Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, March 13, 2013

പ്രേമവേദം - മാർച്ച്‌ 13

Posted by VEDHASAARAM


     ശ്രീമാന്നാരായണീയം
ദിനാവസാനേഥ സരോജയോനിഃ
സുഷുപ്തി കാമസ്ത്വയി സന്നിലില്യേ
ജഗന്തി ച ത്വജ്ജഠരം സമീയു
സ്തദേദം ഏകാർണ്ണവമാസ വിശ്വം.
                                                        (ദശഃ8 ശ്ലോഃ5)
     അനന്തരം ആദ്യ യുഗാവസാനത്തിൽ ഉറങ്ങാനാഗ്രഹിച്ച ബ്രഹ്മദേവൻ അങ്ങയിൽ വില്യം പ്രാപിച്ചു. ജഗത്തുക്കളും അങ്ങയുടെ ഉള്ളിൽ ലയിച്ചു.അപ്പോൾ ഈ ഭൂമി ജലമാത്രമായി തീർന്നു.
                                      (പണ്ഡിറ്റ്‌ ഗോപലൻ നായർ)
    സദ്ഗുരുവാത്സല്യം
       ശിഷ്യലക്ഷണങ്ങൾ
 രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ദേശികർ പറയുന്ന ശിഷ്യ ലക്ഷണം എന്തൊക്കെയെന്നു കണ്ടു വന്നു. ലക്ഷണങ്ങൾ തുടരുന്നു. ശിഷ്യൻ ഗുരുവിനോടു സത്യസന്ധനായിരിക്കണം.ക്ഷത്രബന്ധു നദിയിൽ വീണുപോയ ഒരു ഋഷിയെ രക്ഷിച്ചു. അദ്ദേഹം നീ നല്ലവനാണെന്നു തോന്നുന്നു എന്നു പറഞ്ഞപ്പോൾ ഒളിക്കാതെ താൻ ഒരു ദുഷ്ടനാണെന്നു സമ്മതിക്കുന്നു. അതു  കൊണ്ടു അയാൾക്കു ദോഷം ഒന്നും ഉണ്ടായില്ല എന്നു  മാത്രമല്ല, അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടു നല്ല ഗതിയെ പ്രാപിക്കുകയും ചെയ്തു. അതു  കൊണ്ടു സദ്ബുദ്ധിയോടെ ഇരിക്കണം, സത്യ സന്ധനായിരിക്കണം എന്നു  ശിഷ്യ ലക്ഷണത്തിൽ പറയുന്നു.
          ഗുരു നമ്മെ ശ്ലാഘിക്കണം  എന്നു  കരുതി നമുക്കു  ഇല്ലാത്ത ഗുണങ്ങളെ അഭിനയിക്കരുതു. നമ്മുടെ സ്ഥിതിയെ ഉള്ളതു പോലെ കാട്ടി കൊടുക്കുക. അതിനനുസരിച്ചു  ചെയ്യും.രത്നാകരൻ എന്ന വേടൻ നാരദരുടെ മുന്നിൽ ഒരു അഭിനയവും ഇല്ലാതെ സ്വയം വെളിപ്പെടുത്തി. അതു കൊണ്ടു അദ്ദേഹം വാല്മീകി എന്നാ ആദി കവിയായി ഉയർന്നു. പരശുരാമൻ തന്റെ അഛന്റെ വാക്കു അനുസരിച്ച് അമ്മയെയും സഹോദരങ്ങളെയും വെട്ടി. പക്ഷെ അത് കഴിഞ്ഞു തനിക്കു അവർ തിരികെ വരണം എന്നു ആഗ്രഹം ഉണ്ടെന്നു അദ്ദേഹത്തോടു തുറന്നു പറഞ്ഞു. ജമദഗ്നി അനുഗ്രഹിച്ചു. പിള്ളൈ ഉറങ്കാവില്ലി ദാസർ രാമാനുജരോടു താൻ തന്റെ ഭാര്യയുടെ കണ്ണിന്റെ അഴകിൽ മയങ്ങി ഇരിക്കുകയാണെന്നു സമ്മതിച്ചു. രാമാനുജർ അദ്ദേഹത്തെ ഉടൻ തന്നെ വിളിച്ചു കൊണ്ടു പോയി രംഗരാജന്റെ കണ്ണുകളുടെ സൌന്ദര്യം കാണിച്ചു കൊടുത്തു. ഗുരു നാഥനോട് നമ്മുടെ സ്ഥിതിയെ ഉള്ളതു പോലെ കാണിച്ചു കൊടുക്കുക. അതു കൊണ്ടു നല്ലതേ വരൂ.
       അടുത്തതു ശാന്തത! ശാന്തത എന്നു  വെച്ചാൽ ഇന്ദ്രിയങ്ങളെ അടക്കുക എന്നർത്ഥം. ഇന്ദ്രിയങ്ങളെ അലഞ്ഞു നടക്കാൻ അനുവദിക്കാതെ സംയമനം ചെയ്യണം. ശ്രമിച്ചാൽ എല്ലാവർക്കും ചെയ്യാവുന്നതാണ്. നിരന്തര അഭ്യാസം വേണം. അതിനു വേണ്ടി പോരാടാൻ തയാറാകണം. ശ്രമിക്കാതെ വെറുതെ 'എനിക്കു പറ്റില്ല പറ്റില്ല എന്നു പറഞ്ഞാൽ  ശരിയാവില്ല. പുലർച്ചെ  ഉണരാൻ എനിക്കു പറ്റില്ല, എനിക്കു ടിവി കാണാതെ കാണാതെ ഇരിക്കാൻ പറ്റില്ല, എനിക്കു നാവു അടക്കാൻ പറ്റില്ല എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്. അങ്ങനെ ഇന്ദ്രിയങ്ങൾക്കു അടിമപ്പെടണമോ? നാം ഒന്നു  ആലോചിച്ചു നോക്കണം. നിന്നെ സഹായിക്കാൻ എനിക്ക് പറ്റില്ല എന്നു സുഹൃത്തു പറഞ്ഞാലോ, എനിക്കു  ഭക്ഷണം ഉണ്ടാക്കാൻ പറ്റില്ല എന്നു  അമ്മ പറഞ്ഞാലോ, എനിക്കു ചെലവിനു പണം തരാൻ പറ്റില്ല എന്നു  അച്ഛൻ പറഞ്ഞാലോ നമ്മൾ സമ്മതിക്കുമോ? അത് പോലെ നമ്മുടെ കാര്യത്തിൽ നാം തന്നെ മുൻകൈ  എടുത്തു ശ്രമിക്കണം.
         ഇന്ദ്രിയ നിഗ്രഹം എന്നതു ആത്മീയ പാതയിൽ വളരെ മുഖ്യമായ ഒന്നാണു. ഇന്ദ്രിയങ്ങളെ അടക്കാൻ സ്വയം തന്നെ സാധിക്കണം. ജയിക്കണം! വെറും അഞ്ചു വയസ്സ് മാത്രമുള്ള ധ്രുവനു ഇന്ദ്രിയ നിഗ്രഹം സാധിച്ചു എങ്കിൽ നമുക്കു  എന്തു കൊണ്ടു ആവില്ല? അതിനു ആ ശാന്തത ആവശ്യമാണു്. എനിക്കു  വേണ്ടാത്തത് ഞാൻ ചെയ്യില്ല എന്നു  തീരുമാനിക്കണം. ഇന്ദ്രിയങ്ങളുടെ പുറകെ പോകുമ്പോൾ മനസ്സ് ചഞ്ചലമാകുന്നു  അതല്ലാതെ മനസ്സ് ശാന്തമാകണം. പറ്റില്ല എന്നു പറയാതെ എങ്ങനെയെങ്കിലും സാധിക്കണം എന്ന ദ്രുഡം വേണം.
ഇത്രയും കാര്യങ്ങൾ ക്ഷമയോടെ ചിന്തിച്ചു ചിന്തിച്ചു മാറുവാൻ ശ്രമിക്കുക. എത്രയോ ജന്മം നാം പാഴാക്കി കളഞ്ഞു. ഇനിയെങ്കിലും രക്ഷപ്പെടണ്ടേ? ഇത്രയും നന്നായി ഹൃദയത്തിൽ ഏറ്റുക. ബാക്കി ലക്ഷണങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

       
     
    ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ രൈദാസർ രാജനോട്‌ 1000 ജോടി പാദരക്ഷകൾ തരാം എന്നേറ്റിട്ടു എല്ലാം മറന്നു ഭക്തന്മാരുടെ കൂടെ സമയം ചെലവഴിച്ചു എന്നു  നാം കണ്ടു. ഈ അവസാന അവസാന നിമിഷത്തിൽ എല്ലാം അദ്ദേഹം പാണ്ഡുരംഗനിൽ അർപ്പിച്ചു കർമ്മ  നിരതനായി. എത്രത്തോളം ശ്രമിച്ചാലും ഒരൊറ്റ ദിവസം കൊണ്ടു 1000 എണ്ണം ചെയ്യാൻ പറ്റില്ല. പക്ഷെ അദ്ദേഹം അതൊന്നും ആലോചിക്കാതെ ഭജന പാടിക്കൊണ്ടു ജോലി ചെയ്തു. ഭജനയിൽ മനസ്സ് ലയിക്കുന്നതു കൊണ്ടു ജോലിയിൽ വേഗത കുറഞ്ഞു.
       എവിടെ നിന്നോ ഒരു ചെറുപ്പക്കാരൻ ചെരുപ്പു  തയ്ക്കുന്ന സൂചിയുമായി അവിടെ വന്നു. 'ഞാൻ ചെരുപ്പ് തയ്ക്കുന്നവനാണു. നാട്ടിൽ  നിന്നും വിട്ടു പോന്നു. എനിക്കു ജോലിയൊന്നും കിട്ടിയില്ല. എല്ലാരും പറഞ്ഞു അങ്ങയ്ക്കു 1000 ജോഡി ചെരുപ്പു തയ്യാരാക്കാനുണ്ടു എന്നു. ഞാൻ സഹായിക്കാം എന്തെങ്കിലും തന്നാൽ മതി' എന്നു ചോദിച്ചു. രൈദാസർക്കു  കണ്ണുകളിൽ ആനന്ദ ബാഷ്പം വന്നു. 'ഹേ പാണ്ഡുരംഗാ! എനിക്കു സഹായിക്കാൻ ഒരാളെ  അയച്ചുവല്ലോ. എന്നു പറഞ്ഞു. ആ ചെരുപ്പക്കാരനോട്‌ ശരി വരൂ രണ്ടു പേരും ചെയ്തു കൂടി  തീർക്കാം  എന്നു പറഞ്ഞു. ഉടനെ അയാൾ  അങ്ങു വിഷമിക്കണ്ടാ. എനിക്കു വേഗത്തിൽ ചെയ്യാനുള്ള കഴിവ് ഉണ്ട്. അങ്ങു ഇവിടെ ഇരുന്നു കൊണ്ടു ഭജന പാടു. ഞാൻ സുഖമായി കേട്ടു കൊണ്ടു ചെയ്യാം എന്നു പറഞ്ഞു.
      രൈദാസർക്കു വളരെ സന്തോഷമായി. അദ്ദേഹം കണ്ണടച്ചു കൊണ്ടു ആസ്വദിച്ചു ഭജന പാടിക്കൊണ്ടിരുന്നു. വെളുക്കും വരെ പാടിയിട്ടും അദ്ദേഹത്തിനു തളർച്ചയില്ല. കണ്ണ് തുറന്നപ്പോൾ അയാളോടു എന്താ രാജനോട്‌ കുറച്ചു സമയം കൂടെ ചോദിക്കട്ടെ എന്നു ചോദിച്ചു. ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ടു 'അതിന്റ ആവശ്യം ഇല്ല. എല്ലാം തീർന്നു എന്നു പറഞ്ഞു. അദ്ദേഹത്തിനു  അത്ഭുതമായി. 'എന്തു ഒറ്റയ്ക്കു ഇത്രയും തീർത്തോ?' 'അതു  അങ്ങയുടെ ഭജനയുടെ വിശേഷമാണ്. അതു കേട്ടു കേട്ടു ഞാൻ തയ്ക്കുന്നതു  പോലും അറിഞ്ഞില്ല എന്നു പറഞ്ഞു.ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണു ഇങ്ങനെ ചെരുപ്പു തയ്ക്കുന്നതു എന്നും കൂട്ടി ചേർത്തു. എന്നിട്ടു രൈദാസരോടു 'ഞാൻ പോയി ഒന്നു കുളിച്ചിട്ടു വരാം എന്നു പറഞ്ഞു പുറത്തു പോയി.
         കൃത്യ സമയത്തു രാജന്റെ ആൾക്കാർ വന്നു, ചെരുപ്പുകൾ എണ്ണി തിട്ടപ്പെടുത്തി. എല്ലാം നന്നായിരുന്നു. പറഞ്ഞ തുകയും കുറച്ചു കൂടുതലും അവർ അദ്ദേഹത്തിനു  കൊടുത്തു. രൈദാസർ തന്റെ ഭാര്യയോടു ഈ പണം മുഴുവനും ആ ചെറുപ്പക്കാരനു കൊടുക്കണം എന്നു പറഞ്ഞു. അയാളാണ് രാത്രി മുഴുവനും ജോലി ചെയ്തതു  താൻ വെറുതെ ഇരുന്നു പാടിയതേയുള്ളൂ. പക്ഷേ ഒരുപാടു സമയം ആയിട്ടും അയാൾ  വന്നേയില്ല. അദ്ദേഹം കാത്തിരുന്നു കാത്തിരുന്നു നോക്കി. കണ്ടില്ല. അവിടൊക്കെ അയാളെ തിരഞ്ഞു നോക്കി. എന്നിട്ടും കാണാനില്ല. എവിടെ പോയി കാണും എന്നു  ചിന്തിച്ചു കൊണ്ടു തിരിച്ചു വന്നു.
         ഇന്നലത്തെ രാത്രിയിലെ സംഗതികൾ ഓരോന്നും ഓർത്തു കൊണ്ടു അദ്ദേഹം തന്റെ ജോലി സ്ഥലത്തു  വന്നു. അവിടൊക്കെ ഒരു സുഗന്ധം തോന്നി. എന്താണിതെന്നു അദ്ദേഹം അത്ഭുതപ്പെട്ടു. പെട്ടെന്നു  ആ പയ്യൻ ഇരുന്നിരുന്ന സ്ഥലത്തു അദ്ദേഹം കുറച്ചു തുളസീദളങ്ങൾ  ശ്രദ്ധിച്ചു. എല്ലാം കൂടി ആലോചിച്ചപ്പോൾ അദ്ദേഹത്തിനു വന്നതു പാണ്ഡുരംഗനാണെന്നു മനസ്സിലായി. പൊട്ടിക്കരഞ്ഞു കൊണ്ടു അദ്ദേഹം 'പാണ്ഡുരംഗാ! നീ എനിക്കു  വേണ്ടി ഈ കൃത്യവും ചെയ്തുവോ എന്നു ചോദിച്ചു. സ്വയം പ്രഭു വന്നിരിക്കുന്നു! അദ്ദേഹത്തിന്റെ ശരീരം വിറച്ചു. യോഗക്ഷേമം വഹാമ്യഹം എന്ന വാക്യം ഭഗവാൻ സത്യമാക്കി.
        അദ്ദേഹം കരഞ്ഞു കരഞ്ഞു തളർന്നപ്പോൾ ഭഗവാൻ പ്രത്യക്ഷനായി. എന്തിനു കരയുന്നുവെന്നു ചോദിച്ചു. 'പ്രഭോ എനിക്കു വേണ്ടി ഇത്രയും നീചമായ ഒരു കർമ്മം അങ്ങ് ചെയ്യണമായിരുന്നോ എന്നു  ചോദിച്ചു. അതിനു ഭഗവാൻ നിന്റെ ഭജനയ്ക്കു  വേണ്ടി ഞാൻ എന്തും ചെയ്യാൻ ഒരുക്കമാണ് എന്നു ഉത്തരം പറഞ്ഞു. എന്നെ വശീകരിക്കുന്നതാണ് നിന്റെ ഭജന എന്നു പറഞ്ഞു.
     പ്രഭു ഭക്തിക്കു വശംവദനായി എന്തും ചെയ്യാൻ തയ്യാറായി കാത്തിരിക്കുകയാണ്. നാം ചെയ്യേണ്ടത് നമ്മുടെ ഹൃദയം ഭഗവാനിൽ അർപ്പിക്കുക മാത്രം. ജയ് പണ്ഡരീനാഥ് മഹാരാജ് കീ ജയ്! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 66)
       രാധേകൃഷ്ണാ! സ്വാമി രാമാനുജർ ശ്രീരംഗം ക്ഷേത്ര ചിട്ടകളോക്കെ ക്രമീകരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു എന്ന് നാം വായിച്ചു. ക്ഷേത്രത്തിലെ പെരിയ നമ്പി മാത്രം അദ്ദേഹത്തിന്റെ വഴിപ്പെടാതിരുന്നു. രാമാനുജർ എത്ര ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങുന്നില്ല. അതു കൊണ്ടാണു അദ്ദേഹത്തെ പിരിച്ചു വിടാം എന്നു രാമാനുജർ നിശ്ചയിച്ചതു. പക്ഷെ രംഗരാജൻ രാമാനുജരെ അതിനും സമ്മതിച്ചില്ല. രാമാനുജർ എത്ര പറഞ്ഞിട്ടും രംഗരാജൻ നമ്പിയെ വിട്ടു കൊടുത്തില്ല. ഒടുവിൽ രാമാനുജർക്കു മടുത്തു. തനിക്കു ഇവിടെ ശരിയാകില്ല, തിരിച്ചു കാഞ്ചീപുരം തന്നെ പോകാൻ  തീരുമാനിച്ചു.  കൂറത്താഴ്വാനോടു മാത്രം ഈ സംഗതി അദ്ദേഹം അറിയിച്ചു.
       കൂറത്താഴ്വാനു ഇതു കേട്ടപ്പോൾ വളരെ വിഷമമായി. രാമാനുജർ പോയാല രംഗരാജന്റെ കാര്യങ്ങൾ ആകെ പിന്നെയും തെറ്റുമല്ലോ. അത് കൊണ്ടു അദ്ദേഹം രാമാനുജരോടു തനിക്കു കുറച്ചു സമയം തരണം എന്നും താൻ തന്നെ രാമാനുജരുടെ ചരണ ബലം കൊണ്ടു നമ്പിയെ തിരുത്താം എന്നും അപേക്ഷിച്ചു. രംഗരാജൻ ഇത്രത്തോളം ശുപാർശ ചെയ്യണമെങ്കിൽ അദ്ദേഹത്തിൽ എന്തെങ്കിലും നല്ലതു  കാണും എന്നു പറഞ്ഞു. രാമാനുജർ ഇതു സമ്മതിച്ചു.   കൂറത്താഴ്വാൻ രാമാനുജരുടെ കൈങ്കര്യം ചെയ്തു കൊണ്ടു സത്സംഗവും അനുഭവിച്ചു കൊണ്ടിരുന്നു. ഇടയ്ക്കു കിട്ടുന്ന സമയം പെരിയ നമ്പിയുടെ കൂടെ ചിലവഴിക്കും.
       ആദ്യമൊക്കെ നമ്പി ആഴ്വാനെ പുച്ഛിച്ചിരുന്നു. രാമാനുജരുടെ ആളല്ലേ എന്നു! പക്ഷെ ആഴ്വാർ അതൊന്നും കാര്യമാക്കിയില്ല. പതുക്കെ പതുക്കെ പെരിയ നമ്പിക്കും അദ്ദേഹത്തോട് ഇഷ്ടം തോന്നി തുടങ്ങി. പെരിയ നമ്പിക്കു വേശ്യയുടെ അടുത്തു പോകുന്ന ശീലവും ഉണ്ടായിരുന്നു. ക്ഷേത്രത്തിൽ കൈങ്കര്യവും, വേശ്യാ സംബന്ധവും! ഒരു ദിവസം കൂറത്താഴ്വാൻ അവിടെ ചെന്ന് കതകിനു മുട്ടി വിളിച്ചു. അദ്ദേഹത്തെ കണ്ട നമ്പി വല്ലാതെയായി. എന്തിനാണു ഈ സ്ഥലത്തിലോക്കെ ആഴ്വാർ വരുന്നതു  എന്നു ചോദിച്ചു. ഉടനെ അദ്ദേഹം നമ്പിയോടു ഞങ്ങൾ ഇവിടെ വരാൻ പാടില്ല എങ്കിൽ ഇതു അത്രയ്ക്കു  മോശമായ സ്ഥലമാണോ എന്നു ചോദിച്ചു. അതിനു അദ്ദേഹം അതെ കണ്ടില്ലേ എന്നു പറഞ്ഞു. ഉതാൻ തന്നെ ആഴ്വാർ 'എങ്കിൽ അങ്ങ് മാത്രം എന്താണു ഇവിടെ വന്നിരിക്കുന്നതു'  എന്നു ചോദിച്ചു. നമ്പിക്കു ഒന്നും പറയാനായില്ല. തന്റെ മേല ഇത്ര മാത്രം ശ്രദ്ധ വെച്ചു ഒരു വേശ്യയുടെ വീട്ടിൽ പോലും വന്ന ആഴ്വാരോടു വല്ലാത്ത അടുപ്പം തോന്നി.
          ക്രമേണ അദ്ദേഹം കൂറത്താഴ്വാന്റെ അടിമയായി മാറി കൊണ്ടിരുന്നു. അങ്ങനെയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയ്ക്ക് വേണ്ട ഉദക ക്രിയകൾ ഒക്കെ അദ്ദേഹം ചെയ്തു  അതിനു സപിണ്ഡീകരണത്തിനു ഒരു ബ്രാഹ്മണനെ വരിക്കണം. എന്തു കൊണ്ടോ ഒരുത്തരും അതിനു വേണ്ടി തയ്യാറായില്ല. സാധാരണ വേദം പഠിച്ച ബ്രാഹ്മണർ അതിനു വേണ്ടി പോകാറില്ല. കാരണം ശ്രാദ്ധച്ചോറുഉണ്ണുന്ന ആൾ അത്ര കണ്ടു നാമജപം ചെയ്തു ആ പാപം കളയണം. തീരെ വകയില്ലാത്ത ചുരുക്കം ചിലർ മാത്രമേ അതിനു തയ്യാറായി വരുള്ളൂ. രാമാനുജർ കൂറത്താൾവാനോടു ശ്രാദ്ധം ഉണ്ണാൻ പോകാൻ പറഞ്ഞു. കൂറത്താൾവാർ മറുത്തൊന്നും പറയാതെ അതനുസരിച്ചു  ശ്രാദ്ധം ഒക്കെ കഴിഞ്ഞു, നമ്പി വളരെ സന്തോഷത്തോടെ ധാരാളം ധനം ദക്ഷിണയായി നൽകി. കൂറത്താൾവാർ അതൊക്കെ വാങ്ങി കൊണ്ടു തിരികെ വരുന്നു. വരുന്ന വഴി നീളെ അദ്ദേഹം ആ ധനം എറിഞ്ഞു കൊണ്ടു വന്നു.
         രാമാനുജർ അദ്ദേഹത്തോടു ഊണു കഴിച്ചോ എന്നു  ചോദിച്ചു. കഴിച്ചു എന്നദ്ദേഹം പറഞ്ഞു. ശരി ദക്ഷിണ കിട്ടിയോ? അതു മഠത്തിലേക്കു  കൊണ്ടു വന്നില്ലേ എന്നു ചോദിച്ചു. ഉടനെ കൂറത്താൾവാർ അതു ശർദ്ദിയല്ലേ? അതു കൊണ്ടു വഴിയിൽ കളഞ്ഞു എന്നു  പറഞ്ഞു. അങ്ങനെ ഈ സംഭവത്തിനു ശേഷം നമ്പി തന്റെ തെറ്റു  ഏറ്റു പറഞ്ഞു, രാമാനുജരെ ശരണം പ്രാപിച്ചു. രാമാനുജർ വളരെ സന്തോഷിച്ചു. ഒന്നിനും കൊള്ളാത്ത ഒരുത്തനെ ഉയർത്തി കൊണ്ടു വരുന്നതു വളരെ ശ്രേഷ്ഠം തന്നെയാണു. തനിക്കു ഭഗവാനിൽ നിന്നും കിട്ടിയ വരമാണ് കൂറത്താൾവാർ എന്നു പറഞ്ഞു.
        നമ്പി തമിഴിൽ വളരെ ഭംഗിയായി കവിത എഴുതുമായിരുന്നു. ഒരിക്കൽ അദ്ദേഹം കുറച്ചു ശ്ലോകങ്ങൾ എഴുതി രാമാനുജരുടെ അടുക്കൽ സമർപ്പിച്ചു  രാമാനുജർ അതെന്താണെന്നു ചോദിച്ചപ്പോൾ തന്റെ മനസ്സിൽ തോന്നിയതു കുറിച്ചിട്ടു എന്നു പറഞ്ഞു. രാമാനുജർ വായിച്ചു നോക്കി. അതിൽ രാമാനുജരുടെ സൌന്ദര്യം, അദ്ദേഹത്തിന്റെ കാരുണ്യം തുടങ്ങിയ ഗുണങ്ങളെ പ്രതിപാദിച്ചു എഴുതിയിരുന്നു. രാമാനുജർ അതു  വായിച്ചു നോക്കിട്ടു കോപത്തോടെ ആ ഓല കീറി കളഞ്ഞു. എന്നിട്ടു നമ്പികളോടു 'നിനക്കു എഴുതണമെങ്കിൽ ദിവ്യ ദേശ പെരുമാളെ കുറിച്ചു  എഴുതു, എന്റെ ആചാര്യനെ കുറിച്ചു  എഴുതു ശ്രേഷ്ഠരായ ഭക്തരെ കുറിച്ചു  എഴുതു എന്നെ കുറിച്ചു  എഴുതേണ്ട കാര്യമില്ല എന്നു പറഞ്ഞു.
         നമ്പി ശരി എന്നു പറഞ്ഞു തിരിച്ചു പോയി. അദ്ദേഹം വീണ്ടും കുറച്ചു ശ്ലോകങ്ങൾ എഴുതി. അതു തുടങ്ങുന്നതു തന്നെ ഭഗവാനെ സ്തുതിച്ചു കൊണ്ടായിരുന്നു. എന്നിട്ടു ആ ഭഗവാനെ കുറിച്ചു എഴുതിയ നമ്മാഴ്വാരെ ശരണം പ്രാപിച്ചിരിക്കുന്ന രാമാനുജരെ നാം വണങ്ങുന്നു എന്നു എഴുതിയിരുന്നു. ഓരോ ശ്ലോകവും ഇങ്ങനെ അവസാനിപ്പിച്ചിരുന്നു.
'പൂമന്നു മാതു പോരുന്തിയ മാർബൻ 
പുകഴ് മലിന്ത പാമന്നുമാരൻ അടി പണിന്തുയ്ന്തവൻ
പൽകലയോർ താമ്മന്നവന്തൈ രാമാനുജൻ ചരണാരവിന്ദം
നാം മന്നി വാഴ നെഞ്ചേ സോല്ലുവോം അവൻ നാമങ്കളേ!
      വക്ഷസ്ഥലത്തിൽ ശ്രീയെ ധരിച്ചിരിക്കുന്നവനെ  കുറിച്ചു , എല്ലാവരും പ്രശംസിക്കുന്ന രീതിയിൽ പാസുരങ്ങൾ രചിച്ച മാരൻ - നമ്മാഴ്വാരുടെ ചരണങ്ങളെ ആശ്രയിച്ച രാമാനുജരെ നാം ആശ്രയിക്കുന്നു എന്നു പറഞ്ഞു നിറുത്തി.  ഇങ്ങനെ അന്താദിയായി നൂറു ശ്ലോകങ്ങൾ രചിച്ചു. അതിൽ രാമാനുജരുടെ കാരുണയ്മ് ഒക്കെ വളരെ ശ്രേഷ്ഠമായി പ്രതിപാദിച്ചിരുന്നു. രാമാനുജർക്കു അതു തള്ളിക്കളയാൻ സാധിച്ചില്ല. കാരണം അതിൽ ഭഗവാനും ഭക്തരും എല്ലാവരും പറയപ്പെടുന്നുണ്ട് , കൂട്ടത്തിൽ രാമാനുജരും. അദ്ദേഹം അതു അവസാനം പ്രപന്നരുടെ ഗായത്രിയായി പ്രഖ്യാപിച്ചു. അങ്ങനെ അതു  നാലായിര ദിവ്യ പ്രബന്ധത്തിൽ ഉൾപെട്ടു. രാമാനുജ നൂറ്റന്താദിയും ചേർന്നപ്പോൾ മാത്രമാണു  നാലായിരമും പൂർത്തിയായതു. അതിനു മുൻപു പ്രബന്ധത്തിൽ നാലായിരതിനു നൂറു ശ്ലോകങ്ങളുടെ കുറവുണ്ടായിരുന്നു. അമൃതം പോലെ വാക്കുകൾ എഴുതിയതാൽ അദ്ദേഹം തിരുവരംഗത്ത്‌ അമുദനാർ എന്ന പേരിൽ അറിയപ്പെട്ടു. പെണ്‍ പിള്ളൈ ഈ കാര്യം രാമാനുജരോടു പറഞ്ഞു. ഏറ്റവും നീചനായിരുന്ന അദ്ദേഹം മാറി രാമാനുജ നൂറ്റന്താദി എഴുതിയില്ലേ? താൻ അദ്ദേഹത്തെ പോലൊന്നും അല്ലല്ലോ എന്നു പറയുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Wednesday, February 13, 2013

പ്രേമവേദം - ഫെബ്രുവരി 13

Posted by VEDHASAARAM



ശ്രീമാന്നാരായണീയം
 പഞ്ചാശദബ്ദമധുനാ സ്വവയോർദ്ധരൂപ-
മേകം പരാർദ്ധമതിവ്യത്യഹി വർതതേസൌ
തത്രാന്ത്യരാത്രിജനിതാൻ കഥയാമി ഭൂമൻ!
പശ്ചാദ്‌ദിനാവതരണേ ച ഭാവാദ് വിലാസാൻ.
                                                                                       (ദശ:8 ശ്ലോഃ4)
        സർവ്വ വ്യാപിയായ ഈശ്വരാ, സ്വന്തം ആയുസ്സിന്റെ പകുതിയും അമ്പതു കൊല്ലങ്ങൾ കൂടി ചേർന്നതുമായ ഒരു പരാർദ്ധത്തെ അതിക്രമിച്ചിരിക്കുന്ന ബ്രഹ്മാവിന്റെ കഴിഞ്ഞ അർദ്ധത്തിലെ  രാത്രിയിലെയും ഈ അർദ്ധത്തിലെ ആദ്യ ദിവസത്തിലെയും അങ്ങയുടെ സ്വാധീനത്തോടുകൂടിയ വിലാസ ഭംഗികൾ ഞാൻ പറയാം.
                                               (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)


  സദ്ഗുരുവാത്സല്യം   
ആചാര്യഃ സ ഹരിഃ സാക്ഷാത് ചരരൂപി ന സംശയ
       രാധേകൃഷ്ണാ!  ധർമ്മത്തിൽ ഗുരുവിനു ഒരു ശ്രേഷ്ഠമായ സ്ഥാനം എന്നും ഉണ്ട്. ഭഗവാൻ ജീവർകളുടെ മേൽ കാരുണ്യം കൊണ്ടു ഗുരു അവതാരം ചെയ്യുന്നു എന്നാണു  ശാസ്ത്രങ്ങൾ പറയുന്നതു.
'പീതകവാടൈ പിരാനാർ പിരമ ഗുരുവാകി വന്തു.....'  എന്നു പെരിയാഴ്വാർ  പറയുന്നു. എന്റെ തുൻപങ്ങളെ നാശം ചെയ്യാനായി പീതാംബര  ധാരിയായ കൃഷ്ണൻ ജഗദ്ഗുരുവായി വന്നു എന്റെ ഹൃദയ കമലത്തിലും തലയിലും തന്റെ തൃപ്പാദ മുദ്ര പതിപ്പിച്ചു കഴിഞ്ഞു. അതു കൊണ്ടു എന്റെ ആത്മാവ്, ശരീരം ഇന്ദ്രിയങ്ങൾ എല്ലാം ഇപ്പോൾ കൃഷ്ണ സ്വത്തായി മാറി കഴിഞ്ഞു. സദ്ഗുരു അത്രയ്ക്കു ശ്രേഷ്ഠമാണ്.
         ഗുരു ഉത്തമമായ സത് സമ്പ്രദായത്തിൽ സ്ഥിതി ചെയ്യുന്നവനായിരിക്കണം, സ്ഥിരമായ ബുദ്ധിയുള്ളവനായിരിക്കണം, പാപം ഇല്ലാത്തവനായിരിക്കണം, വേദജ്ഞനായിരിക്കണം, സദാ സർവഥാ ബ്രഹ്മത്തിൽ മുഴുകിയിരിക്കണം. സത്വ ഗുണ പൂർണ്ണനായിരിക്കണം, സത്യത്തെ പറഞ്ഞു തരുന്നവനായിരിക്കണം, ഏതേതു കാലത്തിൽ അനുനുഷ്ഠാനങ്ങൾ ചെയ്യണമോ അതൊക്കെ കൃത്യമായി പാലിക്കുന്നവനായിരിക്കണം. ആത്മസ്തുതി ചെയ്യാത്തവനായിരിക്കണം, അസൂയ ഇല്ലാതെ ഇരിക്കണം, ഇന്ദ്രിയങ്ങളെ ജയിച്ചിരിക്കണം, ഉത്തമമായ ബന്ധുവായിരിക്കണം, ദയാലുവായിരിക്കണം, ശിഷ്യർ  സന്മാർഗ്ഗത്തിൽ നിന്നും മാറുമ്പോൾ അവരെ തിരുത്തി വഴി നടന്നത്തുന്നവനാകണം, തനിക്കും ശിഷ്യർക്കും ഹിതം ചെയ്യുന്നവനാകണം. അങ്ങനെയുള്ള ആചാര്യനെ ആശ്രയിച്ചു ഇരിക്കുക എന്നു നിഗമാന്ത മഹാ ദേശികർ ന്യാസ വിംശതി എന്ന എന്ന ഗ്രന്ഥത്തിൽ പറയുന്നു.
               പക്ഷെ ഈ ഗുരു പ്രഭാവം മനസ്സിലാകണമെങ്കിൽ നമ്മൾ നല്ല ശിഷ്യരായി ഇരിക്കണം. അതിനു പക്വത വേണം. പക്വത വേണമെങ്കില ചില ശിഷ്യ ലക്ഷണങ്ങൾ ആവശ്യമാണ്‌. ശിഷ്യ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഭഗവാന്റെ അനന്ത കല്യാണ ഗുണങ്ങളെ പൂർണ്ണമായി അനുഭവിക്കാൻ സാധ്യമല്ല. ശിഷ്യ ലക്ഷണങ്ങൾ പതിനഞ്ചെണ്ണം ദേശികർ തന്റെ ഗ്രന്ഥത്തിൽ പറയുന്നു.
       ആദ്യം തുടങ്ങുന്നതു തന്നെ സത്ബുദ്ധി വേണം എന്നു പറഞ്ഞു കൊണ്ടാണു. സത്ബുദ്ധി എന്നു ഇവിടെ ഉദ്ദേശിക്കുന്നതു ഹൃദയത്തിൽ ഏതെങ്കിലും  മൂലയില്ലെങ്കിലും ഭഗവാനെ പ്രാപിക്കണം എന്ന ആഗ്രഹം ഉണ്ടാവണം. ഭക്തന്മാരുമായി ഇടപഴകാനുള്ള  ഒരു വാസന വേണം. സദ്ഗുരുവിൽ നിന്നും വിഷയങ്ങൾ ഗ്രഹിക്കുന്നതിൽ താല്പര്യം ഉള്ളവരാകണം. സത്യ സന്ധരാകണം, ഗുരുവിനോട് ഒന്നും മറയ്ക്കാൻ പാടില്ല. തന്നെ ഉത്തമാനായി കാണിക്കാൻ വൃഥാ പ്രയത്നം ചെയ്യരുതു.

 ഗുരുവിനോട് തന്റെ സ്ഥിതിയെ പറ്റി തുറന്നു പറയുന്നതിൽ തെറ്റില്ല. അദ്ദേഹം  സ്വീകരിച്ചു അനുഗ്രഹിക്കും. കർണ്ണൻ തന്റെ ഗുരുവിന്റെ അടുക്കൽ താൻ ബ്രാഹ്മണൻ എന്നു  നുണ പറഞ്ഞു. അതു കൊണ്ടു പഠിച്ചതു അവസാന കാലത്തിൽ പ്രയോജനപ്പെട്ടില്ല. ശിഷ്യ ലക്ഷണം തുടരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ !

 ഭക്തിരഹസ്യം
       വന്ദേ വൃന്ദാവനചര വല്ലവീ ജന വല്ലഭം
         ജയന്തി സംഭവം ധാമ വൈജയന്തീ വിഭൂഷണം
        കൃഷ്ണനെ അനുഭവിക്കാത്ത കൂട്ടംകുറവാണു. ഭാരത ദേശത്തിൽ  കൃഷ്ണ ഭക്തി വ്യാപിച്ചു കിടക്കുന്നു. ആചാരവും അനുഷ്ഠാനവും കൊണ്ടു മാത്രമല്ല സ്നേഹം കൊണ്ടു മാത്രം ഭഗവാനെ വശീകരിക്കാൻ സാധിക്കും എന്നു കൃഷ്ണ ഭക്തി നിരൂപിക്കുന്നു. ഗോപീ ജനങ്ങൾ കൊണ്ടാടുന്ന ഒരു വസ്തുവാണു വൃന്ദാവനത്തിൽ കൃഷ്ണൻ. ശ്രീജയന്തി ദിവസത്തിൽ കൃഷ്ണൻ അവതരിച്ചു. ചിങ്ങമാസവും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണു ശ്രീജയന്തി. അഞ്ചു വിധമായ പുഷ്പങ്ങൾ കൊണ്ടുള്ള വൈജയന്തി ഹാരം പ്രഭു അണിഞ്ഞിരിക്കുന്നു. ആ പ്രഭുവിനെ ഞാൻ വന്ദിക്കുന്നു എന്നു പറയുന്നു, വൈഷ്ണവ സമ്പ്രദായ ആചാര്യനായ സ്വാമി നിഗമാന്ത മഹാ ദേശികർ.
         ഈ പരമ്പരയിൽ ഭഗവാന്റെ ഭക്തരുടെ കഥകളൂം അവരുടെ വിശേഷ അനുഭവങ്ങളും നാം കണ്ടു വരുന്നു.ഭാരത ദേശത്തിൽ കൃഷ്ണനെ ആസ്വദിക്കുന്നതു പറഞ്ഞു തരാൻ ഭക്ത കൂട്ടം ഉണ്ട്.ഓരോ ഭക്തന്മാരും ശ്രേഷ്ഠരാണു. അതിലും പാണ്ഡുരംഗ ഭക്തന്മാർ ഏറെ ശ്രേഷ്ഠം! അവിടെ ജാതി മതം ഭേദമില്ല. എല്ലാവരും ഭഗവത് ഭക്തന്മാർ! അവർക്കു ആചാരങ്ങൾ ഒന്നും ഇല്ല. കുളിക്കാൻ പോകുന്ന വഴി പാണ്ഡുരംഗനെ കയറി കണ്ടിട്ടു പോകും. അവർക്കു പാണ്ഡുരംഗൻ ബന്ധുവാണു. പാണ്ഡുരംഗനും സൌലഭ്യ മൂർത്തിയാണു.
        രൈദാസർ എന്നൊരു പാണ്ഡുരംഗ ഭക്തൻ ഉണ്ടായിരുന്നു. സദാ സർവ്വ കാലവും 'വിഠൽ  വിഠൽ' എന്നു ജപിച്ചു കൊണ്ടിരിക്കും. വേറെ ഒന്നും അറിയാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. പാണ്ഡുരംഗൻ അല്ലാതെ അദ്ദേഹത്തിനു വേറെ ദൈവവും ഇല്ല. ഏക മൂർത്തി  ഉപാസന! അദ്ദേഹം ചെയ്തിരുന്ന തൊഴിൽ ചെരുപ്പ് തയ്ക്കുന്ന ജോലിയാണു. ചെരുപ്പുകുത്തി ആയാലും ഭക്തി ചെയ്യാം എന്നദ്ദേഹം തന്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു. തന്റെ കുല ധർമ്മം ആചരിക്കുന്നതിൽ അദ്ദേഹത്തിനു  ഒട്ടും മടിയില്ലായിരുന്നു. താൻ തയ്ക്കുന്ന ചെരുപ്പെല്ലാം പാണ്ഡുരംഗനു അർപ്പിച്ചു കൊണ്ടാണു ഉണ്ടാക്കുന്നതു. ആരെങ്കിലും  ഭക്തന്മാർ വന്നാൽ അവരുടെ കൂടെ കൂടും. ഭജന, സത്സംഗം എന്നു കാലം കഴിക്കും. ഉണ്ടാക്കിയ ചെരുപ്പു  വിറ്റു ഉദര പോഷണം നടത്തി വന്നിരുന്നു.          
      ഒരിക്കൽ അദ്ദേഹത്തിന്റെ രാജ്യത്തിൽ യുദ്ധം വന്നു. അപ്പോൾ രാജൻ തന്റെ യോദ്ധാക്കൾക്കു  വേണ്ടി ഒരു ആയിരം പാദരക്ഷകൾ വേണം എന്നു കല്പന കൊടുത്തു. അദ്ദേഹം ശരി ചെയ്തു തരാം എന്നു പറഞ്ഞു ജോലിയും തുടങ്ങി. പിറ്റേ ദിവസം കാലത്തു അദ്ദേഹം ജോലി തുടങ്ങാൻ വന്നപ്പോൾ കുറച്ചു ഭക്തന്മാർ അഭംഗം പാടിക്കൊണ്ട് വരുന്നതു  കണ്ടു. അദ്ദേഹത്തിനു വളരെ സന്തോഷമായി. ഭജന കേട്ടപ്പോൾ അദ്ദേഹത്തിനു സ്വയപ്രജ്ഞ അസ്തമിച്ചു പോയി. മൂന്നു നാല് ദിവസങ്ങളായി. അദ്ദേഹം എല്ലാം മറന്നു സത്സംഗതിലും ഭാജനയിലും കഴിച്ചു കൂട്ടി കൊണ്ടിരുന്നു. അദ്ദേഹത്തെ അറിയുന്നവരൊക്കെ ഇതു ശ്രദ്ധിച്ചു. അയ്യോ ഇതു യുദ്ധ കാലമല്ലേ. രാജൻ അതിനു വേണ്ടിയല്ലേ ആയിരം പാദരക്ഷ വേണം എന്നു പറഞ്ഞിരിക്കുന്നത്. ഭക്തി ഒക്കെ ശ്രേഷ്ഠം തന്നെ. പക്ഷെ രാജനു പറഞ്ഞ വാക്കു പാലിക്കണ്ടേ എന്നു വിചാരിച്ചു. രാജന്റെ ശിക്ഷ കഠിനമായിരിക്കും എന്നവർ ഭയപ്പെട്ടു. ഏതായാലും ഭക്തന്മാർ എല്ലാവരും അവിടുത്തെ താമസം കഴിഞ്ഞു പുറപ്പെട്ടു പോയി.
      ആയിരം ചെരുപ്പു കൊടുക്കാൻ ഒരു ദിവസം മാത്രം ഉള്ളപ്പോഴാണ് അദ്ദേഹത്തിനു ആ ബോധം ഉണ്ടായതു. ഉടനെ ഒട്ടും കലങ്ങാതെ ഭഗവാനെ തന്നെ ശരണം പ്രാപിച്ചു. 'ഹേ പ്രഭോ! ഞാൻ നിന്റെ ഭജനയിലും സത്സംഗത്തിലും മുഴുകി ഒന്നും ചെയ്തില്ല. ഇനി ഒരൊറ്റ ദിവസം കൊണ്ടു എനിക്കു ചെയ്തു തീർക്കാൻ പറ്റുമോ എന്നും അറിയില്ല. പക്ഷെ ഞാൻ ഭാരം നിന്നെ എൽപ്പിചിട്ടു ചെയ്യാൻ തുടങ്ങാം. എങ്ങനെയെങ്കിലും നാളെ ആയിരം ചെരുപ്പു തീർത്തു തരണം' എന്നു  പ്രാർത്ഥിച്ചു. അഥവാ തീർക്കാൻ സാധിച്ചില്ലെങ്കിലും അതിൽ അദ്ദേഹത്തിനു പേടി ഇല്ലായിരുന്നു. അങ്ങേയറ്റം രാജൻ തന്നെ ശിക്ഷിക്കുമായിരിക്കും അതു സാരമില്ല. ഭഗവത് സത്സംഗത്തിനു വേണ്ടി അതൊക്കെ സഹിക്കാം എന്നുള്ള ഭാവമായിരുന്നു അദ്ദേഹത്തിനു. അങ്ങനെ അദ്ദേഹം ഭഗവൻ നാമം ജപിച്ചു കൊണ്ടു തന്റെ ജോലി ആരംഭിച്ചു.
അദ്ദേഹത്തിനു രാജാവിന്റെ കല്പന പാലിക്കാൻ സാധിച്ചുവോ? ആയിരം ജോഡി പാദരക്ഷകൾ ഉണ്ടാക്കി കൊടുത്തോ എന്നറിയാൻ അടുത്ത ലക്കം വരെ കാത്തിരിക്കു. രാധേകൃഷ്ണാ ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
  (വാക്യം 65)
രാധേകൃഷ്ണാ! തിരുക്കോളൂരിലെ വീഥിയിൽ നിന്നു കൊണ്ടു പെണ്‍പിള്ളൈ ഉത്തമമായ ഭക്തന്മാരുടെ വിഷയങ്ങൾ സദ്ഗുരുവായ രാമാനുജരോടു പരയുന്നതു  കേട്ടു രാമാനുജരും ശിഷ്യരും ആനന്ദത്തിൽ ആറാടുകയാണു. ഭക്ത വിഷയങ്ങളെ ഇങ്ങനെയും നോക്കാമോ എന്നവർ അത്ഭുതപ്പെട്ടു. വെറും കഥ കേൾക്കുക എന്നതിൽ നിന്നും വളരെ വ്യത്യാസമായി അതിന്റെ കാതലായ വിഷയങ്ങളെ അവൾ ഗ്രഹിച്ചിരിക്കുന്നു. ഓരോ വാക്യം അവൾ പറയുമ്പോഴും അടുത്തു അവൾ എന്താവും പറയുന്നതു എന്നു അവർ ആകാംക്ഷയോടെ കാത്തിരുന്നു. രാമാനുജരുടെ ഗുരുവായ ആളവന്താരെ കുറിച്ചും അദ്ദേഹത്തിന്റെ ശിഷ്യൻ ദൈവാരി ആണ്ടാന്റെ വിഷയവും പറഞ്ഞ അവൾ അടുത്തതു പറയുന്നതു കേൾക്കാൻ അദ്ദേഹം കാതോർത്തു നിന്നു. ഉടനെ അവൾ 'അന്താദി ചൊന്നെനോ അമുദനാരൈ പോലെ' എന്നു പറഞ്ഞു. സ്വയം രാമാനുജരെ സംബന്ധിക്കുന്ന ഒരു വിഷയമാണതു.
       രാമാനുജരെ കാഞ്ചീപുരത്തിൽ  നിന്നും ആളവന്താർ ശ്രീരംഗത്തു കൊണ്ടു പോയി. രംഗനാഥൻ തന്റെ നിത്യ വിഭൂതി, ലീലാ വിഭൂതി രണ്ടിനും ഉടമസ്ഥൻ രാമാനുജർ എന്നു  സങ്കല്പിച്ചു വെച്ചു. അതു മുതൽ രാമാനുജർ ശ്രീരംഗം ക്ഷേത്രങ്ങളുടെ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെ നോക്കി നടത്തി. ക്ഷേത്രങ്ങളിൽ പുജയോക്കെ നടക്കുന്നുണ്ടെങ്കിലും അതിൽ അലക്ഷ്യം, അശ്രദ്ധ, അശുദ്ധി ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം പതുക്കെ പതുക്കെ മാറ്റി ശുദ്ധീകരിച്ചു കൊണ്ടു വന്നു.
        ആ സമയം ശ്രീരംഗം ക്ഷേത്രത്തിന്റെ ചുമതല തലമുറകളായി കൈകാര്യം ചെയ്തു വരുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. ധർമ്മകർത്താവ്‌ എന്നു സ്ഥാനം ഉണ്ടായിരുന്നു. പെരിയ കോവിൽ നമ്പി എന്ന ഒരാളായിരുന്നു അപ്പോൾ. അദ്ദേഹത്തിനു അതിന്റെ ഒരു ഗർവ്വം വളരെ ഉണ്ടായിരുന്നു. അദ്ദേഹം തോന്നുന്ന പോലെ പൂജയൊക്കെ ചെയ്യും. രാമാനുജർ അദ്ദേഹത്തെ ഒരുപാടു ഉപദേശിച്ചു തിരുത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. പൂജാ കാര്യങ്ങളിൽ സമയ നിഷ്ഠ ഒന്നും ശരിയില്ലായിരുന്നു. ഭഗവാൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനു ഇരിക്കേണ്ട ഗതി കേടാണ്. രാമാനുജർ അതു ചൂണ്ടി കാണിച്ചു അങ്ങനെ ചെയ്യരുതെന്നു പറഞ്ഞാൽ ഉടനെ അതൊക്കെ ഭഗവത് സങ്കൽപം എന്നു പറഞ്ഞു ഒഴിഞ്ഞു മാറും. അല്ലെങ്കിൽ രാമാനുജരോടു വഴക്കിനു പോകും. അങ്ങയ്ക്കു ഇതൊന്നും അറിയില്ല. ഇതു ഞങ്ങൾ തലമുറകളായി ചെയ്തു വരുന്നതാണു അങ്ങു ഇപ്പൊ വന്ന ആളല്ലേ. അങ്ങു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുതു എന്ന് പറയും. പക്ഷെ രാമാനുജർക്കു ഭഗവാന്റെ കാര്യങ്ങൾ കൃത്യമായി നടക്കണം എന്നു നിർബ്ബന്ധം  ഉണ്ടായിരുന്നു.
           രാമാനുജർ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിടാം എന്നു വിചാരിച്ചു. രാവിലെ തന്റെ തീരുമാനം നടപ്പിലാക്കാം എന്നു വിചാരിച്ചു രാത്രി ഉറങ്ങാൻ കിടന്നു. രാത്രി സ്വപ്നത്തിൽ രംഗരാജൻ പ്രത്യക്ഷപ്പെട്ടു. എന്നിട്ടു നമ്പിയെ പിരിച്ചു വിടരുതു എന്നപേക്ഷിച്ചു. തലമുറകളായി ആ കുടുംബം തനിക്കു കൈങ്കര്യം ചെയ്തു വരികയാണെന്നും, പതുക്കെ അദ്ദേഹത്തെ മാറ്റി എടുത്താൽ മതി എന്നും പറഞ്ഞു. രാമാനുജർക്കു കോപം വന്നു. ഇപ്പൊഴാണു ക്ഷേത്ര കാര്യങ്ങൾ ഒരു മാതിരി ശരിയാക്കി കൊണ്ടു വന്നു കൊണ്ടിരിക്കുന്നതു. എല്ലാവരെയും എന്റെ വഴിക്കു കൊണ്ടു വരാൻ സാധിച്ചു.ഇയാള മാത്രമേ എല്ലാവറ്റിനും ഒരു തടസ്സമായിട്ടു നിൽക്കുന്നതു. ഇയാളെ അങ്ങനെ വിട്ടാൽ ബാക്കിയുള്ളവരും എന്റെ കൈ വിട്ടു പോകും ഒന്നുകിൽ ഒരൊറ്റ രാത്രി കൊണ്ടു അയാളെ ശരിയാക്കുക അല്ലെങ്കിൽ നാളെ പിരിച്ചു വിടുക എന്നു കര്ശനമായി ഭഗവാനോട് പറഞ്ഞു. രംഗനാഥൻ എന്തു പറഞ്ഞിട്ടും രാമാനുജർ സമ്മതിച്ചില്ല. രംഗരാജനും വിട്ടു കൊടുത്തില്ല. അവസാനം രാമാനുജർ കാഞ്ചീപുരം തിരിച്ചു പോകാം എന്നു തീരുമാനിച്ചു. എന്നിട്ടു കൂറതാഴ്വാനോടു മാത്രം കാര്യം പറഞ്ഞു. രംഗരാജന്റെ ക്ഷേത്രം നന്നായിരിക്കണം, രംഗരാജൻ നന്നായിരിക്കണം, ഭക്തന്മാർക്കു സൗകര്യം വേണം എന്നു കരുതിയാണ് രാമാനുജർ നിർബ്ബന്ധം പിടിച്ചതു. ആചാര്യ പുരുഷന്മാർ അവരുടെ കർത്തവ്യം  ഒരു കാരണത്താലും വിട്ടു കൊടുക്കില്ല. തുടർന്നു എന്തു സംഭവിച്ചു എന്നു  നമുക്കു കാത്തിരുന്നു കാണാം. രാധേകൃഷ്ണാ!
 




 

Sunday, January 13, 2013

പ്രേമവേദം - ജനുവരി 13

Posted by VEDHASAARAM



ശ്രീമന്നാരായണീയം 
അസ്മാദൃശാം പുനരഹർമ്മുഖ കൃത്യ തുല്യാം
സൃഷ്ടിം കരോത്യനുദിനം സ ഭാവത്പ്രസാദാത് പ്രാക്ബ്രാഹ്മകല്പ ജനുഷാഞ്ച പരായുഷാം തു
സപ്ത പ്രബോധന സ്മാസ്തി തദാപി സൃഷ്ടിഃ   

              (ദശഃ 8 ശ്ലോഃ 3)
       സാധാരണ മനുഷ്യരായ നമ്മൾ പ്രഭാതത്തിൽ ചെയ്യുന്ന കൃത്യങ്ങൾക്കു തുല്യമായി ബ്രഹ്മാവ്‌ അങ്ങയുടെ അനുഗ്രഹം മൂലം അനുദിനം സൃഷ്ടി കർമ്മം ചെയ്യുന്നു. അപ്പോൾ, പണ്ടത്തെ യുഗത്തിൽ ജനിച്ചവരും ആയുഷ്മാന്മാരുമായ മാർക്കണ്ഡേയൻ  വിട്ടുണരുന്നതു പോലെ വീണ്ടും ജനിക്കുന്നു.
                                      (പണ്ഡിറ്റ് ഗോപാലൻ നായർ)
     

സദ്ഗുരുവാത്സല്യം
        രാധേകൃഷ്ണാ!  സദ്ഗുരുനാഥന്റെ ബലം പറഞ്ഞറിയിക്കാൻ സാധ്യമല്ല. ഒരു ഗുരുവിനെ മുറുകെ പിടിക്കുക. പൂർണ്ണമായ വിശ്വാസം ഗുരുവിൽ അർപ്പിക്കുക.സദ്ഗുരു ഭഗവാനെ അനുഭവിക്കാൻ പറഞ്ഞു തരുന്നു. ആദി ശങ്കരർ അത്ഭുതമായ ഒരു സദാചാര്യനാണു. ഇന്നു  വേദം ബലത്തോടെ നിൽക്കുന്നുവെങ്കിൽ അതിനു കാരണം ശങ്കരരാണു. ബുദ്ധമതം  ശൂന്യം ശൂന്യം എന്ന് സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ബ്രഹ്മ സത്യം എന്നു അദ്ദേഹം സ്ഥാപിച്ചു. പിന്നീട് എത്രയോ സിദ്ധാന്തങ്ങൾ ഉണ്ടായാലും അസ്ഥിവാരം ശ്രീ ശങ്കരർ തന്നെയാണു.  
             അദ്ദേഹത്തിനു ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. അതിൽ അല്പം മോശപ്പെട്ട ഒരു ശിഷ്യനായ സദാനന്ദനോട് മറ്റുള്ളവർക്കു പുച്ഛമായിരുന്നു. ശങ്കരർ ഇത് ശ്രദ്ധിച്ചു. തന്റെ ശിഷ്യന്റെ മഹത്വത്തെ എല്ലാരെയും കാണിക്കണം എന്നദ്ദേഹം നിശ്ചയിച്ചു. ഒരു ദിവസം ആറ്റിന്റെ ആക്കരയിൽ സദാനന്ദൻ തുണി നനച്ചു ഉണക്കി കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ പെട്ടെന്നു 'സദാനന്ദാ' എന്നു ഗുരു വിളിക്കുന്നതു ശിഷ്യൻ കേട്ടു. സദ്ഗുരുനാഥന്റെ ശബ്ദം കേട്ട താമസം, അദ്ദേഹം എല്ലാം മറന്നു. ഉടനെ തന്നെ ഗുരുവിനെ നോക്കി വേഗം നടന്നടുത്തു. വഴിയിൽ    
ഒരു നദി ഒഴുകുന്നുണ്ടെന്ന കാര്യം പോലും സദാനന്ദൻ ശ്രദ്ധിച്ചില്ല.
             താൻ അക്കരയിൽ തുണി അലക്കി കൊണ്ടിരിക്കുകയല്ലേ, ഈ സമയം എന്നെ വിളിക്കുന്നതു ഉചിതമാണോ? ഈ ഗുരുവിനു തീരെ വിവരം പോരാ, എന്നൊന്നും അദ്ദേഹം ചിന്തിച്ചില്ല. ഗുരു വിളിച്ചതും ഉടൻ പുറപ്പെട്ടു. ഗംഗാ മാതാ ഇതു കണ്ടു. ഇങ്ങനെയും ഒരു സദ്ശിഷ്യൻ ഉണ്ടാവുമോ? ഒരു സദ്ശിഷ്യനെ ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഗുരു ഇതു തരാം ശിഷ്യനെയും സ്വീകരിക്കും. എല്ലാവരെയും ഉയർത്തുന്നതാണ് അദ്ദേഹത്തിന്റെ ധർമ്മം. പക്ഷെ എല്ലാ ശിഷ്യരും ഗുരുവിനെ പൂർണ്ണമായും സ്വീകരിക്കാറില്ല. അതൊക്കെ അവരുടെ സൌകര്യവും സന്ദർഭവും ഒക്കെ നോക്കിട്ടാണ്. അപ്പോൾ അങ്ങനെ ഒരു സദ്‌ശിഷ്യനെ കിട്ടിയതിൽ ഗംഗയ്ക്കു ആനന്ദം താങ്ങാനായില്ല. ഈ ശിഷ്യനെ താൻ മാനിക്കണം എന്നു നിശ്ചയിച്ചു.
          സദാനന്ദൻ താൻ വെള്ളത്തിൽ താഴ്ന്നു പോകും എന്നാ ചിന്ത പോലും ഇല്ലാതെ ഓരോ അടിയും എടുത്തു വെച്
ചു. ഉടനെ ഗംഗ ഓരോ അടിയിലും ഓരോ താമരയെ കൊണ്ടു അദ്ദേഹത്തെ താങ്ങി. അദ്ദേഹം അതും അറിഞ്ഞില്ല. ഹൃദയത്തിൽ മുഴുവനും സദ്ഗുരുനാഥൻ മാത്രമായിരുന്നു. കണ്ടു നിന്നവരെല്ലാവരും അന്തിച്ചു പോയി. സദാനന്ദനു യോഗം അറിയില്ല എന്നെല്ലാവർക്കും  അറിയാം. അദ്ദേഹത്തിനു ഗുരു കൈങ്കര്യം ഒഴിച്ച് മറ്റൊന്നും വല്യ നിശ്ചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഓരോ അടിക്കും ഓരോ താമര പുഷ്പം വരുന്നത് കണ്ടു അദ്ദേഹത്തിന് പത്മ പാദർ എന്നാ പേരു സിദ്ധിച്ചു.
        അദ്ദേഹം ഭഗവാൻ നരസിംഹനെ ഉപാസിച്ചു വന്നു.
ഒരിക്കൽ ഒരു കാപാലികൻ പുത്രപ്രാപ്തിക്കു വേണ്ടി ഒരു നരബലി കൊടുക്കണം എന്നു വിചാരിച്ചു. ശ്രീ ശങ്കരരെ കണ്ടപ്പോൾ ഇതിനേക്കാൾ യോഗ്യമായ ഒരു ബലി ദേവിക്കു നൽകാൻ തന്നെ കൊണ്ടു സാധിക്കില്ല എന്ന് തോന്നി. ശ്രീശങ്കരരെ കണ്ടപ്പോൾ അദ്ദേഹം ഒരു ജ്ഞാനിയാണെന്നു മനസ്സിലായി. അദ്ദേഹത്തെ എകാന്തത്തിൽ ചെന്നു കണ്ടു നരബലിക്കു അദ്ദേഹത്തെ വേണം എന്നാവശ്യപ്പെട്ടു. കരുണാമയനായ ശങ്കരനും ഈ ശരീരം കൊണ്ടു ആർക്കെങ്കിലും ഒരു പ്രയോജനം കിട്ടുമെങ്കിൽ അങ്ങനെ ആകട്ടെ എന്നു കരുതി വാക്കു കൊടുത്തു.പക്ഷെ തന്റെ ശിഷ്യർ ഇതറിയാൻ പാടില്ല എന്നൊരു  മുന്നറിയിപ്പും നല്കി.  രാത്രി ആരും കാണാതെ ശങ്കരർ കാപാലികന്റെ അടുത്തേയ്ക്കു ചെന്നു. ഇതു പത്മപാദർ എങ്ങനെയോ മനസ്സിലാക്കി. അദ്ദേഹം എവിടെയോ ആണു. പക്ഷെ ഉള്ളിൽ സദാ ഗുരു ധ്യാനം കൊണ്ടു തന്റെ ഗുരുവിനു ആപത്തെന്നു മനസ്സിലായി.
       അദ്ദേഹം ശ്രീനരസിംഹനെ ശരണം പ്രാപിച്ചു. ഉടനെ അദ്ദേഹത്തിന്റെ ശരീരത്തിൽ നരസിംഹം ആവിർഭവിച്ചു. കാപാലികൻ ശങ്കരരെ വെട്ടാൻ വാൾ ഓങ്ങി നില്ക്കുകയാണ്. പെട്ടെന്നു ഉഗ്ര നരസിംഹ രൂപത്തിൽ പത്മപാദർ അവിടെ പ്രത്യക്ഷപ്പെട്ടു.കാപാലികന്റെ കയ്യിൽ നിന്നും വാൾ എടുത്തെറിഞ്ഞു. കാപാലികനെ കൈ കൊണ്ടു കീറി പിളർന്നു  കൊന്നു.
      അപ്പോഴേക്കും ശിഷ്യരെല്ലാരും ഓടി എത്തി. എല്ലാവരും കണ്ട കാഴ്ച അത്ഭുതാവഹമായിരുന്നു. സിംഹ മുഖം മനുഷ്യ ശരീരത്തിൽ പത്മപാദർ കലി തുള്ളി നില്ക്കുന്നു. കാപാലികനെ വലിച്ചു കീറിയ ശേഷവും കളി അടങ്ങാതെ നില്ക്കുകയാണ്. എല്ലാവരും ഭയന്ന് വിറച്ചു. ശങ്കരർ തന്റെ ശിഷ്യന്റെ തലയി
ൽ കൈ വെച്ചു 'ഉണ്ണി! സമാധാനപ്പെടൂ. എനിക്കു ഇപ്പോൾ യാതൊരു ആപത്തും ഇല്ല.നിന്റെ നരസിംഹ ഭാവം വിട്ടു എന്റെ ഉണ്ണിയായി തീരുക' എന്നാശീർവദിച്ചു. അതിനു ശേഷമാണ് അദ്ദേഹം സ്വരൂപം പ്രാപിച്ചതു. ഒന്നും അറിയാത്ത അദ്ദേഹം ഹൃദയത്തിൽ സദ്ഗുരുവിനു ആപത്തു എന്നു തോന്നിയപ്പോൾ താനറിയാതെ തന്റെ ആരാധനാ മൂർത്തി  ആവിർഭവിച്ചിരിക്കുന്നു. 
          നരസിംഹ മൂർത്തി ആവിർഭാവം എന്നു പറഞ്ഞാൽ സാധാരണമല്ല. അ
തു താങ്ങാനുള്ള ശേഷി സാധാരണ ശരീരത്തിന് ഉണ്ടാവില്ല. ശ്രീ മാക്സ് മുള്ളർ പോലും ഒരത്ഭുത വൈദ്യുത പ്രതിഭാസം എന്നാണു നരസിംഹ ആവിർഭാവത്തെ കുറിച്ച് പറഞ്ഞിട്ടുള്ളതു. അതു താങ്ങാനുള്ള ശക്തി സദാനന്ദർക്കു കേവലം ഗുരു കൃപ ഒന്നു കൊണ്ടു മാത്രമാണു കിട്ടിയത്. അത്ര ശ്രേഷ്ഠമാണു സദ്ഗുരു ധ്യാനം. അദ്ദേഹത്തിന്റെ ദൃഡ വിശ്വാസവും അത്രയാണു. ശേഷം കാലം വിനയത്തോടു  കൂടി ജീവിച്ചു അവസാനം മോക്ഷ പ്രാപ്തി അടഞ്ഞു. സദാനന്ദരെ പോലെ ഗുരുവിൽ വിശ്വാസം അർപ്പിക്കു. സദ്ഗുരു നമ്മുടെ അസ്ഥിവാരമാണ്. ലോകം മുഴുവനും വിവേകാനന്ദനെ അറിയും. ആ വിവേകാനന്ദന്റെ അസ്ഥിവാരം ശ്രീ രാമകൃഷ്ണപരമഹംസരാണു. ഗുരു മഹിമ വർണ്ണിച്ചു തീരുന്നതല്ല. തുടരും! ജയ് സദ്ഗുരു മഹാരാജ് കീ ജയ്! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

ഭക്തിരഹസ്യം  
      രാധേകൃഷ്ണാ!  ശ്രീനിവാസൻ ലക്ഷ്മിക്കു കിട്ടിയ വില കൂടിയ മൂക്കുത്തി കണ്ടു അന്തം വിട്ടു നിന്നു. അവളോടു തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവൾക്കു അതിൽ കൂടുത്തൽ ഒന്നും പറയാനില്ലായിരുന്നു. അവൾ ചെയ്ത നാമജപത്തിനു വിഠലൻ ഇത്രയും വിലപിടിപ്പുള്ള സമ്മാനം തരുമോ? അയാൾക്കു തല .കറങ്ങുന്നതു പോലെ തോന്നി. അവസാനം അയാൾ ആ ജമീന്ദാരെ  ചെന്നു  കണ്ടു കളയാം. എന്നിട്ടു അയാൾക്കു എവിടുന്നു ഈ മൂക്കുത്തി കിട്ടി എന്നു ചോദിക്കാം എന്നു വിചാരിച്ചു. ഉടനെ തന്നെ കടയിലേക്കു തിരിച്ചു. ശ്രീനിവാസാൻ അവിടെ ചെന്നപ്പോൾ ജമീന്ദാരെ  അവിടെ കണ്ടില്ല. പകരം കുറച്ചു തുളസി ദളങ്ങൾ അവിടെ കിടന്നിരുന്നു. അവിടെ ഉള്ളവരോടൊക്കെ  ജമീന്ദാർ എവിടെ എന്നയാൾ ചോദിച്ചു. പക്ഷെ വിചിത്രം മറ്റാരും തന്നെ അങ്ങനെ ഒരാളെ കണ്ടിട്ടില്ല.  
         ഈ സമയത്തു ലക്ഷ്മിയും നടന്നതറിയുവാൻ അവിടെ എത്തി. ശ്രീനിവാസൻ അവളെ ആ
തജമീന്ദാർ ഇരുന്നിരുന്ന സ്ഥലം കാണിച്ചു കൊടുത്തു. അതിൽ കിടന്നിരുന്ന തുളസീ ദാലങ്ങളെ കണ്ടപ്പോൾ അവൾ വിഠലാ എന്നു വിളിച്ചു കൊണ്ടു കരഞ്ഞു. ശ്രീനിവാസൻ ഉടനെ അവളോടു എന്തിനാ കരയുന്നതുഎന്നു ചോദിച്ചു. അവൾ ഉടനെ അവിടെ വന്നിരുന്നതു വിഠലനല്ലാതെ മറ്റാരുമല്ല എന്നു പറഞ്ഞു. അതെങ്ങനെ അവൾക്കു മനസ്സിലായി എന്നയാൾ ചോദിച്ചു. അവൾ കരഞ്ഞു കൊണ്ടു താഴെ കാണിച്ചു. അവിടെ രണ്ടു തിരുവടികളുടെ അടയാളം കണ്ടു. ശ്രീനിവാസൻ ഉടനെ അതു കൊണ്ടു എന്താണു എന്നു ചോദിച്ചു. ലക്ഷ്മി ഉടനെ അതിൽ പതിഞ്ഞിരിക്കുന്ന ശംഖ ചക്ര രേഖകൾ കാണിച്ചു കൊടുത്തു. എന്നിട്ടു അതു ഭഗവാന്റെ അടയാളങ്ങളാണു എന്നു പറഞ്ഞു കൊടുത്തു. പൊട്ടിക്കരഞ്ഞു കൊണ്ടു അവൾ ബ്രാഹ്മണനായി വന്നതും, ജമീന്ദാരായി വന്നതും ഭഗവാൻ തന്നെയാണു എന്നു ശ്രീനിവാസനോട് പറഞ്ഞു. പക്ഷെ ശ്രീനിവാസനു  അതു ഉൾക്കൊള്ളാൻ  ആയില്ല. 'അതെങ്ങനെ ?' അയാൾ ചോദിച്ചു. 'ബ്രാഹ്മണൻ വളരെ മെലിഞ്ഞവനായിരുന്നു. ജമീന്ദാർ തടിച്ചവനും. എങ്ങനെ രണ്ടു പേരും ഒന്നു തന്നെ എന്നു നീ പറയുന്നു?' അതിനു ലക്ഷ്മി ഭഗവാൻ ഇതു രൂപവും എടുക്കാൻ കഴിവുള്ളവനാണ്‌ എന്നു പറഞ്ഞു.
         ലക്ഷ്മിയുടെ കരച്ചിൽ പതുക്കെ പതുക്കെ ശ്രീനിവാസനെയും ബാധിച്ചു തുടങ്ങി. വീണ്ടും വീണ്ടും അയാൾ ആ ബ്രാഹ്മണന്റെ കാര്യം ഓരോന്നും ഓർത്തോർത്തു നോക്കി. അദ്ദേഹത്തിന്റെ സംസാര രീതി, അർത്ഥവത്തായുള്ള ആ ചിരി! എല്ലാം ഓർക്കുന്തോറും ഹൃദയം പതുക്കെ ഉരുകി തുടങ്ങി. ലക്ഷ്മി ഹൃദയം കൊണ്ടു ഭഗവാനെ വിളിച്ചിരുന്നു, എന്നും പാചകം ചെയ്ത ഭക്ഷണം മനസാ അർപ്പിച്ചിരുന്നു. അവളുടെ ഉള്ളിൽ നല്ല ഭക്തിയുണ്ടായിരുന്നു. അവൾക്കു വേണ്ടി ഭഗവാൻ വന്നത് ന്യായം. പക്ഷെ താനോ? ഒരിക്കൽ പോലും ഭഗവാനെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല. ക്ഷേത്രത്തിൽ ഒരു തുള്ളി എന്നാ പോലും നൽകിയിട്ടില്ല. അങ്ങനെയുള്ള തനിക്കു വേണ്ടിയും ഭഗവാൻ വരുമോ? വന്നോ? ചിന്തിക്കുന്തോറും അയാളുടെ ഹൃ
ദയം
കലങ്ങി മറിഞ്ഞുകൊണ്ടിരുന്നു.
          താൻ ആ ബ്രാഹ്മണനെ എത്ര മാത്രം അധിക്ഷേപിച്ചിരുന്നു. ആറു മാസത്തോളം എന്നെ ഇവിടെ അന്വേഷിച്ചു നടന്നു വന്നില്ലേ?മുപ്പതു മുക്കോടി ദേവന്മാരും ആരുടെ ദർശനത്തിനായി കാത്തിരിക്കുന്നുവോ ആ പ്രഭു തനിക്കു വേണ്ടി ഇത്രത്തോളം ഇറങ്ങി വന്നോ? എന്നിട്ടു എത്ര പ്രാവശ്യം താൻ ഇറക്കി വിട്ടിരിക്കുന്നു?സ്വയം പുച്ഛം തോന്നി. താൻ എത്ര നീചമായാണു ഇരുന്നിരുന്നത്! എന്നിട്ടു പാണ്ഡുരംഗൻ തന്റെ ഭാര്യയുടെ മൂക്കുത്തിക്കു പകരം വിലപിടിപ്പുള്ള ഒരു മൂക്കുത്തി സമ്മാനിച്ചില്ലേ? ലജ്ജ തോന്നുന്നു! ഇത്രയും കാലം ധനത്തിനു വേണ്ടി ആർത്തി പിടിച്ചിരുന്നു. ഭഗവാൻ ഇത്ര സൌലഭ്യ മൂർത്തിയാണോ. ചിന്തിക്കുന്തോറും  ഉള്ളിൽ മാറ്റം ഉണ്ടായി. ലക്ഷ്മിയും കരഞ്ഞു കൊണ്ടിരുന്നു. ഭഗവാനോട് തന്റെ ഭർത്താവിനെ മാറ്റണം എന്നു പ്രാർത്ഥിച്ചിരുന്നു. അതിനു വേണ്ടി പ്രഭു മാസങ്ങളോളം ഇവിടെ നടന്നു വന്നോ? അവൾക്കു സങ്കടം സഹിക്കാനായില്ല. വെറും വിഠലാ വിഠലാ എന്നു വിളിച്ചതിനു ഇങ്ങനെ ഒരു കൃപയോ? ഞങ്ങൾ കഴിക്കുന്ന ഭക്ഷണം അങ്ങയ്ക്കു അർപ്പിച്ചു എന്നത് കൊണ്ടു ഈ കാരുണ്യമൊ? അവൾ ഇതൊക്കെ പറഞ്ഞു കരയുന്നത് കേട്ട ശ്രീനിവാസന്റെ മനസ്സ് അലിഞ്ഞലിഞ്ഞു പോയി. ഭഗവാൻ ഇരുന്നിടത്തെ മണ്ണെടുത്ത്‌ മേലെല്ലാം പൂശി. പാണ്ഡുരംഗാ പാണ്ഡുരംഗാഎന്നു വിളിച്ചു കരഞ്ഞു തുടങ്ങി. ചുറ്റും കൂടി നിന്ന ജനങ്ങൾ ഇതെല്ലാം കണ്ടു അത്ഭുത പരതന്ത്രരായി നിൽക്കുകയാണ്. അവർ ഇതിനു മുൻപ് കണ്ടിട്ടുള്ള ഒരു ശ്രീനിവാസനല്ല ഇതു. ഭാര്യയും ഭാരതാവും ഭഗവാനെ വിളിച്ചു ഉരുകി കരയുന്നതു കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
            ആറു മാസത്തോളം താൻ വിരട്ടിയടിച്ച വിഠലനെ ഇപ്പോൾ കാണാൻ ശ്രീനിവാസന്റെ ഹൃദ്യം തുടിച്ചു. പക്ഷേ സാധിക്കില്ല. അതാണു ഭഗവാന്റെ ലീല. സുലഭനാണു. പക്ഷെ നമുക്കു  അതു മനസ്സിലാകില്ല. ഇത്രയും ദിവസം പാടു പെടുത്തി. ഉറക്കത്തിൽ പോലും തന്നെ വെറുതെ വിട്ടില്ല. ഇപ്പോൾ കാണണം എന്നു കൊതിച്ചു. രണ്ടു പേരും കരഞ്ഞു കൊണ്ടിരുന്നു. ഭക്ഷണം ഒന്നും കഴിച്ചില്ല. അവരുടെ അവസ്ഥ കണ്ടു എല്ലാവർക്കും സഹതാപം തോന്നി. ശ്രീനിവാസൻ എത്ര ഭാഗ്യവാനാണു! ഭഗവാൻ പ്രത്യക്ഷത്തിൽ അവന്റെ അടുത്തു വന്നിരിക്കുന്നു. നമുക്കാർക്കും ആ ഭാഗ്യം കിട്ടിയില്ലല്ലോ. ചിലർക്കൊക്കെ ബ്രാഹ്മണനെ കാണാൻ സാധിച്ചിരുന്നു. അവരൊക്കെ ഭഗവാനെ അറിയാതെ പോയാല്ലോ എന്നു  സങ്കടപ്പെട്ടു. ശ്രീനിവാസനെ അതു വരെ വെറുത്തിരുന്ന പലർ ക്കും വല്ലാതെ മതിപ്പ് തോന്നി. ശ്രീനിവാസന്റെ മാനസാന്തരം കണ്ടു ലക്ഷ്മിക്കു വല്ലാത്ത സന്തോഷവും ഉണ്ടായി. ലക്ഷ്മി ഇനിയും ഭഗവാൻ വരുമോ? എന്നുചോദിച്ചു കൊണ്ടേയിരുന്നു. വരും വരും നമ്മുടെ ഭക്തി അത്രത്തോളം ഉണ്ടെങ്കിൽ ഭഗവാൻ തീർച്ചയായും  വരും. ഒരു വിധം ശ്രീനിവാസനെ ലക്ഷ്മി സമാധാനിപ്പിച്ചു വീട്ടിൽ വിളിച്ചു കൊണ്ടു പോയി. ഭക്ഷണം വിളമ്പി വെച്ചു. പക്ഷെ ശ്രീനിവാസൻ അതു നോക്കി പണ്ഡുരംഗാ എന്നു വിളിച്ചു. ലക്ഷ്മി എന്താണെന്നു ചോദിച്ചു. തട്ടിലുള്ള ഭക്ഷണത്തെ ചൂണ്ടി കാണിച്ചു അതാ ഭഗവാൻ എന്നു  വിളിച്ചു. അയാൾക്കു ചുറ്റിലും കാണുന്നതെല്ലാം ഭാഗവാനായി തോന്നി. ലക്ഷ്മിയുടെ ഹൃദയം വിങ്ങി. പ്രഭോ ഇതു പോലെ ഒരു ഭക്തി എനിക്കില്ലല്ലോ! രാത്രി മുഴുവനും ശ്രീനിവാസാൻ വിഠലാ വിഠലാഎന്നു  പുലമ്പി കൊണ്ടേ ഇരുന്നു. അർദ്ധരാത്രി ലക്ഷ്മിയോടു പാണ്ഡുരംഗനെ കാണാൻ നമുക്കു  പോകാമോ എന്നു  ചോദിച്ചു. അവളുടെ ഉള്ളിൽ ആനന്ദം നിറഞ്ഞു. 'തീർച്ചയായും ! നമുക്കു പണ്ഡരീപുരം പോകാം' എന്നു പറഞ്ഞു. ഒരു വിധം നേരം വെളുപ്പിച്ചു.
        നേരം പുലർന്നതും ശ്രീനിവാസൻ ലക്ഷ്മിയോടു നമുക്കു പുറപ്പെടാം എന്നു ചോദിച്ചു. ലക്ഷ്മി സന്തോഷത്തോടെ കുറച്ചു സമയം തരു. വസ്ത്രങ്ങള എല്ലാം എടുക്കട്ടെ എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു ഒന്നും എടുക്കണ്ടാ നമുക്ക് പോയാല മതി എന്നു പറഞ്ഞു. ലക്ഷ്മി അത്ഭുതത്തോടെ കുറച്ചു ക്ഷമിക്കു. വീടൊന്നു ഒതുക്കി പൂട്ടണ്ടേ? എന്നു പറഞ്ഞു. ശ്രീനിവാസാൻ അതിനു എന്തിനു പൂട്ടണം.  അതൊക്കെ പാണ്ഡുരംഗൻ നോക്കിക്കൊള്ളും എന്നു പറഞ്ഞു. ലക്ഷ്മി ഭർത്താവിനെ സൂക്ഷിച്ചു നോക്കി. അദ്ദേഹം എന്താണു പറയുന്നതു? ശ്രീനിവാസൻ അവളോടു പണ്ഡരീപുരം പോയാൽ നാം ഇനി തിരിച്ചു വരാൻ പോകുന്നില്ല. അവിടെ തന്നെ ഇരിക്കും എന്നു പറഞ്ഞു. അപ്പോൾ ഈ വീടും സ്വത്തുക്കളുമോ എന്നവൾ ചോദിച്ചു. അതൊക്കെ പാണ്ഡുരംഗൻ വേണ്ടതു പോലെ ചെയ്തു കൊള്ളും എന്നു ഉത്തരം പറഞ്ഞു.
  ലക്ഷ്മി നമ്മുടെ മോൾക്കെങ്കിലും എന്തെങ്കിലും എടുക്കണ്ടേ എന്നു  ചോദിച്ചു. ശ്രീനിവാസാൻ ചിരിച്ചു. അവൾ പാണ്ഡുരംഗന്റെ സ്വത്താണ്. അവൾക്കു വേണ്ടതു അവൻ നോക്കിക്കൊള്ളും. ലക്ഷ്മിയുടെ ശരീരം വിറച്ചു. അവളുടെ ഭർത്താവ് എത്ര ഉന്നതമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു! ഒരൊറ്റ രാത്രിയിൽ എന്തൊരു മാറ്റം! ഉടു വസ്ത്രം മാത്രം എടുത്തു കൊണ്ടു കുട്ടിയെ എടുത്തു കൊണ്ടു അവർ പണ്ഡരിപുരത്തേക്കു തിരിച്ചു.  ദൂരെ നിന്നും ചന്ദ്രഭാഗാ നദി കണ്ടു. ഉടൻ അവിടെയെല്ലാം ആ ബ്രഹ്മണനെയോ ജമീന്ദാരെയൊ കാണാൻ പറ്റുമോ എന്നു  പരതി നോക്കി.
         ഒരു വിധം ലക്ഷ്മി ശ്രീനിവാസനെ കുളി കഴിഞ്ഞു ക്ഷേത്രത്തിലേക്കു കൊണ്ടു പോയി. ക്ഷേത്രത്തിന്റെ മുറ്റത്തു വന്നതും ശ്രീനിവാസൻ ഓടി അകത്തു ചെന്നു. ആർക്കും ആ ഭക്തനെ തടുക്കാൻ കഴിഞ്ഞില്ല. പണ്ഡരീനാഥന്റെ നേരെ മുന്നിൽ ചെന്നു നിന്നു. ഭഗവാന്റെ രൂപം കണ്ണിമയ്ക്കാതെ നോക്കി നിന്നു . ആ പാദങ്ങളിൽ പിടിച്ചു കൊണ്ടു കരഞ്ഞു തന്റെ പാപങ്ങളെ എല്ലാം കഴുകി കളഞ്ഞു. അങ്ങനെ ശ്രീനിവാസൻ തന്റെ ശേഷം ജീവിതം പണ്ഡരീനാഥന്റെ സേവയിൽ അവിടെ കഴിച്ചു കൂട്ടി. കാലക്രമേണ അദ്ദേഹം പുരന്ദരദാസ് എന്ന നാമധേയത്തിൽ അറിയപ്പെട്ടു. ലക്ഷ്മിയുടെ ഉള്ളു നിറഞ്ഞ ഭക്തി ഒരു ധന മോഹിയായ ശ്രീനിവാസനെ പോലും പുരന്ദരദാസ് എന്ന ഭക്തനാക്കി മാറ്റി. ഭക്തിയുടെ മഹിമയെ കുറി
ച്ചു ഇതിൽ കൂടുത്തൽ എന്തു പറയാനാണ്?രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍ പിള്ളൈ രഹസ്യം 
  (വാക്യം 64)
        രാധേകൃഷ്ണാ! ആചാര്യനായ രാമാനുജരോടു ആളവന്താർ തിരുവനന്തപുരം പോയ വിഷയം പെണ്‍പിള്ളൈ പറഞ്ഞു. തന്റെ ആചാര്യന്റെ വിഷയം കേട്ടതിൽ സന്തോഷിച്ച രാമാനുജർ അവളെ അനുഗ്രഹിച്ചു. സദ്ഗുരുവിനോടു സത്തായ വിഷയങ്ങളാണു പറയണ്ടതു. പെണ്‍പിള്ളൈ അതു ശരിയായി ചെയ്തു ആചാര്യ അനുഗ്രഹം സമ്പാദിച്ചു. അവൾ ഉടനെ അടുത്ത വാക്യം പറഞ്ഞു. 
ആരിയനൈ പിരിന്തെനോ ദൈവാരി ആണ്ടാനൈപ്പോലെ.
         ആരിയൻ എന്നു വെച്ചാൽ സർവ്വ  ഗുണ സമ്പന്നൻ എന്നർത്ഥം. ആചാര്യനെയാണു ഇങ്ങനെ പറയുന്നതു. ആളവന്താർ ഉത്തമനായ ഒരു ആചാര്യനാണു. അദ്ദേഹം അരയർ പാടിയത് കേട്ടു തിരുവനന്തപുരം പോകാൻ തീരുമാനിച്ചു രംഗരാജനോട്‌ സമ്മതം ചോദിച്ചു. രംഗരാജൻ 'ശരി സൂക്ഷിച്ചു പോയിട്ടു വേഗം വരൂ' എന്നുത്തരവ് കൊടുത്തു. ആചാര്യൻ പുറപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ എല്ലാ ശിഷ്യരും പുറപ്പെട്ടു. ആചാര്യന്റെ കൂടെ യാത്ര ചെയ്യുന്നതു ഒരു ഭാഗ്യം തന്നെയാണു. കാരണം വിവിധ അനുഭവങ്ങള നമുക്കു അപ്പോൾ ലഭിക്കും. ആളവന്താർ നോക്കിയപ്പോൾ സകലരും ആശ്രമത്തെ വിട്ടു പുറപ്പെട്ടു നിൽക്കുന്നു. എല്ലാവർക്കും പത്മനാഭനെ കാണണം എന്നാ മോഹം! അതു കൊണ്ടു രംഗരാജനെ വിട്ടു പോകാൻ അവർക്കു വിഷമം തോന്നിയില്ല.
      പക്ഷെ ആളവന്താർക്കു അതു ശരിയായി തോന്നിയില്ല. എല്ലാവരും അങ്ങനെ പോയാല ശരിയാവില്ല. മഠത്തിന്റെ പ്രതിനിധിയായി ഒരാളെങ്കിലും രംഗരാജന്റെ കൈങ്കര്യത്തിനു ഉണ്ടാവണം. എല്ലാവരുടെയും തല കുനിഞ്ഞു. എല്ലാവരും ഉള്ളിൽ പത്മനാഭാ എന്നെ വിളിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ആളവന്താർ ചുറ്റിലും നോക്കി. അദ്ദേഹത്തിന്റെ ഒരു ഉത്തമ ശിഷ്യനായ ദൈവാരി ആണ്ടാൻ അവിടെ നിൽക്കുന്നതു കണ്ട. അദ്ദേഹം ഗുരുവിന്റെ ആജ്ഞ പരിപാലിക്കുന്നതിൽ ബദ്ധ ശ്രദ്ധനായിരുന്നു. ഉത്തമമായ ശിഷ്യ ലക്ഷണം അതാണു. ആളവന്താർക്കു തന്റെ ശിഷ്യനിൽ പൂർണ്ണ  വിശ്വാസം ഉണ്ടായിരുന്നു. ദൈവാരി ആണ്ടാനും ആചാര്യന്റെ കൂടെ പോകണം എന്നു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആചാര്യന്റെ വാക്കു പാലിക്കണ്ടേ? അതു കൊണ്ടു ഒന്നും പറയാതെ തല കുനിച്ചു നിന്നു.
         അവരെല്ലാവരും പോയി കഴിഞ്ഞതിനു ശേഷം ദൈവാരി ആണ്ടാൻ രംഗരാജനു കൈങ്കര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്തു വന്നു. പക്ഷെ ഉള്ളിൽ ആചാര്യനെ പിരിഞ്ഞ ദുഃഖം അദ്ദേഹത്തെ വാട്ടി. അദ്ദേഹത്തിനു വിരഹം അസഹ്യമായി തീർന്നു. ആഹാരം തീരെ കഴിക്കാതെയായി. ശരീരം ശോഷിച്ചു വന്നു. ആചാര്യനെ പിരിഞ്ഞു ഞാൻ ഇങ്ങനെ ഇരിക്കുന്നല്ലോ എന്ന വിഷമം അദ്ദേഹത്തെ പീഡിപ്പിച്ചു. അദ്ദേഹത്തെ അടുത്തു അറിയുന്നവർ ചിലര് അദ്ദേഹത്തെ ഒരു വൈദ്യനെ കൊണ്ടു കാണിച്ചു. വൈദ്യൻ നോക്കിയപ്പോൾ ശാരീരികമായ ഒരു പ്രശ്നവും കാണുന്നില്ല.
ഇതു മനോ വിഷമം മൂലമാണ്. മനസ്സിലുള്ള ദുഃഖത്തെ നിവർത്തിക്കുക മാത്രമേ മാർഗ്ഗമുള്ളൂ. അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവനു തന്നെആപത്താണ് എന്നു പറഞ്ഞു.

                      അവർ അദ്ദേഹത്തോട് മനോവിഷമത്തിന്റെ കാര്യം അന്വേഷിച്ചു. ആചാര്യ വിരഹമാണെന്നു മനസ്സിലായി. ഒടുവിൽ അവർ എല്ലാവരും ചേർന്നു അദ്ദേഹത്തെ ഒരു പല്ലക്കിൽ എടുത്തു കൊണ്ടു തിരുവനന്തപുരത്തേക്കു ചെന്നു. ശ്രീരംഗത്തിൽ നിന്നും അവർ നടന്നു നടന്നു പോവുകയാണ്. അടുക്കുന്തോറും ഗുരു ധ്യാനം കൊണ്ടു അദ്ദേഹത്തിനു ബലം കൂടി കൂടി വന്നു. കുറെ കഴിഞ്ഞു അദ്ദേഹം പല്ലക്കു വിട്ടിട്ടു നടന്നു തുടങ്ങി.
         ആളവന്താർ തിരുവനന്തപുരത്തു ഏകദേശം സ്ഥിരമാക്കിയ പോലെയാണ്. എന്നും ഓരോ തീർത്ഥത്തിൽ സ്നാനം ചെയ്തു ഭഗവാനെ ദർശിക്കും. പത്മനാഭ ദർശനവും അനന്തപുര വാസവും അദ്ദേഹത്തിനു എന്തെന്നില്ലാത്ത സന്തോഷം നൽകിയിരുന്നു. പെട്ടെന്നു ആളവന്താരുടെ മനസ്സിൽ  ഒരു ചഞ്ചലം ഉണ്ടായി. നാദമുനികളുടെ ശിഷ്യനായ കുറുകൈകാവലൻ എന്ന മഹാൻ യോഗ രഹസ്യം പറഞ്ഞു തരാം എന്നു പറഞ്ഞിരുന്നതു ഓർമ്മ വന്നു. അദ്ദേഹം പറഞ്ഞിരുന്ന സമയം ഇതാണു. അതു കൊണ്ടു പെട്ടെന്നു തിരികെ പോകാൻ തീരുമാനിച്ചു ഉടനെ പുറപ്പെട്ടു. അവരെല്ലാവരും വേഗം നടക്കുകയാണ്. എതിരെ ദൈവാരി ആണ്ടാനും വന്നു കൊണ്ടിരുന്നു. കരമാനയാറ്റിന്റെ കരയിൽ ഇരുവരും കണ്ടു മുട്ടി.
        ഗുരുവിനെ കണ്ടപ്പോൾ ആണ്ടാൻ ഓടി വന്നു ആളവന്താരുടെ ചരണങ്ങളെ പിടിച്ചു കൊണ്ടു കരഞ്ഞു. ആളവന്താർ ഒന്നും മനസ്സിലാകാതെ 'ഇതു ആരാണ്' എന്ന് ചോദിച്ചു. ദൈവാരി ആണ്ടാനു ഹൃദയം പൊട്ടി പോയ പോലെ തോന്നി. ആചാര്യൻ തന്നെ മറന്നു പോയോ! ഉടനെ കൂടെ വന്നവരെല്ലാവരും അതു അദ്ദേഹത്തിന്റെ ശിഷ്യൻ ദൈവാരി ആണ്ടാനാണെന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'ഓഹോ രാമൻ സത്യസന്ധനായതു കൊണ്ടു ഭരതൻ ഇരുത്തിയ ഇടത്തിൽ തന്നെ ഇരുന്നു. ഞാൻ അങ്ങനെയല്ലാത്തതു  കൊണ്ടാണോ ഇയാൾ ഇവിടെ വന്നതു?' എന്നു  ചോദിച്ചു.
     ദൈവാരി ആണ്ടാൻ വിറച്ചു. താൻ അപരാധിയായില്ലേ? അദ്ദേഹം ആചാര്യന്റെ തിരുവടികളെ വിടാതെ പിടിച്ചു കൊണ്ടു കിടന്നു. അടുത്തതു ആളവന്താർ 'ഓ ഇനി ഞാൻ രാമൻ എന്നു നിരൂപിച്ചാൽ മാത്രമേ എഴുന്നേല്ക്കുകയുള്ളോ?' എന്നു ചോദിച്ചു. ദൈവാരി ആണ്ടാൻ ഭയന്നു  വിറച്ചു കൊണ്ടു ചാടി എഴുന്നേറ്റു. കണ്ണുകളിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകി. ആളവന്താർ ചിരിച്ചു. എന്നിട്ടു ശിഷ്യനെ ആലിംഗനം ചെയ്തു. ഉടൻ അദ്ദേഹത്തിന്റെ ശാരീരിക പീഡകൾ ഒക്കെ ഭേദമായി. ആളവന്താർ ശിഷ്യനോട് ക്ഷേത്രത്തിന്റെ ഗോപുരം കാണിച്ചു കൊണ്ടു 'പോയി പത്മനാഭനെ തൊഴുതു വരൂ.' എന്നു പറഞ്ഞു. ഉടനെ ആണ്ടാൻ അദ്ദേഹത്തോട് 'ക്ഷമിക്കണം എന്റെ അനന്തപുരം ഈ ചരണങ്ങളിൽ തന്നെയാണ് എന്ന് പറഞ്ഞു വീണ്ടും നമസ്ക്കരിച്ചു. അത്ര ശ്രേഷ്ഠമായ ഒരു ഗുരു ഭക്തിയായിരുന്നു അദ്ദേഹത്തിനു. പെണ്‍പിള്ളൈ ഇതു  പറഞ്ഞിട്ടു  അതു പോലെ അടിയാൾക്കു ഒരു  വിരഹ താപം ഒന്നും ഇല്ല. താൻ ഇവിടെ ഇരിന്നാലും പ്രയോജനമില്ല, പോയാലും നഷ്ടമില്ല എന്നു രാമാനുജരോടു പറഞ്ഞു. തന്റെ ആചാര്യൻ സംബന്ധപ്പെട്ട വിഷയം കേട്ടു രാമാനുജർ സന്തോഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

    

Thursday, December 13, 2012

പ്രേമവേദം - ഡിസംബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
സോയം ചതുര്യുഗ സഹസ്രമിതാന്യഹാനി 
താവന്മിതാശ്ച രാജനീർ ബഹുശോ നിനായ 
നിദ്രാത്യസൗത്വയി നിലീയ സമം സ്വസൃഷ്ടൈർ 
നൈമിത്തിക പ്രളയമാഹുരതോസ്യ രാത്രിം.
(ദശഃ 8 ശ്ലോകഃ 2)
       ആയിരം ചതുർയുഗങ്ങളോടു കൂടിയ പകലുകളും അതേ വലുപ്പത്തിലുള്ള രാത്രികളും ധാരാളം കഴിച്ചു കൂട്ടിയ ബ്രഹ്മാവ്‌ രാത്രി കാലങ്ങളിൽ തന്റെ സൃഷ്ടികളോട് കൂടി അതിൽ ലയിച്ചു നിദ്ര ചെയ്യുന്നു. അതിനാല ബ്രഹ്മാവിന്റെ രാത്രിക്കു നൈമിത്തിക പ്രളയം എന്ന് ജ്ഞാനികൾ കൊടുത്തിട്ടുള്ള നാമം.
 (പണ്ഡിറ്റ്‌  ഗോപാലൻ നായർ)

സദ്ഗുരുവാത്സല്യം 
           സ്വാമി രാമാനുജർക്കു പോലും മഠത്തിൽ ധനതിന്റെ കുറവ് അനുഭവപ്പെട്ടു എന്നു നാം കഴിഞ്ഞ ലക്കത്തിൽ കണ്ടു. നിത്യവും അവിടെ തയിരു കൊണ്ടു തന്നിരുന്ന തയിർക്കാരിക്കു പോലും പണം കടം പറയേണ്ടി വന്നു. തയിർക്കാരി പല കുറി അവരോടു ചോദിച്ചു നോക്കിട്ടു അവസാനം സ്വാമി രാമാനുജരെ തന്നെ കാണണം എന്നു ശഠിച്ചു. ഗത്യന്തരം ഇല്ലാതെ ശിഷ്യർ അദ്ദേഹത്തെ ചെന്നു കാര്യം അറിയിച്ചു. അദ്ദേഹം ഒരിടത്തിരുന്നു നാമജപം ചെയ്യുകയായിരുന്നു. മടിച്ചു മടിച്ചു അവർ അദ്ദേഹത്തോടു തയിർക്കാരിയുടെ കാര്യം പറഞ്ഞു. അദ്ദേഹം അവളെ കാണാൻ വരാൻ പറഞ്ഞു. അവൾ വന്ന ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു അവളോടു 'അമ്മേ ക്ഷമിക്കണം. നിങ്ങൾക്കു ഇത്രയും ബുദ്ധിമുട്ടു ഉണ്ടാക്കിയതിൽ വിഷമം ഉണ്ടു. ഇപ്പോൾ മഠത്തിൽ ധനത്തിനു കുറച്ചു ബുദ്ധിമുട്ടു ഉള്ളതിനാലാണു അങ്ങനെ വന്നു പോയത്. ഒരു കാര്യം ചെയ്യു. ഇനി കുറച്ചു ദിവസത്തേക്കു നിങ്ങൾ മഠത്തിനു തയിരു തരേണ്ടാ. ഞങ്ങൾ നിങ്ങളുടെ പണം നൽകിയതിനു ശേഷം തന്നാൽ മതി' എന്നു പറഞ്ഞു.
                  സ്വാമി രാമാനുജർ പറഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ നിറഞ്ഞൊഴുകി കൈ കൂപ്പി കൊണ്ടു 'അങ്ങ് എന്തിനാണു അടിയന്റെ സൌഭാഗ്യത്തെ തട്ടിപ്പറിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർ ചിരിച്ചു. 'മഠത്തിൽ നിന്നും ധനം ബാക്കി ഉണ്ടെന്നു നിങ്ങളല്ലേ പറഞ്ഞതു. തൽക്കാലം മഠത്തിന്റെ ധനസ്ഥിതി കുറച്ചു മോശമാണ്. നിങ്ങൾക്കു ധനത്തിന്റെ ആവശ്യം ഉണ്ടു. തയിരു വിറ്റു വരുന്ന കാശ് കൊന്റാണു ജീവിതം കഴിക്കുന്നതു എന്നൊക്കെ പറഞ്ഞില്ലേ. അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതു. ഇപ്പോൾ നിങ്ങൾ ഇങ്ങനെ പറയുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്‌' എന്നു ചോദിച്ചു.
          ഉടനെ ആ സ്ത്രീ 'ശരിയാണ്. പക്ഷെ കടം ബാക്കി അങ്ങനെ തൽക്കാലം ഇരിക്കട്ടെ. ഞാൻ തുടർന്നും തയിരു തരാം. പക്ഷെ ആ ബാക്കി പണത്തിനു പകരം എനിക്കു അങ്ങ് മറ്റൊന്നു തന്നാൽ മതി' എന്നു പറഞ്ഞു. സ്വാമി രാമാനുജർ അതിനു 'ശരി എന്തു പകരം തരണം എന്നു പറയു. ഞാൻ ഒരു സന്ന്യാസി, കൂടെ ഇരിക്കുന്നവർ പരദേശികൾ ഞങ്ങൾക്കു എന്ത് ചെയ്യാൻ സാധിക്കും' എന്നു പറഞ്ഞു. അതിനു ആ സ്ത്രീ 'അത് സാരമില്ല. അടിയനു തയിരിനു പകരം വൈകുണ്ഠത്തിൽ ഒരിടം തന്നാൽ മതി' എന്നു പറഞ്ഞു. തയിരു ബാക്കിക്കു വൈകുണ്ഠത്തിൽ ഒരിടം -ഇതു കേട്ടു രാമാനുജരുടെ കണ്ണുകൾ അത്ഭുതം കൊണ്ടു വിടർന്നു. എത്രയോ പേർ അദ്ദേഹത്തെ സമീപിച്ചു എന്തൊക്കെയോ ചോദിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായാണു ഒരാൾ മോക്ഷം ആവശ്യപ്പെടുന്നത്. മക്കളുടെ കല്യാണം, ജോലി, കുട്ടികൾ, തുടങ്ങി എത്രയോ കാര്യങ്ങൾ ചോദിക്കും. പക്ഷെ മോക്ഷം മാത്രം ആരും ചോദിക്കില്ല.കലിയുഗത്തിൽ ഇങ്ങനെ മോക്ഷം ചോദിക്കാൻ വേറെ ആരും ഇല്ല. രാമാനുജർക്കു അത്ഭുതം തോന്നി. 
        രാമാനുജർ അവളോടു 'മകളേ മോക്ഷം തരാനുള്ള ശക്തിയൊന്നും എനിക്കില്ല. വൈകുണ്ഠത്തിൽ ഒരിടം തരാനുള്ള അധികാരം എനിക്കില്ല. അതു രംഗനാഥന്റെ പക്കലാണു. ഞാൻ വേണമെങ്കിൽ ഒരു കാര്യം ചെയ്യാം രംഗനാഥനോട് നിനക്കു വേണ്ടി പ്രാർത്ഥിക്കാം' എന്നു പറഞ്ഞു. തയിരു കൊടുത്ത കടത്തിനു പകരം എന്തു ധൈര്യത്തിൽ മോക്ഷം ചോദിച്ചു എന്നൊന്നും അവളോടു കയർക്കാൻ പോയില്ല. ഉടനെ അവൾ 'അങ്ങ് പറഞ്ഞതു  ശരി തന്നെ. അങ്ങു എനിക്കു വേണ്ടി രംഗനാഥനോടു പ്രാർത്ഥിക്കും. പക്ഷെ അതു വരെ ഞാൻ ഉണ്ടാവുമോ എന്നറിയില്ല.'
'അപ്പോ ഞാൻ എന്താ ചെയ്യേണ്ടത്?
'അങ്ങു ഒരുകാര്യം മാത്രം ചെയ്‌താൽ മതി. അങ്ങു രംഗരാജനു ഒരു കത്തു എഴുതി തന്നാൽ മതി. ഞാൻ രംഗനാഥനോടു പറഞ്ഞോളാം.'
രാമാനുജർ വീണ്ടും ആശ്ചര്യപ്പെട്ടു. ദേവന്മാർ പോലും മുൻപിൽ വന്നു നില്ക്കാൻ ഭയപ്പെടുന്ന രംഗരാജനോടു അവൾ സംസാരിച്ചു കൊള്ളാം എന്നു പറയുന്നു. എന്തൊരു ധൈര്യം! രാമാനുജർ അവളോടു 'ഞാൻ ഒരു കത്ത് തന്നാൽ രംഗരാജൻ നിന്റെ കാര്യം സാധിച്ചു തരും എന്നു നീ വിശ്വസിക്കുന്നുവോ? എന്നു ചോദിച്ചു. അവൾ 'പൂർണ്ണമായും വിശ്വസിക്കുന്നു' എന്നു പറഞ്ഞു. 
സ്വാമി രാമാനുജർക്കു ആശ്ചര്യം തോന്നി. മറ്റുള്ള ശിഷ്യർ അത്ഭുതത്തോടെ നോക്കി. ചിലർക്കു ഇതു ഭ്രാന്താണെന്നു തോന്നി. 
 എന്തായാലും രാമാനുജർ സന്തോഷത്തോടെ ഒരു കത്തു എഴുതി. 
'അഖിലാണ്ഡകോടി  ബ്രഹ്മാണ്ഡ നായകനായ എന്റെ സ്വാമിൻ, അടിയാൻ ദാസാനുദാസൻ രാമാനുജാൻ ഇതിനാൽ എഴുതി അറിയിച്ചു കൊള്ളുന്നത്‌.  മഠത്തിൽ ധനസ്ഥിതി കുറച്ചു മോശമായിരിക്കുന്നത് കൊണ്ടു തയിരുകാരിക്കു ബാക്കി കൊടുക്കാൻ ഉണ്ട്. അതിനു പകരമായി ആ സ്ത്രീക്കു  വൈകുണ്‍ഠ ത്തിൽ ഒരിടം നല്കുവാൻ അവൾ എന്നോടു അപേക്ഷിച്ചു അതു അങ്ങയുടെ സ്വത്താണ് അത് കൊണ്ടു അങ്ങ് അവൾക്കു വെണ്ട വിധം ചെയ്തു നമ്മെ ഈ കടത്തിൽ നിന്നും മോചിപ്പിക്കണം എന്നു അപേക്ഷിക്കുന്നു. എന്നിങ്ങനെ രാമാനുജൻ എന്നു ഒപ്പും വെച്ചു. ദേവന്മാർ അത്ഭുത പരതന്ത്രരായി നോക്കി നിൽക്കുകയാണ്. എത്ര സുലഭം ! ഇതു ആർക്കും  ചെയ്യാവുന്നതല്ലെയുള്ളൂ ! പക്ഷെ എല്ലാർക്കും ഇങ്ങനെ ഒരു ഉറച്ച വിശ്വാസം ഉണ്ടോ? ഇല്ല എന്നതാണു സത്യം. 
      തയിരുകാരി രാമാനുജരുടെ പക്കല നിന്നും ആ കത്തു വാങ്ങി തന്റെ എളിയിൽ തിരുകി വെച്ച് കൊണ്ടു ഗാംഭീര്യത്തോടെ നടന്നു. ഈ ലോകം തന്നെ ജയിച്ചു എന്ന ഭാവമായിരുന്നു അവൾക്കു! ഇന്നലെ വരെ വളരെ ഒതുക്കത്തോടെ നടന്നു തയിര് വിട്ടു കൊണ്ടിരുന്ന അവളുടെ ഇന്നത്തെ നടപ്പ് കണ്ടു ജനങ്ങൾ അത്ഭുതപ്പെട്ടു. ആരൊക്കെയോ അവളെ വിളിച്ചു - 'ഹേ തയിരുകാരി ! നീ എവിടെ പോകുന്നു. നോക്കു നാളെ എനിക്കു കുറച്ചധികം തയിരു കൊണ്ടു തരണം' എന്നു പറഞ്ഞു. 
അതിനു അവൾ 'അമ്മ നാളെ മുതൽ നിങ്ങൾ തയിരു കൊണ്ടു തരുവാൻ വേറെ ആളിനെ നോക്കണം' എന്നു പറഞ്ഞു. അവർ അത്ഭുതത്തോടെ 'എന്താടീ നീ എവിടെയെങ്കിലും പോകുന്നോ? എന്നു ചോദിച്ചു. 'അതെ അതെ അമ്മ. ഞാൻ നേരെ വൈകുണ്ഠത്തിനു പോകുന്നു' എന്നു പറഞ്ഞു. ഇതു കേട്ട അവർക്കു  ഒന്നും മനസ്സിലായില്ല. ഒരു പക്ഷെ അവൾക്കു ഭ്രാന്തായോ എന്ന് വിചാരിച്ചു. 'നീ വൈകുണ്ഠത്തിനു പോകുന്നു എന്ന് ആരാ പറഞ്ഞത്? എന്ന് ചോദിച്ചു. ഉടനെ അവൾ സ്വാമി രാമനുജർ പറഞ്ഞു എന്നു മറുപടി പറഞ്ഞു. ആർക്കും ഒന്നും മനസ്സിലായില്ല. 
        തയിരുകാരി ഒന്നും വകവെച്ചില്ല. അവൾ നേരെ ശ്രീരംഗനാഥനെ കാണാൻ ചെന്നു. 'സ്വാമി രംഗനാഥാ' എന്നു വിളിച്ചു. പ്രഭു നോക്കി. യാതൊരു മുഖവുരയം ഇല്ലാതെ അവൾ വിളിക്കുന്നതു കേട്ടു ഭഗവാനു ആനന്ദം. 'എന്റെ അർച്ചാവതാര മൂര്തിയിൽ ഇത്രയേറെ വിശ്വാസമോ എന്നു നോക്കി. ഉടനെ തന്നെ 'എന്തോ' എന്നു വിളി കേട്ടു. ഉടനെ അവൾ 'നാളെ എനിക്കു വൈകുണ്ഠത്തിലേക്ക് വരണം. പുഷ്പക വിമാനം അയച്ചു തന്നെക്കു' എന്നു പറഞ്ഞു. ഭഗവാന്റെ കണ്ണുകൾ വിടർന്നു വലുതായി.
എന്തു? വൈകുണ്ഠമോ? അതിനു നീ എന്തു ചെയ്തു? കർമ്മ യോഗമോ ജ്ഞാന യോഗമോ, ഭക്തി യോഗമോ  എന്താണു ചെയ്തതു എന്നു ചോദിച്ചു. 
'അതിനേക്കാൾ ഒക്കെ വിശേഷപ്പെട്ടതു' എന്നു  പറഞ്ഞു.
'അതെന്താണ്' ഭഗവാൻ ചോദിച്ചു...
'രാമാനുജരുടെ ശുപാർശ  കത്തു' അവൾ കത്തു  എടുത്തു വീശി കാണിച്ചു. 'നാളെ എനിക്കു മോക്ഷത്തിനു പുഷ്പക വിമാനം അയച്ചു തരണം' എന്നു പറഞ്ഞു. 
ശ്രീരംഗനാഥൻ  അന്ധാളിപ്പോടെ 'രാമാനുജന്റെ കത്തോ? എപ്പോൾ തന്നു? എന്നു ചോദിച്ചു. അന്തര്യാമി അറിയാത്ത ഒരു കാര്യവും ഉണ്ടോ? പക്ഷെ നമ്മെ കുഴക്കി വശക്കുന്നതിൽ മന്നനുമാണല്ലൊ. 
അവൾ കത്തു  എടുത്തു നീട്ടി. ഭഗവാൻ  കത്തു  വായിച്ചു. 'ഹാ എന്റെ രാമാനുജന്റെ കത്തോ! 
അവൾ പെട്ടെന്നു കത്തു പിൻവലിച്ചു. 'നാളെ എനിക്കു  വേണ്ടി പുഷ്പക വിമാനം അയച്ചു തരു' എന്നു അധികാരപ്പെടുതിയിട്ടു തിരിഞ്ഞു നടന്നു. ക്ഷേത്ര ജീവനക്കാർ അത്ഭുതപ്പെട്ടു നോക്കിയിരുന്നു പോയി. യാതൊരു ഔപചാരീകതയും ഇല്ലാതെ അവൾ ഭഗവാനെ വിളിച്ചതും പറഞ്ഞതും കേട്ടു  അവർ അന്ധാളിച്ചു പോയി. 
        എന്തായാലും പിറ്റേ ദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടു അവൾ മോക്ഷപ്രാപ്തിയടഞ്ഞു. രാമനുജർ എന്ന സദ്ഗുരുവിൽ അവൾക്കുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം അവളെ മോക്ഷ പദത്തിൽ എത്തിച്ചു. ഏല്ലാവരും സ്തബ്ധരായി നിന്നു പോയി. അവർക്കാർക്കും ഇതു തോന്നിയില്ലല്ലോ. അവൾക്കു സഹസ്രനാമം ചൊല്ലാൻ അറിയില്ല. ദിവസവും ക്ഷേത്രത്തിൽ വന്നു ദര്ശനം ചെയ്യാൻ സമയമില്ല. അവൾക്കു അറിയാവുന്നത് തയിരു വില്പന ഒന്നു മാത്രം. പക്ഷെ ആ തയിര് കടം കൊടുത്തു സദ്ഗുരുവിൽ നിന്നും മോക്ഷ സാമ്രാജ്യം അവൾ സുലഭമായി നേടി. സദ്ഗുരുനാഥന്റെ കൃപ വൈകുണ്ഠം വരെ എത്തും. അപ്പോൾ ഈ ലോക സുഖങ്ങളുടെ കാര്യം പറയുകയും വേണോ? 
     ഒരു ഗുരുവിനെ ആശ്രയിക്കു. അദ്ദേഹത്തെ മുറുകെ പിടിക്കു. ആ വിശ്വാസം നിങ്ങളെ തീർച്ചയായും  ഈ സംസാര സാഗരം കടക്കാൻ സഹായിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
        രാധേകൃഷ്ണാ! പിശുക്കനായ ഒരു ഭർത്താവിന്റെ ഭക്തയായ സാധു ഭാര്യയുടെ കഥ നാം തുടർന്നു വായിച്ചു വരുന്നു. കഴിഞ്ഞ ലക്കത്തിൽ ഒരു സാധു ബ്രാഹ്മണനു ലക്ഷ്മി തന്റെ മൂക്കുത്തി ദാനം ചെയ്തതും. അതറിയാതെ അവളുടെ ഭർത്താവു അവളോടു അപ്പോൾ മൂക്കുത്തി കാണിക്കാൻ ആവശ്യപ്പെടുന്നതും കണ്ടു. സത്യം പറഞ്ഞാൽ അയാൾ അവളെ കൊല്ലാതെ കൊല്ലും. പക്ഷെ ഇപ്പോൾ മോതിരം ചോദിച്ചാൽ തനിക്കു എന്ത് പറയാൻ സാധിക്കും. ഗത്യന്തരം ഇല്ലാതെ അവൾ സർവ്വവും ഭഗവാനിൽ അർപ്പിച്ചു  തന്റെ ആഭരണ പ്പെട്ടി രംടും കല്പിച്ചു ശ്രീനിവാസന്റെ നേർക്കു നീട്ടി. എന്തു സംഭവിച്ചാലും നേരിടുക തന്നെ എന്നു തീരുമാനിച്ചു. കണ്ണു രണ്ടും മുറുകെ അടച്ചു അവൾ നാമം ജപിച്ചു കൊണ്ടു നിന്നു. 
       ശ്രീനിവാസാൻ ആർത്തിയോടെ പെട്ടിയിൽ നോക്കി. അതാ അവിടെ ജ്വലിച്ചു കൊണ്ടു ഒരു മൂക്കുത്തി! തന്റെ ഭാര്യയുടെ മൂക്കുത്തി ബ്രാഹ്മണൻ തന്ന മൂക്കുത്തിയെക്കാൾ കുറഞ്ഞതാണെങ്കിൽ അതു  മാറ്റി തന്റെ ഭാര്യയുടെ മൂക്കുത്തി അയാൾക്കു തിരികെ കൊടുക്കാം എന്നു കരുതിയാണ് ശ്രീനിവാസാൻ അവളോടു മൂക്കുത്തി ചോദിച്ചതു. പക്ഷേ ആഭരണപ്പെട്ടിയിൽ ഉണ്ടായിരുന്ന മൂക്കുത്തി വളരെ വിലപിടിപ്പുള്ള കല്ലു കൊണ്ടായിരുന്നു. 'എടീ നീ ഈ മൂക്കുത്തിയാണോ ഇത്രയും നാൾ ഇട്ടു നടന്നതു? ഇത്രയും വിലപിടിപ്പുള്ളതാണെന്നു ഞാൻ അറിഞ്ഞില്ലല്ലോ' എന്നയാൾ പറഞ്ഞു. ശ്രീനിവാസാൻ പറഞ്ഞത് കേട്ട ലക്ഷ്മി കോരിത്തരിച്ചു പോയി. എന്തു! മറ്റൊരു മൂക്കുത്തിയോ? തന്നെ രക്ഷിക്കാൻ പാണ്ഡുരംഗൻ ഈ ലീല കാണിച്ചുവോ? വിഠലാ! എനിക്കു  വേണ്ടി നീ ഇതു ചെയ്തല്ലോ! എനിക്കു എന്തു  അർഹതയാണുള്ളതു? അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അവൾക്കു ഒന്നും പറയുവാൻ പോലും ആയില്ല. കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണീർ ഒഴുകി.
        ശ്രീനിവാസൻ അതു ശ്രദ്ധിച്ചു. 'നീ എന്തിനാ കരയുന്നതു? മൂക്കുത്തി കളഞ്ഞു പോയില്ലല്ലോ. ഇവിടെ തന്നെ ഉണ്ടല്ലോ. പക്ഷെ ഒന്നു മാത്രം മനസ്സിലാകുന്നില്ല. നീ എന്നും ഇടുന്ന മൂക്കുത്തി ഇത്രയും തിളക്കം ഇല്ല. ഇതിനു എങ്ങനെ ഇത്രയും തിളക്കം വന്നു? എനിക്കു ഒരു പിടിയും കിട്ടുന്നില്ല.' എന്നു പറഞ്ഞു. ലക്ഷ്മി 'വിഠലാ വിഠലാ' എന്നുറക്കെ കരഞ്ഞു. ശ്രീനിവാസൻ അവൾ എന്തിനാണു കരയുന്നതെന്നു  ചോദിച്ചു. അവൾ ഭ്രാന്തിയെ പോലെ ഭഗവാനെ വിളിച്ചു കരഞ്ഞു കൊണ്ടെ ഇരുന്നു. 'എന്തു  പറ്റിയെടി? എന്തിനാ കരയുന്നതെന്നു പറഞ്ഞു തുലയ്ക്കു' എന്നു പറഞ്ഞു ശ്രീനിവാസാൻ അവളെ പിടിച്ചു കുലുക്കി. 'ഭഗവാന്റെ കാരുണ്യം എനിക്കു താങ്ങാൻ സാധിക്കുന്നില്ല' എന്നവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
'ഭഗവാന്റെ കാരുണ്യമോ? അതിനിപ്പൊ എന്തു സംഭവിച്ചു? എന്നയാൾ ചോദിച്ചു. 
          ലക്ഷ്മിക്കു ഒന്നും മറച്ചു വെക്കാനായില്ല. അവൾ നടന്നതെല്ലാം തുറന്നു പറഞ്ഞു. ഒരു സാധു ബ്രാഹ്മണൻ വന്നതും, താൻ തന്റെ മൂക്കുത്തി ദാനം ചെയ്തതും എല്ലാം. ശ്രീനിവാസൻ വന്നു മൂക്കുത്തി ചോദിച്ചപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഭഗവാനെ പ്രാർത്ഥിച്ചതും, അപ്പോൾ മൂക്കുത്തി അതിൽ ഇരുന്നതും എല്ലാം. ശ്രീനിവാസൻ അതു കേട്ടു ഞെട്ടി. 'നീ എന്തൊക്കെയാ ഈ പറയുന്നതു? ആ ബ്രാഹ്മണൻ ഇവിടെ വന്നു എന്നോ? നിന്റെ മൂക്കുത്തി നീ അയാൾക്കു ദാനം ചെയ്തു എന്നോ? അപ്പോൾ ഇതിൽ ഇരിക്കുന്ന മൂക്കുത്തി ഏതാണ്? ആ ജമീന്ദാർ തന്ന മൂക്കുത്തി എങ്ങനെ നിന്റേതു പോലെ ഇരിക്കുന്നതു? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ!'
ലക്ഷ്മി: ചിലപ്പോ ആ ബ്രാഹ്മണൻ അത് കൊണ്ടു പോയി ജമീന്ദാർക്കു വിറ്റിരിക്കും.
ശ്രീനിവാസാൻ : അപ്പൊ ഈ മൂക്കുത്തി ഏതാണ്? എനിക്കു  തല ചുറ്റുന്ന പോലെ ഇരിക്കുന്നു. 
ശ്രീനിവാസനു എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ആ ബ്രാഹ്മണനും ജമീന്ദാർക്കും എന്തെങ്കിലും സംബന്ധം ഉണ്ടാവുമോ? പിന്നെയും പിന്നേയും അയാൾക്കു സംശയം വന്നു കൊണ്ടെ ഇരുന്നു. ലക്ഷ്മി ഉടനെ അതു ചിലപ്പോൾ ഭഗവാൻ പാണ്ഡുരംഗൻ തന്നെയാവുമോ എന്നു സംശയം പ്രകടിപ്പിച്ചു. 'ഹേ പാണ്ഡുരംഗനോ! നീ പ്രാര്ത്ത്ഹിക്കുന്ന ദൈവമോ? ഇതൊക്കെ നടക്കുമോ?' എന്ന് ശ്രീനിവാസൻ ചോദിച്ചു. ഉടനെ ലക്ഷ്മി 'അറിയില്ല ഭക്തി ഉള്ളവർക്കു ഭഗവാൻ പ്രത്യക്ഷമാണു. പക്ഷേ എനിക്കു അത്ര ഭക്തി ഉണ്ടോ എന്നറിയില്ല. ഭഗവാൻ ഭക്ത വൽസലനാണു എന്നു എനിക്കുറപ്പാണ്.'എന്നു പറഞ്ഞു. 
ശ്രീനിവാസൻ: അപ്പോ ബ്രാഹ്മണനായി വന്നതു നിന്റെപാണ്ഡുരംഗനാണോ?
ലക്ഷ്മി: ചിലപ്പോൾ ആയിരിക്കാം. അദ്ദേഹം എന്നെ അനുഗ്രഹിച്ചു.
ശ്രീനിവാസൻ: എന്തു പറഞ്ഞു അനുഗ്രഹിച്ചു?
ലക്ഷ്മി: നിന്റെ ആഗ്രഹം പോലെ നിനക്കു പണ്ഡരീ ദർശനം കിട്ടും എന്നു പറഞ്ഞു. 
ശ്രീനിവാസൻ: ഹേ നിനക്കു അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ?
ലക്ഷ്മി മടിച്ചു മടിച്ചു 'എന്നെങ്കിലും സാധിച്ചാൽ പോയാല കൊള്ളാം എന്ന് ആഗ്രഹിച്ചിരുന്നു' എന്നു പറഞ്ഞു. 
ശ്രീനിവാസൻ: നീ അതു ആ കിഴവനോട് പറഞ്ഞോ? 
ലക്ഷ്മി: ഇല്ല.
ശ്രീനിവാസൻ: അപ്പൊ പിന്നെ അയാൾക്കു എങ്ങനെ മനസ്സിലായി? 
ലക്ഷ്മി: അറിയില്ല.
ശ്രീനിവാസൻ: നീ ഇതിനു മുൻപു ദാനമോ വഴിപാടോ എന്തെങ്കിലും നടത്തിയിട്ടുണ്ടോ?
ലക്ഷ്മി: സത്യമായിട്ടും ഒരു പൂവ് പോലും അർപ്പിചിട്ടില്ല.
ശ്രീനിവാസൻ: അപ്പോൾ പിന്നെങ്ങനെ ഭഗവാൻ വരും?
ലക്ഷ്മി: ഭഗവാൻ നാം നൽകുന്ന വസ്തുവല്ല ഹൃദയത്തെയാണു നോക്കുന്നതെന്നു കേട്ടിട്ടുണ്ട്. 
ശ്രീനിവാസാൻ: അപ്പൊ നീ ഇതുവരെയും ഉണ്ടിയലിലൊ മറ്റോ എന്തെങ്കിലും ഇട്ടിട്ടുണ്ടോ ഞാനറിയാതെ?
ലക്ഷ്മി: സത്യമായിട്ടും ഒന്നും ചെയ്തിട്ടില്ല. എന്നും ഞാൻ പാചകം ചെയ്യുന്ന ഭക്ഷണം ഭഗവാനു മാനസീകമായി അർപ്പിക്കും. അത് മാത്രമേ ചെയ്തിട്ടുള്ളു.
ശ്രീനിവാസൻ അന്ധാളിച്ചു നിന്നു. ആ പുതിയ മൂക്കുത്തി വന്നതു തീർച്ചയായും ഒരു അമാനുഷീക ശക്തി കൊണ്ടു തന്നെയാണു. അത് ഭഗവാൻ ആണെന്നു കരുതിയാൽ ലക്ഷ്മിയുടെ ഭക്തിക്കു ഭഗവാൻ വശം വദനായി എന്നു സാരം. ഒരു വസ്തുവും കൊടുക്കാതെ തന്നെ അവൾ ഭഗവാനെ പ്രീതിപ്പെടുതിയിരിക്കുന്നു! ചിന്തിക്കുന്തോറും അയൾക്കു അത്ഭുതം കൂടി കൂടി വന്നു. മനസ്സു  കലങ്ങി മറിഞ്ഞു. ഒരു വല്ലാത്ത അവസ്ഥയിൽ  അയാൾ എത്തി ചേർന്നു. നമുക്കു  ശ്രീനിവാസനെ കുറച്ചു നേരം ആ സ്ഥിതിയിൽ വിടാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
 (വാക്യം 63) 
അനന്തപുരം പുക്കേനോ ആളവന്താരൈ പോലെ  
          രാധേകൃഷ്ണാ! നാദമുനികൾ വംശത്തിൽ വന്നതാണു ആളവന്താർ.  വൈഷ്ണവ സമ്പ്രദായത്തിന്റെ നെടും തൂണാണു നാദമുനികൾ. മറഞ്ഞു കിടന്ന ഈ സമ്പ്രദായത്തെ പുനരുദ്ധരിച്ചതിൽ അദ്ദേഹത്തിന്റെ പങ്കു വളരെയാണ്. അദ്ദേഹത്തിന്റെ കൊച്ചു മകനാണ് ആളവന്താർ അഥവാ യാമുനാചാര്യൻ. അഞ്ചു വയസ്സ് ബാലനായിരുന്ന അദ്ദേഹം ഒരിക്കൽ രാജസഭയിൽ ആക്കിയാൾവാൻ എന്ന ഒരു പണ്ഡിതനുമായി തർക്കത്തിൽ ഏർപ്പെട്ടു  ജയിച്ചു. ആക്കിയാൾവാൻ ലോകം മുഴുവനും തന്റെ തർക്ക സാമർത്ഥ്യം കൊണ്ടു തോൽപ്പിച്ചു കൊണ്ടു വന്നിരുന്നു. ആ രാജ്യത്തിലും തന്നെ തോല്പ്പിക്കാൻ ആരെങ്കിലും ഉണ്ടോ എന്നു വെല്ലു വിളിച്ചു. കൊട്ടാരത്തിലെ വേദ പണ്ഡിതൻ മടിച്ചു നിന്നപ്പോൾ അദ്ദേഹത്തിനു വേണ്ടി ശിഷ്യനായ യാമുനാചാര്യൻ വെല്ലുവിളി സ്വീകരിച്ചു. ഒരു അഞ്ചു വയസായ ബാലൻ എന്തു ചെയ്യും എന്നറിയാൻ നാട്ടുകാർ മുഴുവനും രാജ്യ സഭയിൽ തടിച്ചു കൂടി. 
         ഉടനെ ഗർവ്വ പണ്ഡിതൻ ഈ കൊച്ചു കുട്ടിയോട് താൻ എന്തു തർക്കത്തിൽ ഏർപ്പെടാനാണ് എന്നു ചോദിച്ചു. ഉടനെ ആ കുട്ടി തർക്കം എന്നു വന്നു കഴിഞ്ഞാൽ പ്രായം നോക്കേണ്ട കാര്യമില്ല എന്നു ധൈര്യമായി പറഞ്ഞു. പണ്ഡിതൻ  അതിനു 'ശരി നീ എന്തെങ്കിലും പറയു. ഞാൻ അതു  തെറ്റാണെന്നു  സമർത്ഥിക്കാം' എന്നു പറഞ്ഞു. കുട്ടി ഒട്ടും മടിക്കാതെ 'നിങ്ങളുടെ അമ്മ മച്ചിയല്ല" എന്നു പറഞ്ഞു. പണ്ഡിതൻ അവിചാരിതമായ ഈ ആക്രമണത്തിൽ നിശ്ചലനായി. തന്റെ അമ്മ മച്ചിയാണെന്നു താൻ ഇപ്പോൾ സമർത്ഥിക്കണം. അതെങ്ങനെ സാധിക്കും? അദ്ദേഹം കണ്ണു മിഴിച്ചു നിന്നു . ചോദ്യം തന്നെ അബദ്ധമാണ്. കുട്ടിയാണെന്നു നിരൂപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ബാലൻ ഉടനെ 'അങ്ങയ്ക്കു സാധ്യമല്ലെങ്കിൽ അതു പറയുക' എന്നു പറഞ്ഞു. എല്ലാവരും ഇതു കേട്ടു കയ്യടിച്ചു.
         പണ്ഡിതൻ ഉടനെ തന്റെ ജാള്യത മറച്ചു കൊണ്ടു 'ശരി ഈ വാക്യത്തിനു എനിക്കു ഉത്തരം പറയാൻ പറ്റിയില്ല. ഞാൻ തോൽവി  സമ്മതിച്ചു. നിന്റെ അടുത്ത വാക്യം പറയു' എന്നു പറഞ്ഞു. പറഞ്ഞു തീർന്നതും തൊടുത്തു വിട്ട ശരം പോലെ അടുത്ത വാക്യം വന്നു - 'രാജാവ് സാർവഭൗമൻ'. പണ്ഡിതൻ വിയർത്തു പോയി. രാജാവിന്റെ മുന്നിൽ ഇരുന്നു കൊണ്ടു അദ്ദേഹം സാർവഭൌമനല്ലെന്നു താൻ വാദിക്കണം. അതെങ്ങനെ സാധിക്കും? താൻ വീണ്ടും തോറ്റിരിക്കുന്നു. ഉത്തരം പറയാനാവാതെ കുനിഞ്ഞു നിന്നു. കുട്ടിയുടെ ബുദ്ധി കണ്ടു ജനങ്ങൾ ആരവാരം മുഴക്കി. വീണ്ടും തോൽവി സമ്മതിച്ചു അടുത്ത വാക്യം ചോദിച്ചു. ഉടൻ വന്നു അടുത്ത വാക്യം 'റാണി പതിവ്രതയാണു'. പണ്ഡിതൻ നടുങ്ങി പോയി. ശരീരമാസകലം വിയർത്തു തളർന്നു പോയി. റാണി പതിവ്രതയല്ല എന്നു താൻ എങ്ങനെ പറയും? മൂന്നു ലളിതമായ വാക്യങ്ങൾ കൊണ്ടു പണ്ഡിതന്റെ ഗർവ്വു അടക്കി. ജനങ്ങളുടെ ആവേശം അതിരു കടന്നു. ആർപ്പു വിളികൾ കൊണ്ടു സഭ മുഖരിതമായി. 
          പണ്ഡിതന്റെ വായടച്ചതു കൊണ്ടു മാത്രം ആയില്ലല്ലോ. തന്റെ വാദം സമർത്ഥിക്കുകയും വേണം. അപ്പോഴേ വിജയം പൂർണ്ണമാവുകയുള്ളു. രാജാവ് എല്ലാവരെയും നിശ്ശബ്ധരാകാൻ കൈ കാണിച്ചു. എന്നിട്ടു ബാലനോടു ഈ മൂന്നു വാക്യങ്ങളെയും നിഷേധിക്കാൻ ആവശ്യപ്പെട്ടു. ഒട്ടും മടിയില്ലാതെ അവൻ പറയുവാൻ തുടങ്ങി. പണ്ഡിതന്റെ അമ്മയ്ക്കു അദ്ദേഹം ഒറ്റ മകനാണു. ഒന്നോ രണ്ടോ മരം നില്ക്കുന്ന സ്ഥലം തോപ്പു എന്നു പറയില്ല. കുറഞ്ഞതു പത്തു മരങ്ങളെങ്കിലും ഉണ്ടെങ്കിലെ അതിനെ തോപ്പ് എന്നു പറയുവാൻ സാധിക്കും. അതെ പോലെ ശാസ്ത്രം അനുസരിച്ചു ഒരു കുട്ടിയുള്ള മാതാവു മച്ചിക്കു  തുല്യമാണു. സാധാരണയായി ഒരു അമ്മയ്ക്കു പാത്തും പന്ത്രണ്ടും കുട്ടികൾ ഉണ്ടാവുന്നതു പതിവാണു. അതു കൊണ്ടു പണ്ഡിതന്റെ മാതാവിനെ മച്ചി എന്നു പറയാം. ബാലൻ ഇതു പറഞ്ഞതും കയ്യടി ആകാശം മുട്ടെ മുഴങ്ങി. പണ്ഡിതൻ അതു അംഗീകരിച്ചു. 
       അടുത്ത വാക്യം 'രാജാവ് സാർവഭൗമൻ'. കുട്ടി ഉടനെ സാർവഭൗമൻ എന്നാൽ ഭൂമി മുഴുവനും ഭരിക്കുന്നവൻ എന്നാണു അർത്ഥം എന്നു പറഞ്ഞു. ഭഗവാൻ ശ്രീവരാഹമൂർത്തിയെയും വാമനനെയും  മാത്രമേ സാർവഭൗമൻ എന്നു പറയുവാൻ സാധിക്കു. ഇദ്ദേഹം ഒരു രാജ്യത്തിന്റെ മാത്രം രാജാവാണു. അദ്ദേഹത്തിനെ ഒരിക്കലും സാർവഭൗമൻ എന്നു വിളിക്കാൻ സാധ്യമല്ല എന്നു പറഞ്ഞു. വീണ്ടും കയ്യടിയുടെ അലകൾ മുഴങ്ങി. പെട്ടെന്നു സർവരും ശാന്തരായി. കാരണം അടുത്ത വാക്യത്തെ കുട്ടി എങ്ങനെ നിഷേധിക്കും എന്ന ആകാംക്ഷയായിരുന്നു എല്ലാവർക്കും. രാജ്ഞിയുടെ ഹൃദയം വേഗത്തിൽ മിടിച്ചു. മുൻപേ തന്നെ ഈ രാജാവു സംശയാലുവാണ്. ഇപ്പോൾ ഇങ്ങനെ ഒരു വാദവും വന്നു ചേർന്നിരിക്കുന്നു. ഈ കുട്ടി പറയുന്ന വാക്കുകളിൽ തന്റെ ജീവിതമാണ് തൂങ്ങി നിൽക്കുന്നതു. 
       മൂന്നാമത്തെ വാക്യം റാണി പതിവ്രതയാണു. രാജാവ് വല്ലാത്ത മാനസീക പിരിമുറുക്കത്തിൽ ആയിരുന്നു. ബാലൻ എന്തു പറയും എന്നു ശ്രദ്ധിച്ചു നിന്നു. ഒരു സ്ത്രീ ജനിച്ചു കഴിഞ്ഞാൽ അവളുടെ ശാരീരിക വളർച്ച മുതൽ അവളുടെ ഹൃദയം വരെ അവളുടെ ഉള്ളും പുറമും എല്ലാം ഭഗവാൻ ശ്രീ നാരായണനു അറിയാം. അതു കൂടാതെ വിവാഹ സമയത്തിൽ മന്ത്ര പൂർവമായി അവളെ വരുണൻ തുടങ്ങിയ ദേവതകൾക്കു ആദ്യം അർപ്പിക്കുന്നു. അതിനു ശേഷം മാത്രമാണു അവളെ മനുഷ്യനായ ഒരു ഭർത്താവിനു നൽകുന്നത്. അതു  കൊണ്ടു റാണി പതിവ്രതയല്ല എന്നു പറഞ്ഞു. റാണി ഓടി വന്നു കുട്ടിയെ കെട്ടിപ്പിടിച്ചു. 'എന്നൈ ആള വന്തീരോ?' എന്നു പറഞ്ഞു. അങ്ങനെ യാമുനാചാര്യൻ ആളവന്താർ ആയി. മക്കൾ ഇല്ലാത്ത രാജാവും കുട്ടിക്കു  തന്റെ രാജ്യത്തിൽ പകുതി നൽകി രാജകുമാരനാക്കി.
         ആളവന്താർ പിന്നീട് തന്റെ രാജ്യം ഉപേക്ഷിച്ചു ഭഗവാന്റെ സേവയിൽ മുഴുകി എന്നുള്ളതെല്ലാം വലിയ ചരിത്രമാണ്. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ അരയർ സേവ കണ്ടു കൊണ്ടിരുന്നു. അതിൽ ഒരു പുരുഷൻ സ്ത്രീ പോലെ വേഷം കെട്ടി ഭഗവാന്റെ മുന്നിൽ പാസുരങ്ങൾ പാടി ആടും. നമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾക്കു അരയർ അഭിനയം പിടിച്ചു കൊണ്ടിരുന്നു. അരയർ സേവ  ശ്രീവൈഷ്ണവ സമ്പ്രദായത്തിൽ ഉണ്ട്. എന്തു കൊണ്ടോ കേരളത്തിൽ ഒരു ദിവ്യ ദേശത്തിലും ശ്രീവൈഷ്ണവ സമ്പ്രദായം ഇല്ല തന്നെ. അരയർ അനന്തപുരത്തെ കുറിച്ചു തന്നെ പാടി. അതിൽ നമ്മാഴ്വാർ ഭക്തന്മാർ എല്ലാവരെയും അനന്തപുരം പുക്കാൻ പറയുന്നു. 'നടമിനോ നമർകൾ ഉള്ളീർ നാം ഉമക്കറിയ ചൊന്നോം' എന്ന വരികൾ അദ്ദേഹം വീണ്ടും വീണ്ടും പാടി അഭിനയിച്ചു. അരയർ ആളവന്താരെ നോക്കി 'നടമിനോ, നടമിനോ, നടമിനോ' എന്നു മൂന്നു പ്രാവശ്യം പാടി. പത്മനാഭൻ തന്നെ വിളിക്കുന്നു എന്നു ആളവന്താർക്കു തോന്നി. രംഗനാഥനോട് അനുവാദം വാങ്ങി അദ്ദേഹം അനന്തപുരത്തേക്കു തിരിച്ചു. 
           അനന്തപുരത്തിന്റെ സീമ എത്തിയ ഉടനെ തന്നെ അദ്ദേഹം നമസ്ക്കരിച്ചു. നാമ്മാഴ്വാർ പാടിയ അനന്തപുര പാസുരങ്ങൾ പറഞ്ഞു കൊണ്ടു പത്മനാഭ നാമം ഉരുവിട്ടു കൊണ്ടു അദ്ദേഹം പ്രവേശിച്ചു.  അരയർ സേവയിൽ പാസുരം പാടുന്നതു കേട്ടു പത്മനാഭാൻ തന്നെ വിളിക്കുകയാണെന്നു മനസ്സിലാക്കിയ ആളവന്താർ എവിടെ? എന്നെ വിട്ടു പോകരുതേ എന്നു വൈത്തമാനിധി വിളിച്ചു കൊണ്ടിരിക്കുമ്പോൾ തിരുക്കോളൂർ വിട്ടു പോകാൻ ശ്രമിക്കുന്ന താൻ എവിടെ? തനിക്കു അദ്ദേഹത്തിന്റെ ഭക്തി ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. 
       രാമാനുജർ അതു കേട്ടു ചിരിച്ചു.  ആളവന്താരുടെ ശിഷ്യനായ സ്വാമി രാമാനുജർ ഇവിടെ വൈഷ്ണവ സിദ്ധാന്തം സ്ഥാപിക്കാൻ ശ്രമിച്ചു എങ്കിലും വിഫലമായി. പത്മനാഭാൻ സമ്മതിച്ചില്ല.  അന്നു രാമാനുജരെ പത്മനാഭൻ  പൊക്കി എടുത്തു തിരുക്കുറുങ്കുടിയിൽ  കൊണ്ടു വിട്ടു. അത്ര ശ്രേഷ്ഠമാണു അനന്തപത്മനാഭൻ. ആ പത്മനാഭനെ കുറിച്ചാണ് തന്നോടു പെണ്‍പിള്ളൈ ഇപ്പോൾ പറയുന്നത്. അവളുടെ വാക്കുകളിൽ രാമാനുജർ മയങ്ങി. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Tuesday, November 13, 2012

പ്രേമവേദം നവംബർ -12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ഏവം താവത് പ്രാകൃത പ്രക്ഷയാന്തേ 
ബ്രഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ 
ബ്രഹ്മാ ഭൂയസ്ത്വത്ത എവാപ്യ വേദാൻ 
സൃഷ്ടിം ചക്രേ പൂർവ്വകല്പോപമാനാം.
                              (ദശഃ 8 ശ്ലോകഃ1)   
           മഹാ പ്രളയാവസാനത്തിലുണ്ടായ ബ്രഹ്മയുഗത്തിന്റെ ആദ്യ ദിവസം അങ്ങയിൽ നിന്നു ഇപ്രകാരം ജന്മം ലഭിച്ച ബ്രഹ്മാവ്‌ വീണ്ടും അങ്ങയിൽ നിന്നുതന്നെ വേദങ്ങൾ സ്വീകരിക്കുകയും പ്രളയത്തിനു മുമ്പുണ്ടായിരുന്ന യുഗത്തിനു തുല്യമായ സൃഷ്ടികർമ്മം നടത്തുകയും ചെയ്തു. 
                                                      (പണ്ഡിറ്റ്‌ ഗോപാലൻ നായർ)
സദ്ഗുരുവാത്സല്യം 
       രാധേകൃഷ്ണാ! സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. സദ്ഗുരുവിനു പക്ഷഭേദം ഇല്ല.  നാരദനും സദ്ഗുരു കൃപ കൊണ്ടു ഭഗവത് ദര്ശനം അതെ പോലെ അസുര കുട്ടിയായ പ്രഹ്ലാദനും നാരദർ എന്ന സദ്ഗുരുവിന്റെ കൃപ! അദ്ദേഹം ഉപദേശിച്ച മന്ത്രം ഉരുവിട്ടു തൂണിൽ ഭഗവാനെ പ്രത്യക്ഷമായി കണ്ടു. കുട്ടികൾ ഇല്ലാതെ ദുഃഖം കൊണ്ടു കരഞ്ഞു കൊണ്ടിരുന്ന ചിത്രകേതുവിനു അംഗിരസ്സ് മഹർഷിയുടെ അനുഗ്രഹത്താൽ ഒരു കുഞ്ഞു ഉണ്ടായി. സപ്ത്നികളുടെ അസൂയ കൊണ്ടു കുട്ടി വിഷം കൊടുത്തു കൊല്ലപ്പെടുന്നു. ഹൃദയം തകർന്നു പോയ ചിത്രകേതുവിനു നാരദർ എന്ന സദ്ഗുരു സത്യം മനസ്സിലാക്കി വൈരാഗ്യം ഉണ്ടാക്കി ഉപദേശം നൽകി. ആ ഉപദേശം ചിത്രകേതുവിനെ ഗന്ധർവ്വനായി ഉയർത്തുകയും, ദേവീ ശാപം മൂലം അസുര യോനിയെ പ്രാപിച്ചപ്പോൾ പോലും വിടാതെ ഭഗവത് സ്മരണ തന്നു അദ്ദേഹത്തെ മോക്ഷത്തിലേക്കു നയിച്ചു.
       ജഗജ്ജനനിയായ സീതാ മാതാവ് ഭഗവാന്റെ പ്രഭാവം പൂർണ്ണമായി മനസ്സിലാക്കിയിരുന്നു. എന്നിട്ടു പോലും അശോക വനത്തിൽ വെച്ചു ദുഃഖം മൂലം സ്വയം ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ ആഞ്ജനേയൻ എന്ന സദ്ഗുരു രാമായണം എന്ന ജീവാമൃതം നൽകി ജീവിപ്പിച്ചു. മഹാലക്ഷ്മിയായ രുഗ്മിണിക്കു ശിശുപാലനുമായി വിവാഹം നിശ്ചയിച്ചപ്പോൾ ഒരു ഉഞ്ഛവൃത്തി ബ്രാഹ്മണൻ സന്ദേശകാനായി വേണ്ടി വന്നു. ഋഗ്മിണിയുടെ കത്തു ഭഗവാങ്കൽ എത്തിച്ചു ഭഗവാനെ രുഗ്മിണിയുടെ പക്കലേക്കു വിളിച്ചു കൊണ്ടു വന്നു. അപ്പോൾ നമുക്ക് സദ്ഗുരു അല്ലാതെ വേറെ ഗതി ഇല്ല. ജീവിതത്തിൽ എന്തു സമ്പാദിച്ചാലും സദ്ഗുരു നാഥനെ സമ്പാദിക്കണം.സദ്ഗുരു നാഥൻ ഇല്ലാതെ ഭഗവാനെ പ്രാപിക്കുവാൻ ആർക്കും കഴിയില്ല. 
 ജപ തപോ വ്രതം തീർത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സർവ്വം വ്യർത്ഥം ഭവേത് പ്രിയേ!
ജപം, തപസ്സ്, വ്രതങ്ങൾ, തീർത്ഥാടനം, തുടങ്ങിയവ ഒന്നും ഗുരു കൃപ ഇല്ലാതെ പ്രയോജനപ്പെടുകയില്ല. സദ്ഗുരുവിനെ പിടിക്കേണ്ടത്‌ നമ്മുടെ കടമയാണ്. കുരങ്ങിൻ കുട്ടിയെ പോലെ മുറുക്കി പിടിക്കണം. അതിനു ഏറ്റവും ഉയരത്തിലുള്ള കൊമ്പിലേക്കു പോകാൻ ആഗ്രഹം. പക്ഷെ അതിനു കഴിയില്ല. തന്റെ അമ്മയെ മുറുകെ പിടിക്കുമ്പോൾ സുലഭമായി അമ്മയുടെ കൂടെ ഉയരം കയറാം. മറ്റൊരു ശിഖരത്തിലേക്ക് ചാടുകയും ചെയ്യാം. അതു പോലെ നമുക്കു ഉയരാനുള്ള കഴിവില്ലെങ്കിലും സദ്ഗുരുവിനെ മുറുകെ പിടിച്ചാൽ അദ്ദേഹം നമ്മെ എത്തിക്കും. നമ്മുടെ ശ്രദ്ധ നമുക്കു ഗുരു മഹിമ മനസ്സിലാക്കി തരും.
        സ്വാമി രാമാനുജർ അത്യാശ്ചാര്യമായ ഒരു സദ്ഗുരുവാകുന്നു. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ ഇരിക്കുകയായിരുന്നു.ചില കാരണങ്ങളാൽ അപ്പോൾ മഠത്തിൽപണത്തിനു കുറച്ചു ബുദ്ധി മുട്ടുണ്ടായിരുന്നു. പതിവായി അവിടെ തയിരു കൊടുക്കുന്ന സ്ത്രീക്കു പണം ഒരു പാടു ബാക്കി കിട്ടാനുണ്ടായിരുന്നു. അവൾ പലപ്പോഴായി അവരോടു ചോദിച്ചു നോക്കി. താൻ സാധാരണ ദരിദ്രയാണെന്നും ഈ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം നടത്തുന്നതെന്നും ഇത്രയും കടം ഇടരുതെന്നും പറഞ്ഞു. പക്ഷെ മഠത്തിലെ ശിഷ്യർ അവളോടു കുറച്ചു കൂടി ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ടെ ഇരുന്നു. ഒരു ദിവസം അവൾ സഹി കെട്ടു തനിക്കു രാമാനുജരോടു നേരിൽ സംസാരിക്കണം എന്നു പറഞ്ഞു. ശിഷ്യർ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഈ കാര്യങ്ങൾ ഒന്നും  അറിയിക്കരുതെ എന്നു അപേക്ഷിച്ചു. അദ്ദേഹം അറിഞ്ഞാൽ മനസ്സ് വിഷമിക്കും എന്നു പറഞ്ഞു. അവൾ ഒട്ടും  സമ്മതിച്ചില്ല. തനിക്കു എന്തു വന്നാലും ഇന്നു സ്വാമി രാമാനുജരെ കണ്ടേ പറ്റു എന്നു ശഠിച്ചു.ഗത്യന്തരമില്ലാതെ ശിഷ്യർ രാമാനുജരോടു മടിച്ചു മടിച്ചു കാര്യം പറഞ്ഞു. തയിർക്കാരിക്കു അദ്ദേഹത്തെ കാണണം എന്നും പറഞ്ഞു. ബാക്കി വിഷയങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
  രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ലക്ഷ്മിയോട് ആ ബ്രാഹ്മണൻ മൂക്കുത്തി ദാനം വാങ്ങിച്ചതു വായിച്ചു. മൂക്കുത്തി  ദാനമായി കിട്ടിയത് എടുത്തു കൊണ്ടു ലക്ഷ്മിയെ ഹൃദയ പൂർവ്വമായി ബ്രാഹ്മണൻ ആശീർവദിച്ചു. 'നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. നിറയെ നാമജപം ചെയ്യു' എന്നു പറഞ്ഞു. ബ്രാഹ്മണൻ അവളോടു വിട പറഞ്ഞു ഇറങ്ങി. 
          ബ്രാഹ്മണൻ നേരെ ശ്രീനിവാസന്റെ കട നോക്കി ചെന്നു. ശ്രീനിവാസാൻ ആരെങ്കിലും വരുമോ എന്നു  നോക്കി ഇരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരാൾ വരുന്നതു കണ്ടു. കണ്ടിട്ടു നല്ല പണക്കാരനാണെന്നു തോന്നി. ഒരു ജമീന്ദാരെ പോലെ വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. ശ്രീനിവാസനു സന്തോഷമായി. പണക്കാരൊക്കെ പണയം വെയ്ക്കാൻ വന്നാൽ നല്ല കോളാണു. പലിശ ധാരാളം വാങ്ങിക്കാം എന്നു വിചാരിച്ചു. ജമീന്ദാർ കടയിൽ പ്രവേശിച്ചു എന്നിട്ട് ശ്രീനിവാസനോട് 'ഞാൻ ഒരു യാത്ര വന്നതാണു. വഴിയിൽ പെട്ടെന്നു  എനിക്കു പണത്തിനു കുറച്ചു അത്യാവശ്യം വന്നു. എന്റെ ആഭരണം പണയമായി വെച്ചു കൊണ്ടു കുറച്ചു പണം തരു! രണ്ടു ദിവസത്തിനകം ഞാൻ അതു തിരിച്ചു തരും' എന്നു പറഞ്ഞു. 
           ജമീന്ദാർ തന്റെ വസ്ത്രത്തിൽ നിന്നും ഒരു വജ്ര മൂക്കുത്തി എടുത്തു നീട്ടി. നല്ല തിളക്കം! വളരെ വില കൂടിയ വജ്രമാണെന്നു തോന്നി. ശ്രീനിവാസനു സന്തോഷമായി. തീരെ താല്പര്യം ഇല്ലാത്ത പോലെ ജമീന്ദാരെ നോക്കി. ഉടനെ അദ്ദേഹം 'ഇത് വളരെ ഉയർന്ന ജാതി വജ്രമാണു, എന്നു പറഞ്ഞു. ശ്രീനിവാസാൻ അദ്ദേഹത്തെയും ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു '500/ രൂപ തരാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'എനിക്കു വജ്രത്തെ കുറിച്ച് നന്നായി അറിയാം. ഇതിന്റെ വില 5000/- രൂപയെങ്കിലും കാണും. നിങ്ങൾ എനിക്കു ഒരു 3000/- രൂപ ഇപ്പോൾ തരണം' എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു 'ഇപ്പോൾ ഞാൻ ആയിരം രൂപ തരാം' എന്നു പറഞ്ഞു.  ജമീന്ദാർ നിവൃത്തിയില്ലാതെ ശരി അതു മതി എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസൻ രൂപ വീട്ടിൽ നിന്നും എടുത്തു കൊണ്ടു വരാം എന്നു പറഞ്ഞു. ജമീന്ദാർ അതിനു 'ഉടൻ തന്നെ കൊണ്ടു വരണം എനിക്കു ഒരു പാടു നേരം കാത്തു നിൽക്കാൻ പറ്റില്ല' എന്നു പറഞ്ഞു. ഇതാ ഒരു അഞ്ചു നിമിഷത്തിനുള്ളിൽ വരാം എന്നു പറഞ്ഞു വീടിലേക്കു ഓടി. 
         വഴിയിൽ രണ്ടു മൂന്നു പ്രാവശ്യം മൂക്കുത്തി കയ്യിലെടുത്തു നോക്കി. ഇതു പോലെ താൻ എവിടെയോ കണ്ടിട്ടുണ്ടോ എന്നു തോന്നി. അദ്ദേഹം ധൃതിയിൽ ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു. അവിചാരിതമായ നേരത്തു ശ്രീനിവാസനെ കണ്ടു ലക്ഷ്മി ആശ്ചര്യപ്പെട്ടു. 'അല്ലാ.. ഇന്നെന്താ നേരത്തേ തന്നെ ഉണ്ണാൻ എത്തിയോ?' എന്നു ചോദിച്ചു. ശ്രീനിവാസൻ അതിനു 'ദാ കണ്ടോ? ഈ മൂക്കുത്തി! ഞാൻ ഇതേ പോലെ എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. ഒരു ജമീന്ദാർ ഇപ്പോൾ ഇതു പണയം വയ്ക്കാനായി എത്തിയതേയുള്ളു. ഞാൻ പണം എടുക്കാൻ ഓടി വന്നതാണു' എന്നു പറഞ്ഞു കൊണ്ടു അവളുടെ മുഖത്തേക്കു നോക്കി. അപ്പോഴാണ്‌ ശ്രദ്ധിച്ചത്, അവളുടെ മൂക്കുത്തി കാണാനില്ല. 'നിന്റെ മൂക്കുത്തി എവിടെ പോയെടി' എന്നു ചോദിച്ചു. ലക്ഷ്മി തളർന്നു പോയി. അവൾ എന്തു ഉത്തരം പറയും? 
         പെട്ടെന്നു അവളുടെ വായിൽ നിന്നും 'മൂക്കുത്തി കുളിക്കുമ്പോൾ ഞാൻ അഴിച്ചു വെച്ചു, പിന്നീട് ഇടാൻ മറന്നു പോയി, എന്നു ഒരു കള്ളം പുറത്തു വന്നു.  ശ്രീനിവാസൻ അതു കേട്ടിട്ടു 'ഓഹോ എന്നാൽ അതു എടുത്തു കൊണ്ടു വരൂ. രണ്ടും കൂടി താരതമ്യം ചെയ്തു നോക്കട്ടെ എന്നു പറഞ്ഞു. ലക്ഷ്മി ഞെട്ടി പോയി. ഇതു അവൾ ഒട്ടും പ്രതീക്ഷിക്കാത്തതാണു. അവളുടെ കയ്യും കാലും വിറയ്ക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്ന് പോയി. 'ഹും വേഗം എടുത്തു കൊണ്ടു വരൂ.. എന്നു ശ്രീനിവാസൻ വിളിച്ചു. അവൾ നേരെ പൂജാ മുറിയിൽ പോയി ഭഗവാന്റെ മുന്നിൽ നിന്നു. 
        അവളുടെ ഹൃദയം തേങ്ങി, 'പാണ്ഡുരംഗാ! ഇതെന്താണു സംഭവിക്കുന്നത്‌? ഞാൻ ഇപ്പോൾ എന്തു ചെയ്യും? എന്നെ രക്ഷിക്കില്ലേ? നിന്റെ ചരണാരവിന്ദം അല്ലാതെ എനിക്കു വേറെ ആശ്രയം ഇല്ല' എന്നു കരഞ്ഞു. ശ്രീനിവാസാൻ ക്ഷമയില്ലാതെ 'എവിടെ വേഗം എടുക്കു! നീ അവിടെ എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നു ബഹളം വെച്ചു. അവൾ കൈ കൊണ്ടു വെറുതെ അവിടെ തിരഞ്ഞു കൊണ്ടു നിന്നു. എന്താടീ നീ അവിടെ തിരയുന്നതു? ആ പെട്ടി ഇങ്ങോട്ടു എടുക്കു. ഞാൻ നോക്കാം എന്നയാൾ പറഞ്ഞു. അവൾ എത്ര നേരം തിരയുന്നതായി അഭിനയിക്കും എന്തായാലും സത്യം പുറത്തു വരും. വരുന്നതു വരട്ടെ. ഭഗവാൻ എന്നെ എങ്ങനെ രക്ഷിക്കും എന്നു എനിക്കറിയില്ല. എനിക്കിപ്പോൾ ഇതേ വഴിയുള്ളു എന്നു അവൾ ആഭരണപ്പെട്ടി എടുത്തു ഭർത്താവിന്റെ കൈയിൽ കൊടുത്തു. 'തരു തരു ഞാൻ തന്നെ നോക്കാം എന്നു പറഞ്ഞു കൊണ്ടു ശ്രീനിവാസാൻ അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി. തനിക്കു എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാതെ അവൾ നാമജപം ചെയ്തു കൊണ്ടു നിന്നു. നാമും നാമജപം ചെയ്തു കാത്തിരിക്കാം. ഉദ്വേഗപൂർവ്വമായ ബാക്കി ഭാഗങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 62)
'അരുളാളം കണ്ടേനോ നല്ലാനൈപോലേ'
         രാധേകൃഷ്ണാ! പെണ്‍പിള്ളൈ തന്റെ അടുത്ത വാക്യം പറഞ്ഞു. ഇതുവും സ്വാമി രാമാനുജരുടെ ഒരു ശിഷ്യന്റെ വിഷയമാണ്.കാവേരി തീരത്ത് ഉണ്ടായിരുന്ന ഒരു പണക്കാരനാണു നായകൻ. വിശിഷ്ഠമായ ഒരു ഭക്തൻ. ബ്രാഹ്മണൻ. വളരെ ധനവാൻ. എല്ലാവരോടും നല്ല പോലെ ഇടപഴകും. ആരെങ്കിലും വൈഷ്ണവരെ കണ്ടാൽ ഉതാൻ കാലില വീണു നമസ്കരിക്കും. അവരുടെ പേരോ, ജാതിയോ, പ്രായമോ സ്ഥിതിയോ ഒന്നും പ്രശ്നമല്ല നെറ്റിയിൽ ഗോപീ ചിഹ്നം ധരിച്ചിട്ടുണ്ടെങ്കിൽ ഉടൻ നമസ്കരിക്കും.
         ഒരിക്കൽ അദ്ദേഹം കാവേരി നദിയിൽ നിന്നു കൊണ്ടു നിത്യ കർമ്മാനുഷ്ഠാനാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്തോ അദ്ദേഹത്തെ വന്നിടിച്ചു. അദ്ദേഹം നോക്കിയപ്പോൾ അത് ഒരു ശവമായിരുന്നു. നെറ്റിയിൽ തിലകക്കുറി കണ്ടു. രണ്ടു തോളുകളിലും വൈഷ്ണവ മുദ്രകൾ പതിപ്പിച്ചിരിക്കുന്നതു കണ്ടു. വൈഷ്ണവ സമ്പ്രദായത്തിൽ പഞ്ച സംസ്ക്കാരത്തിൽ പെട്ട ഒന്നാണു അത്. രണ്ടു തോളുകളിലും ലോഹത്തിലുള്ള ശംഖു ചക്ര മുദ്രകൾ ചൂടാക്കി പതിപ്പിക്കും. അത് കഴിഞ്ഞാൽ അയാൾ ഭഗവാന്റെ സ്വത്താകും. ശംഖു ചക്ര മുദ്രകൾ കണ്ട ഉടനെ അത് ഒരു ശ്രീവൈഷ്ണവനാണെന്നു അദ്ദേഹത്തിനു മനസ്സിലായി.
           ആ ശവ ശരീരത്തിനു അദ്ദേഹം അന്ത്യ സംസ്കാരങ്ങൾ എല്ലാം ശ്രദ്ധയോടെ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ ബ്രാഹ്മണർ ആരും തന്നെ അതിനു തയ്യാറായില്ല. ആ ശവം ഒരു താഴ്ന്ന ജാതിയിൽ പെട്ട ആളുടെയായിരുന്നു. ധനിക ബ്രാഹ്മണൻ അതൊന്നും ശ്രദ്ധിക്കാതെ സ്വയം മന്ത്രപൂർവം ചടങ്ങുകൾ എല്ലാം ചെയ്തു പ്രേതം സംസ്കരിച്ചു. നാട്ടുകാർക്കു ഇതു അത്ര ശരിയാണെന്നു തോന്നിയില്ല. അവർ എല്ലാവരും കൂടി  അദ്ദേഹത്തെ ജാതിഭ്രഷ്ടം ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ആരും യാതൊരു ബന്ധവും പാടില്ല. അങ്ങനെ ചെയ്യുന്നവരെയും ഭ്രഷ്ടു കല്പിക്കും.
           അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്കാരൊക്കെ ഇതു അദ്ദേഹതോടു പറഞ്ഞു സങ്കടപ്പെട്ടു. അവർക്കൊക്കെ അദ്ദേഹം ശംഖു ചക്ര മുദ്രകൾ നൽകി വൈഷ്ണവരായി സ്ഥാനം കൊടുത്തിരുന്നു. അദ്ദേഹം അതു കാര്യമാക്കിയില്ല. നാട്ടുകാർ മൊത്തം അദ്ദേഹത്തോടു സംസാരിക്കില്ല ചിരിക്കില്ല, കൊടുക്കൽ വാങ്ങൽ ഒന്നും തന്നെ ഇല്ല. അദ്ദേഹം ഇതെല്ലാം ഭഗവാനു അറിയാം എന്നിരുന്നു.
         അദ്ദേഹം പിറ്റേദിവസം ക്ഷേത്രത്തിൽ വന്നു. ക്ഷേത്രത്തിൽ വരുന്നതു തടയുവാൻ ആർക്കും സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിനകത്തു പ്രവേശിച്ചു. ആ സമയം ഉത്സവ മൂർത്തിയെ വെളിയിൽ എഴുന്നള്ളിച്ചു അഭിഷേക ആരാധനകൾ നടക്കുകയായിരുന്നു. ഊരു വിലക്കുണ്ടായിരുന്നതിനാൽ അദ്ദേഹം നിൽക്കുന്ന സ്ഥലത്തു ആരും തന്നെ വന്നില്ല. എല്ലാവരും എതിർ ദിശയൽ ചെന്നുനിന്നു. അദ്ദേഹത്തിനു ഏകാന്ത ദർശനം കിട്ടി. അലങ്കാരങ്ങൾ എല്ലാം കഴിഞ്ഞു ആരാധന കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. 'പ്രഭോ ഇങ്ങനെ എനിക്കു എകാന്തത്തിൽ നിന്നെ അനുഭവിക്കാനാണോ ഊരു വിലക്കു കല്പിച്ചതു' എന്നു വിചാരിച്ചു.
            പെട്ടെന്നു പൂജാരിയുടെ മേൽ ഭഗവാൻ ആവിർഭവിച്ചു. അതു വരെ വെറുതെ പൂജ ചെയ്തു കൊണ്ടിരുന്ന അദ്ദേഹം തിരിഞ്ഞു എല്ലാവരോടും കയർത്തു. 'ഉമർക്കെല്ലാം അവർ പൊല്ലാൻ എനക്കു നല്ലാൻ' എന്നു ഉറക്കെ വിളിച്ചു. നിങ്ങൾക്കൊക്കെ അദ്ദേഹം ചീത്തയാണെങ്കിൽ എനിക്കു നല്ലവനാണു. വൈഷ്ണവ മുദ്രയ്ക്കു അദ്ദേഹം നൽകുന്ന ബഹുമാനം എത്ര വിശിഷ്ഠമായ ഭാവത്തെയാണ് കാണിക്കുന്നതു. നിങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചു ആദരിക്കണം എന്നാണു എന്റെ കല്പന' എന്നു പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. പൂജാരിക്കു പോലും ഒരു നിമിഷം താൻ എന്താണു പറഞ്ഞതെന്നു മനസ്സിലായില്ല. അവർക്കു അദ്ദേഹത്തിന്റെ ഭക്തി ഭാവം മനസ്സിലായി സ്വയം ലജ്ജ തോന്നി. അന്നു മുതൽ അദ്ദേഹത്തിനു 'തിരുമലൈ നല്ലാൻ ചക്രവർത്തി' എന്ന നാമം സിദ്ധിച്ചു.
             ജാതി മത ഭേദം ഒന്നും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വൈഷ്ണവ സംസ്കാരം ചെയ്തു കൊടുത്തു. അവർക്കെല്ലാം രാമാനുജരുടെ മഹത്വം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ സാധുക്കൾക്കും ആചാര്യ ഭക്തി ഭഗവത് ഭക്തി പഠിപ്പിച്ചു  കൊടുത്തു. അത്ര ശ്രേഷ്ഠമായ ഒരു ഭക്തനാണ്. പെണ്‍പിള്ളൈ ആ മഹാ ഭക്തന്റെ കാര്യം പറഞ്ഞു താനിക്കു അതു പോലെ ഉള്ള ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു പരഞ്ഞു. രാമാനുജർ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!