Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, May 13, 2011

പ്രേമവേദം മേയ് - 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഗ്രീവാ മഹസ്തവ മുഖഞ്ച ജന, സ്തപസ്തു 
  ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം;
ഏവം ജഗത്മയ താനോ ജഗദാശ്രിതൈര-
പ്യനൈര്‍ നിബദ്ധ വപുഷേ ഭഗവന്‍! നമസ്തേ.
                       (ദശഃ 6 ശ്ളോഃ3) 
        മഹര്‍ലോകം അങ്ങയുടെ കണ്ഠവും, ജനലോകം മുഖവും, തപോലോകം നെറ്റിയും, സത്യലോകം അഖില രോപ്പാത്മാവായ അങ്ങയുടെ ശിരസ്സുമാകുന്നു. ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ശരീരത്തോടു കൂടിയ ഭഗവാനേ, ലോകത്തെയാശ്രയിച്ചിരിക്കുന്ന അന്യവസ്തുക്കളാല്‍ നിറഞ്ഞ ശരീരത്തോടു കൂടിയ അങ്ങേയ്ക്ക് നമസ്കാരം.
                         (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 
ഗുരുജിഅമ്മ 
ആനന്ദരഹസ്യം
നിത്യം വിഷ്ണു സഹസ്രനാമം ജപിക്കു! പരിസരം മുഴുവനും പുനിതമാകും. ഭഗവാന്റെ നാമങ്ങള്‍ക്ക് തുല്യം ഒന്നും തന്നെയില്ല. രാധേകൃഷ്ണാ!
 

സദ്ഗുരുവാത്സല്യം
      രാധേകൃഷ്ണാ! സദ്ഗുരുവിന്റെ മഹിമ എത്ര പറഞ്ഞാലും മതിയാവില്ല. ഈ പംക്തിയില്‍ നാം തുടര്‍ച്ചയായി ഗുരു മഹിമയാണ് കണ്ടു വരുന്നത്. ഇതാ ഗുരുവിന്റെ മാഹാത്മ്യം കാണിക്കുന്ന മാറ്റൊരു ചരിത്രം! 108 ദിവ്യ ദേശങ്ങളും സദ്ഗുരുനാഥന്റെ ശരീരത്തില്‍ ഉണ്ട്. ഭഗവാനെ ചുമന്നു നടക്കുന്ന ഒരു ദിവ്യ ക്ഷേത്രം തന്നെയാണ് സദ്ഗുരു.  സദ്ഗുരു നാഥനെ മാത്രം ധ്യാനിച്ച്‌ കൊണ്ടിരുന്നാല്‍ മതി. വേറെ ഒന്നും തന്നെ വേണ്ടാ. വേറെ ഒന്നും നമ്മാല്‍ സാധ്യമല്ല. മോക്ഷത്തിനുള്ള ഏക വഴി, സദ്ഗുരുനാഥന്‍ തന്നെയാണ്. 
        ഗുരുവായൂര്‍ ദിവ്യ ക്ഷേത്രത്തിന്റെ പരിസരത്തു മാല കെട്ടി കൊടുക്കുന്ന ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. മഹാ ഭക്തയായ അവള്‍ മഞ്ജുള എന്നാ പേരില്‍ പ്രസിദ്ധയാണ്. അവളുടെ കഥ കേള്‍ക്കാത്ത മലയാളികള്‍ തന്നെ ഉണ്ടാവില്ല. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ അവള്‍ക്കു ഉണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. പക്ഷെ ഒരു ദിവസം ഭഗവാനു മാല കൊണ്ടു കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അവള്‍ക്കു വല്ലാത്ത വിഷമവും ആയിരുന്നു. എന്ത് വന്നാലും ദിവസം ഒരു മാല ഭഗവാനു കൊടുക്കുന്നത് ഒരു കടമയായി അവള്‍ ചെയ്തു വന്നിരുന്നു. ഒരു ദിവസം അവിചാരിതമായ കാരണത്താല്‍ അവള്‍ക്കു ക്ഷേത്രത്തില്‍ എത്തുവാന്‍ വൈകിപ്പോയി. 
        മഞ്ജുള പതിവ് പോലെ മാല കെട്ടി ഒടിയെതിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. പ്രായത്തില്‍ ചെറിയ ബാലികയാണെങ്കിലും ഭക്തിയില്‍ നല്ല ദൃഡതയുണ്ടായിരുന്നു. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു. 'പ്രഭോ  ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു ഞാന്‍ എന്നും മാല കൊടുക്കുന്നു എന്നഹങ്കരിച്ചോ? അത് കൊണ്ടാണോ ഇന്ന് എന്റെ മാല തിരസ്കരിച്ചത്? എന്താ കൃഷ്ണാ ഇത്?' എന്നവള്‍ പൊട്ടി പൊട്ടിക്കരഞ്ഞു. ഹൃദയം നൊന്തപ്പോള്‍ ഭഗവാന്‍ സദ്ഗുരുവിനെ അവിടേയ്ക്കു അയച്ചു.
       ക്ഷേത്രത്തില്‍ തൊഴുതിട്ടു പുറത്തേയ്ക്കു വരികയായിരുന്നു മഹാ ഭക്തനായ പൂന്താനം തിരുമേനി! അദ്ദേഹം നോക്കുമ്പോള്‍ വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുള എന്നാ ബാലിക! അവളുടെ അടുത്തെത്തി നെറുകയില്‍ തലോടി അദ്ദേഹം അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. "അല്ലാ! ഇത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? മോള്‍ എന്തിനാ ഇങ്ങനെ കരയുന്നത്?' എന്ന് ചോദിച്ചു. കണ്ണീര്‍ വാര്‍ത്തു കൊണ്ടു മഞ്ജുള തനിക്കു ഇന്നു ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല  എന്നു സങ്കടം പറഞ്ഞു. ഇത് കേട്ടതും പൂന്താനം തിരുമേനി 'ആഹാ! ഇത്രേയുള്ളോ? ഇതിനാണോ മോളു കരഞ്ഞത്? അയ്യേ! കണ്ണ് തുടയ്ക്കു! എന്റെ കുട്ടി.. ആരാ പറഞ്ഞത് ഭഗവാന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ എന്നു? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ?  മോളു ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച്‌ ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!' എന്നിങ്ങനെ പറഞ്ഞു കുട്ടിയുടെ കണ്ണു തുടച്ചു.
          പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ ഇപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു കൊണ്ടു ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച്‌. "കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു നീ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചിരിക്കുന്നു. അതല്ലേ ഈ ലീല! എനിക്ക് സന്തോഷമായി. ഇതാ തിരുമേനി പറഞ്ഞതനുസരിച്ച് നീ ഇവിടെ ഉണ്ടെന്നു വിശ്വസിച്ചു ഞാന്‍ ഈ മാല ഇവിടെ ചാര്‍ത്തുന്നു. പ്രഭോ! ദയവായി ഇത് നീ സ്വീകരിക്കണമേ!' എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു! എന്നിട്ട് താന്‍ കൊണ്ടു വന്ന മാല ആ മരത്തില്‍ ചാര്‍ത്തി. പൂന്താനം തിരുമേനിയെ നമസ്കരിച്ചിട്ട്‌ അവള്‍ തന്റെ വസതിയിലേക്ക് പോയി. തിരുമേനി പറഞ്ഞാല്‍ അത് ശരിയായിരിക്കും എന്നവള്‍ക്ക് നല്ല വിശ്വാസമായിരുന്നു. അത് കൊണ്ടു സമാധാനമായി വീട്ടിലേക്കു പോയി.
       പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി  ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി. നമ്മുടെ സങ്കടങ്ങള്‍ തീര്‍ക്കാനായി ആ ചെറിയ ഉണ്ണി നേരത്തെ ഉണര്‍ന്നു ദര്‍ശനം നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു. നട തുറന്നു നിര്‍മ്മാല്യ ദര്‍ശനം എല്ലാവരും കണ്‍കുളിര്‍ക്കെ കണ്ടു.  മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. ഇതെന്തു അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നു എന്നു അന്ധാളിച്ചു നോക്കി. പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍  ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍ മാല ചാര്‍ത്തിയില്ലേ അത് ഭഗവാന്‍ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്ശന്തിയോടു അത് മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു വിളിച്ചു പറഞ്ഞു.
          മഞ്ജുള എപ്പോള്‍ മാല ചാര്‍ത്തി എന്നു അദ്ദേഹം ആലോചിച്ചു നിന്നപ്പോള്‍ പൂന്താനം തലേ ദിവസം ഉണ്ടായതെല്ലാം അദ്ദേഹത്തോട് വിസ്തരിച്ചു പറഞ്ഞു. അത് മഞ്ജുള തന്നെ ചാര്‍ത്തിയ മാലയാണോ എന്നു മേല്‍ശാന്തി സംശയം ചോദിച്ചപ്പോള്‍ പൂന്താനം തിരുമേനി ഭഗവാനോട് പ്രാര്‍ത്ഥിച്ചു. 'ഭഗവാനെ അങ്ങ്  മഞ്ജുളയുടെ മാല സ്വീകരിച്ചത് സത്യമാണെങ്കില്‍ ആ മാല ഇപ്പോള്‍ താഴെ വീഴട്ടെ!'  അത്ഭുതം! ഭഗവാന്റെ കഴുത്തില്‍ നിന്നും അതുവരെ ഇളകാതിരുന്ന മാല അപ്പോള്‍ താഴെ വീണു. എല്ലാവരും ഒരേ സ്വരത്തില്‍ ഗുരുവായൂരപ്പാ! എന്നുറക്കെ വിളിച്ചു. സദ്ഗുരുവിന്റെ വാക്കിനെ സത്യമാക്കാനായി ഭഗവാന്‍ ആ അത്ഭുതം കാണിച്ചു. ഇതിനിടയില്‍ ആരോ മഞ്ജുളയെ വിളിച്ചു കൊണ്ടു വന്നു. എല്ലാവരും അവളുടെ ഭക്തിയെ പുകഴ്ത്തിയപ്പോള്‍  അവള്‍ പൂന്താനം തിരുമേനിയുടെ കാലില്‍ വീണു. അദ്ദേഹം പറഞ്ഞത് കൊണ്ടാണ് തന്റെ മാല ഭഗവാന്‍ സ്വീകരിച്ചത് എന്നു അവള്‍ തീര്‍ത്തും പറഞ്ഞു. 
        സദ്ഗുരുനാഥന്റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ് മഞ്ജുളക്കു ഈ അസുലഭ ഭാഗ്യം ലഭിച്ചത്. ഗുരുവിനെ പരിപൂര്‍ണ്ണമായി ആശ്രയിക്കുക. അതില്‍ കവിഞ്ഞു ഒന്നും തന്നെയില്ല. ഏഴു ദിവസം കൊണ്ടു ഭാഗവത സപ്താഹം നടത്താം. ഒന്‍പതു ദിവസം കൊണ്ടു രാമായണ നവാഹവും നടത്താം. പക്ഷെ സദ്ഗുരു  മാഹാത്മ്യത്തിനു എത്ര കോടി ജന്മം എടുത്താലും തികയില്ല. അത്ര അനന്തമാണ്‌ അത്! ജയ് സദ്ഗുരുനാഥ്  മഹാരാജ് കീ! ഗുരുരേവ പരാ ഗതിഃ!

ഭക്തിരഹസ്യം
      രാധേകൃഷ്ണാ! ഠാക്കുര്‍കിഷന്‍ സിംഗ് ഗര്‍ഭിണിയായ ഒരു മാനിനെ വെട്ടിയിട്ട് അതിന്റെ ദൈന്യത കണ്ടു മനസ്സ് നൊന്തു കരഞ്ഞത് നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. 'നിനക്ക് ഞാന്‍ ഒരു ദ്രോഹവും ചെയ്യാത്തപ്പോള്‍ നീ എന്തിനു എന്നെ വെട്ടി?' എന്ന ചോദ്യം മാനിന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. അദ്ദേഹം തന്റെ ചെയ്തിയില്‍ വളരെയധികം പശ്ചാത്തപിച്ചു! ഇതിനൊക്കെ കാരണം തന്റെ കയ്യിലുള്ള കത്തിയല്ലേ എന്ന് ചിന്തിച്ചു. ആ കത്തി തന്റെ കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ഈ കൊല ചെയ്യുമോ എന്ന് അദ്ദേഹത്തിന് തോന്നി. ഈ കത്തി കയ്യില്‍ ഇരിക്കുന്നത് കൊണ്ടാണ് തന്റെ ബുദ്ധി ഇങ്ങനെ അഹിംസയില്‍ വര്‍ത്തിക്കുന്നത് എന്ന് സ്വയം തോന്നി. അദ്ദേഹമോ ഒരു ക്ഷത്രിയനാണ്. ആയുധം കൈയില്‍ ഇല്ലാതെ ഇരിക്കാന്‍ പാടില്ലതാനും.  പശ്ചാത്താപം കൊണ്ടു ആദ്ദേഹം ആ കത്തി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. താന്‍ ഇനി ഇരുമ്പ് കൊണ്ടുള്ള കത്തി കയ്യില്‍ വയ്ക്കില്ല എന്ന് ശപഥം ചെയ്തു. പക്ഷെ അദ്ദേഹം ഈ കാര്യം രാജനോടോ മറ്റാരോടോ പറഞ്ഞില്ല.
        തിരികെ വീട്ടിലെത്തിയ അദ്ദേഹം മരം കൊണ്ടു ഒരു കത്തി പോലെ ഉണ്ടാക്കി തന്റെ കത്തിയുടെ ഉറയില്‍ ഇട്ടു.  ഈ കാര്യം മറ്റാര്‍ക്കും തന്നെ അറിയില്ലായിരുന്നു. ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. രാജന് കിഷന്‍ സിങ്ങിനോട് വലിയ ബഹുമാനവും ഇഷ്ടവും ആയിരുന്നു. എന്ത് ചെയ്താലും കിഷന്‍ സിങ്ങിനോട് ആലോചിച്ച ശേഷം മാത്രമേ ചെയ്യു!  ഇത് ഠാക്കുര്‍കിഷന്‍ സിങ്ങിനു കൊട്ടാരത്തിനുള്ളില്‍ തന്നെ ശത്രുക്കളെ സൃഷ്ടിച്ചു. രാജാവ് അദ്ദേഹത്തിന് കൊടുത്തിട്ടുള്ള സ്വാതന്ത്ര്യത്തില്‍ അസൂയാലുക്കളായ ചിലരെങ്കിലും ഉണ്ടായിരുന്നു. അസൂയ എന്നത് ഒരു അസുരനെ പോലെയാണ്. അത് നമ്മുടെ ബുദ്ധിയെ നശിപ്പിക്കും. നമ്മെ തിന്മയില്ലേക്ക് നയിക്കുകയും ചെയ്യും.  ശൂര്‍പ്പണഖ, രാവണന്‍ തുടങ്ങിയവര്‍ക്കും അസൂയ തന്നെയാണ് അവരുടെ നാശത്തിനു കാരണം ആയത്. 
        ഏതെങ്കിലും വിധത്തില്‍ ഠാക്കുര്‍ കിഷന്‍ സിംഗിന്റെ അന്ത്യം കാണാന്‍ ഒരു മന്ത്രി കാത്തിരുന്നു. ഒരു ദിവസം  ഠാക്കുര്‍ തന്റെ കത്തി ഊരിയെടുത്തു തുടച്ചു കൊണ്ടിരിക്കുമ്പോള്‍ യദൃച്ചയാ ആ മന്ത്രിയുടെ അനുയായി അത് കണ്ടു പിടിച്ചു. കിഷന്‍ സിംഗ് ആ കത്തി എടുത്തു നോക്കുമ്പോളൊക്കെ ആ പഴയ സംഭവം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എത്തും. ഇനി ഒരിക്കലും താന്‍ അത് പോലെ ഹിംസ ചെയ്യാന്‍ പാടില്ല എന്ന് വീണ്ടും വിചാരിക്കും. ഈശ്വരനോട് തനിക്കു സദ്ബുദ്ധി തരണമേ എന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. മന്ത്രി അദ്ദേഹം തടി കൊണ്ടു കത്തി ഉണ്ടാക്കി കൊണ്ടു നടക്കുന്നു എന്നു കണ്ടു പിടിച്ചു വേഗം രാജാവിന്റെ അടുത്തു ചെന്നു താന്‍ അറിഞ്ഞ കാര്യം ധരിപ്പിച്ചു. 
       രാജാവ് ഇത് കേട്ട് ചിരിച്ചു. അയാളുടെ അസൂയ അദ്ദേഹത്തിനും മനസ്സിലായിരുന്നു. അയാള്‍ പറഞ്ഞത് ഒട്ടും വിശ്വസിച്ചില്ല.  പക്ഷെ ആ മന്ത്രി സമ്മതിച്ചില്ല. താന്‍ അതു നിരൂപിച്ചു കാണിക്കാം എന്നായി മന്ത്രി. രാജന്‍ അതു സമ്മതിച്ചു. പക്ഷെ എങ്ങനെ അതു നിരൂപിച്ചു കാണിക്കും എന്നു ചോദിച്ചു. 
അതിനു അയാള്‍ രാജനോട്‌ ഒരു വിരുന്നിനു ഏര്‍പ്പാട് ചെയ്യാന്‍ പറഞ്ഞു. വിരുന്നില്‍ നല്ല വിഭവങ്ങള്‍ ഉണ്ടായിര്‍ക്കണം. വിരുന്നു കഴിഞ്ഞിട്ട് രാജന്റെ കത്തി പുറത്തെടുത്തു എല്ലാവരെയും കാണിക്കണം. എന്നിട്ട് 'എന്റെ കത്തി എത്ര മൂര്‍ച്ച  യേറിയതാണ്. ഇതിനേക്കാള്‍ മൂര്‍ച്ചയുള്ള കത്തി ആരുടെ പക്കലെങ്കിലും ഉണ്ടോ' എന്നു ചോദിക്കണം. അപ്പോള്‍ എല്ലാവരും അവരവരുടെ കത്തി പുറത്തു എടുത്തു കാണിക്കും. അങ്ങനെ കിഷന്‍ സിംഗിന്റെ കള്ളത്തരം നമുക്ക് കണ്ടുപിടിക്കാം എന്നു അയാള്‍ പറഞ്ഞു. രാജാവിന് ഈ ഭ്രാന്തന്‍ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. പക്ഷെ ആ ദുഷ്ട മന്ത്രിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഈ പരീക്ഷണത്തിന്‌ സമ്മതിച്ചു.
        ഒരു വലിയ വിരുന്നു ഒരുക്കി രാജന്‍ എല്ലാ മന്ത്രിമാരെയും ക്ഷണിച്ചു. വിഭവ സമൃദ്ധമായ സദ്യ കഴിഞ്ഞു രാജന്‍ തന്റെ കത്തി പുറത്തെടുത്തു കാണിച്ചു. എന്നിട്ട് 'ഇതിനേക്കാള്‍ മൂര്‍ച്ചയുള്ള കത്തി ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഞാന്‍ ഒരു സമ്മാനം നല്‍കാം' എന്നു പറഞ്ഞു. രാജനു കിഷന്‍ സിംഗിന്റെ  കത്തി നല്ല മൂര്‍ച്ചയേറിയതാകും എന്നു നല്ല ഉറപ്പായിരുന്നു. ഉടനെ ഓരോരുത്തരായി അവരവരുടെ കത്തി പുറത്തു എടുത്തു കാണിച്ചു കൊണ്ടു ' എന്റെ നല്ല മൂര്‍ച്ചയാണ്  നോക്കു!' എന്ന് പറഞ്ഞു. കിഷന്‍ സിംഗ് മാത്രം തന്റെ കത്തി എടുത്തു കാണിച്ചില്ല. അദ്ദേഹം മിണ്ടാതെയിരുന്നതെയുള്ളൂ.
      ആ ദുഷ്ട മന്ത്രി രാജാവിന്റെ ചെവികളില്‍ 'അങ്ങേയ്ക്ക് ഇപ്പോള്‍ ബോധ്യമയോ? അയാള്‍ക്ക്‌ തന്റെ കത്തി കാണിക്കാന്‍ പറ്റില്ല. കാരണം അതില്‍ ശരിയായ കത്തിയല്ല ഇരിക്കുന്നത്!' എന്ന് മന്ത്രിച്ചു.  അപ്പോഴേക്കും മറ്റു മന്ത്രിമാരും ഠാക്കുര്‍ കിഷന്‍ സിങ്ങിനോട്  അങ്ങയുടെ കത്തിയും കാണിക്കു എന്ന് നിര്‍ബന്ധിച്ചു. ഠാക്കുര്‍ കിഷന്‍ സിംഗ് മനസ്സില്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. താന്‍  വെച്ചിരിക്കുന്നത് നല്ല കത്തിയല്ല എന്നു പറഞ്ഞേക്കാം എന്നു തീരുമാനിച്ചു. അദ്ദേഹത്തിന് കള്ളം പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയില്ല. താന്‍ ചെയ്യുന്നത് തെറ്റാണെന്നും തോന്നിയില്ല. നടക്കുന്നതെല്ലാം ഭഗവാനു അര്‍പ്പിച്ചു ഭഗവാന്റെ തീരുമാനം എന്തായാലും അതിനു വേണ്ടി തയ്യാറായി.
       അദ്ദേഹം രാജാവിന്റെ അടുത്തു 'രാജന്‍ എന്റെ കത്തി... എന്നു പറയുമ്പോഴേക്കും അന്തര്യാമിയായ 'ആ മഹാ കള്ളന്‍' ഉള്ളില്‍ നിന്നും പ്രേരിപ്പിച്ചു അദ്ദേഹത്തെ തുടര്‍ന്നു സത്യം പറയാന്‍ അനുവദിച്ചില്ല. 'എന്റെ കത്തി... എന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം അറിയാതെ 'ഏറ്റവും മൂര്‍ച്ചയേറിയതാണ്' എന്നു പറഞ്ഞു നിറുത്തി. പെട്ടെന്ന് തന്റെ വായില്‍ നിന്നും വന്ന വാക്ക് കേട്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. താന്‍ എന്താണീ പറഞ്ഞത്? താന്‍ പറഞ്ഞത് കള്ളമല്ലേ? അദ്ദേഹം ആകെ വിയര്‍ത്തു പോയി. അദ്ദേഹം ഒരു ആവേശത്തോടെയാണ് അത് പറയുകയും ചെയ്തത്. ആ സ്വരം കേട്ടു ദുഷ്ടനായ മന്ത്രി പോലും ഒന്ന് വിറച്ചു പോയി. അയ്യോ! സ്വയം മറന്നു താന്‍ നുണ പറഞ്ഞില്ലേ എന്നു ദുഃഖിച്ചുകൊണ്ടു ഠാക്കുര്‍ കിഷന്‍ സിംഗ് തന്റെ കത്തി പുറത്തു എടുത്തു. 
      പെട്ടെന്ന് ഒരു മിന്നല്‍ മിന്നിയ പോലെ തിളങ്ങി കൊണ്ടു കത്തി പുറത്തു വന്നു. ഠാക്കുര്‍ ഉള്‍പ്പെടെ അവിടെ കൂടിയിരുന്ന എല്ലാവരും സ്തംഭിച്ചു പോയി. ഭഗവാന്‍ ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയതായ തന്റെ നാന്തകം എന്നാ വാള്‍ അദ്ദേഹത്തിന്റെ ഉറയില്‍ ഇട്ടിരുന്നു. എന്റെ ഭക്തന്‍ ഒരിടത്തും തോല്‍ക്കാന്‍ പാടില്ലാ എന്ന വാശിയായിരുന്നു ഭഗവാനു! വാള്‍ പുറത്തു എടുത്തു അദ്ദേഹം വിശ്വസിക്കുവാന്‍ ആകാതെ അതില്‍ തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ആ ദുഷ്ട മന്ത്രി ഭയത്തില്‍ നടുങ്ങി പോയി. അയാള്‍ ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല. താന്‍ കാണുന്നത് സത്യമോ എന്നു അയാളും അത്ഭുതപ്പെട്ടു നോക്കി. രാജാവ് വളരെ അഭിമാനത്തോടെ ഠാക്കുര്‍ കിഷന്‍ സിംഗിനെ നോക്കി. എന്നിട്ട് ആ ദുഷ്ട മന്ത്രിയെ നോക്കി. 'ഇപ്പോള്‍ മനസ്സിലായില്ലേ? താന്‍ എന്തൊക്കെയാണ് ഇദ്ദേഹത്തെ കുറ്റം പറഞ്ഞത്' എന്നു പറഞ്ഞു കൊണ്ടു തന്റെ വാള്‍ എടുത്തു ദേഷ്യത്തില്‍ അയാളെ വെട്ടാന്‍ പോയി. 
       ഠാക്കുര്‍ കിഷന്‍ സിംഗ് പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു കൊണ്ടു രാജാവിനെ തടഞ്ഞു. 'അങ്ങ് എന്ത് അവിവേകമാണീ കാണിക്കുന്നത്? എന്തു കാരണത്തിനാണ് അങ്ങ് അദ്ദേഹത്തെ വെട്ടാന്‍ ഒരുങ്ങുന്നത്' എന്ന് ചോദിച്ചു. ഉടനെ രാജാവ് 'അങ്ങയെ കുറിച്ച് ഈ മനുഷ്യന്‍ എന്തൊക്കെ അപവാദമാണ് പറഞ്ഞതെന്ന് അങ്ങേയ്ക്കറിയാമോ? അങ്ങയുടെ ഉറയില്‍ അങ്ങ് വാളിനു പകരം കൃത്രിമമായി എന്തോ ഉണ്ടാക്കി വെച്ചിരിക്കുന്നു എന്നൊക്കെ അനാവശ്യം പറഞ്ഞു ഇയാള്‍!  മാത്രമല്ല! അങ്ങയുടെ കള്ളത്തരം പൊളിക്കാനാണെന്ന് പറഞ്ഞു എന്നെ കൊണ്ടു ഈ വിരുന്നിന്റെ വേഷം ഒക്കെ കെട്ടിച്ചു. ഇയാള്‍ പറഞ്ഞത് വിശ്വസിച്ചു ഞാനും ഇതൊക്കെ ചെയ്തു പോയി. അതിനു അങ്ങയോടു ഞാന്‍ ക്ഷമ ചോദിക്കുന്നു. അയാള്‍ പറഞ്ഞത് തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ അയാളെ കൊന്നു കൊള്ളാന്‍ വരെ അയാള്‍ എന്നോടു പറഞ്ഞു. അപ്പോള്‍ ഞാന്‍ അയാളെ കൊല്ലണ്ടെ?' എന്ന് രാജാവ് പറഞ്ഞു.  ഇത് കേട്ട് ഠാക്കുര്‍ കിഷന്‍ സിംഗ് രാജാവിന്റെ പാദങ്ങളില്‍ വീണിട്ടു 'അങ്ങ് ക്ഷമയോടെ ഇത് കേള്‍ക്കണം, ആ മന്ത്രി പറഞ്ഞത് സത്യം തന്നെയാണ്, എന്റെ ഉറയില്‍ ഞാന്‍ എന്റെ വാളു ഇട്ടിട്ടില്ല!' എന്ന് പറഞ്ഞു. 
      രാജാവ് അത്ഭുതത്തോടെ 'അങ്ങ് എന്താ ഈ പറയുന്നത്? അപ്പോള്‍  ഞങ്ങള്‍ എല്ലാവരും കണ്ട വാള്‍ ഏതാണ്?' എന്ന് ചോദിച്ചു.  ഠാക്കുര്‍ കിഷന്‍ സിംഗ് ഉടനെ നടന്ന സംഭവമെല്ലാം വിസ്തരിച്ചു പറഞ്ഞു. താന്‍ മാനിനെ കൊല്ലാന്‍ ഉണ്ടായ സാഹചര്യം, മരണ സമയത്ത് ആ മാനിന്റെ ദയനീയമായ നോട്ടം, അതിനു ശേഷം താന്‍ ഇനി കത്തി എടുക്കില്ല എന്ന് തീരുമാനിച്ചത് എല്ലാം പറഞ്ഞു. താന്‍ തന്റെ വാളിന്റെ ഉറയുടെ ഉള്ളില്‍ കൃത്രിമമായ എന്തോ ഒന്നാണ് വെച്ചിരുന്നത്. പക്ഷെ ഈ കത്തി എങ്ങനെ ഇപ്പോള്‍ തന്റെ കൈയില്‍ വന്നുപെട്ടു എന്ന് തനിക്കു ഒട്ടും അറിയില്ല. ഇത് തീര്‍ച്ചയായും ഭഗവാന്‍ കൃഷ്ണന്റെ കൃപയല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. അങ്ങ് തന്റെ ഉറയില്‍ നിന്നും എടുത്ത വാളിനെ രാജാവിന് കാട്ടി കൊടുത്തു. അത് പരിശോധിച്ച രാജാവിനും അതിന്റെ ദിവ്യത്വം അനുഭവപ്പെട്ടു. ഠാക്കുര്‍ കിഷന്‍ സിംഗ് രാജാവിനോട് 'തിരുമനസ്സേ! ഇത് ഭഗവാന്റെ വാളു തന്നെയാണ്' എന്നു പറഞ്ഞു. ഇത് കേട്ട രാജാവ് 'അങ്ങ് വലിയവന്‍ തന്നെയാണ്, സംശയം ഒന്നുമില്ല പക്ഷെ അങ്ങയുടെ മഹത്വം മനസ്സിലാക്കാത്ത ഇയാള്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കിയെ മതിയാവൂ' എന്നു പറഞ്ഞു. രാജാവിനെ വീണ്ടും തടഞ്ഞു കൊണ്ടു ഠാക്കുര്‍ കിഷന്‍ സിംഗ്  'ദയവായി അങ്ങ് അങ്ങനെ പറയരുത്. അയാള്‍ എന്റെ വാളു കാണിക്കണം എന്നു വാശി പിടിച്ച കൊണ്ടെല്ലേ  ഭഗവാന്റെ നാന്തകം ഇപ്പോള്‍ എന്റെ കൈയില്‍ ഇരിക്കുന്നത്' എന്നു പറഞ്ഞു. തന്നെ ഭഗവാന്റെ കാരുണ്യത്തിനു പാത്രീഭൂതനാക്കിയ ആ മന്ത്രിക്കു എന്തെങ്കിലും സമ്മാനം നല്‍കണം എന്നു ആവശ്യപ്പെട്ടു. 
      രാജാവിന് ഠാക്കുര്‍ കിഷന്‍ സിംഗിന്റെ മഹത്വം ശരിക്കും മനസ്സിലായി. ഈ വലിയ മനുഷ്യന്റെ മഹത്വം തനിക്കു ഇതുവരെ മനസ്സിലായില്ലല്ലോ എന്നു ലജ്ജിച്ചു. അന്ന് മുതല്‍ രാജാവും ഭക്തി മാര്‍ഗ്ഗത്തിലേയ്ക്ക്  തന്റെ ശ്രദ്ധ തിരിച്ചു. ഭഗവാന്റെ കാരുണ്യം കൊണ്ടു എല്ലാം ഭംഗിയായി തന്നെ കലാശിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വരുന്ന ലക്കങ്ങളില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈരഹസ്യം 
(വാക്യം - 47)
         രാധേകൃഷ്ണാ! സ്വാമി നമ്മാഴ്വാര്‍ പോലും സ്തുതിച്ച ഒരു ഭവിഷ്യത്ത് ആചാര്യനാണ് സ്വാമി രാമാനുജര്‍. നമ്മാഴ്വാര്‍ കലിയുഗം തുടങ്ങിയ ഉടന്‍ അവതാരം ചെയ്തു. അദ്ദേഹത്തിന്റെ കാലത്തിനു ശേഷം അവതരിച്ച ഒരു സദാചാര്യനാണ് സ്വാമി രാമാനുജര്‍. പക്ഷെ നമ്മാഴ്വാര്‍ തന്റെ കാലത്ത് തന്നെ ഇദ്ദേഹത്തിന്റെ വരവിനെ കുറിച്ച് പ്രവചിച്ചിരുന്നു. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു സദാചാര്യനാണ് സ്വാമി രാമാനുജര്‍. അദ്ദേഹത്തിനോട് നേരെ നിന്ന് സംസാരിക്കാന്‍ ഭാഗ്യം കിട്ടിയവളാണ് തിരുക്കോളൂരിലെ പെണ്‍പിള്ളൈ. രാമാനുജരോടു തന്റെ ഹൃദയത്തില്‍ ഉള്ള വിഷയങ്ങള്‍ എല്ലാം എടുത്തു പറയുന്നു. അവള്‍ക്കു ആരാധന തോന്നുന്ന ഭക്തന്മാരെ കുറിച്ച് എല്ലാം അവള്‍ അദ്ദേഹത്തോട് സംസാരിക്കുന്നു.  രാമാനുജരും ശിഷ്യരും അത്ഭുതത്തോടെ അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. രാമായണത്തിലെ ഭക്തന്മാരെ കുറിച്ചു അവള്‍ പറഞ്ഞു. ലക്ഷ്മണനെയും, ഭരതനേയും പറ്റി പറഞ്ഞ അവള്‍ ഗുഹനെ കുറിച്ചും പറഞ്ഞു. അടുത്തു എന്താവും അവള്‍ പറയുന്നത് എന്നു എല്ലാരും കാതോര്‍ത്തു നിന്നു.
       അടുത്തതായി അവള്‍ അടുത്ത വാക്യം പറഞ്ഞു:-
"അരക്കനുടന്‍ പൊരുതേനോ പെരിയ തിരുവുടയാര്‍ പോലെ"!
വീണ്ടും രാമായണത്തിലെ തന്നെ ഒരു വാക്യം! ഭഗവാന്‍ ശ്രീ രാമചന്ദ്രമൂര്‍ത്തി വനവാസത്തില്‍ 13 വര്‍ഷം കഴിഞ്ഞു ചിത്രകൂടത്തില്‍ നിന്നും പുറപ്പെടുന്നു. അഗസ്ത്യ മഹര്‍ഷിയെ കാണാനായിട്ടാണ് പുറപ്പാടു. അഗസ്ത്യര്‍ അവരെ പഞ്ചവടിയില്‍ താമസിക്കാന്‍ ഉപദേശിക്കുന്നു. പഞ്ചവടി അവര്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോള്‍ ഒരു മരത്തിന്റെ മുകളില്‍ വലിയ ഒരു കഴുകന്‍ ഇരിക്കുന്നത് കണ്ടു. ഇവരോട് ആ കഴുകന്‍ താന്‍ ജടായുവാണെന്നും  ദശരഥന്റെ മിത്രമാണെന്നും പറഞ്ഞു.  അത് കേട്ട് രാമ ലക്ഷ്മണന്മാര്‍ വളരെ സന്തോഷിച്ചു. രാമന്‍ ലക്ഷ്മണനോട്, ഈ കാട്ടില്‍ അവരുടെ പിതാവിന്റെ സ്ഥാനത്തു ജടായു ഇരിക്കുന്നു എന്നു പറഞ്ഞു സന്തോഷിച്ചു. 
        കാട്ടില്‍ രാമനു സീതയുടെയും, ലക്ഷ്മണന്റെയും ചുമതല ഉണ്ട്. കാരണം രാമാനാണ് മൂത്ത ജ്യേഷ്ഠന്‍! ഇപ്പോള്‍ ജടായു വന്നതിനു ശേഷം ആ ഒരു പ്രശ്നം ഇല്ല. അദ്ദേഹത്തിന്റെ ചിറകിന്റെ കീഴില്‍ ഒതുങ്ങാം എന്നു സമാധാനിച്ചു. ജാടായുവും വളരെ സന്തോഷിച്ചു. തന്റെ സുഹൃത്തായ ദശരഥന്റെ നിര്‍ത്യാനം കേട്ടു സങ്കടപ്പെട്ടു. രാമനോട് സീതയുടെ ചുമതല ഏറ്റെടുക്കാം എന്നു പറഞ്ഞു. രാമനും ലക്ഷ്മണനും കുടിലില്‍ നിന്നും പുറത്തു പോകേണ്ടി വരും. ആ സമയത്ത് സീതയുടെ രക്ഷ ജടായുവിന്റെ കയ്യിലായി. 
        അങ്ങനെ സന്തോഷത്തോടെ കഴിയുന്ന സമയത്താണ് രാവണന്റെ വരവ്! മാരീചനെ മായ മാന്റെ രൂപത്തില്‍ അയയ്ക്കുന്നു. സീതയും പൊന്മാനിനെ കണ്ടു മയങ്ങി പോയി. ലക്ഷ്മണനെ കാവല്‍ നിറുത്തിയിട്ടു രാമന്‍ സ്വയം അതിനെ പിടിക്കാന്‍ പോയി. ലക്ഷ്മണന്‍ അത് മാരീചനാണെന്ന് പറഞ്ഞു തടുത്തു നോക്കി. പക്ഷെ രാമന്‍ അത് കേട്ടില്ല. അത് മായാ മരീച്ചനാണെങ്കില്‍ അവനെ വധിക്കണം എന്നു പറഞ്ഞു പുറപ്പെട്ടു.  മാരീചനെ അസ്ത്രം എയ്തു കൊല്ലുന്ന നേരത്ത് അയാള്‍ രാമന്റെ സ്വരത്തില്‍ 'ഹാ ലക്ഷ്മണാ! ഹാ സീതേ!' എന്നുറക്കെ വിളിച്ചു കൊണ്ടു മരിച്ചു വീണു. സീത അത് കേട്ടു പരിഭ്രമിച്ചു ലക്ഷ്മണനെ പറഞ്ഞയയ്ക്കുന്നു. ലക്ഷ്മണന്‍ എത്ര എതിര്‍ത്തിട്ടും അവള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. മാത്രമല്ല ലക്ഷ്മണനെ നിന്ദിച്ചു സംസാരിക്കുകയും ചെയ്യുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ലക്ഷ്മണന് തിരിക്കേണ്ടി വന്നു. 
      ഈ തക്കം നോക്കി രാവണന്‍ കപട സന്യാസി വേഷത്തില്‍ സീതയെ അപഹരിക്കാന്‍ എത്തുന്നു. അവസാനം അവളെ അപഹരിച്ചു കൊണ്ടു പുറപ്പെടുന്നു. ഇത് കണ്ടു കൊണ്ടു ജടായു ഇടപെട്ടു. രാവണനു നല്ല ഉപദേശം കൊടുത്തു നോക്കി. പക്ഷെ രാവണന്‍ ഉണ്ടോ അതൊക്കെ കേള്‍ക്കുന്നു? ജടായുവിനോട്‌ യുദ്ധത്തിനു ഒരുങ്ങി. രാവണന്റെ നേര്‍ക്ക്‌ നേര്‍ ആ വൃദ്ധനായ ജടായു യുദ്ധം ചെയ്യുന്നു. എങ്ങനെയെങ്കിലും സീതയെ രക്ഷിക്കണം! അവള്‍ തന്റെ മരുകളുടെ സ്ഥാനത്താണ്. ബലം ഒക്കെ ക്ഷയിച്ചു കഴിഞ്ഞു. എന്നിട്ടും വിടാതെ യുദ്ധം തുടര്‍ന്നു. അവസാനം രാവണന്‍ ജടായുവിന്റെ ചിറകു അറിഞ്ഞു വീഴ്ത്തി.  സീത വീണു പോയ ജടായുവിനെ കെട്ടി പിടിച്ചു കൊണ്ടു പൊട്ടിക്കരയുന്നു.  രാവണന്‍ അവളെ ബലാല്‍ക്കാരമായി എടുത്തു കൊണ്ടു പോയി. 
        മാരീചനെ വധിച്ചതിനു ശേഷം രാമനും ലക്ഷ്മണനും കണ്ടു മുട്ടുന്നു. സീതയെ വിട്ടിട്ടു വന്നതിനു ലക്ഷ്മണനെ രാമന്‍ ശകാരിക്കുന്നു. രണ്ടു പേരും തിരികെ പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍  സീതയെ കാണ്‍മാനില്ല. ജടായുവിന്റെ ചിറകിലെ തൂവലുകള്‍ അവിടവിടെ കിടക്കുന്നത് കണ്ടു. രക്ത തുള്ളികളും കിടക്കുന്നത് കണ്ടു ഭയപ്പെട്ടു. അപ്പോള്‍ ഒരു സാധാരണ മനുഷ്യനെ പോലെ രാമന്‍ സീതയെ ജടായു എന്തെങ്കിലും ചെയ്തിരിക്കും എന്നു പറഞ്ഞു. കുറച്ചകലെ നോക്കിയപ്പോള്‍ രാവണന്റെ രഥം മുറിഞ്ഞു കിടക്കുന്നതും അതിന്റെ അടുത്തു ജടായു രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടു. 
        ഓടി ചെന്ന് ജടായുവേ എടുത്തു മടിയില്‍ വെച്ച് തലോടി. ജടായു രാവണന്‍ വന്നു സീതയെ അപഹരിച്ചു കൊണ്ടു പോയത് പറഞ്ഞു. തന്നാല്‍ ആവും വിധം താന്‍ തടുത്തു നോക്കി, പക്ഷെ തോറ്റു പോയി എന്നു ദുഃഖത്തോടെ പറഞ്ഞു. രാമനെ കണ്ടു ഈ വിവരം ധരിപ്പിക്കാനായി മാത്രം താന്‍ ഇത്രയും നേരം പ്രാണനെ ധരിച്ചിരുന്നു എന്നു പറഞ്ഞു കൊണ്ടു അദ്ദേഹം പ്രാണന്‍ വെടിഞ്ഞു.  രാമനും ലക്ഷ്മണനും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിലപിച്ചു. ആ കാട്ടില്‍ അവര്‍ ഇരുവരും അദ്ദേഹത്തിനു ഒരു നല്ല ചിത ഒരുക്കി, അന്ത്യ സംസ്ക്കാരങ്ങള്‍ എല്ലാം വളരെ ശ്രദ്ധയോടെ ചെയ്തു. രാമന്‍ ആ സമയത്തില്‍ താന്‍ മനുഷ്യനാണെന്നുള്ള കാര്യം മറന്നു പോയി. ജടായുവിനു വൈകുണ്ഠം പ്രദാനം ചെയ്തു. തന്റെ അച്ഛന്റെ സഹോദരന്റെ സ്ഥാനത്തു അദ്ദേഹത്തെ കരുതി. അത് കൊണ്ടു വൈഷ്ണവ സമ്പ്രദായത്തില്‍ ജടായുവിനെ പെരിയ തിരുവുടയാര്‍  എന്നു വിളിക്കും. പെണ്‍പിള്ളൈ ജടായുവിന്റെ വിഷയം പറഞ്ഞിട്ട് രാമാനുജരോടു തനിക്കു അതു പോലുള്ള ഗുണം എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. എല്ലാവരും ഭഗവാനെ രക്ഷിക്കു എന്നു വിളിച്ചു കരയുമ്പോള്‍ ഈ ജടായു ഭഗവാനു ഒരു ആപത്തു വന്നപ്പോള്‍ പ്രാണന്‍ വെടിഞ്ഞു രക്ഷിക്കാന്‍ ശ്രമിച്ചില്ലേ. താന്‍ അതു പോലെ ഭഗവാനു വേണ്ടി ഒന്നും ചെയ്തില്ലല്ലോ. അദ്ദേഹം എവിടെ താന്‍ എവിടെ എന്നു ചോദിച്ചു. 
'അരക്കനുടന്‍ പൊരുതെനോ തിരുവുടയാര്‍ പോലെ?' 
അവള്‍ പറയുന്നത് മുഴുവന്‍ വളരെ ശ്രദ്ധയോടെ രാമാനുജര്‍ കേട്ടു കൊണ്ടു നിന്നു. അന്ന് ലക്ഷ്മണനായി നിന്നു, ജടായുവിന്റെ മോക്ഷത്തിനു സാക്ഷി ഭൂതനായതാണ്. ഇന്നിതാ രാമാനുജരായി നിന്നു കൊണ്ടു അതൊക്കെ ഈ പെണ്‍ പിള്ളൈ ഓര്‍മ്മിപ്പിച്ചപ്പോള്‍ കേട്ടു കൊണ്ടിരുന്നു. അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. ആ പെണ്‍ പിള്ളയെ മനസ്സ് കൊണ്ടു അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!