Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, March 13, 2012

പ്രേമവേദം മാര്‍ച്ച് - 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
കോസൌ മാമവദത് പുമാനിതി
ജലാപൂര്‍ണ്ണേ ജഗന്മണ്ഡലെ 
ദിക്ഷുദ്വീക്ഷ്യ കിമപ്യനീക്ഷിതവതാ
 വാക്യാര്‍ത്ഥമുത്പശ്യതാ 
ദിവ്യം വര്‍ഷസഹസ്രമാത്ത തപസാ
തേന ത്വമാരാധിത-
സ്ഥസ്മൈ ദര്‍ശിതവാനാസി സ്വനിലയം
വൈകുണ്ഠമേകാത്ഭുതം!
                                       (ദശഃ 7 ശ്ലോഃ 3) 
      വിശ്വമണ്ഡലം മുഴുവന്‍ ജലാവൃതമായിരിക്കെ, ഇപ്രകാരം എന്നോടു പറഞ്ഞതാരാണെന്നു ചിന്തിച്ചു നാലു ദിക്കിലും നോക്കിയെങ്കിലും ഒന്നും ദര്‍ശിക്കാന്‍ കഴിയാതിരുന്ന ബ്രഹ്മാവ്‌ അശരീരിയുടെ അര്‍ത്ഥം ഗ്രഹിച്ചു ആയിരം ദിവ്യവര്‍ഷങ്ങള്‍ തപസ്സനുഷ്ഠിച്ചു. അങ്ങനെ ബ്രഹ്മാവിനാല്‍ ഭാജിക്കപ്പെട്ട അങ്ങ് എകാതിശയകരവും സ്വവാസസ്ഥാനവുമായ വൈകുണ്ഠം അദ്ദേഹതിനു ദര്‍ശന വിഷയമാക്കി.
                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

പ്രേമസന്ദേശം 
      രാധേകൃഷ്ണാ! ജീവിതത്തിലെ ഓരോ കടമ്പ കടക്കുമ്പോഴും നമുക്കു പുതിയ ശക്തിയും, നവോന്മേഷവും നല്‍കുന്നു. പക്ഷെ നമ്മുടെ വിപരീത ചിന്തകളാല്‍ നമുക്കു തളര്‍ച്ച അനുഭവപ്പെടുന്നു. കൃഷ്ണ നാമം ജപിക്കു! യഥാര്‍ത്ഥമായ സമീപനം കൊണ്ടു ജീവിതത്തില്‍ വിജയിക്കു! കൃഷ്ണ കൃപ അനുഭവിക്കു! രാധേകൃഷ്ണാ!
സദ്ഗുരുവാത്സല്യം
         രാധേകൃഷ്ണാ! സദ്ഗുരുമാരുടെ അത്ഭുതാവഹമായ ലീലകളെ കുറിച്ചു നാം ഈ പംക്തിയില്‍ തുടര്‍ച്ചയായി വായിച്ചു വരുന്നു. ഇതാ സ്വാമി രാഘവേന്ദ്രരുടെ മറ്റൊരു അത്ഭുത ലീല! ഒരിക്കല്‍ ബ്രിട്ടീഷ്‌ രാജ്യ ഭരണ കാലത്തു ശ്രീ രാഘവേന്ദ്രരുടെ മഠത്തിന്റെ സ്വത്തുക്കളെ കണ്ടു കെട്ടണം എന്നു ഒരു ബ്രിട്ടീഷ്‌ അധികാരി നിശ്ചയിച്ചു.  പെട്ടെന്നു അയാളുടെ പക്കല്‍ നിന്നും ഇങ്ങനെ ഒരു നീക്കം ആരും പ്രതീക്ഷിച്ചില്ല. അവര്‍ക്കു എന്തു ചെയ്യണം എന്നറിയാതെ നിന്നു. എന്തായാലും അവരെല്ലാവരും കൂടി അയാളോട് തങ്ങളുടെ മഠത്തിന്റെ നടത്തിപ്പിനും, അന്നദാനം തുടങ്ങി മറ്റു സത്കാര്യങ്ങള്‍ക്കും ആ സ്വത്തു ആവശ്യമാണെന്നു അറിയിച്ചു. പക്ഷെ അയാള്‍ അതൊക്കെ വെറും അനാവശ്യമാണെന്നു വാദിച്ചു. 
        ഭഗവത് ആരാധനയ്ക്കും മറ്റും പണം ചിലവാക്കുന്നത് വെറും വിഡ്ഢിത്തമാണെന്നു അയാള്‍ക്കു തോന്നി. ഒരു ജോലിയും ചെയ്യാതെ വെറുതെ കുത്തിയിരുന്നു തിന്നാന്‍ പ്രേരിപ്പിക്കുന്നതാണ് അന്നദാനം എന്ന ചടങ്ങ്. അതു കൊണ്ടു അതും നിറുത്തണം എന്നയാള്‍ പറഞ്ഞു. ധനം ഇങ്ങനെ വൃഥാ കളയാനുള്ളതല്ല എന്നു അയാള്‍ വാദിച്ചു. മഠത്തിന്റെ നടത്തിപ്പുകാര്‍ക്കു അയാളോട് വാതിച്ചു ജയിക്കുവാന്‍ സാധിച്ചില്ല. 
         എല്ലാം അവരുടെ സദ്ഗുരുവായ രാഘവേന്ദ്രരുടെ ചരണങ്ങളില്‍ അര്‍പ്പിച്ചു അവര്‍ വെറുതെയിരുന്നു. ബ്രിട്ടിഷ് അധികാരി കണക്കുകള്‍ ഒക്കെ പരിശോധിക്കാന്‍ മഠത്തില്‍ വന്നു. അന്നു രാത്രി അയാളുടെ സ്വപ്നത്തില്‍ സ്വാമി രാഘവേന്ദ്രര്‍ പ്രത്യക്ഷപ്പെട്ടു. ആ അധികാരിയോടു താന്‍ ആരാണെന്നു അദ്ദേഹം വെളിപ്പെടുത്തി. എന്നിട്ടു കാര്യ കാരണങ്ങള്‍ ഒക്കെ നിരത്തി മഠത്തിന്റെ സ്വത്തു തിരിച്ചേല്‍പ്പിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചു. അധികാരിക്കു അദ്ദേഹത്തിന്റെ മുന്നില്‍ സമ്മതം മൂളേണ്ടി വന്നു. ഒരു സന്യാസിയുടെ വേഷത്തില്‍ വന്ന രാഘവേന്ദ്രര്‍ അയാളോട് സംവാദിച്ചത് അയാളുടെ മാതൃ ഭാഷയായ ഇംഗ്ലീഷില്‍ തന്നെയായിരുന്നു. അയാള്‍ക്കു ആ സന്യാസിയോട് വളരെ ബഹുമാനം തോന്നി. ഉറക്കം ഉണര്‍ന്ന അധികാരിക്കു അപ്പോഴാണ്‌ താന്‍ കണ്ടതു സ്വപ്നമാണെന്നു ബോധ്യപ്പെട്ടത്. പക്ഷെ തന്റെ സ്വപ്നത്തില്‍ ആ സ്വാമി വന്നതു സത്യമാണെന്നു അയാള്‍ക്കു മനസ്സിലായി. ആ അന്യ നാട്ടുകാരന് സനാധനമായ ഹിന്ദു ധര്‍മ്മത്തിനെ കുറിച്ചു അയാളുടെ ഭാഷയില്‍ തന്നെ അദ്ദേഹം പറഞ്ഞു കൊടുത്തു.  രാഘവേന്ദ്രരുടെ മഹിമയെ പൂര്‍ണ്ണമായും മനസ്സിലാക്കിയ അധികാരി മഠത്തിന്റെ സ്വത്തുക്കള്‍ തിരികെ വിട്ടു കൊടുത്തു.  ഈ വിവരങ്ങളൊക്കെ സര്‍ക്കാരിന്റെ  ഗസറ്റില്‍ തന്നെ കാണുന്നുണ്ട്. ഗുരു മഹിമ അനന്തമാണ്‌. എത്ര പറഞ്ഞാലും തീരില്ല. സദ്ഗുരു മഹിമയെ മനസ്സിലാക്കി സദ്ഗുരു ധ്യാനത്തില്‍ വ്യാപൃതരാവുക! സദ്ഗതി പ്രാപിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
      രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ബ്രഹ്മ രക്ഷസ്സ്, നമ്പാടുവാനെ തടഞ്ഞു നിര്‍ത്തിയതും നമ്പാടുവാന്‍ ബ്രഹ്മ രക്ഷസ്സിനോടു തന്നെ ക്ഷേത്ര ദര്‍ശനം ചെയ്തു വരുവാന്‍ അനുവദിക്കണം എന്നു അപേക്ഷിക്കുന്നതും കണ്ടു. ബ്രഹ്മ രക്ഷസ്സ് ഇതു കേട്ടു ചിരിച്ചു. എന്നിട്ടു നമ്പാടുവാനോടു "ജീവനില്‍ കൊതിയുള്ളവന്‍ ഇവിടം വിട്ടു പോയാല്‍ തിരിച്ചു വരില്ല എന്നു എനിക്കറിയാം. അതു കൊണ്ടു ഞാന്‍ നിന്നെ വിശ്വസിക്കില്ല" എന്നു പറഞ്ഞു. ജീവിതത്തില്‍ അത്യാവശ്യം ചില സന്ദര്‍ഭങ്ങളില്‍ മനുഷ്യനു കളവു പറയാം എന്നു ശാസ്ത്രങ്ങളില്‍ തന്നെ പറയുന്നുണ്ട്. നമ്പാടുവാന്‍ ഉടനെ ബ്രഹ്മ രക്ഷസ്സിനോടു കൈ കൂപ്പി കൊണ്ടു "ഞാന്‍ ഒരു ഭഗവത് ഭക്തനാണ്. സത്യമായിട്ടും ഞാന്‍ തിരിച്ചു വരും. ഞാന്‍ പറയുന്നത് നീ വിശ്വസിക്കണം! എനിക്കു ഈ ശരീരത്തില്‍ നിന്നും മോചനം തരാം എന്നാണു നീ പറയുന്നത്‌. ഇതില്‍ കൂടുതല്‍ വേറെ ഭാഗ്യം ഉണ്ടോ? അതു കൊണ്ടു ഞാന്‍ ഭഗവാനെ ദര്‍ശിച്ചിട്ടു തീര്‍ച്ചയായും തിരിച്ചു വരും" എന്നു പറഞ്ഞു. ഭക്തന്മാര്‍ക്കു ശരീരം വിടുന്നതു ഒരു വലിയ വിഷയമേ അല്ല. തങ്ങളുടെ ശരീരം കൊണ്ടു മറ്റുള്ളവര്‍ക്കു എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ അതിനു വേണ്ടി ശരീരം ത്യജിക്കാന്‍ അവര്‍ക്കു ഒട്ടും മടിയില്ല. എന്നെങ്കിലും പോകേണ്ട ശരീരമല്ലേ, ഇപ്പോള്‍ പോയാലും ഒന്നുമില്ല എന്നു വിചാരിക്കും. എന്തായാലും രക്ഷസ്സ് നമ്പാടുവാനെ വിശ്വസിക്കുവാന്‍ തയ്യാറായില്ല. അവസാനം നമ്പാടുവാന്‍ സത്യം ചെയ്തു കൊടുത്തു. "അഥവാ ഞാന്‍ തിരിച്ചു വന്നില്ലെങ്കില്‍ ബ്രഹ്മഹത്യ ചെയ്തവര്‍ക്കു എന്തു നരകമാണോ കിട്ടുന്നതു അതു തന്നെ എനിക്കും കിട്ടും". അവസാനം ബ്രഹ്മരക്ഷസ്സ് അയാളെ വിശ്വസിച്ചു. എന്നിട്ടു "ശരി പോയി ഭഗവാനെ ദര്‍ശിച്ചിട്ടു, നിന്റെ ഇഷ്ടം പോലെ പാട്ടും പാടിയിട്ടു ഉടനെ തിരിച്ചു വരൂ. എനിക്കു ഇനി വേറെ ഭക്ഷണം കിട്ടില്ല. അതു കൊണ്ടു നിന്നെ വിശ്വസിച്ചു ഞാന്‍ കാത്തിരിക്കും" എന്നു പറഞ്ഞു വിട്ടു. 
         നമ്പാടുവാന്‍ ഇതു കേട്ടതും സന്തോഷത്തോടെ ക്ഷേത്രത്തിലേക്കു ഓടി.  ദൂരെ നിന്നു കൊണ്ടു മനം കുളിരെ ഭഗവാനെ പാടി. സമയം പോയത് അറിഞ്ഞില്ല. പെട്ടെന്നു മനസ്സില്‍ താന്‍ ബ്രഹ്മ രക്ഷസ്സിനു കൊടുത്ത വാക്കു ഓര്‍മ്മ വന്നു.  ഉടനെ തനിക്കു അടുത്ത ഏകാദശിക്കു വരാന്‍ പറ്റില്ലല്ലോ എന്നു തോന്നി. പ്രഭോ! എനിക്കു ഇനി ഇവിടെ വരാന്‍ പറ്റില്ല. അങ്ങയെ കാണാതെ തന്നെ എന്റെ ഈ ജീവിതം വ്യര്‍ത്ഥമാകുന്നു എന്നു ദുഃഖിച്ചു. ഭക്തിയിലൂടെ ഭഗവാനെ ദര്‍ശിച്ചാല്‍ ആ ശരീരം വിശേഷപ്പെട്ടതു തന്നെയാണ്. നമ്പാടുവാന്‍ ഭഗവാനോട് പ്രാര്‍ഥിച്ചു. തനിക്കു ഇനി എത്ര ജന്മം കിട്ടിയാലും, ഏതു ജന്മം കിട്ടിയാലും ഭഗവാന്റെ ചരണത്തില്‍ അചഞ്ചലമായ ഭക്തി ഉണ്ടാവണം! ഏതെങ്കിലും ഒരു ജന്മത്തില്‍ തനിക്കു ഭഗവാന്റെ ദര്‍ശനം ലഭിക്കണം! ഭഗവാനെ കാണാന്‍ ഉള്ള അര്‍ഹത തനിക്കു ഇപ്പോള്‍ ഇല്ലായിരിക്കും. അതുകൊണ്ടാണ് ഇതു വരെയും തനിക്കു ദര്‍ശനം കിട്ടാത്തത്. ഭഗവാനെ തനിക്കു ഇനിയെങ്കിലും ആ അര്‍ഹത തന്നു അനുഗ്രഹിക്കണമേ എന്നു പ്രാര്‍ഥിച്ചു. ഇതു പോലെ തടുക്കാന്‍ പറ്റാത്ത ഒരു ആശ ഭഗവാനോട് ഉണ്ടാവണം.                 ഭഗവാന് ആ ഭക്തന്റെ ആഗ്രഹം കണ്ടു മനസ്സലിഞ്ഞു. ഇങ്ങനെയും ഒരു ഭക്തനുണ്ടോ? ഈ ഭക്തനെ അങ്ങനെ വിടാന്‍ ഭഗവാന്‍ തീരുമാനിച്ചിട്ടില്ലായിരുന്നു.  അയാള്‍ക്കു ദര്‍ശനം നല്‍കണം എന്നു ഭഗവാന്‍ തീരുമാനിച്ചു.  അല്ലെങ്കില്‍ ഭഗവാന്‍ തന്നെ അയാളെ കാണണം എന്നു ആഗ്രഹിച്ചു. അകത്തിരുന്നു കൊണ്ടു ധ്വജ സ്തംഭത്തിനെ ഒരു വശത്തേക്കു ഒതുങ്ങാന്‍ പറഞ്ഞു. അത്ഭുതം! സ്തംഭം അങ്ങനെ ഒരു വശത്തേക്കു നീങ്ങി. ദൂരെ നിന്നു കൊണ്ടിരുന്ന നമ്പാടുവാനു നേരെ ഭഗവാന്‍ ഇരിക്കുന്നതു കാണാന്‍ കഴിഞ്ഞു. അയാള്‍ക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഇതെന്തു അത്ഭുതം! ധ്വജസ്തംഭം തനിക്കു വേണ്ടി വഴി മാറി തന്നിരിക്കുന്നു! അയാള്‍ കണ്‍ കുളിര്‍ക്കെ നീലമേഘാ ശ്യാമളനായ ഭഗവാനെ കണ്ടു. എന്തൊരു സൌന്ദര്യം! എന്തു ഭംഗി! എത്ര കണ്ടാലും മതിവരാത്ത അഴക്‌! കണ്ണുകള്‍ നിറഞ്ഞൊഴുകി. ഭഗവാനും കൊതി തീരെ തന്റെ ഭക്തനെ തടസ്സം ഒന്നും ഇല്ലാതെ കണ്ടു. എന്തൊരു ഭക്തി! എത്ര ശുദ്ധന്‍! എന്തൊരു പ്രേമ? ഭഗവാനും ആ പ്രേമയില്‍ മയങ്ങി പോയി. രണ്ടു പേരും പരസ്പരം ആസ്വദിച്ചു. പതുക്കെ ബോധം തിരിച്ചു കിട്ടി. നമ്പാടുവാനു സന്തോഷം കൊണ്ടു ഹൃദയം നിറഞ്ഞു. അയാള്‍ക്കു  ഇനി ഒന്നും തന്നെ വേണ്ടാ. വയറു നിറയെ സദ്യ ഉണ്ടാവാന് പിന്നെ എന്തെങ്കിലും കഴിക്കാന്‍ മോഹം കാണുമോ? അതു പോലെ നമ്പാടുവാന്‍ ഭഗവാനെ ഹൃദയം നിറയെ കണ്ടു കഴിഞ്ഞു. അയാള്‍ക്കു ഇനി ജീവിതത്തില്‍ ഒന്നും വേണ്ടാ. തന്റെ ജന്മം സാഫല്യമായി. ഇനി ഈ ശരീരം കൊണ്ടു പ്രത്യേക കാര്യം ഒന്നും തന്നെ ഇല്ല. അയാള്‍ തിരികെ പോകാന്‍ ഒരുങ്ങി. നേരം പുലര്‍ന്നത് കൊണ്ടോ ഓരോരുത്തര്‍ ദര്‍ശനത്തിനായി എത്തി കൊണ്ടിരുന്നു. അവര്‍ ധ്വജ സ്തംഭം നീങ്ങിയിരിക്കുന്നതു കണ്ടു അത്ഭുതപ്പെട്ടു. അവര്‍ക്കാര്‍ക്കും കാര്യം മനസ്സിലായില്ല. എന്തോ അപചാരമാണോ എന്നു അവര്‍ സംശയിച്ചു. ശേഷം കാര്യങ്ങള്‍ അടുത്ത ലക്കത്തില്‍. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 56)
           രാധേകൃഷ്ണാ! തിരുക്കോളൂരിലെ ഒരു വീഥിയില്‍ നിന്നു കൊണ്ടു സ്വാമി രാമാനുജര്‍ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം കേട്ടു കൊണ്ടിരുന്നു. തന്റെ തന്നെ ശിഷ്യനായ വറുക നമ്പിയുടെ കാര്യം അവള്‍ പറയുന്നതു കേട്ടു അദ്ദേഹം ആശ്ചര്യം പൂണ്ടു. ഇതുവരെ അദ്ദേഹം അവളോടു ഒന്നും പറഞ്ഞില്ല. അവള്‍ പറയുന്നതു മുഴുവനും അദ്ദേഹം നിന്നു കൊണ്ടു കേട്ടു. അവള്‍ തന്റെ അടുത്ത വാക്യം പറഞ്ഞു. 
      "ഇരുമിടര്‍ പിടിത്തേനോ ശെല്‍വപ്പിള്ളൈയൈ പോലെ"
സ്വാമി രാമാനുജര്‍ ചോഴ രാജനായ കൃമികണ്ഠ ചോഴന്റെ ഉപദ്രവത്താല്‍ ശ്രീരംഗം ഉപേക്ഷിച്ചു മേല്‍കോട്ടൈ തിരുനാരായണപുരം എത്തി ചേര്‍ന്നു. അദ്ദേഹം അവിടുത്തെ രാജനായ വിഷ്ണുവര്‍ദ്ധനെ ജൈന മതത്തില്‍ നിന്നും മാറ്റി ശ്രീ വൈഷ്ണവ സമ്പ്രദായത്തില്‍ കൊണ്ടു വന്നു. അയാളെ കൊണ്ടു മേല്‍കോട്ടൈ ക്ഷേത്രവും പണിയിപ്പിച്ചു. അവിടുത്തെ ജനങ്ങള്‍ക്കു വളരെ ഉത്സാഹമായി. അവര്‍ ഭഗവാനു ഉത്സവം ആഘോഷിക്കണം എന്നു ആഗ്രഹിച്ചു. പക്ഷെ അതിനു ഉത്സവ മൂര്‍ത്തി ഉണ്ടാവണം. ആ ക്ഷേത്രത്തില്‍ മൂല ബിംബം മാത്രം ഉണ്ടായിരുന്നുള്ളൂ. രാമാനുജര്‍ ഭഗവാനോട് പ്രാര്‍ഥിച്ചു. ഭഗവാന്‍ രാമാനുജരോടു തന്റെ ഉത്സവ മൂര്‍ത്തി രാമപ്രിയന്‍ ആണെന്നും തല്‍കാലം രാമപ്രിയന്‍ ദില്ലി ബാദുഷായുടെ കൊട്ടാരത്തില്‍ ആണെന്നും, കൊട്ടാരത്തില്‍ രാജകുമാരിയുടെ കൂടെ ക്രീടിച്ചു കൊണ്ടു ഇരിക്കുന്നു എന്നും അറിയിച്ചു.  
       രാമാനുജര്‍ ഈ കാര്യം ജനങ്ങളെ അറിയിച്ചു. അവര്‍ നിറകണ്ണുകളോടെ രാമനുജരുടെ പാടങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. "അങ്ങയുടെ കാരുണ്യം കൊണ്ടാണു ഞങ്ങള്‍ക്കു ഈ ക്ഷേത്രവും മൂര്‍ത്തിയും ലഭ്യമായത്. അങ്ങ് പറഞ്ഞത് കൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ ഉത്സവ മൂര്‍ത്തി ദില്ലിയില്‍ ഉള്ള വിവരവും ഞങ്ങള്‍ അറിയുന്നത്. അങ്ങയെ പോലെയുള്ള മഹാത്മാക്കള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ അജ്ഞാനത്തില്‍ കിടന്നേനെ" എന്നുണര്‍ത്തിച്ചു.  രാമാനുജര്‍ അവരെ അനുഗ്രഹിച്ചിട്ടു തന്റെ കുറെ ശിഷ്യരെയും കൂട്ടി ദില്ലിയിലേക്കു തിരിച്ചു. വഴിയിലുട നീളം ദിവ്യ ക്ഷേത്രങ്ങള്‍ എല്ലാം ദര്‍ശിച്ചു കൊണ്ടു പോയി. അവസാനം ദില്ലിയില്‍ എത്തി. കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ അദ്ദേഹം ചെന്നു നിന്നു. ആരെയും കാത്തു നില്‍ക്കേണ്ട ആവശ്യം ഇല്ലാത്ത അദ്ദേഹം തന്റെ രാമപ്രിയനു വേണ്ടി ആ മുസ്ലിം രാജാവിന്റെ കൊട്ടാര വാതില്‍ക്കല്‍ കാത്തു നിന്നു. കാവല്‍ക്കാര്‍ ഉടനെ തന്നെ രാജാവിന്റെ ചെന്നു മുഖം കാണിച്ചു. കൊട്ടാരത്തിന്റെ വാതില്‍ക്കല്‍ കാവി വസ്ത്രം ഉടുത്ത ഒരു സന്യാസി കാത്തു നില്പുണ്ടെന്നു രാജനെ  അറിയിച്ചു. അദ്ദേഹത്തെ കണ്ടാല്‍ നല്ല ഗാംഭീര്യം തോന്നും. രാജാവിനെ മുഖം കാണിക്കണം എന്നു മാത്രം പറഞ്ഞു. എന്തിനാണെന്നു പറഞ്ഞില്ല എന്നൊക്കെ പറഞ്ഞു. 
        ബാദുഷാ അത്ഭുതപ്പെട്ടു. തന്നെ കാണാന്‍ എന്തിനാണ് ഒരു  ഹിന്ദു സന്യാസി വരുന്നത്? അവര്‍ക്കൊക്കെ മന്ത്ര തന്ത്രങ്ങള്‍ ഒക്കെ വശമല്ലേ. എന്തെങ്കിലും ഉദ്ദേശം കാണുമോ എന്നൊക്കെ സംശയിച്ചു. എന്തായാലും അദ്ദേഹത്തെ അകത്തേക്കു കൂട്ടി കൊണ്ടു വരാന്‍ കല്പിച്ചു. രാമാനുജര്‍ നടന്നു വരുന്നതു കണ്ടു എല്ലാവരും ആശ്ചര്യപ്പെട്ടു. ആ ഗാംഭീര്യവും, തലയെടുപ്പും ധൈര്യവും തന്റേടവും ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു. ബാദുഷാ തന്റെ കൈകള്‍ അറിയാതെ കൂപ്പി കൊണ്ടു അദ്ദേഹത്തെ തൊഴുതു. രാമാനുജരുടെ ആഗമനോദ്ദേശം ചോദിച്ചു. രാമാനുജര്‍ ഒട്ടും ഭയമില്ലാതെ താന്‍ കര്‍ണ്ണാടക ദേശത്തു നിന്നും വരികയാണെന്നു പറഞ്ഞു. 
"അവിടെ തിരുനാരായണപുരം എന്നൊരു ക്ഷേത്രം ഉണ്ട്. അവിടെ ഉത്സവം നടത്തണം എന്നു ഞങ്ങള്‍ ആഗ്രഹിച്ചു. അതിനായി ഒരു പുതിയ ഉത്സവ മൂര്‍ത്തിയെ ഉണ്ടാക്കേണ്ടതില്ല എന്നു ഭഗവാന്‍ ധ്യാനത്തില്‍ എന്നെ അറിയിച്ചു. പഴയ ഉത്സവ മൂര്‍ത്തി ഇവിടെ കൊട്ടാരത്തില്‍ ഉണ്ടെന്നും ഭഗവാന്‍ എന്നോടു പറഞ്ഞു. ഞാന്‍ അതു തിരിച്ചു ചോദിക്കാന്‍ വന്നതാണ്" എന്നു പറഞ്ഞു.
 ഇതു കേട്ട ബാദുഷ വളരെ ആശ്ചര്യമടഞ്ഞു. 
"എന്തു? നിങ്ങളുടെ ദൈവം നിങ്ങളോട് സംസാരിക്കുമോ?
"ഭക്തി കൊണ്ടു ഭഗവാനൊരു സംസാരിക്കാം" എന്നു രാമാനുജര്‍ മറുപടി പറഞ്ഞു. രാജന്‍ മറിച്ചൊന്നും പറഞ്ഞില്ല. ഒരു സേവകനെ വിളിച്ചു വരുത്തി "എടൊ! നാം അവിടവിടെ കൊള്ളയടിച്ചു കൊണ്ടു വന്നിട്ടുള്ള വിഗ്രഹങ്ങള്‍ എല്ലാം ഉള്ള മുറിയില്‍ ഇദ്ദേഹത്തെ കൊണ്ടു പോകു. അദ്ദേഹത്തിനു ആവശ്യമുള്ള മൂര്‍ത്തി അവിടെ ഉണ്ടെന്നു പറയുന്നു. അതു അദ്ദേഹം എടുത്തു കൊള്ളട്ടെ" എന്നു പറഞ്ഞു ശട്ടം കെട്ടി. 
       ദൂതന്‍ രാമാനുജരെ ഒരു വലിയ അറയിലേക്കു ആനയിച്ചു കൊണ്ടു പോയി. അവിടെ സ്വര്‍ണ്ണം പഞ്ചലോഹം തുടങ്ങി വിവിധയിനം ലോഹങ്ങള്‍ കൊണ്ടുള്ള പലേ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഭാരതം മുഴുവനും അയാള്‍ കൊള്ളയടിച്ചു കൊണ്ടു വന്നിരുന്നു.  നമ്മുടെ സനാതനമായ ഹിന്ദു ധര്‍മ്മത്തിനു ഇതുപോലെയുള്ള രാക്ഷസന്മാരില്‍ നിന്നും എത്ര മാത്രം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നു ഓര്‍ത്തു നോക്കുക. അതൊക്കെ കടന്നു ഇന്നും നില നില്‍ക്കുന്നുവെങ്കില്‍ അതാണ്‌ നമ്മുടെ ധര്‍മ്മത്തിന്റെ മഹത്വം എന്നു മനസ്സിലാക്കുക. എത്ര എത്ര മഹാന്മാരാണ് ഇതിനു എതിരെ കാലം കാലമായി പൊരുതു വരുന്നതു! അതു ഇപ്പോഴും തുടരുന്നു എന്നതാണു ഖേദകരമായ സത്യം! നമ്മുടെ ധര്‍മ്മത്തെ നശിപ്പിക്കാന്‍ ഒരുങ്ങുന്ന അസത്തുക്കളില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഭഗവാനോട്  പ്രാര്‍ഥിക്കുക! അടുത്ത ലക്കത്തില്‍ തുടരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Monday, February 13, 2012

പ്രേമവേദം - ഫെബ്രുവരി 12

Posted by VEDHASAARAM


നാരായണീയം
സോയം വിശ്വവിസര്‍ഗ്ഗ ദത്ത ഹൃദയേ 
സമ്പശ്യമാനഃ സ്വയം 
ബോധം ഖല്വനവാപ്യ വിശ്വവിഷയം
ചിന്താകുലസ്തസ്ഥിവാന്‍  
താവത് ത്വം ജഗതാം പതേ! താപ തപേത്യേവം 
ഹി വൈഹായസീം 
വാണീമേനമശിശ്രവഃ ശ്രുതിസുഖാം 
കുര്‍വ്വം സ്തപഃപ്രേരണാം.
                                 (ദശഃ 7 ശ്ലോഃ 2)
        വിശ്വ നിര്‍മ്മാണോത്സുക ചിതനായ ഹിരണ്യഗര്‍ഭന്‍ സ്വയം പര്യാലോചന ചെയ്തെങ്കിലും വിശ്വസ്വരൂപത്തെ കുറിച്ച് ഒരു രൂപവും ലഭിക്കാതെ ചിന്താകുലനായി തീര്‍ന്നു. അപ്പോള്‍ അങ്ങ് തപസ്സിനുള്ള പ്രേരണ ചെലുത്തുവാന്‍ വേണ്ടി "തപസ്സു ചെയ്യുക", "തപസ്സു ചെയ്യുക", എന്നിപ്രകാരം ഇമ്പമുള്ള ശബ്ദത്തില്‍ ഹിരണ്യഗര്‍ഭനു അശരീരി കേള്‍പ്പിച്ചു. 
                                            (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 

പ്രേമസന്ദേശം  
      രാധേകൃഷ്ണാ! നിന്റെ അടുത്തു പരിശ്രമം എന്നൊരു മഹാനിധി ഉണ്ട്.  നിനക്കു ഇവിടെ സന്തോഷമായി ജീവിക്കാന്‍ വേറെ നിധി ഒന്നും തന്നെ വേണ്ടാ. പരിശ്രമാണ് നിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയും!

സദ്ഗുരുവാത്സല്യം
             സദാചാര്യന്‍ ഏതെങ്കിലും ഒരു സംഭവം വഴി നമുക്കു വിഷയങ്ങള്‍ മനസ്സിലാക്കി തരുന്നു. അതു ശിഷ്യ ലക്ഷണമോ മറ്റെന്തെങ്കിലുമോ ആയികൊള്ളട്ടെ. ഗുരു പറയുന്നത് ശ്രദ്ധിച്ചു അതു പോലെ അനുസരിക്കുക. എന്നാല്‍ നമുക്കു വേണ്ട പാഠം അതില്‍ നിന്നും  ഉല്‍കൊള്ളാം എന്നു നാം പരാശര ഭട്ടരുടെ കഥയില്‍ നിന്നും മനസ്സിലാക്കി. അദ്ദേഹത്തെ പോലെ തന്നെ മറ്റൊരു മഹാനാണ് സ്വാമി രാഘവേന്ദ്രര്‍. മാധവ സമ്പ്രദായത്തിന്റെ ആചാര്യന്‍! വളരെ വിശേഷപ്പെട്ട ഒരു സദ്ഗുരു. എല്ലാ സദ്ഗുരുവിന്റെ ജീവിതത്തിലും ഓരോരോ സംഭവങ്ങള്‍ നമുക്കു പാഠങ്ങള്‍ നല്‍കുന്നു. 
         രാഘവേന്ദ്രര്‍ ക്ഷേത്രാടനം ചെയ്യുന്ന പതിവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ തുംഗഭദ്രാ തീരത്തെ ദേശത്തു എത്തി ചേര്‍ന്നു. 
ആ രാജ്യം ആണ്ടു വന്നിരുന്നതു ഒരു മുഹമ്മദീയനായിരുന്നു. ആ രാജന്റെ അന്തരംഗ അധികാരി ദിവാന്‍ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം ശ്രീ രാഘവേന്ദ്രരെ കുറിച്ചു കേട്ടിരുന്നു. അദ്ദേഹത്തിന് രാഘവേന്ദ്രരോടു വളരെ മതിപ്പും മര്യാദയും ഉണ്ടായിരുന്നു. അവരുടെ രാജ്യത്തില്‍ എത്തി ചേര്‍ന്ന അദ്ദേഹത്തെ മാനിക്കണം എന്നു ദിവാന് തോന്നി. ദിവാന്‍ രാജാവിനോട് തന്റെ മതത്തിലുള്ള ഒരു ആചാര്യന്‍ അവിടെ വന്നിട്ടുണ്ടെന്നും  അദ്ദേഹത്തിനെ മാനിച്ചു ആദരിക്കണം എന്നും പറഞ്ഞു. ആ രാജനോട്‌ രാഘവേന്ദ്രരുടെ ഗുണങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം സര്‍വജ്ഞനാണെന്നും, ഉത്തമമായ ജ്ഞാനിയാണെന്നും, ജനങ്ങളുടെ ഹൃദയത്തില്‍ ഭക്തി വിതയ്ക്കാന്‍ കഴിവുള്ളവനാണെന്നും, ത്രികാലവും അറിഞ്ഞവനാണെന്നും മറ്റും പറഞ്ഞു. 
          മുഹമ്മദീയനായ രാജാവിനു ഇതു കേട്ടിട്ടു ഒട്ടും രസിച്ചില്ല. ഇവര്‍ക്കു വേറെ ജോലിയൊന്നുമില്ല. ആരു വന്നാലും സര്‍വജ്ഞാനാണ്, അതറിയാം ഇതറിയാം എന്നൊക്കെ പറയും. ഇതെന്തു വിഡ്ഢിത്തം എന്നു വിചാരിച്ചു. ദിവാന്‍ രാജനോട്‌ രാഘവേന്ദ്രരെ കാണാന്‍ വരുന്നുണ്ടോ എന്നു ചോദിച്ചു. അതിനു അയാള്‍ രാഘവേന്ദ്രര്‍ കൊട്ടാരത്തിലേക്കു വരില്ലേ എന്നു ചോദിച്ചു. ദിവാന്‍ അതിനു അദ്ദേഹത്തിന് അങ്ങനെ രാജനെന്നോ, ദരിദ്രന്‍ എന്നോ വ്യത്യാസം ഒന്നും ഇല്ല. അതു കൊണ്ടു അദ്ദേഹം ഒരിടത്തും വരികയില്ല എന്നു പറഞ്ഞു. 'അങ്ങയ്ക്ക് വേണമെങ്കില്‍ വരാം. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല' എന്നു പറഞ്ഞു.
          ഉടനെ രാജാവിനു എല്ലാവര്‍ക്കും തന്നെക്കാള്‍ അദ്ദേഹം വലിയവനാണ്‌ എന്നാ തോന്നല്‍ ഉണ്ട് എന്നു തോന്നി. എന്നാല്‍ താന്‍ ഈ സന്യാസി  അത്ര ഉയര്ന്നവനോന്നും അല്ല എന്നു താന്‍ നിരൂപിച്ചു കൊടുക്കാം എന്നു മനസ്സില്‍ കരുതി. എന്നിട്ട് ദിവാനോടു താനും അദ്ദേഹത്തിന്റെ കൂടെ വരാം എന്നു സമ്മതിച്ചു. എന്നിട്ടു ഒരു വസ്ത്രം കൊണ്ടു അടച്ചു വെച്ച ഒരു തട്ടം സന്യാസിയുടെ പൂജയ്ക്കു അര്‍പ്പിക്കാനായി തന്റെ സേവകനെ കൊണ്ടു എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു. അയാള്‍ രാഘവേന്ദ്രരുടെ സന്നിധിയില്‍ എത്തി. അദ്ദേഹത്തെ തൊഴുതു. എന്നിട്ടു താന്‍ കൊണ്ടു വന്ന തട്ടം മുന്നില്‍ വെച്ചിട്ട്, 'താങ്കളുടെ ഭഗവാന്‍ ഞാന്‍ കൊണ്ടു വരുന്നത് സ്വീകരിക്കുമോ? എന്നാല്‍ ഇതാ ഞാന്‍ കുറച്ചു പുഷ്പങ്ങളും ഫലങ്ങളും കൊണ്ടു വന്നിട്ടുണ്ട്. അതു നിങ്ങളുടെ ദൈവത്തിനു അര്‍പ്പിക്കു' എന്നു പറഞ്ഞു. 
          ഇതു കേട്ട രാഘവേന്ദ്രര്‍ അയാളോട് ഉത്തമമായ ഭക്തിയോടു കൂടി ആരു എന്തു കൊണ്ടുവന്നാലും ഭഗവാന്‍ അതു സ്വീകരിക്കും എന്നു പറഞ്ഞു. ഉടനെ രാജന്‍ എന്നാല്‍ അങ്ങ് ഞാന്‍ കൊണ്ടു വന്ന പുഷ്പവും ഫലവും നിവേദിക്കു എന്നു പറഞ്ഞു.  രാഘവേന്ദ്രര്‍ അയാള്‍ കൊണ്ടു വന്ന തട്ടം ഭഗവാന്റെ മുന്നില്‍ വെച്ച്. പലരും പല സാധനങ്ങളും കൊണ്ടു വന്നിരുന്നു. എല്ലാം അദ്ദേഹം ഭാഗവാനായി നിവേദിച്ചു. ഭഗവന്‍ നാമം ജപിച്ചു കൊണ്ടു എല്ലാവറ്റിന്റെയും മേല്‍ കുറച്ചു ജലം തളിച്ചു. കണ്ണടച്ചു കുറച്ചു നേരം ധ്യാനിച്ചു. എന്നിട്ടു മന്ത്രം ചൊല്ലി എല്ലാം നിവേദിച്ചു. എല്ലാം നിവേദിച്ചു കഴിഞ്ഞിട്ടു രാജനോട്‌ 'കുഞ്ഞേ നിന്റെ നിവേദ്യം ഭഗവാന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇനി നിനക്കു അതു എടുക്കാം എന്നു പറഞ്ഞു.
          പെട്ടെന്ന് അയാള്‍ ഉറക്കെ ചിരിച്ചു എന്നിട്ടു തന്റെ ദിവാനെ നോക്കി നിങ്ങളൊക്കെ ഇദ്ദേഹം സര്‍വജ്ഞാനാണ് ത്രികാല ജ്ഞാനിയാണ്‌ എന്നൊക്കെ പറഞ്ഞില്ലേ. അദ്ദേഹം ഇപ്പോള്‍ നിങ്ങളുടെ ഭഗവാന് നിവേദിച്ചതു പുഷ്പവും പഴവും ഒന്നുമല്ല. ഞാന്‍ അതില്‍ പശുവിനെ വെട്ടി അതിന്റെ ഇറച്ചിയാണ് വെച്ചിരുന്നത്. എന്നിട്ടു അതു നിങ്ങളുടെ ഭഗവാനു നിവേദിച്ചിരിക്കുന്നു എന്നു പറഞ്ഞു പരിഹസിച്ചു ചിരിച്ചു.  ഇതു കേട്ടിട്ടു എല്ലാവരും നടുങ്ങി പോയി. ആര്‍ക്കും എന്തു പറയണം എന്നു അറിയില്ലാ. എന്താ സംഭവിച്ചത് എന്നു നോക്കിയിരിക്കുകയാണ്. രാജന്‍ ഭഗവാനു നിവേദിച്ച തട്ടം എടുത്തു തുണി മാറ്റി എല്ലാവരെയും കാണിച്ചു. അയാള്‍ ഞെട്ടി പോയി. തട്ടം നിറയെ പുഷ്പവും,ഫലങ്ങളും! അയാള്‍ക്കു ഒന്നും മനസ്സിലായില്ല! ചുറ്റും ഉള്ളവര്‍ എല്ലാവരും തട്ടത്തിലേക്ക്‌ നോക്കി. എന്നിട്ടു അയാള്‍ പറഞ്ഞത് പോലെ ഇറച്ചി ഒന്നും അവിടെ കണ്ടില്ലല്ലോ എന്നു അന്ധാളിച്ചു. എല്ലാവര്‍ക്കും പൂവും ഇറച്ചിയും കണ്ടപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. അവര്‍ രാജനെ ചോദ്യ ഭാവത്തില്‍ നോക്കി. 
         രാജന്‍ തികച്ചും സ്തബ്ധനായി തീര്‍ന്നു. തട്ടത്തില്‍ പശുവിന്‍ ഇറച്ചി വെച്ചതു അയാള്‍ക്കു നല്ല നിശ്ചയമുണ്ട്. പിന്നെ എങ്ങനെ ഇതു സംഭവിച്ചു എന്നു നോക്കി. ഉടനെ രാഘവേന്ദ്രര്‍ അയാളോട് 'അപ്പനെ നീ  എന്നെ കാണാന്‍ വരുമ്പോള്‍ ആദ്യം പുഷ്പവും പഴവും തന്നെയാണ് കൊണ്ടു വരണം എന്നാഗ്രഹിച്ചത്. പക്ഷെ അതിന്റെ ഇടയില്‍ നിന്നിലെ ആസുര സ്വഭാവമാണ് പിന്നൊക്കെ ചെയ്യിച്ചത്. നിന്റെ ഉള്ളിലെ ആസുര ഗുണത്തെ എടുത്തിട്ട് നിന്റെ സാത്വീക ആഗ്രഹം പോലെ തന്നെ ഭവിക്കട്ടെ എന്നു ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. അതു കൊണ്ടു ഭഗവാന്‍ അങ്ങനെ തന്നെ ചെയ്തു എന്നു പറഞ്ഞു. 
       ഉടനെ രാജന്‍ സ്വാമിയോട് ശരിയാണ് അങ്ങ് പറഞ്ഞ പോലെ ഞാന്‍ ആദ്യം പഴവും പുഷ്പവും കൊണ്ടു വരണം എന്നാണു ആഗ്രഹിച്ചത്‌. പിന്നീടാണ് എന്റെ ചിന്ത വഴി മാറിയത് എന്നു പറഞ്ഞു മാപ്പപേക്ഷിച്ചു കരഞ്ഞു. രാഘവേന്ദ്രര്‍ അയാള്‍ക്ക്‌ മാപ്പ് നല്‍കി ഉപദേശവും നല്‍കി. താന്‍ ചെയ്ത തെറ്റിന് പരിഹാരമായി താന്‍ എന്തു ചെയ്യണം എന്നു രാജന്‍ അദ്ദേഹത്തോട് ചോദിച്ചു. ഉടനെ അദ്ദേഹം തുംഗഭദ്രാ നദീ തീരത്തു
തനിക്കൊരു വൃന്ദാവനം ഉണ്ടാക്കാന്‍ കുറച്ചു സ്ഥലം വേണം എന്നു ചോദിച്ചു. രാജന്‍ സന്തോഷത്തോടെ അതു നല്‍കി എന്നു ചരിത്രം! ആ രാജന്‍ അന്നു അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്നു നമുക്കു മന്ത്രാലയം എന്ന ദിവ്യ ക്ഷേത്രം ലഭ്യമായത്. സ്വാമി രാഘവേന്ദ്രരുടെ ചരിത്രത്തില്‍ ഇതു പോലെ അത്ഭുതകരമായ ഒരു പാടു ലീലകള്‍ ഉണ്ട്. വേറൊരു അത്ഭുത ലീലയുമായി നമുക്കു അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ! ഭക്തിയുടെ മഹത്വം വിളിച്ചോതുന്ന ഈ പംക്തിയില്‍ കഴിഞ്ഞ ലക്കം നാം ഒരു ഹരിജന ഭക്തന്റെ കഥയാണ് പറയാന്‍ തുടങ്ങിയതു. നമ്പാടുവാന്‍ എന്നു വിളിക്കപ്പെട്ട ആ കഥാ പാത്രം ഒരു ഹരിജനാണ് എന്നു നാം കണ്ടു. ഉദര വൃത്തിക്കു വേണ്ടി അയാള്‍ എന്തോ ചെയ്തു വന്നിരുന്നു. ആരായാലും കര്‍മ്മം ചെയ്യാതെ ജീവിക്കാന്‍ പറ്റില്ലല്ലോ. ചെയ്യുന്ന കര്‍മ്മം ഭഗവത് അര്‍പ്പണമായി ചെയ്യണം. അതാണ്‌ പ്രധാനം! ഹൃദയത്തില്‍ നിറയെ ഭഗവത് ഭക്തി ഉണ്ടായിരുന്നു. അയാള്‍ക്കു തിരുക്കുറുങ്കുടി അപ്പനോടു വല്ലാത്ത ഒരിഷ്ടം തോന്നിയിരുന്നു. ക്ഷേത്രത്തില്‍ പോയി ദര്‍ശനം ചെയ്തു വരുന്നവര്‍ വര്‍ണ്ണിച്ചു കേട്ടു കേട്ടു അയാള്‍ക്കു പെരുമാളോടു ഹൃദയം നിറഞ്ഞ പ്രേമം തോന്നിയിരുന്നു. അതാണ്‌ മഹാന്മാര്‍ ശ്രവണത്തെ വളരെ പ്രധാനമായി പറയുന്നത്. കേള്‍ക്കുന്തോറും മനസ്സ് അതിനെ കുറിച്ച് ചിന്തിക്കും. ചിന്തിക്കുന്തോരും ഹൃദയം അതില്‍ ലയിക്കും. നല്ല വിഷയങ്ങള്‍ ധാരാളം കേള്‍ക്കുക! ഭക്തന്മാര്‍ പരസ്പരം പെരുമാളെ കുറിച്ച് പറയുന്നത് അദ്ദേഹം മാറി നിന്നു ശ്രദ്ധിക്കും. അതൊക്കെ കേട്ടിട്ടു തനിക്കും ഒരിക്കല്‍ ഭഗവാനെ കാണണം എന്നു കലശലായ ആഗ്രഹം തോന്നി. 
         സ്വാമി നമ്മാഴ്വാര്‍ തിരുക്കുറുങ്കുടി പെരുമാളെ കുറിച്ച് പത്തു പാസുരങ്ങള്‍ പാടിയിട്ടുണ്ട്. കാമുകനെ കണ്ടു മയങ്ങി പോയ ഒരു പെണ്ണിന്റെ സ്ഥിതിയില്‍ അദ്ദേഹം പാടുന്നു. ഭഗവാന്റെ ചെന്താമര കണ്ണുകളും, ചെഞ്ചുണ്ടുകളും അവളുടെ ഹൃദയം കവര്‍ന്നു കൊണ്ടു പോയി. അവളുടെ ഹൃദയം ഇപ്പോള്‍ ഭഗവാന്റെ അടുത്താണ് എന്നു പറയുന്നു. അതു പോലെ ഓരോ ഭക്തന്മാര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതു അദ്ദേഹം കേട്ടു അതില്‍ ആകൃഷ്ടനായി പോയി. പക്ഷെ അദ്ദേഹം താഴ്ന്ന കുലത്തില്‍ ജനിച്ചു പോയതു കൊണ്ടു ഭഗവാനെ ചെന്നു കാണാന്‍ സാധിക്കില്ല. തനിക്കു അടുത്ത ജന്മത്തില്‍ എങ്കിലും ഭഗവാനെ കാണാന്‍ ഉള്ള ഭാഗ്യം സിദ്ധികണം എന്നു വിചാരിച്ചു അദ്ദേഹം ഏകാദശി വ്രതം നോറ്റു വാന്നിരുന്നു. അന്നു കുളിച്ചു ശുദ്ധമായി ഉപവാസം ഇരുന്നു. എന്നിട്ടു തിരുക്കുറുങ്കുടി ക്ഷേത്രത്തെ പാട്ടു പാടി കൊണ്ടു വലം വെച്ചു കൊണ്ടിരിക്കും. അവസാനം ദൂരെ നിന്നു ഭഗവാനെ തൊഴുതു മടങ്ങും. 
        ഇതാണ് യഥാര്‍ത്ഥ ഭക്തി. അദ്ദേഹം ഓരോ ഏകാദശിക്കും   വേണ്ടി കാത്തിരിക്കുമായിരുന്നു.  ഓരോ ഏകാദശിക്കും തൊഴുതു മടങ്ങിയിട്ടു അടുത്ത ഏകാദശി വരെ അതെ സ്മരണയില്‍ കഴിച്ചു കൂട്ടും. ഭഗവാനെ നാം അനുഭവിക്കുന്നത് അഞ്ചു നിമിഷങ്ങള്‍ മാത്രമാണെങ്കിലും അതിനെ തന്നെ ധ്യാനിച്ചു കൊണ്ടിരിക്കുന്നത് വളരെ വിശേഷമാണ്. ഉള്ളില്‍ അങ്ങനെ ഒരു ത്വര ഉണ്ടാവണം. നാം ഏതു സ്ഥിതിയില്‍ ഇരിക്കുന്നു എന്നതു വിഷയമല്ല. നാം ഏതു സ്ഥിതിയില്‍  ഇരുന്നാലും ഭഗവത് സ്മരണ നമ്മെ വിട്ടകലാതെ ഇരിക്കണം. ശബരി ഒരു വേടത്തിയാണ്. എന്നാല്‍ അതു കൊണ്ടു രാമസ്മരണം അവളെ വിട്ടു പോയില്ല. അതു പോലെ നമ്പാടുവാനും താഴ്ന്ന ജാതിയില്‍ പിറന്നാലും ഭഗവാനെ കാണണം എന്ന മോഹം ഇപ്പോഴും കൊണ്ടു നടന്നിരുന്നു. 
            ഒരു വൃശ്ചിക മാസം ഏകാദശി ദിവസം അദ്ദേഹം കാട്ടു വഴിയില്‍ കൂടി തിരുക്കുറുങ്കുടി ക്ഷേത്രത്തിലേക്കു പോവുകയായിരുന്നു. അദ്ദേഹം ഭഗവാനോട് 'പ്രഭോ! എന്റെ ഈ ജന്മം ഇങ്ങനെയായി. ഇനി അടുത്ത ജന്മത്തിലെങ്കിലും എനിക്കു അങ്ങയെ കാണാന്‍ ഉള്ള ഭാഗ്യം തരണമേ' എന്നു പ്രാര്‍ഥിച്ചു. അദ്ദേഹം വിടാതെ നാമ ജപം ചെയ്തു കൊണ്ടു നടന്നു.  ക്ഷേത്രത്തില്‍ എത്തുവാനുള്ള തിടുക്കത്താല്‍ അദ്ദേഹം ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പോകുന്ന വഴിയില്‍ ഒരു ബ്രുഹത്തായ വൃത്തികെട്ട ഒരു രൂപം ഇരിക്കുന്നത് അദ്ദേഹം കണ്ടതേയില്ല. പെട്ടെന്നു ആ രൂപം അദ്ദേഹത്തെ കയറി പിടിച്ചു. അദ്ദേഹം ആശ്ചര്യപ്പെട്ടു അതാരാണെന്നു അതിനോട് അന്വേഷിച്ചു. ഉടനെ അതു താന്‍ ഒരു ബ്രഹ്മ രക്ഷസ്സ് ആണെന്ന് പറഞ്ഞു. ഉടനെ അദ്ദേഹം ബ്രഹ്മ രക്ഷസ്സ് തന്നെ എന്തിനാണ് പിടിച്ചതെന്നു അതിനോട് ചോദിച്ചു. 
"ഈ വഴി വരുന്ന ജന്തുക്കലെല്ലാം എനിക്കു ആഹാരമാണ്. അതു കൊണ്ടു ഞാന്‍ അവ പിടിച്ചു ഭക്ഷിക്കും. ഇന്നു നീയാണ് എന്റെ ഭക്ഷണം" എന്നു പറഞ്ഞു. ഇതു കേട്ട നമ്പാടുവാന് വളരെ ദുഃഖം തോന്നി. ബ്രഹ്മ രക്ഷസ്സിനെ കണ്ടു പേടിച്ചിട്ടൊന്നുമല്ല. മറിച്ചു തന്റെ ഇന്നത്തെ ഏകാദശി ദര്‍ശനം മുടങ്ങുമല്ലോ എന്നോര്‍ത്തിട്ടായിരുന്നു. അദ്ദേഹം കൈ തൊഴുതു പിടിച്ചു കൊണ്ടു 'ഞാന്‍ നിന്നോടു അപേക്ഷിക്കുകയാണ്' എന്നു പറഞ്ഞു.
ബ്രഹ്മ രക്ഷസ്സ് 'എന്താണ് അതു? അതു ചോദിച്ചു.
നമ്പാടുവാന്‍ 'എല്ലാ മാസവും ഏകാദശി ദിവസം ഞാന്‍ ഉപവാസം ഇരുന്നു ക്ഷേത്രത്തില്‍ പോയിട്ടു വരുന്ന ഒരു പതിവുണ്ട്.  അതിനായിട്ടാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയത്. നീ ദയവു ചെയ്തു എന്നെ ഒന്നു പോകാന്‍ അനുഅവടിക്കണം. ഞാന്‍ അവിടെ പോയി തിരിച്ചു നിന്റെ അടുത്തു വന്നു കൊള്ളാം' എന്നു പറഞ്ഞു. നമ്പാടുവാന്റെ ഈ അപേക്ഷ ബ്രഹ്മ രക്ഷസ്സ്  സ്വീകരിക്കുമോ എന്നു അറിയാന്‍ കാത്തിരിക്കു. അതുവരെ ഭഗവന്‍ നാമ ജപം ചെയ്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 55 തുടര്‍ച്ച)
         രാധേകൃഷ്ണാ! രാമാനുജരുടെ ശിഷ്യനായ വടുക നമ്പിയുടെ കഥയാണ് പെണ്‍പിള്ളൈ രാമാനുജരോട് പറഞ്ഞു കൊണ്ടിരുന്നത്. വടുക നമ്പിയുടെ ഗുരു ഭക്തിക്കു സമമായി ഒന്നും തന്നെ പറയാനില്ല. അദ്ദേഹത്തിനു തന്റെ ഗുരു തന്നെയാണ് സര്‍വസ്വവും.  ഒരിക്കല്‍ ശ്രീരംഗത്തില്‍ രാമാനുജര്‍ തന്റെ മഠത്തിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ശ്രീരംഗനാഥന്‍ തെരുവ് വീതിയിലൂടെ എഴുന്നള്ളി വരികയായിരുന്നു.  കൈകളില്‍ ശംഖും ചക്രവും ധരിച്ചു കൊണ്ടു പ്രസന്ന വദനനായി ഭഗവാന്‍ വരുന്നതു കണ്ടു അദ്ദേഹം കൊതിച്ചു നിന്നു പോയി. ചുണ്ടുകള്‍ രംഗാ രംഗാ എന്നു മന്ത്രിച്ചു കൊണ്ടിരുന്നു. സന്തോഷത്തില്‍ അദ്ദേഹം ചുറ്റും നോക്കി. തന്റെ ശിഷ്യന്മാര്‍ എല്ലാവരും ഉണ്ടോ എന്നു നോക്കി. എല്ലാവരും ഉണ്ടായിരുന്നു. പെട്ടെന്നു ഒരാളുടെ അഭാവം അദ്ദേഹം ശ്രദ്ധിച്ചു. പ്രിയ ശിഷ്യനായ വടുക നമ്പി മാത്രം അവിടെ ഇല്ല. ഹോ ഇത്രയും മഹത്തായ ഈ സുന്ദര ദര്‍ശനം വിട്ടിട്ടു വടുകാന്‍ എവിടെ പോയി എന്നു അദ്ദേഹത്തിനു തോന്നി. ഈ സുന്ദര രൂപം കാണാതെ ഒരുത്തന്‍ ഉണ്ടോ എന്നു അദ്ദേഹത്തിനു മുഷിവു തോന്നി. എന്നിട്ട് മധുരമായ സ്വരത്തില്‍ 'വടുകാ!' എന്നു  നീട്ടി വിളിച്ചു. വിളി കേട്ടപ്പോള്‍ തന്നെ അകത്തു നിന്നും 'അടിയന്‍!' എന്ന മറുപടിയും കേട്ടു. 
        രാമാനുജര്‍ കുറച്ചു നേരം നോക്കിയിട്ട് നമ്പിയെ കാണാതെ എന്തു പറ്റി എന്ന മട്ടില്‍ അകത്തേക്കു നോക്കി. ഇതു കണ്ട മറ്റു ശിഷ്യന്മാര്‍ 'ഈ വടുക നമ്പി ഇപ്പോഴും ഇങ്ങനെയാണ്. വിളിച്ചാല്‍ ഉടനെ വരില്ല' എന്നു മുറുമുറുത്തു. ശിഷ്യരില്‍ ഒരാള്‍ നമ്പിയെ വിളിച്ചു കൊണ്ടു വരാന്‍ അകത്തേക്കു പോകാന്‍ ഒരുങ്ങി. രാമാനുജര്‍ പെട്ടെന്നു അദ്ദേഹത്തെ തടഞ്ഞു. എന്നിട്ടു വീണ്ടും നീട്ടി വടുകാ! എന്നു വിളിച്ചു. 'വടുകാ നാം പെരുമാളിന്റെ അഴകാര്‍ന്ന കണ്ണുകള്‍ കാണാന്‍ വരുന്നില്ലേ?' എന്നു ചോദിച്ചു. അപ്പോഴേക്കും എഴുന്നള്ളിപ്പു വീട്ടു മുറ്റത്തു എത്തിയിരുന്നു. പെരുമാള്‍ അവിടെ നിന്നു ഈ നാടകം കാണുകയായിരുന്നു. ഇതെന്താ ഇവിടെ ഗുരുവും ശിഷ്യനും തമ്മില്‍ നടക്കുന്നത് എന്നു ഭഗവാനും നോക്കി. 'ഞാന്‍ അനുഗ്രഹം ചൊരിയാന്‍ ഈ വീട്ടു മുറ്റത്തു എത്തിയിരിക്കുന്നു. അപ്പോള്‍ രാമാനുജര്‍ എന്നെ മറന്നു വടുകാ എന്നു വിളിച്ചു കൊണ്ടിരിക്കുന്നു എന്നു നോക്കി. ആചാര്യന്‍ അങ്ങനെയാണ്. തന്റെ ശിഷ്യന്മാര്‍ ഭഗവാനെ ശരിക്കും അനുഭവിക്കുന്നുണ്ടോ എന്നു ഇപ്പോഴും അവര്‍ നോക്കിയിരിക്കും. 
         ഉടനെ ഉള്ളില്‍ നിന്നും വടുക നമ്പി 'അങ്ങയുടെ പെരുമാളെ സേവിക്കാന്‍ ഞാന്‍ ഇപ്പോള്‍ വന്നാല്‍ എന്റെ പെരുമാളിനു വേണ്ടി ഞാന്‍ കായ്ച്ചിക്കൊണ്ടിരിക്കുന്ന പാലു പൊങ്ങി തൂവി പോവും. അതു കൊണ്ടു എനിക്കു വരാന്‍ സാധിക്കില്ല' എന്നു ഉറക്കെ വിളിച്ചു  പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. ഭഗവാന്‍ ചിരിച്ചു കൊണ്ടു രാമാനുജരോടു 'രാമാനുജാ ഇനി ഞാന്‍ ഇവിടെ നിന്നാല്‍ എനിക്കു മര്യാദ കിട്ടില്ല' എന്നു പറഞ്ഞു കൊണ്ടു മുമ്പോട്ടു നീങ്ങി. രാമാനുജര്‍ക്കു ഉത്തരം ഒന്നും പറയാന്‍ സാധിച്ചില്ല. വടുക നമ്പിയുടെ ആചാര്യ ഭക്തി കണ്ടു എല്ലാവരും ആശ്ചര്യ പെട്ടു പോയി. തന്റെ ആചാര്യനു വേണ്ടി പാലു നല്ല പാകത്തില്‍ കായ്ച്ചി വേണ്ട മധുരം ചേര്‍ത്തു അടച്ചു വെച്ചു. എന്നിട്ടു മാത്രമേ മറ്റു എന്തായാലും അദ്ദേഹം നോക്കിയുള്ളൂ.  അദ്ദേഹത്തെ പോലെ ഒരു ആചാര്യ ഭക്തി തനിക്കില്ലല്ലോ. അല്ലെങ്കില്‍ മറ്റു ഭക്തന്മാരെ പോലെ ഭഗവത് ഭക്തിയും തനിക്കില്ലല്ലോ. പിന്നെ തനിക്കു എന്തു അര്‍ഹതയാണ് തിരുക്കോളൂരില്‍ താമസിക്കാന്‍ എന്നു പെണ്‍പിള്ളൈ രാമാനുജരോട് ചോദിച്ചു. രാമാനുജരും തന്റെ ശിഷ്യന്റെ ഗുണത്തെ ഓര്‍ത്തു ഉള്ളില്‍ സന്തോഷിച്ചു കൊണ്ടു നിന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!  

Friday, January 13, 2012

പ്രേമവേദം - ജനുവരി 12

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
ഏവം ദേവ ചതുര്‍ദ്ദശാത്മക ജഗത് രൂപേണ ജാതഃ പുന-
സ്തസ്യോര്‍ധ്വം ഖലു സത്യലോകനിലയേ ജാതോസി  
ധാതാ സ്വയം 
യം ശംസന്തി ഹിരണ്യ ഗര്‍ഭമഖില ത്രൈലോക്യ 
ജീവാത്മകം 
യോ ഭൂത സ്ഫീത രജോവികാര വികസന്‍
നാനാ സിസൃക്ഷാ രസഃ  
                  (ദശ:7  ശ്ലോഃ 1) 

      അല്ലയോ പ്രകാശാത്മാവായ ഭഗവാനേ! ഇങ്ങനെ പതിന്നാലു ലോകങ്ങളുടെ ആത്മാവോടെ ജന്മമെടുത്ത അങ്ങ് പിന്നീട്, അവയ്ക്കെല്ലാം മുകളിലുള്ള സത്യാ ലോകത്തില്‍ സ്വയം ബ്രഹ്മാവായി രൂപം കൈക്കൊണ്ടു. ത്രിലോകങ്ങളുടെ മുഴുവന്‍ ജീവാത്മാവായ ആ ബ്രഹ്മാവിനെ ഹിരണ്യ ഗര്‍ഭനെന്നു പേര്‍ പറയുന്നു. ആ ബ്രഹ്മാവ്‌ രജോ ഗുണ വികാസ ഫലമായി ഒട്ടേറെ വസ്തുക്കള്‍ സൃഷ്ടിക്കാന്‍ കൌതുകമുള്ളവനായി ഭവിച്ചു.
                                          (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 

പ്രേമസന്ദേശം
      രാധേകൃഷ്ണാ! എന്നും നാം കാലത്തു കുട്ടികളെ ഉണര്‍ത്തുമ്പോള്‍    നല്ല വാക്കു പറഞ്ഞു ഉണര്‍ത്തണം. 'മോനെ അല്ലെങ്കില്‍ മോളെ നീ ഉണരൂ! നിനക്കു ഇന്നു ഭഗവാനേ അനുഭവിക്കണ്ടെ? ഇന്നു നിനക്കു എന്തു അനുഭവമാണ് ഭഗവാന്‍ തരുന്നത് എന്നു നമുക്കു കാണാം.' എന്നു പറഞ്ഞു ഉണര്‍ത്തണം അല്ലാതെ  നേരമായി പോയി, ഇങ്ങനെ കിടന്നു ഉറങ്ങരുതു എന്നുള്ള വിരോധ ഭാവമുള്ള വാക്കുകള്‍ കൊണ്ടല്ല! രാധേകൃഷ്ണാ! രാധേകൃഷ്ണാ!     

സദ്ഗുരുവാത്സല്യം
നിത്യം ശുദ്ധം നിരാഭാസം നിരാകാരം നിരഞ്ജനം  
നിത്യ ബോധം നിരാനന്ദം ഗുരു ബ്രഹ്മ നമാമ്യഹം   
        രാധേകൃഷ്ണാ! ഗുരുവിന്റെ മഹിമ എത്ര പറഞ്ഞാലും തീരില്ല. അത്ഭുതാവഹമായ ഗുണങ്ങള്‍  നിറഞ്ഞവരാണ് സദ്ഗുരുമാര്‍.  നിത്യം - ഗുരു ഒരിക്കലും മറഞ്ഞു പോകുന്നില്ല. ആ സാന്നിധ്യം നിരന്തരമായി ഉണ്ടാവും. സാധാരണ മനുഷ്യരെ പോലെ അവര്‍ അനിത്യരല്ല. വേദവ്യാസര്‍  നമുക്കു പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും ഭാഗവതത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉടനീളം ഉണ്ട്. അതു പോലെ സദ്ഗുരു എപ്പോഴും ഉണ്ടാവുന്നു. 
      അതേ പോലെ അവര്‍ യാതൊരു കുറ്റവും ഇല്ലാത്തവരാണ്. പരിപൂര്‍ണ്ണരാണ്, അതു കൊണ്ടു ശുദ്ധരാണ്.  അവരെ മനസ്സിലാക്കാന്‍ പ്രയാസമാണ്. അവരെ  ഇന്ന തരത്തിലാണെന്ന് ഒരിക്കലും നിര്‍ണ്ണയിക്കാന്‍ സാധിക്കുകയില്ല. മാറ്റം ഒട്ടും ഇല്ലാത്തവരാണ്, നിത്യബോധത്തോടു കൂടിയവരാണ്‌, ആനന്ദത്തിന്റെ മൂര്‍ത്തി ഭാവമാണ്. സ്വയം ആനന്ദത്തില്‍ വിഹരിക്കുന്നു. മറ്റുള്ളവര്‍ക്കും ആനന്ദം പകര്‍ന്നു നല്‍കുന്നു.  കല്മഷം ഒട്ടും ഇല്ലാത്തവരാണ് സദ്ഗുരുമാര്‍. 
     ഒരിക്കല്‍ പരാശര ഭാട്ടരോടു ഒരു ശിഷ്യന്‍ വൈഷ്ണവ ലക്ഷണം എന്താണെന്നു ചോദിച്ചു. ആ ശിഷ്യന്‍ സ്വയം ഭക്ത ലക്ഷണം നിറഞ്ഞവനായിരുന്നു. പക്ഷെ ഒരു ഗുരു ഒരിക്കലും നേരിട്ട് തന്റെ  ശിഷ്യനെ പുകഴ്ത്താന്‍ പാടില്ല എന്നാണ് ധര്‍മ്മം. എപ്പോഴും വഴക്കു പറഞ്ഞു കൊണ്ടിരിക്കുന്നതു ഗുരു ധര്‍മ്മം. ഇതു മനസ്സിലാക്കാനും അംഗീകരിക്കാനും വളരെ ബുദ്ധിമുട്ടാണ്. പരാശരര്‍ ശിഷ്യനോട് തിരുപ്പതിയില്‍ തിരുമല അനന്താഴ്വനോടു ചെന്നു വൈഷ്ണവ ലക്ഷണം എന്താണെന്നു എന്റെ ആചാര്യന്‍ ചോദിച്ചു വരാന്‍ പറഞ്ഞു എന്നു പറയാന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു തരുന്നതു തിരിച്ചു വന്നിട്ട് അടിയനും പറഞ്ഞു തരിക എന്നു പറഞ്ഞു. 
       ഇതു കേട്ട ശിഷ്യന്‍ തന്റെ ഗുരുവിനും വൈഷ്ണവ ലക്ഷണങ്ങള്‍ അറിയില്ല പോലും എന്നു വിചാരിച്ചു. അദ്ദേഹത്തിന് ഒരു കൈങ്കര്യമായി താന്‍ ഇതു അറിഞ്ഞു വന്നു പറയണം എന്നു വിചാരിച്ചു പുറപ്പെട്ടു. ഇദ്ദേഹം ചെല്ലുമ്പോള്‍ അനന്താഴ്വാന്‍ 'തതീയാരാധനം' ചെയ്തു വരികയായിരുന്നു. എന്നു വെച്ചാല്‍ ഭക്തന്മാരെ ആരാധിക്കുക എന്നതാണ് അര്‍ത്ഥം! ഭഗവാനു ഇഷ്ടമുള്ളവരെ  നല്ല ഭക്ഷണം കൊടുത്തു നാം ആരാധിക്കണം. 
        ഈ കാലത്തു എല്ലാവരും അന്നദാനം ചെയ്യുന്നു എന്നു പറയുന്നു. ദാനം ചെയ്യാന്‍ നമ്മുടെ കയ്യില്‍ വാസ്തവത്തില്‍ എന്താണ് ഉള്ളത്? നമ്മുടെ അഹങ്കാരം മാത്രമല്ലേ നമുക്കു മുതലായുള്ളൂ. അതു സ്വീകരിക്കാന്‍ സദ്ഗുരു മാത്രമേ തയ്യാറാവു. ഭഗവാന്‍ നമുക്കു നല്‍കിയിട്ടുള്ള ധനമോ മറ്റോ കൊണ്ടു ദാനം ചെയ്യാന്‍ നാം ആരാണ്? വിനയത്തോടു കൂടി ഭഗവത് ഭക്തന്മാരെ ആരാധിക്കണം. അതാണ്‌ ശരി.
        പരാശരരുടെ ശിഷ്യന്‍ ഇതു നോക്കി നില്‍ക്കുകയായിരുന്നു. വളരെ നേരം പന്തി തുടര്‍ന്നു. എല്ലാം കഴിഞ്ഞു അനന്താഴ്വാന്‍ കയ്യും കൂപ്പി ഇദ്ദേഹത്തിന്റെ അടുത്തു വന്നു. അനന്താഴ്വാന്‍ രാമാനുജരുടെ ശിഷ്യനായ ഒരു വലിയ മഹാനാണ്. അദ്ദേഹം ഈ ഭക്തനോടു കൈ കൂപ്പി കൊണ്ടു ഇത്രയും നേരം ആയതിനു ക്ഷമ ചോദിച്ചു. 'അങ്ങു ഇനി വരിക ആഹാരം കഴിക്കാം' എന്നദ്ദേഹത്തെ വിളിച്ചു ഭക്ഷണം കൊടുത്തു.  ശിഷ്യന്‍ അവിടെ ഭക്ഷണം എല്ലാം കഴിച്ചു. ഉടനെ അനന്താഴ്വാര്‍ അദ്ദേഹത്തോട് അദ്ദേഹത്തിന് എന്തെങ്കിലും ധൃതി ഉണ്ടോ ഇല്ലെങ്കില്‍ താന്‍ പോയി  ഭക്ഷണം കഴിച്ചു വരാം എന്നു പറഞ്ഞു. ആ ഭക്തന്‍ ശരി താന്‍ കാത്തിരിക്കാം എന്നു പറഞ്ഞു. 
        അനന്താഴ്വാന്‍ ഭക്ഷണം കഴിച്ചു വന്നു എന്നിട്ട് അദ്ദേഹം ആരാണെന്ന്  ചോദിച്ചു. അദ്ദേഹം താന്‍ പരാശര ഭാട്ടരുടെ ശിഷ്യനാനെന്നു പറഞ്ഞു ഇതു കേട്ട് അദ്ദേഹം വളരെ സന്തോഷിച്ചു. ഉത്തമനായ ശ്രീ രാമാനുജരുടെ ശിഷ്യനായ പരാശരുടെ ശിഷ്യനാണോ എന്നു സന്തോഷിച്ചു. ശിഷ്യന്‍ അദ്ദേഹത്തോട് താന്‍ ഉത്തമമായ വൈഷ്ണവ ഭക്ത ലക്ഷണം എന്താണെന്ന് അറിയാന്‍ വന്നതാണെന്നു പറഞ്ഞു. തന്നെ തന്റെ ഗുരു ഇവിടേയ്ക്കു പറഞ്ഞയച്ചതാണെന്നും താന്‍ അതു അറിഞ്ഞു കൊണ്ടു അദ്ദേഹത്തിനു പറഞ്ഞു കൊടുക്കണം എന്നു ആജ്ഞ ഉണ്ടെന്നും പറഞ്ഞു. 
         ഇതു കേട്ടിട്ടു അനന്താഴ്വാന്‍ ആ ശിഷ്യനോട് "കൊക്കു പോലെ ഇരുപ്പാന്‍, കോഴി പോലെ ഇരുപ്പാന്‍, ഉപ്പു പോലെ ഇരുപ്പാന്‍ ഉമ്മൈ പോലെ ഇരുപ്പാന്‍" എന്നു മറുപടി പറഞ്ഞു.  കൊക്കു കുളത്തില്‍ നല്ല ഒരു മീന്‍ കിട്ടാന്‍ കാത്തിരിക്കും. വെള്ളത്തില്‍ എന്തൊക്കെയോ വന്നു പോകും. കൊക്കു അതൊന്നും ശ്രദ്ധിക്കാതെ തനിക്കു വേണ്ട മത്സ്യം വരുന്നുണ്ടോ എന്നു കാത്തിരിക്കും. അതു പോലെ ജീവിതത്തില്‍ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി ആരൊക്കെയോ വന്നു പോകുന്നു. പക്ഷെ നാം അവരെയൊക്കെ ഹൃദയത്തില്‍ ഏറ്റാതെ ഇടപഴാകണം. എന്നെങ്കിലും ഉത്തമമായ ഒരു ആചാര്യന്‍ വരുമോ എന്നു ശിഷ്യന്‍ കാത്തിരിക്കണം. സാമാന്യ സംഭവങ്ങള്‍ എല്ലാം നടക്കുമ്പോഴും അതെല്ലാം ഒരു അരികത്തു മാറ്റി വെച്ചിട്ടു നല്ല ഭഗവത് അനുഭവം എപ്പോള്‍ കിട്ടും എന്നു കാത്തിരിക്കണം. അതാണു കൊക്കിനെ പോലെ ഒരു ശിഷ്യന്‍ ഇരിക്കും എന്നു പറഞ്ഞത്. 
         ഒരു കോഴി ചവറു കൂനയില്‍ ചെന്നു ചികയും. അതില്‍ നിന്നും അതിനു വേണ്ട ഭക്ഷണം മാത്രം അതു സ്വീകരിക്കുന്നു. താന്‍ ഇത്രയും ചികഞ്ഞിട്ടു തനിക്കു ഒരൊറ്റ ധാന്യമേ കിട്ടിയുള്ളൂ എന്നു അതു ദുഃഖിക്കാറില്ല. താന്‍ ചികഞ്ഞു തനിക്കു ഒരു മണി കിട്ടി എന്നുമാത്രമേ വിചാരിക്കു. അതു പോലെ ശാസ്ത്ര വിചാരം ചെയ്തു ആവശ്യമില്ലാത്തത് മാറ്റി വെച്ചിട്ടു സാരത്തെ ഗ്രഹിക്കണം. അതാണു കോഴി പോലെ ഇരുപ്പാന്‍ എന്നു പറയുന്നത്. 
         ഉപ്പൈ പോലെ ഇരുപ്പാന്‍ എന്നു പറയുന്നു. ഉപ്പു നമ്മുടെ ആഹാരത്തില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഉപ്പു ശരിയായിരുന്നാല്‍ ഭേഷ് ഭേഷ് എന്നു എല്ലാവരും പ്രശംസിക്കുന്നു. എന്നാല്‍ സ്വല്പം കൂടുതലോ കുറവോ ആയാല്‍ ഒട്ടും രസിക്കുന്നില്ല. എന്നാല്‍ ഉപ്പിനു യാതൊരു പ്രശംസയും കിട്ടുന്നില്ല. അതിനെ ആരും ശ്രദ്ധിക്കുന്നേയില്ല. അതു പോലെ ഭക്ത ലക്ഷണം ഉള്ള ഭക്തന്‍ എല്ലാ കൂട്ടത്തിലും മറഞ്ഞു നിന്നു കൊണ്ടു എല്ലാ കൈങ്കര്യങ്ങളും ചെയ്യുന്നു. ഉപ്പിനെ പോലെ ഒരു അതിര്‍ത്തിയില്‍ നിന്നു കൊണ്ടു തന്നെ കൈങ്കര്യം ചെയ്യുന്നു. ഒരിക്കലും പ്രത്യക്ഷത്തില്‍ തന്നെ വെളിപ്പെടുത്തുകയില്ല. ഒരേ സ്ഥിതിയില്‍ ഇരിക്കും.
     "ഉമ്മൈ പോലെ ഇരുപ്പാന്‍". അങ്ങയെ പോലെ ഇരിക്കും. അങ്ങ് സാധു ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞിരിക്കുന്നു എങ്കിലും അതു അറിയാനായിട്ടു ഗുരു പറഞ്ഞത് കൊണ്ടു ഇവിടെ വരെ വന്നില്ലേ. ഇത്രയും നേരം ഞാന്‍ കാത്തിരിക്കാന്‍ വെച്ചപ്പോഴും അങ്ങു ക്ഷമയോടെ അറിയേണ്ടത് അറിയണം എന്നു കാത്തു നിന്നില്ലേ അതു തന്നെയാണ് ലക്ഷണം', എന്നു പറഞ്ഞു.    
       ഇതു കേട്ടു ആ ഭക്തന്‍ കണ്ണീര്‍ വാര്‍ത്തു എന്നിട്ടു അനന്താഴ്വാനോടായി അങ്ങു എനിക്ക് സാധു ലക്ഷണം ഉണ്ടെന്നു പറഞ്ഞില്ലേ എനിക്കു ആശ്ചര്യമായി തോന്നുന്നു എന്നു പറഞ്ഞു. ഇതു കേട്ട അനന്താഴ്വാന്‍ അദ്ദേഹത്തോട് അങ്ങ് പരാശര ഭട്ടരുടെ ശിഷ്യനായി ഇരിക്കുന്നതു കൊണ്ടാണ് അങ്ങയ്ക്കു ഈ ഭക്ത ലക്ഷണം. അങ്ങു അദ്ദേഹത്തെ ആശ്രയിച്ചു ഇരിക്കുന്നത് കൊണ്ടു അ അങ്ങു  കൊക്കു പോലെ കോഴി പോലെ ഉപ്പു പോലെ ഇരിക്കുന്നു എന്നു പറഞ്ഞു. 
       ആ ഭക്തന്‍ തിരിച്ചു തന്റെ ഗുരുവിന്റെ അടുത്തേയ്ക്ക് വന്നു ചേര്‍ന്ന്. പരാശര ഭട്ടര്‍ അദ്ദേഹത്തോട് 'സാധു ലക്ഷണം അറിഞ്ഞു വന്നോ?' എന്നു ചോദിച്ചു.  'ഉവ്വ് ഗുരോ! അനന്താഴ്വാന്‍ എനിക്കു അതു മനസ്സിലാക്കി തന്നു' എന്നു ശിഷ്യന്‍ പറഞ്ഞു.
ഉടനെ ഭട്ടര്‍ അദ്ദേഹത്തോട് എന്തു മനസ്സിലായി എന്നു ചോദിച്ചു. അതിനു അദ്ദേഹം 'അങ്ങയുടെ ശിഷ്യനായിരുന്നാല്‍  ഈ ലക്ഷണങ്ങള്‍ ഉണ്ടാവും എന്നു മനസ്സിലായി' എന്നു പറഞ്ഞു നിറുത്തി. അദ്ദേഹം കൊക്കും കോഴിയും ഉപ്പും എല്ലാം വിട്ടു. തന്റെ ആചാര്യനെ പിടിച്ചു അദ്ദേഹത്തിന്റെ ശിഷ്യനായി ഇരിക്കുന്നത് തന്നെ ശിഷ്യ ലക്ഷണം ആണെന്നു പറഞ്ഞു നിറുത്തി. അതാണു സദ്ശിഷ്യന്‍! തന്റെ ഗുരുവിനെക്കാള്‍ അയാള്‍ക്കു വലുതായി മറ്റൊന്നും തന്നെ ഇല്ല. സദ്ഗുരുവും എങ്ങനെ തന്റെ ശിഷ്യന്റെ ഗുണത്തെ നിരൂപണം ചെയ്തു എന്നു കാണാം. നേരിട്ട് പറയാതെ തന്നെ ഈ സദ്ഗുണങ്ങള്‍ നിന്നില്‍ ഉണ്ട് എന്നു മനസ്സിലാക്കി കൊടുക്കുന്നു.  ജയ്‌ സദ്ഗുരു മഹാരാജ് കീ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
    ഭഗവാനു ജാതി മത ഭേദങ്ങള്‍ ഒന്നും തന്നെയില്ല. ഭക്തി മാത്രമാണ് പ്രധാനം. ശ്രീ വേദവ്യാസര്‍ ഒരു മുക്കുവത്തിയുടെ മകനാണ്. നാരദര്‍ ഒരു ദാസീ പുത്രനാണ്. വിദുരരും അതെ പോലെ തന്നെ. പ്രഹ്ലാദന്‍ അസുര കുലത്തില്‍ ജനിച്ചവന്‍. പക്ഷെ ഭക്തി കൊണ്ടു ഭഗവാനെ തൂണില്‍ പ്രത്യക്ഷപ്പെടുത്തി. ഗോപസ്ത്രീകള്‍ ഇടച്ചിമാരാണ്. ആരായാലും ഭഗവാനു ഒന്നു തന്നെ. ഭക്തി ഉണ്ടെങ്കില്‍ അവര്‍ ഭഗവാനു പ്രിയപ്പെട്ടവരാണ്. 
ശ്രീ തൊണ്ടരടിപ്പോടിയാഴ്വാര്‍ തന്റെ 'തിരുമാലൈ' എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. 
പഴുതിലാ ഒഴുകലാറ്റു പല ചതുപ്പേതിമാര്‍കള്‍!
ഇഴി കുലത്തവര്‍കളേലും എമ്മടിയാര്‍കളാകില്‍ 
തോഴുമിനീര്‍ കൊടുമിന്‍ കൊണ്മിന്‍ എന്റു നിന്നോടും ഒക്ക
വഴിപാട അരുളിനായ് പോല്‍ മതില്‍ തിരുവരംഗത്താനേ!
     ചതുര്‍ വേദവും പഠിച്ച ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ പിറന്നവര്‍ പോലും താഴ്ന്ന കുലത്തില്‍ ജനിച്ചു ആചാരങ്ങള്‍ ഒന്നും  അറിയാതെ, തീണ്ടാന്‍ പാടില്ലാത്ത ആളായാലും ഭഗവത് ഭക്തി ഉള്ളവരോടൊപ്പം വരില്ല. ഭഗവാന്‍ തന്നെ പറയുന്നു, 'ഇഴി കുലത്തില്‍' പിറന്നവരായാലും എന്റെ ഭക്തന്മാര്‍ വളരെ ശ്രേഷ്ഠം തന്നെയാണ് എന്ന്. 'എമ്മടിയാര്‍കളൈ  തോഴുമിന്‍ നീരേ' എന്റെ ഭക്തന്മാരെ നിങ്ങള്‍ നമസ്കരിക്കു എന്ന് ഭഗവാന്‍ പറയുന്നു. അവര്‍ ഇതു ജാതിയില്‍ പെട്ടവരായാലും അവരുടെ പക്കല്‍ നിന്നും ഉപദേശം സ്വീകരിക്കാം. അവര്‍ക്കും ഉപദേശം നല്‍കാം. ഭക്തി ഒന്നു മാത്രമാണ് പ്രാധാന്യം! 
         ഭക്തര്‍ ഏകാദശി വ്രതം ഭഗവാനു വേണ്ടി നോക്കുന്നു. ഏകാദശി വ്രതം കൊണ്ടു ഭഗവാന്‍ വളരെ പ്രീതിയടയുന്നു എന്നാണു പ്രമാണം. അതിലും വൃശ്ചിക മാസം വളരെ വിശേഷപ്പെട്ട മാസമാണു. പുരാണങ്ങളില്‍ വൃശ്ചിക മാസത്തിന്റെ മാഹാത്മ്യം പറയുന്നുണ്ട്.  വൃശ്ചിക മാസത്തിലേ ശുക്ല പക്ഷ ഏകാദശി ഉപവാസം വളരെ ശ്രേഷ്ഠമാണ്. സകല വിധമായ പാപങ്ങളെയും നശിപ്പിക്കാന്‍ ഈ ഏകാദശി വ്രതത്തിന് കഴിയും. ഗുരുവായൂരില്‍ ഈ ഏകാദശി വളരെ വിശേഷമായി കൊണ്ടാടുന്നു. അതേ സമയം തമിഴ് നാട്ടിലെ വൈഷ്ണവ ഭക്തന്മാര്‍ ഇത് കൈശിക ഏകാദശി എന്നു കൊണ്ടാടുന്നു. രണ്ടും ഒരേ ദിനമാണ്.  
ഏകാദശി വ്രതം എന്നാല്‍ ശരീരത്തിനു വേണ്ട ആഹാരം നല്‍കുന്നതിനു മുഖ്യത്വം നല്‍കാതെ ആത്മാവിനു വേണ്ട ആഹാരമായ നാമജപം ധാരാളം നല്‍കണം എന്നാണു. അന്നു നാം എന്തു കഴിക്കുന്നു എന്നതല്ല പ്രധാനം. ഭഗവന്‍ നാമജപമാണ് അന്നു  ചെയ്യേണ്ട കര്‍മ്മം. അതു കൊണ്ടാണ് ഭഗവാനു ഇതു ഇത്ര പ്രീതികരം. 
        ഒരു ഗുരുവായൂര്‍ ഏകാദശി ദിനം കേശവന്‍ എന്ന ഒരു ആന ഭഗവാന്റെ ചരണ കമലങ്ങളില്‍ തന്നെ അര്‍പ്പിച്ചു ജീവന്‍ വെടിഞ്ഞു എന്നു പറയുന്നു. ഒരു ആന പോലും ഭഗവത് ഭക്തി ചെയ്യും എന്നു നിരൂപിച്ചു. അതേ പോലെ ഇതേ ദിനം തന്നെ തമിഴ് നാട്ടിലെ തിരുക്കുറുങ്കുടി  എന്ന ദിവ്യ ദേശത്തും കൈശിക ഏകാദശി എന്ന പേരില്‍ വളരെ വിശേഷമായി കൊണ്ടാടുന്നു. തിരുനെല്‍വേലിയില്‍ ഉള്ള നാങ്കുനേരി എന്ന ഗ്രാമത്തിന്റെ അടുത്തു തിരുക്കുറുങ്കുടി എന്ന ദിവ്യ ദേശം സ്ഥിതി ചെയ്യുന്നു. ഭഗവാന്‍ തന്റെ രൂപത്തെ കുറുക്കി ചെറുതാക്കി അതു കൊണ്ടാണ് ഈ പേരു സിദ്ധിച്ചത്‌. ഭഗവാന്‍ വരാഹമൂര്‍ത്തി ഇരുന്നു കൊണ്ടു മഹാലക്ഷ്മി അമ്മയ്ക്കു ഉപന്യാസം ചെയ്തു കൊടുക്കുന്നു. ഭഗവാന്‍ തന്റെ ഭക്ത വൈഭവത്തെ പറയുന്നു. അമ്മ വളരെ താല്പര്യത്തോടെ കേള്‍ക്കുന്നു. ആ ഭക്തന്റെ പേരു എന്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല. സംസ്കൃതത്തില്‍ ഭഗവാന്‍ മമ ഗായകാഃ  എന്നു പറഞ്ഞതായിട്ടു ഉണ്ട്. അതിനെ ആസ്പതമാക്കി തമിഴില്‍ 'നമ്പാടുവാന്‍ (നം പാടുവാന്‍)' എന്നു പേരിട്ടിരിക്കുന്നു.
         തിരുക്കുറുങ്കുടിയ്ക്കടുത്ത് മഹേന്ദ്രഗിരി എന്നൊരു സ്ഥലം ഉണ്ട്. അവിടെ കുറച്ചു ഹരിജനങ്ങള്‍ താമസിച്ചിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വാമി രാമാനുജര്‍ അവരെ 'തിരുക്കുലത്തോര്‍' എന്നു വിളിച്ചിരുന്നു. ഹരിയുടെ കുലത്തെ ചേര്‍ന്നവര്‍ എന്നാണു അര്‍ത്ഥം.  അവരുടെ ഇടയില്‍ ഒരു ഭക്തന്‍ ഉണ്ടായിരുന്നു. അയാളുടെ കഥയാണ് നാം ഇനി വരുന്ന ലക്കങ്ങളില്‍ കൂടി കാണുവാന്‍ പോകുന്നത്. കഥ കേള്‍ക്കാന്‍ തയ്യാറായി നാമ ജപം ചെയ്തു കാത്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 55)
         രാധേകൃഷ്ണാ! തിരുക്കോളൂരിലെ പെണ്‍പിള്ളൈക്കു മഹാനായ സ്വാമി രാമാനുജരോട് സംസാരിക്കാവാനുള്ള ഭാഗ്യം ഉണ്ടായി. അതും അവള്‍ എല്ലാം നഷ്ടപ്പെട്ടു മനം നൊന്തു ഈ നാട് വിട്ടു പോകാം എന്നു പുറപ്പെടുംപോഴാണ് രാമാനുജരെ കാണുന്നത്. ദുഃഖം കൊണ്ടു നമ്മുടെ ഹൃദയം തകര്‍ന്നു നാം ബലം ഇല്ലാതെ നില്‍ക്കുമ്പോഴാണ് ഗുരു നമ്മുടെ ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. മനസ്സില്‍ ബലം ഉള്ളപ്പോള്‍ ഗുരുവിന്റെ മഹിമ നമുക്കു മനസ്സിലാകില്ല.  ഹൃദയത്തില്‍ ആഗ്രഹം അല്ലെങ്കില്‍ കാമം ഉണ്ടെങ്കില്‍ അതിന്റെ പിന്നാലെ ഒടുന്നതല്ലാതെ മനസ്സ് മറ്റൊന്നും തന്നെ ശ്രദ്ധിക്കുകയില്ല. പക്ഷെ ജീവിതത്തില്‍ വലിയ ഒരു ആഘാതം ഏറ്റു, ഒന്നും വേണ്ടാ എന്നു എല്ലാ കാമങ്ങളില്‍ നിന്നും മനസ്സ് പിന്‍ വാങ്ങുമ്പോള്‍ ഗുരു കടാക്ഷം പതിക്കുന്നു. എന്തെങ്കിലും ഒരു ആശ്രയം ഉണ്ടോ എന്നു അന്വേഷിക്കുന്ന സമയത്തു ഗുരു കടാക്ഷം കിട്ടുമ്പോള്‍ അതിനെ പൂര്‍ണ്ണമായും ആശ്രയിക്കുന്നു. നമുക്കു ബലം ഇല്ലാത്തപ്പോളാണ് ഗുരുവിന്റെ ബലത്തെ നാം അംഗീകരിക്കുന്നത്. 
        പെണ്‍പിള്ളൈ ദാരിദ്ര്യവും കഷ്ടവും കാരണം തിരുക്കോളൂര്‍ എന്നാ ദിവ്യദേശം വിട്ടു പോകാന്‍ ഒരുങ്ങുമ്പോള്‍ സദ്ഗുരു രാമാനുജരെ കാണുന്നു. അവള്‍ എന്തെല്ലാം കാരണങ്ങള്‍ കൊണ്ടു തനിക്കു ഇവിടെ ഇരിക്കാന്‍ അര്‍ഹതയില്ല എന്നു ഓരോന്നായി പറയുന്നു. ഓരോ ഭക്തന്മാരെയും മറ്റും പറഞ്ഞ അവള്‍ അടുത്തതായി ഒരു വാക്യം പറഞ്ഞു.
"ഇങ്കു പാല്‍ പൊങ്കും എന്റെനോ വടുക നമ്പിയൈ പോലെ"
  രാമാനുജരെ സംബന്ധിച്ചുള്ള ഒരു വിഷയമാണ് അവള്‍ പറഞ്ഞത്. താന്‍ സംസാരിക്കുന്നതു സ്വാമി രാമാനുജരോടാണ് എന്നു അറിയാതെയാണ് അവള്‍ പറയുന്നത്. വടുക ദേശം എന്നാല്‍ ആന്ധ്ര ദേശം എന്നാണു. രാമാനുജരുടെ ഒരു ശിഷ്യന്‍ ആന്ധ്ര ദേശത്തു നിന്നുള്ള വടുക നമ്പിയാണ്. ആചാര്യന്‍ മാത്രം ശരണം എന്നു കിടക്കുന്ന ഒരു ശിഷ്യനാണ്. അദ്ദേഹത്തിനു ആചാര്യനല്ലാതെ മറ്റു ഒന്നും തന്നെ ഇല്ല. മധുരകവി ആള്‍വാരെ   പോലെയാണ് വടുക നമ്പി. അസാധ്യ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ ആ ഭാവം വരികയുള്ളു. 
        ഒരിക്കല്‍ രാമാനുജരും ശിഷ്യരും യാത്ര പോകുകയായിരുന്നു. വടുക നമ്പിയുടെ തലയില്‍ യതിരാജരുടെ ആരാധാനാ മൂര്‍ത്തിയടങ്ങിയ പെട്ടി ഉണ്ടായിരുന്നു. അവര്‍ക്കു കാവേരി നദി കടക്കേണ്ട ആവശ്യം വന്നു. എല്ലാവരും ജലത്തില്‍ കൂടി നടന്നു നീങ്ങുകയായിരുന്നു. ഉള്ളിലേക്ക് പോകുന്തോറും വെള്ളം പൊങ്ങി പിങ്ങി വന്നു കൊണ്ടിരുന്നു. വടുക നമ്പിയുടെ ഒരു കയ്യില്‍ യതിരാജരുടെ പാദുകകള്‍ ഉണ്ടായിരുന്നു. അവിചാരിതമായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ വെള്ളം കഴുത്തു വരെ വന്നു പോയി. വടുക നമ്പി എന്തു ചെയ്യണം എന്നറിയാതെ ഒടുവില്‍ കയിലുള്ള പാദുകകള്‍ തലയിലെ പെട്ടിയുടെ മുകളില്‍ എടുത്തു വെച്ചു. യാദൃച്ചയാ രാമാനുജര്‍ ഇതു കണ്ടു. 
        തന്റെ ആരാധനാ മൂര്ത്തിയുള്ള പെട്ടിയുടെ മുകളില്‍ തന്റെ പാദുകകള്‍ വെച്ചിരിക്കുന്നത് കണ്ട രാമാനുജര്‍ക്കു പ്രയാസമായി. 'വടുകാ ഇതെന്താ നീ ഈ ചെയ്തത്?' എന്നദ്ദേഹം ശിഷ്യനോട് ചോദിച്ചു. ഉടനെ വടുക നമ്പി 'ഇതാണോ സ്വാമി വലിയ കാര്യം?' എന്നു പറഞ്ഞു. രാമാനുജര്‍ അതിനു നമ്പി ആരാധനാ മൂര്‍ത്തിയുടെ മേല്‍ പാടുക വെച്ചത് ഒട്ടും ശരിയായില്ല എന്നു പറഞ്ഞു. അതിനു വടുക നമ്പി ചിരിച്ചു കൊണ്ടു, 'അങ്ങയ്ക്കു അങ്ങയുടെ ആരാധനാ മൂര്‍ത്തി പ്രധാനം, എനിക്കു എന്റെ ആരാധനാ മൂര്‍ത്തി പ്രധാനം!' എന്നു പറഞ്ഞു. രാമാനുജര്‍ ദേഷ്യത്തില്‍ നീ പാദുകകളെ   ഭഗവാനോട് സമമായി പറയുകയാണോ എന്നു ചോദിച്ചു. വടുക നമ്പി അതിനു. അങ്ങയുടെ ആരാധനാ മൂര്‍ത്തിയേക്കാള്‍   ഒട്ടും കുറഞ്ഞതല്ല എന്റെ ആരാധനാ മൂര്‍ത്തി. അങ്ങയുടെ മൂര്‍ത്തി അങ്ങയ്ക്കു എന്തെല്ലാം തരുമോ അതെല്ലാം തന്നെ എന്റെ ആരാധനാ മൂര്‍ത്തി എനിക്കു തരുന്നുണ്ട്. എന്റെ ആരാധനാ മൂര്‍ത്തി അങ്ങയുടെ പാദുകകള്‍ ആണ്. സ്വാമി രാമാനുജര്‍ക്കു കൂടുതലായി ഒന്നും തന്നെ പറയാന്‍ സാധിച്ചില്ല. ഞാന്‍ നിന്നോടു തോറ്റു എന്നു പറഞ്ഞു കൊണ്ടു മാറി പോയി. വടുക നമ്പിയുടെ ആചാര്യ ഭക്തി കണ്ടു മറ്റുള്ള ശിഷ്യരെല്ലാവരും ആശ്ചര്യപ്പെട്ടു പോയി. 
     വടുക നമ്പിയുടെ ആചാര്യ ഭക്തിയുടെ കഥകളുമായി അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Tuesday, December 13, 2011

പ്രേമവേദം- ഡിസംബര്‍ 11

Posted by VEDHASAARAM


നാരായണീയം 
ഈ ദൃഗ് ജഗന്മായവപുസ്തവ കര്‍മ്മ ഭാജാം
കര്‍മ്മാവസാന സമയേ സ്മരനീയമാഹുഃ 
തസ്യന്തരാത്മ വപുഷേ വിമലാത്മനേ തേ
വാതാലയാധിപ! നമോസ്തു നിരുന്ധി രോഗാന്‍. 
                                       (ദശഃ 6  ശ്ലോഃ 10) 
      കര്‍മ്മികള്‍ക്ക് കര്‍മ്മാവസാനമായ മോക്ഷ കാലം എത്തുമ്പോള്‍  സ്മരിക്കാന്‍ യോഗ്യമാണ് അങ്ങയുടെ വിശ്വാത്മക സ്വരൂപമെന്നു അഭിജ്ഞന്മാര്‍  പറയുന്നു. ഹേ ഗുരുവായൂരപ്പാ! വിശ്വത്തിന്റെ അന്തരാത്മ സ്വരൂപനും പരിശുദ്ധാത്മാവുമായ അങ്ങേക്ക് എന്റെ നമസ്ക്കാരം ഭവിക്കട്ടെ. ഹേ ഭാഗവാനേ! എന്റെ സര്‍വ രോഗങ്ങളെയും നശിപ്പിക്കണമേ!
(പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ ) 

സദ്ഗുരു വാത്സല്യം
     ഭാരത ദേശത്തിലെ ഒരു സദ്ഗുരു, അന്യ നാട്ടില്‍ നിന്നും വന്നു ചേര്‍ന്ന ധീര അലെക്ഷാണ്ടര്‍ക്കു സദുപദേശം നല്‍കി അനുഗ്രഹിച്ച കഥ നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു.  അതേ നിരയില്‍ ഇതാ മറ്റൊരു അനുഭവം!
        സ്വാമി രാമാനുജരുടെ സദ്‌ശിഷ്യനായ കൂറത്താഴ്വാന്റെ സദ്‌ പുത്രനാണ് പരാശര ഭട്ടര്‍. ശ്രീ രംഗനാഥന്റെ കുലാചാര്യന്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് ഉണ്ട്. ഭഗവാനു എന്നും അവിടെ പഞ്ചാംഗം പുരാണം തുടങ്ങിയവ വായിച്ചു കേള്‍പ്പിക്കും. അത്ര വലിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് അവിടെ ശത്രുക്കള്‍ ഉണ്ടായിരുന്നു. അസൂയ എല്ലാവരുടെയും ചിത്തം നശിപ്പിക്കുമല്ലോ. അസൂയാലുക്കള്‍ക്കു എങ്ങനെയെങ്കിലും പരാശര ഭട്ടരുടെ നല്ല പേര് നശിപ്പിക്കണം എന്നു തോന്നി. സര്‍വജ്ഞനായ പരാശര ഭട്ടര്‍ക്കു അവരുടെ ചിത്തം മനസ്സിലായി. അവരെ ഒരു സന്ദര്‍ഭം വരുമ്പോള്‍ തിരുത്തണം എന്നും മനസ്സില്‍ ധരിച്ചു. ഒരിക്കല്‍ അവര്‍ ഒരു കുടത്തില്‍ എന്തോ ഇട്ടു വായ മൂടി കെട്ടി അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ടു വെച്ചു. അദ്ദേഹം ഉച്ച സമയം തിണ്ണയില്‍ ഇരുന്നു നാമ സങ്കീര്‍ത്തനം ചെയ്തു രസിക്കുകയായിരുന്നു. കുടം വെച്ചപ്പോള്‍ അതെന്താണ് എന്നദ്ദേഹം ചോദിച്ചു. 
  അവര്‍ 'അങ്ങേയ്ക്ക് സര്‍വജ്ഞത്വം ഉണ്ടെന്നല്ലേ എല്ലാവരും പറയുന്നത്. അത് പരിശോധിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു. 
ഉടനെ അദ്ദേഹം ചിരിച്ചു കൊണ്ടു 'എനിക്ക് സര്‍വജ്ഞത്വം ഉണ്ടെന്നു ആരു പറഞ്ഞു' എന്നു ചോദിച്ചു. 
 അതിനു അവര്‍ 'അപ്പോള്‍ അങ്ങയ്ക്ക് സര്‍വജ്ഞത്വം ഇല്ല എന്നു അങ്ങ് സമ്മതിക്കുന്നുവോ? 
ഭട്ടര്‍: എനിക്ക് സര്‍വജ്ഞത്വം ഇല്ലെന്നു ആരു പറഞ്ഞു? എന്നു തിരിച്ചു ചോദിച്ചു. 
തിരിച്ചും മറിച്ചും അദ്ദേഹം ഉത്തരം പറയുന്നത് കേട്ട് അവര്‍ ഇളിഭ്യരായി. ഉടനെ അവര്‍ എല്ലാവരെയും വിളിച്ചു കൂട്ടി 'നിങ്ങള്‍ എല്ലാവരും പറയുന്നത് പോലെ ഇദ്ദേഹം സര്‍വജ്ഞാനാനെങ്കില്‍ ഈ കുടത്തില്‍ എന്താണ് ഉള്ളതെന്ന് പറയട്ടെ' എന്നു പറഞ്ഞു.
പരാശര ഭട്ടര്‍ ചിരിച്ചു കൊണ്ടു കുടത്തിന്റെ ഉള്ളില്‍ 'വെണ്‍കൊറ്റ കുടയുണ്ട്' എന്നു പറഞ്ഞു. ഇതു കേട്ടതും അവര്‍ ആര്‍ത്തു  ചിരിച്ചു കൊണ്ടു. 'നിങ്ങള്‍ പറയുമ്പോലെ പരാശര ഭട്ടര്‍ക്കു എല്ലാം അറിയില്ല. അദ്ദേഹം ജ്ഞാനിയുമല്ല. അത് തെളിയിക്കാനാണ് ഞങ്ങള്‍ വന്നത്' എന്നു പറഞ്ഞു. 
      പരാശര ഭട്ടര്‍ അവര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ തന്റെ ഭജനയില്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ അവര്‍ അപമാനിക്കുന്നു എന്നു തോന്നിയുമില്ല. ആ അസൂയാലുക്കള്‍ ജനങ്ങളോട് 'ഞങ്ങള്‍ ഈ കുടത്തിന്റെ അകത്തു ഒരു വസ്തു ഇട്ടു വെച്ചിട്ടു അദ്ദേഹത്തോട് അതെന്താണെന്ന് ചോദിച്ചു. അദ്ദേഹം ഇതിന്റെ അകത്തു വെണ്‍കൊറ്റ കുടയുണ്ട് എന്നാണു പറഞ്ഞത്. ആരെങ്കിലും കുടത്തിന്റെ അകത്തു വെണ്‍കൊറ്റകുട കൊണ്ടു വയ്ക്കുമോ? എന്തൊരു വിഡ്ഢിത്തമാണ് പറയുന്നത്?' എന്നു പറഞ്ഞു. അവിടെ കൂടിയിരുന്ന ജനങ്ങളില്‍ പലരും പരാശര  ഭട്ടരുടെ ഭക്തരായിരുന്നു അവര്‍ക്ക് വല്ലാതെ വിഷമം തോന്നി. അവര്‍ ഭട്ടരോട് 'അങ്ങ് എന്തിനാണ് ഇങ്ങനെ കളിക്കുന്നത്? സത്യം എന്താണെന്ന് പറഞ്ഞുകൂടെ? വെറുതെ ഇവരെ കൊണ്ടു ഇങ്ങനെ പറയിക്കണോ? എന്നു ചോദിച്ചു. അദ്ദേഹം വീണ്ടും 'ഞാന്‍ സത്യമാണ് പറയുന്നത്. ഇതിന്റെ അകത്തു വെണ്‍കൊറ്റകുട
തന്നെയാണ് ഇരിക്കുന്നത് എന്നു പറഞ്ഞു. എല്ലാവര്‍ക്കും സങ്കടമായി. അദ്ദേഹം എന്താണ് ഇങ്ങനെ കളിമാട്ടില്‍ ഇരിക്കുന്നത് എന്നു തോന്നി. എന്തായാലും ജനങ്ങള്‍ കുടം തുറന്നു അകത്തുള്ളത് കാണിക്കാന്‍ ആവശ്യപ്പെട്ടു. കുടം തുറന്നപ്പോള്‍ അതിന്റെ അകത്തു ഒരു പാമ്പിനെ അവര്‍ ഇട്ടിരുന്നത് കണ്ടു. കുടത്തിന്റെ അകത്തു നിന്നും അതു ചീറി. അസൂയാലുക്കള്‍ ഭാട്ടരോടു ഇതാണോ നിങ്ങളുടെ വെണ്‍കൊറ്റ കുട എന്നു കളിയാക്കി ചോദിച്ചു. ഭട്ടര്‍ വീണ്ടും ചിരിച്ചു കൊണ്ട് ആഴ്വാര്‍ അനന്തനെ കുറിച്ച് പറഞ്ഞത് അറിയില്ലേ? 
'ശെന്റാല്‍ കുടയാം, ഇരുന്താല്‍ സിംഹാസനമാം, നിന്റാല്‍ മരവടിയാം, നീള്‍ കടലുള്‍ എന്റും പുണയാം മണി വിളക്കാം, പൂമ്പട്ടാം,  പുല്‍കും അണയാം തിരുമാര്‍ക്കു അറവു' എന്നു ആഴ്വാര്‍ പറഞ്ഞിട്ടുണ്ട് അതു കൊണ്ടു ഇതു വെണ്‍കൊറ്റ കുട തന്നെയാണ് എന്നു പറഞ്ഞു. അദ്ദേഹത്തിന് കുടത്തിന്റെ ഉള്ളില്‍ പാമ്പാണെന്ന് അറിയാമായിരുന്നു. പക്ഷെ അദ്ദേഹം അവരോടു പാമ്പ് എന്നു പറഞ്ഞിരുന്നെങ്കില്‍ ഇത്രയും ജനങ്ങള്‍ ഇവിടെ കൂടില്ലായിരുന്നു. അങ്ങനെ കൂടിയില്ലായിരുന്നെങ്കില്‍ അവരുടെ അജ്ഞാനം നാശമാകില്ലാ. മാത്രമല്ല വെറും പാമ്പ് എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക്‌ ഭയം മാത്രമെ തോന്നു. അതു വെറും പാമ്പല്ല, ഭഗവാന്റെ കുടയാണ്, സിംഹാസനമാണ്, പാദുകയാണ്, കട്ടിലാണ് എന്നൊക്കെ അവരെ പറഞ്ഞു മനസിലാക്കണ്ടെ. അതൊക്കെ കൊണ്ടാണ് അദ്ദേഹം ആദ്യമേ ഇതു പാമ്പാണെന്ന് പറയാതിരുന്നത്. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ ജനങ്ങള്‍ക്കു ആവേശമായി. അസൂയാലുക്കള്‍ക്കു ലജ്ജയായി. അവര്‍ ചെയ്ത തെറ്റ് അവര്‍ മനസ്സിലാക്കി പാശ്ചാത്തപിച്ചു. 'ഞങ്ങള്‍ ചെയ്ത അപചാരത്തിന് എന്താണ് പരിഹാരം' എന്നു അവര്‍ ചോദിച്ചു. അദ്ദേഹം ഈ പാമ്പ് വെണ്‍കൊറ്റ കുടയായത്‌ പോലെ നിങ്ങളും ഭഗവാനു കൈങ്കര്യങ്ങള്‍ ചെയ്തു ജീവിക്കു. അതു തന്നെയാണ് ഏറ്റവും ഉചിതമായ പരിഹാരം എന്നു പറഞ്ഞു. അവരും അദ്ദേഹം പറഞ്ഞത് ഹൃദയത്തില്‍ ഏറ്റി അന്നു മുതല്‍ ഭട്ടരുടെ ശിഷരായി, ഭഗവത് സേവനം ചെയ്തു വന്നു. അങ്ങനെ ആ സദ്ഗുരു വഴി തെറ്റി പോയ അവരെ സന്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  
ഭക്തിരഹസ്യം  
      രാധേകൃഷ്ണാ! ഭക്തിയുടെ വിവിധ കോണുകളില്‍ നിന്നും ഭക്തന്മാരുടെ കഥകള്‍ നാം ഈ പംക്തിയില്‍ നാം കണ്ടു വരുന്നു. ഭക്തിക്കു പ്രാധാനമായും വേണ്ടത് മനസ്സ് മാത്രമാണ്. വരള്‍ച്ച മൂലം എല്ലാം നഷ്ടപെട്ട ഒരുവന്‍ തന്റെ മനസ്സ് കൊണ്ടു ഭഗവാന് ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ കുംഭാഭിഷേകവും ഉത്സവവും അന്നദാനവും  ഒക്കെ നടത്തി തന്റെ പ്രാരബ്ധത്തില്‍ നിന്നും രക്ഷപ്പെട്ടത് നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. നാം മനസ്സിലാക്കേണ്ടത് ഭക്തിക്കു ധനം ആവശ്യമില്ല. നല്ല കുലമോ, വിദ്യാഭ്യാസ യോഗ്യതയോ, മറ്റൊന്നും തന്നെ ആവശ്യമില്ല. ഹൃദയത്തില്‍ ഭഗവാനോട് അകമഴിഞ്ഞ സ്നേഹം വേണം. പൂര്‍ണ്ണ വിശ്വാസവും വേണം. തുടര്‍ നാമജപം ചെയ്തു വരുമ്പോള്‍ നാം മനസ്സില്‍ വിചാരിക്കുന്നത് നടക്കുന്നതായും കാണാം.  ചിലപ്പോള്‍ ഒരു ഭക്തന്‍ അന്നു പ്രത്യേക നിവേദ്യം ഭഗവാനു നല്‍കണം എന്നു ആഗ്രഹിക്കും. അന്നു യാദൃച്ചയാ ആരെങ്കിലും അതേ നിവേദ്യം ഭഗവാനു കൊണ്ടു കൊടുക്കും. ഭഗവാന്‍ ആ ഭക്തന്റെ ആഗ്രഹം അങ്ങനെ പൂര്‍ത്തീകരിക്കും. ഭക്തന്‍ ഹൃദയ പൂര്‍വ്വം ആഗ്രഹിക്കുക മാത്രമേ ചെയ്തുള്ളു. പക്ഷെ ഭഗവാന്‍ അതില്‍ തന്നെ തൃപ്തനാണ്. 
         മനസ്സ് എകാഗ്ര ചിന്തയില്‍ ഇരിക്കണം. നമ്മുടെ മനസ്സില്‍  ചഞ്ചലം വരുമ്പോള്‍ ഭഗവാനോട് നമ്മുടെ മനസ്സ് ശരിയാക്കാന്‍ പ്രാര്‍ഥിക്കാം. നമുക്കു ചിലപ്പോള്‍ ഒന്നും ചെയ്യാന്‍ ഉണ്ടാവില്ല. പക്ഷെ ധാരാളം സമയം ഉണ്ട് എന്നു വന്നാല്‍ ആ സമയം വെറുതെ പാഴാക്കാതെ മനസ്സില്‍ ഭഗവാനെ കൊണ്ടു വന്നു നമ്മുടെ ഇഷ്ടം പോലെ അലങ്കരിക്കുകയോ പൂജിക്കുകയോ ഒക്കെ ആവാം. ഭഗവാന്‍ അത് സന്തോഷത്തോടെ സ്വീകരിക്കും. തീര്‍ച്ച!
        ഒരിക്കല്‍ പുരന്തരദാസര്‍ പണ്ഡരീപുരത്തിലുളളപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഒരു മുത്തു മാല മോഷണം പോയി. അദ്ദേഹത്തിന് വളരെ ദുഃഖമായി. മാനസീകമായി ഭഗവാനോട് അദ്ദേഹം ആ മാല എടുത്ത ആള്‍ക്കു ചാട്ടവാറു കൊണ്ടു 30  അടി കൊടുക്കണം എന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ ഇതേ പോലെ ക്ഷേത്രത്തിലെ ഒരു ആഭരണം കാണാതെ പോയി. പാണ്ഡുരംഗന്‍ ഒരു ലീല പോലെ പുരന്തര ദാസരുടെ രൂപത്തില്‍ അതെടുത്തു ഒരു വേശ്യക്ക് കൊണ്ടു കൊടുത്തു. അന്വേഷണത്തില്‍ ആഭരണം പുരന്തര ദാസരാണ് വേശ്യക്കു കൊണ്ടു കൊടുത്തത് എന്നു തെളിഞ്ഞു. രാജന്‍ ആഭരണം മോഷ്ടിച്ച ആള്‍ക്കു ചാട്ടവാറു കൊണ്ടു 30  അടി എന്നു പ്രഖ്യാപിച്ചു. 
       അടി കൊള്ളുമ്പോള്‍ പുരന്തരദാസര്‍ ഭഗവാനോട് ചോദിച്ചു. "പ്രഭോ ഒരു ബന്ധവും ഇല്ലാതെ എന്തിനാണ് എന്നെ ഇങ്ങനെ അടിക്കുന്നത്?' ഭഗവാന്‍ ചിരിച്ചു. 'നീ തന്നെയല്ലേ അന്നു
ചാട്ടവാറു കൊണ്ടു 30 അടിയുടെ കാര്യംപറഞ്ഞത്‌' എന്നു അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴത്തിനെ അദ്ദേഹത്തിന് കാട്ടി കൊടുത്തു.  'എന്റെ സങ്കല്‍പം കൊണ്ടല്ലേ അവന്‍ അതു കട്ടതു.  എന്തു വേണമോ അതു ഞാന്‍ ചെയ്യും' എന്നു പറഞ്ഞു ഭഗവാന്‍ ദാസരുടെ ചിന്തയുടെ ആഴം അദ്ദേഹത്തിന് മനസ്സിലാക്കി കൊടുത്തു.  അതു കഴിഞ്ഞു ഭഗവാന്‍ തന്നെ ദാസരുടെ അടി നിര്‍ത്തിച്ചു. 
       നമ്മുടെ ചിന്തകള്‍ തെളിഞ്ഞതായിരിക്കണം. ഏതു  സമയത്തും ആവശ്യമില്ലാത്ത ചിന്തകള്‍ മനസ്സില്‍ വരാന്‍ പാടില്ല. മനസ്സ് അടങ്ങാന്‍ നാമജപം മാത്രമാണ് ഒരു വഴി. മനസ്സ് അടങ്ങിയാല്‍ ഭക്തി ഒരു സ്ഥിതിയില്‍ എത്തും. മനസ്സ് ഭഗവാനു നല്‍കിയിട്ട് ഭഗവത് ചിന്തയില്‍ ഇരുന്നുകൊണ്ട് ശരീരം കൊണ്ടുള്ള കര്‍മ്മങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. എത്രയോ പേര്‍ക്കു മറവി കൂടെ പിറപ്പാണ്. മറവിയുള്ള ചില ഭക്തര്‍ സന്ദര്‍ഭം വരുമ്പോള്‍ ഭഗവാനോട് ഒന്നു ഓര്‍മ്മിപ്പിച്ചു കൊടുക്കാന്‍ പ്രാര്‍ഥിക്കും. ഭഗവാന്‍ അവര്‍ക്കു ഭംഗിയായി ഓര്‍മ്മിപ്പിക്കും. എത്രയോ പേര്‍ക്കു നടക്കുന്നതാണ് ഇതു. സത്യം! 
        ജീവിതത്തില്‍ എന്തു പ്രശ്നം നേരിട്ടാലും പരിഹാരം കാണാന്‍ പറ്റാത്ത അവസ്ഥയില്‍ പ്രശ്നം ഭഗവാനെ ഏല്‍പ്പിച്ചു നാമജപം ചെയ്തിരുന്നാല്‍ സത്യമായിട്ടും അതിനു പരിഹാരം ഭഗവാന്‍ കാട്ടിത്തരും. ഇതു വെറും വാക്കല്ല. മനസ്സ് ഭഗവാനില്‍ പൂര്‍ണ്ണമായും ലയിക്കണം. അതില്‍ ഒട്ടും സംശയം ഉണ്ടാവാന്‍ പാടില്ല. എത്രയോ പേര്‍ക്കു ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭഗവാനില്‍ വിശ്വാസം അര്‍പ്പിക്കു. നാമജപത്തെ ആശ്രയിക്കു. തീര്‍ച്ചയായും ഫലം ഉണ്ട്.  രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 54)
      'ഇരു കൈയും വിട്ടേനോ ദ്രൗപതിയൈ പോലെ'
         പെണ്‍പിള്ളൈ അവളുടെ അടുത്ത വാക്യം പറഞ്ഞു. മഹാ ഭക്തയായ ദ്രൌപതിയെ ആണ് അവള്‍ ഇപ്പോള്‍ സ്മരിച്ചത്‌. ദ്രൗപതിക്കു ഭഗവാനോട് ദൃഡ ഭക്തിയാണ്. അവളുടെ ഭാഗ്യം അവളുടെ അഞ്ചു ഭക്താക്കന്മാരും കൃഷ്ണ ഭക്തന്മാരാണ്. അമ്മായിയമ്മയായ കുന്തി ഭഗവാനെ തന്നെ ശരണം പ്രാപിച്ചിരിക്കുന്നു. ദ്രൌപതിയുടെ സപത്നിയാണെങ്കില്‍ കൃഷ്ണന്റെ സഹോദരിയാണ് താനും. അത് കൊണ്ടു ഭഗവാനും അവരോടു വല്ലാത്ത ഒരടുപ്പം ഉണ്ടായിരുന്നു. ഇവരെ ഒരിക്കലും കൈവിടാന്‍ പാടില്ല എന്നു വിചാരിച്ചു.
          പാണ്ഡവര്‍ക്ക് ധൃതരാഷ്ട്രര്‍ ഒരു പാഴ്സ്ഥലത്തെ നല്‍കി. കൃഷ്ണ കൃപ കൊണ്ടു അവര്‍ അതിനെ ഇന്ദ്രരാജ്യത്തിനു തുല്യമായ ഇന്ദ്രപ്രസ്ഥാമാക്കി മാറ്റി.  ഭഗവാന്‍ തരുന്നതു അപ്പാടെ അവര്‍ സ്വീകരിച്ചു. ഭഗവാന്‍ അതു ഏറ്റവും മനോഹരമായതായി മാറ്റി. അതാണ്‌ രഹസ്യം. ഭഗവാന്‍ തരുന്നതു നാം അപ്പാടെ സ്വീകരിക്കണം. അതില്‍ തീര്‍ച്ചയായും നമുക്കു നല്ലതു എന്തോ ഒളിഞ്ഞു കിടപ്പുണ്ട്. പാണ്ഡവര്‍ക്കു ഹസ്ഥിനാപുറത്തെക്കാള്‍ സുന്ദരമായ ഒരു സ്ഥലം വേണം എന്നു നിശ്ചയിച്ചു അതു കൊണ്ടാണ്  ആര്‍ക്കും വേണ്ടാത്ത ഒരു സ്ഥലം കൊടുക്കാന്‍ ധൃതരാഷ്ട്രനു തോന്നിയത്. പാഴ് സ്ഥലമായത് കൊണ്ടു അവര്‍ അതു മയനെ കൊണ്ടു ഭംഗിയുള്ളതാക്കി മാറ്റി എടുത്തു. 
         ഇന്ദ്രപ്രസ്ഥം നിര്‍മ്മിച്ചു കഴിഞ്ഞു കൌരവന്മാരെ അവര്‍ അവിടേക്കു കഷണിച്ചു. ദുര്യോധനന്‍ ആ മാളികയുടെ ഭംഗി കണ്ടു ഭ്രമിച്ചു പോയി. അവിടെ സ്ഥലം ഏതു ജലം ഏതു എന്നു ഭ്രമം ഉണ്ടായി. അതു കണ്ടു ദ്രൗപതി ചിരിച്ചു പോയി. അയാള്‍ അതില്‍ അപമാനിതനായി. അയാളുടെ ഹൃദയത്തില്‍ അസൂയ കത്തി ജ്വലിച്ചു. ശകുനിയുടെ ഉപദേശത്താല്‍ ചൂതാട്ടം എന്ന വ്യാജത്തില്‍ അവരെ ചതിക്കാന്‍ തീരുമാനിച്ചു. ചൂതാട്ടതിനു ക്ഷണിക്കുമ്പോള്‍ നിരസിക്കാന്‍ പാടില്ല എന്നാണു ധര്‍മ്മം.  ധര്‍മ്മപുത്രര്‍ അതു ശരിയായി ചെയ്തു. പക്ഷെ  കളിക്കുമ്പോള്‍ അതില്‍ ആസക്തി കൊണ്ടു പോയി. അങ്ങനെ സര്‍വതും തുലച്ചു, സ്വന്തം പത്നിയെ വരെ പണയം വയ്ക്കാനുള്ള ദുര്‍ബുദ്ധി തോന്നി പോയി.  ഭഗവാന്‍ എല്ലാം നമുക്കു തരുന്നുണ്ട്. പക്ഷെ നാം നമ്മുടെ ആസക്തി, കാമം, ലോഭം തുടങ്ങിയവ കൊണ്ടു എല്ലാം കളഞ്ഞു കുളിക്കുന്നു. 
          ദ്രൌപതിയെ അപമാനിക്കാന്‍ കിട്ടിയ നല്ലൊരു സന്ദര്‍ഭമായി. രജസ്വലയായ അവളെ സഭയില്‍ ദു:ശ്ശാസനന്‍ വലിച്ചു കൊണ്ടു വന്നു നിറുത്തി. അവളെ നിര്‍വാണമാക്കി നിറുത്തണം എന്നു ആശിച്ചു. മഹാപാതകമാണ് അയാള്‍ ചെയ്യാന്‍ ഒരുങ്ങുന്നത് എന്നറിഞ്ഞും ധൃതരാഷ്ട്രര്‍ അവരെ തടയാന്‍ ഒരുമ്പെട്ടില്ല എന്നതാണ് ആശ്ചര്യം. അയാളുടെ ഹൃദയത്തിലും അത്രയ്ക്കുണ്ട് പാണ്‍ഡവരോടുള്ള വിദ്വേഷം! തന്റെ മാനം പോകുമെന്ന സ്ഥിതി വന്നപ്പോള്‍ ദ്രൗപതി അലറി അവിളിച്ചു കരഞ്ഞു. തന്റെ വാക്‌ചാതുര്യം ഉപയോഗിച്ചു എങ്ങനെയെങ്കിലും ജയിക്കാം എന്നു അവള്‍ നോക്കി. അവരോടു ധര്‍മ്മത്തെ എടുത്തു പറഞ്ഞു വിലക്കാന്‍ നോക്കി. ആ സഭയില്‍ ആരെങ്കിലും തന്നെ രക്ഷിക്കുവാനുണ്ടോ എന്നു വിളിച്ചു നോക്കി. തന്റെ ഭര്‍ത്താക്കന്മാരെ നോക്കി വിളിച്ചു. അവര്‍ നിര്വീര്യന്മാരായി നിഷ്ക്രിയന്മാരായി നില്‍ക്കുന്നത് കണ്ടു അവളുടെ ഹൃദയം പൊട്ടി കരഞ്ഞു. 
        അവളുടെ പ്രയത്നങ്ങള്‍ ഒന്നും തന്നെ അവിടെ ഏറ്റില്ല. വിദുരര്‍ മാത്രം അവള്‍ക്കു വേണ്ടി വാദിച്ചു നോക്കി. അതും അവര്‍ സ്വീകരിച്ചില്ല. വിടുരരെ അപമാനിച്ചു വിട്ടു. ഭീഷ്മര്‍ മറ്റാരും തന്നെ അവരോടു എതിര്‍ത്തു ഒന്നും പറഞ്ഞില്ല. തല കുനിച്ചു അവിടെ ഇരുന്നതേയുള്ളൂ. അവളുടെ കരച്ചില്‍ ദുര്യോധനാദികള്‍ക്ക്  ഹരമായി തോന്നി. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നു അവള്‍ തുടിക്കുന്നതു അവര്‍ കണ്ടു രസിച്ചു. അവിടെ ധര്‍മ്മത്തിന് സ്ഥാനമേയില്ലായിരുന്നു. 
        ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ ആരംഭിച്ചു. ദ്രൗപതി രണ്ടു കൈ കൊണ്ടു വസ്ത്രത്തില്‍ മുറുകെ പിടിച്ചു കൊണ്ടു അയാളെ നോക്കി കരഞ്ഞു യാചിച്ചു. അയാള്‍ അഹങ്കരിച്ചു ചിരിച്ചു. തന്റെ ജീവിതം തുലഞ്ഞു എന്നു അവള്‍ക്കു തോന്നി. തനിക്കു അഞ്ചു മഹാ വീരന്മാരായ ഭക്താക്കന്മാര്‍   ഉണ്ടായിട്ടു പോലും ആരും ഇല്ലാതെ അനാഥയായി നില്‍ക്കുന്നില്ലേ എന്നു അവള്‍ വിലപിച്ചു. തന്നെ രക്ഷിക്കാന്‍ ആരും തന്നെ ഇല്ലേ എന്നു അവള്‍ തളര്‍ന്നപ്പോള്‍ ഹൃദയത്തിനുള്ളില്‍ നിന്നും ഭഗവാന്‍ നിനക്കു ഞാനുണ്ട് എന്നു പറയുന്നത് അവള്‍ കേട്ട്. 
         അനാഥരായവര്‍ക്ക് നാഥന്‍ കൃഷ്ണന്‍ അല്ലേ? അപ്പോഴാണ്‌ ദ്രൌപതിക്ക് തന്റെ തെറ്റ് മനസ്സിലായത്‌. തന്റെ ബന്ധുക്കളെ എല്ലാം വിളിച്ചു കരഞ്ഞിട്ടു ഒരു പ്രയോജനവും ഇല്ല. താന്‍ വിളിക്കേണ്ടത് അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായകനെയല്ലേ? താന്‍ ഇത്രയും നേരം ഭഗവാനെ എങ്ങനെ മറന്നു എന്നു തോന്നി. ഭഗവാന്‍ എല്ലാവരുടെയും ഉള്ളില്‍ നിന്നു വിളിക്കുന്നുണ്ട്‌.  നമുക്കു ഇപ്പോഴും രക്ഷ നല്‍കുന്നുണ്ട്. പക്ഷെ നാം അതു ശ്രദ്ധിക്കുന്നില്ല. ദ്രൌപതിയെ ധര്‍മ്മം രക്ഷിച്ചില്ല. ബന്ധുക്കള്‍ രക്ഷിച്ചില്ല.  ഭഗവാന്‍ മാത്രമാണ് രക്ഷയ്ക്കു എത്തിയത്. എനിക്കു എന്റെ ഭഗവാന്‍ ഉണ്ട് എന്നു ഒരു മാത്ര നേരം അവള്‍ ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ഓടി എത്തി. ഭഗവാനല്ലാതെ മറ്റാരും തന്നെ തനിക്കു ശരണം ഇല്ല എന്നു മനസ്സിലാക്കി അവള്‍ കൃഷ്ണാ എന്നു അലറി   വിളിച്ചു കൊണ്ടു രണ്ടു കയ്യും ഉയരെ തൂക്കി. തന്നെ രക്ഷിക്കാന്‍ തനിക്കാവില്ല എന്നു മനസ്സിലാക്കി വേറെ ഒരു ഗതിയും കാണാഞ്ഞു  അവസാനം പൂര്‍ണ്ണമായും ഭഗവാനില്‍ അര്‍പ്പിച്ചു, വസ്ത്രത്തെ പിടിച്ചിരുന്ന തന്റെ രണ്ടുകയ്യും മുകളിലേയ്ക്ക് ഉയര്‍ത്തി  'ഗോവിന്ദാ പുണ്ഡരീകാക്ഷാ രക്ഷമാം ശരണാഗതം' എന്നുറക്കെ വിളിച്ചു.   
          അവള്‍ രണ്ടു കയ്യും വസ്ത്രത്തില്‍ നിന്നും വിട്ടു ഉയര്‍ത്തിയ ആക്ഷണം തന്നെ ഭഗവാന്‍ അവിടെ വസ്ത്ര രൂപത്തില്‍ അവളുടെ രക്ഷയ്ക്കു എത്തി. അവള്‍ നാമം പറയുന്നത് വരെ പോലും ഭഗവാന്‍ കാത്തു നിന്നില്ല. എപ്പോള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു തന്റെ കൈ രണ്ടു അവള്‍ വിട്ടുവോ അപ്പോള്‍ അവളുടെ ശരാണാഗതി പൂര്‍ണ്ണമായി. വസ്ത്രത്തെ പിടിച്ചു കൊണ്ടു അവള്‍ നാമം വിളിച്ചിരുന്നെങ്കില്‍ പോലും ഭഗവാന്‍ വരുമായിരുന്നോ എന്നു സംശയമാണ്. ഭഗവാനില്‍ പൂര്‍ണ്ണ വിശ്വാസത്തോടെ അവള്‍ രണ്ട് കയ്യും വിട്ടപ്പോള്‍ ഭഗവാന്‍ അവളുടെ ക്ഷേമം ഏറ്റെടുത്തു. എന്നെ കൊണ്ടു ഒന്നും ആവില്ല എനിക്കു ഭാഗവാനാല്ലാതെ ശരണം മറ്റൊന്നില്ല എന്നു ചിന്തിച്ചപ്പോള്‍ ഭഗവാന്‍ ആ ശരണാഗതി സ്വീകരിച്ചു. അപ്പോള്‍ മാത്രമാണ് ശരണാഗതി തത്വം പൂര്‍ണ്ണമാകുന്നത്. ഒട്ടും സംശയം ഇല്ലാത്ത ഒരു ദൃഡ വിശ്വാസം ഉണ്ടാവണം. അതു ലഭിക്കാനാണ് പ്രയാസം. ഇപ്പോഴും ലേശം സംശയം നമ്മുടെ ഹൃദയത്തില്‍ ഇരിക്കും. നമ്മുടെ കാര്യം നടക്കുമോ ഇല്ലിയോ എന്നു ഇപ്പോഴും സംശയം. ഭഗവാനെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ ഭഗവാന്‍ എല്ലാം ഭംഗിയാക്കും എന്ന വിശ്വാസം വേണം. 
         ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തി കൂപ്പി കൊണ്ടു ഭഗവാന്റെ നാമത്തെ വിളിച്ചു. അഞ്ചലി പരമ മുദ്ര എന്നാണല്ലോ പ്രമാണം. ഭഗവാന്‍ അതു കണ്ടു. ദുഃശ്ശാസനന്‍ അവളുടെ വസ്ത്രത്തില്‍ പിടിച്ചു  വലിക്കുകയാണ്‌. അപ്പോള്‍ അവള്‍ കൈ വിട്ടു. അയ്യോ  അവള്‍ക്കു ആപത്തല്ലേ എന്നു ഭഗവാനു ഭയമായി. നാം നമ്മുടെ ചുമതല ഭഗവാന്‍ ഏല്‍പ്പിക്കുന്ന ആ നിമിഷം അതിനെ കുറിച്ചുള്ള ആധിയും വ്യാകുലതയും ഒക്കെ ഭഗവാന്റെയായി മാറുന്നു. ഭഗവാന്‍ തന്നെ എങ്ങനെ രക്ഷിക്കണം എന്നൊന്നും അവള്‍ ചിന്തിച്ചില്ല. തന്നെ രക്ഷിക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. ഭഗവാനു വേണമെങ്കില്‍ ദുഃശ്ശാസനനെ ചക്രായുധം കൊണ്ടു വധിച്ചു അവളെ രക്ഷിക്കാമായിരുന്നു. പക്ഷെ അതിനു പകരം ഏറ്റവും അത്ഭുതകരമായ ഒരു ലീലയാണ് അവിടെ കളിച്ചത്. ആരും പ്രതീക്ഷിക്കാത്ത വിധം ദുഃശ്ശാസനന്‍ വലിക്കുന്തോറും വസ്ത്രം വന്നുകൊണ്ടെ ഇരുന്നു. എത്ര വലിച്ചിട്ടും തീരാത്ത ഒരു കലവറ പോലെ! കുറെ സമയം കഴിഞ്ഞു ദുഃശ്ശാസനന്‍ വലിച്ചു വലിച്ചു തളര്‍ന്നു വീണു. പക്ഷെ ദ്രൌപതിയുടെ ശരീരത്തില്‍ നിന്നും വസ്ത്രം ഒട്ടും മാറിയില്ല. അതാണ്‌ ഭഗവാന്‍! ദ്രൌപതിയുടെ ശരണാഗതി അത്ര ശ്രേഷ്ടമാണ്.
        ദ്രൌപതിയുടെ ശരണാഗതി ശ്രേഷ്ടമാണെങ്കില്‍ പെണ്‍പിള്ളൈ അതു ആസ്വദിക്കുന്നത് അതിലേറെ ശ്രേഷ്ടമാണ്. ഭഗവാന്‍ ദ്രൌപതിക്ക് പുടവ തന്നതല്ല അവള്‍ക്കു വലുതായി തോന്നിയത്, മറിച്ചു ദ്രൗപതി രണ്ടു കയ്യും ഉയര്‍ത്തിയതാണ് ഏറ്റവും ശ്രേഷ്ടമായി തോന്നിയത്. ആ ഒരു വിശ്വാസം തനിക്കു ഉണ്ടോ എന്നു പെണ്‍പിള്ളൈ ചോദിക്കുന്നു. പെണ്‍പിള്ളൈയുടെ വീക്ഷണം അതീവ വിശേഷപ്പെട്ടതാണ്. ഒരു സാധാരണ സ്ത്രീയെ പോലെയല്ല അവള്‍ ചിന്തിച്ചത്. ഒരു സംഭവത്തിന്റെ കാതലായ അതിന്റെ ഗുണത്തെയാണ്‌  അവള്‍ ശ്ലാഘിച്ചത്. അതാണ്‌  പെണ്‍പിള്ളൈയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.  രാമാനുജരും അതുകൊണ്ടു മാത്രമാണ് പാവല്‍ പറയുന്നത്  മുഴുവനും നിന്നു കേട്ടത്. അവള്‍ക്കു ദ്രൌപതിയെ പോലെ വിശ്വാസം ഉണ്ടായിരുന്നെകില്‍ ഇങ്ങനെ ഈ നാട് വിട്ടു പോകാന്‍ ഒരുങ്ങുമോ. സര്‍വവും വൈത്തമാനിധി പെരുമാളില്‍ അര്‍പ്പിച്ചു ഇവിടെ തന്നെ തുടരില്ലേ എന്നു അവള്‍ രാമാനുജരോട് ചോദിച്ചു. അതു കൊണ്ടു തനിക്കു ഇവിടെ ഇരിക്കാന്‍ ഉള്ള അര്‍ഹത ഇല്ല എന്നും പറഞ്ഞു. മനം കുളിര്‍ത്ത രാമാനുജര്‍ അവള്‍ക്കു ആ അര്‍ഹത നല്‍കി അവളെ അനുഗ്രഹിച്ചു.   രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!