Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Thursday, October 13, 2011

പ്രേമവേദം - അക്ടോബാര്‍ 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
 ശ്രോണീസ്ഥലം മൃഗഗണാഃ പദയോര്‍ന്നഖാസ്തേ
ഹസ്ത്യുഷ്ട്രസൈന്ധവമുഖാ ഗമനന്തു കാലഃ 
വിപ്രാടിവര്‍ണ്ണഭവനം വദനാബ്ജബാഹു-
ചാരുയുഗ്മ ചരണം കരുണാംബുധേ തേ.
             (ദശഃ 6 ശ്ളോഃ 8)
       മൃഗങ്ങള്‍ അങ്ങയുടെ ജഘനത്തിന്റെ പിന്‍ ഭാഗവും ആന, ഒട്ടകം, കുതിര എന്നിവ കാല്‍നഖങ്ങളുമാകുന്നു. കാലശക്തിയാണ്‌ അങ്ങയുടെ നടത്തം. ഹേ കാരുണ്യസാഗരമേ, അങ്ങയുടെ മുഖാംബുജം  കരങ്ങള്‍, ചാരുക്കലായ ഇരുതുടകള്‍, കാലുകള്‍ എന്നിവയാകട്ടെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രന്‍ എന്നീ വര്‍ണ്ണ ഭേദങ്ങളുടെ നിവാസ സ്ഥാനവുമാണ്.
                                                 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
സദ്ഗുരുവാത്സല്യം
നിത്യം ശുദ്ധം നിരാഭാസം നിരാകാരം നിരഞ്ചനം
നിത്യബോധം ചിതാനന്ദം ഗുരും ബ്രഹ്മ നമാമ്യഹം.
             രാധേകൃഷ്ണാ! ഗുരു ഗീതയില്‍ പരമശിവന്‍ പാര്‍വതീ ദേവിക്കു ഗുരുവിന്റെ സവിശേഷതയെ കുറിച്ചു പറഞ്ഞു കൊടുക്കുന്നു. ഗുരു തത്വം വളരെ വിശാലമാണ്. അതു വര്‍ണ്ണിച്ചു തീര്‍ക്കാന്‍ പ്രയാസമുള്ളതാണ്. വെളിയില്‍ നിന്നും നോക്കുമ്പോള്‍ സാധാരണമായി തോന്നും. പക്ഷെ ഉള്ളില്‍ കടന്നാലേ അസാധാരണമായത് നമുക്കു മനസ്സിലാകുകയുള്ളൂ. നമ്മളുടെ പൂര്‍വികരൊക്കെ ഉണ്ടായിരുന്നു എന്നു നമുക്കു പറയാം. പക്ഷെ മഹാത്മാക്കളെ അങ്ങനെ പറയുവാന്‍ സാധിക്കില്ല. കാരണം അവര്‍ക്കു മരണമില്ല. അവരുടെ ശരീരം മറഞ്ഞാലും അവര്‍ ഇപ്പോഴും ഉണ്ട്. സ്വാമി രാഘവേന്ദ്രര്‍, സ്വാമി രാമാനുജര്‍, ആദി ശങ്കരാര്‍, പൂന്താനം തുടങ്ങിയ അനേകം മഹാത്മാക്കളെ നാം ഇപ്പോഴും ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നില്ലേ? അവര്‍ അനശ്വരന്മാരാണ്. ഇന്നും വേദവ്യാസരെ ഭാഗവതത്തിലൂടെ നാം കണ്ടു കൊണ്ടിരിക്കുന്നു. വാല്മീകി മഹര്‍ഷിയെ രാമായണത്തിലൂടെ നാം അനുഭവിക്കുന്നു. അതാണ്‌ അവര്‍ നിത്യം എന്നു പറയുന്നത്. 'ശുദ്ധം'- എന്നു വെച്ചാല്‍ ഒട്ടും കലര്‍പ്പില്ലാതെ എന്നര്‍ത്ഥം. നമ്മെപ്പോലെ വിഷയങ്ങളോ മറ്റോ അവരെ ഒട്ടും ബന്ധിപ്പിക്കുന്നില്ല. അതു കൊണ്ടു അവര്‍ ശുദ്ധരായി തന്നെ തുടരുന്നു. അവര്‍ക്കു യാതൊരു മാറ്റമുമില്ല. അവര്‍ക്കു യാതൊരു കല്‍മഷവും ഇല്ല. ഒരു പ്രത്യേക രൂപത്തില്‍ അവരെ ഉള്‍പ്പെടുത്താനും സാധിക്കില്ല. അവര്‍ക്കു യാതൊരു കുറ്റവും ഇല്ല. എപ്പോഴും ജ്ഞാനത്തില്‍ തന്നെ വര്‍ത്തിക്കുന്നു.  പൂര്‍ണ്ണ ബോധത്തില്‍ ഇരിക്കുന്നു. സാധാരണ ജനങ്ങളെ പോലെ മറവി എന്നൊന്നു അവര്‍ക്കില്ല. അവര്‍ സ്വയം ആനന്ദത്തില്‍ തന്നെ ഇരിക്കുന്നു. മറ്റുള്ളവര്‍ക്കും സദാ ആനന്ദത്തെ  നല്‍കുന്നു. ആ ബ്രഹ്മമായ ഗുരുവിനെ ഞാന്‍ നമസ്കരിക്കുന്നു എന്നു പരമേശ്വരന്‍ പറയുന്നു. 
           ഭാരതത്തില്‍ ഇത് പോലെ എത്രയോ ഗുരുക്കന്മാര്‍ ഉണ്ട്. ആരാണ് സദ്ഗുരു എന്നു നമുക്കു കണ്ടുപിടിക്കാന്‍ സാധിക്കുകയില്ല. അവരുടെ പ്രവൃത്തിയോ, കാര്യങ്ങളോ, വാക്കുകളോ കൊണ്ടു അവരെ സദ്ഗുരു എന്നു നമുക്കു നിര്‍ണ്ണയിക്കാന്‍ സാധ്യമല്ല. പക്ഷെ അവര്‍ തികഞ്ഞ ഭഗവത് ധ്യാനത്തില്‍ മൂഴ്കിയിരിക്കും. സാധാരണക്കാരെ പോലെ പെരുമാറും. സദാശിവ ബ്രഹ്മേന്ദ്രരെ പലരും ഒരു സദ്ഗുരു എന്നു അംഗീകരിച്ചിരുന്നില്ല. അദ്ദേഹം സദാ ജ്ഞാനത്തില്‍ നിമാഗ്നനായിരുന്നു. സദ്ഗുരുമാര്‍ക്കു ഭേദ ഭാവമും ഒട്ടും ഇല്ലായിരുന്നു. ഇന്ന ആള്‍ക്കേ ജ്ഞാനം പ്രദാനം ചെയ്യു എന്നൊന്നും നിഷ്കര്‍ഷ പാലിച്ചിരുന്നില്ല. അര്‍ഹരായവര്‍ക്ക് അവര്‍ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അവരുടെ ജാതിയോ. മതമോ, ദേശമോ, ഒന്നും തന്നെ അവര്‍ക്കു പ്രശ്നമായിരുന്നില്ല. ആത്മാവിനെ അറിയാനുള്ള ദാഹം ഉള്ളവര്‍ക്ക് അതു പകര്‍ന്നു കൊടുത്തിരുന്നു. ഉത്തമമായ ഭാരത ദേശത്തില്‍ സദ്ഗുരുമാര്‍ക്കു ഒട്ടും കുറവില്ലായിരുന്നു. നമ്മുടെ ദേശത്തില്‍ മാത്രമാണ് ഇത്രയും വിധമായ ഗുരു പരമ്പരയും, വിവിധ സമ്പ്രദായങ്ങളും നിലവിലുള്ളത്. 
         ഒരിക്കല്‍ യോദ്ധാവായ അലക്സാണ്ടര്‍ എല്ലാ രാജ്യങ്ങളും യുദ്ധം ചെയ്തു വിജയിച്ചു ഭാരത ദേശത്തില്‍ എത്തി. ഇവിടെയും വന്നു യുദ്ധങ്ങള്‍ ഒക്കെ ചെയ്തു.  അങ്ങനെ അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ഒരു ഭ്രാന്തനെ പോലെ ഒരാള്‍ നിര്‍വാണമായി നടന്നു പോകുന്നതു കണ്ടു. അദ്ദേഹം എന്തൊക്കെയോ പുലമ്പിക്കൊണ്ടു, ആനന്ദത്തില്‍ പാടികൊണ്ടും ആടികൊണ്ടും നടന്നു പോകുന്നു. മറ്റൊന്നിനെയും അദ്ദേഹം ശ്രദ്ധിക്കുന്നില്ല. നല്ല നട്ടുച്ച നേരത്ത് ചുട്ടു പഴുത്ത മണലില്‍ ചെന്നു കിടന്നിട്ടു, ആഹാ ഇതല്ലേ സുഖം എന്നൊക്കെ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. വഴിയില്‍ നിന്നു ലഭിച്ച ഭക്ഷണം എടുത്തു കഴിച്ചു. 
        അലക്സാണ്ടര്‍ അത്ഭുതത്തോടെ ഇതെല്ലാം നോക്കി കണ്ടു. അയാള്‍ക്കു വല്ലാതെ ആശ്ചര്യം തോന്നി. ഏതോ ഭ്രാന്തനാവണം അതു എന്നു വിചാരിച്ചു അയാള്‍ക്ക് കുറച്ചു ഭക്ഷണം കൊടുക്കാനായി വിളിച്ചു. ഉടനെ അദ്ദേഹം 'ഞാന്‍ കഴിച്ച ഭക്ഷണത്തിന് എന്തു കുറ്റം' എന്നു മറു ചോദ്യം ചോദിച്ചു. ഉടനെ അലക്സാണ്ടര്‍ക്ക് ഇതു ഒരു സാധാരണ ആളല്ല എന്നു തോന്നി. അദ്ദേഹം അലക്സാണ്ടാരോടു 'നീ എന്തു ചെയ്തു കൊണ്ടിരിക്കുന്നു' എന്നു ചോദിച്ചു. ഉടനെ അലക്സാണ്ടര്‍ 'എന്നെ കണ്ടാല്‍ അറിയില്ലേ, ഞാന്‍ ദിഗ്വിജയംചെയ്തു രാജ്യങ്ങളെ ജയിക്കുന്നു' എന്നു സ്വല്പം അഹങ്കാരതോടു കൂടി തന്നെ പറഞ്ഞു. എന്നിട്ടു അദ്ദേഹതോടു 'നിങ്ങള്‍ എന്തു ചെയ്യുന്നു' എന്നു ചോദിച്ചു. ഉടനെ അദ്ദേഹം 'ഞാന്‍ ജീവിതത്തെ ആസ്വദിച്ചു കൊണ്ടു ഇരിക്കുന്നു' എന്നു മറുപടി പറഞ്ഞു. 
        ഈ ഒരു മറുപടി അയാള്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സാധാരണ ആരോടു ചോദിച്ചാലും അവര്‍ ചെയ്യുന്ന കര്‍മ്മത്തെ പറഞ്ഞു താന്‍ അതു ചെയ്യുന്നു എന്നു പറയും. പക്ഷെ ഇദ്ദേഹമോ താന്‍ ചെയ്യുന്ന കര്‍മ്മത്തെ തന്റെ കര്‍ത്തവ്യമായി കണ്ടു, ജീവിതത്തെ ശരിക്കും ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ഈ അനുഭവം അലക്സാണ്ടര്‍ക്ക് ആദ്യമായാണ്‌. 'അപ്പോള്‍ നിങ്ങള്‍ വേറെ ഒന്നും ചെയ്യുന്നില്ലേ' എന്നു അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിനു താന്‍ ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞു. അദ്ദേഹം നടക്കുന്നതെല്ലാം തന്നെ ഭഗവത് സങ്കല്പമായാണ് കണ്ടിരുന്നത്‌. അല്ലാതെ സ്വയം കര്‍തൃത്വം അതില്‍ ആരോപിച്ചിരുന്നില്ല!
        അലക്സാണ്ടര്‍ അതു മനസ്സിലാക്കാതെ 'അങ്ങനെയെങ്കില്‍ അങ്ങ് ജീവിതം വ്യര്‍ത്ഥമാക്കി കളഞ്ഞു കൊണ്ടിരിക്കുകയാണ് അല്ലെ' എന്നു പറഞ്ഞു. അതിനു അദ്ദേഹം 'അതെങ്ങനെ നിനക്ക് പറയാന്‍ കഴിയും? ആട്ടെ! നീ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?' എന്നു തിരിച്ചു ചോദിച്ചു. അയാള്‍ക്കു കോപം വന്നു. 'ഞാന്‍ എത്ര രാജ്യത്തെ വിജയിച്ചിരിക്കുന്നു. ഇതെന്തു വിഡ്ഢി ചോദ്യമാണ് എന്നോടു നിങ്ങള്‍ ചോദിക്കുന്നത്' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'കുറെ രാജ്യങ്ങള്‍ ജയിച്ചത്‌ കൊണ്ടു എന്തു പ്രയോജനം?' എന്നു ചോദിച്ചു. ഉടനെ അയാള്‍ 'ഞാന്‍ രാജനാണ്. ഞാന്‍ എന്തു ആഗ്രഹിക്കുന്നുവോ അതു എനിക്ക് ലഭിക്കും' എന്നു പറഞ്ഞു. ഉടനെ ആ മഹാന്‍ 'അങ്ങനെയാണോ? എന്നാല്‍ എന്റെ ചോദ്യത്തിന് മറുപടി പറയുമോ' എന്നു ചോദിച്ചു. അലക്സാണ്ടര്‍ പുച്ഛമായി ചിരിച്ചു. 'ഉം നിങ്ങള്‍ ചോദിച്ചു നോക്കു. ഞാന്‍ മറുപടി പറയാം' എന്നു പറഞ്ഞു. 
           അലക്സാണ്ടാരോടു ആ സദ്ഗുരു എന്തു ചോദ്യമാണ് ചോദിച്ചത്? അതിനു അയാള്‍ എന്തു മറുപടി നല്‍കി എന്നു നമുക്കു അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
         രാധേകൃഷ്ണ! ഒരാഴ്ച കഴിഞ്ഞു തിരിച്ചു വന്ന കര്‍ഷകനോടു ജ്യോത്സര്‍ നടന്ന സംഭവങ്ങളെല്ലാം വിസ്തരിച്ചു പറയണം എന്നു ആവശ്യപ്പെട്ടതനുസരിച്ച്, അയാള്‍ ഓരോന്നും ഓര്‍ത്തോര്‍ത്തു പറഞ്ഞു തുടങ്ങി.
  "അന്നു ഇവിടെ നിന്നും ഇറങ്ങി ഞാന്‍ വീട്ടിലേക്കു നടന്നു. ഒരു കാട്ടു വഴിയില്‍ കൂടിയാണ് ഞാന്‍ പോയത്.  പെട്ടെന്നു മഴ വരുന്നത് പോലെ ഇരുണ്ടു കൂടി വന്നു. ഞാന്‍ എവിടെയെങ്കിലും ഒതുങ്ങം എന്നു നോക്കി. മരത്തിന്റെ ചുവട്ടില്‍ ഒതുങ്ങിയാല്‍ വല്ല ദുഷ്ട മൃഗങ്ങളും വന്നാലോ എന്നു ചിന്തിച്ചു നോക്കിയപ്പോള്‍ ദൂരെ ഒരു പാഴ്മണ്ഡപം കണ്ണില്‍ പെട്ടു. ശരി അവിടെ ചെന്നു ഒതുങ്ങി നില്‍ക്കാം എന്നു കരുതി അങ്ങോട്ട്‌ പോയി.  അവിടെ മനുഷ്യരെ ആരും കണ്ടില്ല. അതിനകത്തു പ്രവേശിച്ചു. അപ്പോഴാണ്‌ അതു ഒരു പൊളിഞ്ഞ ക്ഷേത്രമാണ് എന്നു മനസ്സിലായത്‌. അകത്തു ഒരു ഭിന്നപ്പെട്ട കൃഷ്ണ വിഗ്രഹം കണ്ടു. പൂജയും അലങ്കാരവും ഒന്നും ഇല്ലാതെ അവഗണിക്കപ്പെട്ടു കിടക്കുന്നത് കണ്ടു വളരെ പ്രയാസം തോന്നി. തന്റെ കയ്യില്‍ ധനം ഉണ്ടായിരുന്നെങ്കില്‍ ഈ ക്ഷേത്രം ഒന്നും വൃത്തിയാക്കി, പൂജാ കാര്യങ്ങള്‍ ഒക്കെ ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്നു വിചാരിച്ചു. പുറത്തു മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ പതുക്കെ ആ ക്ഷേത്രം മുഴുവനും ചുറ്റി നോക്കി. ഓരോ തൂണും നോക്കി അതില്‍ കേടുപാടു തീര്‍ക്കാന്‍ എന്തെല്ലാം ചെയ്യണം എന്നു നോക്കി. ഉത്തരത്തിലും ഒരു പാടു മരാമത്തു ജോലികള്‍ കണ്ടു. അതൊക്കെ മാനസീകമായി ഞാന്‍ നന്നാക്കി നോക്കി.
       മുഴുവനും വലയും പൊടിയും പിടിച്ചിരുന്നു. മാനസീകമായി അതെല്ലാം തട്ടി വൃത്തിയാക്കി. നല്ല പണിക്കാരെ വിളിച്ചാല്‍ അതൊക്കെ ശരിയാക്കാമല്ലോ എന്നു വിചാരിച്ചു. അവരു വന്നാല്‍ മരാമത്തു ജോലികള്‍ എല്ലാം വേണ്ട പോലെ ചെയ്തു തീര്‍ക്കും എന്നു വിചാരിച്ചു.  അവിടെ ഇരുന്ന ശിഥിലമായ വിഗ്രഹത്തിനു പകരം ഒരു നല്ല വിഗ്രഹം അവിടെ പ്രതിഷ്ഠിക്കാം എന്ന് വിചാരിച്ചു. ആ ക്ഷേത്രം ശരിയാക്കിയാല്‍ പിന്നെ ആള്‍ക്കാരെ വിളിച്ചു കുംഭാഭിഷേകം നടത്താം എന്നു വിചാരിച്ചു. തൊഴാന്‍ വന്നവര്‍ക്കെല്ലാം പ്രസാദ ഊട്ടു കൊടുത്താല്‍ എത്ര നന്നായിരിക്കും എന്നു വിചാരിച്ചു. ഇങ്ങനെ വിചാരങ്ങള്‍ ഓടുന്ന സമയത്ത് എന്റെ മനസ്സില്‍ ഞാന്‍ ഇതെല്ലാം കാണുകയായിരുന്നു. 
          ഹൃദയത്തില്‍ ഒരുപാടു സന്തോഷം തോന്നി. എല്ലാര്‍ക്കും ഊണും കൊടുത്തു കഴിഞ്ഞപ്പോള്‍ വല്ലാത്ത തൃപ്തിയും തോന്നി. പെട്ടെന്നു എന്റെ തലയുടെ മുകളില്‍ നിന്നും 'ശ് ശ് ശ്' എന്നൊരു ശബ്ദം കേട്ടു. ഞാന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഒരു സര്‍പ്പം എന്റെ തലയ്ക്കു മുകളില്‍ പടമെടുത്തു നില്‍ക്കുന്നത് കണ്ടു. ഭയത്തില്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്കു ഓടി. ഞാന്‍ പുറത്തു വന്നതും ആ മണ്ഡപം ഇടിഞ്ഞു വീണു. ഞാന്‍ ആകെ വിയര്‍ത്തു പോയി.  ഹോ! ഭഗവാന്‍ എന്നെ കാത്തു എന്നു വിചാരിച്ചു തിരികെ വീട്ടിലേക്കു നടന്നു. ആ സമയം മഴയും വിട്ടിരുന്നു.'
       ഇത്രയും കേട്ടപ്പോള്‍ തന്നെ ആ ജ്യോത്സ്യര്‍ പൊട്ടിക്കരഞ്ഞു. ആ കര്‍ഷകനെ പിന്നീട് ഒന്നും പറയാന്‍ സമ്മതിച്ചില്ല. അയാള്‍ക്ക് കേള്‍ക്കാനുള്ളത് മുഴുവനും അയാള്‍ കേട്ടു കഴിഞ്ഞു. കര്‍ഷകന്റെ കാലില്‍ വീണു നമസ്കരിച്ചു. കര്‍ഷകനു ജ്യോത്സരില്‍ ഉണ്ടായ മാറ്റം കണ്ടിട്ടു ഒന്നും മനസ്സിലായില്ല. ജ്യോത്സരോടു അയാള്‍ 'എന്താ എന്തു പറ്റി? എന്തിനാ എന്റെ കാലില്‍ അങ്ങു വീഴുന്നത്?' എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു 'താന്‍ അന്നു ഇവിടുന്നു തിരിച്ച ദിവസം ശരിക്കും പറഞ്ഞാല്‍ തന്റെ മരണ സമയമായിരുന്നു. തന്റെ ജാതകത്തില്‍ നിന്നും ഞാന്‍ ഇത് മനസ്സിലാക്കി. അതിനു ഒരു പരിഹാരവും അതില്‍ തന്നെ ഞാന്‍ കണ്ടു. താന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകം നടത്തിയാല്‍
അതിനു പരിഹാരമാകുമായിരുന്നു. പക്ഷെ താന്‍ ഇവിടെ വന്നതു തന്നെ ക്ഷാമം കൊണ്ടു പട്ടിണി മാറ്റുവാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നു ചോദിക്കാനാണ്. തന്നെ കൊണ്ടു സാധിക്കുന്ന കാര്യമാല്ലാതതിനാല്‍ തന്നോടു ഞാന്‍ ഒന്നും പറയാതെ തന്നെ വിട്ടു.  താന്‍ ജീവനോടെ ഉണ്ടെങ്കില്‍ അടുത്ത ആഴ്ച കാണാം എന്നാണു മനസ്സില്‍ വിചാരിച്ചത്. പക്ഷെ അത്ഭുതാവഹമായി താന്‍ അതേ സമയത്ത് മാനസീകമായി ക്ഷേത്രം നിര്‍മ്മിച്ചു, കുംഭാഭിഷേകവും നടത്തിയിരിക്കുന്നു. തനിക്കു ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ധനമോ, സമയമോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ മാനസീകമായി കുറച്ചു സമയം കൊണ്ടു താന്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ഭഗവാന്‍ തൃപ്തനായി പാമ്പിന്റെ രൂപത്തില്‍ തന്നെ ഒരു വലിയ ആപത്തില്‍ നിന്നും ഒഴിവാക്കി തന്റെ ജീവനെ രക്ഷപ്പെടുത്തിയിരിക്കുന്നു'. 
         കര്‍ഷകന്‍ എല്ലാം കേട്ടു സ്തബ്ധനായി നിന്നു പോയി. അയാള്‍ക്കു അതിന്റെ നടുക്കത്തില്‍ നിന്നും മുക്തനാകാന്‍ കുറെ നേരം സാധിച്ചില്ല. എത്ര വലിയ ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഇതൊക്കെ ആ ഭഗവാന്റെ ഒരു അനുഗ്രഹം ഒന്നുകൊണ്ടു മാത്രമല്ലേ! ആ സമയത്തു മഴ വന്നതും, തന്നെ ആ പാഴ്മണ്ഡപത്തില്‍ കൊണ്ടെത്തിച്ചതും എല്ലാം ഭഗവാന്റെ കൃപയല്ലേ! വലിയ ഉറച്ച വിശ്വാസം ഒന്നും ഇല്ലാതെ വെറുതെ കൃഷ്ണ കൃഷ്ണാ എന്നു ഉരുവിട്ടു കൊണ്ടിരുന്നതിനു ഭഗവാന്‍ ഈ കൃപ ചെയ്തിരിക്കുന്നു. അപ്പോള്‍ താന്‍ ഭഗവാനില്‍ ദൃഡ ഭക്തിയോടെ ഭക്തി ചെയ്‌താല്‍ ഭഗവാന്‍ എന്താണ് തരാത്തത്? എല്ലാം തരില്ലേ?
        ഭഗവാനെ തൃപ്തിപ്പെടുത്താന്‍ ധനം ആവശ്യമില്ല. മനസ്സ് മാത്രം മതി. കര്‍ഷകന്‍ ഈ സത്യം മനസ്സിലാക്കി. ജാതകവശാല്‍ ആപത്ഘട്ടം കടന്ന അയാള്‍ക്കു ശേഷം ജീവിതം ഐശ്വര്യ പൂര്‍ണ്ണമായിരുന്നു. അതേ പോലെ അയാളുടെ ദുഃകങ്ങളെല്ലാം അവസാനിച്ചു അയാള്‍ക്കു നല്ലൊരു ജീവിതം കൈവന്നു. കര്‍ഷകനും ഈ സംഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു ഹൃദയ പൂര്‍വമായി ഭഗവാനെ ആരാധിച്ചു. അയാള്‍ മാനസീകമായി ആഗ്രഹിച്ച പോലെ ഒരു ക്ഷേത്രം നിര്‍മ്മിച്ചു കുംഭാഭിഷേകവും നടത്തി ഭഗവാന്റെ പ്രീതിക്ക് പാത്രമായി. 
         ഹൃദയം ഭഗവാന് അര്‍പ്പിക്കു. എന്തു കാരണം കൊണ്ടും ചിന്ത നേരായ വഴിയില്‍ തന്നെ ആകണം. ദൃഡ വിശ്വാസം വേണം. നമ്മുടെ ചിന്ത ശരിയായിരുന്നാല്‍ ജീവിതം ശരിയാകും. നാം തെറ്റായി ചിന്തിക്കുന്തോറും നമ്മുടെ ജീവിതത്തെ അതു ബാധിക്കും. നമുക്കു ഒന്നും ശരിയാവില്ല, കഷ്ടം വരും എന്നു ചിന്തിച്ചാല്‍ അങ്ങനെയേ ഭവിക്കു. അതിനു പകരം ഏതു സാഹചര്യത്തിലും എല്ലാം ഭഗവാന്‍ ശരിയാക്കും എന്നു ദൃഡ വിശ്വാസത്തോടെ ചിന്തിച്ചാല്‍ തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും. ഹൃദയം സുന്ദരമായത്. അതില്‍ ഭഗവാനെ പ്രതിഷ്ഠിച്ചു ആരാധിക്കു. അതു ആദ്യം വെറും സങ്കല്പമായി ഇരുന്നാല്‍ പോലും ക്രമേണ അതു സത്യമാകും. ഭഗവാന്‍ വന്നു കുടിയേറും. ജീവിതത്തില്‍ ഒന്നും തന്നെ ശരിയായി സംഭവിക്കുന്നില്ലെങ്കിലും എല്ലാം ശരിയാകും എന്നു വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കു. താനേ എല്ലാം ശരിയായി നടക്കും. എത്രയോ മഹാന്മാര്‍ ദരിദ്ര സ്ഥിതിയില്‍ ഇരുന്നു കൊണ്ടു, ഭഗവാനു സ്വര്‍ണ്ണ കിരീടം, വജ്ര മാല, ആര്‍ഭാടമായി ഉത്സവം എന്നു ഹൃദയത്തില്‍ ആഗ്രഹിച്ചിട്ടു ആരെയെങ്കിലും കൊണ്ടു ഭഗവാന്‍ അവര്‍ക്കു അതു നടത്തി കാട്ടിയിട്ടുണ്ട്. അവര്‍ക്കു അതു നടത്തി കൊടുക്കാനുള്ള കഴിവ് ഇല്ലായിരിക്കും പക്ഷെ ഭഗവാന്‍ വേറെ ആരെയെങ്കിലും കൊണ്ടു അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കും. അതു കൊണ്ടു നമ്മുടെ ചിന്ത നല്ലതാകണം. എന്നാല്‍ എല്ലാം നല്ലതായി ഭവിക്കും. ഇതു സത്യം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 52)  
        രാധേകൃഷ്ണാ! പെണ്‍പിള്ളൈ കൃഷ്ണ വിഷയം പറഞ്ഞു കഴിഞ്ഞിട്ടു അടുത്തതായി രാമ വിഷയം പറഞ്ഞു. അതും സാക്ഷാത് ഭഗവാനെ കുറിച്ച് തന്നെ പറഞ്ഞു. പെണ്‍പിള്ളൈ രഹസ്യത്തില്‍ രണ്ടു വാക്യം മാത്രം ഭഗവാനെ കുറിച്ചു പറയുന്നു. ആദ്യം 'യാന്‍ സത്തിയം എന്റെനോ കൃഷ്ണനൈ പോലെ' എന്നു പറഞ്ഞു. അതെ പോലെ ഇപ്പോള്‍ രാമനെ കുറിച്ചു അടുത്ത വാക്യം പറഞ്ഞു. 
'കാട്ടുക്കു പോനേനോ പെരുമാളൈ പോലെ'
രാമന്‍  സത്യസന്ധന്‍, ചക്രവര്‍ത്തി തിരുമകന്‍! പെണ്‍പിള്ളൈ രാമനെ ആസ്വദിക്കുന്നു. ശ്രീരാമന്‍ സീതയെ വിവാഹം കഴിച്ചു അയോധ്യയില്‍ സുഖമായി വസിച്ചു വന്നു. ഭരതനും ശത്രുഘ്നനും  അമ്മാവന്റെ വീട്ടില്‍ പോയി. യദൃച്ഛയാ ഈ സമയം ദശരഥ ചക്രവര്‍ത്തിക്കു രാമനെ യുവരാജാവായി അഭിഷേകം ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി. ഉടനെ സുമന്ത്രര്‍ വസിഷ്ടര്‍ എല്ലാരെയും വിളിച്ചു ആലോചിച്ചു. എല്ലാവരും വളരെ സന്തോഷത്തോടെ ആമോദിച്ചു. ദശരഥനു പോലും ആശ്ചര്യം ഉളവാക്കുന്ന രീതിയിലായിരുന്നു അവരുടെ സന്തോഷം. കാരണം രാമന്റെ ഗുണങ്ങള്‍ അത്രത്തോളം ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. എല്ലാവരും രാമന്റെ സൌശീല്യത്തില്‍ മയങ്ങിയിരുന്നു. മൃദുഭാഷി! സ്നേഹ സമ്പന്നന്‍! വിനയാന്വിതന്‍! എല്ലാം കൊണ്ടും യുവരാജാവാകാന്‍ അര്‍ഹന്‍. പ്രജകളുടെ ഹിതം അറിഞ്ഞു ദശരഥന്‍ പട്ടഭിശേകതിനുള്ള ഏര്‍പ്പടൊക്കെ ചെയ്തു. 
         അപ്പോഴാണ്‌ മന്ഥരയുടെ രംഗപ്രവേശം. നാട്ടിലെ കോലാഹലങ്ങളൊക്കെ ശ്രദ്ധിച്ച അവള്‍ അതിന്റെ കാരണം തിരക്കി. ശ്രീരാമന് പട്ടാഭിഷേകം എന്നറിഞ്ഞപ്പോള്‍ ധൃതി പിടിച്ചു കൈകെയിയെ കാണാന്‍ പോയി. തന്റെ വാക്ക് ചാതുര്യം കൊണ്ടു കൈകേയിയുടെ ഹൃദയത്തില്‍ വിഷം കുത്തി വെച്ചു. അവളുടെ ഉപദേശപ്രകാരം, ദശരഥന്‍ വരുന്ന സമയത്തു അലങ്കാരം ഒന്നും ഇല്ലാതെ കോപാ ഗൃഹത്തില്‍ പോയി കണ്ണീര്‍ ഒഴുക്കിക്കൊണ്ടു കിടന്നു. ദശരഥന്‍ വന്നു കണ്ടു പതറിപ്പോയി. പിന്നെ കൈകെയിയെ സമാധാനിപ്പാനുള്ള ശ്രമവുമായി. അദ്ദേഹത്തിനു ഒട്ടും പിടികൊടുക്കാതെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം അവള്‍ക്കു രണ്ടു വരം നല്‍കി. കൈകേയി ഉടനെ രാമനു 14 വര്‍ഷം വനവാസവും ഭരതനു രാജ്യാഭിഷേകവും ചോദിച്ചു വാങ്ങി. 
        രാത്രി ശ്രീരാമനും സീതയും വ്രതം നോറ്റു, ഉറക്കമില്ലാതെ ജപിച്ചു കൊണ്ടു കഴിച്ചു കൂട്ടുകയായിരുന്നു. നേരം പുലര്‍ന്നാല്‍ പട്ടാഭിഷേകമല്ലേ! അതിനു വേണ്ടി തയ്യാറെടുക്കുകയായിരുന്നു. രാജ്യം മുഴുവനും ആനന്ദത്തില്‍ ആറാടിയിരുന്നു. ഓരോ വീട്ടിലും ദൂരെ നിന്നും വിരുന്നുകാര്‍ ഒക്കെ എത്തിയിരുന്നു. എല്ലാവരും രാമന്റെ പട്ടാഭിഷേകം കാണാന്‍ എത്തിയതാണ്. ദശരഥനു മാത്രം അതു കാളരാത്രിയായി തീര്‍ന്നു. കൈകേയിയുടെ സൌന്ദര്യത്തില്‍ താന്‍ മയങ്ങി വരം കൊടുത്തില്ലേ എന്നു കരഞ്ഞു. നേരം വെളുക്കരുതേ എന്നു അദ്ദേഹം ആഗ്രഹിച്ചു. നേരം പുലരുന്ന നേരം വീണ്ടും കൈകേയിയോട് യാചിച്ചു. ഭരതനെ യുവരാജനാക്കം പക്ഷെ രാമനെ കാട്ടിലേക്കു അയയ്ക്കരുതേ എന്നു അപേക്ഷിച്ച് നോക്കി. പക്ഷെ കൈകേയി ഒന്നും കേട്ടില്ല. 
           നേരം പുലര്‍ന്നു. ദശരഥ ചക്രവര്‍ത്തി തളര്‍ന്നു കിടക്കുകയാണ്‌. സ്തുതി പാഠകന്മാര്‍ വന്നു പാടി ഉണര്‍ത്തുന്നു. ചക്രവര്‍ത്തിക്കു അതൊന്നും തന്നെ കേള്‍ക്കാന്‍ താല്പര്യം ഇല്ല. അദ്ദേഹം രാമനെ വിളിച്ചു കൊണ്ടു വരുവാന്‍ ആളയച്ചു. രാമന്‍ വളരെ സന്തോഷത്തോടെ പുറപ്പെട്ടു. വനവാസത്തിനു പോകേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമാണ്‌. കൈകേയി മാതാവ് അതിനു തന്നെ സഹായിക്കും എന്നു അറിയാം. തന്റെ പട്ടാഭിഷേകം തടസ്സപ്പെട്ടു എന്നു മനസ്സിലായി. അയോധ്യയില്‍ ഇരുന്നു കൊണ്ടു രാജ്യം ഭരിക്കുന്നതിലും കാട്ടില്‍ പോയി ദുഷ്ട നിഗ്രഹം ചെയ്തു ശിഷ്ട പരിപാലനം ചെയ്യുന്നതാണ്‌ രാമനു കൂടുതല്‍ ഇഷ്ടം. അയോധ്യാ ജനങ്ങള്‍ രാമന്‍ ഇല്ലെങ്കിലും രാമാനാമത്തിന്റെ സഹായത്തോടെ ജീവിക്കും എന്നു ഭഗവാനു ഉറപ്പായിരുന്നു. കാട്ടില്‍ കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഋഷികള്‍ക്കാണ് തന്റെ ആവശ്യം കൂടുതല്‍ എന്നും അറിയാം. 
           രാമന്‍ ദശരഥ ചക്രവര്‍ത്തിയെ നമസ്കരിച്ചു. അദ്ദേഹം ഒന്നും മിണ്ടുന്നില്ല. കൈകേയിയാണ് രാമനെ സ്വീകരിച്ചത്. എന്നിട്ടു രാമനോട് ചക്രവര്‍ത്തി രണ്ടു കാര്യം പറയാന്‍ ഏല്പ്പിച്ചിട്ടുണ്ട്  എന്നു പറഞ്ഞു. അതെന്താണ് എന്നു രാമന്‍ ചോദിച്ചപ്പോള്‍, തനിക്കു പകരം ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യും, താന്‍ 14  വര്‍ഷങ്ങള്‍ കാട്ടില്‍ വനവാസം ചെയ്യണം എന്നു പറഞ്ഞു. അതു രാമനോട് നേരിട്ടു പറയാന്‍ മടിച്ചിട്ടാണ് കൈകേയിയോട് പറയാന്‍ ഏല്‍പ്പിച്ചത് എന്നും പറഞ്ഞു. 
         രാമന്റെ മുഖം ഒന്നു ചുരുങ്ങി. ഇതു കണ്ട കൈകേയി അത്ഭുതപ്പെട്ടു.  രാമനും രാജ്യത്തിന് ആശ ഉണ്ടോ എന്നു സ്വല്പം സംശയിച്ചു. രാമന്‍ കൈകേയിയോട് 'അമ്മാ! ഇതു പറയാന്‍ അച്ഛന്‍ മടിക്കുന്നോ? ഓ കഷ്ടം! അപ്പോള്‍ അച്ഛനു അത്രയ്ക്കേ എന്നെ വിശ്വാസമുള്ളോ? അമ്മ തന്നെ ഒന്നു പറഞ്ഞാല്‍ ഞാന്‍ കാട്ടിലെക്കുപോവില്ലേ? അച്ഛന്‍ പറയണ്ട ആവശ്യം ഉണ്ടോ? അമ്മ തന്നെ എന്നോടു പറഞ്ഞാല്‍ പോരെ? ഞാന്‍ കാട്ടില്‍ പോവില്ലേ? അമ്മയ്ക്കും എന്നെ വിശ്വാസം ഇല്ലേ?' എന്നു കൈകേയിയോട് ചോദിച്ചു. 
         ദേവന്മാര്‍ ഇതൊക്കെ കണ്ടു അത്ഭുതപ്പെട്ടു നില്‍ക്കുകയാണ്. 
എന്തൊരു വൈരാഗ്യം! എന്തൊരു മനോ ധൈര്യം! യുവരാജ്യ പട്ടാഭിഷേകമാണ് തടസ്സപ്പെട്ടത്. എന്നിട്ടു പോലും ഭഗവാനു യാതൊരു കുലുക്കവും ഇല്ല! ഭഗവാന്‍ സീതയെ വിളിച്ചുകൊണ്ടു കൌസല്യാ മാതാവിനെ ചെന്നു കണ്ടു കാര്യം പറഞ്ഞു. കൌസല്യയ്ക്കു നിരാശ സഹിക്കാന്‍ കഴിഞ്ഞില്ല. ഭഗവാനെ പിരിഞ്ഞുള്ള ജീവിതം ചിന്തിക്കാന്‍ കൂടി പറ്റില്ല. ഭഗവാന്‍ കൌസല്യാ മാതാവിനെ ആശ്വസിപ്പിച്ചു.  'അമ്മേ! ഒരു ഒന്‍പതു വര്‍ഷം ഇതാ എന്നു പോവില്ലേ. പിന്നെ ഒരു അഞ്ചു വര്‍ഷം കൂടി. ഉടനെ ഞാന്‍ അമ്മയുടെ അടുക്കലേക്കു തിരിച്ചെത്തും തീര്‍ച്ച' എന്നു പറഞ്ഞു. 14 വര്‍ഷം എന്നു പറഞ്ഞാല്‍ കൌസല്യയ്ക്കു താങ്ങാന്‍ പറ്റില്ല എന്നു രാമാനറിയാം. അതാണ്‌ അതു എത്രയും ലഘൂകരിച്ചു പറഞ്ഞത്. 
      യാതൊരു ദുഃഖവും ഇല്ലാതെ എല്ലാവരെയും സമാധാനിപ്പിച്ചു ഭഗവാന്‍ സന്തോഷത്തോടെ വനവാസത്തിനു ഒരുങ്ങി പുറപ്പെട്ടു. ജീവിതത്തില്‍ വരുന്നത് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാന്‍ നമുക്കു കാണിച്ചു കൊടുക്കുകയാണ് ഭഗവാന്‍. എല്ലാം ഭഗവത് സങ്കല്പത്തിലാണ് നടക്കുന്നത്. നടക്കുന്നതിലെല്ലാം ഒരു നന്മ ഒളിഞ്ഞിരിപ്പുണ്ട്. നമുക്കു അതു മനസ്സിലാകുന്നില്ല. എന്തൊക്കെ വന്നാലും ഹൃദയം തളരരുത്. ഭഗവാന്‍ നമുക്കു അതു കാണിച്ചു തരുന്നുണ്ട്. ആ ഒരു ഭാവം തനിക്കില്ലല്ലോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു പറഞ്ഞു. രാമനുജര്‍ വളരെ ആശ്ചര്യപ്പെട്ടു അവള്‍ പറഞ്ഞതു കേട്ടു നിന്നു. അദ്ദേഹം ലക്ഷ്മണനായി നിന്നു ഇതൊക്കെ നേരിട്ടു കണ്ടതല്ലേ. അതൊക്കെ അദ്ദേഹം ഓര്‍ത്തു സന്തോഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!