നാരായണീയം
ഈ ദൃഗ് ജഗന്മായവപുസ്തവ കര്‍മ്മ ഭാജാം
കര്‍മ്മാവസാന സമയേ സ്മരനീയമാഹുഃ
തസ്യന്തരാത്മ വപുഷേ വിമലാത്മനേ തേ
വാതാലയാധിപ! നമോസ്തു നിരുന്ധി രോഗാന്‍.
(ദശഃ 6 ശ്ലോഃ 10)
കര്‍മ്മികള്‍ക്ക് കര്‍മ്മാവസാനമായ മോക്ഷ കാലം എത്തുമ്പോള്‍ സ്മരിക്കാന്‍ യോഗ്യമാണ് അങ്ങയുടെ വിശ്വാത്മക സ്വരൂപമെന്നു അഭിജ്ഞന്മാര്‍ പറയുന്നു. ഹേ ഗുരുവായൂരപ്പാ! വിശ്വത്തിന്റെ അന്തരാത്മ സ്വരൂപനും പരിശുദ്ധാത്മാവുമായ അങ്ങേക്ക് എന്റെ നമസ്ക്കാരം ഭവിക്കട്ടെ. ഹേ ഭാഗവാനേ! എന്റെ സര്‍വ രോഗങ്ങളെയും നശിപ്പിക്കണമേ!
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍ )
സദ്ഗുരു വാത്സല്യം
ഭാരത ദേശത്തിലെ ഒരു സദ്ഗുരു, അന്യ നാട്ടില്‍ നിന്നും വന്നു ചേര്‍ന്ന ധീര അലെക്ഷാണ്ടര്‍ക്കു സദുപദേശം നല്‍കി അനുഗ്രഹിച്ച കഥ നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. അതേ നിരയില്‍ ഇതാ മറ്റൊരു അനുഭവം!
സ്വാമി രാമാനുജരുടെ സദ്‌ശിഷ്യനായ കൂറത്താഴ്വാന്റെ സദ് പുത്രനാണ് പരാശര ഭട്ടര്‍. ശ്രീ രംഗനാഥന്റെ കുലാചാര്യന്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് ഉണ്ട്. ഭഗവാനു എന്നും അവിടെ പഞ്ചാംഗം പുരാണം തുടങ്ങിയവ വായിച്ചു കേള്‍പ്പിക്കും. അത്ര വലിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അവിടെ ശത്രുക്കള്‍ ഉണ്ടായിരുന്നു. അസൂയ എല്ലാവരുടെയും ചിത്തം നശിപ്പിക്കുമല്ലോ. അസൂയാലുക്കള്‍ക്കു എങ്ങനെയെങ്കിലും പരാശര ഭട്ടരുടെ നല്ല പേര് നശിപ്പിക്കണം എന്നു തോന്നി. സര്‍വജ്ഞനായ പരാശര ഭട്ടര്‍ക്കു അവരുടെ ചിത്തം മനസ്സിലായി. അവരെ ഒരു സന്ദര്‍ഭം വരുമ്പോള്‍ തിരുത്തണം എന്നും മനസ്സില്‍ ധരിച്ചു. ഒരിക്കല്‍ അവര്‍ ഒരു കുടത്തില്‍ എന്തോ ഇട്ടു വായ മൂടി കെട്ടി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടു വെച്ചു. അദ്ദേഹം ഉച്ച സമയം തിണ്ണയില്‍ ഇരുന്നു നാമ സങ്കീര്‍ത്തനം ചെയ്തു രസിക്കുകയായിരുന്നു. കുടം വെച്ചപ്പോള്‍ അതെന്താണ് എന്നദ്ദേഹം ചോദിച്ചു.
അവര്‍ 'അങ്ങേയ്ക്ക് സര്‍വജ്ഞത്വം ഉണ്ടെന്നല്ലേ എല്ലാവരും പറയുന്നത്. അത് പരിശോധിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു.
ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ടു 'എനിക്ക് സര്‍വജ്ഞത്വം ഉണ്ടെന്നു ആരു പറഞ്ഞു' എന്നു ചോദിച്ചു.
അതിനു അവര്‍ 'അപ്പോള്‍ അങ്ങയ്ക്ക് സര്‍വജ്ഞത്വം ഇല്ല എന്നു അങ്ങ് സമ്മതിക്കുന്നുവോ?
ഭട്ടര്‍: എനിക്ക് സര്‍വജ്ഞത്വം ഇല്ലെന്നു ആരു പറഞ്ഞു? എന്നു തിരിച്ചു ചോദിച്ചു.
തിരിച്ചും മറിച്ചും അദ്ദേഹം ഉത്തരം പറയുന്നത് കേട്ട് അവര്‍ ഇളിഭ്യരായി. ഉടനെ അവര്‍ എല്ലാവരെയും വിളിച്ചു കൂട്ടി 'നിങ്ങള്‍ എല്ലാവരും പറയുന്നത് പോലെ ഇദ്ദേഹം സര്‍വജ്ഞാനാനെങ്കില്‍ ഈ കുടത്തില്‍ എന്താണ് ഉള്ളതെന്ന് പറയട്ടെ' എന്നു പറഞ്ഞു.
പരാശര ഭട്ടര്‍ ചിരിച്ചു കൊണ്ടു കുടത്തിന്റെ ഉള്ളില്‍ 'വെണ്‍കൊറ്റ കുടയുണ്ട്' എന്നു പറഞ്ഞു. ഇതു കേട്ടതും അവര്‍ ആര്‍ത്തു ചിരിച്ചു കൊണ്ടു. 'നിങ്ങള്‍ പറയുമ്പോലെ പരാശര ഭട്ടര്‍ക്കു എല്ലാം അറിയില്ല. അദ്ദേഹം ജ്ഞാനിയുമല്ല. അത് തെളിയിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു.
പരാശര ഭട്ടര്‍ അവര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ തന്റെ ഭജനയില്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ അവര്‍ അപമാനിക്കുന്നു എന്നു തോന്നിയുമില്ല. ആ അസൂയാലുക്കള്‍ ജനങ്ങളോട് 'ഞങ്ങള്‍ ഈ കുടത്തിന്റെ അകത്തു ഒരു വസ്തു ഇട്ടു വെച്ചിട്ടു അദ്ദേഹത്തോട് അതെന്താണെന്ന് ചോദിച്ചു. അദ്ദേഹം ഇതിന്റെ അകത്തു വെണ്‍കൊറ്റ കുടയുണ്ട് എന്നാണു പറഞ്ഞത്. ആരെങ്കിലും കുടത്തിന്റെ അകത്തു വെണ്‍കൊറ്റകുട കൊണ്ടു വയ്ക്കുമോ? എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്?' എന്നു പറഞ്ഞു. അവിടെ കൂടിയിരുന്ന ജനങ്ങളില്‍ പലരും പരാശര ഭട്ടരുടെ ഭക്തരായിരുന്നു അവര്‍ക്ക് വല്ലാതെ വിഷമം തോന്നി. അവര്‍ ഭട്ടരോട് 'അങ്ങ് എന്തിനാണ് ഇങ്ങനെ കളിക്കുന്നത്? സത്യം എന്താണെന്ന് പറഞ്ഞുകൂടെ? വെറുതെ ഇവരെ കൊണ്ടു ഇങ്ങനെ പറയിക്കണോ? എന്നു ചോദിച്ചു. അദ്ദേഹം വീണ്ടും 'ഞാന്‍ സത്യമാണ് പറയുന്നത്. ഇതിന്റെ അകത്തു വെണ്‍കൊറ്റകുട
തന്നെയാണ് ഇരിക്കുന്നത് എന്നു പറഞ്ഞു. എല്ലാവര്‍ക്കും സങ്കടമായി. അദ്ദേഹം എന്താണ് ഇങ്ങനെ കളിമാട്ടില്‍ ഇരിക്കുന്നത് എന്നു തോന്നി. എന്തായാലും ജനങ്ങള്‍ കുടം തുറന്നു അകത്തുള്ളത് കാണിക്കാന്‍ ആവശ്യപ്പെട്ടു. കുടം തുറന്നപ്പോള്‍ അതിന്റെ അകത്തു ഒരു പാമ്പിനെ അവര്‍ ഇട്ടിരുന്നത് കണ്ടു. കുടത്തിന്റെ അകത്തു നിന്നും അതു ചീറി. അസൂയാലുക്കള്‍ ഭാട്ടരോടു ഇതാണോ നിങ്ങളുടെ വെണ്‍കൊറ്റ കുട എന്നു കളിയാക്കി ചോദിച്ചു. ഭട്ടര്‍ വീണ്ടും ചിരിച്ചു കൊണ്ട് ആഴ്വാര്‍ അനന്തനെ കുറിച്ച് പറഞ്ഞത് അറിയില്ലേ?
'ശെന്റാല്‍ കുടയാം, ഇരുന്താല്‍ സിംഹാസനമാം, നിന്റാല്‍ മരവടിയാം, നീള്‍ കടലുള്‍ എന്റും പുണയാം മണി വിളക്കാം, പൂമ്പട്ടാം, പുല്‍കും അണയാം തിരുമാര്‍ക്കു അറവു' എന്നു ആഴ്വാര്‍ പറഞ്ഞിട്ടുണ്ട് അതു കൊണ്ടു ഇതു വെണ്‍കൊറ്റ കുട തന്നെയാണ് എന്നു പറഞ്ഞു. അദ്ദേഹത്തിന് കുടത്തിന്റെ ഉള്ളില്‍ പാമ്പാണെന്ന് അറിയാമായിരുന്നു. പക്ഷെ അദ്ദേഹം അവരോടു പാമ്പ് എന്നു പറഞ്ഞിരുന്നെങ്കില്‍ ഇത്രയും ജനങ്ങള്‍ ഇവിടെ കൂടില്ലായിരുന്നു. അങ്ങനെ കൂടിയില്ലായിരുന്നെങ്കില്‍ അവരുടെ അജ്ഞാനം നാശമാകില്ലാ. മാത്രമല്ല വെറും പാമ്പ് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് ഭയം മാത്രമെ തോന്നു. അതു വെറും പാമ്പല്ല, ഭഗവാന്റെ കുടയാണ്, സിംഹാസനമാണ്, പാദുകയാണ്, കട്ടിലാണ് എന്നൊക്കെ അവരെ പറഞ്ഞു മനസിലാക്കണ്ടെ. അതൊക്കെ കൊണ്ടാണ് അദ്ദേഹം ആദ്യമേ ഇതു പാമ്പാണെന്ന് പറയാതിരുന്നത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ ജനങ്ങള്‍ക്കു ആവേശമായി. അസൂയാലുക്കള്‍ക്കു ലജ്ജയായി. അവര്‍ ചെയ്ത തെറ്റ് അവര്‍ മനസ്സിലാക്കി പാശ്ചാത്തപിച്ചു. 'ഞങ്ങള്‍ ചെയ്ത അപചാരത്തിന് എന്താണ് പരിഹാരം' എന്നു അവര്‍ ചോദിച്ചു. അദ്ദേഹം ഈ പാമ്പ് വെണ്‍കൊറ്റ കുടയായത് പോലെ നിങ്ങളും ഭഗവാനു കൈങ്കര്യങ്ങള്‍ ചെയ്തു ജീവിക്കു. അതു തന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം എന്നു പറഞ്ഞു. അവരും അദ്ദേഹം പറഞ്ഞത് ഹൃദയത്തില്‍ ഏറ്റി അന്നു മുതല്‍ ഭട്ടരുടെ ശിഷരായി, ഭഗവത് സേവനം ചെയ്തു വന്നു. അങ്ങനെ ആ സദ്ഗുരു വഴി തെറ്റി പോയ അവരെ സന്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ! ഭക്തിയുടെ വിവിധ കോണുകളില്‍ നിന്നും ഭക്തന്മാരുടെ കഥകള്‍ നാം ഈ പംക്തിയില്‍ നാം കണ്ടു വരുന്നു. ഭക്തിക്കു പ്രാധാനമായും വേണ്ടത് മനസ്സ് മാത്രമാണ്. വരള്‍ച്ച മൂലം എല്ലാം നഷ്ടപെട്ട ഒരുവന്‍ തന്റെ മനസ്സ് കൊണ്ടു ഭഗവാന് ഒരു ക്ഷേത്രം നിര്‍മ്മിച്ച് കുംഭാഭിഷേകവും ഉത്സവവും അന്നദാനവും ഒക്കെ നടത്തി തന്റെ പ്രാരബ്ധത്തില്‍ നിന്നും രക്ഷപ്പെട്ടത് നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. നാം മനസ്സിലാക്കേണ്ടത് ഭക്തിക്കു ധനം ആവശ്യമില്ല. നല്ല കുലമോ, വിദ്യാഭ്യാസ യോഗ്യതയോ, മറ്റൊന്നും തന്നെ ആവശ്യമില്ല. ഹൃദയത്തില്‍ ഭഗവാനോട് അകമഴിഞ്ഞ സ്നേഹം വേണം. പൂര്‍ണ്ണ വിശ്വാസവും വേണം. തുടര്‍ നാമജപം ചെയ്തു വരുമ്പോള്‍ നാം മനസ്സില്‍ വിചാരിക്കുന്നത് നടക്കുന്നതായും കാണാം. ചിലപ്പോള്‍ ഒരു ഭക്തന്‍ അന്നു പ്രത്യേക നിവേദ്യം ഭഗവാനു നല്‍കണം എന്നു ആഗ്രഹിക്കും. അന്നു യാദൃച്ചയാ ആരെങ്കിലും അതേ നിവേദ്യം ഭഗവാനു കൊണ്ടു കൊടുക്കും. ഭഗവാന്‍ ആ ഭക്തന്റെ ആഗ്രഹം അങ്ങനെ പൂര്‍ത്തീകരിക്കും. ഭക്തന്‍ ഹൃദയ പൂര്‍വ്വം ആഗ്രഹിക്കുക മാത്രമേ ചെയ്തുള്ളു. പക്ഷെ ഭഗവാന്‍ അതില്‍ തന്നെ തൃപ്തനാണ്.
മനസ്സ് എകാഗ്ര ചിന്തയില്‍ ഇരിക്കണം. നമ്മുടെ മനസ്സില്‍ ചഞ്ചലം വരുമ്പോള്‍ ഭഗവാനോട് നമ്മുടെ മനസ്സ് ശരിയാക്കാന്‍ പ്രാര്‍ഥിക്കാം. നമുക്കു ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. പക്ഷെ ധാരാളം സമയം ഉണ്ട് എന്നു വന്നാല്‍ ആ സമയം വെറുതെ പാഴാക്കാതെ മനസ്സില്‍ ഭഗവാനെ കൊണ്ടു വന്നു നമ്മുടെ ഇഷ്ടം പോലെ അലങ്കരിക്കുകയോ പൂജിക്കുകയോ ഒക്കെ ആവാം. ഭഗവാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. തീര്‍ച്ച!
ഒരിക്കല്‍ പുരന്തരദാസര്‍ പണ്ഡരീപുരത്തിലുളളപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഒരു മുത്തു മാല മോഷണം പോയി. അദ്ദേഹത്തിന് വളരെ ദുഃഖമായി. മാനസീകമായി ഭഗവാനോട് അദ്ദേഹം ആ മാല എടുത്ത ആള്‍ക്കു ചാട്ടവാറു കൊണ്ടു 30 അടി കൊടുക്കണം എന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ ഇതേ പോലെ ക്ഷേത്രത്തിലെ ഒരു ആഭരണം കാണാതെ പോയി. പാണ്ഡുരംഗന്‍ ഒരു ലീല പോലെ പുരന്തര ദാസരുടെ രൂപത്തില്‍ അതെടുത്തു ഒരു വേശ്യക്ക് കൊണ്ടു കൊടുത്തു. അന്വേഷണത്തില്‍ ആഭരണം പുരന്തര ദാസരാണ് വേശ്യക്കു കൊണ്ടു കൊടുത്തത് എന്നു തെളിഞ്ഞു. രാജന്‍ ആഭരണം മോഷ്ടിച്ച ആള്‍ക്കു ചാട്ടവാറു കൊണ്ടു 30 അടി എന്നു പ്രഖ്യാപിച്ചു.
അടി കൊള്ളുമ്പോള്‍ പുരന്തരദാസര്‍ ഭഗവാനോട് ചോദിച്ചു. "പ്രഭോ ഒരു ബന്ധവും ഇല്ലാതെ എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത്?' ഭഗവാന്‍ ചിരിച്ചു. 'നീ തന്നെയല്ലേ അന്നു
ചാട്ടവാറു കൊണ്ടു 30 അടിയുടെ കാര്യംപറഞ്ഞത്' എന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴത്തിനെ അദ്ദേഹത്തിന് കാട്ടി കൊടുത്തു. 'എന്റെ സങ്കല്‍പം കൊണ്ടല്ലേ അവന്‍ അതു കട്ടതു. എന്തു വേണമോ അതു ഞാന്‍ ചെയ്യും' എന്നു പറഞ്ഞു ഭഗവാന്‍ ദാസരുടെ ചിന്തയുടെ ആഴം അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തു. അതു കഴിഞ്ഞു ഭഗവാന്‍ തന്നെ ദാസരുടെ അടി നിര്‍ത്തിച്ചു.
നമ്മുടെ ചിന്തകള്‍ തെളിഞ്ഞതായിരിക്കണം. ഏതു സമയത്തും ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സില്‍ വരാന്‍ പാടില്ല. മനസ്സ് അടങ്ങാന്‍ നാമജപം മാത്രമാണ് ഒരു വഴി. മനസ്സ് അടങ്ങിയാല്‍ ഭക്തി ഒരു സ്ഥിതിയില്‍ എത്തും. മനസ്സ് ഭഗവാനു നല്‍കിയിട്ട് ഭഗവത് ചിന്തയില്‍ ഇരുന്നുകൊണ്ട് ശരീരം കൊണ്ടുള്ള കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. എത്രയോ പേര്‍ക്കു മറവി കൂടെ പിറപ്പാണ്. മറവിയുള്ള ചില ഭക്തര്‍ സന്ദര്‍ഭം വരുമ്പോള്‍ ഭഗവാനോട് ഒന്നു ഓര്‍മ്മിപ്പിച്ചു കൊടുക്കാന്‍ പ്രാര്‍ഥിക്കും. ഭഗവാന്‍ അവര്‍ക്കു ഭംഗിയായി ഓര്‍മ്മിപ്പിക്കും. എത്രയോ പേര്‍ക്കു നടക്കുന്നതാണ് ഇതു. സത്യം!
ജീവിതത്തില്‍ എന്തു പ്രശ്നം നേരിട്ടാലും പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയില്‍ പ്രശ്നം ഭഗവാനെ ഏല്‍പ്പിച്ചു നാമജപം ചെയ്തിരുന്നാല്‍ സത്യമായിട്ടും അതിനു പരിഹാരം ഭഗവാന്‍ കാട്ടിത്തരും. ഇതു വെറും വാക്കല്ല. മനസ്സ് ഭഗവാനില്‍ പൂര്‍ണ്ണമായും ലയിക്കണം. അതില്‍ ഒട്ടും സംശയം ഉണ്ടാവാന്‍ പാടില്ല. എത്രയോ പേര്‍ക്കു ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭഗവാനില്‍ വിശ്വാസം അര്‍പ്പിക്കു. നാമജപത്തെ ആശ്രയിക്കു. തീര്‍ച്ചയായും ഫലം ഉണ്ട്. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഒരിക്കല്‍ പുരന്തരദാസര്‍ പണ്ഡരീപുരത്തിലുളളപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഒരു മുത്തു മാല മോഷണം പോയി. അദ്ദേഹത്തിന് വളരെ ദുഃഖമായി. മാനസീകമായി ഭഗവാനോട് അദ്ദേഹം ആ മാല എടുത്ത ആള്‍ക്കു ചാട്ടവാറു കൊണ്ടു 30 അടി കൊടുക്കണം എന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ ഇതേ പോലെ ക്ഷേത്രത്തിലെ ഒരു ആഭരണം കാണാതെ പോയി. പാണ്ഡുരംഗന്‍ ഒരു ലീല പോലെ പുരന്തര ദാസരുടെ രൂപത്തില്‍ അതെടുത്തു ഒരു വേശ്യക്ക് കൊണ്ടു കൊടുത്തു. അന്വേഷണത്തില്‍ ആഭരണം പുരന്തര ദാസരാണ് വേശ്യക്കു കൊണ്ടു കൊടുത്തത് എന്നു തെളിഞ്ഞു. രാജന്‍ ആഭരണം മോഷ്ടിച്ച ആള്‍ക്കു ചാട്ടവാറു കൊണ്ടു 30 അടി എന്നു പ്രഖ്യാപിച്ചു.
അടി കൊള്ളുമ്പോള്‍ പുരന്തരദാസര്‍ ഭഗവാനോട് ചോദിച്ചു. "പ്രഭോ ഒരു ബന്ധവും ഇല്ലാതെ എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത്?' ഭഗവാന്‍ ചിരിച്ചു. 'നീ തന്നെയല്ലേ അന്നു
ചാട്ടവാറു കൊണ്ടു 30 അടിയുടെ കാര്യംപറഞ്ഞത്' എന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴത്തിനെ അദ്ദേഹത്തിന് കാട്ടി കൊടുത്തു. 'എന്റെ സങ്കല്‍പം കൊണ്ടല്ലേ അവന്‍ അതു കട്ടതു. എന്തു വേണമോ അതു ഞാന്‍ ചെയ്യും' എന്നു പറഞ്ഞു ഭഗവാന്‍ ദാസരുടെ ചിന്തയുടെ ആഴം അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തു. അതു കഴിഞ്ഞു ഭഗവാന്‍ തന്നെ ദാസരുടെ അടി നിര്‍ത്തിച്ചു.
നമ്മുടെ ചിന്തകള്‍ തെളിഞ്ഞതായിരിക്കണം. ഏതു സമയത്തും ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സില്‍ വരാന്‍ പാടില്ല. മനസ്സ് അടങ്ങാന്‍ നാമജപം മാത്രമാണ് ഒരു വഴി. മനസ്സ് അടങ്ങിയാല്‍ ഭക്തി ഒരു സ്ഥിതിയില്‍ എത്തും. മനസ്സ് ഭഗവാനു നല്‍കിയിട്ട് ഭഗവത് ചിന്തയില്‍ ഇരുന്നുകൊണ്ട് ശരീരം കൊണ്ടുള്ള കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. എത്രയോ പേര്‍ക്കു മറവി കൂടെ പിറപ്പാണ്. മറവിയുള്ള ചില ഭക്തര്‍ സന്ദര്‍ഭം വരുമ്പോള്‍ ഭഗവാനോട് ഒന്നു ഓര്‍മ്മിപ്പിച്ചു കൊടുക്കാന്‍ പ്രാര്‍ഥിക്കും. ഭഗവാന്‍ അവര്‍ക്കു ഭംഗിയായി ഓര്‍മ്മിപ്പിക്കും. എത്രയോ പേര്‍ക്കു നടക്കുന്നതാണ് ഇതു. സത്യം!
ജീവിതത്തില്‍ എന്തു പ്രശ്നം നേരിട്ടാലും പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയില്‍ പ്രശ്നം ഭഗവാനെ ഏല്‍പ്പിച്ചു നാമജപം ചെയ്തിരുന്നാല്‍ സത്യമായിട്ടും അതിനു പരിഹാരം ഭഗവാന്‍ കാട്ടിത്തരും. ഇതു വെറും വാക്കല്ല. മനസ്സ് ഭഗവാനില്‍ പൂര്‍ണ്ണമായും ലയിക്കണം. അതില്‍ ഒട്ടും സംശയം ഉണ്ടാവാന്‍ പാടില്ല. എത്രയോ പേര്‍ക്കു ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭഗവാനില്‍ വിശ്വാസം അര്‍പ്പിക്കു. നാമജപത്തെ ആശ്രയിക്കു. തീര്‍ച്ചയായും ഫലം ഉണ്ട്. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 54)
(വാക്യം 54)
'ഇരു കൈയും വിട്ടേനോ ദ്രൗപതിയൈ പോലെ'
പെണ്‍പിള്ളൈ അവളുടെ അടുത്ത വാക്യം പറഞ്ഞു. മഹാ ഭക്തയായ ദ്രൌപതിയെ ആണ് അവള്‍ ഇപ്പോള്‍ സ്മരിച്ചത്. ദ്രൗപതിക്കു ഭഗവാനോട് ദൃഡ ഭക്തിയാണ്. അവളുടെ ഭാഗ്യം അവളുടെ അഞ്ചു ഭക്താക്കന്മാരും കൃഷ്ണ ഭക്തന്മാരാണ്. അമ്മായിയമ്മയായ കുന്തി ഭഗവാനെ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. ദ്രൌപതിയുടെ സപത്നിയാണെങ്കില്‍ കൃഷ്ണന്റെ സഹോദരിയാണ് താനും. അത് കൊണ്ടു ഭഗവാനും അവരോടു വല്ലാത്ത ഒരടുപ്പം ഉണ്ടായിരുന്നു. ഇവരെ ഒരിക്കലും കൈവിടാന്‍ പാടില്ല എന്നു വിചാരിച്ചു.
പാണ്ഡവര്‍ക്ക് ധൃതരാഷ്ട്രര്‍ ഒരു പാഴ്സ്ഥലത്തെ നല്‍കി. കൃഷ്ണ കൃപ കൊണ്ടു അവര്‍ അതിനെ ഇന്ദ്രരാജ്യത്തിനു തുല്യമായ ഇന്ദ്രപ്രസ്ഥാമാക്കി മാറ്റി. ഭഗവാന്‍ തരുന്നതു അപ്പാടെ അവര്‍ സ്വീകരിച്ചു. ഭഗവാന്‍ അതു ഏറ്റവും മനോഹരമായതായി മാറ്റി. അതാണ് രഹസ്യം. ഭഗവാന്‍ തരുന്നതു നാം അപ്പാടെ സ്വീകരിക്കണം. അതില്‍ തീര്‍ച്ചയായും നമുക്കു നല്ലതു എന്തോ ഒളിഞ്ഞു കിടപ്പുണ്ട്. പാണ്ഡവര്‍ക്കു ഹസ്ഥിനാപുറത്തെക്കാള്‍ സുന്ദരമായ ഒരു സ്ഥലം വേണം എന്നു നിശ്ചയിച്ചു അതു കൊണ്ടാണ് ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലം കൊടുക്കാന്‍ ധൃതരാഷ്ട്രനു തോന്നിയത്. പാഴ് സ്ഥലമായത് കൊണ്ടു അവര്‍ അതു മയനെ കൊണ്ടു ഭംഗിയുള്ളതാക്കി മാറ്റി എടുത്തു.
ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചു കഴിഞ്ഞു കൌരവന്മാരെ അവര്‍ അവിടേക്കു കഷണിച്ചു. ദുര്യോധനന്‍ ആ മാളികയുടെ ഭംഗി കണ്ടു ഭ്രമിച്ചു പോയി. അവിടെ സ്ഥലം ഏതു ജലം ഏതു എന്നു ഭ്രമം ഉണ്ടായി. അതു കണ്ടു ദ്രൗപതി ചിരിച്ചു പോയി. അയാള്‍ അതില്‍ അപമാനിതനായി. അയാളുടെ ഹൃദയത്തില്‍ അസൂയ കത്തി ജ്വലിച്ചു. ശകുനിയുടെ ഉപദേശത്താല്‍ ചൂതാട്ടം എന്ന വ്യാജത്തില്‍ അവരെ ചതിക്കാന്‍ തീരുമാനിച്ചു. ചൂതാട്ടതിനു ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ പാടില്ല എന്നാണു ധര്‍മ്മം. ധര്‍മ്മപുത്രര്‍ അതു ശരിയായി ചെയ്തു. പക്ഷെ കളിക്കുമ്പോള്‍ അതില്‍ ആസക്തി കൊണ്ടു പോയി. അങ്ങനെ സര്‍വതും തുലച്ചു, സ്വന്തം പത്നിയെ വരെ പണയം വയ്ക്കാനുള്ള ദുര്‍ബുദ്ധി തോന്നി പോയി. ഭഗവാന്‍ എല്ലാം നമുക്കു തരുന്നുണ്ട്. പക്ഷെ നാം നമ്മുടെ ആസക്തി, കാമം, ലോഭം തുടങ്ങിയവ കൊണ്ടു എല്ലാം കളഞ്ഞു കുളിക്കുന്നു.
ദ്രൌപതിയെ അപമാനിക്കാന്‍ കിട്ടിയ നല്ലൊരു സന്ദര്‍ഭമായി. രജസ്വലയായ അവളെ സഭയില്‍ ദു:ശ്ശാസനന്‍ വലിച്ചു കൊണ്ടു വന്നു നിറുത്തി. അവളെ നിര്‍വാണമാക്കി നിറുത്തണം എന്നു ആശിച്ചു. മഹാപാതകമാണ് അയാള്‍ ചെയ്യാന്‍ ഒരുങ്ങുന്നത് എന്നറിഞ്ഞും ധൃതരാഷ്ട്രര്‍ അവരെ തടയാന്‍ ഒരുമ്പെട്ടില്ല എന്നതാണ് ആശ്ചര്യം. അയാളുടെ ഹൃദയത്തിലും അത്രയ്ക്കുണ്ട് പാണ്‍ഡവരോടുള്ള വിദ്വേഷം! തന്റെ മാനം പോകുമെന്ന സ്ഥിതി വന്നപ്പോള്‍ ദ്രൗപതി അലറി അവിളിച്ചു കരഞ്ഞു. തന്റെ വാക്‌ചാതുര്യം ഉപയോഗിച്ചു എങ്ങനെയെങ്കിലും ജയിക്കാം എന്നു അവള്‍ നോക്കി. അവരോടു ധര്‍മ്മത്തെ എടുത്തു പറഞ്ഞു വിലക്കാന്‍ നോക്കി. ആ സഭയില്‍ ആരെങ്കിലും തന്നെ രക്ഷിക്കുവാനുണ്ടോ എന്നു വിളിച്ചു നോക്കി. തന്റെ ഭര്‍ത്താക്കന്മാരെ നോക്കി വിളിച്ചു. അവര്‍ നിര്വീര്യന്മാരായി നിഷ്ക്രിയന്മാരായി നില്‍ക്കുന്നത് കണ്ടു അവളുടെ ഹൃദയം പൊട്ടി കരഞ്ഞു.
അവളുടെ പ്രയത്നങ്ങള്‍ ഒന്നും തന്നെ അവിടെ ഏറ്റില്ല. വിദുരര്‍ മാത്രം അവള്‍ക്കു വേണ്ടി വാദിച്ചു നോക്കി. അതും അവര്‍ സ്വീകരിച്ചില്ല. വിടുരരെ അപമാനിച്ചു വിട്ടു. ഭീഷ്മര്‍ മറ്റാരും തന്നെ അവരോടു എതിര്‍ത്തു ഒന്നും പറഞ്ഞില്ല. തല കുനിച്ചു അവിടെ ഇരുന്നതേയുള്ളൂ. അവളുടെ കരച്ചില്‍ ദുര്യോധനാദികള്‍ക്ക് ഹരമായി തോന്നി. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നു അവള്‍ തുടിക്കുന്നതു അവര്‍ കണ്ടു രസിച്ചു. അവിടെ ധര്‍മ്മത്തിന് സ്ഥാനമേയില്ലായിരുന്നു.
ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ ആരംഭിച്ചു. ദ്രൗപതി രണ്ടു കൈ കൊണ്ടു വസ്ത്രത്തില്‍ മുറുകെ പിടിച്ചു കൊണ്ടു അയാളെ നോക്കി കരഞ്ഞു യാചിച്ചു. അയാള്‍ അഹങ്കരിച്ചു ചിരിച്ചു. തന്റെ ജീവിതം തുലഞ്ഞു എന്നു അവള്‍ക്കു തോന്നി. തനിക്കു അഞ്ചു മഹാ വീരന്മാരായ ഭക്താക്കന്മാര്‍ ഉണ്ടായിട്ടു പോലും ആരും ഇല്ലാതെ അനാഥയായി നില്‍ക്കുന്നില്ലേ എന്നു അവള്‍ വിലപിച്ചു. തന്നെ രക്ഷിക്കാന്‍ ആരും തന്നെ ഇല്ലേ എന്നു അവള്‍ തളര്‍ന്നപ്പോള്‍ ഹൃദയത്തിനുള്ളില്‍ നിന്നും ഭഗവാന്‍ നിനക്കു ഞാനുണ്ട് എന്നു പറയുന്നത് അവള്‍ കേട്ട്.
അനാഥരായവര്‍ക്ക് നാഥന്‍ കൃഷ്ണന്‍ അല്ലേ? അപ്പോഴാണ് ദ്രൌപതിക്ക് തന്റെ തെറ്റ് മനസ്സിലായത്. തന്റെ ബന്ധുക്കളെ എല്ലാം വിളിച്ചു കരഞ്ഞിട്ടു ഒരു പ്രയോജനവും ഇല്ല. താന്‍ വിളിക്കേണ്ടത് അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായകനെയല്ലേ? താന്‍ ഇത്രയും നേരം ഭഗവാനെ എങ്ങനെ മറന്നു എന്നു തോന്നി. ഭഗവാന്‍ എല്ലാവരുടെയും ഉള്ളില്‍ നിന്നു വിളിക്കുന്നുണ്ട്. നമുക്കു ഇപ്പോഴും രക്ഷ നല്‍കുന്നുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കുന്നില്ല. ദ്രൌപതിയെ ധര്‍മ്മം രക്ഷിച്ചില്ല. ബന്ധുക്കള്‍ രക്ഷിച്ചില്ല. ഭഗവാന്‍ മാത്രമാണ് രക്ഷയ്ക്കു എത്തിയത്. എനിക്കു എന്റെ ഭഗവാന്‍ ഉണ്ട് എന്നു ഒരു മാത്ര നേരം അവള്‍ ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ഓടി എത്തി. ഭഗവാനല്ലാതെ മറ്റാരും തന്നെ തനിക്കു ശരണം ഇല്ല എന്നു മനസ്സിലാക്കി അവള്‍ കൃഷ്ണാ എന്നു അലറി വിളിച്ചു കൊണ്ടു രണ്ടു കയ്യും ഉയരെ തൂക്കി. തന്നെ രക്ഷിക്കാന്‍ തനിക്കാവില്ല എന്നു മനസ്സിലാക്കി വേറെ ഒരു ഗതിയും കാണാഞ്ഞു അവസാനം പൂര്‍ണ്ണമായും ഭഗവാനില്‍ അര്‍പ്പിച്ചു, വസ്ത്രത്തെ പിടിച്ചിരുന്ന തന്റെ രണ്ടുകയ്യും മുകളിലേയ്ക്ക് ഉയര്‍ത്തി 'ഗോവിന്ദാ പുണ്ഡരീകാക്ഷാ രക്ഷമാം ശരണാഗതം' എന്നുറക്കെ വിളിച്ചു.
അവള്‍ രണ്ടു കയ്യും വസ്ത്രത്തില്‍ നിന്നും വിട്ടു ഉയര്‍ത്തിയ ആക്ഷണം തന്നെ ഭഗവാന്‍ അവിടെ വസ്ത്ര രൂപത്തില്‍ അവളുടെ രക്ഷയ്ക്കു എത്തി. അവള്‍ നാമം പറയുന്നത് വരെ പോലും ഭഗവാന്‍ കാത്തു നിന്നില്ല. എപ്പോള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു തന്റെ കൈ രണ്ടു അവള്‍ വിട്ടുവോ അപ്പോള്‍ അവളുടെ ശരാണാഗതി പൂര്‍ണ്ണമായി. വസ്ത്രത്തെ പിടിച്ചു കൊണ്ടു അവള്‍ നാമം വിളിച്ചിരുന്നെങ്കില്‍ പോലും ഭഗവാന്‍ വരുമായിരുന്നോ എന്നു സംശയമാണ്. ഭഗവാനില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അവള്‍ രണ്ട് കയ്യും വിട്ടപ്പോള്‍ ഭഗവാന്‍ അവളുടെ ക്ഷേമം ഏറ്റെടുത്തു. എന്നെ കൊണ്ടു ഒന്നും ആവില്ല എനിക്കു ഭാഗവാനാല്ലാതെ ശരണം മറ്റൊന്നില്ല എന്നു ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ആ ശരണാഗതി സ്വീകരിച്ചു. അപ്പോള്‍ മാത്രമാണ് ശരണാഗതി തത്വം പൂര്‍ണ്ണമാകുന്നത്. ഒട്ടും സംശയം ഇല്ലാത്ത ഒരു ദൃഡ വിശ്വാസം ഉണ്ടാവണം. അതു ലഭിക്കാനാണ് പ്രയാസം. ഇപ്പോഴും ലേശം സംശയം നമ്മുടെ ഹൃദയത്തില്‍ ഇരിക്കും. നമ്മുടെ കാര്യം നടക്കുമോ ഇല്ലിയോ എന്നു ഇപ്പോഴും സംശയം. ഭഗവാനെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ഭഗവാന്‍ എല്ലാം ഭംഗിയാക്കും എന്ന വിശ്വാസം വേണം.
ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തി കൂപ്പി കൊണ്ടു ഭഗവാന്റെ നാമത്തെ വിളിച്ചു. അഞ്ചലി പരമ മുദ്ര എന്നാണല്ലോ പ്രമാണം. ഭഗവാന്‍ അതു കണ്ടു. ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയാണ്. അപ്പോള്‍ അവള്‍ കൈ വിട്ടു. അയ്യോ അവള്‍ക്കു ആപത്തല്ലേ എന്നു ഭഗവാനു ഭയമായി. നാം നമ്മുടെ ചുമതല ഭഗവാന്‍ ഏല്‍പ്പിക്കുന്ന ആ നിമിഷം അതിനെ കുറിച്ചുള്ള ആധിയും വ്യാകുലതയും ഒക്കെ ഭഗവാന്റെയായി മാറുന്നു. ഭഗവാന്‍ തന്നെ എങ്ങനെ രക്ഷിക്കണം എന്നൊന്നും അവള്‍ ചിന്തിച്ചില്ല. തന്നെ രക്ഷിക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. ഭഗവാനു വേണമെങ്കില്‍ ദുഃശ്ശാസനനെ ചക്രായുധം കൊണ്ടു വധിച്ചു അവളെ രക്ഷിക്കാമായിരുന്നു. പക്ഷെ അതിനു പകരം ഏറ്റവും അത്ഭുതകരമായ ഒരു ലീലയാണ് അവിടെ കളിച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ദുഃശ്ശാസനന്‍ വലിക്കുന്തോറും വസ്ത്രം വന്നുകൊണ്ടെ ഇരുന്നു. എത്ര വലിച്ചിട്ടും തീരാത്ത ഒരു കലവറ പോലെ! കുറെ സമയം കഴിഞ്ഞു ദുഃശ്ശാസനന്‍ വലിച്ചു വലിച്ചു തളര്‍ന്നു വീണു. പക്ഷെ ദ്രൌപതിയുടെ ശരീരത്തില്‍ നിന്നും വസ്ത്രം ഒട്ടും മാറിയില്ല. അതാണ് ഭഗവാന്‍! ദ്രൌപതിയുടെ ശരണാഗതി അത്ര ശ്രേഷ്ടമാണ്.
ദ്രൌപതിയുടെ ശരണാഗതി ശ്രേഷ്ടമാണെങ്കില്‍ പെണ്‍പിള്ളൈ അതു ആസ്വദിക്കുന്നത് അതിലേറെ ശ്രേഷ്ടമാണ്. ഭഗവാന്‍ ദ്രൌപതിക്ക് പുടവ തന്നതല്ല അവള്‍ക്കു വലുതായി തോന്നിയത്, മറിച്ചു ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തിയതാണ് ഏറ്റവും ശ്രേഷ്ടമായി തോന്നിയത്. ആ ഒരു വിശ്വാസം തനിക്കു ഉണ്ടോ എന്നു പെണ്‍പിള്ളൈ ചോദിക്കുന്നു. പെണ്‍പിള്ളൈയുടെ വീക്ഷണം അതീവ വിശേഷപ്പെട്ടതാണ്. ഒരു സാധാരണ സ്ത്രീയെ പോലെയല്ല അവള്‍ ചിന്തിച്ചത്. ഒരു സംഭവത്തിന്റെ കാതലായ അതിന്റെ ഗുണത്തെയാണ് അവള്‍ ശ്ലാഘിച്ചത്. അതാണ് പെണ്‍പിള്ളൈയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രാമാനുജരും അതുകൊണ്ടു മാത്രമാണ് പാവല്‍ പറയുന്നത് മുഴുവനും നിന്നു കേട്ടത്. അവള്‍ക്കു ദ്രൌപതിയെ പോലെ വിശ്വാസം ഉണ്ടായിരുന്നെകില്‍ ഇങ്ങനെ ഈ നാട് വിട്ടു പോകാന്‍ ഒരുങ്ങുമോ. സര്‍വവും വൈത്തമാനിധി പെരുമാളില്‍ അര്‍പ്പിച്ചു ഇവിടെ തന്നെ തുടരില്ലേ എന്നു അവള്‍ രാമാനുജരോട് ചോദിച്ചു. അതു കൊണ്ടു തനിക്കു ഇവിടെ ഇരിക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്നും പറഞ്ഞു. മനം കുളിര്‍ത്ത രാമാനുജര്‍ അവള്‍ക്കു ആ അര്‍ഹത നല്‍കി അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!