Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Sunday, March 13, 2011

പ്രേമവേദം മാര്‍ച്ച് -11

Posted by VEDHASAARAM


നാരായണീയം 
ഏവം ജതുര്‍ദ്ദശ ജഗന്മയാതാം ഗതസ്യ 
പാതാളമീശ! തവ പാദതലം വദന്തി
പാതോര്‍ദ്ധ്വ ദേശമപി ദേവ! രസാതലം തേ 
ഗുല്‍ഫദ്വയം ഖലു മഹാതലമത്ഭുതാത്മന്‍.
                         (ദശഃ 6 ശ്ലോഃ 1) 
      അല്ലയോ വിശ്വേശ്വരാ! ഇങ്ങനെ പതിനാലു ലോകങ്ങളുടെയും സ്വരൂപം പൂണ്ട അങ്ങയുടെ പാദതലമാണ് പാതാള ലോകമെന്നു അഭിജ്ഞന്മാര്‍ പറയുന്നു. ഹേ പ്രകാശസ്വരൂപ! രസാതല ലോകം പാദത്തിന്റെ മുകള്‍ ഭാഗമായും, മഹാതലം കണങ്കാലുകളുടെ ഭാഗമായും പറയപ്പെടുന്നു. 
                                                    (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

ആനന്ദരഹസ്യം
       രാധേകൃഷ്ണാ! നാമജപം ഒന്ന് കൊണ്ടു മാത്രം ഭഗവാനെ പ്രാപിക്കാന്‍ ആകും എന്നു ഞാന്‍ പറയില്ല. അതിനു ഗുരു കൃപ അത്യാവശ്യമാണ്.  ഗുരുവിനെ സര്‍വഥാശരണം പ്രാപിക്കണം. ഗുരുവിനെ ആശ്രയിച്ചു ഗുരു വാക്യം അക്ഷരം പ്രതി അനുസരിച്ചു നടക്കണം. ഗുരു ഉപദേശിച്ച നാമം ശ്രദ്ധയോടെ ജപിക്കണം. നമ്മുടെ ശ്രദ്ധ എത്രത്തോളമോ അത്രത്തോളം ഫലവും കിട്ടും. ഗുരുവിനു വേണ്ട ശുശ്രൂഷ ചെയ്യണം. ഗുരു പ്രീതിപ്പെടണം. ഗുരു പ്രീതിപ്പെട്ടാല്‍ ഭഗവാനും പ്രീതിപ്പെടും. ഗുരുവിനെ ഒരിക്കലും സംശയിക്കരുത്‌.  ഗുരുവിനെ തിരുത്താനും ശ്രമിക്കരുത്. അതു അഹംഭാവമാണ്. തനിക്കു എല്ലാം അറിയാം എന്ന വിചാരം ഉണ്ടായാല്‍ പിന്നെ ഫലമില്ല. ഗുരു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഓരോ അര്‍ത്ഥം തീര്‍ച്ചയായും ഉണ്ടാവും. അതു അറിയാതെ നാം പ്രവൃത്തിക്കരുത്.  വിനയത്തോടെ വിശ്വാസത്തോടെ ഗുരുവിനെ പിന്‍തുടര്‍ന്നാല്‍ ഭഗവത് ദര്‍ശനം സുലഭം. രാധേകൃഷ്ണാ! 

സദ്ഗുരുവാത്സല്യം
      രാധേകൃഷ്ണാ! സദ്ഗുരുനാഥന്‍ ശിഷ്യരുടെ പാപങ്ങളെ സ്വമേധയാ സ്വീകരിക്കുന്നു. എന്നിട്ട് നാമജപം ചെയ്തു ഭഗവാനോട് നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ലോകത്തില്‍ മറ്റാരും തന്നെ ഇതു ചെയ്യാന്‍ തയ്യാറാവില്ല.  ഒരു അമ്മയുടെ വാത്സല്യത്തെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് സദ്ഗുരുവിന്റെ കാരുണ്യം. നമ്മുടെ പാപങ്ങനെ സ്വീകരിക്കാന്‍ ആരും തന്നെ തയ്യാറാവില്ല. സദ്ഗുരുനാഥന്‍ നമുക്ക് തരുന്നത് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കില്ല. ഒരു വജ്രം പോലെയോ, വൈഡൂര്യം പോലെയോ, സ്വര്‍ണ്ണം പോലെയോ അതു കാണാന്‍ സാധിക്കില്ല. പക്ഷേ അതിനെ ഒക്കെക്കാള്‍ എത്രയോ ഉയര്‍ന്നതാണ് സദ്ഗുരു നമുക്ക് നല്‍കുന്നത്.  ഭക്തി, ഭഗവത് ധ്യാനം, നാമജപം തുടങ്ങിയവ നമുക്ക് നല്‍കുന്നു.  അതു നമ്മുടെ ആത്മാവിനു ഹിതത്തെ ചെയ്യുന്നു. 
      കഴിഞ്ഞ ലക്കത്തില്‍ ശ്രീശങ്കരര്‍ തന്‍റെ ശിഷ്യനായ സദാനന്ദനെ ഉറക്കെ വിളിക്കുന്നത്‌ നാം കണ്ടു. സദ്ഗുരുവിന്റെ വിളി കേട്ട ഉടനെ എല്ലാം മറന്നു അദ്ദേഹത്തിന്‍റെ അരുകില്‍ എത്താനായി, സദാനന്ദന്‍ ഗംഗയുടെ മുകളില്‍ കൂടി ഓടി . ഗംഗാ മാതാ ഇതു കണ്ടു വളരെ ആനന്ദിച്ചു. ഇതു പോലെ ഒരു സത്ശിഷ്യനെ കാണുന്നത് തന്നെ അപൂര്‍വ്വം എന്നു വിചാരിച്ചു.  സത്ഗുരുവില്‍ അതീതമായ വിശ്വാസത്തോടു കൂടി താന്‍ വെള്ളത്തില്‍ മുങ്ങി പോകും എന്നു പോലും ചിന്തിക്കാതെ വെള്ളത്തിന്‌ മീതെ നടന്നു വരികയാണ്. അദ്ദേഹത്തിനു കൈങ്കര്യം ചെയ്യാനുള്ള ഒരു അവസരം ഇനി ലഭിക്കില്ല എന്നു വിചാരിച്ചു കൊണ്ടു അദ്ദേഹം ഓരോ അടി വയ്ക്കുമ്പോഴും ഓരോ താമര കാലിന്റെ അടിയില്‍ വെച്ചു കൊടുത്തു. 
      സദാനന്ദന്‍ ഇതൊന്നും അറിയുന്നില്ലായിരുന്നു. അദ്ദേഹത്തിനു തന്‍റെ സദ്ഗുരു വിളിച്ചു എന്നൊരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ശിഷ്യരെല്ലാവരും ആശ്ചര്യഭരിതരായി നോക്കി നില്‍ക്കെ അദ്ദേഹം ഗംഗയുടെ മീതെ നടന്നു ഇക്കരയ്ക്ക് അടുത്ത്. അദ്ദേഹത്തിന്‍റെ ഓരോ കാലടിയിലും ഓരോ താമര വിരിഞ്ഞു കൊണ്ടേ ഇരുന്നു.  അദ്ദേഹത്തിനു വലിയ ജ്ഞാനം ഒന്നും ഇല്ലായിരുന്നു. യോഗമോ അഷ്ടമാ സിദ്ധികളോ ഒന്നും തന്നെ വശമില്ലായിരുന്നു. ഗുരുവിന്‍റെ കൈങ്കര്യത്തില്‍ ശ്രദ്ധ മാത്രം ഉണ്ടായിരുന്നു. ഗുരു ആ ശ്രദ്ധയില്‍ മയങ്ങി പോയി. അദ്ദേഹത്തിനു 'പത്മപാദര്‍' എന്ന പേരു നല്‍കി. സദാനന്ദര്‍ ഒരു തീവ്രമായ നരസിംഹ ഉപാസകരായിരുന്നു. 
      ഒരു സന്ദര്‍ഭത്തില്‍ ഒരു കാപാലികന്‍  തനിക്കു കുട്ടി ഉണ്ടാകാന്‍ ഒരു നരബലി നേര്‍ന്നിരുന്നു. ശ്രീ ശങ്കരരെ അതിനു അയാള്‍ തിരഞ്ഞെടുത്തു. മഹാനായ ശങ്കരരും തന്‍റെ ശരീരം കൊണ്ടു ഒരാള്‍ക്ക്‌ പ്രയോജനം ഉണ്ടെങ്കില്‍ നല്ലതെന്ന് വിചാരിച്ചു അതിനു സമ്മതിച്ചു. അദ്ദേഹത്തിനു ഈ ശരീരം നശ്വരമല്ലേ എന്ന ചിന്തയായിരുന്നു. അതീവ രഹസ്യമായിരുന്നു എല്ലാ ഏര്‍പ്പാടുകളും. പത്മപാദരുടെ ഉള്ളില്‍ എന്തോ ഒരു തുടിപ്പ് അനുഭവപ്പെട്ടു. തന്‍റെ ഗുരുവിനു എന്തോ അപകടമാണെന്ന്  അറിഞ്ഞു. തന്‍റെ ഗുരുവിനു എന്തെങ്കിലും ഹാനി സംഭവിക്കുന്നത് അദ്ദേഹത്തിനു സമ്മതമല്ലായിരുന്നു. അദ്ദേഹം ഗാഡമായ ധ്യാനത്തില്‍ മൂഴ്‌കി. അദ്ദേഹത്തിന്‍റെ ആരാധനാ മൂര്‍ത്തിയായ നരസിംഹര്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ ആവിര്‍ഭവിച്ചു. അലറി വിളിച്ചു കൊണ്ടു അദ്ദേഹം ആ കാപാലികന്റെ ബലിസ്ഥലത്ത് എത്തി. എന്നിട്ട് ആ കാപാലികനെ കീറി വധിച്ചു. ശങ്കരര്‍ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു നോക്കി. അദ്ദേഹത്തിന്‍റെ ശിഷ്യരെല്ലാം അവിടെ എത്തി അത്ഭുതത്തോടെ നോക്കി നിന്നു. പത്മപാദര്‍ നരസിംഹ രൂപമായി മാറിയിരുന്നു. എല്ലാവരും ഭയം കൊണ്ടു വിറച്ചു.  ശങ്കരര്‍ക്ക് ശിഷ്യന്റെ ഭക്തി കണ്ടു ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹം നരസിംഹ ധ്യാനം ചെയ്തു ശിഷ്യന്റെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചു. പത്മപാദര്‍ നരസിംഹ ആവിര്‍ഭാവത്തില്‍ നിന്നും പുറത്തു വന്നു ഒരു സത്ശിഷ്യനായി നില കൊണ്ടു. 
        ശങ്കരര്‍ അദ്ദേഹത്തോട് അതീവ രഹസ്യമായി ചെയ്ത ഏര്‍പ്പാട് എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചു. അതിനു അദ്ദേഹം തനിക്കു മറ്റൊന്നും അറിയില്ലെന്നും സദാ തന്‍റെ സദ്ഗുരുവിന്റെ ചിന്ത ഉള്ളതു കൊണ്ടു അദ്ദേഹത്തിനു എന്തോ ഹാനി സംഭവിക്കാന്‍ പോകുന്നു വന്നു ഉള്ളില്‍ തോന്നിയെന്നും. താന്‍ നരസിംഹ സ്വാമിയോട് പ്രാര്‍ത്ഥിച്ചു എന്നും പറഞ്ഞു. പിന്നെ നടന്നതൊന്നും അദ്ദേഹത്തിനു അറിയില്ലായിരുന്നു. ഗുരുധ്യാനം അല്ലാതെ അദ്ദേഹത്തിനു മറ്റൊന്നും അറിയില്ലായിരുന്നു. ആ ശ്രദ്ധ അദ്ദേഹത്തിനു അതീതമായ ശക്തി നല്‍കി. അല്ലെങ്കില്‍ നരസിംഹ മൂര്‍ത്തിയുടെ ആവിര്‍ഭാവം താങ്ങാന്‍ സാധിക്കുമോ? സദ്ഗുരുനാഥന്റെ കൃപയാണ് അതു സാധ്യമാക്കിയത്. 
        ഗുരുവില്‍ അചഞ്ചലമായ വിശ്വാസം വേണം. ഒട്ടും സംശയം പാടില്ല. വിശ്വാസം തീര്‍ച്ചയായും അനുഭവം നല്‍കും. സദ്ഗുരു ഒരു കെട്ടിടത്തിന്റെ അസ്ഥിവാരം പോലെയാണ്. സദ്ഗുരുവിനെ വിശ്വസിക്കുക. സദ്‌ഗതി പ്രാപിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
ഭക്തിരഹസ്യം 
      രാധേകൃഷ്ണാ! ഭക്തിയോടെ ഭക്തര്‍ എന്തു കൊടുത്താലും ഭഗവാന്‍ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു നാം കഴിഞ്ഞ കുറെ ലക്കങ്ങളിലെ കഥകളിലൂടെ കണ്ടു വരുന്നു. ഒരു ഇലയോ, പൂവോ, പഴമോ, തീര്‍ത്ഥമോ എന്തായാലും ഭക്തി ഭാവത്തോടെ നല്‍കപ്പെട്ടാല്‍ അതു ഭഗവാന്‍ സ്വീകരിക്കുന്നു. ഇതാ മറ്റൊരു കഥ! 
       ഉഡുപ്പി സര്‍വ ശ്രേഷ്ഠമായ ഒരു ക്ഷേത്രമാണ്. ഭഗവാന്‍ ഒരു കുട്ടിയായി, കൈയ്യില്‍ തയിരു കലക്കുന്ന മത്തും എടുത്തു കൊണ്ടു നില്‍ക്കുന്നു. അരയില്‍ വസ്ത്രം പോലും ഇല്ലാതെ, യശോദ അണിയിച്ചിട്ടുള്ള ആഭരണങ്ങള്‍ എല്ലാം അണിഞ്ഞു കൊണ്ടു കൈയില്‍ കടകോലും പിടിച്ചു കൊണ്ടു വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുന്ന സുന്ദര രൂപം ആരെയും മനം മയക്കുന്നതാണ്.       
     വാഡിരാജര്‍ എന്നൊരു മഹാന്‍ ഉണ്ടായിരുന്നു. സന്യാസിയായ അദ്ദേഹത്തിനു ഉഡുപ്പി കൃഷ്ണനില്‍ അതീതമായ ഭക്തിയും പ്രേമയും ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കാട്ടു വഴിയില്‍ കൂടി പല്ലക്കില്‍ സഞ്ചരിക്കുകയായിരുന്നു. വഴിയില്‍ ഒരിടത്ത് ധാരാളം തുളസി ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്നത് കണ്ടു. അദ്ദേഹത്തിന്‍റെ മനസ്സില്‍ ആനന്ദം അലതല്ലി. തുളസി എവിടെയാണോ അവിടെ ഹരി ഉണ്ടാകും എന്നു മഹാന്മാര്‍ പറയും. വാഡിരാജര്‍ ഉടനെ പല്ലക്കു അവിടെ ഇറക്കാന്‍ പറഞ്ഞു. എന്നിട്ട് ഒരു മരത്തണലില്‍ ഇരുന്നു ധ്യാനിച്ച്‌. മാനസീകമായി അദ്ദേഹം ആ തുളസി ഇലകള്‍ നുള്ളി ഭഗവാനു ഒരു മാല കെട്ടി തുടങ്ങി. 
        തുളസി ചെടി ഭഗവാനു വേണ്ടി മാത്രം മുളയ്ക്കുന്നതാണ്. ചെടിക്ക് നോവാതെ വേണം അതിനെ പറിക്കാന്‍. അദ്ദേഹം മാനസീകമായി ശ്രദ്ധയോടെ തുളസി ഇല പറിക്കുവാന്‍ തുടങ്ങി. ഹൃദയത്തില്‍ ഭക്തി ഉണ്ടാവണം.  സന്യാസി എന്നാല്‍ വരണ്ട ഹൃദയം ഉള്ള ആള്‍ ആകണം എന്നില്ല. ഹൃദയത്തില്‍ ഭക്തി വേണം. ഭക്തിയുടെ വിവിധ ഭാവങ്ങളില്‍ ഭഗവാനെ അനുഭവിക്കണം. അപ്പോള്‍ വാത്സല്യവും, സഖ്യവും, പ്രേമയും, ദാസ്യവും ഒക്കെ ആകാം. ഹൃദയം പരിശുദ്ധമായിരിക്കണം. ചെയ്യുന്ന കര്‍മ്മങ്ങള്‍ എല്ലാം ഭഗവാനു അര്‍പ്പിക്കണം.
         മഹാ ഭക്തനായ ആ സന്യാസി മാനസീകമായി അവിടെ നില്‍ക്കുന്ന തുളസി ഇല പറിച്ചു ശ്രദ്ധയോടെ വളരെ മൃദുവായ ഒരു മാല ഉണ്ടാക്കി. എന്നിട്ട് മാനസീകമായി ഉഡുപ്പി കൃഷ്ണനു അതു ചാര്‍ത്തി. മാല ഭഗവാന്‍റെ കഴുത്തില്‍ കൂടി ഇടത്തെ തോളിലേയ്ക്ക് ഇറങ്ങി. വലത്തേ തോളില്‍ ഇറങ്ങാതെ എവിടെയോ തട്ടി നിന്നു. അദ്ദേഹം വീണ്ടും മാല ഉയര്‍ത്തി ഇട്ടു നോക്കി. അപ്പോഴും വലത്തേ തോളില്‍ ശരിക്ക് ഇറങ്ങുന്നില്ല. ഇരു വശവും കൃത്യമായി ഇറങ്ങി കിടന്നാലല്ലേ ഭംഗിയുള്ളൂ! 
      അദ്ദേഹത്തിന്‍റെ ധ്യാനം ഉലഞ്ഞു. അദ്ദേഹം കണ്ണ് തുറന്നു നോക്കി. അദ്ദേഹത്തിന്‍റെ കൂടെ കുറച്ചു പണ്ഡിതന്മാരും വന്നിരുന്നു. അദ്ദേഹം അവരെ വിളിച്ചു തന്‍റെ മാനസ പൂജയില്‍ താന്‍ ഭഗവാനു ഒരു തുളസി മാല ചാര്‍ത്തിയ വിവരം പറഞ്ഞു. എന്തു കൊണ്ടോ ആ മാല  ഭഗവാന്‍റെ കഴുത്തില്‍ ശരിയായി വീണില്ല എന്നും അതിന്‍റെ കാരണം എന്തായിരിക്കാം എന്നും അവരോടു ചോദിച്ചു. 
        ബ്രാഹ്മണര്‍ക്ക് കുല ഗര്‍വം, വിദ്യാ ഗര്‍വം ഉണ്ടായിരുന്നതു കൊണ്ടു അദ്ദേഹത്തിന്‍റെ മാനസ പൂജ ശരിയായില്ല എന്നു പറഞ്ഞു.  വാഡിരാജര്‍ക്ക് ആ ഉത്തരം സ്വീകാര്യമായി തോന്നിയില്ല. കാരണം അദ്ദേഹം അത്രത്തോളം ശ്രദ്ധയോടെയാണ് എല്ലാം ചെയ്തത്.  മാല എന്തുകൊണ്ട് ഭഗവാന്‍റെ കഴുത്തില്‍ ശരിയായി ഇറങ്ങുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനു അറിയേണ്ടത്. പക്ഷേ അവര്‍ക്കു അതിനു ഒരു ഉത്തരവും പറയാനില്ല. മറിച്ചു അദ്ദേഹത്തില്‍ കുറ്റം ആരോപിക്കുകയാണ് അവര്‍ ചെയ്തത്. 
      കുറച്ചു അകലെ നിന്നും ഒരാള്‍ കൈ കൂപ്പി നില്‍ക്കുന്നത് വാഡിരാജര്‍ പെട്ടെന്ന് ശ്രദ്ധിച്ചു. അയാള്‍ തന്നോടു എന്തോ പറയാന്‍ വെമ്പുകയാനെന്നു അദ്ദേഹത്തിനു മനസ്സിലായി. വാഡിരാജര്‍ അയാളെ അടുത്തു വിളിച്ചു എന്താണു കാര്യം എന്നു തിരക്കി. ഉടനെ അയാള്‍ 'അങ്ങ് ഭഗവാന്‍റെ കഴുത്തില്‍ ഒരു മാല ഇട്ടില്ലേ അതു ശരിയായി വീണില്ല എന്നു പറയാനാണ് ഞാന്‍ വന്നത്' എന്നു പറഞ്ഞു.  അദ്ദേഹം വളരെ ആശ്ച്ചര്യത്തോടു കൂടി
ഞാന്‍ ഭഗവാനു മാനസീകമായി തുളസി മാല ചാര്‍ത്തിയത് നീ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചു.  ഉടനെ അയാള്‍ 'അങ്ങ് തുളസി മാല ചാര്‍ത്തുന്ന അതേ അവസരത്തില്‍ ഞാനും ഭഗവാനു ഒരു മാല കെട്ടി ചാര്‍ത്തി. അപ്പോള്‍ എന്‍റെ മാല ഭഗവാന്‍റെ കഴുത്തില്‍ പൂര്‍ണ്ണമായും ഇറങ്ങി, അങ്ങയുടെ ഒരു വശത്ത് തട്ടി നിന്നത് ഞാന്‍ കണ്ടു' എന്നു പറഞ്ഞു.
      ഇതു കേട്ട വാഡിരാജര്‍ക്ക് ആനന്ദ ബാഷ്പം പൊടിഞ്ഞു. താന്‍ മാനസീകമായി ഇവിടെ ഇരുന്നു ഭഗവാനു മാല കെട്ടി ചാര്‍ത്തിയത് ഒരു അബ്രഹ്മണനായ ഇയാള്‍ മനസ്സിലാക്കിയിരിക്കുന്നു. ഇങ്ങനെയും ഒരു ഭക്തനോ? അദ്ദേഹം അയാളോട്  'ശരി എന്‍റെ മാല എന്തു കൊണ്ടു ഭഗവാന്‍റെ കഴുത്തില്‍ ശരിക്കു വീണില്ല?' എന്നു ചോദിച്ചു. ഉടനെ ആ ഭക്തന്‍ 'അങ്ങ് ചാര്‍ത്തിയ മാല ഒരു വശത്ത് മത്തില്‍ കുടുങ്ങിയിരിക്കുകയാണ്. അതു കൊണ്ടാണ് താഴേക്കു ഇറങ്ങാത്തത്' എന്നു പറഞ്ഞു. അദ്ദേഹം ഉടനെ കണ്ണടച്ചു വീണ്ടും ധ്യാനിച്ച്‌ നോക്കി. അയാള്‍ പറഞ്ഞത് ശരിയാണ്! തന്‍റെ മാല മത്തില്‍ കുടുങ്ങിയിരിക്കുകയാണ് എന്നു മനസ്സിലാക്കി. പതുക്കെ കൈ കൊണ്ടു മാല മത്തില്‍ നിന്നും വിടുവിച്ചു. എന്നിട്ട് അതു ശരിക്കും കൃഷ്ണന്‍റെ കഴുത്തില്‍ ഇറക്കി ഇട്ടു. ഇപ്പോള്‍ മാല ഭംഗിയായി കഴുത്തില്‍ വീണു. 
        വാഡിരാജര്‍ ഉടനെ ഓടി വന്നു ആ ഭക്തനെ കെട്ടി പുണര്‍ന്നു. മധ്വ സമ്പ്രദായത്തില്‍ ആചാരവും അനുഷ്ഠാനവും വളരെയാണ്. സാധാരണ അവര്‍ അബ്രാഹ്മണരെ സ്പര്‍ശിക്കുക പതിവില്ല. എന്നിരിക്കെ അദ്ദേഹം ആ ഭക്തനെ സര്‍വവും മറന്നു കെട്ടി പിടിച്ചു. 'ഹേ ഭക്താ! നീ തന്നെയാണ് ഉത്തമനായ വൈഷ്ണവന്‍' എന്നരുളി ചെയ്തു.  അബ്രാഹ്മണനായ ആ ഭക്തനാണ് കനകദാസര്‍! തന്‍റെ ഉത്തമമായ ഭക്തി കൊണ്ടു ഉഡുപ്പി കൃഷ്ണനെ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചവനാണ് കനകദാസര്‍. താഴ്ന്ന കുലത്തില്‍ ജനിച്ചതു കൊണ്ടു ക്ഷേത്രത്തിന്റെ അകത്തു പ്രവേശിക്കാന്‍ അദ്ദേഹത്തിനു അധികാരമില്ലയിരുന്നു. ക്ഷേത്രത്തിന്റെ പിന്‍ വശത്ത് വന്നു നിന്നു കൊണ്ടു ഭഗവാനെ മനമുരുകി വിളിക്കുമായിരുന്നു. ഒരു ദിവസം ഭഗവാന്‍ ആ ഭക്തന്‍റെ താപം സഹിക്ക വയ്യാതെ നേരെ ഇടതു വശത്തേയ്ക്ക് തിരിഞ്ഞു, കൈയിലുള്ള മത്തു കൊണ്ടു ചുവരില്‍ ഒന്‍പതു ദ്വാരം ഉണ്ടാക്കി കനകദാസര്‍ക്ക്‌ ദര്‍ശനം നല്‍കി. 
          ശുദ്ധ ഹൃദയനായ ഭക്തര്‍ ആദരവോടെ നല്‍കിയ തുളസി ഇല ഭഗവാന്‍ പൂര്‍ണ്ണ സന്തോഷത്തോടെ സ്വീകരിച്ചു. 
'പത്രം പുഷ്പം, ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി 
തദാഹം ഭക്ത്യുപഹൃദം ആശ്നാദി പ്രയതാത്മനഃ'
മനസ്സ് ശുദ്ധമാക്കി വെക്കുക. കാപട്യം ഒന്നും ഇല്ലാതെ ഒരു വസ്തു എത്ര ചെറിയതായാലും  അതു ഭഗവാനു അര്‍പ്പിക്കുക. ഭഗവാന്‍ അതു സ്വീകരിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 46
       രാധേകൃഷ്ണാ!  പെണ്‍പിള്ളൈ ലക്ഷ്മണ വിഷയം പറയുന്നത് കേട്ടു രാമാനുജര്‍ മയങ്ങി നിന്നപ്പോള്‍ അവള്‍ തന്‍റെ അടുത്ത വാക്യം പറഞ്ഞു. ലക്ഷ്മണനെ കുറിച്ചു പറയുമ്പോള്‍ ഭരതനെ പറ്റി പറയണ്ടെ.  രാമായണത്തില്‍ ലക്ഷ്മനാണോ ഭാരതാണോ ആരാണ് ഉത്തമന്‍ എന്നത് പലര്‍ക്കും ചര്‍ച്ചാ വിഷയമാണ്. ലക്ഷ്മണന്‍ വനത്തില്‍ കൂടെ പോയി കൈങ്കര്യം ചെയ്യുമ്പോള്‍ ഭരതന്‍ ഇരുന്ന ഇടതു തന്നെ രാമന്‍ പറഞ്ഞത് അനുസരിച്ചു. ഉടനെ നമുക്ക് ഓര്‍മ്മ വരുന്നത് പാദുകയ്ക്കു പട്ടാഭിഷേകം ചെയ്തതും, രാമന്‍റെ ഇഷ്ടപ്രകാരം രാജ്യ പരിപാലനം ചെയ്തതും ആയിരിക്കും. എന്നാല്‍ പെണ്‍പിള്ളൈ അങ്ങനെ ചിന്തിച്ചില്ല. അവളുടെ വാക്യം നോക്കു:-
വൈത്തവിടത്തില്‍ ഇരുന്തെണോ ഭരതനൈപ്പോലെ?
ആതാണ് ഭംഗി. ഭഗവാന്‍ നമുക്കായിട്ടു ഒരു ഇടം തന്നിട്ടുണ്ട്. ആ ഇടത്തില്‍ നാം അതു പോലെ ഇരുന്നാല്‍ മാത്രം മതി. ഭരതന്‍ അങ്ങനെ ഇരുന്നു. സ്വന്തമായി ഒന്നും ആഗ്രഹിച്ചതും ചിന്തിച്ചതുമില്ല - പൂച്ചക്കുട്ടിയെ പോലെ. പൂച്ചക്കുട്ടി ഇന്ന ഇടത്ത്  ഇരിക്കും എന്നു സ്വയം നിശ്ചയിക്കുന്നില്ല.തള്ള പൂച്ച വയ്ക്കുന്ന ഇടത്ത് അതു ഇരിക്കും. കിടക്കയിലോ, കുപ്പതൊട്ടിയിലോ, വീട്ടിനു വെളിയിലോ എവിടെ വെച്ചാലും അതു അവിടെ സമാധാനമായിട്ട് ഇരിക്കും. അമ്മ അതിനെ അവിടെ ഇരുത്തി എന്നതില്‍ കൂടുതല്‍ അതിനു ചിന്തയില്ല.
         പൊതുവേ നമുക്ക് നമ്മുടെ സ്ഥിതിയെ കുറിച്ചു വലിയ ഒരു മതിപ്പൊന്നും ഇല്ല.  അയ്യോ! എനിക്കു ഇങ്ങനെ വന്നുവല്ലോ, ഞാന്‍ അവരെ പോലെ ആയാല്‍ മതിയായിരുന്നു എന്നിങ്ങനെ എപ്പോഴും പരാതിപ്പെടാറുണ്ടു. ഭഗവാന്‍റെ മുന്നില്‍ അതിനെ ചൊല്ലി കരച്ചിലും ആവലാതിയും പതിവാണ്. ഭഗവാന്‍ നമുക്ക് ഒരു കുറവും വെച്ചിട്ടില്ല എന്നു ഒരിക്കലും ചിന്തിക്കാറില്ല. എന്നാല്‍ ഭരതന്‍ ഒരിക്കലും അങ്ങനെ ചിന്തിച്ചില്ല. ലക്ഷ്മണനെ കൂടെ കൂട്ടിയ ഭഗവാന്‍ തന്നെ കൂട്ടിയില്ലല്ലോ എന്നു ചിന്തിച്ചിട്ടേയില്ല. 
      ഭാരത്തെ ഏല്‍പ്പിക്കുന്നതിനു വൈഷ്ണവ സമ്പ്രദായത്തില്‍ ഭരന്യാസം  എന്നു പറയും. എല്ലാവരും അവരവരുടെ ഭാരം ഭഗവാനെ ഏല്‍പ്പിക്കും. എന്നാല്‍ ഭഗവാന്‍ തന്‍റെ രാജ്യമെന്ന ഭാരത്തെ ഭരതനെ ഏല്‍പ്പിച്ചു. ഭരതന്‍ യാതൊരു എതിര്‍പ്പും ഇല്ലാതെ അതു സ്വീകരിച്ചു.  എല്ലാവരും പറയുന്ന അപവാദങ്ങള്‍ കേട്ടു ആരും ജീവിച്ചിരിക്കില്ല. അല്ലെങ്കില്‍ ആ ഭയത്തിലോ ദുഃഖത്തിലോ ശരീരം രോഗഗ്രസ്തമായി ക്ഷീണിക്കും. ഭരതന്‍ പോലും അറിയാതെ കൈകേയി രാജ്യം തട്ടിപ്പറിച്ചു വാങ്ങി. രാമനും വനവാസത്തിനു പോയി. പക്ഷേ അതിന്‍റെ പാപം മുഴുവനും ചുമക്കേണ്ടി വന്നത്  പാവം ഭരതനാണ്. ആരും ഭരതനെ കുറിച്ചു നല്ലത് പറഞ്ഞില്ല. ആദ്യം കൌസല്യ മാതാവ് തന്നെ ഭരതനെ സംശയിക്കുന്നു. വളരെ ഏറെ പ്രയത്നം ചെയ്തിട്ടാണ് അവരുടെ തെറ്റിധാരണ മാറ്റി എടുത്തത്. അതു കഴിഞ്ഞപ്പോള്‍ സുമിത്രാ മാതാവിന്‍റെ ഊഴമായി. ഒരു വിധം അവരെയും വിശ്വസിപ്പിച്ചു കഴിയുമ്പോള്‍ വരിയായി സുമന്ത്രര്‍, വസിഷ്ടര്‍ എല്ലാവരും ഭരതനെ ദൂഷിക്കുന്നു. അയോധ്യാ ജനങ്ങള്‍ എല്ലാവരും ഭരതനെ കാണുമ്പോള്‍ മുഖത്തിന്‌ നേരെ കതകു വലിച്ചടയ്ക്കുന്നു. 
        കൈകേയി മാതാവിന്‍റെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. മറ്റുള്ളവര്‍ മാത്രമല്ല സ്വന്തം മകന്‍ പോലും അവരെ ദൂഷിക്കുന്ന സ്ഥിതിയാണ്. പക്ഷേ കൈകേയി മകന്‍ കോപിക്കുമ്പോള്‍ ഉള്ളാലെ സന്തോഷിച്ചു. തന്‍റെ മകന്‍ ഉയര്‍ന്ന ഭക്തന്‍ തന്നെയാണ്. അവനു രാജ്യത്തില്‍ ആഗ്രഹമില്ല എന്നു മനസ്സിലാക്കി. ഭരതന്‍ രാജ്യം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. താന്‍ കാട്ടില്‍ പോയ്ക്കൊള്ളാം എന്നും രാമന്‍ രാജ്യം ഭരിക്കട്ടെ എന്നും തറപ്പിച്ചു പറയുന്നു.
       അതേ സമയം ദശരഥന്റെ മരണ വിവരം രാമനെ അറിയിക്കേണ്ടതുമാണ്.  ദശരഥന്റെ സംസ്ക്കാര കര്‍മ്മങ്ങള്‍ ഒക്കെ ഭരതന്‍ ചെയ്യുന്നു. രാമനെ തിരികെ വിളിക്കാന്‍ എല്ലാവരെയും വിളിച്ചുകൊണ്ടു ഭരതന്‍ കാട്ടിലേയ്ക്ക് പോകുന്നു. അതു കഴിഞ്ഞു എല്ലാവരും കൂടി രാമനെ കാണാന്‍ കാട്ടിലേയ്ക്ക് പോകുന്നു. 
         ഭരതന്റെ വരവ് ഗുഹന്‍ അറിഞ്ഞു. സൈന്യ സമേതം വരുന്നത് രാമനെ ഉപദ്രവിക്കാനാകും എന്നു അയാളും തെറ്റി ധരിച്ചു ഭരതനെ നേരിടാന്‍ ഒരുങ്ങി നിന്നു. ഒരു ഒടക്കാരനോടും തന്‍റെ ഹൃദയ ശുദ്ധി നിരൂപിക്കേണ്ടി വന്നു ഭരതനു. ഭരതന്റെ വിനയം ഗുഹനെ അത്ഭുതപ്പെടുത്തി. താന്‍ അദ്ദേഹത്തെ തെറ്റിധരിച്ചതില്‍ ഖേദവും തോന്നി.  ഗുഹന്‍ എല്ലാവരെയും അക്കരെ കടത്തി വിട്ടു. ഭരദ്വാജ ആശ്രമത്തില്‍ എത്തിയ ഭരതനോട് മുനിയും ആദ്യം മുഷിവു കാണിക്കുന്നു.  അവിടെയും തന്‍റെ രാ‍മ ഭക്തി നിരൂപിക്കേണ്ടി വന്നു ഭരതനു. 
         രാമനെ അന്വേഷിച്ചു ഒടുവില്‍ അവരെ കണ്ടെത്തി, പൊട്ടിക്കരഞ്ഞു കൊണ്ടു രാ‍മപാദങ്ങളില്‍ വീണു. തനിക്കു നേരിടേണ്ടി വന്ന അപവാദങ്ങളെ കാട്ടിലും രാമന്‍ വനത്തില്‍ ഇരിക്കുന്നതായിരുന്നു ഭരതനു ദുഃഖം. അച്ഛന്റെ സത്യം പാലിക്കാന്‍ താന്‍ വനത്തില്‍ പോകാം എന്നും രാമന്‍ തിരികെ രാജ്യത്തില്‍  എത്തണം എന്നും കേണപേക്ഷിക്കുന്നു. പക്ഷേ രാമന്‍ അതിനു സമ്മതിക്കാതെ ഭരതനെ തന്‍റെ രാജ്യ ഭാരം ഏല്‍പ്പിക്കുകയാണ്. 
        ഭഗവാന്‍റെ പാദുക യാചിച്ചു വാങ്ങി തിരികെ നന്തിഗ്രാമത്തില്‍ എത്തി പാദുകയ്ക്കു പട്ടാഭിഷേകം ചെയ്തു, അവയുടെ പ്രതിനിധിയായി രാജ്യം ഭാരം ഏറ്റെടുത്തു. ലോകം മുഴുവനും തന്നെ കുറ്റം പറഞ്ഞപ്പോഴും മനസ്സ് തളരാതെ രാമന്‍ ഏല്‍പ്പിച്ച കര്‍മ്മ കൃത്യമായി തന്നെ ചെയ്തു വന്നു ഭരതന്‍.  സകലരും തന്നെ വെറുത്തപ്പോഴും തന്‍റെ കടമ വിട്ടു ഓടി മറയാന്‍ ഭരതന്‍ തയ്യാറായില്ല.  അതേ സ്ഥലത്ത് ഇരുന്നു കൊണ്ടു തന്നെ 14
കൊല്ലം രാമനു വേണ്ടി കാത്തിരുന്നു.  രാമന്‍ പറഞ്ഞ സമയത്തില്‍ എത്തിയില്ലെങ്കില്‍ ദേഹത്യാഗം ചെയ്യാന്‍ വരെ ഒരുങ്ങിയിരുന്നു ഭരതന്‍.
       പെണ്‍പിള്ളൈക്കു ഭരതന്റെ ശരണാഗതി ഭാവം വളരെ ആശ്ചര്യമായി തോന്നി. ഭഗവാന്‍ നിര്‍ദ്ദേശിച്ച അതേ സ്ഥിതിയില്‍ ക്ഷമയോടെ ഇരുന്നു. നാം അതു പോലെ ഒന്നും ഇല്ലല്ലോ. നമുക്ക് എന്തെങ്കിലും ഒരു പ്രശ്നം വന്നു കഴിഞ്ഞാല്‍ ഭഗവാന്‍ എന്തിനു നമ്മേ ഇത്ര കഷ്ടപ്പെടുത്തുന്നു എന്നു ചോദിക്കും.  ഒരു ദിവസം അമ്പലത്തില്‍ പോകാന്‍ പറ്റാതെ ഒരു തടസ്സം വന്നാലോ, അല്ലെങ്കില്‍ നട അടച്ചു പോയാലോ ഉടനെ ഭഗവാനു നമ്മോടു പ്രീതിയില്ല എന്നൊക്കെ നാം പറയാറില്ലേ? ഭരതനെ നോക്കു! അതു പോലെ ഒരു ഭാവം നമുക്കും വരണ്ടെ? ഭഗവാന്‍ എന്തു ചെയ്താലും അതു പ്രസാദമായി സ്വീകരിക്കാന്‍ നാം ഭരതനില്‍ നിന്നും പഠിക്കണം.  പെണ്‍പിള്ളൈ തനിക്കു അതു പോലെ ഒരു ഭാവം ഇല്ലല്ലോ എന്നു തപിക്കുന്നു. അതുകൊണ്ടല്ലേ ഒരു ദാരിദ്ര്യം വന്നപ്പോള്‍ താന്‍ വൈത്തമാ നിധിപ്പെരുമാളെ ഉപേക്ഷിച്ചു ഈ സ്ഥലം വിടുവാന്‍ ഒരുങ്ങുന്നത്. തനിക്കു ഇവിടെ ജീവിക്കാനുള്ള അര്‍ഹത ഉണ്ടോ എന്നു രാമാനുജരോടു ചോദിക്കുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!