Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, November 13, 2012

പ്രേമവേദം നവംബർ -12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ഏവം താവത് പ്രാകൃത പ്രക്ഷയാന്തേ 
ബ്രഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ 
ബ്രഹ്മാ ഭൂയസ്ത്വത്ത എവാപ്യ വേദാൻ 
സൃഷ്ടിം ചക്രേ പൂർവ്വകല്പോപമാനാം.
                              (ദശഃ 8 ശ്ലോകഃ1)   
           മഹാ പ്രളയാവസാനത്തിലുണ്ടായ ബ്രഹ്മയുഗത്തിന്റെ ആദ്യ ദിവസം അങ്ങയിൽ നിന്നു ഇപ്രകാരം ജന്മം ലഭിച്ച ബ്രഹ്മാവ്‌ വീണ്ടും അങ്ങയിൽ നിന്നുതന്നെ വേദങ്ങൾ സ്വീകരിക്കുകയും പ്രളയത്തിനു മുമ്പുണ്ടായിരുന്ന യുഗത്തിനു തുല്യമായ സൃഷ്ടികർമ്മം നടത്തുകയും ചെയ്തു. 
                                                      (പണ്ഡിറ്റ്‌ ഗോപാലൻ നായർ)
സദ്ഗുരുവാത്സല്യം 
       രാധേകൃഷ്ണാ! സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. സദ്ഗുരുവിനു പക്ഷഭേദം ഇല്ല.  നാരദനും സദ്ഗുരു കൃപ കൊണ്ടു ഭഗവത് ദര്ശനം അതെ പോലെ അസുര കുട്ടിയായ പ്രഹ്ലാദനും നാരദർ എന്ന സദ്ഗുരുവിന്റെ കൃപ! അദ്ദേഹം ഉപദേശിച്ച മന്ത്രം ഉരുവിട്ടു തൂണിൽ ഭഗവാനെ പ്രത്യക്ഷമായി കണ്ടു. കുട്ടികൾ ഇല്ലാതെ ദുഃഖം കൊണ്ടു കരഞ്ഞു കൊണ്ടിരുന്ന ചിത്രകേതുവിനു അംഗിരസ്സ് മഹർഷിയുടെ അനുഗ്രഹത്താൽ ഒരു കുഞ്ഞു ഉണ്ടായി. സപ്ത്നികളുടെ അസൂയ കൊണ്ടു കുട്ടി വിഷം കൊടുത്തു കൊല്ലപ്പെടുന്നു. ഹൃദയം തകർന്നു പോയ ചിത്രകേതുവിനു നാരദർ എന്ന സദ്ഗുരു സത്യം മനസ്സിലാക്കി വൈരാഗ്യം ഉണ്ടാക്കി ഉപദേശം നൽകി. ആ ഉപദേശം ചിത്രകേതുവിനെ ഗന്ധർവ്വനായി ഉയർത്തുകയും, ദേവീ ശാപം മൂലം അസുര യോനിയെ പ്രാപിച്ചപ്പോൾ പോലും വിടാതെ ഭഗവത് സ്മരണ തന്നു അദ്ദേഹത്തെ മോക്ഷത്തിലേക്കു നയിച്ചു.
       ജഗജ്ജനനിയായ സീതാ മാതാവ് ഭഗവാന്റെ പ്രഭാവം പൂർണ്ണമായി മനസ്സിലാക്കിയിരുന്നു. എന്നിട്ടു പോലും അശോക വനത്തിൽ വെച്ചു ദുഃഖം മൂലം സ്വയം ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ ആഞ്ജനേയൻ എന്ന സദ്ഗുരു രാമായണം എന്ന ജീവാമൃതം നൽകി ജീവിപ്പിച്ചു. മഹാലക്ഷ്മിയായ രുഗ്മിണിക്കു ശിശുപാലനുമായി വിവാഹം നിശ്ചയിച്ചപ്പോൾ ഒരു ഉഞ്ഛവൃത്തി ബ്രാഹ്മണൻ സന്ദേശകാനായി വേണ്ടി വന്നു. ഋഗ്മിണിയുടെ കത്തു ഭഗവാങ്കൽ എത്തിച്ചു ഭഗവാനെ രുഗ്മിണിയുടെ പക്കലേക്കു വിളിച്ചു കൊണ്ടു വന്നു. അപ്പോൾ നമുക്ക് സദ്ഗുരു അല്ലാതെ വേറെ ഗതി ഇല്ല. ജീവിതത്തിൽ എന്തു സമ്പാദിച്ചാലും സദ്ഗുരു നാഥനെ സമ്പാദിക്കണം.സദ്ഗുരു നാഥൻ ഇല്ലാതെ ഭഗവാനെ പ്രാപിക്കുവാൻ ആർക്കും കഴിയില്ല. 
 ജപ തപോ വ്രതം തീർത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സർവ്വം വ്യർത്ഥം ഭവേത് പ്രിയേ!
ജപം, തപസ്സ്, വ്രതങ്ങൾ, തീർത്ഥാടനം, തുടങ്ങിയവ ഒന്നും ഗുരു കൃപ ഇല്ലാതെ പ്രയോജനപ്പെടുകയില്ല. സദ്ഗുരുവിനെ പിടിക്കേണ്ടത്‌ നമ്മുടെ കടമയാണ്. കുരങ്ങിൻ കുട്ടിയെ പോലെ മുറുക്കി പിടിക്കണം. അതിനു ഏറ്റവും ഉയരത്തിലുള്ള കൊമ്പിലേക്കു പോകാൻ ആഗ്രഹം. പക്ഷെ അതിനു കഴിയില്ല. തന്റെ അമ്മയെ മുറുകെ പിടിക്കുമ്പോൾ സുലഭമായി അമ്മയുടെ കൂടെ ഉയരം കയറാം. മറ്റൊരു ശിഖരത്തിലേക്ക് ചാടുകയും ചെയ്യാം. അതു പോലെ നമുക്കു ഉയരാനുള്ള കഴിവില്ലെങ്കിലും സദ്ഗുരുവിനെ മുറുകെ പിടിച്ചാൽ അദ്ദേഹം നമ്മെ എത്തിക്കും. നമ്മുടെ ശ്രദ്ധ നമുക്കു ഗുരു മഹിമ മനസ്സിലാക്കി തരും.
        സ്വാമി രാമാനുജർ അത്യാശ്ചാര്യമായ ഒരു സദ്ഗുരുവാകുന്നു. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ ഇരിക്കുകയായിരുന്നു.ചില കാരണങ്ങളാൽ അപ്പോൾ മഠത്തിൽപണത്തിനു കുറച്ചു ബുദ്ധി മുട്ടുണ്ടായിരുന്നു. പതിവായി അവിടെ തയിരു കൊടുക്കുന്ന സ്ത്രീക്കു പണം ഒരു പാടു ബാക്കി കിട്ടാനുണ്ടായിരുന്നു. അവൾ പലപ്പോഴായി അവരോടു ചോദിച്ചു നോക്കി. താൻ സാധാരണ ദരിദ്രയാണെന്നും ഈ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം നടത്തുന്നതെന്നും ഇത്രയും കടം ഇടരുതെന്നും പറഞ്ഞു. പക്ഷെ മഠത്തിലെ ശിഷ്യർ അവളോടു കുറച്ചു കൂടി ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ടെ ഇരുന്നു. ഒരു ദിവസം അവൾ സഹി കെട്ടു തനിക്കു രാമാനുജരോടു നേരിൽ സംസാരിക്കണം എന്നു പറഞ്ഞു. ശിഷ്യർ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഈ കാര്യങ്ങൾ ഒന്നും  അറിയിക്കരുതെ എന്നു അപേക്ഷിച്ചു. അദ്ദേഹം അറിഞ്ഞാൽ മനസ്സ് വിഷമിക്കും എന്നു പറഞ്ഞു. അവൾ ഒട്ടും  സമ്മതിച്ചില്ല. തനിക്കു എന്തു വന്നാലും ഇന്നു സ്വാമി രാമാനുജരെ കണ്ടേ പറ്റു എന്നു ശഠിച്ചു.ഗത്യന്തരമില്ലാതെ ശിഷ്യർ രാമാനുജരോടു മടിച്ചു മടിച്ചു കാര്യം പറഞ്ഞു. തയിർക്കാരിക്കു അദ്ദേഹത്തെ കാണണം എന്നും പറഞ്ഞു. ബാക്കി വിഷയങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
  രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ലക്ഷ്മിയോട് ആ ബ്രാഹ്മണൻ മൂക്കുത്തി ദാനം വാങ്ങിച്ചതു വായിച്ചു. മൂക്കുത്തി  ദാനമായി കിട്ടിയത് എടുത്തു കൊണ്ടു ലക്ഷ്മിയെ ഹൃദയ പൂർവ്വമായി ബ്രാഹ്മണൻ ആശീർവദിച്ചു. 'നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. നിറയെ നാമജപം ചെയ്യു' എന്നു പറഞ്ഞു. ബ്രാഹ്മണൻ അവളോടു വിട പറഞ്ഞു ഇറങ്ങി. 
          ബ്രാഹ്മണൻ നേരെ ശ്രീനിവാസന്റെ കട നോക്കി ചെന്നു. ശ്രീനിവാസാൻ ആരെങ്കിലും വരുമോ എന്നു  നോക്കി ഇരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരാൾ വരുന്നതു കണ്ടു. കണ്ടിട്ടു നല്ല പണക്കാരനാണെന്നു തോന്നി. ഒരു ജമീന്ദാരെ പോലെ വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. ശ്രീനിവാസനു സന്തോഷമായി. പണക്കാരൊക്കെ പണയം വെയ്ക്കാൻ വന്നാൽ നല്ല കോളാണു. പലിശ ധാരാളം വാങ്ങിക്കാം എന്നു വിചാരിച്ചു. ജമീന്ദാർ കടയിൽ പ്രവേശിച്ചു എന്നിട്ട് ശ്രീനിവാസനോട് 'ഞാൻ ഒരു യാത്ര വന്നതാണു. വഴിയി പെട്ടെന്നു  എനിക്കു പണത്തിനു കുറച്ചു അത്യാവശ്യം വന്നു. എന്റെ ആഭരണം പണയമായി വെച്ചു കൊണ്ടു കുറച്ചു പണം തരു! രണ്ടു ദിവസത്തിനകം ഞാൻ അതു തിരിച്ചു തരും' എന്നു പറഞ്ഞു. 
           ജമീന്ദാർ തന്റെ വസ്ത്രത്തിൽ നിന്നും ഒരു വജ്ര മൂക്കുത്തി എടുത്തു നീട്ടി. നല്ല തിളക്കം! വളരെ വില കൂടിയ വജ്രമാണെന്നു തോന്നി. ശ്രീനിവാസനു സന്തോഷമായി. തീരെ താല്പര്യം ഇല്ലാത്ത പോലെ ജമീന്ദാരെ നോക്കി. ഉടനെ അദ്ദേഹം 'ഇത് വളരെ ഉയർന്ന ജാതി വജ്രമാണു, എന്നു പറഞ്ഞു. ശ്രീനിവാസാൻ അദ്ദേഹത്തെയും ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു '500/ രൂപ തരാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'എനിക്കു വജ്രത്തെ കുറിച്ച് നന്നായി അറിയാം. ഇതിന്റെ വില 5000/- രൂപയെങ്കിലും കാണും. നിങ്ങൾ എനിക്കു ഒരു 3000/- രൂപ ഇപ്പോൾ തരണം' എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു 'ഇപ്പോൾ ഞാൻ ആയിരം രൂപ തരാം' എന്നു പറഞ്ഞു.  ജമീന്ദാർ നിവൃത്തിയില്ലാതെ ശരി അതു മതി എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസൻ രൂപ വീട്ടിൽ നിന്നും എടുത്തു കൊണ്ടു വരാം എന്നു പറഞ്ഞു. ജമീന്ദാർ അതിനു 'ഉടൻ തന്നെ കൊണ്ടു വരണം എനിക്കു ഒരു പാടു നേരം കാത്തു നിൽക്കാൻ പറ്റില്ല' എന്നു പറഞ്ഞു. ഇതാ ഒരു അഞ്ചു നിമിഷത്തിനുള്ളിൽ വരാം എന്നു പറഞ്ഞു വീടിലേക്കു ഓടി. 
         വഴിയിൽ രണ്ടു മൂന്നു പ്രാവശ്യം മൂക്കുത്തി കയ്യിലെടുത്തു നോക്കി. ഇതു പോലെ താൻ എവിടെയോ കണ്ടിട്ടുണ്ടോ എന്നു തോന്നി. അദ്ദേഹം ധൃതിയിൽ ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു. അവിചാരിതമായ നേരത്തു ശ്രീനിവാസനെ കണ്ടു ലക്ഷ്മി ആശ്ചര്യപ്പെട്ടു. 'അല്ലാ.. ഇന്നെന്താ നേരത്തേ തന്നെ ഉണ്ണാൻ എത്തിയോ?' എന്നു ചോദിച്ചു. ശ്രീനിവാസൻ അതിനു 'ദാ കണ്ടോ? ഈ മൂക്കുത്തി! ഞാൻ ഇതേ പോലെ എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. ഒരു ജമീന്ദാർ ഇപ്പോൾ ഇതു പണയം വയ്ക്കാനായി എത്തിയതേയുള്ളു. ഞാൻ പണം എടുക്കാൻ ഓടി വന്നതാണു' എന്നു പറഞ്ഞു കൊണ്ടു അവളുടെ മുഖത്തേക്കു നോക്കി. അപ്പോഴാണ്‌ ശ്രദ്ധിച്ചത്, അവളുടെ മൂക്കുത്തി കാണാനില്ല. 'നിന്റെ മൂക്കുത്തി എവിടെ പോയെടി' എന്നു ചോദിച്ചു. ലക്ഷ്മി തളർന്നു പോയി. അവൾ എന്തു ഉത്തരം പറയും? 
         പെട്ടെന്നു അവളുടെ വായിൽ നിന്നും 'മൂക്കുത്തി കുളിക്കുമ്പോൾ ഞാൻ അഴിച്ചു വെച്ചു, പിന്നീട് ഇടാൻ മറന്നു പോയി, എന്നു ഒരു കള്ളം പുറത്തു വന്നു.  ശ്രീനിവാസൻ അതു കേട്ടിട്ടു 'ഓഹോ എന്നാൽ അതു എടുത്തു കൊണ്ടു വരൂ. രണ്ടും കൂടി താരതമ്യം ചെയ്തു നോക്കട്ടെ എന്നു പറഞ്ഞു. ലക്ഷ്മി ഞെട്ടി പോയി. ഇതു അവൾ ഒട്ടും പ്രതീക്ഷിക്കാത്തതാണു. അവളുടെ കയ്യും കാലും വിറയ്ക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്ന് പോയി. 'ഹും വേഗം എടുത്തു കൊണ്ടു വരൂ.. എന്നു ശ്രീനിവാസൻ വിളിച്ചു. അവൾ നേരെ പൂജാ മുറിയിൽ പോയി ഭഗവാന്റെ മുന്നിൽ നിന്നു. 
        അവളുടെ ഹൃദയം തേങ്ങി, 'പാണ്ഡുരംഗാ! ഇതെന്താണു സംഭവിക്കുന്നത്‌? ഞാൻ ഇപ്പോൾ എന്തു ചെയ്യും? എന്നെ രക്ഷിക്കില്ലേ? നിന്റെ ചരണാരവിന്ദം അല്ലാതെ എനിക്കു വേറെ ആശ്രയം ഇല്ല' എന്നു കരഞ്ഞു. ശ്രീനിവാസാൻ ക്ഷമയില്ലാതെ 'എവിടെ വേഗം എടുക്കു! നീ അവിടെ എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നു ബഹളം വെച്ചു. അവൾ കൈ കൊണ്ടു വെറുതെ അവിടെ തിരഞ്ഞു കൊണ്ടു നിന്നു. എന്താടീ നീ അവിടെ തിരയുന്നതു? ആ പെട്ടി ഇങ്ങോട്ടു എടുക്കു. ഞാൻ നോക്കാം എന്നയാൾ പറഞ്ഞു. അവൾ എത്ര നേരം തിരയുന്നതായി അഭിനയിക്കും എന്തായാലും സത്യം പുറത്തു വരും. വരുന്നതു വരട്ടെ. ഭഗവാൻ എന്നെ എങ്ങനെ രക്ഷിക്കും എന്നു എനിക്കറിയില്ല. എനിക്കിപ്പോൾ ഇതേ വഴിയുള്ളു എന്നു അവൾ ആഭരണപ്പെട്ടി എടുത്തു ഭർത്താവിന്റെ കൈയിൽ കൊടുത്തു. 'തരു തരു ഞാൻ തന്നെ നോക്കാം എന്നു പറഞ്ഞു കൊണ്ടു ശ്രീനിവാസാൻ അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി. തനിക്കു എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാതെ അവൾ നാമജപം ചെയ്തു കൊണ്ടു നിന്നു. നാമും നാമജപം ചെയ്തു കാത്തിരിക്കാം. ഉദ്വേഗപൂർവ്വമായ ബാക്കി ഭാഗങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 62)
'അരുളാളം കണ്ടേനോ നല്ലാനൈപോലേ'
         രാധേകൃഷ്ണാ! പെണ്‍പിള്ളൈ തന്റെ അടുത്ത വാക്യം പറഞ്ഞു. ഇതുവും സ്വാമി രാമാനുജരുടെ ഒരു ശിഷ്യന്റെ വിഷയമാണ്.കാവേരി തീരത്ത് ഉണ്ടായിരുന്ന ഒരു പണക്കാരനാണു നായകൻ. വിശിഷ്ഠമായ ഒരു ഭക്തൻ. ബ്രാഹ്മണൻ. വളരെ ധനവാൻ. എല്ലാവരോടും നല്ല പോലെ ഇടപഴകും. ആരെങ്കിലും വൈഷ്ണവരെ കണ്ടാൽ ഉതാൻ കാലില വീണു നമസ്കരിക്കും. അവരുടെ പേരോ, ജാതിയോ, പ്രായമോ സ്ഥിതിയോ ഒന്നും പ്രശ്നമല്ല നെറ്റിയിൽ ഗോപീ ചിഹ്നം ധരിച്ചിട്ടുണ്ടെങ്കിൽ ഉടൻ നമസ്കരിക്കും.
         ഒരിക്കൽ അദ്ദേഹം കാവേരി നദിയിൽ നിന്നു കൊണ്ടു നിത്യ കർമ്മാനുഷ്ഠാനാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്തോ അദ്ദേഹത്തെ വന്നിടിച്ചു. അദ്ദേഹം നോക്കിയപ്പോൾ അത് ഒരു ശവമായിരുന്നു. നെറ്റിയിൽ തിലകക്കുറി കണ്ടു. രണ്ടു തോളുകളിലും വൈഷ്ണവ മുദ്രകൾ പതിപ്പിച്ചിരിക്കുന്നതു കണ്ടു. വൈഷ്ണവ സമ്പ്രദായത്തിൽ പഞ്ച സംസ്ക്കാരത്തിൽ പെട്ട ഒന്നാണു അത്. രണ്ടു തോളുകളിലും ലോഹത്തിലുള്ള ശംഖു ചക്ര മുദ്രകൾ ചൂടാക്കി പതിപ്പിക്കും. അത് കഴിഞ്ഞാൽ അയാൾ ഭഗവാന്റെ സ്വത്താകും. ശംഖു ചക്ര മുദ്രകൾ കണ്ട ഉടനെ അത് ഒരു ശ്രീവൈഷ്ണവനാണെന്നു അദ്ദേഹത്തിനു മനസ്സിലായി.
           ആ ശവ ശരീരത്തിനു അദ്ദേഹം അന്ത്യ സംസ്കാരങ്ങൾ എല്ലാം ശ്രദ്ധയോടെ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ ബ്രാഹ്മണർ ആരും തന്നെ അതിനു തയ്യാറായില്ല. ആ ശവം ഒരു താഴ്ന്ന ജാതിയിൽ പെട്ട ആളുടെയായിരുന്നു. ധനിക ബ്രാഹ്മണൻ അതൊന്നും ശ്രദ്ധിക്കാതെ സ്വയം മന്ത്രപൂർവം ചടങ്ങുകൾ എല്ലാം ചെയ്തു പ്രേതം സംസ്കരിച്ചു. നാട്ടുകാർക്കു ഇതു അത്ര ശരിയാണെന്നു തോന്നിയില്ല. അവർ എല്ലാവരും കൂടി  അദ്ദേഹത്തെ ജാതിഭ്രഷ്ടം ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ആരും യാതൊരു ബന്ധവും പാടില്ല. അങ്ങനെ ചെയ്യുന്നവരെയും ഭ്രഷ്ടു കല്പിക്കും.
           അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്കാരൊക്കെ ഇതു അദ്ദേഹതോടു പറഞ്ഞു സങ്കടപ്പെട്ടു. അവർക്കൊക്കെ അദ്ദേഹം ശംഖു ചക്ര മുദ്രകൾ നൽകി വൈഷ്ണവരായി സ്ഥാനം കൊടുത്തിരുന്നു. അദ്ദേഹം അതു കാര്യമാക്കിയില്ല. നാട്ടുകാർ മൊത്തം അദ്ദേഹത്തോടു സംസാരിക്കില്ല ചിരിക്കില്ല, കൊടുക്കൽ വാങ്ങൽ ഒന്നും തന്നെ ഇല്ല. അദ്ദേഹം ഇതെല്ലാം ഭഗവാനു അറിയാം എന്നിരുന്നു.
         അദ്ദേഹം പിറ്റേദിവസം ക്ഷേത്രത്തിൽ വന്നു. ക്ഷേത്രത്തിൽ വരുന്നതു തടയുവാൻ ആർക്കും സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിനകത്തു പ്രവേശിച്ചു. ആ സമയം ഉത്സവ മൂർത്തിയെ വെളിയിൽ എഴുന്നള്ളിച്ചു അഭിഷേക ആരാധനകൾ നടക്കുകയായിരുന്നു. ഊരു വിലക്കുണ്ടായിരുന്നതിനാൽ അദ്ദേഹം നിൽക്കുന്ന സ്ഥലത്തു ആരും തന്നെ വന്നില്ല. എല്ലാവരും എതിർ ദിശയൽ ചെന്നുനിന്നു. അദ്ദേഹത്തിനു ഏകാന്ത ദർശനം കിട്ടി. അലങ്കാരങ്ങൾ എല്ലാം കഴിഞ്ഞു ആരാധന കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. 'പ്രഭോ ഇങ്ങനെ എനിക്കു എകാന്തത്തിൽ നിന്നെ അനുഭവിക്കാനാണോ ഊരു വിലക്കു കല്പിച്ചതു' എന്നു വിചാരിച്ചു.
            പെട്ടെന്നു പൂജാരിയുടെ മേൽ ഭഗവാൻ ആവിർഭവിച്ചു. അതു വരെ വെറുതെ പൂജ ചെയ്തു കൊണ്ടിരുന്ന അദ്ദേഹം തിരിഞ്ഞു എല്ലാവരോടും കയർത്തു. 'ഉമർക്കെല്ലാം അവർ പൊല്ലാൻ എനക്കു നല്ലാൻ' എന്നു ഉറക്കെ വിളിച്ചു. നിങ്ങൾക്കൊക്കെ അദ്ദേഹം ചീത്തയാണെങ്കിൽ എനിക്കു നല്ലവനാണു. വൈഷ്ണവ മുദ്രയ്ക്കു അദ്ദേഹം നൽകുന്ന ബഹുമാനം എത്ര വിശിഷ്ഠമായ ഭാവത്തെയാണ് കാണിക്കുന്നതു. നിങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചു ആദരിക്കണം എന്നാണു എന്റെ കല്പന' എന്നു പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. പൂജാരിക്കു പോലും ഒരു നിമിഷം താൻ എന്താണു പറഞ്ഞതെന്നു മനസ്സിലായില്ല. അവർക്കു അദ്ദേഹത്തിന്റെ ഭക്തി ഭാവം മനസ്സിലായി സ്വയം ലജ്ജ തോന്നി. അന്നു മുതൽ അദ്ദേഹത്തിനു 'തിരുമലൈ നല്ലാൻ ചക്രവർത്തി' എന്ന നാമം സിദ്ധിച്ചു.
             ജാതി മത ഭേദം ഒന്നും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വൈഷ്ണവ സംസ്കാരം ചെയ്തു കൊടുത്തു. അവർക്കെല്ലാം രാമാനുജരുടെ മഹത്വം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ സാധുക്കൾക്കും ആചാര്യ ഭക്തി ഭഗവത് ഭക്തി പഠിപ്പിച്ചു  കൊടുത്തു. അത്ര ശ്രേഷ്ഠമായ ഒരു ഭക്തനാണ്. പെണ്‍പിള്ളൈ ആ മഹാ ഭക്തന്റെ കാര്യം പറഞ്ഞു താനിക്കു അതു പോലെ ഉള്ള ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു പരഞ്ഞു. രാമാനുജർ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!