Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Sunday, May 13, 2012

പ്രേമവേദം മെയ്‌- 12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
യസ്മ്മിന്നാമ ചതുര്‍ഭുജാ ഹരിമണി ശ്യാമാവ 
ദാതത്വിഷോ 
നാനാ ഭൂഷണ രത്നദീപിത  ദിശോ 
രാജദ്വിമാനാലയാഃ 
ഭക്തി പ്രാപ്ത തഥാ വിതോന്നത പദാ ദീവ്യന്തി
ദിവ്യാ ജനാഃ 
തത്തേ ധാമ നിരസ്ത സര്‍വ ശമലം 
വൈകുണ്ഠ രൂപം ജയേത്.
       (ദശഃ 7 ശ്ലോഃ 5 )
      ആ വൈകുണ്ഠ ലോകത്തില്‍ ചതുര്‍ഭുജരും, ഇന്ദ്രനീലം പോലെ ശ്യാമളവും പവിത്രവുമായ ശരീര ഭംഗിയുള്ളവരും വിവിധ തരത്തിലുളള ആഭരണങ്ങളിലെ  രത്നങ്ങളാല്‍  പ്രകാശിക്കപ്പെട്ട ദിക്കുകളോടെ കാന്തിമത്തായ വിമാനങ്ങളില്‍ ഇരിപ്പുറപ്പിച്ചവരും, ഭക്തിയാല്‍ സംസിദ്ധമായ ആ വിധം ഉള്ള ഉന്നത സ്ഥാനത്തോടു കൂടിയവരുമായ ദിവ്യ പുരുഷന്മാര്‍ സ്ഥിതി ചെയ്യുന്നു. എല്ലാ പാപങ്ങളെയും ശമിപ്പിക്കുന്നതും വൈകുണ്ഠസ്വരൂപവുമായ അങ്ങയുടെ ആ ഉന്നത സ്ഥാനം സര്‍വോപരി വിജയിക്കട്ടെ.     
 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)


 സദ്ഗുരു വാത്സല്യം
       രാധേകൃഷ്ണാ! ശ്രീ സന്ത് തുക്കാറാം എല്ലാ ഗുണങ്ങളും   തികഞ്ഞ ഒരു സത്ഗുരുവാണ്.  അദ്ദേഹം തന്റെ ജീവിതം  പാണ്ഡുരംഗനു വേണ്ടി മാത്രം ഉഴിഞ്ഞു വെച്ചു. ഭഗവാനു വേണ്ടി അദ്ദേഹം പാടി. ഭഗവാനു വേണ്ടി അദ്ദേഹം 
എല്ലാം ചെയ്തു. അദ്ദേഹം ദേഹുവില്‍ എകാന്തമായി ഭജന സത്സംഗം തുടങ്ങിയവ ചെയ്തു വന്നിരുന്നു. അവിടെയുളള ചില 
ബ്രാഹ്മണര്‍ക്കു അദ്ദേഹത്തോടു വളരെ ബഹുമാനം
ഉണ്ടായിരുന്നു. നാവാജി എന്നൊരു തോട്ടക്കാരന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഭക്തനായിരുന്നു. അദ്ദേഹത്തിനു തുക്കാറാമിനോടു വളരെ ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 
ഭജന വളരെ ഇഷ്ടമായിരുന്നു. തുക്കാറാം ഭജന  പാടുമ്പോള്‍ 
അദ്ദേഹം സ്വയം മറന്നു ആടും.പകല്‍ സമയം മുഴുവനും 
തോട്ടവേല ചെയ്തിട്ടു വൈകുന്നേരമായാല്‍ പിന്നെ അദ്ദേഹം  നേരെ തുക്കാറാം ഇരിക്കുന്ന സ്ഥലത്തു വന്നെത്തും എന്നിട്ട് ഒരു 
മൂലയില്‍ ചെന്നിരുന്നു ഭജന കേള്‍ക്കും. അറിയാതെ കൈകള്‍ 
താളം ഇടും. ക്രമേണ   നാവു നാമജപം ചെയ്യും, പതുക്കെ പതുക്കെ അദ്ദേഹം മുന്‍പോട്ടു നീങ്ങും. കുറെ
കഴിഞ്ഞു അദ്ദേഹം ആടി തുടങ്ങും. തുക്കാറാം എപ്പോഴും ഭജന
പാടിക്കൊണ്ടേയിരിക്കും. പെട്ടെന്നു നിര്‍ത്തില്ല. നവാജിക്കു ഭജന വളരെ ഇഷ്ടമാണെങ്കിലും തുക്കാറാം ബുദ്ധിമുട്ടുന്നത് 
കാണാന്‍ ഇഷ്ടമല്ല. വളരെ നേരമായി അദ്ദേഹം ഇരുന്നു 
പാടുകയല്ലേ എന്നു വിചാരിക്കും.
       ഒരു ദിവസം അദ്ദേഹം തുക്കാറാം പാടുന്നത് നോക്കി നിന്നു.  അദ്ദേഹത്തെ നോക്കി  നാവാജി "ക്ഷമിക്കണം! അങ്ങ് കുറെ നേരമായി പാടുകയല്ലേ. ഇനി കുറച്ചു നേരം വേണമെങ്കില വിശ്രമിക്കു. ഞാൻ ഭാജന പാടാം" എന്നു പറഞ്ഞു. തുക്കാറാം അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. എന്നിട്ടു സസന്തോഷം പാടാൻ പറഞ്ഞു. അദ്ദെഹതിനാണെങ്കിൽ ഭഗവൻ നാമം പാടാൻ ഒരാളു കൂടെ ഉണ്ടായല്ലോ എന്നാ സന്തോഷമായിരുന്നു. നാവാജിക്കു ഈ പട പ്രയോഗങ്ങളിൽ വലിയ പാണ്ഡിത്യം ഇല്ല. പക്ഷെ പൂർണ്ണമായ ഭക്തി ഹൃദയത്തിൽ നിറഞ്ഞിരുന്നു.
       അദ്ദേഹം 'പാണ്ഡുരംഗാ! വിഠലാ!' എന്നിങ്ങനെ കീർത്തനം ചെയ്തു. ഇടയ്ക്ക് ചിലപ്പോൾ ശബ്ദം അടഞ്ഞു പോകും, വാക്കുകൾ മാറിപ്പോകും. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കാതെ തന്റെ പാട്ട് തുടരും. ഇടയ്ക്കിടയ്ക്കു തുക്കറാമിനെ നോക്കി രണ്ടു കൈയും കൂപ്പും അദ്ദേഹവും തിരികെ വന്ദിക്കും. രാഗം താളം ഇതൊന്നും അറിയില്ല.പക്ഷെ ഭക്തി ഉണ്ടായിരുന്നു. അങ്ങിനെ തുക്കാറാം പാടി ക്ഷീണിക്കുമ്പോൾ നാവാജി പാടുക എന്നതു പതിവായി. 
     ഒരു ദിവസം തുക്കാറാമിനെ ഒരു ഹാരം അണിയിക്കണം എന്ന് നാവാജിക്ക് തോന്നി. കടയിൽ നിന്ന് വാങ്ങുന്നതിനു  പകരം സ്വന്തം കൈകൊണ്ടു തന്നെ കെട്ടണം എന്നു ആഗ്രഹിച്ചു. തുടര്ന്നു അടുത്ത ലക്കത്തിൽ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
         രാധേകൃഷ്ണാ!  നമ്പാടുവാന്‍ താന്‍ ബ്രഹ്മ രക്ഷസ്സിനു കൊടുത്ത വാക്കു പാലിക്കുവാനായി അതിന്റെ അടുത്തു തിരികെ എത്തി എന്നു നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. പക്ഷേ അത്ഭുതം എന്നോണം ബ്രഹ്മ രക്ഷസ്സിന് ഇപ്പോള്‍ ഒട്ടും വിശപ്പില്ല. അദ്ദേഹത്തെ ഭക്ഷിക്കാന്‍ ഒട്ടും തന്നെ താല്പര്യം തോന്നിയില്ല. അതിനു ആശ്ചര്യം തോന്നി. ഈ ഭഗവത് ഭക്തന്റെ സാന്നിധ്യം തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉളവക്കുന്നുണ്ടു  എന്ന സത്യം അതു മനസ്സിലാക്കി. ഇപ്പോള്‍ ബ്രഹ്മ രക്ഷസ്സ് നമ്പാടുവാനോടു കൈ കൂപ്പി കൊണ്ടു അപേക്ഷിച്ചു. 'നീ വിചാരിച്ചാല്‍ എന്നെ ഈ ജന്മത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. നിന്റെ പുണ്യത്തില്‍ ഒരു പങ്കു എനിക്കു തരു. ഈ രാക്ഷസ ശരീരം കൊണ്ടു ഞാന്‍ പെടാപ്പാടു പെടുന്നു. ഹൃദയത്തില്‍ ശാന്തിയും ഇല്ല. ആകെ അസ്വസ്ഥതയാണ്.  എന്നെ രക്ഷിക്കു എന്നപേക്ഷിച്ചു.  അതിനു നമ്പാടുവാന്‍, "ഞാന്‍ അങ്ങനെ വലിയ പുണ്യ കര്‍മ്മങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. അതു കൊണ്ടു എനിക്കു ഒന്നും ചെയ്യാന്‍ സാധിക്കില്ല." എന്നു പറഞ്ഞു. ഉടനെ രക്ഷസ്സ് 'ഒരു പുണ്യവും ഇല്ലാതെ ഭഗവാന്‍ നിനക്ക് ദര്‍ശനം നല്‍കില്ല. തീര്‍ച്ച! നീ പതിവായി ഏകാദശി വ്രതം  നോക്കുന്നുണ്ടല്ലോ അതിന്റെ പുണ്യമെങ്കിലും എനിക്കു തരു' എന്നു കേണു.  നമ്പാടുവാന്‍ അതു നിരസിച്ചു കൊണ്ടേ ഇരുന്നു. താന്‍ പുണ്യം ഒന്നും ചെയ്തിട്ടില്ല എന്നു വാദിച്ചു. അവസാനം താന്‍ ഭഗവാനെ ദര്‍ശിച്ച സമയത്തില്‍ കൈശികം എന്ന രാഗത്തില്‍ പാടി കൊണ്ടിരിക്കുകയായിരുന്നു എന്നും ഭഗവാന്‍ അതു കേട്ടു തലയാട്ടി രസിച്ചു എന്നും പറഞ്ഞു. തന്റെ അറിവില്‍ താന്‍ ഭഗവാനു ചെയ്ത ഒരേ ഒരു സത്കാര്യം അതാണെന്നും പറഞ്ഞു. അതിന്റെ പുണ്യം വേണമെങ്കില്‍ താന്‍ നല്‍കാം എന്നു പറഞ്ഞു. 
        ബ്രഹ്മ രക്ഷസ്സിനു സന്തോഷമായി. നമ്പാടുവാന്‍ ഉടനെ ഭഗവാനോട് "ഹേ പ്രഭോ! ഞാന്‍ ഇന്നു നിന്റെ മുന്നില്‍ കൈശികം എന്ന ഈണത്തില്‍ പാടി രസിപ്പിച്ചു. നിന്നെ രസിപ്പിച്ച ആ പുണ്യം ഞാന്‍ ഈ ബ്രഹ്മ രക്ഷസ്സിനു ദാനം ചെയ്യുകയാണ്. പ്രഭോ! ഈ ബ്രഹ്മ രക്ഷസ്സ് ഈ ജന്മത്തില്‍ പാട് പെടുകയാണ്. ദയവു ചെയ്തു അതിനെ ഈ ശരീരത്തില്‍ നിന്നും മോചിപ്പിച്ചു രക്ഷിക്കണമേ!" എന്നു പ്രാര്‍ത്ഥിച്ചു. എന്നിട്ടു മാനസീകമായി ആ പുണ്യം ദത്തം ചെയ്തു. ഉടന്‍ തന്നെ ബ്രഹ്മ രക്ഷസ്സ് തന്റെ ഘോര രൂപത്തില്‍ നിന്നും മോചിതനായി ദിവ്യ ശരീരം പ്രാപിച്ചു. നമ്പാടുവാനെ  വണങ്ങിയ ശേഷം അതു വൈകുണ്ഠം പ്രാപിച്ചു. ഭഗവാനെ സന്തോഷിപ്പിച്ച ഒരു ഈണം പാടിയ പുണ്യം നല്‍കി ഒരു ബ്രഹ്മ രക്ഷസ്സിനു പോലും മോക്ഷം സാധ്യമാക്കിയ നമ്പാടുവാന്റെ ഭക്തി അപാരം തന്നെ. ഈ കഥ വരാഹ മൂര്‍ത്തി തന്റെ പത്നിക്കു പറഞ്ഞു കൊടുത്തു. അതു കേട്ട അമ്മ പുളകാംഗിതയായി. ഇങ്ങനെയും ഒരു ഭക്തന്‍ ഉണ്ടോ എന്നു ആശ്ചര്യപ്പെട്ടുവത്രേ.
       ഈ ഏകാദശിയെ കൈശിക ഏകാദശി എന്നു പറയുന്നു. അതു തന്നെ ഗുരുവായൂര്‍ ഏകാദശിയുമാണ്‌. രണ്ടും ഒരേ ദിനമായതു കൊണ്ടു ഈ ഏകാദശി നോറ്റാല്‍ രണ്ടു ഏകാദശിയുടെ ഫലം ലഭിക്കും.  ഒരു കൈശിക ഏകാദശി ദിവസം പരാശര ഭട്ടര്‍ ശ്രീരംഗത്തില്‍ കൈശിക ഏകാദശി പുരാണം പാരായണം ചെയ്തു. അതു കേട്ടു സന്തോഷിച്ച ശ്രീ രംഗനാഥന്‍ പരാശര ഭട്ടര്‍ക്കു മോക്ഷം നല്‍കി. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ കൈശിക ഏകാദശി ദിനം വളരെ ശ്രദ്ധയോടെ ഏകാദശി പുരാണം പാരായണം ചെയ്തു വരുന്നു.  രാധേകൃഷ്ണാ!   
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 56 തുടര്‍ച്ച)   
      രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ദില്ലി ബാദുഷാ തന്റെ മകളുടെ അന്തപുരത്തില്‍ രാമാനുജരെയും കൂട്ടി അദ്ദേഹം അന്വേഷിച്ചു വന്ന മൂര്‍ത്തിയെ കാണാന്‍ പോയി എന്നു നാം കണ്ടു. രാമപ്രിയന്‍ രാജകുമാരിയുടെ കൂടെ കട്ടിലില്‍ കിടന്നതും രാമാനുജര്‍ വിളിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കൈകളിലേക്കു ചാടുകയും ചെയ്തു. ബാദുഷ നോക്കുമ്പോള്‍ കിടന്നിരുന്ന മൂര്‍ത്തി നിവര്‍ന്നു നിന്നു കട്ടിലില്‍ നിന്നും താഴേക്കു രമാനുജരുടെ കൈകളില്‍ വന്നു വീഴുന്നു. പക്ഷെ രാമാനുജര്‍ക്കു അവിടെ സാക്ഷാത് ഭഗവാനെ തന്നെ കാണാന്‍ കഴിഞ്ഞു. രാമാനുജര്‍ക്കു കണ്ണീര്‍ അടക്കാന്‍ കഴിഞ്ഞില്ല. 'കൃഷ്ണാ! ഞാന്‍ വിളിച്ചതു കൊണ്ടു നീ വന്നുവോ? ആ മുസ്ലിം ഗോപിക്കു നിന്നോടു എന്തു മാത്രം ഇഷ്ടം! എന്നിട്ടും നീ അവളെ വിട്ടിട്ടു എന്റടുത്തു വന്നില്ലേ! എന്തൊരു കാരുണ്യം' എന്നു അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം സ്വയം തിരുത്തി. ഇല്ല! കൃഷ്ണനെ ഇങ്ങോട്ടു വലിച്ചതു പെരിയാഴ്വാരുടെ പാസുരങ്ങളാണ് എന്നു അദ്ദേഹത്തിനു മനസ്സിലായി.
       രാമപ്രിയന്‍ ഓടി വന്നു രാമാനുജരുടെ തുടയില്‍ കയറി നിന്നു. എന്നിട്ടു അദ്ദേഹത്തിന്റെ കഴുത്തില്‍ തന്റെ കൈകള്‍ കൊണ്ടു കെട്ടി പിടിച്ചു. 'ഇരുമിടര്‍' എന്നാല്‍ പ്രശസ്തമായ കണ്ഠം എന്നാണു അര്‍ത്ഥം. ഒരു കുട്ടിയായി രാമാനുജരുടെ  കഴുത്തില്‍ പിടിച്ചു കൊണ്ടു ഭഗവാന്‍ നിന്നു. 'മിടര്‍' എന്നാല്‍ കഴുത്തു എന്നു അര്‍ത്ഥം. രാമപ്രിയന്‍ ആലിംഗനം ചെയ്തതു കൊണ്ടു ആ കഴുത്തു വളരെ പ്രശസ്തമായി പോയി. രാമാനുജരും സന്തോഷത്തില്‍ തിരികെ രാമപ്രിയനെ ആലിംഗനം ചെയ്തു 'സമ്പത്കുമാരാ' എന്നു സംബോധന ചെയ്തു.
       നടക്കുന്നതൊക്കെ കണ്ടു നിന്നിരുന്ന ബാദുഷായ്ക്കു ആശ്ചര്യം അടക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ അറിയാതെ ഒരു ഭയം കടന്നു വന്നു. ഇതെന്താ ഈ ഹിന്ദു ദൈവം സ്വയം ചലിക്കുന്നു! ഈ ദൈവത്തിന്റെ കൂടെയാണോ എന്റെ മകള്‍ ഇത്രയും ദിവസമായി കളിച്ചു നടന്നതു എന്നു ചിന്തിച്ചു. അവര്‍ക്കാണെങ്കില്‍ ഈശ്വരന്‍ ഒരു രൂപത്തില്‍ അടങ്ങുന്നതും അല്ല. പക്ഷെ ഇതാ പ്രത്യക്ഷത്തില്‍ ഒരു മൂര്‍ത്തി തന്റെ ഇഷ്ടത്തിനൊത്തു ചലിക്കുന്നതു താന്‍ കണ്ടു. അയാള്‍ക്കു കുറച്ചു ഭയമായി. ഈ ഹിന്ദുക്കളുടെ സംസര്‍ഗ്ഗം തന്നെ നമുക്കു വേണ്ടാ എന്നു തോന്നി പോയി. പക്ഷെ രാമാനുജരുടെ ഭക്തി കണ്ടു ആശ്ചര്യപ്പെട്ടു പോയി. വര്‍ദ്ധിച്ച ബഹുമാനതോടു കൂടി രാമാനുജരോടു 'അങ്ങയുടെ ഭക്തിയുടെ പ്രഭാവം ഞാന്‍ പ്രത്യക്ഷത്തില്‍ കണ്ടു കഴിഞ്ഞു. അങ്ങയ്ക്കു അങ്ങയുടെ ദൈവത്തെ കൊണ്ടു പോകാം' എന്നു പറഞ്ഞു. 
        രാമാനുജര്‍ ഒരു പല്ലക്കു ഏര്‍പ്പാടു ചെയ്തു അതില്‍ ഭഗവാനെ എഴുന്നള്ളിച്ചു ഇരുത്തി. എന്നിട്ടു നാട്ടിലേക്കു തിരിച്ചു. രാമാനുജര്‍ക്കു ബീവിയുടെ പ്രേമ ശരിക്കും അറിയാമായിരുന്നത് കൊണ്ടു അദ്ദേഹം വേഗത്തില്‍ മുന്നോട്ടു നീങ്ങി. അവള്‍ ഉണര്‍ന്നാല്‍ രാമപ്രിയനെ കാണാഞ്ഞു തീര്‍ച്ചയായും ബഹളം വയ്ക്കും. ബാദുഷാ ചിലപ്പോള്‍ മനസ്സ് മാറി രാമപ്രിയനെ തിരികെ ചോദിച്ചാല്‍ എന്തു ചെയ്യും? അതുകൊണ്ടു വേഗം നടക്കാന്‍ എല്ലാവരോടും ആജ്ഞാപിച്ചു. ഭഗവാനും അവളെ വിട്ടു പിരിയാന്‍ കുറച്ചു വിഷമം തോന്നിയിരുന്നു. ഇനി പെട്ടെന്നു ഭഗവാന്‍ തിരികെ പോകണം എന്നു തോന്നിയാല്‍ എന്തു ചെയ്യും എന്നും അദ്ദേഹം വിചാരിച്ചു. 
       ഇതിന്റെ ഇടയില്‍ രാമാനുജര്‍ വിചാരിച്ച പോലെ തന്നെ രാജകുമാരി ഉണര്‍ന്നു രാമപ്രിയനെ കാണാഞ്ഞു ബഹളം തുടങ്ങി. ബാദുഷാ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. രാജകുമാരി അയാളോടു രാമപ്രിയന്‍ തന്റെ പ്രാണനാണെന്നു പറഞ്ഞു. അവന്‍ എത്ര നന്നായി നൃത്തം വയ്ക്കും, എത്ര മധുരമായി പാടും, എന്തു രസമായി പുല്ലാങ്കുഴല്‍ വായിക്കും എന്നോടു എന്തു സ്നേഹമാണെന്നോ എന്നൊക്കെ പറഞ്ഞു. ഇതു കേട്ടു ബാദുഷാ ശരിക്കും ഭയന്നു പോയി. തന്റെ മകള്‍ക്കു ചിത്രഭ്രമം പിടി പെട്ടുവോ? ഒരു വിഗ്രഹം ഇതൊക്കെ ചെയ്യും എന്നു അയാള്‍ക്കു തോന്നിയില്ല. എന്തായാലും ആ വിഗ്രഹം കിട്ടാതെ മകള്‍ ജീവിക്കുകയില്ല എന്നു വന്നപ്പോള്‍ ബാദുഷാ തന്റെ മകനെ ആ വിഗ്രഹം തിരികെ കൊണ്ടു വരാന്‍ കല്പിച്ചു അയച്ചു. തന്റെ സഹോദരിക്കു വേണ്ടി അയാള്‍ പടകൂട്ടി ആ സന്യാസിമാരെ തേടി ഇറങ്ങി.  രാമാനുജര്‍ക്കു വിഗ്രഹം തിരികെ കൊണ്ടു പോകാന്‍ പട വരുന്നുണ്ട് എന്നു മനസ്സിലായി. ഉടനെ അദ്ദേഹം അടുത്തുള്ള ഒരു ചേരിയിലേക്കു നീങ്ങി. അവിടുത്തെ ഹരിജനങ്ങള്‍ക്കു വളരെ സന്തോഷം തോന്നി. എല്ലാവരാലും ഒതുക്കപ്പെട്ടിരുന്ന അവരുടെ മുന്നില്‍ ഇതാ കുറച്ചു സന്യാസികള്‍ ഭഗവാനെയും കൊണ്ടു വന്നിരിക്കുന്നു! അവര്‍ രാമാനുജരെ മുസ്ലിം ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ തീരുമാനിച്ചു. ചേരിയിലെ ഒരു കുടിലില്‍ ഭഗവാനെ ഒളിപ്പിച്ചു വച്ചു. മുഹമ്മദീയ പട എല്ലാ ഇടതും രാമാനുജരെയും കൂട്ടരെയും അന്വേഷിച്ചു നടന്നു. അവര്‍ ബ്രാഹ്മണരായത് കൊണ്ടു ചേരിയില്‍ കയറാന്‍ ഇടയില്ല എന്നു വിചാരിച്ചു അവര്‍ വഴി തിരിഞ്ഞു പോയി.
        രാമാനുജര്‍ക്കു സന്തോഷമായി. ആ ചേരി ജനങ്ങളുടെ ഭക്തിയില്‍ അദ്ദേഹം ആനന്ദിച്ചു. അവര്‍ക്കു ഉത്സവ കാലത്തില്‍ മൂന്നു ദിവസം ഭഗവാനു കൈങ്കര്യം ചെയ്യാനുള്ള അനുവാദം അദ്ദേഹം നല്‍കി. ഇന്നു വരെയും ആ ആചാരം തുടരപ്പെടുന്നുണ്ടു. ഇതിനിടയില്‍ ഒരു പല്ലക്കില്‍ ആ ബീവി നാച്ചിയാരും അവരെ തേടി എത്തി. രാമപ്രിയനെ കുറിച്ചു ശരിക്കും അറിയാമായിരുന്ന അവള്‍ എളുപ്പത്തില്‍ അവരെ കണ്ടു പിടിച്ചു. രാമാനുജരുടെ ചരണങ്ങളില്‍ അവള്‍ വീണു. അദ്ദേഹത്തോടു 'സ്വാമി അങ്ങയുടെ ഭഗവാനെ അങ്ങ് എനിക്കു തിരികെ തരില്ല എന്നറിയാം. പക്ഷെ അവന്‍ ഇല്ലാതെ ഞാന്‍ ജീവിക്കില്ല. അതു കൊണ്ടു അവന്റെ കൂടെ എന്നെയും ദയവു ചെയ്തു കൊണ്ടു പോകൂ' എന്നവള്‍ കെഞ്ചി. അവള്‍ ഒരു മുസ്ലിം ആണെന്നോ മറ്റോ ഒന്നും തന്നെ അദ്ദേഹം ആലോചിച്ചില്ല. ഉടനെ തന്നെ അവളെയും വരുവാന്‍ അദ്ദേഹം അനുവദിച്ചു .
       മറ്റുള്ളവരൊക്കെ ഭയന്നു പോയി. ബാദുഷാ അറിഞ്ഞാല്‍ എന്തു സംഭവിക്കുമോ എന്നു ഭയന്നു. പക്ഷെ രാമാനുജര്‍ക്കു ആ ഭക്തയെ ഭഗവാനില്‍ നിന്നും പിരിക്കാനുള്ള ധൈര്യം ഉണ്ടായില്ല. അവള്‍ വന്ന പല്ലക്കു തിരിച്ചയച്ചിട്ടു അവരുടെ കൂടെ കൂടി. രാമാനുജര്‍ അവളെയും എടുത്തു ഭഗവാന്റെ കൂടെ പല്ലക്കില്‍ ഇരുത്തി.  പല്ലക്കില്‍ കയറിയ അവള്‍ സമ്പത് കുമാരനെ കെട്ടി പിടിച്ചു. 'എന്നെ ഉപേക്ഷിക്കരുതേ! ഉപേക്ഷിക്കരുതേ! എന്നവള്‍ ഭഗവാനോടു കെഞ്ചി. രാമാനുജരുടെ കാല ശേഷം ആരെങ്കിലും അവളെ ഭഗവാനില്‍ നിന്നകട്ടുമോ എന്നൊരു ഭയം അവള്‍ക്കുണ്ടായി. പെട്ടെന്നു പല്ലക്കു എടുത്തിരുന്നവര്‍ രാമാനുജരോടു പല്ലക്കിന്റെ ഭാരം കുറഞ്ഞു എന്നു പറഞ്ഞു. രാമാനുജര്‍ മറ നീക്കി പല്ലക്കിനുള്ളില്‍ നോക്കുമ്പോള്‍ സമ്പത് കുമാരനെ മാത്രമാണ് കണ്ടത്. ബീവിയെ അവന്‍ തന്നോടു ചേര്‍ത്തു കഴിഞ്ഞിരുന്നു. ഭഗവാന്റെ കാരുണ്യം കണ്ടു രാമാനുജര്‍ കരഞ്ഞു. ഇന്നും അവിടെ ഭഗവാന്റെ ഉത്സവ മൂര്‍ത്തിയുടെ മടിയില്‍ ബീവി നാച്ചിയാര്‍ ഉണ്ട്. 
        ഇതൊക്കെ കേട്ടിട്ടു പെണ്‍പിള്ളൈക്കു രാമാനുജരോടു വല്ലാത്ത ആരാധന തോന്നി. ഒരു തുലുക്ക(മുസ്ലിം) പെണ്‍കുട്ടിക്കു കൃപ ചെയ്ത ഭഗവാന്‍ രാമാനുജരുടെ കഴുത്തില്‍ പിടിച്ചു തൂങ്ങിയില്ലേ. അതു പോലെ വല്ലതും തനിക്കു ചെയ്യാന്‍ ഭാഗ്യം ഉണ്ടോ എന്നു ചോദിച്ചു. ഇവിടെ അവള്‍ ഭഗവാനെ കാട്ടിലും ആചാര്യനെ ശ്രേഷ്ഠനായി കാണുന്നു. പെണ്‍ പിള്ളൈ താന്‍ രാമാനുജരോടാണ്  സംസാരിക്കുന്നതു എന്നു അവസാനം വരെ മനസ്സിലാക്കിയില്ല എന്നു തോന്നുന്നു. അതാണു രാമാനുജരോടു തന്നെ രാമാനുജ വൈഭവം അവള്‍ പറയുന്നതു.  രാധേകൃഷ്ണാ! രാധേകൃഷ്ണാ!