Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, October 13, 2010

പ്രേമവേദം ഒക്ടോബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
സോഹം ച ത്രിഗുണക്രമാല്‍ ത്രിചിധ താമസാദ്യ വൈകാരികോ
ഭൂയസ്തൈജസ താമസാവിതി ഭാവന്നാദ്യേന സ്ത്വാത്മനാ 
ദേവാനിന്ദ്രിയമാനിനോകൃത ദിശാവാതര്‍ക്കപാശ്യാശ്വിനോ
വഹ്നീന്ദ്രാച്യുത മിത്രകാന്‍ വിധുവിധി ശ്രീരുദ്രശാരീരികാന്‍.
                            (ദശഃ 5 ശ്ലോഃ 6)  
          ഇങ്ങനെ സംജാതമായ അഹംതത്വം മൂന്നു ഗുണങ്ങള്‍ക്കൊത്തു മൂന്നു രൂപങ്ങള്‍ പ്രാപിക്കുകയും പിന്നീട് വൈകാരികം, തൈജസം, താമസം എന്നീ രൂപ ഭേദങ്ങള്‍ കൈകൊള്ളൂകയും ചെയ്തു.  സത്വ ഗുണാത്മകമായ വൈകാരിക രൂപമാകട്ടെ ഇന്ദ്രിയ നിയന്താക്കളായ ദിക്ക്, വായു, സൂര്യന്‍ വരുണന്‍, ആശ്വിനികള്‍ എന്നീ ദേവന്മാരെയും, അഗ്നി, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രം, പ്രജാപതി, ചന്ദ്രന്‍, ബ്രഹ്മാവ്‌, ശിവന്‍, ക്ഷേത്രജ്ഞന്‍ എന്നിവരെയും സൃഷ്ടിച്ചു.
                                                     (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമ സന്ദേശം
      ജീവിതത്തില്‍  നിങ്ങള്‍ ചിലപ്പോള്‍ ചില പ്രശ്നങ്ങളെ നേരിടേണ്ടി  വന്നിട്ടുണ്ടാവും. പ്രശ്നങ്ങളെ കണ്ടു നിങ്ങള്‍ ഒരിക്കലും തളരരുത്. അതിനുള്ളില്‍ ഭഗവാന്‍റെ കൃപ ഒളിഞ്ഞു കിടപ്പുണ്ട്. അതിനെ കണ്ടുപിടിക്കാന്‍ ശ്രമിക്കു. കുന്തിദേവിക്കും മക്കള്‍ക്കും  എത്രയോ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിന്‍റെയൊക്കെ ഫലമായി ഭഗവാനെ തന്നെ അവരുടെ പക്ഷത്തു ലഭിച്ചില്ലെ? ചിന്തിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാല്‍സല്യം 
      രാധേകൃഷ്ണാ! സദ്ഗുരുവിന്റെ കൃപാ കടാക്ഷം ഇല്ലാതെ ഒരു ജീവനു ഉയരാന്‍ സാധിക്കില്ല എന്നു കാണിക്കാന്‍ ഒരു രാജന്‍റെ കഥ നമുക്ക് നോക്കാം. ആ രാജനു ഒരു ഉത്തമമായ മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടിയിരുന്നു. മന്ത്ര ജപം കൊണ്ടു ക്രമേണ അയാള്‍ ഉയരുകയും ചെയ്തു.  മന്ത്രി ജപം ചെയ്യുന്നതരിഞ്ഞ രാജന്‍ മന്ത്രിയോട് അതിനെ കുറിച്ചു തിരക്കി. മന്ത്രി വിനീതനായി താന്‍ തന്‍റെ ഗുരുവില്‍ നിന്നും നേടിയതാണ് ഈ മന്ത്രം എന്നും രാജനും ഗുരുവിനെ ആശ്രയിച്ചു മന്ത്രം നേടാം എന്നും പറഞ്ഞു. പക്ഷേ രാജന്‍ അതിനു തയ്യാറായില്ല. താന്‍ ഒരു രാജനായത് കൊണ്ടു ആരോടും ചെന്നു ചോദിക്കാന്‍ പറ്റില്ലെന്നും, മന്ത്രി തന്നെ മന്ത്രം പറഞ്ഞു കൊടുത്താല്‍ മതിയെന്നും പറഞ്ഞു. മന്ത്രി അതിനു വിസമ്മതിച്ചു.  ഒരു ഗുരു മുഖേന മന്ത്രം ലഭിച്ചാല്‍ മാത്രമേ അതു സിദ്ധിയാകൂ എന്നുപദേശിച്ചു നോക്കി. പക്ഷേ രാജന്‍ പിടിവാശി മൂലം തന്‍റെ സദസ്സിലെ പണ്ഡിതന്മാരെ വരുത്തി വളരെ ബുദ്ധി മുട്ടി മന്ത്രി ജപിക്കുന്ന മന്ത്രം കണ്ടു പിടിച്ചു. 
      അയാള്‍ അതു ജപിക്കാനും ആരംഭിച്ചു. മന്ത്രിയോട് അഹങ്കാരത്തോടെ, നീ എനിക്കു പറഞ്ഞു തരാന്‍ വിസമ്മതിച്ച മന്ത്രം ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ അതു ജപിക്കുകയാണ് എന്നു പറഞ്ഞു.  ഉടനെ മന്ത്രി രാജനോട്‌ ആ മന്ത്രം ഒരിക്കലും അദ്ദേഹത്തിനു സ്ദ്ധിയാകില്ല എന്നു പറഞ്ഞു. രാജന്‍ തര്‍ക്കിച്ചു.  വലിയ വാഗ്വാദത്തിനോടുവില്‍ ക്ഷുഭിതനായ മന്ത്രി ഭടന്മാരോട്‌ "ആരവിടെ? ഈ രാജാവിനെ തുറുങ്കില്‍ അടയ്ക്കു" എന്നു വിളിച്ചു പറഞ്ഞു.  ഇതു കേട്ട രാജാവിനും വളരെ കോപം ഉണ്ടായി.  മന്ത്രിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. പക്ഷേ മന്ത്രിയുണ്ടോ   കേള്‍ക്കുന്നു? വീണ്ടും വീണ്ടും അയാള്‍ കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യമെങ്കിലും രാജനെ തുറുങ്കില്‍ അടയ്ക്കു എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. രാജന്‍റെ ക്ഷമയും നശിച്ചു. ഉടനെ തന്‍റെ രണ്ടു കൈകളും ഉറക്കെ തട്ടികൊണ്ടു 'ആരവിടെ?' എന്നു ചോദിച്ചു. ഉടനെ തന്നെ രണ്ടു ഭടന്മാര്‍ എത്തി. മന്ത്രിയുടെ കൈകളില്‍ വിലങ്ങു വെച്ചു. 
     മന്ത്രി ഉടനെ രാജാവിനെ നോക്കി ഉറക്കെ ചിരിച്ചു. രാജാവ് കാര്യം മനസ്സിലാകാതെ മന്ത്രിയെ നോക്കി. ഉടനെ മന്ത്രി രാജാവിനോട് "ഞാന്‍ അങ്ങയെ തുറുങ്കില്‍ അടയ്ക്കണം എന്നു കുറഞ്ഞത്‌ പത്തു പ്രാവശ്യമെങ്കിലും വിളിച്ചു പറഞ്ഞു. പക്ഷേ ഒരിക്കല്‍ പോരും ആരും വന്നില്ല. അതേ സമയം അങ്ങ് ഒരു പ്രാവശ്യം പറഞ്ഞ ഉടനെ തന്നെ എന്നെ കെട്ടിയിട്ടത് കണ്ടില്ലേ? ഇതാണ് രഹസ്യം! നാം തനിയെ മന്ത്രം ജപിച്ചു കഴിഞ്ഞാല്‍ അത്ര വേഗം പ്രയോജനം ചെയ്യില്ല. എന്നാല്‍ അതിനു അധികാരപ്പെട്ട ഗുരു മൂലം മന്ത്രം ലഭിച്ചാല്‍ അതിന്‍റെ ഫലം വളരെ വേഗത്തിലാണ്! അങ്ങയ്ക്ക് തന്നെ മനസ്സിലാകാന്‍ സാധിക്കും." എന്നു പറഞ്ഞു.  ഒരു ജീവന്‍റെ ഉള്ളില്‍ ആയിരം കോടി ജന്മങ്ങളായി കാമം ക്രോധം തുടങ്ങിയ അജ്ഞാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അതിനെ അകറ്റാന്‍ സ്വയം മന്ത്ര ജപം ചെയ്തു വിജയിച്ച ഒരാള്‍ക്ക്‌ മാത്രമേ സാധിക്കു. ഗുരു അതാണ്‌ ചെയ്യുന്നത്. മന്ത്ര ഉപദേശ രൂപത്തില്‍ ആ ജീവന്‍റെ അജ്ഞാനത്തെ അകറ്റി ഭഗവാനെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നു.   അനേക ജന്മങ്ങളിലെ പാപങ്ങള്‍ ഒരുമിച്ചു നശിക്കണമെങ്കില്‍ ആ മന്ത്രം അത്രത്തോളം ഫലവത്തായിരിക്കണം. ആ മന്ത്രം നല്‍കുന്ന ആളും സ്വയം ആ മന്ത്ര രൂപമായിരിക്കണം.  അതു പോലുള്ള ഒരു ഗുരു മന്ത്രത്തിന്റെ കൂടെ പാപം നശിപ്പിക്കാനുള്ള ശക്തിയും കൊടുക്കുന്നു. അവര്‍ക്കു മാത്രമേ അതു സാധിക്കു. അതു കൊണ്ടു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കു. 
     ഗുരുവിന്‍റെ ചരണങ്ങളില്‍ അഭയം തേടണം. തനിക്കു ഒന്നും അറിയില്ല എന്ന ഭാവത്തില്‍ ഗുരുവിനെ വാക്കുകളെ അനുസരിക്കണം. ഗുരു നമ്മേ വഴി നടഹി മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിക്കും. ഓരോരുത്തര്‍ക്കും ഭഗവത് അനുഭവം അവരുടെ വാസനയ്ക്കും നിലയ്ക്കും അനുസരിച്ചാണ്. അതു ഒരു ഗുരുവിനു മാത്രമേ ശരിയായി അറിയുള്ളു.  ഗുരുവിന്‍റെ വാക്കുകള്‍ അക്ഷരം പടത്തി അനുസരിക്കുന്നവര്‍ക്ക് ഫലം പ്രത്യക്ഷത്തില്‍ കാണാം. 
     രാജനു സത്യം മനസ്സിലായി. അയാള്‍ ലജ്ജിച്ചു തല കുനിച്ചു. മന്ത്രിയോട് മാപ്പ് അപേക്ഷിച്ചു. പിന്നീട് അഹങ്കാരം വിട്ടു ഒരു സദ്ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടുകയും ചെയ്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  
ബദരികാശ്രമം
ഭക്തിരഹസ്യം
         രാധേകൃഷ്ണാ!  കഴിഞ്ഞ ലക്കത്തില്‍ അര്‍ജ്ജുനന്‍ സുഭദ്രയ്ക്ക് വേണ്ടി കൃഷ്ണനോടു കൂടെ ഏറ്റു മുട്ടി ഗന്ധര്‍വനെ രക്ഷിക്കാം എന്നു വാക്കു കൊടുത്തത് നാം വായിച്ചു. വളരെ നേരം ചിന്തിച്ചതിനു ശേഷം എല്ലാം കൃഷ്ണ സങ്കല്‍പം തന്നെ എന്നു മനസ്സില്‍ ഉറച്ചു വരുന്നത് എന്തായാലും അതു അനുഭവിക്കാം എന്നു തീരുമാനിച്ചു. അര്‍ജ്ജുനനു അറിയാം കൃഷ്ണന്‍റെ സങ്കല്‍പം ഇല്ലാതെ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നു !  നാരദരും അര്‍ജ്ജുനനെ സമാധാനിപ്പിച്ചു. ഭഗവാന്‍ ഭക്ത വത്സലനാണ്. തന്‍റെ ഭക്തനെ ഒരിക്കലും തോല്‍ക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു.  അര്‍ജ്ജുനന്‍ സത്യ പരിപാലനത്തിനായി യുദ്ധത്തിനു തയ്യാറായി.  പാണ്ഡസഹോദരന്മാര്‍ ഇതറിഞ്ഞു ആദ്യം അര്‍ജ്ജുനനെ എതിര്‍ത്ത്. പക്ഷേ നാരദര്‍ ഇടപെട്ടു അര്‍ജ്ജുനനെ തുണയ്ക്കേണ്ടത് അവരുടെ ധര്‍മ്മമാണെന്നു പറഞ്ഞു മനസ്സിലാക്കി.   
    ഇതിനിടയില്‍ നാരദര്‍ ദുര്യോധനനെ ചെന്നു കണ്ടു. അയാളുടെ ശത്രുവായ അര്‍ജ്ജുനന്‍ കൃഷ്ണനെ യുദ്ധത്തില്‍ എതിരിടുന്ന വിഷയം അറിയിച്ചു. ദുര്യോധനന് ആശ്ചര്യവും ഒപ്പം ആഹ്ലാദവും തോന്നി.  പാണ്ഡവന്‍മാരുടെ  ബലം എങ്ങനെയായാലും കുറയും എന്നു സമാധാനിച്ചു. കൃഷ്ണന്‍ തോറ്റാലും പാണ്ഡവന്മാര്‍ക്ക് ക്ഷീണമാണ്. അഥവാ അര്‍ജ്ജുനന്‍ തോറ്റാലും തഥൈവ! അയാളും യുദ്ധം കാണാന്‍ ഉത്സാഹത്തോടെ തിരിച്ചു.  മുപ്പതു മുക്കോടി ദേവന്മാരും, സകല ഋഷികളും  ഈ യുദ്ധം കാണാന്‍ അവിടെ എത്തി. ഭഗവാനും ഭക്തനും തമ്മില്‍ യുദ്ധം! അതിന്‍റെ അവസാനം എന്തായിരിക്കും എന്നു അവര്‍ക്കു മനസ്സിലായില്ല. 
     അര്‍ജ്ജുനന്‍ ശരം കൊണ്ടൊരു കൂടാരം നിര്‍മ്മിച്ച്‌ ഗന്ധര്‍വ്വനെ അതില്‍ സ്വസ്ഥമായി ഇരുത്തി.  യുദ്ധം ആരംഭിച്ചു. പാണ്ഡവന്മാരും കൃഷ്ണ പുത്രന്മാരും തമ്മില്‍ ഏറ്റു മുട്ടി. കൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധം ചെയ്തു.  ശരങ്ങള്‍ കണക്കില്ലാതെ പായുകയാണ്. ബലരാമന്‍ ഉള്‍പ്പെടെ കൃഷ്ണ പക്ഷത്തുള്ളവര്‍ക്ക് എല്ലാം പരിക്കേല്‍ക്കുന്നുണ്ട്.  അതേ പോലെ ഇങ്ങേ തലയ്ക്കല്‍ യുധിഷ്ടിരര്‍ക്കും, മറ്റുള്ളവര്‍ക്കും ശരം ഏറ്റു മുറിയുന്നുണ്ടു. എന്നാല്‍ ഏല്ലാവര്‍ക്കും അത്ഭുതം ഏകിക്കൊണ്ടു കൃഷ്ണന്‍ അയയ്ക്കുന്ന ബാണങ്ങള്‍ ഒക്കെ അര്‍ജ്ജുനന്റെ കഴുത്തില്‍ മാലകലായി വീണുകൊണ്ടിരുന്നു. അതേ പോലെ അര്‍ജ്ജുനന്‍ അയയ്ക്കുന്ന ബാനങ്ങളൊക്കെ കൃഷ്ണന്‍റെ ചരണങ്ങളില്‍ പുഷ്പങ്ങളായി വന്നു വീണു കൊണ്ടിരുന്നു. നാരദര്‍ ഇതു കണ്ടു ഭഗവാന്‍റെ അടുതെത്തി. എന്നിട്ട് ഭഗവാനോട് ഇതു എന്തു വിനോദമാണ്‌ നടക്കുന്നതെന്നും, യുദ്ധം എന്നു പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണോ എന്നു ചോദിച്ചു. സന്ധ്യ അടുക്കുകയാണ്. കൃഷ്ണന്‍ കാലവ മഹര്‍ഷിക്ക് വാക്കു കൊടുത്ത പോലെ സന്ധ്യയ്ക്ക് മുന്‍പു  ഗന്ധര്‍വനെ വധിക്കണ്ടെ എന്നു ചോദിച്ചു. 
      ഭഗവാന്‍ അതിനു താന്‍ നിസ്സഹായനാനെന്നും അര്‍ജ്ജുനന്‍ ഓരോ ബാണം എയ്യുംപോഴും കൃഷ്ണാ! കൃഷ്ണാ! എന്നുരുവിട്ടു കൊണ്ടു എയ്യുന്നു എന്നും അതു കൊണ്ടു ആ ബാണങ്ങള്‍ പുഷ്പങ്ങളായി തന്‍റെ ചരണങ്ങളില്‍ പതിയ്ക്കുന്നു എന്നും പറഞ്ഞു. അതേ പോലെ  ഭഗവാന്‍ ഭക്തന്‍റെ മേല്‍ അയയ്ക്കുന്ന ശരങ്ങള്‍ പുഷ്പ മാലകളായി  തീരുന്നു. നാമ ജപത്തിന്റെ ശക്തി അത്ര മാത്രമാണ്. നാമം ജപിച്ചു കൊണ്ടു പാപം ചെയ്താല്‍ പോലും അതും ഭഗവത് അര്‍പ്പണമായി മാറും. അര്‍ജ്ജുനന്‍ നാമം ജപിച്ചു കൊണ്ടു അയയ്ക്കുന്ന ബാണങ്ങള്‍ ഭഗവാനെ പോലും തോല്‍പ്പിച്ചു കളഞ്ഞു. ഭഗവാനു ഭക്തന്‍റെ മുമ്പില്‍ തോല്‍ക്കാതെ വയ്യാതായി. ഭഗവാന്‍ അയയ്ക്കുന്ന ബാണങ്ങള്‍ അര്‍ജ്ജുനന്റെ നാമ ജപത്തിന്റെ ബലത്താല്‍ പുഷ്പ ശരങ്ങളായി മാറുകയാണ്.  
     നാരദ മഹര്‍ഷിക്ക് ഇതു കേട്ടു ആനന്ദം  ഉണ്ടായി. നാമത്തിന്റെ മാഹാത്മ്യത്തെ ലോകത്തിനു കാട്ടികൊടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്? ഭഗവാന്‍ അര്‍ജ്ജുനനെ എവിടെയെല്ലാം അടിച്ചുവോ ആ അവയവങ്ങളെല്ലാം തന്നെ കൃഷ്ണാ കൃഷ്ണാ എന്നുരുവിട്ടു കൊണ്ടു അതിനെ എതിരേറ്റു.  അര്‍ജ്ജുനന്‍ പോലും ഇതുകണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ്. എല്ലാവരും  യുദ്ധം നിറുത്തി വെച്ചു ഈ അത്ഭുതം കണ്ടു കൊണ്ടു നിന്നു. ഇതു പോലെയാകണം നാമജപം. ശരീരത്തെ വെട്ടി മുറിച്ചിട്ടാല്‍ പോലും ഓരോ അവയവവും കൃഷ്ണാ കൃഷ്ണാ എന്നു മന്ത്രിക്കണം. അത്രയ്ക്ക് നാമം രക്തത്തില്‍ ഓടണം. നാമജപം എന്നത് സ്വഭാവം ആകണം! അര്‍ജ്ജുനന്‍ അതിനു ഒരു ഉദാഹരണമായി നിന്നു. എല്ലാവരും കണ്ണുകളില്‍ ആനന്ദബാഷ്പത്തോടെ അര്‍ജ്ജുനനെ നോക്കി നിന്നു. 
     നാരദര്‍ ഭഗവാനെ വീണ്ടും തന്‍റെ ശപഥത്തെ കുറിച്ചു ഓര്‍മ്മിപ്പിച്ചു.  അര്‍ജ്ജുനനോട് ഭക്ത വാത്സല്യം നല്ലതാണ്. അതേ നേരം  മറ്റൊരു ഭക്തനായ കാലവ മഹര്‍ഷിയുടെ വാക്കു പാലിക്കേണ്ട കടമ ഭഗവാനു ഉണ്ട്. ഇപ്പോള്‍ സമയം സന്ധ്യയോടെ അടുക്കുന്നു. ഗന്ധര്‍വനെ വധിക്കേണ്ട സമയമായി എന്നു പറഞ്ഞു. ഭഗവാന്‍ ഉടനെ ശരി എന്നു പറഞ്ഞു തന്‍റെ ചക്രായുധം എടുത്തു പ്രയോഗിച്ചു. അതു അര്‍ജ്ജുനന്റെ ശരക്കോട്ടയെ  തകര്‍ത്തുകൊണ്ടു അകത്തു പ്രവേശിച്ചു ഗന്ധര്‍വനെ വധിച്ചു. അങ്ങനെ യുദ്ധം അവസാനിച്ചു. അര്‍ജ്ജുനന്‍ ശപഥം പാലിക്കാന്‍ സാധിക്കാത്തത് കൊണ്ടു ശരീരം ത്യജിക്കാന്‍ തീരുമാനിച്ചു.  കാലവ മഹര്‍ഷി ഉടനെ ഭഗവാന്‍റെ അടുത്തെത്തി. 'ഭഗവാനെ ഇതാന്യായമാണ്! അങ്ങ് പാവം അര്‍ജ്ജുനനെ ഇങ്ങനെ പരീക്ഷിക്കരുത്!' എന്നു പറഞ്ഞു.
ഭഗവാന്‍ ഉടനെ 'അങ്ങ് ആവശ്യപ്പെട്ട കൊണ്ടല്ലേ ഞാന്‍ ഇതൊക്കെ ചെയ്തത്?' എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി "ഞാന്‍ ഗന്ധര്‍വനെ വധിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. പാണ്ഡവന്മാരോടു എനിക്കു ഒരു വിരോധവും ഇല്ല. വെറുതെ അര്‍ജ്ജുനന്റെ ജീവിതം ഇല്ലാതാക്കരുത്!' എന്നു പറഞ്ഞു.  മഹര്‍ഷിയുടെ വാക്കു പാലിക്കാനായി ഗന്ധര്‍വനെ വധിച്ചു കഴിഞ്ഞല്ലോ ഇനി ഭഗവാന്‍ അര്‍ജ്ജുനന്‍ എന്ന ഭക്തന്‍റെ വാക്കും പാലിക്കണം എന്നപേക്ഷിച്ചു. ഗന്ധര്‍വനു ജീവന്‍ തിരികെ നല്‍കണം എന്നു പറഞ്ഞു. നാരദരും ഭഗവാനോട് ഭാക്തന്റെ മഹിമയും ഭഗവാന്‍റെ കാരുണ്യവും പ്രകടനമാക്കാനാണ് ഈ ലീല നടന്നതെന്നും അതുകൊണ്ടു എല്ലാം ശുഭ പര്യവസായിയാക്കണം എന്നു പറഞ്ഞു. ഭഗവാന്‍ ഗന്ധര്‍വനെ ജീവിപ്പിച്ചു. അര്‍ജ്ജുനന്‍ ആനന്ദ കണ്ണീരോടെ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു. ഭഗവാന്‍ അര്‍ജ്ജുനനെ എടുത്തു ഇറുകെ ആലിംഗനം ചെയ്തു. ഭഗവാന്‍റെ കൈക്കുള്ളില്‍ അര്‍ജ്ജുനനും അര്‍ജ്ജുനന്റെ കൈക്കുള്ളില്‍ ഭഗവാനും അടങ്ങി. എല്ലാവരും ഈ കാഴ്ച കണ്ടു ആനന്ദിച്ചു - ഒരേയൊരാള്‍ ഒഴികെ. അതേ! ദുര്യോധനന്‍ മാത്രം ഇളിഭ്യനായി തിരികെ പോയി! അര്‍ജ്ജുനന്റെ നാമജപത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി നമ്മളും അതു പോലെ നാമജപം ചെയ്യണം. നാമത്തില്‍ സംശയമില്ലാത്ത വിശ്വാസം വേണം. ഭഗവാന്‍ അവരെ വഴി നടത്തും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 42 (തുടര്‍ച്ച)
       ജീവന്‍ ഒരു ശരീരം സ്വീകരിച്ചു ആ ശരീരത്തിന് അനുസരിച്ചുള്ള സുഖ ഭോഗങ്ങള്‍ അനുഭവിച്ചു ആ മായയില്‍ മയങ്ങുന്നു. ഈ സുഖ ഭോഗങ്ങളൊക്കെ ശാശ്വതമാണെന്ന ധാരണയില്‍ അവയുടെ പിറകെ ഓടുന്നു. പക്ഷേ അവയ്ക്കൊക്കെ ഒരു പരിധി വരെ മാത്രമേ ആനന്ദം നല്‍കാന്‍ സാധിക്കു എന്നു പാവം ജീവന്‍ അറിയുന്നില്ല.  കരുണാ സാഗരനായ ഭഗവാന്‍ തക്ക സമയത്തില്‍ അതിനെ ഉണര്‍ത്തി ശാശ്വതമായ ആനന്ദ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടുന്നു. 
        ത്രികൂട മലയില്‍ വാണിരുന്ന ഗജേന്ദ്രനും ഒരു ദുഃഖം സംഭവിച്ചപ്പോള്‍ മാത്രമാണ് ലൌകീക സുഖ ഭോഗങ്ങള്‍ക്ക് ആനന്ദം നല്‍കാനുള്ള പരിമിതി മനസ്സിലായത്‌. ഇത്രയും കാലം തനിക്കു സുഖം തന്നിരുന്ന തടാകം അവിടെ ഉണ്ടായിരുന്നു. അതില്‍ ധാരാളം ജലവും പൂക്കളും ഉണ്ടായിരുന്നു. അവന്‍റെ പ്രിയപ്പെട്ട ബന്ധുക്കള്‍ എല്ലാവരും സമീപം ഉണ്ടായിരുന്നു. എന്നാല്‍  മുതല കാലില്‍ പിടിച്ച സമയം ഇവയ്ക്കൊന്നും ആനന്ദം നല്‍കാന്‍ സാധിച്ചില്ല. ആയിരം കൊല്ലം മുതലയോടു പോരാടി നോക്കി.
       ആ സംഭവം ഗജേന്ദ്രന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അയാള്‍ അപ്പോഴാണ്‌ ഭഗവാനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഇനിയെങ്കിലും ശാശ്വതമായ ആനന്ദത്തിനാധാരമായ ഭഗവാനെ ആശ്രയിക്കണം എന്നു അയാള്‍ മനസ്സിലാക്കി. എത്രയോ ദേവതമാര്‍ ഉള്ളപ്പോള്‍ അവരെ ആശ്രയിക്കണം എന്നു അയാള്‍ക്ക്‌ തോന്നിയില്ല. പരമമായ വസ്തുവിനെ തന്നെ പിടിക്കണം എന്നു അയാള്‍ നിശ്ചയിച്ചു. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാന്‍ തന്നെ എല്ലാര്‍ക്കും ആശ്രയം എന്നു മനസ്സിലാക്കി.  
       എന്തു പ്രശ്നം വന്നാലും രാജാധി രാജന്‍, ദേവാദി ദേവനായ ഭഗവാനെ തന്നെ ആശ്രയിക്കണം. ഭഗവാന്‍റെ താഴെയുള്ള ഇതര ദേവതമാരെ ആശ്രയിച്ചു പ്രയോജനം ഇല്ല. ഗോപന്മാര്‍ക്ക് ഈ സത്യം അറിയാമായിരുന്നു. അതു കൊണ്ടാണ് ഇന്ദ്രന്‍ നിറുത്താതെ മഴ പെയ്യിച്ചപ്പോള്‍ അവര്‍ ഭഗവാനെ തന്നെ ശരണം പ്രാപിച്ചത്. അവര്‍ക്കു വേണമെങ്കില്‍ ഇന്ദ്രനോട് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. 
         ഗജേന്ദ്രനു അതു പോലെ ബുദ്ധി ഉദിച്ചു. 'ആദി ബീജായ" എന്നു വിളിച്ചു. ശരീരം തളര്‍ന്നപ്പോള്‍ ഭഗവാനല്ലാതെ മറ്റാരും തന്നെ രക്ഷിക്കാന്‍ വരില്ല എന്നു തോന്നി. അങ്ങനെ അവസാനം ഭഗവാനെ ശരണം പ്രാപിച്ചു. അതാണ്‌ ഗജേന്ദ്രന്റെ വിജയം! കുറുക്കു വഴികള്‍ ഒന്നും ഇല്ലാതെ നേരെ ഭഗവാനെ പിടിച്ചു! എന്തായാലും ഭഗവാനെ വിളിക്കുന്ന കൂട്ടത്തില്‍ ഇന്ദ്രന്‍, ശനീശ്വരന്‍, വരുണന്‍ രുദ്രന്‍ തുടങ്ങി വേറെ രണ്ടു ദൈവങ്ങളെ കൂടി വിളിച്ചു കളയാം എന്നൊന്നും ഗജേന്ദ്രനു തോന്നിയില്ല. യാതൊരു സംശയവുമില്ലാത്ത ഗജേന്ദ്രന്റെ വിളി വൈകുണ്ഠമ് വരെ പ്രതിധ്വനിച്ചു. സകല ലോകങ്ങളിലും ഇതു കേട്ടു.  ഇന്ദ്രന്‍ തുടങ്ങിയ ദേവതകളൊക്കെ ഇതു ശ്രദ്ധിച്ചു.  ഗജേന്ദ്രന്‍ ഭഗവാനെ വിളിച്ചത് കൊണ്ടു ഭഗവാന്‍ ഉടനെ അയാളെ രക്ഷിക്കുമോ എന്നു നോക്കി. ഗജേന്ദ്രന്റെ ആ ഒരു വിളി ഭഗവാനെ ഉടനെ അവിടെ പ്രത്യക്ഷപ്പെടുത്തി.  താന്‍ രക്ഷിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെയാണ് ഗജേന്ദ്രന്‍ വിളിക്കുന്നത്‌.  അപ്പോള്‍ ഭഗവാനു അയാളെ രക്ഷിക്കാതെ ഗത്യന്തരമില്ലാതായി. വിശ്വം മുഴുവനും ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ രക്ഷിച്ചില്ലെങ്കില്‍ അതു ഭഗവാനു തന്നെയാണ് മോശം! 
       ഭഗവാന്‍ ചാടി എഴുന്നേറ്റു. വഴുതിപ്പോകുന്ന ഉത്തരീയത്തെ പോലും ശ്രദ്ധിക്കാതെ ഗജേന്ദ്രന്റെ അടുത്തു എത്താന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍റെ സേവയില്‍ സദാ ജാഗരൂകനായിരിക്കുന്ന വൈനതേയന്‍ ഉടന്‍ മുന്നില്‍ വന്നു നിന്നു. ഭഗവാന്‍ ഗരുഡന്റെ  പുറത്തു കയറി വേഗത്തില്‍ ഗജേന്ദ്രന്റെ അടുത്തു വന്നു.  ഭഗവാനു ഭക്തനെ കാണാന്‍ അത്ര തിടുക്കമാണ്! തളര്‍ന്നു നിന്ന ഗജേന്ദ്രന്‍ ദൂരെ നിന്നും ഭഗവാന്‍ ഗരുഡന്റെ പുറത്തു കയറി പറന്നു വരുന്നത് കണ്ടു.  ഹൃദയം തളിതമായി ഭഗവാനു എന്തെങ്കിലും അര്‍പ്പിക്കണം എന്നു തോന്നി. തടാകത്തില്‍ പൂത്തു നിന്ന ഒരു താമര തന്‍റെ തുമ്പിക്കൈ കൊണ്ടു പറിച്ചു അതു അര്‍പ്പിച്ചു. ദൂരെ നിന്നു തന്നെ ഭഗവാന്‍ അതു പിടിച്ചെടുത്ത്. ഇപ്പോഴും തന്‍റെ കൈയില്‍ വിടാതെ വെച്ചിരിക്കുകയാണ് അതിനെ!
        ഗജേന്ദ്രന്റെ അരികില്‍ എത്തിയ ഭഗവാന്‍ ആദ്യം അവനെ പിടിച്ചിരുന്ന മുതലയെ ചക്രം കൊണ്ടു അറുത്തു കളഞ്ഞു. ശാപം മൂലം മുതലയായി തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനു ആ ശരീരത്തില്‍ നിന്നും മോചനം ലഭിച്ചു. അതേ സമയം ഗജേന്ദ്രനു സാരൂപ്യ മുക്തിയും നല്‍കി അനുഗ്രഹിച്ചു. 
      ഗജേന്ദ്രനെ പോലെ താന്‍ ഒരിക്കലും വൈത്ത മാനിധി പെരുമാളെ വിളിച്ചിട്ടില്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. തനിക്കു ഇവിടെ ഇരിക്കാനുള്ള അര്‍ഹത ഉണ്ടോ? അവള്‍ പറഞ്ഞത് കേട്ടു രാമാനുജര്‍ ചിരിച്ചു. രാധേകൃഷ്ണാ!

0 comments:

Post a Comment