Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Monday, August 13, 2012

പ്രേമവേദം - ഓഗസ്റ്റ്‌ 12

Posted by VEDHASAARAM



ശ്രീമന്നാരായണീയം
കാളാംഭോദകളായ കോമളരുചീ ചക്രേണ ചക്രന്ദിശാ 
മാവൃണ്‍വാണ മുദാരാമന്ദ ഹസിത സ്യന്ദപ്രസന്നാനനം 
രാജൽകംബുഗടാരിപങ്കാജധര ശ്രീമദ്‌ഭുജാമണ്ഡലം 
സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ!മദ്രോഗമുദ്വാസയേത്.
                      (ദശഃ 7 ശ്ലോഃ 8 )
      കാർമേഘം, കായാമ്പൂ എന്നിവ പോലെ കോമളമായ പ്രകാശവലയത്താൽ നാലു ദിക്കുകളെയും ആവരണം ചെയ്യുന്നതും കാരുണ്യപൂർണ്ണമായ മന്ദഹാസ ധാരയാൽ പ്രസന്നമായ മുഖത്തോടു കൂടിയതും, വിരാജമാനങ്ങളായ ശംഖു, ഗദ, ചക്രം, പങ്കജം എന്നിവയേന്തുന്ന ഐശ്വര്യ സമ്പൂർണ്ണങ്ങളായ ഭുജങ്ങളോടു കൂടിയതും ബ്രഹ്മദേവനു സന്തുഷ്ടിയുണ്ടാക്കിയതുമായ അങ്ങയുടെ പരിശുദ്ധ മൂർത്തി, അല്ലയോ ഭഗവാനേ, നിശ്ചയമായും എന്റെ രോഗങ്ങളെ അകറ്റിക്കളയും. 
                                              (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)

സദ്ഗുരുവാത്സല്യം 
           രാധേകൃഷ്ണാ! സദ്ഗുരുവിന്റെ പ്രഭാവം നാം തുക്കാറാം മഹാരാജിന്റെ കഥയിൽ കൂടി നാം കണ്ടു വന്നു. അദ്ദേഹത്തിന്റെ മഹിമ ഓതുന്ന മറ്റൊരു കഥ ഇതാ. ഛത്രപതി ശിവാജിക്കു തുക്കാറാം മഹാരാജിനോട് വളരെ ഭക്തിയുണ്ടായിരുന്നു. താൻ ഒരു രാജനാണെന്ന അഹംഭാവം ഒട്ടുമില്ല. ശിവജിക്കു പുരാണ പ്രവചനം പറയുന്ന ഭക്തന്റെ വീട്ടിലെ അരിവെപ്പുകാരന് പോലും തുക്കാറാം മഹാരാജിന്റെ അനുഗ്രഹത്താൽ ഭാഗവതം മനസ്സിലായി തുടങ്ങി എന്നു അദ്ദേഹം അറിഞ്ഞു. തുക്കാറാം മഹാരാജിനോടുള്ള ഭക്തി അദ്ദേഹത്തിനു വർദ്ധിച്ചു വന്നതെയുള്ളു. രാജൻ ഒരു വണ്ടി നിറയെ ധനം, സ്വർണ്ണം തുടങ്ങിയ പല ഉപാഹരങ്ങളും ഒരാൾ വശം തുക്കാറാം മഹാരാജിന്റെ വീട്ടിൽ കൊടുത്തയച്ചു. തുക്കാറാം മഹാരാജ് അതെല്ലാം പാണ്ഡുരംഗനു അർപ്പണം എന്നു പറഞ്ഞിട്ടു തിരിച്ചയച്ചു.
        ശിവജി മഹാരാജിനു അദ്ദേഹത്തിന്റെ മഹത്വം വളരെ ബോധ്യപ്പെട്ടു, അദ്ദേഹത്തെ നേരിൽ കാണാം എന്നു തീരുമാനിച്ചു. ശിവജി മഹാരാജ് തുക്കാറാം മഹാരാജിന്റെ കാൽക്കൽ വീണു നമസ്കരിച്ചു. അദ്ദേഹം വളരെ നേരം സദ്‌വിഷയങ്ങൾ സംസാരിച്ചിരുന്നു. ശിവജിക്കു ഹൃദയത്തിൽ വൈരാഗ്യം വന്നു. എല്ലാം ഉപേക്ഷിക്കുകയാണ് നല്ലതെന്നു തോന്നിത്തുടങ്ങി. വനത്തിൽ പോയിരുന്നു തപസ്സു ചെയ്യാൻ ആരംഭിച്ചു. ശിവജിയുടെ അമ്മ ഇതു കണ്ടു വളരെ വിഷമിച്ചു. തന്റെ മകൻ രാജ കാര്യങ്ങളിൽ അശ്രദ്ധ കാട്ടിയാൽ ആപത്തല്ലേ? മുസ്ലിം രാജാക്കൾ നേരത്തെ തന്നെ ഹിന്ദു രാജ്യങ്ങളെ നോട്ടമിട്ടിരിക്കുകയാണു. ഒരവസരം കിട്ടിയാൽ അവർ ചാടി വീണു രാജ്യത്തെ കൈക്കലാക്കും. അവരുടെ ഭരണത്തിൽ ഹിന്ദുക്കൾക്കും ഹിന്ദു ക്ഷേത്രങ്ങൾക്കും ആപത്താണ്.
          ഒരുപാടു ആലോചിച്ചതിനു ശേഷം അവർ സദ്ഗുരുവായ തുക്കാറാം മഹാരാജിനെ ആശ്രയിക്കാൻ തീരുമാനിച്ചു. അവർ അദ്ദേഹത്തെ സമീപിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു. തുക്കാറാം മഹാരാജ് എല്ലാം കേട്ടിട്ടു അവരെ പോയിക്കൊള്ളുവാൻ പറഞ്ഞു. വൈകുന്നേരം ശിവജി മഹാരാജ് സത്സംഗത്തിനു എത്തി. അന്നു സത്സംഗത്തിൽ തുക്കാറാം കർമ്മയോഗത്തെ കുറിച്ചു സംസാരിച്ചു. മനുഷ്യനു തന്റെ കർത്തവ്യത്തിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല. ഇപ്പോൾ ചെയ്യാത്തതു തീർച്ചയായും പിന്നീട് ചെയ്യേണ്ടി വരും. കർമ്മം ചെയ്യുമ്പോൾ കർതൃത്വം ഇല്ലാതെ സകലതും ഭഗവാനിൽ അർപ്പിച്ചു ചെയ്യണം എന്നു പറഞ്ഞു. ഒരു രാജാവ് തന്റെ പ്രജകളുടെ ക്ഷേമത്തെ സംരക്ഷിച്ചാൽ മാത്രമേ ആ രാജ്യത്തെ സാധുക്കൾക്കും നിർബാധം ഭഗവാനെ ആരാധിക്കാൻ സാധിക്കൂ എന്നെല്ലാം പറഞ്ഞു.
       ശിവജി മഹാരാജിനു അദ്ദേഹം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായി. താൻ തിരിച്ചു പോയി രാജ്യപരിപാലനം ചെയ്യുന്നതാണു തുക്കാറാമിനു ഇഷ്ടം എന്നു തിരിച്ചറിഞ്ഞു. പക്ഷെ അദ്ദേഹത്തിനു തുക്കാറാം മഹാരാജിനെ പിരിഞ്ഞു പോകാൻ മനസ്സ് വന്നില്ല. ഓരോ ദിവസവും മാറ്റി വെച്ച് മാറ്റി വെച്ചു അങ്ങനെ നാലു ദിവസമായി. അവസാനം തുക്കാറാം മഹാരാജ് ശിവജിയോടു പോകണം എന്നു നിർബ്ബന്ധമായി പറഞ്ഞു. എല്ലാവർക്കും അദ്ദേഹം പ്രസാദം കൊടുത്തു കൊണ്ടിരുന്നു. ശിവജി മഹാരാജിനും പ്രസാദം വാങ്ങണം എന്നു മോഹം ഉണ്ടായിരുന്നു. തുക്കാറാം മഹാരാജ് അടുത്തുള്ള തട്ടിൽ നിന്നും പുഷ്പമോ പഴമോ കയ്യിൽ കിട്ടുന്നതു പോലെ കൊടുത്തു കൊണ്ടിരുന്നു. 
          ശിവജിയുടെ മനസ്സിൽ ഒരു ആഗ്രഹം പൊന്തി വന്നു. നമ്മുടെ രാജ്യം മുഴുവനും മുസ്ലിംകളുടെ കയ്യിൽ നിന്നും നമുക്കു തിരിച്ചു പിടിക്കാൻ സാധിക്കണം. അങ്ങനെ ഹിന്ദു സാമ്രാജ്യം സ്ഥാപിക്കാൻ സാധിക്കുകയാണെങ്കിൽ എനിക്കു തുക്കാറാം മഹാരാജ് റൊട്ടി പ്രസാദമായി നൽകും എന്നു മനസ്സിൽ ഉറപ്പിച്ചു. അടുത്തതായി തനിക്കു ഒരു ആണ്‍ സന്തതി ഉണ്ടാകുമെങ്കിൽ അദ്ദേഹം പുഷ്പം പ്രസാദമായി നൽകും എന്നും സങ്കല്പിച്ചു. വരിയിൽ നിന്ന് ശിവജിയുടെ ഊഴം വന്നു. ഒന്നും പറയാതെ തുക്കാറാം മഹാരാജിന്റെ നേർക്കു കൈ നീട്ടി. അദ്ദേഹം ശിവജിയെ നോക്കി പുഞ്ചിരിച്ചു. ശിവജിയും അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. ഉടനെ തുക്കാറാം മഹാരാജ് ഒരു കൈകൊണ്ടു ഒരു റൊട്ടിയും മറ്റേ കൈകൊണ്ടു പൂവും എടുത്തു ശിവജിയുടെ നീട്ടിയ കയ്യിൽ വെച്ചു. വളരെ ആശ്ചര്യത്തോടെ ശിവജി ഇതെന്താണു എന്നു ചോദിച്ചു. അതിനു തുക്കാറാം മഹാരാജ് എന്തു ചോദിച്ചോ അതു തന്നു എന്നു പറഞ്ഞു. ശിവജി സന്തോഷത്തിൽ തുള്ളിച്ചാടി പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല.
         അദ്ദേഹം പറഞ്ഞതു പോലെ കുറെ കാലത്തിനു ശേഷം ശിവജി തന്റെ ഹിന്ദുസാമ്രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിനു ഒരു ആണ്‍കുട്ടിയും ജനിച്ചു. അതിനു ശേഷം ശിവജി എല്ലാവരോടും അന്നു തുക്കാറാം മഹാരാജ് തനിക്കു റൊട്ടിയും പുഷ്പവും പ്രസാദം നൽകിയതിന്റെ രഹസ്യം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. ഒരു മഹാത്മാവിന്റെ ബലം അത്ര വലുതാണു. അവരുടെ വാക്കുകൾ പാഴാവില്ല. അവർക്കു അതിനുള്ള ശക്തിയും ഉണ്ടു. സദ്ഗുരു മഹിമ അവസാനിക്കുന്നില്ല. അതു തുടർന്നുകൊണ്ടേയിരിക്കും. അത് മനസ്സിലാക്കാൻ സാധിച്ചവർ ഭാഗ്യവാന്മാർ! രാധേകൃഷ്ണാ രാധേകൃഷ്ണാ!
   
      
ഭക്തിരഹസ്യം 
ഒരുത്തിമകനായി പിറന്തു ഒരിരവിൽ 
ഒരുത്തിമകനായി ഒളിത്തു വളര
തരിക്കിലാനാകിത്താൻ തീങ്കു നിനൈത്ത 
കരുത്തൈ പിഴൈപ്പിത്തു കഞ്ചൻ വയിറ്റിൽ
നേരുപ്പെന്ന നിന്റ നെടുമാലേ ഉന്നൈ 
അരുത്തിത്തു വന്തോം പറൈ കരുതിയാകിൽ 
തിരുത്തക്ക ശെൽവമും സേവകമും യാം പാടി 
വരുത്തമും തീർന്തു മകിഴ്ന്തേലോരെമ്പാവായ്.
       രാധേകൃഷ്ണാ! സങ്കടം കലർപ്പില്ലാത്ത സന്തോഷം! കുറവൊന്നും ഇല്ലാത്ത ശാന്തി! കുഴപ്പമില്ലാത്ത മനസ്സ്! ഇതാണു എല്ലാവരും അന്വേഷിക്കുന്നതു. എന്നും ദുഃഖം പാടില്ല, ആനന്ദം വൃദ്ധിയാകണം എന്നാണു എല്ലാവർക്കും മോഹം. അതു തന്നെയാണു ആണ്ടാൾ ഇവിടെ വരുത്തമും തീർന്തു എന്നു പറയുന്നതു. ഓരോരുത്തർക്കും ഓരോ വിധത്തിലുള്ള ദുഃഖം. എല്ലാ ദുഃഖങ്ങൾക്കും ഒരൊറ്റ പരിഹാരമേയുള്ളു. അതു ഭഗവാനല്ലാതെ മറ്റാരുമല്ല എന്നു ആണ്ടാളൂടെ അഭിപ്രായം. ഭഗവാനെ നിറഞ്ഞു അനുഭവിക്കാത്തവർ എല്ലാവരും 'കഞ്ചൻ' - പിശുക്കൻ ആണു. പക്ഷെ ഭഗവാനിൽ നിന്നു  ധാരാളം പ്രതീക്ഷിക്കുകയും ചെയ്യും. ദേവകി തന്റെ മകനെ യശോദയ്ക്കു ദത്തു കൊടുത്തു. പക്ഷെ തന്റെ ഭക്തിയെ ദത്തു കൊടുത്തില്ല എന്നാണു ആണ്ടാൾ ഇവിടെ പറയുന്നതു. ദേവകി സദാ ഹൃദയത്തിൽ കൃഷ്ണ ധ്യാനം ചെയ്തു കൊണ്ടെ ഇരുന്നു. അവളുടെ കൃഷ്ണനെ യശോദയ്ക്കു വളർത്താൻ കഴിയും. പക്ഷെ അവളുടെ ഭക്തിയെ അവൾ തന്നെ വളർത്തണം. ആണ്ടാൾ ഇവിടെ ഭഗവാനോട് ഭക്തിയും നാമജപവും യാചിക്കുന്നു. അതാണു ജീവിതത്തിന്റെ പരമ ലക്‌ഷ്യം. ഭക്തിക്കു വേണ്ടി ഈ ലോകം തന്നെ ഉപേക്ഷിക്കാം. 
       നമ്മുടെ ബന്ധുക്കൾ ഭക്തിക്കു അനുകൂലമായാലും പ്രതികൂലമായാലും ഭക്തി വിടാൻ പാടില്ല. പത്മാവതിക്കു ജയദേവർ അനുകൂലമായിരുന്നു. അവളുടെ ഭക്തി ഭഗവാനെ അവൾ പ്രത്യക്ഷമായി കണ്ടു. തുക്കാറാമിന്റെ ഭാര്യ ജീജാഭായി അദ്ദേഹത്തിന്റെ ഭക്തിക്കു പ്രതികൂലമായിരുന്നു. പക്ഷെ അദ്ദേഹം വിഠലനെ അനുഭവിക്കുന്നതിനു അതു തടസ്സമായില്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും വിഠലനെ എടുത്തു കളയാൻ അതിനൊന്നും സാധിച്ചില്ല. 
       അതു പോലെ ഒരു ദൃഡ ഭക്തി ഒരു സ്ത്രീക്കു ഉണ്ടായിരുന്നു. ഏതു സ്ഥിതിയിലും അവളുടെ ഹൃദയത്തിൽ ഭഗവാനോട് ഭക്തി ഉണ്ടായിരുന്നു. പാണ്ഡുരംഗൻ അവളുടെ ഇഷ്ട ദൈവമായിരുന്നു. അവളുടെ ഭർത്താവാണെങ്കിൽ ഒരു മഹാ പിശുക്കനായിരുന്നു. കുറച്ചു അധികം നേരം വിളക്കു കത്തിക്കാൻ പോലും സമ്മതിക്കില്ല. ഭഗവാനു ഒരു നല്ല വസ്ത്രം വാങ്ങി ചാർത്താനോ ഒരു നല്ല നിവേദ്യം അർപ്പിക്കാനോ അയാൾ സമ്മതിക്കില്ല. പക്ഷെ ഇതൊന്നും അവളുടെ ഭക്തിക്കു ഒരു തടസ്സമായില്ല. പുറമേ എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാലും അകമേ ഭഗവാനെ അമിതമായി ആരാധിക്കുന്നതിനെ ആർക്കും തടുക്കാനാവില്ലല്ലോ. അവൾ ആരോടും തന്റെ ഭാരതാവിനെ കുറിച്ചു പരാതി പറഞ്ഞില്ല. മറ്റുള്ള ഭർത്താക്കന്മാരുമായി തന്റെ ഭാർത്താവിനെ താരതമ്യം ചെയ്തില്ല. അതൊക്കെ സ്ത്രീകളുടെ പൊതുവായ ഗുണമാണു. അവൾക്കു പറയാനുള്ളതെല്ലാം അവൾ ഭഗവാനോടു മാത്രം പറഞ്ഞു. അവൾക്കു ഒരു പരാതിയുമില്ല. തന്റെ ഭർത്താവിനെ ഭഗവാൻ ഒരു ദിവസം തീർച്ചയായും മാറ്റും എന്നവൾ ദ്രുഡമായി വിശ്വസിച്ചു. 
        അവളുടെ ഭർത്താവിന്റെ പേരു ശ്രീനിവാസാൻ എന്നായിരുന്നു അയാൾക്കു ധനത്തിനോടു അമിതമായ ആർത്തിയായിരുന്നു. പലിശയ്ക്കു പണം കൊടുക്കലാണ് തൊഴിൽ. ജനങ്ങളിൽ നിന്നും പലിശ, പലിശയ്ക്കു പലിശ എന്നിങ്ങനെ പിടിച്ചു പരിക്കും. ധനത്തിനു വേണ്ടി എന്തും ചെയ്യാൻ അയാൾ തയ്യാറാണ്. ആ സ്ത്രീ ഒരു വാക്കു പോലും എതിർത്തു അയാളോട് ഉരിയാടില്ല. ജീവിതം എപ്പോഴും ഒരേ പോലെയല്ലല്ലോ. മാറ്റം ഉണ്ടാവും. ഇവരുടെ ജീവിതത്തിലും അങ്ങനെ ഒരു വഴിതിരിവുണ്ടായി. അതെങ്ങനെ എന്നു നമുക്കു വഴിയെ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 59)
             ഭഗവാനു ജീവജാലങ്ങളിൽ ഭേദ ചിന്തയില്ല. ഭഗവാന്റെ കാരുണ്യത്തിൽ ഒരിക്കലും ഭേദമില്ല. അവരവരുടെ പ്രാരാബ്ധ കർമ്മവും, വാസനയും അനുസരിച്ചു  ഓരോ ജീവനും ഓരോ രീതിയിൽ അതു സ്വീകരിക്കുന്നു.  ആരും ഒരേ സ്ഥിതിയിൽ ഇരിക്കുന്നില്ല മാറ്റങ്ങൾ അനിവാര്യമാണ്. ഭഗവാനും സദ്ഗുരുവും മാത്രം മാറ്റമില്ലാതെ ഇരിക്കുന്നു. അതു കൊണ്ടു ഭഗവാനെ മുറുകെ പിടിക്കണം. നമ്മുടെ ജീവിതത്തിൽ നടക്കുന്ന സകല വിഷയങ്ങളും ഏതെങ്കിലും ഭക്തന്മാരുടെ ജീവിതവും ബന്ധപ്പെട്ടതാകും. ഭക്തന്മാരുടെ ജീവിതത്തിൽ നിന്നും നല്ല വിഷയങ്ങള നാം സ്വീകരിക്കണം.  ഇതു ചെയ്യാതെ നാം ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ  നോക്കുന്നു. അപ്പോൾ സദ്ഗുരു നമ്മെ തടുത്തു നിറുത്തി ശരിയായ വഴിയിൽ ആനയിക്കുന്നു.
       തിരുക്കോളൂർ പെണ്‍പിള്ളൈ അങ്ങനെ രക്ഷപ്പെടാൻ നോക്കുന്നു.  അവളുടെ ഭാഗ്യം അവൾ രാമാനുജരുടെ ദൃഷ്‌ടിയിൽ പെട്ടു. ജീവിതത്തിന്റെ യാഥാർത്ഥ്യം അപ്പാടെ സ്വീകരിക്കാൻ പഠിക്കണം. പക്ഷികൾ മഴ  പെയ്യുന്നു എന്നു പരാതി പറയില്ല. വെയിൽ കത്തുന്നു എന്നു സങ്കടപ്പെടില്ല. മനുഷ്യനു എല്ലാം കുറ്റമാണ്. ഈ പെണ്‍പിള്ളൈയും അതു പോലെ ജീവിതത്തെ സ്വീകരിക്കാൻ കഴിയാതെ തിരുക്കോളൂരിൽ നിന്നും സ്ഥലം വിടുകയാണ്. രാമാനുജർ അതു കണ്ടു. ഒരു ദിവ്യ ദേശത്തിൽ നിന്നും അവൾ പോകുന്നതു അത്ര ശരിയല്ല എന്നു വിചാരിച്ചു. അവളെ നിറുത്തി കാരണം ചോദിച്ചു അവളും വിട്ടു കൊടുത്തില്ല. എന്തൊക്കെയോ കാരണങ്ങള അത്ഭുതകരമായി പറഞ്ഞു. അവൾ പറയുന്ന കാരണങ്ങൾ അത്ര വിശേഷപ്പെട്ടതായിരുന്നു. അത് കൊണ്ടു രാമാനുജരും ക്ഷമയോടെ നിന്നു കേട്ടു. നാദമുനികളുടെ കാര്യം പറഞ്ഞ അവൾ അടുത്തതായി എന്തു പറയും എന്നു കാതോർത്തു നിന്നു. ഉടനെ അവൾ അടുത്ത വൈഷ്ണവ ഭക്ത വാക്യം പറഞ്ഞു.
'അവൻ പോനാൻ എന്റേനൊ മാരുതിയാണ്ടാൻ പോലെ'
        സ്വാമി രാമാനുജർ കൃമി കണ്ഠ ചോഴന്റെ ഉപദ്രവം കാരണം ശ്രീരംഗം വിട്ടു മേൽക്കോട്ടൈയിൽ ചെന്നിരുന്നു. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം അവിടെ താമസിച്ചു. അതിന്റെ ഇടയിൽ ശ്രീരംഗം വരാനേ അദ്ദേഹത്തിനു സാധിച്ചില്ല. രംഗരാജനെ കാണാതെ അദ്ദേഹം മനസ്സു നൊന്തു. ചോഴ രാജനു രാമാനുജരുടെ ഭക്തിയിൽ അസൂയയായിരുന്നു. വൈഷ്ണവ സമ്പ്രദായം ഉപേക്ഷിച്ചു ശിവ സമ്പ്രദായതിലെക്കു വരണം എന്നു ശഠിച്ചു. ഏക മൂർത്തി  ലയിച്ചിരുന്ന അദ്ദേഹത്തിനു അതു സാധിച്ചില്ല. അതു കൊണ്ടു ശ്രീരംഗത്തിൽ നിന്നും പുറത്താക്കി. ഹൃദയത്തിൽ രംഗരാജനെ ഏറ്റി അദ്ദേഹം പന്ത്രണ്ടു വർഷം പിരിഞ്ഞിരുന്നു. ചോഴൻ മരിച്ചു എന്നു അദ്ദേഹം ആരോ സംശയം പറഞ്ഞു കേട്ടു. അതിന്റെ നിജസ്ഥിതി അറിയുവാനായി രണ്ടു പേരെ അദ്ദേഹം ശ്രീരംഗത്തേയ്ക്കു പറഞ്ഞയച്ചു. ശ്രീരംഗത്തുള്ള രാമാനുജ ശിഷ്യരോടു അദ്ദേഹം സുഖമായിരിക്കുന്നു എന്നറിയിക്കുകയും വേണം. പക്ഷെ വളരെ രഹസ്യമായി വേണം ഇതു ചെയ്യുവാൻ. ചോഴന്റെ ആൾക്കാർ കേൾക്കാനും പാടില്ല. മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം ആയിരുന്നു അവർ. ഇരുവരും നടന്നു നടന്നു മേൽക്കോട്ടയിൽ നിന്നും ശ്രീരംഗം വന്നു. 
        ശ്രീരംഗത്തിൽ സ്വാമി രാമാനുജരുടെ ശിഷ്യർ പലർ ഉണ്ടു. അവർക്കാർക്കും രാമാനുജർ എവിടെയാണ് എന്നറിയില്ല. അപ്പോൾ രാമാനുജർ അയച്ച രണ്ടു പേരും അവിടെ വന്നു ചേർന്നു. ആദ്യം ഇരുവരും ശ്രീരംഗനാഥനെ തൊഴുതു. ഏതു കാര്യം തുടങ്ങുന്നതിനു മുൻപും ഭഗവാനെ പ്രാർത്ഥിക്കുന്നതു ധർമ്മം. എന്നിട്ടു രഹസ്യമായി സ്വാമി രാമാനുജരുടെ അന്തരംഗ ശിഷ്യരുടെ വീട്ടിൽ പോകുന്നു. ചോഴന്റെ ആൾക്കാർ ആരും കാണാതെയാണു അവർ പോയതു. വേഷം മാറിയാണു പോയതു. അവർക്കു വന്നവരെ മനസ്സിലായില്ല. അവരെ  പറഞ്ഞു എന്നിട്ടു കുടിക്കാൻ മോരു നൽകി സൽകരിച്ചു. അവരെ കണ്ടാൽ വളരെ സന്തുഷ്ടരായി കാണപ്പെട്ടു. വന്നവർ കുറച്ചൊന്നു അന്ധാളിച്ചു. രാമാനുജർ ഇല്ലാതെ ഇവർക്കു എങ്ങനെ സന്തോഷിക്കാൻ സാധിക്കുന്നു എന്നു അത്ഭുതപ്പെട്ടു. 
      സംസാരത്തിനിടയിൽ ശ്രീ രംഗ ശിഷ്യർ ഞങ്ങളുടെ രാമാനുജർ തിരിച്ചു വരുവാനുള്ള കാലമായി എന്നു പറഞ്ഞു. ഉടനെ മാരുതി ആണ്ടാൻ അതെന്താണെന്നു കാരണം ചോദിച്ചു. അതിനു അവർ കൃമി കണ്ഠ ചോഴൻ മരിച്ചു എന്നു പറഞ്ഞു. ഇതു കേട്ട പാതി അവർ രണ്ടു പേരും രാമാനുജർ വിജയിക്കട്ടെ എന്നുറക്കെ വിളിച്ചു പറഞ്ഞു. അപ്പോഴാണു എല്ലാവർക്കും അവരും രാമാനുജ ശിഷ്യരാണെന്നു മനസ്സിലായതു.മാരുതി ആണ്ടാനും അമ്മങ്കി അമ്മാളൂം അവരുടെ വേഷം മാറ്റി കാണിച്ചപ്പോൾ അവർക്കു വന്നവരെ മനസ്സിലായി. സന്തോഷം തോന്നിയ അവർ പരസ്പരം വന്ദനം ചെയ്തു. കുശല പ്രശ്നങ്ങൾ ചെയ്തു. ശ്രീരംഗക്കാർക്കു സ്വാമി രാമാനുജരെ കുറിച്ചു അറിയാൻ വളരെ തിടുക്കമായി. രാമാനുജർ സുഖമായിരിക്കുന്നു എന്നറിഞ്ഞു അവർ സന്തോഷിച്ചു. അദ്ദേഹം മേൽക്കോട്ടയിൽ ഉണ്ടു എന്നു അറിഞ്ഞു.
        മാരുതി ആണ്ടാൻ തിരുമലൈ നമ്പി, കൂറത്താഴ്വാൻ തുടങ്ങിയവരെ കുറിച്ചു അന്വേഷിച്ചു. തിരുമലൈ നമ്പി പരമപദം ഏകി എന്നും കൂറത്താഴ്വാനുടെ കണ്ണുകൾ ചോഴൻ ചൂഴ്ന്നെടുത്തു എന്നും അവർ പറഞ്ഞു. വിവരം അറിഞ്ഞ ഉതാൻ മാരുതി ആണ്ടാൻ രാമാനുജരുടെ അടുത്തേക്കു പുറപ്പെട്ടു. ആ പരമ വൈഷ്ണവർ അദ്ദേഹത്തെ അവിടെ രണ്ടു ദിവസം താമസിക്കാൻ നിര്ബ്ബന്ധിച്ചു. പക്ഷെ രാമാനുജരെ ശ്രീ രംഗത്തേക്ക് മടങ്ങാം എന്ന വിവരം അറിയിക്കാൻ അദ്ദേഹം തിടുക്കത്തിൽ തിരിച്ചു. അതിന്റെ ഇടയിൽ വേറെ ഒരു ഉപചാരവും  സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. 
           അവർ രണ്ടു പേരും ധൃതിയിൽ മേൽക്കൊട്ടൈ എത്തി ചേർന്നു. അവർക്കു രാമാനുജരെ അറിയിക്കാൻ ഒരു സന്തോഷ വാർത്തയും ഒരു  ദുഃഖ വാർത്തയും ഉണ്ടായിരുന്നു.  തിരുമലൈ നമ്പി രാമാനുജരുടെ പ്രഥമ ഗുരുവാണു. കൂറത്താഴ്വാൻ അദേഹത്തിന്റെ പ്രഥമ ശിഷ്യനുമാണ്‌. രണ്ടു വിഷയങ്ങളും അദ്ദേഹത്തിനു ദുഃഖം നൽകുന്നവയാണു. ചോഴന്റെ മരണ വാർത്ത മാത്രമാണു ഒരേയൊരു നല്ല വാർത്ത. മാരുതി ആണ്ടാൻ മുഖത്തു നല്ല പ്രസന്നതയോടെ രാമാനുജരെ വണങ്ങി. രാമാനുജർ അദ്ദേഹത്തോട് പോയിട്ടു എന്തു വിശേഷം എന്നു ചോദിച്ചു. മാരുതി ആണ്ടാൻ അതിനു കൃമി കണ്ഠ ചോഴൻ മരിച്ചു - അവൻ പോനാൻ - എന്നു പറഞ്ഞു. രാമാനുജരുടെ മുഖം പ്രസന്നമായി. 'അപ്പോൾ രംഗനാഥന്റെ കാര്യങ്ങൾ എല്ലാം വിഘ്നം ഇല്ലാതെ നടക്കുന്നുണ്ടോ' എന്നു ചോദിച്ചു.
'ക്ഷമിക്കണം അതൊന്നും അന്വേഷിക്കാൻ അറിയാനു സമയമില്ലായിരുന്നു. ഈ സന്തോഷ വർത്തമാനം ഉതാൻ അങ്ങയെ അറിയിക്കണം എന്നു കരുതി തിരിച്ചു വന്നു' എന്നു പറഞ്ഞു.
       ഉടനെ രാമാനുജർ അദ്ദേഹത്തെ നോക്കി 'നീ മാരുതി ആണ്ടാനോ' എന്നു ചോദിച്ചു. മാരുതി രാമനോട് 'ദൃഷ്ട്വാ സീതാ'  എന്ന നല്ല വർത്തമാനം അറിയിച്ചില്ലേ അതു പോലെ തനിക്കു ഈ നല്ല വർത്തമാനം തന്നുവോ എന്നർത്ഥം. ആനന്ദത്തിൽ അദ്ദേഹം അവർ രണ്ടു പേരെയും ആലിംഗനം ചെയ്തു. എന്നിട്ടും തൃപ്തി വരാതെ അവർക്കു വീണ്ടും ദ്വയ മന്ത്രം ഉപദേശിച്ചു കൊടുത്തു. ആചാര്യൻ ഒരു പ്രാവശ്യം ഉപദേശം നല്കുന്നത് തന്നെ പരമ ഭാഗ്യമാണു. രണ്ടു പ്രാവശ്യം ഉപദേശിക്കുക എന്നാൽ പരമോന്നത ഭാഗ്യം തന്നെയാണു. 
       രാമാനുജർ കുറച്ചു സമാധാനമായി എന്നു കണ്ടു അവർ പതുക്കെ മറ്റു രണ്ടു ദുഃഖ വർത്തമാനങ്ങളും പറഞ്ഞു.ഉടനെ രാമാനുജർ ഇതല്ലേ നിങ്ങൾ ആദ്യം എന്നോടു പറയേണ്ടിയിരുന്നത് എന്തു കൊണ്ടു പറഞ്ഞില്ല എന്നു ചോദിച്ചു. അതിനു അദ്ദേഹം അങ്ങയുടെ സന്തോഷം കാണാനാണു ഞങ്ങൾക്കു താല്പര്യം. ദുഃഖം കാണാൻ ഇഷ്ടമല്ല എന്നു പറഞ്ഞു. ഇതിനു ശേഷമാണ് രാമാനുജർ മേൽകോട്ടൈ വിട്ടു പുറപ്പെടുന്നത്. പന്ത്രണ്ടു വർഷത്തോളം അദ്ദേഹം ശ്രീരംഗത്തു നിന്നും മാറി നിന്നു. മാരുതി ആണ്ടാൻ വന്നു പറഞ്ഞതിന് ശേഷമാണ് അദ്ദേഹം ശ്രീരംഗത്തെക്കു മടങ്ങി വന്നതു. 
       മാരുതി ആണ്ടാനെ പോലെ താൻ രാമാനുജർക്കു ഹിതം ഒന്നും ചെയ്തില്ലല്ലോ എന്നു പെണ്‍പിള്ളൈ പറയുകയാണ്‌. തനിക്കു അതു പോലെ വാക്ക്ചാതുര്യം ഒന്നും ഇല്ലല്ലോ. അതൊന്നും ഇല്ലാത്ത താൻ അവിടെ ഇരുന്നിട്ടു ആർക്കു ലാഭം? രാമാനുജർക്കു മാരുതി ആണ്ടാനെ കുറിച്ചു കേട്ടപ്പോൾ ഹൃദയം കുളിർത്തു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

Friday, July 13, 2012

പ്രേമവേദം - ജൂലൈ 12

Posted by VEDHASAARAM


ശ്രീമന്നാരായണീയം
തത്രൈവം പ്രതിദർശിതെ നിജപദേ രാത്നാസനാദ്ധ്യാസിതം 
ഭാസ്വത് കോടിലസത്കിരീടകടകാദ്യ കല്പദീപ്രാകൃതി 
ശ്രീവത്സാംഗിതമാത്ത കൌസ്തുഭമണീഛായാരുണം കാരണം 
വിശ്വേഷാം തവ രൂപമൈക്ഷത വിധിസ്തത്തേ വിഭോ ഭാതുമേ.
      (ദശഃ7 ശ്ലോഃ 7)
     ഇപ്രകാരം പ്രദർശിക്കപ്പെട്ട വൈകുണ്ഠ ലോകത്തിൽ രത്ന സിംഹാസനത്തിൽ ഇരിക്കുന്നതും ഉജ്ജ്വളിക്കുന്ന കോടി സൂര്യന്മാരെ പോലെയുള്ള കിരീടം, കടകം മുതലായ ആഭരണങ്ങളണീഞ്ഞു പ്രകാശ പൂർണ്ണമായതും ശ്രീവത്സം അങ്കിതമായിട്ടുള്ളതും കൌസ്തുഭ രത്നകാന്തിയാൽ അരുണവർണ്ണം പൂണ്ടതും എല്ലാ വിശ്വത്തിന്റെയും മൂലകാരണവുമായ അങ്ങയുടെ രൂപത്തെ ബ്രഹ്മാവ്‌ പ്രത്യക്ഷ രൂപത്തില ദർശിച്ചു. ഹേ ഭഗവാനേ, ആ രൂപം എനിനിലും പ്രകാശിപ്പിക്കണമേ.
                                            (പണ്ഡിറ്റ്‌ ഗോപാലാൻനായർ) 

സദ്ഗുരുവാത്സല്യം 
      രാധേകൃഷ്ണാ! ശ്രീ തുക്കാറാം മഹാരാജിനു മാല സമർപ്പിച്ച ഭക്തന്റെ കഥ തുടരുന്നു. അദ്ദേഹം തുക്കാറാമിനെ സഹായിക്കാൻ പതിവായി പാടുമായിരുന്നു. അന്നു എന്തു കൊണ്ടോ നാവാജി പാടാൻ കൂട്ടാക്കിയില്ല. തുക്കാറാം മഹാരാജ് നാവാജിയെ നോക്കി. പക്ഷെ അദ്ദേഹം തല കുനിഞ്ഞിരുന്നു. നാവാജിക്കു തുക്കാറാമിനെ സഹായിക്കാൻ പാടണം എന്നുണ്ടു. പക്ഷെ താൻ തെറ്റു പാടി പാപം ചെയ്യാൻ പാടില്ല എന്നും ഉണ്ടായിരുന്നു. തുക്കാറാം ഒന്നും പറഞ്ഞില്ല. നാവാജിയോടു പാടാനും ആവശ്യപ്പെട്ടില്ല. ആളുകൾ എല്ലാം പരസ്പരം മുറുമുറുത്തു തുടങ്ങി. ജനങ്ങൾക്കു അവരവരുടെ സങ്കല്പങ്ങളല്ലെ! 
         നാവാജി പാടുന്നതു തുക്കാറാമിനു ഇഷ്ടമല്ലെന്നു തോന്നുന്നു എന്നു ഒരു കൂട്ടർ. നാവാജിക്കു എന്തോ വലിയ പ്രശ്നം ഉണ്ടെന്നു തോന്നുന്നു എന്നു ചിലർ. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഏതായാലും ഭജന കഴിഞ്ഞു എല്ലാവരും പിരിഞ്ഞു. നാവാജിയെ പാടുന്നതിൽ നിന്നും വിലക്കിയ ബ്രഹ്മണനു വീട്ടിൽ ചെന്നപ്പോൾ പെട്ടെന്നു സംസാര ശക്തി നഷ്ടമായി. അയാൾക്കു ശബ്ദം പുറപ്പെടുവിക്കാനേ സാധിക്കുന്നില്ല. പിന്നെങ്ങനെ സംസാരിക്കാൻ! 
         അയാൾക്കു മനസ്സിൽ ലേശം കുറ്റബോധം തോന്നി. താൻ ചെയ്തതു തെറ്റായി പോയോ? ഇതു അതിനുള്ള ശിക്ഷയാണോ എന്നൊക്കെ തോന്നി. എന്തായാലും അയാൾ തുക്കാറാമിന്റെ ശത്രുവായിരുന്നു പിന്നീട് ഭക്തനായി മാറിയ രാമേശ്വര ഭട്ട് എന്ന ബ്രാഹ്മണന്റെ അടുക്കൽ ചെന്നു. എന്നിട്ടു നടന്നതൊക്കെ അദ്ദേഹത്തെ എഴുതി അറിയിച്ചു. രാമേശ്വര ഭട്ട് അയാളെയും നാവാജിയെയും കൂട്ടി തുക്കാറാമിന്റെ അടുക്കൽ ചെന്നു. തുക്കാറാം നടന്നതൊക്കെ കേട്ടു. ഒന്നും പറഞ്ഞില്ല.
           ഈ സമയം അവിടെ ഒരു തോട്ടക്കാരൻ എത്തി. അയാളുടെ കൃഷിയിൽ ഇത്തവണ വെള്ളരിക്ക നല്ല വിളവു തന്നു. അയാൾ ഒരു സാധു ഭക്തനായിരുന്നു. നല്ല വിളവു കിട്ടിയ സന്തോഷത്തിൽ ഒരു വെള്ളരിക്ക തുക്കാറാമിനു സമർപ്പിക്കാൻ കൊണ്ടു വന്നു. തുക്കാറാം അത് സന്തോഷത്തോടെ സ്വീകരിച്ചു എന്നിട്ടു നാളായി മുറിച്ചു. മൂന്നു കഷ്ണങ്ങൾ അദ്ദേഹം രുചിച്ചു കഴിച്ചു. കണ്ടു കൊണ്ടു  നിന്ന രാമേശ്വർ ഭട്ട് 'ഞങ്ങൾക്കു തരില്ലേ മഹാരാജ്' എന്നു ചോദിച്ചു അതിനു തുക്കാറാം മഹാരാജ് ചിരിച്ചു കൊണ്ടു ബാക്കി കഷ്ണത്തെ രണ്ടായി മുറിച്ചു. ഒരു കഷ്ണം ആ ബ്രാഹ്മണന്റെ നേർക്കു നീട്ടി. എന്നിട്ടു  ഭട്ടിനോട് 'ഇതു നിങ്ങകളുടെ പങ്കല്ല' എന്നു പറഞ്ഞു. 
      ബ്രാഹ്മണൻ ശ്രീ തുക്കാറാം മഹാരാജ് തന്ന വെള്ളരിക്ക കഷ്ണം കഴിച്ചു. അയാളുടെ കണ്ണുകളിൽ ആനന്ദ ബാഷ്പം പൊഴിഞ്ഞു. അയാൾ ഉടനെ 'തുക്കാറാം മഹാരാജിനു ജയ്' എന്നുറക്കെ പറഞ്ഞു. കണ്ടു കൊണ്ടിരുന്ന എല്ലാവരും സ്ഥബ്ധരായി. ഇത് ഏതോ ദൈവീകത്വമുള്ള വെള്ളരിക്കയാണു എന്നെല്ലാവരും പറഞ്ഞു. ബാക്കിയിരുന്ന വെള്ളരിക്ക കഷ്ണം അദ്ദേഹം ചെറിയ കഷ്ണങ്ങളാക്കി എല്ലാവർക്കും വീതിച്ചു. എല്ലാവരും ആകംക്ഷയോടെ വാങ്ങി വായിലിട്ടു. വായിലിട്ടപ്പോൾ അതിനു സഹിക്കാൻ വയ്യാത്ത കയ്പ്പുണ്ടെന്നു കണ്ടു. ആർക്കും അതു കഴിക്കുവാൻ സാധിച്ചില്ല. എല്ലാവരും തുപ്പിക്കളഞ്ഞു.
          ഉടനെ എല്ലാവരും തുക്കാറാമിനോട് ഇതെന്താണെന്നു അന്വേഷിച്ചു. തുക്കാറാം മഹാരാജ് 'ഇതു ആ ബ്രഹ്മണനുള്ള മരുന്നാണ്. അതു കൊണ്ടു അദ്ദേഹത്തിനു കൊടുത്തു. നിങ്ങൾക്കു മനസ്സിലാകാൻ വേണ്ടി കുറച്ചു തന്നു എന്നു പറഞ്ഞു. എന്നിട്ടു ആ ബ്രാഹ്മണനോട് നിങ്ങൾ നാവാജിയോടു ചെന്നു മാപ്പപേക്ഷിക്കു. ഏതു നാവു കൊണ്ടു നവാജി പാടുന്നത് തെറ്റു എന്നു പറഞ്ഞോ അതേ നാവു കൊണ്ടു അദ്ദേഹത്തെ പാടാൻ പറയു
 എങ്കിലെ നിങ്ങൾക്കു സുഖം കിട്ടുകയുള്ളു എന്നു പറഞ്ഞു. ആ ബ്രാഹ്മണൻ നാവാജിയുടെയും ആ തോട്ടക്കരന്റെയും കാളകൾ വീണു നമസ്കരിച്ചു. ഭഗവാനെ കുറിച്ചു പാടുവാൻ ഭാവമാണ് പ്രധാനം എന്നു ഇപ്പോൾ എനിക്കു മനസ്സിലായി. നാം പാടുന്ന വാക്കുകൾ തെളിവായും, ഉച്ചാരണ ശുദ്ധിയോടെയും ഇരുന്നാൽ മാത്രം പോരാ. ഹൃദയത്തിൽ ഭാവമാണു വേണ്ടതു എന്നു പറഞ്ഞു. ഇനി അങ്ങു എന്നും പാടണം എന്നു അപേക്ഷിച്ചു. എല്ലാവര്ക്കും സന്തോഷമായി.
            അത്രയ്ക്കു ശ്രേഷ്ഠനാണു തുക്കാറാം മഹാരാജ്. ആ ബ്രാഹ്മണന്റെ തെറ്റു സ്വയം മനസ്സിലാക്കി കൊടുത്തു, നാവാജിയുടെ ഹൃദയ ശുദ്ധി പ്രകടനപ്പെടുത്തി എല്ലാ ശിഷ്യന്മാരെയും ഭഗവാന്റെ പാദാരവിന്ദത്തിങ്കൽ എത്തിച്ചു. സദ്ഗുരുവിന്റെ ചെയ്തികൾ നമുക്കു  മനസ്സിലാക്കുവാൻ പ്രയാസമാണ്. എന്നാലും ശരിയ്ക്കും പ്രാർത്ഥന ചെയ്തു, ദൃഡമായ നാമജപം കൊണ്ടു ഗുരു മഹിമ നമുക്കു മനസ്സിലാക്കാൻ സാധിക്കും. ജയ് സദ്ഗുരു മഹാരാജ് കീ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!     

ഭക്തിരഹസ്യം 
       രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തിൽ നാം നാഭാജി എന്ന അനാഥ ബാലന്റെ കഥ വായിച്ചു. ആരും ഇല്ലാതെ നിന്ന അവൻ അഗ്രജീ എന്ന മഹാൻ കൊണ്ടു പോയി വളർത്തി വലുതാക്കി. അവനെ സകലതും പഠിപ്പിച്ചു. അഗ്രജീ ഒരു ദിവസം പൂജാമുറിയിൽ ഒരു പാടു നേരം കതകടച്ചു ഇരുന്നു തുടർന്നു എന്തു സംഭവിച്ചു എന്നു നമുക്കു നോക്കാം. പതിവായി തന്റെ ഗുരു പൂജയ്ക്കിരിക്കുമ്പോൾ നാഭാജി മുറിക്കു പുറത്തു കാവൽ നിൽക്കും. അന്നും പതിവു പോലെ മുറിയുടെ പുറത്തു നിന്നിരുന്നു. തന്റെ ഗുരുവിന്റെ പൂജയ്ക്കു ആരിൽ നിന്നും ഒരു വിഘ്നവും വരാൻ പാടില്ല എന്നു നോക്കും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അദ്ദേഹം വളരെ സമയം കഴിഞ്ഞിട്ടും കതകു തുറന്നില്ല. അകത്തു എന്താണു നടക്കുന്നതു എന്നു നാഭാജി വളരെ നേരം ആലോചിച്ചിരുന്നു അവസാനം അയാൾ കതകു തുറന്നു അകത്തേക്കു കടന്നു. 
        അവിചാരിതമായി തന്റെ പൂജാ മുറിയിൽ നാഭാജി കടന്നു വന്നതും അഗ്രജീ അയാളോട് അതിന്റെ കാരണം അന്വേഷിച്ചു. ഉടനെ നാഭാജി അദ്ദേഹതോടു 'ഭഗവാൻ വരാനായിട്ടല്ലേ അങ്ങു കാത്തിരിക്കുന്നതു എന്നു ചോദിച്ചു. അദ്ദേഹം അത്ഭുതത്തോടെ 'അതെ. പക്ഷെ അതു നിനക്കെങ്ങനെ മനസ്സിലായി?' എന്നു ചോദിച്ചു. അതിനു നാഭാജി 'അങ്ങയുടെ ഒരു ഭക്തൻ പോകുന്ന കപ്പൽ കടലിൽ ചുഴലിക്കാറ്റിൽ അകപ്പെട്ടു. അയാള് ഭഗവാനോട് തന്നെ രക്ഷിക്കണമെന്നും,  അങ്ങയുടെ മൂർത്തിക്കു ധാരാളം ധനം നല്കാം എന്ന് പ്രാർത്ഥിച്ചു. അയാളെ കടലിൽ നിന്നും രക്ഷിക്കാനാണു അങ്ങയുടെ ഭഗവാൻ ഇപ്പോൾ പോയിരിക്കുന്നതു.' എന്നു പറഞ്ഞു കതകടച്ചു പുറത്തേയ്ക്കു പോയി. 
        അഗ്രജീ ഇതു കേട്ടു സ്തംഭിച്ചിരുന്നു. അദ്ദേഹത്തിനു അതു വിശ്വസിക്കാനായില്ല.  കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുൻപിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു. മുഴുവനും നനഞ്ഞു വെള്ളം ഒലിപ്പിച്ചു കൊണ്ടാണ് ഭഗവാൻ വന്നത്. അത്ഭുതപ്പെട്ടു കൊണ്ടു അഗ്രജീ ഭഗവാനോട് അതിന്റെ കാരണം തിരക്കി ഉടനെ അഗ്രജീയോട് ഭഗവാൻ 'നിന്റെ ഒരു ഭക്തൻ കടലിൽ മുങ്ങി ചാവാൻ തുടങ്ങി അപ്പോൾ അയാൾ എന്നെ വിളിച്ചു കരഞ്ഞു. ഞാൻ അയാളെ രക്ഷിക്കാൻ പോയിരുന്നു. അയാൾ നിനക്കു മഠത്തിന്റെ നടത്തിപ്പിനായി കുറച്ചു ധനം തരാമെന്നു ഏറ്റിട്ടുണ്ട്.' എന്നു പറഞ്ഞു. അഗ്രജി ഭഗവാനു നിവേദ്യം സമർപ്പിച്ചു പൂജ മുഴുമിപ്പിച്ചു. എന്നിട്ടു പുറത്തു വന്നു. നാഭാജിയെ നോക്കി 'എത്രയോ കാലമായി ഞാൻ ഭാഗവാനെ ആരാധിച്ചു വരുന്നു. പക്ഷെ ഇതു വരെ ഭഗവാൻ എന്ത് ചെയ്തുകൊണ്ടിരിക്കുന്നു എന്നൊന്നും എനിക്കു കാണാൻ പറ്റിയിട്ടില്ല. നിനക്കു  അതെങ്ങനെ മനസ്സിലായി" എന്നു ചോദിച്ചു.'
 ഉടനെ അതിനു നാഭാജി 'ക്ഷമിക്കണം ഗുരു നാഥാ! എനിക്കു മറ്റൊന്നും അറിയില്ല ഞാൻ അങ്ങയെ മാത്രം മനസ്സിൽ ധ്യാനിച്ചു കൊണ്ടിരിക്കും. അപ്പോൾ ഭാഗവാൻ എനിക്കു എല്ലാം കാട്ടിത്തന്നു തെറ്റായെങ്കിൽ എന്നോടു ക്ഷമിക്കു' എന്നു പറഞ്ഞു.  
അഗ്രജീ 'എനിക്കു  വളരെ സന്തോഷമായി നീ നിന്റെ ഉള്ളിൽ ഭഗവാനെ കണ്ടിരിക്കുന്നു. നിന്റെ ഭക്തി വിശേഷപ്പെട്ടതു തന്നെ' എന്നു പറഞ്ഞു നാഭാജിയെ ആലിംഗനം ചെയ്തു. അദ്ദേഹത്തിനു വളരെ സന്തോഷമായി. നാഭാജിയുടെ എകാഗ്ര ചിന്തനയാണു ഇത് സാധിപ്പിച്ചതു.എകാഗ്ര ചിന്ത ഒന്നു മാത്രമാണു ഭഗവത് വിഷയങ്ങൾക്കു അസ്ഥിവാരം. ഏതു തരാം പ്രശ്നമായാലും എകാഗ്ര ചിന്തയുണ്ടെങ്കിൽ അതിനു പരിഹാരം കാണാം. ഗുരുവിനോട് പരിപൂർണ്ണ ശ്രദ്ധ ഉണ്ടെങ്കിൽ  ഭഗവാനെ എളുപ്പം പ്രാപിക്കാം. അതാണു ജന്മരഹസ്യം.
         സ്വാമി രാമാനുജർ തന്റെ ഗുരുവിനു അതീവ ശ്രദ്ധയോടെ കൈങ്കര്യം ചെയ്തു വന്നിരുന്നു. തിരുവരംഗ പെരുമാൾ അരയർ ആണു അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹം രംഗനാഥന്റെ മുന്നിൽ അരയർ സേവ അർപ്പിക്കും. എന്നു വെച്ചാൽ പാസുരങ്ങൾ പാടി അതിനു അഭിനയം പിടിക്കുക എന്നാണു. അതിനു വേണ്ടി സ്വാമി രാമാനുജർ ചന്ദനവും, മഞ്ഞളും കൂട്ടി അരച്ചു അദ്ദേഹത്തിന്റെ ദേഹത്തു പുരട്ടും. ഒരു ദിവസം അങ്ങനെ പുരട്ടുമ്പോൾ തന്റെ ഗുരുവിന്റെ മുഖം ഒരല്പം മാറി പോയതു അദ്ദേഹം ശ്രദ്ധിച്ചു. ഉടനെ തന്നെ അന്നു താൻ അരച്ചത്‌ ഗുരുവിനു അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നു മനസ്സിലായി. ഉടനെ തന്നെ അദ്ദേഹം പോയി വേറെ അരച്ചു കൊണ്ടു വന്നു പുരട്ടി. ഉടനെ അരയരുടെ മുഖം തെളിഞ്ഞു എന്നിട്ടു രാമാനുജരോടു 'എടാ നീ എന്റെ സ്വത്തെല്ലാം കൊള്ളയടിക്കാനാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത്? എന്നു ചോദിച്ചു. ഉടനെ രാമാനുജരും 'അതെ അങ്ങയുടെ പക്കലുള്ള സ്വത്തു മുഴുവനും ഞാൻ അടിച്ചെടുക്കാനായി ഇങ്ങനെയൊക്കെ ചെയ്യുന്നു' എന്നു ചിരിച്ചു കൊണ്ടു പറഞ്ഞു. ഗുരുവിന്റെ പക്കലുള്ള സ്വത്തു എന്താണു? ജ്ഞാനം തന്നെ! അതു സമ്പാദിക്കുകയല്ലേ ശിഷ്യ ലക്ഷ്യണം!
       രാമാനുജരുടെ ഉത്തരം കേട്ടു സന്തോഷിച്ച ഗുരു അദ്ദേഹത്തിനു ഗുരുവിന്റെ മാഹാത്മ്യ രഹസ്യം പറഞ്ഞു കൊടുത്തു.
'ഉറങ്കും പെരുമാൾ താനേ ഉലാവും പെരുമാളാക വന്താര്പ്പോലെ ഇരുപ്പീരാക" എന്നു പറഞ്ഞു. ആദിശേഷനിൽ ശയനിച്ചിരിക്കുന്ന അതെ ഭഗവാൻ തന്നെയാണു ഗുരുവിന്റെ രൂപത്തിൽ നിന്റെ മുന്നിൽ ചരിക്കുന്നതു എന്ന വിശ്വാസം നിന്നിൽ ഉണ്ടാവട്ടെ എന്നനുഗ്രഹിച്ചു. ഗുരു തന്നെയാണു സാക്ഷാത് പരബ്രഹ്മം. ഈ ഒരു സത്യത്തെ രാമാനുജർക്കു അദ്ദേഹത്തിന്റെ ഗുരു ഉപദേശിച്ചു കൊടുത്തു. ഹൃദയത്തൽ ഗുരുവിന്റെ രൂപം സദാ ധ്യാനിച്ചു കൊണ്ടു അദ്ദേഹത്തിന് ശ്രദ്ധയോടെ കൈങ്കര്യം ചെയ്യുക. ഭഗവാനെ പ്രാപിക്കുക രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 58) 
നെടുന്തൂരം പൊനേനൊ നാദമുനികളൈ പോലെ?
     രാധേകൃഷ്ണാ! പെണ്‍പിള്ളൈ രാമാനുജരോടു അടുത്ത വാക്യം പറഞ്ഞു. അതുവും ഒരു ഭക്തന്റെ തന്നെയാണു.  ശ്രീമാന്നാദമുനികൾ!  അദ്ദേഹമില്ലെങ്കിൽ ദിവ്യപ്രബന്ധം എന്നതു തന്നെ ഇല്ല. ദിവ്യദേശങ്ങളും അറിയാതെ പോയേനെ. തിരുപ്പാവൈ ഇല്ല. എല്ലാത്തിനും നാം കടപ്പെട്ടിരിക്കുന്നതു അദ്ദേഹത്തോടാണു. നമ്മുടെ ഗുരുപരമ്പര പ്രാർത്ഥനാ ശ്ലോകത്തിൽ ലക്ഷ്മീനാഥനിൽ തുടങ്ങി നാദമുനികൾ വഴി എന്റെ ഗുരു വരെ എന്നു പറയുന്നു. വീരനാരായണപുരം എന്ന ചെറിയ ഗ്രാമമാണു അദ്ദേഹത്തിന്റെ നാട്. കാട്ടുമന്നനാർ കൊവിലാണു അവിടുത്തെ പ്രധാന ക്ഷേത്രം. വീരനാരായണൻ അവിടുത്തെ മൂർത്തി! അവിടെയിരുന്നു അദ്ദേഹം ഭഗവത് ധ്യാനം ചെയ്തു.     
      ഒരിക്കൽ അദ്ദേഹം തിരുക്കുടന്തൈ ക്ഷേത്രത്തിൽ കുറച്ചു വൈഷ്ണവർകൾ 'ആരാവമുതേ..' എന്നു തുടങ്ങുന്ന പത്തു പാസുരങ്ങൾ പറയുനതു കേട്ടു. ഇതു വളരെ നന്നായിരിക്കുന്നുവല്ലോ എന്നദ്ദേഹം അവരോടു പറഞ്ഞപ്പോൾ അവർ ഇതു നമ്മാഴ്വാരുടെ തിരുവായ്മൊഴിയിൽ നിന്നാണെന്നു പറഞ്ഞു. അദ്ദേഹം എഴുതിയ ആയിരം പാസുരങ്ങളിൽ നിന്നു പത്തെണ്ണം മാത്രമാണു അവർ പാടിയതെന്നു പറഞ്ഞു. അവർക്കു അത്ര മാത്രമേ അറിയൂ എന്നു പറഞ്ഞു. ഇതു കേട്ട നാദമുനികൾ എങ്ങനെയെങ്കിലും അവ പഠിക്കണം എന്നു വിചാരിച്ചു നേരെ ആഴ്വാര് തിരുനഗരി വന്നു ചേർന്നു. പക്ഷെ അവിടെയും ആർക്കും അറിയില്ല. 
       യദൃഛയാ അവിടെ ഒരാൾ അദ്ദേഹം മധുരകവി ആൾവാരുടെ വംശത്തിൽ പെട്ട പരാങ്കുശദാസരോടു ചോദിച്ചാൽ അറിയാമെന്നു പറഞ്ഞു. ഉടൻ തന്നെ നാദമുനികൾ തിരുക്കോളൂർക്കു ചെന്നു അദ്ദേഹത്തെ കണ്ടു. അദ്ദേഹം നാദമുനികൾക്കു തന്റെ പൂർവജനായ മധുരകവി ആൾവാർ എഴുതിയ 'കണ്ണി നുണ്‍ ശിരു താമ്പു ...' എന്നു തുടങ്ങുന്ന പത്തു പാസുരങ്ങൾ പഠിപ്പിച്ചു കൊടുത്തു. നാദമുനികൾ ഉടൻ തന്നെ വീണ്ടും ആഴ്വാർ തിരുനഗരി വന്നിട്ടു അവിടെ തിരുപ്പുളി ആൾവാരുടെ കീഴിൽ ഇരുന്നു കൊണ്ടു ആ പാസുരങ്ങൾ പന്ത്രണ്ടായിരം ആവർത്തി ജപിച്ചു. 
        നമ്മാഴ്വാർ പ്രത്യക്ഷനായി അദ്ദേഹത്തിനു തിരുവായ്മൊഴിയിലെ ആയിരം പാസുരങ്ങളൂം പറഞ്ഞു കൊടുത്തു. എന്നിട്ടു ബാക്കി ആഴ്വാർകളൂ ടെ പാസുരങ്ങളും യഥാക്രമം പഠിപ്പിച്ചു കൊടുത്തു. അങ്ങനെയാണു  പെരിയാഴ്വാർ പാടിയ പാസുരങ്ങളും, ആണ്ടാളൂടെ തിരുപ്പാവൈ, നാച്ചിയാർ തിരുമൊഴി തുടങ്ങിയവയും, കുലശേഖര ആൾവാരുടെ പെരുമാൾ തിരുമൊഴിയും, മറ്റും ദിവ്യ പ്രാബന്ധങ്ങൾ മുഴുവനും നമുക്കു ലഭിച്ചതു. അദ്ദേഹം വീണ്ടും തന്റെ ഗ്രാമമായ തിരുനാരായണപുരത്തിൽ ഇരുന്നു കൊണ്ടു ഇതു തന്റെ ശിഷ്യന്മാർക്കു പഠിപ്പിച്ചു. അദ്ദേഹം പ്രയത്നിചില്ലായിരുന്നെങ്കിൽ കാലപ്പഴക്കത്താൽ മാഞ്ഞു പോയിരുന്ന ദിവ്യപ്രബന്ധം നമുക്കു ഇന്നു അനുഭവിക്കാൻ സാധ്യമല്ലായിരുന്നു.
         ഇതിനായി എത്ര മാത്രം പ്രയത്നപ്പെട്ടു അദ്ദേഹം! ഒരിക്കൽ അദ്ദേഹം തന്റെ ഗൃഹത്തിൽ ഇരുന്നു ദിവ്യ പ്രബന്ധങ്ങൾ ധ്യാനിച്ചു കൊണ്ടിരുന്നു. അപ്പോൾ ഒരു രാജാവ് തന്റെ പത്നിമാരും പരിവാരവും സമേതം അവിടെ വന്നു ചേർന്നു. നാദമുനികൾ ഇതൊന്നും അറിയാതെ ധ്യാനത്തിൽ മുഴുകിയിരുന്നു. രാജാൻ കുറച്ചു നേരം കാത്തിരുന്നിട്ടു തിരിച്ചു പോയി. നാദമുനികൾ ധ്യാനത്തിൽ നിന്നുണർന്നപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാർ രാജാൻ വന്നിരുന്ന വിവരം പറഞ്ഞു. ഉടനെ അദ്ദേഹം 'അയ്യോ! നശിപ്പിച്ചല്ലോ!' എന്നു പറഞ്ഞു കൊണ്ടു അവരുടെ പുറകെ ഓടി.
          ഇതു കണ്ടു ജനങ്ങൾ അത്ഭുതപ്പെട്ടു. നാദമുനികളെ പോലെ ഒരാൾ ഒരു രാജാവിനെ കാണാൻ ഓടുകയോ എന്നു അവർക്കു തോന്നി. എല്ലാവരും അദ്ദേഹത്തിന്റെ പിന്നാലെ ഓടി. വഴിയിൽ കാണുന്നവരോടൊക്കെ അദ്ദേഹം 'കണ്ണനും ഗോപികമാരും ഇതിലെ പോകുന്നതു കണ്ടോ?' എന്നു ചോദിച്ചു. അവരെല്ലാവരും അദ്ദേഹത്തിന്റെ ഭാവത്തിൽ അത്ഭുതപ്പെട്ടു. നമുക്കു അങ്ങനെ ഒരു ഭാവം ഉണ്ടാകുമോ? 
       വേറൊരിക്കൽ ഇതു പോലെ ആ രാജൻ തന്റെ മന്ത്രിയും റാണിയും കൂട്ടി നായാട്ടിനു പോയിട്ടു വീരനാരായണപുരം വഴി വന്നു. കാറ്റിൽ നിന്നും പിടിച്ച ഒരു കുരങ്ങനും കയ്യിൽ ഉണ്ടായിരുന്നു. രാജാവിനു നാദമുനികളോടു വളരെ ബഹുമാനം ഉണ്ടായിരുന്നു. രാജൻ നാദമുനികളെ കാണാനായി കയറി. അദ്ദേഹം അന്നും ധ്യാനതിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞു അവർ തിരികെ പോയി. നായാട്ടിനു പോയത് കൊണ്ടു അവർ രാജകീയ വേഷങ്ങളൊന്നും ധരിച്ചിരുന്നില്ല. 
       നാദമുനികൾ ധ്യാനത്തിൽ നിന്നും ഉണർന്നപ്പോൾ വീട്ടുകാർ അദ്ദേഹതൊരു, രണ്ടു വില്ലു ധരിച്ച രണ്ടു ആണുങ്ങളും ഒരു സ്ത്രീയും ഒരു കുരങ്ങനും വന്നിരുന്നു എന്നു പറഞ്ഞു. ഇതു കേട്ട ഉടനെ തന്നെ നാദമുനികൾ 'ശ്രീരാമനും ലക്ഷ്മണനും സീതയും ആഞ്ജനേയരും വന്നിരുന്നു' എന്നു പറഞ്ഞു പുറത്തേക്കു ഓടി. അവിടെയെല്ലാം തിരഞ്ഞിട്ടും അദ്ദേഹത്തിനു അവരെ കണ്ടെത്താൻ കഴിഞ്ഞില്ല.  അദ്ദേഹം എന്നിട്ടും വളരെ ദൂരം ഓടി ഓടി അവസാനം മൂർഛിച്ചു  വീണു. ശിഷ്യരെല്ലാവരും പുറകെ ഓടി വന്നു അദ്ദേഹത്തെ എടുത്തു. പക്ഷെ അദ്ദേഹം ജീവൻ വെടിഞ്ഞിരുന്നു. ഭഗവാനെ അന്വേഷിച്ചു അദ്ദേഹം വളരെ ദൂരം ഒടിയില്ലേ?. രാമനെ തിരഞ്ഞു പരമപദമായ വൈകുണ്ഠം വരെ അദ്ദേഹം ഓടി. ആ ഒരു ഭാവം നമുക്കുണ്ടോ? രാമൻ വന്നിരുന്നപ്പോൾ താൻ അഹംഭാവത്തിൽ മുഴുകിയിരുന്നോ, രാമധ്യാനത്തെ മറന്നു പോയോ എന്നൊക്കെ അദ്ദേഹം പുലമ്പി. കരഞ്ഞു കരഞ്ഞു തന്റെ പ്രാണം പോലും വെടിഞ്ഞു. 
         അദ്ദേഹത്തിന്റെ കൊച്ചു മകനാണ് യാമുനാചാര്യൻ എന്നു വിളിക്കുന്ന ആളവന്താർ. അദ്ദേഹത്തിന്റെ ശിഷ്യനാണ് രാമാനുജർ. ആ രാമാനുജരോടു പെണ്‍പിള്ളൈ ദിവ്യപ്രബന്ധതിന്റെ ഉത്ഭവത്തിനെ തന്നെ പറയുന്നു. നാദമുനികളെ പോലെ ഒരു ദൃഡ ഭക്തി തനിക്കുണ്ടൊ എന്നു ചോദിക്കുന്നു. ദിവ്യപ്രബന്ധം കിട്ടാനായി അദ്ദേഹം എത്ര ദൂരം തന്റെ ജീവിതത്തിൽ സഞ്ചരിച്ചിരിക്കുന്നു! അവസാനം ഭഗവാനെ കാണുവാനായി വളരെ ദൂരം സഞ്ചരിച്ചു പരമപടത്തിൽ എത്തിയില്ലേ! താൻ അത് പോലെ ഒന്നും ചെയ്തില്ലല്ലോ. തനിക്കു എന്തു യോഗ്യതയാണ് അവിടെ ഇരിക്കാൻ ഉള്ളതു എന്നു രാമാനുജരോടു അവൾ ചോദിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
  

Wednesday, June 13, 2012

പ്രേമവേദം - ജൂണ്‍ 12

Posted by VEDHASAARAM


ശ്രീമാന്നാരായണീയം 
നാനാദിവ്യവധൂജനൈരഭിവൃതാ വിദ്യുല്ലതാതുല്യയാ
വിശ്വോന്മാദനഹൃദ്യഗാത്രലതയാ വിദ്യോതരാശാന്തരാ 
ത്വത്പാദാംബുജസൗരഭൈക കുതുകാല്ലക്ഷ്മീഃ സ്വയം ലക്ഷ്യതേ 
യസ്മിൻ വിസ്മയനീയ ദിവ്യ വിഭവം തത്തേ പദം ദേഹി മേ.
                (ദശഃ 7 ശ്ലോഃ 6)
         ആ വൈകുണ്ഠലോകത്തിൽ  നിരവധി ദിവ്യ നാരികളാൽ പരിസേവിതനായി, വിശ്വവിമോഹനാമായ ദേഹ ലതയാൽ ദിക്കുകളെല്ലാം  ശോഭിപ്പിക്കുന്നവളും. വിസ്മയനീയമായ ദിവ്യ മാഹാത്മ്യത്തോട് കൂടിയവളുമായ ലക്ഷ്മീ ഭഗവതി അങ്ങയുടെ പാദാംബുജങ്ങളുടെ സൌരഭ്യത്താൽ പ്രചോദിതയായി സദാ സാക്ഷാത്ക്കരിക്കപ്പെട്ടു സ്ഥിതി ചെയ്യുന്നു. ഹേ ഭഗവാനെ അങ്ങയുടെ ആ പരമപദം എനിക്കു തന്നാലും.
 (പണ്ഡിറ്റ്‌ ഗോപാലാൻ നായർ)
സദ്ഗുരുവാത്സല്യം 
      രാധേകൃഷ്ണാ! സദ്‌ഗുരുവിന്റെ പ്രഭാവം പറഞ്ഞു തീരാൻ സാധിക്കാത്തതാണ്. ഏറ്റവും കീഴേക്കിടയിൽ  സ്ഥിതി ചെയ്യുന്ന ശിഷ്യനെ പോലും അവർ ഉദ്ധരിക്കുന്നു. എന്നാൽ ഒരു പ്രതി പ്രയോജനവും അവർ പ്രതീക്ഷിക്കുന്നില്ല. ഗുരു ശിഷ്യ പരമ്പരയിൽ നാം തുക്കാറാം മഹാരാജിന്റെ ഒരു ശിഷ്യനെ കുറിച്ച് വായിക്കുകയായിരുന്നു. സംഗീതവും സാഹിത്യവും ഒന്നും വശമില്ലാത്ത ഒരു പാവം തോട്ടക്കാരാനായ നാവാജി പക്ഷെ തുക്കാറാമിനെ അത്യധികം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിനനു തന്റെ കൈ കൊണ്ടു നിർമ്മിച്ച ഒരു ഹാരം അണിയിക്കണം എന്ന് നാവാജി ആഗ്രഹിച്ചിരുന്നു എന്നു നാം കഴിഞ്ഞ ലക്കത്തിൽ വായിച്ചു ഇനി തുടർന്നു വായിക്കുക.
       തന്റെ ഗുരുവിനു വേണ്ടി സ്വയം പുഷ്പങ്ങൾ നാവാജി സമാഹരിച്ചു. ഉടനെ മാല കെട്ടാനുള്ള നൂലും സ്വയം ഉണ്ടാക്കണം എന്നു അദ്ദേഹത്തിനനു തോന്നി. ഉടൻ തന്നെ അദ്ദേഹം നൂലു  നൂൽക്കാനിരുന്നു.വളരെ ബുദ്ധിമുട്ടി നൂലു ഉണ്ടാക്കി മാല കെട്ടി കൊണ്ടു പോയി തന്റെ ഗുരുവിനു ചാർത്തി. ഇതൊരു പതിവായി തീർന്നു. അദ്ദേഹത്തിനു എത്ര ജോലി തിരക്കുണ്ടെങ്കിലും ഈ കൈങ്കര്യത്തിനു സമയം കണ്ടെത്തി. എന്നിട്ടു പതിവ് മുടക്കാതെ തുക്കാറാമിന്റെ ഭജനയിലും പങ്കെടുത്തു. തുക്കാറാം പാടുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തു നോക്കി ഇരിക്കും. ഒരു നിശ്ചിത സമയമാകുമ്പോൾ അദ്ദേഹത്തോടു താൻ പാടിക്കോട്ടെ  എന്നു ചോദിക്കും. തുക്കാറാം സമ്മതം മൂളുമ്പോൾ പാടി തുടങ്ങും.ചില ദിവസങ്ങളിൽ  അവിചാരിതമായി അദ്ദേഹത്തിന് ഭജനയ്ക്കു  എത്താൻ താമസിക്കും. അപ്പോഴും തുക്കാറാം ഏതു ഘട്ടതിലാണൊ പതിവായി പാടുന്നതു നിർത്തി നാവാജിയെ പാടിക്കുന്നത് ആസമയം ആകുമ്പോഴേക്കും എങ്ങനെയെങ്കിലും എത്തും. നാവാജിയെ കാണുമ്പോൾ തന്നെ തുക്കാറാം എന്റെ മനസ്സിനും ശരീരത്തിനും വിശ്രമം നൽകുന്ന സുഹൃത്തു ഇതാ എത്തി എന്നു  പറയും. മഹാനായ ശ്രീ തുക്കാറാം ഇങ്ങനെ പറയണമെങ്കിൽ അയാൾ എത്ര മാത്രം പുണ്യാത്മാവായിരിക്കണം! 
        തുക്കാറാം മഹാരാജിനു മനസ്സിനു എന്തു ക്ഷീണം എന്നാകിൽ അദ്ദേഹം ഭജന പാടുമ്പോൾ എല്ലാവരും ആഹ്ലാദിക്കണം. അവരുടെ ആസ്വാദനത്തിനു ഭംഗം വരാൻ പാടില്ല എന്നു കരുതി ശ്രദ്ധയോടെ പാടും. താൻ അറിയാതെ തന്റെ ശരീര ക്ഷീണം കൊണ്ടു ശരിയായി പാടാൻ സാധിച്ചില്ലെങ്കിലോ എന്നു വിചാരിക്കും അപ്പോൾ നാവാജി ഭജന പാടി തുടങ്ങിയാൽ അദ്ദേഹത്തിനു അതു ആശ്വാസമാകും. ജനങ്ങളും നാവാജിയുടെ ഭജന ആസ്വദിച്ചു ഭക്തി ലഹരിയിൽ ആടിയിരുന്നു.
          ഒരിക്കൽ നാവാജി ഇങ്ങനെ സ്വയം മറന്നു ഭജന പാടി കൊണ്ടിരുന്നു അന്നു അദ്ദേഹം തുക്കാറാം മഹാരാജിന്റെ ഒരു അഭംഗം പാടുകയായിരുന്നു. അബദ്ധത്തിൽ അദ്ദേഹത്തിനു  വാക്കു മാറി തെറ്റിച്ചു പാടി പോയി. ദ്വാരകയുടെ ഐശ്വര്യം എല്ലാം പണ്ഡരീപുരത്തു വന്നു ചേർന്നു എന്നു പാടണം. 'സോജാ എന്ന വാക്കിനു പകരം അദ്ദേഹം ചോടാ എന്നു പാടി പോയി. അർത്ഥം മാറി പോയി. കേട്ടിരുന്ന എല്ലാവരും ചിരിച്ചു പക്ഷെ നാവാജി അതു കാര്യമാക്കിയില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദ്വാരകയിലെ സ്വത്തു എല്ലാം പണ്ഡരീപുരത്തു വന്നു ചേർന്നു കഴിഞ്ഞിരുന്നു. വാക്കുകൾ മാത്രം മാറി പോയി. 
                ഭജനയ്ക്കു എന്നും ഒരു ബ്രാഹ്മണൻ വരുമായിരുന്നു. അദ്ദേഹത്തിനു ഇതു ഒട്ടും രസിച്ചില്ല. ഭജന എന്നു പറഞ്ഞാൽ കുറച്ചു ചിട്ടയോക്കെ വേണ്ടേ? ഇങ്ങനെയാണോ പാടുന്നതു എന്നദ്ദേഹത്തിനു തോന്നി. പിറ്റേ ദിവസം അദ്ദേഹം നാവാജിയുടെ തോട്ടത്തിൽ ചെന്നു അദ്ദേഹത്തെ കണ്ടു. എന്നിട്ടു നാവാജിയോടു അദ്ദേഹം വാക്കു  മാറ്റി പാടുന്നതു വളരെ തെറ്റാണെന്നും അതു  കൊണ്ടു അദ്ദേഹത്തിനു പാപം സംഭവിക്കും എന്നും പറഞ്ഞു. ഇതു കേട്ടതും നാവാജിക്കു വിഷമം തോന്നി. അയ്യോ താൻ തെറ്റു ചെയ്തു പോയല്ലോ എന്നു വിചാരിച്ചു. നല്ല കാലം. അങ്ങ് പറഞ്ഞു തന്നത് കൊണ്ടു ഇനി ആ തെറ്റു  ഞാൻ ചെയ്യില്ല. ഇനി ഞാൻ പാടില്ല എന്നു ശപഥം ചെയ്തു.
          അന്നു വൈകുന്നേരം ഭജന തുടങ്ങി.  തുക്കാറാം പാടി തുടങ്ങി. പതിവു സമയം ആയപ്പോൾ നാവാജിയെ അദ്ദേഹം നോക്കി. പക്ഷെ അന്നു നാവാജി ദൂരെ മാറി ഇരിക്കുകയായിരുന്നു. മാത്രമല്ല തന്റെ മുഖം ഉയർത്തി അദ്ദേഹത്തെ നോക്കിയതും ഇല്ല. അന്നു നാവാജിയുടെ  സമയമായപ്പോൾ ജനങ്ങൾ എല്ലാവരും നാവാജിയെ തിരിഞ്ഞു തിരിഞ്ഞു നോക്കി. പക്ഷെ നാവാജി മുഖം താഴ്ത്തിയിരുന്നതെയുള്ളൂ. എന്താണെന്നു ആർക്കും മനസ്സിലായില്ല ഉടൻ ഓരോരുത്തർ ഓരോ കാരണങ്ങൾ  സങ്കല്പിച്ചു തുടങ്ങി. മനുഷ്യ സ്വഭാവമാണല്ലോ ബാക്കിയുള്ളവരിൽ കുറ്റം ആരോപിക്കുക എന്നതു! തുടർന്നു എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുക! രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
         രാധേകൃഷ്ണാ! ഭക്തിയുടെ മഹത്വത്തെ കുറിച്ചു പ്രതിപാദിക്കുന്ന കഥകളെ നാം ഈ പംക്തിയിൽ കണ്ടു വരുന്നു. ആ ശ്രേണിയിൽ ഒരു പുതിയ കഥ നമുക്കു നോക്കാം. ഭഗവാന്റെ പക്കൽ ദൃഡമായ ഭക്തി വേണം. ചലിക്കാത്ത ഒരു മനസ്സ് വേണം ഭക്തി എന്നാൽ ഭഗവാനെ അനുഭവിക്കാനായി ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുന്ന ഒരു ഭാഗ്യമാണ്. ഹൃദയം പരിപൂർണ്ണമായി  ഭഗവാന്റെ പക്കൽ  ലയിക്കണം. ഭഗവാനേ! ഞാൻ കോടി കോടി ജന്മങ്ങൾ പാഴാക്കി കളഞ്ഞു. ഈ ജന്മത്തിലെങ്കിലും എന്റെ ഹൃദയത്തിൽ ഭക്തി തരു. ഇനിയെങ്കിലും ഈ സാംസാരീക ജീവിതത്തിൽ നിന്നും എന്റെ ശ്രദ്ധയെ തിരിക്കു! എന്നു ഭഗവാനോടു കരഞ്ഞു പ്രാർത്ഥിക്കു! ഭക്തി നമ്മുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഭക്തി തന്നെയാണു പ്രയോജനം.  നാരദ ഭക്തി സൂത്രത്തിൽ ഭക്തി അമൃതമയമാണ് എന്നു നാരദർ പറയുന്നു.
           ഒരു നദിയുടെ കരയിൽ ഒരു കുട്ടി അനാഥനായി നിന്നിരുന്നു. ആ കുട്ടിയുടെ അമ്മ ദാരിദ്യം സഹിക്കവയ്യാതെ ഒരു ദിവസം അവനെയും കൂട്ടി ഗംഗാതീരത്തു എത്തി. ഒരു നിവൃത്തിയും ഇല്ലാതെ അവസാനം അവനെ ഭഗവാന്റെ പക്കൽ സമർപ്പിച്ചിട്ടു നദിയിൽ ദേഹത്യാഗം ചെയ്തു. തന്റെ കുട്ടിയെ ഭഗവാൻ തീർച്ചയായും രക്ഷിക്കും എന്ന ദൃഡ വിശ്വാസം അവൾക്കുണ്ടായിരുന്നു. ഒന്നും മനസ്സിലാകാതെ അവൻ കരഞ്ഞു കൊണ്ടിരുന്നു. 
         ആ സമയം ഒരു മഹാത്മാവ് ആ വഴി വന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടിയെ കണ്ടിട്ടു എന്തിനാണു കരയുന്നത് എന്നന്വേഷിച്ചു. കുട്ടി ഒന്നും പറയാതെ നദിയിലേക്കു കൈ ചൂണ്ടി അമ്മ.. അമ്മ... എന്നു കരഞ്ഞു കൊണ്ടിരുന്നു. അദ്ദേഹത്തിനു കാര്യം ഏതാണ്ടൊക്കെ മനസ്സിലായി. അവന്റെ അമ്മ നദിയിൽ ഒഴുകി പോയി എന്നു തോന്നി. കരുണ തോന്നിയ അദ്ദേഹം ആ കുഞ്ഞിനോട് തന്റെ കൂടെ വരുന്നോ എന്നു ചോദിച്ചു. അമ്മയെ നഷ്ടപ്പെട്ടു എന്തു ചെയ്യണം എന്നറിയാത്ത ആ കുഞ്ഞും വരാമെന്ന് തല ആട്ടി. ഉടനെ അദ്ദേഹം അവനോടു "പക്ഷെ നീ ഇനി അമ്മയെ വിളിച്ചു കരയാൻ പാടില്ല." എന്നു പറഞ്ഞു. അതാണു മഹാന്മാർ! ഒരു ജീവനെ ബന്ധനത്തിൽ നിന്നും മുക്തരാക്കുന്നു. അമ്മ നഷ്ടപ്പെട്ടു എന്നു പറഞ്ഞു അവനോടു വെറുതെ സഹതാപിക്കുന്നതിൽ കാര്യമില്ല. സത്യത്തെ സ്വീകരിക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്!
         കുട്ടിക്കു അദ്ദേഹം നാഭാജി എന്നു നാമകരണം ചെയ്തു. നാഭാജിയെ അദ്ദേഹം തന്റെ ശിഷ്യനായി വളർത്തി വന്നു. ഗുരുകുല വാസം ഒരു ജീവനെ പക്വപ്പെടുത്തുന്നു. ഗുരു ഒരു ശിൽപം കൊത്തുന്നതു പോലെ ശിഷ്യനെ തയ്യാറാക്കുന്നു. ഒരു കല്ലിൽ നിന്നും ആവശ്യമില്ലാത്ത ഭാഗം കൊത്തി കളഞ്ഞു വിഗ്രഹം ഉണ്ടാക്കുന്നതു പോലെ ഒരു ശിഷ്യനിൽ നിന്നും വേണ്ടാത്ത ഗുണങ്ങൾ എടുത്തു മാറ്റി അവനെ നല്ല ഒരു ജീവാനാക്കി മാറ്റുന്നു. വെളുപ്പിനെ നാഭാജിയെ അദ്ദേഹം ഉണർത്തും. എന്നിട്ടു ചെറിയ ചെറിയ കൈങ്കര്യങ്ങൾ ചെയ്യാൻ പറയും. പിന്നെ വേദ മന്ത്രങ്ങൾ ഉരുവിടുന്നതു ശ്രദ്ധയോടെ കേൾക്കാൻ പറയും. എഴുതാനും വായിക്കാനും തുടങ്ങി സ്വയം ചെയ്യേണ്ട കാര്യങ്ങൾ സകലതും അവനെ പഠിപ്പിച്ചു കൊടുക്കും. അവനു സ്വയം കുളിക്കാനും, തന്റെ വസ്ത്രങ്ങൾ സ്വയം അലക്കാനും എന്നു വേണ്ടാ ജീവിക്കാനാവശ്യമായ എല്ലാ സംഗതികളും പറഞ്ഞു കൊടുക്കും. ഗുരുകുലത്തിൽ ചുരുങ്ങിയ കാലം കൊണ്ടു കുട്ടികളെ സ്വയം പര്യാപ്തരാക്കുന്നതാണു പതിവ്. കുട്ടികളുടെ വാസനയും, കുല ധർമ്മവും അനുസരിച്ചു അവരെ കാര്യങ്ങൾ പഠിപ്പിക്കും. ഒരേ ഗുരുകുലത്തിൽ അല്ലേ കുചേലനും കൃഷ്ണനും പഠിച്ചത്. കുചേലനു ബ്രാഹ്മണ ധർമ്മങ്ങളും, കൃഷ്ണനു ക്ഷത്രിയ ധർമ്മങ്ങളും ഗുരു പഠിപ്പിച്ചു. നാഭാജിയും അതു പോലെ പതുക്കെ പതുക്കെ എല്ലാം പഠിച്ചു വന്നു.
          നാഭാജിയുടെ ഗുരുവിന്റെ പേരു അഗ്രജീ എന്നായിരുന്നു. അദ്ദേഹം ഒരു ദിവസം മുറിയിൽ കതകടച്ചു പൂജ ചെയ്യുകയായിരുന്നു. ഓരോ ഭക്തന്മാരും ഓരോ ഭാവത്തിലാണു ഭഗവാനു അർപ്പിക്കുന്നതു. അഗ്രജീ പൂജ ചെയ്യുന്ന സമയത്തു  നാഭാജി എപ്പോഴും വാതിൽക്കൽ കാത്തു നിൽക്കും. അദ്ദേഹത്തെ കാണാൻ ആരെങ്കിലും വന്നാൽ കുറച്ചു നേരം കാത്തിരിക്കാൻ പറയും. അന്നു എന്തോ ഗുരു കതകു തുറക്കുന്നേയില്ല. പിന്നീട് എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക രാധേകൃഷ്ണാ! 

തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം.
(വാക്യം-57) 
        രാധേകൃഷ്ണാ! ജീവിതത്തിന്റെ പരമമായ ലക്ഷ്യം ഭഗവാനെ അനുഭവിക്കുന്നതാണ്. പക്ഷെ അതിനു നമ്മൾ തന്നെ തടസ്സമാകുന്നു. നമ്മുടെ കാമം ക്രോധം അസൂയ തുടങ്ങിയവയാണു തടസ്സങ്ങൾ. ഈ തടസ്സങ്ങളെ അതിജീവിക്കണം. അതിനു സദ്ഗുരുകൃപയാണു വേണ്ടതു. ഗുരു കൃപയ്ക്ക് ദൈവാനുഗ്രഹം വേണം. അങ്ങനെ ഒരു ദൈവാനുഗ്രഹം ഉള്ളതു കൊണ്ടു പെണ്‍പിള്ളൈ രാമാനുജരോട് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ കാരുണ്യം കണ്ടു തന്റെ ഹൃദയം തുറക്കുന്നു. താൻ കേട്ടിട്ടുള്ള ഭക്തന്മാരുടെ ഗുണങ്ങൾ പറഞ്ഞിട്ടു തനിക്കു അതു പോലെ ഗുണങ്ങൾ ഒന്നും ഇല്ലല്ലോ എന്നു സങ്കടം പറയുന്നു. അങ്ങനെ സമ്പത്കുമാരൻ പിടിച്ച മഹാനായ രാമാനുജരുടെ കഴുത്തു താൻ ആശ്രയിച്ചില്ലല്ലോ എന്നു പറയുന്നു. രാമാനുജർ ഹൃദയം നിറഞ്ഞു അവളെ അനുഗ്രഹിച്ചു. ഉടൻ അവൾ അടുത്ത വാക്യം പറഞ്ഞു.
"നില്ലെന പെറ്റേനോ? ഇടയറ്റൂർ നമ്പിയൈ പോലെ"
     ഇടയാറ്റൂർ എന്നതു ഒരു സ്ഥലത്തിന്റെ പേരാണു. അവിടെ ഉണ്ടായിരുന്ന ആളാണു ഈ നമ്പി. രംഗനാഥ ഭക്തൻ! അദ്ദേഹത്തിനു രംഗൻ അല്ലാതെ വേറെ ദൈവം ഇല്ല. ഏക മൂർത്തി ഉപാസന! സദാ സർവ്വതാ രംഗനാമം മാത്രം ഉരുവിടും.  അദ്ദേഹത്തിനു കാവേരി വ്രജാ നദിയാണു. ശ്രീരംഗം പരമപദവും! രംഗനാഥൻ തന്നെ പരവാസുദേവൻ! അവിടെ ഉത്സവം വന്നു കഴിഞ്ഞാൽ അദ്ദേഹം ധാന്യം മുളയിടലിനു മുൻപേ തന്നെ ശ്രീരംഗം എത്തിയിരിക്കും. അത്ര കൃത്യമായിരിക്കും! എന്തു തന്നെ വന്നാലും അദ്ദേഹം ഉത്സവത്തിനു വരുന്നതു മുടക്കില്ല. അദ്ദേഹത്തെ കണ്ടാൽ ഉടനെ ശ്രീരംഗ വാസികൾ 'ഇടയാറ്റൂർ നമ്പി എത്തിയല്ലോ! അപ്പോൾ നാളെ ഉത്സവമായിരിക്കും' എന്നു പറയുമത്രേ.അത്രയ്ക്കു ദൃഡമായിരുന്നു അദ്ദേഹത്തിനു രംഗനാഥന്റെ ഉത്സവത്തിനു പങ്കുചേരൽ.
       ഉത്സവം കഴിഞ്ഞാൽ അദ്ദേഹം അടുത്ത ഉത്സവത്തെ പ്രതീക്ഷിച്ചിരിക്കും. ആ സമയത്തിൽ ലൗകീകമായ എന്തു കാര്യം വന്നാലും അദ്ദേഹം അതെല്ലാം ഉപേക്ഷിക്കും. വിവാഹമോ, മറ്റു വിശേഷങ്ങൾ വന്നാലും അതൊക്കെ മാറ്റി വെച്ചിട്ടു ഉത്സവത്തിനു കൂടും. കാലം പോയി കൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രായം ഏറിക്കൊണ്ടിരുന്നു. എന്നാലും ഉത്സവത്തിനു പോകുന്നതു മുടക്കുകില്ല. ഒരു വർഷം ഉത്സവത്തിനു അങ്കുരാർപ്പണമായി. സാധാരണ അന്നു നമ്പി എത്താറുണ്ടായിരുന്നു. പക്ഷെ അന്നു അദ്ദേഹത്തെ കണ്ടില്ല. അർച്ചകന്മാർ അദ്ദേഹത്തെ കാണാതെ പരസ്പരം അന്വേഷിച്ചു. ഭഗവാൻ രംഗനാഥൻ പോലും ചുറ്റിലും നോക്കി. പതിവായി വരുന്ന ഇടയാറ്റൂർ നമ്പിയെ കാണാതെ എല്ലാവരും ആശ്ചര്യപ്പെട്ടു. ചിലപ്പോൾ താമസിച്ചു എത്തും എന്നു വിചാരിച്ചു. വൈകുന്നേരം വരെ അദ്ദേഹം എത്തിയില്ല. അടുത്ത ദിവസവവും നമ്പി വന്നില്ല. 
        അങ്ങനെ ഉത്സവം ആറാം ദിവസവും വന്നു. വളരെ ക്ഷീണിതനായി ഇടയാറ്റൂർ നമ്പി എത്തി. അദ്ദേഹത്തെ കണ്ടപ്പോൾ രംഗരാജൻ സന്തോഷവാനായി. 'ആ നീ എത്തിയോ? എന്തു പറ്റി ഇത്തവണ ഇത്രയും താമസിക്കാൻ? നീ വരാതെ എനിക്കു വലിയ രസം ഇല്ല. നീ ഉണ്ടെങ്കിൽ ഉത്സവത്തിന്റെ ഓരോ ചടങ്ങുകളും കൈകൂപ്പിക്കൊണ്ട് കണ്ണുകളിൽ ആനന്ദബാഷ്പം തൂകിക്കൊണ്ടു ആസ്വദിക്കും. മറ്റുള്ളവർക്കു ഇതൊരു പതിവ് മാത്രമാണു. പക്ഷെ നീ അങ്ങനെയല്ല. എന്റെ ഉത്സവം ഹൃദയത്തിൽ ഏറ്റി ആനന്ദിക്കുന്നു. നിന്റെ സന്തൊഷമാണു എനിക്കും സന്തോഷം.' എന്നു പറഞ്ഞു.
 ഉടനെ നമ്പി 'പ്രഭോ! അങ്ങു ശരീരം തന്നു. ഉത്സവവും ആസ്വദിക്കുവാൻ അനുഗ്രഹിച്ചു. പക്ഷെ ശരീരം പ്രായാധിക്യം കാരണം ക്ഷീണമടഞ്ഞിരിക്കുന്നു. പോക്കും വരവും പ്രയാസമായി. വളരെ ബുദ്ധിമുട്ടിയാണു ഇത്തവണ ഇതുവരെ എനിക്കു എത്താൻ സാധിച്ചതു തന്നെ.'
ഭഗവാൻ ഉടനെ 'അതു കൊണ്ടു......' എന്നു ചോദിച്ചു.
നമ്പി ഉടനെ 'അതു കൊണ്ടു അങ്ങയുടെ അരികിൽ തന്നെ ഇരുന്നാൽ കൊള്ളാമെന്നു തോന്നുന്നു.' 
ഭഗവാൻ ഉടനെ 'ശരി..' എന്നു അതു ആമോദിച്ചു. 'നീ ഇനി എവിടെയും പോകണ്ടാ. ഇവിടെ എന്റെ കൂടെ തന്നെ ഇരിക്കു' എന്നു പറഞ്ഞു. ഈ സംഭാഷണമൊക്കെ ഭഗവാൻ വീഥി വലം വരുമ്പോളാണ് നടന്നത്. നമ്പിയോടു പറഞ്ഞിട്ട് ഭഗവാൻ മുന്നോട്ടു നീങ്ങി. നിമിഷങ്ങൾക്കകം നമ്പി കുഴഞ്ഞു വീണു. എല്ലാവരും ഓടിക്കൂടി അദ്ദേഹത്തെ എടുത്തു. പക്ഷെ ജീവൻ ആ ശരീരം വെടിഞ്ഞു പോയി കഴിഞ്ഞിരുന്നു. അതു ഭഗവാനിൽ ലയിച്ചു കഴിഞ്ഞു. ഭഗവാൻ തന്റെ കൂടെ ഇരുന്നു കൊള്ളാൻ പറഞ്ഞു, അദ്ദേഹം ഉടൻ തന്റെ ശരീരം എളുപ്പം ഉപേക്ഷിച്ചു. എന്തൊരു ഭാഗ്യം! എന്തൊരു ഭക്തി! 
      പെണ്‍പിള്ളൈ അതിൽ അത്ഭുതപ്പെട്ടു. നമ്മളും ഏതെങ്കിലും ക്ഷേത്രത്തിലെ ഉത്സവത്തിനു പോകുന്നു. ഉത്സവം ഒക്കെ ആസ്വദിച്ചു മനസ്സ് നിറഞ്ഞു കഴിഞ്ഞാൽ തിരികെ വീട്ടിലെക്കല്ലേ പോകുന്നത്. ആരും ഭഗവാനിൽ ലയിക്കുന്നില്ലല്ലോ. പക്ഷെ നമ്പി എത്ര സുഖമായി തന്റെ ശരീരം ഉപേക്ഷിച്ചു ഭഗവാനിൽ തന്നെ ലയിച്ചു. തനിക്കു അങ്ങനെ യാതൊരു ചിന്തയും ഇല്ലാതെ ഉദര പോഷണത്തിനായി ഈ സ്ഥലം വിടുകയല്ലേ ചെയ്യുന്നത്! തനിക്കു എന്തു യോഗ്യതയാണു ഉള്ളതു? താൻ അവിടെ ഇരുന്നാൽ എന്തു പോയാൽ എന്തു?
          രാമാനുജർ ഇതു കേട്ടിട്ടു രംഗ ധ്യാനത്തിൽ മുഴുകി. അദ്ദേഹത്തിന്റെ ഹൃദയം തരളിതമായി. 'നിന്റെ താപം എനിക്കു മനസ്സിലായി. ഒരു ദിവസം നീയും നിന്റെ ശരീരം ഉപേക്ഷിച്ചു വൈത്തമാനിധിയിൽ അഭയം പ്രാപിക്കും' എന്നു തന്റെ നോട്ടം കൊണ്ടു അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
             

Sunday, May 13, 2012

പ്രേമവേദം മെയ്‌- 12

Posted by VEDHASAARAM

ശ്രീമന്നാരായണീയം
യസ്മ്മിന്നാമ ചതുര്‍ഭുജാ ഹരിമണി ശ്യാമാവ 
ദാതത്വിഷോ 
നാനാ ഭൂഷണ രത്നദീപിത  ദിശോ 
രാജദ്വിമാനാലയാഃ 
ഭക്തി പ്രാപ്ത തഥാ വിതോന്നത പദാ ദീവ്യന്തി
ദിവ്യാ ജനാഃ 
തത്തേ ധാമ നിരസ്ത സര്‍വ ശമലം 
വൈകുണ്ഠ രൂപം ജയേത്.
       (ദശഃ 7 ശ്ലോഃ 5 )
      ആ വൈകുണ്ഠ ലോകത്തില്‍ ചതുര്‍ഭുജരും, ഇന്ദ്രനീലം പോലെ ശ്യാമളവും പവിത്രവുമായ ശരീര ഭംഗിയുള്ളവരും വിവിധ തരത്തിലുളള ആഭരണങ്ങളിലെ  രത്നങ്ങളാല്‍  പ്രകാശിക്കപ്പെട്ട ദിക്കുകളോടെ കാന്തിമത്തായ വിമാനങ്ങളില്‍ ഇരിപ്പുറപ്പിച്ചവരും, ഭക്തിയാല്‍ സംസിദ്ധമായ ആ വിധം ഉള്ള ഉന്നത സ്ഥാനത്തോടു കൂടിയവരുമായ ദിവ്യ പുരുഷന്മാര്‍ സ്ഥിതി ചെയ്യുന്നു. എല്ലാ പാപങ്ങളെയും ശമിപ്പിക്കുന്നതും വൈകുണ്ഠസ്വരൂപവുമായ അങ്ങയുടെ ആ ഉന്നത സ്ഥാനം സര്‍വോപരി വിജയിക്കട്ടെ.     
 (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)


 സദ്ഗുരു വാത്സല്യം
       രാധേകൃഷ്ണാ! ശ്രീ സന്ത് തുക്കാറാം എല്ലാ ഗുണങ്ങളും   തികഞ്ഞ ഒരു സത്ഗുരുവാണ്.  അദ്ദേഹം തന്റെ ജീവിതം  പാണ്ഡുരംഗനു വേണ്ടി മാത്രം ഉഴിഞ്ഞു വെച്ചു. ഭഗവാനു വേണ്ടി അദ്ദേഹം പാടി. ഭഗവാനു വേണ്ടി അദ്ദേഹം 
എല്ലാം ചെയ്തു. അദ്ദേഹം ദേഹുവില്‍ എകാന്തമായി ഭജന സത്സംഗം തുടങ്ങിയവ ചെയ്തു വന്നിരുന്നു. അവിടെയുളള ചില 
ബ്രാഹ്മണര്‍ക്കു അദ്ദേഹത്തോടു വളരെ ബഹുമാനം
ഉണ്ടായിരുന്നു. നാവാജി എന്നൊരു തോട്ടക്കാരന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഭക്തനായിരുന്നു. അദ്ദേഹത്തിനു തുക്കാറാമിനോടു വളരെ ഭക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 
ഭജന വളരെ ഇഷ്ടമായിരുന്നു. തുക്കാറാം ഭജന  പാടുമ്പോള്‍ 
അദ്ദേഹം സ്വയം മറന്നു ആടും.പകല്‍ സമയം മുഴുവനും 
തോട്ടവേല ചെയ്തിട്ടു വൈകുന്നേരമായാല്‍ പിന്നെ അദ്ദേഹം  നേരെ തുക്കാറാം ഇരിക്കുന്ന സ്ഥലത്തു വന്നെത്തും എന്നിട്ട് ഒരു 
മൂലയില്‍ ചെന്നിരുന്നു ഭജന കേള്‍ക്കും. അറിയാതെ കൈകള്‍ 
താളം ഇടും. ക്രമേണ   നാവു നാമജപം ചെയ്യും, പതുക്കെ പതുക്കെ അദ്ദേഹം മുന്‍പോട്ടു നീങ്ങും. കുറെ
കഴിഞ്ഞു അദ്ദേഹം ആടി തുടങ്ങും. തുക്കാറാം എപ്പോഴും ഭജന
പാടിക്കൊണ്ടേയിരിക്കും. പെട്ടെന്നു നിര്‍ത്തില്ല. നവാജിക്കു ഭജന വളരെ ഇഷ്ടമാണെങ്കിലും തുക്കാറാം ബുദ്ധിമുട്ടുന്നത് 
കാണാന്‍ ഇഷ്ടമല്ല. വളരെ നേരമായി അദ്ദേഹം ഇരുന്നു 
പാടുകയല്ലേ എന്നു വിചാരിക്കും.
       ഒരു ദിവസം അദ്ദേഹം തുക്കാറാം പാടുന്നത് നോക്കി നിന്നു.  അദ്ദേഹത്തെ നോക്കി  നാവാജി "ക്ഷമിക്കണം! അങ്ങ് കുറെ നേരമായി പാടുകയല്ലേ. ഇനി കുറച്ചു നേരം വേണമെങ്കില വിശ്രമിക്കു. ഞാൻ ഭാജന പാടാം" എന്നു പറഞ്ഞു. തുക്കാറാം അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. എന്നിട്ടു സസന്തോഷം പാടാൻ പറഞ്ഞു. അദ്ദെഹതിനാണെങ്കിൽ ഭഗവൻ നാമം പാടാൻ ഒരാളു കൂടെ ഉണ്ടായല്ലോ എന്നാ സന്തോഷമായിരുന്നു. നാവാജിക്കു ഈ പട പ്രയോഗങ്ങളിൽ വലിയ പാണ്ഡിത്യം ഇല്ല. പക്ഷെ പൂർണ്ണമായ ഭക്തി ഹൃദയത്തിൽ നിറഞ്ഞിരുന്നു.
       അദ്ദേഹം 'പാണ്ഡുരംഗാ! വിഠലാ!' എന്നിങ്ങനെ കീർത്തനം ചെയ്തു. ഇടയ്ക്ക് ചിലപ്പോൾ ശബ്ദം അടഞ്ഞു പോകും, വാക്കുകൾ മാറിപ്പോകും. പക്ഷെ അയാൾ അതൊന്നും ശ്രദ്ധിക്കാതെ തന്റെ പാട്ട് തുടരും. ഇടയ്ക്കിടയ്ക്കു തുക്കറാമിനെ നോക്കി രണ്ടു കൈയും കൂപ്പും അദ്ദേഹവും തിരികെ വന്ദിക്കും. രാഗം താളം ഇതൊന്നും അറിയില്ല.പക്ഷെ ഭക്തി ഉണ്ടായിരുന്നു. അങ്ങിനെ തുക്കാറാം പാടി ക്ഷീണിക്കുമ്പോൾ നാവാജി പാടുക എന്നതു പതിവായി. 
     ഒരു ദിവസം തുക്കാറാമിനെ ഒരു ഹാരം അണിയിക്കണം എന്ന് നാവാജിക്ക് തോന്നി. കടയിൽ നിന്ന് വാങ്ങുന്നതിനു  പകരം സ്വന്തം കൈകൊണ്ടു തന്നെ കെട്ടണം എന്നു ആഗ്രഹിച്ചു. തുടര്ന്നു അടുത്ത ലക്കത്തിൽ വായിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
         രാധേകൃഷ്ണാ!  നമ്പാടുവാന്‍ താന്‍ ബ്രഹ്മ രക്ഷസ്സിനു കൊടുത്ത വാക്കു പാലിക്കുവാനായി അതിന്റെ അടുത്തു തിരികെ എത്തി എന്നു നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. പക്ഷേ അത്ഭുതം എന്നോണം ബ്രഹ്മ രക്ഷസ്സിന് ഇപ്പോള്‍ ഒട്ടും വിശപ്പില്ല. അദ്ദേഹത്തെ ഭക്ഷിക്കാന്‍ ഒട്ടും തന്നെ താല്പര്യം തോന്നിയില്ല. അതിനു ആശ്ചര്യം തോന്നി. ഈ ഭഗവത് ഭക്തന്റെ സാന്നിധ്യം തന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉളവക്കുന്നുണ്ടു  എന്ന സത്യം അതു മനസ്സിലാക്കി. ഇപ്പോള്‍ ബ്രഹ്മ രക്ഷസ്സ് നമ്പാടുവാനോടു കൈ കൂപ്പി കൊണ്ടു അപേക്ഷിച്ചു. 'നീ വിചാരിച്ചാല്‍ എന്നെ ഈ ജന്മത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. നിന്റെ പുണ്യത്തില്‍ ഒരു പങ്കു എനിക്കു തരു. ഈ രാക്ഷസ ശരീരം കൊണ്ടു ഞാന്‍ പെടാപ്പാടു പെടുന്നു. ഹൃദയത്തില്‍ ശാന്തിയും ഇല്ല. ആകെ അസ്വസ്ഥതയാണ്.  എന്നെ രക്ഷിക്കു എന്നപേക്ഷിച്ചു.  അതിനു നമ്പാടുവാന്‍, "ഞാന്‍ അങ്ങനെ വലിയ പുണ്യ കര്‍മ്മങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. അതു കൊണ്ടു എനിക്കു ഒന്നും ചെയ്യാന്‍ സാധിക്കില്ല." എന്നു പറഞ്ഞു. ഉടനെ രക്ഷസ്സ് 'ഒരു പുണ്യവും ഇല്ലാതെ ഭഗവാന്‍ നിനക്ക് ദര്‍ശനം നല്‍കില്ല. തീര്‍ച്ച! നീ പതിവായി ഏകാദശി വ്രതം  നോക്കുന്നുണ്ടല്ലോ അതിന്റെ പുണ്യമെങ്കിലും എനിക്കു തരു' എന്നു കേണു.  നമ്പാടുവാന്‍ അതു നിരസിച്ചു കൊണ്ടേ ഇരുന്നു. താന്‍ പുണ്യം ഒന്നും ചെയ്തിട്ടില്ല എന്നു വാദിച്ചു. അവസാനം താന്‍ ഭഗവാനെ ദര്‍ശിച്ച സമയത്തില്‍ കൈശികം എന്ന രാഗത്തില്‍ പാടി കൊണ്ടിരിക്കുകയായിരുന്നു എന്നും ഭഗവാന്‍ അതു കേട്ടു തലയാട്ടി രസിച്ചു എന്നും പറഞ്ഞു. തന്റെ അറിവില്‍ താന്‍ ഭഗവാനു ചെയ്ത ഒരേ ഒരു സത്കാര്യം അതാണെന്നും പറഞ്ഞു. അതിന്റെ പുണ്യം വേണമെങ്കില്‍ താന്‍ നല്‍കാം എന്നു പറഞ്ഞു. 
        ബ്രഹ്മ രക്ഷസ്സിനു സന്തോഷമായി. നമ്പാടുവാന്‍ ഉടനെ ഭഗവാനോട് "ഹേ പ്രഭോ! ഞാന്‍ ഇന്നു നിന്റെ മുന്നില്‍ കൈശികം എന്ന ഈണത്തില്‍ പാടി രസിപ്പിച്ചു. നിന്നെ രസിപ്പിച്ച ആ പുണ്യം ഞാന്‍ ഈ ബ്രഹ്മ രക്ഷസ്സിനു ദാനം ചെയ്യുകയാണ്. പ്രഭോ! ഈ ബ്രഹ്മ രക്ഷസ്സ് ഈ ജന്മത്തില്‍ പാട് പെടുകയാണ്. ദയവു ചെയ്തു അതിനെ ഈ ശരീരത്തില്‍ നിന്നും മോചിപ്പിച്ചു രക്ഷിക്കണമേ!" എന്നു പ്രാര്‍ത്ഥിച്ചു. എന്നിട്ടു മാനസീകമായി ആ പുണ്യം ദത്തം ചെയ്തു. ഉടന്‍ തന്നെ ബ്രഹ്മ രക്ഷസ്സ് തന്റെ ഘോര രൂപത്തില്‍ നിന്നും മോചിതനായി ദിവ്യ ശരീരം പ്രാപിച്ചു. നമ്പാടുവാനെ  വണങ്ങിയ ശേഷം അതു വൈകുണ്ഠം പ്രാപിച്ചു. ഭഗവാനെ സന്തോഷിപ്പിച്ച ഒരു ഈണം പാടിയ പുണ്യം നല്‍കി ഒരു ബ്രഹ്മ രക്ഷസ്സിനു പോലും മോക്ഷം സാധ്യമാക്കിയ നമ്പാടുവാന്റെ ഭക്തി അപാരം തന്നെ. ഈ കഥ വരാഹ മൂര്‍ത്തി തന്റെ പത്നിക്കു പറഞ്ഞു കൊടുത്തു. അതു കേട്ട അമ്മ പുളകാംഗിതയായി. ഇങ്ങനെയും ഒരു ഭക്തന്‍ ഉണ്ടോ എന്നു ആശ്ചര്യപ്പെട്ടുവത്രേ.
       ഈ ഏകാദശിയെ കൈശിക ഏകാദശി എന്നു പറയുന്നു. അതു തന്നെ ഗുരുവായൂര്‍ ഏകാദശിയുമാണ്‌. രണ്ടും ഒരേ ദിനമായതു കൊണ്ടു ഈ ഏകാദശി നോറ്റാല്‍ രണ്ടു ഏകാദശിയുടെ ഫലം ലഭിക്കും.  ഒരു കൈശിക ഏകാദശി ദിവസം പരാശര ഭട്ടര്‍ ശ്രീരംഗത്തില്‍ കൈശിക ഏകാദശി പുരാണം പാരായണം ചെയ്തു. അതു കേട്ടു സന്തോഷിച്ച ശ്രീ രംഗനാഥന്‍ പരാശര ഭട്ടര്‍ക്കു മോക്ഷം നല്‍കി. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ കൈശിക ഏകാദശി ദിനം വളരെ ശ്രദ്ധയോടെ ഏകാദശി പുരാണം പാരായണം ചെയ്തു വരുന്നു.  രാധേകൃഷ്ണാ!   
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 56 തുടര്‍ച്ച)   
      രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ദില്ലി ബാദുഷാ തന്റെ മകളുടെ അന്തപുരത്തില്‍ രാമാനുജരെയും കൂട്ടി അദ്ദേഹം അന്വേഷിച്ചു വന്ന മൂര്‍ത്തിയെ കാണാന്‍ പോയി എന്നു നാം കണ്ടു. രാമപ്രിയന്‍ രാജകുമാരിയുടെ കൂടെ കട്ടിലില്‍ കിടന്നതും രാമാനുജര്‍ വിളിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കൈകളിലേക്കു ചാടുകയും ചെയ്തു. ബാദുഷ നോക്കുമ്പോള്‍ കിടന്നിരുന്ന മൂര്‍ത്തി നിവര്‍ന്നു നിന്നു കട്ടിലില്‍ നിന്നും താഴേക്കു രമാനുജരുടെ കൈകളില്‍ വന്നു വീഴുന്നു. പക്ഷെ രാമാനുജര്‍ക്കു അവിടെ സാക്ഷാത് ഭഗവാനെ തന്നെ കാണാന്‍ കഴിഞ്ഞു. രാമാനുജര്‍ക്കു കണ്ണീര്‍ അടക്കാന്‍ കഴിഞ്ഞില്ല. 'കൃഷ്ണാ! ഞാന്‍ വിളിച്ചതു കൊണ്ടു നീ വന്നുവോ? ആ മുസ്ലിം ഗോപിക്കു നിന്നോടു എന്തു മാത്രം ഇഷ്ടം! എന്നിട്ടും നീ അവളെ വിട്ടിട്ടു എന്റടുത്തു വന്നില്ലേ! എന്തൊരു കാരുണ്യം' എന്നു അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം സ്വയം തിരുത്തി. ഇല്ല! കൃഷ്ണനെ ഇങ്ങോട്ടു വലിച്ചതു പെരിയാഴ്വാരുടെ പാസുരങ്ങളാണ് എന്നു അദ്ദേഹത്തിനു മനസ്സിലായി.
       രാമപ്രിയന്‍ ഓടി വന്നു രാമാനുജരുടെ തുടയില്‍ കയറി നിന്നു. എന്നിട്ടു അദ്ദേഹത്തിന്റെ കഴുത്തില്‍ തന്റെ കൈകള്‍ കൊണ്ടു കെട്ടി പിടിച്ചു. 'ഇരുമിടര്‍' എന്നാല്‍ പ്രശസ്തമായ കണ്ഠം എന്നാണു അര്‍ത്ഥം. ഒരു കുട്ടിയായി രാമാനുജരുടെ  കഴുത്തില്‍ പിടിച്ചു കൊണ്ടു ഭഗവാന്‍ നിന്നു. 'മിടര്‍' എന്നാല്‍ കഴുത്തു എന്നു അര്‍ത്ഥം. രാമപ്രിയന്‍ ആലിംഗനം ചെയ്തതു കൊണ്ടു ആ കഴുത്തു വളരെ പ്രശസ്തമായി പോയി. രാമാനുജരും സന്തോഷത്തില്‍ തിരികെ രാമപ്രിയനെ ആലിംഗനം ചെയ്തു 'സമ്പത്കുമാരാ' എന്നു സംബോധന ചെയ്തു.
       നടക്കുന്നതൊക്കെ കണ്ടു നിന്നിരുന്ന ബാദുഷായ്ക്കു ആശ്ചര്യം അടക്കാന്‍ കഴിഞ്ഞില്ല. ഉള്ളില്‍ അറിയാതെ ഒരു ഭയം കടന്നു വന്നു. ഇതെന്താ ഈ ഹിന്ദു ദൈവം സ്വയം ചലിക്കുന്നു! ഈ ദൈവത്തിന്റെ കൂടെയാണോ എന്റെ മകള്‍ ഇത്രയും ദിവസമായി കളിച്ചു നടന്നതു എന്നു ചിന്തിച്ചു. അവര്‍ക്കാണെങ്കില്‍ ഈശ്വരന്‍ ഒരു രൂപത്തില്‍ അടങ്ങുന്നതും അല്ല. പക്ഷെ ഇതാ പ്രത്യക്ഷത്തില്‍ ഒരു മൂര്‍ത്തി തന്റെ ഇഷ്ടത്തിനൊത്തു ചലിക്കുന്നതു താന്‍ കണ്ടു. അയാള്‍ക്കു കുറച്ചു ഭയമായി. ഈ ഹിന്ദുക്കളുടെ സംസര്‍ഗ്ഗം തന്നെ നമുക്കു വേണ്ടാ എന്നു തോന്നി പോയി. പക്ഷെ രാമാനുജരുടെ ഭക്തി കണ്ടു ആശ്ചര്യപ്പെട്ടു പോയി. വര്‍ദ്ധിച്ച ബഹുമാനതോടു കൂടി രാമാനുജരോടു 'അങ്ങയുടെ ഭക്തിയുടെ പ്രഭാവം ഞാന്‍ പ്രത്യക്ഷത്തില്‍ കണ്ടു കഴിഞ്ഞു. അങ്ങയ്ക്കു അങ്ങയുടെ ദൈവത്തെ കൊണ്ടു പോകാം' എന്നു പറഞ്ഞു. 
        രാമാനുജര്‍ ഒരു പല്ലക്കു ഏര്‍പ്പാടു ചെയ്തു അതില്‍ ഭഗവാനെ എഴുന്നള്ളിച്ചു ഇരുത്തി. എന്നിട്ടു നാട്ടിലേക്കു തിരിച്ചു. രാമാനുജര്‍ക്കു ബീവിയുടെ പ്രേമ ശരിക്കും അറിയാമായിരുന്നത് കൊണ്ടു അദ്ദേഹം വേഗത്തില്‍ മുന്നോട്ടു നീങ്ങി. അവള്‍ ഉണര്‍ന്നാല്‍ രാമപ്രിയനെ കാണാഞ്ഞു തീര്‍ച്ചയായും ബഹളം വയ്ക്കും. ബാദുഷാ ചിലപ്പോള്‍ മനസ്സ് മാറി രാമപ്രിയനെ തിരികെ ചോദിച്ചാല്‍ എന്തു ചെയ്യും? അതുകൊണ്ടു വേഗം നടക്കാന്‍ എല്ലാവരോടും ആജ്ഞാപിച്ചു. ഭഗവാനും അവളെ വിട്ടു പിരിയാന്‍ കുറച്ചു വിഷമം തോന്നിയിരുന്നു. ഇനി പെട്ടെന്നു ഭഗവാന്‍ തിരികെ പോകണം എന്നു തോന്നിയാല്‍ എന്തു ചെയ്യും എന്നും അദ്ദേഹം വിചാരിച്ചു. 
       ഇതിന്റെ ഇടയില്‍ രാമാനുജര്‍ വിചാരിച്ച പോലെ തന്നെ രാജകുമാരി ഉണര്‍ന്നു രാമപ്രിയനെ കാണാഞ്ഞു ബഹളം തുടങ്ങി. ബാദുഷാ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കാന്‍ നോക്കി. രാജകുമാരി അയാളോടു രാമപ്രിയന്‍ തന്റെ പ്രാണനാണെന്നു പറഞ്ഞു. അവന്‍ എത്ര നന്നായി നൃത്തം വയ്ക്കും, എത്ര മധുരമായി പാടും, എന്തു രസമായി പുല്ലാങ്കുഴല്‍ വായിക്കും എന്നോടു എന്തു സ്നേഹമാണെന്നോ എന്നൊക്കെ പറഞ്ഞു. ഇതു കേട്ടു ബാദുഷാ ശരിക്കും ഭയന്നു പോയി. തന്റെ മകള്‍ക്കു ചിത്രഭ്രമം പിടി പെട്ടുവോ? ഒരു വിഗ്രഹം ഇതൊക്കെ ചെയ്യും എന്നു അയാള്‍ക്കു തോന്നിയില്ല. എന്തായാലും ആ വിഗ്രഹം കിട്ടാതെ മകള്‍ ജീവിക്കുകയില്ല എന്നു വന്നപ്പോള്‍ ബാദുഷാ തന്റെ മകനെ ആ വിഗ്രഹം തിരികെ കൊണ്ടു വരാന്‍ കല്പിച്ചു അയച്ചു. തന്റെ സഹോദരിക്കു വേണ്ടി അയാള്‍ പടകൂട്ടി ആ സന്യാസിമാരെ തേടി ഇറങ്ങി.  രാമാനുജര്‍ക്കു വിഗ്രഹം തിരികെ കൊണ്ടു പോകാന്‍ പട വരുന്നുണ്ട് എന്നു മനസ്സിലായി. ഉടനെ അദ്ദേഹം അടുത്തുള്ള ഒരു ചേരിയിലേക്കു നീങ്ങി. അവിടുത്തെ ഹരിജനങ്ങള്‍ക്കു വളരെ സന്തോഷം തോന്നി. എല്ലാവരാലും ഒതുക്കപ്പെട്ടിരുന്ന അവരുടെ മുന്നില്‍ ഇതാ കുറച്ചു സന്യാസികള്‍ ഭഗവാനെയും കൊണ്ടു വന്നിരിക്കുന്നു! അവര്‍ രാമാനുജരെ മുസ്ലിം ആക്രമണത്തില്‍ നിന്നും സംരക്ഷിക്കാന്‍ തീരുമാനിച്ചു. ചേരിയിലെ ഒരു കുടിലില്‍ ഭഗവാനെ ഒളിപ്പിച്ചു വച്ചു. മുഹമ്മദീയ പട എല്ലാ ഇടതും രാമാനുജരെയും കൂട്ടരെയും അന്വേഷിച്ചു നടന്നു. അവര്‍ ബ്രാഹ്മണരായത് കൊണ്ടു ചേരിയില്‍ കയറാന്‍ ഇടയില്ല എന്നു വിചാരിച്ചു അവര്‍ വഴി തിരിഞ്ഞു പോയി.
        രാമാനുജര്‍ക്കു സന്തോഷമായി. ആ ചേരി ജനങ്ങളുടെ ഭക്തിയില്‍ അദ്ദേഹം ആനന്ദിച്ചു. അവര്‍ക്കു ഉത്സവ കാലത്തില്‍ മൂന്നു ദിവസം ഭഗവാനു കൈങ്കര്യം ചെയ്യാനുള്ള അനുവാദം അദ്ദേഹം നല്‍കി. ഇന്നു വരെയും ആ ആചാരം തുടരപ്പെടുന്നുണ്ടു. ഇതിനിടയില്‍ ഒരു പല്ലക്കില്‍ ആ ബീവി നാച്ചിയാരും അവരെ തേടി എത്തി. രാമപ്രിയനെ കുറിച്ചു ശരിക്കും അറിയാമായിരുന്ന അവള്‍ എളുപ്പത്തില്‍ അവരെ കണ്ടു പിടിച്ചു. രാമാനുജരുടെ ചരണങ്ങളില്‍ അവള്‍ വീണു. അദ്ദേഹത്തോടു 'സ്വാമി അങ്ങയുടെ ഭഗവാനെ അങ്ങ് എനിക്കു തിരികെ തരില്ല എന്നറിയാം. പക്ഷെ അവന്‍ ഇല്ലാതെ ഞാന്‍ ജീവിക്കില്ല. അതു കൊണ്ടു അവന്റെ കൂടെ എന്നെയും ദയവു ചെയ്തു കൊണ്ടു പോകൂ' എന്നവള്‍ കെഞ്ചി. അവള്‍ ഒരു മുസ്ലിം ആണെന്നോ മറ്റോ ഒന്നും തന്നെ അദ്ദേഹം ആലോചിച്ചില്ല. ഉടനെ തന്നെ അവളെയും വരുവാന്‍ അദ്ദേഹം അനുവദിച്ചു .
       മറ്റുള്ളവരൊക്കെ ഭയന്നു പോയി. ബാദുഷാ അറിഞ്ഞാല്‍ എന്തു സംഭവിക്കുമോ എന്നു ഭയന്നു. പക്ഷെ രാമാനുജര്‍ക്കു ആ ഭക്തയെ ഭഗവാനില്‍ നിന്നും പിരിക്കാനുള്ള ധൈര്യം ഉണ്ടായില്ല. അവള്‍ വന്ന പല്ലക്കു തിരിച്ചയച്ചിട്ടു അവരുടെ കൂടെ കൂടി. രാമാനുജര്‍ അവളെയും എടുത്തു ഭഗവാന്റെ കൂടെ പല്ലക്കില്‍ ഇരുത്തി.  പല്ലക്കില്‍ കയറിയ അവള്‍ സമ്പത് കുമാരനെ കെട്ടി പിടിച്ചു. 'എന്നെ ഉപേക്ഷിക്കരുതേ! ഉപേക്ഷിക്കരുതേ! എന്നവള്‍ ഭഗവാനോടു കെഞ്ചി. രാമാനുജരുടെ കാല ശേഷം ആരെങ്കിലും അവളെ ഭഗവാനില്‍ നിന്നകട്ടുമോ എന്നൊരു ഭയം അവള്‍ക്കുണ്ടായി. പെട്ടെന്നു പല്ലക്കു എടുത്തിരുന്നവര്‍ രാമാനുജരോടു പല്ലക്കിന്റെ ഭാരം കുറഞ്ഞു എന്നു പറഞ്ഞു. രാമാനുജര്‍ മറ നീക്കി പല്ലക്കിനുള്ളില്‍ നോക്കുമ്പോള്‍ സമ്പത് കുമാരനെ മാത്രമാണ് കണ്ടത്. ബീവിയെ അവന്‍ തന്നോടു ചേര്‍ത്തു കഴിഞ്ഞിരുന്നു. ഭഗവാന്റെ കാരുണ്യം കണ്ടു രാമാനുജര്‍ കരഞ്ഞു. ഇന്നും അവിടെ ഭഗവാന്റെ ഉത്സവ മൂര്‍ത്തിയുടെ മടിയില്‍ ബീവി നാച്ചിയാര്‍ ഉണ്ട്. 
        ഇതൊക്കെ കേട്ടിട്ടു പെണ്‍പിള്ളൈക്കു രാമാനുജരോടു വല്ലാത്ത ആരാധന തോന്നി. ഒരു തുലുക്ക(മുസ്ലിം) പെണ്‍കുട്ടിക്കു കൃപ ചെയ്ത ഭഗവാന്‍ രാമാനുജരുടെ കഴുത്തില്‍ പിടിച്ചു തൂങ്ങിയില്ലേ. അതു പോലെ വല്ലതും തനിക്കു ചെയ്യാന്‍ ഭാഗ്യം ഉണ്ടോ എന്നു ചോദിച്ചു. ഇവിടെ അവള്‍ ഭഗവാനെ കാട്ടിലും ആചാര്യനെ ശ്രേഷ്ഠനായി കാണുന്നു. പെണ്‍ പിള്ളൈ താന്‍ രാമാനുജരോടാണ്  സംസാരിക്കുന്നതു എന്നു അവസാനം വരെ മനസ്സിലാക്കിയില്ല എന്നു തോന്നുന്നു. അതാണു രാമാനുജരോടു തന്നെ രാമാനുജ വൈഭവം അവള്‍ പറയുന്നതു.  രാധേകൃഷ്ണാ! രാധേകൃഷ്ണാ!