Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, November 13, 2012

പ്രേമവേദം നവംബർ -12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ഏവം താവത് പ്രാകൃത പ്രക്ഷയാന്തേ 
ബ്രഹ്മേ കല്പേ ഹ്യാദിമേ ലബ്ധജന്മാ 
ബ്രഹ്മാ ഭൂയസ്ത്വത്ത എവാപ്യ വേദാൻ 
സൃഷ്ടിം ചക്രേ പൂർവ്വകല്പോപമാനാം.
                              (ദശഃ 8 ശ്ലോകഃ1)   
           മഹാ പ്രളയാവസാനത്തിലുണ്ടായ ബ്രഹ്മയുഗത്തിന്റെ ആദ്യ ദിവസം അങ്ങയിൽ നിന്നു ഇപ്രകാരം ജന്മം ലഭിച്ച ബ്രഹ്മാവ്‌ വീണ്ടും അങ്ങയിൽ നിന്നുതന്നെ വേദങ്ങൾ സ്വീകരിക്കുകയും പ്രളയത്തിനു മുമ്പുണ്ടായിരുന്ന യുഗത്തിനു തുല്യമായ സൃഷ്ടികർമ്മം നടത്തുകയും ചെയ്തു. 
                                                      (പണ്ഡിറ്റ്‌ ഗോപാലൻ നായർ)
സദ്ഗുരുവാത്സല്യം 
       രാധേകൃഷ്ണാ! സദ്ഗുരു നാഥന്റെ കൃപ ഇല്ലാതെ ഒന്നും നടക്കില്ല. സദ്ഗുരുവിനു പക്ഷഭേദം ഇല്ല.  നാരദനും സദ്ഗുരു കൃപ കൊണ്ടു ഭഗവത് ദര്ശനം അതെ പോലെ അസുര കുട്ടിയായ പ്രഹ്ലാദനും നാരദർ എന്ന സദ്ഗുരുവിന്റെ കൃപ! അദ്ദേഹം ഉപദേശിച്ച മന്ത്രം ഉരുവിട്ടു തൂണിൽ ഭഗവാനെ പ്രത്യക്ഷമായി കണ്ടു. കുട്ടികൾ ഇല്ലാതെ ദുഃഖം കൊണ്ടു കരഞ്ഞു കൊണ്ടിരുന്ന ചിത്രകേതുവിനു അംഗിരസ്സ് മഹർഷിയുടെ അനുഗ്രഹത്താൽ ഒരു കുഞ്ഞു ഉണ്ടായി. സപ്ത്നികളുടെ അസൂയ കൊണ്ടു കുട്ടി വിഷം കൊടുത്തു കൊല്ലപ്പെടുന്നു. ഹൃദയം തകർന്നു പോയ ചിത്രകേതുവിനു നാരദർ എന്ന സദ്ഗുരു സത്യം മനസ്സിലാക്കി വൈരാഗ്യം ഉണ്ടാക്കി ഉപദേശം നൽകി. ആ ഉപദേശം ചിത്രകേതുവിനെ ഗന്ധർവ്വനായി ഉയർത്തുകയും, ദേവീ ശാപം മൂലം അസുര യോനിയെ പ്രാപിച്ചപ്പോൾ പോലും വിടാതെ ഭഗവത് സ്മരണ തന്നു അദ്ദേഹത്തെ മോക്ഷത്തിലേക്കു നയിച്ചു.
       ജഗജ്ജനനിയായ സീതാ മാതാവ് ഭഗവാന്റെ പ്രഭാവം പൂർണ്ണമായി മനസ്സിലാക്കിയിരുന്നു. എന്നിട്ടു പോലും അശോക വനത്തിൽ വെച്ചു ദുഃഖം മൂലം സ്വയം ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞപ്പോൾ ആഞ്ജനേയൻ എന്ന സദ്ഗുരു രാമായണം എന്ന ജീവാമൃതം നൽകി ജീവിപ്പിച്ചു. മഹാലക്ഷ്മിയായ രുഗ്മിണിക്കു ശിശുപാലനുമായി വിവാഹം നിശ്ചയിച്ചപ്പോൾ ഒരു ഉഞ്ഛവൃത്തി ബ്രാഹ്മണൻ സന്ദേശകാനായി വേണ്ടി വന്നു. ഋഗ്മിണിയുടെ കത്തു ഭഗവാങ്കൽ എത്തിച്ചു ഭഗവാനെ രുഗ്മിണിയുടെ പക്കലേക്കു വിളിച്ചു കൊണ്ടു വന്നു. അപ്പോൾ നമുക്ക് സദ്ഗുരു അല്ലാതെ വേറെ ഗതി ഇല്ല. ജീവിതത്തിൽ എന്തു സമ്പാദിച്ചാലും സദ്ഗുരു നാഥനെ സമ്പാദിക്കണം.സദ്ഗുരു നാഥൻ ഇല്ലാതെ ഭഗവാനെ പ്രാപിക്കുവാൻ ആർക്കും കഴിയില്ല. 
 ജപ തപോ വ്രതം തീർത്ഥം യജ്ഞോ ദാനം തഥൈവ ച 
ഗുരു തത്വം അവിജ്ഞായ സർവ്വം വ്യർത്ഥം ഭവേത് പ്രിയേ!
ജപം, തപസ്സ്, വ്രതങ്ങൾ, തീർത്ഥാടനം, തുടങ്ങിയവ ഒന്നും ഗുരു കൃപ ഇല്ലാതെ പ്രയോജനപ്പെടുകയില്ല. സദ്ഗുരുവിനെ പിടിക്കേണ്ടത്‌ നമ്മുടെ കടമയാണ്. കുരങ്ങിൻ കുട്ടിയെ പോലെ മുറുക്കി പിടിക്കണം. അതിനു ഏറ്റവും ഉയരത്തിലുള്ള കൊമ്പിലേക്കു പോകാൻ ആഗ്രഹം. പക്ഷെ അതിനു കഴിയില്ല. തന്റെ അമ്മയെ മുറുകെ പിടിക്കുമ്പോൾ സുലഭമായി അമ്മയുടെ കൂടെ ഉയരം കയറാം. മറ്റൊരു ശിഖരത്തിലേക്ക് ചാടുകയും ചെയ്യാം. അതു പോലെ നമുക്കു ഉയരാനുള്ള കഴിവില്ലെങ്കിലും സദ്ഗുരുവിനെ മുറുകെ പിടിച്ചാൽ അദ്ദേഹം നമ്മെ എത്തിക്കും. നമ്മുടെ ശ്രദ്ധ നമുക്കു ഗുരു മഹിമ മനസ്സിലാക്കി തരും.
        സ്വാമി രാമാനുജർ അത്യാശ്ചാര്യമായ ഒരു സദ്ഗുരുവാകുന്നു. ഒരിക്കൽ അദ്ദേഹം ശ്രീരംഗത്തിൽ ഇരിക്കുകയായിരുന്നു.ചില കാരണങ്ങളാൽ അപ്പോൾ മഠത്തിൽപണത്തിനു കുറച്ചു ബുദ്ധി മുട്ടുണ്ടായിരുന്നു. പതിവായി അവിടെ തയിരു കൊടുക്കുന്ന സ്ത്രീക്കു പണം ഒരു പാടു ബാക്കി കിട്ടാനുണ്ടായിരുന്നു. അവൾ പലപ്പോഴായി അവരോടു ചോദിച്ചു നോക്കി. താൻ സാധാരണ ദരിദ്രയാണെന്നും ഈ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം നടത്തുന്നതെന്നും ഇത്രയും കടം ഇടരുതെന്നും പറഞ്ഞു. പക്ഷെ മഠത്തിലെ ശിഷ്യർ അവളോടു കുറച്ചു കൂടി ക്ഷമിക്കണം എന്നു പറഞ്ഞു കൊണ്ടെ ഇരുന്നു. ഒരു ദിവസം അവൾ സഹി കെട്ടു തനിക്കു രാമാനുജരോടു നേരിൽ സംസാരിക്കണം എന്നു പറഞ്ഞു. ശിഷ്യർ അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. ഈ കാര്യങ്ങൾ ഒന്നും  അറിയിക്കരുതെ എന്നു അപേക്ഷിച്ചു. അദ്ദേഹം അറിഞ്ഞാൽ മനസ്സ് വിഷമിക്കും എന്നു പറഞ്ഞു. അവൾ ഒട്ടും  സമ്മതിച്ചില്ല. തനിക്കു എന്തു വന്നാലും ഇന്നു സ്വാമി രാമാനുജരെ കണ്ടേ പറ്റു എന്നു ശഠിച്ചു.ഗത്യന്തരമില്ലാതെ ശിഷ്യർ രാമാനുജരോടു മടിച്ചു മടിച്ചു കാര്യം പറഞ്ഞു. തയിർക്കാരിക്കു അദ്ദേഹത്തെ കാണണം എന്നും പറഞ്ഞു. ബാക്കി വിഷയങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
  രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം ലക്ഷ്മിയോട് ആ ബ്രാഹ്മണൻ മൂക്കുത്തി ദാനം വാങ്ങിച്ചതു വായിച്ചു. മൂക്കുത്തി  ദാനമായി കിട്ടിയത് എടുത്തു കൊണ്ടു ലക്ഷ്മിയെ ഹൃദയ പൂർവ്വമായി ബ്രാഹ്മണൻ ആശീർവദിച്ചു. 'നിന്റെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും. നിറയെ നാമജപം ചെയ്യു' എന്നു പറഞ്ഞു. ബ്രാഹ്മണൻ അവളോടു വിട പറഞ്ഞു ഇറങ്ങി. 
          ബ്രാഹ്മണൻ നേരെ ശ്രീനിവാസന്റെ കട നോക്കി ചെന്നു. ശ്രീനിവാസാൻ ആരെങ്കിലും വരുമോ എന്നു  നോക്കി ഇരിക്കുകയായിരുന്നു. ദൂരെ നിന്നും ഒരാൾ വരുന്നതു കണ്ടു. കണ്ടിട്ടു നല്ല പണക്കാരനാണെന്നു തോന്നി. ഒരു ജമീന്ദാരെ പോലെ വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. ശ്രീനിവാസനു സന്തോഷമായി. പണക്കാരൊക്കെ പണയം വെയ്ക്കാൻ വന്നാൽ നല്ല കോളാണു. പലിശ ധാരാളം വാങ്ങിക്കാം എന്നു വിചാരിച്ചു. ജമീന്ദാർ കടയിൽ പ്രവേശിച്ചു എന്നിട്ട് ശ്രീനിവാസനോട് 'ഞാൻ ഒരു യാത്ര വന്നതാണു. വഴിയിൽ പെട്ടെന്നു  എനിക്കു പണത്തിനു കുറച്ചു അത്യാവശ്യം വന്നു. എന്റെ ആഭരണം പണയമായി വെച്ചു കൊണ്ടു കുറച്ചു പണം തരു! രണ്ടു ദിവസത്തിനകം ഞാൻ അതു തിരിച്ചു തരും' എന്നു പറഞ്ഞു. 
           ജമീന്ദാർ തന്റെ വസ്ത്രത്തിൽ നിന്നും ഒരു വജ്ര മൂക്കുത്തി എടുത്തു നീട്ടി. നല്ല തിളക്കം! വളരെ വില കൂടിയ വജ്രമാണെന്നു തോന്നി. ശ്രീനിവാസനു സന്തോഷമായി. തീരെ താല്പര്യം ഇല്ലാത്ത പോലെ ജമീന്ദാരെ നോക്കി. ഉടനെ അദ്ദേഹം 'ഇത് വളരെ ഉയർന്ന ജാതി വജ്രമാണു, എന്നു പറഞ്ഞു. ശ്രീനിവാസാൻ അദ്ദേഹത്തെയും ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു '500/ രൂപ തരാം' എന്നു പറഞ്ഞു. ഉടനെ അദ്ദേഹം 'എനിക്കു വജ്രത്തെ കുറിച്ച് നന്നായി അറിയാം. ഇതിന്റെ വില 5000/- രൂപയെങ്കിലും കാണും. നിങ്ങൾ എനിക്കു ഒരു 3000/- രൂപ ഇപ്പോൾ തരണം' എന്നു പറഞ്ഞു. ശ്രീനിവാസൻ അതിനു 'ഇപ്പോൾ ഞാൻ ആയിരം രൂപ തരാം' എന്നു പറഞ്ഞു.  ജമീന്ദാർ നിവൃത്തിയില്ലാതെ ശരി അതു മതി എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസൻ രൂപ വീട്ടിൽ നിന്നും എടുത്തു കൊണ്ടു വരാം എന്നു പറഞ്ഞു. ജമീന്ദാർ അതിനു 'ഉടൻ തന്നെ കൊണ്ടു വരണം എനിക്കു ഒരു പാടു നേരം കാത്തു നിൽക്കാൻ പറ്റില്ല' എന്നു പറഞ്ഞു. ഇതാ ഒരു അഞ്ചു നിമിഷത്തിനുള്ളിൽ വരാം എന്നു പറഞ്ഞു വീടിലേക്കു ഓടി. 
         വഴിയിൽ രണ്ടു മൂന്നു പ്രാവശ്യം മൂക്കുത്തി കയ്യിലെടുത്തു നോക്കി. ഇതു പോലെ താൻ എവിടെയോ കണ്ടിട്ടുണ്ടോ എന്നു തോന്നി. അദ്ദേഹം ധൃതിയിൽ ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു. അവിചാരിതമായ നേരത്തു ശ്രീനിവാസനെ കണ്ടു ലക്ഷ്മി ആശ്ചര്യപ്പെട്ടു. 'അല്ലാ.. ഇന്നെന്താ നേരത്തേ തന്നെ ഉണ്ണാൻ എത്തിയോ?' എന്നു ചോദിച്ചു. ശ്രീനിവാസൻ അതിനു 'ദാ കണ്ടോ? ഈ മൂക്കുത്തി! ഞാൻ ഇതേ പോലെ എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. ഒരു ജമീന്ദാർ ഇപ്പോൾ ഇതു പണയം വയ്ക്കാനായി എത്തിയതേയുള്ളു. ഞാൻ പണം എടുക്കാൻ ഓടി വന്നതാണു' എന്നു പറഞ്ഞു കൊണ്ടു അവളുടെ മുഖത്തേക്കു നോക്കി. അപ്പോഴാണ്‌ ശ്രദ്ധിച്ചത്, അവളുടെ മൂക്കുത്തി കാണാനില്ല. 'നിന്റെ മൂക്കുത്തി എവിടെ പോയെടി' എന്നു ചോദിച്ചു. ലക്ഷ്മി തളർന്നു പോയി. അവൾ എന്തു ഉത്തരം പറയും? 
         പെട്ടെന്നു അവളുടെ വായിൽ നിന്നും 'മൂക്കുത്തി കുളിക്കുമ്പോൾ ഞാൻ അഴിച്ചു വെച്ചു, പിന്നീട് ഇടാൻ മറന്നു പോയി, എന്നു ഒരു കള്ളം പുറത്തു വന്നു.  ശ്രീനിവാസൻ അതു കേട്ടിട്ടു 'ഓഹോ എന്നാൽ അതു എടുത്തു കൊണ്ടു വരൂ. രണ്ടും കൂടി താരതമ്യം ചെയ്തു നോക്കട്ടെ എന്നു പറഞ്ഞു. ലക്ഷ്മി ഞെട്ടി പോയി. ഇതു അവൾ ഒട്ടും പ്രതീക്ഷിക്കാത്തതാണു. അവളുടെ കയ്യും കാലും വിറയ്ക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്ന് പോയി. 'ഹും വേഗം എടുത്തു കൊണ്ടു വരൂ.. എന്നു ശ്രീനിവാസൻ വിളിച്ചു. അവൾ നേരെ പൂജാ മുറിയിൽ പോയി ഭഗവാന്റെ മുന്നിൽ നിന്നു. 
        അവളുടെ ഹൃദയം തേങ്ങി, 'പാണ്ഡുരംഗാ! ഇതെന്താണു സംഭവിക്കുന്നത്‌? ഞാൻ ഇപ്പോൾ എന്തു ചെയ്യും? എന്നെ രക്ഷിക്കില്ലേ? നിന്റെ ചരണാരവിന്ദം അല്ലാതെ എനിക്കു വേറെ ആശ്രയം ഇല്ല' എന്നു കരഞ്ഞു. ശ്രീനിവാസാൻ ക്ഷമയില്ലാതെ 'എവിടെ വേഗം എടുക്കു! നീ അവിടെ എന്തു ചെയ്തു കൊണ്ടിരിക്കുന്നു എന്നു ബഹളം വെച്ചു. അവൾ കൈ കൊണ്ടു വെറുതെ അവിടെ തിരഞ്ഞു കൊണ്ടു നിന്നു. എന്താടീ നീ അവിടെ തിരയുന്നതു? ആ പെട്ടി ഇങ്ങോട്ടു എടുക്കു. ഞാൻ നോക്കാം എന്നയാൾ പറഞ്ഞു. അവൾ എത്ര നേരം തിരയുന്നതായി അഭിനയിക്കും എന്തായാലും സത്യം പുറത്തു വരും. വരുന്നതു വരട്ടെ. ഭഗവാൻ എന്നെ എങ്ങനെ രക്ഷിക്കും എന്നു എനിക്കറിയില്ല. എനിക്കിപ്പോൾ ഇതേ വഴിയുള്ളു എന്നു അവൾ ആഭരണപ്പെട്ടി എടുത്തു ഭർത്താവിന്റെ കൈയിൽ കൊടുത്തു. 'തരു തരു ഞാൻ തന്നെ നോക്കാം എന്നു പറഞ്ഞു കൊണ്ടു ശ്രീനിവാസാൻ അവളുടെ കയ്യിൽ നിന്നും പെട്ടി വാങ്ങി. തനിക്കു എന്തു സംഭവിക്കാൻ പോകുന്നു എന്നറിയാതെ അവൾ നാമജപം ചെയ്തു കൊണ്ടു നിന്നു. നാമും നാമജപം ചെയ്തു കാത്തിരിക്കാം. ഉദ്വേഗപൂർവ്വമായ ബാക്കി ഭാഗങ്ങൾ അടുത്ത ലക്കത്തിൽ. രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 62)
'അരുളാളം കണ്ടേനോ നല്ലാനൈപോലേ'
         രാധേകൃഷ്ണാ! പെണ്‍പിള്ളൈ തന്റെ അടുത്ത വാക്യം പറഞ്ഞു. ഇതുവും സ്വാമി രാമാനുജരുടെ ഒരു ശിഷ്യന്റെ വിഷയമാണ്.കാവേരി തീരത്ത് ഉണ്ടായിരുന്ന ഒരു പണക്കാരനാണു നായകൻ. വിശിഷ്ഠമായ ഒരു ഭക്തൻ. ബ്രാഹ്മണൻ. വളരെ ധനവാൻ. എല്ലാവരോടും നല്ല പോലെ ഇടപഴകും. ആരെങ്കിലും വൈഷ്ണവരെ കണ്ടാൽ ഉതാൻ കാലില വീണു നമസ്കരിക്കും. അവരുടെ പേരോ, ജാതിയോ, പ്രായമോ സ്ഥിതിയോ ഒന്നും പ്രശ്നമല്ല നെറ്റിയിൽ ഗോപീ ചിഹ്നം ധരിച്ചിട്ടുണ്ടെങ്കിൽ ഉടൻ നമസ്കരിക്കും.
         ഒരിക്കൽ അദ്ദേഹം കാവേരി നദിയിൽ നിന്നു കൊണ്ടു നിത്യ കർമ്മാനുഷ്ഠാനാം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്തോ അദ്ദേഹത്തെ വന്നിടിച്ചു. അദ്ദേഹം നോക്കിയപ്പോൾ അത് ഒരു ശവമായിരുന്നു. നെറ്റിയിൽ തിലകക്കുറി കണ്ടു. രണ്ടു തോളുകളിലും വൈഷ്ണവ മുദ്രകൾ പതിപ്പിച്ചിരിക്കുന്നതു കണ്ടു. വൈഷ്ണവ സമ്പ്രദായത്തിൽ പഞ്ച സംസ്ക്കാരത്തിൽ പെട്ട ഒന്നാണു അത്. രണ്ടു തോളുകളിലും ലോഹത്തിലുള്ള ശംഖു ചക്ര മുദ്രകൾ ചൂടാക്കി പതിപ്പിക്കും. അത് കഴിഞ്ഞാൽ അയാൾ ഭഗവാന്റെ സ്വത്താകും. ശംഖു ചക്ര മുദ്രകൾ കണ്ട ഉടനെ അത് ഒരു ശ്രീവൈഷ്ണവനാണെന്നു അദ്ദേഹത്തിനു മനസ്സിലായി.
           ആ ശവ ശരീരത്തിനു അദ്ദേഹം അന്ത്യ സംസ്കാരങ്ങൾ എല്ലാം ശ്രദ്ധയോടെ ചെയ്യാൻ തീരുമാനിച്ചു. പക്ഷെ ബ്രാഹ്മണർ ആരും തന്നെ അതിനു തയ്യാറായില്ല. ആ ശവം ഒരു താഴ്ന്ന ജാതിയിൽ പെട്ട ആളുടെയായിരുന്നു. ധനിക ബ്രാഹ്മണൻ അതൊന്നും ശ്രദ്ധിക്കാതെ സ്വയം മന്ത്രപൂർവം ചടങ്ങുകൾ എല്ലാം ചെയ്തു പ്രേതം സംസ്കരിച്ചു. നാട്ടുകാർക്കു ഇതു അത്ര ശരിയാണെന്നു തോന്നിയില്ല. അവർ എല്ലാവരും കൂടി  അദ്ദേഹത്തെ ജാതിഭ്രഷ്ടം ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ആരും യാതൊരു ബന്ധവും പാടില്ല. അങ്ങനെ ചെയ്യുന്നവരെയും ഭ്രഷ്ടു കല്പിക്കും.
           അദ്ദേഹത്തിന്റെ വീട്ടിൽ ജോലിക്കാരൊക്കെ ഇതു അദ്ദേഹതോടു പറഞ്ഞു സങ്കടപ്പെട്ടു. അവർക്കൊക്കെ അദ്ദേഹം ശംഖു ചക്ര മുദ്രകൾ നൽകി വൈഷ്ണവരായി സ്ഥാനം കൊടുത്തിരുന്നു. അദ്ദേഹം അതു കാര്യമാക്കിയില്ല. നാട്ടുകാർ മൊത്തം അദ്ദേഹത്തോടു സംസാരിക്കില്ല ചിരിക്കില്ല, കൊടുക്കൽ വാങ്ങൽ ഒന്നും തന്നെ ഇല്ല. അദ്ദേഹം ഇതെല്ലാം ഭഗവാനു അറിയാം എന്നിരുന്നു.
         അദ്ദേഹം പിറ്റേദിവസം ക്ഷേത്രത്തിൽ വന്നു. ക്ഷേത്രത്തിൽ വരുന്നതു തടയുവാൻ ആർക്കും സാധിച്ചില്ല. അദ്ദേഹം ക്ഷേത്രത്തിനകത്തു പ്രവേശിച്ചു. ആ സമയം ഉത്സവ മൂർത്തിയെ വെളിയിൽ എഴുന്നള്ളിച്ചു അഭിഷേക ആരാധനകൾ നടക്കുകയായിരുന്നു. ഊരു വിലക്കുണ്ടായിരുന്നതിനാൽ അദ്ദേഹം നിൽക്കുന്ന സ്ഥലത്തു ആരും തന്നെ വന്നില്ല. എല്ലാവരും എതിർ ദിശയൽ ചെന്നുനിന്നു. അദ്ദേഹത്തിനു ഏകാന്ത ദർശനം കിട്ടി. അലങ്കാരങ്ങൾ എല്ലാം കഴിഞ്ഞു ആരാധന കഴിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു. 'പ്രഭോ ഇങ്ങനെ എനിക്കു എകാന്തത്തിൽ നിന്നെ അനുഭവിക്കാനാണോ ഊരു വിലക്കു കല്പിച്ചതു' എന്നു വിചാരിച്ചു.
            പെട്ടെന്നു പൂജാരിയുടെ മേൽ ഭഗവാൻ ആവിർഭവിച്ചു. അതു വരെ വെറുതെ പൂജ ചെയ്തു കൊണ്ടിരുന്ന അദ്ദേഹം തിരിഞ്ഞു എല്ലാവരോടും കയർത്തു. 'ഉമർക്കെല്ലാം അവർ പൊല്ലാൻ എനക്കു നല്ലാൻ' എന്നു ഉറക്കെ വിളിച്ചു. നിങ്ങൾക്കൊക്കെ അദ്ദേഹം ചീത്തയാണെങ്കിൽ എനിക്കു നല്ലവനാണു. വൈഷ്ണവ മുദ്രയ്ക്കു അദ്ദേഹം നൽകുന്ന ബഹുമാനം എത്ര വിശിഷ്ഠമായ ഭാവത്തെയാണ് കാണിക്കുന്നതു. നിങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചു ആദരിക്കണം എന്നാണു എന്റെ കല്പന' എന്നു പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. പൂജാരിക്കു പോലും ഒരു നിമിഷം താൻ എന്താണു പറഞ്ഞതെന്നു മനസ്സിലായില്ല. അവർക്കു അദ്ദേഹത്തിന്റെ ഭക്തി ഭാവം മനസ്സിലായി സ്വയം ലജ്ജ തോന്നി. അന്നു മുതൽ അദ്ദേഹത്തിനു 'തിരുമലൈ നല്ലാൻ ചക്രവർത്തി' എന്ന നാമം സിദ്ധിച്ചു.
             ജാതി മത ഭേദം ഒന്നും ഇല്ലാതെ എല്ലാവർക്കും അദ്ദേഹം വൈഷ്ണവ സംസ്കാരം ചെയ്തു കൊടുത്തു. അവർക്കെല്ലാം രാമാനുജരുടെ മഹത്വം പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആ സാധുക്കൾക്കും ആചാര്യ ഭക്തി ഭഗവത് ഭക്തി പഠിപ്പിച്ചു  കൊടുത്തു. അത്ര ശ്രേഷ്ഠമായ ഒരു ഭക്തനാണ്. പെണ്‍പിള്ളൈ ആ മഹാ ഭക്തന്റെ കാര്യം പറഞ്ഞു താനിക്കു അതു പോലെ ഉള്ള ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു പരഞ്ഞു. രാമാനുജർ ഇതു കേട്ടു ചിരിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Saturday, October 13, 2012

പ്രേമവേദം - ഒക്ടോബർ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
ആതാമ്രേ ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സ്പൃശൻ 
ബോധസ്തെ ഭവിതാ ന സര്ഗവിധിഭിർബ്ബന്ധോപി സഞ്ജായതേ
ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതരാം തച്ചിത്തഗൂഡസ്വയം 
സൃഷ്ടൗ തം സമുദൈരയഃ സ ഭാഗവന്നുല്ലാസ യോല്ലാഘതാം. 
                  (ദശഃ7 ശ്ലോഃ10)
        അരുണാഭങ്ങളായ പാദങ്ങളിൽ നമസ്കരിച്ച ബ്രഹ്മാവിന്റെ കൈയിൽ സ്വന്തം കൈ കൊണ്ടു സ്പർശിച്ചു അങ്ങ് പറഞ്ഞു: അവിടുത്തേക്കു യഥാർത്ഥ ജ്ഞാന സിദ്ധി ലഭിക്കും, സൃഷ്ടി കർമ്മങ്ങളാൽ ബന്ധം സംജാതമാകുകയില്ല. ഈ വാക്കുകളാൽ സന്തുഷ്ടനായി ഭവിച്ച ബ്രഹ്മാവിന്റെ മനസ്സിൽ മറഞ്ഞിരുന്നു കൊണ്ടു അങ്ങു അദ്ദേഹത്തെ സൃഷ്ടി കർമ്മത്തിനു വേണ്ടി പ്രേരിപ്പിച്ചു. അപ്രകാരമുള്ള ഹേ ഭഗവാനേ, എന്നിൽ ആരോഗ്യത്തെ പ്രകാശിപ്പിക്കണേ!

സദ്ഗുരു വാത്സല്യം 
        ആചാര്യഃ ഹരിഃ സാക്ഷാത് ചര രൂപീ ന സംശയഃ 
         ഗുരു സർവ്വ ശ്രേഷ്ഠം! ഗുരുവാണു ജീവിതത്തിന്റെ അസ്ഥിവാരം. സദ്ഗുരു നാഥനെ ദൃഡമായി പിടിച്ചിരിക്കുന്നവർ മാത്രം ജീവിതത്തിൽ ഉന്നതമായ ഒരു സ്ഥിതിയെ പ്രാപിക്കുന്നു. അവർ മാത്രമേ ശ്രേഷ്ഠമായ മോക്ഷത്തെ പ്രാപിക്കുന്നുള്ളു. അവർക്കു മാത്രം ഉത്തമമായ വേദത്തെയും വേദ രഹസ്യമായ പരമാത്മാവിനെയും ഉള്ളതു പോലെ അറിയാൻ സാധിക്കുന്നു. ആചാര്യൻ പ്രത്യക്ഷത്തിൽ ചരിക്കുന്ന പരമ പുരുഷനാണ്. ശ്രീ വൈഷ്ണവ സമ്പ്രദായത്തിൽ 'ഉറങ്കും പെരുമാൾ താൻ ഉലാവും പെരുമാളാക വന്താർ പോലെ..' എന്നു പറയും. ഉറങ്കും പെരുമാൾ രംഗനാഥൻ, ഉലാവും പെരുമാൾ ആചാര്യൻ. ഉറങ്കും പെരുമാളായ രംഗ നാഥനെ നാം അവിടെ ചെന്നു കാണണം. പക്ഷെ സദ്ഗുരുനാഥൻ നമ്മെ തേടി നമ്മുടെ അടുത്തു വരുന്നു.  സദ്ഗുരു നാഥനിലാണു കൂടുതലും സൌലഭ്യം കാണാൻ കഴിയുക. 
            പരമപദത്തിൽ ഭഗവാനു ഒരു താപം! സാംസാരീക ജീവിതത്തിൽ മുഴുകിയിരിക്കുന്ന മനുഷ്യരെ ഉദ്ധാരണം ചെയ്യുന്നതെങ്ങനെ എന്ന ദുഃഖം. അവർക്കു ഉയരണം എന്നാ ആഗ്രഹം ഇല്ല. ഭഗവാൻ വിഭവ അർച്ചാദി അവതാരാങ്ങൾ എടുത്തു നോക്കി. കുറച്ചു പേർ അനുഭവിച്ചു. അന്തര്യാമിയെ തിരിച്ചറിയാനും എല്ലാരാലും കഴിയുകയില്ല. നാമസങ്കീർത്തന രൂപത്തിൽ ഇറങ്ങി വന്നു. പക്ഷെ പലർക്കും അതിനോട് വിമുഖത! നാമ സങ്കീർത്തനത്തിന്റെ മഹിമയെ അതു അനുഭവിച്ചവർ പറഞ്ഞാൽ പ്രയോജനം ഉണ്ടാകും.
            ഭഗവാൻ പരമപദത്തിൽ നിന്നും തന്റെ ഭക്തന്മാരെ ഓരോരുത്തരായി ഭൂമിയിലേക്കു അയച്ചു. ആ ഭക്തന്മാരാണു സദ്ഗുരുമാർകളായി നമ്മുടെ ഇടയിൽ ഭാഗവന്നാമ സങ്കീർത്തനത്തിന്റെ മഹിമയെ സ്ഥാപിക്കുന്നത്‌. ഗുരു പരമ്പര നമ്മുടെ ദേശത്തെ ഇന്നും രക്ഷിച്ചു കൊണ്ടു വരുന്നു. സദ്ഗുരു ഉള്ളതു കൊണ്ടാണു ജീവിതത്തിൽ ഭഗവാൻ രക്ഷിക്കും എന്നാ വിശ്വാസം നമുക്കു കൈ വന്നതു. സനാതനമായ ഹിന്ദു ധർമ്മതിന്റെ ബലം തന്നെ ഗുരു പരമ്പരയാണ്. സിദ്ധാന്തങ്ങൾ പലതാണ്. പക്ഷെ എല്ലാവറ്റിനും അസ്ഥിവാരം വേദമാണ്. ഭക്തിയുടെ ഓരോ മാർഗ്ഗങ്ങൾ മാത്രമാണു അവ. 
                ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഃ
ഗുരുർ സാക്ഷാത് പരബ്രഹ്മാ തസ്മൈ ശ്രീ ഗുരവേ നമഃ
        ഗുരു ബ്രഹ്മാവായി ഇരുന്നു കൊണ്ടു ഇരു ശിഷ്യന്റെ ഹൃദയത്തിൽ ജ്ഞാനം വൈരാഗ്യം ഭക്തി എന്നിവ സൃഷ്ടിക്കുന്നു. വിഷ്ണുവായി ഇരുന്നു കൊണ്ടു സാത്വിക ഗുണങ്ങൾ, ഭഗവാനെ അനുഭവിക്കാനുള്ള ആശ, ആശ സഫലീകരിക്കാൻ ശ്രദ്ധ ഇവയെ സംരക്ഷിക്കുന്നു. രുദ്രനായി ഇരുന്നു കൊണ്ടു, അഹംഭാവം, കാമ ക്രോധാദി ഗുണങ്ങൾ എന്നിവയെ സംഹരിക്കുന്നു. അതു കൊണ്ടു സദ്ഗുരുനാഥനും പരബ്രഹ്മവും ഒന്നു തന്നെയാണു. ഭഗവാൻ സ്വയം 'കൃഷ്ണം വന്ദേ ജഗ്ദ്ഗുരും' എന്നൊരു വേഷത്തിൽ വന്നു 'ഭഗവാനെ ആശ്രയിക്കു' എന്നു പറയുന്നു. സദ്ഗുരു നാഥന്റെ കൃപ ഉണ്ടെങ്കിൽ ജീവിതത്തിൽ ഒന്നും തന്നെ ഒരു പ്രശ്നമില്ല. ആനന്ദം നമ്മുടെ സ്വത്താകും.
        ശ്രീമദ്‌ ഭാഗവതം സദ്ഗുരുവിന്റെ മാഹാത്മ്യം എടുത്തു പറയുന്നു. ദാസീ പുത്രനായ ഒരു ബാലന് ചാതുർമാസ്യത്തിൽ വന്നിരുന്ന മഹാന്മാരുടെ സഖ്യം കൊണ്ടു ഭഗവത് ദര്ശനം ലഭിച്ചു പിന്നീട് നാരദരായി ജന്മം ലഭിച്ചു. സരസ്വതീ നദീ തീരത്തിൽ വിഷാദം പൂണ്ടിരുന്ന വ്യാസർക്കു നാരദർ എന്നാ സദ്ഗുരുവിന്റെ അനുഗ്രഹം ലഭിച്ചപ്പോൾ ഭാഗവതം എന്നാ മഹദ് ഗ്രന്ഥം ഉണ്ടായി. പരീക്ഷിത്തു മഹാരാജാൻ ഏഴു ദിവസം കൊണ്ടു മോക്ഷം അടയാൻ ശുക ബ്രഹ്മം എന്ന ഒരു സദ്ഗുരു കാരണമായിരുന്നു. വെറും അഞ്ചു വയസ്സുള്ള ബാലൻ ധ്രുവൻ  അഞ്ചു മാസത്തിൽ ഭഗവാനെ പ്രത്യക്ഷപ്പെടുത്തിയതു നാരദ മഹർഷി എന്ന സദ്ഗുരുവിന്റെ കൃപ കൊണ്ടു മാത്രമാണു. അങ്ങനെ എത്രയോ ഗുരു പ്രഭാവങ്ങൾ. ഗുരു മഹിമ തുടരുന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി കതകു തുറന്നപ്പോൾ കണ്ടത് ഒരു വൃദ്ധ ബ്രഹ്മണനെയാണു. അദ്ദേഹം  തന്നെ  പാണ്ഡുരംഗ ഹരി എന്നു പറഞ്ഞു. ഇതു കേട്ടു ലക്ഷ്മി ആനന്ദിച്ചു. ഏതോ ഒരു ഭക്തൻ തന്റെ വീട്ടില് വന്നിരിക്കുന്നു എന്ന് സന്തോഷിച്ചു. അദ്ദേഹം അവളെ നോക്കി ദീർഘ സുമംഗലീ ഭവ എന്നനുഗ്രഹിച്ചു. 'നീ ശ്രീനിവാസന്റെ ഭാര്യ അല്ലേ! എന്താ സുഖമാണോ? ശ്രീനിവാസാൻ നിന്നെ നന്നായി നോക്കുന്നില്ലേ' എന്നെല്ലാം ചോദിച്ചു. അവൾ അത്ഭുതപ്പെട്ടു കൊണ്ടു, 'അതെ അദ്ദേഹം എന്നെ നന്നായി നോക്കുന്നുണ്ട്' എന്നു പറഞ്ഞു.
       അങ്ങു ആരാണ്? എന്താണു ഇവിടെ വന്നതു? എന്നു ചോദിച്ചു. അദ്ദേഹം ഉടനെ തന്റെ കൊച്ചു മകന്റെ ഉപനയനത്തിനു എന്തെങ്കിലും സഹായം അഭ്യർത്ഥിച്ചു വന്നതാണെന്നു പറഞ്ഞു. ശ്രീനിവാസന്റെ അടുത്തു പോയിരുന്നു. ചോദിച്ചു ചോദിച്ചു തളർന്നതെയുള്ളൂ. ഒന്നും തന്നില്ല. ഭർത്താവിന്റെ തെറ്റ് ഭാര്യയല്ലേ ശരിയാക്കേണ്ടതു നീ നിന്റെ ഭർത്താവിനോട് പറയു എന്നു പറഞ്ഞു.  ഇതു കേട്ട ലക്ഷ്മി ചിരിച്ചു. ഇന്നു വരെ അദ്ദേഹം പറയുന്നതു ഞാൻ അനുസരിചിട്ടുള്ളതല്ലാതെ ഞാൻ അങ്ങോട്ടു പറയുന്നതു കേൾക്കുന്ന സ്വഭാവമൊന്നും ഇല്ല.
വൃദ്ധാൻ: പക്ഷെ മോളേ! ഞാൻ മാസങ്ങളോളമായി നടന്നു നടന്നു എന്റെ കാലു തേഞ്ഞു. എനിക്കു മടുത്തു. ഞാൻ തളർന്നു പോയി. മോൾ എന്നെ എന്തെങ്കിലും സഹായിക്കണം. അല്ലെങ്കിൽ ഒരു ബ്രാഹ്മണന്റെ ജീവൻ അപഹരിച്ച ദോഷം നിന്റെ ഭർത്താവിനു വന്നു ചേരും. നീ നിന്നാൽ ആവുന്നതു എന്തെങ്കിലും തന്നു സഹായിക്കു.
ലക്ഷ്മിക്കു ഇതു കേട്ടപ്പോൾ വളരെ സങ്കടം തോന്നി. ആ വൃദ്ധന്റെ ദയനീയ സ്ഥിതി കണ്ടു സഹായിക്കണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ അവൾ  ആശക്തയാണ്.  മാത്രമല്ല ഭർത്താവിനു പാപം കിട്ടാനും പാടില്ല. അവൾ എന്തു ചെയ്യും? കരയുകയല്ലാതെ ഒന്നും ചെയ്യാനില്ല. ഹേ പാണ്ഡുരംഗാ! ഇതെന്തു പരീക്ഷണമാണു? എന്നെ ഇങ്ങനെ ഒരു സ്ഥിതിയിൽ കൊണ്ടു നിറുത്തിയല്ലോ? നീ എന്താണു ഉദ്ദേശിക്കുന്നതു എന്നു വിചാരിച്ചു. കണ്‍കളിൽ കണ്ണീര പൊടിഞ്ഞത് കൈകൊണ്ടു പതുക്കെ തുടച്ചു.
             മുഖംതുടയ്ക്കുമ്പോൾ അവളുടെ കയ്യിൽ അവളുടെ മൂക്കുത്തി തടഞ്ഞു. പെട്ടെന്നു അവൾക്കു ഭഗവാന്റെ ഹിതം മനസ്സിലായി. ഹേ പ്രഭോ. ഈ മൂക്കുത്തി ഉണ്ടല്ലോ എന്നു എന്നെ ഓർമ്മിപ്പിക്കുകയാണോ? ശരി ഞാൻ ഇതു കൊടുക്കാം. പക്ഷെ ഭര്ത്താവ് അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക? അദ്ദേഹത്തിനു അതു ഒട്ടും ഇഷ്ടമാവില്ല. പക്ഷെ ന്യായമായ ഒരു കാരണത്തിനു വേണ്ടി ധർമ്മം നൽകുന്നതു നമ്മുടെ കടമയുമാണ്. എന്തു ചെയ്യണം എന്നറിയാതെ അവൾ കുഴങ്ങി. ഒരു ധർമ്മ കാര്യത്തിനല്ലേ താൻ കൊടുക്കുന്നത് അതു കൊണ്ടു തെറ്റു വരില്ല എന്നുറച്ചു. ശ്രീനിവാസാൻ ചോദിച്ചാൽ കളഞ്ഞു പോയി എന്നു പറയാം എന്നു തീരുമാനിച്ചു. അതിന്റെ ഭവിഷ്യത്തു എന്തായാലും അതിനെ നേരിടുക തന്നെ! എല്ലാം പാണ്ഡുരംഗന്റെ സങ്കൽപം എന്നു തീരുമാനിച്ചു.
             എന്തായാലും അവൾ തന്റെ മൂക്കുത്തി അഴിച്ചു വൃദ്ധന്റെ നേർക്കു നീട്ടി. എന്നിട്ടു 'അങ്ങു ഇതു കൊണ്ടു പോവുക. ഇതിനെ വിറ്റാൽ അങ്ങയ്ക്കു നല്ല ധനം കിട്ടും. അതു കൊണ്ടു അങ്ങയ്ക്കു കൊച്ചു മകന്റെ ഉപനയനം നടത്താം എന്നു പറഞ്ഞു. പക്ഷെ അങ്ങു ഉടനെ തന്നെ ഇവിടുന്നു പോകണം എന്റെ ഭർത്താവ് ഏതു നേരത്തും ഇവിടെ എത്തും. അദ്ദേഹം വന്നാൽ ഇതു കൊണ്ടു പോവാൻ സമ്മതിക്കില്ല എന്നു കൂട്ടിച്ചേർത്തു. വൃദ്ധൻ പുളകാംഗിതനായി അവളെ നോക്കി 'മോളേ എല്ലാവരും ദാനത്തിനു കർണ്ണനെയാണു ഉപമാനമായി പറയുന്നത്. പക്ഷെ നീ തന്ന ഈ ദാനം അതിലും ശ്രേഷ്ഠമാണ്. തീർച്ചയായും നിന്റെ ഈ ദാനത്തിൽ പാണ്ഡുരംഗൻ പ്രീതിയടഞ്ഞു' എന്നു പറഞ്ഞു. നീ ഒട്ടും ഭയപ്പെടെണ്ടാ. നിന്റെ ആഗ്രഹം എന്താണോ അത് സാധിക്കും എന്ന് ആശീർവദിച്ചു. 
        അവളുടെ മനസ്സ് കുളിർത്തു. ഉടനെ അവൾ 'എന്റെ ഭർത്താവ് ഒരു ഭഗവത് ഭക്തനായി മാറണം അതു മാത്രമാണ് എനിക്കു വേണ്ടത്.എനിക്കു മറ്റൊന്നിനും കുറവില്ല. എല്ലാം നിറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിനു മാറ്റം സംഭവിച്ചാൽ അത് തന്നെയാണു ഏറ്റവും വലിയ അനുഗ്രഹം. എന്റെ ഭർത്താവൊന്നിച്ചു എനിക്കു പാണ്ഡുരംഗ ദർശനം ചെയ്യണം എന്നു മോഹം ഉണ്ട് ' എന്നു പറഞ്ഞു. ഇതു കേട്ട വൃദ്ധാൻ അവളോടു 'ഒട്ടും വിഷമിക്കണ്ടാ! നിന്റെ പ്രാർത്ഥന പാണ്ഡുരംഗൻ കേട്ടു. അവൻ നിന്നിൽ പ്രീതനായി നിന്നെ അനുഗ്രഹിക്കും. നീ വിശ്വാസത്തോടെ നാമജപം ചെയ്തു കൊണ്ടിരിക്കു. സദാ സർവ്വദാ നിങ്ങൾ രണ്ടു പേരും പാണ്ഡുരംഗ ഭക്തിയിൽ മുഴുകും എന്നു ഞാൻ ആശീർവദിക്കുന്നു' എന്നു പറഞ്ഞു. ലക്ഷ്മിയുടെ ഹൃദയം നിറഞ്ഞു. ആനന്ദം കൊണ്ടു അവൾ പരവശയായി. തുടർന്നു എന്തു സംഭവിച്ചു എന്നു നമുക്കു കാത്തിരുന്നു കാണാം രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 61)   
അദ്വൈതം വെന്റേനോ എമ്പെരുമാനാരൈ പോലെ?
         രാധേകൃഷ്ണാ! സനാതനമായ ധർമ്മത്തിന്റെ അസ്ഥിവാരം വേദമാണ്. വേദം ഇല്ലെങ്കിൽ ആർക്കും ഈശ്വരനെ കുറിച്ചു അറിയുവാൻ സാധിക്കില്ല. ആ വേദം തന്നെയാണ് രാമായണം എന്നാ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്‌. അതു തന്നെ കഥാ രൂപമായി വന്നതാണു മഹാഭാരതം. വേദത്തിന്റെ സാരമാണ് ശ്രീമദ്‌ ഭാഗവതം. വേദത്തിന്റെ അടിസ്ഥാനത്തില്ലാണു മൂന്നു മദാചാര്യന്മാർ തങ്ങളുടെ സിദ്ധാന്തം നിർണ്ണയിച്ചത്. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം! അതതു മാഹാത്മാക്കൾ എടുത്ത വേദ വാക്യത്തിനെ അനുസരിച്ചു അവരുടെ സിദ്ധാന്തം വിസ്തരിച്ചു. ആദി ശങ്കരൻ 'തത്വമസി' എന്ന വേദവാക്യം അടിസ്ഥാനമാക്കി അദ്വൈത സിദ്ധാന്തം സ്ഥാപിച്ചു. സ്വാമി രാമാനുജർ കടക ശ്രുതിയെ ആശ്രയിച്ചു വിശിഷ്ടാദ്വൈതം സിദ്ധാന്തിച്ചു. ശ്രീ മധ്വാചാര്യർ ഭേദ ശ്രുതി അനുസരിച്ചു ദ്വൈത സിദ്ധാന്തം നിർണ്ണയിച്ചു. ഈ മൂന്നിനും അസ്ഥിവാരം വേദം! പക്വത എത്തിയവർക്കു. മാത്രമേ ഇതു മനസ്സിലാകു.
          'അഹം ബ്രഹ്മാസ്മി, തത്വമസി' എന്ന വാക്യം ആദി ശങ്കരൻ നിരൂപിച്ചു. പക്ഷെ കാലപ്പഴക്കത്തിൽ പലരും ഈ തത്വം ദുഷിപ്പിച്ചു. സ്വയം ബ്രഹ്മമാണെന്നു വീമ്പു പറഞ്ഞു തുടങ്ങി. പക്ഷെ ഹൃദയത്തിൽ സ്വന്ത ധ്യാനമാണു നിറയെ. അല്ലാതെ ബ്രഹ്മ ധ്യാനമല്ല! അതിന്റെ ഫലമായി. അനർത്ഥ ഹേതുവായ ഒരു പ്രവണത ഉണ്ടായി. അവനവൻ താൻ തന്നെ ദൈവം എന്ന ചിന്തയിലായി. ഫലമായി നശിക്കേണ്ട അഹങ്കാരം വളർന്നു പന്തലിച്ചു. ആ സമയത്താണ് ശ്രീ രാമാനുജരെ ഭഗവാൻ അയച്ചത്‌. ലോകത്തിലെ ജനങ്ങൾക്കു നല്ല വഴി കാട്ടി അവരെ ബ്രഹ്മത്തിനോട് ശരണാഗതി ചെയ്യുവാനുള്ള ബുദ്ധി ഉണ്ടാക്കാനാണ് രാമാനുജർ അവതരിച്ചത്. 
          ശങ്കരരുടെ കാല ശേഷം പലരുടെയും തെറ്റായ വ്യാഖ്യാനത്താൽ അദ്ദേഹം സ്ഥാപിച്ച സിദ്ധാന്തത്തിനു ഹാനി സംഭവിച്ചു. ഭഗവാനോട് അടുക്കുന്നതിനു പകരം അഹങ്കാരത്തിൽ ഉയർന്നു ഭഗവാനിൽ നിന്നും ജനങ്ങൾ അകന്നു. ജഗത് മിഥ്യയാണു എന്നു അദ്ദേഹം പറഞ്ഞതു വ്യതിചലിച്ചു മായയെ മാത്രം പ്രാധാന്യം കൊടുത്തു ഭഗവാനെ മറന്നു. അങ്ങനെ ഒരു സന്ദർഭത്തിൽ ഇതൊക്കെ മാറ്റി എല്ലാവർക്കും നല്ല വഴി കാണിച്ചു കൊടുക്കണം എന്നു രാമാനുജർ വിചാരിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ നിരൂപിച്ചു.
           ഒരിക്കൽ യജ്ഞമൂർത്തി എന്നൊരു പണ്ഡിതൻ രാമാനുജരോടു വാദത്തിനു ശ്രീരംഗത്ത്‌ വന്നു. അദ്ദേഹം അദ്വൈത സിദ്ധാന്ത വിശ്വാസിയാണ്. രാമാനുജർ സമ്മതിച്ചു. ഉടനെ യജ്ഞമൂർത്തിഒരു നിബന്ധന വെച്ചു. വാദത്തിൽ താൻ തോറ്റു പോയാൽ അദ്വൈത സിദ്ധാന്തത്തെ ഉപേക്ഷിക്കാം. എന്നിട്ടു രാമാനുജരുടെ പേരു സ്വീകരിച്ചു കൊള്ളാം, രാമാനുജരുടെ അടിമയായി ഇരുന്നു കൊള്ളാം എന്നു പറഞ്ഞു. അഥവാ രാമാനുജർ തോറ്റു പോയാല എന്തു ചെയ്യും എന്നു ചോദിച്ചു. രാമാനുജർ ഉടനെ താൻ തോറ്റു പോയാൽ മേലിൽ ഗ്രന്ഥങ്ങൾ എഴുതുകയില്ല എന്നു പറഞ്ഞു. വാദു പരസ്പരം സമ്മതിച്ചു.
           വാദം തുടങ്ങി. വളരെ ഘോരമായ വാദം. ആരാണു വിജയിക്കുന്നത് എന്നു ആർക്കും തീരുമാനിക്കാൻ സാധിക്കുന്നില്ല. രണ്ടു പേരും ഒട്ടും വിട്ടു കൊടുക്കുന്നില്ല. വാദം ദിവസങ്ങളോളം നീണ്ടു പോയി. പതിനേഴു ദിവസമായി. പതിനേഴാം ദിവസം യജ്ഞമൂർത്തിയുടെ വാദം ബലപ്പെട്ടു. രാമാനുജർക്കു ഉത്തരം പറയാൻ സാധിക്കാതെ വന്നു. അന്നത്തെ സമയം കഴിഞ്ഞു പോയതിനാൽ പിറ്റേദിവസത്തേക്കു തീരുമാനം മാറ്റി വെച്ചു. യജ്ഞമൂർത്തി വിജയിച്ചു എന്നു തന്നെ എല്ലാവർക്കും തോന്നി. വാദമെല്ലാം കഴിഞ്ഞു രാമാനുജർ കാവേരിയിൽ ഇറങ്ങി കുളിച്ചു, ശ്രീരംഗനാഥനെ തൊഴാൻ ചെന്നു. ശിഷ്യർ അദ്ദേഹത്തെ അത്താഴം കഴിക്കാൻ ക്ഷണിച്ചു. പക്ഷെ അദ്ദേഹം അതു നിരസിച്ചു. അദ്ദേഹത്തിന്റെ പൂജാ മൂർത്തിയായ വരദനു ഒരു പഴം സമർപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നനഞ്ഞു. 'ഭഗവാനേ! ആഴ്വാർകൾ കാലം മുതൽ, നാദമുനികൾ, ആളവന്താർ തുടങ്ങിയവരുടെ കാലം വരെ ഇത്രത്തോളം സ്ഥാപിച്ചു വന്ന വൈഷ്ണവ സിദ്ധാന്തം അടിയന്റെ കാലത്തു നശിച്ചു പോകണം എന്നു അവിടുത്തെ തിരുവുള്ളമാണോ? അങ്ങനെ അവിടുത്തെ സങ്കല്പമാണെങ്കിൽ എനിക്കു എന്തു ചെയ്യാൻ കഴിയും' എന്നു പറഞ്ഞു. 
          രാത്രി അദ്ദേഹം ഉറങ്ങാൻ കിടന്നു. സ്വപ്നത്തിൽ വരദരാജൻ പ്രത്യക്ഷപ്പെട്ടു. 'രാമാനുജാ! എന്തിനു കരയുന്നു? അരുമയായ ഒരു ശിഷ്യനെ അല്ലെ ഞാൻ നിനക്കായി കൊണ്ടു വന്നിരിക്കുന്നതു' എന്നു ചോദിച്ചു. രാമാനുജർക്കു ഒന്നും മനസ്സിലായില്ല. 'ആരു  ആരുടെ ശിഷ്യൻ' എന്നു ചോദിച്ചു. അതിനു വരദരാജൻ 'വേറെ ആരാണു യജ്ഞമൂർത്തി തന്നെ' എന്നു പറഞ്ഞു. 
രാമാനു:- അങ്ങ് അദ്ദേഹത്തിന്റെ ഇന്നത്തെ വാദം ശ്രദ്ധിച്ചില്ലേ?
വരദ:- മ് കേട്ടു. അപാര വാദം തന്നെ. പക്ഷെ അതു വെച്ചു നീ തീരുമാനിക്കേണ്ടാ. ചിലർക്കു അസാധ്യ വാക്കു ചാതുര്യം കാണും. പക്ഷെ കാര്യം വരുമ്പോൾ നിസ്സാരമായി തോറ്റു പോകും. ഇത്രയും പഠിച്ച ആളല്ലെ, കുറച്ചു നേരം തന്റെ വിദ്വത്തു പ്രദർശിപ്പിക്കട്ടെ. പോരാടി ജയിച്ചാലേ അതിനു വിലയുള്ളൂ. സുലഭത്തിൽ ജയിച്ചാൽ അത് ഒരു സുഖമില്ല എന്നു പറഞ്ഞു. 
രാമാനു:- പക്ഷെ അദ്ദേഹത്തിന്റെ വാദങ്ങൾക്കു എതിർ വാദങ്ങൾ എന്റെ പക്കൽ ഇല്ലല്ലോ. ഞാൻ എന്തു ചെയ്യും?  
ഭഗവാൻ ഉടനെ ആളവന്താർ എഴുതിയ ഗ്രന്ഥത്തിൽ നിന്നും ചില പ്രസക്ത ഭാഗങ്ങൾ ഉദ്ധരിച്ചു അതിൽ പിടിച്ചു വാദിക്കാൻ പറഞ്ഞു. ആഹാ ഇതു തനിക്കു ഒട്ടും ഓർമ്മ വന്നില്ലല്ലോഎന്ന് രാമാനുജർ അത്ഭുതപ്പെട്ടു. ശരിയായ സമയത്തിൽ നമ്മുടെ ഉള്ള്ൽ നിന്നും നമുക്ക് വേണ്ടത് തോന്നിപ്പിക്കുന്നത് ഭഗവാൻ അല്ലാതെ മറ്റാരാണ്‌? 
         പിറ്റേ ദിവസം രാമാനുജർ സഭയ്ക്ക് എഴുന്നള്ളി. യജ്ഞമൂർത്തി നേരത്തെ തന്നെ എത്തിയിരുന്നു. രാമാനുജർ ഗാംഭീര്യത്തോടെ നടന്നു വരുന്നത് കണ്ടു. സാക്ഷാത് ഭഗവാൻ തന്നെ വരികയാണോ എന്നു തോന്നി. രാമാനുജർ അടുത്തു വന്നു ഇരുന്നു. ഇന്നു നിശ്ചയമായും വിജയിക്കും എന്നുറപ്പിച്ചു അദ്ദേഹം വന്നിരുന്നത് കണ്ടു യജ്ഞമൂർത്തി അദ്ദേഹത്തെ നമസ്കരിച്ചു. നാം തോറ്റിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ രാമാനുജർ യജ്ഞമൂർത്തിയോട് വാദം തുടങ്ങിയതു പോലും ഇല്ലല്ലോ അതിനു മുൻപേ എന്താ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചു. ഉടനെ അദ്ദേഹം രാമാനുജരോടു ദൈവത്തിന്റെ അടുക്കൽ എനിക്കു വാദം ചെയ്യാൻ സാധിക്കില്ല എന്നു പറഞ്ഞു. അദ്ദേഹത്തിനു സാക്ഷാത് വരദരാജൻ തന്നെയാണു രാമാനുജർ എന്ന് തോന്നി. രാമാനുജർ ഉടനെ 'അതു ശരിയാവില്ല. പിൽകാലത്തു രാമാനുജർ എന്തോ മയക്കുവാദം ചെയ്തു യജ്ഞമൂർത്തിയെ ജയിച്ചു എന്നു പറയാൻ ഇടവരരുതു. അങ്ങ് വാദത്തിനു തയാറായി കൊള്ളു എന്നു പറഞ്ഞു. 
          ഇന്നലെ അങ്ങു പറഞ്ഞില്ലേ ബ്രഹ്മം മാത്രമേയുള്ളൂ  എന്നു . മായ കൊണ്ടാണ് മറ്റുള്ളവയൊക്കെ തോന്നുന്നത്. വാസ്തവത്തിൽ ബ്രഹ്മം മാത്രമേ സത്യമായുള്ളൂ എന്നു പറഞ്ഞു. ശരി ഞാൻ അതു സ്വീകരിക്കാം. പക്ഷെ അങ്ങ് പറയുന്നു മായ വന്നു മറയ്ക്കുന്നതു കൊണ്ടാണ് ബ്രഹ്മത്തെ നാം അറിയാതെ പോകുന്നത് എന്നു. അങ്ങനെയാണെങ്കിൽ ബ്രഹ്മത്തെക്കാട്ടിലും ബലമുള്ളതാണല്ലൊ മായ. അപ്പോൾ തന്നെ ബ്രഹ്മം, മായ എന്നു രണ്ടു വസ്തുക്കൾ വന്നില്ലേ? അപ്പോൾ അങ്ങയുടെ അദ്വൈതം അവിടെ തോറ്റു പോയി. എന്നു പറഞ്ഞു. യജ്ഞമൂർത്തി രാമാനുജരെ നമസ്കരിച്ചിട്ടു 'ഞാൻ നേരത്തെ തന്നെ പറഞ്ഞില്ലേ ഞാൻ തോറ്റു എന്നു. അങ്ങയോടു അടിയറവു പറയുകയാണ്‌ ഞാൻ' എന്നു പറഞ്ഞു. 
         സിദ്ധാന്ത തർക്കങ്ങൾ നമുക്കു ആവശ്യമില്ല. ഇതു ശരി ഇതു തെറ്റ് എന്നു പറയുവാൻ നമുക്കു അർഹതയില്ല. എല്ലാവരും വലിയവർ തന്നെ. ആദി ശങ്കരരുടെ സിദ്ധാന്തം ഒരിക്കലും മോശമല്ല. ഓരോ സിദ്ധാന്തവും ഓരോ മാർഗ്ഗം ആണു. ഇവിടെ യജ്ഞമൂർത്തി രാമാനുജരോടു തോറ്റു എന്നതു മാത്രമാണു നമ്മുടെ വിഷയം. നാം അതു മാത്രം നോക്കുക. ഭഗവത് സങ്കല്പത്താൽ യജ്ഞമൂർത്തി രാമാനുജരുടെ ശിഷ്യൻ ആയി തീർന്നു എന്നു മാത്രം. 
           യജ്ഞമൂർത്തി തന്റെ കയ്യിലെ ഏക ദണ്ഡു വലിച്ചെറിഞ്ഞു. രാമാനുജരുടെ ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തിനു രാമാനുജർ അരുളാള പെരുമാൾ എമ്പെരുമാനാർ എന്നാ ദാസ്യ നാമം നൽകി. കാഞ്ചി വരദരാജനുടെ പേരാണു. 
        രാമാനുജർ എത്ര സുലഭമായാണു അവരോടു തർക്കിച്ചു ജയിച്ചതു. എനിക്കു അതു പോലെ വല്ല ഗുണവും ഉണ്ടോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു തന്നെ ചോദിക്കുന്നു. പെണ്‍പിള്ളൈക്കു താൻ രാമാനുജരോടാണ് സംസാരിക്കുന്നത് എന്നറിയില്ല. രാമാനുജരുടെ വികാരങ്ങൾ പറഞ്ഞറിയിക്കുവാൻ സാധിക്കുമോ? രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

Thursday, September 13, 2012

പ്രേമവേദം - സെപ്തംബർ 12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
ദൃഷ്ടവാ സംഭൃതസംഭ്രമഃ കമലഭൂസത്വത് പാദപാഥോരുഹേ 
ഹർഷാവേശവശംവദോ നിപതിതഃ പ്രീത്യാ കൃതാർത്ഥീഭവൻ
ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ
ദ്വൈതാട്വൈത ഭവത്സ്വരൂപപരമിത്യാചഷ്ടതം ത്വാം ഭജേ. 
(ദശഃ7 ശ്ലോഃ 9)
     ആ സ്വരൂപ ദർശനത്താൽ പരിഭ്രാന്ത ചിത്തനായ ബ്രഹ്മാവ്‌ ഹർഷാവേഗത്തിനു കീഴ്പ്പെട്ടു അങ്ങയുടെ ചരണകമലത്തിൽ നമസ്കരിച്ചു പ്രീതനും കൃതാർത്ഥനുമായിപ്പറഞ്ഞുഃ അല്ലയോ വിഭോ, അങ്ങേക്കു എന്റെ ആഗ്രഹമറിയാമല്ലോ. ദ്വൈതവും അദ്വൈതവുമായ അങ്ങയുടെ സ്വരൂപത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം എന്നിൽ ഉണ്ടാകണമേ. ഇപ്രകാരം ബ്രഹ്മാവിനാൽ അപേക്ഷിക്കപ്പെട്ട അങ്ങയെ ഞാൻ ഭജിക്കുന്നു.
 (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
        രാധേകൃഷ്ണാ! ഗുരുവിനു ഏതു സന്ദർഭത്തിലും പക്ഷാഭേദം എന്നൊന്നില്ല. വിവേചനവും ഇല്ല. വഴക്കു പറയുന്നതും പരിഹസിക്കുന്നതും എല്ലാം ഒരു ജീവനെ നേർവഴി നടത്താനാണ്. അഴുക്കു പുരണ്ട വസ്ത്രം നാം അടിച്ചു നനക്കാരില്ലേ അതു പോലെ. ഓരോ ജീവനും പല ജന്മങ്ങളായി ചേർന്ന അഴുക്കു വസ്ത്രം പോലെയാണ്. ആ അഴുക്കൊക്കെ മാറ്റണ്ടേ! അത് മനസ്സിലാക്കാനുള്ള ശക്തിയാണ് നമുക്കാർക്കും ഇല്ലാത്തതു. 
          നല്ല വേദ വിഷയങ്ങൾ പറഞ്ഞു കൊടുക്കുന്ന ഒരു സദ്ഗുരു ഉണ്ടായിരുന്നു. അതിൽ ഒരുവന ജ്യോതിഷ ശാസ്ത്രം പഠിച്ചുകൊണ്ടിരുന്നു. മറ്റൊരുത്താൻ ആയുർവേദം അഭ്യസിച്ചു കൊണ്ടിരുന്നു. വേറൊരുത്തൻ തർക്ക ശാസ്ത്രം പഠിച്ചു കൊണ്ടിരുന്നു. തര്ക്ക ശാസ്ത്രം അഭ്യസിക്കുന്നവനെ മാത്രം ഗുരു ഇപ്പോഴും അടുത്തു ഇരുത്തി കൂടുത്തൽ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ഇതു ഗുരു പത്നി നോക്കി വന്നിരുന്നു. അവർ ഒരു ദിവസം തന്റെ പതിയോടു ചോദിച്ചു. 'മൂന്നു പേരും ശിഷ്യ ഭാവത്തിൽ തന്നെ അവിടുത്തോട്‌ പെരുമാറുന്നു പക്ഷെ അങ്ങയിൽ ഞാൻ പക്ഷാഭേദം കാണുന്നപോലെ തോന്നുന്നു' എന്നു പറഞ്ഞു. തർക്കശാസ്ത്രം പഠിക്കുന്ന വിദ്യാർത്ഥിയോട് മാത്രം കൂടുത്തൽ ഇഷ്ടം അങ്ങു കാണിക്കുന്നു എന്നെനിക്കു തോന്നുന്നു എന്നു പറഞ്ഞു.  അതിനദ്ദേഹം ചിരിച്ചു കൊണ്ടു നാളെ ഇതിന്റെ കാരണം ഞാൻ നിനക്കു നിരൂപിക്കാം എന്നു പറഞ്ഞു. 
         പിറ്റേദിവസം ഗുരു പറഞ്ഞു തന്നതു പോലെ ഗുരു പത്നി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ജ്യോതിഷം പഠിക്കുന്ന വിദ്യാർത്ഥി വന്നു ചേർന്നു. ഗുരു പത്നി എന്തിനാണു കരയുന്നതെന്നു അന്വേഷിച്ചു. അവർ ഉടനെ ഗുരുവിന്റെ ചെവിയിൽ ഒരു ഓന്തു കയറി പോയി. അത് കൊണ്ടു ഗുരു മരണമടഞ്ഞു എന്നു പറഞ്ഞു കരച്ചിൽ തുടർന്നു. ഉടനെ ആശിഷ്യൻ ഗുരുവിന്റെ ജാതകം എടുത്തു അദ്ദേഹത്തിന് ഇപ്പോൾ എന്തു  ദശയാണെന്നു നോക്കാം എന്നു പറഞ്ഞു പോയി. അടുത്തതായി ആയുർവേദ വിദ്യാർത്ഥി വന്നു. അയാളോട് കാര്യം പറഞ്ഞപോൾ അവൻ ഉടനെ തന്നെ 'ഇതിനു എന്തു മരുന്നുണ്ടെന്നു നോക്കട്ടെ' എന്ന് പറഞ്ഞു പോയി. അടുത്തതായി തര്ക്ക ശാസ്ത്രം പഠിക്കുന്നവാൻ വന്നു. അയാള് ഇത് കേട്ടപ്പോൾ 'ഇതു അസംഭവ്യം. ഞാൻ ഇതു വിശ്വസിക്കില്ല' എന്നു പറഞ്ഞു.. ഉടനെ ഗുരു പത്നി അതെന്താ അയാള് വിശ്വസിക്കാത്തത് എന്ന് ചോദിച്ചു. ഉടനെ അയാൾ ഒന്നാമതായി ചെവിയുടെ ഓട്ടയിൽ ഓന്തിനു പ്രവേശിക്കാൻ സാധിക്കില്ല രണ്ടാമതു അഥവാ എന്തെങ്കിലും അനർത്ഥം സംഭവിചിട്ടുണ്ടെങ്കിൽ ഗുരു പത്നി ഇതു പോലെ ചോദിച്ചു കൊണ്ടു നിൽക്കില്ല. ഗുരുപത്നിയുടെ കണ്ണുകളിൽ ഒട്ടും കണ്ണീർ ഇല്ല. അതു കൊണ്ടു ഇതെന്തോ പരീക്ഷണമാണ്. ഗുരുവേ! അങ്ങ് കാര്യം എന്താണെന്നു പറയു എന്നു പറഞ്ഞു. 
         ഇതു കേട്ടിട്ടു ഗുരു അകത്തു നിന്നും ഓടി വന്നു ശിഷ്യനെ കെട്ടി പിടിച്ചു. എന്നിട്ടു പത്നിയോട് അവന്റെ ബുദ്ധി കണ്ടോ എന്നു ചോദിച്ചു. അവരവരുടെ തരാതരം അനുസരിച്ചാണ് ഗുരു പെരുമാറുന്നത്. ബുദ്ധി സാമർത്ഥ്യവും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാനുള്ള പാടവവും അയാൾക്കുണ്ടെന്നു ഗുരുവിനു അറിയാം. അത് കൊണ്ടു അയാളോട് അതിനനുസരിച്ച് പെരുമാറി. ഓരോരുത്തരുടെ വിശപ്പിനനുസരിച്ചല്ലേ ഭക്ഷണം വിളമ്പുക? ഓരോ ജീവന്റെയും അജ്ഞാനം, ജ്ഞാനം, ഭക്തി, ശ്രദ്ധ, വിശ്വാസം, ദൃഡത, അഹങ്കാരം, മമകാരം, എല്ലാം അനുസരിച്ച് അതിനു ആവശ്യമുള്ളത് നൽകുന്നു. ഗുരു അത്ര ശ്രേഷ്ഠനാകുന്നു. ഗുരുവിൽ അപാര വിശ്വാസം അർപ്പിച്ചു കൈങ്കര്യം ചെയ്യുക. അദ്ദേഹം പറയുന്നതു അതു പോലെ പിന്തുടരുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം 
          രാധേകൃഷ്ണാ! ഭക്തി ഏതു സ്ഥിതിയിലും ഉപേക്ഷിക്കാൻ പാടില്ല. നമ്മുടെ പരിസരം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നമ്മുടെ ഭക്തിയിൽ കുറവ് വരാൻ പാടില്ല. ശ്രീനിവാസന്റെ ഭാര്യ ലക്ഷ്മി പ്രതികൂല സ്ഥിതിയിൽ പോലും ഭഗവാനോടുള്ള ഭക്തി വിട്ടില്ല. ഓരോ ദിവസവും അവൾ പാണ്ഡുരംഗനോടു തന്റെ ഭർത്താവിനു നല്ല ബുദ്ധി നൽകാൻ പ്രാർത്ഥിക്കും. അദ്ദേഹം ഇനിയെങ്കിലും ഒന്നു മാറണമേ എന്നു ഭഗവാനോട് യാചിക്കും. അദ്ദേഹത്തിനു ഭക്തി ലഭിക്കണമേ എന്നവൾ ആഗ്രഹിച്ചു ഓരോ ദിവസവും അങ്ങനെ വിചാരിച്ചു കൊണ്ടാണ് അവൾ ഉണരുന്നതു. പക്ഷെ ഓരോ ദിവസവും വിപരീതമായിട്ടാണു നടക്കുക പക്ഷെ അത് കൊണ്ടു അവളുടെ വിശ്വാസം തെല്ലും കുറഞ്ഞില്ല.
        അതാണു യഥാർത്ഥ ഭക്തി! നമുക്കു ഭഗവാനോട് ചോദിക്കാൻ അർഹതയുണ്ട്. പക്ഷെ എന്തു ചെയ്യണം എന്നു തീരുമാനിക്കുന്നതു നാമല്ല. അവിടെയാണ് നമുക്കു തെറ്റുന്നത്. രണ്ടു ദിവസം പ്രാർത്ഥിച്ചിട്ടു നടന്നില്ലെങ്കിൽ ഉടനെ ഇതെന്തു ഭഗവാൻ എന്നു നാം ചോദിക്കും. ഭഗവാൻ നമ്മുടെ കാര്യം എങ്ങനെ നടത്തുന്നു എന്നു കാത്തിരുന്നു കാണാൻ ക്ഷമയില്ല. പക്ഷെ ലക്ഷ്മി ഭഗവാൻ തന്റെ ഭാരതാവിനെ മാറ്റിക്കോണ്ടിരിക്കുന്നു എന്നു ദൃഡമായി വിശ്വസിച്ചു. ആലിൻ വിത്തു മുളച്ചു വരുമ്പോൾ ഒന്നോ രണ്ടോ ഇലകളൊടെയാണല്ലോ വരുന്നത്. പിന്നെ വർഷങ്ങൾക്കു ശേഷമല്ലേ അതു മരമാകുന്നതു. അതു പോലെ തന്റെ ഭർത്താവിനും കുറേശ്ശെ മാറ്റം ഉണ്ടാവുന്നു എന്നവൾ വിശ്വസിച്ചു. നടക്കുന്നതെല്ലാം നല്ലതിനാണ് എന്നു സന്തോഷിച്ചിരുന്നു.
            ഭഗവാൻ അവളുടെ പ്രാർത്ഥനയിൽ മനസ്സലിഞ്ഞു അവളെ അനുഗ്രഹിക്കുവാൻ തീരുമാനിച്ചു. അവൾ ആഗ്രഹിക്കുന്ന പോലെ ഒരു മാറ്റം അവളുടെ ഭർത്താവിൽ ഉണ്ടാക്കണം എന്നു തീരുമാനിച്ചു.
ഒരു ദിവസം ശ്രീനിവാസാൻ തന്റെ കട രാവിലെ തുറന്നു. അന്നു തന്റെ പക്കൽ പണയം വയ്ക്കാനായി നിറയെ വസ്തുക്കൾ എടുത്തു കൊണ്ടു ആളുകൾ വരണം, അവരിൽ നിന്നും നല്ല പലിശ ഈടാക്കണം, അവർക്കു ആ പണയ വസ്തു തിരിച്ചു എടുത്തു കൊണ്ടു പോകാൻ സാധിക്കാതെ വരണം, ആ വസ്തു തന്റെ സ്വന്തമാകണം എന്നൊക്കെ മനക്കോട്ട കെട്ടി കൊണ്ടു അദ്ദേഹം കട തുറന്നു. കടയുടെ മുന്നിൽ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നു. അയാളുടെ വസ്ത്രം കീറിയിരുന്നു. എല്ലും തോലുമായി ശരീരം ശോഷിച്ചു വിറച്ചു കൊണ്ടിരുന്നു. കയ്യിൽ ഒരു ഊന്നുവടി പിടിച്ചിരുന്നു. വളരെ ദരിദ്ര സ്ഥിതിയിലാണെന്നു കണ്ടാൽ അറിയാം. 
         അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ഭിക്ഷ യാചിക്കുവാൻ വന്നവനാണു എന്നു മനസ്സിലായി. ഉടനെ തന്നെ ആ വൃദ്ധനെ നോക്കി ശ്രീനിവാസാൻ പോകു! പോകു! എന്നാട്ടിപ്പായിച്ചു. ശ്രീനിവാസനെ കണ്ട ഉടനെ ആവൃദ്ധനും 'ങ്ഹാ ശ്രീനിവാസാ നീ വന്നുവോ' എന്നു പരിചയ ഭാവത്തിൽ ചോദിച്ചു. 
ശ്രീനിവാസാൻ 'നിങ്ങൾക്കു എന്നെ അറിയാമോ' എന്നു ചോദിച്ചു. 
വൃദ്ധൻ: നന്നായി അറിയാം. നിന്റെ അച്ഛൻ ഒരു ഉത്തമാനായിരുന്നു. അദ്ദേഹത്തെ എനിക്കു പരിചയം ഉണ്ട്.
ശ്രീനിവാസാൻ:- അതിനു? അതും പറഞ്ഞു കൊണ്ടു ഇവിടെ നിക്കണ്ടാ നിങ്ങൾ ഇപ്പോൾ പോകു. എനിക്കു ഇടപാടുകാർ വരാനുള്ള സമയമായി. വെറുതെ സ്ഥലം മെനക്കെടുത്തരുതു'.
വൃദ്ധൻ:- എന്താ ശ്രീനിവാസാ നീ ഇങ്ങനെ ധൃതി പിടിക്കുന്നതു? ഞാൻ നിനക്കു മംഗള വാചങ്ങൾ പറയട്ടെ 
ശ്രീനിവാസാൻ:- വേണ്ടാ വേണ്ടാ നിങ്ങൾ ഇപ്പോൾ ഒന്നും പറയണ്ടാ എനിക്കു ഒന്നും കേൾക്കുകയും വേണ്ടാ 
പക്ഷെ വൃദ്ധനുണ്ടോ വിടുന്നുണ്ട്. അദ്ദേഹം തന്റെ കൈകൾ രണ്ടും ശ്രീനിവാസന്റെ തലയിൽ വെച്ചു ശതമാനം ഭവതു എന്നാശീർവദിച്ചു. എന്നിട്ടു മുണ്ടിന്റെ കോന്തലയിൽ പൊതിഞ്ഞു വെച്ചിരുന്ന ഒരു നാരങ്ങാ എടുത്തു നീട്ടി. ശ്രീനിവാസാൻ നാരങ്ങാ വാങ്ങി. വെറുതെ കിട്ടുന്നത് എന്തിനു കളയണം? എന്നിട്ടു മംഗള വാചകം ഒക്കെ കഴിഞ്ഞെങ്കിൽ സ്ഥലം കാലിയാക്കണം എന്ന് പറഞ്ഞു.  വൃദ്ധൻ ഉടനെ 'നീ എന്താ ഇങ്ങനെ പറയുന്നത്? നിന്നെ കാണാനല്ലെ ഇത്ര ദൂരം കഷ്ടപ്പെട്ട് ഞാൻ നടന്നു വന്നതു. എന്നിട്ട് നീ എന്നെ വിരട്ടുകയാണോ?' എന്നു പറഞ്ഞു. ശ്രീനിവാസാൻ അതിനു 'എന്തിനു നിങ്ങൾ ശരീരം ഇത്രയും ബുദ്ധിമുട്ടിച്ചത്? അത്ര അത്യാവശ്യമായി എന്നെ കാണണ്ട കാര്യം എന്തുണ്ടായിരുന്നു? നിങ്ങൾ അവിടെ തന്നെ ഇരുന്നാൽ പോരേ? എന്നു ചോദിച്ചു.
അദ്ദേഹം ഉടനെ 'എന്റെ കൊച്ചുമകനു ഉപനയനം ചെയ്യണം എന്നു വിചാരിക്കുന്നു. നീ തന്നെ അതു നടത്തി തരണം. എനിക്കു വേറെ ആരാ ഉള്ളതു? എന്നു പറഞ്ഞു.
           ശ്രീനിവാസനു വൃദ്ധന്റെ ഉദ്ദേശം മനസ്സിലായി. ഉടനെ അദ്ദേഹത്തോടു 'അതിനെന്താ ഞാൻ കുടുംബ സമേതം നാലു ദിവസം മുൻപ് തന്നെ അവിടെ ഹാജരായിരിക്കും. അവിടെ തന്നെ താമസിച്ചു വിശേഷം എല്ലാം കഴിഞ്ഞിട്ടേ തിരിച്ചു വരുന്നുള്ളൂ പോരേ' എന്നു പറഞ്ഞു. വൃദ്ധൻ സന്തോഷത്തോടെ അവനു ആദ്യം ഒരു പട്ടു വസ്ത്രം നീ വാങ്ങിത്തരണം എന്നു പറഞ്ഞു. ഇത് കേട്ട ഉടനെ ശ്രീനിവാസന്റെ മട്ടു മാറി. വൃദ്ധാൻ തന്ന നാരങ്ങാ തിരിച്ചു കൊടുത്തിട്ടു 'ഓഹോ നല്ല സാമർത്ഥ്യം! ഒരു നാരങ്ങാ തന്നു എന്നെ കൊള്ളയടിക്കാനാണു ഭാവം അല്ലേ. ഞാനേ എന്തു മാത്രം കഷ്ടപ്പെടുന്നു എന്നു എനിക്കു മാത്രമേ അറിയുള്ളു. ഈ തൊഴിലിൽ എനിക്കു പണം വാരാനൊന്നും പറ്റില്ല അറിയാമോ. ഇതിൽ ചീത്ത പേരു മാത്രമാണു മിച്ചം. അത്യാവശ്യത്തിനു എന്റടുത്തു ഓടി വരും. പക്ഷെ പലിശ ചോദിക്കുമ്പോൾ എല്ലാവർക്കും ദേഷ്യമാണ്. അച്ഛൻ ചെയ്തു കൊണ്ടിരുന്ന കുലത്തൊഴിൽ അത് കൊണ്ടു മാത്രമാണു ഞാൻ അതു പിന്തുടരുന്നത്. എനിക്കു വലിയ സ്ഥിതി ഒന്നും ഇല്ല. നിങ്ങൾ ഒന്നും പ്രതീക്ഷിക്കണ്ടാ. തൽക്കാലം പോകു.' എന്നു പറഞ്ഞു. 
        ഉടനെ ബ്രാഹ്മണൻ 'മോനെ ഉള്ളതിൽ ഒരു പങ്കു ധർമ്മം ചെയ്യുന്നതു കൊണ്ടു നിനക്കു പുണ്യമാണു എന്നു പറഞ്ഞു. 'എനിക്കു പുണ്യം വേണ്ടാ ധനമാണു വേണ്ടത്' എന്നു പറഞ്ഞു. വൃദ്ധാൻ എന്തൊക്കെയോ പറഞ്ഞു നോക്കി. ഒന്നിനും ശ്രീനിവാസാൻ മയങ്ങിയില്ല. വൃദ്ധൻ ഭിക്ഷ യാചിച്ചു കാലം കഴിക്കുകയാണെന്നു അധിക്ഷേപിച്ചു. ശ്രീനിവാസന്റെ പരിഹാസ വാക്കുകൾ കേട്ടിട്ടും വൃദ്ധാൻ കുലുങ്ങിയില്ല. 'ഇന്നു നിന്റെ മനസ്സ് ശരിയില്ല. ഞാൻ വന്ന സമയം ശരിയായില്ല. നീ കട തുറന്നപ്പോൾ ഞാൻ വന്നു അതാണു പറ്റിയതു. സാരമില്ല ഞാൻ പോയിട്ടു പിന്നെ വരാം' എന്നു പറഞ്ഞു. ഉടനെ ശ്രീനിവാസാൻ തൊഴുതു കൊണ്ടു 'ഇനി മേലാൽ ഈ വഴി വരികയെ വേണ്ടാ' എന്നു പറഞ്ഞു. വൃദ്ധൻ ചിരിച്ചു കൊണ്ടു പോയി.
           അന്നു മുഴുവനും വൃദ്ധാൻ വരുമോ വരുമോ എന്നാ ചിന്തയിൽ ശ്രീനിവാസാൻ കഴിച്ചു കൂട്ടി. ഉച്ച വരെ ആളു വരാത്തപ്പോൾ കുറച്ചു സമാധാനമായി. ആരെങ്കിലും എന്തെങ്കിലും കൊടുത്തിരിക്കും. അയാൾ പോയി കാണും എന്നു വിചാരിച്ചു. വീട്ടിൽ പോയി ആഹാരം കഴിക്കാനായി കട അടച്ചു തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ വൃദ്ധൻ! 'ശ്രീനിവാസാ!' 
"ഹോ നിങ്ങൾ ഇതു വരെ പോയില്ലേ?"
വൃദ്ധൻ:-'നീ കട അടയ്ക്കുന്നതു വരെ കാത്തു നിൽക്കുകയായിരുന്നു. നല്ല വെയ്യിൽ നിന്റെ കൈ കൊണ്ടു നീ എനിക്കു എന്തെങ്കിലും തരണം'
ശ്രീനിവാസൻവളരെ പണിപ്പെട്ടു അദ്ദേഹത്തെ പറഞ്ഞയച്ചു. വൈകീട്ടു കട അടച്ചു വീട്ടിലേക്കു വരുമ്പോൾ ആ വൃദ്ധന്റെ ചിന്ത തെന്നെയായിരുന്നു മനസ്സിൽ. അയാൾ പിന്നെയും വരുമോ എന്നോർത്തു രാത്രി ശരിയായി ഉറങ്ങാനും കഴിഞ്ഞില്ല. ആ കിഴവൻ പിന്നെയും വന്നു ബുദ്ധിമുട്ടിക്കുമോ? 
          പിറ്റേ ദിവസം പതിവ് പോലെ കട തുറക്കാനായി പേടിച്ചു പേടിച്ചു ചെന്നു. പതുക്കെ കട തുറന്നപ്പോൾ പിന്നിൽ നിന്നും ശ്രീനിവാസാ എന്ന വിളി വന്നു. 'അയ്യോ നിങ്ങൾ ഇനിയും തിരിച്ചു പോയില്ലേ?' എന്നു ശ്രീനിവാസൻ കലി തുള്ളി നിന്നു. കുറെ പണിപ്പെട്ടു വൃദ്ധനെ ഇറക്കി വിട്ടു. വൃദ്ധൻ കടയുടെ എതിർവശത്തു ഒരു ഓരം ചേർന്നു ഇരുന്നു. കടയിൽ ഇടപാടുകാർ വന്നും പോയും ഇരുന്നു. ഉച്ചയായപ്പോൾ ഊണു കഴിക്കാൻ പോകാൻ വേണ്ടി കട അടച്ചു. അപ്പോൾ അതാ വൃദ്ധാൻ വീണ്ടും മുന്നിൽ! 'ശ്രീനിവാസാ! ഇന്നു നല്ല വരവുണ്ടായിരുന്നല്ലൊ. വരുമാനത്തിന്റെ ആറിൽ ഒരു ഭാഗം ദാനത്തിനു ചെലവഴിക്കണം എന്നാണു ശാസ്ത്രം' വൃദ്ധൻ പറഞ്ഞു. ശ്രീനിവാസനു കോപം അതിരു കടന്നു. ബദ്ധപ്പെട്ടു അടക്കിക്കൊണ്ടു എന്തൊക്കെയോ പറഞ്ഞു വീണ്ടും അയാളെ ഒഴിവാക്കി.
       കുറെ ദിവസത്തേക്കു ഇതൊരു പതിവായി തീർന്നു. എന്നും ആ വൃദ്ധന്റെ കൂടെ മല്ലിടുന്നതു ഒരു വലിയ പ്രശ്നമായി തീർന്നു. കടയിൽ നടക്കുന്നതെല്ലാം വൃദ്ധനു എങ്ങനെയോ കൃത്യമായി മനസ്സിലാകുന്നു. ഓരോ ദിവസത്തെയും വരവും പറഞ്ഞിട്ടു ദാനം ചോദിക്കും. ശ്രീനിവാസനു അത്ഭുതമാവും. ഇതൊക്കെ ഇയാൾ എങ്ങനെ അറിയുന്നു? എന്തു പറഞ്ഞാലും ആ വൃദ്ധൻ ശ്രീനിവാസന്റെ കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങാതെ പോവില്ല എന്നായി. ശ്രീനിവാസനും വിട്ടു കൊടുത്തില്ല. ഒരു ചില്ലിക്കാശു പോലും കൊടുക്കില്ല എന്നാ വാശി. രാവും പകലും ആ വൃദ്ധന്റെ ധ്യാനം തന്നെ! ലക്ഷ്മി കുറെ ദിവസങ്ങളായി ഭർത്താവിൽ വന്ന മാറ്റം ശ്രദ്ധിച്ചു കൊണ്ടിരുന്നു. എന്താണു പ്രശ്നം എന്നു ചോദിച്ചു നോക്കി. ഒന്നുമില്ല എന്നു മറുപടി പറയും. ഇങ്ങനെ ഏകദേശം 6 മാസങ്ങളോളം കഴിഞ്ഞു.
          അവസാനം വൃദ്ധൻ മനസ്സ് മടുത്തിട്ടു അയാളോട് ചോദിക്കുന്നതിൽ അർത്ഥമില്ല എന്നുറച്ചു. ഇനി അയാളുടെ പത്നിയെ വേണമെങ്കില സമീപിച്ചു നോക്കാം എന്നായി. ശ്രീനിവാസൻ കടയിലേക്കു പോയ തക്കം നോക്കി വീട്ടിലെത്തി കതകിനു മുട്ടി. ലക്ഷ്മി കതകു തുറന്നപ്പോൾ ഒരു വൃദ്ധ ബ്രാഹ്മണൻ നിൽക്കുന്നതു കണ്ടു. അവളെ കണ്ടപ്പോൾ 'പാണ്ഡുരംഗ ഹരി' എന്നു പറഞ്ഞു. ലക്ഷ്മിക്കു അതു കേട്ടപ്പോൾ ആനന്ദമുണ്ടായി. തന്റെ വീട്ടിലും ഒരു ഭക്തൻ എത്തിയല്ലോ എന്നു വിചാരിച്ചു. തുടർന്നു അടുത്ത ലക്കത്തിൽ വായിക്കുക രാധേകൃഷ്ണാ! രാധേകൃഷ്ണാ! 


തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 60)
       പെണ്‍പിള്ളൈ മാരുതി ആണ്ടാന്റെ വിഷയം പറഞ്ഞതു കേട്ടു സന്തോഷിച്ച രാമാനുജർ അടുത്തതായി അവൾ ഏതെങ്കിലും ഭക്ത വിഷയം പറഞ്ഞാൽ കൊള്ളാം എന്നു വിചാരിച്ചു. അവളുടെ വാക് ചാതുര്യം വശീകരിക്കുന്നതായിരുന്നു. അല്ലെങ്കിൽ രാമാനുജരെ പോലെ ഉള്ള ഒരു സദ്ഗുരു വീഥിയിൽ നിന്നു അവളുടെ വാക്കുകൾ ശ്രദ്ധിക്കുമോ? അവളും അടുത്ത വാക്യം പറഞ്ഞു:
'അവൻ വേണ്ടാം എന്റേനോ ആഴ്വാനൈ പോലേ?'
        ഇതുവും രാമാനുജരുടെ മറ്റൊരു പ്രധാന ശിഷ്യനായ കൂറത്താഴ്വാനെ കുറിച്ചാണ്. കൂറത്താഴ്വാൻ എന്നതു അദ്ദേഹത്തിന്റെ പേരല്ല.അദ്ദേഹത്തിന്റെ ശരിയായ പേരു ശ്രീവത്സാംഗർ എന്നാണു. അദ്ദേഹത്തിന്റെ വക്ഷസ്സിൽ ഒരു മറുക് ഉണ്ട്.  സാക്ഷാത് ഭഗവാന്റെ അവതാരം തന്നെയാണു കൂറത്താഴ്വാൻ എന്നു പറയും. ഭഗവാന്റെ രാമാ കൃഷ്ണാദി അവതാരവേളയിൽ ആദിശേഷൻ കൂടെ അവതരിച്ചു കൈങ്കര്യങ്ങൾ ചെയ്തു. ഇപ്പോൾ ആദി ശേഷൻ രാമാനുജരായി അവതരിച്ചിരിക്കുകയാണ്. ഭഗവാൻ അപ്പോൾ സ്വയം അവതരിച്ചു താൻ തന്നെ ഭക്തനു കൈങ്കര്യം ചെയ്യണം എന്നു 
 നിശ്ചയിച്ചു. മുഴുവനും ശിഷ്യ ഭാവം മാത്രമേ ഉണ്ടായിരുന്നുള്ളു. കൂറം എന്ന ഗ്രാമത്തിന്റെ രാജനായിരുന്നു. കൊട്ടാരത്തിൽ എന്നും അന്നദാനത്തിനു യാതൊരു കുറവും ഇല്ല. വരടരാജന്റെ ക്ഷേത്ര നട അടച്ചു കഴിയുന്നതതു വരെ കൊട്ടാര വാതിൽ തുറന്നിരിക്കും. 
         ഒരു ദിവസം ക്ഷേത്ര നട അടച്ചു എന്നു കരുതി ഭൃത്യൻ കൊട്ടാര വാതിൽ ആഞ്ഞടച്ചു. ആ ശബ്ദം അഞ്ചു മൈൽ ദൂരെ സ്ഥിതി ചെയ്തിരുന്ന ക്ഷേത്രത്തിൽ പ്രതിധ്വനിച്ചു. ശബ്ദം കേട്ടു പെരുന്തേവി അമ്മ അതെന്താണെന്നു ഭഗവാനോട് അന്വേഷിച്ചു. ഭഗവാൻ ഉടനെ തിരുക്കച്ചി നമ്പികളോട് ഇന്നെന്താ നേരത്തെ നട അടച്ചോ എന്നു ചോദിച്ചു. ഉടൻ തിരുക്കച്ചി നമ്പികൾ ഭഗവാനോട് പ്രഭോ ഇതു അങ്ങയുടെ ക്ഷേത്ര നടയല്ല കൂറത്താഴ്വാന്റെ തിരുമാളികയുടെ വാതിൽ അടച്ചതാണ് എന്നു പറഞ്ഞു. അത്രത്തോളം ഭഗവത് സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. ഇതറിഞ്ഞ കൂറത്താഴ്വാൻ പിറ്റേ ദിവസം തന്നെ എല്ലാം ഉപേക്ഷിച്ചു തെരുവിൽ ഇറങ്ങി. ഭഗവാനും അമ്മയും ശ്ലാഘിക്കുന്ന ഐശ്വര്യം തനിക്കു വേണ്ടാ എന്നു തീരുമാനിച്ചു. കണക്കില്ലാത്ത ഐശ്വര്യമെല്ലാം ആ ക്ഷണം ഉപേക്ഷിച്ചു വീട് വിട്ടിറങ്ങി.
         ഒരിക്കൽ അദ്ദേഹം കൃമികണ്ഠ ചോഴന്റെ രാജ സദസ്സിൽ പോയി. രാമാനുജരെ ദൂഷിച്ച രാജനെ കണ്ട കണ്ണുകൾ തനിക്കു വേണ്ടാ എന്നു പറിച്ചെടുത്തു കളഞ്ഞു. അദ്ദേഹത്തെ ചില വൈഷ്ണവ ഭക്തന്മാർ ശുശ്രൂഷിച്ചു കണ്ണുകളുടെ മുറിപ്പാടുകൾ മാറ്റി ശ്രീരംഗത്തു കൊണ്ടു വിട്ടു. അദ്ദേഹം ആദ്യം രംഗനാഥനെ ദര്ശിക്കാനായി ക്ഷേത്രത്തിൽ എത്തി. ഉടനെ ചോഴന്റെ ആൾക്കാർ രാമാനുജരോടു ചേർന്നവർക്കു ക്ഷേത്രത്തിൽ പ്രവേശനമില്ല എന്നു പറഞ്ഞു തടഞ്ഞു. അദ്ദേഹത്തെ വിളിച്ചു കൊണ്ടു വന്നവർ അവരോടു അദ്ദേഹം ഒരു സാധുവാണു, ഭൂതദയ ഉള്ളവനാണ് എന്നൊക്കെ പറഞ്ഞു. അവരുടെ ശുപാർശ കേട്ട കാവൽക്കാർ അദ്ദേഹത്തിനു അകത്തു പ്രവേശിക്കാൻ അനുവാദം നൽകി. 
         ഇതൊക്കെ കേട്ടു നിന്ന കൂറത്താഴ്വാൻ പെട്ടെന്നു പുറകോട്ടു മാറി.ഉടനെ ആ വൈഷ്ണവർകൾ 'അങ്ങ് വിഷമിക്കേണ്ടാ. അങ്ങയ്ക്കു അകത്തു കയറാൻ അനുവാദം കിട്ടിക്കഴിഞ്ഞു എന്നു പറഞ്ഞു. ഉടനെ കൂറത്താഴ്വാൻ 'എനിക്കതിലാണു വിഷമം എന്റെ ഗുണങ്ങൾ കൊണ്ടു എനിക്കൊരു രംഗ ദർശനം ആവശ്യമില്ല. എന്റെ ആചാര്യന്റെ കൃപ കൊണ്ടു കിട്ടുന്നെങ്കിൽ മാത്രം മതി. എനിക്കു രംഗൻ വേണ്ടാ ആചാര്യ കൃപ മാത്രം മതി.' എന്നു പറഞ്ഞു. നമ്മുടെ ഗുണങ്ങൾ സ്ഥായിയല്ല. അവ പെട്ടെന്നു മാറും പക്ഷെ ആചാര്യ കൃപ ഒരിക്കലും മാറുന്നില്ല. അതിൽ ഒരിക്കലും ഒരു കുറവ് സംഭവിക്കുന്നില്ല.
          അദ്ദേഹം പറഞ്ഞതോടു കൂടി ശ്രീരംഗം തന്നെ ഉപേക്ഷിച്ചു പോയി. തിരുമാലിരുഞ്ചോലൈ എന്നാ ദിവ്യ  ദേശത്തിൽ ചെന്നു വസിച്ചു. എന്റെ ആചാര്യനെ വേണ്ടാത്ത ശ്രീരംഗം എനിക്കും വേണ്ടാ എന്നു പറഞ്ഞ ഒരു സദ്‌ശിഷ്യനാണ് അദ്ദേഹം. പിന്നീടു രാമാനുജർ വന്നപ്പോൾ മാത്രമാണു അദ്ദേഹം തിരിച്ചു വന്നതു. പെണ്‍പിള്ളൈക്കു ആ ഭാവം വളരെ ശ്രേഷ്ഠമായി തോന്നി. 'അവൻ വേണ്ടാ എന്റേനോ ആഴ്വാനൈ പോലെ?' രാമാനുജർക്കു അതീവ സന്തോഷം തോന്നി. തന്റെ പ്രിയ ശിഷ്യനെ പറ്റിയല്ലേ അവൾ പറഞ്ഞത്. അദ്ദേഹത്തെ കുറിച്ചു അവൾ ശരിക്കും മനസ്സിലാക്കിയിരിക്കുന്നു. ആനന്ദത്തിൽ അവളെ കുളിരെ കടാക്ഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Monday, August 13, 2012

പ്രേമവേദം - ഓഗസ്റ്റ്‌ 12

Posted by VEDHASAARAM



ശ്രീമന്നാരായണീയം
കാളാംഭോദകളായ കോമളരുചീ ചക്രേണ ചക്രന്ദിശാ 
മാവൃണ്‍വാണ മുദാരാമന്ദ ഹസിത സ്യന്ദപ്രസന്നാനനം 
രാജൽകംബുഗടാരിപങ്കാജധര ശ്രീമദ്‌ഭുജാമണ്ഡലം 
സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ!മദ്രോഗമുദ്വാസയേത്.
                      (ദശഃ 7 ശ്ലോഃ 8 )
      കാർമേഘം, കായാമ്പൂ എന്നിവ പോലെ കോമളമായ പ്രകാശവലയത്താൽ നാലു ദിക്കുകളെയും ആവരണം ചെയ്യുന്നതും കാരുണ്യപൂർണ്ണമായ മന്ദഹാസ ധാരയാൽ പ്രസന്നമായ മുഖത്തോടു കൂടിയതും, വിരാജമാനങ്ങളായ ശംഖു, ഗദ, ചക്രം, പങ്കജം എന്നിവയേന്തുന്ന ഐശ്വര്യ സമ്പൂർണ്ണങ്ങളായ ഭുജങ്ങളോടു കൂടിയതും ബ്രഹ്മദേവനു സന്തുഷ്ടിയുണ്ടാക്കിയതുമായ അങ്ങയുടെ പരിശുദ്ധ മൂർത്തി, അല്ലയോ ഭഗവാനേ, നിശ്ചയമായും എന്റെ രോഗങ്ങളെ അകറ്റിക്കളയും. 
                                              (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
           രാധേകൃഷ്ണാ! സദ്ഗുരുവിന്റെ പ്രഭാവം നാം തുക്കാറാം മഹാരാജിന്റെ കഥയിൽ കൂടി നാം കണ്ടു വന്നു. അദ്ദേഹത്തിന്റെ മഹിമ ഓതുന്ന മറ്റൊരു കഥ ഇതാ. ഛത്രപതി ശിവാജിക്കു തുക്കാറാം മഹാരാജിനോട് വളരെ ഭക്തിയുണ്ടായിരുന്നു. താൻ ഒരു രാജനാണെന്ന അഹംഭാവം ഒട്ടുമില്ല. ശിവജിക്കു പുരാണ പ്രവചനം പറയുന്ന ഭക്തന്റെ വീട്ടിലെ അരിവെപ്പുകാരന് പോലും തുക്കാറാം മഹാരാജിന്റെ അനുഗ്രഹത്താൽ ഭാഗവതം മനസ്സിലായി തുടങ്ങി എന്നു അദ്ദേഹം അറിഞ്ഞു. തുക്കാറാം മഹാരാജിനോടുള്ള ഭക്തി അദ്ദേഹത്തിനു വർദ്ധിച്ചു വന്നതെയുള്ളു. രാജൻ ഒരു വണ്ടി നിറയെ ധനം, സ്വർണ്ണം തുടങ്ങിയ പല ഉപാഹരങ്ങളും ഒരാൾ വശം തുക്കാറാം മഹാരാജിന്റെ വീട്ടിൽ കൊടുത്തയച്ചു. തുക്കാറാം മഹാരാജ് അതെല്ലാം പാണ്ഡുരംഗനു അർപ്പണം എന്നു പറഞ്ഞിട്ടു തിരിച്ചയച്ചു.
        ശിവജി മഹാരാജിനു അദ്ദേഹത്തിന്റെ മഹത്വം വളരെ ബോധ്യപ്പെട്ടു, അദ്ദേഹത്തെ നേരിൽ കാണാം എന്നു തീരുമാനിച്ചു. ശിവജി മഹാരാജ് തുക്കാറാം മഹാരാജിന്റെ കാൽക്കൽ വീണു നമസ്കരിച്ചു. അദ്ദേഹം വളരെ നേരം സദ്‌വിഷയങ്ങൾ സംസാരിച്ചിരുന്നു. ശിവജിക്കു ഹൃദയത്തിൽ വൈരാഗ്യം വന്നു. എല്ലാം ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നിത്തുടങ്ങി. വനത്തിൽ പോയിരുന്നു തപസ്സു ചെയ്യാൻ ആരംഭിച്ചു. ശിവജിയുടെ അമ്മ ഇതു കണ്ടു വളരെ വിഷമിച്ചു. തന്റെ മകൻ രാജ കാര്യങ്ങളിൽ അശ്രദ്ധ കാട്ടിയാൽ ആപത്തല്ലേ? മുസ്ലിം രാജാക്കൾ നേരത്തെ തന്നെ ഹിന്ദു രാജ്യങ്ങളെ നോട്ടമിട്ടിരിക്കുകയാണു. ഒരവസരം കിട്ടിയാൽ അവർ ചാടി വീണു രാജ്യത്തെ കൈക്കലാക്കും. അവരുടെ ഭരണത്തിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും ആപത്താണ്.
          ഒരുപാടു ആലോചിച്ചതിനു ശേഷം അവർ സദ്ഗുരുവായ തുക്കാറാം മഹാരാജിനെ ആശ്രയിക്കാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തെ സമീപിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. തുക്കാറാം മഹാരാജ് എല്ലാം കേട്ടിട്ടു അവരെ പോയിക്കൊള്ളുവാൻ പറഞ്ഞു. വൈകുന്നേരം ശിവജി മഹാരാജ് സത്സംഗത്തിനു എത്തി. അന്നു സത്സംഗത്തിൽ തുക്കാറാം കർമ്മയോഗത്തെ കുറിച്ചു സംസാരിച്ചു. മനുഷ്യനു തന്റെ കർത്തവ്യത്തിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല. ഇപ്പോൾ ചെയ്യാത്തതു തീർച്ചയായും പിന്നീട് ചെയ്യേണ്ടി വരും. കർമ്മം ചെയ്യുമ്പോൾ കർതൃത്വം ഇല്ലാതെ സകലതും ഭഗവാനിൽ അർപ്പിച്ചു ചെയ്യണം എന്നു പറഞ്ഞു. ഒരു രാജാവ് തന്റെ പ്രജകളുടെ ക്ഷേമത്തെ സംരക്ഷിച്ചാൽ മാത്രമേ ആ രാജ്യത്തെ സാധുക്കൾക്കും നിർബാധം ഭഗവാനെ ആരാധിക്കാൻ സാധിക്കൂ എന്നെല്ലാം പറഞ്ഞു.
       ശിവജി മഹാരാജിനു അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. താൻ തിരിച്ചു പോയി രാജ്യപരിപാലനം ചെയ്യുന്നതാണു തുക്കാറാമിനു ഇഷ്ടം എന്നു തിരിച്ചറിഞ്ഞു. പക്ഷെ അദ്ദേഹത്തിനു തുക്കാറാം മഹാരാജിനെ പിരിഞ്ഞു പോകാൻ മനസ്സ് വന്നില്ല. ഓരോ ദിവസവും മാറ്റി വെച്ച് മാറ്റി വെച്ചു അങ്ങനെ നാലു ദിവസമായി. അവസാനം തുക്കാറാം മഹാരാജ് ശിവജിയോടു പോകണം എന്നു നിർബ്ബന്ധമായി പറഞ്ഞു. എല്ലാവർക്കും അദ്ദേഹം പ്രസാദം കൊടുത്തു കൊണ്ടിരുന്നു. ശിവജി മഹാരാജിനും പ്രസാദം വാങ്ങണം എന്നു മോഹം ഉണ്ടായിരുന്നു. തുക്കാറാം മഹാരാജ് അടുത്തുള്ള തട്ടിൽ നിന്നും പുഷ്പമോ പഴമോ കയ്യിൽ കിട്ടുന്നതു പോലെ കൊടുത്തു കൊണ്ടിരുന്നു. 
          ശിവജിയുടെ മനസ്സിൽ ഒരു ആഗ്രഹം പൊന്തി വന്നു. നമ്മുടെ രാജ്യം മുഴുവനും മുസ്ലിംകളുടെ കയ്യിൽ നിന്നും നമുക്കു തിരിച്ചു പിടിക്കാൻ സാധിക്കണം. അങ്ങനെ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ സാധിക്കുകയാണെങ്കിൽ എനിക്കു തുക്കാറാം മഹാരാജ് റൊട്ടി പ്രസാദമായി നൽകും എന്നു മനസ്സിൽ ഉറപ്പിച്ചു. അടുത്തതായി തനിക്കു ഒരു ആണ്‍ സന്തതി ഉണ്ടാകുമെങ്കിൽ അദ്ദേഹം പുഷ്പം പ്രസാദമായി നൽകും എന്നും സങ്കല്പിച്ചു. വരിയിൽ നിന്ന് ശിവജിയുടെ ഊഴം വന്നു. ഒന്നും പറയാതെ തുക്കാറാം മഹാരാജിന്റെ നേർക്കു കൈ നീട്ടി. അദ്ദേഹം ശിവജിയെ നോക്കി പുഞ്ചിരിച്ചു. ശിവജിയും അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ഉടനെ തുക്കാറാം മഹാരാജ് ഒരു കൈകൊണ്ടു ഒരു റൊട്ടിയും മറ്റേ കൈകൊണ്ടു പൂവും എടുത്തു ശിവജിയുടെ നീട്ടിയ കയ്യിൽ വെച്ചു. വളരെ ആശ്ചര്യത്തോടെ ശിവജി ഇതെന്താണു എന്നു ചോദിച്ചു. അതിനു തുക്കാറാം മഹാരാജ് എന്തു ചോദിച്ചോ അതു തന്നു എന്നു പറഞ്ഞു. ശിവജി സന്തോഷത്തിൽ തുള്ളിച്ചാടി പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല.
         അദ്ദേഹം പറഞ്ഞതു പോലെ കുറെ കാലത്തിനു ശേഷം ശിവജി തന്റെ ഹിന്ദുസാമ്രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിനു ഒരു ആണ്‍കുട്ടിയും ജനിച്ചു. അതിനു ശേഷം ശിവജി എല്ലാവരോടും അന്നു തുക്കാറാം മഹാരാജ് തനിക്കു റൊട്ടിയും പുഷ്പവും പ്രസാദം നൽകിയതിന്റെ രഹസ്യം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. ഒരു മഹാത്മാവിന്റെ ബലം അത്ര വലുതാണു. അവരുടെ വാക്കുകൾ പാഴാവില്ല. അവർക്കു അതിനുള്ള ശക്തിയും ഉണ്ടു. സദ്ഗുരു മഹിമ അവസാനിക്കുന്നില്ല. അതു തുടർന്നുകൊണ്ടേയിരിക്കും. അത് മനസ്സിലാക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ! രാധേകൃഷ്ണാ രാധേകൃഷ്ണാ!
   
      
ഭക്തിരഹസ്യം 
ഒരുത്തിമകനായി പിറന്തു ഒരിരവിൽ 
ഒരുത്തിമകനായി ഒളിത്തു വളര
തരിക്കിലാനാകിത്താൻ തീങ്കു നിനൈത്ത 
കരുത്തൈ പിഴൈപ്പിത്തു കഞ്ചൻ വയിറ്റിൽ
നേരുപ്പെന്ന നിന്റ നെടുമാലേ ഉന്നൈ 
അരുത്തിത്തു വന്തോം പറൈ കരുതിയാകിൽ 
തിരുത്തക്ക ശെൽവമും സേവകമും യാം പാടി 
വരുത്തമും തീർന്തു മകിഴ്ന്തേലോരെമ്പാവായ്.
       രാധേകൃഷ്ണാ! സങ്കടം കലർപ്പില്ലാത്ത സന്തോഷം! കുറവൊന്നും ഇല്ലാത്ത ശാന്തി! കുഴപ്പമില്ലാത്ത മനസ്സ്! ഇതാണു എല്ലാവരും അന്വേഷിക്കുന്നതു. എന്നും ദുഃഖം പാടില്ല, ആനന്ദം വൃദ്ധിയാകണം എന്നാണു എല്ലാവർക്കും മോഹം. അതു തന്നെയാണു ആണ്ടാൾ ഇവിടെ വരുത്തമും തീർന്തു എന്നു പറയുന്നതു. ഓരോരുത്തർക്കും ഓരോ വിധത്തിലുള്ള ദുഃഖം. എല്ലാ ദുഃഖങ്ങൾക്കും ഒരൊറ്റ പരിഹാരമേയുള്ളു. അതു ഭഗവാനല്ലാതെ മറ്റാരുമല്ല എന്നു ആണ്ടാളൂടെ അഭിപ്രായം. ഭഗവാനെ നിറഞ്ഞു അനുഭവിക്കാത്തവർ എല്ലാവരും 'കഞ്ചൻ' - പിശുക്കൻ ആണു. പക്ഷെ ഭഗവാനിൽ നിന്നു  ധാരാളം പ്രതീക്ഷിക്കുകയും ചെയ്യും. ദേവകി തന്റെ മകനെ യശോദയ്ക്കു ദത്തു കൊടുത്തു. പക്ഷെ തന്റെ ഭക്തിയെ ദത്തു കൊടുത്തില്ല എന്നാണു ആണ്ടാൾ ഇവിടെ പറയുന്നതു. ദേവകി സദാ ഹൃദയത്തിൽ കൃഷ്ണ ധ്യാനം ചെയ്തു കൊണ്ടെ ഇരുന്നു. അവളുടെ കൃഷ്ണനെ യശോദയ്ക്കു വളർത്താൻ കഴിയും. പക്ഷെ അവളുടെ ഭക്തിയെ അവൾ തന്നെ വളർത്തണം. ആണ്ടാൾ ഇവിടെ ഭഗവാനോട് ഭക്തിയും നാമജപവും യാചിക്കുന്നു. അതാണു ജീവിതത്തിന്റെ പരമ ലക്‌ഷ്യം. ഭക്തിക്കു വേണ്ടി ഈ ലോകം തന്നെ ഉപേക്ഷിക്കാം. 
       നമ്മുടെ ബന്ധുക്കൾ ഭക്തിക്കു അനുകൂലമായാലും പ്രതികൂലമായാലും ഭക്തി വിടാൻ പാടില്ല. പത്മാവതിക്കു ജയദേവർ അനുകൂലമായിരുന്നു. അവളുടെ ഭക്തി ഭഗവാനെ അവൾ പ്രത്യക്ഷമായി കണ്ടു. തുക്കാറാമിന്റെ ഭാര്യ ജീജാഭായി അദ്ദേഹത്തിന്റെ ഭക്തിക്കു പ്രതികൂലമായിരുന്നു. പക്ഷെ അദ്ദേഹം വിഠലനെ അനുഭവിക്കുന്നതിനു അതു തടസ്സമായില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വിഠലനെ എടുത്തു കളയാൻ അതിനൊന്നും സാധിച്ചില്ല. 
       അതു പോലെ ഒരു ദൃഡ ഭക്തി ഒരു സ്ത്രീക്കു ഉണ്ടായിരുന്നു. ഏതു സ്ഥിതിയിലും അവളുടെ ഹൃദയത്തിൽ ഭഗവാനോട് ഭക്തി ഉണ്ടായിരുന്നു. പാണ്ഡുരംഗൻ അവളുടെ ഇഷ്ട ദൈവമായിരുന്നു. അവളുടെ ഭർത്താവാണെങ്കിൽ ഒരു മഹാ പിശുക്കനായിരുന്നു. കുറച്ചു അധികം നേരം വിളക്കു കത്തിക്കാൻ പോലും സമ്മതിക്കില്ല. ഭഗവാനു ഒരു നല്ല വസ്ത്രം വാങ്ങി ചാർത്താനോ ഒരു നല്ല നിവേദ്യം അർപ്പിക്കാനോ അയാൾ സമ്മതിക്കില്ല. പക്ഷെ ഇതൊന്നും അവളുടെ ഭക്തിക്കു ഒരു തടസ്സമായില്ല. പുറമേ എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അകമേ ഭഗവാനെ അമിതമായി ആരാധിക്കുന്നതിനെ ആർക്കും തടുക്കാനാവില്ലല്ലോ. അവൾ ആരോടും തന്റെ ഭാരതാവിനെ കുറിച്ചു പരാതി പറഞ്ഞില്ല. മറ്റുള്ള ഭർത്താക്കന്മാരുമായി തന്റെ ഭാർത്താവിനെ താരതമ്യം ചെയ്തില്ല. അതൊക്കെ സ്ത്രീകളുടെ പൊതുവായ ഗുണമാണു. അവൾക്കു പറയാനുള്ളതെല്ലാം അവൾ ഭഗവാനോടു മാത്രം പറഞ്ഞു. അവൾക്കു ഒരു പരാതിയുമില്ല. തന്റെ ഭർത്താവിനെ ഭഗവാൻ ഒരു ദിവസം തീർച്ചയായും മാറ്റും എന്നവൾ ദ്രുഡമായി വിശ്വസിച്ചു. 
        അവളുടെ ഭർത്താവിന്റെ പേരു ശ്രീനിവാസാൻ എന്നായിരുന്നു അയാൾക്കു ധനത്തിനോടു അമിതമായ ആർത്തിയായിരുന്നു. പലിശയ്ക്കു പണം കൊടുക്കലാണ് തൊഴിൽ. ജനങ്ങളിൽ നിന്നും പലിശ, പലിശയ്ക്കു പലിശ എന്നിങ്ങനെ പിടിച്ചു പരിക്കും. ധനത്തിനു വേണ്ടി എന്തും ചെയ്യാൻ അയാൾ തയ്യാറാണ്. ആ സ്ത്രീ ഒരു വാക്കു പോലും എതിർത്തു അയാളോട് ഉരിയാടില്ല. ജീവിതം എപ്പോഴും ഒരേ പോലെയല്ലല്ലോ. മാറ്റം ഉണ്ടാവും. ഇവരുടെ ജീവിതത്തിലും അങ്ങനെ ഒരു വഴിതിരിവുണ്ടായി. അതെങ്ങനെ എന്നു നമുക്കു വഴിയെ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 59)
             ഭഗവാനു ജീവജാലങ്ങളിൽ ഭേദ ചിന്തയില്ല. ഭഗവാന്റെ കാരുണ്യത്തിൽ ഒരിക്കലും ഭേദമില്ല. അവരവരുടെ പ്രാരാബ്ധ കർമ്മവും, വാസനയും അനുസരിച്ചു  ഓരോ ജീവനും ഓരോ രീതിയിൽ അതു സ്വീകരിക്കുന്നു.  ആരും ഒരേ സ്ഥിതിയിൽ ഇരിക്കുന്നില്ല മാറ്റങ്ങൾ അനിവാര്യമാണ്. ഭഗവാനും സദ്ഗുരുവും മാത്രം മാറ്റമില്ലാതെ ഇരിക്കുന്നു. അതു കൊണ്ടു ഭഗവാനെ മുറുകെ പിടിക്കണം. നമ്മുടെ ജീവിതത്തിൽ നടക്കുന്ന സകല വിഷയങ്ങളും ഏതെങ്കിലും ഭക്തന്മാരുടെ ജീവിതവും ബന്ധപ്പെട്ടതാകും. ഭക്തന്മാരുടെ ജീവിതത്തിൽ നിന്നും നല്ല വിഷയങ്ങള നാം സ്വീകരിക്കണം.  ഇതു ചെയ്യാതെ നാം ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ  നോക്കുന്നു. അപ്പോൾ സദ്ഗുരു നമ്മെ തടുത്തു നിറുത്തി ശരിയായ വഴിയിൽ ആനയിക്കുന്നു.
       തിരുക്കോളൂർ പെണ്‍പിള്ളൈ അങ്ങനെ രക്ഷപ്പെടാൻ നോക്കുന്നു.  അവളുടെ ഭാഗ്യം അവൾ രാമാനുജരുടെ ദൃഷ്‌ടിയിൽ പെട്ടു. ജീവിതത്തിന്റെ യാഥാർത്ഥ്യം അപ്പാടെ സ്വീകരിക്കാൻ പഠിക്കണം. പക്ഷികൾ മഴ  പെയ്യുന്നു എന്നു പരാതി പറയില്ല. വെയിൽ കത്തുന്നു എന്നു സങ്കടപ്പെടില്ല. മനുഷ്യനു എല്ലാം കുറ്റമാണ്. ഈ പെണ്‍പിള്ളൈയും അതു പോലെ ജീവിതത്തെ സ്വീകരിക്കാൻ കഴിയാതെ തിരുക്കോളൂരിൽ നിന്നും സ്ഥലം വിടുകയാണ്. രാമാനുജർ അതു കണ്ടു. ഒരു ദിവ്യ ദേശത്തിൽ നിന്നും അവൾ പോകുന്നതു അത്ര ശരിയല്ല എന്നു വിചാരിച്ചു. അവളെ നിറുത്തി കാരണം ചോദിച്ചു അവളും വിട്ടു കൊടുത്തില്ല. എന്തൊക്കെയോ കാരണങ്ങള അത്ഭുതകരമായി പറഞ്ഞു. അവൾ പറയുന്ന കാരണങ്ങൾ അത്ര വിശേഷപ്പെട്ടതായിരുന്നു. അത് കൊണ്ടു രാമാനുജരും ക്ഷമയോടെ നിന്നു കേട്ടു. നാദമുനികളുടെ കാര്യം പറഞ്ഞ അവൾ അടുത്തതായി എന്തു പറയും എന്നു കാതോർത്തു നിന്നു. ഉടനെ അവൾ അടുത്ത വൈഷ്ണവ ഭക്ത വാക്യം പറഞ്ഞു.
'അവൻ പോനാൻ എന്റേനൊ മാരുതിയാണ്ടാൻ പോലെ'
        സ്വാമി രാമാനുജർ കൃമി കണ്ഠ ചോഴന്റെ ഉപദ്രവം കാരണം ശ്രീരംഗം വിട്ടു മേൽക്കോട്ടൈയിൽ ചെന്നിരുന്നു. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം അവിടെ താമസിച്ചു. അതിന്റെ ഇടയിൽ ശ്രീരംഗം വരാനേ അദ്ദേഹത്തിനു സാധിച്ചില്ല. രംഗരാജനെ കാണാതെ അദ്ദേഹം മനസ്സു നൊന്തു. ചോഴ രാജനു രാമാനുജരുടെ ഭക്തിയിൽ അസൂയയായിരുന്നു. വൈഷ്ണവ സമ്പ്രദായം ഉപേക്ഷിച്ചു ശിവ സമ്പ്രദായതിലെക്കു വരണം എന്നു ശഠിച്ചു. ഏക മൂർത്തി  ലയിച്ചിരുന്ന അദ്ദേഹത്തിനു അതു സാധിച്ചില്ല. അതു കൊണ്ടു ശ്രീരംഗത്തിൽ നിന്നും പുറത്താക്കി. ഹൃദയത്തിൽ രംഗരാജനെ ഏറ്റി അദ്ദേഹം പന്ത്രണ്ടു വർഷം പിരിഞ്ഞിരുന്നു. ചോഴൻ മരിച്ചു എന്നു അദ്ദേഹം ആരോ സംശയം പറഞ്ഞു കേട്ടു. അതിന്റെ നിജസ്ഥിതി അറിയുവാനായി രണ്ടു പേരെ അദ്ദേഹം ശ്രീരംഗത്തേയ്ക്കു പറഞ്ഞയച്ചു. ശ്രീരംഗത്തുള്ള രാമാനുജ ശിഷ്യരോടു അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിക്കുകയും വേണം. പക്ഷെ വളരെ രഹസ്യമായി വേണം ഇതു ചെയ്യുവാൻ. ചോഴന്റെ ആൾക്കാർ കേൾക്കാനും പാടില്ല. മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം ആയിരുന്നു അവർ. ഇരുവരും നടന്നു നടന്നു മേൽക്കോട്ടയിൽ നിന്നും ശ്രീരംഗം വന്നു. 
        ശ്രീരംഗത്തിൽ സ്വാമി രാമാനുജരുടെ ശിഷ്യർ പലർ ഉണ്ടു. അവർക്കാർക്കും രാമാനുജർ എവിടെയാണ് എന്നറിയില്ല. അപ്പോൾ രാമാനുജർ അയച്ച രണ്ടു പേരും അവിടെ വന്നു ചേർന്നു. ആദ്യം ഇരുവരും ശ്രീരംഗനാഥനെ തൊഴുതു. ഏതു കാര്യം തുടങ്ങുന്നതിനു മുൻപും ഭഗവാനെ പ്രാർത്ഥിക്കുന്നതു ധർമ്മം. എന്നിട്ടു രഹസ്യമായി സ്വാമി രാമാനുജരുടെ അന്തരംഗ ശിഷ്യരുടെ വീട്ടിൽ പോകുന്നു. ചോഴന്റെ ആൾക്കാർ ആരും കാണാതെയാണു അവർ പോയതു. വേഷം മാറിയാണു പോയതു. അവർക്കു വന്നവരെ മനസ്സിലായില്ല. അവരെ  പറഞ്ഞു എന്നിട്ടു കുടിക്കാൻ മോരു നൽകി സൽകരിച്ചു. അവരെ കണ്ടാൽ വളരെ സന്തുഷ്ടരായി കാണപ്പെട്ടു. വന്നവർ കുറച്ചൊന്നു അന്ധാളിച്ചു. രാമാനുജർ ഇല്ലാതെ ഇവർക്കു എങ്ങനെ സന്തോഷിക്കാൻ സാധിക്കുന്നു എന്നു അത്ഭുതപ്പെട്ടു. 
      സംസാരത്തിനിടയിൽ ശ്രീ രംഗ ശിഷ്യർ ഞങ്ങളുടെ രാമാനുജർ തിരിച്ചു വരുവാനുള്ള കാലമായി എന്നു പറഞ്ഞു. ഉടനെ മാരുതി ആണ്ടാൻ അതെന്താണെന്നു കാരണം ചോദിച്ചു. അതിനു അവർ കൃമി കണ്ഠ ചോഴൻ മരിച്ചു എന്നു പറഞ്ഞു. ഇതു കേട്ട പാതി അവർ രണ്ടു പേരും രാമാനുജർ വിജയിക്കട്ടെ എന്നുറക്കെ വിളിച്ചു പറഞ്ഞു. അപ്പോഴാണു എല്ലാവർക്കും അവരും രാമാനുജ ശിഷ്യരാണെന്നു മനസ്സിലായതു.മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം അവരുടെ വേഷം മാറ്റി കാണിച്ചപ്പോൾ അവർക്കു വന്നവരെ മനസ്സിലായി. സന്തോഷം തോന്നിയ അവർ പരസ്പരം വന്ദനം ചെയ്തു. കുശല പ്രശ്നങ്ങൾ ചെയ്തു. ശ്രീരംഗക്കാർക്കു സ്വാമി രാമാനുജരെ കുറിച്ചു അറിയാൻ വളരെ തിടുക്കമായി. രാമാനുജർ സുഖമായിരിക്കുന്നു എന്നറിഞ്ഞു അവർ സന്തോഷിച്ചു. അദ്ദേഹം മേൽക്കോട്ടയിൽ ഉണ്ടു എന്നു അറിഞ്ഞു.
        മാരുതി ആണ്ടാൻ തിരുമലൈ നമ്പി, കൂറത്താഴ്വാൻ തുടങ്ങിയവരെ കുറിച്ചു അന്വേഷിച്ചു. തിരുമലൈ നമ്പി പരമപദം ഏകി എന്നും കൂറത്താഴ്വാനുടെ കണ്ണുകൾ ചോഴൻ ചൂഴ്ന്നെടുത്തു എന്നും അവർ പറഞ്ഞു. വിവരം അറിഞ്ഞ ഉതാൻ മാരുതി ആണ്ടാൻ രാമാനുജരുടെ അടുത്തേക്കു പുറപ്പെട്ടു. ആ പരമ വൈഷ്ണവർ അദ്ദേഹത്തെ അവിടെ രണ്ടു ദിവസം താമസിക്കാൻ നിര്ബ്ബന്ധിച്ചു. പക്ഷെ രാമാനുജരെ ശ്രീ രംഗത്തേക്ക് മടങ്ങാം എന്ന വിവരം അറിയിക്കാൻ അദ്ദേഹം തിടുക്കത്തിൽ തിരിച്ചു. അതിന്റെ ഇടയിൽ വേറെ ഒരു ഉപചാരവും  സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. 
           അവർ രണ്ടു പേരും ധൃതിയിൽ മേൽക്കൊട്ടൈ എത്തി ചേർന്നു. അവർക്കു രാമാനുജരെ അറിയിക്കാൻ ഒരു സന്തോഷ വാർത്തയും ഒരു  ദുഃഖ വാർത്തയും ഉണ്ടായിരുന്നു.  തിരുമലൈ നമ്പി രാമാനുജരുടെ പ്രഥമ ഗുരുവാണു. കൂറത്താഴ്വാൻ അദേഹത്തിന്റെ പ്രഥമ ശിഷ്യനുമാണ്‌. രണ്ടു വിഷയങ്ങളും അദ്ദേഹത്തിനു ദുഃഖം നൽകുന്നവയാണു. ചോഴന്റെ മരണ വാർത്ത മാത്രമാണു ഒരേയൊരു നല്ല വാർത്ത. മാരുതി ആണ്ടാൻ മുഖത്തു നല്ല പ്രസന്നതയോടെ രാമാനുജരെ വണങ്ങി. രാമാനുജർ അദ്ദേഹത്തോട് പോയിട്ടു എന്തു വിശേഷം എന്നു ചോദിച്ചു. മാരുതി ആണ്ടാൻ അതിനു കൃമി കണ്ഠ ചോഴൻ മരിച്ചു - അവൻ പോനാൻ - എന്നു പറഞ്ഞു. രാമാനുജരുടെ മുഖം പ്രസന്നമായി. 'അപ്പോൾ രംഗനാഥന്റെ കാര്യങ്ങൾ എല്ലാം വിഘ്നം ഇല്ലാതെ നടക്കുന്നുണ്ടോ' എന്നു ചോദിച്ചു.
'ക്ഷമിക്കണം അതൊന്നും അന്വേഷിക്കാൻ അറിയാനു സമയമില്ലായിരുന്നു. ഈ സന്തോഷ വർത്തമാനം ഉതാൻ അങ്ങയെ അറിയിക്കണം എന്നു കരുതി തിരിച്ചു വന്നു' എന്നു പറഞ്ഞു.
       ഉടനെ രാമാനുജർ അദ്ദേഹത്തെ നോക്കി 'നീ മാരുതി ആണ്ടാനോ' എന്നു ചോദിച്ചു. മാരുതി രാമനോട് 'ദൃഷ്ട്വാ സീതാ'  എന്ന നല്ല വർത്തമാനം അറിയിച്ചില്ലേ അതു പോലെ തനിക്കു ഈ നല്ല വർത്തമാനം തന്നുവോ എന്നർത്ഥം. ആനന്ദത്തിൽ അദ്ദേഹം അവർ രണ്ടു പേരെയും ആലിംഗനം ചെയ്തു. എന്നിട്ടും തൃപ്തി വരാതെ അവർക്കു വീണ്ടും ദ്വയ മന്ത്രം ഉപദേശിച്ചു കൊടുത്തു. ആചാര്യൻ ഒരു പ്രാവശ്യം ഉപദേശം നല്കുന്നത് തന്നെ പരമ ഭാഗ്യമാണു. രണ്ടു പ്രാവശ്യം ഉപദേശിക്കുക എന്നാൽ പരമോന്നത ഭാഗ്യം തന്നെയാണു. 
       രാമാനുജർ കുറച്ചു സമാധാനമായി എന്നു കണ്ടു അവർ പതുക്കെ മറ്റു രണ്ടു ദുഃഖ വർത്തമാനങ്ങളും പറഞ്ഞു.ഉടനെ രാമാനുജർ ഇതല്ലേ നിങ്ങൾ ആദ്യം എന്നോടു പറയേണ്ടിയിരുന്നത് എന്തു കൊണ്ടു പറഞ്ഞില്ല എന്നു ചോദിച്ചു. അതിനു അദ്ദേഹം അങ്ങയുടെ സന്തോഷം കാണാനാണു ഞങ്ങൾക്കു താല്പര്യം. ദുഃഖം കാണാൻ ഇഷ്ടമല്ല എന്നു പറഞ്ഞു. ഇതിനു ശേഷമാണ് രാമാനുജർ മേൽകോട്ടൈ വിട്ടു പുറപ്പെടുന്നത്. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ശ്രീരംഗത്തു നിന്നും മാറി നിന്നു. മാരുതി ആണ്ടാൻ വന്നു പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ശ്രീരംഗത്തെക്കു മടങ്ങി വന്നതു. 
       മാരുതി ആണ്ടാനെ പോലെ താൻ രാമാനുജർക്കു ഹിതം ഒന്നും ചെയ്തില്ലല്ലോ എന്നു പെണ്‍പിള്ളൈ പറയുകയാണ്‌. തനിക്കു അതു പോലെ വാക്ക്ചാതുര്യം ഒന്നും ഇല്ലല്ലോ. അതൊന്നും ഇല്ലാത്ത താൻ അവിടെ ഇരുന്നിട്ടു ആർക്കു ലാഭം? രാമാനുജർക്കു മാരുതി ആണ്ടാനെ കുറിച്ചു കേട്ടപ്പോൾ ഹൃദയം കുളിർത്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!