പൃഷ്ഠന്ത്വധര്‍മ്മ ഇഹ ദേവ! മനഃ സുധാംശു-
രവ്യക്തമേവ ഹൃദയാംബുജമംബുജാക്ഷ!
കുകഷ്വിസ് സമുദ്രനിവഹാ വസനന്തു സന്ധ്യേ
ശേഫാ പ്രാജാപതിരസൌ വൃഷണൌ ച മിത്രഃ
(ദശഃ 6 ശ്ലോഃ 7)
അല്ലയോ പ്രകാശാത്മാവായ ഭഗവാനെ, ഇങ്ങനെ അധര്‍മ്മം അങ്ങയുടെ പൃഷ്ഠഭാഗമാണ്. ഹേ! അംബുജനേത്ര, ചന്ദ്രന്‍ അങ്ങയുടെ മനസ്സും, അവ്യക്ത സ്വരൂപിയായ പ്രകൃതി ഹൃദയവും, സമുദ്രഗനങ്ങള്‍ ഉദരവും, സന്ധ്യകള്‍ വസ്ത്രങ്ങളും, ബ്രഹ്മാവ് ജനനേന്ദ്രിയവും, മിത്രന്‍ വൃഷണങ്ങളുമാണ്.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
സദ്ഗുരുവാത്സല്യം
രാധേകൃഷ്ണാ! ഗുരു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടു ശരിക്ക് മനസ്സിലാക്കണം. എങ്കിലേ നമുക്ക്ക് പക്വത വരൂ. സദ്ഗുരുവിന്റെ മഹിമയെ കാണിക്കുന്ന മറ്റൊരു കഥ! ഒരു ഗ്രാമത്തില്‍ ഒരു സദ്ഗുരു തന്റെ ശിഷ്യന്മാരുടെ കൂടെ വസിച്ചിരുന്നു. അദ്ദേഹത്തിന് ഒരു സത്ശിഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം ശിഷ്യനു നല്ല ഉപദേശങ്ങള്‍ നല്‍കി അയാള്‍ക്ക് പക്വത വരുത്തി കൊണ്ടിരുന്നു. ഗുരു ഇപ്പോഴും ശിഷ്യന്റെ പക്വത അനുസരിച്ചാണ് ഉപദേശങ്ങള്‍ നല്‍കുക. ശിഷ്യന്‍ അതു ശരിക്കു മനസ്സിലാക്കണം. ഒരാള്‍ക്കു കൊടുക്കുന്ന ഉപദേശം ആയിരിക്കില്ല മറ്റൊരാള്‍ക്കു. വൈദ്യര്‍ ഓരോ രോഗികള്‍ക്കും ഓരോ മരുന്നു കൊടുക്കുന്നില്ലേ അതു പോലെ! ഗുരു മറ്റേ ശിഷ്യനു പറഞ്ഞത് പോലെ തനിക്കു പറഞ്ഞില്ലല്ലോ എന്നു ചിന്തിക്കുന്നത് തെറ്റാണ്. അവരവരുടെ വാസനയും പക്വതയും അനുസരിച്ചായിരിക്കും ഗുരു നല്‍കുന്ന ഉപദേശങ്ങള്‍.
ആ സദ്ഗുരു ഒരു ശിഷ്യനോട് ഇപ്പോഴും കാമത്തിന് അടിപ്പെടരുത്, കാമം സുലഭമായി നമ്മെ പറ്റിക്കും എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പ്രത്യേകിച്ചും അയാളോട് സ്ത്രീ സംഗം വര്‍ജ്ജിക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കല്‍ ഗുരുവും ശിഷ്യനും ഒരു ഗ്രാമത്തിലേക്കു പോയി കൊണ്ടിരുന്നു. പോകുന്ന വഴി ഒരു നദി തീരത്ത് കൂടെ അവര്‍ നടന്നു. ഗുരു അപ്പോഴും അയാളോട് സ്ത്രീ സംസര്‍ഗ്ഗം ത്യജിക്കുന്ന കാര്യം ആവര്‍ത്തിച്ചു പറഞ്ഞു. ആ സമയം നദിയില്‍ ഒരു സ്ത്രീ കുളിക്കുകയായിരുന്നു. ശിഷ്യന്‍ ഗുരുവിന്റെ ഉപദേശം കേട്ടു കൊണ്ടു "ശരിയാ! അങ്ങ് പറഞ്ഞത് പോലെ സ്ത്രീയെ നോക്കാനേ പാടുള്ളതല്ല" എന്നു പറഞ്ഞു കൊണ്ടു, വെറുപ്പോടു കൂടി മുഖം തിരിച്ചു നടന്നു.
പെട്ടെന്നു നദിയില്‍ വെള്ളം പൊങ്ങി, കുളിച്ചു കൊണ്ടിരുന്ന സ്ത്രീ ഒരു ചുഴലിയില്‍ അകപ്പെട്ടു. അവര്‍ ഉടനെ 'എന്നെ രക്ഷിക്കു! എന്നെ രക്ഷിക്കു!' എന്നു അലറി വിളിച്ചു കൈ കാലിട്ടടിച്ചു. ശിഷ്യന്‍ ഉടനെ സ്ത്രീ സംഗം പാടില്ല, കാമം നമ്മെ ചതിക്കും എന്നു പറഞ്ഞു കൊണ്ടു മുഖം തിരിഞ്ഞു നടന്നു. ഗുരു ഇത് ശ്രദ്ധിച്ചു. അദ്ദേഹം പെട്ടെന്നു വെള്ളത്തിലേക്ക് എടുത്തു ചാടി ആ സ്ത്രീയെ പിടിച്ചു കര കയറ്റി. അവളുടെ ദേഹത്ത് നിന്നും വസ്ത്രങ്ങള്‍ അഴിഞ്ഞു പോയിരുന്നു. അതൊക്കെ എടുത്തു അവളെ മൂടി പുതച്ചു, അവള്‍ക്കു വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കി, എന്നിട്ടു 'മകളെ സൂക്ഷിച്ചിരിക്കു' എന്നു പറഞ്ഞു നടന്നു.
ശിഷ്യന്‍ ഇതൊക്കെ കണ്ടു നില്‍ക്കുകയായിരുന്നു. അയാള്‍ക്ക് വല്ലാത്ത ദേശം തോന്നി. തന്നോടു ചെയ്തതു ഒരു ഉപദേശം, പക്ഷെ ഗുരുവിന്റെ പ്രവൃത്തിയോ അതിനു നേരെ വിപരീതം! ഇതെന്തു ന്യായം? സ്ത്രീയെ തൊട്ടാല്‍ കാമം വരും, അതു കൊണ്ടു അവളെ നോക്കരുതു, തൊടരുതു, എന്നൊക്കെ പറഞ്ഞ ഗുരു ഇപ്പോള്‍ സന്ദര്‍ഭം കിട്ടിയോപ്പോള്‍ ഒരു യൌവന സ്ത്രീയെ കേറി പിടിച്ചിരിക്കുന്നു. ഛെ! മോശം. അയാള്‍ കോപം ഉള്ളിലടക്കി മിണ്ടാതെ നടന്നു. ഗുരുവും ഒന്നും പറഞ്ഞില്ല. കുറെ നേരം കഴിഞ്ഞു. അയാള്‍ക്കു ക്ഷമ കെട്ടു. അവസാനം അയാള്‍ ഗുരുവിനോട് 'ഗുരോ! എനിക്കു ഒരു സംശയം. അതൊന്നു തീര്‍ത്തു തരണം എന്നു പറഞ്ഞു.
അയാളുടെ ഹൃദയത്തില്‍ സംശയം അലതല്ലുന്നത് ഗുരുവിനു മനസ്സിലായിരുന്നു. എന്നാലും അദ്ദേഹം അയാള്‍ ചോദിക്കുന്നതു വരെ മിണ്ടാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം 'ശരി ചോദിക്കു' എന്നു പറഞ്ഞു. ശിഷ്യന്‍ അദ്ദേഹതോടു "അങ്ങ് എന്നോടു സ്ത്രീ സംഗം പാടില്ല എന്നൊക്കെ ഉപദേശിച്ചു. എന്നിട്ടു ഇന്നു ഒരു യൌവന സ്ത്രീയെ അങ്ങ് തൊട്ടു എടുത്തില്ലേ? ഇതു തെറ്റല്ലേ?" എന്നുചോദിച്ചു. ഇതു കേട്ട ഉടന്‍ ഗുരു ചിരിക്കാന്‍ തുടങ്ങി. ശിഷ്യനു ദേഷ്യം വര്‍ദ്ധിച്ചു. ഇത്ര ചിരിക്കാന്‍ താന്‍ എന്താണ് പറഞ്ഞത് എന്നു ആലോചിച്ചു. അദ്ദേഹം കുറെ ചിരിച്ചിട്ട് ശിഷ്യനോടായി, "ഞാന്‍ ആസ്ത്രീയുടെ ശരീരം തൊട്ടു പൊക്കി കരയില്‍ കൊണ്ടാക്കി അവിടെ വിട്ടിട്ടു വന്നു. പക്ഷെ നീ മനസ്സില്‍ ഇത്രയും നേരം അവളെ ചുമന്നു കൊണ്ടു വന്നിരിക്കുന്നു. ഞാന്‍ അവളെ രക്ഷിക്കണം എന്ന ധര്‍മ്മം മാത്രം ചെയ്തു. അതില്‍ ഉപരിയായി ഒന്നും തന്നെ നോക്കിയില്ല. പക്ഷെ നീ അവള്‍ സ്ത്രീയാണ്, അതും യൌവന യുക്തയാണ്, അവളുടെ വസ്ത്രം നഷ്ടപ്പെട്ടിരുന്നു എന്നൊക്കെ നോക്കി. അതാണ് വ്യത്യാസം! ഞാന്‍ അവളെ അവിടെ ഇറക്കി വിട്ടു. പക്ഷെ നീ ഇത്രയും നേരമായും അവളെ ചുമന്നു കൊണ്ടിരിക്കുന്നു. അതെന്താണ്?" എന്നു ചോദിച്ചു.
ശിഷ്യന്‍ ലജ്ജ കൊണ്ടു തല കുനിച്ചു. അയാള്‍ക്കു തന്റെ തെറ്റ് മനസ്സിലായി. ഗുരു അയാളോട് "ഞാന്‍ നിന്നോടു ഇത്രയും ഉപദേശം ചെയ്തിട്ടു പോലും നിനക്കു ഇങ്ങനെ ചിന്തിക്കുവാന്‍ കഴിഞ്ഞു. അപ്പോള്‍ അതിനു മുന്‍പുള്ള സ്ഥിതി എന്താണെന്ന് ഒന്നാലോചിച്ചു നോക്കു!" എന്നു പറഞ്ഞു. അപ്പോഴാണ് ശിഷ്യനു അയാളുടെ ഹൃദയം എത്ര മോശമായ സ്ഥിതിയിലായിരുന്നു എന്നു മനസ്സിലായത്. എത്രമാത്രം തനിക്കു ശരീര അഭിമാനം ഉണ്ടായിരുന്നു എന്നു തോന്നി. അയാള്‍ സത്യം മനസ്സിലാക്കി ഗുരുവിന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു. പൊട്ടിക്കറഞ്ഞ അയാളെ ഗുരു മാറോടു ചേര്‍ത്ത് അണച്ചു ആശ്വസിപ്പിച്ചു.
അതിനു ശേഷം അയാള്‍ക്കു ദൃഡ വൈരാഗ്യം വന്നു. ശേഷമുള്ള ജീവിതം നാമജപം ചെയ്തു പൂര്‍ണ്ണ വൈരാഗിയായി ജീവിതം നയിച്ചു അവസാനം ഭഗവത് പദമണഞ്ഞു എന്നു ചരിത്രം. ഗുരു പറയുന്നത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കു. ഗുരു വാക്യത്തിനനുസരിച്ചു ജീവിക്കു. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ! നാം ചിന്തിക്കേണ്ട വിഷയം ഭഗവാന്‍! മറ്റുള്ള വിഷയങ്ങളെ ചിന്തിക്കുന്നത് ബന്ധത്തിന് കാരണം ആകുന്നു. എന്നാല്‍ ഭഗവാനെ ചിന്തിക്കുന്നത് മോക്ഷത്തിനു വഴി ഒരുക്കുന്നു. ഭഗവത് ചിന്ത ഒഴിച്ച് മറ്റുള്ളവയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടു കഷ്ടങ്ങള്‍ മാത്രമാണ് ഫലം. ഭഗവാനെ കുറിച്ച് ചിന്തിക്കുന്നതിനു ഭഗവാനില്‍ ദൃഡ വിശ്വാസം വേണം. ഏതു സന്ദര്‍ഭത്തിലും ഭഗവാനെ കുറിച്ചുള്ള ചിന്ത മാറാന്‍ പാടില്ല. എന്തെങ്കിലും പ്രയാസം വരുന്ന സമയത്തും ഭഗവാനെ കുറിച്ച് ചിന്തിക്കണം. ഭഗവാനെ കവിഞ്ഞു ശക്തിയുള്ളതായി ഈ ലോകത്തില്‍ ഒന്നും തന്നെ ഇല്ല. നാം വിശ്വസിക്കുന്ന ഗൃഹങ്ങള്‍ പോലും ഭഗവാന്റെ അധീനതയിലാണ്.
ഒരു ചെറിയ ഗ്രാമം. അവിടെ ഒരു പാവപ്പെട്ട കര്‍ഷകന്‍ ഉണ്ടായിരുന്നു. തന്റെ പാടത്തു കൃഷി ചെയ്തു ഉപജീവനം ചെയ്തു വന്നു. അയാള്‍ എപ്പോഴോ എവിടെയോ ആരോ പറഞ്ഞു 'കൃഷ്ണ' എന്നു കേട്ടിരുന്നു. അത് അയാള്‍ ഇടയ്ക്ക് ജപിക്കാറുണ്ടായിരുന്നു.
അയാള്‍ക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടമോ ഭക്തിയോ ഒന്നും ഇല്ലെങ്കില്‍ തന്നെ അയാള്‍ ആ നാമം ഇടയ്ക്ക് ജപിക്കും. കൃഷ്ണ നാമം ആരും അയാള്‍ക്കു ഉപദേശിച്ചിട്ടും ഇല്ല.
അങ്ങനെ ഇരിക്കുമ്പോള്‍ നാട്ടില്‍ ക്ഷാമം വന്നു. നാട് മുഴുവനും അതു കൊണ്ടു ബാധിക്കപ്പെട്ടപ്പോള്‍ അയാള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കൃഷിയും ശരിയാകുന്നില്ല. പട്ടിണിയും പരിവട്ടമും വേട്ടയാടി. സഹികെട്ട് ഒടുവില്‍ അയാള്‍ അയലത്തെ ഗ്രാമത്തിലുള്ള ജ്യോത്സ്യനെ ചെന്നു കാണാന്‍ തീരുമാനിച്ചു. അദ്ദേഹം എന്തെങ്കിലും പരിഹാരം പറഞ്ഞു തരും എന്നു വിചാരിച്ചു. പലരും അയാളോട് ഇതു പോലെ പ്രശ്നം വെച്ചു പരിഹാരം ചെയ്തു അവരുടെ പ്രശ്നം ശരിയായി എന്നു പറയുമായിരുന്നു. അതൊക്കെ കേട്ടിട്ട് തനിക്കും എന്തെങ്കിലും പരിഹാരം ചെയ്തു രക്ഷപ്പെടാന്‍ സാധിക്കുമോ എന്നറിയാന്‍ അയാള്‍ തീരുമാനിച്ചു. ജ്യോത്സ്യന്മാര്‍ പറയുന്ന പരിഹാരങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം. അതു ശാശ്വതമായ ഫലം ഒരിക്കലും നല്‍കുന്നില്ല. ഭക്തി മാത്രമാണ് എന്തിനും ശാശ്വത പരിഹാരം നല്‍കുന്നത്. ലീലശുകര്‍ ഒരിക്കല്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു. ഒഴുക്കില്‍ പെട്ട് മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി. പക്ഷെ അദ്ദേഹം ആ നിമിഷം മാനസീകമായി ഭഗവാനോട് സന്യാസം സ്വീകരിച്ചു കൊള്ളാം എന്ന് പ്രാര്‍ത്ഥിച്ചു. അദ്ദേഹം രക്ഷപ്പെട്ടു. സന്യാസം ഒരു പുതിയ ജന്മവും ആയി.
കര്‍ഷകന്‍ എന്തായാലും ജ്യോത്സരെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അടുത്തു തന്റെ ജാതകം കാണിച്ചിട്ട് ഗ്രഹ നില നോക്കി പറയാന്‍ പറഞ്ഞു. ജ്യോത്സ്യര്‍ ജാതകം ഒന്ന് നോക്കി, എന്നിട്ട് അയാളോട് ഒരു ആഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞു. തനിക്കു ഇപ്പോള്‍ കുറച്ചു തിരക്കുണ്ടെന്നും, ജാതകം വിശദമായി നോക്കിയാലെ എന്തെങ്കിലും പറയാന്‍ സാധിക്കു എന്നും അതു കൊണ്ടു അയാളോട് അടുത്ത ആഴ്ച വരുവാനും പറഞ്ഞു. കര്‍ഷകന്‍ ശരി എന്നു പറഞ്ഞു മടങ്ങി.
അടുത്ത ആഴ്ച അയാള്‍ കൃത്യമായി ജ്യോത്സന്റെ അടുക്കല്‍ എത്തി. ജ്യോത്സ്യന്‍ അപ്പോള്‍ കുറച്ചു ജാതകങ്ങള്‍ ഒക്കെ നോക്കി കൊണ്ടിരിക്കുകയായിരുന്നു. കര്‍ഷകനെ കണ്ട ജ്യോത്സ്യര്‍ വളരെ അത്ഭുതപ്പെട്ടു. അയാളെ തന്നെ സൂക്ഷിച്ചു നോക്കി. ഉടനെ അയാള്‍ അദ്ദേഹത്തോട്, 'അങ്ങയ്ക്ക് എന്നെ മനസ്സിലായില്ലേ? ഞാന്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നല്ലോ, അങ്ങ് എന്നെ ഒരാഴ്ച കഴിഞ്ഞു വരാന്‍ പറഞ്ഞിരുന്നു. അതാണ് വന്നത് എന്നു പറഞ്ഞു. ജ്യോത്സ്യര്‍ അതിനു 'എനിക്കു നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ എങ്ങനെ ഇവിടെ എത്തി എന്നു പറയു' എന്നു ആശ്ചര്യത്തോടെ ചോദിച്ചു. കര്‍ഷകന്‍ അതിനു 'എന്താ? എന്ത് കൊണ്ടാ അങ്ങ് അങ്ങനെ ചോദിക്കുന്നത്?' എന്നു ചോദിച്ചു. ജ്യോത്സ്യര്‍ അതിനു 'നോക്കു നിങ്ങള്‍ കഴിഞ്ഞ പ്രാവശ്യം ഇവിടെനിന്നും പോയത് മുതലുള്ളത് ഒന്നും വിടാതെ എന്നോടു പറയു' എന്നു പറഞ്ഞു. അയാള്‍ വളരെ ആശ്ചര്യത്തോടെ ഒന്നും മനസ്സിലാകാതെ അന്നു താന്‍ മടങ്ങിയത് മുതലുള്ള സംഭവങ്ങള്‍ ഓരോന്നായി പറഞ്ഞു തുടങ്ങി. കര്‍ഷകന്‍ ജ്യോത്സ്യനോടു എന്തു പറഞ്ഞു? അതിനു ശേഷം എന്തു സംഭവിച്ചു എന്നറിയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം- 51)
രാധേകൃഷ്ണാ! അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകന്‍ ജീവകോടികളുടെ സുഖത്തിനു വേണ്ടി പരം വ്യൂഹം, വിഭവം, അന്തര്യാമി, അര്‍ച്ചാ എന്നീ നിലകളില്‍ വര്‍ത്തിക്കുന്നു. പരം എന്നാല്‍ പരമമായ വൈകുണ്ഠം. വ്യൂഹം എന്നാല്‍ തൃപ്പാല്‍ക്കടല്‍. വിഭവം - രാമാ കൃഷ്ണാദി അവതാരങ്ങള്‍. പിന്നെ എല്ലാവരുടെയും ഉള്ളില്‍ അന്തര്യാമിയായി നിലകൊള്ളുന്ന അവസ്ഥ. അവസാനം ക്ഷേത്രങ്ങളില്‍ അര്‍ച്ചാ മൂര്‍ത്തിയായി നിലകൊള്ളുന്നത്. ഇതില്‍ നമുക്കു ഏറ്റവും സുലഭവും, അടുത്തതും അര്‍ച്ചാ മൂര്‍ത്തികള്‍ തന്നെയാണ്. ഭഗവാന്‍ അര്‍ച്ചാ മൂര്‍ത്തിയായി സ്ഥിതി ചെയ്യുന്ന ദിവ്യ ക്ഷേത്രങ്ങള്‍ തീര്‍ച്ചയായും വളരെ വിശേഷപ്പെട്ടതാണ്. അത് പോലെയുള്ള ഒരു ദിവ്യ ക്ഷേത്രത്തില്‍ വസിക്കാന്‍ ഇട വരുന്നത് പരമ ഭാഗ്യമാണ്.
അങ്ങനെ ഒരു ഭാഗ്യത്തെ തട്ടി എറിഞ്ഞിട്ടു തിരുക്കോളൂര്‍ എന്ന
ദിവ്യ ദേശത്തില്‍ നിന്നും ഒരു സ്ത്രീ പുറത്തു പോകുന്നത് കണ്ട സദാചാര്യനായ രാമാനുജര്‍ക്ക് വളരെ ദുഃഖം തോന്നി. അവളെ വിളിച്ചിട്ട് അവള്‍ പോകുന്നതിന്റെ കാരണം അന്വേഷിച്ചു. അതിനു മറുപടിയായി അവള്‍ കാരണങ്ങള്‍ പറഞ്ഞു. ഓരോ ഭക്തന്മാരുടെ കാര്യവും പറഞ്ഞു താന്‍ അത് പോലെ അല്ലല്ലോ എന്ന് പറഞ്ഞു. കേട്ടു നിന്ന രാമാനുജരും ശിഷ്യരും ആശ്ചര്യപ്പെട്ടു. പുരാണങ്ങളില്‍ അവളുടെ അഗാധ ജ്ഞാനവും വിഷയങ്ങളോടുള്ള അവളുടെ വീക്ഷണവും രാമാനുജരെ ആകര്‍ഷിച്ചു. അടുത്തതായി അവള്‍ എന്ത് വാക്യമാണ് പറയാന്‍ പോകുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചു നിന്നു.
പെണ്‍പിള്ളൈ ഉടനെ "ഇങ്കില്ലൈ എന്റെനോ ദധിപാണ്ഡനൈ പോലെ" എന്നു പറഞ്ഞു. വൃന്ദാവനത്തില്‍ തയിരു വില്‍ക്കുന്ന ഒരാളാണ് ദധിപാണ്ഡന്‍. തയിരു ഉണ്ടാക്കി അടുത്തുള്ള ഗ്രാമങ്ങളിലും മറ്റും കൊണ്ടു പോയി കച്ചവടം ചെയ്യും. കിട്ടുന്ന വരുമാനത്തില്‍ സന്തുഷ്ടനും ആയിരുന്നു. നന്ദഗോപരുടെ മകനായ കൃഷ്ണനോട് വല്ലാത്ത ഇഷ്ടവും ആയിരുന്നു.
ഒരു ദിവസം യശോദാ മാതാ കൃഷ്ണനു മുലയൂട്ടുകയായിരുന്നു. കൃഷ്ണന്‍ മുലകുടി പ്രായം കഴിഞ്ഞിട്ടും യശോദയുടെ മടിയില്‍ കിടന്നു പാലു കുടിക്കുമായിരുന്നു. കൃഷ്ണന്‍ നന്നായി ഓടും, നന്നായി പല്ലു വന്നു കഴിഞ്ഞു. പക്ഷെ അമ്മിഞ്ഞപ്പാലിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞില്ല. അടുപ്പില്‍ കാച്ചാന്‍ വെച്ച പാലു പൊങ്ങുന്നത് കണ്ടു പെട്ടെന്ന് കൃഷ്ണനെ ഇറക്കി തറയില്‍ വെച്ചിട്ടു അടുപ്പിന്റെ അടുത്തേയ്ക്കു ഓടി. കൃഷ്ണനു അതു ഒട്ടും രസിച്ചില്ല. അവിടെ ഇരുന്ന ഒരു കല്ല് എടുത്തു നെയ്യ് വെച്ചിരുന്ന കാലം ഉടച്ചു. എന്നിട്ട് കൈ തട്ടി രസിച്ചു. ഓടി വന്ന യശോദ ഇത് കണ്ടു. ഈയിടയായി കുറുമ്പ് കുറച്ചു കൂടുന്നുണ്ട്. മാത്രമല്ല ഒട്ടും ഭയമില്ല താനും. അടുത്തു കിടന്നിരുന്ന ഒരു വടി എടുത്തു കൊണ്ടു അടിക്കാന്‍ വന്നു. മിന്നല്‍ പോലെ കൃഷ്ണന്‍ ഓടി മറഞ്ഞു. യശോദ പിറകെ തുരത്തി കൊണ്ടു ഓടി. ഇന്നു അവനെ ഒരു പാഠം പഠിപ്പിച്ചിട്ടെ എന്തു കാര്യമുള്ളൂ എന്നു ഉറച്ചു പിന്‍തുടര്‍ന്നു.
ദധിപാണ്ഡന്‍ തന്റെ ജോലി എല്ലാം കഴിഞ്ഞു വീടിന്റെ തിണ്ണയില്‍ വിശ്രമിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു. അന്നത്തെ കാര്യം നടത്തി തന്നതിന് ഭഗവാനോട് മനസാ നന്ദി പറഞ്ഞു. ഇനി നാളെ ഭഗവാന്‍ എന്തു നിശ്ചയിച്ചിരിക്കുന്നുവോ എന്നു ആലോചിച്ചു. അപ്പോഴതാ കൊഴുത്തു തടിച്ചു കറുകറുത്ത ഒരു ഉണ്ണി ദൂരേന്നു ഓടി വരുന്നു! തലയിലെ മയില്‍ പീലി ആടി കൊണ്ടു, പീതാംബരം കുറച്ചു അഴിഞ്ഞുലഞ്ഞു, തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടു, ശ്വാസം മുട്ടെ ഓടി വന്നു. പിറകെ തന്നെ തടിച്ച യശോദയും വരുന്നുണ്ട്. 'ഓടരുത് ഉണ്ണി! ഓടരുതു! നിന്നെ എന്റെ കയ്യില്‍ കിട്ടിയാല്‍ പിന്നെ ഞാന്‍ അടിക്കും. മര്യാദയ്ക്ക് നിന്നാല്‍ തല്ലില്ല!' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു ഓടി വരുന്നു. കൃഷ്ണനു അവളുടെ വാക്കില്‍ ഒട്ടും വിശ്വാസം ഇല്ല. കയ്യില്‍ കിട്ടിയാല്‍ തന്നെ തല്ലും എന്നറിയാം. യശോദയുടെ സഹായത്തിനു കുറച്ചു ഗോപികളും കൂടെ വരുന്നുണ്ട്. ദധിപാണ്ഡന്റെ അടുത്തു എത്തിയ കൃഷ്ണന്‍ അയാളോട് 'അപ്പൂപ്പാ! എന്നെ ഒന്ന് സഹായിക്കു. ദയവു ചെയ്തു എന്നെ ഇവിടെ എവിടെയെങ്കിലും ഒളിപ്പിക്കു. എന്റെ അമ്മയുടെ കയ്യില്‍ നിന്നും എന്നെ ഒരു രക്ഷിക്കു!' എന്നു കെഞ്ചി. അവിടെ ഇരുന്ന ഒരു വലിയ പാന കാണിച്ചിട്ട് താന്‍ അതില്‍ ഒളിച്ചിരിക്കാം എന്നും, ആ കലം മറ്റൊരു കലം കൊണ്ടു അടച്ചിട്ടു അമ്മ വന്നു ചോദിക്കുമ്പോള്‍ താന്‍ അവിടെ ഇല്ല എന്നും പറയണം എന്നു ശട്ടം കെട്ടി.
ദധിപാണ്ഡന്‍ ആ കെഞ്ചുന്ന മുഖത്ത് നോക്കി മനസ്സലിഞ്ഞു. അയാള്‍ക്ക് നല്ലൊരു നേരമ്പോക്കും ആയി. കൃഷ്ണനോടു ഒളിഞ്ഞു കൊള്ളാന്‍ പറഞ്ഞു. മറ്റൊരു കലം ഇട്ടു കൃഷ്ണന്‍ ഒളിഞ്ഞ കലം മൂടി വെച്ചു. ഒന്നിലും മറച്ചു വെക്കാന്‍ സാധ്യമല്ലാത്ത ആ പരബ്രഹ്മ വസ്തുവിനെ ദധിപാണ്ഡന്‍ ഒരു തയിര്‍കലത്തിനുള്ളില്‍ മറച്ചു വെച്ചു. എന്നിട്ട് ഒന്നും അറിയാത്ത ഭാവത്തില്‍ അവിടെ ഇരുന്നു. വലിയ കിതപ്പോടെ യശോദ അവിടെ എത്തി എന്നിട്ട് ദധിപാണ്ഡനോട് കൃഷ്ണനെ കണ്ടോ എന്നു ചോദിച്ചു.
ദധി:- ആരു? നമ്മുടെ കൃഷ്ണനോ? എന്താ എന്തു പറ്റി?" എന്നുചോദിച്ചു.
യശോ:- 'ഓ അവന്‍ തന്നെ! ഇന്നു അവന്‍ വലിയ നെയ്ക്കലം എടുത്തുടച്ചു. അവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല. ഒട്ടും പേടിയില്ല. ഇന്നു എന്റെ കയ്യില്‍ കിട്ടട്ടെ. ഞാന്‍ അവനു വെച്ചിട്ടുണ്ട്.'
ദധി:- 'അമ്മാ! അവന്‍ ഇവിടെ എങ്ങും വന്നിട്ടില്ലല്ലോ!
യശോ:- അവന്‍ ഇങ്ങോട്ട് വരുന്നത് ഞാന്‍ കണ്ടതാണ്.
ദധി:- 'യശോദാമ്മേ! നിങ്ങള്‍ക്കു എന്തു കണ്ടാലും കൃഷ്ണന്‍ എന്നെ തോന്നു. എന്തിനധികം ഇരുട്ടത്ത് ഇവിടെ വെച്ചിരിക്കുന്ന കലം കണ്ടാലും നിങ്ങള്‍ കൃഷ്ണന്‍ എന്നെ പറയു. കലവും കൃഷ്ണനെ പോലെ തടിച്ചു കൊഴുത്തല്ലേ ഇരിക്കുന്നത്!
യശോദ ഇതു കേട്ടു ചിരിച്ചു പോയി. ശരിയാണ്! അവര്‍ക്കു എല്ലാം കൃഷ്ണമയമാണ്. 'ശരി ശരി! അവന്‍ ഇവിടെ എങ്ങാനും വന്നാല്‍ പിടിച്ചു വെക്കു എന്നിട്ട് എന്നെ വിളിക്കു' എന്നു പറഞ്ഞു തിരിച്ചു പോയി.
കലത്തിന്റെ അകത്തു ഇരുന്നു കൊണ്ടു കൃഷ്ണന്‍ ഒക്കെ കേട്ടു കൊണ്ടു ഇരിക്കുകയായിരുന്നു. ഉള്ളില്‍ ഭയങ്കര വെപ്രാളം! ദധിപാണ്ഡന്‍ തന്നെ കാട്ടി കൊടുത്തു കളയുമോ എന്ന ഭയമായിരുന്നു. പക്ഷെ അയാള്‍ കൃഷ്ണന്‍ ഇവിടെ ഇല്ല എന്നു തന്നെ പറഞ്ഞു. യശോദയുടെ ചിലങ്കയുടെ ശബ്ദം അകന്നകന്നു പോകുന്നത് ശ്രദ്ധിച്ചു. ദേവന്മാര്‍ എല്ലാവരും സകലതും നോക്കി നില്‍ക്കുകയാണ്. എന്നിട്ട് പതുക്കെ ദധിപാണ്ഡനോട് "അപ്പൂപ്പാ! എന്നെ തുറന്നു വിടു, ഇതിന്റെ അകത്തു വിയര്‍ക്കുന്നു. എന്തൊരു ചൂട്!' എന്നു പറഞ്ഞു,. ദധിപാണ്ഡനു കൃഷ്ണന്‍ ഒരു സാധാരണ കുട്ടിയല്ല എന്നു മനസ്സിലായി. ഇതു സാക്ഷാത് ഭഗവാന്‍ തന്നെയാണ്. ഒരു ഇടയ ചെറുക്കാനായി വേഷം മാറി വന്നിരിക്കുകയാണ് എന്നു തോന്നി. അതു കൊണ്ടു അയാള്‍ കൃഷ്ണനോടു ' കണ്ണാ! നിനക്കു ഇതില്‍ നിന്നും മോചനം വേണമെങ്കില്‍, എനിക്കു നീ മോക്ഷം വാഗ്ദാനം ചെയ്യണം!' എന്നു പറഞ്ഞു. 'അപ്പൂപ്പാ! ഇതെന്തു കളിയാണ്. എന്റെ അമ്മ പോയില്ലേ? ഇനി എന്നെ തുറന്നു വിടരുതോ? എന്തിനാ എന്തൊക്കെയോ പറഞ്ഞു എന്നെ പറ്റിക്കുന്നത്? എന്നു ചോദിച്ചു. പക്ഷെ ദധിപാണ്ഡന്‍ തന്റെ വാദത്തില്‍ ഉറച്ചു തന്നെ നിന്നു. 'എനിക്കു മോക്ഷം തരുമെങ്കില്‍ നിന്നെ ഞാന്‍ തുറന്നു വിടാം' എന്നു പറഞ്ഞു.
ദേവന്മാര്‍ക്കൊക്കെ ആശ്ചര്യം. അവര്‍ക്കു കൃഷ്ണനോടു ഇങ്ങനെ ചോദിക്കണം എന്നു ഒരിക്കലും തോന്നിയിട്ടില്ലല്ലോ! എന്തു കഷ്ടം എന്നു വിചാരിച്ചു. കൃഷ്ണന്‍ ഉള്ളിലിരുന്നു വിയര്‍ക്കുകയാണ്. ഒടുവില്‍ സഹികെട്ട് അയാളോട് 'ശരി തനിക്കു ഞാന്‍ ഇതാ മോക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നു. ഇനി എന്നെ തുറന്നു വിടൂ.' എന്നു പറഞ്ഞു. പക്ഷെ ദധിപാണ്ഡന്‍ പിന്നെയും വിടുന്ന ലക്ഷണമില്ല. 'കൃഷ്ണാ! നീ ഒളിഞ്ഞു കൊണ്ടിരിക്കുന്ന കലത്തിനെ ഞാന്‍ വേര്‍പിരിഞ്ഞിട്ടെയില്ല. അതു കൊണ്ടു അതിനും ചേര്‍ത്ത് നീ മോക്ഷം തരണം' എന്നു പറഞ്ഞു. ഇതെന്തു അക്രമം എന്നു കൃഷ്ണനു തോന്നി. കൃഷ്ണനില്‍ അടുക്കുന്തോറും മറ്റുള്ള വസ്തുക്കളോടുള്ള ആഭിമുഖ്യം കുറയണ്ടതാണ്. പക്ഷെ ഇയാള്‍ ധൈര്യപൂര്‍വ്വം അയാള്‍ക്കിഷ്ടമുള്ള കലത്തിനും വേണ്ടി മോക്ഷം ചോദിക്കുന്നു. ഇയാളെ ഇങ്ങനെ വിട്ടാല്‍ ഇനി തന്റെ ചെരുപ്പ്, വീട് തുടങ്ങി ഓരോന്നായി ചോദിച്ചു തുടങ്ങും. അതിനു മുന്‍പ് ഇവിടെ നിന്നും രക്ഷപ്പെടണം എന്നു തീരുമാനിച്ചു. അതു കൊണ്ടു ഒട്ടും ആലോചിക്കാതെ മോക്ഷം തരാം എന്നു സമ്മതിച്ചു.
അയാള്‍ക്കു പരമ സന്തോഷമായി. പതുക്കെ കലം തുറന്നു കൊടുത്തു. ഭഗവാന്‍ പുറത്തു വന്നിട്ട് അയാളെ തുറിച്ചു നോക്കി. അയാള്‍ ഭഗവാനെ തൊഴുതു. എന്നിട്ട് 'പ്രഭോ! എനിക്കു ഒന്നും അറിയില്ല. എനിക്കു യാതൊരു അര്‍ഹതയും ഇല്ലെങ്കിലും നിന്നോടു ചോദിച്ചാല്‍ മോക്ഷം ലഭിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു അതു കൊണ്ടാണ് ഞാന്‍ അങ്ങനെ ചോദിച്ചത്' എന്നു പറഞ്ഞു. ഭഗവാനും ചിരിച്ചു കൊണ്ടു അയാള്‍ ചോദിച്ചു കൊണ്ടത് മാത്രമാണ് താന്‍ മോക്ഷം നല്‍കിയത് എന്നു പറഞ്ഞു. ദേവന്മാര്‍ എല്ലാവരും വളരെ ആശ്ചര്യത്തോടെ നോക്കിയിരുന്നു. കേവലം ഒരു അചേതന വസ്തുവിന് പോലും ഭഗവാന്‍ വൈകുണ്ഠത്തില്‍ ഒരു ഇടം നല്‍കിയില്ലേ!
ഇതില്‍ ആശ്ചര്യം എന്താണെന്നാല്‍ ഒരു നുണ പറഞ്ഞു രണ്ടു പേര്‍ക്കും മോക്ഷം ലഭിച്ചു. 'സത്യം വദ' എന്നു വേദങ്ങള്‍ ഉത്ഘോഷിക്കുമ്പോള്‍ ഭഗവാനു വേണ്ടി ഒരു നുണ പറഞ്ഞു വെറും ഒരു തയിരു കച്ചവടക്കാരന്‍ മോക്ഷം ലഭ്യമാക്കി.
സര്‍വ വ്യാപിയായ ഭഗവാന്‍ ഇവിടെ ഇല്ല എന്നു പച്ചക്കള്ളം പറഞ്ഞു അയാള്‍. ഇതേ ചൊല്ലി പാര്‍വതി സരസ്വതി തുടങ്ങിയവര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. അതെങ്ങനെ അയാള്‍ പറഞ്ഞത് ശരിയാകും. ഭഗവാന്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയല്ലേ. അപ്പോള്‍ അയാള്‍ കള്ളം അല്ലെ പറഞ്ഞത്. അയാള്‍ക്കു എങ്ങനെ മോക്ഷം കൊടുക്കാം? എന്നു ചോദിച്ചു. ശിവപെരുമാന്‍ ചിരിച്ചുകൊണ്ട് അതാണ് കൃഷ്ണ ലീല എന്നു പറഞ്ഞു. പ്രഹ്ലാദനെ ഇവിടെ ഉണ്ട് എന്നു പറയിപ്പിച്ച അതെ പ്രഭു ദധിപാണ്ഡനെ ഇവിടെ ഇല്ല എന്നു പറയിച്ചു അത്രേയുള്ളൂ എന്നു പറഞ്ഞു.
സര്‍വ വ്യാപിയായ ഭഗവാന്‍ ഇവിടെ ഇല്ല എന്നു പച്ചക്കള്ളം പറഞ്ഞു അയാള്‍. ഇതേ ചൊല്ലി പാര്‍വതി സരസ്വതി തുടങ്ങിയവര്‍ തമ്മില്‍ തര്‍ക്കം തുടങ്ങി. അതെങ്ങനെ അയാള്‍ പറഞ്ഞത് ശരിയാകും. ഭഗവാന്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയല്ലേ. അപ്പോള്‍ അയാള്‍ കള്ളം അല്ലെ പറഞ്ഞത്. അയാള്‍ക്കു എങ്ങനെ മോക്ഷം കൊടുക്കാം? എന്നു ചോദിച്ചു. ശിവപെരുമാന്‍ ചിരിച്ചുകൊണ്ട് അതാണ് കൃഷ്ണ ലീല എന്നു പറഞ്ഞു. പ്രഹ്ലാദനെ ഇവിടെ ഉണ്ട് എന്നു പറയിപ്പിച്ച അതെ പ്രഭു ദധിപാണ്ഡനെ ഇവിടെ ഇല്ല എന്നു പറയിച്ചു അത്രേയുള്ളൂ എന്നു പറഞ്ഞു.
പെണ്‍പിള്ളൈ ഈ വിഷയം തിരഞ്ഞെടുത്തു. എന്നിട്ട് താന്‍ അതു പോലെ വൈത്തമാനിധി പെരുമാളോട് മോക്ഷം ഒന്നും ചോദിച്ചിട്ടില്ലല്ലോ എന്നു പറഞ്ഞു. ദധിപാണ്ഡനെ പോലെ ബുദ്ധി ചാതുര്യം ഒന്നും തനിക്കില്ലല്ലോ. താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു? രാമാനുജര്‍ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ!