Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, November 13, 2010

പ്രേമവേദം നവംബര്‍ - 10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഭൂമന്‍ മാനസ ബുദ്ധ്യഹംകൃതിമിളച്ച്ചിതാഖ്യ-
വൃത്യന്വിതം 
തച്ചാന്തക്കരണം വിഭോ! തവ ബലാത്
സത്വാംശ എവാസൃജത് 
ജാതസ്തൈജസതോ ദശേന്ദ്രിയ-
ഗണസ്തത്താശാംശാത് പുന
സ്തന്മാത്രം നഭാസോ മരുത്പുരപതേ!
ശബ്ദോജനി ത്വദ്ബലാത്.
     (ദശഃ 5 ശ്ളോഃ 7)
        അല്ലയോ മഹാപുരുഷനായ ഭഗവാനെ, അങ്ങയുടെ ശക്തിയാല്‍ സത്വഗുണ പ്രധാനമായ വൈകാരികാംശം, മനസ്സ് ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ നാലു വൃത്തികളോട് കൂടിയ അന്തഃകാരണത്തെ സൃഷ്ടിച്ചു. തൈജസ രൂപത്തില്‍ നിന്നു പത്തു ഇന്ദ്രിയങ്ങളും സംജാതമായി.  ഹേ ഗുരുവായൂരപ്പാ, അങ്ങയുടെ അപാരമായ ശക്തിയാല്‍ ആകാശത്തിന്റെ വെറുമൊരു തന്മാത്രയായ ശബ്ദം താമസംശത്തില്‍ നിന്നും ജനിച്ചു.
                                                       (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമസന്ദേശം
       രാധേകൃഷ്ണാ! കുഞ്ഞുങ്ങള്‍ ഭഗവാന്‍റെ വരപ്രസാദമാണ്!
നാം അവരുടെ വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ്.  ഭഗവാന്‍ നമ്മുടെ പക്കല്‍ ഏല്‍പ്പിച്ച അവരെ നല്ല രീതിയില്‍ വളര്‍ത്താനുള്ള ചുമതല മാത്രമേ നമുക്കുള്ളൂ.  അവരെ ഭഗവാന്‍റെ സ്വത്തായിട്ടു തന്നെ കാണണം.   അവരുടെ മേല്‍ നമ്മുടെ മമകാരം പ്രശ്നങ്ങളുടെ തുടക്കം കുറിക്കുന്നു. നമ്മുടെ ഇഷ്ടപ്രകാരം അല്ലാതെ അവരെ ഭഗവാന്റെ ഇഷ്ട പ്രകാരം വളര്‍ത്തുക. നല്ലതേ വരു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  സദ്ഗുരുവാത്സല്യം 
'ആചാര്യഃ സ ഹരിഃ സാക്ഷാത് ചരരൂപി നാ സംശയ'
     സര്‍വ ശ്രേഷ്ഠം ഗുരു! ചരിക്കുന്ന പരമപുരുഷന്‍ തന്നെയാണ് ആചാര്യന്‍. അതിലൊട്ടും സംശയമേ വേണ്ടാ.
"ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാളാക 
വന്താര്‍ പോലെ ഇരുപ്പീരാക"
       വൈഷ്ണവ സമ്പ്രദായത്തില്‍ പറയുന്നത് ശ്രീരംഗം രംഗനാഥന്‍ 'ഉറങ്കും പെരുമാളാണ്'  . എന്നാല്‍ ആചാര്യനോ 'ഉലാവും പെരുമാള്‍' തന്നെ. ഉറങ്കും പെരുമാളെ നമ്മള്‍ ചെന്നു കാണണം. എന്നാല്‍ ഉലാവും പെരുമാളായ സദ്ഗുരുനാഥനൊ നമ്മേ വന്നു കാണുന്നു. അവിടെ സൌലഭ്യം കൂടുതലാണ്. ഭഗവാന്‍ പരം, വ്യുഹം, വിഭവം, അന്തര്യാമി, അര്‍ച്ച എന്നിങ്ങനെ അഞ്ചു സ്ഥിതിയില്‍ ഇരുന്നു കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു. ഇതില്‍ പരം എന്നു പറയുന്നത് വൈകുണ്ഠം. വേദങ്ങളില്‍ കൂടിയും  ഇതിഹാസങ്ങളില്‍ കൂടിയും  മഹാന്മാരുടെ വാക്കുകളില്‍ കൂടിയും നാം ഇതു അറിയുന്നു.  പരമപദം എന്ന വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീദേവി, ഭൂദേവി നീളാ ദേവി, നിത്യ സൂരികള്‍, നിത്യ മുക്തര്‍കളുടെ കൂടെ വിരാജിക്കുന്നു. പക്ഷേ ആരും പ്രത്യക്ഷത്തില്‍ പോയി കണ്ടിട്ടില്ല. സാധിക്കുകയും ഇല്ല. 
       അവിടെ ഭഗവാനു ഹൃദയത്തില്‍ ഒരു നൊമ്പരം! കാരണം സാംസാരീകരായ ജനങ്ങള്‍ ലോകത്ത് വളരെ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു ഭഗവാന്‍ കുറച്ചു താഴേയ്ക്ക് ഇറങ്ങി ക്ഷീരാബ്ധിയില്‍ വന്നു കിടന്നു. അവിടെ ദേവന്‍മാര്‍ ആപത്തു വരുമ്പോള്‍ ഓടി എത്തും. ഭഗവാനെ രക്ഷിക്കണം എന്നു പറഞ്ഞു കരയും. അല്ലാതെ ആരും അവിടെ പോകാറില്ല. സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി ഭഗവാന്‍ കുറച്ചു കൂടി താഴേയ്ക്ക് ഇറങ്ങി ഹൃദയത്തില്‍ അന്തര്യാമിയായ് വര്‍ത്തിച്ചു.  പക്ഷേ ദേഹാത്മ അഭിമാനികളായ മനുഷ്യര്‍ക്ക്‌ അന്തര്യാമിയെ മനസ്സിലായില്ല. ഭഗവാന്‍ അവര്‍ക്കും സുലഭമായ രീതിയില്‍ ക്ഷേത്രങ്ങളില്‍ അര്‍ച്ചാവതാര മൂര്‍ത്തികളായി ആവിര്‍ഭവിച്ചു.  ഏല്ലാവര്‍ക്കും സുലഭമായി കാണാമല്ലോ എന്നു കരുതി. അപ്പോഴും മനുഷ്യന്റെ അഹങ്കാരം, അലസത ഇവയൊക്കെ ഭഗവാനെ ചെന്നു കാണാന്‍ മാര്‍ഗ്ഗതടസ്സമായി.  പക്ഷേ ഭഗവാനു തന്‍റെ കുഞ്ഞുങ്ങളേ അങ്ങനെ ഉപേക്ഷിക്കാന്‍ സാധിക്കുമോ?
      നാമസങ്കീര്‍ത്തന രൂപത്തില്‍ ഭഗവാന്‍ വീണ്ടും ഇറങ്ങി വന്നു. എത്രയോ സുലഭമായ സാധനയാണതു. പക്ഷേ ലൌകീക ഭോഗങ്ങളില്‍ മുഴികിയിരിക്കുന്ന ജങ്ങങ്ങള്‍ക്ക്‌ അതിനു സമയം കണ്ടെത്താനായില്ല. ഭഗവാന്‍ തീവ്ര ചിന്തയിലാണ്ടു. എങ്ങനെയെങ്കിലും ഈ ജനങ്ങളെ ഉദ്ധരിക്കണം.  ഭഗവാനെ അനുഭവിച്ചറിഞ്ഞവര്‍ പറഞ്ഞാല്‍ മാത്രമേ ഈ കൂട്ടം വിശ്വസിക്കുകയുള്ളൂ എന്നു വിചാരിച്ചു. തന്‍റെ ഭക്തന്മാരെ അവരുടെ ഇടയില്‍ ഇറക്കണം എന്നു വിചാരിച്ചു. ഓരോരുത്തരായി ഭഗവാന്‍ നമ്മുടെ ഇടയില്‍ ഭക്തന്മാരെ ആചാര്യ രൂപത്തില്‍ അയച്ചു.  അങ്ങനെ എത്രയോ ഗുരു പരമ്പര ഭാരതത്തില്‍ ഉണ്ടായി. മാര്‍ഗ്ഗം വേറെ വേറെയാണെങ്കിലും ലക്‌ഷ്യം ഒന്ന് തന്നെ - ഭഗവത് പ്രാപ്തി. ആ ഗുരു പരമ്പരയാണ് നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു വരുന്നത്. 
      സദ്ഗുരു ഇല്ലെങ്കില്‍ രാമായണം, ഭാഗവതം ഒന്നും മനസ്സിലാവില്ല. സദ്ഗുരു ഇല്ലെങ്കില്‍ ജീവിതം ശൂന്യമായി തോന്നും.  ജീവിതത്തില്‍ ദുഃഖം നേരിടുമ്പോഴൊക്കെ ഭഗവാന്‍ ഉണ്ടു, നമ്മുടെ രക്ഷയ്ക്കെത്തും എന്ന വിശ്വാസം ഉണ്ടാക്കുന്നത് സദ്ഗുരുവാണ്. സദ്ഗുരുനാഥന്‍ അത്ര ശ്രേഷ്ടമാണ്. 
'ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ"
ഗുരു നമ്മുടെ ഹൃദയത്തില്‍ ജ്ഞാനം, ഭക്തി, നാമജപം, വിശ്വാസം, വൈരാഗ്യം തുടങ്ങിയവയെ ബ്രഹ്മാവിനെ പോലെ സൃഷ്ടിക്കുന്നു. നമ്മുടെ സാത്വീക ഗുണങ്ങള്‍, ഭഗവാനെ അനുഭവിക്കാനുള്ള മോഹം, അതിലുള്ള ശ്രദ്ധ ഇവയൊക്കെ ഗുരു വിഷ്ണുവിനെ പോലെ സംരക്ഷിച്ചു പോഷിപ്പിക്കുന്നു.  അഹങ്കാരം, മമകാരം, കാമം ക്രോധം, ലോഭം അജ്ഞാനം തുടങ്ങിയ ദുഷ്ട ഗുണങ്ങളെ മഹേശ്വരനായി നിന്നു  ഗുരു സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്ന് തന്നെയാണ്. ഭഗവാന്‍റെ കൃപ തന്നെ സദ്ഗുരു എന്ന വേഷത്തില്‍ വന്നു നമ്മേ ഉദ്ധരിക്കുന്നു. സദ്ഗുരുവിന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. ആ കൃപ ഉണ്ടെങ്കില്‍ ഏതു സാഹചര്യത്തിലും നമുക്ക് ആനന്ദം ഉണ്ടാവും. ശ്രീമദ്‌ ഭാഗവതത്തില്‍ ദാസീ പുത്രനായ ഒരു അഞ്ചു വയസ്സ് ബാലന്‍ സദ്ഗുരു കടാക്ഷത്താല്‍ നാരദര്‍ എന്ന ദേവര്ഷിയായി മാറുന്നത് കാണാം.  നാലു വേദങ്ങളെയും പിരിച്ചു, പതിനെട്ടു പുരാണങ്ങളെയും എഴുതി, മഹാഭാരതവും രചിച്ചു, പിന്നീട് ആത്മാവിനു ശാന്തി ലഭിക്കാതെ ദുഃഖിച്ചിരുന്ന വേദവ്യാസര്‍ക്ക് നാരദര്‍ എന്ന സദ്ഗുരു ശ്രീമദ്‌ ഭാഗവതം എഴുതുവാന്‍ പറഞ്ഞു ആത്മ ശാന്തിക്ക് മാര്‍ഗ്ഗം കാണിച്ചു കൊടുത്തു.
വേദവ്യാസര്‍ക്ക് പോലും ഗുരു കൃപ അത്യാവശ്യമാണെങ്കില്‍  ലൌകീകതയില്‍ മുഴികിയിരിക്കുന്ന ജനങ്ങള്‍ക്ക്‌ ഗുരു ഇല്ലാതെ വേറെ ആശ്രയം ഇല്ല. ഗുരു മഹിമ  തുടര്‍ന്നു വരും ലക്കങ്ങളില്‍ നമുക്ക്  കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
       ശ്രിയഃപതിയായ ഭഗവാന്‍  ജീവന്‍ നല്‍കുന്ന വസ്തുവിന്റെ ഗുണത്തിനെ നോക്കുന്നില്ല.  വസ്തു കൊടുക്കുന്ന ജീവന്‍റെ ശുദ്ധമായ ഭാവത്തെയാണ് നോക്കുന്നത്.  ഭഗവാന്‍ കരുണാസാഗരന്‍. അഘടിത ഘടനാ സാമര്‍ത്ഥ്യമുള്ളവാന്‍.  ജീവനു നിര്‍ഹേതുക കൃപ ചൊരിയുന്നു.  ഭഗവാന്‍ ജീവനു വേണ്ട എല്ലാം നല്‍കുന്നു. ശരീരം, അതിനു ആവശ്യമുള്ള ആഹാരം, വസ്ത്രം, തുടങ്ങി സകലതും കൊടുക്കുന്നു. പകരമായിട്ട് ശുദ്ധ ഭക്തി മാത്രമേ ഭഗവാന്‍ പ്രതീക്ഷിക്കുന്നുള്ളു. വേറെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല. ഭക്തിയോടു കൂടി എന്തു തന്നാലും ഭഗവാന്‍ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.
'പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യ പ്രായച്ഛതി 
തദഹം ഭക്ത്യുപഹൃദം ആശ്നാദി പ്രയതാത്മനഃ'
     ഒരു പൂവോ ഒരു പഴമോ, ഒരു ഇലയോ ഒരു തുള്ളി വെള്ളമോ ഭക്തിയോടെ ആരെങ്കിലും നല്‍കിയാല്‍ അതു സന്തോഷത്തോടെ സ്വീകരിക്കും എന്നു ഭഗവാന്‍ പറയുന്നു.  ഗോപികള്‍ സ്വയം ഭഗവാനു അര്‍പ്പിച്ചു. അത്രയൊന്നും സാധിച്ചില്ലെങ്കിലും എന്തെങ്കിലും ഭഗവാനു നല്‍കണം. ഹൃദയം ഭഗവാനില്‍ ഒട്ടണം. എന്നാല്‍ ലൌകീകമായ കാര്യങ്ങള്‍ താനേ നമ്മേ വിട്ടു പോകും. അഞ്ചു വയസ്സില്‍ ഒരു കളിപ്പാട്ടമോ ബലൂണോ പ്രധാനമായിട്ടു തോന്നും. എന്നാല്‍ അതേ ആള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വേറെ വസ്തുവിനോടു ആകും ആകര്‍ഷണം. അപ്പോള്‍ കളിപ്പാട്ടത്തിലും ബലൂണിലും  ഉള്ള  ആഗ്രഹം താനേ വിട്ടു പോകുന്നു.  അതേ പോലെ ഭഗവാനോട് കൂടുതല്‍ അടുക്കുന്തോറും മറ്റുള്ള വിഷയങ്ങള്‍ നമ്മേ വിട്ടകലും. 
        വിദുരര്‍ക്ക് അത്യാശ്ചര്യകരമായ ഭക്തി ഉണ്ടായിരുന്നു.  ഒട്ടും അഹംഭാവം ഇല്ലാത്ത ഭക്തി! മഹാ പാപികളായ ദുര്യോധനാദികളുടെ കൂടെ ഇടപഴകുംപോഴും അദ്ദേഹത്തിന്‍റെ ഭക്തിക്കു ഒരു കുറവും വന്നില്ല.  ഭഗവാന്‍ അല്ലാതെ മറ്റാരെയും അദ്ദേഹം ഭയന്നില്ല.  ചെയ്യുന്ന കര്‍മ്മം ഭഗവത് അര്‍പ്പണമായി ചെയ്തിരുന്നു. ഹസ്തിനാപുരത്തിന്റെ മന്ത്രിയായിരുന്നു.  ഹൃദയത്തില്‍ ഭഗവാന്‍ കൃഷ്ണന്‍റെ അടിമയായിരുന്നു. 
       പാണ്ഡവര്‍ക്ക് വേണ്ടി ഭഗവാന്‍ ദുര്യോധനനോടു ദൂതിന് വരുന്നു. ദുര്യോധനന്‍ ഭഗവാനെ പാട്ടിലാക്കാന്‍ വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കരുതി വെച്ചിരുന്നു. പക്ഷേ ഭഗവാന്‍ അതെല്ലാം വേണ്ടെന്നു വെച്ചിട്ടു നേരെ വിദുരരുടെ ഗൃഹത്തിലാണ് വന്നത്.  ഭക്തി എന്നാല്‍ അങ്ങനെയാകണം.  ഭഗവാന്‍ നമ്മേ തേടി നമ്മുടെ മുറ്റത്ത്‌ എത്തണം!  ഭഗവാന്‍ വാതിലില്‍ മുട്ടി. ആ സമയം വിദുര പത്നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വിദുരരെ പോലെ മഹാ ഭക്തയായിരുന്നു.  അവരുടെ പക്കലുള്ള ഒരേ ഒരു വസ്ത്രവും അലക്കി ഉണക്കാന്‍ ഇട്ടിരുന്നു. വാതില്‍ക്കല്‍ മുട്ട് കേട്ടു കൊണ്ടു 'ആരാണ്' എന്നവര്‍ ചോദിച്ചു.  ഭഗവാന്‍ ഉടനെ ഞാന്‍ 'കൃഷ്ണനാണ്' എന്നു മറുപടി പറഞ്ഞു.  
      എല്ലാം മറന്നു അവര്‍ ഓടി വന്നു വാതില്‍ തുറന്നു. അവിടെ സാക്ഷാത് മന്മഥമന്മഥനായി ഭഗവാന്‍ നിന്നു കൊണ്ടിരുന്നു. താന്‍ വസ്ത്രം ഇല്ലാതെ നില്‍ക്കുകയാണെന്ന കാര്യം പോലും അവര്‍ മറന്നു. ഭഗവാനെ തന്നെ കണ്ണിമായ്ക്കാതെ നോക്കി നിന്നു. ഭഗവാന്‍ തന്‍റെ തോളില്‍ കിടന്ന ഉത്തരീയം എടുത്തു അവളുടെ മേല്‍ ഇട്ടു. ഉടനെ അവള്‍ക്കു പ്രജ്ഞ ഉണ്ടായി. ഭഗവാനെ കൈപിടിച്ച് അകത്തേയ്ക്ക് ആനയിച്ചു. "കൃഷ്ണാ! വരു വരു! നീ എന്നെങ്കിലും ഒരു ദിവസം വരും എന്നെനിക്കറിയാം" എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയി. 
       ദുര്യോധനാദികള്‍ ഒരുക്കിയ വിപുലമായ സദ്യ തിരസ്കരിച്ച ഭഗവാന്‍ ഇവിടെ വിദുര പത്നിയോട് വിശക്കുന്നു എന്നു പറഞ്ഞു കൈ നീട്ടി. അവര്‍ ചോദിച്ചപ്പോള്‍ വിശപ്പ്‌ തോന്നാത്ത ഭഗവാനു വിദുര പത്നിയോട് എന്തെങ്കിലും ചോദിച്ചു വാങ്ങിക്കണം എന്നു തോന്നി.  വിദുരന്റെ പത്നി ഭക്തി പരിഭ്രമത്തില്‍ പെട്ടെന്ന് ഒരു പടല പഴം എടുത്തു കൊണ്ടു വന്നു. പഴം ഓരോന്നായി തൊലിച്ചിട്ട്‌  അകത്തെ പഴത്തെ കളഞ്ഞിട്ടു തൊലി എടുത്തു ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. അവര്‍ സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാല്‍ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമയില്‍ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. ഭക്തിയില്‍ നാം അങ്ങനെ സ്വയം മറക്കണം. അപ്പോള്‍ ഭഗവാനും സ്വയം മറന്നു തന്നെ നമുക്ക് അര്‍പ്പണിക്കും.
      ഈ സമയം വിദുരര്‍ അവിടെയ്ക്ക് യാദൃചികമായി കടന്നു വന്നു. അദ്ദേഹം കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. തന്‍റെ പത്നി ഭഗവാനു പഴത്തൊലി നല്‍കി കൊണ്ടിരിക്കുന്നു. കരുണാ മയനായ പ്രഭുവും അതു സ്വീകരിച്ചു കൊണ്ടിരിക്കുന്നു. വിദുരര്‍ സ്തംഭിച്ചു നിന്നു പോയി. തുടര്‍ന്നു അടുത്ത ലക്കത്തില്‍ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 43 
    പെണ്‍പിള്ളൈ അടുത്തതായി എന്തായിരിക്കും പറയുന്നത് എന്നു രാമാനുജരും ശിഷ്യരും നോക്കി നില്‍ക്കെ അവള്‍ അടുത്ത വാക്യം പറഞ്ഞു. ഭാഗവതത്തിലെ ഒരു കൂനിയുടെ വിഷയമാണ് അവള്‍ ഇപ്പോള്‍ പറഞ്ഞത്.
"പൂശ കൊടുത്തേനോ കൂനിയൈപ്പോലെ?"
      കൂനി എന്നു പറയുമ്പോള്‍ ആരാണെന്ന് അത്ഭുതപ്പെടാം. കൃഷ്ണന്‍ 'സുന്ദരി' എന്നു വിളിച്ച ഒരു കൂനി! അക്രൂരര്‍ ബലരാമനെയും കൃഷ്ണനെയും മധുരയിലേയ്ക്കു ആനയിച്ചു കൊണ്ടു വന്നു. കൃഷ്ണന്‍ വരുന്ന വിവരം അറിഞ്ഞു മധുരാ പുരിയിലെ ജനങ്ങള്‍ വളരെ ആകാംക്ഷയോടെ കൃഷ്ണന്‍റെ വരവിനെ കാത്തിരുന്നു. അവര്‍ക്കൊക്കെ ഭഗവാനെ കുറിച്ചുള്ള കാര്യങ്ങള്‍ വൃന്ദാവനവാസികളില്‍ നിന്നും അറിയാം. ഗോപികള്‍ക്കു രാസക്രീഡയ്ക്ക് മുന്‍പേ ഏതു സ്ഥിതിയിലാണോ ഇരുന്നത് അതേ സ്ഥിതി മധുരാ പുരിയിലെ സ്ത്രീകള്‍ക്കും ഉണ്ടായി. അവരൊക്കെ ആര്‍ത്തിയോടെ കൃഷ്ണനെ കാത്തിരുന്നു. കൌമാരത്തില്‍ നിന്നും യൌവനത്തിലേക്കു കാല്‍ എടുത്തു വെച്ചു കഴിഞ്ഞു.  ഭഗവാന്‍റെ ആകാര സൌകുമാര്യം ആരെയും വശീകരിക്കുന്നതായിരുന്നു. ഭഗവാനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. 
       മധുരാ പുരിയിലേയ്ക്ക് പ്രവേശിച്ച ഉടനെ കംസന്റെ ഒരു രജകനെ കണ്ടു. അയാള്‍ കൊണ്ടു വന്ന രാജകീയ വസ്ത്രങ്ങള്‍ ചോദിച്ചു. അയാള്‍ നിരസിച്ചപ്പോള്‍ അയാളുടെ തല ഭഗവാന്‍ നുള്ളി എറിഞ്ഞു. എല്ലാവരും അവരവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ അയാളുടെ ഭാണ്ഡത്തില്‍ നിന്നും എടുത്തു. ഒരു തയ്യല്‍ക്കാരന്‍ അവയൊക്കെ അവര്‍ക്കനുസൃതമായ രീതിയില്‍ തുന്നി കൊടുത്തു. 
      പുതിയ വസ്ത്രങ്ങള്‍ ഒക്കെ അണിഞ്ഞു കൊണ്ടു പുറത്തു ഇറങ്ങി നടന്നു. അപ്പോഴാണ്‌ ഒരു കൂനി ധാരാളം ചന്ദനവും, സുഗന്ധ ദ്രവ്യങ്ങളും ചുമന്നു കൊണ്ടു കൊട്ടാരത്തിലേയ്ക്ക്  പോകുന്നത് കണ്ടത്. അവയുടെ സുഗന്ധം അവിടമാകെ പരന്നു. ഭഗവാന്‍ അവളെ നോക്കി "ഹേ സുന്ദരീ!" എന്നു വിളിച്ചു. ശരീരത്തില്‍ മൂന്നു വളവുകള്‍ ഉള്ള അവളെ എല്ലാരും ത്രിവക്ര എന്നാണു വിളിച്ചിരുന്നത്‌. അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഭുവന സുന്ദരനായ ഭഗവാനെ കണ്ടു ആശ്ചര്യപ്പെട്ടു. എന്തൊരു സൌന്ദര്യം! അവളെ സുന്ദരീ എന്നു വിളിച്ചപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം തോന്നി. ഭഗവാന്‍ അവളുടെ അടുത്തു വന്നു. എന്നിട്ട് "എന്താണ് നിന്‍റെ കൈയില്‍?" എന്നു ചോദിച്ചു. അവള്‍ അതിനു കംസ മഹാരാജനുള്ള ചന്ദനവും സുഗന്ധ ദ്രവ്യങ്ങളുമാണ് എന്നു പറഞ്ഞു. ഭഗവാന്‍ അവളോടു തനിക്കു കുറച്ചു തരുമോ എന്നു ചോദിച്ചു. അവള്‍ സന്തോഷത്തോടെ ഒരു കിണ്ണം എടുത്തു നീട്ടി. ഉടനെ ഭഗവാന്‍ അതു വേണ്ടാ എന്നു പറഞ്ഞു. അവള്‍ മറ്റൊരു കിണ്ണം എടുത്തു കാണിച്ചു. ഭഗവാന്‍ അതും സ്വീകരിച്ചില്ല. ഓരോ കിണ്ണമായി കാണിച്ചപ്പോള്‍ ഓരോന്നായി ഭഗവാനും നിരസിച്ചു കൊണ്ടിരുന്നു. അവസാനം ഒരു കിണ്ണം കാണിച്ചപ്പോള്‍ അതു കൊള്ളാം എന്നു പറഞ്ഞു. കൂനിക്കു വളരെ സന്തോഷമായി. ഓ ചന്ദനം തിരഞ്ഞെടുക്കുന്നതില്‍ പോലും എത്ര ശ്രദ്ധ. നിശ്ചയം എന്നവള്‍ അത്ഭുതപ്പെട്ടു. 
        കംസന്‍ എന്തു പറയും എന്ന ചിന്ത പോലും ഇല്ലാതെ അവള്‍ അതു സന്തോഷത്തോടെ ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. ഭഗവാന്‍ അതു കൈയില്‍ വാങ്ങാതെ തന്‍റെ മാറു കാണിച്ചു കൊടുത്തു. അവള്‍ അതിയായ സന്തോഷത്തോടെ ഭഗവാന്‍റെ മാറില്‍ തന്‍റെ കൈ കൊണ്ടു ചന്ദനം പൂശിക്കൊടുത്തു. മധുരാപുരി വാസികള്‍ എല്ലാരും തെല്ലസൂയയോടെ കൂനിയെ നോക്കി നിന്നു. അടുത്തു നിന്നിരുന്ന ബലരാമന്‍ ഇതൊക്കെ നോക്കി നിന്നു. ഭഗവാന്‍ ത്രിവക്രയോടു തന്‍റെ ജ്യേഷ്ടനും പുരട്ടി കൊടുക്കാന്‍ പറഞ്ഞു. 
         ത്രിവക്ര ആനന്ദ സാഗരത്തില്‍ മുഴുകിപോയി.  മധുരാ വാസികള്‍ മുഴുവനും കൊതിയോടെ നോക്കുന്ന കണ്ണന്റെ ശരീരം തൊട്ടു ചന്ദനം പൂശി കൊടുക്കാനുള്ള ഭാഗ്യം അവള്‍ക്കു കിട്ടിയില്ലേ?  എന്തു പുണ്യമാണ് താന്‍ ചെയ്തത് എന്നവള്‍ ചിന്തിച്ചു. ഭഗവാനും സന്തോഷിച്ചു. ഇവള്‍ക്ക് നല്ല ഒരു സമ്മാനം കൊടുക്കണം എന്നു വിചാരിച്ചു. അവളുടെ കാല്‍ വിരലില്‍ തന്‍റെ കാലു കൊണ്ടു പതുക്കെ അമര്‍ത്തി. തന്‍റെ കൈവിരല്‍ കൊണ്ടു അവളുടെ താടിക്കു പിടിച്ചു മുഖം പതുക്കെ ഉയര്‍ത്തി. അവളുടെ വളവും കൂനും അപ്രത്യക്ഷമായി അവള്‍ ഒരു സുന്ദരിയായി മാറി! എല്ലാവരും  അത്ഭുത പരതന്ത്രനായി നോക്കി നിന്നു. അടുത്ത നിമിഷം അവള്‍ ഭഗവാന്‍റെ ഉത്തരീയത്തെ പിടിച്ചു വലിച്ചു. ഭഗവാന്‍ ലജ്ജിച്ചു കൊണ്ടു അവളോടു താന്‍ പിന്നീട് അവളെ വന്നു കണ്ടു കൊള്ളാം എന്നു പറഞ്ഞയച്ചു. 
      പെണ്‍പിള്ളൈ കൂനിയുടെ ആ കൈങ്കര്യം ശ്രദ്ധിച്ചിരുന്നു. ഭഗവാനു ചന്ദനം പുരട്ടി കൊടുത്തു തന്‍റെ കൂനും മാറ്റി സുന്ദരിയായി തീര്‍ന്നു കൃഷ്ണനെ പ്രാപിച്ചു. അതു പോലുള്ള ഭാഗ്യം ഒന്നും താന്‍ ചെയ്തിട്ടില്ലല്ലോ.  കൂനിയെ പോലുള്ള ഭഗവത് കൈങ്കര്യം ചെയ്തു അര്‍ഹത ഒന്നും താന്‍ നേടിയിട്ടില്ല. താന്‍ ഈ ദേശത്ത് ഇരുന്നാല്‍ എന്തു പോയാല്‍ എന്തു? രാമാനുജര്‍ അവള്‍ പറഞ്ഞത് വളരെ കൌതുകത്തോടെ കേട്ടു നിന്നു. ഉള്ളില്‍ നിറഞ്ഞ സന്തോഷം അദ്ദേഹം ഒട്ടും പുറത്തു കാട്ടിയില്ല. ഇനി അടുത്തതായി അവള്‍ എന്താണു പറയുന്നതെന്ന് നോക്കി നിന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!