Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Wednesday, January 13, 2010

പ്രേമവേദം - സെപ്റ്റംബര്‍ 09

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
രാധേകൃഷ്ണ
 ത്വത്സമാധിവിജയേ തു യ:പുനര്‍- 
മംക്ഷു മോക്ഷരസിക: ക്രമേണ വാ 
യോഗവശ്യമാനിലം ഷഡാശ്രയൈ-
രുന്നയത്യാജ! സുഷുംനയാ ശനൈ:
                                                         ദശ:4  ശ്ലോ:9 
 ജനിമൃതി വിഹീനനായ ഭഗാവാനെ, അങ്ങയിലുള്ള സമാധി
വിജയിച്ച ഒരാള്‍ അപ്പോള്‍തന്നെയോ അഥവാ ക്രമേണയോ
മോക്ഷാസക്തനായി തീര്‍ന്നാല്‍ അവന്‍ യോഗസിദ്ധിയില്‍ 
തനിക്കു സ്വാധീനമായ ജീവ വായുവേ ആറു സ്ഥാനങ്ങളില്‍ കൂടി 
മെല്ലെ സുഷുമ്നാ നാഡിയിലൂടെ മേല്‍പ്പോട്ടുയര്‍ത്തുന്നു.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)

പ്രേമസന്ദേശം
രാധേകൃഷ്ണ 
ഗോപന്മാരും ഗോപികളും രാത്രി ഉറക്കത്തിലും കൃഷ്ണനെ തന്നെ
അനുഭവിച്ചിരുന്നു. ഗോപികള്‍ കാലത്ത് ഉണര്‍ന്നു അവരുടെ ദിവസം തുടങ്ങുന്നത് തന്നെ കൃഷ്ണ നാമസങ്കീര്‍ത്തനം ചെയ്തായിരുന്നു.  അവര്‍ നാമ സങ്കീര്‍ത്തനം ചെയ്തു കൊണ്ടു തന്നെ  അവരുടെ കര്‍ത്തവ്യങ്ങള്‍ ചെയ്തിരുന്നു. ഇനി നിങ്ങളോ? രാധേകൃഷ്ണ!
സത്ഗുരുവാത്സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണ
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍. 
      രാധേകൃഷ്ണ! നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം എത്രയോ വാക്കുകളും ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണ്ട്.  അവയ്ക്കൊക്കെ നമ്മുടെ മനസ്സിന് ശാന്തി തരാനുള്ള കഴിവുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം.  പലരും പല സ്തോത്രങ്ങളും, ശ്ലോകങ്ങളും പറയുന്നുണ്ട്.  അവര്‍ക്കെല്ലാം സുഖം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതുവും ഇല്ല. പയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ ആത്മ ശാന്തി ലഭിക്കുന്ന ഒരു വിഷയം ഗുരു മഹിമയാണ്. ഇതു മനസ്സിലാക്കിയ പരമശിവന്‍ ഗുരുഗീതയെ വളരെ അനുഭവിച്ചു പാര്‍വതി ദേവിക്ക് പറഞ്ഞു കൊടുക്കുന്നു.
"ധന്യാ മാതാ പിതാ ധന്യോ ഗോത്രം ധാന്യം കുലോത്ഭവ:
ധന്യ ച വസുധാ ദേവീ യാത്ര സ്യാത് ഗുരു ഭക്തതാ"
     ഏതു കുലത്തില്‍ ഒരു ഉത്തമനായ ഗുരു ഭക്തിയുള്ളവന്‍ ജനിച്ചുവോ ആ കുലം പാവനമാകുന്നു. അയാളുടെ മാതാപിതാക്കള്‍ ഉയര്‍ന്നവരാണ്‌. അയാള്‍ ഇരിക്കുന്ന ദേശം എത്രയോ ശ്രേഷ്ഠമാകുന്നു. 
      അതു പോലെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു! തിരുമഴിശൈ ആള്‍വാരിന്റെ ശിഷ്യനായ കണികണ്ണന്‍!  കണികണ്ണന്റെ  മാതാപിതാക്കള്‍ അവന്‍ ജനിച്ചപ്പോള്‍ മുതല്‍ ആള്‍വാരിന്റെ ഒരു സത്ശിഷ്യനായി വരണം എന്ന ധ്യാനത്തോടെ വളര്‍ത്തി.  ഗുരു കൃപ ഉണ്ടെങ്കില്‍ ഒരു ശിഷ്യന്‍ എല്ലാ വിധ പ്രാരബ്ധങ്ങളില്‍ നിന്നും വിടു പെടുന്നു.  കണികണ്ണന്‍ ഒരുത്തമ ശിഷ്യനായി തന്നെ വളര്‍ന്നു. ഒരിക്കല്‍ തിരുമഴിശൈ ആള്‍വാര്‍ കാഞ്ചീപുരം എന്ന ദിവ്യ ദേശത്തില്‍ വസിച്ചിരുന്നു. കണി കണ്ണന്‍  തന്റെ ഗുരുവിനു സകല കൈങ്കര്യങ്ങളും ചെയ്തു വന്നിരുന്നു. ഗുരു കൈങ്കര്യം ചെയ്യുന്ന ജീവന്റെ പിതൃക്കളും ദേവതകളും സദാ സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. 
       അവിടുത്തെ രാജനു തന്റെ യൌവനം നില നിറുത്തുവാനുള്ള മോഹത്തില്‍ കണികണ്ണനോടു അയാളുടെ ആചാര്യനായ തിരുമഴിശൈ ആള്‍വാരേ കൊട്ടാരത്തില്‍  വിളിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞു. കണികണ്ണന്‍ അതിനു രാജാവിനോടു തന്റെ ആചാര്യര്‍ എവിടെയും പോകാറില്ലെന്നും വേണമെങ്കില്‍ രാജാവിന് അദ്ദേഹത്തെ ചെന്നു കാണാമെന്നും പറഞ്ഞു. രാജാനു കുറച്ചു പ്രയാസമായി. ശരി! എന്തായാലും തന്നെ കുറിച്ച് ഒന്ന് പാടണം എന്നാജ്ഞാപിച്ചു. കണികണ്ണന്‍ താന്‍ തന്റെ ആചാര്യനല്ലാതെ വേറെ ഒരു നരനേയും സ്തുതിച്ചു പാടില്ല എന്ന്‍ തീര്‍ത്തു പറഞ്ഞു. ഇതു കേട്ട രാജാവ് കോപാകുലനായി  കണികണ്ണനെ രാജ്യ ഭ്രഷ്ട് കല്പിച്ചു. ഉടനെ കണികണ്ണന്‍ നേരെ തന്റെ ഗുരുവിനോട് അനുവാദം വാങ്ങാന്‍ ചെന്നു.  അദ്ദേഹത്തെ നമസ്കരിച്ചു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു പുറപ്പെട്ടു. തന്റെ ശിഷ്യന്‍ രാജ്യം വിട്ടു പോവുകയാണെങ്കില്‍ തനിക്കും ഇനി അവിടെ ഇരിക്കാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു അദ്ദേഹവും രാജ്യം വിട്ടു പോകാന്‍ പുറപ്പെട്ടു. അദ്ദേഹം തന്റെ ഭഗവാനോട്,
    'കണികണ്ണന്‍ പോകിന്റാന്‍ താമരൈപൂങ്കച്ചി മണിവണ്ണാ
     തുണിവുടയ ചെന്നാപ്പുലവനും പോകിന്റെന്‍ നീയും 
     ഉന്‍ പൈന്നാഗപായ്‌ സുരുട്ടിക്കൊള്‍.'
     എന്ന് പറഞ്ഞു വിളിച്ചു. 'ഹേ പ്രഭോ! കണികണ്ണന്‍ ഈ രാജ്യം വിട്ടു പോവുകയാണ്. കണികണ്ണന്‍ ഇല്ലാത്ത രാജ്യത്ത് എനിക്കു താല്പര്യം ഇല്ല.  ഞാനില്ലാത്ത സ്ഥലത്ത്  നിനക്കു എന്തു കാര്യം? അതു കൊണ്ടു നീയും നിന്റെ പാമ്പു പായ ചുരുട്ടി എടുത്തു കൊണ്ടു വരു' എന്ന് വിളിച്ചു. ഭഗവാന്‍ മറു വാക്കില്ലാതെ എഴുന്നേറ്റു, പാമ്പു പായ ചുരുട്ടി കൊണ്ടു തയാറായി നിന്നു. ആദ്യം കണികണ്ണന്‍ നടന്നു. പിറകെ ആചാര്യനും അതിന്റെ പിറകെ ഭഗവാനും ഭഗവാന്റെ പിറകെ മറ്റു ദേവതകളും എല്ലാരും ആ രാജ്യം വിട്ടു പോയി. രാജ്യം പെട്ടെന്ന് ശോഭയറ്റതായി. 
     രാജനു രാജ്യത്തില്‍ ഐശ്വര്യം ഒന്നുമില്ല എന്ന്‍ മനസ്സിലായി. ക്ഷേത്രത്തില്‍ സാന്നിധ്യവും കണ്ടില്ല. ഉടനെ മന്ത്രിമാരെ വിളിച്ചു. അവരെല്ലാവരും തന്നെ രാജന്‍ കണികണ്ണന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിക്കണം എന്നഭിപ്രായപ്പെട്ടു. അതല്ലാതെ യാതൊരു മാര്‍ഗ്ഗവും ഇല്ല എന്ന് പറഞ്ഞു. ഇതിനിടയില്‍ കണികണ്ണനും കൂട്ടരും രാത്രി ഒരു ദേശത്ത് തങ്ങി. രാജന്‍ പരിവാരസമേധനായി അവിടെ  എത്തി ആചാര്യന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു. ആള്‍വാര്‍ ഒന്നും മിണ്ടിയില്ല. രാജനു മനസ്സിലായി. അദ്ദേഹത്തിന്റെ ശിഷ്യന്റെ കാല്‍കളില്‍ വീണു മാപ്പപേക്ഷിച്ചു. ഭഗവാനെയും ആചാര്യനെയും കൂട്ടി വീണ്ടും അദ്ദേഹം രാജ്യത്തിലേയ്ക്ക് വരണം എന്ന് പ്രാര്‍ത്ഥിച്ചു.  കണികണ്ണന്‍ വിഷമത്തോടു കൂടി ആള്‍വാരോടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം ഉടനെ കണികണ്ണന്‍ പറഞ്ഞത് സമ്മതിച്ചു.  വീണ്ടും അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ തന്റെ പാമ്പു പായയും എടുത്തു കൊണ്ടു  കണികണ്ണന്‍ മുന്‍പേ, ആള്‍വാര്‍ തൊട്ടു പിന്‍പേ, ഭഗവാന്‍ അതിനും പിന്‍പേ, മറ്റു ദേവതകള്‍ ഭഗവാന്റെ പിന്‍പേ എല്ലാവരുടെയും പിന്നില്‍ രാജനും പരിവാരങ്ങളുമായി തിരിച്ചു രാജ്യത്തില്‍ എത്തി. തിരിച്ചു എത്തിയപ്പോള്‍ ആചാര്യന്‍ പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ താനേ പായ വിരിച്ചു കൈയും കാലും മാറി കിടന്നു. അതു കൊണ്ടു ഇവിടുത്തെ പെരുമാളിനു -യഥോക്തകാരി- ശൊന്നവണ്ണം ചെയ്ത പെരുമാള്‍ എന്നൊരു നാമം കിട്ടി. ഇവര്‍ എല്ലാരും കൂടെ ഒരു രാത്രി തങ്ങിയ സ്ഥലതിനു -ഓരിരുക്കൈ- എന്ന പേരും സിദ്ധിച്ചു. ഒരു ഉത്തമ സത്ശിഷ്യന് വേണ്ടി ഭഗവാനും ആചാര്യനും വരെ രാജ്യം വിടാന്‍ തയ്യാറായി എങ്കില്‍ ആ കുലം, ഗോത്രം, കുടുംബം എല്ലാം ധന്യമായത് അല്ലേ? അതു പോലെ ഒരു ശിഷ്യനായി മാറു! നിങ്ങളുടെ കുലവും പാവിതമാക്കു! രാധേകൃഷ്ണ!
ഭക്തിരഹസ്യം
രാധേകൃഷ്ണ
      ഭഗവാന്‍ ഒരു വിചിത്ര ലീലയിലൂടെ എങ്ങനെ ഒരു നാസ്തീകന്റെ ജീവിതത്തിലേയ്ക്ക് കടന്നു ചെന്നു എന്ന് നാം കണ്ട്.  അയാളുടെ സാധുവായ പത്നിയുടെ ഭക്തിയും പ്രാര്‍ത്ഥനയും വെറുതെയായില്ല.  പതിവിനു വിപരീതമായി തന്റെ കച്ചവടം നന്നായതില്‍ ചാരുകാദാസര്‍ക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാള്‍ അന്ന് നടന്ന സംഭവങ്ങള്‍ ഒക്കെ ഓര്‍ത്തു കൊണ്ടിരുന്നു. അവിചാരിതമായിട്ടല്ലേ ഇന്നു തന്റെ കൂട്ടയില്‍ കൃഷ്ണ

വിഗ്രഹം എത്തിപെട്ടത്.  താന്‍ അതു തിരിച്ചു കൊടുക്കുവാനായിട്ടല്ലേ കൊണ്ടു വന്നത്? എന്തായാലും അതു വന്ന സമയം കൊള്ളാം. നല്ല കച്ചവടം എന്ന് അറിയാതെ ചിന്തിച്ചു. ഉടന്‍ തന്നെ  ഛെ! ഛെ! താന്‍ ഇങ്ങനെ മൂഡന്‍മാരെ പോലെ ചിന്തിക്കാന്‍ പാടുണ്ടോ എന്ന് വിചാരിച്ചു. എന്തോ യദൃഛയാ വിഗ്രഹം കൊണ്ടു നടക്കേണ്ടി വന്നു യദൃഛയാ കച്ചവടവും നന്നായി  എന്നല്ലാതെ അതില്‍ കൂടുതല്‍ എന്തു പറയാന്‍ എന്ന് വിചാരിച്ചു. വീട്ടിലെത്തിയ ഉടന്‍ അയാളുടെ ഭാര്യ 'എന്താ ഇത്ര വേഗം തിരിച്ചെത്തിയത്‌?' എന്ന് ചോദിച്ചു. ഉടനെ അയാളും 'ഇന്നത്തെ കച്ചവടം കഴിഞ്ഞു' എന്ന് പറഞ്ഞു. അവള്‍ അത്ഭുതത്തോടെ കൃഷ്ണാ എന്ന് വിളിച്ചു.  ഉടനെ ചാരുകാദാസര്‍ ഓര്‍മ്മ വന്നിട്ടെന്ന പോലെ ആ വിഗ്രഹം എടുത്തു അവളുടെ നേര്‍ക്ക്‌ നീട്ടി. അവള്‍ വിശ്വസിക്കാനാവാതെ 'ഇതെന്താ? ഇതു തിരിച്ചു കൊടുത്തില്ലേ?' എന്ന് ചോദിച്ചു. ഉടനെ വ്യാപാരി ആ  ബ്രാഹ്മണന്‍ എവിടെയോ പോയിരിക്കുകയാണെന്നും, തിരികെയെത്താന്‍ പത്തു പതിനഞ്ചു ദിവസം ആകും എന്നും അവളോടു പറഞ്ഞു. അവള്‍ ആനന്ദത്താല്‍ മതി മറന്നു പോയി. ഭഗവാന്‍ ഇനി എപ്പോഴാ ഇവിടെ വരിക എന്ന് താന്‍ പ്രാര്‍ത്ഥിച്ചതിനു ഇതാ ഇപ്പോഴേ വരാം എന്ന് ഭഗവാന്‍ പറയുന്ന മാതിരി തോന്നി.
     വ്യാപാരി അവളോടു 'കേട്ടോടി! ഇന്നു ഈ വിഗ്രഹം എനിക്കു തൂക്കാനുള്ള പടിയായി ഉപയോഗപ്പെട്ടു' എന്ന് പറഞ്ഞു. കൃഷ്ണനെ തൂക്കു പടിയായി ഉപയോഗിച്ചത് കൊണ്ടു ഇന്നു കച്ചവടവും നന്നായി നടന്നു എന്ന് പറഞ്ഞു.  അയാള്‍ പറഞ്ഞത് സത്യമല്ലേ എന്ന് അവള്‍ ഹൃദയത്തില്‍ ഭഗവാനോട് നന്ദി പറഞ്ഞു കൊണ്ടു വിഗ്രഹം തിരികെ പൂജ മുറിയില്‍ കൊണ്ടു വെച്ചു പൂജ അര്‍പ്പിച്ചു. 
     പിറ്റേ ദിവസം ചാരുകാദാസര്‍ വളരെ ഉത്സാഹത്തോടു കൂടി കച്ചവടത്തിനിറങ്ങി. ഇറങ്ങാന്‍ നേരത്ത് അയാളുടെ ഭാര്യ അയാളോട് തിരിച്ചു വരുമ്പോള്‍ കൃഷ്ണനു ഒരു നല്ല വസ്ത്രം വാങ്ങി വരുമോ എന്ന് ചോദിച്ചു. അയാള്‍ ആദ്യം എതിര് പറഞ്ഞെങ്കിലും അയാള്‍ക്ക്‌ തൂക്കുന്ന പടിയായി ഉപകരിച്ചില്ലേ അതിനുള്ള പ്രതി ഫലമായിട്ടെങ്കിലും കരുതണം എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌  തടുക്കുവാനായില്ല. വാങ്ങിക്കുമ്പോള്‍ അളവ് പ്രത്യേകം ശ്രദ്ധിക്കണേ എന്നവള്‍ വിളിച്ചു പറഞ്ഞു. അന്നത്തെ കച്ചവടവും  തരക്കേടില്ലാതെ കഴിഞ്ഞു. അവള്‍ ആവശ്യപ്പെട്ട പ്രകാരം അയാള്‍ കടയില്‍ ചെന്നു കൃഷ്ണനു പറ്റിയ ഒരു ഉടുപ്പ് വാങ്ങിച്ചു. അളവ് ശ്രദ്ധിക്കണം എന്നവള്‍ പറഞ്ഞിരുന്നതിനാല്‍ അയാള്‍ ഭഗവാന്റെ രൂപം ഓര്‍ത്തു വളരെ ആലോചിച്ചാണ് വാങ്ങിയത്. അങ്ങനെ അയാളുടെ കൂടയില്‍ ആദ്യം കയറിപ്പറ്റിയ കള്ള കൃഷ്ണന്‍ ക്രമേണ അയാളുടെ നാവിലും പിന്നെ സ്മരണയിലും നുഴഞ്ഞു കയറി. അത്ഭുതം ഭഗവാന്റെ ലീല!  അയാള്‍ വാങ്ങി വന്ന ഉടുപ്പ് കൃഷ്ണനു കൃത്യമായിരുന്നു എന്നതില്‍ നിന്നും  അയാള്‍ക്ക്‌ എത്ര മാത്രം കൃഷ്ണധ്യാനം ഉണ്ടായി എന്ന് മനസ്സിലാക്കാം. അളവ് കൃത്യമായിരുന്നതില്‍ അവള്‍ക്കു വളരെ ആനന്ദം തോന്നി. നിങ്ങള്‍ എത്ര കൃത്യമായിട്ടാണ് വാങ്ങിയിരിക്കുന്നത് എന്ന് അവള്‍ അത്ഭുതപ്പെട്ടു. ഉടനെ അയാള്‍ ഇന്നലെ മുഴുവന്‍ ഞാന്‍ അതു വെച്ചല്ലേ അളന്നത് അതു കൊണ്ടു അതിന്റെ കൃത്യമായ അളവ് എന്റെ മനസ്സിലുണ്ടായിരുന്നു എന്ന് പറഞ്ഞു. മൂന്ന് ലോകങ്ങളെയും തൃപ്പാദങ്ങള്‍ കൊണ്ടളന്നവനെ അയാള്‍ എത്ര വേഗമാണളന്നത് ! രാധേകൃഷ്ണ!
        അയാള്‍ വാങ്ങി വന്ന ഉടുപ്പ് ചാര്‍ത്തി അവള്‍ കൃഷ്ണനെ കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ നന്നേ ബോധ്യപ്പെട്ടു. അതു നോക്കി അയാള്‍ ആസ്വദിച്ചു. 'എടിയെ! കൊള്ളാം. അല്ലേ?' അവള്‍ക്കു വീണ്ടും സന്തോഷമായി അയാള്‍ക്ക്‌ നല്ല ആസ്വാദനവും ഭഗവാന്‍ തന്നുവല്ലോ! അവള്‍ ചെയ്യുന്ന ഉപചാരങ്ങളൊക്കെ അയാള്‍ ശ്രദ്ധിച്ചു തുടങ്ങി. ചില ദിവസം എന്തെങ്കിലും ചോദിക്കുകയും ചെയ്യും.   ഇന്നെന്താ പഴയ പൂവ് എടുത്തു മാറ്റിയില്ലേ എന്ന് ചിലപ്പോള്‍ ചോദിക്കും. ചിലപ്പോള്‍ നീ എന്തിനാ പാല്‍ അതിന്റെ തലയില്‍ ഒഴിക്കുന്നത് എന്ന് ചോദിക്കും. അവള്‍ ക്ഷമയോടെ അതു അഭിഷേകമാണെന്നു വിവരിക്കും. അയാള്‍ ഒരു രസത്തിനു ഇതെല്ലാം ശ്രദ്ധിച്ചു അറിയാതെ ആകൃഷ്ടനാവുകയായിരുന്നു. കച്ചവടം പുരോഗമിച്ചു വന്നു. ഒരു ദിവസം അവള്‍ ചോദിക്കാതെ തന്നെ അയാള്‍ കൃഷ്ണനു ഒരു പുത്തന്‍ ഉടുപ്പ് വാങ്ങി വന്നു. അവള്‍ ആശ്ചര്യപ്പെട്ടു ചോദിച്ചപ്പോള്‍ 'ഓ! ആ ഇട്ടിരിക്കുന്ന ഉടുപ്പ് അഴുക്കാകുമ്പോള്‍ മാറാനാണ് ' എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ പുറത്തെവിടെയോ പോയിരുന്ന നേരത്ത് കുറച്ചു പാല്‍ കൊണ്ടു വന്നു അഭിഷേകം ചെയ്തു നോക്കി. അവള്‍ വന്നു ചോദിച്ചപ്പോള്‍ അയാള്‍ 'ഓ! വെറുതെ ഒന്ന് ചെയ്തു നോക്കിയതാണ് ' എന്ന് പറഞ്ഞു. അങ്ങനെ പതുക്കെ പതുക്കെ ചാരുകാദാസരുടെ ഹൃദയം ആ  നവനീത ചോരന്‍ കവര്‍ന്നു. അവള്‍ ചെയ്യുന്ന പൂജകളെക്കുറിച്ച്  അന്വേഷിച്ചു. പിന്നെ കൃഷ്ണനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. കൃഷ്ണന്റെ ലീലകളെ കുറിച്ച് മനസ്സിലാക്കി. 'നമ്മുടെ വീട്ടിലും ഇതു പോലെ ലീലകളാടുമോ എന്ന് ചോദിച്ചു. ഭഗവത് കഥാ ശ്രവണം മെല്ലെ മെല്ലെ അയാളുടെ ഹൃദയത്തില്‍ ഭക്തിയെ ഉണര്‍ത്തി. അയാളുടെ ഭാര്യക്കുണ്ടായ ആനന്ദത്തെ പറ്റി പറയുകയും വേണോ?    
     ദിവസങ്ങള്‍ അങ്ങനെ സന്തോഷത്തോടെ നീങ്ങി. ഒരു ദിവസം ആ ബ്രാഹ്മണന്‍ അവിചാരിതമായി വന്നു ചേര്‍ന്നു. അദ്ദേഹത്തെ കണ്ടതും ആ ദാമ്പതികളുടെ ഹൃദയമിടിക്കാന്‍ തുടങ്ങി. കൃഷ്ണനെ അദ്ദേഹം കൊണ്ടു പോകുമോ എന്ന ആശങ്കയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ അയാള്‍ക്ക്‌ ഇതു വെറും വിഗ്രഹമായിരുന്നു. അന്ന് ആ ബ്രാഹ്മണന്‍ എന്താ ഇതിനെ കൊണ്ടു പോകാത്തത് എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. വിഗ്രഹം അവരുടെ പ്രിയപ്പെട്ട കൃഷ്ണനായി മാറിയിരിക്കുകയാണ്. അവനെ പിരിയാന്‍ അവര്‍ക്ക് ഇപ്പോള്‍ പ്രയാസമാണ്. ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി പല കാര്യങ്ങളും അവര്‍ സംസാരിച്ചിരുന്നു. ബ്രാഹ്മണന്‍ അന്ന് പോയതിനു ശേഷം ചാരുകാദാസരുടെ കച്ചവടത്തില്‍ പുരോഗതി ഉണ്ടായി ഇപ്പോള്‍ നല്ല രീതിയില്‍ നടക്കുന്നു എന്നും താമസിയാതെ ചന്തയില്‍ ഒരു കട തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മറ്റും പറഞ്ഞു. അന്ന് അദ്ദേഹത്തെ ആട്ടിയോടിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ അതൊന്നും കാര്യമായെടുത്തില്ല. പിന്നെ അദ്ദേഹം പതുക്കെ അവരോടു താന്‍ തന്റെ ഗുരുവിന്റെ ആജ്ഞയനുസരിച്ചു ഒരു കൃഷ്ണ വിഗ്രഹം വാങ്ങിയെന്നും അന്ന് വെപ്രാളത്തില്‍ അതിവിടെ ഇട്ടിട്ടു പോയി എന്നും, കുറച്ചു ദിവസമായി താന്‍ ഒരു യാത്രയിലായിരുന്നു എന്നും, യാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ദേഹാസ്വാസ്ഥ്യം പിടിപെട്ടത്‌ കൊണ്ടു ഉടനെ വരുവാന്‍ സാധിച്ചില്ല എന്നും ആവിഗ്രഹം  അവര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതു തിരികെ കൊണ്ടു പോകുവാനുമാണ് താന്‍ വന്നതെന്നും പറഞ്ഞു. 
      ചാരുകാദാസര്‍ പെട്ടെന്ന് മറുപടി ഒന്നും പറഞ്ഞില്ല. പിന്നീട് അദ്ദേഹത്തോട് അങ്ങയുടെ കൃഷ്ണ വിഗ്രഹം ഇവിടെത്തനെ ഉണ്ട് എന്ന് പറഞ്ഞു. 'അങ്ങ് ആ കൃഷ്ണനെ ഇവിടെ വെച്ചു മറന്നു പോയതിനു ശേഷമാണ് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്. അതില്‍ പിന്നെ അവനെ ഞങ്ങളുടെ കുഞ്ഞായിട്ടാണ് കണക്കാക്കി വരുന്നത്. അവനെ ഞങ്ങള്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നു. ഇപ്പോള്‍ അവന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് ജീവിതം പോലും ഇല്ല എന്ന അവസ്ഥയാണ് എന്ന് പറഞ്ഞു.  അതു കൊണ്ടു അങ്ങ് ദയവു ചെയ്തു അവനെ ചോദിക്കരുത്. പകരം അതു പോലെ ഒരു വിഗ്രഹം വേണമെങ്കില്‍ ഞാന്‍ വാങ്ങിത്തരാം എന്ന് യാചിച്ചു. ബ്രാഹ്മണനു ഇതു കേട്ടപ്പോള്‍ അളവില്ലാത്ത ആനന്ദം ഉണ്ടായി. സന്തോഷത്തോടെ അദ്ദേഹം അവരോടു 'അന്ന് ഞാന്‍ അവനെ മറന്നു എന്ന് വിചാരിച്ചു എന്നാല്‍ സത്യം അതല്ല. അവനാണ് എന്നെ മറന്നു നിങ്ങളുടെ  അടുക്കല്‍ തങ്ങിയത്. എല്ലാം കൃഷ്ണ സങ്കല്പം തന്നെയാണ് ' എന്ന് പറഞ്ഞു. എന്നിട്ട് അവനെ നമസ്ക്കരിച്ചിട്ടു അദ്ദേഹം ഇറങ്ങി പോയി. ആ ദാമ്പതികള്‍ക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അവര്‍ അങ്ങനെ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. അവരുടെ ഭക്തിയും ക്രമേണ പടര്‍ന്നു പന്തലിച്ചു. 
     നാളുകള്‍ കുറെ കഴിഞ്ഞു. അവരുടെ ഗ്രാമത്തില്‍ കുറെ ഭഗവത് ഭക്തന്മാര്‍ എത്തി. അവര്‍ അവിടെ നിന്നും തിരിക്കുമ്പോള്‍ ചാരുകാദാസരും അവരുടെ കൂടെ കൂടുവാന്‍ ആഗ്രഹിച്ചു. അയാള്‍ ഇതു വരെ ഒരു കൃഷ്ണ ക്ഷേത്രത്തിലും പോയിട്ടില്ല. ഭക്തന്മാരുടെ കൂടെയാകുമ്പോള്‍  നല്ലതല്ലേ എന്ന് വിചാരിച്ചു. അതു കൊണ്ടു അവര്‍ പോകുമ്പോള്‍ തന്നെയും കൂട്ടുമോ എന്ന് അവരോടു ചോദിച്ചു. അവരും സമ്മതിച്ചു.  അവരുടെ കൂടെ നടന്നു ഭഗവാന്റെ ലീലാസ്ഥലങ്ങളൊക്കെ കാണുവാന്‍ ആഗ്രഹിച്ചു. അങ്ങനെ അവരോടൊപ്പം ആടിപാടി ഉല്ലസിച്ചു കൊണ്ടു യാത്രയായി. ഭഗവാന്റെ ലീലകളെ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ല. എന്തു കൊണ്ടു ഒരു സംഭവം അങ്ങനെ നടക്കുന്നു എന്ന് ഒരിക്കലും നമുക്ക് പറയാന്‍ സാധ്യമല്ല. പക്ഷെ ഒന്നുറപ്പാണ്. ഭഗവാന്‍ ചെയ്യുന്നതെല്ലാം നല്ലതിനാണ്. ആ ഭക്ത സംഘം പലേ ദിവ്യ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. ഏതായാലും യാത്രാ മധ്യത്തില്‍ ഒരു ഗ്രാമത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ചാരുകാദാസര്‍ക്ക്‌ ശരീര അസുഖം പിടിപെട്ടു. തീരെ തളര്‍ച്ച തോന്നിയത് കൊണ്ടു മറ്റുള്ളവരോടു യാത്ര തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ തങ്ങി രോഗം ഭേദമായത്തിനു ശേഷം അവരുടെ കൂടെ എത്തിക്കൊള്ളാം എന്നും പറഞ്ഞു അവരെ യാത്രയാക്കി.    
     ഭഗവാന്‍ അദ്ദേഹത്തിനു എന്തു പരീക്ഷണങ്ങള്‍ നല്‍കി? എങ്ങനെ അദ്ദേഹത്തെ സ്ഫുടം ചെയ്തെടുത്തു എന്നറിയണ്ടെ?
അടുത്ത ലക്കത്തില്‍ കൂടി നമുക്ക് അതു കാണാം. രാധേകൃഷ്ണ! രാധേകൃഷ്ണ!

രാധേകൃഷ്ണ
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 33  
     പെണ്‍പിള്ളൈ ഗരുഡാള്‍വാരേ  കുറിച്ച് പറഞ്ഞത് കേട്ട നിന്ന രാമാനുജര്‍ അവളുടെ അടുത്ത വാക്യം കേട്ടു അതിശയിച്ചു പോയി. അവരുടെ സമീപത്തു തന്നെയുള്ള ഒരു ദിവ്യദേശത്തെ കുറിച്ചാണവള്‍  പറഞ്ഞത്.
'ഇളൈപ്പു വിടായ് തീര്‍ത്തേനോ നമ്പാടുവാന്‍ പോലെ '
    തിരുക്കുറുങ്കുടി പെരുമാളിനെകുറിച്ചാണ് - സുന്ദര പരിപൂര്‍ണ്ണ നമ്പി! തിരുക്കുറുങ്കുടി നമ്പി തന്നെയാണ് നമ്മാള്‍വാരായി അവതാരം ചെയ്തത് എന്ന് പറയപ്പെടുന്നു. ആ നമ്പി തന്നെ ഒരിക്കല്‍ രാമാനുജരോടു ശിഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു ഭക്തനുകൊടുത്ത പേരാണ്  'നമ്പാടുവാന്‍'. എന്ന് വെച്ചാല്‍ എന്റെ ഗായകന്‍ എന്നര്‍ത്ഥകം വരാഹ മൂര്‍ത്തി തന്റെ  പത്നിയൊടു പറയുന്നുണ്ട്  'എന്നെക്കുറിച്ച് പാടുന്ന ഒരുത്തന്‍ ഇവിടെ ഉണ്ടായിരുന്നു' എന്ന്. നമ്പാടുവാന്‍ ഭഗവാനെ കുറിച്ച് മാത്രം പാടി. ശൂദ്ര ജാതിയില്‍ ജനിച്ചയാളാണ്.  തന്റെ ചേരിയില്‍ നിന്നും ക്ഷേത്രത്തെ തൊഴുതു ഗോപുരത്തിന്റെ മുന്നില്‍ നിന്നു പാടും. അന്ന് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം കാട്ടു വഴിയില്‍ വരുമ്പോള്‍ ഒരു ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ പിടി കൂടി തിന്നാന്‍ ഭാവിച്ചു. അദ്ദേഹം ബ്രഹ്മരക്ഷസ്സിനോടു ഏതായാലും തന്നെ തിന്നാന്‍ പോവുകയല്ലേ അപ്പോള്‍ ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വന്നതിനു ശേഷം ആയിക്കൂടെ എന്ന് ചോദിച്ചു.  തനിക്കു എന്തായാലും ഇനി ഒരു ഏകാദശി ദര്‍ശനം വിധിച്ചിട്ടില്ല. അപ്പോള്‍  ഇതെങ്കിലും ഒന്നനുവദിക്കണം എന്നു ചോദിച്ചു. പ്രാണഭയം ഉണ്ടാവുമ്പോള്‍ നുണ പറയാം എന്ന്‍ ശാസ്ത്രം ഉണ്ട് അതു കൊണ്ടു ബ്രഹ്മരക്ഷസ്സ് അദ്ദേഹം നുണ പറയുകയാണെന്ന് പറഞ്ഞു. അദ്ദേഹം വീണ്ടും താന്‍ നുണ പറയുകയല്ല എന്നും തനിക്കു എന്നായാലും മരണം സുനിശ്ചിതമാണ്. ഇപ്പോള്‍ ക്ഷേത്രം ദര്‍ശിച്ചു തിരിച്ചു വരും എന്ന് വാക്കുകൊടുത്തു. താന്‍ തിരിച്ചു വന്നില്ലെങ്കില്‍ പരമാത്മാവിനെയും ഇതര ദേവതകളെയും സമം എന്ന് വിചാരിക്കുന്നവനു എന്തു പാപം ലഭിക്കുമോ അതേ പാപം തനിക്കു ലഭിക്കട്ടെ എന്ന് സത്യം ചെയ്തു. ബ്രഹ്മരക്ഷസ് അദ്ദേഹത്തെ വിട്ടയച്ചു. ക്ഷേത്രത്തിലേക്ക് അദ്ദേഹം ഓടി. ദൂരെ നിന്നും ഗോപുരം തൊഴുതു പ്രാര്‍ത്ഥിച്ചു. 'പ്രഭോ ഞാന്‍ പോവുകയാണ്. ഇനി ഇവിടെയ്ക്ക്  തിരിച്ചു വരില്ല. അടുത്ത ജന്മം ഉണ്ടെങ്കില്‍ അപ്പോഴെങ്കിലും എനിക്കു അങ്ങയെ അകത്തു വന്നു തൊഴുവാന്‍ സാധിക്കണമേ! ഞാന്‍ ഇതേ ദു:ഖത്തില്‍ പോകുന്നത് കൊണ്ടു തീര്‍ച്ചയായും അടുത്ത ജന്മം ഉണ്ടാവും. അപ്പോള്‍  തീര്‍ച്ചയായും എനിക്കു ദര്‍ശനം നല്‍കണം' എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ ഉടനെ തന്നെ ധ്വജസ്തംഭത്തോട് സ്വല്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്രേ. ഭഗവാനും ഭക്തനും ഇടയില്‍ തടസ്സമായി നിന്നാല്‍ ധ്വജസ്തംഭം ആയാലും ഭഗവാന്‍ മാറ്റി നിര്‍ത്തും. നമ്മുടെ ഭക്തിക്കു തടസ്സമായി വരുന്നതെല്ലാം ഭഗവാന്‍ മാറ്റി തരും. അദ്ദേഹത്തിനു നേരെ ഭഗവാനെ കാണാന്‍ സാധിച്ചു. ആനന്ദത്തില്‍ അദ്ദേഹം നൃത്തമാടി. ഭഗവാനെ പാടി കഴിഞ്ഞു പോകാന്‍ തയ്യാറായി. ഭഗവാനോട് അനുവാദവും ചോദിച്ചു. ഭഗവാനും പോകാന്‍ അനുമതി നല്‍കി. അദ്ദേഹം തിരിച്ചു പോകുന്ന വഴി ഭഗവാന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ എതിരില്‍ വന്നു അങ്ങോട്ട്‌ പോകരുതെന്നും അവിടെ ഒരു ബ്രഹ്മരക്ഷസ് ഉണ്ടെന്നും പറഞ്ഞു അദ്ദേഹത്തെ തടഞ്ഞു.
    അദ്ദേഹം ഉണ്ടായതെല്ലാം ബ്രാഹ്മണനോട് പറഞ്ഞു. ബ്രാഹ്മണന്‍ പരിഹസിച്ചു ചിരിച്ചു. ജീവന്‍ രക്ഷിക്കാന്‍ കളവു പറയാം. തെറ്റില്ല! അതു കൊണ്ടു അദ്ദേഹം ഇനി അങ്ങോട്ട്‌ പോകണ്ട കാര്യം ഇല്ല എന്നുപറഞ്ഞു. പക്ഷെ അദ്ദേഹം അതു സമ്മതിച്ചില്ല. ഇപ്പോള്‍ ഹൃദയം നിറയെ പ്രഭുവാണ് ഉള്ളത്. സത്യ ലംഘനം ചെയ്തു അത് കളയാന്‍ താന്‍ ഒരുക്കമല്ല. ഇതേ സ്ഥിതിയില്‍ തനിക്കു മരിക്കുവാന്‍ യാതൊരു വിരോധവും ഇല്ല എന്നദ്ദേഹം പറഞ്ഞു. തനിക്കു ഇപ്പോള്‍ സര്‍വത്ര ഭാഗവാനെയാണ് കാണാന്‍ കഴിയുന്നതെന്ന്‍ പറഞ്ഞു. ഉടനെ ബ്രാഹ്മണന്‍ ചിരിച്ചു കൊണ്ടു അപ്പോള്‍ തന്നെ ഭാഗവാനായി കാണുന്നില്ലേ എന്നു ചോദിച്ചു. 'അങ്ങും ഭഗവാന്‍ തന്നെയാണ്'  എന്നദ്ദേഹം പറഞ്ഞു തീരും മുന്‍പ് ഭഗവാന്‍ തന്റെ ദര്‍ശനം നല്‍കി. നമ്പാടുവാന്റെ ഭക്തിക്കു വശംവദനായി ഭഗവാന്‍ വീണ്ടും ദര്‍ശനം തന്നു. അദ്ദേഹം ആനന്ദത്തില്‍ മതി മറന്നു പോയി. ഭഗവാന്‍ മറഞ്ഞു. അദ്ദേഹം തുള്ളിച്ചാടിക്കൊണ്ടു ബ്രഹ്മരക്ഷസ്സിന്റെ അടുക്കലേക്കു ഓടി. 'ഹേ ബ്രഹ്മരക്ഷസ്സെ എന്നെ ഭക്ഷിക്ക്' എന്ന് പറഞ്ഞു. ബ്രഹ്മരക്ഷസ്സ് അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ കാരണം ചോദിച്ചു.  'എനിക്കു ഭഗവാന്‍ ദര്‍ശനം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ എന്റെ ഹൃദയം നിറയെ ഭഗവാനാണ്. കാമ ക്രോധാദികള്‍ ഒന്നും തന്നെ ഇല്ല. ഈ സ്ഥിതിയില്‍ എനിക്കു ഭഗവാനില്‍ ലയിക്കാം. ഇതില്‍ നിന്നും താഴേക്കു ഇറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന് പറഞ്ഞു. ബ്രഹ്മ രക്ഷസ്സിനു പക്ഷെ അപ്പോഴേക്കും അദ്ദേഹത്തെ തിന്നാനുള്ള ആവേശം പോയിരുന്നു. ഭഗവാന്റെ ദര്‍ശനം ലഭിച്ച നമ്പാടുവാനെ കണ്ടപ്പോള്‍ ബ്രഹ്മ രക്ഷസ്സിനു എന്തുകൊണ്ടോ അദ്ദേഹത്തെ തിന്നാന്‍ തോന്നിയില്ല. എത്രയോ കാലമായി താന്‍ ബ്രഹ്മരക്ഷസ്സ് എന്ന സ്ഥിതിയില്‍ പെട്ടു പോയില്ലേ എന്ന് പശ്ചാത്തപിച്ചു. അദ്ദേഹത്തെ കണ്ടാല്‍ വളരെ പുണ്യം ആര്ജ്ജിച്ചവനെന്നു തോന്നി. അദ്ദേഹത്തിന്റെ പുണ്യത്തില്‍ കുറച്ചു ദാനമായി നല്‍കാമോ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം അതു വിസമ്മതിച്ചു. ആ എകാദശിയുടെ  പുണ്യമെങ്കിലും തരണം എന്നപേക്ഷിച്ചു. അതും അദ്ദേഹം വിസ്സമ്മതിച്ചു.  ഒരുപാട് നിര്‍ബന്ധത്തിന്റെ ഒടുവില്‍ അന്ന കൈശികം എന്ന രാഗത്തില്‍ അദ്ദേഹം പാടിയ പാട്ടിന്റെ പുണ്യം ബ്രഹ്മ രക്ഷസ്സിനു കൊടുക്കണം എന്ന് ഭഗവാനോട് അപേക്ഷിച്ചു. ഭഗവാനും അതു സമ്മതിച്ചു ബ്രഹ്മരക്ഷസ്സിനു മോക്ഷം നല്കി. എത്രയോ കോടി ജന്മങ്ങളായി ചുറ്റിത്തിരിഞ്ഞു തളര്‍ന്നു പോയ ബ്രഹ്മ രക്ഷസ്സിനു അതിന്റെ ക്ഷീണം തീര്‍ത്തു സദ്ഗതി നല്‍കിയില്ലേ നമ്പാടുവാന്‍ എന്ന് പെണ്‍പിള്ളൈ അത്ഭുതപ്പെടുകയാണ്. തന്റെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയെക്കുറിച്ച് പറയുന്നത് കേട്ടു രാമാനുജരും മനം കുളിര്‍ത്തു അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണ!          














Sunday, December 13, 2009

പ്രേമവേദം -ആഗസ്റ്റ് 09

Posted by VEDHASAARAM




ശ്രീമന്നാരായണീയം
രാധേകൃഷ്ണ
 ഇത്ഥമഭ്യസന നിര്‍ ഭരോല്ലസ-  
ത്ത്വത് പരാത്മ സുഖ കല്പിതോത്സവാ: 
മുക്തഭക്ത കുല മൌലിതാം ഗതാ:
സഞ്ചരേമ  ശുക നാരദാദിവത്. 
                               ദശ:4 ശ്ലോ:8 
ഇപ്രകാരം അഭ്യാസ സിദ്ധിയാല്‍ ലഭ്യമാകുന്ന അങ്ങയുടെ 
കാന്തിമത്തായ പരബ്രഹ്മ സ്വരൂപം കണ്ടു, സുഖത്തിന്റെ 
ഭാവനാ നിര്‍മ്മിതമായ മേളയിലെത്തുന്ന ഞങ്ങള്‍ മണ്‍-
മറഞ്ഞ  ഭക്ത കുലത്തിന്റെ മൌലീ ഭൂഷണമായിട്ട്, ശുകന്‍, 
നാരദന്‍, എന്നീ  മഹര്‍ഷിമാര്‍ക്കൊപ്പം സഞ്ചരിക്കുമാറാകണം. 
(പണ്ഡിറ്റ്‌  ഗോപാലന്‍ നായര്‍ )

പ്രേമസന്ദേശം  
രാധേകൃഷ്ണ
ഭഗവാന്‍  കൃഷ്ണന്റെ മുന്നില്‍ വെറും ഒരു കുഞ്ഞായി മാറുക. വിശപ്പ്‌ കൃഷ്ണനാണ്.  നാം കഴിക്കുന്ന ഭക്ഷണവും കൃഷ്ണനാണ്. കൃഷ്ണന്‍ സര്‍വ്വതുമാണ്.  അതു മനസ്സിലാക്കുക. രാധേകൃഷ്ണ!   




സദ്‌ഗുരു വാത്സല്യം  
ജയ്‌ ശ്രീ രാധേകൃഷ്ണ 
ജയ്‌ പൂജ്യശ്രീശ്രീ അമ്മാ 
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍  
   രാധേകൃഷ്ണ! അവരവരുടെ ചിന്തകളാണ് ശരി എന്ന അജ്ഞാനത്തില്‍ മനുഷ്യര്‍ ഇരിക്കുന്നു. ഈ അജ്ഞാനം സകലവിധമായ ദു:ഖത്തിനും കാരണമാകുന്നു. അജ്ഞാനമാണെന്നു മനസ്സിലാക്കി ദു:ഖങ്ങള്‍ മാറ്റാന്‍ ഒരു സദ്ഗുരുവിനു മാത്രമേ സാധിക്കു. സദ്ഗുരുവിന്റെ കൃപ നമ്മേ എല്ലാ വിധ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു.  അതു കൊണ്ടു ഗുരുവിന്റെ ചരണങ്ങളില്‍ ദൃഡ വിശ്വാസം ഉണ്ടാവണം. നമ്മുടെ അഹം ഭാവം നിമിത്തമാണ് നാം ഗുരുവില്‍ നിന്നും അകന്നു പോകുന്നത്. അതു കൊണ്ടു ഭഗവാനോട് നാം എത്ര ജന്മമായാലും ഗുരുവിന്റെ ചരണകമലങ്ങളെ വിട്ടു പിരിയരുതേ എന്ന്‍ പ്രാര്‍ത്ഥിക്കുക. ശ്രീ മഹാദേവന്‍ ഗുരുവിന്റെ മഹിമയെ 
കുറിച്ച് തന്റെ പത്നിയായ ഉമയോട് ഇങ്ങനെ പറയുന്നു:- 
"ചാര്‍വാക  വൈഷ്ണവമതേ സുഖം പ്രഭാകരേ നഹി 
ഗുരോ: പാദാന്തികേ യദ്വത് സുഖം വേദാന്ത സമ്മിതം."
ഗുരുവിന്റെ ചരണകമലങ്ങള്‍ നല്‍കുന്ന ആനന്ദം വേറെ ഒരു 
മതത്തിനും  നല്‍കാനാവില്ല.  മനശ്ശാന്തിയും സമാധാനവും മതത്തെ ആശ്രയിച്ചത് കൊണ്ടു കിട്ടുന്നില്ല.  എന്നാല്‍ ഗുരുവിന്റെ സാമീപ്യം നമുക്ക് സദ്ചിന്തകളെ വളര്‍ത്തി, അജ്ഞാനത്തെ നശിപ്പിക്കുന്നു. കാരണം ഭഗവാനെ വഹിക്കുന്ന ശരീരത്തെ ഗുരുവിന്റെ ചരണങ്ങള്‍ താങ്ങുന്നു. അപ്പോള്‍ അതു എത്ര ശ്രേഷ്ഠമാണെന്ന് ഊഹിക്കാമല്ലോ!
           സ്വാമി രാമാനുജരുടെ ശിഷ്യന്‍ കൂറത്താഴ്വാന്‍ എന്ന മഹാന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് രാമാനുജരോടു അതിയായ വിശ്വാസവും ഭക്തിയും ഉണ്ടായിരുന്നു. ഒരു രാജന്റെ കലുഷമായ സമീപനത്താല്‍ ഒരിക്കല്‍ രാമാനുജര്‍ക്ക് ശ്രീരംഗം ഉപേക്ഷിച്ചു മേല്‍ക്കോട്ടൈ തിരുനാരായണപുരത്തില്‍ കുറച്ചു ദിവസം താമസിക്കേണ്ടി വന്നിരുന്നു. രാജനു രാമാനുജരുടെ സിദ്ധാന്തങ്ങളോട് അവജ്ഞയായിരുന്നു. രാമാനുജരുടെ ശിഷ്യനായ കൂറത്താഴ്വാനു തന്റെ വൈഷ്ണവ സിദ്ധാങ്ങളില്‍ ഉറച്ചു നിന്നത് കൊണ്ടു തന്റെ കണ്ണുകളെ പോലും ബലി കൊടുക്കേണ്ടി വന്നു. അദ്ദേഹം ശ്രീരംഗത്ത് തന്നെ വസിച്ചു വന്നിരുന്നു. അദ്ദേഹം ശ്രീരംഗനാഥനെ ദര്‍ശിക്കുവാനായി ക്ഷേത്രത്തില്‍ ചെന്ന്. അവിടെയുള്ള സേവകന്മാര്‍ അദ്ദേഹത്തെ രാമാനുജരുടെ പക്ഷക്കാരനെന്നു തടഞ്ഞു. ഉടനെ അദ്ദേഹത്തെ കുറിച്ച് ശരിക്കറിയാവുന്ന ചില ബ്രാഹ്മണര്‍  സേവകരോടു കൂറത്താഴ്വാനെ  പറ്റി പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തെ അകത്തു വരാന്‍ അനുവദിക്കണം എന്ന് പറഞ്ഞു. ഉടനെ സേവകര്‍ രാമാനുജരുടെ അനുയായികളായവര്‍  ഒഴികെ മറ്റുള്ളവര്‍ക്ക് അകത്തു കടക്കാം എന്ന് പറഞ്ഞു.  ഇതു കേട്ട കൂറത്താഴ്വാന്‍ "എന്റെ ഗുരുവായ രാമാനുജര്‍ക്ക് അംഗീകാരമില്ലാത്ത ഈ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എനിക്കു താല്പര്യമില്ല. എനിക്കു രംഗ നാഥനെക്കാള്‍ വലുത്  എന്റെ ആചാര്യന്‍ തന്നെയാണ്. എന്റെ ആചാര്യനെ പുറം തള്ളി എനിക്കു രംഗനെ ദര്‍ശിക്കണ്ടാ" എന്ന് പറഞ്ഞു. അവിടെ കൂടി നിന്നവരെല്ലാം അദ്ദേഹത്തിന്റെ ഗുരു ഭക്തി കണ്ട് ആശ്ചര്യപ്പെട്ടു.  ഇതു പോലെ ഒരു ആചാര്യ ഭക്തി ലഭിക്കുവാന്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുക! രാധേകൃഷ്ണ!


ഭക്തിരഹസ്യം 
രാധേകൃഷ്ണ 

മധുരം മധുരം വപുരസ്യ വിഭോര്‍ മധുരം മധുരം വദനം മധുരം മധുഗാന്ധി മൃദുസ്മിതം എതദഹോ മധുരം മധുരം മധുരം മധുരം .
      ഭഗവാന്റെ കോമള ശരീരം എല്ലാ  മധുരവസ്തുക്കളേക്കാള്‍  മധുരമായതാണ്. അവന്റെ വദനമാണെങ്കില്‍ തേനൂറും പുഞ്ചിരിയോടു കൂടി ഇരിക്കുന്നു. അത്ഭുതം തന്നെ കൃഷ്ണ തത്വം! മധുരം മധുരം മധുരം എന്നല്ലാതെ മറ്റെന്താണ് പറയാനുള്ളത്?
ലീല ശുകാര്‍ കൃഷ്ണ കര്‍ണ്ണാമൃതത്തില്‍ പറയുന്നതാണ് ഈ ശ്ലോകം.  മാധുര്യത്തിന്റെ ഉറവിടമായ ഭഗവാനെ കണ്ടാല്‍ ആരാണ് മയങ്ങാത്തത്? ചാരുകാദാസര്‍ എന്ന വ്യാപാരിയുടെ പരമ ഭക്തയായ  ഭാര്യ കൃഷ്ണന്റെ കോമള രൂപത്തില്‍ മയങ്ങി പോയതില്‍ ആശ്ചര്യം എന്താണ്?  ഭഗവാന്‍ സ്വയം അവളുടെ ഇരിപ്പിടം തേടി എത്തിയിരിക്കുന്നു. അവള്‍ക്കു ഇതു വരെ ഒരു ക്ഷേത്രത്തില്‍ പോയി ഭഗവാനെ ദര്‍ശനം ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഇപ്പോള്‍ ഇതാ ഇവിടെ ഭഗവാന്‍ എത്തിയിരിക്കുന്നു. ആനന്ദം കൊണ്ടു അവളുടെ കണ്ണുകള്‍ നിറഞ്ഞു. ഭക്തിയുണ്ടെങ്കില്‍  ഭഗവാന്‍ എവിടെയായാലും ഓടി എത്തും.  അതു കൊണ്ടല്ലേ പ്രഹ്ലാദനെ തേടി തൂണില്‍ വന്നു നിന്നത്? പ്രഭു നമുക്ക് വേണ്ടി കാത്തിരിക്കുകയാണ്.
     അവള്‍ എവിടെ നിന്നോ കുറച്ചു തുളസിയില പറിച്ചു കൊണ്ടു വന്നു ഭഗവാന് അര്‍പ്പിച്ചു. കുറച്ചു പാല്‍ എടുത്തുകൊണ്ടു വന്നു വളരെ പ്രേമയോടെ ഭഗവാനു നിവേദിച്ചു.  വ്യാപാരി ഇതൊക്കെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവള്‍ എന്താണ് ചെയ്യുന്നതെന്ന് അവളോട് ചോദിച്ചു. അതിനു അവള്‍ ഭഗവാനു പാല്‍ നേദിക്കുകയാണെന്ന് പറഞ്ഞു. ഉടനെ അയാള്‍ ഇതെന്തു ഭ്രാന്താണ് ഒരു വിഗ്രഹത്തിനു എന്തിനാ പാല്‍ കൊടുക്കുന്നത് എന്ന് ചോദിച്ചു. അതിനു അവള്‍ അയാളോട്  അങ്ങനെ ഒന്നും പറയരുതെന്നും ഭഗവാന്‍ അതിലിരുന്നു നാം കൊടുക്കുന്നത് സ്വീകരിക്കുന്നുണ്ടെന്നു പറഞ്ഞു. ഉടനെ അയാള്‍ പാല്‍ പാത്രം വാങ്ങിച്ചു നോക്കിയിട്ട് പാല്‍ ഇവിടെ ഉണ്ടല്ലോ. വിഗ്രഹം എവിടെ സ്വീകരിച്ചു എന്ന് തര്‍ക്കിച്ചു. അവളും ക്ഷമയോടെ ഭഗവാന്‍ സ്വീകരിക്കുന്നത് നമുക്ക് കാണുവാന്‍ സാധ്യമല്ലെന്നും നാം വിശ്വസിക്കണം എന്നും പറഞ്ഞു. അയാള്‍ അവളെ പരിഹസിച്ചു. അവള്‍ അതൊന്നും കാര്യമാക്കിയില്ല. ഭഗവാനെ കിട്ടിയത് തന്നെ തന്റെ മഹാ ഭാഗ്യമാണെന്ന് അവള്‍ കരുതി. ഇനി തന്റെ ഭര്‍ത്താവിലും മാറ്റം ഉണ്ടായേക്കാം എന്ന് വിചാരിച്ചു. മാത്രമല്ല പരിഹാസമായിട്ടെങ്കിലും അയാള്‍ക്ക്‌ കൃഷ്ണ സ്മരണ ഉണ്ടായതില്‍ അവള്‍ സന്തോഷിച്ചു. അന്ന് മുഴുവനും ആ ബ്രാഹ്മണന്‍ തിരിച്ചു വന്നില്ല. അടുത്തെ ദിവസവും അതിന്റെ അടുത്ത ദിവസവും  അദ്ദേഹം വന്നില്ല. അങ്ങനെ ഭഗവാന്‍ അവിടെ  എത്തി മൂന്നു ദിവസങ്ങള്‍ കഴിഞ്ഞു.
     വ്യാപാരിയുടെ ഭാര്യ നിത്യവും തന്നാലാവും വിധം അഭിഷേകം പൂജ തുടങ്ങിയവയൊക്കെ ചെയ്തു വന്നു. ഭഗവാന്‍ ഇവിടെ ഇരിക്കുന്നത് എത്ര ദിവസമാണെന്നറിയില്ലല്ലോ. അതു കൊണ്ടു കിട്ടിയ സമയം പാഴാക്കാതെ പൂജിച്ചു അനുഭവിച്ചു. വ്യാപാരിക്ക് അവളുടെ ചേഷ്ടകളെല്ലാം വിചിത്രമായി തോന്നി. അയാള്‍ അതെല്ലാം കൌതുകതോടെ  വീക്ഷിച്ചു. ഒരു ദിവസം എന്തോ കാരണവശാല്‍ അവള്‍ പാല്‍ നിവേദിക്കുവാന്‍ വൈകി. വ്യാപാരി ഇതു ശ്രദ്ധിച്ചിട്ട് അവളോടു നീ എന്നും ഈ സമയം പാല്‍ നിവേദിക്കാറുണ്ടല്ലോ ഇന്നെന്തേ ഇതുവരെ ചെയ്യാത്തത് എന്ന് പരിഹാസമായി ചോദിച്ചു.   അവള്‍ക്ക് അതു കേട്ടു വളരെ സന്തോഷം തോന്നി. അദ്ദേഹം അറിയാതെ ഭഗവാന്റെ പൂജയില്‍ ശ്രദ്ധ വന്നിരിക്കുന്നു! ഭഗവാന്‍  ആരെ എങ്ങനെ ആകര്‍ഷിക്കുന്നു എന്ന് പറയാന്‍ സാധ്യമല്ല. 
     മൂന്നു ദിവസം കഴിഞ്ഞു. വ്യാപാരി ചന്തയിലേയ്ക്കിറങ്ങി. ബ്രാഹ്മണനെ കണ്ട് വിഗ്രഹത്തിന്റെ കാര്യം പറഞ്ഞു എടുത്തു കൊണ്ടു പോകാന്‍ പറയാം എന്ന്‍ വിചാരിച്ചു. അയാളുടെ ഭാര്യയ്ക്ക് അതു കേട്ടപ്പോള്‍ ഉള്ളില്‍ വളരെ സങ്കടം തോന്നിയെങ്കിലും നമ്മുടെ അല്ലാത്തത് തിരിച്ചു കൊടുക്കണമല്ലോ എന്നോര്‍ത്ത് സമ്മതിച്ചു. പെട്ടെന്ന് അയാളുടെ മനസ്സ് മാറി എന്നിട്ട് ആ വിഗ്രഹം കയില്‍ എടുത്തിട്ട് താന്‍ തന്നെ കൊണ്ട് കൊടുക്കാം എന്ന് പറഞ്ഞു. അവളും മറുത്തൊന്നും പറയാതെ അയാളെ അനുസരിച്ചു. ഉള്ളില്‍ ഭഗവാനോട് പ്രഭോ ഇനി എപ്പോഴാണ് എന്റടുത്തു വരിക എന്ന് പ്രാര്‍ത്ഥിച്ചു. വ്യാപാരി ആ വിഗ്രഹം വാങ്ങി തന്റെ പച്ചക്കറി കൂടയില്‍ ഇട്ടു കൊണ്ടു കുട്ട തലയിലേറ്റി നടന്നു. അതു കണ്ട അവള്‍ക്ക് രോമാഞ്ചാമുണ്ടായി. 
"ഭഗവാനെ എന്റെ ഭര്‍ത്താവിനും വസുദേവരെപ്പോലെ  അങ്ങയെ തലയില്‍ ചുമക്കാനുള്ള ഭാഗ്യം തന്നില്ലേ?" അവളുടെ ാത്തിരിപ്പിന് ഫലമുണ്ടായി. ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും.
     ചാരുകാദാസര്‍ ചന്തയിലേക്ക് നടന്നു. ആദ്യം ചെന്നത് എണ്ണക്കടയിലാണ്. അവിടെ അപ്പോള്‍ ഒരു പയ്യന്‍ മാത്രം ഇരുന്നിരുന്നു. അയാള്‍ ആ പയ്യനോട് മുതലാളി എവിടെ എന്ന് ചോദിച്ചു. പയ്യന്‍ അതിനു മുതലാളി ഇപ്പോള്‍ നാട്ടിലില്ല എന്നും, വന്നു ചേരുവാന്‍ പതിനഞ്ചു ദിവസങ്ങള്‍ ആകും എന്നും അറിയിച്ചു. ചാരുകാദാസര്‍ക്ക്  പെട്ടെന്ന് ആ വിഗ്രഹം ആ പയ്യനെ ഏല്‍പ്പിക്കാന്‍ മനസ്സ് വന്നില്ല. ശരി ആ ബ്രാഹ്മണന്‍ തിരിച്ചു വരട്ടെ അപ്പോള്‍ കൊടുക്കാം എന്ന് തീരുമാനിച്ചു.   അതു കൊണ്ടു തന്റെ കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ തിരിഞ്ഞു. ചന്തയില്‍ നിന്നും കച്ചവടത്തിന് ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങി. അപ്പോള്‍  കൈയില്‍ ഉണ്ടായിരുന്ന ബ്രാഹ്മണന്റെ കൃഷ്ണ വിഗ്രഹം എവിടെ വെയ്ക്കണം എന്നറിയാതെ ഒടുവില്‍ അതു പച്ചക്കറി കുട്ടയിലെയ്ക്കിട്ടു. ഭഗവാനു പുഷ്പാഭിഷേകം പരിചയമുണ്ട്, പാലഭിഷേകം പരിചയമുണ്ട്, പക്ഷെ പച്ചക്കറി അഭിഷേകം ആദ്യമായിട്ടാണ്! ഒരു മത്തങ്ങയുടെ പുറത്തു ചവിട്ടിക്കൊണ്ട്‌ വേണ്ടക്കയുടെയും കാത്തിരിക്കായുടെയും ഇടയില്‍ സുഖമായി ആടിയാടി ഭഗവാനു ഒരു യാത്ര! എന്തായാലും ഭഗവാന്‍ പോലും ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരനുഭവം! കൃഷ്ണന്‍ രസികേന്ദ്രനല്ലേ! അതുവും രസിച്ചിട്ടുണ്ടാവണം! 
     എന്തായാലും വ്യാപാരിക്ക് ഒരു പുതിയ അനുഭവം കൃഷ്ണന്‍ സമ്മാനിച്ചു. പച്ചക്കറിയുമായി അയാള്‍ നടക്കുമ്പോള്‍ ആരോ വിളിച്ചിറക്കി. കുട്ടയില്‍ നിന്നും പച്ചക്കറി തിരയുന്നതിനിടയില്‍ അവരും കണ്ടു ഒരു ഉണ്ണിക്കണ്ണനെ!  'ഇതെന്താ ഒരു കൃഷ്ണന്‍ ഇവിടെ' എന്നവര്‍ അന്വേഷിച്ചു. വ്യാപാരി, തന്റെ ഭാര്യ ഒരാള്‍ക്ക് കൊടുക്കാന്‍ കൊടുത്തയച്ചതാണു  ഈ വിഗ്രഹം എന്നും, അയാളെ കാണാത്തത് കൊണ്ടു താന്‍ തിരിച്ചു ഇതു വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണെന്നും പറഞു. ഇതേ ചോദ്യം പല പ്രാവശ്യം അന്നാവര്‍ത്തിക്കപ്പെതുകയും അയാള്‍ക്ക് കൃഷ്ണ കഥ വീണ്ടും വീണ്ടും പറയേണ്ടി വരികയും ചെയ്തു.   അതാണ്‌ കൃഷ്ണന്റെ ലീല! നാസ്തീകനായ അയാളെ കൊണ്ടു തന്നെ തന്റെ കഥ വീണ്ടും വീണ്ടും പറയിപ്പിക്കുന്നതില്‍ ഭഗവാന്‍ വിജയിച്ചു.  യാദൃഛയാ അന്ന് തൂക്കം നോക്കാനുള്ള തൂക്കുകട്ടി അയാളുടെ കുട്ടയില്‍ കാണാനില്ലായിരുന്നു. അടുത്തുള്ള പലചരക്ക് കടയില്‍ നിന്നും ഒരു തൂക്കുകട്ടി കടം വാങ്ങി അയാള്‍ തൂക്കം നോക്കി കൊടുത്തു. പക്ഷെ അതു അയാള്‍ക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ. അതു കൊണ്ടു അതിനു തുല്യം തൂക്കമുള്ള ഒരു കല്ല്‌ നോക്കി എടുത്തു വെയ്ക്കാം എന്നുവിചാരിച്ച്. 
         ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ അന്ന് ഒരു കല്ലും തുല്യമായി കിട്ടിയില്ല. ഉടനെ തമാശക്ക്, ഈ കൃഷ്ണ വിഗ്രഹം അതിനു ഉപയോഗ്യമാണോ എന്ന് നോക്കാം എന്ന് പറഞ്ഞു ത്രാസ്സില്‍ വെച്ചു. അത്ഭുതമെന്നു പറയട്ടെ, തൂകം കൃത്യമായിരുന്നു. ഇങ്ങനെയും ഒരു തുലാഭാരം ഭഗവാനു വേണമായിരുന്നോ? എന്തായാലും തല്‍ക്കാലം അയാള്‍ക്ക് ആ പ്രശ്നം അങ്ങനെ പരിഹരിക്കാന്‍ സാധിച്ചതില്‍ സന്തോഷമായി. അതാണ്‌ സത്യം! 
നമ്മുടെ ഏതു പ്രശ്നത്തിനും പരിഹാരം കൃഷ്ണന്‍ മാത്രമാണ്. കൃഷ്ണനെ മാത്രമേ നമുക്ക് എല്ലാ വിധത്തിലും ഉപയോഗിക്കാന്‍ സാധിക്കു! അന്ന് പതിവിനു വിപരീതമായി എല്ലാവരും അയാളെ വിളിച്ചു.  കച്ചവടം മോശമല്ലാതെ അരീതിയില്‍ നടന്നു. പക്ഷെ കൂട്ടത്തില്‍ കൃഷ്ണ കഥയും! എല്ലാര്‍ക്കും അത്ഭുതം ഇയാള്‍ കൃഷ്ണനെ വെച്ചു പച്ചക്കറി തൂക്കി തരുന്നു! അതും അയാള്‍ പരമ  നാസ്തീകനാണ് എന്ന് എല്ലാവര്ക്കും അറിയുകയും ചെയ്യാം. അപ്പോള്‍ അവരോടൊക്കെ കൃഷ്ണന്‍ വന്ന കഥ മാത്രമല്ല അവന്‍ എങ്ങനെ തൂക്കു കട്ടിയായി എന്ന് വരെ പറയേണ്ടി വന്നു. എന്തായാലും ഭഗവാന്റെ അത്ഭുതാവഹമായ കാരുണ്യം കൊണ്ടു അന്ന് അയാളുടെ നാവില്‍ ഭഗവാന്‍ നല്ലത് പോലെ കളിയാടി. മാത്രമല്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാള്‍ കൊണ്ടു വന്ന ചരക്കു മുഴുവനും വിട്ടു തീര്‍ന്നു.  അതാണ്‌ കൃഷ്ണന്‍! ഏതു നേരം ഏതു രീതിയില്‍ തന്റെ ലീലകള്‍ അവതരിപ്പിക്കും എന്ന്‍ നമുക്ക് പരയുവാനെ സാധ്യമല്ല. ഒന്ന് മാത്രം നിശ്ചയം! ഭഗവാനെ അടിയുറച്ചു വിശ്വസിച്ചാല്‍ എങ്ങനെയായാലും നമ്മേ രക്ഷിക്കും. രാധേകൃഷ്ണ! 
    തന്റെ പത്നിയുടെ ഭക്തി ചാരുകാദാസരെ എങ്ങനെ സഹായിച്ചു എന്ന് നാം കണ്ടു. തുടര്‍ന്നു എന്തു സംഭവിച്ചു എന്ന് കാത്തിരുന്നു കാണുക. രാധേകൃഷ്ണ! രാധേകൃഷ്ണ! രാധേകൃഷ്ണ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
രാധേകൃഷ്ണ   
വാക്യം 32 

'കൊണ്ടു തിരിന്തേനോ  തിരുവടിയൈ പോലെ' 
     അനന്താള്‍വാനെ കുറിച്ച് പറഞ്ഞ പെണ്‍പിള്ളൈ അടുത്തതായി ഗരുഡാള്‍വാരെ കുറിച്ചാണ് പറഞ്ഞത്. എല്ലാ ക്ഷേത്രങ്ങളിലും ഗരുഡ പ്രതിഷ്ഠ കൈകള്‍ കൂപ്പി ഭഗവാനു എതിരായിട്ട്‌ ഇരിക്കുന്നത്  കാണാം.  ഭഗവാനു എവിടെയെങ്കിലും പോകണമോ എന്ന് ചോദിക്കുന്ന മട്ടില്‍ നില്‍ക്കുന്നു.  ഭഗവാന്റെ വാഹനമാണ് ഗരുഡന്‍.  ഭഗവാനെയും തോളിലേറ്റി സഞ്ചരിക്കും. ഗജേന്ദ്രന്‍ മുതലയുടെ വായില്‍ അകപ്പെട്ടു ഭഗവാനെ വിളിക്കുമ്പോള്‍ ഗരുഡനാണ് ഭാഗവാനെക്കാള്‍ മുന്‍പേ തയ്യാറായി നിന്നതത്രേ. അദ്ദേഹത്തിനറിയാം തന്റെ സ്വാമി ആപത്ബാന്ധവനാണ്,  ഗജേന്ദ്രന്റെ രക്ഷയ്ക്ക് ചെല്ലും എന്ന്.  അതു കൊണ്ടു ഭഗവാന്‍ പുറപ്പെടും മുമ്പേ തന്നെ തയ്യാറായി നിന്നു.  
        കര്‍ദ്ദമ പ്രജാപതിക്കു ഭഗവാന്‍ ദര്‍ശനം കൊടുക്കുന്നത് ഗരുഡാരൂഡനായിട്ടാണ്.  ധ്രുവനു ദര്‍ശനം നല്‍കാന്‍ ചെന്നതും ഭഗവാന്‍ ഗരുഡന്റെ പുറത്തു കയറിയായിരുന്നു. ഭഗവാനെ ഹൃദയത്തിലും തോള്‍കളിലും ചുമക്കാനുള്ള ഭാഗ്യമാണ് അദ്ദേഹത്തിന്. ഭഗവാന്റെ പൃഷ്ഠ ഭാഗം തന്റെ പുറത്തു!  അതെ സമയം രണ്ടു കാലുകളും തന്റെ കഴുത്തില്‍ മാല പോലെ കിടക്കുകയും ചെയ്യും! എന്തൊരു സുഖം! അതു മുഴുവനും അനുഭവിക്കുന്ന ഒരു പരമ ഭക്തനാണ് ഗരുഡന്‍.  ഗരുഡനാല്‍ ഹിംസിക്കപ്പെട്ട ഒരു  പാമ്പുണ്ടായിരുന്നു - സുമുഖന്‍!  ഭഗവാന്‍ ഒരിക്കല്‍ ഗരുഡനോട് താന്‍ ഒരു വസ്തു സൂക്ഷിക്കാന്‍ തരാം എന്നും അതിനെ അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിക്കണം എന്നും പറഞ്ഞു. ഗരുഡന്‍ സന്തോഷത്തോടെ സമ്മതിച്ചു. ഭഗവാന്‍ ഗരുഡന്‍ ഹിംസിച്ചിരുന്ന സുമുഖനെയാണ് കൊടുത്തത്.  അന്ന് മുതല്‍ ആ പാമ്പിനെയും കാലില്‍ ചുമന്നു നടക്കുകയാണ് ഗരുഡന്‍.  ഭഗവാനെ ചുമക്കുന്ന നേരത്തും ആ പാമ്പിനു ഒരു ഹാനിയും സംഭവിക്കാതെ കാലില്‍ ചുമന്നു നടക്കുന്നു.  ഭാഗവതത്തില്‍ കൃഷ്ണാവതാര സമയത്ത്  രുക് മിണിക്കു വേണ്ടി ഗരുഡന്‍ ബ്രാഹ്മണ വേഷത്തില്‍ ഭഗവാന്റെ അടുത്തു ദൂത് പോകുന്നുണ്ട്. തിരിച്ചും ഭഗവാനെയും കൊണ്ടു വിദര്‍ഭ രാജ്യത്ത് എത്തുന്നതായിട്ട് കാണുന്നുണ്ട്.  ഭഗവാനെയും കൊണ്ടു അലഞ്ഞു നടക്കാനുള്ള ഭാഗ്യം അദ്ദേഹം ചെയ്തില്ലേ എന്ന് പെണ്‍പിള്ളൈ ചോദിക്കുന്നു. തിരുവടി എന്ന് പറയുമ്പോള്‍ ചിലര്‍ ഗരുഡനെയാണെന്നും ചിലര്‍ അല്ല ആഞ്ചനേയരെയാണ് പെണ്‍പിള്ളൈ ഉദ്ദേശിക്കുന്നത് എന്നും പറയും. പക്ഷെ പിന്നീട് ഒരു വാക്യത്തില്‍  'ശിരിയ തിരുവടി' എന്ന് ആഞ്ചനേയരെ  പറയുന്നുണ്ട്. അതു കൊണ്ടു ഇവിടെ ഗരുഡനെയാണ് ഉദ്ദേശിച്ചതെന്നു ഊഹിക്കാം.  ഭഗവാനെയും കൊണ്ടു ഗരുഡന്‍ പറക്കുമ്പോള്‍ നമുക്ക് അങ്ങനെ പറക്കാന്‍ കഴിയില്ലല്ലോ എന്ന് രാമാനുജര്‍ ദു:ഖിച്ചിരുന്നു. പെണ്‍പിള്ളൈ ഈ വാക്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അതിരറ്റ ആനന്ദം ഉണ്ടായി. വേറെ ആരും ഇത്രത്തോളം ഗരുഡനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല എന്ന് അദ്ദേഹം വിചാരിച്ചു.  അവളുടെ ശ്രദ്ധയില്‍  മനം കുളിര്‍ത്തു അവളെ ഹൃദയം നിറഞ്ഞു അനുഗ്രഹിച്ചു. രാധേകൃഷ്ണ!