Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, April 13, 2012

പ്രേമവേദം ഏപ്രില്‍ - 12

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
മായ യാത്ര കദാപി നോ വികുരുതേ 
ഭാതേ ജഗത്ഭ്യോഃ ബഹിഃ  
ശോക ക്രോധ വിമോഹ സാധ്വാസ മുഖാ
ഭാവാസ്തു ദൂരം ഗതാഃ 
സാന്ദ്രാനന്ദജ്ജരീ ച യത്ര പരമജ്യോതിഃ 
  പ്രകാശാത്മകേഃ 
തത്തേ ധാമ വിഭാവിതം വിജയതേ
വൈകുണ്ഠരൂപം വിഭോ!   
              (ദശഃ 7 ശ്ലോഃ 4)
        രാധേകൃഷ്ണാ! വിശ്വമണ്ഡലം മുഴുവന്‍ ജലാവൃതമായിരിക്കെ, ഇപ്രകാരം എന്നോടു പറഞ്ഞതാരാണെന്നു ചിന്തിച്ചു നാലു ദിക്കിലും നോക്കിയെങ്കിലും ഒന്നും ദര്‍ശിക്കാന്‍ കഴിയാതിരുന്ന ബ്രഹ്മാവ്‌ അശരീരിയുടെ അര്‍ത്ഥം ഗ്രഹിച്ചു ആയിരം ദിവ്യ വര്‍ഷങ്ങള്‍ തപസ്സനുഷ്ഠിച്ചു. അങ്ങിനെ ബ്രഹ്മാവിനാല്‍ ഭജിക്കപ്പെട്ട അങ്ങ് എകാതിശയകരവും സ്വവാസസ്ഥാനവുമായ 
വൈകുണ്ഠം അദ്ദേഹത്തിനു ദര്‍ശന വിഷയമാക്കി.
                                             (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

 പ്രേമസന്ദേശം 
       രാധേകൃഷ്ണാ! ജീവിതത്തില്‍ എല്ലാവരോടും വളഞ്ഞു കൊടുക്കരുത്. കുറച്ചു പേരോടെങ്കിലും കടും പിടുത്തം ആവശ്യമാണ്‌. ഇല്ലെങ്കില്‍ നീ വെറും ഒരു വിഡ്ഢിയായി ഭവിക്കും!
ഇതു നീ പഠിക്കേണ്ട പാഠം!

സദ്ഗുരുവാത്സല്യം
വേദങ്കള്‍ ആയിനവെല്ലാം
പീതക ആടൈ പിരാനാര്‍ പിരമഗുരുവാകി വന്തു
        ഈ ശരീരം ഇപ്പോള്‍ എന്റെ നിയന്ത്രണത്തിലല്ല. ഈ ശരീരത്തില്‍ കാമത്തിനോ, ക്രോധത്തിനോ പ്രാരബ്ധത്തിനോ യാതൊരു വിധത്തിലും ഒന്നും ചെയ്യാന്‍ സാധിക്കില്ല. കാരണം അതില്‍ ഭഗവത് ഭക്തി നിറഞ്ഞിരിക്കുകയാണ്. അതു എങ്ങനെ അവിടെ വന്നു എന്നു ചോദിച്ചാല്‍ പീതാംബരം ധരിച്ചിരിക്കുന്ന ഭഗവാന്‍ ബ്രഹ്മ ഉപദേശം നല്‍കുന്ന ഒരു സദ്ഗുരുവിന്റെ രൂപത്തില്‍ വന്നിട്ട് എന്റെ തലയില്‍ തന്റെ കമല ചരണതിനെ വെച്ചു. ആ ചരണ മുദ്ര എന്റെ ശിരസ്സില്‍ ഉള്ളതു കൊണ്ടു ഞാന്‍ ഭഗവത് ഭക്തനാണ്, ഒരു ഗുരുവിന്റെ ശിഷ്യനാണ് എന്നു  എളുപ്പത്തില്‍ മനസ്സിലാകും. യമധര്‍മ്മ രാജന്റെ ആള്‍ക്കാര്‍ പോലും അടുത്തു വന്നാല്‍ ആ മുദ്ര കണ്ടു എന്നെ വണങ്ങി വഴി മാറും. അതു കൊണ്ടു എനിക്കു നരക വാസവും ഇല്ല! ഇങ്ങനെ ആഴ്വാര്‍ തന്റെ സദ്ഗുരുവിന്റെ മഹത്വത്തെ അനുഭവിക്കുന്നു.
         ഒരു കുഞ്ഞിന്റെ നന്മയ്ക്കു  വേണ്ടി അമ്മ എന്തു മാത്രം ഹൃദയ വ്യഥ അനുഭവിക്കുന്നു. അതൊന്നും ആ കുഞ്ഞു മനസ്സിലാക്കുന്നില്ല. അതിന്റെ പാട്ടിനു അതു കളിച്ചു കൊണ്ടിരിക്കുന്നു. എന്നു വെച്ചു അമ്മയ്ക്കു ആ കുഞ്ഞിനോടു മടുപ്പോ, വെറുപ്പോ ഉണ്ടാവുന്നില്ല. അതു പോലെ സദ്ഗുരുവിന്റെ ഹൃദയത്തില്‍ തന്റെ ശിഷ്യര്‍ നന്നാവണം, ഉദ്ധാരണം ആകണം എന്ന വ്യഥ സദാ ഉണ്ട്. അതു പുറത്തു കാണില്ല. ശിഷ്യര്‍ക്കു അതൊന്നും മനസ്സിലാവില്ല. എന്നാലും സദ്ഗുരു അവര്‍ക്കു വേണ്ടി സദാ പ്രയത്നിക്കുന്നു. ഭാരത ഭൂമിയില്‍ സദാചാര പുരുഷന്മാര്‍ക്കു ഒരിക്കലും ഒരു കുറവില്ല. ഓരോ കാലഘട്ടത്തിലും ഓരോ ആചാര്യന്‍ ഭാരത ദേശത്തെ ഉദ്ധാരണം ചെയ്തു കൊണ്ടിരിക്കുന്നു. അതു തടുത്തു നിര്‍ത്താനുള്ള ശക്തി മുഹമ്മദീയനും ബ്രിട്ടിഷ്കാരനും നാസ്തീകനും ഇല്ല. ഗുരു സാക്ഷാത് പരബ്രഹ്മം തന്നെയാണ്! ഇതു പല മഹാന്മാരുടെ ചരിത്രത്തില്‍ നിന്നും നമുക്ക് നിരൂപിക്കാന്‍ സാധിക്കും.
         മണര്‍പാക്കം നമ്പി എന്നൊരു മഹാന്‍ കാഞ്ചീപുരത്തില്‍  ജീവിച്ചു വന്നു. ഹസ്തിഗിരി എന്നൊരു പേരും ഉണ്ടു ആ സ്ഥലത്തിനു.  അതിന്റെ അടുത്തു മണര്‍പക്കം എന്നൊരു ഗ്രാമം ഉണ്ടു. അവിടെ താമസിച്ചിരുന്ന ഒരു മഹാനാണ് അദ്ദേഹം! മഹാ വരദ ഭക്തനാണ്. ഇപ്പോഴും വരദന്റെ നാമം ജപിച്ചു കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ ഭക്തിക്കു വശപ്പെട്ടു വരദനും അദ്ദേഹത്തോടു സംസാരിച്ചു തുടങ്ങി. എന്നും രാത്രി സ്വപ്നത്തില്‍ അദ്ദേഹത്തിനു വരദന്‍ പ്രത്യക്ഷപ്പെടും. വേദം തത്വം രഹസ്യാര്‍ത്ഥം എല്ലാം വരദന്‍ പറയുമ്പോള്‍ അദ്ദേഹം കേള്‍ക്കും.
ഒരു രാത്രി വരദന്‍ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടില്ല.  ഉറക്കത്തില്‍ പോലും ബോധം ഉണ്ടായിരുന്ന അദ്ദേഹം എന്താണു ഭഗവാന്‍ അന്നു വരാത്തതു എന്നു ചിന്തിച്ചു. തനിക്കു അഹംഭാവം വന്നോ? താന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ? എന്നൊക്കെ ചിന്തിച്ചു അദ്ദേഹം ഭയപ്പെട്ടു. രാവിലെ അദ്ദേഹം നേരെ ക്ഷേത്രത്തിലേക്കു തിരിച്ചു. 
         ഭഗവാനോട് അദ്ദേഹം രാത്രി എന്തു കൊണ്ടു വന്നില്ല എന്നു കരഞ്ഞു കൊണ്ടു ചോദിച്ചു.  ഭഗവാന്‍ അതിനു 'നീ നേരെ ശ്രീരംഗം പോകു. അവിടെ നിനക്കു ഉത്തരം പറയാം' എന്നു അശരീരി മൂലം ഉണര്‍ത്തിച്ചു. നമ്പിക്കു കുറച്ചു വല്ലാതെയായി. അദ്ദേഹത്തിനു ശ്രീരംഗനാഥനോട് അത്ര പഥ്യം ഇല്ല. എന്തു കൊണ്ടു ഭഗവാന് ഇവിടെ തന്നെ പറഞ്ഞു കൂടാ എന്നു വിചാരിച്ചു. പക്ഷെ അദ്ദേഹത്തിനു അതിനു ഉത്തരം കിട്ടിയില്ല. ശരി ഭഗവാന്റെ തീരുമാനം അതാണെങ്കില്‍ അതനുസരിച്ചല്ലേ പറ്റു എന്നു വിചാരിച്ചു അദ്ദേഹം ശ്രീരംഗത്തെക്കു തിരിച്ചു. 
        ഭഗവാന്‍ പറഞ്ഞത് കൊണ്ടു മാത്രം അദ്ദേഹം അവിടെ എത്തി. അല്ലാതെ അദ്ദേഹത്തിനു ആ സ്ഥലത്തോടോ മൂര്‍ത്തിയോടോ ആളുകളോടോ പ്രത്യേക മമത ഒന്നും ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ചെന്നു ഭഗവാനെ തൊഴുതു. 'എന്നെ വരദന്‍ ഇവിടെ വരാന്‍ പറഞ്ഞു അതു കൊണ്ടു വന്നു. വരദനെ ഇവിടെ എവിടെ കാണും' എന്നു പറഞ്ഞു കൊണ്ടു അവിടെ എല്ലാം ചുറ്റി നടന്നു നോക്കി. ഒടുവില്‍ ചന്ദ്ര പുഷ്കരിണിയുടെ  തീരത്തു ചെന്നിരുന്നു. എന്നിട്ടു 'വരദാ ഇവിടെ വന്നാല്‍ എന്തോ പറയാം എന്നു പറഞ്ഞല്ലോ. നീ എവിടെ' എന്നു പറഞ്ഞു കൊണ്ടു വരദ നാമം ജപിച്ചു തുടങ്ങി. അപ്പോള്‍ ആത്യാശ്ചാര്യകരമായി അദ്ദേഹം ഒരു ശബ്ദം കേട്ടു. ഇദ്ദേഹത്തിനു ഇതു നാള്‍വരെ ഭഗവാന്‍ പറഞ്ഞു തന്നിരുന്ന പാഠങ്ങള്‍ എല്ലാം അതേ അര്‍ത്ഥം അതേ ശബ്ദം അതേ ധ്വനിയില്‍ പറയുന്നതു കേട്ടു. ആശ്ചര്യഭരിതനായ നമ്പി എഴുന്നേറ്റു നോക്കി നടന്നപ്പോള്‍, പിള്ളൈ ഉറങ്കാചാര്യാര്‍ എന്നാ മഹാന്‍ അവിടെ പറഞ്ഞു കൊണ്ടിരിക്കുന്നതു കണ്ടു. എല്ലാം വരദന്‍ പറഞ്ഞ അതേ വിഷയങ്ങള്‍, അതേ വാക്കുകള്‍ ഒട്ടും മാറ്റമില്ലാതെ അദ്ദേഹം അതു പറഞ്ഞു കൊണ്ടിരിക്കുന്നു. 
        നമ്പി ഇതു വരെ കേട്ട ഭാഗം വരെ പറഞ്ഞു അദ്ദേഹം അവിടെ ഒന്നു നിര്‍ത്തി. ആശ്ചര്യത്തില്‍ മുഴുകിയ നമ്പി ഉടന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു അദ്ദേഹത്തെ നോക്കി. അദ്ദേഹവും നമ്പിയെ സൂക്ഷിച്ചു നോക്കി. നമ്പി ആചാര്യരെ നോക്കി 'അവരോ നീര്‍?' എന്നു ചോദിച്ചു. വേറെ ഒന്നും തന്നെ അദ്ദേഹം പറഞ്ഞില്ല. അതിനു അദ്ദേഹം 'അതേ അതു തന്നെ! അതിനു ഇപ്പൊള്‍ എന്താണ്?' എന്നു തിരിച്ചു ചോദിച്ചു. 
'അവിടെ കാഞ്ചീപുരത്തില്‍ പകുതി രഹസ്യം പറഞ്ഞു തന്നു. ബാക്കി ഇവിടെ ശ്രീരംഗത്തില്‍ വന്നാല്‍ പറയാം എന്നു പറഞ്ഞു. ഈ രൂപത്തില്‍ വന്നു എനിക്കു കൃപ ചെയ്യുകയാണോ?' എന്നു ചോദിച്ചു. അവിടെ ഉള്ളവര്‍ക്കു ആര്‍ക്കും ഒന്നും തന്നെ മനസ്സിലായില്ല. അവരൊക്കെ ഇതു നോക്കിയിരിക്കുകയാണ്. 
നമ്പി ആചാര്യരോടു, എന്നാല്‍ എനിക്കു ബാക്കി രഹസ്യവും പറഞ്ഞു തരുമോ? എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു തരാം എന്നു സമ്മതിച്ചു. എന്നിട്ടു അദ്ദേഹത്തിനു എല്ലാ വിഷയങ്ങളും പറഞ്ഞു കൊടുത്തു. മറ്റു ശിഷ്യര്‍ എല്ലാവരും നമ്പിയോടു  അങ്ങ് അദ്ദേഹത്തെ ആരെന്നാണ്‌ ധരിച്ചത്‌ എന്നു ചോദിച്ചു. അദ്ദേഹം അതിനു സാക്ഷാത് വരദരാജനാണോ എന്നാണു ചോദിച്ചത് എന്നു പറഞ്ഞു. ഇതു കേട്ട അവര്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. 
        അവരോടു കഥകള്‍ മുഴുവനും പറഞ്ഞ നമ്പി വരദരാജന്‍ ഇവിടെ ഇങ്ങനെ അലഞ്ഞു നടക്കുമ്പോള്‍ താന്‍ ഇനി അവിടേക്ക് തിരിച്ചു പോകുന്നില്ല എന്നും ഇവിടെ തന്നെ ഇരിക്കാന്‍ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞു. അതിനു ശേഷം അദ്ദേഹം തന്റെ ആ സട്ഗുരുവിനെ ആശ്രയിച്ചു അവിടെ തന്നെ ജീവിതം കഴിച്ചു കൂട്ടി. 
    'ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ' എന്ന വാക്കു സത്യമാക്കി കൊണ്ടു ആ ആചാര്യന്‍ അദ്ദേഹത്തിനു അനുഗ്രഹം  നല്‍കി. അതു വരെ അദ്ദേഹം ആ പേരു പോലും കേട്ടിരുന്നില്ല. വരദന്‍ തന്നെ ഗുരുവിന്റെ രൂപത്തില്‍ വന്നിരിക്കുന്നു എന്നു മനസ്സിലാക്കിയ അദ്ദേഹം തന്റെ ശേഷ ജീവിതം ഗുരുവിന്റെ ചരണങ്ങളെ ആശ്രയിച്ചു കഴിഞ്ഞു മോക്ഷം പ്രാപിച്ചു എന്നു ചരിത്രം! ഈശ്വരന്‍ തന്നെ നമ്മുടെ മുന്‍പില്‍ ഗുരു രൂപത്തില്‍ വര്‍ത്തിക്കുന്നു.  നമ്മുടെ ഭാരത ദേശത്തില്‍ ഇതു പോലെ എത്രയോ മഹാന്മാരെ നമുക്കു കാണാന്‍ കഴിയും. ഉറച്ച വിശ്വാസത്തോടെ ഗുരുവിനെ ആശ്രയിക്കുക. നല്ല ഗതി പ്രാപിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം
      രാധേകൃഷ്ണാ! നമ്പാടുവാന്‍ എന്നാ മഹാ  ഭക്തനു വേണ്ടി ഭഗവാന്‍ ക്ഷേത്രത്തിലെ ധ്വജ സ്തംഭം നീക്കി നിറുത്തി. താഴ്ന്ന ജാതിക്കാരനായ തനിക്കു ഈ ജന്മത്തില്‍ ഭഗവാന്റെ ദര്‍ശനം ലഭിക്കാതെ പോകുമോ എന്ന അയാളുടെ താപം, അയാള്‍ക്കു ഭഗവാനോടുള്ള ഭക്തി, ഇതിനൊക്കെ ഭഗവാനെ വശംവദനായി.  അയാള്‍ക്കു ഭഗവാനെ കാണണം എന്ന ത്വര  ഉണ്ടായിരുന്നതിനെക്കാള്‍  അയാള്‍ക്കു ദര്‍ശനം നല്‍കണം എന്നു ഭഗവാനുണ്ടായിരുന്നു. ഭഗവാനോ ഭക്തനോ ആരാണു പ്രേമയില്‍ മുന്നില്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹൃദയം നിറയെ അയാള്‍ ഭഗവാനെ ദര്‍ശിച്ചു. സന്തോഷം അയാളുടെ താപം ശമിപ്പിച്ചു.  ഇനി അയാള്‍ക്കു ഒന്നും തന്നെ വേണ്ടാ. അയാള്‍ പൂര്‍ണ്ണ തൃപ്തനായി. ഇനി തന്റെ ഈ ശരീരം കൊണ്ടു തനിക്കു ഒന്നും ആകാനില്ല. പറഞ്ഞതു പോലെ അതു ബ്രഹ്മരക്ഷസ്സിനു അര്‍പ്പിക്കണം എന്നു അയാള്‍ വിചാരിച്ചു. 
         മാനസീകമായി അയാള്‍ ബ്രഹ്മരക്ഷസ്സിനോടു നന്ദി പറഞ്ഞു. തന്നെ തടഞ്ഞു വെച്ചതു കൊണ്ടല്ലേ തനിക്കു ഇനി ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കില്ല എന്നു മനസ്സിലായത്‌. അതു കൊണ്ടല്ലേ താന്‍ ഭഗവാനെ കാണണം എന്നു വാശി പിടിച്ചതു.  അതു കൊണ്ടല്ലേ ഈ ജന്മത്തില്‍ തന്നെ തനിക്കു ഭഗവത് ദര്‍ശനവും ലഭിച്ചത്! ഇതിനൊക്കെ കാരണം ആ ബ്രഹ്മ രക്ഷസ്സ് തന്നെയാണ്.  താന്‍ അതിനോട് കടപ്പെട്ടിരിക്കുന്നു. ബ്രഹ്മ രക്ഷസ്സിനെ ഹൃദയത്തില്‍ നമിച്ചു. ശരിക്കും ദുഃഖം മഹാപ്രസാദം എന്നാണു മഹാന്മാര്‍ പറയുന്നത്. ജീവിതത്തില്‍ യാഥാര്‍ത്ഥ്യം സ്വീകരിക്കണം.
         നമ്പാടുവാന്‍ സന്തോഷത്തോടെ ബ്രഹ്മരക്ഷസ്സിനെ കാണാന്‍ ഓടി. കാടിന്റെ അടുത്തെത്തിയപ്പോള്‍ ആരോ ഒരു വൃദ്ധ ബ്രാഹ്മണന്‍ അയാളെ തടഞ്ഞു. 'എടാ മണ്ടാ! ആരെങ്കിലും ഈ വഴി കാട്ടിനുള്ളില്‍ പോകുമോ? നിനക്കു അറിയില്ലേ? ഇവിടെ ഒരു ബ്രഹ്മ രക്ഷസ്സ് ഉണ്ട്. ഈ വഴി സഞ്ചരിക്കുന്നവരെ എല്ലാം അതു ഭക്ഷിച്ചു കൊണ്ടിരിക്കുന്നു. അതു കൊണ്ടു നീ വേറെ വഴി നോക്കു' എന്നു  പറഞ്ഞു. 
നമ്പാഃ "അങ്ങ് ക്ഷമിക്കണം! ഞാന്‍ ആ ബ്രഹ്മ രക്ഷസ്സിനെ കാണാനാണ് പോകുന്നത്"
ബ്രാഹ്മഃ "വിഡ്ഢി! നീ എന്തിനാ അതിനെ കാണാന്‍ പോകുന്നത്?"
 നമ്പാടുവാന്‍ ഉടനെ നടന്ന കഥകളൊക്കെ പറഞ്ഞു കേള്‍പ്പിച്ചു. വൃദ്ധന്‍ അതൊക്കെ കേട്ടിട്ടു അയാളോടായി 'എടൊ തനിക്കറിയില്ലേ? ശാസ്ത്രം അനുസരിച്ചു താന്‍ വാക്കു പാലിക്കേണ്ടതില്ല. കാരണം ജീവ രക്ഷയ്ക്കു വേണ്ടി നുണ പറയാം തെറ്റില്ല!' എന്നു പറഞ്ഞു. പക്ഷേ നമ്പാടുവാന്‍ അതിനു തയ്യാറായില്ല. "അങ്ങ് എന്തു പറഞ്ഞാലും ഞാന്‍ എന്റെ വാക്ക് പാലിച്ചു തന്നെ തീരും. ആ ബ്രഹ്മ രക്ഷസ്സ് കാരണമാണു എനിക്കു ഇന്നു  ഭഗവത് ദര്‍ശനം ലഭിച്ചത്."
ബ്രാഹ്: നിനക്കു തെറ്റി! നിനക്കു ദര്‍ശനം കിട്ടിയതു ബ്രഹ്മരക്ഷസ്സ് കാരണമല്ല. നിന്റെ ഭക്തി, ഭഗവാന്റെ കാരുണ്യം!  അതു കൊണ്ടു മാത്രമാണ്. നീ യാതൊരു വിധത്തിലും ബ്രഹ്മ രക്ഷസ്സിനോടു കടപ്പെട്ടിട്ടില്ല"!
നമ്പാഃ അങ്ങ് എന്നോടു ക്ഷമിക്കണം! ഞാന്‍ അങ്ങ് പറയുന്നതു  അനുസരിക്കില്ല. ഞാന്‍ ബ്രഹ്മ രക്ഷസ്സിന് കൊടുത്ത വാക്കു പാലിക്കുക തന്നെ ചെയ്യും.  എന്റെ ഈ ശരീരം കൊണ്ടു അതിന്റെ ഒരു നേരത്തെ വിശപ്പ്‌ ശമിക്കുമെങ്കില്‍ എനിക്കു അതു മതി. ഞാന്‍ അവിടെ പോവുക തന്നെ ചെയ്യും".
ഇതു കേട്ടതും ആ വൃദ്ധ ബ്രാഹ്മണന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. പെട്ടെന്ന് ആ രൂപം മാറി. സാക്ഷാത് തിരുക്കുറുങ്കുടിനമ്പി തന്നെ അവിടെ പ്രത്യക്ഷപ്പെട്ടു. നീല മേഘ ശ്യാമള രൂപം! നമ്പാടുവാനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. താന്‍ ദൂരെ നിന്നും ദര്‍ശിച്ച ചെന്താമര കൈകള്‍, ചെന്താമരക്കാലുകള്‍, ചെഞ്ചുണ്ടുകള്‍    ഒക്കെ ഇതാ അടുത്തു കാണാം! "പ്രഭോ! നീചനായ എനിക്കു വേണ്ടി അങ്ങ് ഇത്ര ദൂരം ഓടി എത്തിയോ? ഞാന്‍ ഈ കാരുണ്യത്തിനു പ്രതിയായി എന്തു ചെയ്യും?" എന്നു ചോദിച്ചു. ഭഗവാന്‍ അദ്ദേഹത്തോടു "നിന്റെ ഭക്തിയും സത്യസന്ധതയും വളരെ ശ്രേഷ്ഠമാണു.  നിന്നെ പരീക്ഷിക്കാനാണ് ഞാന്‍ എത്തിയതു. എനിക്കു സന്തോഷമായി. നീ വിജയിക്കും" എന്നു അനുഗ്രഹിച്ചു മറഞ്ഞു. 
      നമ്പാടുവാനു സന്തോഷം താങ്ങാനായില്ല. തുള്ളിച്ചാടിക്കൊണ്ടു  അദ്ദേഹം ബ്രഹ്മ രക്ഷസ്സിനെ തേടി ഓടി. ഈ സമയം കൊണ്ടു ബ്രഹ്മ രക്ഷസ്സ് താന്‍ കാണിച്ചത് മണ്ടത്തരമായി പോയി എന്നും നമ്പാടുവാന്‍ ഇനി ഈ വഴി വരില്ല എന്നും ചിന്തിച്ചു തുടങ്ങിയിരുന്നു. നമ്പാടുവാന്‍ വന്നപ്പോള്‍ വളരെ കോപത്തോടെ എന്താണു ഇത്ര താമസിച്ചതെന്നു ചോദിച്ചു. നമ്പാടുവാന്‍ നടന്ന ചരിത്രം മുഴുവനും പറഞ്ഞു. തനിക്കു വേണ്ടി ഭഗവാന്‍ വീണ്ടും ദര്‍ശനം നല്‍കിയതു പറഞ്ഞു ആനന്ദ ബാഷ്പം ഒഴുക്കി. ഇന്നു ബ്രഹ്മരക്ഷസ്സിന്റെ മുഖം കണ്ടു കൊണ്ടു പോയത് കൊണ്ടാണ് തനിക്കു ഈ ഭാഗ്യം കിട്ടിയതെന്നും അതു കൊണ്ടു ബ്രഹ്മ രക്ഷസ്സ് ഒരു ഉത്തമനാണെന്നും പറഞ്ഞു. ബ്രഹ്മ രക്ഷസ്സ് അത്ഭുതത്തോടെ 
താന്‍ ഒരു മഹാ പാപിയാണെന്നും താന്‍ കഴിഞ്ഞ ജന്മത്തില്‍ ഒരു ബ്രാഹ്മണനായിരുന്നു എന്നും അപ്പോള്‍ യാഗ യജ്ഞങ്ങള്‍ എല്ലാം കാമ്യാര്‍ത്ഥമായി ചെയ്തു വന്നു എന്നും, ഭഗവത് പ്രീത്യര്‍ത്ഥമായി ഒന്നും ചെയ്തിട്ടില്ലെന്നും അതിലൊന്നും തനിക്കും ഒട്ടും ശ്രദ്ധയില്ലായിരുന്നു വെന്നും അതു കൊണ്ടാണ് തനിക്കു ഇപ്പോള്‍ ഇങ്ങനെ ഒരു ജന്മം കിട്ടിയതെന്നും പറഞ്ഞു. തന്റെ ആര്‍ജ്ജിത പാപം കൊണ്ടാണ് ഇങ്ങനെ ഭഗവത് ഭക്തനായ നമ്പാടുവാനെ പോലും ഭക്ഷിക്കണം എന്നു വിചാരിച്ചത്. 
       നമ്പാടുവാന്‍ ഇതു കേട്ടിട്ടു കൈ കൂപ്പി കൊണ്ടു അടുത്തു വന്നു. എന്നിട്ടു തന്നെ ഭക്ഷിച്ചു കൊള്ളുവാന്‍ പറഞ്ഞു. ഭഗവാനെ നേരില്‍ കണ്ടു കഴിഞ്ഞ തനിക്കിനി ഈ ലോകത്തില്‍ ജീവിക്കണം എന്നില്ല.  തന്റെ ശരീരം കൊണ്ടു ഒരു ജീവന് വിശപ്പ്‌ അടക്കാമെങ്കില്‍  അതു തന്നെയാണു അഭികാമ്യം എന്നു പറഞ്ഞു. ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ ഭക്ഷിച്ചുവോ? നമുക്കു അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 56 തുടര്‍ച്ച)
       രാധേകൃഷ്ണാ! സനാതനമായ ഹിന്ദു ധര്‍മ്മത്തെ നശിപ്പിക്കാന്‍ ദുഷ്ട ശക്തികള്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ അപ്പപ്പോള്‍ ഒരു സദാചാര്യന്‍ അവതാരം ചെയ്തു അവരുടെ പരിശ്രമം ചെറുക്കുന്നു. രാമാനുജര്‍ ബാദുഷായുടെ അരമന സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഭാരതത്തിലുടനീളം അയാള്‍ കൊള്ളയടിച്ച  ക്ഷേത്രങ്ങളുടെ പഞ്ചലോഹ, സ്വര്‍ണ്ണ, വെള്ളി, വിഗ്രഹങ്ങള്‍ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടു. അതില്‍ സ്കന്ധന്റെ ഗണപതിയുടെ നടരാജന്റെ പാര്‍വതിയുടെ തുടങ്ങി എല്ലാ ദൈവങ്ങളുടെ വിഗ്രഹങ്ങളും ഉണ്ടായിരുന്നു.അവര്‍ക്കു അവയുടെ മൂല്യം മാത്രം ധാരണ ഉണ്ടായിരുന്നു. അതില്‍ കൂടുതല്‍ അതില്‍ ഈശ്വരന്‍ ഉണ്ട് എന്നൊന്നും തോന്നിയില്ല. രാമാനുജര്‍ക്കു വളരെ ദുഃഖം തോന്നി.  ഈ കൊടും പ്രവൃത്തി കണ്ടു ദുഃഖത്തോടെ അദ്ദേഹം രാമപ്രിയനു വേണ്ടി തിരച്ചില്‍ നടത്തി. 
          അവിടെയുള്ള മൂര്‍ത്തികള്‍ എല്ലാം അദ്ദേഹം സൂക്ഷിച്ചു നോക്കി. പക്ഷെ അതില്‍ രാമപ്രിയനെ അദ്ദേഹത്തിനു കണ്ടെത്താന്‍ സാധിച്ചില്ല. ഉത്സവ മൂര്‍ത്തിക്കു ഇപ്പോഴും മൂല വിഗ്രഹത്തിന്റെ ഛായ ഉണ്ടാവും. പക്ഷെ ഇവിടെ കണ്ട മൂര്‍ത്തിക്കു ഒന്നിനും മേല്‍ക്കോട്ടൈ മൂര്‍ത്തിയുടെ സാമ്യം ഇല്ലായിരുന്നു. അദ്ദേഹം സ്വപ്നത്തില്‍ കണ്ട രാമപ്രിയനെ ഇവിടെ കണ്ടില്ല. വീണ്ടും വീടും അദ്ദേഹം അവിടെ തിരച്ചില്‍ നടത്തി ആ വിഗ്രഹം അവിടെ ഇല്ല എന്നുറപ്പു വരുത്തി. എന്നിട്ടു ബാദുഷായുടെ  മുന്നില്‍ ചെന്നിട്ടു ചെന്നു. ഉടനെ ബാദുഷാ 'നിങ്ങള്‍ അന്വേഷിച്ചു വന്ന വിഗ്രഹം നിങ്ങള്‍ക്കു കിട്ടിയോ? എന്നു ചോദിച്ചു.  രാമാനുജര്‍ അതിനു ഇല്ല എന്നു മറുപടി പറഞ്ഞു. "അതെന്താ? നിങ്ങളല്ലേ നിങ്ങളുടെ ദൈവം മൂര്‍ത്തി ഇവിടെ ഉണ്ടെന്നു നിങ്ങളോടു പറഞ്ഞതായി പറഞ്ഞതു. ഇപ്പോള്‍ എന്ത് പറ്റി? നിങ്ങളുടെ ദൈവം നിങ്ങളോടു കളവു പറഞ്ഞോ?" എന്നു ആക്ഷേപ സ്വരത്തില്‍ ചോദിച്ചു. അതിനു രാമാനുജര്‍ "തീര്‍ച്ചയായും എന്റെ ദൈവം കള്ളം പറയില്ല. ചിലപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതു തെറ്റായിരിക്കും. എന്തായാലും എനിക്കു അങ്ങ് ഒരു ദിവസം കൂടെ സമയം തരു ഞാന്‍ ആലോചിച്ചു പറയാം" എന്നു പറഞ്ഞു. ബാദുഷ ചിരിച്ചു കൊണ്ടു ശരി എന്നു പറഞ്ഞു.
     രാമാനുജര്‍ താന്‍ തങ്ങിയിരുന്ന സ്ഥലത്ത് തിരിച്ചു എത്തി. ഉള്ളു കൊണ്ടു ഭഗവാനെ അദ്ദേഹം വിളിച്ചു കൊണ്ടേ ഇരുന്നു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ രാമാനുജര്‍ ഭഗവാനോട് "കുട്ടാ! നീ എവിടെയാ ഒളിഞ്ഞിരിക്കുന്നത്? ഞാന്‍ നിന്നെ അവിടെയെല്ലാം തിരഞ്ഞല്ലോ എന്നിട്ടു കണ്ടില്ല."
ഭഗവാന്‍ കുറച്ചു നാണത്തോടു  കൂടി "അതോ! ഞാന്‍ അന്തപുരത്തില്‍ രാജകുമാരിയുടെ അറയിലാണ്" എന്നു പറഞ്ഞു.  
രാമാനുജര്‍ക്കു ഉടനെ പിടി കിട്ടി. ഓ! ഈ പ്രേമസ്വരൂപന്‍ ഒരു ഗോപിയുടെ ഭക്തിയില്‍ മയങ്ങി ഇരിക്കുകയാണ്‌ എന്നു! അദ്ദേഹം ചിരിച്ചു. ഗോപീ ഭാവം എത്ര ശ്രേഷ്ഠം! ആഴ്വാര്‍കള്‍ തുടങ്ങി എത്രയോ മഹാന്മാര്‍ ഗോപീ ഭാവത്തില്‍ ഭഗവാനെ പാടിയിട്ടുണ്ട്. ഗോപീ ഭാവത്തില്‍ ഭഗവാന്‍ വളരെ സുലഭാനാണ്. 
        ഭഗവാന്‍ രാമാനുജരോടു പിറ്റേ ദിവസം അന്തപുരത്തില്‍ വന്നു തന്നെ എടുത്തു കൊണ്ടുപോകുവാന്‍ ആജ്ഞാപിച്ചു. രാമാനുജര്‍ ചിരിച്ചു കൊണ്ടു 'ഞാന്‍ വിളിച്ചാല്‍ നീ വരുമോ?' എന്നു ചോദിച്ചു. ഭഗവാനും ഒരു പുഞ്ചിരിയോട്‌ കൂടി "തീര്‍ച്ചയായും വരും" എന്നു പറഞ്ഞു. നേരം പുലര്‍ന്നു. രാജന്‍ സഭ ആരംഭിക്കുന്ന നേരം അദ്ദേഹം അവിടെ എത്തി. എന്നിട്ടു താന്‍ അന്വേഷിച്ചു വന്ന മൂര്‍ത്തി അവിടെ തന്നെ ഉണ്ട് എന്നു പറഞ്ഞു. ബാദുഷായ്ക്കു   കോപം വന്നു. ഇന്നലെ അല്ലെ നിങ്ങള്‍ ഇവിടെ തിരഞ്ഞിട്ടു ഇല്ല എന്നു പറഞ്ഞതു. ഇപ്പോള്‍ ഉണ്ടെന്നു പറയുന്നു. എന്താണ് നിങ്ങളുടെ ഉദ്ദേശം എന്നു പരുഷമായി ചോദിച്ചു. രാമാനുജര്‍ അതിനു 'ഇന്നലെ അങ്ങ് കാണിച്ചു തന്ന സ്ഥലത്തു എന്റെ ഭഗവാന്‍ ഇല്ലാ അങ്ങയുടെ മകളുടെ അന്തപുരതിലാണ് ഉള്ളത്' എന്നു പറഞ്ഞു.
 'എങ്കില്‍ അത് നിങ്ങള്‍ക്കെങ്ങനെ മനസ്സിലായി?' എന്നു ബാദുഷാ ചോദിച്ചു. 
"എന്റെ സ്വാമി ഇന്നലെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നോടു പറഞ്ഞു"
"നിങ്ങളുടെ സ്വാമി എങ്ങനെ എന്റെ മകളുടെ അന്തപുരത്തില്‍ എത്തി?"
"അതു നിങ്ങളുടെ മകളോട് തന്നെ ചോദിക്കണം!" 
       എന്തായാലും ബാദുഷാ ഇതിന്റെ സത്യാവസ്ഥ ഒന്നു മനസ്സിലാക്കണം എന്നു വിചാരിച്ചു. രാമാനുജരെയും കൂട്ടി അന്തപുരത്തിലെക്കു  തിരിച്ചു. രാമാനുജര്‍ ഒരു സന്യാസി ആയതു കൊണ്ട് അദ്ദേഹത്തെ അന്തപുരത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. അവര്‍ അവിടെ ചെല്ലുമ്പോള്‍ രാജകുമാരി ഉറക്കം ഉണര്‍ന്നിട്ടില്ല. രാമാനുജര്‍ നോക്കുമ്പോള്‍ അവളുടെ അരികില്‍ തന്നെ രാമപ്രിയന്‍ കിടക്കുന്നു! ആ ഗോപിക്കു എന്തൊരു ഭാഗ്യം! ഭഗവാനു അവളുടെ ജാതിയോ മതമോ ഒന്നും പ്രശ്നമല്ല. രാമാനുജരുടെ കണ്ണുകളില്‍ അവള്‍ ഒരു ആണ്ടാള്‍ പോലെ തോന്നി. നിഷ്കളങ്കമായ അവളുടെ പ്രേമയുടെ മുന്നില്‍ ഭഗവാനും തോറ്റു പോയി. അവരുടെ കിടപ്പു കാണുമ്പോള്‍ തന്നെ ഭഗവാനോടുള്ള അവളുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാം. രാമപ്രിയനെ പിരിഞ്ഞു ആ കുഞ്ഞു എങ്ങനെ ജീവിക്കും എന്നായി രാമാനുജരുടെ ചിന്ത!
         രാമാനുജര്‍ ബാദുഷായോട് 'അങ്ങയുടെ മകള്‍ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന ആ മൂര്‍ത്തിയാണ് ഞങ്ങളുടെ സ്വാമി' എന്നു പറഞ്ഞു. 
ഇതു കേട്ടു അയാള്‍ ചിരിച്ചു. നിങ്ങളുടെ സ്വാമി ഞങ്ങളുടെ ഗൃഹത്തില്‍ ഇങ്ങനെ ഇരിക്കുമോ? അപ്പോള്‍ അതെന്തു സ്വാമിയാണ്' എന്നു പരിഹസിച്ചു ചോദിച്ചു.
ഉടനെ രാമാനുജര്‍ 'അതാണു ഞങ്ങളുടെ സ്വാമിയുടെ സൌലഭ്യം! ശുദ്ധമായ പ്രേമയ്ക്കു ഭഗവാന്‍ അടിമയാകും! എന്നു പറഞ്ഞു. 
 ഉടനെ ബാദുഷാ  'ഈ സ്വാമിയാണോ നിങ്ങളോടു സ്വപ്നത്തില്‍  സംസാരിച്ചത്?' എന്നു ചോദിച്ചു.
"അതെ! ഇവന്‍ തന്നെയാണ്!"
നിങ്ങളുടെ സ്വാമി നടക്കുമോ? എന്നു ചോദിച്ചു.
പിന്നെന്താ! നടക്കുമല്ലോ എന്നു രാമാനുജരും പറഞ്ഞു. 
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ വിളിക്കു! നിങ്ങളുടെ സ്വാമിയാണെങ്കില്‍ ഇവിടെ വരട്ടെ എന്നു അയാള്‍ പറഞ്ഞു. എനിക്കിതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇതു ഒരു സാധാരണ വിഗ്രഹം മാത്രമാണ് എന്നു പറഞ്ഞു.
രാമാനുജര്‍ ഉടനെ മുട്ടുകുത്തി നിന്നു. എന്നിട്ടു രണ്ടു കൈകളും നീട്ടി കൊണ്ടു ഒരു കുഞ്ഞിനെ എന്ന പോലെ "ഓടി വാ! ഓടി വാ!" എന്നു വിളിച്ചു.  അദ്ദേഹം പെരിയാഴ്വാരുടെ പാസുരം പാടി തുടങ്ങി. അതില്‍ യശോദാ ഉറക്കം ഉണര്‍ന്ന കൃഷ്ണനെ അരികിലേക്കു വിളിക്കുന്നു. അതെ പാസുരങ്ങള്‍ തന്നെ അദ്ദേഹം പാടി. ഉടനെ തന്നെ ഭഗവാന്‍ ഉണര്‍ന്നു, പുതപ്പു മാറ്റി കട്ടിലില്‍ നിന്നും രാമാനുജരുടെ കൈകളിലേക്കു എടുത്തു ചാടി. ബാദുഷാ അത്ഭുതത്തോടെ നോക്കുമ്പോള്‍ കിടന്നിരുന്ന ആ മൂര്‍ത്തി നിവര്‍ന്നു നിന്നു എന്നിട്ടു രാമാനുജരുടെ കൈകളിലേക്കു വീണു. പക്ഷെ രാമാനുജരുടെ കണ്ണുകള്‍ക്കു സാക്ഷാത് ഭഗവാന്‍ തന്നെ ഒരു ബാലന്റെ രൂപത്തില്‍ അവിടെ കാണാമായിരുന്നു. കഥ ഇവിടെ തീരുന്നില്ല. തുടര്‍ന്നുള്ള ഭാഗങ്ങള്‍ അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!