ശ്രീമാന്നാരയണീയം
നിശ്ശേഷ വിശ്വരചനാ ച കടാക്ഷ മോക്ഷ:
കര്‍ ണ്ണൌ ദിശോശ്വിയുഗലം തവ നാസികെ ദ്വേ
ലോഭത്രപേ ച ഭഗവന്നധരോഷ്ടൌ
താരാ ഗണാശ്ച രദനാശ്ശമനശ്ച ദംഷ്ട്രാ.
(ദശഃ 6 ശ്ലോഃ 5)
അങ്ങയുടെ കടാക്ഷ വീക്ഷണത്തെ അഖില വിശ്വ നിര്‍മ്മിതി എന്നു പറയുന്നു. ദിക്കുകള്‍ അങ്ങയുടെ കര്‍ണ്ണങ്ങളും രണ്ടു അശ്വിനീദേവന്മാര്‍ നാസാദ്വാരങ്ങളുമാണ്. ഹേ ഭഗവാനേ! ലോഭവും, ലജ്ജയും, അങ്ങയുടെ രണ്ടു അധരങ്ങളാണ്, നക്ഷത്രങ്ങള്‍ ദന്തങ്ങളും, യമന്‍ അണപ്പല്ലുകളുമാകുന്നു.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
സദ്ഗുരു വാത്സല്യം
രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ഒരു മഹാന്‍ ക്രൂര സര്‍പ്പത്തിനെ അടക്കിയത് നാം കണ്ടു. അതെ സമയം ഉദ്യാനത്തിന്റെ വെളിയില്‍ കൂടിയിരുന്ന ജനങ്ങള്‍ക്കു അകത്തു നടക്കുന്നത് എന്തെന്ന് അറിയുവാന്‍ ആകാംക്ഷയായി. അവര്‍ പതുക്കെ അകത്തു വന്നു നോക്കി. അവിടെ മഹാന്‍ നിശ്ചലനായി ധ്യാനിക്കുന്നതും അടുത്തു തന്നെ സര്‍പ്പം മിണ്ടാതെ കിടക്കുന്നതും കണ്ടു ആശ്ചര്യപ്പെട്ടു. ഓ! ആ മഹാന്‍ സര്‍പ്പത്തെ എങ്ങനെയോ അടക്കിയിരിക്കുന്നു എന്നു മനസ്സിലാക്കി. അവരും അടുത്തു വന്നു നോക്കി. പാമ്പ് അവരെ ഒന്നും തന്നെ ചെയ്തില്ല. അതോടെ അവര്‍ക്കൊക്കെ ഭയം പോയി. അവരെല്ലാവരും സന്തോഷിച്ചു. ഇനി അവര്‍ക്ക് ഉദ്യാനത്തില്‍ ഭയമില്ലാതെ സഞ്ചരിക്കാം എന്നു വിചാരിച്ചു.
മഹാന്‍ ആ ഗ്രാമത്തില്‍ കുറച്ചു ദിവസം തങ്ങി പിന്നീടു അവിടെ നിന്നും പുറപ്പെട്ടു പോയി. അദ്ദേഹം കുറെ കാലം എവിടെയൊക്കെയോ കറങ്ങിയിട്ട് വീണ്ടും ഒരിക്കല്‍ ഈ ഗ്രാമത്തില്‍ എത്തി. വന്ന ഉടന്‍ അദ്ദേഹം ആ ഉദ്യാനത്തിലേക്കു പോയി. അദ്ദേഹം നോക്കുമ്പോള്‍ അവിടെയാകെ ജനങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു. എല്ലാവരും ഉത്സാഹത്തോടെ ആടി പാടി ഉല്ലസിച്ചു നടക്കുന്നു. അവിടുത്തെ ജനങ്ങളോട് 'നിങ്ങള്‍ക്കു ഇപ്പോള്‍ പാമ്പിനെ ഭയമില്ലേ?' എന്ന് ചോദിച്ചു. അതിനു അവരും ഇല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക് പാമ്പിനെ ഭയമില്ല. അത് ഞങ്ങളെ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരം നടന്നു നീങ്ങിയപ്പോള്‍ കുറച്ചു കുട്ടികള്‍ കല്ലെടുത്തു എറിയുന്നത് കണ്ടു. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കുവാന്‍ അദ്ദേഹം അവിടെ ചെന്നു. അദ്ദേഹം നോക്കുമ്പോള്‍ ആ കുട്ടികള്‍ അവിടെ കിടന്നിരുന്ന പാമ്പിനെ കല്ലെടുത്തു എറിയുകയായിരുന്നു.
ഏതു പാമ്പാണോ കുറച്ചു നാള്‍ മുന്‍പ് വരെ അവരെ ഭയപ്പെടുത്തിയിരുന്നത് അതെ പാമ്പിനെ അവര്‍ കല്ലെറിഞ്ഞു കൊണ്ടിരുന്നു. മഹാന്‍ അവരെ വിലക്കിയിട്ടു എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്നു ചോദിച്ചു. അവര്‍ അതിനു 'ഇത്രയും ദിവസം ഈ പാമ്പ് ഞങ്ങളെ വിറപ്പിച്ചിരുന്നില്ലേ ഇപ്പോള്‍ അതിന്റെ ശക്തിയൊക്കെ പോയി അത് കൊണ്ടു ഞങ്ങള്‍ അതിനെ അടിക്കുന്നു' എന്നു പറഞ്ഞു. മഹാന്‍ ആ കുട്ടികളെ അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞു വിലക്കി എന്നിട്ട് ആ പാമ്പിനെ എടുത്തു മടിയില്‍ വെച്ച് തലോടി. തന്റെ ഗുരുവിനെ കണ്ട ഉടനെ അത് തിരിച്ചറിഞ്ഞു. അടി കൊണ്ടു അര്‍ദ്ധപ്രാണനായി തീര്‍ന്നിരുന്നു. മഹാന്‍ അതിനെ പതുക്കെ തലോടിക്കൊണ്ടു എന്താണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്നു ചോദിച്ചു.
പാമ്പ് അതിനു, അങ്ങ് പറഞ്ഞത് പോലെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ഇവിടെ ഒതുങ്ങി കഴിയുകയാണ്. വല്ലപ്പോഴും ആഹാരം അന്വേഷിച്ചു മാത്രം പുറത്തേക്കു വരും. പുറത്തു വന്നാല്‍ പിന്നെ ഇതു പോലെ ഓരോരുത്തരുടെ ഊഴമാണ് എന്നെ ഉപദ്രവിക്കുന്നത്. ചില ദിവസം ഭക്ഷണം കിട്ടാതെ മടങ്ങും. പക്ഷെ അങ്ങ് പറഞ്ഞത് കൊണ്ടു ഞാന്‍ ആരെയും തിരിച്ചു ഉപദ്രവിക്കുന്നില്ല എന്നു പറഞ്ഞു കണ്ണീര്‍ വാര്‍ത്തു. ഇതു കേട്ട് ആ മഹാന്‍ വളരെ ദുഃഖത്തോടെ 'ഹേ വിഡ്ഢി സര്‍പ്പമേ! ഞാന്‍ എന്താണ് നിന്നോടു പറഞ്ഞത്? നീയായിട്ടു ആരെയും ഉപദ്രവിക്കരുത് എന്നല്ലേ! അതില്‍ നീയും പെടില്ലേ? നിന്നെ ഉപദ്രവിക്കുന്നതും തെറ്റല്ലേ? നീ ആരെയും കടിക്കണ്ടാ, പക്ഷെ നിന്നെ ഉപദ്രവിക്കുന്നവരെ ചീറി ഭയപ്പെടുത്തി ഓടിക്കാമല്ലോ. എന്ത് കൊണ്ടു അതു പോലും ചെയ്തില്ല? മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തെറ്റ് തന്നെയാണ്. അതെ പോലെ സ്വയം രക്ഷ ചെയ്തില്ലെങ്കില്‍ അതും തെറ്റാണ്. നീ അവരെ ചീറി ഭയപ്പെടുത്തിയിരുന്നെങ്കില്‍ നിന്നെ ആരും ഉപദ്രവിക്കാതിരുന്നേനെ' എന്നു പറഞ്ഞു.
പാമ്പിനു തന്റെ തെറ്റ് മനസ്സിലായി. അതു ആ സദ്ഗുരുവിനെ വീണ്ടും നമസ്കരിച്ചു. അതിനു ശേഷം അതു തന്റെ പ്രാണ രക്ഷാര്‍ത്ഥം ചീറി ഭയപ്പെടുത്തും. അപ്പോള്‍ ആളുകള്‍ക്ക് അതിനോട് ഭയമായി. പിന്നീട് അവര്‍ അതിനെ ഉപദ്രവിക്കാതെയായി. ആ പാമ്പ് അങ്ങനെ കുറേക്കാലം കഴിഞ്ഞു സദ്ഗുരുവിന്റെ ധ്യാനം കൊണ്ടു തന്റെ അവസാന കാലത്ത് മോക്ഷം പ്രാപിച്ചു. കേവലം ഒരു ഹിംസ്ര ജന്തുവായ പാമ്പിനെ പോലും സദ്ഗുരു മാറ്റി ഭാഗവാങ്കലേക്ക് നയിച്ചു എന്നു പറയുമ്പോള്‍ സദ്ഗുരുവിന്റെ മഹിമ എത്ര വലുതാണ് എന്നു മനസ്സിലാക്കാം. ആററിവ് ഇല്ലാത്ത ഒരു പാമ്പ് പോലും സദ്ഗുരുവിന്റെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചു അതു അനുസരിച്ച് മോക്ഷം പ്രാപിച്ചു. അപ്പോള്‍ മനുഷ്യരായ നാം സദ്ഗുരുവിനെ വിശ്വാസിക്കെണ്ടെ? ജയ് സദ്ഗുരു മഹാരാജ് കീ ജയ്! രാധേകൃഷ്ണാ!
ഭക്തി രഹസ്യം
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗ ക്ഷേമം വഹാമ്യഹം.
രാധേകൃഷ്ണാ! ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സര്‍വദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു' എന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു. യോഗം എന്നാല്‍ കിട്ടാന്‍ പ്രയാസമായത് കിട്ടുന്നത്. ക്ഷേമം എന്നാല്‍ അതിനെ സംരക്ഷിക്കുന്നത്.
എല്ലാ പ്രായത്തിലും കാലത്തിലും ഭഗവാനെ അനുഭവിക്കാം. ഭഗവാന്‍ നമുക്ക് നല്ലത് തന്നെ ചെയ്യുന്നു എന്നു ദൃഡമായി വിശ്വസിക്കണം. ആ വിശ്വാസം ഒട്ടും മാറാന്‍ പാടില്ല. അങ്ങനെ മാറുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തെ നാം അറിയുന്നില്ല. ഭഗവാന്‍ ഇപ്പോഴും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നാം വല്ലപ്പോഴും മാത്രം അതു കൈ നീട്ടി സ്വീകരിക്കുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കു പലപ്പോഴും ഇതു കാണിച്ചു കൊടുക്കുന്നു.
ഒരു ചെറിയ ഗ്രാമത്തില്‍ ഒരു ഭക്തന്‍ വസിച്ചു വന്നിരുന്നു. എപ്പോഴും നാമ ജപം ചെയ്യുമായിരുന്നു. ഓരോരുത്തരും അവരവരുടെ ഗൃഹത്തില്‍ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകള്‍ നമ്മില്‍ നിന്നും അകന്നു നില്‍ക്കും. ആ ഭക്തന്‍ എന്നും നാമജപം ചെയ്യും. പലരും അദ്ദേഹത്തിന്റെ ഗൃഹത്തില്‍ വന്നു അദ്ദേഹത്തിന്റെ കൂടെ നാമം ജപിക്കുമായിരുന്നു. അദ്ദേഹം എപ്പോഴും 'ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്യുന്നു. ഭഗവാന്‍ എനിക്ക് ആവശ്യമുള്ളത് നോക്കി ചെയ്തു കൊളളും' എന്നു പറയുമായിരുന്നു. അദ്ദേഹത്തിന് അതില്‍ നല്ല വിശ്വാസമായിരുന്നു.
ഒരു ഏകാദശി ദിവസം ആ ഗൃഹത്തില്‍ ഭജന നടക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്നു ഭഗവത് കീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു. കുറെ നേരം പാടിയപ്പോള്‍ എല്ലാര്‍ക്കും തൊണ്ട അടയ്ക്കുന്നത് പോലെ തോന്നി. ഉടനെ ഗൃഹനാഥന്‍ ഒരു യുവാവിനെ വിളിച്ചു അടുത്തുള്ള കടയില്‍ പോയി കുറച്ചു ശര്‍ക്കരയും ചുക്കും വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞു. വെള്ളത്തില്‍ ചുക്കും ശര്‍ക്കരയും ചേര്‍ത്തു കാച്ചി എല്ലാവര്‍ക്കും കുടിക്കാന്‍ കൊടുക്കാം എന്നു അദ്ദേഹം വിചാരിച്ചു. പുലരുന്നത് വരെ എല്ലാവര്‍ക്കും പാടാന്‍ കഴിയണ്ടെ? അപ്പോള്‍ രാത്രിയായി കഴിഞ്ഞിരുന്നു. കടക്കാരന്‍ കട അടച്ചു പൂട്ടി ഇറങ്ങുന്ന സമയത്താണ് ആ യുവാവ് അവിടെ എത്തുന്നത്. കടക്കാരന്‍ താന്‍ കട പൂട്ടി കഴിഞ്ഞു എന്നും ഇനി ഇപ്പോള്‍ ഒന്നും തരാന്‍ നിവൃത്തിയില്ല എന്നും പറഞ്ഞു. അപ്പോള്‍ ആ യുവാവ് ആ ഭക്തന്റെ വീട്ടില്‍ ഭജന നടക്കുന്നു എന്നും എല്ലാവര്‍ക്കും തൊണ്ട അടക്കുന്നത് കൊണ്ടു കുറച്ചു ചുക്ക് വെള്ളം ഉണ്ടാക്കാന്‍ ചുക്കും ശര്‍ക്കരയും വാങ്ങാനാണ് താന്‍ വന്നതെന്നും പറഞ്ഞു.
കടക്കാരന്‍ ഇതു കേട്ട് കട വീണ്ടും തുറക്കാം എന്നു പറഞ്ഞു. തനിക്കു ഏകാദശി ഭജന ഒന്നും കൂടാന്‍ സാധിച്ചില്ല. ഈ ഒരു ഉപകാരം എങ്കിലും ചെയ്യാം എന്നു വിചാരിച്ചു. അയാള്‍ കട തുറന്നു സാധനം എടുത്തു കൊടുക്കാന്‍ ഒരുങ്ങി. വിളക്കൊക്കെ അണച്ചു പോയത് കൊണ്ടു വെളിച്ചം കുറവായിരുന്നു. അയാള്‍ തപ്പി തപ്പി സാധനങ്ങള്‍ എടുത്തു കൊടുത്തു, കട വീണ്ടും പൂട്ടി ഇറങ്ങി. യുവാവ് ശര്‍ക്കരയും ചുക്കും ഭക്തന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു. അദ്ദേഹം അവ ഇട്ടു വെള്ളം തിളപ്പിച്ച് എല്ലാവരും കുടിച്ചു. ഭജന നേരം വെളുക്കും വരെ തുടര്‍ന്നു.
കാലത്ത് ആ കടക്കാരന്‍ കട തുറക്കാന്‍ എത്തി. അയാള്‍ പതിവ് പോലെ കട തുറന്നിട്ട് സാധനങ്ങള്‍ എടുത്തു വയ്ക്കാന്‍ ആരംഭിച്ചു. അപ്പോഴാണ് അയാളുടെ കണ്ണില്‍ തലേ ദിവസം അയാള്‍ എടുത്തു കൊടുത്ത സാധനങ്ങളുടെ ഡപ്പി കണ്ണില്‍ പെട്ടത്. അയാള്‍ ഞെട്ടി പോയി. ശര്‍ക്കരക്കു പകരം അയാള്‍ എടുത്തു ക്കൊടുത്തയച്ചത് എലി വിഷമായിരുന്നു. രണ്ടും അടുത്തടുത്തു വെച്ചിരുന്നത് കൊണ്ടു ഇരുട്ടില്‍ അയാള്‍ക്ക് മാറി പോയിരുന്നു. സത്യം മനസ്സിലാക്കിയപ്പോള്‍ അയാള്‍ വല്ലാതെ വിയര്‍ത്തു പോയി. അവിടെ എന്ത് സംഭവിച്ചു എന്നറിയാന്‍ മനസ്സ് തുടിച്ചു. താന്‍ ചെയ്ത തെറ്റ് കാരണം എത്ര പേര്‍ക്ക് മരണം സംഭവിച്ചോ എന്നറിയില്ലല്ലോ എന്നു വിചാരിച്ചു ഹൃദയം തുടിച്ചു. അയാള്‍ ഉടനെ അങ്ങോട്ടു ഓടി.
പോകുന്ന വഴി മുഴുവന്‍ അയാള്‍ ഹൃദയം പൊട്ടി ഭഗവാനെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. തനിക്കു ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞുവല്ലോ എന്നു അയാള്‍ക്കു ദുഃഖം തോന്നി. വിറച്ചു കൊണ്ടു അയാള്‍ അവിടെ എത്തിയപ്പോള്‍ അവിടെ ഭജന തകൃതിയായി നടക്കുകയായിരുന്നു. ഭജന്‍ അവസാനിക്കുന്നതിനുള്ള പുറപ്പാട്! അതു കണ്ടപ്പോള്‍ അയാള്‍ക്ക് സമാധാനമായി. 'ഓ ദൈവം കാത്തു! ആരും ഇന്നലെ ചുക്കു വെള്ളം കഴിച്ചിട്ടില്ല' എന്നു വിചാരിച്ചു. ഉടനെ തന്നെ അയാള്‍ ഭക്തനോടു 'ഇന്നലെ ചുക്കു വെള്ളം ഇട്ടില്ല അല്ലെ? ഏതായാലും നന്നായി' എന്നു പറഞ്ഞു. അതിനു അദ്ദേഹം 'ആരു പറഞ്ഞു.? ഇന്നലെ കൃത്യ സമയത്ത് തന്നെ താന്‍ കൊടുത്തയച്ച ചുക്കും ശര്‍ക്കരയും ഞങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടു. ചൂടോടെ ചുക്കു വെള്ളം ഇട്ടു കുടിച്ചത് കൊണ്ടാണ് ഇത്രയും നേരം ഞങ്ങള്‍ക്ക് പാടാന്‍ കഴിഞ്ഞത്' എന്നു പറഞ്ഞു. ഇതു കേട്ടതും അയാള്‍ക്കു അത്ഭുതം തോന്നി. 'എവിടെ? ഇന്നലെ ഞാന്‍ തന്നയച്ച പൊതി എവിടെ?' എന്നു ചോദിച്ചു അവിടെ നോക്കി. അപ്പോള്‍ അവിടെ അയാള്‍ കൊടുത്തയച്ച പൊതി പകുതി സാധനം എടുത്ത ശേഷം വെച്ചിരിക്കുന്നത് കണ്ടു. സംശയം തീര്‍ക്കാന്‍ അയാള്‍ അതു എടുത്തു നോക്കി. അയാള്‍ സ്ഥബ്ധനായി പോയി. അതില്‍ എലിവിഷം തന്നെയാണ് ഇരുന്നത്.
'ഇന്നലെ ഈ സാധനം കൊണ്ടാണോ നിങ്ങള്‍ ചുക്കു വെള്ളം ഉണ്ടാക്കിയത്?' എന്നയാള്‍ ചോദിച്ചു. അതെ എന്നു അദ്ദേഹവും പറഞ്ഞു. എന്താണ് അയാള്‍ ഇങ്ങനെ ചോദിക്കുന്നതെന്ന് അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു തനിക്കു പറ്റിയ അബദ്ധം പറഞ്ഞു. ഇതു കേട്ട പാതി അവിടെ കൂടിയിരുന്ന എല്ലാവരും ഭയം കൊണ്ടു വിളറിപ്പോയി. അവര്‍ എല്ലാവരും വിഷം കഴിച്ചിരിക്കുന്നു! ഏതു നേരവും അവര്‍ മരിക്കാന്‍ സാധ്യതയുണ്ട് എന്നു വിചാരിച്ചു. പക്ഷെ ഗൃഹനാഥനായ ആ ഭക്തന്‍ ചിരിച്ചു. എന്നിട്ട് അവരോടു 'ആരും വിഷമിക്കരുത്. നമ്മളെ ഒരു വിഷവും ഒന്നും ചെയ്യില്ല കാരണം നമ്മള്‍ പുലരും വരെ ഭഗവാന്റെ കീര്‍ത്തനങ്ങളാണ് പാടി കൊണ്ടിരുന്നത്. യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാന്‍ ഒരിക്കലും കൈവെടിയുകയില്ല. നാം വിഷം കഴിച്ചിട്ടുണ്ടെങ്കിലും അതിനെ ഇല്ലാതാക്കാന്‍ ഭഗവാന് കഴിയും. നിങ്ങള്‍ ധൈര്യമായി ഇരിക്കു' എന്നു പറഞ്ഞു.
അദ്ദേഹത്തിന്റെ ആ ദൃഡവിശ്വാസം അവര്‍ക്കും ധൈര്യമേകി. പക്ഷെ അവര്‍ക്കു അവിടെ എന്തു സംഭവിച്ചു എന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു. അവര്‍ എങ്ങനെ രക്ഷപ്പെട്ടു എന്നവര്‍ ചോദിച്ചു. അദ്ദേഹം അതിനു 'ഭഗവാന്‍ തീര്‍ച്ചയായും നാം കഴിച്ച വിഷത്തെ സ്വീകരിച്ചു നമ്മെ രക്ഷിച്ചിരിക്കും' എന്നു പറഞ്ഞു. എല്ലാവരും അപ്പോഴാണ് അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തിയെ ശ്രദ്ധിച്ചത്. അതു നീല നിറമായി മാറിയിരുന്നു. ഭഗവാന്‍ തന്റെ ഭക്തന്മാരെ രക്ഷിക്കാനായി വിഷം സ്വയം ഏറ്റെടുത്തിരുന്നു എന്നു അവര്‍ക്കു മനസ്സിലായി. എല്ലാവരും ഭഗവാന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു. അവര്‍ക്കു നടന്നത് വിശ്വസിക്കാന്‍ പോലും പ്രയാസമായിരുന്നു. ഭഗവാനില്‍ ദൃഡ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടു അവരുടെ ജീവന്‍ തന്നെ ഭഗവാന്‍ രക്ഷിച്ചു. ഭഗവാന്‍ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഒരു ഭക്തന്റെ ദൃഡ വിശ്വാസം എത്രയോ പേരുടെ ജീവന്‍ രക്ഷിച്ചു. ആ ഒരു വിശ്വാസം നമുക്കും ഭഗവാങ്കല്‍ ഉണ്ടാവണം എന്നു പ്രാര്‍ത്ഥിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 48)
നാം എത്രയോ ജന്മങ്ങള്‍ എടുത്തു കഴിച്ചു. അങ്ങനെ പല ജന്മങ്ങള്‍ ചുറ്റി സഞ്ചരിച്ചു ഒടുവില്‍ മനുഷ്യ ജന്മം ലഭിച്ചു. എത്രയോ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അവസാനം ഒരു സദ്ഗുരുവിന്റെ കീഴില്‍ വന്നു പെടുന്നു. പിന്നീട് അലഞ്ഞു നടന്ന മനസ്സ് ഒരു ദൈവത്തില്‍ ഒതുങ്ങുന്നു. അദ്ദേഹം ആ ജീവനെ നല്ല വഴി കാണിച്ചു ജനിമരണത്തില്‍ നിന്നും രക്ഷിച്ചു കരകേറ്റുന്നു. അത് വരെ അടുത്തുള്ള ദൈവത്തെ കാണാന്‍ കൂട്ടാക്കാതെ ദൂരെയുള്ള ക്ഷേത്രങ്ങളിലെ ഭഗവാനെ തേടി അലഞ്ഞിരുന്നവര്‍ ക്രമേണ അരികിലുള്ള ദൈവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. എന്നാല്‍ തിരുക്കോളൂരിലെ ഒരു സ്ത്രീ അവിടെ നിറഞ്ഞു വിളങ്ങുന്ന വൈത്തമാനിധിപ്പെരുമാളെ വിട്ടിട്ടു നാട് വിടാന്‍ ഒരുങ്ങി നിന്ന്. അപ്പോഴാണ് യദൃച്ഛയാ അവിടെ രമാനുജര്‍ എത്തിയത്. അവളെ ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്തിരിക്കാന്‍ പറയുന്നു. അതിനു അവള്‍ കുറെ കാരണങ്ങള്‍ കൊണ്ടു തനിക്കു അവിടെ താങ്ങാന്‍ അര്‍ഹതയില്ല എന്നു പറയുന്നു.
തിരുക്കോളൂരിലെ ഒരു വീഥിയില്‍ ആ സ്ത്രീയുടെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടു സ്വാമി രാമാനുജര്‍ ശിഷ്യരുടെ കൂടെ നിന്നു. തുടര്‍ച്ചയായി അവള്‍ രാമായണത്തിലെ ഓരോ ഭക്തരുടെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വിഭീഷണനെ കുറിച്ചു പറഞ്ഞ അവള്‍ ഇപ്പോള്‍ ശബരിയെ കുറിച്ചാണ് പറഞ്ഞത്. നേരെ ആരണ്യ കാണ്ഡത്തിലേക്കു ഒരു പോക്കു.
'ഇനിയത് എന്റു വൈത്തേനോ ശബരിയൈപ്പോലെ'
ശബരി ഒരു വേടത്തിയാണ്! ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒന്നും വലുതായിട്ട് അറിയില്ല. പക്ഷേ നല്ല ഒരു ഗുരു ഭക്തയാണ്. മതംഗ മഹര്‍ഷിയുടെ ആശ്രമത്തില്‍ ദാസ്യം ചെയ്തു വന്നിരുന്നു. ആ മഹര്‍ഷിമാരുടെ കൂടെ കൂടി അവരെപ്പോലെ ഒരു തപസ്വിനിയായിത്തീര്‍ന്നു. നമ്മുടെ സംഗം ആരുടെ കൂടെയാണോ അതിന്റെ സ്വാധീനം നമ്മുടെ പെരുമാറ്റത്തില്‍ തീര്‍ച്ചയായും ഉണ്ടാവും! ഒരിക്കല്‍ തന്റെ സഹോദരന്റെ കൂടെ ശബരി മതംഗ മഹര്‍ഷിയുടെ ആശ്രമത്തിന്റെ അരികില്‍ വന്നു ചേര്‍ന്നു. അവിടെ ആ മഹര്‍ഷികള്‍ ധ്യാനം ചെയ്യുന്നതും മറ്റും കണ്ടു ആ ജീവിത രീതിയോട് വല്ലാതെ ആകൃഷ്ടയായി. തന്റെ സഹോദരന്റെ കൂടെ തിരികെ പോകാന്‍ അവള്‍ വിസമ്മതിച്ചു. എന്നിട്ട് തനിക്കു അവിടെ അവരുടെ കൂടാനാണ് മോഹം എന്നറിയിച്ചു. അയാള്‍ അവളെ പലതും പറഞ്ഞു വിലക്കി നോക്കി. അവരൊക്കെ ഉയര്‍ന്ന ജാതിക്കാരായ മഹര്‍ഷികളാണ് . അവര്‍ വേടര്‍ കുലത്തില്‍ ജനിച്ച അവരെ കൂട്ടില്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ അവള്‍ അത് കാര്യമായെടുത്തില്ല. അവള്‍ ദൂരെ ഇരുന്നു കൊണ്ടു അവരെ കണ്ടു കൊണ്ടു ജീവിതം കഴിച്ചു കൂട്ടാം എന്നുറച്ചു തീരുമാനിച്ചു.
ആ ഋഷികള്‍ സ്നാനത്തിനായി നദിയിലേക്ക് പോകും. തിരിച്ചു വന്നിട്ടു ധ്യാനിക്കും. അവള്‍ അവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു നോക്കി നില്‍ക്കും. അവര്‍ നടന്നു പോകുന്ന വഴി തന്നാലാവും വിധം വൃത്തിയാക്കി വൈക്കും. ഋഷികള്‍ ഇത് ശ്രദ്ധിച്ചു. അവര്‍ക്ക് വേണ്ടി ഇത്രയും സൗകര്യം ചെയ്തു തരുന്നതാരാണെന്നു അവര്‍ നോക്കി. മതംഗ മഹര്‍ഷി അവളെ അടുത്തു വിളിച്ചു എന്താണ് ഇങ്ങനെ അവര്‍ക്കു വേണ്ടി കൈങ്കര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചു. അതിനു അവള്‍ അവരുടെ ജീവിതം കണ്ടു ആകൃഷ്ടയായി എന്നും അവരെ പോലെ തനിക്കും ജീവിതം നയിക്കാന്‍ ആഗ്രഹം ഉണ്ടെന്നും അതിനു വേണ്ടി മുതല്‍ പടിയായി അവര്‍ക്കു വേണ്ട കൈങ്കര്യങ്ങള്‍ ചെയ്യുന്നു എന്നും പറഞ്ഞു. മഹര്‍ഷിക്ക് ഇതു കേട്ട് സന്തോഷമായി. അവളുടെ വിനയം അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. അദ്ദേഹം അവളെ സ്വന്തം ശിഷ്യയായി സ്വീകരിച്ചു ഉപദേശം നല്‍കി.
ശബരി അന്നു മുതല്‍ അവരുടെ കൂടെ കൂടി കഴിഞ്ഞു വന്നു. അവര്‍ക്കു വേണ്ട കൈങ്കര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു കൊണ്ടിരുന്നു. കാലം കുറെ കഴിഞ്ഞു. മതംഗ മഹര്‍ഷിയുടെ അവസാന കാലം അടുത്തു. അദ്ദേഹം തന്റെ ശരീരം ത്യജിക്കുന്നതിനു മുന്‍പ്, ശിഷ്യരെ എല്ലാവരെയും വിളിച്ചു. ഓരോരുത്തരായി വിളിച്ചു അവര്‍ക്കു എന്തു വേണം എന്നു ചോദിച്ചു അനുഗ്രഹിച്ചു കൊണ്ടിരുന്നു. ശബരിയുടെ ഊഴം വന്നപ്പോള്‍ അവള്‍ തനിക്കു മറ്റൊന്നും വേണ്ടെന്നും, ഗുരു പോകുന്ന സ്ഥലത്തേക്ക് തന്നെയും വിളിച്ചു കൊണ്ടു പോകണം എന്നും പറഞ്ഞു. അവിടെ വന്നു അദ്ദേഹത്തിനു കൈങ്കര്യം ചെയ്തു കൊള്ളാം എന്നു പറഞ്ഞു. മതംഗ മഹര്‍ഷി അവളെ അനുഗ്രഹിച്ചു. എന്നിട്ടു ശബരിയോടു ശ്രീരാമന്‍ വനവാസത്തിനായി അവിടെ വരുമെന്നും ആ സമയം ശബരി ആശ്രമത്തില്‍ ഇരുന്നു രാമനെ സ്വീകരിച്ചു അതിഥി പൂജ ചെയ്യണം എന്നും കല്പിച്ചു. അതിനു ശേഷം അവള്‍ക്കു അദ്ദേഹത്തിന്റെ അടുത്തെത്താം എന്നു പറഞ്ഞു. ശബരി ഒന്നും ആലോചിക്കാതെ ശരി എന്നു സമ്മതിച്ചു.
തന്റെ ഗുരു പറഞ്ഞ ഒരു കൈങ്കര്യമാണ്, താന്‍ അത് ചെയ്തിരിക്കണം എന്നു മാത്രം ചിന്തിച്ചു. ഗുരു നമുക്കായിട്ടു എന്തു കൈങ്കര്യം തരുന്നുവോ അതു ശ്രദ്ധയോടെ ചെയ്യണം. ശബരി അതു സന്തോഷത്തോടെ സ്വീകരിച്ചു. മതംഗ മഹര്‍ഷി ദേഹ ത്യാഗം ചെയ്തു. ശബരി ആ ആശ്രമത്തില്‍ താമസിച്ച്, അവിടെ രാമന്റെ വരവിനായി കാത്തിരുന്നു. എന്നും ആശ്രമത്തിലേക്കുള്ള വഴി വൃത്തിയാക്കും. അവിടെയുള്ള നല്ല പഴങ്ങളും പൂക്കളും പറിച്ചു വെച്ച് കാത്തിരിക്കും. രാവിലെ വരുമോ, ഉച്ചയ്ക്കു വരുമോ, സന്ധ്യയ്ക്കു വരുമോ എന്നു നോക്കി നോക്കി നില്‍ക്കും. ഓരോ ദിവസവും മനസ്സ് തളരാതെ അവള്‍ കാത്തിരുന്നു. രാത്രി നല്ല ഉറക്കമില്ല. നാളെ രാമന്‍ വരും എന്നു ചിന്തിച്ചു കഴിയും.
ഇതു പോലെ മനസ്സ് ഭഗവാന് വേണ്ടി കാത്തിരിക്കണം. ഹൃദയം മുഴുവനും ഭഗവാന്റെ വരവിനു വേണ്ടി അര്‍പ്പിക്കണം. ജീവിതചര്യകള്‍ എല്ലാം ചെയ്യുമ്പോഴും ഹൃദയത്തില്‍ ഭഗവാന്റെ വരവിനെ കുറിച്ചുള്ള ചിന്ത ഉണ്ടാവണം. നാമ ജപം വിടാതെ ചെയ്യണം. ശ്രദ്ധയോടെ കാത്തിരിക്കണം. ഭഗവാന്‍ വരും എന്നാ ഉറച്ച വിശ്വാസം വേണം. എന്നാല്‍ ഒരു ദിവസം ഭഗവാന്‍ തീര്‍ച്ചയായും നമ്മുടെ മുന്‍പില്‍ വരും. ശബരിക്കു ആ വെമ്പല്‍ ഉണ്ടായിരുന്നു. ഒരു ദിവസം ശ്രീരാമന്‍ അവിടെ വന്നു ചേര്‍ന്നു. ജഡാ മുടി ധരിച്ച്, മരവുരി ഉടുത്ത് കൊണ്ടു, ലക്ഷ്മണന്റെ കൂടെ അവിടെ എത്തി. ശബരിയുടെ ആനന്ദത്തിനു അളവില്ലായിരുന്നു. രാമ ലക്ഷ്മണന്മാരെ സന്തോഷത്തോടെ സ്വീകരിച്ചു. അവളുടെ ഉത്സാഹം കണ്ടു രാമനും സന്തോഷമായി. തനിക്കു എത്രയും പ്രധാനപെട്ട ദൌത്യങ്ങള്‍ എല്ലാം തന്നെ ഒതുക്കി വെച്ച് ആ ഒരു ദിവസം ശബരിക്കായി മാറ്റി വെച്ചു.
ഒരു പാറ തുടച്ചു വൃത്തിയാക്കി ഭഗവാനു ആസനം തയ്യാറാക്കി വെച്ചിരുന്നു അവള്‍. ഭഗവാന്‍ അതില്‍ ഇരുന്നു. നല്ല മധുരമുള്ള പഴങ്ങള്‍ നോക്കി അവള്‍ പറിച്ചു വെച്ചിരുന്നു. അതു ഭഗവാനു സ്നേഹത്തോടെ അവള്‍ നല്‍കി. 'പ്രഭോ! ഈ പഴം കഴിച്ചു നോക്കു! ഇതു നല്ല മധുരം ഉള്ളതാണ്' എന്നൊക്കെ പറഞ്ഞു കൊണ്ടു കൊടുത്തു. ഭഗവാന്‍ അതൊക്കെ വളരെ താല്പര്യത്തോടെ കഴിച്ചു. ഇത്രയും സ്വാദിഷ്ടമായ പഴങ്ങള്‍ വേറെ കഴിച്ചിട്ടേയില്ല എന്നുപറയുകയും ചെയ്തു. ലക്ഷ്മണന്‍ ആകെ അമ്പരന്നു നില്‍ക്കുകയാണ്. വനവാസത്തില്‍ ഇത്രയും വര്‍ഷങ്ങള്‍ രാമന് എന്നും പഴങ്ങള്‍ താന്‍ സ്വന്തം കൈകൊണ്ടു പറിച്ചു നല്‍കിയിരുന്നു. പക്ഷേ ഭഗവാന്‍ ഇത്രയും ആസ്വദിച്ചു കഴിക്കുന്നത് താന്‍ കണ്ടിട്ടില്ല എന്നു വിചാരിച്ചു അത്ഭുതപ്പെട്ടു. ശബരിയുടെ ഭാഗ്യം എന്നു വിചാരിച്ചു.
ശബരി അതിനു ശേഷം രാമനെയും ലക്ഷ്മണനെയും ആശ്രമം മുഴുവനും ചുറ്റി കാണിച്ചു. എന്നിട്ടു രാമനെ ആസനത്തില്‍ ഇരുത്തിയിട്ട് രാമനു തന്റെ ആതിഥ്യം ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചു. രാമനും തന്റെ സന്തോഷം അറിയിച്ചു. ഉടനെ രാമനോട് താന്‍ പുറപ്പെടുകയാണെന്നും തന്നെ പോകാന്‍ അനുവദിക്കണം എന്നും പറഞ്ഞു. രാമന്‍ അത്ഭുതത്തോടെ എവിടേക്കു എന്നു ചോദിച്ചപ്പോള്‍ തന്റെ ഗുരുവിന്റെ അടുത്തേയ്ക്ക് പോകുന്നു എന്നു സന്തോഷ പൂര്‍വ്വം പറഞ്ഞു. തന്റെ ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണ് താന്‍ രാമനു വേണ്ടി ഇവിടെ കാത്തു നിന്നത് എന്നും അദ്ദേഹം പറഞ്ഞ കാര്യം താന്‍ ചെയ്തു തീര്‍ത്തുവെന്നും ഇനി തനിക്കു തന്റെ ഗുരുവിന്റെ അടുത്തേക്ക് പോകണം എന്നും പറഞ്ഞു.
രാമന്‍ നോക്കി നില്‍ക്കെ ധ്യാന നിരതയായി യോഗാഗ്നിയില്‍ തന്റെ ശരീരം ദഹിപ്പിച്ചു എന്നിട്ടു വൈകുണ്ഠം പോയി ചേര്‍ന്നു. കാട്ടില്‍ ഗുഹന്‍ ഭക്ഷണം നല്‍കിയപ്പോള്‍ നിരസിച്ച രാമന്‍ എന്തു കൊണ്ടു ശബരിയുടെ പക്കല്‍ നിന്നും പഴങ്ങള്‍ സ്വീകരിച്ചു എന്നു എല്ലാവരും ചോദിക്കും. മഹാന്‍മാര്‍ അതിനു, ശബരിക്കു ഗുരു കൃപ എന്ന ബലം ഉണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് ഭഗവാന്‍ ശബരി നല്‍കിയ പഴങ്ങള്‍ സ്വീകരിച്ചത് എന്നും പറയും. അങ്ങനെ ഭഗവാന്‍ ശബരീ മോക്ഷ സാക്ഷീ ഭൂതനായിത്തീര്‍ന്നു. ശബരിയുടെ ഗുരു ഭക്തി അത്രയ്ക്ക് ശ്രേഷ്ഠമാണ്. തന്റെ ഗുരു പറഞ്ഞത് കൊണ്ടു രാമനു വേണ്ടി ശ്രദ്ധയോടെ പഴങ്ങള്‍ എടുത്തു വെച്ചു. ലക്ഷ്മണനായി നിന്ന് കൊണ്ടു അതൊക്കെ അന്നു നോക്കിയിരുന്നു രാമാനുജര്‍. ഇപ്പോള്‍ പെണ്‍പിള്ളൈ പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ സന്തോഷത്തോടെ അതെല്ലാം കേട്ട് നിന്നു. താന്‍ ശബരിയെ പോലെ ഭഗവാനു വേണ്ടി ഒന്നും തന്നെ ഒരുക്കി വെച്ചില്ലല്ലോ. അപ്പോള്‍ തനിക്കു ഇവിടെ ഇരിക്കാനുള്ള അര്‍ഹത ഉണ്ടോ എന്നു ചോദിച്ചു. രാമാനുജര്‍ അവള്‍ക്കു ആ അര്‍ഹത തന്റെ കടാക്ഷം കൊണ്ടു നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!
0 comments:
Post a Comment