Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, February 12, 2011

പ്രേമവേദം ഫെബ്രുവരി -11

Posted by VEDHASAARAM

നാരായണീയം 
അണ്ഡം തത് ഖലു പൂര്‍വ സൃഷ്ട സലിലേ
      തിഷ്ഠല്‍ സഹസ്രം സമാ 
നിര്‍ഭിന്ദന്നകൃഥാശ്ചതുര്‍ദ്ദശജഗട്രൂപം
വിരാഡാഹവ്യം 
സാഹസ്രൈഃ കരപാദമൂര്‍ദ്ധ നിവഹൈര്‍
ന്നിശ്ശേഷജീവാത്മകോ 
നിര്‍ഭാതോസി മരുത്പുരാധിപ! സമം ത്രായസ്വ 
സര്‍വാമയാല്‍.  
               (ദശഃ 5 ശ്ലോഃ 10)
            അങ്ങനെ അങ്ങയാല്‍ തന്നെ നിര്‍മ്മിതമായ അണ്ഡം ആദ്യമേ സൃഷ്ടിച്ചിട്ടുള്ള ജലത്തില്‍ ആയിരം വര്‍ഷം സ്ഥിതി ചെയ്തു. അങ്ങ് അതിനെ പിളരുകയും വിരാഡ് നാമാവായ പതിനാലു ലോകങ്ങളുടെ ആകൃതിയില്‍ സൃഷ്ടി നടത്തുകയും ചെയ്തു. പിന്നീട് അങ്ങ് ആയിരക്കണക്കിലുള്ള കൈകാലുകളോടും  ശിരസ്സുകളോടും കൂടി എല്ലാ ജീവാത്മാക്കളേയും സ്വയം വഹിച്ചു കൊണ്ടു പ്രശോഭിച്ചു കൊണ്ടിരുന്നു. ഹേ ഗുരുവായൂരപ്പാ! അങ്ങനെയുള്ള അങ്ങ് എന്നെ സര്‍വ്വ രോഗ പീഡകളില്‍ നിന്നും രക്ഷിക്കണേ!
                                            (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)  

ആനന്ദരഹസ്യം
       രാധേകൃഷ്ണാ! ഭക്തി എന്നാല്‍ എന്തു? ചിലര്‍ പറയും ക്ഷേത്രത്തില്‍ പോകുന്നത് ഭക്തി എന്നു. ചിലര്‍ പറയും, പാരായണം ചെയ്യുന്നത് ഭക്തി എന്നു. ചിലര്‍ പറയും, ഉപവാസം ഇരിക്കുന്നതാണ് ഭക്തി എന്നു. ക്ഷേത്രത്തില്‍ പോകുന്നതും, പാരായണം ചെയ്യുന്നതും, ഉപവാസം ഇരിക്കുന്നതും ഒക്കെ ഭക്തിയുടെ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. പക്ഷേ വാസ്തവത്തില്‍ ഇവയൊക്കെ എന്താണു ചെയ്യുന്നത്. നമ്മളില്‍ ഇതൊക്കെ ചെയ്യുന്നു എന്ന അഹങ്കാരം വര്‍ധിപ്പിക്കുന്നു. നാം അറിയാതെ ഭഗവാനില്‍ നിന്നും അകന്നു പോകുന്നു. ഇതിനു എന്താണ് പോംവഴി? നാമജപം! വിടാതെ നാമം ജപിച്ചു കൊണ്ടു എല്ലാം ചെയ്യു. എല്ലാം ഭഗവാന്‍റെ സങ്കല്‍പം എന്നു ധരിച്ചു കൊണ്ടു ചെയ്യു. അപ്പോള്‍ അഹങ്കാരം തനിയെ അകന്നു പോകും. രാധേകൃഷ്ണാ!
സദ്ഗുരുവാത്സല്യം 
           സദ്ഗുരുനാഥന്‍ ഒരു വാഹനത്തെ പോലെയാണ്. ട്രെയിനില്‍ നാം കയറുമ്പോള്‍ ടിക്കറ്റ്‌ എടുക്കുന്നു. അതു കഴിഞ്ഞാല്‍ പിന്നെ ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ട ആവശ്യം ഇല്ല. നാം ഉദ്ദേശിച്ച സ്ഥലത്ത് ട്രെയിന്‍ നില്‍ക്കുമ്പോള്‍  ഇറങ്ങിയാല്‍ മാത്രം മതി. അതു പോലെ സദ്ഗുരുനാഥനില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചു അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കുക. നിങ്ങള്‍ എത്തേണ്ട സ്ഥലത്ത് താനേ എത്തിച്ചേരും. അതിനു പകരം കുറച്ചു ദിവസം ഈ ഗുരു പിന്നെ മറ്റൊരു ഗുരു അതു കഴിഞ്ഞു വേറൊരു ഗുരു എന്നു അലഞ്ഞു  നടന്നാല്‍ ഒരിടത്തും എത്തില്ല.
         സദ്ഗുരുനാഥന്‍ ഭഗവാനെ എങ്ങനെ അനുഭവിക്കണം എന്നു നമുക്ക് പറഞ്ഞു തരുന്നു. 
തദ് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനഃ തത്വ ദര്‍ശിനഃ
           താഴ്മയോടെ, സേവ ചെയ്തു കൊണ്ടു, കേള്‍ക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ ജ്ഞാനികള്‍ നിനക്കു തത്വത്തെ ഉപദേശിക്കും എന്നു ഭഗവാന്‍ ഗീതയില്‍ അര്‍ജ്ജുനനോട് പറയുന്നു. യുദ്ധക്കളത്തില്‍ മനസ്സ് തളര്‍ന്നു എന്തു ചെയ്യണം എന്നറിയാതെ ഭഗവാനെ സര്‍വഥാ ആശ്രയിച്ചു, കൃഷ്ണാ എനിക്കു പറഞ്ഞു തരു എന്നു അര്‍ജ്ജുനന്‍ കരഞ്ഞപ്പോള്‍ മാത്രമാണ് ഭഗവാന്‍ ഭഗവത് ഗീത ഉപദേശിച്ചു കൊടുത്തത്. 
ശിഷ്യസ്തേ ശാദി മാം പ്രപന്നഃ 
പ്രഭോ അങ്ങ് എനിക്കു ഗുരുവാണ് ഞാന്‍ അങ്ങയുടെ ശിഷ്യനാണ് അങ്ങ് എനിക്കു വഴി പറഞ്ഞു തരണം  എന്നു പറഞ്ഞു ഭഗവാനെ ശരണം പ്രാപിച്ചു. അതിനു ശേഷം ഭഗവാന്‍ അര്‍ജ്ജുനനു ഉപദേശം ചെയ്യുന്നു.  ഗുരുവിന്‍റെ പാദങ്ങളില്‍ ശരണം പ്രാപിക്കു. ഗുരു നമ്മേ രക്ഷിക്കും. 
       ശ്രീ ശങ്കരര്‍ അദ്വിതീയനായ ഒരു ആചാര്യനാണ്. അദ്ദേഹം അവതരിച്ചില്ലായിരുന്നുവെങ്കില്‍  ഇന്നു എല്ലാവരും ബ്രഹ്മത്തെ വിട്ടിട്ടു ശൂന്യം ശൂന്യം എന്നു പറഞ്ഞു നടന്നേനെ. ഇന്നു വേദപാഠശാലകളും, വേദ അധ്യാനവും നടക്കുന്നുവെങ്കില്‍ നാം അതിനു ശ്രീ ശങ്കരരോതാണ് നന്ദി പറയേണ്ടതു. അദ്വൈതിയായാലും, വിശിഷ്ടാദ്വൈതിയായാലും, ദ്വൈതിയായാലും ആരായിരുന്നാലും ശങ്കരാചാര്യര്‍ക്ക് 
കടപ്പെട്ടവരാണ്. 35 വയസ്സിനുള്ളില്‍ ഭാരതം മുഴുവനും സഞ്ചരിച്ചു ബുദ്ധ മതം എവിടെ ഉത്ഭവിച്ചുവോ അവിടെ നിന്നു തന്നെ അതിനെ തുരതിയില്ലേ?  ബുദ്ധ മതം സര്‍വ്വം ശൂന്യം ശൂന്യം എന്നു പറഞ്ഞു നടന്നപ്പോള്‍, അതല്ല 'ബ്രഹ്മ സത്യം ബ്രഹ്മ സത്യം' എന്നു തറപ്പിച്ചു വാദിച്ചു സത്യം നില നിര്‍ത്തിയ മഹാനാണ് അദ്ദേഹം. 
        അദ്ദേഹത്തിനു ധാരാളം ശിഷ്യരുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ഒരാളോടു മാത്രം മറ്റുള്ളവര്‍ക്ക് അത്ര മതിപ്പില്ല എന്നു അദ്ദേഹം മനസ്സിലാക്കി.  ഗുരുവിനു എല്ലാ ശിഷ്യരും തുല്യരാണ്. എല്ലാരും അരുമ ശിഷ്യര്‍ തന്നെയാണ്. തന്‍റെ ആ ശിഷ്യന്റെ പെരുമയെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തണം എന്നു തീരുമാനിച്ചു.  ഒരിക്കല്‍ സദാനന്ദന്‍ എന്ന ആശിഷ്യന്‍ ആറ്റിന്റെ അങ്ങേക്കരയില്‍ ഗുരുവിന്‍റെ വസ്ത്രം ഉണക്കി കൊണ്ടിരിക്കുകയായിരുന്നു.  പെട്ടെന്ന് ശ്രീ ശങ്കരാര്‍ 'സദാനന്ദാ വരു' എന്നുറക്കെ വിളിച്ചു. സദ്ഗുരുനാഥന്‍ വിളിക്കുന്നത്‌ കേട്ട ആ നിമിഷം തന്നെ അദ്ദേഹം തുണികള്‍ എടുത്തുകൊണ്ടു ഒന്നും ആലോചിക്കാതെ നദിയുടെ കുറുകെ നടന്നു വന്നു. താന്‍ നദിയുടെ അക്കരെയാണല്ലോ എന്നോ,  ഗുരുവിനു അതു അറിയില്ലേ എന്നോ, അദ്ദേഹം തന്നെ ഇത്ര പെട്ടെന്ന് വിളിക്കരുതായിരുന്നു എന്നോ, ഒന്നും തന്നെ അദ്ദേഹം ചിന്തിച്ചില്ല. ഗുരു വിളിച്ചപ്പോള്‍ ഉടനെ പോകണം എന്നു മാത്രം ചിന്തിച്ചു. അദ്ദേഹം നദിയുടെ മുകളില്‍ കൂടി നടന്നു തുടങ്ങി. ഗംഗാ മാതാ ഇതു ശ്രദ്ധിച്ചു. 'ആഹാ ഇതു പോലൊരു സത്ശിഷ്യനെ കാണാന്‍ പോലും കിട്ടില്ല' എന്നു വിചാരിച്ചു.  സത്യം അതാണ്‌. സത്ഗുരുവിനെ കാണാന്‍ സാധിക്കും എന്നാല്‍ ഒരു സത്ശിഷ്യനെ കാണാന്‍ അത്ര വിഷമമാണ്.
    സദ്ഗുരു ഒരു സത്ശിഷ്യനെ തേടി അലയുന്നു. വേദവ്യാസര്‍ക്ക് ഒരേ ഒരു ശുകബ്രഹ്മ മഹര്‍ഷി ശിഷ്യനായി ലഭിച്ചു. ശുക ബ്രഹ്മ മഹര്‍ഷിക്ക് ഒരു പരീക്ഷിത്തിനെ ശിഷ്യനായി ലഭിച്ചു. നല്ല പക്വ്യത വന്ന ശിഷ്യന്‍! അതു പോലെയുള്ള ശിഷ്യനാണ് ആവശ്യം. ധനികനോ, വിദ്വാനോ ആയ ശിഷ്യനല്ല!  അവരെ കൊണ്ടു തന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്നോ, തന്‍റെ സംഘം ബലപ്പെടുത്താം എന്നോ,  ധാരാളം ധനം സ്വരൂപിക്കാം എന്നോ ഒരു സത്ഗുരുവും ഒരിക്കലും ചിന്തിക്കുന്നില്ല. ഭാഗവന്നാമ ജപം കൊണ്ടു മോക്ഷം പോലും സിദ്ധിക്കും എന്നിരിക്കെ അവര്‍ക്കു അതിന്‍റെ ആവശ്യം ഉണ്ടോ? ശിഷ്യര്‍ നല്‍കുന്ന കുറച്ചു ധനം കൊണ്ടു അവര്‍ക്കു എന്തു നേടാനാണ്? അഥവാ അവര്‍ എന്തെങ്കിലും നല്‍കിയാല്‍ തന്നെ അതു അവരുടെ പാപങ്ങളാണ്. പ്രാരബ്ധവശാല്‍ അവര്‍ സമ്പാദിക്കുന്ന ധനത്തില്‍ എത്രയോ പാപങ്ങള്‍ മറഞ്ഞിരിക്കുന്നു. അവര്‍ നല്‍കുന്ന പാപങ്ങളെ സ്വീകരിച്ചു അവരുടെ ശക്തി കൊണ്ടു കരിച്ചു കളയുന്നു. മല മൂത്രത്തെക്കള്‍ എത്രയോ വൃത്തികേട്ടതാണു പാപങ്ങള്‍. അതു സദ്‌ഗുരുവല്ലാതെ ആരും സ്വീകരിക്കാന്‍ ഒരുങ്ങുന്നില്ല. നാം കൊടുക്കുന്ന സ്വല്പ ധനം സ്വീകരിച്ചു നാമജപം ചെയ്തു  ഭഗവാനോട് "പ്രഭോ ഈ കുഞ്ഞ് തരുന്നത് സ്വീകരിച്ചു അതിനു അനുഗ്രഹം നല്കണമേ' എന്നു പ്രാര്‍ത്ഥിക്കുന്നു. ഗുരു നല്‍കുന്ന വിഷയങ്ങള്‍ കണ്ണ്കള്‍ക്ക് പ്രത്യക്ഷമായി കാണാന്‍ സാധിക്കില്ല. ആത്മാവിനു ഭക്തിയും, ഭഗവത് ധ്യാനവും, ശാന്തിയും നല്‍കുന്നു. സത്ഗുരുവിന്റെ മഹിമയെ ശിഷ്യര്‍ മനസ്സിലാക്കേണ്ടതാണ്. സദാനന്ദന്‍ ആ രഹസ്യം മനസ്സിലാക്കിയിരുന്നു. തുടര്‍ന്നുള്ള ചരിത്രം അറിയാന്‍ സത്ഗുരുവില്‍ അതു പോലെ വിശ്വാസം അര്‍പ്പിച്ചു കാത്തിരിക്കു. രാധേകൃഷ്ണാ! 
ഭക്തിരഹസ്യം 
       കഴിഞ്ഞ ലക്കത്തില്‍ ഭഗവാന്‍ ആരു എന്തു ഭക്തിയോടെ കൊടുത്താലും സ്വീകരിക്കുന്നു എന്നു ഘണ്ടാകര്‍ണ്ണന്റെ കഥയില്‍ നിന്നും മനസ്സിലാക്കി. ഭഗവാന്‍ നല്‍കുന്ന ആളിന്റെ സ്ഥിതിയെയോ, അല്ലെങ്കില്‍ വസ്തുവിന്റെ ഗുണത്തിനെയോ നോക്കുന്നില്ല.  അതിലുള്ള ഭക്തിയെ മാത്രമാണ് കണക്കാക്കുന്നത്. തനിക്കുള്ളത് എല്ലാം തന്നെ ഭാഗവാനുകൊടുക്കണം എന്ന ഭാവം ഉണ്ടാകണം. ഭഗവാനോട് പ്രീതി ഉണ്ടാവണം. ഭഗവാന്‍ ഉത്തമനാണ്.  മൂന്നു വിധം ആള്‍കാര്‍ ഉണ്ടു. അധമന്‍, മധ്യമന്‍ ഉത്തമന്‍ !  അധമന്‍ - ആര്‍ക്കു എന്തു സംഭവിച്ചാലും കുഴപ്പമില്ല തന്‍റെ സുഖം തന്നെ പ്രാധാന്യം എന്നുചിന്തിക്കുന്നവന്‍ അധമന്‍. 
മധ്യമന്‍ - താനും സുഖമായിരിക്കണം, മറ്റുള്ളവരും സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവന്‍ മധ്യമന്‍. ഉത്തമന്‍ - തനിക്കു എന്തു തന്നെ സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവര്‍ സുഖമായിരിക്കണം എന്നു ചിന്തിക്കുന്നവന്‍ ഉത്തമന്‍ ! ഭഗവാന്‍ ഉത്തമാനാണ്. തനിക്കു എത്ര പ്രയാസങ്ങള്‍ ഉണ്ടായാലും തന്നെ ആശ്രയിക്കുന്നവര്‍ക്ക് സന്തോഷം കിട്ടണം എന്നു വിചാരിക്കുന്നു.  ആ ഉത്തമന്റെ അടുക്കല്‍ ഉത്തമമായ ഭക്തി ഉണ്ടാകണം. ഭഗവാനു  ഭക്തരില്‍ യാതൊരു ഭേദവും ഇല്ല.
'നാസ്തി തേഷു ജാതി വിദ്യാ രൂപ കുലാദി ഭേദഃ'
തന്‍റെ ഭക്തന്മാരില്‍ കുലമോ, ജാതിയോ, വിദ്യയോ ധനമോ തുടങ്ങിയ യാതൊരു ഭേദവും ഭഗവാന്‍ നോക്കുന്നില്ല. ഭക്തി മാത്രമാണ് ഭഗവാന്‍ ഗണിക്കുന്നത്. 
പൂരി ജഗന്നാഥന്‍ വളരെ വിശേഷപ്പെട്ട മൂര്‍ത്തിയാണ്. പൊതുവേ എല്ലാര്‍ക്കും അദ്ദേഹത്തോട് വളരെ പ്രീതിയാണ്. ജഗന്നാഥനു ചമ്പക പൂവ് എന്നാല്‍ വളരെ ഇഷ്ടമാണ്. എന്നും പലരും അദ്ദേഹത്തിനു ചെമ്പക പൂവ് വാങ്ങി നല്‍കും.  രാജകുമാരന്മാരും സാധാരണക്കാരും പതിവായി അങ്ങനെ ഭഗവാനു ചെമ്പക പൂവ് അര്‍പ്പിക്കുക പതിവായിരുന്നു. ഒരു ദിവസം എന്തോ കാരണവശാല്‍ ചന്തയില്‍ ചെമ്പകപൂവിനു ക്ഷാമം അനുഭവപ്പെട്ടു. ചന്ത മുഴുവനും അന്വേഷിച്ചിട്ടും അവര്‍ക്കു ചെമ്പക പൂവ് കാണാന്‍ കഴിഞ്ഞില്ല. ഒരേ ഒരു കടയില്‍ മാത്രം ഒരൊറ്റ ചെമ്പക പൂവ് ഉണ്ടായിരുന്നു.  മൂന്നു രാജകുമാരന്മാര്‍ അതിനു വേണ്ടി അടുത്തു കൂടി. കടക്കാരന്‍ വല്ലാതെ വിഷമിച്ചു. മൂന്നു പേരും ജഗന്നാഥനു വേണ്ടി തന്നെയാണ് പൂവ് ചോദിക്കുന്നത്. അയാള്‍ ആര്‍ക്കു കൊടുക്കും? 
      സ്വാഭാവികമായും അപ്പോള്‍ പൂവിനു ലേലം വിളി ആരംഭിച്ചു. അവിടെ ഞാനോ നീയോ എന്ന മത്സരമല്ല. ഇന്നു ഇപ്പോള്‍ ഒരു പൂവ് ലഭ്യമാണ്. നാളെ അതും കിട്ടുമോ എന്നറിയില്ല. നാളെ ജീവന്‍ ഉണ്ടാവുമോ എന്നും അറിയില്ലല്ലോ.  ഇന്നു  ഭഗവാനു അതു വാങ്ങി ചാര്‍ത്താന്‍ സാധിച്ചാല്‍ അതു നല്ലതല്ലേ എന്ന ഭാവമായിരുന്നു.  അതു കൊണ്ടു എന്തു വില കൊടുത്തും വാങ്ങിക്കാന്‍ അവര്‍ തയ്യാറായി. ഒരു പൂവിനു സ്വര്‍ണ്ണ നാനയതിലായിരുന്നു ലേലം വിളി. ഒരാള്‍ നൂറു സ്വര്‍ണ്ണ നാണയം പറഞ്ഞാല്‍ അടുത്തയാള്‍ നൂറ്റിയൈമ്പതും മറ്റൊരാള്‍ ഇരുനൂറും വരെ പറഞ്ഞു. വില ഉയര്‍ന്നു ഉയര്‍ന്നു വന്നു തുടങ്ങി. ഒടുവില്‍ ഒരു രാജകുമാരന്‍ ആയിരക്കണക്കിന് സ്വര്‍ണ്ണ നാണയം വില പറഞ്ഞു ആ പൂവ് വാങ്ങിച്ചു. ആ പണം കൊണ്ടു അയാള്‍ക്ക്‌ എത്രയോ സ്വര്‍ണ്ണ ചെമ്പകപൂവ് തന്നെ ഉണ്ടാക്കി നല്‍കാമായിരുന്നു. പക്ഷേ അയാള്‍ അതൊന്നും നോക്കിയില്ല. ഇന്നു ഭഗവാനു ചെമ്പക പൂവ് എങ്ങനെയെങ്കിലും അര്‍പ്പിക്കണം എന്നു മാത്രമേ ചിന്തിച്ചുള്ളൂ. പിന്നെ സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കുന്ന പൂവിനു രൂപം  വേണമെങ്കില്‍ അതു പോലെ ഉണ്ടാകും. പക്ഷേ മണം ഉണ്ടാവില്ല. എത്രയായാലും മരത്തില്‍ പൂത്ത ചെമ്പക പൂവിനു തുല്യമാവില്ലല്ലോ എന്നു ഓര്‍ത്തു .         ആനന്ദം കൊണ്ടു അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ഉടനെ എല്ലാവരും അദ്ദേഹത്തോട് 'പൂവ് കിട്ടിയില്ലേ! പിന്നെ എന്തിനാണ് കരയുന്നത്?' എന്നു ചോദിച്ചു. അതിനു അദ്ദേഹം 'എനിക്കു ഇങ്ങനെ ഒരു പ്രശ്നം എപ്പോഴെങ്കിലും ഉണ്ടാകും എന്നു കണക്കാക്കി കരുണാ സാഗരനായ ഭഗവാന്‍ എന്നെ അതു വാങ്ങിക്കാന്‍ സാധിക്കുന്ന ധനസ്ഥിതിയില്‍ വെച്ചിരിക്കുന്നത് ഓര്‍ത്തു കരഞ്ഞു പോയതാണ്' എന്നു പറഞ്ഞു.  ഒരിക്കല്‍ നഞ്ചീയര്‍ തന്‍റെ ഗുരുവായ പരാശര ഭാട്ടരോടു എന്തിനാണ് രംഗരാജന്‍ കാവേരി നദിയുടെ നടുക്ക് ഇങ്ങനെ വന്നു കിടക്കുന്നത്  എന്നു ചോദിച്ചു. അതു കേട്ട ഉടനെ പരാശര ഭട്ടര്‍ പൊട്ടിക്കരഞ്ഞു കൊണ്ടു 'ആന കരഞ്ഞു വിളിച്ചതിന് ശേഷം പരന്നു വന്നു, കലിയുഗത്തില്‍ ഞാന്‍ വിളിക്കും എന്നറിഞ്ഞു അതിനു മുന്‍പേ താനേ വന്നു കിടക്കുകയാണ്' എന്നു പറഞ്ഞു നിറുത്തി. ആന എന്നു അദ്ദേഹം ഉദ്ദേശിച്ചത് ഗജേന്ദ്രനെയാണ്. അതു പോലെ ഈ രാജകുമാരന് ഒരു ദിവസം ചെമ്പക പൂവ് വാങ്ങിക്കാനായി നേരത്തെ തന്നെ നല്ല ധന സ്ഥിതി നല്‍കിയിരുന്നു. 
       രാജകുമാരന്‍ വളരെ വിനീതനായി ഭക്തിയോടെ പ്രാര്‍ത്ഥിച്ചു കൊണ്ടു ആ പൂവ് ഭഗവാനു കൊണ്ടു കൊടുത്തു. 'ഭഗവാനെ ഇന്നു അടിയാണ് ഒരു പൂവ് മാത്രമേ ചാര്‍ത്താന്‍ സാധിച്ചുള്ളൂ. ദയവായി ഇതു സ്വീകരിക്കണമേ എന്നു അഭ്യര്‍ത്ഥിച്ചു. മനസ്സിന് വല്ലാത്ത ശാന്തി തോന്നി.   ഒരിക്കലും താന്‍ ഇതു ചെയ്തു എന്നു അഹങ്കാരം തോന്നിയില്ല. ഭഗവാന്‍റെ കൃപ കൊണ്ടു തനിക്കു ഇന്നു ഇതു സാധിച്ചു എന്നു സന്തോഷിച്ചു. തിരിച്ചു തന്‍റെ കൊട്ടാരത്തില്‍ എത്തി രാത്രി ഉറങ്ങാന്‍ കിടന്നു. ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. സുന്ദര രൂപം! മനം മയക്കുന്ന പുഞ്ചിരി! ഭഗവാന്‍ രാജകുമാരനോട് 'താന്‍ എനിക്കു അര്‍പ്പിച്ച പൂവ് വളരെ ഘനം തോന്നുന്നു' എന്നു പറഞ്ഞു. അദ്ദേഹം അതു അത്ര ആഗ്രഹത്തോടെയാണ് വാങ്ങിയത്. അതിനു വേണ്ടി എത്ര തങ്ക നാണയങ്ങള്‍ ചെലവിടുകയും ചെയ്തു! ആ സ്നേഹ ഭാരം തനിക്കു താങ്ങാന്‍ പറ്റുന്നില്ല എന്നു പറഞ്ഞു. രാജകുമാരന്‍ ഉടനെ പൊട്ടിക്കരഞ്ഞു പോയി. 'പ്രഭോ അങ്ങയ്ക്ക് അതു അത്രയ്ക്ക് ഭാരം തോന്നുന്നുവെങ്കില്‍ അതു ഒരു മൂലയ്ക്ക് മാറ്റി ഇട്ടേക്കു' എന്നു പറഞ്ഞു.  ആ പൂവിനു വേണ്ടി കൊടുത്ത ധനമോന്നും ഒരു കാര്യമായി തോന്നിയില്ല. ഭഗവാന്‍റെ സുഖമാണ് പ്രാധാന്യം എന്നു വിചാരിച്ചു. അതു പോലെ ഒരു ഭക്തി വേണം. അതു പോലെ ഒരു വിനയം വേണം. നാം കൊടുക്കുന്നു എന്ന അഭിമാനം ഇല്ലാതെ, ഭഗവാന്‍റെ കൃപ കൊണ്ടാണ് നമുക്ക് ഇതുസാധിക്കുന്നത് എന്ന വിനയത്തില്‍ ഇരിക്കണം. അതാണ്‌ ശ്രേഷ്ഠം. ആ ഒരു ഭക്തി ഉണ്ടായാല്‍ ജന്മം സാഫല്യമായി. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
        
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 45
              ഭാഗവതത്തില്‍ നിന്നും പെണ്‍പിള്ളൈ അടുത്തതായി രാമായണത്തിലേയ്ക്ക് പോയി. ലക്ഷ്മണനാണ് വിഷയം! ലക്ഷ്മണന്‍ ഭഗവത് കൈങ്കര്യത്തിനു വേണ്ടി മാത്രം ജനിച്ചവനാണ്. വാല്‍മീകി ലക്ഷ്മണനെ 'ലക്ഷ്മീ സമ്പന്നന്‍' എന്നാണു വിളിക്കുന്നത്‌.
'വഴിയടിമൈ ശെയ്തേനോ ലക്ഷ്മണനൈപ്പോലെ?'
പട്ടാഭിഷേകം നിശ്ചയിചിരിക്കുമ്പോള്‍ ഭഗവാനു വനവാസമാണ് കിട്ടിയത്. വനവാസത്തിനു തയ്യാറെടുക്കുമ്പോള്‍ സീതയോട് കൌസല്യാ മാതാവിന് കൈങ്കര്യം ചെയ്തു കൊണ്ടു അയോധ്യയില്‍ തന്നെ ഇരിക്കാന്‍ ആജ്ഞാപിച്ചു.  ഇതു കേട്ടു കൊണ്ടു നിന്ന ലക്ഷ്മണന്‍ ഉള്ളില്‍ തളര്‍ന്നു പോയി. സീതയെ പോലും വരണ്ടാ എന്നു പറയുന്ന രാമന്‍ തന്നെ ചേര്‍ക്കുമോ എന്ന സംശയമായിരുന്നു. സീത ഒടുവില്‍ എങ്ങനെയോ വിജയിച്ചു. ഭഗവാനും ലക്ഷ്മണനോട്  അച്ഛനമ്മയ്ക്ക് തുണയായി ഇരിക്കാന്‍ കല്‍പ്പിക്കുന്നു. ലക്ഷ്മണന്‍ അപ്പോള്‍ രാമനോട് "ഹേ രാമാ! ഞാനും സീതാ മാതാവും അങ്ങയെ പിരിയാന്‍ അശക്തരാണ്. ചിലപ്പോള്‍ പ്രാണം തന്നെ വെടിയുന്നതാണ് എന്നു അപേക്ഷിക്കുന്നു. 
        അമ്മയെ പിടിച്ചാല്‍ ശരണാഗതി ഫലിക്കും എന്നറിയാം. അമ്മ കാരുണ്യവതിയാണ്. ഈ ജീവനു വേണ്ടി അമ്മ ഭഗവാനോട് ശുപാര്‍ശ ചെയ്യുന്നു. ലക്ഷ്മണന് അതറിയാം. അതു കൊണ്ടാണ് അമ്മയെ മുന്‍നിറുത്തി കൊണ്ടു തന്‍റെ കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഭഗവാന്‍ വേറെ വഴി ഇല്ലാതെ ശരി എന്നു സമ്മതിച്ചു. 
       വനവാസത്തിനു ഇറങ്ങുമ്പോള്‍ സുമിത്രാ ദേവി മകനോട് 'നീ വനവാസത്തിനായി ജനിച്ചവനാണ്' എന്നു പറയുന്നു.  രാമനും, സീതയ്ക്കും വനത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കണം എന്നു ആജ്ഞാപിക്കുന്നു. അമ്മയുടെ വാക്കുകള്‍ ഹൃദയത്തില്‍ ഏറ്റി. 14 വര്‍ഷം ഉറക്കം പോലും ഇല്ലാതെ ഭഗവാനു കൈങ്കര്യം ചെയ്തു. രാ‍മന്‍ നടക്കുന്ന വഴിയിലെ കല്ലും, മുള്ളും മാറ്റി ഇടും, പഴങ്ങള്‍ പറിച്ചു കൊണ്ടു വരും, സീതാ മാതാവിന് പുഷ്പങ്ങള്‍ പറിച്ചു കൊണ്ടു കൊടുക്കും. പോകുന്ന സ്ഥലത്തെല്ലാം അവര്‍ക്കു തങ്ങാന്‍ പര്‍ണ്ണശാല കെട്ടി കൊടുക്കും. രാത്രി ഭഗവാനും അമ്മയും ഉറങ്ങുമ്പോള്‍ പുറത്തു കണ്ണിമയ്ക്കാതെ കാവല്‍ നില്‍ക്കും. ലക്ഷ്മണനും രാജകുമാരന്‍ തന്നെയാണ്. പക്ഷേ എല്ലാം മറന്നു പോയി. താന്‍ ഭഗവാന്‍റെ ഭ്രുത്യനാണ് എന്നു മാത്രം സദാ ചിന്തിച്ചു. അയാളുടെ ഭാഗ്യം ഓര്‍ത്തു ഭരതന്‍ പോലും കൊതിക്കുകയാണ്. 
       താന്‍ ലക്ഷ്മണനെ പോലെ വൈത്തമാനിധി പെരുമാളിന് യാതൊരു കൈങ്കര്യവും ചെയ്തിട്ടില്ലല്ലോ എന്നു ദുഃഖിക്കുകയാണ് പെണ്‍പിള്ളൈ. തനിക്കു എന്തു അര്‍ഹതയാണ് ഇവിടെ താമസിക്കാന്‍ എന്നു രാമാനുജരോടു ചോദിച്ചു. ലക്ഷ്മണന്റെ സമര്‍പ്പണ ഭാവം അവള്‍ മനസ്സിലാക്കിയിരിക്കുന്നത് കണ്ടു രാമാനുജരും ശിഷ്യരും ആനന്ദിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
രാധേകൃഷ്ണാ!

Thursday, January 13, 2011

പ്രേമവേദം - ജനുവരി 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം 
ഏതേ ഭൂതഗണാസ്തഥേന്ദ്രിയഗണാ
ദേവാശ്ച ജാതാഃ പൃഥങ് -
നോ ശേകുര്‍ഭുവനാണ്ഡ നിര്‍മ്മിതി- 
വിധൌ ദേവൈരമീഭിരിസ്തദാ
ത്വം നാനാവിധസൂക്തിഭിര്‍നനുത്ത-
ഗുണസ്തത്വാന്യമുന്യാവിശം-
ശ്ചേഷ്ടാശക്തിമുദീര്യ താനി ഘടയന്‍ 
ഹിരണ്യമണ്ഡം വ്യധാഃ 
                    (ദശഃ 5 ശ്ളോഃ 9)   
        ഈ ഭൂത സമൂഹങ്ങളും ഇന്ദ്രിയ ഗണങ്ങളും അവയുടെയെല്ലാം അധീശന്മാരായ ദേവന്മാരും വെവ്വേറെതന്നെ ജാതരായെങ്കിലും ബ്രഹ്മാണ്ഡ നിര്‍മ്മിതിയാകുന്ന മഹാകൃത്യത്തിനു അവരാരും തന്നെ ശക്തരായില്ല. ഇന്ദ്രാദി ദേവന്മാരാല്‍ നാനാവിധ സൂക്തങ്ങളെക്കൊണ്ടു പ്രകീര്‍ത്തിക്കപ്പെട്ട അങ്ങ് ഈ തത്വങ്ങളിലേക്ക് സ്വയം പ്രവേശിച്ചു പ്രവര്‍ത്തന ശക്തിയെ ഉദ്ദീപിപ്പിക്കുകായും സര്‍വഭൂതങ്ങളെയും ഇന്ദ്രിയങ്ങളെയും സംഘടിപ്പിച്ചു സ്വര്‍ണ്ണമയമായ ഒരണ്ഡത്തെ സൃഷ്ടിക്കുകയും ചെയ്തു. 
                                                 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 
ആനന്ദരഹസ്യം
       രാധേകൃഷ്ണാ! പരദൂഷണം! ഒരു വല്ലാത്ത ദുഷിച്ച പ്രവണതയാണ് അതു. മറ്റുള്ളവരുടെ കുറ്റം പറയുന്നത് കൊണ്ടു നമുക്ക് എന്തു നേട്ടം. മാത്രമല്ല അതു നമ്മുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കും. നാം മറ്റുള്ളവരെ പറ്റി പറയുന്ന ദുര്‍ഗുണങ്ങള്‍ നമ്മില്‍ ആവേശിക്കുകയും ചെയ്യും. അതു കൊണ്ടു അടുത്തവരെ പറ്റി പറയുന്നത് നിറുത്തുക. അത്രയും നേരം നാം നാമത്തില്‍ നിന്നും അകലുകയാണ്. വിടാതെ നാമം ജപിക്കു! ആനന്ദം അനുഭവിക്കു! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ നാം തയിര്‍ക്കാരി തന്‍റെ ബാക്കി പണത്തിനായി മഠത്തിലെ ആളുകളോട് വാദിക്കുന്നതും സ്വാമി രാമാനുജരെ കാണാതെ താന്‍ മടങ്ങുകയില്ല എന്നു ശഠിക്കുന്നതും കണ്ടു. ഗത്യന്തരമില്ലാതെ ശിഷ്യര്‍ സ്വാമി രാമാനുജരെ വിവരം അറിയിച്ചു. അദ്ദേഹം ആ സ്ത്രീയെ കണ്ടു സംസാരിക്കാം എന്നു സമ്മതിച്ചു. 
        ശിഷ്യര്‍ ആ സ്ത്രീയെ രാമാനുജരുടെ അടുത്തേയ്ക്ക് ആനയിച്ചു.  അജാനുബാഹുവായ ശരീരം, തിളങ്ങുന്ന കണ്ണുകള്‍, കത്തി ജ്വലിക്കുന്ന ശരീര കാന്തി, മുന്‍കുടുമ ഒക്കെ ദൂരെ നിന്നും കണ്ട ആ സ്ത്രീ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി നിന്നു. രാമാനുജര്‍  കൈ കൂപ്പിക്കൊണ്ടു അവളോടു ക്ഷമ യാചിച്ചു."അമ്മാ, ക്ഷമിക്കുക! ഇവിടെ ധനത്തിന് കുറച്ചു ക്ഷാമം അനുഭവപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ തരാനുള്ള ബാക്കി ഒരുപാട് ആയി. വീണ്ടും വീണ്ടും ഞങ്ങള്‍ കടപ്പെടണ്ടാ. നീയും വളരെ ധനികയോന്നും അല്ല. ഇതു നിന്‍റെ ഉപജീവന മാര്‍ഗ്ഗവുമാണ്. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാഞ്ഞിട്ടാണ്. കുറച്ചു കാലം കൊണ്ടു എങ്ങനെയെങ്കിലും ഞങ്ങള്‍ കടം തീര്‍ത്തു തരാം. ഒരു കാര്യം ചെയ്യു! ഇനി ഇവിടുത്തെയ്ക്ക്  നീ തയിരു നല്‍കണ്ടാ" എന്നു പറഞ്ഞു. 
         തയിര്‍ക്കാരി പരിഭ്രമിച്ചു കരയുവാന്‍ ആരംഭിച്ചു. "അങ്ങ് എന്താണു പറയുന്നത്? ഇവിടെ തയിരു നല്‍കുന്നത് എന്‍റെ ഒരു ഭാഗ്യം എന്നാണു ഞാന്‍ കരുതുന്നത്. അങ്ങ് അതു നിരസിക്കുന്നുവോ? എന്നു പറഞ്ഞു കരഞ്ഞു. ശിഷ്യരെല്ലാം ആകെ അന്ധാളിച്ചു പോയി.  അവരോടു തന്‍റെ കടം ബാക്കി വീട്ടണം എന്നു ശഠിച്ചു  ഇത്രയും നേരം വഴക്കിട്ട സ്ത്രീക്കു ഇങ്ങനെ ഒരു മാറ്റമോ? വാസ്തവത്തില്‍ അവര്‍ സ്വാമി രാമാനുജരെ കാണാനായിട്ട് ഈ തന്ത്രം പ്രയോഗിച്ചോ? അവര്‍ ആകെ കുഴപ്പത്തിലായി. 
      രാമാനുജര്‍ അവളോടു ചിരിച്ചു കൊണ്ടു "നീ ഇവരോട് പണം ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍ ഞങ്ങള്‍ക്ക് അതിനുള്ള നിര്‍വാഹമില്ല. നിര്‍ധനയായ നിന്നെ ഇനിയും ബുദ്ധിമുട്ടിക്കുന്നത്‌ ശരിയുമല്ല. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ നീ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ എന്തു ചെയ്യും?" എന്നു ചോദിച്ചു. 
        അതിനു ആ തയിര്‍ക്കാരി "സ്വാമി! സാരമില്ല. ഏതായാലും കടമായി. അതു കാരണം തയിരു വാങ്ങിക്കുന്നത് നിന്നു പോകരുത്. പക്ഷെ എനിക്കു വേറെ വിധത്തില്‍ കടം വീട്ടി തന്നാല്‍ വേണ്ടില്ലായിരുന്നു" എന്നു പറഞ്ഞു. 
രാമാനുജര്‍  ഉടനെ "ശരി എങ്ങനെ വേണമെന്ന് നീ പറയു! മഠത്തില്‍ ധനം ഇല്ല. ഞാനോ ഒരു സന്യാസി. വേറെ ഏതു രീതിയിലാണ് നിന്‍റെ കടം വീട്ടേണ്ടതു?" എന്നു ചോദിച്ചു. 
അവള്‍ ഉടനെ "അങ്ങ് എനിക്കു ധനം ഒന്നും തരണ്ടാ. അതിനു പകരമായി. എനിക്കു വൈകുണ്ഠത്തില്‍ ഒരു ഇടം നല്‍കിയാല്‍ മതി" എന്നുപറഞ്ഞു.
     യതിരാജരുടെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിടര്‍ന്നു പോയി. തയിരിന്റെ ബാക്കിക്ക് പകരമായി വൈകുണ്ഠമോ? അദ്ദേഹത്തിന്‍റെ അരികില്‍ വരുന്നവര്‍ ഓരോരുത്തര്‍ക്കും ഓരോ ആവശ്യമാണ്‌. ആരും ഇതു വരെ മോക്ഷം ആവശ്യപ്പെട്ടിട്ടില്ല. ഇതു ആദ്യമായാണ്‌ ഒരു സ്ത്രീ ഇങ്ങനെ ചോദിക്കുന്നത്.  രാമാനുജര്‍ ചിരിച്ചു. 
"മോക്ഷം എന്താ അത്ര സാധാരനപ്പെട്ട വസ്തുവാണോ? കര്‍മ്മ യോഗം, ജ്ഞാന യോഗം, ഭക്തിയോഗം, ചെയ്യുന്നവര്‍ക്ക് പോലും കിട്ടുമോ ഇല്ലിയോ എന്നു ഒന്നും തിരിയുന്നില്ല. നീ എന്തു വിചാരിച്ചാണ് അതു എന്‍റെ അടുത്തു ചോദിക്കുന്നത്? 
 സ്ത്രീ:-  "തീര്‍ച്ചയായും അങ്ങ് വിചാരിച്ചാല്‍ എനിക്കു മോക്ഷം നല്‍കാന്‍ സാധിക്കും."
രാമാ:-. "കുഞ്ഞേ വൈകുണ്ഠത്തിന്റെ നിയന്ത്രണം എന്‍റെ കൈയിലല്ല. അതു സര്‍വേശ്വരനായ ഭഗവാന്‍റെ കൈയിലാണ്. അദ്ദേഹമാണ് മോക്ഷത്തിന്റെ കാര്യങ്ങള്‍ ഒക്കെ നിശ്ചയിക്കുന്നത്. അദ്ദേഹത്തിന്‍റെ കാരുണ്യം കൊണ്ടു മാത്രമാണ് അതൊക്കെ സിദ്ധിക്കുന്നത്. ഞാന്‍ വേണമെങ്കില്‍ നാളെ നിനക്കു വേണ്ടി ഭഗവാനോട്  പ്രാര്‍ത്ഥിക്കാം."
സ്ത്രീ:- "സ്വാമി! അങ്ങ് പറഞ്ഞത് വാസ്തവം. നാളെ അങ്ങ് ഉണ്ടാവും, ഭഗവാനും ഉണ്ടാവും, പക്ഷേ അതു വരെ ഞാന്‍ ഉണ്ടാവുമോ എന്നറിയില്ലല്ലോ!" 
രാമാ:- "കുഞ്ഞേ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ കഷ്ടമാണ്. ഞാന്‍ എന്തു ചെയ്യും?"
സ്ത്രീ:- "അങ്ങ് തെറ്റി ധരിക്കരുത്. അങ്ങ് ഭഗവാനു ഒരു കത്ത് എഴുതി എന്‍റെ കൈയില്‍ തന്നാല്‍ മാത്രം മതി. രംഗരാജനോട്‌ ഞാന്‍ സംസാരിച്ചു കൊള്ളാം."  
         യതിരാജര്‍ ഉടനെ ചിരിച്ചു പോയി. "മോളെ എന്‍റെ കത്ത് കൊണ്ടു പോയാല്‍ നിനക്കു വൈകുണ്ഠത്തില്‍ പ്രവേശനം ലഭിക്കും എന്നു വിശ്വസിക്കുന്നുവോ?" എന്നു ചോദിച്ചു. 
സ്ത്രീ അതിനു "പൂര്‍ണ്ണമായി ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് പറഞ്ഞാല്‍ ഭഗവാന്‍ എനിക്കു മോക്ഷം തരാതിരിക്കില്ല.  അങ്ങയുടെ കൈപ്പടയില്‍ അങ്ങ് ഒരു കത്ത് എഴുതി എന്‍റെ കൈയില്‍ തരണം" എന്നു വീണ്ടും പറഞ്ഞു.  സ്വാമി രാമാനുജര്‍ക്ക് വളരെ വളരെ ആശ്ചര്യം തോന്നി. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും അത്ഭുതപ്പെട്ടു നിന്നു. ചിലര്‍ക്ക് ഇത് വെറും പിള്ളേര്‍ കളിയാണെന്ന് തോന്നി. ചിലര്‍ക്ക് തോന്നി ആ സ്ത്രീ രാമാനുജരില്‍ നിന്നും നല്ല ശകാരം വാങ്ങിക്കും എന്നു. അവളുടെ ദൃഡ വിശ്വാസം കണ്ടിട്ടു സ്വാമി രാമാനുജരുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. 
         ഉടന്‍ തന്നെ അദ്ദേഹം ഒരു കടലാസ് എടുത്തു അതില്‍ "അഖില ജഗത് സ്വാമിയ്ക്ക്, അടിയന്‍ ദാസാനു ദാസന്‍ രാമാനുജര്‍ എഴുതുന്നത്‌.  മഠത്തില്‍ ധന ദൌര്‍ല്ലഭ്യം മൂലം തയിരു വാങ്ങിയ ഇനത്തില്‍ ബാക്കി ഈ സ്ത്രീക്ക് കൊടുക്കാന്‍ ഉണ്ട്‌. അതിനു പകരമായി ഈ സ്ത്രീ വൈകുണ്ഠത്തില്‍ ഒരിടം ആവശ്യപ്പെടുന്നു. അതു അങ്ങയുടെ സ്വത്താണ്. അങ്ങ് ദയവു ചെയ്തു ഈ കത്ത് വായിച്ചിട്ട് കരുണാ പൂര്‍വ്വം അവര്‍ക്കു അവിടെ ഒരിടം നല്‍കി എന്നെ ഈ കടത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ അപേക്ഷിക്കുന്നു" എന്നെഴുതി ഒപ്പിട്ടു ആ സ്ത്രീയുടെ കൈയില്‍ കൊടുത്തു. 
          ആ സ്ത്രീ കത്തും വാങ്ങി വളരെ സന്തോഷത്തോടെ മടങ്ങി. ഇതറിഞ്ഞ ജനങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു.  പലരും രാമാനുജര്‍ ഇങ്ങനെ ഒരു കത്ത് എഴുതിയത് ശരിയാണോ എന്നു വാദിച്ചു. ചിലര്‍ രാമാനുജര്‍ ആ സാധു സ്ത്രീയെ പറ്റിച്ചല്ലോ എന്നു പറഞ്ഞു.  രാമാനുജരുടെ ഒരു കത്തില്‍ ഇത്രയ്ക്ക് ആ സ്ത്രീക്ക് വിശ്വാസമോ എന്നു ചിലര്‍ ചോദിച്ചു. ഇതൊന്നും ആ സ്ത്രീ ശ്രദ്ധിച്ചതെയില്ല. രാമാനുജര്‍ തന്ന കത്ത് വാങ്ങി അരയില്‍ തിരുകു വെച്ചു അവര്‍ വളരെ ധൈര്യവതിയായി തെരുവിലൂടെ നടന്നു.  അവളുടെ ഗാംഭീര്യം കണ്ടു ആളുകള്‍ ആശ്ചര്യം കൊണ്ടു.  ചില സ്ത്രീകള്‍ അവളെ വിളിച്ചു നാളെ കുറച്ചു അധികം തയിരു കൊണ്ടു വരണം എന്നൊക്കെ പറഞ്ഞു. അതിനു അവള്‍ "അമ്മാ! ഞാന്‍ ഇന്നു കൊണ്ടു കച്ചവടം നിറുത്തി. നാളെ വരില്ല" എന്നു പറഞ്ഞു നടന്നു. ഉടനെ അവര്‍ പിന്നില്‍ നിന്നും "എന്താ നീ വേറെ നാട്ടിലെയ്ക്കോ മറ്റൊ പോവുകയാണോ?" എന്നു വിളിച്ചു ചോദിച്ചു. ഉടനെ അവള്‍ "അതേ അമ്മാ! ഞാന്‍ ദൂരെ ഒരു നാട്ടിലേയ്ക്ക് പോവുകയാണ്" എന്നു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. 
"ഏതു നാട്ടിലെയ്ക്കാണു  നീ പോകുന്നത്?" എന്നവര്‍ ചോദിച്ചു. 
ഉടനെ അവള്‍ "അമ്മാ! കേട്ടിട്ടില്ലേ വൈകുണ്ഠം!" എന്നവള്‍ പറഞ്ഞു നടന്നു. 
ഉടനെ അവര്‍ നവതിരുപ്പതിയിലെ ശ്രീവൈകുണ്ഠം ആണോ എന്നു ചോദിച്ചു. അതിനു അവള്‍ അതല്ലാ പരമപദമാകുന്ന വൈകുണ്ഠം എന്നു പറഞ്ഞു.    
"ആരു പറഞ്ഞു നീ പോകും എന്നു?" എന്നവര്‍ ചോദിച്ചു.
അവള്‍ രാമാനുജര്‍ തന്ന കത്ത് ആട്ടിക്കൊണ്ട് "സ്വാമി രാമാനുജര്‍ പറഞ്ഞു" എന്നു പറഞ്ഞു കൊണ്ടു മുന്നോട്ടു പോയി.  എല്ലാര്‍ക്കും അവള്‍ ഭ്രാന്തു പറയുകയാണെന്ന് തോന്നി. ലോകരുടെ കണ്ണുകളില്‍ ഭക്തര്‍ എപ്പോഴും ഭ്രാന്തന്മാരാണ്. സത്യത്തില്‍ എല്ലാര്‍ക്കും ഭ്രാന്തു തന്നെയാണ്. ചിലര്‍ക്ക് ഭഗവാനോട് ഭ്രാന്തു. ചിലര്‍ക്ക് ലൌകീക ഭ്രാന്തു. എന്തായാലും ആ സ്ത്രീ അതൊന്നും തന്നെ വക വെച്ചില്ല. അവര്‍ നേരേപോയത് രംഗ രാജന്‍റെ തിരു നടയിലെയ്ക്കാണു.  യാതൊരു കൂസലും ഇല്ലാതെ അവര്‍ കത്ത് കടന്നു, നടയുടെ മുന്നില്‍ നിന്നു കൊണ്ടു "ഹേ രംഗരാജാ!" എന്നു വിളിച്ചു. ഭഗവാന്‍ തന്‍റെ സര്‍പ്പ ശയനത്തില്‍ നിന്നും നോക്കി. ഇത്രയും ദൃഡതയോടെ അദ്ദേഹത്തെ ആരും വിളിക്കാറില്ല. അദ്ദേഹം അറിയാതെ 'എന്തോ' എന്നു മധുരമായി വിളി കേട്ടു. "മറ്റന്നാള്‍ ഞാന്‍ വൈകുണ്ഠം പ്രാപിക്കണം എന്നു വിചാരിക്കുന്നു. പുഷ്പക വിമാനം തയ്യാറാക്കി വെയ്ക്കു എന്നവള്‍ പറഞ്ഞു."
ഭഗവാന്‍ ആശ്ചര്യത്തോടെ "മോക്ഷം ആവശ്യപ്പെടുന്നതിന് നീ എന്തു ചെയ്തു? കര്‍മ്മ യോഗമോ? ജ്ഞാനയോഗമോ? ഭക്തിയോഗമോ?" എന്നു ചോദിച്ചു.  അതിനു അവള്‍ "അതിനെ ഒക്കെ കാട്ടിലും വളരെ ഉയര്‍ന്ന ഒരു കാര്യം ചെയ്തു വെച്ചിട്ടുണ്ട്" എന്നു പറഞ്ഞു.  ഉടനെ ഭഗവാന്‍ അതെന്താണെന്ന് ചോദിച്ചു.
"സ്വാമി രാമാനുജരുടെ കൈയില്‍ നിന്നും ഒരു കത്ത് വാങ്ങി വെച്ചിട്ടുണ്ട്" എന്നവള്‍ മറുപടി പറഞ്ഞു കൊണ്ടു കത്തെടുത്ത് ആട്ടി. ഭഗവാന്‍ കത്ത് വാങ്ങി വായിച്ചു. അതില്‍ അടിയന്‍ രാമാനുജന്‍ എന്നെഴുതിയിരുന്നത് അവള്‍ കാണിച്ചു കൊടുത്തു. എന്നിട്ട് താന്‍ നാളെ എല്ലാവരോടും യാത്ര പറയുകയാണെന്നും മറ്റന്നാള്‍ തന്നെ വിളിക്കാന്‍ വിമാനം അയയ്ക്കണം എന്നും ഭഗവാനോട് ശട്ടം കെട്ടി. നിര്‍ഭയം അവള്‍ തിരികെ നടന്നു. ഭഗവാന്‍ സര്‍വ ശക്തനാനെന്നോ, മറ്റൊ ഉള്ള യാതൊരു വിചാരവും അവള്‍ക്കുണ്ടായില്ല.  രാമാനുജര്‍ കത്ത് തന്നു. അപ്പോള്‍ ഭഗവാന്‍ അവള്‍ക്കു മോക്ഷം നല്‍കും എന്ന ഒരു ഉറച്ച വിശ്വാസം മാത്രം അവള്‍ക്കുണ്ടായിരുന്നു. 
      അടുത്ത ദിവസം നാട് മുഴുവനും ഈ വാര്‍ത്ത പാട്ടായി. എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. പാവം തയിര്‍ക്കാരിയെ രാമാനുജര്‍ പറ്റിച്ചു എന്നു വരെ പറഞ്ഞു. അടുത്ത ദിവസം  അവള്‍ പറഞ്ഞ സമയത്ത് തന്നെ വൈകുണ്ഠത്തില്‍ നിന്നും പുഷ്പക വിമാനം ഇറങ്ങി വന്നു, ആ സ്ത്രീയെ കയറ്റി കൊണ്ടു ഉയര്‍ന്നു. നാട്ടില്‍ തയിരു കച്ചവടം ചെയ്തിരുന്ന ഒരു പാവം സ്ത്രീ വെറും ഒരു കത്ത് വാങ്ങി മോക്ഷം പ്രാപിച്ചു എന്നാല്‍ സദ്ഗുരുനാഥന്റെ പ്രഭാവം എത്രയാണെന്ന് ഊഹിക്കാം.
  അവര്‍ക്കു യോഗ മാര്‍ഗ്ഗങ്ങള്‍ ഒന്നും അറിയില്ല. എന്നും ക്ഷേത്രത്തില്‍ പോയി ഭഗവാനെ തൊഴുതിട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍
തെറ്റാതെ ചെയ്തിരുന്നു എന്നല്ലാതെ മറ്റു യാതൊരു മഹത്വവും അവര്‍ക്കില്ലായിരുന്നു. പക്ഷേ സദ്ഗുരുനാഥന്റെ വാക്കുകളില്‍ അവര്‍ക്കു അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. അതാണ്‌ അവരുടെ വിജയം! സദ്ഗുരുനാഥന്റെ കൃപ വൈകുണ്ഠം പോലും പ്രാപ്യമാക്കും. നാം തപസ്സു ചെയ്യണ്ടാ, ജപം ചെയ്യണ്ടാ, ദാനം ചെയ്യണ്ടാ, മറ്റൊന്നും തന്നെ വേണ്ടാ.   സദ്ഗുരുനാഥനില്‍ ദൃഡമായ വിശ്വാസം മാത്രം ഉണ്ടായാല്‍ മതി. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! ഭഗവാന്‍ ഭക്തിക്കു മയങ്ങുന്നു. ഭക്തിയോടെ നാം എന്തു കൊടുത്താലും അതു ആര്‍ത്തിയോടെ സ്വീകരിക്കുന്നു. കഴിഞ്ഞ ലക്കത്തില്‍ വിദുര പത്നി അര്‍പ്പിച്ച പഴത്തൊലി ഭഗവാന്‍ എത്ര ആഗ്രഹത്തോടെ കഴിച്ചു എന്നു നാം കണ്ടു. അതേ പോലെ ഭഗവാന്‍ ഒരു പിശാചു നല്‍കിയ ശവശരീരവും വളരെ ഇഷ്ടത്തോടെ സ്വീകരിച്ചു എന്നു നാം ഇനി കാണാം. ഘണ്ടാകര്‍ണ്ണന്‍ എന്നൊരു പിശാചു ഉണ്ടായിരുന്നു. ഉത്തമനായ ഒരു ശിവ ഭക്തനായിരുന്നു അതു. അതേ സമയം തീവ്രമായ വിഷ്ണു ദ്വേഷി കൂടെയായിരുന്നു. ഭക്തിയില്‍ ദ്വേഷം ഒട്ടും പാടില്ല. ആരെങ്കിലും നാരായണാ ഗോവിന്ദാ, വിഷ്ണു എന്നു വിളിച്ചേക്കുമോ എന്നു ഭയന്ന് അയാള്‍ ചെവിയില്‍ രണ്ടു മണി തൂക്കിയിട്ടു നടക്കും. ആരെങ്കിലും കൃഷ്ണാ, നാരായണാ എന്നു വിളിച്ചാല്‍ ഉടനെ തല ആട്ടും, മണിയടിക്കുന്ന ശബ്ദത്തില്‍ അവര്‍ പറയുന്ന നാമം ഇയാളുടെ ചെവിയില്‍ വീഴില്ല.  അതു കൊണ്ടു ഘണ്ടാകര്‍ണ്ണന്‍ എന്ന നാമം സിദ്ധിച്ചു. ഇങ്ങനെ ഒരു പാടു കാലം അയാള്‍ ജീവിച്ചിരുന്നു. 
       ഒരിക്കല്‍ ഘണ്ടാകര്‍ണ്ണന്‍ കൈലാസത്തില്‍ ചെന്നു. തന്‍റെ സ്വാമിയായ പരമശിവനെ കണ്ടു തൊഴുതു നിന്നു. അയാള്‍ക്ക്‌ ആ പിശാച ജീവിതം മടുത്തു കഴിഞ്ഞിരുന്നു.  ഭഗവാനോട് അയാള്‍ മോക്ഷം ആവശ്യപ്പെട്ടു. ശിവപെരുമാന്‍ അയാള്‍ക്ക്‌ മോക്ഷം നല്‍കാന്‍ തനിക്കു കഴിയില്ലെന്നും, മോക്ഷത്തിനു അധികാരി ഭഗവാനാണെന്നും അറിയിച്ചു. ഉടനെ ഘണ്ടാകര്‍ണ്ണന്‍ ഭഗവാനെ എവിടെ കാണാം എന്നന്വേഷിച്ചു. അതിനു പരമശിവന്‍ ഭഗവാന്‍ ഇപ്പോള്‍ കൃഷ്ണനായി അവതാരം എടുത്തിരിക്കുകയാണെന്നും, തന്‍റെ പ്രാര്‍ത്ഥനായ്ക്കനുസരിച്ചു, ഒരു ദിവസം ഇവിടെ വരാം എന്നു സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞു. ഭഗവാന്‍ ഇവിടെ എത്തുമ്പോള്‍ അയാള്‍ക്ക്‌ ഭഗവാനോട് മോക്ഷം ആവശ്യപ്പെടാം എന്നു പറഞ്ഞു കൊടുത്തു. 
      അന്ന് മുതല്‍  ആ പിശാചു, ചെവിയിലെ മണികള്‍ രണ്ടും എടുത്തു കളഞ്ഞിട്ടു, കൃഷ്ണാ കൃഷ്ണാ എന്നുരുവിട്ടു കൊണ്ടേ ഇരുന്നു. കൃഷ്ണാ എന്നു പറഞ്ഞാല്‍ നമ്മുടെ ദുഃഖത്തെ നാശം ചെയ്യുന്നവന്‍ എന്നര്‍ത്ഥം വരും. കൃഷ്ണാ എന്നാല്‍ സച്ചിദാനന്ദ സ്വരൂപന്‍ എന്നര്‍ത്ഥം, കൃഷ്ണാ എന്നാല്‍ ഭൂമിക്കു ആനന്ദം നല്‍കുന്നവന്‍ എന്നര്‍ത്ഥം, കൃഷ്ണാ എന്നാല്‍ കറുത്തവന്‍ എന്നും അര്‍ത്ഥം. പരമശിവന്‍ തനിക്കു ഉപദേശിച്ച കൃഷ്ണ സ്വരൂപത്തെ ധ്യാനിച്ച്‌ നാമവും ജപിച്ചു കൊണ്ടു അന്നുമുതല്‍ ഭഗവാന് വേണ്ടി കാത്തിരിപ്പ്‌ തുടങ്ങി.  ഹൃദയം ഭഗവാനെ ചുറ്റിപ്പറ്റിയിരുന്നു. ഭഗവാനെ എന്നു കാണും എന്നു കാണും എന്നു മനസ്സ് കേഴാന്‍ തുടങ്ങി. അതു പോലെ ഹൃദയം കേഴണം. ഭഗവത് ദര്‍ശനത്തിനായി മനസ്സ് തുടിക്കണം. നമ്മള്‍ എത്രയോ ജന്മം പിന്നെ പിന്നെ എന്നു പറഞ്ഞു പാഴാക്കി കളഞ്ഞു. ഇനിയെങ്കിലും ഒരു ത്വര വരണം. ഭഗവാനെ കണ്ടെ അടങ്ങൂ എന്നൊരു വാശി വേണം. ഭക്തിയില്‍ അങ്ങനെ ഒരു വാശി വന്നാല്‍ നാം ജയിച്ചു. ഘണ്ടാകര്‍ണ്ണന്‍ അങ്ങനെ വാശിയോടെ കാത്തിരുന്നു. ഒരു ദിവസം ഭഗവാന്‍ അയാളുടെ മുന്നില്‍ വന്നു. 
       മന മോഹന രൂപം!  ആ സൌന്ദര്യം കണ്ടു അയാള്‍ ഭ്രമിച്ചു പോയി. ആരാണ് ആ രൂപത്തില്‍ ഭ്രമിക്കാത്തത്? കംസനും, കുവലയാപീഠം എന്ന ആനയും, ശിശുപാലനും ആ രൂപം കണ്ടു ഭ്രമിച്ചിരുന്നു. ദൂരെ നിന്നും തന്നെ ഘണ്ടാകര്‍ണ്ണന്‍ ഭഗവാന്‍റെ മോഹന രൂപം കണ്ടു.  പീതാംബരം കാറ്റില്‍ ഉലഞ്ഞു, മകര കുണ്ഡലങ്ങള്‍ ഇളകി, കഴുത്തിലുള്ള വനമാല ആടി കളിച്ചു, തലയിലുള്ള മയില്‍ പീലിയും ആടി കൊണ്ടു ഭഗവാന്‍ നടന്നു വന്നു.   ഘണ്ടാകര്‍ണ്ണന്റെ ഹൃദയത്തില്‍ സന്തോഷം തോന്നി. 
      ഭഗവാനു എന്തെങ്കിലും അര്‍പ്പിക്കണം എന്നു അയാള്‍ക്ക്‌ തോന്നി. ചുറ്റിലും അയാള്‍ നോക്കി. കുറച്ചകലെ ഒരു ഋഷി ഇരുന്നു തപസ്സു ചെയ്യുന്നത് കണ്ടു. ഉടനെ തന്‍റെ കൈയിലുള്ള ശൂലത്താല്‍ ആ ഋഷിയെ കുത്തി കൊന്നു. എന്നിട്ട് ആ ശവം എടുത്തു കൊണ്ടു ഭഗവാന്‍റെ മുന്നില്‍ ഇട്ടു.  പിശാചുക്കളുടെ ഇഷ്ട വിഭവം ശവമാണ്‌. തനിക്കു പ്രിയമുള്ള ഭക്ഷണം ഭഗവാനു നല്‍കണം എന്നു വിചാരിച്ചു.  ആരു എന്തു ഭക്ഷണം കഴിക്കുന്നുവോ അതു ഭഗവാനു നിവേദിക്കണം എന്നാണു പ്രമാണം! അയാള്‍ ഭഗവാനോട് "എനിക്കു ഇഷ്ടമുള്ള ഭക്ഷണം ഇതാ അങ്ങയ്ക്ക് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കുന്നു. അതു സ്വീകരിച്ചാലും" എന്നു പറഞ്ഞു. ഭഗവാനു അയാളുടെ നിഷ്കളങ്കതയില്‍ വളരെ സന്തോഷം തോന്നി. അയാള്‍ക്ക്‌ എന്തു വേണം എന്നു ചോദിച്ചു. ആ പിശാചു തനിക്കു മോക്ഷമാണ് വേണ്ടതെന്നു പറഞ്ഞു. ഭഗവാന്‍ ഉടനെ അയാള്‍ക്ക്‌ മോക്ഷം നല്‍കി. 
       ഈ സമയം ആ പിശാചിന്റെ ബന്ധുവും അവിടെ എത്തി. ഭഗവാന്‍ അയാള്‍ക്കും മോക്ഷം നല്‍കി. ഒരു ഭക്തനുമായിട്ടുള്ള സംഗം ആ പിശാചിനും മോക്ഷം നല്‍കി. പിശാചു കുത്തി കൊന്ന ഋഷിയുടെ കാര്യം പ്രത്യേകം പറയണ്ട കാര്യം ഇല്ലല്ലോ. ആ ഋഷിക്കും മോക്ഷം ലഭിച്ചു. ഒരു ശവം കൊടുത്തു ഭഗവാനെ പ്രീതി പെടുത്താന്‍ സാധിച്ചു.  നമുക്ക് ലഭിക്കുന്ന എന്തും ഭഗവാനു പ്രീതിയോടെ അര്‍പ്പിച്ചു സ്വീകരിച്ചാല്‍ അതു നമ്മേ ശുദ്ധീകരിക്കും. ഭഗവാനു നല്‍കാനുള്ള മനോഭാവം ഉണ്ടാവണം! നാം നല്‍കുന്നത് സ്വീകരിക്കാന്‍ ഭഗവാന്‍ കാത്തിരിക്കുകയാണ്. ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കാര്യമാണ്. നാം അതു ചെയ്യണ്ടെ? രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം - വാക്യം 44 
           രാധേകൃഷ്ണാ! ജീവിതത്തില്‍ സത്സംഗം ലഭിക്കുന്നത് വളരെ വിശേഷപ്പെട്ടതാണു. നാം ഉണരുമ്പോള്‍ നമ്മുടെ ചിന്തകള്‍ അലഞ്ഞു തിരിയും.  കാട്ടാറ് പോലെ ഒഴുകി എത്തുന്ന ചിന്തകള്‍ക്ക് ഒരു തടസ്സം ഉണ്ടാക്കിയാല്‍ നാം വിജയിച്ചു.  ചിന്തകളെ തടുത്തു നിറുത്താന്‍ സത്സംഗം വളരെ ഉത്തമമാണ്. സത്സംഗം എവിടെയും വെച്ചു ആകാം. തിരുക്കോളൂരിലേ ഒരു വീഥിയില്‍ പെണ്‍പിള്ളൈക്കു സ്വാമി രാമാനുജരോടു സംഗം ഉണ്ടായി. അവള്‍ പറയുന്ന സത് വിഷയങ്ങളെ രാമാനുജരും ശിഷ്യരും വളരെ താല്പര്യതോടെ കേട്ടു കൊണ്ടിരിക്കുന്നു. ഭാഗവതത്തിലെ ഒരു മാലാകാരന്റെ കാര്യം അവള്‍ ഇപ്പോള്‍ പറഞ്ഞു. 
   "പൂവൈ കൊടുത്തേനോ മാലാകാരനൈപ്പോലെ!"
ഭഗവാനു ഉത്തമമായ വസ്തുക്കളെ നല്‍കാനുള്ള മനസ്സ് വേണം. കൂനിക്കു ആ ഒരു ഭാവം ഉണ്ടായിരുന്നു. ആദ്യമായിട്ട് കണ്ടപ്പോള്‍ തന്നെ ഭഗവാനു ഏറ്റവും ഉത്തമമായ ചന്ദനം തന്നെ നല്‍കി. കൂനിയെ അനുഗ്രഹിച്ച ശേഷം ഭഗവാന്‍ കണ്ടു മുട്ടുന്നത് മഥുരയിലെ മാലാകാരനെയാണ്. പൂക്കളെ കൊണ്ടു മാല ഉണ്ടാക്കി ഉപജീവനം നടത്തി വന്നിരുന്നു അയാള്‍. സുദാമാ എന്നാണു അയാളുടെ പേര്. പാലും വെണ്ണയും വില്‍ക്കാന്‍ വരുന്ന ഗോപ സ്ത്രീകളുടെ പക്കല്‍ നിന്നും ആയാലും കേട്ടിരുന്നു കൃഷ്ണ കഥകള്‍.
അതൊക്കെ കേട്ടു കേട്ടു അയാള്‍ അറിയാതെ കൃഷ്ണനില്‍ ആകൃഷ്ടനായി.  ഒരിക്കല്‍ കൃഷ്ണനെ കാണണം. വിവിധ ഹാരങ്ങള്‍ കൊണ്ടു അലങ്കരിച്ചു നോക്കണം, എന്നൊക്കെ മനസ്സില്‍ ചിന്തിച്ചിരുന്നു. ഓരോ ഹാരം ഉണ്ടാക്കുമ്പോഴും ഇതു പോലെ കൃഷ്ണനു ഉണ്ടാക്കി ചാര്‍ത്തി നോക്കണം എന്നു വിചാരിക്കുമായിരുന്നു. ഗോപികള്‍ കൃഷ്ണന്‍റെ വൃന്ദാവന ലീലകള്‍ എല്ലാം പറയും. കാട്ടിലെ സകല വിധമായ പൂക്കളും പറിച്ചു ഗോപ കുട്ടികള്‍ ഭഗവാനെ അലങ്കരിക്കും. അതൊക്കെ കേക്കുമ്പോള്‍ തന്‍റെ കൈയിലുള്ള താമര, പിച്ചി, താമര ഇതൊക്കെ കൊണ്ടു അലങ്കരിച്ചാല്‍ എങ്ങനെയിരിക്കും എന്നു ആലോചിക്കും. അയാളുടെ ആ ഭക്തി ഭാവം ഭഗവാനെ അങ്ങോട്ട്‌ ആകര്‍ഷിച്ചു.    
        പെട്ടെന്ന് ഒരു ദിവസം അയാളുടെ വീട്ടിന്‍റെ മുറ്റത്ത്‌ ബലരാമനും കൃഷ്ണനും ചിരിച്ചു കൊണ്ടു നിന്നു. അയാള്‍ അതിശയിച്ചു പോയി. കണ്ടപ്പോള്‍ തന്നെ അതു ഭാഗവാനാണെന്നു മനസ്സിലായി. ആനന്ദത്തില്‍ മതി മറന്ന അയാള്‍ ഭഗവാനു സ്വാഗതം പറഞ്ഞു. എന്നിട്ട് വേഗം കുറച്ചു വെള്ളം എടുത്തു കൊണ്ടു വന്നു, എന്നിട്ട് പത്നീ സമേതനായി ഭഗവാന്‍റെ കാലു കഴുകിച്ചു. താന്‍ എന്തു ഭാഗ്യം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. രണ്ടു പേരും അകത്തു വന്നു. അവിടെ വിവിധ മാലകള്‍ കെട്ടി വെച്ചിരിക്കുകയാണ്. അതൊക്കെ നോക്കി കൊണ്ടു ഇരുവരും നിന്നു. ബലരാമന്‍ ഒരു മാല ചൂണ്ടി കാണിച്ചു കൊണ്ടു 'കൃഷ്ണാ! ഇതു നോക്കു!' എന്നു പറയും. ഉടനെ കൃഷ്ണന്‍ മറ്റൊന്നിനെ ചൂണ്ടി കാണിച്ചുകൊണ്ട് 'ഏട്ടാ! ഇതു കണ്ടോ?'  എന്നു പറയും. അവര്‍ ഇരുവരും ഇങ്ങനെ പരസ്പരം പറയുന്നത് ശ്രദ്ധിച്ച മാലാകാരന്‍.
         ബലരാമന്‍ ചൂണ്ടി കാണിച്ച മാല കൃഷ്ണനും, കൃഷ്ണന്‍ കാണിച്ച മാല ബലരാമനും അണിവിച്ചു. ആ മാലകള്‍ വിറ്റാണ് അയാളുടെ ഉപജീവനം നടത്തിയിരുന്നത്. പക്ഷേ അയാള്‍ അതൊന്നും നോക്കാതെ ഓരോരോ മാലകളായി എടുത്തു ഇരുവര്‍ക്കും ചാര്‍ത്തി. കൈയിലും കാലിലും, കൊണ്ടയിലും ഒക്കെ മാലകള്‍ എടുത്തു ചുറ്റി. ഉണ്ടായിരുന്ന മാലകള്‍ മുഴുവനും ഭഗവാനും ബലരാമനും അണിയിച്ചു. എന്നിട്ട് കുറച്ചു ഉതിര്‍ പുഷ്പങ്ങള്‍ എടുത്തു അവരെ അര്‍ച്ചിക്കുകയും ചെയ്തു. സര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണം എന്നു കൊടുത്തു. ഭഗവാന്‍റെ ഹൃദയം കുളിര്‍ത്തു. മാലാകാരനോടു എന്തു വേണം എന്നു ചോദിച്ചു. ഇതിലുപരി എനിക്കു എന്താണു വേണ്ടത് എന്നു അയാള്‍ ചോദിച്ചു. ഭഗവാന്‍ അയാള്‍ക്കും അയാളുടെ വംശത്തിനു മുഴുവനും സര്‍വ ഐശ്വര്യങ്ങളും മോക്ഷവും വാഗ്ദാനം ചെയ്തു. അയാള്‍ക്ക്‌  മാല കെട്ടാനല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഭക്തിയോടെ മാല അര്‍പ്പിച്ചു ഭഗവാനില്‍ നിന്നും മോക്ഷം വരെ വാങ്ങി. 
      എത്രയോ ഭക്തന്മാര്‍ക്ക് മാലാകാരന്‍ ഒരു പ്രചോദനമാണ്. പെരിയാഴ്വാര്‍, തൊണ്ടരടിപ്പൊടിയാള്‍വാര്‍ തുടങ്ങിയ എത്രയോ ഭക്തന്മ്മാര്‍ മാലാകാരനെയാണ് പിന്‍തുടര്‍ന്നത്. ആ മാലാകാരന്റെ കാര്യമാണ് പെണ്‍പിള്ളൈ ഇവിടെ പറഞ്ഞത്. താന്‍ അതു പോലെയൊന്നും ഇല്ലല്ലോ. താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു ചോദിച്ചു. ബലരാമനായി നിന്നു ആ മാലകള്‍ സ്വീകരിച്ച രാമാനുജര്‍ ഇതു കേട്ടു വളരെ സന്തോഷിച്ചു. എന്നിട്ട് അവള്‍ക്കു മാലാകാരന്റെ ഭാവം സിദ്ധിക്കട്ടെ എന്നനുഗ്രഹിച്ചു.  രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

Monday, December 13, 2010

പ്രേമവേദം ഡിസംബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
 ശബ്ദാദ്വ്യോമ തതസ്സസര്‍ജ്ജിഥ വിഭോ സ്പര്‍ശം 
തതോ മാരുതം 
തസ്മാത് രൂപമതോ മഹോഥ ച രസം തോയഞ്ച
ഗന്ധം മഹീം
ഏവം മാധവ പൂര്‍വ്വ പൂര്‍വ്വകാലനാദാദ്യാദ്യ 
ധര്‍മ്മാന്വിതം 
ഭൂതഗ്രാമമിമം ത്വമേവ ഭഗവാന്‍ പ്രാകാശായ
സ്താമസാത്!
                        (ദശഃ 5) (ശ്ലോഃ 8)
         ഹേ സര്‍വശക്ത! ശബ്ദത്തില്‍ നിന്നു ആകാശത്തെയും, അതില്‍ നിന്നും സ്പര്‍ശത്തെയും, അതില്‍ നിന്നു മാരുതനെയും, വീണ്ടും രൂപത്തെയും, പിന്നീട് തേജസ്സിനെയും, തേജസ്സില്‍ രസം ജലം എന്നിവയേയും, ഗന്ധം ഭൂമി എന്നിവയേയും അങ്ങ് സൃഷ്ടിച്ചു. ലക്ഷ്മീ കാന്തനായ ഭഗവാനെ ഇങ്ങനെ ആദ്യമാദ്യം വിവരിച്ചവയോടുള്ള സംബന്ധത്താല്‍ അവയുടെ ധര്‍മ്മങ്ങളോട് ചേര്‍ന്നിണങ്ങിയ ഈ ഭൂതസംഘത്തെ അങ്ങ് തന്നെ താമസംശത്തില്‍ നിന്നും സൃഷ്ടിച്ചു. 
                        (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)   

      പ്രേമസന്ദേശം 
        രാധേകൃഷ്ണാ! പ്രായമായവരെ ബഹുമാനിക്കു. അവര്‍ക്കു സ്നേഹം നല്‍കു. ഇപ്പോള്‍ മിക്ക സ്ഥലത്തും വൃദ്ധ സദനങ്ങള്‍ ഉയര്‍ന്നു വരുന്നു. ഇതു വളരെ തെറ്റായ പ്രവണതയാണ്. വാര്‍ദ്ധക്യത്തില്‍ മാതാ പിതാക്കളെ നോക്കുന്ന ചുമതല മക്കള്‍ക്കുണ്ട്. അവര്‍ അതു മറന്നു സ്വന്തം ജീവിതത്തെ ആസ്വദിക്കുന്നു. നിങ്ങള്‍ ജീവിതം ആസ്വദിക്കു. ഒപ്പം മാതാ പിതാക്കളെയും സംരക്ഷിക്കു. അവര്‍ക്കു സ്നേഹ പരിചരണ നല്‍കു. നിങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ നിങ്ങളെ അവര്‍ സംരക്ഷിച്ചില്ലേ? അതു മറക്കരുത്! നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി നിങ്ങള്‍ക്ക് ഫലം നല്‍കും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാത്സല്യം 
        സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ജീവനു ഒരിക്കലും സ്വയം ഉദ്ധരിക്കാന്‍ കഴിയില്ല.   രത്നാകരന്‍ എന്ന വേടന്‍ വാല്‍മീകി എന്ന മഹാ കവിയായത് നാരദന്‍ എന്ന സദ്ഗുരുവിന്റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ്. അഞ്ചു വയസ്സ് ബാലനായ ധ്രുവന്‍ ഗുരുവിന്‍റെ ഉപദേശം ഇല്ലാതെ ഭഗവാനെ സാക്ഷാത്ക്കരിക്കുകയില്ലായിരുന്നു.  വെറും ഏഴു ദിവസം കൊണ്ടു പരീക്ഷിത്തിനു മോക്ഷം ലഭിച്ചത് ശുക ബ്രഹ്മര്‍ഷി എന്ന സദ്‌ഗുരുനാഥന്റെ കൃപയാ കൊണ്ടാണ്. ഒരു അസുര ബാലനായ പ്രഹ്ലാദനു വേണ്ടി ഭഗവാന്‍ തൂണില്‍ ഒരു അവതാരം ചെയ്തത് നാരദ മഹര്‍ഷിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ്. സന്താനങ്ങള്‍ ഇല്ലാത്ത ചിത്രകേതു എന്ന രാജനു ഒരു സന്താനത്തെ അനുഗ്രഹിച്ചു കൊടുത്തു, അതിനെയും സപത്നിമാര്‍ ആസൂയയാല്‍ കൊന്നപ്പോള്‍ ഹൃദയം തകര്‍ന്നു നിന്നപ്പോള്‍ ഒരു സദ്ഗുരുവിന്റെ ഉപദേശമാണ് തുണയായി അയാളില്‍ വൈരാഗ്യം ജനിപ്പിച്ചത്.  ശാപം മൂലം വൃത്രാസുരനായി വന്നപ്പോഴും ഹൃദയത്തില്‍ വിടാതെ ഭഗവത് ധ്യാനം ഉണ്ടായത് സദ്ഗുരുവിന്റെ കഴിഞ്ഞ ജന്മത്തിലെ ഉപദേശം ഒന്ന് കൊണ്ടു മാത്രമാണ്. ജീവിതത്തില്‍ ഒരു സദ്ഗുരുവിനെ സമ്പാദിക്കുക എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം! എത്രയും വേഗം ഒരു ആചാര്യനെ ആശ്രയിക്കുന്നുവോ അത്രയും വേഗത്തില്‍ മോക്ഷം അടുത്ത് വരുന്നു. സദ്ഗുരുനാഥനെ കൂടാതെ ഭഗവാനെ പ്രാപിക്കുക അസാധ്യമാണ്.
"ജപം തപോ വ്രതം തീര്‍ത്ഥമ് യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥമ് ഭവേത് പ്രിയേ"
ഗുരുവിന്‍റെ തത്വം മനസ്സിലാക്കാതെ ജപം തപസ്സ്, വ്രതാനുഷ്ഠാനം
 തീര്‍ത്ഥസ്നാനം, യാഗ യജ്ഞങ്ങള്‍, ദാനം ചെയ്യുക, തുടങ്ങിയവയൊക്കെ യാതൊരു പ്രയോജനവും നല്‍കില്ല. വ്യര്‍ത്ഥമായി ഭവിക്കും. എന്നാല്‍ ഗുരുവിന്‍റെ മഹത്വം മനസ്സിലാക്കി ഒരു സദ്‌ ഗുരുവിന്‍റെ ആശ്രയിച്ചാല്‍ യാതൊരു ഉപാധിയും ഇല്ലാതെ തന്നെ ഭഗവാനെ പ്രാപിക്കാം. ഒരു കുട്ടി കുരങ്ങന് അങ്ങ് ഉയരത്തില്‍ ഉള്ള കൊമ്പിലേയ്ക്ക് പോകാന്‍ തന്‍റെ അമ്മയെ മുറുക്കി പിടിച്ചാല്‍ മാത്രം മതി. അമ്മ മുകളിലേയ്ക്ക് പോകുമ്പോള്‍ കുട്ടിയും താനേ സുലഭമായി പോയി ചേരും. അതു പോലെ സദ്‌ഗുരുനാഥനെ ആശ്രയിച്ചാല്‍ നമ്മേ അവര്‍ തന്നെ ഉയര്‍ത്തും. 
        എപ്പോഴും സദ്ഗുരുനാഥനെ നാം അന്വേഷിച്ചു പോകണ്ട ആവശ്യം ഇല്ലാ. അവര്‍ നമ്മേ തേടി നമ്മുടെ ഇരിപ്പിടം തേടി എത്തുന്നു. പലപ്പോഴും നമ്മുടെ അശ്രദ്ധ കാരണം നാം അതു കാണാന്‍ വിസമ്മതിക്കുന്നു. ഗുരുവില്‍ ദൃഡമായ വിശ്വാസം വെയ്ക്കണം. അതാണ്‌ ആദ്യം വേണ്ടത്. 
      നാം കടയില്‍ നിന്നും വളരെ വിലകൂടിയ വസ്ത്രം വാങ്ങുന്നു. ആ വസ്ത്രം ഒരു തയ്യല്‍ക്കാരന്റെ കയ്യില്‍ അങ്ങനെ കൊടുക്കുന്നു. അയാള്‍ അതിന്‍റെ മൂലയില്‍ നിന്നും ഒരു ചെറിയ കഷ്ണം വെട്ടി കടലാസ്സില്‍ ഒട്ടിച്ചു നമ്മുടെ കയ്യില്‍ തരുന്നു. വില കൂടിയ വസ്ത്രം അയാളുടെ കയ്യില്‍ എത്ര വിശ്വാസത്തോടെയാണ് നാം നല്‍കുന്നത്. നാം അയാളെ സംശയിക്കുന്നേയില്ല. അതു പോലെ സദ്ഗുരുനാഥനെ പൂര്‍ണ്ണമായി വിശ്വസിക്കണം. കാരണം സദ്ഗുരുനാഥന്‍  ഭഗവാന്‍റെ ദൂതന്‍ തന്നെയാണ്. ഭഗവാന്‍ നമ്മള്‍ക്ക് വേണ്ടി ഭൂമിയിലേയ്ക്ക് അയച്ച തന്‍റെ തന്നെ അംശം!
       സ്വാമി രാമാനുജര്‍ ഇതു പോലെ വളരെ മഹത്വം ഏറിയ ഒരു സദ്‌ഗുരുവാണു. കാരുണ്യം എന്ന വാക്കിനു ഒരു രൂപം കൊടുത്താല്‍ അതു രാമാനുജരാണ്‌. ഒരിക്കല്‍ അദ്ദേഹം ശ്രീരംഗത്തിലെ മഠത്തില്‍  വസിച്ചു വന്നിരുന്നു. ശ്രീരംഗനാഥനു കൈങ്കര്യങ്ങള്‍ ചെയ്തു വന്നിരുന്നു. ധാരാളം ശിഷ്യരും അദ്ദേഹത്തിന്‍റെ കൂടെ കൂടിയിരുന്നു. എല്ലാര്‍ക്കും ഭക്തി ജ്ഞാന വൈരാഗ്യം ഉപദേശിച്ചു വന്നിരുന്നു. 
         ഒരിക്കല്‍ അവിടെ കുറച്ചു ധനക്ഷാമം അനുഭവപ്പെട്ടു. പലര്‍ക്കും പണം കൊടുക്കാതെ കടപ്പെട്ടു നില്‍ക്കേണ്ട ഒരു അവസ്ഥ വന്നു. കൂട്ടത്തില്‍ അവിടെ നിത്യം തയിരു കൊണ്ടു കൊണ്ടു കൊടുക്കുന്ന ഒരു തയിര്‍ക്കാരിയും ഉണ്ടായിരുന്നു. അവര്‍ക്കും കിട്ടേണ്ട പണം കൂടി കൂടി വന്നു. ആ തയിര്‍ക്കാരി അവരോടു താന്‍ ഒരു ദാരിദ്രയാണെന്നും, തനിക്കു കിട്ടേണ്ട പണം കിട്ടിയാലേ ജീവിത വൃത്തി കഴിയു എന്നും പല പ്രാവശ്യം പറഞ്ഞു നോക്കി. മഠത്തിലെ ശിഷ്യര്‍ പിന്നെ തരാം പിന്നെ തരാം എന്നു ഒഴിവു കഴിവ് പറഞ്ഞു കൊണ്ടേയിരുന്നു. ഒരു ദിവസം അവര്‍ സഹി കേട്ടു ശിഷ്യരോടു തനിക്കു ഇന്നു രാമാനുജരെ കണ്ടു കാര്യം സംസാരിച്ചേ മതിയാവൂ എന്നു പറഞ്ഞു.  ശിഷ്യര്‍ക്ക് ആകെ ഭയമായി. അവര്‍ അവരോടു അചാര്യനോടു ഈ കാര്യം ഇപ്പോള്‍ പറയരുതെന്നും അദ്ദേഹത്തിനു അതു വിഷമമാകുമെന്നും പറഞ്ഞു നോക്കി. പക്ഷേ ആ സ്ത്രീ അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഗത്യന്തരമില്ലാതെ അവര്‍ സ്വാമി രാമാനുജരെ കണ്ടു ഈ സ്ത്രീയുടെ കാര്യം പറയാന്‍ തീരുമാനിച്ചു. അവര്‍ ചെല്ലുമ്പോള്‍ അദ്ദേഹം നാമ ജപം ചെയ്തു കൊണ്ടിരുന്നു. ശിഷ്യര്‍ കാര്യങ്ങള്‍ അദ്ദേഹത്തെ ഉണര്‍ത്തിച്ചു. സ്വാമി രാമാനുജര്‍ തയിര്‍ക്കാരിയെ കാണാം എന്നു സമ്മതിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

    ഭക്തിരഹസ്യം 
       ഭക്തിയില്‍ സ്വയം മറക്കണം. നമ്മുടെ ഭക്തി ഭഗവാനെയും മയക്കുന്നതാകണം. വിദുരരുടെ പത്നിക്കു അതു പോലെ ആഴമായ ഭക്തി ഉണ്ടായിരുന്നു. കഴിഞ്ഞ ലക്കത്തില്‍ നാം അവര്‍ ഭഗവാനു പഴത്തൊലി ഭക്തിയോടെ നല്‍കുന്നതും, ഭഗവാന്‍ അതു പ്രേമയോടെ സ്വീകരിച്ചു കഴിച്ചതും വായിച്ചു. യാദൃച്ചികമായി അവിടെ എത്തിയ വിദുരര്‍ ഇതുകണ്ട് ഞെട്ടി പോയി. അദ്ദേഹത്തിന്‍റെ ശരീരം വിറച്ചു പോയി. ഭഗവാന്‍റെ കോമളമായ ശരീരത്തിന് എന്തെങ്കിലും ഹാനി സംഭവിച്ചാലോ എന്നദ്ദേഹം ഭയന്ന് പോയി. 
        പെട്ടെന്ന് തന്‍റെ പത്നിയെ അദ്ദേഹം വിളിച്ചു "അമ്മാ! നീ എന്താ ഈ കാട്ടിയത്? നോക്കു ഭഗവാനു നീ എന്താ കൊടുക്കുന്നത് എന്നു?" അപ്പോഴാണ്‌ വിദുരന്റെ പത്നിക്കും ഭഗവാനും പ്രജ്ഞ ഉണ്ടായത്. വിദുരര്‍ ഭഗവാനോട് "പ്രഭോ അങ്ങ് എന്താണു ഇങ്ങനെ ചെയ്തത്? അങ്ങയ്ക്ക് വിശപ്പുണ്ടോ?" എന്നു ചോദിച്ചു. ഭഗവാനും അതേ എന്നു പറഞ്ഞു. ഉടനെ തന്നെ വിദുരര്‍ തന്‍റെ പത്നിയെ വിളിച്ചു പെട്ടെന്ന് എന്തെങ്കിലും ഭക്ഷണം കാലമാക്കണം എന്നുകല്പിച്ചു. അവര്‍ ഉടനെ തന്നെ അടുക്കളയി ചെന്നു ഊണ് തയ്യാറാക്കി. 
        തൂശനില ഇട്ടു അതില്‍ എല്ലാം വിളമ്പി ഭഗവാനെ വിളിച്ചു. ഭഗവാന്‍റെ അടുത്ത് ഇരുന്നുകൊണ്ട് വിദുരര്‍ ഭഗവാനെ വീശി തുടങ്ങി. ഭഗവാന്‍ ഉണ്ണാന്‍ ആരംഭിച്ചു. ആദ്യത്തെ കവളം വായില്‍ വെച്ചപ്പോള്‍ തന്നെ ഭഗവാന്‍റെ മുഖം ഒന്ന് വാടി. വീണ്ടും രണ്ടാമത്തെ പിടി ചോറ് വായില്‍ വെച്ചപ്പോള്‍ സ്വല്പം കൂടി മുഖം വാദി. വിടുരര്‍ക്ക് ഇതു കണ്ടിട്ട് സഹിച്ചില്ല. അദ്ദേഹം ഉടനെ തന്നെ ഭഗവാനെ കൈയില്‍ പിടിച്ചു. എന്നിട്ട് ഭഗവാനോട് "പ്രഭോ! എന്തു പറ്റി? അങ്ങയ്ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലേ? വേണ്ടെങ്കില്‍ അങ്ങ് കഴിക്കണ്ടാ. ഉപ്പോ പുളിയോ എരിവോ കൂടുതലായി പോയോ? എന്താണെങ്കിലും അങ്ങ് ദയവു ചെയ്തു പറയു!" എന്നു പറഞ്ഞു.  
ഭഗവാന്‍ അതിനു " ഭക്ഷണത്തില്‍ ഒരു കുറവും ഇല്ല. അവള്‍ സ്വയം മറന്നു ആദ്യം എനിക്കു നല്‍കിയ പഴത്തൊലിയുടെ  രുചി ഈ ഭക്ഷണത്തില്‍ ഇല്ല. അല്ലാതെ ഒരുപ്രശ്നവും ഇല്ല" എന്നു പറഞ്ഞു. വിദുരന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നാം നല്‍കുന്ന വസ്തുക്കള്‍ ആ കരുണാ സാഗരന്‍ എത്ര ആഗ്രഹത്തോടെ സ്വീകരിക്കുന്നു! 
       ഭഗവാന്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. നല്‍കാനാണ് ആളില്ലാത്തത്! നാമ്മുടെ നിവേദ്യമൊക്കെ വെറും ചടങ്ങുകളായി തീരുകയാണ്. എപ്പോഴെങ്കിലും നാം അര്‍പ്പിക്കുന്നത് ഭഗവാന്‍ കഴിക്കണം എന്ന പൂര്‍ണ്ണ ആഗ്രഹത്തോടു  കൂടി നാം അര്‍പ്പിക്കാറുണ്ടോ? ഭഗവാനു ഇതു ഇഷ്ടപ്പെടും എന്നോ അല്ലെങ്കില്‍ ഭഗവാനു ഇതു കഴിക്കാന്‍ ബുദ്ധി മുട്ടാകും എന്നോ നാം ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവിനു പായസം ഇഷ്ടമാണ്, മകനു ബോളി ഇഷ്ടമാണ്, മകള്‍ക്ക് വട ഇഷ്ടമാണ് എന്നൊക്കെ നാം പറയാറുണ്ട്. എന്തിനേറെ! അഷ്ടമി രോഹിണിക്കു അപ്പം അവില്‍ ഒക്കെ ഉണ്ടാക്കുമ്പോഴും കൃഷ്ണനു ഇഷ്ടമാണെന്ന് നാം ചിന്തിക്കാറുണ്ടോ? എന്‍റെ കൊച്ചു മകനു അപ്പം വലിയ ഇഷ്ടമാണ്, എന്‍റെ അയല്‍ക്കാരന് ഞാന്‍ ഉണ്ടാക്കുന്ന അവില്‍ വളരെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞല്ലേ  നാം നിവേദ്യം പോലും ഉണ്ടാക്കുക. 
       മാറണം! നാം ഇനിയെങ്കിലും നമ്മളുടെ ചിന്തകളെ ഭാഗവാനിലേക്ക് തിരിക്കണം. നാം തരുന്നതും കാത്തു ആ കരുണാ സാഗരന്‍ ആകാംക്ഷാ പൂര്‍വ്വം ഇരിക്കുകയാണ്. ആ സ്നേഹനിധിയെ നാം അലക്ഷ്യപ്പെടുത്തരുത്. അദ്ദേഹം വര്‍ഷിക്കുന്ന കൃപാ ധാരയ്ക്ക് പകരമായി നമുക്ക് മറ്റെന്താ ചെയ്യാന്‍ കഴിയുക?  വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര വാല്സല്യത്തോടെയും ശ്രദ്ധയോടെയും ആണ് നാം ഭക്ഷണം നല്‍കുക. അതു പോലെ ഭഗവാനെ വീട്ടിലെ ഒരംഗമായി കണക്കാക്കുക! ഒരു പഴം കഴിക്കുകയാണെങ്കില്‍ പോലും നാം അതു ശരിയായി പാകം എത്തിയോ എന്നു നോക്കിട്ടാണ് കഴിക്കുന്നത്‌. അതേ പോലെ ഭഗവാനു നേദിക്കുന്ന സമയത്തും പാകത്തിന് പഴുക്കാത്ത ഫലങ്ങള്‍ നേദിക്കരുത്. ഹൃദയ പൂര്‍വമായി ഭഗവാനെ സ്നേഹിച്ചാല്‍ ഭഗവാനോടുള്ള നമ്മുടെ സമീപനവും മാറും. ഭഗവാന്‍റെ സൌലാഭ്യത്തിന്റെ കൂടുതല്‍ വിശേഷങ്ങളുമായി  അടുത്ത ലക്കം നിങ്ങളെ തേടി എത്തും. 
രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 44 
       ഭാഗവതത്തിലെ ത്രിവക്രയുടെ വിഷയം പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി ഭാഗവതത്തിലെ തന്നെ ഒരു മാലാകാരന്റെ കാര്യം പറയുന്നു.
"പൂവൈ കൊടുത്തേനോ മാലാകാരനൈപ്പോലെ?"
       ഒരു മാലാകാരന്‍ ഭഗവാനു പുഷ്പം അര്‍പ്പിച്ചു. മധുരാ പ്രവേശത്തില്‍ കൂനി ചന്ദനം അര്‍പ്പിച്ചു കഴിഞ്ഞ ഉടന്‍ വരുന്നതാണ് മാലാകാരന്‍. സുദാമാവ്‌ എന്നാണു അയാളുടെ പേരു. പാലു, തയിരു, വെണ്ണ, വില്‍ക്കാന്‍ വരുന്ന ഗോപികള്‍ വഴി ഭഗവാന്‍റെ കഥകള്‍ ധാരാളം അയാളും കേട്ടിരിക്കുന്നു. ഓരോ ദിവസം ഓരോ മാല കെട്ടുമ്പോഴും ഇതു ഭഗവാനു അര്‍പ്പിച്ചാല്‍ എങ്ങനെ ഇരിക്കും എന്നു മനസ്സില്‍ വിചാരിക്കും. വൃന്ദാവനത്തിലെ കാടുകളില്‍ നിന്നും കാട്ടു പുഷ്പങ്ങള്‍ എല്ലാം എടുത്തു ഗോപ കുട്ടികള്‍ ഭഗവാനെ അലങ്കരിക്കും എന്നെല്ലാം അയാള്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ കേട്ടിട്ട് കൃഷ്ണനെ ഒന്ന് കാണണം എന്നു അയാള്‍ക്ക്‌ നന്നേ മോഹം ഉണ്ട്‌. 
        അയാളുടെ ഭക്തി ഭഗവാനെ ആകര്‍ഷിച്ചു. ത്രിവക്രയില്‍ നിന്നും ചന്ദനം സ്വീകരിച്ച ഭഗവാന്‍ നേരെ പോയത് മാലാകാരന്റെ വീട്ടിലേയ്ക്കാണു. അവിചാരിതമായി ഭഗവാനെ അവിടെ കണ്ടപ്പോള്‍ മാലാകാരന്‍ കുറച്ചു നേരത്തേയ്ക്ക് സ്തബ്ധനായി നിന്നു പോയി. അയാള്‍ക്ക്‌ സ്വയം വിശ്വസിക്കാനും ആയില്ല. അവരെ കണ്ടപ്പോള്‍ തന്നെ രാ‍മ കൃഷ്ണന്മാരാണെന്ന് മനസ്സിലായി. സന്തോഷത്തില്‍ മതി മറന്നു പോയി. പെട്ടെന്ന് തന്‍റെ പത്നിയെ വിളിച്ചു, ഇരുവരുടെയും കാലു കഴുകി വീട്ടിനുള്ളിലെയ്ക്കു ആനയിച്ചു. 
       അവിടെ തൂക്കിയിട്ടിരുന്ന പുഷ്പ ഹാരങ്ങളെ ഭഗവാനും ബലരാമനും ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. മാലാകാരന്‍ ഓരോന്നായി എടുത്തു ഇരുവരെയും അണിയിച്ചു കൊണ്ടിരുന്നു. കേശത്തില്‍ പുഷ്പം ചുറ്റി അലങ്കരിച്ചു. കൈയിലും കാലിലും പുഷ്പ മാല ചുറ്റി. ഭഗവാനു വളരെ സന്തോഷമായി. മാലാകാരനോടു എന്തു വേണം എന്നു ചോദിച്ചു.  'പ്രഭോ! അങ്ങ് ഇവിടെ വന്നു, ഇരുന്നു, ഞാന്‍ ചൂട്ടിയ പുഷ്പഹാരങ്ങള്‍ സ്വീകരിച്ചു. ഇതില്‍ കൂടുതലായി എനിക്കു എന്താണു വേണ്ടത്. ഇതേ സ്മരണ എന്നില്‍ നിരന്തരം ഉണ്ടാകണം' എന്നു മാത്രം ചോദിച്ചു. ഭഗവാന്‍ പ്രീതനായി 'നിന്‍റെ വംശത്തിനു മുഴുവനും ധര്‍മ്മ അര്‍ത്ഥ കാമ മോക്ഷം തന്നിരിക്കുന്നു' എന്നു പറഞ്ഞു. 
       വലിയ തപസ്സോ മറ്റു സാധനകളോ ഒന്നും ഇല്ലാതെ വെറും പൂവ് കെട്ടി കൊടുത്തു മോക്ഷം വരെ അയാള്‍ നേടി. ഇതു ആര്‍ക്കും ചെയ്യാവുന്ന ഒന്നാണ്. കാരണം ഭാവഗ്രാഹിയാണ് ഭഗവാന്‍. എത്രയോ മഹാന്‍മാര്‍ക്ക് മാലാകാരന്‍ മാതൃകയാണ്. പെരിയാഴ്വാര്‍ മാലാകാരനെ മാതൃകയാക്കി വടപത്രശയിക്കു മാല കെട്ടി കൊടുത്തു. തൊണ്ടരടിപ്പൊടി ആള്‍വാര്‍ ശ്രീരംഗനാഥനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു. മാലാകാരനെ പോലെ താന്‍ പൂവൊന്നും ഭഗവാനു കൊടുത്തിട്ടില്ലല്ലോ എന്നു പരിതപിച്ചു പെണ്‍പിള്ളൈ. അവളുടെ ന്യായമായ താപം കേട്ടു സ്വാമി രാമാനുജര്‍ അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Saturday, November 13, 2010

പ്രേമവേദം നവംബര്‍ - 10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഭൂമന്‍ മാനസ ബുദ്ധ്യഹംകൃതിമിളച്ച്ചിതാഖ്യ-
വൃത്യന്വിതം 
തച്ചാന്തക്കരണം വിഭോ! തവ ബലാത്
സത്വാംശ എവാസൃജത് 
ജാതസ്തൈജസതോ ദശേന്ദ്രിയ-
ഗണസ്തത്താശാംശാത് പുന
സ്തന്മാത്രം നഭാസോ മരുത്പുരപതേ!
ശബ്ദോജനി ത്വദ്ബലാത്.
     (ദശഃ 5 ശ്ളോഃ 7)
        അല്ലയോ മഹാപുരുഷനായ ഭഗവാനെ, അങ്ങയുടെ ശക്തിയാല്‍ സത്വഗുണ പ്രധാനമായ വൈകാരികാംശം, മനസ്സ് ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ നാലു വൃത്തികളോട് കൂടിയ അന്തഃകാരണത്തെ സൃഷ്ടിച്ചു. തൈജസ രൂപത്തില്‍ നിന്നു പത്തു ഇന്ദ്രിയങ്ങളും സംജാതമായി.  ഹേ ഗുരുവായൂരപ്പാ, അങ്ങയുടെ അപാരമായ ശക്തിയാല്‍ ആകാശത്തിന്റെ വെറുമൊരു തന്മാത്രയായ ശബ്ദം താമസംശത്തില്‍ നിന്നും ജനിച്ചു.
                                                       (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമസന്ദേശം
       രാധേകൃഷ്ണാ! കുഞ്ഞുങ്ങള്‍ ഭഗവാന്‍റെ വരപ്രസാദമാണ്!
നാം അവരുടെ വെറും സൂക്ഷിപ്പുകാര്‍ മാത്രമാണ്.  ഭഗവാന്‍ നമ്മുടെ പക്കല്‍ ഏല്‍പ്പിച്ച അവരെ നല്ല രീതിയില്‍ വളര്‍ത്താനുള്ള ചുമതല മാത്രമേ നമുക്കുള്ളൂ.  അവരെ ഭഗവാന്‍റെ സ്വത്തായിട്ടു തന്നെ കാണണം.   അവരുടെ മേല്‍ നമ്മുടെ മമകാരം പ്രശ്നങ്ങളുടെ തുടക്കം കുറിക്കുന്നു. നമ്മുടെ ഇഷ്ടപ്രകാരം അല്ലാതെ അവരെ ഭഗവാന്റെ ഇഷ്ട പ്രകാരം വളര്‍ത്തുക. നല്ലതേ വരു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  സദ്ഗുരുവാത്സല്യം 
'ആചാര്യഃ സ ഹരിഃ സാക്ഷാത് ചരരൂപി നാ സംശയ'
     സര്‍വ ശ്രേഷ്ഠം ഗുരു! ചരിക്കുന്ന പരമപുരുഷന്‍ തന്നെയാണ് ആചാര്യന്‍. അതിലൊട്ടും സംശയമേ വേണ്ടാ.
"ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാളാക 
വന്താര്‍ പോലെ ഇരുപ്പീരാക"
       വൈഷ്ണവ സമ്പ്രദായത്തില്‍ പറയുന്നത് ശ്രീരംഗം രംഗനാഥന്‍ 'ഉറങ്കും പെരുമാളാണ്'  . എന്നാല്‍ ആചാര്യനോ 'ഉലാവും പെരുമാള്‍' തന്നെ. ഉറങ്കും പെരുമാളെ നമ്മള്‍ ചെന്നു കാണണം. എന്നാല്‍ ഉലാവും പെരുമാളായ സദ്ഗുരുനാഥനൊ നമ്മേ വന്നു കാണുന്നു. അവിടെ സൌലഭ്യം കൂടുതലാണ്. ഭഗവാന്‍ പരം, വ്യുഹം, വിഭവം, അന്തര്യാമി, അര്‍ച്ച എന്നിങ്ങനെ അഞ്ചു സ്ഥിതിയില്‍ ഇരുന്നു കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു. ഇതില്‍ പരം എന്നു പറയുന്നത് വൈകുണ്ഠം. വേദങ്ങളില്‍ കൂടിയും  ഇതിഹാസങ്ങളില്‍ കൂടിയും  മഹാന്മാരുടെ വാക്കുകളില്‍ കൂടിയും നാം ഇതു അറിയുന്നു.  പരമപദം എന്ന വൈകുണ്ഠത്തില്‍ ഭഗവാന്‍ ശ്രീദേവി, ഭൂദേവി നീളാ ദേവി, നിത്യ സൂരികള്‍, നിത്യ മുക്തര്‍കളുടെ കൂടെ വിരാജിക്കുന്നു. പക്ഷേ ആരും പ്രത്യക്ഷത്തില്‍ പോയി കണ്ടിട്ടില്ല. സാധിക്കുകയും ഇല്ല. 
       അവിടെ ഭഗവാനു ഹൃദയത്തില്‍ ഒരു നൊമ്പരം! കാരണം സാംസാരീകരായ ജനങ്ങള്‍ ലോകത്ത് വളരെ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്. അതു കൊണ്ടു ഭഗവാന്‍ കുറച്ചു താഴേയ്ക്ക് ഇറങ്ങി ക്ഷീരാബ്ധിയില്‍ വന്നു കിടന്നു. അവിടെ ദേവന്‍മാര്‍ ആപത്തു വരുമ്പോള്‍ ഓടി എത്തും. ഭഗവാനെ രക്ഷിക്കണം എന്നു പറഞ്ഞു കരയും. അല്ലാതെ ആരും അവിടെ പോകാറില്ല. സാധാരണ ജനങ്ങള്‍ക്ക്‌ വേണ്ടി ഭഗവാന്‍ കുറച്ചു കൂടി താഴേയ്ക്ക് ഇറങ്ങി ഹൃദയത്തില്‍ അന്തര്യാമിയായ് വര്‍ത്തിച്ചു.  പക്ഷേ ദേഹാത്മ അഭിമാനികളായ മനുഷ്യര്‍ക്ക്‌ അന്തര്യാമിയെ മനസ്സിലായില്ല. ഭഗവാന്‍ അവര്‍ക്കും സുലഭമായ രീതിയില്‍ ക്ഷേത്രങ്ങളില്‍ അര്‍ച്ചാവതാര മൂര്‍ത്തികളായി ആവിര്‍ഭവിച്ചു.  ഏല്ലാവര്‍ക്കും സുലഭമായി കാണാമല്ലോ എന്നു കരുതി. അപ്പോഴും മനുഷ്യന്റെ അഹങ്കാരം, അലസത ഇവയൊക്കെ ഭഗവാനെ ചെന്നു കാണാന്‍ മാര്‍ഗ്ഗതടസ്സമായി.  പക്ഷേ ഭഗവാനു തന്‍റെ കുഞ്ഞുങ്ങളേ അങ്ങനെ ഉപേക്ഷിക്കാന്‍ സാധിക്കുമോ?
      നാമസങ്കീര്‍ത്തന രൂപത്തില്‍ ഭഗവാന്‍ വീണ്ടും ഇറങ്ങി വന്നു. എത്രയോ സുലഭമായ സാധനയാണതു. പക്ഷേ ലൌകീക ഭോഗങ്ങളില്‍ മുഴികിയിരിക്കുന്ന ജങ്ങങ്ങള്‍ക്ക്‌ അതിനു സമയം കണ്ടെത്താനായില്ല. ഭഗവാന്‍ തീവ്ര ചിന്തയിലാണ്ടു. എങ്ങനെയെങ്കിലും ഈ ജനങ്ങളെ ഉദ്ധരിക്കണം.  ഭഗവാനെ അനുഭവിച്ചറിഞ്ഞവര്‍ പറഞ്ഞാല്‍ മാത്രമേ ഈ കൂട്ടം വിശ്വസിക്കുകയുള്ളൂ എന്നു വിചാരിച്ചു. തന്‍റെ ഭക്തന്മാരെ അവരുടെ ഇടയില്‍ ഇറക്കണം എന്നു വിചാരിച്ചു. ഓരോരുത്തരായി ഭഗവാന്‍ നമ്മുടെ ഇടയില്‍ ഭക്തന്മാരെ ആചാര്യ രൂപത്തില്‍ അയച്ചു.  അങ്ങനെ എത്രയോ ഗുരു പരമ്പര ഭാരതത്തില്‍ ഉണ്ടായി. മാര്‍ഗ്ഗം വേറെ വേറെയാണെങ്കിലും ലക്‌ഷ്യം ഒന്ന് തന്നെ - ഭഗവത് പ്രാപ്തി. ആ ഗുരു പരമ്പരയാണ് നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു വരുന്നത്. 
      സദ്ഗുരു ഇല്ലെങ്കില്‍ രാമായണം, ഭാഗവതം ഒന്നും മനസ്സിലാവില്ല. സദ്ഗുരു ഇല്ലെങ്കില്‍ ജീവിതം ശൂന്യമായി തോന്നും.  ജീവിതത്തില്‍ ദുഃഖം നേരിടുമ്പോഴൊക്കെ ഭഗവാന്‍ ഉണ്ടു, നമ്മുടെ രക്ഷയ്ക്കെത്തും എന്ന വിശ്വാസം ഉണ്ടാക്കുന്നത് സദ്ഗുരുവാണ്. സദ്ഗുരുനാഥന്‍ അത്ര ശ്രേഷ്ടമാണ്. 
'ഗുരു ബ്രഹ്മ ഗുരുര്‍ വിഷ്ണു, ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ"
ഗുരു നമ്മുടെ ഹൃദയത്തില്‍ ജ്ഞാനം, ഭക്തി, നാമജപം, വിശ്വാസം, വൈരാഗ്യം തുടങ്ങിയവയെ ബ്രഹ്മാവിനെ പോലെ സൃഷ്ടിക്കുന്നു. നമ്മുടെ സാത്വീക ഗുണങ്ങള്‍, ഭഗവാനെ അനുഭവിക്കാനുള്ള മോഹം, അതിലുള്ള ശ്രദ്ധ ഇവയൊക്കെ ഗുരു വിഷ്ണുവിനെ പോലെ സംരക്ഷിച്ചു പോഷിപ്പിക്കുന്നു.  അഹങ്കാരം, മമകാരം, കാമം ക്രോധം, ലോഭം അജ്ഞാനം തുടങ്ങിയ ദുഷ്ട ഗുണങ്ങളെ മഹേശ്വരനായി നിന്നു  ഗുരു സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്ന് തന്നെയാണ്. ഭഗവാന്‍റെ കൃപ തന്നെ സദ്ഗുരു എന്ന വേഷത്തില്‍ വന്നു നമ്മേ ഉദ്ധരിക്കുന്നു. സദ്ഗുരുവിന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. ആ കൃപ ഉണ്ടെങ്കില്‍ ഏതു സാഹചര്യത്തിലും നമുക്ക് ആനന്ദം ഉണ്ടാവും. ശ്രീമദ്‌ ഭാഗവതത്തില്‍ ദാസീ പുത്രനായ ഒരു അഞ്ചു വയസ്സ് ബാലന്‍ സദ്ഗുരു കടാക്ഷത്താല്‍ നാരദര്‍ എന്ന ദേവര്ഷിയായി മാറുന്നത് കാണാം.  നാലു വേദങ്ങളെയും പിരിച്ചു, പതിനെട്ടു പുരാണങ്ങളെയും എഴുതി, മഹാഭാരതവും രചിച്ചു, പിന്നീട് ആത്മാവിനു ശാന്തി ലഭിക്കാതെ ദുഃഖിച്ചിരുന്ന വേദവ്യാസര്‍ക്ക് നാരദര്‍ എന്ന സദ്ഗുരു ശ്രീമദ്‌ ഭാഗവതം എഴുതുവാന്‍ പറഞ്ഞു ആത്മ ശാന്തിക്ക് മാര്‍ഗ്ഗം കാണിച്ചു കൊടുത്തു.
വേദവ്യാസര്‍ക്ക് പോലും ഗുരു കൃപ അത്യാവശ്യമാണെങ്കില്‍  ലൌകീകതയില്‍ മുഴികിയിരിക്കുന്ന ജനങ്ങള്‍ക്ക്‌ ഗുരു ഇല്ലാതെ വേറെ ആശ്രയം ഇല്ല. ഗുരു മഹിമ  തുടര്‍ന്നു വരും ലക്കങ്ങളില്‍ നമുക്ക്  കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
       ശ്രിയഃപതിയായ ഭഗവാന്‍  ജീവന്‍ നല്‍കുന്ന വസ്തുവിന്റെ ഗുണത്തിനെ നോക്കുന്നില്ല.  വസ്തു കൊടുക്കുന്ന ജീവന്‍റെ ശുദ്ധമായ ഭാവത്തെയാണ് നോക്കുന്നത്.  ഭഗവാന്‍ കരുണാസാഗരന്‍. അഘടിത ഘടനാ സാമര്‍ത്ഥ്യമുള്ളവാന്‍.  ജീവനു നിര്‍ഹേതുക കൃപ ചൊരിയുന്നു.  ഭഗവാന്‍ ജീവനു വേണ്ട എല്ലാം നല്‍കുന്നു. ശരീരം, അതിനു ആവശ്യമുള്ള ആഹാരം, വസ്ത്രം, തുടങ്ങി സകലതും കൊടുക്കുന്നു. പകരമായിട്ട് ശുദ്ധ ഭക്തി മാത്രമേ ഭഗവാന്‍ പ്രതീക്ഷിക്കുന്നുള്ളു. വേറെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല. ഭക്തിയോടു കൂടി എന്തു തന്നാലും ഭഗവാന്‍ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.
'പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യ പ്രായച്ഛതി 
തദഹം ഭക്ത്യുപഹൃദം ആശ്നാദി പ്രയതാത്മനഃ'
     ഒരു പൂവോ ഒരു പഴമോ, ഒരു ഇലയോ ഒരു തുള്ളി വെള്ളമോ ഭക്തിയോടെ ആരെങ്കിലും നല്‍കിയാല്‍ അതു സന്തോഷത്തോടെ സ്വീകരിക്കും എന്നു ഭഗവാന്‍ പറയുന്നു.  ഗോപികള്‍ സ്വയം ഭഗവാനു അര്‍പ്പിച്ചു. അത്രയൊന്നും സാധിച്ചില്ലെങ്കിലും എന്തെങ്കിലും ഭഗവാനു നല്‍കണം. ഹൃദയം ഭഗവാനില്‍ ഒട്ടണം. എന്നാല്‍ ലൌകീകമായ കാര്യങ്ങള്‍ താനേ നമ്മേ വിട്ടു പോകും. അഞ്ചു വയസ്സില്‍ ഒരു കളിപ്പാട്ടമോ ബലൂണോ പ്രധാനമായിട്ടു തോന്നും. എന്നാല്‍ അതേ ആള്‍ വളര്‍ന്നു വലുതാകുമ്പോള്‍ വേറെ വസ്തുവിനോടു ആകും ആകര്‍ഷണം. അപ്പോള്‍ കളിപ്പാട്ടത്തിലും ബലൂണിലും  ഉള്ള  ആഗ്രഹം താനേ വിട്ടു പോകുന്നു.  അതേ പോലെ ഭഗവാനോട് കൂടുതല്‍ അടുക്കുന്തോറും മറ്റുള്ള വിഷയങ്ങള്‍ നമ്മേ വിട്ടകലും. 
        വിദുരര്‍ക്ക് അത്യാശ്ചര്യകരമായ ഭക്തി ഉണ്ടായിരുന്നു.  ഒട്ടും അഹംഭാവം ഇല്ലാത്ത ഭക്തി! മഹാ പാപികളായ ദുര്യോധനാദികളുടെ കൂടെ ഇടപഴകുംപോഴും അദ്ദേഹത്തിന്‍റെ ഭക്തിക്കു ഒരു കുറവും വന്നില്ല.  ഭഗവാന്‍ അല്ലാതെ മറ്റാരെയും അദ്ദേഹം ഭയന്നില്ല.  ചെയ്യുന്ന കര്‍മ്മം ഭഗവത് അര്‍പ്പണമായി ചെയ്തിരുന്നു. ഹസ്തിനാപുരത്തിന്റെ മന്ത്രിയായിരുന്നു.  ഹൃദയത്തില്‍ ഭഗവാന്‍ കൃഷ്ണന്‍റെ അടിമയായിരുന്നു. 
       പാണ്ഡവര്‍ക്ക് വേണ്ടി ഭഗവാന്‍ ദുര്യോധനനോടു ദൂതിന് വരുന്നു. ദുര്യോധനന്‍ ഭഗവാനെ പാട്ടിലാക്കാന്‍ വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കരുതി വെച്ചിരുന്നു. പക്ഷേ ഭഗവാന്‍ അതെല്ലാം വേണ്ടെന്നു വെച്ചിട്ടു നേരെ വിദുരരുടെ ഗൃഹത്തിലാണ് വന്നത്.  ഭക്തി എന്നാല്‍ അങ്ങനെയാകണം.  ഭഗവാന്‍ നമ്മേ തേടി നമ്മുടെ മുറ്റത്ത്‌ എത്തണം!  ഭഗവാന്‍ വാതിലില്‍ മുട്ടി. ആ സമയം വിദുര പത്നി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ വിദുരരെ പോലെ മഹാ ഭക്തയായിരുന്നു.  അവരുടെ പക്കലുള്ള ഒരേ ഒരു വസ്ത്രവും അലക്കി ഉണക്കാന്‍ ഇട്ടിരുന്നു. വാതില്‍ക്കല്‍ മുട്ട് കേട്ടു കൊണ്ടു 'ആരാണ്' എന്നവര്‍ ചോദിച്ചു.  ഭഗവാന്‍ ഉടനെ ഞാന്‍ 'കൃഷ്ണനാണ്' എന്നു മറുപടി പറഞ്ഞു.  
      എല്ലാം മറന്നു അവര്‍ ഓടി വന്നു വാതില്‍ തുറന്നു. അവിടെ സാക്ഷാത് മന്മഥമന്മഥനായി ഭഗവാന്‍ നിന്നു കൊണ്ടിരുന്നു. താന്‍ വസ്ത്രം ഇല്ലാതെ നില്‍ക്കുകയാണെന്ന കാര്യം പോലും അവര്‍ മറന്നു. ഭഗവാനെ തന്നെ കണ്ണിമായ്ക്കാതെ നോക്കി നിന്നു. ഭഗവാന്‍ തന്‍റെ തോളില്‍ കിടന്ന ഉത്തരീയം എടുത്തു അവളുടെ മേല്‍ ഇട്ടു. ഉടനെ അവള്‍ക്കു പ്രജ്ഞ ഉണ്ടായി. ഭഗവാനെ കൈപിടിച്ച് അകത്തേയ്ക്ക് ആനയിച്ചു. "കൃഷ്ണാ! വരു വരു! നീ എന്നെങ്കിലും ഒരു ദിവസം വരും എന്നെനിക്കറിയാം" എന്നു പറഞ്ഞു വിളിച്ചു കൊണ്ടു പോയി. 
       ദുര്യോധനാദികള്‍ ഒരുക്കിയ വിപുലമായ സദ്യ തിരസ്കരിച്ച ഭഗവാന്‍ ഇവിടെ വിദുര പത്നിയോട് വിശക്കുന്നു എന്നു പറഞ്ഞു കൈ നീട്ടി. അവര്‍ ചോദിച്ചപ്പോള്‍ വിശപ്പ്‌ തോന്നാത്ത ഭഗവാനു വിദുര പത്നിയോട് എന്തെങ്കിലും ചോദിച്ചു വാങ്ങിക്കണം എന്നു തോന്നി.  വിദുരന്റെ പത്നി ഭക്തി പരിഭ്രമത്തില്‍ പെട്ടെന്ന് ഒരു പടല പഴം എടുത്തു കൊണ്ടു വന്നു. പഴം ഓരോന്നായി തൊലിച്ചിട്ട്‌  അകത്തെ പഴത്തെ കളഞ്ഞിട്ടു തൊലി എടുത്തു ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. അവര്‍ സ്വയം മറന്നു പഴത്തിനു പകരം തൊലിയാണ് കൊടുത്തത്. എന്നാല്‍ ഭഗവാനും ബോധം ഇല്ലായിരുന്നു. വിദുര പത്നിയുടെ ദിവ്യ പ്രേമയില്‍ മയങ്ങി അതു ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നു. ഭക്തിയില്‍ നാം അങ്ങനെ സ്വയം മറക്കണം. അപ്പോള്‍ ഭഗവാനും സ്വയം മറന്നു തന്നെ നമുക്ക് അര്‍പ്പണിക്കും.
      ഈ സമയം വിദുരര്‍ അവിടെയ്ക്ക് യാദൃചികമായി കടന്നു വന്നു. അദ്ദേഹം കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. തന്‍റെ പത്നി ഭഗവാനു പഴത്തൊലി നല്‍കി കൊണ്ടിരിക്കുന്നു. കരുണാ മയനായ പ്രഭുവും അതു സ്വീകരിച്ചു കൊണ്ടിരിക്കുന്നു. വിദുരര്‍ സ്തംഭിച്ചു നിന്നു പോയി. തുടര്‍ന്നു അടുത്ത ലക്കത്തില്‍ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 43 
    പെണ്‍പിള്ളൈ അടുത്തതായി എന്തായിരിക്കും പറയുന്നത് എന്നു രാമാനുജരും ശിഷ്യരും നോക്കി നില്‍ക്കെ അവള്‍ അടുത്ത വാക്യം പറഞ്ഞു. ഭാഗവതത്തിലെ ഒരു കൂനിയുടെ വിഷയമാണ് അവള്‍ ഇപ്പോള്‍ പറഞ്ഞത്.
"പൂശ കൊടുത്തേനോ കൂനിയൈപ്പോലെ?"
      കൂനി എന്നു പറയുമ്പോള്‍ ആരാണെന്ന് അത്ഭുതപ്പെടാം. കൃഷ്ണന്‍ 'സുന്ദരി' എന്നു വിളിച്ച ഒരു കൂനി! അക്രൂരര്‍ ബലരാമനെയും കൃഷ്ണനെയും മധുരയിലേയ്ക്കു ആനയിച്ചു കൊണ്ടു വന്നു. കൃഷ്ണന്‍ വരുന്ന വിവരം അറിഞ്ഞു മധുരാ പുരിയിലെ ജനങ്ങള്‍ വളരെ ആകാംക്ഷയോടെ കൃഷ്ണന്‍റെ വരവിനെ കാത്തിരുന്നു. അവര്‍ക്കൊക്കെ ഭഗവാനെ കുറിച്ചുള്ള കാര്യങ്ങള്‍ വൃന്ദാവനവാസികളില്‍ നിന്നും അറിയാം. ഗോപികള്‍ക്കു രാസക്രീഡയ്ക്ക് മുന്‍പേ ഏതു സ്ഥിതിയിലാണോ ഇരുന്നത് അതേ സ്ഥിതി മധുരാ പുരിയിലെ സ്ത്രീകള്‍ക്കും ഉണ്ടായി. അവരൊക്കെ ആര്‍ത്തിയോടെ കൃഷ്ണനെ കാത്തിരുന്നു. കൌമാരത്തില്‍ നിന്നും യൌവനത്തിലേക്കു കാല്‍ എടുത്തു വെച്ചു കഴിഞ്ഞു.  ഭഗവാന്‍റെ ആകാര സൌകുമാര്യം ആരെയും വശീകരിക്കുന്നതായിരുന്നു. ഭഗവാനെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. 
       മധുരാ പുരിയിലേയ്ക്ക് പ്രവേശിച്ച ഉടനെ കംസന്റെ ഒരു രജകനെ കണ്ടു. അയാള്‍ കൊണ്ടു വന്ന രാജകീയ വസ്ത്രങ്ങള്‍ ചോദിച്ചു. അയാള്‍ നിരസിച്ചപ്പോള്‍ അയാളുടെ തല ഭഗവാന്‍ നുള്ളി എറിഞ്ഞു. എല്ലാവരും അവരവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ അയാളുടെ ഭാണ്ഡത്തില്‍ നിന്നും എടുത്തു. ഒരു തയ്യല്‍ക്കാരന്‍ അവയൊക്കെ അവര്‍ക്കനുസൃതമായ രീതിയില്‍ തുന്നി കൊടുത്തു. 
      പുതിയ വസ്ത്രങ്ങള്‍ ഒക്കെ അണിഞ്ഞു കൊണ്ടു പുറത്തു ഇറങ്ങി നടന്നു. അപ്പോഴാണ്‌ ഒരു കൂനി ധാരാളം ചന്ദനവും, സുഗന്ധ ദ്രവ്യങ്ങളും ചുമന്നു കൊണ്ടു കൊട്ടാരത്തിലേയ്ക്ക്  പോകുന്നത് കണ്ടത്. അവയുടെ സുഗന്ധം അവിടമാകെ പരന്നു. ഭഗവാന്‍ അവളെ നോക്കി "ഹേ സുന്ദരീ!" എന്നു വിളിച്ചു. ശരീരത്തില്‍ മൂന്നു വളവുകള്‍ ഉള്ള അവളെ എല്ലാരും ത്രിവക്ര എന്നാണു വിളിച്ചിരുന്നത്‌. അവള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. ഭുവന സുന്ദരനായ ഭഗവാനെ കണ്ടു ആശ്ചര്യപ്പെട്ടു. എന്തൊരു സൌന്ദര്യം! അവളെ സുന്ദരീ എന്നു വിളിച്ചപ്പോള്‍ അവള്‍ക്കു വളരെ സന്തോഷം തോന്നി. ഭഗവാന്‍ അവളുടെ അടുത്തു വന്നു. എന്നിട്ട് "എന്താണ് നിന്‍റെ കൈയില്‍?" എന്നു ചോദിച്ചു. അവള്‍ അതിനു കംസ മഹാരാജനുള്ള ചന്ദനവും സുഗന്ധ ദ്രവ്യങ്ങളുമാണ് എന്നു പറഞ്ഞു. ഭഗവാന്‍ അവളോടു തനിക്കു കുറച്ചു തരുമോ എന്നു ചോദിച്ചു. അവള്‍ സന്തോഷത്തോടെ ഒരു കിണ്ണം എടുത്തു നീട്ടി. ഉടനെ ഭഗവാന്‍ അതു വേണ്ടാ എന്നു പറഞ്ഞു. അവള്‍ മറ്റൊരു കിണ്ണം എടുത്തു കാണിച്ചു. ഭഗവാന്‍ അതും സ്വീകരിച്ചില്ല. ഓരോ കിണ്ണമായി കാണിച്ചപ്പോള്‍ ഓരോന്നായി ഭഗവാനും നിരസിച്ചു കൊണ്ടിരുന്നു. അവസാനം ഒരു കിണ്ണം കാണിച്ചപ്പോള്‍ അതു കൊള്ളാം എന്നു പറഞ്ഞു. കൂനിക്കു വളരെ സന്തോഷമായി. ഓ ചന്ദനം തിരഞ്ഞെടുക്കുന്നതില്‍ പോലും എത്ര ശ്രദ്ധ. നിശ്ചയം എന്നവള്‍ അത്ഭുതപ്പെട്ടു. 
        കംസന്‍ എന്തു പറയും എന്ന ചിന്ത പോലും ഇല്ലാതെ അവള്‍ അതു സന്തോഷത്തോടെ ഭഗവാന്‍റെ നേര്‍ക്ക്‌ നീട്ടി. ഭഗവാന്‍ അതു കൈയില്‍ വാങ്ങാതെ തന്‍റെ മാറു കാണിച്ചു കൊടുത്തു. അവള്‍ അതിയായ സന്തോഷത്തോടെ ഭഗവാന്‍റെ മാറില്‍ തന്‍റെ കൈ കൊണ്ടു ചന്ദനം പൂശിക്കൊടുത്തു. മധുരാപുരി വാസികള്‍ എല്ലാരും തെല്ലസൂയയോടെ കൂനിയെ നോക്കി നിന്നു. അടുത്തു നിന്നിരുന്ന ബലരാമന്‍ ഇതൊക്കെ നോക്കി നിന്നു. ഭഗവാന്‍ ത്രിവക്രയോടു തന്‍റെ ജ്യേഷ്ടനും പുരട്ടി കൊടുക്കാന്‍ പറഞ്ഞു. 
         ത്രിവക്ര ആനന്ദ സാഗരത്തില്‍ മുഴുകിപോയി.  മധുരാ വാസികള്‍ മുഴുവനും കൊതിയോടെ നോക്കുന്ന കണ്ണന്റെ ശരീരം തൊട്ടു ചന്ദനം പൂശി കൊടുക്കാനുള്ള ഭാഗ്യം അവള്‍ക്കു കിട്ടിയില്ലേ?  എന്തു പുണ്യമാണ് താന്‍ ചെയ്തത് എന്നവള്‍ ചിന്തിച്ചു. ഭഗവാനും സന്തോഷിച്ചു. ഇവള്‍ക്ക് നല്ല ഒരു സമ്മാനം കൊടുക്കണം എന്നു വിചാരിച്ചു. അവളുടെ കാല്‍ വിരലില്‍ തന്‍റെ കാലു കൊണ്ടു പതുക്കെ അമര്‍ത്തി. തന്‍റെ കൈവിരല്‍ കൊണ്ടു അവളുടെ താടിക്കു പിടിച്ചു മുഖം പതുക്കെ ഉയര്‍ത്തി. അവളുടെ വളവും കൂനും അപ്രത്യക്ഷമായി അവള്‍ ഒരു സുന്ദരിയായി മാറി! എല്ലാവരും  അത്ഭുത പരതന്ത്രനായി നോക്കി നിന്നു. അടുത്ത നിമിഷം അവള്‍ ഭഗവാന്‍റെ ഉത്തരീയത്തെ പിടിച്ചു വലിച്ചു. ഭഗവാന്‍ ലജ്ജിച്ചു കൊണ്ടു അവളോടു താന്‍ പിന്നീട് അവളെ വന്നു കണ്ടു കൊള്ളാം എന്നു പറഞ്ഞയച്ചു. 
      പെണ്‍പിള്ളൈ കൂനിയുടെ ആ കൈങ്കര്യം ശ്രദ്ധിച്ചിരുന്നു. ഭഗവാനു ചന്ദനം പുരട്ടി കൊടുത്തു തന്‍റെ കൂനും മാറ്റി സുന്ദരിയായി തീര്‍ന്നു കൃഷ്ണനെ പ്രാപിച്ചു. അതു പോലുള്ള ഭാഗ്യം ഒന്നും താന്‍ ചെയ്തിട്ടില്ലല്ലോ.  കൂനിയെ പോലുള്ള ഭഗവത് കൈങ്കര്യം ചെയ്തു അര്‍ഹത ഒന്നും താന്‍ നേടിയിട്ടില്ല. താന്‍ ഈ ദേശത്ത് ഇരുന്നാല്‍ എന്തു പോയാല്‍ എന്തു? രാമാനുജര്‍ അവള്‍ പറഞ്ഞത് വളരെ കൌതുകത്തോടെ കേട്ടു നിന്നു. ഉള്ളില്‍ നിറഞ്ഞ സന്തോഷം അദ്ദേഹം ഒട്ടും പുറത്തു കാട്ടിയില്ല. ഇനി അടുത്തതായി അവള്‍ എന്താണു പറയുന്നതെന്ന് നോക്കി നിന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Wednesday, October 13, 2010

പ്രേമവേദം ഒക്ടോബര്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം
സോഹം ച ത്രിഗുണക്രമാല്‍ ത്രിചിധ താമസാദ്യ വൈകാരികോ
ഭൂയസ്തൈജസ താമസാവിതി ഭാവന്നാദ്യേന സ്ത്വാത്മനാ 
ദേവാനിന്ദ്രിയമാനിനോകൃത ദിശാവാതര്‍ക്കപാശ്യാശ്വിനോ
വഹ്നീന്ദ്രാച്യുത മിത്രകാന്‍ വിധുവിധി ശ്രീരുദ്രശാരീരികാന്‍.
                            (ദശഃ 5 ശ്ലോഃ 6)  
          ഇങ്ങനെ സംജാതമായ അഹംതത്വം മൂന്നു ഗുണങ്ങള്‍ക്കൊത്തു മൂന്നു രൂപങ്ങള്‍ പ്രാപിക്കുകയും പിന്നീട് വൈകാരികം, തൈജസം, താമസം എന്നീ രൂപ ഭേദങ്ങള്‍ കൈകൊള്ളൂകയും ചെയ്തു.  സത്വ ഗുണാത്മകമായ വൈകാരിക രൂപമാകട്ടെ ഇന്ദ്രിയ നിയന്താക്കളായ ദിക്ക്, വായു, സൂര്യന്‍ വരുണന്‍, ആശ്വിനികള്‍ എന്നീ ദേവന്മാരെയും, അഗ്നി, ഇന്ദ്രന്‍, ഉപേന്ദ്രന്‍, മിത്രം, പ്രജാപതി, ചന്ദ്രന്‍, ബ്രഹ്മാവ്‌, ശിവന്‍, ക്ഷേത്രജ്ഞന്‍ എന്നിവരെയും സൃഷ്ടിച്ചു.
                                                     (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
  പ്രേമ സന്ദേശം
      ജീവിതത്തില്‍  നിങ്ങള്‍ ചിലപ്പോള്‍ ചില പ്രശ്നങ്ങളെ നേരിടേണ്ടി  വന്നിട്ടുണ്ടാവും. പ്രശ്നങ്ങളെ കണ്ടു നിങ്ങള്‍ ഒരിക്കലും തളരരുത്. അതിനുള്ളില്‍ ഭഗവാന്‍റെ കൃപ ഒളിഞ്ഞു കിടപ്പുണ്ട്. അതിനെ കണ്ടുപിടിക്കാന്‍ ശ്രമിക്കു. കുന്തിദേവിക്കും മക്കള്‍ക്കും  എത്രയോ പ്രശ്നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിന്‍റെയൊക്കെ ഫലമായി ഭഗവാനെ തന്നെ അവരുടെ പക്ഷത്തു ലഭിച്ചില്ലെ? ചിന്തിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 സദ്ഗുരുവാല്‍സല്യം 
      രാധേകൃഷ്ണാ! സദ്ഗുരുവിന്റെ കൃപാ കടാക്ഷം ഇല്ലാതെ ഒരു ജീവനു ഉയരാന്‍ സാധിക്കില്ല എന്നു കാണിക്കാന്‍ ഒരു രാജന്‍റെ കഥ നമുക്ക് നോക്കാം. ആ രാജനു ഒരു ഉത്തമമായ മന്ത്രി ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടിയിരുന്നു. മന്ത്ര ജപം കൊണ്ടു ക്രമേണ അയാള്‍ ഉയരുകയും ചെയ്തു.  മന്ത്രി ജപം ചെയ്യുന്നതരിഞ്ഞ രാജന്‍ മന്ത്രിയോട് അതിനെ കുറിച്ചു തിരക്കി. മന്ത്രി വിനീതനായി താന്‍ തന്‍റെ ഗുരുവില്‍ നിന്നും നേടിയതാണ് ഈ മന്ത്രം എന്നും രാജനും ഗുരുവിനെ ആശ്രയിച്ചു മന്ത്രം നേടാം എന്നും പറഞ്ഞു. പക്ഷേ രാജന്‍ അതിനു തയ്യാറായില്ല. താന്‍ ഒരു രാജനായത് കൊണ്ടു ആരോടും ചെന്നു ചോദിക്കാന്‍ പറ്റില്ലെന്നും, മന്ത്രി തന്നെ മന്ത്രം പറഞ്ഞു കൊടുത്താല്‍ മതിയെന്നും പറഞ്ഞു. മന്ത്രി അതിനു വിസമ്മതിച്ചു.  ഒരു ഗുരു മുഖേന മന്ത്രം ലഭിച്ചാല്‍ മാത്രമേ അതു സിദ്ധിയാകൂ എന്നുപദേശിച്ചു നോക്കി. പക്ഷേ രാജന്‍ പിടിവാശി മൂലം തന്‍റെ സദസ്സിലെ പണ്ഡിതന്മാരെ വരുത്തി വളരെ ബുദ്ധി മുട്ടി മന്ത്രി ജപിക്കുന്ന മന്ത്രം കണ്ടു പിടിച്ചു. 
      അയാള്‍ അതു ജപിക്കാനും ആരംഭിച്ചു. മന്ത്രിയോട് അഹങ്കാരത്തോടെ, നീ എനിക്കു പറഞ്ഞു തരാന്‍ വിസമ്മതിച്ച മന്ത്രം ഞാന്‍ കണ്ടുപിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ അതു ജപിക്കുകയാണ് എന്നു പറഞ്ഞു.  ഉടനെ മന്ത്രി രാജനോട്‌ ആ മന്ത്രം ഒരിക്കലും അദ്ദേഹത്തിനു സ്ദ്ധിയാകില്ല എന്നു പറഞ്ഞു. രാജന്‍ തര്‍ക്കിച്ചു.  വലിയ വാഗ്വാദത്തിനോടുവില്‍ ക്ഷുഭിതനായ മന്ത്രി ഭടന്മാരോട്‌ "ആരവിടെ? ഈ രാജാവിനെ തുറുങ്കില്‍ അടയ്ക്കു" എന്നു വിളിച്ചു പറഞ്ഞു.  ഇതു കേട്ട രാജാവിനും വളരെ കോപം ഉണ്ടായി.  മന്ത്രിയോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. പക്ഷേ മന്ത്രിയുണ്ടോ   കേള്‍ക്കുന്നു? വീണ്ടും വീണ്ടും അയാള്‍ കുറഞ്ഞത്‌ ഒരു പത്തു പ്രാവശ്യമെങ്കിലും രാജനെ തുറുങ്കില്‍ അടയ്ക്കു എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. രാജന്‍റെ ക്ഷമയും നശിച്ചു. ഉടനെ തന്‍റെ രണ്ടു കൈകളും ഉറക്കെ തട്ടികൊണ്ടു 'ആരവിടെ?' എന്നു ചോദിച്ചു. ഉടനെ തന്നെ രണ്ടു ഭടന്മാര്‍ എത്തി. മന്ത്രിയുടെ കൈകളില്‍ വിലങ്ങു വെച്ചു. 
     മന്ത്രി ഉടനെ രാജാവിനെ നോക്കി ഉറക്കെ ചിരിച്ചു. രാജാവ് കാര്യം മനസ്സിലാകാതെ മന്ത്രിയെ നോക്കി. ഉടനെ മന്ത്രി രാജാവിനോട് "ഞാന്‍ അങ്ങയെ തുറുങ്കില്‍ അടയ്ക്കണം എന്നു കുറഞ്ഞത്‌ പത്തു പ്രാവശ്യമെങ്കിലും വിളിച്ചു പറഞ്ഞു. പക്ഷേ ഒരിക്കല്‍ പോരും ആരും വന്നില്ല. അതേ സമയം അങ്ങ് ഒരു പ്രാവശ്യം പറഞ്ഞ ഉടനെ തന്നെ എന്നെ കെട്ടിയിട്ടത് കണ്ടില്ലേ? ഇതാണ് രഹസ്യം! നാം തനിയെ മന്ത്രം ജപിച്ചു കഴിഞ്ഞാല്‍ അത്ര വേഗം പ്രയോജനം ചെയ്യില്ല. എന്നാല്‍ അതിനു അധികാരപ്പെട്ട ഗുരു മൂലം മന്ത്രം ലഭിച്ചാല്‍ അതിന്‍റെ ഫലം വളരെ വേഗത്തിലാണ്! അങ്ങയ്ക്ക് തന്നെ മനസ്സിലാകാന്‍ സാധിക്കും." എന്നു പറഞ്ഞു.  ഒരു ജീവന്‍റെ ഉള്ളില്‍ ആയിരം കോടി ജന്മങ്ങളായി കാമം ക്രോധം തുടങ്ങിയ അജ്ഞാനങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. അതിനെ അകറ്റാന്‍ സ്വയം മന്ത്ര ജപം ചെയ്തു വിജയിച്ച ഒരാള്‍ക്ക്‌ മാത്രമേ സാധിക്കു. ഗുരു അതാണ്‌ ചെയ്യുന്നത്. മന്ത്ര ഉപദേശ രൂപത്തില്‍ ആ ജീവന്‍റെ അജ്ഞാനത്തെ അകറ്റി ഭഗവാനെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നു.   അനേക ജന്മങ്ങളിലെ പാപങ്ങള്‍ ഒരുമിച്ചു നശിക്കണമെങ്കില്‍ ആ മന്ത്രം അത്രത്തോളം ഫലവത്തായിരിക്കണം. ആ മന്ത്രം നല്‍കുന്ന ആളും സ്വയം ആ മന്ത്ര രൂപമായിരിക്കണം.  അതു പോലുള്ള ഒരു ഗുരു മന്ത്രത്തിന്റെ കൂടെ പാപം നശിപ്പിക്കാനുള്ള ശക്തിയും കൊടുക്കുന്നു. അവര്‍ക്കു മാത്രമേ അതു സാധിക്കു. അതു കൊണ്ടു ഗുരുവിനെ ആശ്രയിച്ചാല്‍ മാത്രമേ നമ്മുടെ ലക്ഷ്യത്തില്‍ എത്താന്‍ സാധിക്കു. 
     ഗുരുവിന്‍റെ ചരണങ്ങളില്‍ അഭയം തേടണം. തനിക്കു ഒന്നും അറിയില്ല എന്ന ഭാവത്തില്‍ ഗുരുവിനെ വാക്കുകളെ അനുസരിക്കണം. ഗുരു നമ്മേ വഴി നടഹി മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിക്കും. ഓരോരുത്തര്‍ക്കും ഭഗവത് അനുഭവം അവരുടെ വാസനയ്ക്കും നിലയ്ക്കും അനുസരിച്ചാണ്. അതു ഒരു ഗുരുവിനു മാത്രമേ ശരിയായി അറിയുള്ളു.  ഗുരുവിന്‍റെ വാക്കുകള്‍ അക്ഷരം പടത്തി അനുസരിക്കുന്നവര്‍ക്ക് ഫലം പ്രത്യക്ഷത്തില്‍ കാണാം. 
     രാജനു സത്യം മനസ്സിലായി. അയാള്‍ ലജ്ജിച്ചു തല കുനിച്ചു. മന്ത്രിയോട് മാപ്പ് അപേക്ഷിച്ചു. പിന്നീട് അഹങ്കാരം വിട്ടു ഒരു സദ്ഗുരുവിനെ ആശ്രയിച്ചു മന്ത്ര ഉപദേശം നേടുകയും ചെയ്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  
ബദരികാശ്രമം
ഭക്തിരഹസ്യം
         രാധേകൃഷ്ണാ!  കഴിഞ്ഞ ലക്കത്തില്‍ അര്‍ജ്ജുനന്‍ സുഭദ്രയ്ക്ക് വേണ്ടി കൃഷ്ണനോടു കൂടെ ഏറ്റു മുട്ടി ഗന്ധര്‍വനെ രക്ഷിക്കാം എന്നു വാക്കു കൊടുത്തത് നാം വായിച്ചു. വളരെ നേരം ചിന്തിച്ചതിനു ശേഷം എല്ലാം കൃഷ്ണ സങ്കല്‍പം തന്നെ എന്നു മനസ്സില്‍ ഉറച്ചു വരുന്നത് എന്തായാലും അതു അനുഭവിക്കാം എന്നു തീരുമാനിച്ചു. അര്‍ജ്ജുനനു അറിയാം കൃഷ്ണന്‍റെ സങ്കല്‍പം ഇല്ലാതെ ഒന്നും തന്നെ സംഭവിക്കുകയില്ല എന്നു !  നാരദരും അര്‍ജ്ജുനനെ സമാധാനിപ്പിച്ചു. ഭഗവാന്‍ ഭക്ത വത്സലനാണ്. തന്‍റെ ഭക്തനെ ഒരിക്കലും തോല്‍ക്കാന്‍ അനുവദിക്കില്ല എന്നു പറഞ്ഞു.  അര്‍ജ്ജുനന്‍ സത്യ പരിപാലനത്തിനായി യുദ്ധത്തിനു തയ്യാറായി.  പാണ്ഡസഹോദരന്മാര്‍ ഇതറിഞ്ഞു ആദ്യം അര്‍ജ്ജുനനെ എതിര്‍ത്ത്. പക്ഷേ നാരദര്‍ ഇടപെട്ടു അര്‍ജ്ജുനനെ തുണയ്ക്കേണ്ടത് അവരുടെ ധര്‍മ്മമാണെന്നു പറഞ്ഞു മനസ്സിലാക്കി.   
    ഇതിനിടയില്‍ നാരദര്‍ ദുര്യോധനനെ ചെന്നു കണ്ടു. അയാളുടെ ശത്രുവായ അര്‍ജ്ജുനന്‍ കൃഷ്ണനെ യുദ്ധത്തില്‍ എതിരിടുന്ന വിഷയം അറിയിച്ചു. ദുര്യോധനന് ആശ്ചര്യവും ഒപ്പം ആഹ്ലാദവും തോന്നി.  പാണ്ഡവന്‍മാരുടെ  ബലം എങ്ങനെയായാലും കുറയും എന്നു സമാധാനിച്ചു. കൃഷ്ണന്‍ തോറ്റാലും പാണ്ഡവന്മാര്‍ക്ക് ക്ഷീണമാണ്. അഥവാ അര്‍ജ്ജുനന്‍ തോറ്റാലും തഥൈവ! അയാളും യുദ്ധം കാണാന്‍ ഉത്സാഹത്തോടെ തിരിച്ചു.  മുപ്പതു മുക്കോടി ദേവന്മാരും, സകല ഋഷികളും  ഈ യുദ്ധം കാണാന്‍ അവിടെ എത്തി. ഭഗവാനും ഭക്തനും തമ്മില്‍ യുദ്ധം! അതിന്‍റെ അവസാനം എന്തായിരിക്കും എന്നു അവര്‍ക്കു മനസ്സിലായില്ല. 
     അര്‍ജ്ജുനന്‍ ശരം കൊണ്ടൊരു കൂടാരം നിര്‍മ്മിച്ച്‌ ഗന്ധര്‍വ്വനെ അതില്‍ സ്വസ്ഥമായി ഇരുത്തി.  യുദ്ധം ആരംഭിച്ചു. പാണ്ഡവന്മാരും കൃഷ്ണ പുത്രന്മാരും തമ്മില്‍ ഏറ്റു മുട്ടി. കൃഷ്ണനും അര്‍ജ്ജുനനും തമ്മില്‍ യുദ്ധം ചെയ്തു.  ശരങ്ങള്‍ കണക്കില്ലാതെ പായുകയാണ്. ബലരാമന്‍ ഉള്‍പ്പെടെ കൃഷ്ണ പക്ഷത്തുള്ളവര്‍ക്ക് എല്ലാം പരിക്കേല്‍ക്കുന്നുണ്ട്.  അതേ പോലെ ഇങ്ങേ തലയ്ക്കല്‍ യുധിഷ്ടിരര്‍ക്കും, മറ്റുള്ളവര്‍ക്കും ശരം ഏറ്റു മുറിയുന്നുണ്ടു. എന്നാല്‍ ഏല്ലാവര്‍ക്കും അത്ഭുതം ഏകിക്കൊണ്ടു കൃഷ്ണന്‍ അയയ്ക്കുന്ന ബാണങ്ങള്‍ ഒക്കെ അര്‍ജ്ജുനന്റെ കഴുത്തില്‍ മാലകലായി വീണുകൊണ്ടിരുന്നു. അതേ പോലെ അര്‍ജ്ജുനന്‍ അയയ്ക്കുന്ന ബാനങ്ങളൊക്കെ കൃഷ്ണന്‍റെ ചരണങ്ങളില്‍ പുഷ്പങ്ങളായി വന്നു വീണു കൊണ്ടിരുന്നു. നാരദര്‍ ഇതു കണ്ടു ഭഗവാന്‍റെ അടുതെത്തി. എന്നിട്ട് ഭഗവാനോട് ഇതു എന്തു വിനോദമാണ്‌ നടക്കുന്നതെന്നും, യുദ്ധം എന്നു പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികളാക്കുകയാണോ എന്നു ചോദിച്ചു. സന്ധ്യ അടുക്കുകയാണ്. കൃഷ്ണന്‍ കാലവ മഹര്‍ഷിക്ക് വാക്കു കൊടുത്ത പോലെ സന്ധ്യയ്ക്ക് മുന്‍പു  ഗന്ധര്‍വനെ വധിക്കണ്ടെ എന്നു ചോദിച്ചു. 
      ഭഗവാന്‍ അതിനു താന്‍ നിസ്സഹായനാനെന്നും അര്‍ജ്ജുനന്‍ ഓരോ ബാണം എയ്യുംപോഴും കൃഷ്ണാ! കൃഷ്ണാ! എന്നുരുവിട്ടു കൊണ്ടു എയ്യുന്നു എന്നും അതു കൊണ്ടു ആ ബാണങ്ങള്‍ പുഷ്പങ്ങളായി തന്‍റെ ചരണങ്ങളില്‍ പതിയ്ക്കുന്നു എന്നും പറഞ്ഞു. അതേ പോലെ  ഭഗവാന്‍ ഭക്തന്‍റെ മേല്‍ അയയ്ക്കുന്ന ശരങ്ങള്‍ പുഷ്പ മാലകളായി  തീരുന്നു. നാമ ജപത്തിന്റെ ശക്തി അത്ര മാത്രമാണ്. നാമം ജപിച്ചു കൊണ്ടു പാപം ചെയ്താല്‍ പോലും അതും ഭഗവത് അര്‍പ്പണമായി മാറും. അര്‍ജ്ജുനന്‍ നാമം ജപിച്ചു കൊണ്ടു അയയ്ക്കുന്ന ബാണങ്ങള്‍ ഭഗവാനെ പോലും തോല്‍പ്പിച്ചു കളഞ്ഞു. ഭഗവാനു ഭക്തന്‍റെ മുമ്പില്‍ തോല്‍ക്കാതെ വയ്യാതായി. ഭഗവാന്‍ അയയ്ക്കുന്ന ബാണങ്ങള്‍ അര്‍ജ്ജുനന്റെ നാമ ജപത്തിന്റെ ബലത്താല്‍ പുഷ്പ ശരങ്ങളായി മാറുകയാണ്.  
     നാരദ മഹര്‍ഷിക്ക് ഇതു കേട്ടു ആനന്ദം  ഉണ്ടായി. നാമത്തിന്റെ മാഹാത്മ്യത്തെ ലോകത്തിനു കാട്ടികൊടുക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്? ഭഗവാന്‍ അര്‍ജ്ജുനനെ എവിടെയെല്ലാം അടിച്ചുവോ ആ അവയവങ്ങളെല്ലാം തന്നെ കൃഷ്ണാ കൃഷ്ണാ എന്നുരുവിട്ടു കൊണ്ടു അതിനെ എതിരേറ്റു.  അര്‍ജ്ജുനന്‍ പോലും ഇതുകണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ്. എല്ലാവരും  യുദ്ധം നിറുത്തി വെച്ചു ഈ അത്ഭുതം കണ്ടു കൊണ്ടു നിന്നു. ഇതു പോലെയാകണം നാമജപം. ശരീരത്തെ വെട്ടി മുറിച്ചിട്ടാല്‍ പോലും ഓരോ അവയവവും കൃഷ്ണാ കൃഷ്ണാ എന്നു മന്ത്രിക്കണം. അത്രയ്ക്ക് നാമം രക്തത്തില്‍ ഓടണം. നാമജപം എന്നത് സ്വഭാവം ആകണം! അര്‍ജ്ജുനന്‍ അതിനു ഒരു ഉദാഹരണമായി നിന്നു. എല്ലാവരും കണ്ണുകളില്‍ ആനന്ദബാഷ്പത്തോടെ അര്‍ജ്ജുനനെ നോക്കി നിന്നു. 
     നാരദര്‍ ഭഗവാനെ വീണ്ടും തന്‍റെ ശപഥത്തെ കുറിച്ചു ഓര്‍മ്മിപ്പിച്ചു.  അര്‍ജ്ജുനനോട് ഭക്ത വാത്സല്യം നല്ലതാണ്. അതേ നേരം  മറ്റൊരു ഭക്തനായ കാലവ മഹര്‍ഷിയുടെ വാക്കു പാലിക്കേണ്ട കടമ ഭഗവാനു ഉണ്ട്. ഇപ്പോള്‍ സമയം സന്ധ്യയോടെ അടുക്കുന്നു. ഗന്ധര്‍വനെ വധിക്കേണ്ട സമയമായി എന്നു പറഞ്ഞു. ഭഗവാന്‍ ഉടനെ ശരി എന്നു പറഞ്ഞു തന്‍റെ ചക്രായുധം എടുത്തു പ്രയോഗിച്ചു. അതു അര്‍ജ്ജുനന്റെ ശരക്കോട്ടയെ  തകര്‍ത്തുകൊണ്ടു അകത്തു പ്രവേശിച്ചു ഗന്ധര്‍വനെ വധിച്ചു. അങ്ങനെ യുദ്ധം അവസാനിച്ചു. അര്‍ജ്ജുനന്‍ ശപഥം പാലിക്കാന്‍ സാധിക്കാത്തത് കൊണ്ടു ശരീരം ത്യജിക്കാന്‍ തീരുമാനിച്ചു.  കാലവ മഹര്‍ഷി ഉടനെ ഭഗവാന്‍റെ അടുത്തെത്തി. 'ഭഗവാനെ ഇതാന്യായമാണ്! അങ്ങ് പാവം അര്‍ജ്ജുനനെ ഇങ്ങനെ പരീക്ഷിക്കരുത്!' എന്നു പറഞ്ഞു.
ഭഗവാന്‍ ഉടനെ 'അങ്ങ് ആവശ്യപ്പെട്ട കൊണ്ടല്ലേ ഞാന്‍ ഇതൊക്കെ ചെയ്തത്?' എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി "ഞാന്‍ ഗന്ധര്‍വനെ വധിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്. പാണ്ഡവന്മാരോടു എനിക്കു ഒരു വിരോധവും ഇല്ല. വെറുതെ അര്‍ജ്ജുനന്റെ ജീവിതം ഇല്ലാതാക്കരുത്!' എന്നു പറഞ്ഞു.  മഹര്‍ഷിയുടെ വാക്കു പാലിക്കാനായി ഗന്ധര്‍വനെ വധിച്ചു കഴിഞ്ഞല്ലോ ഇനി ഭഗവാന്‍ അര്‍ജ്ജുനന്‍ എന്ന ഭക്തന്‍റെ വാക്കും പാലിക്കണം എന്നപേക്ഷിച്ചു. ഗന്ധര്‍വനു ജീവന്‍ തിരികെ നല്‍കണം എന്നു പറഞ്ഞു. നാരദരും ഭഗവാനോട് ഭാക്തന്റെ മഹിമയും ഭഗവാന്‍റെ കാരുണ്യവും പ്രകടനമാക്കാനാണ് ഈ ലീല നടന്നതെന്നും അതുകൊണ്ടു എല്ലാം ശുഭ പര്യവസായിയാക്കണം എന്നു പറഞ്ഞു. ഭഗവാന്‍ ഗന്ധര്‍വനെ ജീവിപ്പിച്ചു. അര്‍ജ്ജുനന്‍ ആനന്ദ കണ്ണീരോടെ ഭഗവാന്‍റെ കാല്‍ക്കല്‍ വീണു. ഭഗവാന്‍ അര്‍ജ്ജുനനെ എടുത്തു ഇറുകെ ആലിംഗനം ചെയ്തു. ഭഗവാന്‍റെ കൈക്കുള്ളില്‍ അര്‍ജ്ജുനനും അര്‍ജ്ജുനന്റെ കൈക്കുള്ളില്‍ ഭഗവാനും അടങ്ങി. എല്ലാവരും ഈ കാഴ്ച കണ്ടു ആനന്ദിച്ചു - ഒരേയൊരാള്‍ ഒഴികെ. അതേ! ദുര്യോധനന്‍ മാത്രം ഇളിഭ്യനായി തിരികെ പോയി! അര്‍ജ്ജുനന്റെ നാമജപത്തിന്റെ മാഹാത്മ്യം മനസ്സിലാക്കി നമ്മളും അതു പോലെ നാമജപം ചെയ്യണം. നാമത്തില്‍ സംശയമില്ലാത്ത വിശ്വാസം വേണം. ഭഗവാന്‍ അവരെ വഴി നടത്തും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം 42 (തുടര്‍ച്ച)
       ജീവന്‍ ഒരു ശരീരം സ്വീകരിച്ചു ആ ശരീരത്തിന് അനുസരിച്ചുള്ള സുഖ ഭോഗങ്ങള്‍ അനുഭവിച്ചു ആ മായയില്‍ മയങ്ങുന്നു. ഈ സുഖ ഭോഗങ്ങളൊക്കെ ശാശ്വതമാണെന്ന ധാരണയില്‍ അവയുടെ പിറകെ ഓടുന്നു. പക്ഷേ അവയ്ക്കൊക്കെ ഒരു പരിധി വരെ മാത്രമേ ആനന്ദം നല്‍കാന്‍ സാധിക്കു എന്നു പാവം ജീവന്‍ അറിയുന്നില്ല.  കരുണാ സാഗരനായ ഭഗവാന്‍ തക്ക സമയത്തില്‍ അതിനെ ഉണര്‍ത്തി ശാശ്വതമായ ആനന്ദ മാര്‍ഗ്ഗത്തിലേക്ക് തിരിച്ചു വിടുന്നു. 
        ത്രികൂട മലയില്‍ വാണിരുന്ന ഗജേന്ദ്രനും ഒരു ദുഃഖം സംഭവിച്ചപ്പോള്‍ മാത്രമാണ് ലൌകീക സുഖ ഭോഗങ്ങള്‍ക്ക് ആനന്ദം നല്‍കാനുള്ള പരിമിതി മനസ്സിലായത്‌. ഇത്രയും കാലം തനിക്കു സുഖം തന്നിരുന്ന തടാകം അവിടെ ഉണ്ടായിരുന്നു. അതില്‍ ധാരാളം ജലവും പൂക്കളും ഉണ്ടായിരുന്നു. അവന്‍റെ പ്രിയപ്പെട്ട ബന്ധുക്കള്‍ എല്ലാവരും സമീപം ഉണ്ടായിരുന്നു. എന്നാല്‍  മുതല കാലില്‍ പിടിച്ച സമയം ഇവയ്ക്കൊന്നും ആനന്ദം നല്‍കാന്‍ സാധിച്ചില്ല. ആയിരം കൊല്ലം മുതലയോടു പോരാടി നോക്കി.
       ആ സംഭവം ഗജേന്ദ്രന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അയാള്‍ അപ്പോഴാണ്‌ ഭഗവാനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. ഇനിയെങ്കിലും ശാശ്വതമായ ആനന്ദത്തിനാധാരമായ ഭഗവാനെ ആശ്രയിക്കണം എന്നു അയാള്‍ മനസ്സിലാക്കി. എത്രയോ ദേവതമാര്‍ ഉള്ളപ്പോള്‍ അവരെ ആശ്രയിക്കണം എന്നു അയാള്‍ക്ക്‌ തോന്നിയില്ല. പരമമായ വസ്തുവിനെ തന്നെ പിടിക്കണം എന്നു അയാള്‍ നിശ്ചയിച്ചു. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനായ ഭഗവാന്‍ തന്നെ എല്ലാര്‍ക്കും ആശ്രയം എന്നു മനസ്സിലാക്കി.  
       എന്തു പ്രശ്നം വന്നാലും രാജാധി രാജന്‍, ദേവാദി ദേവനായ ഭഗവാനെ തന്നെ ആശ്രയിക്കണം. ഭഗവാന്‍റെ താഴെയുള്ള ഇതര ദേവതമാരെ ആശ്രയിച്ചു പ്രയോജനം ഇല്ല. ഗോപന്മാര്‍ക്ക് ഈ സത്യം അറിയാമായിരുന്നു. അതു കൊണ്ടാണ് ഇന്ദ്രന്‍ നിറുത്താതെ മഴ പെയ്യിച്ചപ്പോള്‍ അവര്‍ ഭഗവാനെ തന്നെ ശരണം പ്രാപിച്ചത്. അവര്‍ക്കു വേണമെങ്കില്‍ ഇന്ദ്രനോട് പ്രാര്‍ത്ഥിക്കാമായിരുന്നു. പക്ഷേ അവര്‍ അങ്ങനെ ചെയ്തില്ല. 
         ഗജേന്ദ്രനു അതു പോലെ ബുദ്ധി ഉദിച്ചു. 'ആദി ബീജായ" എന്നു വിളിച്ചു. ശരീരം തളര്‍ന്നപ്പോള്‍ ഭഗവാനല്ലാതെ മറ്റാരും തന്നെ രക്ഷിക്കാന്‍ വരില്ല എന്നു തോന്നി. അങ്ങനെ അവസാനം ഭഗവാനെ ശരണം പ്രാപിച്ചു. അതാണ്‌ ഗജേന്ദ്രന്റെ വിജയം! കുറുക്കു വഴികള്‍ ഒന്നും ഇല്ലാതെ നേരെ ഭഗവാനെ പിടിച്ചു! എന്തായാലും ഭഗവാനെ വിളിക്കുന്ന കൂട്ടത്തില്‍ ഇന്ദ്രന്‍, ശനീശ്വരന്‍, വരുണന്‍ രുദ്രന്‍ തുടങ്ങി വേറെ രണ്ടു ദൈവങ്ങളെ കൂടി വിളിച്ചു കളയാം എന്നൊന്നും ഗജേന്ദ്രനു തോന്നിയില്ല. യാതൊരു സംശയവുമില്ലാത്ത ഗജേന്ദ്രന്റെ വിളി വൈകുണ്ഠമ് വരെ പ്രതിധ്വനിച്ചു. സകല ലോകങ്ങളിലും ഇതു കേട്ടു.  ഇന്ദ്രന്‍ തുടങ്ങിയ ദേവതകളൊക്കെ ഇതു ശ്രദ്ധിച്ചു.  ഗജേന്ദ്രന്‍ ഭഗവാനെ വിളിച്ചത് കൊണ്ടു ഭഗവാന്‍ ഉടനെ അയാളെ രക്ഷിക്കുമോ എന്നു നോക്കി. ഗജേന്ദ്രന്റെ ആ ഒരു വിളി ഭഗവാനെ ഉടനെ അവിടെ പ്രത്യക്ഷപ്പെടുത്തി.  താന്‍ രക്ഷിക്കും എന്ന പൂര്‍ണ്ണ വിശ്വാസത്തോടെയാണ് ഗജേന്ദ്രന്‍ വിളിക്കുന്നത്‌.  അപ്പോള്‍ ഭഗവാനു അയാളെ രക്ഷിക്കാതെ ഗത്യന്തരമില്ലാതായി. വിശ്വം മുഴുവനും ഇതു ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഭഗവാന്‍ രക്ഷിച്ചില്ലെങ്കില്‍ അതു ഭഗവാനു തന്നെയാണ് മോശം! 
       ഭഗവാന്‍ ചാടി എഴുന്നേറ്റു. വഴുതിപ്പോകുന്ന ഉത്തരീയത്തെ പോലും ശ്രദ്ധിക്കാതെ ഗജേന്ദ്രന്റെ അടുത്തു എത്താന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍റെ സേവയില്‍ സദാ ജാഗരൂകനായിരിക്കുന്ന വൈനതേയന്‍ ഉടന്‍ മുന്നില്‍ വന്നു നിന്നു. ഭഗവാന്‍ ഗരുഡന്റെ  പുറത്തു കയറി വേഗത്തില്‍ ഗജേന്ദ്രന്റെ അടുത്തു വന്നു.  ഭഗവാനു ഭക്തനെ കാണാന്‍ അത്ര തിടുക്കമാണ്! തളര്‍ന്നു നിന്ന ഗജേന്ദ്രന്‍ ദൂരെ നിന്നും ഭഗവാന്‍ ഗരുഡന്റെ പുറത്തു കയറി പറന്നു വരുന്നത് കണ്ടു.  ഹൃദയം തളിതമായി ഭഗവാനു എന്തെങ്കിലും അര്‍പ്പിക്കണം എന്നു തോന്നി. തടാകത്തില്‍ പൂത്തു നിന്ന ഒരു താമര തന്‍റെ തുമ്പിക്കൈ കൊണ്ടു പറിച്ചു അതു അര്‍പ്പിച്ചു. ദൂരെ നിന്നു തന്നെ ഭഗവാന്‍ അതു പിടിച്ചെടുത്ത്. ഇപ്പോഴും തന്‍റെ കൈയില്‍ വിടാതെ വെച്ചിരിക്കുകയാണ് അതിനെ!
        ഗജേന്ദ്രന്റെ അരികില്‍ എത്തിയ ഭഗവാന്‍ ആദ്യം അവനെ പിടിച്ചിരുന്ന മുതലയെ ചക്രം കൊണ്ടു അറുത്തു കളഞ്ഞു. ശാപം മൂലം മുതലയായി തീര്‍ന്ന ഹുഹു എന്ന ഗന്ധര്‍വനു ആ ശരീരത്തില്‍ നിന്നും മോചനം ലഭിച്ചു. അതേ സമയം ഗജേന്ദ്രനു സാരൂപ്യ മുക്തിയും നല്‍കി അനുഗ്രഹിച്ചു. 
      ഗജേന്ദ്രനെ പോലെ താന്‍ ഒരിക്കലും വൈത്ത മാനിധി പെരുമാളെ വിളിച്ചിട്ടില്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. തനിക്കു ഇവിടെ ഇരിക്കാനുള്ള അര്‍ഹത ഉണ്ടോ? അവള്‍ പറഞ്ഞത് കേട്ടു രാമാനുജര്‍ ചിരിച്ചു. രാധേകൃഷ്ണാ!