Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, May 13, 2013

പ്രേമവേദം -മേയ് 13

Posted by VEDHASAARAM


  ശ്രീമന്നാരായണീയം 
കാലാഖ്യ ശക്തിം പ്രളയാവസാനേ
പ്രാബോധയത്യാദിശതാ കിലാദൗ
ത്വയാ പ്രസുപ്തം പരിസുപ്ത ശക്തിഃ
വ്രജേന തത്രാഖില ജീവ ധാമ്നാ.
                         (ദശഃ8 ശ്ലോഃ 7)
       പ്രളയാരംഭത്തിൽ എല്ലാ ശക്തികൾക്കും അഭയസ്ഥാനവും അഖില ജീവ ജാലങ്ങൾക്കു സങ്കേതവുമായ  അങ്ങു കാലമെന്നു പേരായ ശക്തിയോടു പ്രളയാവസാനത്തിൽ തന്നെ ഉണർത്തണമെന്നു കല്പിച്ചു കൊണ്ടു അനന്തന്റെ മുകളിൽ ശയിച്ചു.
                                     (പണ്ഡിറ്റ് ഗോപാലൻ നായർ)

സദ്ഗുരുവാത്സല്യം 
ശിഷ്യലക്ഷണങ്ങൾ   
              ഒരു സത്ശിഷ്യനു വേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണു  എന്നു നാം കണ്ടു വരുന്നു.  സത്സംഗത്തിൽ ഇരിക്കുക, സത്യാസന്ധതയോടെ വർത്തിക്കുക, ഇന്ദ്രിയ സംയമനം, മനസ്സിനെ അടക്കി നിറുത്തുക ഗുരുവിന്റെ ഉപദേശത്തിൽ ഉറച്ചു നിൽക്കുക എന്നിവയാണു നാം ഇതുവരെ കണ്ടതു.
മറ്റൊരു പ്രധാന ഗുണം, അസൂയ ഇല്ലാതെ ഇരിക്കുക. മനസ്സിൽ അസൂയ ഉണ്ടാക്കുന്ന കേടു ചില്ലറയൊന്നുമല്ല. മറ്റുള്ളവരുടെ വളർച്ച കണ്ടിട്ടു അസൂയപ്പെടരുതു.നമുക്കുള്ളതു നമുക്കു കിട്ടും. നമുക്കില്ലാത്തതു ഒരിക്കലും കിട്ടില്ല. ഭഗവാൻ നമുക്കു ഏതാണോ നല്ലതു അതു മാത്രമേ നമുക്കു വേണ്ടി ചെയ്യുന്നുള്ളു. മറ്റുള്ളവർക്കു നറ്റക്കുന്നതു പോലെ നമുക്കും നടക്കണം എന്നു ശഠിക്കരുതു. അവർക്കു നല്ലതായിരിക്കും നമുക്കു അങ്ങനെ ആകണം എന്നില്ല. അതു കൊണ്ടു മറ്റുള്ളവരെ കണ്ടു അസൂയപ്പെട്ടിട്ടു ഒരു കാര്യവും ഇല്ല.
        അടുത്തതായി ശിഷ്യൻ ഗുരുവിനെ ശരണം പ്രാപിക്കുനവനാകണം. ഗുരുവിൽ പൂർണ്ണ വിശ്വാസം ഉള്ളവർക്കു മാത്രമേ ശരണാഗതി ചെയ്യുവാൻ കഴിയു. ശരണം പ്രാപിച്ചു കഴിഞ്ഞാൽ ഗുരു അവരെ കൈ വെടിയുകയില്ല. ഗുരു തന്നെ ഗതി എന്നു ഇരിക്കണം. കൂറത്താൾവാർ രാമാനുജരെ അത് പോലെ ശരണം പ്രാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്രന്മാരുടെ കാര്യത്തിലും അദ്ദേഹം ഒട്ടും ആധി കാണിച്ചിരുന്നില്ല. രാമാനുജരുടെ സ്വത്താണവർ എന്നു കരുതി. അതേ പോലെ ശ്രീ രംഗം ക്ഷേത്രത്തിൽ രാമാനുജരെ തള്ളി പറഞ്ഞു ഇദ്ദേഹത്തെ സ്വീകരിച്ചപ്പോൾ അദ്ദേഹം രംഗനാഥനെ വേണ്ടാ എന്ന് വെച്ചു. തന്റെ ആചാര്യനാണു തനിക്കു ഏറ്റവും പ്രധാനം എന്നു പറഞ്ഞു.തന്റെ ആചാര്യനെ വേണ്ടാത്ത രംഗനാഥനെ തനിക്കും വേണ്ടാ എന്നു പറഞ്ഞു.
          ഗുരു പഠിപ്പിക്കുന്ന ശാസ്ത്രങ്ങളിൽ വിശ്വാസം വേണം. അതിൽ എതിർ ചോദ്യം ഒന്നും പാടില്ല. പെരിയാൾവാർ ആണ്ടാൾക്കു മാധുര്യ ഭക്തി ശ്രേഷ്ഠം എന്നു പറഞ്ഞു കൊടുത്തു. അതിൽ മുറുകെ പിടിച്ച ആണ്ടാൾ രംഗനാഥനിൽ ലയിച്ചു. മീര കുട്ടിയായിരുന്നപ്പോൾ രൈദാസർ അവൾക്കു ഗിരിധാരിയുടെ നാമം ഉപദേശിച്ചു കൊടുത്തു. അതു  ജപിച്ചു  ജപിച്ചു. മീര ദ്വാരകാനാഥനിൽ വിലയം പ്രാപിച്ചു.  ആ ഒരു വിശ്വാസം വേണം. ഗുരു പറയുന്നതു നമുക്കു നല്ലതിനാണു. ഒരിക്കൽ പരാശര ഭട്ടരോട്  ഒരാൾ ഭഗവാനെ ശാസ്ത്രോക്തമായി പൂജിക്കുന്ന രീതി പഠിപ്പിക്കണം എന്നു ആവശ്യപ്പെട്ടു. പരാശര ഭട്ടർ ക്ഷമയോടെ രണ്ടു മണിക്കൂർ പൂജ ചെയ്യുന്നതു  പറഞ്ഞു കൊടുത്തു. അദ്ദേഹം വളരെ ശ്രദ്ധയോടെ അതു അനുഷ്ടിച്ചു വന്നു. ഒരു ദിവസം അദ്ദേഹം ഭട്ടരോടു തന്റെ ആനന്ദം പങ്കുവെക്കാനായി വന്നു. അപ്പോൾ ഭട്ടർ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു. ഇലയിൽ സർവ്വതും വിളമ്പി കഴിഞ്ഞു. ഉടനെ ഭട്ടർ തന്റെ അനുയായിയോട്‌ തന്റെ ആരാധനാ മൂർത്തിയെ എടുത്തു കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. എന്നിട്ടു ആ മൂർത്തിയെ തന്റെ മടിയിൽ ഇരുത്തി ഇലയിൽ നിന്നും ഒരു കവളം ആഹാരം ഊട്ടി കൊടുത്തു. എന്നിട്ടു മൂർത്തിയെ തിരികെ കൊണ്ടു വയ്ക്കാൻ പറഞ്ഞു.
         ഇതു കണ്ടു നിന്ന അദ്ദേഹത്തിനു വല്ലാതെ വിഷമം വന്നു. ഭട്ടർ ഊണു കഴിഞ്ഞു വന്നപ്പോൾ അദ്ദേഹത്തോട് 'അങ്ങു എന്താണു ഇങ്ങനെ കാണിച്ചത്' എന്നു ചോദിച്ചു. ഉടനെ ഭട്ടർ താൻ എന്തു കാണിച്ചു എന്നു ചോദിച്ചു. 'അങ്ങു എന്നോടു രണ്ടു മണിക്കൂർ ശ്രദ്ധയോടെ ബദ്ധപ്പെട്ടു പൂജ ചെയ്യണം എന്നു പറഞ്ഞു. എന്നിട്ട് അങ്ങു സുലഭമായി ഒരു നിമിഷം കൊണ്ടു അങ്ങയുടെ മൂർത്തിയെ ഊട്ടി. ഇതു എത്ര എളുപ്പം! എനിക്കു ഇങ്ങനെ പറഞ്ഞു തന്നാൽ പോരായിരുന്നോ? എന്നുചോദിച്ചു.
      പരാശര ഭട്ടർ ചിരിച്ചു കൊണ്ടു.'അങ്ങുഎന്നോടു ശാസ്ത്രോക്തമായ  രീതിയിൽ എങ്ങനെ പൂജ ചെയ്യണം എന്നാണു ചോദിച്ചതു. അതു ഞാൻ ശരിക്കും പറഞ്ഞു തന്നു. അല്ലാതെ അങ്ങയ്ക്കു എന്താണു യോജിച്ചതുന്നു എന്നോടു ചോദിച്ചില്ലല്ലോ. എങ്കിൽ ഞാൻ ഈ മാഗ്ഗം കാണിച്ചു തരുമായിരുന്നു എന്നു പറഞ്ഞു. 'യത് ഭാവം തത് ഭവതി'.... ഗുരുവിന്റെ മാർഗ്ഗം കണ്ണടച്ചു അവലംബിക്കുക.
         ഗുരു പല വിധത്തിൽ ശിഷ്യനെ പരീക്ഷിച്ചു നോക്കും. അതിനെ നേരിടാൻ കെൽപ്പുള്ളവനാകണം. ഗുരു പല സന്ദർഭങ്ങളിൽ ശിഷ്യനെ പല രീതിയിൽ പരീക്ഷിച്ചു നോക്കുന്നു. തദ്വാരാ ശിഷ്യന്റെ ബുദ്ധി, മനസ്സ്, അഹങ്കാരം, മമകാരം ഇവയെ തുറന്നു കാണിച്ചു മനസ്സിലാക്കി കൊടുക്കുന്നു. ഗുരു നമ്മെ പരീക്ഷിച്ചു പക്വത വരുത്തുന്നു. താൻ ആത്മാവാണ് ശരീരം അല്ല എന്നുബോധ്യപ്പെടുത്തുന്നു.
        മൊത്തത്തിൽ ശിഷ്യൻ സദ്ബുദ്ധിയോടു കൂടിയവനായിരിക്കണം, സാധുസംഗത്തെ അവലംബിക്കണം, സത്യാ സന്ധനായിരിക്കണം, ശാന്തനായി ഇന്ദ്രിയങ്ങളെ അടക്കിയവനായി ഇരിക്കണം, മനസ്സിനെ ജയിച്ചവനായിരിക്കണം, ശാസ്ത്ര വിഷയങ്ങളിൽ വിശ്വാസം ഉണ്ടായിരിക്കണം, ഗുരുവിനെ സർവ്വാത്മനാ ശരണം പ്രാപിക്കണം, ഗുരുവിന്റെ വാക്കുകളിൽ അതീവ വിശ്വാസം വേണം, ഗുരുവിന്റെ പരീക്ഷണങ്ങൾ നേരിടണം. ഈ ഗുണങ്ങൾ ഒക്കെ ഉണ്ടോ എന്നു സ്വയം വിലയിരുത്തുക. അതിനു വേണ്ടി പ്രയത്നിക്കുക. ഗുരുവിന്റെ സ്വത്തായി മാറുക. രാധേകൃഷ്ണാ രാധേകൃഷ്ണാ!

ഭക്തി രഹസ്യം  

       കഴിഞ്ഞ ലക്കത്തിൽ നിരഞ്ജന്റെ വീടു തീ പിടിച്ചപ്പോൾ ജയദേവർ വന്നു അഗ്നിയെ ശമിപ്പിച്ചതു നാം കണ്ടു. തുടർന്നു വായിക്കുക. അഗ്നി സ്വയം കീഴടങ്ങിയതു കണ്ടപ്പോൾ നിരഞ്ജന്റെ മനസ്സ് മാറി. ജയദേവൻ ഒരു വലിയ മഹാനാണെന്നു മനസ്സിലായി. അദ്ദേഹത്തോടു താൻ അപരാധം ചെയ്തു എന്ന കുറ്റ ബോധവും ഉണ്ടായി.  ഇനി ഒരിക്കലും അദ്ദേഹത്തെ ഇവിടുന്നു പോകാൻ അനുവദിക്കരുതു.അദ്ദേഹം എവിടെ ഉണ്ടോ ആ നാടിനു ഐശ്വര്യമാണ്  എന്നു തീർച്ചപ്പെടുത്തി.  ജയദേവരോടു മാപ്പു ചോദിച്ചു എന്നിട്ടു അവിടം വിട്ടു പോകരുതെന്നു അപേക്ഷിച്ചു. ജയദേവർ ചിരിച്ചു കൊണ്ടു താൻ മനസ്സിൽ ഒരു പ്രയാസവും ഇല്ലാതെയാണ് വീടു എഴുതി തന്നതു. അതു  കൊണ്ടു തനിക്കു ആ വീടു വേണം എന്നില്ല എന്നു പറഞ്ഞു.
       നിരഞ്ജൻ കൈ കൂപ്പി കൊണ്ടു അങ്ങു ഇതു അങ്ങയുടെ വീടാണെന്നു കരുതണ്ടാ. പക്ഷെ അങ്ങു ഇവിടെ ഇരുന്നാൽ എന്റെ കുടുംബത്തിനും കുട്ടികൾക്കും മംഗളം ഭവിക്കും എന്നു  അപേക്ഷിച്ചു. ജയദേവർ ഭഗവാന്റെ വിചിത്ര ലീലകൾ എങ്ങനെ എന്നു കരുതി സമ്മതിച്ചു.  ഭഗവാൻ ഓരോ ലീലകൾ ചെയ്തു നമ്മെ പരീക്ഷിക്കുന്നു. നാം ഒന്നിലും തോറ്റു കൊടുക്കാതെ എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു എതിരിടുക. എല്ലാം ഭഗവത് സങ്കല്പമായി കാണണം. ഭഗവാൻ പ്രീതി അടയും. നാം തളർന്നു തോറ്റു പോയാൽ ഭഗവാനു അതു ദുഃഖമാകും. വരുന്നതൊക്കെ എന്തോ വിശേഷ ലീലയാണെന്നു കാണാൻ പഠിക്കണം.
         ജയദേവർ നിരഞ്ജന്റെ അപേക്ഷ സ്വീകരിച്ചു വീണ്ടും അവിടെ തന്നെ ജീവിതം തുടർന്നു  അങ്ങനെ കുറച്ചു ദിവസങ്ങള് കഴിഞ്ഞു. ഒരു ദിവസം ജയദേവർക്കു ജഗന്നാഥനെ ചെന്നു കാണണം എന്നു കലശലായ മോഹം തോന്നി. പലരും പറഞ്ഞു കേട്ട അറിവേയുള്ളു. ഇതു വരെയും കണ്ടിട്ടില്ല. ഇപ്പോൾ ഒന്നു ചെന്നു കാണണം എന്നു തോന്നി. അവിടെയുള്ള ഒരു ബ്രാഹ്മണനോട് തന്റെ കൂടെ പൂരി ജഗന്നാഥ ക്ഷേത്രം വരുന്നുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. രണ്ടു പേരും കൂടി ജഗന്നാഥ ധ്യാനത്തോടെ നടന്നു. 
        നല്ല വെയിൽ കത്തി എരിയുന്നുണ്ടായിരുന്നു. ജയദേവർ ഉടനെ ദേവന്മാർക്കു കാരുണ്യം കുറവാണു. സൂര്യ ദേവൻ ആരാണു എന്താണു എന്നൊന്നും നോക്കില്ല. എല്ലാവർക്കും വറുത്തെടുക്കുന്ന ഒരേ ചൂട് തന്നെ. പക്ഷെ ഭഗവാനു മനുഷ്യരുടെ കഷ്ടം കാണാൻ സഹിക്കില്ല. തന്നെ ധ്യാനം ചെയ്യുന്നവരെ കഷ്ടപ്പെടാൻ അനുവദിക്കില്ല എന്നു പറഞ്ഞു. രണ്ടു പേരും കുറച്ചു മുന്നോട്ടു പോയപ്പോൾ ജയദേവർക്കു ചൂടു കൊണ്ടു തലകറങ്ങി തുടങ്ങി. ശരീരം വല്ലാതെ ക്ഷീണിച്ചു തളർന്നു താഴെ വീണു.
        ബ്രഹ്മണനു ആകെ പരിഭ്രമമായി. നമ്മൾ പുറപ്പെട്ട സമയം ശരിയല്ലായിരുന്നോ, അതു കൊണ്ടു അപശകുനം പോലെ ഇതു സംഭവിച്ചോ എന്നൊക്കെ തോന്നി തുടങ്ങി. അപ്പോൾ എവിടുന്നോ ഒരു ഇടയ ബാലൻ അവിടെ എത്തി. എന്നിട്ടു ബ്രാഹ്മനോടു 'സ്വാമി എന്താ ഇദ്ദേഹം നിലത്തു കിടക്കുന്നതു എന്തു പറ്റി  എന്നന്വേഷിച്ചു. ബ്രാഹ്മണൻ ഉടനെ വെയില്ലിന്റെ കാഠിന്യം കൊണ്ടു ജയദേവർ തല ചുറ്റി വീണതാണെന്നു അറിയിച്ചു. ഉടനെ ആ പയ്യ ജയദേവരുടെ തല എടുത്തു തന്റെ മടിയിൽ വെച്ചു വെള്ളം കൊണ്ടു തുടച്ചു. എന്നിട്ടു തന്റെ കയ്യിലുള്ള പാത്രത്തിൽ നിന്നും കുറച്ചു പാ എടുത്തു ജയദേവരെ കുടിപ്പിച്ചു. അദ്ദേഹം പതുക്കെ കണ്ണു തുറന്നു നോക്കി. ഇടയ പയ്യൻ  ചിരിച്ചു കൊണ്ടു 'എന്താ സ്വാമി ഇപ്പോൾ ശരിയായോ? ക്ഷീണം ഒക്കെ മാറിയോ? എന്നു ചോദിച്ചു.
ജയ
ദേവർ ആ പയ്യന്റെ ആകാരം, ആ തേജസ്, മുഖ വിലാസം, പുഞ്ചിരി, ആ നോട്ടം എല്ലാം കണ്ടു ആകൃഷ്ടനായി എനിക്കു ഇപ്പോൾ നല്ല ബലം തോന്നുന്നു. ഭാരത ദേശം മുഴുവനും നടന്നു പോകാം എന്നു ഇപ്പോൾ തോന്നുന്നു എന്നു  പറഞ്ഞു.
ആ കുട്ടി ചിരിച്ചു കൊണ്ടു അതിനു 'നിങ്ങൾ ഭാരത ദേശം മുഴുവനും പോകുന്നതു ഇരിക്കട്ടെ ഇപ്പോൾ എവിടെ  പോകാനാണു ഇറങ്ങിയതു എന്നു ചോദിച്ചു.
ജയദേവർ അതിനു ഇവിടെ ഉള്ളവർക്കു വേറെ ആശ്രയം ഏതാണു? ഞങ്ങൾ ആ ജഗന്നഥനെ തന്നെ കാണാൻ പുറപ്പെട്ടതാണ് എന്നു പറഞ്ഞു.
ഇടയൻ 'ഓ ജഗന്നാഥനെ കാണാനാണോ ഇത്രയും ബുദ്ധി മുട്ടി പോകുന്നത്? എന്നു  ചോദിച്ചു.
ജയദേവർ : എന്തു കഷ്ടം? ഞങ്ങൾ വളരെ സന്തോഷത്തോടെയല്ലേ പോകുന്നതു?
ഇടയൻ: മനസ്സിൽ സന്തോഷം തന്നെയാണു. പക്ഷെ ശരീരത്തിനു ബുദ്ധിമുട്ടല്ലേ അനുഭവപ്പെട്ടതു?
ജയദേവർ: സാരമില്ല! ശരീരം ബുദ്ധിമുട്ടിയാലും ജന്നാഥൻ അതിൽ നിന്നും രക്ഷിക്കാൻ നിന്നെ അയച്ചു തന്നില്ലേ!
ഇടയൻ: എന്നാലും ഇത്രയും പരിശ്രമം ചെയ്തു ജഗന്നാഥനെ കാണണ്ട കാര്യം ഇല്ല. സുലഭമായ മാർഗ്ഗത്തിൽ പോയാൽ തന്നെ ജഗന്നാഥ ദർശനം ലഭിക്കില്ലേ?
ജയദേവർ : 'എനിക്കു ജഗന്നാഥനെ കാണാൻ പോകാൻ അറിയാവുന്ന ഏക മാർഗ്ഗം ഇതാണ്. നിനക്കു വേറെ വഴി അറിയാമെങ്കിൽ നീ ഞങ്ങളെ വിളിച്ചു കൊണ്ടു പോകു. എത്രയും എളുപ്പം ഭഗവാനെ കാണാമെങ്കിൽ കയ്ക്കുമോ? ഞങ്ങളെ കൊണ്ടു പോകാൻ നീ തയ്യാറാണോ?
ഇടയൻ: എനിക്കെന്തു വിഷമം. നിങ്ങൾ വരാൻ തയ്യാറാണെങ്കിൽ ഞാൻ കൊണ്ടു പോകാം.
ബ്രാഹ്മണൻ ഇവരുടെ സംസാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു. തന്നോടു ഒന്നും ആലോചിക്കാതെ അവർ തീരുമാനം എടുക്കുമോ എന്നു നോക്കിയിരുന്നു. ഇതു ഇടയനു മനസ്സിലായി. ഉടനെ തന്നെ അവൻ 'നിങ്ങൾ ഒരു പക്ഷെ വരാൻ തയ്യാറായേക്കും. പക്ഷെ ഈ സ്വാമി വരുമെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹം ഈ ഇടയനെ വിശ്വസിക്കുന്നില്ലാന്നു തോന്നുന്നു' എന്നു പറഞ്ഞു.
ജയദേവർ : ഞാനും ഈ ഇടയനെ വിശ്വസിച്ചിട്ടല്ല, എന്റെ ജഗന്നാഥൻ കൂടെ ഉണ്ടെന്ന വിശ്വാസമാണ്. ഈ ഇടയന്റെ ഉള്ളിൽ അന്തര്യാമിയായി ജഗന്നാഥൻ ആണല്ലോ ഉള്ളതു!
ഇടയൻ: ശരി എന്തായാലും നമുക്ക് പോകാം. ആ ബ്രഹ്മണനു എന്റെ മേൽ വിശ്വാസം ഉണ്ടെങ്കിൽ വരട്ടെ അല്ലെങ്കിൽ തിരിച്ചു പോകട്ടെ.
ഇതൊക്കെ കേട്ട ബ്രാഹ്മണൻ ഉടൻ  തന്നെ താനും ജഗന്നാഥനെ കാണാൻ വരുന്നു എന്നു പറഞ്ഞു.
       അവർ മൂവരും പുതിയ വഴിയിൽ കൂടി നടന്നു. ജയദേവർ ആ പയ്യനോട് ഓരോന്നു ചോദിച്ചു കൊണ്ടു നടന്നു.  എത്ര പശുക്കളെ മേയ്ക്കും? എന്തു കൂലി കൊടുക്കും? ഭക്ഷണം എങ്ങനെ കിട്ടും എന്നൊക്കെ. അതിനൊക്കെ വളരെ ചാതുര്യത്തോടെ അവൻ മറുപടി പറഞ്ഞു. തനിക്കു കണക്കൊന്നും അറിയില്ല. ഓരോരുത്തർ എൽപ്പിക്കുന്ന പശുക്കളെ മേയ്ച്ചിട്ടു അതു പോലെ തിരികെ കൊണ്ടു കൊടുക്കും. അവർ എന്തു തന്നാലും വാങ്ങിക്കും. ഭക്ഷണം എവിടെ പോയാലും തനിക്കു കിട്ടും എന്നൊക്കെ. ഇവരെ പൂരിയിൽ കൊണ്ടു വിട്ടിട്ടു അയാൾക്കു തിരികെ തന്റെ പശുക്കളെ വിളിക്കാൻ പോകണം എന്നു പറഞ്ഞു. പാവം രണ്ടു ബ്രാഹ്മണരെ സഹായിക്കാം എന്നാ ഉദ്ദേശത്തിലാണ് താൻ ഇവരെ വിളിച്ചുകൊണ്ടു വരുന്നതു എന്നും പറഞ്ഞു. ഇത്രയും പറഞ്ഞിട്ട് അവൻ തന്റെ കൈ ദൂരെ ചൂണ്ടി കാണിച്ചു കൊണ്ടു, 'അതാ കാണുന്നില്ലേ ഗോപുരം അതാണു ജഗന്നാഥ ക്ഷേത്രം' എന്നു പറഞ്ഞു. ജയദേവർ അത്ഭുതസ്തബ്ധനായി. എന്ത്! താൻ ഇത്രയും പെട്ടെന്നു അവിടെ എത്തിയോ? ഇതെന്തു മായം എന്നാലോചിച്ചു. ആ ഇടയ പയ്യൻ അവരോടു പെട്ടെന്നു യാത്ര പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി. ജയദേവർക്കെന്തോ ആ പയ്യനിൽ നിന്നും ദൃഷ്ടി മാറ്റാൻ കഴിയുന്നില്ല. അവനെ തന്നെ തിരിഞ്ഞു നോക്കി കൊണ്ടു നിന്നു. 'സ്വാമി നിങ്ങൾക്കു ജഗന്നാഥനെ കാണണ്ടേ?ഇങ്ങനെ എന്നെ നോക്കി നിന്നാൽ മതിയോ എന്നവൻ ചോദിച്ചു. അപ്പോഴണു അദ്ദേഹത്തിനു കുറച്ചു ബോധം ഉണ്ടായത്. നേരെ ക്ഷേത്രത്തിലേക്കു  വേഗം നടന്നു. തുടർന്നുള്ള ഭാഗങ്ങൾ അടുത്ത ലക്കത്തിൽ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!


തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 68)

'കൾവൻ ഇവൻ എന്റെനോ ലോക ഗുരുവൈപോലെ'
     ഇവിടെ കൾവൻ എന്നു പറയുന്നതു ഭഗവാനെ കുറിച്ചാണ്. ഭഗവാനെ പല സന്ദർഭങ്ങളിൽ കള്ളൻ എന്നു പറയുന്നുണ്ട്. ലോക ഗുരു എന്നുദ്ദേശിച്ചിരിക്കുന്നത്‌ സാക്ഷാൽ മഹാ ദേവനെയാണു. ഭാഗവതത്തിൽ പറയുന്ന ഒരു കഥാ സന്ദർഭമാണ് ഇവിടെ പ്രതിപാതിക്കുന്നതു.  ഒരു അസുരൻ തപസ്സ് ചെയ്തു പരമശിവനിൽ നിന്നും ഒരു അപൂർവ വരം വാങ്ങി. തന്റെ കൈ കൊണ്ടു ആരുടെയൊക്കെ ശിരസ്സിൽ തൊടുന്നുവോ അവർ ഭസ്മമായി തീരണം എന്ന വരം! വരം ലഭിച്ചു കഴിഞ്ഞ ഉടൻ അസുരന്റെ ഭാവം ഒക്കെ മാറി.  പരമശിവന്റെ പത്നിയായ പാർവതിയെ സ്വന്തമാക്കണം എന്നു മോഹിച്ചു.  വരം വാങ്ങിയ തന്റെ കൈ കൊണ്ടു വരം തന്ന പരമേശ്വരന്റെ ശിരസ്സ് തൊടാൻ ശ്രമിച്ചു. പരമശിവൻ അയാളിൽ നിന്നും രക്ഷപ്പെട്ടു ഓടി.
       അപ്പോൾ ഭഗവാൻ ഒരു കപട ബ്രഹ്മചാരിയുടെ വേഷത്തിൽ അവിടെ വന്നു ചേരുന്നു. എന്നിട്ടു അസുരനോടു ചപല വാക്കുകൾ പറഞ്ഞു അയാളെ മയക്കി. ശിവനു ഇപ്പോൾ ശാപം മൂലം ശക്തി ഇല്ലാ. അതു കൊണ്ടു അദ്ദേഹം തന്ന വരം ഫലിക്കില്ല എന്നും വേണമെങ്കിൽ  സ്വന്തം ശിരസ്സിൽ തന്നെ കൈ വെച്ച് പരീക്ഷിച്ചു കൊള്ളുവാൻ ആവശ്യപ്പെടുന്നു. ഭഗവാന്റെ വാക്കുകളിൽ മയങ്ങി അവൻ സ്വന്തം ശിരസ്സിൽ തന്നെ കൈ വെച്ചു ഭസ്മമായി തീരുന്നു. ഭഗവാൻ പരമശിവനെ കാണാൻ വരുന്നു. എന്നിട്ടു അദ്ദേഹത്തോട് 'അവരവർ ചെയ്യുന്ന പാപം അവരവരെ നശിപ്പിക്കുന്നു' എന്നു പറഞ്ഞു. 'മറ്റുള്ളവരോടു ചെയ്യുന്ന പാപം തന്നെ ഒരുത്തനെ വീഴ്ത്തുന്നു എങ്കിൽ വിശ്വനാഥനായ അങ്ങയോടു അപരാധം ചെയ്‌താൽ അയാൾ നശിക്കും എന്നുള്ളതിന് സംശയം ഉണ്ടോ? അങ്ങു ലോക ഗുരുവാണു. അങ്ങയോടു തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കും' എന്നു പറഞ്ഞു. അങ്ങനെ പരമശിവനെ ഭഗവാൻ ലോകഗുരു എന്നു വിളിച്ചു. ഇനി ഭഗവാനെ ശിവൻ കള്ളൻ എന്നു  വിളിച്ച കഥ നോക്കാം.
      വിഷ്ണു പുരാണത്തിൽ പരമാർശിക്കപ്പെടുന്ന ഒരു ചരിത്രമാണ്. പരമശിവൻ നാരായനനോടു ഒരിക്കൽ ഒരു വരം ചോദിച്ചു. ഭഗവാൻ കൈലാസത്തിൽ ഒരിക്കൽ വരണം എന്നു. ഭഗവാൻ താൻ കൃഷ്ണാവതാരം എടുക്കുന്ന സമയത്തു വന്നു കൊള്ളാം എന്നു വാക്കും കൊടുത്തു. രുഗ്മിണി വിവാഹം കഴിഞ്ഞു ഭഗവാൻ കൈലാസത്തിലേക്കു പോകുന്നു. തനിക്കു ഒരു ഉണ്ണി ഉണ്ടാവാൻ പ്രാർത്ഥനയുമായാണ് പോയത്. കാമനെ ദഹിപ്പിച്ച പരമശിവനോട് ആ കാമനെ തന്റെ മകനായി നല്കണം എന്നു ചോദിച്ചു വാങ്ങി. അപ്പോൾ പരമശിവൻ ഭഗവാനെ കുറിച്ചു ഇങ്ങനെ പറയുന്നു 'ഇദ്ദേഹം കള്ളനാണു. അല്ലെങ്കിൽ സർവ ശക്തനായ ഇദ്ദേഹത്തിനു എന്റെ അടുക്കൽ വന്നു പുത്രനു വേണ്ടി യാചിക്കേണ്ട കാര്യം ഉണ്ടോ? എന്റെ കീർത്തിയെ നിരൂപിക്കാനായി സ്വന്തം കീർത്തിയെ മറച്ചു കൊണ്ടു ഇദ്ദേഹം എന്നോടു യാചിക്കുന്നു. ഇദ്ദേഹം തന്നെയല്ലേ പണ്ട് മോഹിനി അവതാരം എടുത്തു എന്നെ മയക്കിയതും! എന്റെ മുൻപിൽ വന്നു കൈ കൂപ്പി വരം ചോദിക്കുന്നല്ലോ നീ കള്ളൻ തന്നെയാണു! എന്നു പറഞ്ഞു. ഭഗവാന്റെ മഹിമയെ പരിപൂർണ്ണമായി ഉൾക്കൊണ്ട ശിവൻ പറഞ്ഞതു പോലെ തനിക്കു ഇതുവരെയും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലല്ലോ എന്നു പെണ്‍ പിള്ളൈ പറയുന്നു. താൻ ഇവിടെ ഇരിക്കുന്നതു കൊണ്ടു ആർക്കാണു പ്രയോജനം എന്നവൾ ചോദിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!