Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, August 13, 2011

പ്രേമവേദം - ഓഗസ്റ്റ്‌ 11

Posted by VEDHASAARAM


നാരായണീയം
മായാവിലാസഹസിതം ശ്വസിതം സമീരോ 
 ജിഹ്വാ ജലം വചനമീശ!ശകുന്ത പംക്തി: 
സിദ്ധാദയഃ സ്വരഗനാ മുഖരന്ധ്ര മഗ്നിര്‍-
ദ്ദേവാ ഭുജാഃ സ്തനയുഗം തവ ധര്‍മ്മ ദേവഃ.
                        (ദശഃ 6 ശ്ളോഃ 6 )
           അങ്ങയുടെ ആകര്‍ഷണീയമായ പുഞ്ചിറിയാണ് മായ. നിശ്വാസം മാരുതനും, ജലം നാവും, പക്ഷികള്‍ വാക്കുമാണ്. 
  ഹേ ഭഗവാനേ! സിദ്ധാദികളായ ദിവ്യപുരുഷന്മാര്‍ അങ്ങയുടെ ശബ്ദ സമൂഹമാണ്. അഗ്നി, വായു, ദേവന്മാര്‍ ഭുജങ്ങളും, 
ധര്‍മ്മദേവന്‍ അങ്ങയുടെ ഇരു സ്തനങ്ങളും ആകുന്നു.
                                            (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
സദ്ഗുരുവാത്സല്യം
          രാധേകൃഷ്ണാ! ഗുരു പറയുന്നത് ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കണം എന്നു ഒരു പാമ്പിന്റെയും സദ്ഗുരുവിന്റെയും കഥയില്‍ നിന്നും നാം മനസ്സിലാക്കി. ആദ്യം ഗുരു പറഞ്ഞതില്‍ പകുതി മാത്രം ആ പാമ്പ് മനസ്സിലാക്കിയിരുന്നു. അങ്ങനെ ആരെയും ഉപദ്രവിക്കരുതു എന്നു കേട്ടതു കൊണ്ടു തന്നെ ഉപദ്രവിക്കുന്നതും തടുത്തില്ല. പിന്നെ ഗുരു വീണ്ടും വന്നു യഥാര്‍ത്ഥ അര്‍ത്ഥം പറഞ്ഞു കൊടുത്തപ്പോള്‍ തന്റെ സ്വയരക്ഷ  താന്‍ തന്നെ നോക്കണം എന്നു അതു പഠിച്ചു. ഇനി മറ്റൊരു കഥ നമുക്ക് നോക്കാം.
          ഒരു ഗ്രാമത്തില്‍ ഒരു സദ്ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന് അവിടെ ധാരാളം ശിഷ്യര്‍ ഉണ്ടായിരുന്നു. അവരെല്ലാം അവിടെ താമസിച്ചു വേദാന്ത പാഠം പഠിച്ചു വന്നു. ഒരിക്കല്‍ അദ്ദേഹം ഭഗവാന്‍ സര്‍വ ശ്രേഷ്ഠന്‍ എന്നും, ഭഗവാന്റെ സാന്നിധ്യം ഇല്ലാത്ത ഒരിടമും ഇല്ല എന്നും, എല്ലാവറ്റിലും ഭഗവാന്‍ നിറഞ്ഞു വിളങ്ങുന്നു എന്നും പറഞ്ഞു കൊടുത്തു. ഒരു ശിഷ്യനു അദ്ദേഹം പറഞ്ഞ വാക്യം ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. അന്നു മുതല്‍ അയാള്‍ എപ്പോഴും ഭഗവാന്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു. ഭിക്ഷ എടുക്കാന്‍ പോകുമ്പോഴും അങ്ങനെ പറയും. സദ്ഗുരു ഇതൊക്കെ കേട്ടിട്ടു ഒന്നും പറയില്ല. മിണ്ടാതെ ഇരിക്കുമായിരുന്നു.    
    ഒരു ദിവസം അയാള്‍ മറ്റു ശിഷ്യരുടെ കൂടെ ഭിക്ഷ എടുക്കാന്‍ ഒരുതിരിച്ചു. അങ്ങനെ ഒരു വീട്ടില്‍ ഭിക്ഷ ചോദിച്ചു കൊണ്ടു നില്‍കുമ്പോള്‍, മറുവശത്ത് നിന്നും ആളുകള്‍ കൂട്ടത്തോടെ ഓടി വരുന്നത് അയാള്‍ കണ്ടു.  അവിടെ നിന്നും ഒരു മദമിളകിയ ആന ഓടി വരുന്നുണ്ടായിരുന്നു. അതിന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടാനായി ആളുകള്‍ ഓടിക്കൊണ്ടിരുന്നു. അയാളോട്  എല്ലാവരും  'ഓടു ഓടു' എന്നു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 
         ആ ശിഷ്യനു മദയാനയെ പേടിച്ചു താന്‍ ഓടണ്ടാ കാര്യമുണ്ടോ എന്നു തോന്നി. അയാളുടെ ഗുരു പറഞ്ഞ പോലെ ആനയുടെ ഉള്ളിലും പരമാത്മാവല്ലേ എന്നു പറഞ്ഞു കൊണ്ടു നടന്നു. അല്പം ദൂരത്തില്‍ നിന്നും ആനക്കാരനും ഓടി വരുന്നുണ്ടായിരുന്നു. അയാളും ഈ ശിഷ്യനോട്  ഓടിക്കൊള്ളൂവാന്‍ പറഞ്ഞു. 'എടൊ! ആന മദപ്പാടിലാണ്. അതിന്റെ നേരെ മുന്നില്‍ ചെന്നു നില്‍ക്കരുത്. ഒതുങ്ങി നിലക്കു! നിന്നെ അതു ചവുട്ടി അരയ്ക്കും' എന്നു വിളിച്ചു പറഞ്ഞു. അതും അയാള്‍ അനുസരിക്കാന്‍ തയ്യാറായില്ല. ആനയുടെ ഉള്ളിലും അന്തര്യാമി ഭാഗവാനല്ലേ എന്നു  പറഞ്ഞു. അയാള്‍ക്കു ഗുരു വാക്യത്തില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നു. അതെ സമയം മറ്റുള്ളവരേക്കാള്‍ തനിക്കു അതില്‍ വിശ്വാസം ഉണ്ട് എന്നൊരു അഭിമാനവും ഉണ്ടായിരുന്നു. അവര്‍ക്കില്ലാത്ത അറിവ് തനിക്കുണ്ട് എന്നു അയാള്‍ അഭിമാനിച്ചു. അതാണു മായ!
         മദമിളകിയ ആന നാടു വഴിയില്‍ നില്‍ക്കുന്ന ആളിനെ കണ്ടു. അതിന്റെ കോപം ഇരട്ടിച്ചു. അടുത്തെത്തിയ ആന തുമ്പിക്കൈ കൊണ്ടു അയാളെ പിടിച്ചു ചുഴറ്റി ദൂരെ എറിഞ്ഞു.  ഭയത്തില്‍ അയാള്‍ 'അയ്യോ! ആന എന്നെ കൊല്ലുന്നേ!' എന്നു  നിലവിളിച്ചു കൊണ്ടു നിലത്തു വീണു. സാരമായ പരിക്കു പറ്റിയ അയാള്‍ക്ക്‌ ബോധം കെട്ടു. ഇതിനിടയില്‍ മറ്റുള്ള ശിഷ്യരെല്ലാവരും ഓടി ആശ്രമത്തില്‍ എത്തി ആന വിരണ്ടതും അവരെല്ലാവരും ഓടി വന്നതും അറിയിച്ചു. ഗുരു ആ ശിഷ്യന്‍ എവിടെ എന്നു ചോദിച്ചു. അപ്പോഴാണ്‌ അയാള്‍ ഇല്ലാത്തത് എല്ലാവര്‍ക്കും മനസ്സിലായത്‌. ഉടനെ തന്നെ ഗുരു മറ്റുള്ളവരെയും കൂട്ടി അയാളെ അന്വേഷിച്ചു തിരിച്ചു.          
          ടുവില്‍ അവര്‍ അയാളെ ഒരിടത്തു കിടക്കുന്നതു കണ്ടു. അയാള്‍ക്കു ബോധം നഷ്ടപ്പെട്ടിരുന്നു. എല്ലാവരും കൂടി അയാളെ എടുത്തു കൊണ്ടു വന്നു പ്രഥമ ശുശ്രൂഷകള്‍ നല്‍കി. ബോധം തെളിഞ്ഞ അയാളോട് ഗുരു എന്തു സംഭവിച്ചു എന്നു ചോദിച്ചു. അയാള്‍ നടന്നതെല്ലാം പറഞ്ഞു. ഗുരു അയാളോട് മദമിളകിയ  ആന വരുന്നു എന്നു എല്ലാവരും പറഞ്ഞപ്പോള്‍ എന്തു കൊണ്ടു അയാള്‍ ഓടി രക്ഷപ്പെട്ടില്ല എന്നു ചോദിച്ചു. അയാള്‍ അതിനു എല്ലാവറ്റിന്റെയും ഉള്ളില്‍ ഭഗവാനാണ് സ്ഥിതി ചെയ്യുന്നത് എന്നു അദ്ദേഹമല്ലേ അയാള്‍ക്കു ഉപദേശിച്ചത് എന്നു പറഞ്ഞു. ആനയുടെ ഉള്ളിലും അന്തര്യാമിയായി ഭഗവാന്‍ വര്‍ത്തിക്കുന്നല്ലോ എന്നു താന്‍ കരുതി എന്നു പറഞ്ഞു. 
       സദ്ഗുരു ഉറക്കെ ചിരിച്ചു. എന്നിട്ട് അയാളോട് 'താന്‍ പറഞ്ഞത് ശരിയാണ്! എല്ലാറ്റിന്റെയും അന്തര്യാമി ഭഗവാന്‍
തന്നെയാണ്. ആനയുടെ ഉള്ളില്‍ എന്നപോലെ ആനക്കാരന്റെ
ള്ളിലും. ഇയാളോട് ഓടാന്‍ പറഞ്ഞവരുടെ ഉള്ളിലും അതേ ഭഗവാന്‍ തന്നെയല്ലേ അന്തര്യാമിയായി ഇരിക്കുന്നത്. അവരുടെ ഉള്ളിലുള്ള ഭഗവാന്‍ അയാളോട് ഓടാന്‍ പറഞ്ഞില്ലേ? എന്നിട്ട് അയാള്‍ എന്തേ അതു അനുസരിക്കാത്തത്? ഇയാള്‍ക്ക് ആപത്തു വരുന്നു എന്നു ഭഗവാന്‍ അവരില്‍ കൂടി എത്ര മുന്നറിയിപ്പ് നല്‍കി. പക്ഷേ അയാള്‍ അതൊന്നും വക വെച്ചില്ലല്ലോ! അപ്പോള്‍ അയാള്‍ എത്രമാത്രം അന്തര്യാമി തത്വത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു ഇതില്‍ നിന്നും മനസ്സിലാക്കാം എന്നു പറഞ്ഞു.
         ശിഷ്യനു തന്റെ തെറ്റ് ഉടനെ മനസ്സിലായി. അയാള്‍ സദ്ഗുരുവിന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. 'ഗുരോ! എനിക്കറിയാം എന്ന അഹങ്കാരമാണ് എന്റെ വീഴ്ചയ്ക്കു കാരണം എന്നെനിക്കു മനസ്സിലായി. എല്ലാവരുടെ മുന്നിലും എന്റെ അറിവ് പ്രദര്‍ശിപ്പിക്കാനുള്ള തിടുക്കമായിരുന്നു എനിക്കു. ഞാന്‍ അവര്‍ പറഞ്ഞത് ചെവിക്കൊണ്ടിരുന്നെങ്കില്‍  ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അങ്ങ് ഇപ്പോള്‍ എനിക്കു അന്തര്യാമി തത്വം ശരിക്കും മനസ്സിലാക്കി തന്നു എന്നു പറഞ്ഞു ഗുരുവിന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ഗുരു അയാളോട് ഇനിയെങ്കിലും ഗുരു പറയുന്നത് ധ്യാനത്തോടെ ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കു. പകുതി മനസ്സിലാക്കി സ്വയം ആപത്തില്‍ ചെന്നു ചാടരുത് എന്നു ഉപദേശിച്ചു. അതിനു ശേഷം ആ ശിഷ്യന്‍ വളരെ ശ്രദ്ധാ പൂര്‍വ്വം അഹങ്കാരം ഉപേക്ഷിച്ചു ഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ടു പഠിച്ചു.
        മനുഷ്യ മനസ്സ് നമ്മെ കബളിപ്പിക്കും. അതിനു നാം അടിമപ്പെടരുത്. അതു നമ്മെ തെറ്റിലേക്കു നയിക്കും. വിനയത്തോടെ ഗുരു പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക! പൂര്‍ണ്ണമായി അതു മനസ്സിലാക്കാന്‍ ശ്രമിക്കുക. രാധേകൃഷ്ണാ! 
ജയ്‌ സദ്ഗുരു മഹാരാജ് കീ ജയ്‌!
ഭക്തിരഹസ്യം 
         രാധേകൃഷ്ണാ! ഭഗവാന്റെ അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തില്‍ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്‌. ഗര്‍ഭധാരണം നടന്നു കഴിഞ്ഞു പത്തു മാസം പൂര്‍ത്തിയായതിനു ശേഷം മാത്രമേ കുഞ്ഞു പുറത്തു വരുന്നുള്ളൂ. അടുപ്പില്‍ അരി, വെള്ളം എല്ലാം ഒന്നിച്ചു വെച്ചിട്ട് ഉടനെ ചോറ് പാകം ആകുന്നില്ല. അതിനു വേണ്ട സമയം എടുത്തു  മാത്രമേ പാകമാകുന്നുള്ളൂ.  ഒരു വിത്തു ഇട്ടു കഴിഞ്ഞാല്‍ ഉടനെ മരമാകുന്നില്ല. അതിന്റെതായ കാലം എടുത്തു മരമാകുന്നു. അതു   പോലെ എല്ലാത്തിനും കാലം ആവശ്യമാണ്‌. ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്‌. ധ്രുവന്‍, ഭരതന്‍, തുടങ്ങിയ ഭക്തര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തില്‍ ഭഗവാന്‍ അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്‌. 
          ഒരു ഗ്രാമത്തില്‍ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാല്‍ അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ  നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ അദ്ദേഹത്തോട് 'അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നത് കൊണ്ടു എന്തു ഫലം?  ആ പുസ്തകം തട്ടിന്‍പുറത്തു കൊണ്ടു വയ്ക്കു. എന്നിട്ട് അരികിലുള്ള ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുക്കു. കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം. അല്ലാതെ നിത്യവും ഇതു പാരായണം ചെയ്തിട്ടു നമുക്കു എന്തു ലാഭം? എന്നും അങ്ങ് 'അനന്യാശ്ചിന്തയന്തോ മാം..' എന്നു വായിക്കുന്നതു കേട്ടു മടുത്തു. പക്ഷേ ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!' എന്നിങ്ങനെ പറഞ്ഞു. 
       എന്തു കൊണ്ടോ എന്തോ അന്നു അദ്ദേഹത്തിന് അവള്‍ പറയുന്നതില്‍ തെറ്റില്ല എന്നു തോന്നി. താന്‍ ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ ആശ്രയിച്ചു. എന്നിട്ട് തനിക്കു എന്തു കിട്ടി? ഗ്രാമവാസികളോട് ഇരന്നാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. അതും ഇപ്പോള്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടു ദൂരെ നിന്നു തന്നെ അദ്ദേഹത്തെ കാണുമ്പോള്‍ എന്തെങ്കിലും ചോദിക്കും എന്നു കരുതി കതകടക്കുകയാണ്. ഇനി ഇപ്പോള്‍ തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുത്താല്‍ വല്ലതും കിട്ടും. ഗീത വായിച്ചു സമയം കളഞ്ഞത് കൊണ്ടു പ്രയോജനം ഒന്നുമില്ല എന്നു തോന്നിപ്പോയി. 
     പെട്ടെന്നു ബ്രാഹ്മണന്‍ താന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു. അതിലെ 'യോഗ ക്ഷേമം വഹാമ്യഹം' എന്നു  എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചു. എന്നിട്ട് പുസ്തകം തട്ടിന്‍പുറത്തേക്കു വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു അടുത്ത ഗ്രാമത്തിലേക്കു നടന്നു. അദ്ദേഹം പോയ ഉടനെ ആരോ ഒരാള്‍ വീട്ടിലെത്തി. അയാളുടെ കൈവശം ധാരാളം പലവ്യഞ്ജനങ്ങള്‍ ഉണ്ടായിരുന്നു. കുറെക്കാലത്തിനു ആവശ്യമായ സകല സാധനങ്ങളും കൊണ്ടാണ് അയാള്‍ വന്നിരുന്നത്. താന്‍ ബ്രാഹ്മണന്റെ അകന്ന ബന്ധുവാണെന്നും, അവര്‍ വളരെ കഷ്ടപ്പെടുന്നുണ്ട് എന്നു ഇപ്പോഴാണ് താന്‍ അറിഞ്ഞത് എന്നും. അവരെ സഹായിക്കാന്‍ എല്ലാം വാങ്ങിക്കൊണ്ടു വരികയാണെന്നും, സ്വല്പം താമസിച്ചു പോയി എന്നും പറഞ്ഞു. എന്നിട്ട് സാധനങ്ങള്‍ എല്ലാം അവിടെ ഇറക്കിയിട്ടു അയാള്‍ പോയി.      
         ബ്രാഹ്മണന്റെ ഭാര്യയ്ക്കു ആശ്ചര്യം ഉണ്ടായി. അന്നു ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ അവര്‍ ഒരുക്കി. ഉച്ചയോടെ ബ്രാഹ്മണന്‍ വീട്ടിലേക്കു മടങ്ങി വന്നു. അകത്തു നെയ്യുടെയും മറ്റും നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ പത്നി നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിനു അങ്ങനെ ഒരു ബന്ധു ഉള്ളതായി ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടെ വന്ന ആളിനെക്കുറിച്ച് ചോദിച്ചു. അതിനു അവര്‍ വന്നയാള്‍ ഒരു ചെറുപ്പക്കാരനായിരുന്നു എന്നും, നല്ല കറുത്ത നിറമായിരുന്നു എന്നും, അയാളുടെ കൈകളും, കണ്ണും, കാലും നല്ല ചുവപ്പായിരുന്നു എന്നും, തലയില്‍ തലപ്പാവ് കെട്ടിയിരുന്നു എന്നും, അരയില്‍ ഒരു വസ്ത്രം ഉടുത്തിരുന്നു എന്നും പറഞ്ഞു.
       പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓര്‍ത്തിട്ടെന്ന പോലെ ' ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി' എന്ന് പറഞ്ഞ. ഉടനെ ബ്രാഹ്മണന്‍ അതെന്താണ് എന്നു വളരെ ആകാംക്ഷയോടെ ചോദിച്ചു. അതിനു അവര്‍ 'അവന്റെ വായ കരി വരച്ചത് പോലെ കറുത്തിരുന്നു' എന്നു പറഞ്ഞു.  ഇതു കേട്ട ബ്രാഹ്മണന്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ഒന്നു ഞെട്ടി.    ഉടനെ അദ്ദേഹം വെപ്രാളം പിടിച്ചു തട്ടുമ്പുറത്തു കയറി, തന്റെ ഭഗവത് ഗീത പുസ്തകം തപ്പിയെടുത്തു. അദ്ദേഹം അതു തുറന്നു അതില്‍ വരുന്ന 'അനന്യാശ്ചിന്തയന്തോ മാം...' എന്നാ ശ്ലോകം ഒരു ചങ്കിടിപ്പോടെ നോക്കി. അതില്‍ അദ്ദേഹം വരച്ച കരിയടയാളം കാണ്മാനില്ലായിരുന്നു.
        ബ്രാഹ്മണനു വന്നത് ഭാഗവാനാണെന്നു മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു. 'യോഗക്ഷേമം വഹാമ്യഹം എന്നു ഭഗവാന്‍ പറഞ്ഞത് സത്യം തന്നെയാണ്. നമുക്കു ഇന്നു ഇന്ന സമയത്തു തരണം എന്നു അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നു. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമ്മള്‍ക്കില്ലാതെ പോയി' എന്നദ്ദേഹം പറഞ്ഞു. അതിനു മുന്‍പ് ധൃതി കൂട്ടി കരി വാരി തേച്ചില്ലേ? ഭഗവാന്‍ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാന്‍ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോള്‍ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു. ഭഗവാന്‍  ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തു കൊണ്ടു പുറപ്പെട്ടു നില്‍ക്കുമ്പോഴാണ് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചതു. ഭഗവത് ഗീത കൃഷ്ണ സ്വരൂപമാണെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. 
         തന്റെ തെറ്റു മനസ്സിലാക്കിയ ബ്രാഹ്മണന്‍ പത്നിയോട് അതു പറഞ്ഞു. 'നീ പറഞ്ഞില്ലേ ഭഗവത് ഗീത പാരായണം ചെയ്‌താല്‍ പ്രയോജനം ഒന്നുമില്ല എന്നു? ഇദാ നോക്കു! ഇതാണ് പ്രത്യക്ഷ പ്രയോജനം.'
പത്നി:- അങ്ങ് എന്താണ് പറയുന്നത്? എനിക്കു മനസ്സിലായില്ലല്ലോ. 
 ബ്രാഹ്മണന്‍:- നോക്കു! ഇത്രയും ദിവസം ഗീത വായിച്ചത് കൊണ്ടു ഭഗവാന്‍ ബന്ധുവിന്റെ രൂപത്തില്‍ നമുക്കു എല്ലാം കൊണ്ടു തന്നു. ഭഗവാന്റെ കാരുണ്യം മനസ്സിലാക്കാതെ നാം വെറുതെ സംശയിച്ചു.
ബ്രാഹ്മണന്റെ പത്നിക്കു ഇത് കേട്ട് ആശ്ചര്യമായി. സത്യം മനസ്സിലാക്കിയ അവര്‍ തന്റെ ഭര്‍ത്താവിനോടും ഭാഗവാനോടും 
മാപ്പപേക്ഷിച്ചു. അതിനു ശേഷം രണ്ടുപേരും പൂര്‍വാധികം വിശ്വാസത്തോടെ ഭഗവത് ഭക്തി ചെയ്തു ജീവിതം നയിച്ചു! അവസാനം അവര്‍ ഇരുവരും ഭഗവത് പദം പ്രാപിച്ചു. 
          ഭഗവാനില്‍ പൂര്‍ണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ടിക്കറ്റ്‌ നേരത്തെ തന്നെ ബുക്ക്‌ ചെയ്തു വയ്ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ്‌ ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനില്‍ വയ്ക്കുന്നില്ല? പ്രാര്‍ത്ഥന എന്നാ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞാല്‍ നമുക്കുള്ളത്  തീര്‍ച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഡമായ വിശ്വാസം തീര്‍ച്ചയായും വിജയിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!       
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 50)  
      രാധേകൃഷ്ണാ! പെണ്‍പിള്ളൈ തുടര്‍ച്ചയായി രാമായണ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ശബരിയുടെ ഗുരു ഭക്തിയെ
കുറിച്ചു പറഞ്ഞത് കേട്ട രാമാനുജര്‍ അടുത്തതായി അവള്‍ എന്താണ് പറയാന്‍ പോകുന്നതെന്നു ശ്രദ്ധിച്ചു നിന്നു. അദ്ദേഹം പൂര്‍വ ജന്മത്തില്‍ ലക്ഷ്മണനായി നിന്നു അതൊക്കെ കണ്ടതല്ലേ. പെണ്‍പിള്ളൈ ഉടനെ അടുത്തതായി ഒരു വാക്യം പറഞ്ഞു. രാമായണത്തില്‍ നിന്നും വേറിട്ട്‌ ഭാഗവതം വിഷ്ണുപുരാണം തുടങ്ങിയവയില്‍ കാണപ്പെടുന്ന ഒരു കൊച്ചു ഭക്തനാണ് നായകന്‍!
'ഇങ്കും ഉണ്ടെന്റെനോ പ്രഹ്ലാദനൈപ്പോലെ' 
അത്യാശ്ചാര്യകരമായ ഒരു അസുര ബാലന്‍. പരമ സാത്വീകന്‍! എത്രയോ തടസ്സങ്ങളുടെ നടുവില്‍ നിന്നു കൊണ്ടു ഉന്നതമായ ഭക്തി ചെയ്തു!  അവന്റെ ഭക്തി കൊണ്ടു ഭഗവാനെ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തി. അസുര രാജനായ ഹിരണ്യകശിപു  പോലും അയാളോട് തോറ്റു പോയി. സാധാരണ പലരും അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നു പുലമ്പും. പ്രഹ്ലാദനോ ജീവിതമേ പ്രശ്നമായിരുന്നു. പ്രഹ്ലാദനെ പോലെ ജീവിതം മുഴുവനും കഷ്ടം അനുഭവിച്ച വേറെ ആരും തന്നെ കാണില്ല. 
          പ്രഹ്ലാദന്‍ ഗര്‍ഭത്തില്‍ ഉള്ളപ്പോള്‍ തന്നെ ദേവേന്ദ്രന്‍ പ്രഹ്ലാദന്റെ മാതാവായ കയാതുവിനെ വധിക്കാന്‍ ശ്രമിക്കുന്നു. ഹിരണ്യകശിപു അപ്പോള്‍ ബ്രഹ്മാവിനെ തപസ്സു ചെയ്യാന്‍ പോയിരിക്കുകയായിരുന്നു.  ഗര്‍ഭത്തില്‍ വളരുന്ന ഇല്ലാതെയാക്കുക എന്ന ലക്ഷ്യമായിരുന്നു. അപ്പോള്‍ നാരദ മഹര്‍ഷി ഇടപെട്ടു കയാതുവിന്റെ ഗര്‍ഭത്തില്‍ വളരുന്ന ശിശു ഒരു   ഭാഗവതനാണെന്നു പറഞ്ഞു മനസ്സിലാക്കി ആ ഉദ്യമത്തില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നു. നാരദരുടെ വാക്കു സത്യമായി തീരുന്നു. നാരദര്‍ കായടുവിനെ തന്റെ ആശ്രമത്തിലേക്കു കൊണ്ടു പോയി. അവിടെ നാരായണ ഗുണങ്ങളെ ഗര്‍ഭസ്ഥ ശിശുവിനു ഉപദേശിച്ചു.  അങ്ങനെ പ്രഹ്ലാദന്‍ ഒരു മഹാഭക്തനായി മാറി. ഉള്ളില്‍ നിറയെ ആനന്ദത്തില്‍ ആറാടി.
            നിത്യ ണ്ഡം പൂര്‍ണ്ണ ആയുസ്സ് എന്നത് ആ കുട്ടിയുടെ കാര്യത്തില്‍ സത്യമായിരുന്നു. സ്വന്തം പിതാവ് തന്നെ അയാള്‍ക്കു എതിരായിരുന്നു. എന്നിട്ടും ഹരിഭക്തിയില്‍ നിന്നും കുട്ടി പിന്മാറിയില്ല. ഹിരണ്യകശിപുവിനു ഹരി ദ്വേഷമായിരുന്നു. പ്രത്യേകിച്ചു തന്റെ സഹോദരനായ ഹിരണ്യാക്ഷനെ  ഹരി വരാഹ അവതാരമെടുത്തു സംഹരിച്ചതില്‍ ക്രുദ്ധനായിരുന്നു. ഹരിയെ തന്റെ ശത്രുവായി തന്നെ കണ്ടു. ഹരിയെ വധിക്കുക എന്ന ലക്ഷ്യമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്. അതിനു വേണ്ടി ബ്രഹ്മദേവനെ കുറിച്ചു തപസ്സ് ചെയ്യുന്നു. മരണമില്ലാത്ത ഒരു അവസ്ഥയാണ് അയാള്‍ക്കു വേണ്ടത്. പക്ഷേ ബ്രഹ്മദേവനു അങ്ങനെ ഒരു വരം കൊടുക്കാന്‍ കഴിയില്ലായിരുന്നു. അതു കൊണ്ടു അദ്ദേഹം പല ഉപാധികള്‍ കൊണ്ടു അയാള്‍ക്കു മരണം ഇല്ലാത്ത അവസ്ഥ വാഗ്ദാനം ചെയ്തു. ദുഷ്കരമായ ആ ഉപാധികള്‍ മാറി കടന്നു തന്നെ കൊല്ലാന്‍ ആര്‍ക്കും സാധിക്കില്ല എന്നു ആ മൂഡന്‍ ധരിച്ചു. 
         വരം ലഭിച്ചു അഹങ്കാരത്തോടെ അയാള്‍ കൊട്ടാരത്തിലെത്തി. ഇനി തന്നെ വെല്ലാന്‍ ആരുമില്ല എന്നു പറഞ്ഞു, അയാള്‍ ലോകങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചു. ഹരിയെ മാത്രം അയാള്‍ ഇതുവരെ നേരില്‍ കണ്ടില്ല. മകനെ ലാളിക്കുന്ന നേരം അവന്‍ ഇതുവരെ പഠിച്ചതില്‍ ഏറ്റവും ഉത്തമമായത്
എന്താണെന്ന് ചോദിച്ചു.  മകനോ, സകലതും ഉപേക്ഷിച്ചു വനത്തില്‍ പോയി ഹരിയെ ധ്യാനിക്കുകയാണ് ഏറ്റവും ഉത്തമം എന്നു പറഞ്ഞു. നവവിധ ഭക്തിയായ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദ്യം, ദാസ്യം, സഖ്യം, ആത്മ നിവേദനം എന്നിവയെ കുറിച്ചു പറഞ്ഞു. ഹിരണ്യകശിപു
ഇതു കേട്ടു ഞെട്ടി. താന്‍ ശത്രുവായി കണക്കാക്കുന്ന ഹരിയെ ആശ്രയിക്കുവാന്‍ തന്റെ മകന്‍ പറയുന്നു! വിചിത്രം തന്നെ!
          ആചാര്യന്മാരായ ചണ്ഡാ മാര്‍ക്കന്മാരെ വിളിച്ചു താക്കീത് ചെയ്യുന്നു. അവര്‍ കുട്ടിയെ വിളിച്ചു കൊണ്ടു പോയി ഹിരണ്യകശിപുവിനെ ഈശ്വരനായി ആരാധിക്കാന്‍ ഉപദേശിച്ചു നോക്കി. ഫലിച്ചില്ല എന്നു മാത്രമല്ല, പ്രഹ്ലാദന്‍ തന്റെ സഹപാഠികളേയും നാരായണ ഭക്തിയില്‍ വ്യാപരിപ്പിച്ചു. അവര്‍ എല്ലാവരും ചേര്‍ന്നു നാരായണ നാമം ജപിച്ചു തുടങ്ങി. ആ കുട്ടിയുടെ ദൃഡ ഭക്തിയില്‍ അവര്‍ മുട്ടുകുത്തി. അവരുടെ തോല്‍വി സമ്മതിച്ചു ചക്രവര്‍ത്തിയോട് പറഞ്ഞു. ഹിരണ്യകശിപുവിനു കോപം അടക്കാനായില്ല. മകനാണെങ്കിലും തന്റെ ശത്രുവിനെ ആശ്രയിക്കുന്ന പ്രഹ്ലാദനെ വധിക്കുവാന്‍ തീരുമാനിക്കുന്നു. 
           അഞ്ചു വയസ്സുള്ള ആ ബാലന്‍ നേരിടേണ്ടി വരുന്ന കഷ്ടങ്ങള്‍ക്കു ഒരു അളവില്ലായിരുന്നു. മലയില്‍ നിന്നും ഉരുട്ടി ഇട്ടും, അഗ്നിയില്‍ എറിഞ്ഞും, സമുദ്രത്തില്‍ താഴ്ത്തിയും, ആനയെ കൊണ്ടു ചവിട്ടിച്ചും, വിഷം കുടിപ്പിച്ചും, മറ്റും എന്തൊക്കെയോ ചെയ്തു അവനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രഹ്ലാദന്‍ ഇതു സ്ഥിതിയിലും തന്റെ വിശ്വാസം കൈവിടാതെ ഭക്തിയില്‍ ഉറച്ചു നിന്നു തന്റെ അച്ഛനെ തോല്‍പ്പിച്ചു. ക്ഷമ നശിച്ച അസുരന്‍ പ്രഹ്ലാദനെ വിളിച്ചിട്ട് അവന്റെ നാരായണന്‍ എവിടെ, തനിക്കു കാണിച്ചു തരണം എന്നു ആവശ്യപ്പെടുന്നു. ഒട്ടും മാറി കൂടാതെ ആ പിഞ്ചു കുട്ടി നാരായണന്‍ എവിടെയും ഉണ്ട് എന്നു ഉറപ്പിച്ചു പറഞ്ഞു. ഉടനെ ഹിരണ്യകശിപു അവിടെയുള്ള ഒരു തൂണ് ചൂണ്ടി കാണിച്ചു കൊണ്ടു ഹരി അവിടെയുണ്ടോ എന്നു ചോദിച്ചു. തീര്‍ച്ചയായും അവിടെയും ഭഗവാന്‍ ഉണ്ട് എന്നു പ്രഹ്ലാദന്‍. പറഞ്ഞു. 'ഇങ്കും ഉണ്ടെന്റെനോ'- യാതൊരു ശങ്കയും അവനില്ലായിരുന്നു.        
    ഹിരണ്യകശിപു ഉടനെ തന്നെ 'എങ്കില്‍ കാണട്ടെ' എന്നു പറഞ്ഞു കൊണ്ടു തന്റെ മുഷ്ടി കൊണ്ടു തൂണില്‍ കുത്തി. ഉടന്‍ തന്നെ ഭഗവാന്‍ നരഹരി രൂപത്തില്‍ തൂണില്‍ നിന്നും ആവിര്‍ഭവിച്ചു. തന്റെ ഭക്തനായ പ്രഹ്ലാദന്റെ വാക്കുകള്‍ സത്യമാക്കാന്‍ ഭഗവാന്‍ തൂണില്‍ നിന്നും പുറത്തു വന്നു. തന്റെ ഭക്തനായ ബ്രഹ്മാവിന്റെ വാക്കുകള്‍ സത്യമാക്കാന്‍ ഭഗവാന്‍ നരഹരി രൂപമെടുത്തു. ബ്രഹ്മാവ്‌ കല്പിച്ച ഉപാധികള്‍ ഭേദിച്ച് കൊണ്ടു ഭഗവാന്‍ ഹിരണ്യകശിപുവിനെ വധിച്ചു. 
    എത്രയോ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും പ്രഹ്ലാദന്‍ തന്റെ ഭക്തിയില്‍ ഉറച്ചു നിന്നു. ഭഗവാന്റെ ഒരു ചിത്രമോ, വിഗ്രഹമോ, ക്ഷേത്രമോ ഒന്നും ഇല്ലാതെ തന്നെ ഭഗവാനില്‍ ദൃഡവിശ്വാസം പുലര്‍ത്തിയിരുന്നു. ആശ്ചര്യകരം തന്നെ! പെന്‍ പെണ്‍പിള്ളൈ പ്രഹ്ലാദന്റെ! ഈ ഗുണത്തില്‍ ആകൃഷ്ടയായി. തനിക്കു അതു പോലെ ദൃഡ വിശ്വാസം ഇല്ലല്ലോ എന്നു സങ്കടപ്പെടുന്നു. രാധേകൃഷ്ണാ!