Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, September 13, 2010

പ്രേമവേദം സെപ്റ്റംബര്‍ -10

Posted by VEDHASAARAM

 ശ്രീമാന്നാരായണീയം
തത്രാസൗ ത്രിഗുണാത്മകോപി ച മഹാന്‍ 
സത്വപ്രധാനഃ സ്വയം 
ജീവേസ്മിന്‍ ഖലു നിര്‍വികല്പമഹമി-
ത്യുദ്ബോധനിഷ്പാദകഃ 
ചക്രേസമിന്‍ സവികല്പബോധക മഹ-
ന്തത്വം മഹാന്‍ ഖല്വസൗ 
സമ്പുഷ്ടം ത്രിഗുണൈസ്തമോതി ബഹുലം
വിഷ്ണോ! ഭവത് പ്രേരണാത്.
                          (ദശഃ 5  ശ്ളോഃ 5 )
          മായാ സമൂഹത്തില്‍ പെട്ട മഹത്തത്വം   ത്രിഗുണാതമകമാണെങ്കിലും സത്വഗുണ പ്രധാനമാണ്‌. ഇതു ജീവാത്മാക്കളെ നിശ്ചേതനരാക്കി അവരില്‍ ഞാനെന്ന ബോധം ഉണ്ടാക്കുന്ന പ്രേരക ശക്തിയാകുന്നു. ഹേ വിഷ്ണു ഭഗവാനേ! അങ്ങയുടെ പ്രേരണയാല്‍ ഈ മഹത്തത്വം ത്രിഗുണ സമ്പുഷ്ടമാണെങ്കിലും അധിക പങ്കും താമോ ഗുണമുള്ള ജീവാത്മാവില്‍ വിഭിന്ന ധര്‍മ്മാരോപമുണ്ടാക്കാന്‍ വേണ്ടി അഹം തത്ത്വത്തെ സൃഷ്ടിച്ചു. 
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
     രാധേകൃഷ്ണാ! നിങ്ങള്‍ യാത്രാ മദ്ധ്യേ ഒരു മുടന്തനെ കാണുന്നു. അയാള്‍ എത്ര മാത്രം ബുദ്ധി മുട്ട് അനുഭവിക്കുന്നു എന്നു നിങ്ങള്‍ നേരിട്ട് തന്നെ കാണുന്നു. ചിലപ്പോള്‍ ഒരു കുരുടനെ കാണുന്നു. അയാള്‍ക്ക് കാഴ്ച ശക്തി ഇല്ലാതെ എത്ര കഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കുന്നു. ഒരിക്കല്‍ ഒരു ബധിര മൂകനെ കാണുന്നു. അയാള്‍ക്ക്‌ ശബ്ദങ്ങളുടെ ലോകം തന്നെ അന്യമാണ്. അയാളുടെ മനസ്സില്‍ ഉള്ളതൊന്നും അയാള്‍ക്ക്‌ പുറത്തു പറയാനും സാധ്യമല്ല എന്നറിയുന്നു. ഉടനെ തന്നെ ഭഗവാന്‍ കൃഷ്ണനു നിങ്ങള്‍ നന്ദി പറയുക. ഭഗവാന്‍റെ കാരുണ്യം കൊണ്ടല്ലേ നിങ്ങള്‍ക്ക് നടക്കാന്‍ കാലുകള്‍ ഉള്ളത്, കാണാന്‍ സാധിക്കുന്നത്, സംസാരിക്കാന്‍ സാധിക്കുന്നത്, കേള്‍ക്കാന്‍ സാധിക്കുന്നത്! എത്ര കോടി നന്ദി പറഞ്ഞാല്‍ മതിയാവും! നിങ്ങള്‍ ഭഗവാനു വേണ്ടി ചെയ്യേണ്ടതു ഇത്ര മാത്രം... തുടര്‍ച്ചയായ നാമജപം! ഭഗവാനു സന്തോഷം നല്‍കുന്ന ഒരു കാര്യമാണത്! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം 
  വൈഷ്ണവ സമ്പ്രദായത്തില്‍ ഗുരുവിനു വളരെ ഉന്നതമായ ഒരു സ്ഥാനം നല്‍കിയിരിക്കുന്നു. ഗുരു ഭാഗവാനെക്കാള്‍ ഒരു പടി മേലെയാണെന്നാണ് അവരുടെ വിശ്വാസം. 
ആചാര്യഃ സ ഹരിഃ സാക്ഷാത് ചര രൂപി നാ സംശയ. ആചാര്യന്‍ ഭഗവാന്‍റെ ചരിക്കുന്ന രൂപം എന്നാണു വിശ്വാസം. ക്ഷേത്രത്തില്‍ ശിലാ രൂപമായ ഭഗവാന്‍ നമ്മുടെ അരികില്‍ വരികയില്ല, സംസാരിക്കുകയില്ല. എന്നാല്‍ ആചാര്യന്‍ നമ്മേ തേടി എത്തി അനുഗ്രഹിക്കുന്നു. എന്തു കൊണ്ടും ആചാര്യന്‍ ഭഗവാനെക്കാള്‍ ശ്രേഷ്ടമാണ്. ഗുരു ഗീതയില്‍ പരമേശ്വരന്‍ പാര്‍വതിക്ക് ഗുരുവിന്‍റെ മാഹാത്മ്യത്തെ കുറിച്ചു പറയുന്നു. സ്കാന്ത പുരാണത്തില്‍ ഈ ഗ്രന്ഥം കാണപ്പെടുന്നു. അതിലെ ഒരു വാക്യം ശ്രദ്ധിക്കുക :-
ജപം തപോ വ്രതം തീര്‍ത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സര്‍വം വ്യര്‍ത്ഥം ഭവേത് പ്രിയേ.
         പലരും എത്രയോ ജപങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ എന്തു കൊണ്ടോ സിദ്ധിയാകുന്നില്ല. ചിലര്‍ കഠിനമായ തപസ്സ് ചെയ്യുന്നുണ്ട്. അതിനും വലിയ ഫലം ലഭിക്കുന്നില്ല. ചിലര്‍ എത്രയോ ഉപവാസങ്ങള്‍ പാലിക്കുന്നു. അതൊക്കെ കൊണ്ടു ശരീരം ക്ഷീണിക്കുന്നതല്ലാതെ ആത്മാവിനു ശാന്തി ഒന്നും ലഭിക്കുന്നില്ല. ചിലരോ ക്ഷേത്രാടനം പോകുന്നു. വിവിധ തീര്‍ത്ഥങ്ങളിലും സ്നാനം ചെയ്യുന്നു. എന്നിട്ടും സംസാര ദുഃഖങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നില്ല. എന്നാല്‍ ചിലര്‍ വിവിധ ഹോമങ്ങള്‍ യജ്ഞങ്ങള്‍ തുടങ്ങിയവ ചെയ്യുന്നു. അവയൊക്കെ താല്‍ക്കാലിക സമാധാനം മാത്രം നല്‍കുന്നു. വീണ്ടും അടുത്ത പ്രശ്നം ഉദിക്കുന്നു.  ചിലര്‍ ദാനം ചെയ്യുക എന്ന മാര്‍ഗ്ഗം അവലംബിക്കുന്നു. അന്നദാനം, വസ്ത്രദാനം ഭൂമി ദാനം തുടങ്ങി എന്തൊക്കെയോ ചെയ്യുന്നു. അവര്‍ക്കും പൂര്‍ണ്ണ സംതൃപ്തി എന്നത് കിട്ടുന്നില്ല. അപ്പോള്‍ ഇവയ്ക്കൊക്കെ എന്തുകൊണ്ട് പ്രയോജനം ലഭിക്കുന്നില്ല? ഗുരു തത്വം അവിജ്ഞായ - ഗുരു തത്വം മനസ്സിലാക്കാതെ ഇതൊക്കെ ചെയ്താലും പ്രയോജനം ഇല്ല.  ഒരു ഗുരു ഇല്ലാതെ ഭഗവത് ഭക്തിയോ, ജ്ഞാനമോ, ഭഗവത് ഭക്തിയോ ലഭിക്കില്ല. കാരണം ഗുരുവാണ് ഒരു ജീവന്‍റെ ഉള്ളില്‍ ഇവയുടെ വിത്ത് പാകുന്നത്. 
          പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വ്യാസര്‍ എന്ന മഹാന് മനസ്സിന് ശാന്തി ലഭിച്ചില്ല. എന്തോ ഒരു ദുഃഖം അദ്ദേഹത്തെ അലട്ടിയിരുന്നു. അപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ എത്തി അദ്ദേഹത്തിന്‍റെ മനശ്ശാന്തിക്ക് വഴി കാണിച്ചു തരുന്നു. ഗുരു കൃപ കൊണ്ടു ഉണ്ടായ ഒരു ഗ്രന്ഥമാണ് ശ്രീമദ്‌ ഭാഗവതം. അതു കൊണ്ടാണ് അതു കേള്‍ക്കുന്നതും വായിക്കുന്നതും അത്ര വിശേഷ ഫലം നല്‍കുന്നത്. രത്നാകരന്‍ എന്ന കൊള്ളക്കാരന്‍ നാരദര്‍ എന്ന സദ്ഗുരുവിന്റെ അനുഗ്രഹത്താല്‍ രചിച്ച ഗ്രന്ഥമാണ് രാമായണം. അതു കൊണ്ടാണ് അതു ലോകോത്തര നിലവാരത്തിലേക്കു ഉയര്‍ന്നത്. 
        ഒരു പെണ്‍കുട്ടിക്ക് പാചകം പഠിക്കാണമെങ്കില്‍  അമ്മ എന്നൊരു ഗുരു ആവശ്യമായി വരുന്നു. അതു പോലെ ലൌകീകമായ ഏതു കാര്യത്തിനും ഒരു ഗുരു വേണം. എന്നിരിക്കെ ആത്മാവിന്‍റെ ഉന്നതിക്ക് ഗുരുവിന്‍റെ ആവശ്യകതയേ പറ്റി എടുത്തു പറയണ്ട കാര്യം ഉണ്ടോ? ഓരോ ജീവനും ഏതു മന്ത്രമാണ് നല്ലത് എന്നറിഞ്ഞു അതു ഉപദേശിക്കുന്നു. ധ്രുവന് ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം കൊടുത്ത അതേ ഗുരു പ്രഹ്ലാദനു 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം ഉപദേശിച്ചു. രത്നാകരന്‍ എന്ന വേടനു  രാ‍മ നാമമാണ് നല്ലത് എന്നു പറഞ്ഞു കൊടുത്തു. അതു ജപിച്ചു അയാള്‍ വാല്മീകി മഹര്‍ഷിയായി, വിശ്വോത്തരമായ ഒരു കാവ്യം രചിച്ചു. രാമായണവും, ഭാഗവതവും ഗുരു കൃപ കൊണ്ടു ഉണ്ടായതാണ്! 
     ഓരോ ജീവനും ഏതു മന്ത്രമാണ് ഉപദേശിക്കണ്ടതു എന്നു ഒരു സദ്‌ഗുരുവിനു മാത്രമേ അറിയു. അല്ലാതെ സ്വയം ജപം ചെയ്താല്‍ എത്ര കാലമായാലും സിദ്ധിക്കില്ല. ഗുരു  ഇല്ലാതെ സ്വയം ജപം ചെയ്യാന്‍ തുനിഞ്ഞ ഒരു  രാജന്‍റെ കഥ നമുക്ക് അടുത്ത ലക്കത്തില്‍ കാണാം! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 ഭക്തിരഹസ്യം 
അര്‍ജ്ജുന ഭക്തി - 4
       രാധേകൃഷ്ണാ! നാരദരുടെ ഇടപെടല്‍ മൂലം സുഭദ്രാദേവി തന്നെ ആശ്രയിക്കുന്നവരാരായാലും അവര്‍ക്കു പ്രാണ ഭിക്ഷ നല്‍കാം എന്നു സത്യം എടുത്തത്‌ കഴിഞ്ഞ ലക്കത്തില്‍ നാം വായിച്ചു. ഒന്നും അറിയാതെ പാവം സുഭദ്ര നാരദര്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ ഉച്ചരിക്കുകയായിരുന്നു. ഉടനെ തന്നെ നാരദര്‍ വിരല്‍ ഒന്ന് ഞൊടിച്ചു. അല്പം ദൂരെ മാറി നിന്ന ഗന്ധര്‍വന്‍ ഉടനെ തന്നെ സുഭദ്രയുടെ മുന്നിലേയ്ക്ക് ഓടി എത്തി. സുഭദ്രയുടെ കാലില്‍ വീണു. സുഭദ്ര അത്ഭുത പെട്ടു എന്താണെന്ന് അന്വേഷിച്ചു. ഉടനെ ഗന്ധര്‍വന്‍ അങ്ങ് എനിക്കു പ്രാണ രക്ഷ നല്‍കണം എന്നു അപേക്ഷിച്ചു. സുഭദ്ര അത്ഭുതപ്പെട്ടു. ത്രിലോക ഗുരുവായ നാരദര്‍ ഇന്നു തനിക്കു സങ്കല്‍പം ചൊല്ലി കൊടുത്തു.  ഉടനെ തന്നെ ഇതാ ഒരാള്‍ പ്രാണഭിക്ഷ യാചിച്ചു എത്തിയിരിക്കുന്നു! സന്തോഷത്തോടെ സുഭദ്രാ 'നാം വരം തന്നിരിക്കുന്നു' എന്നു പറഞ്ഞു. ഗന്ധര്‍വന്‍ സമാധാനത്തോടെ എഴുന്നേറ്റു.  
     ഇതു കണ്ടു നിന്ന നാരദര്‍ സുഭാദ്രയോടു 'അയ്യോ! മോളെ നീ എന്താ ചെയ്തത്?' എന്നു ചോദിച്ചു. സുഭദ്ര നാരദരോടു എന്താണ് കുഴപ്പം എന്നു ചോദിച്ചു. താന്‍ ഇയാള്‍ക്ക് പ്രാണ വരം അല്ലേ നല്‍കിയത്. അതില്‍ തെറ്റു ഉണ്ടോ എന്നു ചോദിച്ചു. ഉടനെ നാരദര്‍ 'സുഭദ്രേ  നിനക്കറിയില്ല! ഇന്നു അസ്തമനത്തിനു മുന്‍പു ഇയാളുടെ തല ഒരാള്‍ വെട്ടം എന്നു ശപഥം ചെയ്തിരിക്കുകയാണ്. അതരിയാതെയാണ് നീ അയാള്‍ക്ക്‌ രക്ഷ നല്‍കിയത് ' എന്നു പറഞ്ഞു. ഉടനെ സുഭദ്ര 'അത്രേയുള്ളോ! അതാരായാലും എനിക്കു പ്രശ്നമില്ല. ഞാന്‍ ഇയാളെ രക്ഷിക്കാം' എന്നു പറഞ്ഞു. ഉടനെ നാരദര്‍ 'സുഭദ്രേ നീ ആള്‍ ആരാണെന്ന് അറിഞ്ഞിട്ടാണോ ഈ പറയുന്നത്?' എന്നു ചോദിച്ചു. അതിനു ' ആരായാല്‍ എനിക്കു എന്താ? ഞാന്‍ ശ്രീകൃഷ്ണ സഹോദരി സുഭദ്രയാണ്. എനിക്കു കൊടുത്ത വാക്കു പാലിക്കാന്‍ സാധിക്കും' എന്നു മറുപടി പറഞ്ഞു. 
നാരദര്‍ കുറച്ചു മൌനം പാലിച്ചിട്ടു സുഭാദ്രയോടു 'നീ ഇപ്പോള്‍ ആരുടെ പേരു പറഞ്ഞു സത്യം ചെയ്തോ അതേ കൃഷ്ണന്‍ തന്നെയാണ് ഇയാളെ വധിക്കാം എന്നു ശപഥം ചെയ്തിരിക്കുന്നത്' എന്നു പറഞ്ഞു. 
     സുഭദ്രയ്ക്ക് തല കറങ്ങുന്ന പോലെ തോന്നി. 'നാരദരെ! ഇതു അങ്ങയുടെ വേലയാണോ? എനിക്കു ഇയാള്‍ സ്വമേധയാ വന്നതാണെന്ന് തോന്നുന്നില്ല. ഇതൊക്കെ അങ്ങയുടെ കൃത്രിമമാണ്‌ ' എന്നു പറഞ്ഞു. നാരദര്‍ 'സുഭദ്രേ ഇതില്‍ എനിക്കു എന്തു ചെയ്യാന്‍ കഴിയും. ഇതൊക്കെ യാദൃച്ചയാ നടന്നതാണ്. നിന്‍റെ സമയം മോശമായത് കൊണ്ടാണ് നീ അങ്ങനെ ഒരു സത്യം അയാള്‍ക്ക്‌ ചെയ്തു കൊടുത്തത്' എന്നു പറഞ്ഞു.
സുഭദ്ര അതിനു 'സത്യം ചെയ്തു എന്നോതൊക്കെ ശരി തന്നെ പക്ഷേ ഞാന്‍ എന്‍റെ ജ്യേഷ്ഠനെ എതിര്‍ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല' എന്നു പറഞ്ഞു. നാരദര്‍ സുഭാദ്രയോടു അവള്‍ക്കു അങ്ങനെ ചെയ്യാന്‍ അധികാരമില്ലെന്നും. സത്യം ചെയ്താല്‍ അതു പാലിക്കപ്പെടേണ്ടതാണെന്നും പറഞ്ഞു. സുഭദ്ര വല്ലാത്ത ഒരു പ്രതി സന്ധിയില്‍ ആയി. വിവശയായി അവള്‍ നാരദരെ തന്നെ ശരണം പ്രാപിച്ചു. 'ഹേ! മഹാ മുനേ! എനിക്കു എന്‍റെ ജ്യേഷ്ഠനെ എതിര്‍ത്ത് യുദ്ധം ചെയ്യാന്‍ സാധ്യമല്ല. ഞാന്‍ ഈ സ്ഥിതിയില്‍ എന്താണ് ചെയ്യേണ്ടത് എന്നു എനിക്കു പറഞ്ഞു തരു' എന്നു ചോദിച്ചു. നാരദര്‍ അതിനു 'സുഭദ്രേ നിനക്കല്ലേ സത്യം പാലിക്കാന്‍ പറ്റാത്തത്. നിന്‍റെ സത്യം പാലിക്കേണ്ട കടമ നിന്‍റെ ഭര്‍ത്താവിനും ഇല്ലേ. അയാളോട് നീ ആവശ്യപ്പെടു' എന്നു പറഞ്ഞു കൊടുത്തു. 
സുഭദ്ര: നാരദരേ! എത്ര ദിവസമായി എന്‍റെ ജ്യേഷ്ടനും എന്‍റെ ഭര്‍ത്താവും അടികൂടണം എന്നു അങ്ങ് പദ്ധതി ഇട്ടിരുന്നു? എനിക്കു ഇതു കണ്ടു നില്‍ക്കാന്‍ ആകുമോ?' എന്നു ചോദിച്ചു.
നാരദര്‍: അതെന്താ സുഭദ്ര അങ്ങനെ പറയുന്നത്? ഞാന്‍ അങ്ങനെ ചെയ്യും എന്നു നിനക്കു തോന്നുന്നുണ്ടോ?
സുഭദ്ര:- അതൊക്കെ പോട്ടെ ഞാന്‍ ഇതു എങ്ങനെ അദ്ദേഹത്തെ കൊണ്ടു സമ്മതിപ്പിക്കും? അഥവാ അദ്ദേഹം സമ്മതിച്ചാല്‍ തന്നെ ഞാന്‍ ആരുടെ വിജയമാണ് കാംക്ഷിക്കേണ്ടതു? എനിക്കു എന്‍റെ ജ്യേഷ്ടനും ഭര്‍ത്താവും ഒരു പോലെ പ്രിയങ്കരമല്ലേ?
നാരദര്‍: മകളേ! ഒട്ടും വിഷമിക്കണ്ടാ! അരുതാത്തത് ഒന്നും നടക്കില്ല. നിന്‍റെ പ്രിയപ്പെട്ടവര്‍ രണ്ടു പേരും വിജയിക്കും.
  ഭഗവാനും ഭക്തനും തമ്മിലാണ് യുദ്ധം! അതില്‍ ആരു ജയിക്കും എന്നു ചോദിച്ചാല്‍ ഭഗവാനും ജയിക്കും ഭക്തനും ജയിക്കും. ഭഗവാന്‍ സര്‍വ ശക്തനാണ്. ഭഗവാന്‍റെ വിജയത്തില്‍ സംശയമേയില്ല. അതേ സമയം ഭക്തവല്‍സനുമാണ്. തന്‍റെ ഭക്തനെ തോല്‍ക്കാന്‍ അനുവദിക്കില്ല. ഇവര്‍ ഇരുവരും നര നാരയണന്മാരാണ്. സഹസ്രകവചന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അയാളെ വധിക്കാനായി രണ്ടു പേരും യുദ്ധം ചെയ്തു. നരന്‍ തപസ്സ് ചെയ്യുമ്പോള്‍ നാരായണന്‍ യുദ്ധം ചെയ്യും. നാരായണന്‍ തപസ്സ് ചെയ്യുമ്പോള്‍ നരന്‍ യുദ്ധം ചെയ്യും. അങ്ങനെ ആ അസുരന്റെ 999 കരങ്ങളും ചേദിച്ചു കഴിഞ്ഞ. ഇനി ഒരു കരം കൂടെ ബാക്കി ഉണ്ടു. ആ അസുരനാണ് കര്‍ണ്ണന്‍. ആ കര്‍ത്തവ്യത്തിനായിട്ടാണ് അവരിരുവരും ഇപ്പോള്‍ ഭൂമിയില്‍ നിന്‍റെ ജ്യേഷ്ഠനായും പതിയായും അവതരിച്ചിരിക്കുന്നത്. അവര്‍ ഒരിക്കലും തോല്‍ക്കില്ല' എന്നു സമാധാനം ചെയ്തു. 
സുഭദ്ര: അങ്ങ് പറയുന്നതൊക്കെ ശരി തന്നെ പക്ഷേ എന്‍റെ ഭര്‍ത്താവ് എന്തു പറഞ്ഞാലും ഭാഗവാനുമായിട്ടു യുദ്ധം ചെയ്യാന്‍ സമ്മതിക്കില്ലല്ലോ. അദ്ദേഹം അതിനായി എന്നെ വേണമെങ്കിലും ത്യാഗം ചെയ്യും. 
നാരദര്‍: അതിനു ഒട്ടും വിഷമിക്കണ്ടാ. വീട്ടില്‍ ചെന്നിട്ടു നീ കരഞ്ഞു കൊണ്ടു കിടന്നാല്‍ മാത്രം മതി. നിന്‍റെ ഭര്‍ത്താവ് നിന്‍റെ അരികില്‍ വന്നു കാരണം അന്വേഷിക്കും . അപ്പോള്‍ നീ ഒരാള്‍ക്ക്‌ പ്രാണ രക്ഷ സത്യം ചെയ്തു കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞാല്‍ മതി. ഉടനെ അര്‍ജ്ജുനന്‍ നിന്‍റെ പ്രതിജ്ഞ നിറവേറ്റാം എന്നു വാക്കു തരും. നീ അത്ര മാത്രം ചെയ്താല്‍ മതി. ബാക്കി ഞാന്‍ നോക്കികൊള്ളാം. 
      സുഭദ്ര  വീട്ടിലെത്തി കരഞ്ഞു വീര്‍ത്ത മുഖവുമായി നിലത്തു കിടന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ അന്വേഷിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു. സുഭദ്രയെ എഴുന്നേല്‍പ്പിച്ചു കാരണം അന്വേഷിച്ചു. ഉടനെ സുഭദ്ര താന്‍ അന്ന് ഒരാള്‍ക്ക്‌ പ്രാണ രക്ഷ നല്‍കാം എന്നു വാക്കു കൊടുത്തു എന്നും, പക്ഷേ അയാളെ ഇന്നു അസ്തമനത്തിനു മുന്‍പു മറ്റൊരാള്‍ വധിക്കും എന്നു ശപഥം അചെയ്തിട്ടുണ്ടെന്നും അതറിഞ്ഞത് മുതല്‍ എന്തു ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണെന്നും പറഞ്ഞു. ഉടനെ അര്‍ജ്ജുനന്‍ അവളോടു 'ഹോ ഇത്രയേയുല്ലോ? ഇതിനാണോ നീ കരയുന്നത്. കൃഷ്ണ സഖാവായ പാര്‍ത്ഥന്റെ പതിനിയാണ് നീ! ഒട്ടും വിഷമിക്കണ്ടാ. ആരു സത്യം ചെയ്താലും ഗന്ധര്‍വനെ ഞാന്‍ രക്ഷിച്ചു കൊളളാം! നിന്‍റെ സത്യം വൃഥാ പോവില്ല!' എന്നു പറഞ്ഞു. 
    ഉടനെ സുഭദ്ര പതുക്കെ നിലത്തു നിന്നും എഴുന്നേറ്റു. അര്‍ജ്ജുനന്‍ അവളോടു ഇയാളെ വധിക്കാം എന്നു ആരാണ് ശപഥം ചെയ്തിരിക്കുന്നത്? മഹാ ധീരനായ ഏതെങ്കിലും രാജണോ അതോ ദേവേന്ദ്രന്‍ തന്നെയാണോ? കൃഷ്ണനെ തോറ്റു ഞാന്‍ ഇതാ സത്യം ചെയ്യുന്നു അതാരാണെന്നു നീ പറയു' എന്നു ചോദിച്ചു. സുഭദ്ര നിലത്തു നിന്നും കണ്ണെടുക്കാതെ, താങ്കള്‍ ഇപ്പോള്‍ സത്യം ചെയ്തില്ലേ അതേ കൃഷ്ണന്‍ തന്നെയാണ്, എന്‍റെ ജ്യേഷ്ഠനായ കൃഷ്ണന്‍!' എന്നു പറഞ്ഞു. അര്‍ജ്ജുനനു ഇപ്പോള്‍ തല കറങ്ങുന്ന പോലെ തോന്നി. അദ്ദേഹം നിലത്തിരുന്നു പോയി. 'ഹാ! പ്രഭോ! ഞാന്‍ എന്താ ഈ ചെയ്തത്? സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി അങ്ങയ്ക്ക് എതിരെ യുദ്ധം ചെയ്യാന്‍ ഞാന്‍ വാക്കു കൊടുത്തല്ലോ! എത്ര നിന്ദ്യം! എല്ലാ സന്ദര്‍ഭങ്ങളിലും എന്‍റെ കൂടെ അന്തര്യാമിയായി ഇരുന്നു എന്നെ രക്ഷിച്ച എന്‍റെ പ്രഭുവിനെ എതിര്‍ത്ത് എനിക്കു യുദ്ധം ചെയ്യാനാവുമോ? എന്നോടു എത്ര സഖ്യ ഭാവത്തിലാണ് ഇരിക്കുന്നത്! സുഭദ്രേ! നിനക്കു എങ്ങനെ ഇതു ചെയ്യാന്‍ ധൈര്യം വന്നു? നീ തന്നെയാണോ ഇങ്ങനെ ഒരു വാക്കു കൊടുത്തത്?' എന്നു ചോദിച്ചു.
ഉടനെ സുഭദ്ര 'പ്രാണനാഥ! ഞാന്‍ പോലും അറിയാതെ സംഗതികള്‍ എന്‍റെ കൈവിട്ടു പോയി. ഈ കഥകള്‍ ഒന്നും അറിയാതെയാണ് ഞാനും വാക്കു കൊടുത്തത്.' എന്നു പറഞ്ഞു.
ആ സമയം നാരദര്‍ കയറി വന്നു. എന്നിട്ട് അര്‍ജ്ജുനനെ സാന്ത്വനിപ്പിച്ചു കൊണ്ടു പത്നിയുടെ വാക്കു പാലിക്കുക തന്നെ വേണം എന്നു പറഞ്ഞു. അര്‍ജ്ജുനന്‍ മടിച്ചപ്പോള്‍ വീണ്ടും ധൈര്യം തന്നു, ഭഗവാന്‍ ഭക്ത വത്സലനാണെന്നും ഒരിക്കലും ഭക്തനെ കൈവെടിയുകയില്ല എന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ അര്‍ജ്ജുനനു സമ്മതിക്കേണ്ടി വന്നു. 
     തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയണ്ടെ! അടുത്ത ലക്കം വരെ കാത്തിരിക്കു! രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
 തിരുക്കോളുര്‍ പെണ്പിള്ളൈ രഹസ്യം 
വാക്യം 42 
        രാധേകൃഷ്ണാ!ഭഗവാന്‍ നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും പുതിയ പുതിയ പല വിഷയങ്ങള്‍ പഠിപ്പിക്കുന്നു. ഓരോരോ സംഭവങ്ങളും ഓരോ പാഠങ്ങളാണ്. നാം അതില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു. ഭഗവാന്‍ ജീവര്‍കള്‍ക്ക് ഹിതം മാത്രമേ ചെയ്യുന്നുള്ളൂ.  കഷ്ടങ്ങളും പ്രയാസങ്ങളും തരുമ്പോള്‍ ജീവനെ പക്വപ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ ഉള്ളതു. മായയില്‍ നിന്നും ക്രമേണ ജീവന്‍ മുക്തമാകുന്നു. ഇതു നാം മനസ്സിലാക്കുന്നില്ല. ഭഗവാനോട് നാം പിടി വാശി പിടിക്കുന്നു. വാശി നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ നല്ലത് തന്നെയാണ്. ഭഗവാനെ കാണാനും ഭക്തി ഉറപ്പിക്കാനും വാശി ഉണ്ടെങ്കില്‍ എത്രയോ നല്ലതാണ്.  പക്ഷേ നമ്മുടെ അഹംഭാവത്തിനു വേണ്ടി നാം വാശി പിടിച്ചു ജീവിതം പാഴാക്കുന്നു.
തിരുക്കോളുരിലെ ഒരു പെണ്‍പിള്ളൈയും  അങ്ങനെ ഒരു ദുര്വാശി കാരണം ഭഗവാന്‍റെ കാരുണ്യത്തെ കാണാതെ തിരുക്കോളുര്‍ എന്ന ദിവ്യ ദേശത്തെ ഉപേക്ഷിച്ചു പോകാന്‍ തുടങ്ങുന്നു. പക്ഷേ ഭഗവാന്‍റെ കാരുണ്യം അപ്പോള്‍ രാമാനുജര്‍ എന്ന സദ്ഗുരുവിന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് അവള്‍ തന്‍റെ ഹൃദയ വ്യഥകള്‍ പങ്കു വയ്ക്കുകയാണ്. തനിക്കു ഈ നാട്ടില്‍ താങ്ങാനുള്ള അര്‍ഹത ഇല്ല എന്നു കേഴുകയാണ്. അവള്‍ കേട്ടിട്ടുള്ള ഭക്തന്മാരുടെ എല്ലാം വിഷയങ്ങള്‍ അവള്‍ എടുത്തു പറഞ്ഞു അതു പോലെ ഗുണങ്ങള്‍ തനിക്കു ഇല്ലല്ലോ എന്നു വിലപിക്കുകയാണ്. അവളുടെ അടുത്ത വാക്യം ശ്രദ്ധിക്കു. 
"മൂലം എന്റഴൈത്തേനോ ഗജരാജനൈപ്പോലെ?"
   മണ്ണ് കൊണ്ടു പൂവ് അര്‍പ്പിച്ച കുറവ നമ്പിയുടെ കാര്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗജേന്ദ്രന്റെ കാര്യമാണ് പറഞ്ഞത്. 
ഋതുമത് എന്ന പേരില്‍ വരുണന്റെ ഒരു വനം ഉണ്ടായിരുന്നു. അതു ത്രികൂട പര്‍വതത്തില്‍ സ്ഥിതി ചെയ്തിരുന്നു. അവിടെ വരുണന്റെ കുടുംബത്തിലുള്ളവര്‍ക്കു സ്നാനം ചെയ്യുവാനായി സുന്ദരമായ ഒരു തടാകം ഉണ്ടായിരുന്നു. ആ വനത്തില്‍ തലയെടുപ്പുള്ള ഒരു ആന തന്‍റെ കുടുംബ സമേതം വസിച്ചിരുന്നു. വനത്തിലെ മറ്റു മൃഗങ്ങള്‍ എല്ലാം ആ ഗജരാജനെ മാനിച്ചിരുന്നു. ഒരു യഥാര്‍ത്ഥ കുടുംബിയെ പോലെ ഗജരാജന്‍ തന്‍റെ ബന്ധുക്കള്‍ക്കൊപ്പം അവര്‍ക്കു വേണ്ടി ജീവിതം നയിച്ച്‌ വന്നിരുന്നു. 
       വരുണന്റെ തടാകത്തില്‍ തന്‍റെ പത്നിമാരോടും, കുട്ടികളോടും ജലക്രീഡ ആടി രസിച്ചു.  താന്‍ അനുഭവിക്കുന്ന ആനന്ദത്തില്‍ അഹങ്കരിച്ചു കളിച്ചു രസിച്ചിരുന്നു. ആ തടാകത്തില്‍ വസിച്ചിരുന്ന ഒരു മുതല അതേ സമയം ആനയുടെ കാലില്‍ കടിച്ചു. പ്രാരബ്ധം അതു പോലെയാണ്. സര്‍വ സുഖങ്ങളും അനുഭവിച്ചു എല്ലാം മറന്നു സുഖിച്ചു ജീവിക്കുന്ന നേരത്ത് അപ്രതീക്ഷിതമായി ഏതെങ്കിലും ഒരു അത്യാഹിതത്തിന്റെ രൂപത്തില്‍ പ്രാരബ്ധം നമ്മേ പിടി കൂടുന്നു. ഇവിടെ ഗജരാജനെ മുതലയുടെ രൂപത്തില്‍ പ്രാരബ്ധം പിടി കൂടി. 
       ലൌകീകമായ സുഖ ഭോഗങ്ങളില്‍ മുഴുകി ഭഗവാനെ തന്നെ മറന്നു പോകുന്ന ജീവനെ മയക്കത്തില്‍ നിന്നും ഉണര്തിക്കാനായി ഭഗവാന്‍ ചെയ്യുന്ന ലീലകളാണ് ദുഃഖങ്ങള്‍.  ഗജരാജനും അതു തന്നെ സംഭവിച്ചു. അവന്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് മുതലയുടെ ആക്രമണം. എങ്കിലും തന്‍റെ ശക്തിയില്‍ വിശ്വാസം ഉണ്ടായിരുന്ന ഗജേന്ദ്രന്‍ അതു കാര്യമാക്കാതെ മുതലയെ കുതറി മാറ്റുവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ ഇത്രയും ബലശാലിയായ  ആനയ്ക്ക് പോലും അതിനു സാധിക്കാതെ വന്നു. പതുക്കെ പതുക്കെ ആനയുടെ ശക്തി ക്ഷയിക്കുവാന്‍ ആരംഭിച്ചു.  മറ്റുള്ള ആനകള്‍ അവരവരുടെ  ശക്തിക്കനുസരിച്ചു ഗജേന്ദ്രനെ സഹായിക്കുവാനൊരുങ്ങി. അവര്‍ എല്ലാവരും ചേര്‍ന്നു പരിശ്രമിച്ചിട്ടും കേവലം ഒരു മുതലയുടെ പിടിയില്‍ നിന്നും തന്‍റെ കാലിനെ വിടുവിക്കാന്‍ ഗജേന്ദ്രനു സാധിച്ചില്ല.
     ഇതു പോലെ ജീവിതത്തില്‍ നാം തോറ്റു പോകുമെന്ന് തോന്നുന്ന നേരത്താണ് ഈശ്വര ചിന്ത ഉണ്ടാകുന്നത്. ഭഗവാനെ ഓര്‍മ്മിപ്പിക്കാനായിട്ടാണ് ദുരിതങ്ങള്‍ നമുക്ക് ഉണ്ടാകുന്നത്. ഗജേന്ദ്രനും പതുക്കെ പതുക്കെ ചിന്തിച്ചു തുടങ്ങി. ഈ ഒരു അവസ്ഥ സൃഷ്ടിച്ച അതേ ആള്‍ തന്നെ ഇതിനു പര്‍ഹാരവും കാണണം എന്നു മനസ്സില്‍ ഉറച്ചു. ദൈവാധീനം കൊണ്ടു ഗജേന്ദ്രനു ഭഗവാനെ ആശ്രയിക്കാം എന്നു തോന്നി. എപ്പോഴും ശരീരം ക്ഷീണിച്ചു അവശനാകുമ്പോള്‍ അവസാനത്തെ ഉപായമായി ശരണാഗതി ചെയ്യാന്‍ തോന്നും. ഇവിടെയും അതു തന്നെ സംഭവിച്ചു. പൂര്‍വ ജന്മ പുണ്യം കൊണ്ടു ഗജേന്ദ്രനു ഇന്ദ്രനെയോ, ബ്രഹ്മാവിനെയോ മറ്റു ദൈവങ്ങളെയോ ശരണം പ്രാപിക്കാന്‍ തോന്നിയില്ല. അവര്‍ക്കു വേണമെങ്കില്‍ ഗജേന്ദ്രനെ രക്ഷിക്കാന്‍ സാധിക്കും. പക്ഷേ ഈ ഒരു മുതലയില്‍ നിന്നു മാത്രം! ഗജേന്ദ്രന്‍ അതല്ല ആഗ്രഹിച്ചത്‌. സാംസാരീക ജീവിതത്തില്‍ നിറഞ്ഞിരിക്കുന്ന ഇതു പോലെയുള്ള എത്രയോ മുതലകലളുടെ  പിടിയില്‍ നിന്നും തന്നെ രക്ഷിക്കണം എന്നു ആഗ്രഹിച്ചു. അതിനു ശക്തന്‍ ഭഗവാന്‍ മാത്രമേയുള്ളൂ എന്നവന്‍ മനസ്സിലാക്കി. ആശ്ചര്യകരമായി ഗജേന്ദ്രന്‍ പ്രപഞ്ചത്തിന്റെ ആദി കാരണമായ ഭാഗവാനെയാണ് വിളിച്ചത്! "ആദി ബീജായ!" എന്ന വിളി സകല ഭുവനങ്ങളെയും കടന്നു പ്രതിധ്വനിച്ചു. ഇതര ദേവതകള്‍ എല്ലാം ആ വിളി കേട്ടു. ആദി ബീജം എന്നു വിളിച്ചത് അവരെയല്ല എന്നവര്‍ക്ക് മനസ്സിലായി. അതു കൊണ്ടു അവരെല്ലാവരും എന്തു സംഭവിക്കുന്നു എന്നറിയാന്‍ കൌതുകത്തോടെ നോക്കി നിന്നു. 
ഗജേന്ദ്രന്റെ കഥ തുടരും! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Thursday, August 12, 2010

പ്രേമവേദം ആഗസ്റ്റ് -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
മായാ സന്നിഹിതോപ്രവിഷ്ട വപുഷാ
സാക്ഷീതി ഗീതോ ഭവാന്‍ 
ഭേദൈസ്താം പ്രതി ബിംബിതോ വിവിശിവാന്‍
ജീവോപി നൈവാപരഃ
കാലാടി പ്രതിബോധിതാഥ ഭവതാ 
സഞ്ചോദിതാ ച സ്വയം 
മായാ സാ ഖലു ബുദ്ധിതത്വമസൃജദ്യോ-
സൗ മഹാനുച്യതേ. 
                               (ദശഃ5 ശ്ലോ:4)
     മായയുടെ സാന്നിധ്യം ഉണ്ടെങ്കിലും അതിനു പ്രവേശനമില്ലാത്ത സ്വരൂപത്തോടു കൂടിയ അങ്ങ് സാക്ഷിയായ ചൈതന്യമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. പല രൂപത്തിലുള്ള മായ പ്രതിബിംബി ച്ചുണ്ടായതാണ് ജീവാത്മാവ്. അതും അങ്ങ് തന്നെ. പ്രളയാനന്തരം കാലം മുതലായ മറ്റു ശക്തികള്‍  ഉണര്‍ത്തിയപ്പോള്‍, ആ മായ അങ്ങയുടെ പ്രേരണ മൂലം സ്വയം ബുദ്ധി തത്ത്വത്തെ സൃഷ്ടിച്ചു. അതിനെ മഹത്തത്വം എന്നു പറയുന്നു. 
            (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം 
       രാധേകൃഷ്ണ! നിങ്ങള്‍ ഇതിനു മുന്‍പു എത്രയോ രാത്രികളില്‍ നിങ്ങള്‍ക്കു വിരോധം നോന്നുന്നവരെ ശപിച്ചിട്ടുണ്ടു. ഇന്നു രാത്രി ഭഗവാന്‍ കൃഷ്ണനോടു അതിനൊക്കെ മാപ്പ് അപേക്ഷിക്കുക. ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും!

സദ്ഗുരുവാത്സല്യം 
കണ്ടു കൊണ്ടു എന്നൈ കാരിമാറപ്പിരാന്‍ 
പണ്ടൈ വല്‍വിനൈ പാറ്റി അരുളിനാന്‍ ;
എണ്‍തിശൈയും അറിയ ഇയമ്പുകിറേന്‍       
ഒണ്‍ തമിഴ് ശ്ശഠഗോപന്‍ അരുളൈയേ.
        രാധേകൃഷ്ണ! മധുര കവിയാള്‍വാര്‍ ഒരു സദ്‌ശിഷ്യന്റെ  
 കടമയെ കുറിച്ചാണ് ഇവിടെ പ്രതിപാതിക്കുന്നത്.  'കണ്ണി നുണ്‍ 
ശിരു താമ്പ്' എന്ന ദിവ്യ പ്രബന്ധത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ് മേലുദ്ധരിച്ച പാസുരം. ഒരു  ഗുരു തന്‍റെ ശിഷ്യര്‍ എല്ലാവരെയും നോക്കുന്നു. ഓരോരുത്തരുടെയും പ്രാരബ്ധകര്‍മ്മങ്ങള്‍ എന്തൊക്കെയാണ് എന്നും അവരുടെ ഈ ജന്മത്തിലെ ദുഃഖങ്ങളും,  അതു നാശം ചെയ്യാനുള്ള ഉപായം ഇതൊക്കെ ആലോചിച്ചു അവരെ നോക്കുന്നു. അതു കൊണ്ടു ഗുരുവിന്‍റെ കൃപാ കടാക്ഷം ലഭിക്കുക എന്നത് പരമ ഭാഗ്യം തന്നെയാണ്. ഗുരുവിനെ വിശ്വസിച്ചാല്‍ ഭഗവാന്‍റെ പരിപൂര്‍ണ്ണ കടാക്ഷം ലഭിക്കുന്നു.  
       'എന്‍റെ ഗുരുവായ ശഠഗോപനായ നമ്മാള്‍വാര്‍ എന്നെ നോക്കി എന്‍റെ പ്രാരബ്ധങ്ങളെ മനസ്സിലാക്കി അവയൊക്കെ ശ്രേഷ്ഠമായ രീതിയില്‍ മാറ്റി അനുഗ്രഹിച്ചിരിക്കുന്നു. എന്‍റെ ഗുരുവിന്‍റെ പ്രഭാവത്തെ ഞാന്‍ എല്ലാ ദിക്കുകളിലും അറിയിക്കുന്നു. എന്‍റെ ഗുരു എനിക്കു കൃപ ചെയ്തിരിക്കുന്നു എന്നു ദിക്കുകള്‍ തോറും അലഞ്ഞു അറിയിക്കുന്നതാണ് എന്‍റെ ധര്‍മ്മം' എന്നു ശ്രീ മധുര കവിയാള്‍വാര്‍ പറയുന്നു. 
     ഒരിക്കല്‍ ശ്രീകൃഷ്ണ ചൈതന്യ മഹാപ്രഭു തെക്ക് ദിക്കില്‍ യാത്ര ചെയ്തു വന്നു. അങ്ങനെ ശ്രീരംഗം, ശ്രീപത്മനാഭ ക്ഷേത്രം, രാമേശ്വരം തുടങ്ങി എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു പൂരിക്ക് തിരിച്ചു. വഴിയില്‍ ഒരു കാട്ടില്‍ കൂടി അദ്ദേഹം യാത്ര ചെയ്യേണ്ടി വന്നു. അപ്പോള്‍ ആ സ്ഥല വാസികള്‍ എല്ലാവരും അദ്ദേഹത്തെ തടഞ്ഞു. ആ കാട്ടിനുള്ളില്‍ ഘോരമായ കൊള്ളക്കാര്‍ താമസിക്കുന്നുണ്ടെന്നും അവര്‍ വഴിയാത്രക്കാരെ ഉപദ്രവിക്കും എന്നും പറഞ്ഞു വിലക്കി. ജീവനു തന്നെ ആപത്താണെന്നു അവര്‍ പറഞ്ഞു. പക്ഷേ മഹാപ്രഭു അതു അത്ര കാര്യമായി എടുത്തില്ല. അദ്ദേഹത്തിന്‍റെ പക്കല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഒന്നും തന്നെ ഇല്ല എന്നു പറഞ്ഞു ആ വഴി നടന്നു. കാട്ടിനുള്ളില്‍ ഒരു മരത്തിന്റെ ചുവട്ടില്‍ അദ്ദേഹം കുറച്ചു നേരം ഇരുന്നു നാമജപം ചെയ്തു. ഏറ്റവും ശ്രേഷ്ഠമായ മാഹാ മന്ത്രം തന്നെ അദ്ദേഹം ഉരുവിട്ട് കൊണ്ടിരുന്നു. 
      പ്രഭുവിന്റെ ശബ്ദം കേട്ടു കൊള്ളക്കാരനായ നൌരോജി ഠാക്കുര്‍ തന്‍റെ കൂട്ടാളികളും എത്തി അവിടെ എത്തി. ഒരു ഇളം സന്യാസി ഗോപി ചന്ദനം, കാവി വസ്ത്രം എല്ലാം ധരിച്ചു അവിടെ ഇരുന്നു പാടുന്നത് കണ്ടു. അദ്ദേഹം അയാളെ വല്ലാതെ ആകര്‍ഷിച്ചു. കുറച്ചു നേരം അദ്ദേഹത്തിന്‍റെ പാട്ട് കേട്ടു എന്നിട്ട് സന്തോഷത്തോടെ അങ്ങയ്ക്ക് എന്തെങ്കിലും ചെയ്യണം എന്നു എനിക്കു തോന്നുന്നു. എന്തു വേണം എന്നു പറയു എന്ന്‍ പറഞ്ഞു.
      കുറച്ചു പഴങ്ങളും മറ്റും കൊണ്ടു കൊടുത്തു. അദ്ദേഹം അതു സ്വീകരിച്ചു. അയാള്‍ പ്രഭുവോടു താന്‍ എത്രയോ കൊള്ളയും കൊലയും ചെയ്യുന്നവനാനെന്നും ഇതു വരെ ശാന്തി എന്തെന്ന് അറിഞ്ഞിട്ടില്ല എന്നും പറഞ്ഞു. അദ്ദേഹത്തെ കണ്ടപ്പോള്‍ മനസ്സില്‍ എന്തോ ഒരു മാറ്റം തോന്നുന്നു.  അദ്ദേഹത്തിന്‍റെ ആനന്ദത്തിന്റെ കാരണം എന്താണെന്ന് ചോദിച്ചു. മഹാപ്രഭു വളരെ സന്തോഷിച്ചു അയാള്‍ക്ക്‌ ആ നടുക്കാട്ടില്‍ വെച്ചു മന്ത്ര ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു. അന്ന് മുഴുവനും അയാള്‍ ആ മരച്ചുവട്ടില്‍ ഇരുന്നു ജപിച്ചുകൊണ്ടെ ഇരുന്നു. ആ ഒരൊറ്റ രാത്രി തന്നെ ആ കൊള്ളക്കാരന്‍ മാറി. 
     അയാള്‍ തന്‍റെ കൂട്ടാളികളെ നോക്കി, ഇത്രയും നാള്‍ ഞാന്‍ പലേ അക്രമങ്ങളും ചെയുതിട്ടുണ്ടു. ഇന്നു മുതല്‍ ഞാന്‍ അതിനൊക്കെ വിട പറയുകയാണ്‌. നിങ്ങള്‍ക്കു ഇവിടെ പിരിഞ്ഞു പോകാം. നിങ്ങള്‍ക്ക് ഇഷ്ടം പോലെ ജീവിക്കാം എന്നു പറഞ്ഞു. വേണമെങ്കില്‍ നിങ്ങള്‍ക്കും ഈ പാപങ്ങളില്‍ നിന്നും വിരമിക്കാം. ഞാന്‍ പോവുകയാണ് എന്നു പറഞ്ഞു പ്രഭുവിനെ തേടി അലഞ്ഞു. അവസാനം അദ്ദേഹത്തെ കണ്ടു മുട്ടി. ആ കാല്‍കളില്‍ വീണു പൊട്ടിക്കരഞ്ഞു. ചൈതന്യര്‍ അയാളെ തൂക്കി നിറുത്തി എന്നിട്ട് എന്തിനാണ് കരയുന്നത് എന്നു ചോദിച്ചു.  ഇന്നലെ അദ്ദേഹം നല്‍കിയ മന്ത്രം ജപിച്ചത് കൊണ്ടു  അയാള്‍ക്ക്‌ വളരെ ശാന്തി അനുഭവപ്പെട്ടു. അതു കൊണ്ടു ഇനി പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെയ്ത പാപങ്ങളെ എങ്ങനെ തീര്‍ക്കും എന്നും ചോദിച്ചു. മഹാപ്രഭു അയാളോട് തുരര്‍ന്നു നാമം ജപിച്ചുകൊണ്ടിരുന്നാല്‍ മാത്രം മതി എന്നും, പാപം തനിയെ മറഞ്ഞു പോകും എന്നും പറഞ്ഞു. അപ്പോള്‍ അയാള്‍ അദ്ദേഹത്തോട് ഒരു വരം വേണം എന്നാവശ്യപ്പെട്ടു. എന്തു വേണം എന്നു പ്രഭു ചോദിച്ചപ്പോള്‍ 'അങ്ങ് എന്നെയും കൂടെ കൂട്ടണം' എന്നയാള്‍ പറഞ്ഞു. 'അങ്ങ് എന്നെ വിട്ടിട്ടു പോയാല്‍ എന്‍റെ വാസനകള്‍ മീണ്ടും എന്നെ പീടിക്കാം. എനിക്കു ഭയമാകുന്നു. അതു കൊണ്ടു അങ്ങ് എന്നെ കൂടെ കൊണ്ടു പോകണം' എന്നു പറഞ്ഞു. ചൈതന്യര്‍ അതു സമ്മതിച്ചു അയാളെയും കൂട്ടി പോയി. 
     ഇതില്‍ അത്ഭുതം എന്താണെന്നാല്‍ ചൈതന്യര്‍ പൂരിക്ക് തിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ ശിഷ്യര്‍ പലരും കൂടെ വരാം എന്നു പുറപ്പെട്ടു. അദ്ദേഹം അവരെ എല്ലാവരെയും വിലക്കിയിട്ടു ഒറ്റയ്ക്കാണ് തിരിച്ചത്. എന്നാല്‍ ഈ കൊള്ളക്കാരനെ യാതൊരു മടിയും കൂടാതെ ചേര്‍ത്തു. നൌരോജിയുടെ പല കോടി ജന്മങ്ങളുടെ പാപങ്ങളെ ചൈതന്യര്‍ നാമജപം ഉപദേശം ചെയ്തു നശിപ്പിച്ചു തന്‍റെ കൂടെ കൂട്ടി കൊണ്ടു വന്നു.  നൌരോജി ഇപ്പോള്‍ ഒരു ഉത്തമമായ ഭാഗവതനായി മാറി. അയാളുടെ പാപങ്ങളെല്ലാം അയാളെ വിട്ടു പോയി. ചൈതന്യരുടെ കൂടെ നടന്നു അവര്‍ ബറോഡയുടെ അടുതെത്തി. അവിടെ വെച്ചു അയാള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം പിടിപെട്ടു. ചൈതന്യരുടെ ചരണങ്ങളെ  പിടിച്ചു നാമം ജപിച്ചു കൊണ്ടു  ശരീരം വെടിഞ്ഞു. പ്രഭു തന്‍റെ കൈകള്‍ കൊണ്ടു തന്നെ അയാളുടെ അന്തിമ കര്‍മ്മങ്ങള്‍ ചെയ്തു.  ഇങ്ങനെ ഒരു ഭാഗ്യം ആര്‍ക്കും ലഭിക്കുകയില്ല. ഒരു കൊള്ളക്കാരനായിരുന്ന നൌരോജിയേ ഭക്തനാക്കി മാറ്റി അയാളുടെ അന്തിമ സംസ്കാരം വരെ ചെയ്തു ചൈതന്യര്‍. തന്‍റെ ഗുരുവില്‍ അയാള്‍ക്കുണ്ടായിരുന്ന ഉറച്ച വിശ്വാസമാണ് കാരണം.  ആ ഒരു വിശ്വാസം ഉണ്ടെങ്കില്‍ നമുക്കും സദ്‌ഗതി പ്രാപ്തമാകും. രാധേകൃഷ്ണാ!  
ഭക്തി രഹസ്യം 
അര്‍ജ്ജുന ഭക്തി -3
      രാധേകൃഷ്ണാ! കാലവ മഹര്‍ഷി ഭഗവാന്‍ തന്നെ ഗന്ധര്‍വനെ വധിക്കണം എന്നു വരം വാങ്ങി. അദ്ദേഹം നാരദര്‍ എന്ന സദ്‌ഗുരുവിനെ ആശ്രയിച്ചത്  കൊണ്ടു ഭഗവാനോട് എങ്ങനെ വരം ചോദിക്കണം എന്നു മനസ്സിലായി. നിശ്ചിന്തനായി അദ്ദേഹം തിരിച്ചു പോയി. നാരദര്‍ ഉടനെ തന്‍റെ അടുത്ത കര്‍ത്തവ്യം ആരംഭിച്ചു. അദ്ദേഹം നേരെ പോയത് ഗന്ധര്‍വന്റെ കൊട്ടാരത്തിലേക്കാണു! ഗന്ധര്‍വന്‍ സുഖ ഭോഗങ്ങളില്‍ മുഴുകി ഇരിക്കുകയാണ്. അയാള്‍ക്ക്‌ തന്‍റെ സുഖം അല്ലാതെ അപ്പോള്‍ മറ്റു ചിന്തകള്‍ ഒന്നും തന്നെ ഇല്ല. പക്ഷേ ഗുരുവിനെ കാരുണ്യം അപരിമിതമാണ്. ജീവന്‍റെ ഗുണങ്ങളെ ഒന്നും അവര്‍ നോക്കാറില്ല.  അവരെ രക്ഷിക്കേണ്ടത് അവരുടെ കടമയല്ലേ! 
        നാരദര്‍ കൊട്ടാരത്തിനകത്തേയ്ക്ക് എത്തി നോക്കി. ഗന്ധര്‍വനു ദേഷ്യം വന്നു. ആരാ അതു എന്നു ചോദിച്ചു. അതിനു  ഞാനാണ് നാരദന്‍  എന്നു അദ്ദേഹം മറുപടി പറഞ്ഞു. മദ്യ ലഹരിയില്‍ അയാള്‍ ഇപ്പോള്‍ തനിക്കു കാണാന്‍ പറ്റില്ല അതു കൊണ്ടു അദ്ദേഹത്തോട് പോകുവാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഗുരു അങ്ങനെ തിരിഞ്ഞു പോകാന്‍ ഭാവമില്ല. 
'ഞാന്‍ ഭിക്ഷയ്ക്കായി വന്നിരിക്കുകയാണ്. അതു തന്നാല്‍ ഉടന്‍ പോകാം' എന്നു പറഞ്ഞു.
'എന്തു ഭിക്ഷ വേണം' എന്നു അരിശത്തോടെ അയാള്‍ ചോദിച്ചു.
'രണ്ടു ചോദ്യങ്ങള്‍ക്കു ഉത്തരം' നാരദര്‍ പറഞ്ഞു.
'എന്താണത്'?
'നിനക്കു എത്ര ഭാര്യമാര്‍, എത്ര കുട്ടികള്‍?'
'ഇതെന്തു ചോദ്യം. നൂറു ഭാഗ്യമാര്‍, ആയിരം മക്കള്‍'
'അയ്യോ! ഒരു ഭാര്യയും കുട്ടിയും ഉണ്ടെങ്കില്‍ തന്നെ വളരെ കഷ്ടമാണ്. പാവം ഇത്രയും പേര്‍ വിധവകളും അനാഥരുമാവുകയോ! വലിയ കഷ്ടം തന്നെ!' എന്നു പറഞ്ഞു കൊണ്ടു തിരിഞ്ഞു നടന്നു. ഗന്ധര്‍വന്‍ അടിയേറ്റ പോലെ നിന്നു പോയി. ഗുരു നമ്മുടെ ഉറക്കത്തില്‍ നിന്നും നമ്മേ ഒരു പ്രഹരം തന്നു ഉണര്‍ത്തുന്നു.  ഗന്ധര്‍വനു ഇപ്പോഴാണ് സ്ഥല കാല ബോധം ഉണ്ടായത്. അയാള്‍ നാരദരുടെ പിറകെ 'മഹര്‍ഷേ! മഹര്‍ഷേ!' എന്നു വിളിച്ചു കൊണ്ടു ഓടി. 'മഹര്‍ഷേ! അങ്ങ് എന്താണ് പറഞ്ഞത്? ഒരിക്കല്‍ കൂടി പറയു' എന്നു ചോദിച്ചു.നാരദര്‍ ഉടനെ 'ഇന്നു വൈകുന്നേരത്തിനുള്ളില്‍ നിന്‍റെ തല അറുക്കാം എന്നൊരാള്‍ ശപഥം എടുത്തിട്ടുണ്ട്' എന്നു പറഞ്ഞു.  ഗന്ധര്‍വന്‍ അലക്ഷ്യമായി 'എന്‍റെ തലയറുക്കാന്‍ സാമാര്‍ത്ഥ്യമുള്ളവര്‍ ആരുണ്ട് ഇവിടെ' എന്നു ചോദിച്ചു. നാരദര്‍ അതിനു ഭഗവാന്‍ കൃഷ്ണന്‍ എന്നു മറുപടി പറഞ്ഞു. ഗന്ധര്‍വന്‍ സ്തബ്ധനായി നിന്നു പോയി. 
        അയാള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. ദ്വാരകാനാഥന്‍  കൃഷ്ണന്‍ തന്നെ എന്തിനു കൊള്ളണം. തന്നോടു എന്തു വൈരാഗ്യമാണ് അദ്ദേഹത്തിനുള്ളത്. നാരദരോട് 'ഭഗവാനു ഞാന്‍ ഒരപരാധവും ചെയ്തില്ലല്ലോ എന്തിനാണ് എന്നോടു ശത്രുത. എന്നുചോദിച്ചു.  അതിനു നാരദര്‍ അയാള്‍ കാലവ മഹര്‍ഷിയുടെ കൈകളില്‍ മുറുക്കി തുപ്പിയ കാര്യം പറഞ്ഞു. ഭഗവാന്‍ തന്‍റെ ഭക്തന്മാര്‍ക്ക് അപരാധം ചെയ്താല്‍ പൊറുക്കില്ല എന്നു പറഞ്ഞു. 
      ഗന്ധര്‍വന്‍ വിറച്ചു പോയി. 'പ്രഭോ എന്നെ രക്ഷിക്കണം. ഇതില്‍ നിന്നും രക്ഷ നേടാന്‍ എന്തെങ്കിലും ഒരു ഉപായം അങ്ങ് തന്നെ പറഞ്ഞു തരണം എന്നു ചോദിച്ചു. നാരദര്‍ അതിനു താന്‍ ഈ കാര്യം അറിയിക്കാന്‍ മാത്രം വന്നതാണെന്നും തന്നെ കൊണ്ടു ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു. പക്ഷേ ഗന്ധര്‍വനും ഭാര്യമാരും അദ്ദേഹത്തിന്‍റെ ചരണങ്ങളില്‍ മുറുകെ പിടിച്ചു കേണു. ഒടുവില്‍ നാരദര്‍ ഇതിനു ഒരേ ഒരു പോംവഴിയെ ഉള്ളു എന്നു പറഞ്ഞു.  എന്താണത് എന്നു ഗന്ധര്‍വന്‍ ആകാംക്ഷയോടെ ചോദിച്ചു. കൃഷ്ണന്‍ വധിക്കാം എന്നു ശപഥം ചെയ്തിട്ടുണ്ടെങ്കിലും , കൃഷ്ണനു വധിക്കാന്‍ സാധിക്കാത്ത വിധം എതിര്‍ത്ത് പോരാടാന്‍ കെല്പുള്ള ആരെങ്കിലും നിനക്കായി യുദ്ധം ചെയ്യണം എന്നു പറഞ്ഞു.  താന്‍ അതിനു എന്തു ചെയ്യണം എന്നു ഗന്ധര്‍വന്‍ ചോദിച്ചു. കൃഷ്ണനു തന്‍റെ ഭക്തന്മാരുടെ വാക്കു പാലിക്കും. നീ സുഭദ്രാ ദേവിയുടെ ചരണങ്ങളില്‍ വീഴു. തന്‍റെ സഹോദരിയോടു അദ്ദേഹത്തിനു വളരെ സ്നേഹമാണ്. തനിക്കു സുഭദ്രാ ദേവിയെ പരിചയം പോലും ഇല്ല എന്നു ഗന്ധര്‍വന്‍ പറഞ്ഞു. ശരി വരു എന്നു പറഞ്ഞു അയാളെ കൂട്ടി കൊണ്ടു നാരദര്‍ സുഭദ്രയുടെ പക്കല്‍ നടന്നു. 
       അന്ന് ഒരു അമാവാസ്യ ദിനമായിരുന്നു. സുഭദ്ര നദിക്കരയില്‍ തര്‍പ്പണം ചെയ്യാന്‍ പുരോഹിതനെ കാത്തു നില്‍ക്കുകയായിരുന്നു. അന്ന് രാജപുരോഹിതന്‍ എന്തോ അതു വരെ വന്നില്ല. സമയം പൊയ്ക്കൊണ്ടിരുന്നു. അപ്പോഴാണ്‌ നാരദര്‍ അവിടെ എത്തിയത്. സുഭദ്രയുടെ സന്തോഷത്തിനു അതിരില്ലായിരുന്നു. നാരദര്‍ തന്നെ കര്‍മ്മം ചെയ്യിച്ചാല്‍ എത്ര നല്ലതാണ് എന്നു തോന്നി. നാരദര്‍ ഗന്ധര്‍വനെ കുറച്ചു മാറി ഒളിച്ചിരിക്കാന്‍ പറഞ്ഞിട്ടാണ് വരവ്.  സുഭദ്ര നാരദരെ ആദരവോടെ സ്വീകരിച്ചു ആനയിച്ചു. അദ്ദേഹത്തോട് തനിക്കു ഇന്നു കര്‍മ്മം ചെയ്തു തരണം എന്നു അപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ വളരെ ശ്രദ്ധയോടെ മന്ത്രങ്ങള്‍ പറയണം എന്നൊരു നിബന്ധന പറഞ്ഞു. സുഭദ്രയ്ക്ക് വളരെ സന്തോഷമായി.  വളരെ ഭംഗിയായി സങ്കല്പ മന്ത്രം പറഞ്ഞു കൊടുത്തു. സുഭദ്ര ശ്രദ്ധയോടെ അതു ആവര്‍ത്തിച്ചു. നാരദര്‍ അവസാനം "കൃഷ്ണന്‍റെ സഹോദരിയായ സുഭദ്രാ ദേവിയായ ഞാന്‍ ഇന്നു ആരു എന്‍റെ കാലില്‍ വന്നു വീണാലും അവര്‍ക്കു പ്രാണ രക്ഷ നല്‍കാം' എന്ന വാക്യവും കൂടി അതില്‍ ചേര്‍ത്തു ചൊല്ലി കൊടുത്തു. ഒന്നും അറിയാതെ സുഭദ്ര അതും ആവര്‍ത്തിച്ചു സത്യ പ്രമാണം എടുത്തു. ബാക്കി അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
     


തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 41 
മണ്‍പൂവൈ ഇട്ടേനോ കുറവ നമ്പിയൈപ്പോലെ?
കുറവ നമ്പി കുശവ ജാതിയില്‍ പെട്ട ഒരു ഭക്തനാണ്. മണ്‍ പാത്രങ്ങള്‍ ഉണ്ടാക്കി  വിറ്റു കുടുംബം നടത്തിയിരുന്നു. പരമ ഭക്തനാണ്. പക്ഷേ തന്‍റെ ഭക്തി പുറത്തു ഒട്ടും കാണിച്ചിരുന്നില്ല. തിരുപ്പതി പെരുമാളോട്  ആഴമേറിയ വിശ്വാസം ഉണ്ടായിരുന്നു. അമ്പലത്തില്‍ ചെന്നു തൊഴാനൊന്നും അദ്ദേഹത്തിനു  സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങള്‍ ചെയ്യാനേ സമയംകിട്ടിയിരുന്നുള്ളൂ.  എന്നും തന്‍റെ കര്‍മ്മങ്ങളെല്ലാം ഭംഗിയായി ചെയ്യും. ചെയ്യുമ്പോള്‍ ഭഗവാനോട് മാനസീകമായി സംസാരിക്കും. 'പ്രഭോ നിന്‍റെ കാരുണ്യം അപാരം തന്നെ. ഈ ചെളി മണ്ണ് വെള്ളം ചേര്‍ത്ത് കുഴയ്ക്കുമ്പോള്‍ എത്ര ഭംഗിയായി എനിക്കു രൂപാന്തരം ചെയ്യാന്‍ സാധിക്കുന്നു!  നിന്‍റെ കാരുണ്യത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല' എന്നു പറയും. ഒരിക്കലും തന്‍റെ സാമാര്‍ത്ഥ്യം കൊണ്ടാണ് ഇതൊക്കെ സാധിക്കുന്നത് എന്നു അദ്ദേഹം ചിന്തിച്ചിരുന്നില്ല. വളരെ ഉയര്‍ന്ന ഒരു മനോഭാവം! അതു ഏല്ലാവര്‍ക്കും കിട്ടണം. സാധാരണ നാം നമ്മുടെ ബുദ്ധി കൊണ്ടു കാര്യങ്ങള്‍ ചെയ്യുന്നു എന്നു സ്വയം ശ്ലാഘിക്കും. എന്നാല്‍ ഭക്തന്മാര്‍ ഭഗവാനോട് പൂര്‍ണ്ണമായും ശരണാഗതി ചെയ്യുന്നു. എന്നും ഒരു നിശ്ചിത അളവ് വരെ കലങ്ങള്‍ ഉണ്ടാക്കും. അതു കഴിഞ്ഞാല്‍ പണി നിറുത്തും. എന്നിട്ട് തന്‍റെ കൈകളില്‍ പറ്റി പിടിച്ചിരിക്കുന്ന മണ്ണ് മുഴുവനും ഉരുട്ടി എടുത്തു ഏതെങ്കിലും ഒരു പൂവ് ഉണ്ടാക്കും. എന്നിട്ട് അതിനെ ഭഗവാനു അര്‍പ്പിക്കും. വളരെ ശ്രദ്ധയോടെയാണ് അദ്ദേഹം ഇതു ചെയ്തിരുന്നത്. അദ്ദേഹം ഇതു ഒരു യജ്ഞം പോലെ ചെയ്തു വന്നു. 'ഭഗവാനെ എനിക്കു അവിടെ വന്നു ചേരാന്‍ സാധിച്ചില്ല. ഈ പൂവ് മറ്റു പുഷ്പങ്ങളുടെ കൂടെ സ്വീകരിക്കണമേ' എന്നു പ്രാര്‍ത്ഥിക്കും. അദ്ദേഹം എന്നും സമര്‍പ്പിക്കുന്ന പൂവുകള്‍ ഭഗവാനും സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. ആ പൂക്കള്‍ നേരിട്ട് വൈകുണ്ഡത്തില്‍ തന്നെ എത്തിയിരുന്നു. 
         ഇതേ സമയം ആ രാജ്യത്തെ രാജന്‍ ഭഗവാനു സ്വര്‍ണ്ണം കൊണ്ടു 1008 പൂവുകള്‍ ഉണ്ടാക്കി സമര്‍പ്പിച്ചു.  രാജനും അഹംഭാവം ഇല്ലാതെ ഭക്തിയോടെ  ഭഗവാനു സമര്‍പ്പിച്ചു.  എന്നും വളരെ ഭക്തിയോടെ ശ്രീലകത്തിനു പുറത്തു ഇരുന്നു  കൊണ്ടു തന്നെ സ്വന്തം കൈകള്‍ കൊണ്ടു തന്നെ ഭഗവാനു ഒട്ടും ഈര്‍ച്ച തോന്നാത്ത വിധത്തില്‍ അര്‍പ്പിക്കും. ഭഗവാന്‍ അതും സന്തോഷത്തോടെ സ്വീകരിച്ചു.
         ഭഗവാനു ഈ കുരവ നമ്പിയുടെ ഭക്തിയെ ലോകത്തിനു കാണിച്ചു കൊടുക്കണം എന്നു തോന്നി. ഒരു ദിവസം രാജാവ് രാവിലെ വന്നു നോക്കുമ്പോള്‍ തന്‍റെ സ്വര്‍ണ്ണ പുഷ്പങ്ങളുടെ മേല്‍ കുറെ വിചിത്രമായ പൂക്കള്‍ ഇരിക്കുന്നത് കണ്ടു. എടുത്തു നോക്കിയപ്പോള്‍ മണ്ണാണോ എന്നു സംശയം തോന്നി. പക്ഷേ വളരെ ഭംഗിയായിരുന്നു. സ്പര്‍ശിക്കുമ്പോള്‍ മൃദുവുമായിരുന്നു. ഒരു ശരിയായ പൂവ് പോലെ തന്നെ ഇരുന്നു. വളരെ ആശ്ചര്യം തോന്നി. ഭഗവാനെ നോക്കി 'പ്രഭോ ഇതു എന്താണ്?' എന്നു ചോദിച്ചു. ഭഗവാന്‍ ഉടനെ 'നിനക്കിഷ്ടമായോ? ഇവയെല്ലാം ഒരു ഭക്തന്‍ എനിക്കു അര്‍പ്പിക്കുന്നതാണ്!'
"ആരാണദ്ദേഹം? എനിക്കു കാണാന്‍ പറ്റുമോ?"
"അതു കുറച്ചു ബുദ്ധിമുട്ടാണ്! അയാള്‍ വളരെ രഹസ്യമായാണ് തന്‍റെ ഭക്തിയെ വെച്ചിരിക്കുന്നത്." 
രാജന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഭഗവാന്‍ അയാളുടെ പേരും മേല്‍വിലാസവും പറഞ്ഞു കൊടുത്തു.  രാജന്‍ വളരെ ആകാംക്ഷയോടെ അവിടെ എത്തി. ദൂരെ മറഞ്ഞു നിന്നുകൊണ്ട്  അദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹം എപ്പോഴാണ് പൂവുണ്ടാക്കുന്നത് എന്നു നോക്കി നിന്നു.  വൈകുന്നേരം വരെ അദ്ദേഹം ഒരു മന്ത്രം പോലും പറയുന്നതായിട്ടു  തോന്നിയില്ല. വൈകുന്നേരം ജോലി കഴിഞ്ഞു അദ്ദേഹം കയിലുള്ള മണ്ണെല്ലാം കൂട്ടി എടുത്തു. എന്നിട്ട് വളരെ ശ്രദ്ധയോടെ ഒരു പൂവ് ഉണ്ടാക്കി. ആ പൂവ് തന്‍റെ കൈയില്‍ വെച്ചുകൊണ്ട് ഭഗവാനോട്  'പ്രഭോ! അടിയന്‍ അര്‍പ്പിക്കുന്ന ഈ പൂവ് സന്തോഷത്തോടെ സ്വീകരിക്കണമേ' എന്നു പറഞ്ഞു,. രാജന്‍ നോക്കി നില്‍ക്കെ ആ പൂവ് മറഞ്ഞു.  അതു ഭഗവാന്‍റെ പാദങ്ങളില്‍ ചേരുന്നത് രാജനു കാണാന്‍ സാധിച്ചു.
      കുറവ നമ്പിയുടെ ഭക്തി കണ്ടു രാജന്‍ തരിച്ചിരുന്നു പോയി. തനിക്ക് ഇത്രയും ഭക്തി ഇല്ല എന്നു പറഞ്ഞു  അദ്ദേഹത്തെ വളരെ ആദരവോടെ നോക്കി. ഉള്ളില്‍ നിന്നും ഭഗവാന്‍ രാജനെ അദ്ദേഹത്തിന്‍റെ കാലുകളില്‍ വീണു നമസ്കരിക്കുവാന്‍ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആശീര്‍വാദം ലഭിച്ചാല്‍ നിനക്കും അതു പോലെ ഭക്തി ഉണ്ടാകും എന്നു പറഞ്ഞു. ഉടനെ രാജന്‍ ഓടി ചെന്നു അദ്ദേഹത്തെ നമസ്കരിച്ചു.  
      കുറവ നമ്പി അത്ഭുതപ്പെട്ടു രാജനെ നോക്കി. ഭക്തനായത് കൊണ്ടു അദ്ദേഹത്തിനു കാര്യം മനസ്സിലായി. വളരെ ദുഃഖം തോന്നി. ഭഗവാന്‍ ഏഷണി പറച്ചിലും തുടങ്ങിയോ? എന്തിനാണ് ആവശ്യമില്ലാതെ തന്നെ കുറിച്ചു മറ്റുള്ളവരോടു പറയുന്നത്? ഛെ! താന്‍ എത്ര രഹസ്യമായിട്ടാണ്‌ തന്‍റെ ഭക്തിയെ വെച്ചിരുന്നത്. അതു പുറത്തായില്ലേ. ഇനി തന്നെ എല്ലാരും പുകഴ്ത്തും. അതൊക്കെ കേട്ടു തനിക്കു പതുക്കെ പതുക്കെ അഹംഭാവം വരും. അതു തന്‍റെ പതനത്തിനു കാരണവുമാകും എന്നു ചിന്തിച്ചു. പ്രഭോ! അങ്ങനെ ഒരു ദുര്‍ഭാഗ്യം എനിക്കു സംഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞു കൊണ്ടു നിലത്തു കുഴഞ്ഞു വീണു. അദ്ദേഹം ഭഗവത് പദം പ്രാപിച്ചു. രാജന്‍ പൊട്ടി കരഞ്ഞു. താന്‍ കാരണം ഒരു മഹാ ഭക്തന്‍ ജീവന്‍ വെടിഞ്ഞല്ലോ എന്നു ദുഃഖിച്ചു. ഭഗവാന്‍ അതിനു നമ്പി എന്നും തനിക്കു പുഷ്പം അര്‍പ്പിച്ചിരുന്നു. താന്‍ നമ്പിയെ തന്നെ എടുക്കണം എന്നു വിചാരിച്ചു അതുകൊണ്ടാണ് ഈ ലീലയാടിയത് എന്നു പറഞ്ഞു. 
അതു പോലെ 'മണ്‍ പൂവൈ ഇട്ടേനോ കുറവ നമ്പിയൈ പോലെ' എന്നു പെണ്‍പിള്ളൈ ചോദിച്ചു. ഞാന്‍ ഒരു പുഷ്പവും വൈത്ത മാനിധി പെരുമാളിന് അര്‍പ്പിച്ചിട്ടില്ലല്ലോ.  തനിക്കു എന്തു അര്‍ഹതയാണ് ഉള്ളതു? താന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു രാമാനുജരെ നോക്കി പറഞ്ഞു. അദ്ദേഹം അതിനു ആ ഭാവം നിനക്കും കിട്ടട്ടെ എന്നനുഗ്രഹിച്ചു. രാധേകൃഷ്ണാ!

Tuesday, July 13, 2010

പ്രേമവേദം ജൂലൈ-10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഏവഞ്ച  ദ്വിപരാര്‍ത്ഥകാല വിഗതാ വീക്ഷാം സിസൃക്ഷാത്മികാം
ബിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീ ഭാവയാ മായാ സ്വയം 
മായാതഃ ഖലു കാല ശക്തിരഖിലാ ദൃഷ്ടാ സ്വഭാവോപി ച
പ്രാദുര്‍ഭൂയ ഗുണാന്‍ വികാസ്യ വിദധുസ്തസ്യാ: സഹായക്രിയാം.
                (ദശഃ 5 ശ്ളോഃ 3)
        ഈ സ്ഥിതിയില്‍ രണ്ടു പരാര്‍ദ്ധകാലം കഴിഞ്ഞു സൃഷ്ടി കര്‍മ്മം നടത്താനുള്ള ആഗ്രഹത്താല്‍ അങ്ങ് നോക്കി കൊണ്ടിരിക്കെ മൂന്ന് ലോകങ്ങളുടെ മൂകകാരണമായ മായാ ശക്തി സ്വയം അങ്ങയില്‍ നിന്നു പുറത്തു വന്നു. മായയില്‍ നിന്നുളവായ കാലം, സമസ്ത കര്‍മ്മങ്ങള്‍, സ്വഭാവം എനീ ശക്തികള്‍ സ്വയം പ്രകാശം ചൊരിഞ്ഞു വളരുകയും മായയെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തു. 
                                                    (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
     രാധേകൃഷ്ണ! നമ്മള്‍ ജനിച്ചു കഴിഞ്ഞു.  ഒരു ദിവസം എന്തായാലും മരിക്കും. അപ്പോള്‍ ഇടയ്ക്കുള്ള ജീവിതത്തെ എന്തിനു വൃഥാ നശിപ്പുക്കുന്നത്? ഭഗവാന്‍ തന്ന ഈ ജീവിതം ഭഗവാനു വേണ്ടി ആനന്ദത്തോടെ ജീവിക്കു. മടുപ്പ് കളയു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം
 നാഹം ഇജ്യാ പ്രജാധിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ ഭൂതാത്മാ ഗുരു ശുശ്രൂഷയാ യഥാ 
     രാധേകൃഷ്ണാ! ലോകത്തില്‍ മനുഷ്യരായി ജനിച്ചാല്‍ ആനന്ദം അനുഭവിക്കണം. ആനന്ദമാണ് ജീവിത ലക്‌ഷ്യം. പക്ഷെ ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാര്‍ക്കും ഓരോ ദുഃഖവും, പ്രശ്നവും ഉണ്ട്..  ഈ ശരീരത്തിന് സന്തോഷം ലഭിക്കണമെങ്കില്‍ ഇതിന്‍റെ അകത്തുള്ള ഭഗവാന്‍  തൃപ്തിപ്പെടണം. ഭഗവാനു സന്തോഷമായാല്‍ ആത്മാവ് സന്തോഷിക്കും. പക്ഷെ ഭഗവാനെ എങ്ങനെ തൃപ്തിപ്പെടുത്തും?  ക്ഷേത്രത്തില്‍ പോയാല്‍ തൃപ്തി വരുമോ? അതോ വിവിധ തരം യാഗ യജ്ഞാദികള്‍ കൊണ്ടു സന്തോഷിക്കുമോ? ഇതിനു ഉത്തരം ഭഗവാന്‍ തന്നെ ശ്രീമദ്‌ ഭാഗവതത്തില്‍ കുചേല ഉപാഖ്യാനത്തില്‍ കുചേലനോട് സംസാരിക്കുമ്പോള്‍ പറയുന്നുണ്ട്. 
       യാഗ യജ്ഞങ്ങള്‍ കൊണ്ടോ,  ബ്രഹ്മചര്യ ധര്‍മ്മം കൊണ്ടോ,  ഇന്ദ്രിയങ്ങള്‍ നിഗ്രഹം ചെയ്തു വാനപ്രസ്ഥ ധര്‍മ്മം കൊണ്ടോ, എല്ലാം ഉപേക്ഷിച്ച സന്യാസ ധര്‍മ്മം കൊണ്ടോ, തപസ്സു കൊണ്ടോ, ശാന്തി കൊണ്ടോ ഭഗവാന്‍ സന്തോഷിക്കുന്നില്ല. ഗുരു കൈങ്കര്യം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഭഗവാന്‍ അതില്‍ സന്തോഷിക്കുന്നു.  
      ഗുരുവിനു നാം കൈങ്കര്യം ചെയ്യേണ്ട ആവശ്യം എന്താണ്? ഗുരുവിനു കൈങ്കര്യം ചെയ്യുമ്പോള്‍ നമ്മുടെ പാപങ്ങള്‍ ഒന്നൊന്നായി കത്തി തീരുന്നു. പാപത്തിനു കാരണമായ കര്‍മ്മ വാസനകളും, അഹംകാര  മമകാരാദികളും നശിക്കും. അതു കൊണ്ടു ആത്മാവ് പരിശുദ്ധമാകുന്നു. അപ്പോള്‍ ഭഗവാന്‍റെ സാന്നിധ്യം പരിപൂര്‍ണ്ണമായി അനുഭവപ്പെടുന്നു. അതു കൊണ്ടു ഗുരു കൈങ്കര്യം ചെയ്യുക എന്നത് വളരെ ഉത്തമമായ ഒരു ധര്‍മ്മമാണ്‌. 
     സ്വാമി രാമാനുജര്‍ ഉത്തമനായ ഒരു ആചാര്യനാണ്. ഒരിക്കല്‍  അദ്ദേഹം തിരുമലൈ തിരുപ്പതിക്ക് ഭഗവാനെ ദര്‍ശിക്കാനായി പോയി.  ആ സമയം അദ്ദേഹത്തിന്‍റെ ഒരു ഗുരു പെരിയ തിരുമലൈ നമ്പികള്‍ എന്ന ആചാര്യന്‍റെ അടുത്തു ഒരു വര്‍ഷം രാമായണം കേട്ടുകൊണ്ടിരുന്നു. നമ്പികളുടെ ഒരു ശിഷ്യന്‍ ഗോവിന്ദന്‍ രാമാനുജരുടെ ചിറ്റമ്മയുടെ മകനാണ്.  ഗോവിന്ദന്‍ എന്നും തന്‍റെ ഗുരുവിനു കൈങ്കര്യം ചെയ്തു വന്നിരുന്നു.  രാമാനുജര്‍ ഗോവിന്ദന്‍ ചെയ്യുന്ന കൈങ്കര്യങ്ങള്‍ ശ്രദ്ധിച്ചു വന്നു. 
        ഒരു ദിവസം ഗോവിന്ദന്‍ തന്‍റെ ഗുരു പെരിയ തിരുമലൈ നമ്പികള്‍ക്ക് കിടക്ക ശരിയാക്കിക്കൊണ്ടിരിക്കുന്നതു രാമാനുജര്‍ കണ്ടു.  ആദ്യം നിലം തുടച്ചു വൃത്തിയാക്കിട്ടു കിടക്ക ചുളിവുകള്‍ ഒന്നും ഇല്ലാതെ നിവര്‍ത്തി ഇട്ടു. എന്നിട്ട് തലയിണയൊക്കെ ഭംഗിയായി അടുക്കി വെച്ചു. കിടക്ക കണ്ടാല്‍ തന്നെ കിടക്കാന്‍ തോന്നും. നാം ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. രാമാനുജര്‍ മനസാ ഇതു കണ്ടു സന്തോഷിച്ചു. അടുത്ത ക്ഷണം ഗോവിന്ദന്‍ ചെയ്ത കാര്യം കണ്ടു അദ്ദേഹത്തിന്‍റെ ഭാവം ആകെ മാറി.  വളരെ ഭംഗിയായി കിടക്ക ശരിയാക്കിയ ഗോവിന്ദന്‍ അതില്‍ കയറി കണ്ണടച്ചങ്ങു കിടന്നു. ഇതു കണ്ട രാമാനുജര്‍ ഞെട്ടി പോയി. തന്‍റെ ആചാര്യന്‍റെ കിടക്കയില്‍ ഒരു ശിഷ്യന്‍ കയറി കിടക്കുകയോ! മഹാ പാപമല്ലേ! എന്തൊരു ധിക്കാരം! മാത്രമല്ല ഗോവിന്ദന്‍ കിടക്കയില്‍ കിടന്നു ഉരുളുകയാണ്‌. രാമാനുജര്‍ക്ക് അതു കണ്ടിട്ടു വല്ലാത്ത വിഷമം തോന്നി. കുറച്ചു സമയം കിടന്നിട്ടു ഗോവിന്ദന്‍ എഴുന്നേറ്റു വീണ്ടും കിടക്ക വളരെ ഭംഗിയായി ചുളിവൊന്നും ഇല്ലാതെ നിവര്‍ത്തി വിരിച്ചു. എന്നിട്ട് പോയി.
        രാമാനുജര്‍ നേരെ നമ്പികളെ കണ്ടു നടന്നത് പറഞ്ഞു. ഗോവിന്ദന്‍ കിടക്ക വിരിക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. പക്ഷെ അതിനു ശേഷം അയാള്‍ ചെയ്തത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല. അതു കൊണ്ടു ഗോവിന്ദനെ വിളിച്ചു ചോദിക്കണം എന്നു പറഞ്ഞു. ഉടനെ നമ്പികള്‍ ഗോവിന്ദനെ അരികില്‍ വിളിച്ചു. ഗോവിന്ദന്‍ ഓടിയെത്തി കൈ കെട്ടി നിന്നു. ഉടനെ നമ്പികള്‍ ഗോവിന്ദനോടു " എടാ എന്താ ഞാന്‍ ഈ കേള്‍ക്കുന്നത്? നീ എന്‍റെ കിടക്കയില്‍ കയറി കിടന്നോ?" എന്നു ചോദിച്ചു. ഉടനെ ഗോവിന്ദന്‍ 'അതേ' എന്നു വളരെ വിനയത്തോടെ പറഞ്ഞു.  ഇതിന്‍റെ ഫലം എന്താണെന്ന് നിനക്കറിയാമോ എന്നു നമ്പികള്‍ ചോദിച്ചു. അതിനു ഗോവിന്ദന്‍ 'നല്ല പോലെ അറിയാം, നരകവാസം' എന്നു മറുപടി പറഞ്ഞു. 
       അതു അറിഞ്ഞു കൊണ്ടാണോ നീ അങ്ങനെ ചെയ്തത് എന്നദ്ദേഹം ചോദിച്ചു. അതിനു ഗോവിന്ദന്‍ 'അങ്ങ് എത്രയോ ആത്മാക്കള്‍ക്ക് ശാന്തിയും സന്തോഷവും നല്കുന്നവനാണ്.  അങ്ങയ്ക്ക് രാത്രി നല്ല വിശ്രമം കിട്ടേണ്ടതു അത്യാവശ്യമാണ്.  അതിനു കിടക്കയില്‍ ഒരു ചുളിവോ മടക്കോ ഒരു തുരുമ്പോ ഒന്നും ഇരിക്കാന്‍ പാടില്ല. അങ്ങനെയായാല്‍ അങ്ങയ്ക്ക് രാത്രി ഉറക്കം ശരിയാവില്ല. അതു കൊണ്ടു കിടക്ക പൂര്‍ണ്ണമായും സുഖമാണോ എന്നു ഞാന്‍ കിടന്നു നോക്കും, എന്നിട്ട് എനിക്കു തൃപ്തി വന്നാല്‍ മാത്രമേ ഞാന്‍ സമ്മതിക്കു. അതു കൊണ്ടു  നരകം സംഭവിച്ചാലും എനിക്കു ദുഃഖമില്ല. ഗുരുവിന്‍റെ ശരീരത്തിന് അസൌകര്യം സംഭാവിക്കുന്നതിലും ഭയങ്കരമായ നരകം വേറെ ഒന്നും ഇല്ല' എന്നു പറഞ്ഞു.  
       ഇതു കേട്ടു നിന്ന രാമാനുജര്‍ കോരിത്തരിച്ചു പോയി. എന്തൊരു ആചാര്യ ഭക്തി! ഇത്രയും ആചാര്യ ഭക്തിയുള്ളവനില്‍ ഭഗവാന്‍ വളരെ  പ്രീതനാകുന്നു. അതുകൊണ്ടു ആചാര്യനു തന്നാലാവും വിധം ശ്രദ്ധയോടെ കൈങ്കര്യങ്ങള്‍ ചെയ്തു ഭഗവാന്‍റെ പ്രീതിക്ക് പാത്രമാവുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
അര്‍ജ്ജുന ഭക്തി- 2 
       രാധേകൃഷ്ണാ! മഹാ ഭക്തനായ കാലവ മഹര്‍ഷി സന്ധ്യാ വന്ദനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു അര്‍ഘ്യ ജലം എടുത്തു ഉയര്‍ത്തിയപ്പോള്‍ അതില്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയത് വീണു എന്നു നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു.  അദ്ദേഹം ചുറ്റും നോക്കി ആരെയും കണ്ടില്ല. ഇതു ഭൂമിയില്‍ നിന്നു ആരും ചെയ്തതായിരിക്കില്ല എന്നു തോന്നിട്ടു അദ്ദേഹം മുകളിലേയ്ക്ക് നോക്കി.  അവിടെ ഒരു ഗന്ധര്‍വന്‍ തന്‍റെ ഭാര്യ മാരോടു കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. തന്‍റെ സുഖ ഭോഗങ്ങളില്‍ മുഴികിയിരിക്കുകയായിരുന്നു. ഐശ്വര്യ മദം കൊണ്ടു മര്യാദ മറന്നു പോയി. താന്‍ സഞ്ചരിക്കുന്നത് യമുനയുടെ മുകളില്‍ കൂടിയാണ്,  ഈ പുലര്‍ച്ച സമയത്ത് ഏതെങ്കിലും ഭക്തന്മാര്‍ അവിടെ കര്‍മ്മാനുഷ്ടാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കും,  എന്നൊന്നും അയാള്‍ ഓര്‍ത്തില്ല. ഭഗവാനു ഏറ്റവും വിരോധമുള്ള ഒരു വിഷയം അഹംഭാവമാണ്.  അതു മാത്രം ഭഗവാന്‍ ക്ഷമിക്കുകയില്ല. 
      നമുക്ക് അഹങ്കരിക്കാനുള്ള യാതൊരു അര്‍ഹതയും ഇല്ല.  ഭഗവാന്‍ എല്ലാം നടത്തുന്നത് കൊണ്ടു കാര്യങ്ങള്‍ നടക്കുന്നു. പക്ഷേ നാം അതു മനസ്സിലാക്കാതെ അഹംഭാവത്തില്‍ തുള്ളുന്നു.
ഗന്ധര്‍വനും തന്‍റെ ഐശ്വര്യത്തിലും ഭാഗ്യത്തിലും മതി മറന്നു ഭഗവാനെ മറന്നു.  ഒരു മഹാ ഭാഗവതനാണ്  അപചാരം ചെയ്തത്. ഒരിക്കലും ആരും അതു ചെയ്യാന്‍ പാടില്ല. നാം എന്തു തെറ്റു ചെയ്താലും ഭഗവാന്‍ ക്ഷമിക്കും. പക്ഷേ തന്‍റെ ഭക്തന്മാരോടു അപരാധം ചെയ്താല്‍ ഒരിക്കലും ക്ഷമിക്കില്ല.
        കാലവ മഹര്‍ഷിക്ക് ഗന്ധര്‍വന്റെ അഹങ്കാരം കണ്ടിട്ടു വല്ലാതെ കോപം വന്നു. അദ്ദേഹം ഒന്നും ആലോചിക്കാതെ ഇന്നു അസ്തമനത്തിനു മുന്‍പ് അയാളുടെ മരണം നിശ്ചയം എന്നു ശപിച്ചു. അതിനു ശേഷം വീണ്ടും നല്ല ജലം എടുത്തു അര്‍ഘ്യം അര്‍പ്പിച്ചു തന്‍റെ കര്‍മ്മാനുഷ്ടാനം പൂര്‍ത്തിയാക്കി. എന്നിട്ട് തന്‍റെ ആശ്രമത്തിലേക്ക് മടങ്ങി. 
      കുറച്ചു നേരം ആയപ്പോഴേക്കും അദ്ദേഹത്തിനു മനസ്സില്‍ ഒരു വിഷമം തോന്നി.  ആ ഗന്ധര്‍വന്‍ അറിയാതെ ചെയ്ത ഒരു അപരാധത്തിന് താന്‍ ഇത്ര കഠിനമായ ശിക്ഷ നല്‍കണമായിരുന്നോ എന്നു പശ്ചാത്തപിച്ചു. അയാള്‍ അഹങ്കാരത്തില്‍ അറിയാതെ ചെയ്ത തെറ്റാണ്. അതു അയാളെ പറഞ്ഞു മനസ്സിലാക്കണം. പക്ഷേ അതിനു പകരം ജീവന്‍ എടുക്കണം എന്നു താന്‍ പറഞ്ഞത് തെറ്റായോ എന്നു തോന്നി. 
       മനസ്സില്‍ ചഞ്ചലം തോന്നിയപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതാണ്‌ ഗുരു പ്രഭാവം! ഒരു ജീവന്‍റെ മനസ്സില്‍ സമാധാനം നഷ്ടപ്പെട്ടാല്‍ ഗുരു എങ്ങനെയെങ്കിലും അവിടെ എത്തും. നാരദര്‍ എന്നാല്‍ ജ്ഞാനം നല്‍കുന്നവന്‍ എന്നര്‍ത്ഥം! കാലവ മഹര്‍ഷി നാരദരെ സ്വീകരിച്ചു ഇരുത്തി. നാരദര്‍ മഹര്‍ഷിയോട് അങ്ങയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം അന്ന് നടന്ന സംഗതികളെല്ലാം വിസ്തരിച്ചു പറഞ്ഞു. അപ്പോഴത്തെ കോപത്തില്‍ താന്‍ ആ ഗന്ധര്‍വനെ ശപിച്ചതും അതിനു ഇപ്പോള്‍ പാശ്ചാതപിക്കുന്നു എന്നും പറഞ്ഞു. ആ ഗന്ധര്‍വനും ഭാര്യ കുടുംബം ഒക്കെ ഉണ്ടാവില്ലേ. അവര്‍ക്കു വലിയ ദുഃഖമാവില്ലേ. അവര്‍ ഒരു തെറ്റും ചെയ്തില്ലല്ലോ. മനസ്സിന് യാതൊരു സമാധാനവും ഇല്ല എന്നു പറഞ്ഞു.
   
    മഹര്‍ഷിയെ നാരദര്‍ സമാധാനിപ്പിച്ചു കൊണ്ടു സാരമില്ല! അയാള്‍ അതു അര്‍ഹിക്കുന്നു എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി അങ്ങ് പറയുന്നെങ്കില്‍ ശരി അങ്ങനെ നടക്കട്ടെ എന്നു പറഞ്ഞു. ഇതു കേട്ടതും നാരദര്‍ അദ്ദേഹത്തോട്  'അങ്ങ് എന്താണ് പറയുന്നത്?  നല്ല സേനാ ബലം ഉള്ള ആ ഗന്ധര്‍വന്‍ എവിടെ വെറും ഒരു തപസ്വിയായ അങ്ങ് എവിടെ. അങ്ങയ്ക്ക് എങ്ങനെ അയാളെ വധിക്കാന്‍ കഴിയും. അതിനുള്ള ബലം അങ്ങയ്ക്ക് ഉണ്ടോ? അങ്ങ് വാക്കു മാറാന്‍ പാടില്ലല്ലോ. അങ്ങ് ചെയ്ത സത്യം പാലിക്കണ്ടെ?"   കാലവ മഹര്‍ഷി വല്ലാത്ത ഒരു പ്രതി സന്ധിയിലായി. അദ്ദേഹത്തിനു എന്തു ചെയ്യണം എന്നു മനസ്സിലായില്ല. സദ്‌ഗുരുവിനെ തന്നെ ശരണം പ്രാപിച്ചു ഒരു ഉപായം പറഞ്ഞു തരാന്‍ പറഞ്ഞു.  നാരദര്‍ മഹര്‍ഷിയെ ഭഗവാനെ തന്നെ ശരണം പ്രാപിക്കാന്‍ പറഞ്ഞു. ദ്രൗപതി ആപത്തു സമയത്ത് ഭഗവാനെ ശരണം പ്രാപിച്ചില്ലേ? ഉടനെ ഭഗവാന്‍ വസ്ത്ര രൂപത്തില്‍ വന്നു അവളുടെ മാനം രക്ഷിച്ചില്ലേ?
നാരദര്‍ കാലവ മഹര്‍ഷിയോട് ദ്വാരകയില്‍ ചെന്നു ഭഗവാനോട് കാര്യം പറയാന്‍ പറഞ്ഞു. കാലവ മഹര്‍ഷിക്ക് ഭഗവാനെ നേരിട്ട് കണ്ടു പറയാന്‍ കുറച്ചു മടി ഉണ്ടായിരുന്നത് കൊണ്ടു നാരദരെയും കൂട്ടിനു വരാന്‍ പറഞ്ഞു.   
       നാരദരും മഹര്‍ഷിയും കൂടി ദ്വാരകയില്‍ എത്തി. ദ്വാര പാലകരോടു നാരദര്‍, താനും ഒരു മഹര്‍ഷിയും ഭഗവാനെ കാണാന്‍ വന്നിട്ടുന്റെന്നു സന്ദേശം അറിയിച്ചു. ഭഗവാന്‍ ഉടനെ തന്നെ ഓടി വന്നു അവരെ സ്വീകരിച്ചു ആദരിച്ചു ഇരുത്തി. എന്നിട്ട് അവരുടെ ആഗമനോദ്ദേശം ചോദിച്ചു. ഭഗവാന്‍റെ സുന്ദര രൂപം കണ്ടു രണ്ടു പേരും കുറച്ചു നേരം മോഹിച്ചിരുന്നു പോയി. 
  
    കാലവ മഹര്‍ഷി ഭഗവാനോട് താന്‍ ചെയ്ത ശപഥത്തെക്കുറിച്ച് പറഞ്ഞിട്ട് ആ ഗന്ധര്‍വനെ വധിക്കാന്‍ തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു.  ഉടനെ ഭഗവാന്‍ സഹായിക്കാം എന്നു വാക്കു കൊടുത്തു. മഹര്‍ഷിക്ക് സന്തോഷമായി. പക്ഷേ നാരദര്‍ അദ്ദേഹത്തിന്‍റെ കാതില്‍ രഹസ്യമായി, ഭഗവാന്‍ സഹായിക്കാം എന്നു മാത്രമല്ലേ വാക്കു തന്നിട്ടുള്ളൂ. അത് പോരാ! ഗന്ധര്‍വനെ കൊല്ലാനുള്ള സഹായം മാത്രമാണ് ഭഗവാന്‍ നല്‍കാം എന്നേറ്റതു. അതിന്നര്‍ത്ഥം അയാളെ കൊല്ലുന്നത് മഹര്‍ഷി തന്നെയാവണം എന്നാണു. അങ്ങയ്ക്ക് അതിനുള്ള കെല്പില്ലല്ലോ. അതു കൊണ്ടു ഭഗവാന്‍ തന്നെ അയാളെ കൊല്ലണം എന്നു ചോദിക്കു എന്നു പറഞ്ഞു കൊടുത്തു.

      മഹര്‍ഷിയേ വീണ്ടും ഭഗവാന്‍റെ പക്കലേക്ക് പറഞ്ഞു വിട്ടു. മഹര്‍ഷിക്ക് വളരെ മടി തോന്നി. വീണ്ടും വീണ്ടും താന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടു പോയാല്‍ ഭഗവാനു ദേഷ്യമാവില്ലേ എന്നു ചോദിച്ചു. അതിനു നാരദര്‍ ഭഗവാന്‍ കരുണാ സാഗരനാണ്. നാം എന്താവശ്യപ്പെട്ടാലും അതു ചെയ്തു തരും എന്നു പറഞ്ഞു സമാധാനിപ്പിച്ചു. മഹര്‍ഷി വീണ്ടും ഭഗവാനോട് അങ്ങ് എനിക്കു വേണ്ടി ആ ഗന്ധര്‍വനെ വധിച്ചു തരണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ ചിരിച്ചുകൊണ്ട് ശരി അങ്ങ് ആവശ്യപ്പെട്ട പോലെ വൈകുന്നെരത്തിനകം ആ ഗന്ധര്‍വന്റെ തല ഞാന്‍ അറുക്കാം എന്നു വാക്കു കൊടുത്തു.  മഹര്‍ഷിക്ക് സന്തോഷമായി. അദ്ദേഹം തിരിച്ചു പോയി. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!   
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
 വാക്യം- 40 
     രാധേകൃഷ്ണാ! അടുത്തതായി പെണ്‍പിള്ളൈ രാമാനുജ സംബന്ധമായ ഒരു വാക്യം പറഞ്ഞു. 
അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ
 പെണ്‍പിള്ളൈ രാമാനുജരോടു തന്നെ രാമാനുജ വിഷയം പറഞ്ഞു. രാമാനുജരുടെ ഒരു ശിഷ്യയുടെ വിഷയമാണ്. കൊങ്കു ദേശത്തെ സുമതി എന്ന ഒരു സ്ത്രീ! ഒരിക്കല്‍ അവരുടെ ദേശത്ത് വരള്‍ച്ചയും ക്ഷാമവും ഉണ്ടായി. ആ സമയം അവര്‍ ശ്രീരംഗത്തെ തന്‍റെ ബന്ധുക്കളുടെ വീട്ടില്‍ ശരണം പ്രാപിച്ചു. കുറച്ചു ദിവസം അവിടെ താമസിക്കാന്‍ എത്തി. വെറുതെ ഇരിക്കുന്ന സമയം അവര്‍ ആ വീടിന്‍റെ മാട്ടുപ്പാവില്‍ നിന്നും തെരുവിലേക്ക് നോക്കിയിരിക്കും. 
        അങ്ങനെ നില്‍ക്കുമ്പോള്‍ ദിവസവും സന്യാസിയായ സ്വാമി രാമാനുജര്‍ ആ വഴി വരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. രാമാനുജര്‍ തന്‍റെ ധര്‍മ്മം അനുസരിച്ചു ഓരോ വീടുകളില്‍ നിന്നും  ഭിക്ഷ യാചിക്കുന്നതും അതേ സമയം അദ്ദേഹത്തിനെ പിന്തുടര്‍ന്നു ഒരു വലിയ ജനാവലി തന്നെ നടക്കുന്നതും കണ്ടു. അവര്‍ക്കു അത്ഭുതം തോന്നി. ആ കൂട്ടത്തില്‍ പണക്കാരനും, ദരിദ്രനും, പഠിച്ചവനും, പാമരനും കാണപ്പെട്ടു.  അവരെല്ലാവരും അദ്ദേഹത്തെ വളരെ ബഹുമാനത്തോടെ നോക്കിയിരുന്നു. അദ്ദേഹം പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഇതൊക്കെ കണ്ടിട്ട് അവര്‍ക്കു അത്ഭുതം തോന്നി. എന്താണ് ആ സന്യാസി അവരോടു പറയുന്നത്? എന്തു കൊണ്ടാണ് അവര്‍ ഇത്രയേറെ താല്പര്യത്തോടെ അതെല്ലാം കേള്‍ക്കുന്നത്? ഇത്രയും ആരാധകര്‍ ഉള്ളപ്പോള്‍ അദ്ദേഹം എന്തിനാണ് തെരുവില്‍ അലഞ്ഞു ഭിക്ഷ യാചിക്കുന്നതു? 
       ഇതെല്ലാം അറിയാനുള്ള ആകാംക്ഷ അവര്‍ക്കു ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവര്‍ രാമാനുജരുടെ അടുത്തു ചെന്നു അദ്ദേഹത്തോട് "അങ്ങ് എന്തിനാണ് ഭിക്ഷ യാചിക്കുന്നതു? എത്രയോ പേര്‍ അങ്ങയെ ബഹുമാനിക്കുന്നു പൂജിക്കുന്നു. അപ്പോള്‍ അങ്ങയ്ക്ക് അതിനുള്ള ആവശ്യം  ഉണ്ടോ എന്നു എനിക്കു തോന്നുന്നു" എന്നു പറഞ്ഞു. ഇതു കേട്ട രാമാനുജര്‍ അവളുടെ നിഷ്കളങ്കതയില്‍ ചിരിച്ചു കൊണ്ടു "ഇതു എന്‍റെ ധര്‍മ്മം ആണ്" എന്നു പറഞ്ഞു. 
സുമ:- "ഇവരൊക്കെ എന്തിനാണ് അങ്ങയെ പിന്‍ തുടരുന്നത്? അങ്ങ് എന്തൊക്കെയോ അവരോടു പറയുന്നുണ്ടല്ലോ. അവര്‍ അതെല്ലാം വളരെ തല്പര്യതോടു കൂടി കേട്ടു കൊണ്ടിരിക്കുന്നല്ലോ എന്താണത്?"
രാമാ:- "ഞാന്‍ അവര്‍ക്കു ഹിതം ഉപദേശിക്കുന്നു"
സുമ:- " എന്നു വെച്ചാല്‍ എന്താണ്"
രാമാ:- "ആത്മാവിന്‍റെ സംതൃപ്തിക്കായി പറയുന്നത്"
സുമ:- "ആത്മാവോ? അതെന്താണ്?"
രാമാ:- "അതു ഈ ശരീരത്തിനുള്ളില്‍ ഉള്ളതാണ്"
സുമ:- "അപ്പോ ഈ ശരീരം വേരെയാണോ?"
രാമാ:- "അതേ ഇതു നശിച്ചു പോകുന്നതാണ്. പക്ഷെ ആത്മാവ് അനിത്യവും"
സുമ:- "ഈ ശരീരം നശിക്കുമ്പോള്‍ എന്തു സംഭവിക്കും?"
രാമാ:- "ആത്മാവ് മറ്റൊരു ശരീരം സ്വീകരിക്കും"
സുമ:- "ഇതിനു അവസാനം ഇല്ലേ?"
രാമാ:- "അതിനാണ് ഹിതം ഉപദേശിക്കുന്നത്. ഭഗവത് ധ്യാനം, ഭഗവത് ഭക്തി, നാമജപം, ശരാനാഗതി  തുടങ്ങിയവയാണ്"
സുമ:- "അതെങ്ങനെ പഠിക്കാം?"
രാമാ:- "താല്പര്യതോടെ ഒരു ഗുരുവിനെ സമീപിച്ചു ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞു തരും."
സുമ:- "അപ്പോ അങ്ങ് എനിക്കും പറഞ്ഞു തരു. ഞാനും സല്ഗതി പ്രാപിക്കട്ടെ" ഇങ്ങനെ പെട്ടെന്ന് യാതൊരു മുഖവുരയോ ഒന്നും ഇല്ലാതെ അവര്‍ ചോദിച്ചു. രാമാനുജര്‍ക്ക് അവളുടെ നിഷ്കളങ്കമായ പ്രവൃത്തിയില്‍ സന്തോഷം തോന്നി. അവര്‍ക്കു അദ്ദേഹം ഗുരുവാനെന്നും അദ്ദേഹത്തെ നമസ്കരിക്കണം എന്നു പോലും തോന്നിയില്ല. കാരണം അവര്‍ക്കു അതൊന്നും അറിയില്ലായിരുന്നു. ആ നിമിഷം തന്നെ അവര്‍ക്കു അദ്ദേഹം ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ തുടര്‍ന്നു ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു സ്ഥലം വിട്ടു. 
      ദിവസങ്ങള്‍ കഴിഞ്ഞു. തെരുവുല്‍ എപ്പോഴെങ്കിലും രാമാനുജരെ നേര്‍ക്ക്‌ നേര്‍ കാണുമ്പോള്‍ അവര്‍ പരിചയ ഭാവത്തില്‍ ചിരിക്കും അദ്ദേഹവും ചിരിക്കും. അതില്‍ കൂടുതലായിട്ട് അദ്ദേഹം തന്‍റെ ഗുരുവാനെന്നോ അതു കൊണ്ടു ഏറ്റവും ആദരണീയാനാണെന്നോ അവര്‍ക്കു ഒന്നും തോന്നിയില്ല. കൊങ്കു ദേശത്ത് മഴ എത്തി. വരള്‍ച്ചയും ക്ഷാമവും മാറി. അവര്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. തന്‍റെ പരിചയക്കാരോടെല്ലാം യാത്ര ചോദിച്ചു.  അപ്പോഴാണ്‌ തനിക്കു ഉപദേശിച്ചു തന്ന സന്യാസിയോട് യാത്ര പറഞ്ഞില്ലല്ലോ എന്നു അവര്‍ക്കു തോന്നിയത്.  അവര്‍ അറിയാതെ ഹൃദയത്തില്‍ എന്തോ ഒരു ചെറിയ ദുഃഖം തോന്നി. അവര്‍ അറിയാതെ തന്നെ രാമാനുജരുടെ ചരണാരന്ദങ്ങളില്‍ അവരുടെ മനസ്സ് വന്നടിഞ്ഞിരുന്നു. 
       അവര്‍ രാമാനുജരെ തേടി എത്തി. അദ്ദേഹം അവളെ കണ്ടതും സുഖമാണോ എന്നു ചോദിച്ചു. അവള്‍ അതിനു തന്‍റെ നാട്ടില്‍ ക്ഷാമം മാറിയെന്നും താന്‍ തിരിച്ചു യാത്ര തിരിക്കുകയാനെന്നും പറഞ്ഞു.  പോകുന്നതിനു മുന്‍പ് അദ്ദേഹത്തെയും കണ്ടു യാത്ര പറയാനാണ് താന്‍ വന്നത് എന്നും തന്നെ മറക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നന്നായി വരു എന്നു ആശീര്‍വദിച്ചു. പെട്ടെന്ന് അവര്‍ അദ്ദേഹത്തോട് അങ്ങ് കോപിക്കുകയില്ലെങ്കില്‍ എനിക്കു അങ്ങയോടു ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.എന്നു പറഞ്ഞു. രാമാനുജര്‍ അതിനു താന്‍ കോപിക്കുകയില്ലെന്നും കാര്യം എന്താണെന്നും ചോദിച്ചു.  "അങ്ങ് എനിക്കു ഉപദേശം ഒക്കെ നല്‍കി. പക്ഷെ ഞാന്‍ അതു അത്ര ശ്രദ്ധയോടെ കേട്ടില്ല. അതു പൂര്‍ണ്ണമായും ഉള്‍കൊണ്ടില്ല. അതുകൊണ്ടു അതൊക്കെ മറന്നു പോയി. അങ്ങ് ദയവായി അതു എനിക്കു വീണ്ടും പറഞ്ഞു തരുമോ എന്നു ചോദിച്ചു.  
       രാമാനുജര്‍ അത്ഭുതപ്പെട്ടു പോയി. യാതൊരു ഒളിവും മരവും ഇല്ലാതെ ഇവള്‍ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. ഒട്ടും ഭയമില്ലാതെ തനിക്കു വീണ്ടും ഉപദേശം നല്‍കുമോ എന്നും ചോദിക്കുന്നു. സാധാരണ അങ്ങനെ ഒരു കീഴ്വഴക്കം തന്നെ ഇല്ല. അങ്ങനെ ചെയ്യാനും പാടില്ല. പക്ഷെ ഇവിടെ നിയമങ്ങളും ചട്ടങ്ങളും ഒന്നും ഇല്ല. അവളുടെ ആത്മാര്‍ത്ഥമായ അപേക്ഷ അദ്ദേഹം സ്വീകരിച്ചു അവള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഉപദേശം നല്‍കിയനുഗ്രഹിച്ചു.  രണ്ടാമത് ഉപദേശം കിട്ടിയപ്പോള്‍ അവളുടെ ഭാവം ഒക്കെ മാറി. അദ്ദേഹത്തിന്‍റെ കാരുണ്യം അവള്‍ക്കു മനസ്സിലായി. അതു താങ്ങാനായില്ല. അദ്ദേഹത്തോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. അദ്ദേഹത്തെ പാദാദി കേശം നോക്കി. അദ്ദേഹത്തെ നമസ്കരിച്ചു. എന്നിട്ട് അദ്ദേഹത്തോട് "ഞാന്‍ അജ്ഞാനിയാണ്. അവിടെ പോയാല്‍ ലൌകീക കാര്യങ്ങളില്‍ മുഴുകി പോവുകയും ചെയ്യും. വീണ്ടും അങ്ങ് പറഞ്ഞതൊക്കെ മറക്കാനുള്ള സാധ്യതയും ഉണ്ട്‌. എന്നു പറഞ്ഞു. അതിനു അദ്ദേഹം നീ വിഷമിക്കണ്ട ഇനി നീ ഇതു മറക്കില്ല എന്നനുഗ്രഹിച്ചു.  ഉടനെ അവള്‍ അങ്ങനെയല്ല അങ്ങ് ഞാന്‍ മറക്കാതിരിക്കാന്‍ എന്തെങ്കിലും ഒരു വസ്തു നല്‍കണം എന്നു പറഞ്ഞു. യതിരാജര്‍ ചിരിച്ചു. "അതിനു ഈ സന്യാസിയുടെ കയ്യില്‍ എന്താണുള്ളത്? ഉടുത്തിരിക്കുന്ന കാവി വസ്ത്രവും, ഭിക്ഷാ പാത്രവും പാടുകയും ദണ്ഡും ഒഴിച്ചാല്‍ എന്താണുള്ളത് എന്നു ചോദിച്ചു. അവള്‍ അദ്ദേഹത്തിന്‍റെ പാദങ്ങളിലേയ്ക്ക് നോക്കി.  ഈ കരുണാ മൂര്‍ത്തിയെ ചുമക്കുന്ന പാദുകങ്ങള്‍ എത്രയും വിശേഷപ്പെട്ടതായിരിക്കും എന്നു ചിന്തിച്ചു.  ഒട്ടും മടിക്കാതെ അങ്ങയുടെ പാദുകങ്ങള്‍ എനിക്കു തരുമോ എന്നവര്‍ ചോദിച്ചു.  ഉടനെ തന്നെ രാമാനുജര്‍ ശരി എടുത്തു കൊള്ളു എന്നു പറഞ്ഞു. ഇതു കേട്ടു നിന്ന ശിഷ്യന്മാര്‍ എല്ലാവരും സ്തബ്ധരായി.  എത്ര വിശേഷപ്പെട്ട ഒരു വസ്തുവാണ് ആ സ്ത്രീ സുലഭമായി ചോദിച്ചു വാങ്ങിയത്! എന്തൊരു ഭാഗ്യം! അവര്‍ക്കാര്‍ക്കും ഇങ്ങനെ ചോദിക്കാന്‍ ധൈര്യം വന്നില്ലല്ലോ എന്നു ദുഃഖം തോന്നി. ശ്രീരാമന്‍റെ പാദുകങ്ങള്‍ ഭരതനു നല്‍കി. അതിലും വിശേഷമാണ് സദ്ഗുരുവിന്‍റെ പാദുകങ്ങള്‍. ഇവള്‍ക്ക് എത്ര സുലഭമായി അതു ലഭിച്ചു!  
     സുമതി പാദുകങ്ങളെ എടുത്തു തലയില്‍ വെച്ചു. കണ്ണില്‍ ഒപ്പി എന്നിട്ട് തന്‍റെ ചേലയുടെ തുമ്പില്‍ കെട്ടി വെച്ചു. യാതിരാജരെ നോക്കി. അദ്ദേഹത്തോട് അങ്ങ് ഒരിക്കല്‍ ഞങ്ങളുടെ ഗൃഹത്തില്‍ വരണം എന്നു പറഞ്ഞു. അദ്ദേഹം ഭഗവത് സങ്കല്‍പം ഉണ്ടെങ്കില്‍ കാണാം എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു നടന്നു. 
       കാലം കുറെ കഴിഞ്ഞു. അവള്‍ യാതിരാജരുറെ പാടുകകള്‍ വെച്ചു നിത്യവും ആരാധിച്ചിരുന്നു. അവളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ കാണണം എന്ന താപം വര്‍ദ്ധിച്ചു വന്നു. പക്ഷെ അവള്‍ക്കു വീണ്ടും ശ്രീരംഗം പോകാനുള്ള സന്ദര്‍ഭം വന്നില്ല. അവളുടെ ഹൃദയം തേങ്ങി. തന്‍റെ ഗുരുനാഥനോടു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.  ഞാന്‍ സാംസാരീക ജീവിതത്തിനു അടിമപെട്ടവളാണ്. അതു കൊണ്ടു അസ്വതന്ത്ര. അപക്ഷേ അങ്ങ് സ്വതന്ത്രനല്ലേ? എന്‍റെ പ്രാര്‍ത്ഥന അങ്ങ് കേള്‍ക്കുന്നില്ലേ? അവിടേയ്ക്കു ഇവിടെ വന്നുകൂടെ എന്നൊക്കെ അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിചു. പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായാല്‍ അതിന്‍റെ ഫലം ഉറപ്പായും കാണാം.  
      അതേ സമയം ഒരു രാജന്‍റെ ദ്രോഹതാല്‍ രാമാനുജര്‍ക്കും ശിഷ്യര്‍ക്കും  ശ്രീരംഗക്ഷേത്രം ഉപേക്ഷിച്ചു പോകേണ്ട സ്ഥിതി വന്നു. അവര്‍ അലഞ്ഞു തിരിഞ്ഞു ഒടുവില്‍ കൊങ്കു ദേശത്ത് എത്തി. യാദൃച്ചയാ സുമതിയുടെ വീട്ടില്‍ എത്തിപെട്ടു. പക്ഷേ രാമാനുജര്‍ സ്വരക്ഷക്കായി വേഷം മാറിയിരുന്നു. തന്‍റെ ശിഷ്യ കൂട്ടത്തിനിടയില്‍ ഒളിഞ്ഞു നിന്നു. അവരുടെ സംസാരത്തില്‍ നിന്നും അവരൊക്കെ രാമാനുജരെ ചെര്‍ന്നവരാണെന്നു  അവള്‍ എങ്ങനെയോ മനസ്സിലാക്കി.  എന്നിട്ട് അവരോടു താനും രാമാനുജരുടെ ഒരു ശിഷ്യയാണെന്നും താന്‍ തന്നെ അവര്‍ക്കു ഭക്ഷണം പാകം ചെയ്തു നല്‍കാം എന്നും പറഞ്ഞു. ഇതു കേട്ടു അവര്‍ അത്ഭുതപ്പെട്ടു പോയി. രാമാനുജരുടെ ശിഷ്യ എന്നറിഞ്ഞത് കൊണ്ടു അവര്‍ അതിനു സമ്മതിച്ചു.
       സുമതി വളരെ ശ്രദ്ധയോടെ പാചകം ഒക്കെ ചെയ്തു. എന്നിട്ട് തന്‍റെ പതിവ് അനുസരിച്ചു ഭക്ഷണം യാതിരാജരുടെ പാദുകകള്‍ക്ക് ആദ്യം സമര്‍പ്പിച്ചു.  പാടുകകള്‍ അവര്‍ ആരും കാണാതെ ഒരു കലത്തില്‍ ഒളിച്ചു അടുക്കളയില്‍ വെച്ചിരുന്നു. ആര്‍ക്കും അവളുടെ ഭക്തി അറിയില്ലായിരുന്നു. അവളുടെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചിരുന്നു.  ഇതൊക്കെ കണ്ടു നിന്ന ശിഷ്യന്മാര്‍ രാമാനുജരോടു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം അതിനു ഒന്നും പറഞ്ഞില്ല. പക്ഷേ അവളോടു വീണ്ടും ഭക്ഷണം വേറെ പാകം ചെയ്യാന്‍ പറഞ്ഞു. തന്‍റെ പാദുകകള്‍ക്ക് നിവേദിച്ച ഭക്ഷണം എങ്ങനെ തന്‍റെ ഭഗവാനു അദ്ദേഹം നിവേദിക്കും! സുമതി ഒന്നും ചോദിക്കാതെ വീണ്ടും പാചകം ചെയ്തു  കൊടുത്തു. യതിരാജര്‍ അതു ഭഗവാനു നിവേദിച്ചു. എന്നിട്ട് അവളോടു ആദ്യം നീ പാചകം ചെയ്തു  ഏതോ ദൈവത്തിനു നിവേദിച്ചില്ലേ, ആര്‍ക്കാണ് എന്നു ചോദിച്ചു. ഉടനെ അവള്‍ അതു എന്‍റെ ദൈവമാണ് എന്നു പറഞ്ഞു പാടുകകള്‍ കാണിച്ചു കൊടുത്തു. അപ്പോള്‍ ശിഷ്യര്‍ അവളോടു ആ പാദുകകള്‍ ആരുടേതാണ് എന്നു ചോദിച്ചു. അവള്‍ അതു തന്‍റെ ഗുരുവായ രാമാനുജരുടെതാണു എന്നു പറഞ്ഞു. അതു അവള്‍ക്കു എങ്ങനെ ലഭിച്ചു എന്നവര്‍ ചോദിച്ചു. അതു ഒരിക്കല്‍ അദ്ദേഹം എനിക്കു തന്നതാണ് എന്നു മാത്രം പറഞ്ഞു. 
       ശിഷ്യര്‍ ഇതെല്ലാം രാമാനുജരോടു ചെന്നു പറഞ്ഞു. അദ്ദേഹം അവളെ വരാന്‍ പറഞ്ഞു എന്നിട്ട് ശിഷ്യരുടെ കൂട്ടത്തില്‍ ചേര്‍ന്നു നിന്നു.  ശിഷ്യര്‍ അവളോടു "അമ്മാ! ഈ കൂട്ടത്തില്‍ യതിരാജര്‍ ഉണ്ടോ എന്നു നോക്കു!"എന്നു പറഞ്ഞു. സുമതി അത്യാശ്ചര്യപ്പെട്ടു. തന്‍റെ ഗുരു തന്‍റെ ഗൃഹത്തില്‍ എത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വളരെ ആഹ്ലാദം തോന്നി. അവള്‍ തന്‍റെ ഗുരുവിന്‍റെ പാദുകങ്ങളെ ധ്യാനിച്ച്‌ കൊണ്ടു എല്ലാവരുടെയും പാദങ്ങളെ സൂക്ഷിച്ചു നോക്കി. സുഗ്രീവന്‍ സീതാ മാതാവിന്‍റെ ആഭരണങ്ങളെ ശ്രീ രാമന്‍റെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭഗവാന്‍ ലക്ഷ്മണനോട് അവ സീതയുടേതാണോ എന്നു നോക്കി പറയാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ ലക്ഷ്മണന്‍ നൂപുരങ്ങള്‍ കൊണ്ടു അവ സീതയുടെതാനെന്നു കണ്ടുപിടിച്ചു. അതു പോലെ അവള്‍ ഇത്രയും നാള്‍ പൂജിച്ചിരുന്ന പാദുകങ്ങളെ കൊണ്ടു അവള്‍ പാദങ്ങളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു. അങ്ങനെ സൂക്ഷിച്ചു നോക്കവേ ഒരു ജോടി പാദങ്ങളില്‍ അവളുടെ കണ്ണ് നിന്നു. എന്നിട്ട് ഈ പാദങ്ങളാണെന്നു തോന്നുന്നു. പക്ഷേ എന്‍റെ ഗുരുനാഥന്‍ സന്യാസിയാണ് കാവി വസ്ത്രം മാത്രമേ ധരിക്കു എന്നു പറഞ്ഞു ശങ്കിച്ച് നിന്നു.  കൂടി നിന്നവര്‍ക്ക് കോരിത്തരിപ്പുണ്‍ടായി. ഇത്രയും കാലത്തിനു ശേഷം എത്ര കൃത്യമായി അവള്‍ രാമാനുജരെ കണ്ടു പിടിച്ചിരിക്കുന്നു! 
     ഉടനെ ശിഷ്യര്‍ അവളോടു പാദുകങ്ങളെ കൊണ്ടു വരുവാനും അവള്‍ കാണിച്ചു തന്ന പാദങ്ങള്‍ക്ക് യോജിച്ചതാണോ എന്നു നോക്കാനും പറഞ്ഞു. അവള്‍ അതു വിസമ്മതിച്ചു. ഇതു എന്‍റെ ഗുരുവിന്റെതാണ്. മറ്റാരും അതു ധരിക്കാന്‍ പാടില്ല എന്നു ശഠിച്ചു.  ഇതു കേട്ടപ്പോള്‍ വേഷം മാറി നിന്ന  രാമാനുജര്‍ അവളുടെ മുന്നിലെത്തി എന്നിട്ട് നിനക്കു ഞാന്‍ എന്തോ ഉപദേശിച്ചു എന്നു പറഞ്ഞല്ലോ അതെന്താണെന്ന് എന്‍റെ ചെവിയില്‍ പറയു എന്നു പറഞ്ഞു. ഉടനെ അവള്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ പറഞ്ഞു. ആര്‍ക്കും ഒരിക്കലും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ആ സുമതിക്ക് അന്ന് ലഭിച്ചത്. ഗുരുനാഥന്‍ രണ്ടു പ്രാവശ്യം ഉപദേശം ചെയ്യുക, അദ്ദേഹം ഉപദേശിച്ചത് തിരിച്ചു അദ്ദേഹത്തിന്‍റെ ചെവിയില്‍ പറയുക, ഇതൊക്കെ കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ്. എത്ര ഭാഗ്യവതിയാണ് ആ മഹതി! അവള്‍ പറഞ്ഞത്‌ കേട്ട യാതിരാജര്‍ നിര്‍വൃതിയോടെ "അതേ ഞാന്‍ ഇതു തന്നെയാണ് അന്ന് നിനക്കു ഉപദേശിച്ചത്. നീ എന്‍റെ ശിഷ്യ തന്നെയാണ്" എന്നു പറഞ്ഞു. യതിരാജരുടെ ശിഷ്യരെല്ലാരും ഇതൊക്കെ കണ്ടു തരിച്ചു നില്‍ക്കുകയാണ്.
യതിരാജര്‍  വീണ്ടും ഒരു പ്രാവശ്യം കൂടി ആ പാദുകങ്ങള്‍ അണിഞ്ഞിട്ടു അവള്‍ക്കു തിരികെ കൊടുത്തു. അവളുടെ ഭാഗ്യത്തെ കുറിച്ച് എന്തു പറയുവാന്‍ എന്നു ചോദിക്കുകയാണ് പെണ്‍പിള്ളൈ. അവളുടെ ഗുരു ഭക്തിയോ ശ്രദ്ധയോ തനിക്കുണ്‍ടോ? കൊങ്കില്‍ പിരാട്ടി എവിടെ താന്‍ എവിടെ? തനിക്കു ഈ നഗരത്തില്‍ വസിക്കാനുള്ള അര്‍ഹത പോലും ഉണ്ടോ എന്നു അവള്‍ ചോദിച്ചു. 
      രാമാനുജരുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. ഈ പെണ്‍പിള്ളൈ ഇരിക്കുന്നതോ തിരുക്കോളുരില്‍. അവള്‍ പറഞ്ഞ സംഭവം നടന്നതോ ശ്രീരംഗത്തും, കൊങ്കുദേശത്തും. ഇത്രയും ദൂരം സഞ്ചരിച്ചു ഈ വിഷയങ്ങള്‍ അവള്‍ കേട്ടിരിക്കുന്നു എന്നതില്‍ നിന്നും രാമാനുജരുടെ പ്രശസ്തി അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്നു ഊഹിക്കാം. അതു മാത്രമല്ല ഈ പെണ്‍പിള്ളൈയ്ക്ക് എത്ര മാത്രം ശ്രദ്ധയുണ്ടെങ്കില്‍ ഇത്ര കൃത്യമായി ഇതു മനസ്സിലാക്കിയിരിക്കും!  അവള്‍ ഇത്രയും നേരം സംസാരിച്ചു നില്‍ക്കുന്നത് യതിരാജരോടു തന്നെയാണെന്ന കാര്യം പോലും അവള്‍ മനസ്സിലാക്കിയിരുന്നില്ല. ഏതോ ഒരു സന്യാസി എന്നു മാത്രമാണ് അവള്‍ ധരിച്ചിരുന്നത്.  കൂടെയുണ്ടായിരുന്ന ശിഷ്യര്‍ക്ക് അതു പറയാന്‍ നാവു വെമ്പി. പക്ഷേ യതിരാജര്‍ കണ്ണ് കൊണ്ടു തടഞ്ഞു. പെണ്‍പിള്ളൈ വീണ്ടും 'അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ' എന്നു പറഞ്ഞു. ഞാന്‍ കൊങ്കില്‍ പിരാട്ടിയെ പോലെ ശ്രീരംഗത്ത്‌ പോയോ? എനിക്കു രാമാനുജരെ പോലെ ഗുരു ലഭിച്ചോ? അതു പോലെ ഒരു ഗുരുവിന്‍റെ പാദുകങ്ങള്‍ ലഭിച്ചിരുന്നെകില്‍ ഞാന്‍ ഈ ദേശം വിട്ടു പോകണ്ട ആവശ്യം ഉണ്ടാവുമോ? ഞാന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു പറഞ്ഞു.  ഇതു കേട്ട രാമാനുജര്‍ നിനക്കും ആ അനുഗ്രഹം നല്‍കാം എന്ന മട്ടില്‍ നോക്കി.  ഇതൊക്കെ കണ്ടു നിന്ന വൈത്തമാനിധി പെരുമാള്‍ പോലും പെണ്‍പിള്ളൈയോട് രാമാനുജരെ കാണിച്ചു കൊടുക്കാന്‍ തിരുക്ക പെട്ടു. പക്ഷേ രാമാനുജര്‍ ഭഗവാനോട് അരുതെന്ന് വിലക്കി. അവള്‍ 40 പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഈ സത്യം മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ അവളുടെ ഹൃദയത്തില്‍ കിടക്കുന്ന ബാക്കി വിഷയങ്ങള്‍ പുറത്തു വരാതെ പോകും. അതു പാടില്ല അതു കൊണ്ടു ആരും അവളോടു ഇപ്പോള്‍ പറയണ്ടാ എന്നു ആംഗ്യം കാണിച്ചു! 
ഒരു സദാചാര്യന്‍ പോലും അഭിനന്ദിക്കുന്ന രീതിയില്‍ ഈ പെണ്‍പിള്ളൈ സംസാരിക്കുന്നു.  അതാണ്‌ അവരുടെ മഹത്വം. രാധേകൃഷ്ണാ!