്കാൻ ആവശ്യപ്പെട്ടു. ഒട്ടും മടിയില്ലാതെ അവൻ പറയുവാൻ തുടങ്ങി. പണ്ഡിതന്റെ അമ്മയ്ക്കു അദ്ദേഹം ഒറ്റ മകനാണു. ഒന്നോ രണ്ടോ മരം നില്ക്കുന്ന സ്ഥലം തോപ്പു എന്നു പറയില്ല. കുറഞ്ഞതു പത്തു മരങ്ങളെങ്കിലും ഉണ്ടെങ്കിലെ അതിനെ തോപ്പ് എന്നു പറയുവാൻ സാധിക്കും. അതെ പോലെ ശാസ്ത്രം അനുസരിച്ചു ഒരു കുട്ടിയുള്ള മാതാവു മച്ചിക്കു  തുല്യമാണു. സാധാരണയായി ഒരു അമ്മയ്ക്കു പാത്തും പന്ത്രണ്ടും കുട്ടികൾ ഉണ്ടാവുന്നതു പതിവാണു. അതു കൊണ്ടു പണ്ഡിതന്റെ മാതാവിനെ മച്ചി എന്നു പറയാം. ബാലൻ ഇതു പറഞ്ഞതും കയ്യടി ആകാശം മുട്ടെ മുഴങ്ങി. പണ്ഡിതൻ അതു അംഗീകരിച്ചു. 
       അടുത്ത വാക്യം 'രാജാവ് സാർവഭൗമൻ'. കുട്ടി ഉടനെ സാർവഭൗമൻ എന്നാൽ ഭൂമി മുഴുവനും ഭരിക്കുന്നവൻ എന്നാണു അർത്ഥം എന്നു പറഞ്ഞു. ഭഗവാൻ ശ്രീവരാഹമൂർത്തിയെയും വാമനനെയും  മാത്രമേ സാർവഭൗമൻ എന്നു പറയുവാൻ സാധിക്കു. ഇദ്ദേഹം ഒരു രാജ്യത്തിന്റെ മാത്രം രാജാവാണു. അദ്ദേഹത്തിനെ ഒരിക്കലും സാർവഭൗമൻ എന്നു വിളിക്കാൻ സാധ്യമല്ല എന്നു പറഞ്ഞു. വീണ്ടും കയ്യടിയുടെ അലകൾ മുഴങ്ങി. പെട്ടെന്നു സർവരും ശാന്തരായി. കാരണം അടുത്ത വാക്യത്തെ കുട്ടി എങ്ങനെ നിഷേധിക്കും എന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കും. രാജ്ഞിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു. മുൻപേ തന്നെ ഈ രാജാവു സംശയാലുവാണ്. ഇപ്പോൾ ഇങ്ങനെ ഒരു വാദവും വന്നു ചേർന്നിരിക്കുന്നു. ഈ കുട്ടി പറയുന്ന വാക്കുകളിൽ തന്റെ ജീവിതമാണ് തൂങ്ങി നിൽക്കുന്നതു. 
       മൂന്നാമത്തെ വാക്യം റാണി പതിവ്രതയാണു. രാജാവ് വല്ലാത്ത മാനസീക പിരിമുറുക്കത്തിൽ ആയിരുന്നു. ബാലൻ എന്തു പറയും എന്നു ശ്രദ്ധിച്ചു നിന്നു. ഒരു സ്ത്രീ ജനിച്ചു കഴിഞ്ഞാൽ അവളുടെ ശാരീരിക വളർച്ച മുതൽ അവളുടെ ഹൃദയം വരെ അവളുടെ ഉള്ളും പുറമും എല്ലാം ഭഗവാൻ ശ്രീ നാരായണനു അറിയാം. അതു കൂടാതെ വിവാഹ സമയത്തിൽ മന്ത്ര പൂർവമായി അവളെ വരുണൻ തുടങ്ങിയ ദേവതകൾക്കു ആദ്യം അർപ്പിക്കുന്നു. അതിനു ശേഷം മാത്രമാണു അവളെ മനുഷ്യനായ ഒരു ഭർത്താവിനു നൽകുന്നത്. അതു  കൊണ്ടു റാണി പതിവ്രതയല്ല എന്നു പറഞ്ഞു. റാണി ഓടി വന്നു കുട്ടിയെ കെട്ടിപ്പിടിച്ചു. 'എന്നൈ ആള വന്തീരോ?' എന്നു പറഞ്ഞു. അങ്ങനെ യാമുനാചാര്യൻ ആളവന്താർ ആയി. മക്കൾ ഇല്ലാത്ത രാജാവും കുട്ടിക്കു  തന്റെ രാജ്യത്തിൽ പകുതി നൽകി രാജകുമാരനാക്കി.
         ആളവന്താർ പിന്നീട് തന്റെ രാജ്യം ഉപേക്ഷിച്ചു ഭഗവാന്റെ സേവയിൽ മുഴുകി എന്നുള്ളതെല്ലാം വലിയ ചരിത്രമാണ്. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ അരയർ സേവ കണ്ടു കൊണ്ടിരുന്നു. അതിൽ ഒരു പുരുഷൻ സ്ത്രീ പോലെ വേഷം കെട്ടി ഭഗവാന്റെ മുന്നിൽ പാസുരങ്ങൾ പാടി ആടും. നമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾക്കു അരയർ അഭിനയം പിടിച്ചു കൊണ്ടിരുന്നു. അരയർ സേവ  ശ്രീവൈഷ്ണവ സമ്പ്രദായത്തിൽ ഉണ്ട്. എന്തു കൊണ്ടോ കേരളത്തിൽ ഒരു ദിവ്യ ദേശത്തിലും ശ്രീവൈഷ്ണവ സമ്പ്രദായം ഇല്ല തന്നെ. അരയർ അനന്തപുരത്തെ കുറിച്ചു തന്നെ പാടി. അതിൽ നമ്മാഴ്വാർ ഭക്തന്മാർ എല്ലാവരെയും അനന്തപുരം പുക്കാൻ പറയുന്നു. 'നടമിനോ നമർകൾ ഉള്ളീർ നാം ഉമക്കറിയ ചൊന്നോം' എന്ന വരികൾ അദ്ദേഹം വീണ്ടും വീണ്ടും പാടി അഭിനയിച്ചു. അരയർ ആളവന്താരെ നോക്കി 'നടമിനോ, നടമിനോ, നടമിനോ' എന്നു മൂന്നു പ്രാവശ്യം പാടി. പത്മനാഭൻ തന്നെ വിളിക്കുന്നു എന്നു ആളവന്താർക്കു തോന്നി. രംഗനാഥനോട് അനുവാദം വാങ്ങി അദ്ദേഹം അനന്തപുരത്തേക്കു തിരിച്ചു. 
           അനന്തപുരത്തിന്റെ സീമ എത്തിയ ഉടനെ തന്നെ അദ്ദേഹം നമസ്ക്കരിച്ചു. നാമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾ പറഞ്ഞു കൊണ്ടു പത്മനാഭ നാമം ഉരുവിട്ടു കൊണ്ടു അദ്ദേഹം പ്രവേശിച്ചു.  അരയർ സേവയിൽ പാസുരം പാടുന്നതു കേട്ടു പത്മനാഭാൻ തന്നെ വിളിക്കുകയാണെന്നു മനസ്സിലാക്കിയ ആളവന്താർ എവിടെ? എന്നെ വിട്ടു പോകരുതേ എന്നു വൈത്തമാനിധി വിളിച്ചു കൊണ്ടിരിക്കുമ്പോൾ തിരുക്കോളൂർ വിട്ടു പോകാൻ ശ്രമിക്കുന്ന താൻ എവിടെ? തനിക്കു അദ്ദേഹത്തിന്റെ ഭക്തി ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. 
       രാമാനുജർ അതു കേട്ടു ചിരിച്ചു.  ആളവന്താരുടെ ശിഷ്യനായ സ്വാമി രാമാനുജർ ഇവിടെ വൈഷ്ണവ സിദ്ധാന്തം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും വിഫലമായി. പത്മനാഭാൻ സമ്മതിച്ചില്ല.  അന്നു രാമാനുജരെ പത്മനാഭൻ  പൊക്കി എടുത്തു തിരുക്കുറുങ്കുടിയിൽ  കൊണ്ടു വിട്ടു. അത്ര ശ്രേഷ്ഠമാണു അനന്തപത്മനാഭൻ. ആ പത്മനാഭനെ കുറിച്ചാണ് തന്നോടു പെണ്‍പിള്ളൈ ഇപ്പോൾ പറയുന്നത്. അവളുടെ വാക്കുകളിൽ രാമാനുജർ മയങ്ങി. രാധേകൃഷ്ണാ! രാധേകൃഷ്ണാ!