Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, June 13, 2011

പ്രേമവേദം ജൂണ്‍- 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം 
ത്വദ് ബ്രഹ്മരന്ധ്ര പദമീശ്വര! വിശ്വകന്ദ!
ന്ദാംസി കേശവ! ഘനാസ്തവ കേശപാശാഃ 
ഉല്ലാസി ചില്ലിയുഗലം ദൃഹിനസ്യ ഗേഹം
പക്ഷ്മാണി രാത്രി ദിവസൌ സവിതാ ച നേത്രേ.
                                                                                                     (ദശഃ6 ശ്ലോഃ 4)
        വിശ്വത്തിന്റെ ഹെതുഭൂതനായ ഈശ്വര, വേദങ്ങള്‍ അങ്ങയുടെ ശിരസ്സിലുള്ള ബ്രഹ്മരന്ധ്രത്തിന്റെ സ്ഥാനമാണ്.  ഹി കേശവ, മേഘങ്ങള്‍ അങ്ങയുടെ മുടിക്കെട്ടാണ്, ബ്രഹ്മലോകമാകട്ടെ പ്രകാശമെഴുന്ന ചില്ലി യുഗ്മങ്ങളുമാണ്. അങ്ങയുടെ പക്ഷ്മങ്ങളാണ് രാത്രിയും, പകലും, സൂര്യന്‍ കണ്ണുകളാകുന്നു.
                (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)      
                      
സദ്ഗുരുവാത്സല്യം
 യസ്മാത്‌ പരതരം നാസ്തി നേതി നേതിതിവൈ ശ്രുതിഃ 
മനസാ വചസാ ചൈവ സത്യമാരാധയേത് ഗുരും!
       രാധേകൃഷ്ണാ! ഗുരുതത്വം സര്‍വ ശ്രേഷ്ഠം! ആകാശത്തേക്കാള്‍  ഉയര്‍ന്നതാണ് ഗുരു തത്വം. കടലിനേക്കാള്‍ ആഴമേറിയതുമാണ്. ഭൂമിയെക്കാള്‍ ക്ഷമയുള്ളതും അഗ്നിയെക്കാള്‍ പരിശുദ്ധമായതുമാണ് ഗുരു തത്വം. ഗുരു ഭക്തി വളരെ ഉത്തമമായത്. ഏതു മഹാനോട് ചോദിച്ചാലും അവരുടെ ആനന്ദത്തിനു കാരണം ഗുരു തന്നെ എന്ന് പറയും. ഗുരു പരമാത്മാവിനെ കാണിച്ചു തരുന്നു. നാം തെറ്റായി മനസ്സിലാക്കിയിട്ടുള്ളതിനെ തിരുത്തി തരുന്നു.  പരബ്രഹ്മതിനെ മുറുകെ പിടിച്ചു കൊള്ളൂ. ഭഗവാനെ വിശ്വാസിക്കു, ഭഗവന്‍ നാമ ങ്ങളെ വിടാതെ ജപിക്കു എന്നൊക്കെ പറഞ്ഞു തരുന്നു. ഗുരു ആരായാലും തത്വം ഒന്നു തന്നെയാണ്. അതില്‍ യാതൊരു മാറ്റവും ഇല്ല. പരമേശ്വരന്‍ പാര്‍വതിക്ക് ഗുരുവിന്റെ മഹത്വത്തെ ഉപദേശിച്ചു കൊടുക്കുന്നു. 'ഹേ പാര്‍വതി! അത് കൊണ്ടു ഗുരുവിനെ ആരാധിക്കു!' എന്ന് പറയുന്നു. ആരാധിക്കുക എന്നാല്‍ ഗുരു വാക്യങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ അതിനനുസരിച്ച് നടന്നു, ജീവിതം ഭഗവത് ഇഷ്ടമായി അര്‍പ്പിക്കുന്നതാണ് സദ്‌ ശിഷ്യന്റെ ലക്ഷണം. അതാണ്‌ ശരിയായ ഗുരു ആരാധനം! വ്യാസര്‍, വാല്മീകി, ധ്രുവന്‍, പ്രഹ്ലാദന്‍ തുടങ്ങിയ ശിഷ്യര്‍ ഗുരു വാക്യം അനുസരിച്ച്, നാരദര്‍ എന്ന സദ്ഗുരുവുവിനെ ആരാധിച്ചു.   
      വ്യാസരും, വാല്മീകിയും, ഭാഗവതം രാമായണം എഴുതി അവരുടെ ഗുരുവിനെ ആരാധിച്ചു. ധ്രുവന്‍ ഹരിയെ പ്രത്യക്ഷപ്പെടുത്തി സദ്ഗുരുവിനെ ആരാധിച്ചു. പ്രഹ്ലാദനും ഗുരുവിന്റെ വാക്കുകള്‍ അതെ പോലെ പാലിച്ചു നരസിംഹ മൂര്‍ത്തിയെ പ്രത്യക്ഷപ്പെടുത്തി. ഗുരുവിനു വേണ്ടി നമ്മെ കൊണ്ടു മറ്റൊന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. ഗുരു പറയുന്നത് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം. അതാണ്‌ ജീവിതത്തിന്റെ രഹസ്യം! സാധാരണ ഒരാള്‍ നമ്മോടു എന്തെങ്കിലും പറഞ്ഞാല്‍ തന്നെ നാം അതു ആലോചിച്ചു നോക്കി ഏതു അര്‍ത്ഥത്തിലാണ് അവര്‍ പറയുന്നത് എന്ന് മനസ്സില്ലാക്കി പ്രവര്‍ത്തിക്കണം എന്നാണു ധര്‍മ്മ ശാസ്ത്രങ്ങള്‍ നമ്മൊരു പറയുന്നത്. അപ്പോള്‍ ആത്മാവിനു ഹിതം ചെയ്യുന്ന ഗുരുവിന്റെ വാക്യങ്ങള്‍ നാം ശ്രദ്ധിച്ചു മനസിലാക്കണ്ടെ?
          ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ധാരാളം ജനങ്ങള്‍ വസിച്ചു വന്നിരുന്നു. അവിടെ രമണീയമായ ഒരു ഉദ്യാനം ഉണ്ടായിരുന്നു. പക്ഷെ അവിടുത്തെ ജനങ്ങള്‍ ആരും അവിടെ പോവുക പതിവില്ലായിരുന്നു. ഒരിക്കല്‍ ആ ഗ്രാമത്തില്‍ എവിടെ നിന്നോ ഒരു സദ്ഗുരു എത്തി. നല്ല ഭഗവത് ഭക്തനായിരുന്നു. എല്ലാവര്‍ക്കും ഹിതം ഉപദേശിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഗ്രാമത്തിലെ ആ ഉദ്യാനം കണ്ടു. ഹരിത ഭംഗി നിറഞ്ഞ ആ സ്ഥലം അദ്ദേഹത്തിനെ ഹഠാകര്‍ഷിച്ചു. സ്വസ്ഥമായിട്ടിരുന്നു ഈശ്വരനെ ധ്യാനിക്കാന്‍ പറ്റിയ സ്ഥലം എന്നു വിചാരിച്ചു അദ്ദേഹം ആ ഉദ്യാനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങവേ അവിടെയുള്ള ആളുകള്‍ അദ്ദേഹത്തെ തടഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം അത്ഭുതത്തോടെ അതിന്റെ കാരണം ആരാഞ്ഞു. അതിനു അവര്‍ അദ്ദേഹത്തോട് ആ ഉദ്യാനത്തില്‍ ഒരു കൊടും വിഷമുള്ള ക്രൂര സര്‍പ്പം വസിക്കുന്നുണ്ടെന്നും, ആരെങ്കിലും അവിടെ ചെന്നാല്‍ ആ സര്‍പ്പം അവരെ ചീറിപ്പാഞ്ഞു വന്നു കടിക്കുമായിരുന്നു എന്നും പറഞ്ഞു. ഇത്രയും നല്ല ഒരു ഉദ്യാനം ഉണ്ടായിരുന്നിട്ടു കൂടി അവര്‍ക്ക് അത് അനുഭവിക്കാനുള്ള ഭാഗ്യം ഇല്ല എന്നു പറഞ്ഞു. 
         ഇതു കേട്ട മഹാന്‍ ചിരിച്ചു കൊണ്ടു വീണ്ടും അവിടെ പോകാന്‍ ഒരുമ്പെട്ടു. അപ്പോള്‍ ഗ്രാമ വാസികള്‍ വീണ്ടും അദ്ദേഹത്തെ അതില്‍ നിന്നും വിലക്കി. അദ്ദേഹത്തെ പോലെ ഒരു മഹാന്‍ അവിടെ അപൂര്‍വമായിട്ടാണ് വരാറ്. അവര്‍ക്കു അവിചാരിതമായി കിട്ടിയ ആ ഭാഗ്യം അവര്‍ കളയാന്‍ തയ്യാറല്ല എന്നു അറിയിച്ചു. അതിനു അദ്ദേഹവും അവര്‍ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്നു എന്നും ആ സത്യം സ്വയം കണ്ടു മനസ്സിലാക്കാനുമാണ്‌ താന്‍ പോകുന്നതെന്നും പറഞ്ഞു. അവര്‍ എത്ര തടയാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. ആ മഹാന്‍ ഉദ്യാനത്തിന്റെ അകത്തേക്ക് കടന്നു.
        ഉദ്യാനത്തിന്റെ അകത്തു ഒരു കുറ്റിക്കാട്ടില്‍ ആ ദുഷ്ട നാഗം ഒളിച്ചിരിക്കുകയായിരുന്നു. ദൂരെ നിന്നും ആ മഹാന്റെ വരവ് അതു അറിഞ്ഞു.  തന്റെ സ്വൈര വാസസ്ഥലത്തില്‍ ധൈര്യമായി കടന്നു വരുന്നത് ആരാണെന്നു നോക്കി ചീറി കൊണ്ടു അടുത്തു. സര്‍പ്പം പാഞ്ഞടുക്കുന്നത് കണ്ട മഹാന്‍ വെറുതെ അതു നോക്കി നിന്നു.  പാമ്പു അടുത്തു വന്നു അദ്ദേഹത്തെ കൊത്താന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം പാമ്പിനോട് ' എന്തിനാ നീ ആവശ്യമില്ലാതെ എല്ലാവരെയും കടിച്ചു പാപത്തെ സമ്പാദിക്കുന്നു? കോടി ജന്മ പാപം നീ സമ്പാദിച്ചത്‌ കൊണ്ടല്ലേ ഇതു പോലെ ഒരു ജന്മം നിനക്കു ഇപ്പോള്‍ കിട്ടിയിരിക്കുന്നതു.  ഇനിയെങ്കിലും ഇതൊക്കെ നിറുത്തി നന്നാക്കാന്‍ നോക്കണ്ടെ?' എന്നു പറഞ്ഞു.  അത്ഭുതാവാഹം! ഇതു കേട്ട പാമ്പു പെട്ടെന്നു ഒന്ന് അറച്ചു നിന്നു. അദ്ദേഹം ശരീരത്തെ കടന്നു അതിനെ ഒരു ആത്മാവായി കണ്ടു. അതു കൊണ്ടു അദ്ദേഹം പറഞ്ഞത് ആ ആത്മാവ് കേട്ടു.
        പാഞ്ഞു വന്ന പാമ്പ് പെട്ടെന്നു അടങ്ങി അദ്ദേഹത്തിന്റെ കാല്‍ ചുവട്ടില്‍ വന്നു കിടന്നു. അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി കൊണ്ടു എന്തൊക്കെയോ പറഞ്ഞു. മഹാനായ സദ്ഗുരുവിനു ആ പാമ്പ് പറയുന്നതു മനസ്സിലായി. മൃഗങ്ങളും പക്ഷികളും സംസാരിക്കുന്നതൊക്കെ പണ്ടു കാലത്തു ചിലര്‍ മനസ്സിലാക്കിയിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ നമുക്ക് അതൊക്കെ അന്യമായി പോയി. എന്തായാലും ആ മഹാനോട് പാമ്പു സംസാരിച്ചു.  'അങ്ങു എന്നെ കുട്ടപ്പെടുതുന്നുവല്ലോ, കടിക്കുക എന്നത് എന്റെ സ്വഭാവമാണ്! ഈശ്വരന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ അങ്ങനെയാണ്. ഇതു മാറ്റണം എന്നു അങ്ങു പറഞ്ഞാല്‍ അതു ഇതു വിധത്തിലാണ് ന്യായം?' എന്നു ചോദിച്ചു. ഇതു കേട്ടു ആ മഹാന്‍ പാമ്പിന്റെ അടുത്തു ഇരുന്നു. അതിനെ പതുക്കെ തലോടിക്കൊണ്ടു അതിനോട് 'ഇത്രയും പറയുന്നതില്‍ നിന്നും നിനക്കു തന്നെ മനസ്സിലായിരിക്കും നീ ആത്മാവാണ്, വെറും പാമ്പല്ല. നിന്റെ ശരീരത്തില്‍ കുടുങ്ങിയിരിക്കുന്നത് കൊണ്ടു മാത്രമാണ് നിനക്കു സ്വഭാവം ഉണ്ടായത്. നീ ശരീരം അല്ല ആത്മാ എന്നറിഞ്ഞ സ്ഥിതിക്ക് ഇനി ഇങ്ങനെ ചെയ്യരുത്. ഈ ശരീരത്തില്‍ ജീവിച്ചു അതിനെ അവസാനം വെടിയുക. ഇനി ഒരിക്കലും മറ്റുള്ളവരെ കഷ്ടപ്പെടുത്താതെ ജീവിക്കാന്‍ നോക്കു.' എന്നു പറഞ്ഞു. പാമ്പ് മഹാനെ ഗുരുവായി സ്വീകരിച്ചു, അദ്ദേഹം പറഞ്ഞത് അംഗീകരിച്ചു അദ്ദേഹത്തെ നമസ്കരിച്ചു. തുടര്‍ന്നു എന്ത് സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

ഭക്തിരഹസ്യം 
        രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ നാം ഠാക്കുര്‍ കിഷന്‍ സിങ്ങിനോട് രാജാവിന്  ബഹുമാനം വര്‍ദ്ധിച്ചതായി കണ്ടു. അദ്ദേഹത്തിന്റെ ഭക്തിയുടെ പ്രഭാവം കണ്ടു രാജാവിനും ഭക്തി ഉണ്ടായി. കിഷന്‍ സിംഗിനെ പോലെ താനും ഒരു ഭക്തനാകണം എന്ന് നിശ്ചയിച്ചു. ഭക്തിയുടെ ബലം അതാണ്‌. അതു ചുറ്റിലും പകരും.  ഭക്തന്മാര്‍ ഒരിക്കലും തോല്‍ക്കുന്നില്ല. അവരുടെ ദൃഡ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ഠാക്കുര്‍ കിഷന്‍ കിഷന്‍ സിങ്ങും എല്ലാം ഭഗവാന്റെ സങ്കല്‍പം എന്ന് കരുതി ജീവിതം തള്ളി നീക്കി. 
       ഒരിക്കല്‍ ഠാക്കുര്‍ കിഷന്‍ സിങ്ങും, രാജനും കുതിരയില്‍ എവിടെയോ പോവുകയായിരുന്നു.  രാജന്‍ എന്തൊക്കെയോ രാജ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തോട്  ചോദിച്ചു കൊണ്ടിരുന്നു. സാധാരണ കിഷന്‍ സിംഗ് രാജന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ട് മറുപടി പറയും. പക്ഷെ എന്ത് കൊണ്ടോ അപ്പോള്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ ആ സമയം തന്റെ ആരാധനാ മൂര്‍ത്തിയായിരുന്നു. നട്ടുച്ച സമയം കഴിഞ്ഞിരുന്നു അപ്പോള്‍. പെട്ടെന്നാണ് കിഷന്‍സിംഗ് തന്റെ ഭഗവാന് നിവേദ്യം അര്‍പ്പിക്കേണ്ട സമയം ആയല്ലോ എന്നോര്‍ത്തത്. ഉടനെ അദ്ദേഹം മനസ്സ് കൊണ്ടു തന്റെ ആരാധനാ മൂര്‍ത്തിയുടെ അടുത്തെത്തി. തന്റെ ശരീരം തോളില്‍ കിടന്ന ഷാള്‍ കൊണ്ടു പുതച്ചു മൂടി എന്നിട്ട് ഭഗവാനെ ധ്യാനിച്ച്‌ കൊണ്ടു കുതിരയില്‍ നീങ്ങി. 
          രാജന്‍ എന്തൊക്കെയോ ചോദിച്ചിട്ടും കിഷന്‍ സിംഗ് മറുപടി പറയാത്തപ്പോള്‍ എന്തോ പ്രശ്നം ഉണ്ട് എന്ന് രാജന് തോന്നി. കിഷന്‍ സിംഗിന്റെ മനസ്സ് ഇവിടെയൊന്നുമല്ല  എന്ന് തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രാജാവിന്റെ ക്ഷമ നശിച്ചു. അദ്ദേഹം ഠാക്കുര്‍ കിഷന്‍ സിംഗ് പുതച്ചിരുന്ന ഷാള്‍ പെട്ടെന്ന് പിടിച്ചു വലിച്ചു അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. രാജന്‍ ഷാള്‍ വലിച്ച വേഗത്തില്‍ ഠാക്കുര്‍ കിഷന്‍ സിംഗിന്റെ ദേഹമാസകലം തയിരു വീണിരുന്നത് കണ്ടു അത്ഭുതപ്പെട്ടു. കിഷന്‍ സിങ്ങിനോട് അദ്ദേഹം 'ഹേ കിഷന്‍ സിംഗ്! എന്താണിത്? ഷാളിന്റെ അടിയില്‍ അങ്ങ് എന്ത് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അങ്ങയുടെ മേല്‍ എങ്ങനെ തയിരു വന്നു? അങ്ങ് കയ്യില്‍ ഒന്നും കൊണ്ടു വന്നിരുന്നില്ലല്ലോ. എനിക്കൊന്നും മനസ്സിലാകുന്നില്ല' എന്ന് പറഞ്ഞു. 
        ഉടനെ ഠാക്കുര്‍ കിഷന്‍ സിംഗ് എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന്. എന്നിട്ട് ഒന്നുമില്ല ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചു. പക്ഷെ രാജന്‍ വിടുന്ന ഭാവമില്ല. 'കിഷന്‍ സിംഗ് ദയവു ചെയ്തു പറയു. എനിക്ക് അതറിയാതെ സമാധാനം വരില്ല' എന്ന് നിര്‍ബന്ധിച്ചു. ഉടനെ ഠാക്കുര്‍ കിഷന്‍ സിംഗ് രാജനോട്‌ 'ക്ഷമിക്കു രാജന്‍! ഞാന്‍ അങ്ങയുടെ കൂടെ സവാരിക്ക് വന്നു പോയി. ആ സമയത്താണ് എന്റെ കൃഷ്ണന് നിവേദ്യത്തിന്റെ സമയമായി എന്നോര്‍മ്മ വന്നത്. ഭഗവാന് വിശക്കില്ലേ? ഞാനാണെങ്കില്‍ ഇവിടെയും! അപ്പോള്‍ ഞാന്‍ മാനസീകമായി എന്റെ കൃഷ്ണനെ എടുത്തു കുറച്ചു തയിരു ഊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അങ്ങ് ഷാള്‍ വലിച്ചു എന്നെ വിളിച്ചത്. ഷാള്‍ തട്ടി എന്റെ കയ്യിലിരുന്ന തയിരു മുഴുവന്‍ കളഞ്ഞു' എന്ന് പറഞ്ഞു. 
       രാജാവ് വിസ്മയ ഭരിതനായി. ഇതെന്തു അത്ഭുതം മാനസീകമായി കൊടുത്തു കൊണ്ടിരുന്ന തയിരു ദേഹത്ത് വീഴുമോ? ഇതെന്തു മായം എന്ന് അതിശയിച്ചു. പക്ഷെ ഭക്തിയില്‍ എത്രത്തോളം ആഴത്തില്‍ നാം ഇറങ്ങുന്നുവോ അത്രത്തോളം അത് സത്യമാകും. ഠാക്കുര്‍ കിഷന്‍ സിംഗ് ആ സത്യം രാജാവിനെ ബോധ്യപ്പെടുത്തി. രാജന് വളരെ സന്തോഷമായി. ഇദ്ദേഹം മനസ്സ് കൊണ്ടു സദാ ഭഗവാന്റെ അടുക്കലാണ്. അദ്ദേഹത്തെ താന്‍ ഇനി രാജ്യ കാര്യങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കില്ല എന്ന് തീരുമാനിച്ചു. ഠാക്കുര്‍ കിഷന്‍ സിങ്ങിനോട് താന്‍ ഒരു ഗ്രാമം അദ്ദേഹത്തിന് നല്‍കാം എന്നും അവിടെ ഇരുന്നു അദ്ദേഹം യഥേഷ്ടം ഭഗവത് ധ്യാനം ചെയ്യാം എന്നും പറഞ്ഞു.  ഠാക്കുര്‍ കിഷന്‍ സിംഗ് ഉടന്‍ അതും ഭഗവാന്റെ കല്പനയായി അംഗീകരിച്ചു. അന്ന് മുതല്‍ അദ്ദേഹം മുഴുവന്‍ സമയവും ഭഗവത് ധ്യാനത്തിനായി ചിലവഴിച്ചു ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ദൃഡ വിശ്വാസവും ഭക്തിയുമാണ് ഇത് സാധ്യമാക്കിയത്. അത് പോലൊരു വിശ്വാസം ഭഗവാനില്‍ നമുക്കും വരണം. അത് പോലെ അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാല്‍ നമ്മുടെ ജീവിതവും വിജയിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 48)
'ഇക്കാരൈക്കേ സെന്റെനോ വിഭീഷണനൈപ്പോലെ!'   
        രാധേകൃഷ്ണാ!  പെണ്‍പിള്ളൈ അടുത്തതായി രാമായണത്തില്‍ യുദ്ധ കാണ്ഡത്തിലേക്ക് പോയി. ഭക്തനായ വിഭീഷണനെ കുറിച്ചാണ് അവള്‍ പറഞ്ഞത് വിഭീഷണനെ ധര്‍മ്മാത്മാ എന്നാണു വാല്മീകി വര്‍ണ്ണിക്കുന്നത്.  വിഭീഷണനെ കുറിച്ച് ശൂര്‍പ്പണഖ നേരത്തെ തന്നെ രാമനോട് പറഞ്ഞിരുന്നു. രാവണന്‍ തെറ്റു ചെയ്യുമ്പോള്‍ വിഭീഷണന്‍ അയാളെ ഉപദേശിക്കുന്നു. ദൂതനായി വന്ന ആഞ്ചനെയരെ കൊല്ലാന്‍ ഒരുങ്ങുമ്പോള്‍ വിഭീഷണന്‍ ധര്‍മ്മം എന്താണെന്ന് പറഞ്ഞു അവരെ അതില്‍ നിന്നും  പിന്തിരിപ്പിക്കുന്നു. സീതയെ അപഹരിച്ചു കൊണ്ടു വന്നു തന്നെ പ്രാപിക്കുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ വിഭീഷണന്‍ അത് ചെയ്യരുതെന്ന് പറഞ്ഞു കൊടുക്കുന്നു. രാവണന്‍ ചെയ്യുന്ന തെറ്റു രാക്ഷസ കുലത്തിനെ തന്നെ നശിപ്പിക്കും എന്ന് ചൂണ്ടി കാട്ടുന്നു. സീതയെ രാമനു തിരികെ നല്‍കി രാമനെ ശരണം പ്രാപിക്കണം എന്ന് പറയുന്നു. 
         വിഭീഷണന്റെ വാക്കുകള്‍ ഒന്നും തന്നെ രാവണന്‍ മുഖവിലയ്ക്കെടുത്തില്ല. അയാള്‍ യാതൊരു കാരണവശാലും സീതയെ മടക്കി അയക്കുവാന്‍ തയ്യാറല്ലായിരുന്നു. യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ ഒക്കെ അവിടെ ഒരുങ്ങി തുടങ്ങി. ഇത് കണ്ടു ദുഃഖിച്ച വിഭീഷണന്‍ രാവണനെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. ഇനി ആ ദുഷ്ടന്റെ കൂടെയിരുന്നിട്ടു  കാര്യമില്ല. അയാള്‍ തെറ്റു തിരുത്തില്ല. അയാളുടെ കൂടെ നിന്നാല്‍ താനും പാപിയാകും എന്ന് വിചാരിച്ചു ലങ്കാ രാജ്യവും തന്റെ ബന്ധുക്കളെയും സ്വത്തുക്കളെയും ഉപേക്ഷിച്ചു. രാമനെ തന്നെ ശരണം പ്രാപിക്കുന്നതാണ് ഉത്തമം എന്ന് തീരുമാനിച്ചു.       
          ഇതിനിടയില്‍ ആഞ്ചനേയര്‍ ലങ്കയില്‍ സീതയെ തിരഞ്ഞു കണ്ടു പിടിച്ചു, രാക്ഷസന്മാരെ എതിര്‍ത്ത്, ലങ്കയെ ചുട്ടു ചാമ്പലാക്കിയിട്ടു രാമന്റെ അടുക്കല്‍ തിരിച്ചെത്തി. രാമന്‍ വാനരപ്പടയുടെ സഹായത്താല്‍ സേതുബന്ധനം ചെയ്തു സമുദ്രത്തെ തരണം ചെയ്യാന്‍ തീരുമാനിച്ചു. സുഗ്രിവാദി വാനരന്മാര്‍ ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് ആലോചന നടത്തിക്കൊണ്ടിരുന്നു. അപ്പോഴാണ്‌ ആകാശ മാര്‍ഗ്ഗമായി വിഭീഷണനും പരിവാരങ്ങളും രാമനെ ശരണം പ്രാപിക്കാന്‍ വന്നിറങ്ങുന്നത്! രാമന്‍ തന്നെ ഉപേക്ഷിക്കുകയില്ല എന്നാ ദൃഡ വിശ്വാസം വിഭീഷണന് ഉണ്ടായിരുന്നു. 
          വിഭീഷണന്‍ വന്നിറങ്ങുന്നത് വാനരക്കൂട്ടം കണ്ടു. അവര്‍ എല്ലാവരും ചുറ്റിലും കൂടി നിന്നു. വിഭീഷണന്‍ അവരോടു കാര്യം പറഞ്ഞയക്കുന്നു. താന്‍ തന്റെ സഹോദരനായ രാവണനെ വിട്ടിട്ടു രാമനെ ശരണം പ്രാപിക്കാന്‍ വന്നിരിക്കുന്നു എന്നു പറയുന്നു. രാമചന്ദ്ര മൂര്‍ത്തി എന്ത് ചെയ്യണം എന്നു എല്ലാവരോടും ആലോചിച്ചു. സുഗ്രീവന്‍ വിഭീഷണനെ ചേര്‍ക്കുവാന്‍ പാടില്ല എന്നു പറഞ്ഞു. കാരണം തന്റെ സഹോദരനെ അനാദരവായി വിട്ടിട്ടു അയാള്‍ ഇവിടെ വന്നിരിക്കുന്നു. അത് ശരിയല്ല എന്നു പറഞ്ഞു. രാമന്‍ ചിരിച്ചു. കുറച്ചു മുമ്പ് മാത്രമാണ് സുഗ്രീവന്‍ തന്റെ സഹോദരന്‍ വാലിയെ വധിക്കാന്‍ വേണ്ടി രാമന്റെ  സഹായം തേടിയത്. പക്ഷെ അപ്പോള്‍ ആഞ്ചനേയര്‍ വിഭീഷണനെ ചേര്‍ക്കാം എന്നു പറയുന്നു. ലങ്കയില്‍ അദ്ദേഹത്തെ കൊല്ലാനായി രാക്ഷസന്മാര്‍ തുനിഞ്ഞപ്പോള്‍ അവരെ തടുത്തു അദ്ദേഹത്തെ രക്ഷിച്ചയാളാണ് വിഭീഷണന്‍! വിഭീഷണന്‍ ധര്‍മ്മാത്മാവാണ്! മാത്രമല്ല ശത്രുക്കളെ കുറിച്ച് നല്ല പോലെ അറിയാവുന്ന ഒരേ ഒരു ആളാണ്‌ വിഭീഷണന്‍. ഓരോരുത്തരുടെയും ബലം എന്താണ്, ദൌര്‍ബല്യം എന്താണ് എന്നൊക്കെ വിഭീഷണനില്‍ നിന്നും മനസ്സിലാക്കാം! അത് രാജ തന്ത്രമാണ്. ശ്രീ രാമനു ആഞ്ചനേയര്‍ പറയുന്നത് ശരിയാണെന്ന് തോന്നി. മാത്രമല്ല തന്നെ ശരണം പ്രാപിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നൊരു വ്രതം അദ്ദേഹത്തിനു ഉണ്ട്. തന്റെ സകലതും ഉപേക്ഷിച്ചിട്ട് തന്നെ ശരണം പ്രാപിച്ചു ഇക്കരയ്ക്കെത്തിയ വിഭീഷണനെ രാമന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. എന്നിട്ട് അപ്പോള്‍ തന്നെ വിഭീഷണനെ ലങ്കയുടെ രാജാവായി പട്ടാഭിഷേകം ചെയ്തു. 
       എല്ലാം വിട്ടിട്ടു ഭഗവാന്‍ തന്നെ ഗതി എന്നു വരുന്നതാണ് ശരണാഗതി. ആ സ്ഥിതിയില്‍ യാതൊരു വ്യാകുലതയും, ചിന്തയും ഇല്ല. വിഭീഷണന്‍ അതു പോലെ ഭഗവാനെ ശരണം പ്രാപിച്ചു. വിഭീഷണന്റെ വാക്കുകള്‍ കേട്ട് അദ്ദേഹത്തിന്റെ കൂടെ നാല് മന്ത്രിമാറും ഭഗവാന്റെ പക്കല്‍ വന്നു ചേര്‍ന്ന്.  അവര്‍ക്ക് വേറെ യാതൊരു യോഗ്യതകളും ഇല്ലായിരുന്നു. വിഭീഷണന്റെ വാക്കുകളെ അനുസരിച്ച് രാമനില്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ വന്നു എന്നത് മാത്രമാണ് അവരുടെ യോഗ്യത. അവരെ ഒരു ചോദ്യം പോലും ഇല്ലാതെ എല്ലാവരും സ്വീകരിച്ചു. 
       വൈഷ്ണവ സമ്പ്രദായത്തില്‍ രാമായണത്തിന്റെ കാതലായ ഭാഗം വിഭീഷണ ശരണാഗതിയാണ്. രാമായണത്തിന് ശരണാഗതി ഗ്രന്ഥം എന്ന പേരു തന്നെ ഉണ്ട്.  വിഭീഷണനെ പോലെ താന്‍ ഭഗവാനെ ശരണം പ്രാപിച്ചു ഇവിടെ വന്നില്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു.  താന്‍ വൈത്തമാനിധി പെരുമാള്‍ തന്നെ രക്ഷിക്കും എന്ന വിശ്വാസം പോലും ഇല്ലാത്തത് കൊണ്ടല്ലേ ഈ നാട്‌ വിട്ടു പോകുന്നത്. തനിക്കു ഇവിടെ ഇരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നു ചോദിച്ചു. രാധേകൃഷ്ണാ!