Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, August 13, 2011

പ്രേമവേദം - ഓഗസ്റ്റ്‌ 11

Posted by VEDHASAARAM


നാരായണീയം
മായാവിലാസഹസിതം ശ്വസിതം സമീരോ 
 ജിഹ്വാ ജലം വചനമീശ!ശകുന്ത പംക്തി: 
സിദ്ധാദയഃ സ്വരഗനാ മുഖരന്ധ്ര മഗ്നിര്‍-
ദ്ദേവാ ഭുജാഃ സ്തനയുഗം തവ ധര്‍മ്മ ദേവഃ.
                        (ദശഃ 6 ശ്ളോഃ 6 )
           അങ്ങയുടെ ആകര്‍ഷണീയമായ പുഞ്ചിറിയാണ് മായ. നിശ്വാസം മാരുതനും, ജലം നാവും, പക്ഷികള്‍ വാക്കുമാണ്. 
  ഹേ ഭഗവാനേ! സിദ്ധാദികളായ ദിവ്യപുരുഷന്മാര്‍ അങ്ങയുടെ ശബ്ദ സമൂഹമാണ്. അഗ്നി, വായു, ദേവന്മാര്‍ ഭുജങ്ങളും, 
ധര്‍മ്മദേവന്‍ അങ്ങയുടെ ഇരു സ്തനങ്ങളും ആകുന്നു.
                                            (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
സദ്ഗുരുവാത്സല്യം
          രാധേകൃഷ്ണാ! ഗുരു പറയുന്നത് ശ്രദ്ധയോടെ കേട്ടു മനസ്സിലാക്കണം എന്നു ഒരു പാമ്പിന്റെയും സദ്ഗുരുവിന്റെയും കഥയില്‍ നിന്നും നാം മനസ്സിലാക്കി. ആദ്യം ഗുരു പറഞ്ഞതില്‍ പകുതി മാത്രം ആ പാമ്പ് മനസ്സിലാക്കിയിരുന്നു. അങ്ങനെ ആരെയും ഉപദ്രവിക്കരുതു എന്നു കേട്ടതു കൊണ്ടു തന്നെ ഉപദ്രവിക്കുന്നതും തടുത്തില്ല. പിന്നെ ഗുരു വീണ്ടും വന്നു യഥാര്‍ത്ഥ അര്‍ത്ഥം പറഞ്ഞു കൊടുത്തപ്പോള്‍ തന്റെ സ്വയരക്ഷ  താന്‍ തന്നെ നോക്കണം എന്നു അതു പഠിച്ചു. ഇനി മറ്റൊരു കഥ നമുക്ക് നോക്കാം.
          ഒരു ഗ്രാമത്തില്‍ ഒരു സദ്ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന് അവിടെ ധാരാളം ശിഷ്യര്‍ ഉണ്ടായിരുന്നു. അവരെല്ലാം അവിടെ താമസിച്ചു വേദാന്ത പാഠം പഠിച്ചു വന്നു. ഒരിക്കല്‍ അദ്ദേഹം ഭഗവാന്‍ സര്‍വ ശ്രേഷ്ഠന്‍ എന്നും, ഭഗവാന്റെ സാന്നിധ്യം ഇല്ലാത്ത ഒരിടമും ഇല്ല എന്നും, എല്ലാവറ്റിലും ഭഗവാന്‍ നിറഞ്ഞു വിളങ്ങുന്നു എന്നും പറഞ്ഞു കൊടുത്തു. ഒരു ശിഷ്യനു അദ്ദേഹം പറഞ്ഞ വാക്യം ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. അന്നു മുതല്‍ അയാള്‍ എപ്പോഴും ഭഗവാന്‍ എല്ലായിടത്തും നിറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു. ഭിക്ഷ എടുക്കാന്‍ പോകുമ്പോഴും അങ്ങനെ പറയും. സദ്ഗുരു ഇതൊക്കെ കേട്ടിട്ടു ഒന്നും പറയില്ല. മിണ്ടാതെ ഇരിക്കുമായിരുന്നു.    
    ഒരു ദിവസം അയാള്‍ മറ്റു ശിഷ്യരുടെ കൂടെ ഭിക്ഷ എടുക്കാന്‍ ഒരുതിരിച്ചു. അങ്ങനെ ഒരു വീട്ടില്‍ ഭിക്ഷ ചോദിച്ചു കൊണ്ടു നില്‍കുമ്പോള്‍, മറുവശത്ത് നിന്നും ആളുകള്‍ കൂട്ടത്തോടെ ഓടി വരുന്നത് അയാള്‍ കണ്ടു.  അവിടെ നിന്നും ഒരു മദമിളകിയ ആന ഓടി വരുന്നുണ്ടായിരുന്നു. അതിന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടാനായി ആളുകള്‍ ഓടിക്കൊണ്ടിരുന്നു. അയാളോട്  എല്ലാവരും  'ഓടു ഓടു' എന്നു ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. 
         ആ ശിഷ്യനു മദയാനയെ പേടിച്ചു താന്‍ ഓടണ്ടാ കാര്യമുണ്ടോ എന്നു തോന്നി. അയാളുടെ ഗുരു പറഞ്ഞ പോലെ ആനയുടെ ഉള്ളിലും പരമാത്മാവല്ലേ എന്നു പറഞ്ഞു കൊണ്ടു നടന്നു. അല്പം ദൂരത്തില്‍ നിന്നും ആനക്കാരനും ഓടി വരുന്നുണ്ടായിരുന്നു. അയാളും ഈ ശിഷ്യനോട്  ഓടിക്കൊള്ളൂവാന്‍ പറഞ്ഞു. 'എടൊ! ആന മദപ്പാടിലാണ്. അതിന്റെ നേരെ മുന്നില്‍ ചെന്നു നില്‍ക്കരുത്. ഒതുങ്ങി നിലക്കു! നിന്നെ അതു ചവുട്ടി അരയ്ക്കും' എന്നു വിളിച്ചു പറഞ്ഞു. അതും അയാള്‍ അനുസരിക്കാന്‍ തയ്യാറായില്ല. ആനയുടെ ഉള്ളിലും അന്തര്യാമി ഭാഗവാനല്ലേ എന്നു  പറഞ്ഞു. അയാള്‍ക്കു ഗുരു വാക്യത്തില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നു. അതെ സമയം മറ്റുള്ളവരേക്കാള്‍ തനിക്കു അതില്‍ വിശ്വാസം ഉണ്ട് എന്നൊരു അഭിമാനവും ഉണ്ടായിരുന്നു. അവര്‍ക്കില്ലാത്ത അറിവ് തനിക്കുണ്ട് എന്നു അയാള്‍ അഭിമാനിച്ചു. അതാണു മായ!
         മദമിളകിയ ആന നാടു വഴിയില്‍ നില്‍ക്കുന്ന ആളിനെ കണ്ടു. അതിന്റെ കോപം ഇരട്ടിച്ചു. അടുത്തെത്തിയ ആന തുമ്പിക്കൈ കൊണ്ടു അയാളെ പിടിച്ചു ചുഴറ്റി ദൂരെ എറിഞ്ഞു.  ഭയത്തില്‍ അയാള്‍ 'അയ്യോ! ആന എന്നെ കൊല്ലുന്നേ!' എന്നു  നിലവിളിച്ചു കൊണ്ടു നിലത്തു വീണു. സാരമായ പരിക്കു പറ്റിയ അയാള്‍ക്ക്‌ ബോധം കെട്ടു. ഇതിനിടയില്‍ മറ്റുള്ള ശിഷ്യരെല്ലാവരും ഓടി ആശ്രമത്തില്‍ എത്തി ആന വിരണ്ടതും അവരെല്ലാവരും ഓടി വന്നതും അറിയിച്ചു. ഗുരു ആ ശിഷ്യന്‍ എവിടെ എന്നു ചോദിച്ചു. അപ്പോഴാണ്‌ അയാള്‍ ഇല്ലാത്തത് എല്ലാവര്‍ക്കും മനസ്സിലായത്‌. ഉടനെ തന്നെ ഗുരു മറ്റുള്ളവരെയും കൂട്ടി അയാളെ അന്വേഷിച്ചു തിരിച്ചു.          
          ഒടുവില്‍ അവര്‍ അയാളെ ഒരിടത്തു കിടക്കുന്നതു കണ്ടു. അയാള്‍ക്കു ബോധം നഷ്ടപ്പെട്ടിരുന്നു. എല്ലാവരും കൂടി അയാളെ എടുത്തു കൊണ്ടു വന്നു പ്രഥമ ശുശ്രൂഷകള്‍ നല്‍കി. ബോധം തെളിഞ്ഞ അയാളോട് ഗുരു എന്തു സംഭവിച്ചു എന്നു ചോദിച്ചു. അയാള്‍ നടന്നതെല്ലാം പറഞ്ഞു. ഗുരു അയാളോട് മദമിളകിയ  ആന വരുന്നു എന്നു എല്ലാവരും പറഞ്ഞപ്പോള്‍ എന്തു കൊണ്ടു അയാള്‍ ഓടി രക്ഷപ്പെട്ടില്ല എന്നു ചോദിച്ചു. അയാള്‍ അതിനു എല്ലാവറ്റിന്റെയും ഉള്ളില്‍ ഭഗവാനാണ് സ്ഥിതി ചെയ്യുന്നത് എന്നു അദ്ദേഹമല്ലേ അയാള്‍ക്കു ഉപദേശിച്ചത് എന്നു പറഞ്ഞു. ആനയുടെ ഉള്ളിലും അന്തര്യാമിയായി ഭഗവാന്‍ വര്‍ത്തിക്കുന്നല്ലോ എന്നു താന്‍ കരുതി എന്നു പറഞ്ഞു. 
       സദ്ഗുരു ഉറക്കെ ചിരിച്ചു. എന്നിട്ട് അയാളോട് 'താന്‍ പറഞ്ഞത് ശരിയാണ്! എല്ലാറ്റിന്റെയും അന്തര്യാമി ഭഗവാന്‍
തന്നെയാണ്. ആനയുടെ ഉള്ളില്‍ എന്നപോലെ ആനക്കാരന്റെ
ഉള്ളിലും. ഇയാളോട് ഓടാന്‍ പറഞ്ഞവരുടെ ഉള്ളിലും അതേ ഭഗവാന്‍ തന്നെയല്ലേ അന്തര്യാമിയായി ഇരിക്കുന്നത്. അവരുടെ ഉള്ളിലുള്ള ഭഗവാന്‍ അയാളോട് ഓടാന്‍ പറഞ്ഞില്ലേ? എന്നിട്ട് അയാള്‍ എന്തേ അതു അനുസരിക്കാത്തത്? ഇയാള്‍ക്ക് ആപത്തു വരുന്നു എന്നു ഭഗവാന്‍ അവരില്‍ കൂടി എത്ര മുന്നറിയിപ്പ് നല്‍കി. പക്ഷേ അയാള്‍ അതൊന്നും വക വെച്ചില്ലല്ലോ! അപ്പോള്‍ അയാള്‍ എത്രമാത്രം അന്തര്യാമി തത്വത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു ഇതില്‍ നിന്നും മനസ്സിലാക്കാം എന്നു പറഞ്ഞു.
         ശിഷ്യനു തന്റെ തെറ്റ് ഉടനെ മനസ്സിലായി. അയാള്‍ സദ്ഗുരുവിന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു. 'ഗുരോ! എനിക്കറിയാം എന്ന അഹങ്കാരമാണ് എന്റെ വീഴ്ചയ്ക്കു കാരണം എന്നെനിക്കു മനസ്സിലായി. എല്ലാവരുടെ മുന്നിലും എന്റെ അറിവ് പ്രദര്‍ശിപ്പിക്കാനുള്ള തിടുക്കമായിരുന്നു എനിക്കു. ഞാന്‍ അവര്‍ പറഞ്ഞത് ചെവിക്കൊണ്ടിരുന്നെങ്കില്‍  ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അങ്ങ് ഇപ്പോള്‍ എനിക്കു അന്തര്യാമി തത്വം ശരിക്കും മനസ്സിലാക്കി തന്നു എന്നു പറഞ്ഞു ഗുരുവിന്റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ഗുരു അയാളോട് ഇനിയെങ്കിലും ഗുരു പറയുന്നത് ധ്യാനത്തോടെ ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കു. പകുതി മനസ്സിലാക്കി സ്വയം ആപത്തില്‍ ചെന്നു ചാടരുത് എന്നു ഉപദേശിച്ചു. അതിനു ശേഷം ആ ശിഷ്യന്‍ വളരെ ശ്രദ്ധാ പൂര്‍വ്വം അഹങ്കാരം ഉപേക്ഷിച്ചു ഗുരുവിന്റെ ഉപദേശങ്ങള്‍ കേട്ടു പഠിച്ചു.
        മനുഷ്യ മനസ്സ് നമ്മെ കബളിപ്പിക്കും. അതിനു നാം അടിമപ്പെടരുത്. അതു നമ്മെ തെറ്റിലേക്കു നയിക്കും. വിനയത്തോടെ ഗുരു പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക! പൂര്‍ണ്ണമായി അതു മനസ്സിലാക്കാന്‍ ശ്രമിക്കുക. രാധേകൃഷ്ണാ! 
ജയ്‌ സദ്ഗുരു മഹാരാജ് കീ ജയ്‌!
ഭക്തിരഹസ്യം 
         രാധേകൃഷ്ണാ! ഭഗവാന്റെ അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തില്‍ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്‌. ഗര്‍ഭധാരണം നടന്നു കഴിഞ്ഞു പത്തു മാസം പൂര്‍ത്തിയായതിനു ശേഷം മാത്രമേ കുഞ്ഞു പുറത്തു വരുന്നുള്ളൂ. അടുപ്പില്‍ അരി, വെള്ളം എല്ലാം ഒന്നിച്ചു വെച്ചിട്ട് ഉടനെ ചോറ് പാകം ആകുന്നില്ല. അതിനു വേണ്ട സമയം എടുത്തു  മാത്രമേ പാകമാകുന്നുള്ളൂ.  ഒരു വിത്തു ഇട്ടു കഴിഞ്ഞാല്‍ ഉടനെ മരമാകുന്നില്ല. അതിന്റെതായ കാലം എടുത്തു മരമാകുന്നു. അതു   പോലെ എല്ലാത്തിനും കാലം ആവശ്യമാണ്‌. ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്‌. ധ്രുവന്‍, ഭരതന്‍, തുടങ്ങിയ ഭക്തര്‍ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തില്‍ ഭഗവാന്‍ അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്‌. 
          ഒരു ഗ്രാമത്തില്‍ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാല്‍ അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ  നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കല്‍ അദ്ദേഹത്തോട് 'അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നത് കൊണ്ടു എന്തു ഫലം?  ആ പുസ്തകം തട്ടിന്‍പുറത്തു കൊണ്ടു വയ്ക്കു. എന്നിട്ട് അരികിലുള്ള ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുക്കു. കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം. അല്ലാതെ നിത്യവും ഇതു പാരായണം ചെയ്തിട്ടു നമുക്കു എന്തു ലാഭം? എന്നും അങ്ങ് 'അനന്യാശ്ചിന്തയന്തോ മാം..' എന്നു വായിക്കുന്നതു കേട്ടു മടുത്തു. പക്ഷേ ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!' എന്നിങ്ങനെ പറഞ്ഞു. 
       എന്തു കൊണ്ടോ എന്തോ അന്നു അദ്ദേഹത്തിന് അവള്‍ പറയുന്നതില്‍ തെറ്റില്ല എന്നു തോന്നി. താന്‍ ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ ആശ്രയിച്ചു. എന്നിട്ട് തനിക്കു എന്തു കിട്ടി? ഗ്രാമവാസികളോട് ഇരന്നാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. അതും ഇപ്പോള്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടു ദൂരെ നിന്നു തന്നെ അദ്ദേഹത്തെ കാണുമ്പോള്‍ എന്തെങ്കിലും ചോദിക്കും എന്നു കരുതി കതകടക്കുകയാണ്. ഇനി ഇപ്പോള്‍ തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തില്‍ പോയി ഉഞ്ചവൃത്തി എടുത്താല്‍ വല്ലതും കിട്ടും. ഗീത വായിച്ചു സമയം കളഞ്ഞത് കൊണ്ടു പ്രയോജനം ഒന്നുമില്ല എന്നു തോന്നിപ്പോയി. 
     പെട്ടെന്നു ബ്രാഹ്മണന്‍ താന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു. അതിലെ 'യോഗ ക്ഷേമം വഹാമ്യഹം' എന്നു  എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചു. എന്നിട്ട് പുസ്തകം തട്ടിന്‍പുറത്തേക്കു വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു അടുത്ത ഗ്രാമത്തിലേക്കു നടന്നു. അദ്ദേഹം പോയ ഉടനെ ആരോ ഒരാള്‍ വീട്ടിലെത്തി. അയാളുടെ കൈവശം ധാരാളം പലവ്യഞ്ജനങ്ങള്‍ ഉണ്ടായിരുന്നു. കുറെക്കാലത്തിനു ആവശ്യമായ സകല സാധനങ്ങളും കൊണ്ടാണ് അയാള്‍ വന്നിരുന്നത്. താന്‍ ബ്രാഹ്മണന്റെ അകന്ന ബന്ധുവാണെന്നും, അവര്‍ വളരെ കഷ്ടപ്പെടുന്നുണ്ട് എന്നു ഇപ്പോഴാണ് താന്‍ അറിഞ്ഞത് എന്നും. അവരെ സഹായിക്കാന്‍ എല്ലാം വാങ്ങിക്കൊണ്ടു വരികയാണെന്നും, സ്വല്പം താമസിച്ചു പോയി എന്നും പറഞ്ഞു. എന്നിട്ട് സാധനങ്ങള്‍ എല്ലാം അവിടെ ഇറക്കിയിട്ടു അയാള്‍ പോയി.      
         ബ്രാഹ്മണന്റെ ഭാര്യയ്ക്കു ആശ്ചര്യം ഉണ്ടായി. അന്നു ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ അവര്‍ ഒരുക്കി. ഉച്ചയോടെ ബ്രാഹ്മണന്‍ വീട്ടിലേക്കു മടങ്ങി വന്നു. അകത്തു നെയ്യുടെയും മറ്റും നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ പത്നി നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിനു അങ്ങനെ ഒരു ബന്ധു ഉള്ളതായി ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടെ വന്ന ആളിനെക്കുറിച്ച് ചോദിച്ചു. അതിനു അവര്‍ വന്നയാള്‍ ഒരു ചെറുപ്പക്കാരനായിരുന്നു എന്നും, നല്ല കറുത്ത നിറമായിരുന്നു എന്നും, അയാളുടെ കൈകളും, കണ്ണും, കാലും നല്ല ചുവപ്പായിരുന്നു എന്നും, തലയില്‍ തലപ്പാവ് കെട്ടിയിരുന്നു എന്നും, അരയില്‍ ഒരു വസ്ത്രം ഉടുത്തിരുന്നു എന്നും പറഞ്ഞു.
       പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓര്‍ത്തിട്ടെന്ന പോലെ ' ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി' എന്ന് പറഞ്ഞ. ഉടനെ ബ്രാഹ്മണന്‍ അതെന്താണ് എന്നു വളരെ ആകാംക്ഷയോടെ ചോദിച്ചു. അതിനു അവര്‍ 'അവന്റെ വായ കരി വരച്ചത് പോലെ കറുത്തിരുന്നു' എന്നു പറഞ്ഞു.  ഇതു കേട്ട ബ്രാഹ്മണന്‍ എന്തോ ഓര്‍ത്തിട്ടെന്ന പോലെ ഒന്നു ഞെട്ടി.    ഉടനെ അദ്ദേഹം വെപ്രാളം പിടിച്ചു തട്ടുമ്പുറത്തു കയറി, തന്റെ ഭഗവത് ഗീത പുസ്തകം തപ്പിയെടുത്തു. അദ്ദേഹം അതു തുറന്നു അതില്‍ വരുന്ന 'അനന്യാശ്ചിന്തയന്തോ മാം...' എന്നാ ശ്ലോകം ഒരു ചങ്കിടിപ്പോടെ നോക്കി. അതില്‍ അദ്ദേഹം വരച്ച കരിയടയാളം കാണ്മാനില്ലായിരുന്നു.
        ബ്രാഹ്മണനു വന്നത് ഭാഗവാനാണെന്നു മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു. 'യോഗക്ഷേമം വഹാമ്യഹം എന്നു ഭഗവാന്‍ പറഞ്ഞത് സത്യം തന്നെയാണ്. നമുക്കു ഇന്നു ഇന്ന സമയത്തു തരണം എന്നു അദ്ദേഹം സങ്കല്‍പ്പിച്ചിരുന്നു. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമ്മള്‍ക്കില്ലാതെ പോയി' എന്നദ്ദേഹം പറഞ്ഞു. അതിനു മുന്‍പ് ധൃതി കൂട്ടി കരി വാരി തേച്ചില്ലേ? ഭഗവാന്‍ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാന്‍ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോള്‍ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു. ഭഗവാന്‍  ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തു കൊണ്ടു പുറപ്പെട്ടു നില്‍ക്കുമ്പോഴാണ് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചതു. ഭഗവത് ഗീത കൃഷ്ണ സ്വരൂപമാണെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. 
         തന്റെ തെറ്റു മനസ്സിലാക്കിയ ബ്രാഹ്മണന്‍ പത്നിയോട് അതു പറഞ്ഞു. 'നീ പറഞ്ഞില്ലേ ഭഗവത് ഗീത പാരായണം ചെയ്‌താല്‍ പ്രയോജനം ഒന്നുമില്ല എന്നു? ഇദാ നോക്കു! ഇതാണ് പ്രത്യക്ഷ പ്രയോജനം.'
പത്നി:- അങ്ങ് എന്താണ് പറയുന്നത്? എനിക്കു മനസ്സിലായില്ലല്ലോ. 
 ബ്രാഹ്മണന്‍:- നോക്കു! ഇത്രയും ദിവസം ഗീത വായിച്ചത് കൊണ്ടു ഭഗവാന്‍ ബന്ധുവിന്റെ രൂപത്തില്‍ നമുക്കു എല്ലാം കൊണ്ടു തന്നു. ഭഗവാന്റെ കാരുണ്യം മനസ്സിലാക്കാതെ നാം വെറുതെ സംശയിച്ചു.
ബ്രാഹ്മണന്റെ പത്നിക്കു ഇത് കേട്ട് ആശ്ചര്യമായി. സത്യം മനസ്സിലാക്കിയ അവര്‍ തന്റെ ഭര്‍ത്താവിനോടും ഭാഗവാനോടും 
മാപ്പപേക്ഷിച്ചു. അതിനു ശേഷം രണ്ടുപേരും പൂര്‍വാധികം വിശ്വാസത്തോടെ ഭഗവത് ഭക്തി ചെയ്തു ജീവിതം നയിച്ചു! അവസാനം അവര്‍ ഇരുവരും ഭഗവത് പദം പ്രാപിച്ചു. 
          ഭഗവാനില്‍ പൂര്‍ണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ടിക്കറ്റ്‌ നേരത്തെ തന്നെ ബുക്ക്‌ ചെയ്തു വയ്ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ്‌ ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനില്‍ വയ്ക്കുന്നില്ല? പ്രാര്‍ത്ഥന എന്നാ ടിക്കറ്റ്‌ എടുത്തു കഴിഞ്ഞാല്‍ നമുക്കുള്ളത്  തീര്‍ച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഡമായ വിശ്വാസം തീര്‍ച്ചയായും വിജയിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!       
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 50)  
      രാധേകൃഷ്ണാ! പെണ്‍പിള്ളൈ തുടര്‍ച്ചയായി രാമായണ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. ശബരിയുടെ ഗുരു ഭക്തിയെ
കുറിച്ചു പറഞ്ഞത് കേട്ട രാമാനുജര്‍ അടുത്തതായി അവള്‍ എന്താണ് പറയാന്‍ പോകുന്നതെന്നു ശ്രദ്ധിച്ചു നിന്നു. അദ്ദേഹം പൂര്‍വ ജന്മത്തില്‍ ലക്ഷ്മണനായി നിന്നു അതൊക്കെ കണ്ടതല്ലേ. പെണ്‍പിള്ളൈ ഉടനെ അടുത്തതായി ഒരു വാക്യം പറഞ്ഞു. രാമായണത്തില്‍ നിന്നും വേറിട്ട്‌ ഭാഗവതം വിഷ്ണുപുരാണം തുടങ്ങിയവയില്‍ കാണപ്പെടുന്ന ഒരു കൊച്ചു ഭക്തനാണ് നായകന്‍!
'ഇങ്കും ഉണ്ടെന്റെനോ പ്രഹ്ലാദനൈപ്പോലെ' 
അത്യാശ്ചാര്യകരമായ ഒരു അസുര ബാലന്‍. പരമ സാത്വീകന്‍! എത്രയോ തടസ്സങ്ങളുടെ നടുവില്‍ നിന്നു കൊണ്ടു ഉന്നതമായ ഭക്തി ചെയ്തു!  അവന്റെ ഭക്തി കൊണ്ടു ഭഗവാനെ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുത്തി. അസുര രാജനായ ഹിരണ്യകശിപു  പോലും അയാളോട് തോറ്റു പോയി. സാധാരണ പലരും അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നു പുലമ്പും. പ്രഹ്ലാദനോ ജീവിതമേ പ്രശ്നമായിരുന്നു. പ്രഹ്ലാദനെ പോലെ ജീവിതം മുഴുവനും കഷ്ടം അനുഭവിച്ച വേറെ ആരും തന്നെ കാണില്ല. 
          പ്രഹ്ലാദന്‍ ഗര്‍ഭത്തില്‍ ഉള്ളപ്പോള്‍ തന്നെ ദേവേന്ദ്രന്‍ പ്രഹ്ലാദന്റെ മാതാവായ കയാതുവിനെ വധിക്കാന്‍ ശ്രമിക്കുന്നു. ഹിരണ്യകശിപു അപ്പോള്‍ ബ്രഹ്മാവിനെ തപസ്സു ചെയ്യാന്‍ പോയിരിക്കുകയായിരുന്നു.  ഗര്‍ഭത്തില്‍ വളരുന്ന ഇല്ലാതെയാക്കുക എന്ന ലക്ഷ്യമായിരുന്നു. അപ്പോള്‍ നാരദ മഹര്‍ഷി ഇടപെട്ടു കയാതുവിന്റെ ഗര്‍ഭത്തില്‍ വളരുന്ന ശിശു ഒരു   ഭാഗവതനാണെന്നു പറഞ്ഞു മനസ്സിലാക്കി ആ ഉദ്യമത്തില്‍ നിന്നും അയാളെ പിന്തിരിപ്പിക്കുന്നു. നാരദരുടെ വാക്കു സത്യമായി തീരുന്നു. നാരദര്‍ കായടുവിനെ തന്റെ ആശ്രമത്തിലേക്കു കൊണ്ടു പോയി. അവിടെ നാരായണ ഗുണങ്ങളെ ഗര്‍ഭസ്ഥ ശിശുവിനു ഉപദേശിച്ചു.  അങ്ങനെ പ്രഹ്ലാദന്‍ ഒരു മഹാഭക്തനായി മാറി. ഉള്ളില്‍ നിറയെ ആനന്ദത്തില്‍ ആറാടി.
            നിത്യ ഘണ്ഡം പൂര്‍ണ്ണ ആയുസ്സ് എന്നത് ആ കുട്ടിയുടെ കാര്യത്തില്‍ സത്യമായിരുന്നു. സ്വന്തം പിതാവ് തന്നെ അയാള്‍ക്കു എതിരായിരുന്നു. എന്നിട്ടും ഹരിഭക്തിയില്‍ നിന്നും കുട്ടി പിന്മാറിയില്ല. ഹിരണ്യകശിപുവിനു ഹരി ദ്വേഷമായിരുന്നു. പ്രത്യേകിച്ചു തന്റെ സഹോദരനായ ഹിരണ്യാക്ഷനെ  ഹരി വരാഹ അവതാരമെടുത്തു സംഹരിച്ചതില്‍ ക്രുദ്ധനായിരുന്നു. ഹരിയെ തന്റെ ശത്രുവായി തന്നെ കണ്ടു. ഹരിയെ വധിക്കുക എന്ന ലക്ഷ്യമാണ്‌ അയാള്‍ക്കുണ്ടായിരുന്നത്. അതിനു വേണ്ടി ബ്രഹ്മദേവനെ കുറിച്ചു തപസ്സ് ചെയ്യുന്നു. മരണമില്ലാത്ത ഒരു അവസ്ഥയാണ് അയാള്‍ക്കു വേണ്ടത്. പക്ഷേ ബ്രഹ്മദേവനു അങ്ങനെ ഒരു വരം കൊടുക്കാന്‍ കഴിയില്ലായിരുന്നു. അതു കൊണ്ടു അദ്ദേഹം പല ഉപാധികള്‍ കൊണ്ടു അയാള്‍ക്കു മരണം ഇല്ലാത്ത അവസ്ഥ വാഗ്ദാനം ചെയ്തു. ദുഷ്കരമായ ആ ഉപാധികള്‍ മാറി കടന്നു തന്നെ കൊല്ലാന്‍ ആര്‍ക്കും സാധിക്കില്ല എന്നു ആ മൂഡന്‍ ധരിച്ചു. 
         വരം ലഭിച്ചു അഹങ്കാരത്തോടെ അയാള്‍ കൊട്ടാരത്തിലെത്തി. ഇനി തന്നെ വെല്ലാന്‍ ആരുമില്ല എന്നു പറഞ്ഞു, അയാള്‍ ലോകങ്ങള്‍ കീഴടക്കാന്‍ ആരംഭിച്ചു. ഹരിയെ മാത്രം അയാള്‍ ഇതുവരെ നേരില്‍ കണ്ടില്ല. മകനെ ലാളിക്കുന്ന നേരം അവന്‍ ഇതുവരെ പഠിച്ചതില്‍ ഏറ്റവും ഉത്തമമായത്
എന്താണെന്ന് ചോദിച്ചു.  മകനോ, സകലതും ഉപേക്ഷിച്ചു വനത്തില്‍ പോയി ഹരിയെ ധ്യാനിക്കുകയാണ് ഏറ്റവും ഉത്തമം എന്നു പറഞ്ഞു. നവവിധ ഭക്തിയായ ശ്രവണം, കീര്‍ത്തനം, സ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദ്യം, ദാസ്യം, സഖ്യം, ആത്മ നിവേദനം എന്നിവയെ കുറിച്ചു പറഞ്ഞു. ഹിരണ്യകശിപു
ഇതു കേട്ടു ഞെട്ടി. താന്‍ ശത്രുവായി കണക്കാക്കുന്ന ഹരിയെ ആശ്രയിക്കുവാന്‍ തന്റെ മകന്‍ പറയുന്നു! വിചിത്രം തന്നെ!
          ആചാര്യന്മാരായ ചണ്ഡാ മാര്‍ക്കന്മാരെ വിളിച്ചു താക്കീത് ചെയ്യുന്നു. അവര്‍ കുട്ടിയെ വിളിച്ചു കൊണ്ടു പോയി ഹിരണ്യകശിപുവിനെ ഈശ്വരനായി ആരാധിക്കാന്‍ ഉപദേശിച്ചു നോക്കി. ഫലിച്ചില്ല എന്നു മാത്രമല്ല, പ്രഹ്ലാദന്‍ തന്റെ സഹപാഠികളേയും നാരായണ ഭക്തിയില്‍ വ്യാപരിപ്പിച്ചു. അവര്‍ എല്ലാവരും ചേര്‍ന്നു നാരായണ നാമം ജപിച്ചു തുടങ്ങി. ആ കുട്ടിയുടെ ദൃഡ ഭക്തിയില്‍ അവര്‍ മുട്ടുകുത്തി. അവരുടെ തോല്‍വി സമ്മതിച്ചു ചക്രവര്‍ത്തിയോട് പറഞ്ഞു. ഹിരണ്യകശിപുവിനു കോപം അടക്കാനായില്ല. മകനാണെങ്കിലും തന്റെ ശത്രുവിനെ ആശ്രയിക്കുന്ന പ്രഹ്ലാദനെ വധിക്കുവാന്‍ തീരുമാനിക്കുന്നു. 
           അഞ്ചു വയസ്സുള്ള ആ ബാലന്‍ നേരിടേണ്ടി വരുന്ന കഷ്ടങ്ങള്‍ക്കു ഒരു അളവില്ലായിരുന്നു. മലയില്‍ നിന്നും ഉരുട്ടി ഇട്ടും, അഗ്നിയില്‍ എറിഞ്ഞും, സമുദ്രത്തില്‍ താഴ്ത്തിയും, ആനയെ കൊണ്ടു ചവിട്ടിച്ചും, വിഷം കുടിപ്പിച്ചും, മറ്റും എന്തൊക്കെയോ ചെയ്തു അവനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രഹ്ലാദന്‍ ഇതു സ്ഥിതിയിലും തന്റെ വിശ്വാസം കൈവിടാതെ ഭക്തിയില്‍ ഉറച്ചു നിന്നു തന്റെ അച്ഛനെ തോല്‍പ്പിച്ചു. ക്ഷമ നശിച്ച അസുരന്‍ പ്രഹ്ലാദനെ വിളിച്ചിട്ട് അവന്റെ നാരായണന്‍ എവിടെ, തനിക്കു കാണിച്ചു തരണം എന്നു ആവശ്യപ്പെടുന്നു. ഒട്ടും മാറി കൂടാതെ ആ പിഞ്ചു കുട്ടി നാരായണന്‍ എവിടെയും ഉണ്ട് എന്നു ഉറപ്പിച്ചു പറഞ്ഞു. ഉടനെ ഹിരണ്യകശിപു അവിടെയുള്ള ഒരു തൂണ് ചൂണ്ടി കാണിച്ചു കൊണ്ടു ഹരി അവിടെയുണ്ടോ എന്നു ചോദിച്ചു. തീര്‍ച്ചയായും അവിടെയും ഭഗവാന്‍ ഉണ്ട് എന്നു പ്രഹ്ലാദന്‍. പറഞ്ഞു. 'ഇങ്കും ഉണ്ടെന്റെനോ'- യാതൊരു ശങ്കയും അവനില്ലായിരുന്നു.        
    ഹിരണ്യകശിപു ഉടനെ തന്നെ 'എങ്കില്‍ കാണട്ടെ' എന്നു പറഞ്ഞു കൊണ്ടു തന്റെ മുഷ്ടി കൊണ്ടു തൂണില്‍ കുത്തി. ഉടന്‍ തന്നെ ഭഗവാന്‍ നരഹരി രൂപത്തില്‍ തൂണില്‍ നിന്നും ആവിര്‍ഭവിച്ചു. തന്റെ ഭക്തനായ പ്രഹ്ലാദന്റെ വാക്കുകള്‍ സത്യമാക്കാന്‍ ഭഗവാന്‍ തൂണില്‍ നിന്നും പുറത്തു വന്നു. തന്റെ ഭക്തനായ ബ്രഹ്മാവിന്റെ വാക്കുകള്‍ സത്യമാക്കാന്‍ ഭഗവാന്‍ നരഹരി രൂപമെടുത്തു. ബ്രഹ്മാവ്‌ കല്പിച്ച ഉപാധികള്‍ ഭേദിച്ച് കൊണ്ടു ഭഗവാന്‍ ഹിരണ്യകശിപുവിനെ വധിച്ചു. 
    എത്രയോ പരീക്ഷണങ്ങള്‍ നേരിട്ടപ്പോഴും പ്രഹ്ലാദന്‍ തന്റെ ഭക്തിയില്‍ ഉറച്ചു നിന്നു. ഭഗവാന്റെ ഒരു ചിത്രമോ, വിഗ്രഹമോ, ക്ഷേത്രമോ ഒന്നും ഇല്ലാതെ തന്നെ ഭഗവാനില്‍ ദൃഡവിശ്വാസം പുലര്‍ത്തിയിരുന്നു. ആശ്ചര്യകരം തന്നെ! പെന്‍ പെണ്‍പിള്ളൈ പ്രഹ്ലാദന്റെ! ഈ ഗുണത്തില്‍ ആകൃഷ്ടയായി. തനിക്കു അതു പോലെ ദൃഡ വിശ്വാസം ഇല്ലല്ലോ എന്നു സങ്കടപ്പെടുന്നു. രാധേകൃഷ്ണാ!

Wednesday, July 13, 2011

പ്രേമവേദം ജൂലൈ - 11

Posted by VEDHASAARAM


ശ്രീമാന്നാരയണീയം
നിശ്ശേഷ വിശ്വരചനാ ച കടാക്ഷ മോക്ഷ:
കര്‍ ണ്ണൌ ദിശോശ്വിയുഗലം തവ നാസികെ ദ്വേ 
ലോഭത്രപേ ച ഭഗവന്നധരോഷ്ടൌ  
താരാ ഗണാശ്ച രദനാശ്ശമനശ്ച ദംഷ്ട്രാ.
                              (ദശഃ 6 ശ്ലോഃ 5)  
          അങ്ങയുടെ കടാക്ഷ വീക്ഷണത്തെ അഖില വിശ്വ നിര്‍മ്മിതി എന്നു പറയുന്നു. ദിക്കുകള്‍ അങ്ങയുടെ കര്‍ണ്ണങ്ങളും രണ്ടു അശ്വിനീദേവന്മാര്‍ നാസാദ്വാരങ്ങളുമാണ്. ഹേ ഭഗവാനേ! ലോഭവും, ലജ്ജയും, അങ്ങയുടെ രണ്ടു അധരങ്ങളാണ്, നക്ഷത്രങ്ങള്‍ ദന്തങ്ങളും, യമന്‍ അണപ്പല്ലുകളുമാകുന്നു.
                                        (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)


സദ്ഗുരു വാത്സല്യം 
            രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ഒരു മഹാന്‍ ക്രൂര സര്‍പ്പത്തിനെ അടക്കിയത്‌ നാം കണ്ടു. അതെ സമയം ഉദ്യാനത്തിന്റെ വെളിയില്‍ കൂടിയിരുന്ന ജനങ്ങള്‍ക്കു അകത്തു നടക്കുന്നത് എന്തെന്ന് അറിയുവാന്‍ ആകാംക്ഷയായി. അവര്‍ പതുക്കെ അകത്തു വന്നു നോക്കി. അവിടെ മഹാന്‍ നിശ്ചലനായി ധ്യാനിക്കുന്നതും അടുത്തു തന്നെ സര്‍പ്പം മിണ്ടാതെ കിടക്കുന്നതും കണ്ടു ആശ്ചര്യപ്പെട്ടു. ഓ! ആ മഹാന്‍ സര്‍പ്പത്തെ എങ്ങനെയോ അടക്കിയിരിക്കുന്നു എന്നു മനസ്സിലാക്കി. അവരും അടുത്തു വന്നു നോക്കി. പാമ്പ് അവരെ ഒന്നും തന്നെ ചെയ്തില്ല. അതോടെ അവര്‍ക്കൊക്കെ ഭയം പോയി. അവരെല്ലാവരും സന്തോഷിച്ചു. ഇനി അവര്‍ക്ക് ഉദ്യാനത്തില്‍ ഭയമില്ലാതെ സഞ്ചരിക്കാം എന്നു വിചാരിച്ചു. 
        മഹാന്‍ ആ ഗ്രാമത്തില്‍ കുറച്ചു ദിവസം തങ്ങി പിന്നീടു അവിടെ നിന്നും പുറപ്പെട്ടു പോയി. അദ്ദേഹം കുറെ കാലം എവിടെയൊക്കെയോ കറങ്ങിയിട്ട് വീണ്ടും ഒരിക്കല്‍ ഈ ഗ്രാമത്തില്‍ എത്തി. വന്ന ഉടന്‍ അദ്ദേഹം ആ ഉദ്യാനത്തിലേക്കു പോയി. അദ്ദേഹം നോക്കുമ്പോള്‍ അവിടെയാകെ ജനങ്ങള്‍ നിറഞ്ഞിരിക്കുന്നത്‌ കണ്ടു. എല്ലാവരും ഉത്സാഹത്തോടെ ആടി പാടി ഉല്ലസിച്ചു നടക്കുന്നു. അവിടുത്തെ ജനങ്ങളോട് 'നിങ്ങള്‍ക്കു ഇപ്പോള്‍ പാമ്പിനെ  ഭയമില്ലേ?' എന്ന് ചോദിച്ചു. അതിനു അവരും ഇല്ല ഇപ്പോള്‍ ഞങ്ങള്‍ക്ക് പാമ്പിനെ ഭയമില്ല. അത് ഞങ്ങളെ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന് പറഞ്ഞു. അദ്ദേഹം കുറച്ചു ദൂരം നടന്നു നീങ്ങിയപ്പോള്‍ കുറച്ചു കുട്ടികള്‍ കല്ലെടുത്തു എറിയുന്നത് കണ്ടു. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കുവാന്‍ അദ്ദേഹം അവിടെ ചെന്നു. അദ്ദേഹം നോക്കുമ്പോള്‍ ആ കുട്ടികള്‍ അവിടെ കിടന്നിരുന്ന പാമ്പിനെ കല്ലെടുത്തു എറിയുകയായിരുന്നു. 
        ഏതു പാമ്പാണോ കുറച്ചു നാള്‍ മുന്‍പ് വരെ അവരെ ഭയപ്പെടുത്തിയിരുന്നത്‌ അതെ പാമ്പിനെ അവര്‍ കല്ലെറിഞ്ഞു കൊണ്ടിരുന്നു. മഹാന്‍ അവരെ വിലക്കിയിട്ടു എന്താണ് ഇങ്ങനെ ചെയ്യുന്നത് എന്നു ചോദിച്ചു. അവര്‍ അതിനു 'ഇത്രയും ദിവസം ഈ പാമ്പ് ഞങ്ങളെ വിറപ്പിച്ചിരുന്നില്ലേ ഇപ്പോള്‍ അതിന്റെ ശക്തിയൊക്കെ പോയി അത് കൊണ്ടു ഞങ്ങള്‍ അതിനെ അടിക്കുന്നു' എന്നു പറഞ്ഞു. മഹാന്‍ ആ കുട്ടികളെ അങ്ങനെ ചെയ്യരുത് എന്നു പറഞ്ഞു വിലക്കി എന്നിട്ട് ആ പാമ്പിനെ എടുത്തു മടിയില്‍ വെച്ച് തലോടി. തന്റെ ഗുരുവിനെ കണ്ട ഉടനെ അത് തിരിച്ചറിഞ്ഞു. അടി കൊണ്ടു അര്‍ദ്ധപ്രാണനായി തീര്‍ന്നിരുന്നു. മഹാന്‍ അതിനെ പതുക്കെ തലോടിക്കൊണ്ടു എന്താണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം എന്നു ചോദിച്ചു. 
       പാമ്പ് അതിനു, അങ്ങ് പറഞ്ഞത് പോലെ ഞാന്‍ ആരെയും ഉപദ്രവിക്കാതെ ഇവിടെ ഒതുങ്ങി കഴിയുകയാണ്. വല്ലപ്പോഴും ആഹാരം അന്വേഷിച്ചു മാത്രം പുറത്തേക്കു വരും. പുറത്തു വന്നാല്‍ പിന്നെ ഇതു പോലെ ഓരോരുത്തരുടെ ഊഴമാണ് എന്നെ ഉപദ്രവിക്കുന്നത്. ചില ദിവസം ഭക്ഷണം കിട്ടാതെ മടങ്ങും. പക്ഷെ അങ്ങ് പറഞ്ഞത് കൊണ്ടു ഞാന്‍ ആരെയും തിരിച്ചു ഉപദ്രവിക്കുന്നില്ല എന്നു പറഞ്ഞു കണ്ണീര്‍ വാര്‍ത്തു. ഇതു കേട്ട് ആ മഹാന്‍ വളരെ ദുഃഖത്തോടെ 'ഹേ വിഡ്ഢി സര്‍പ്പമേ! ഞാന്‍ എന്താണ് നിന്നോടു പറഞ്ഞത്? നീയായിട്ടു ആരെയും ഉപദ്രവിക്കരുത് എന്നല്ലേ! അതില്‍ നീയും പെടില്ലേ? നിന്നെ ഉപദ്രവിക്കുന്നതും തെറ്റല്ലേ? നീ ആരെയും കടിക്കണ്ടാ, പക്ഷെ നിന്നെ ഉപദ്രവിക്കുന്നവരെ ചീറി ഭയപ്പെടുത്തി ഓടിക്കാമല്ലോ. എന്ത് കൊണ്ടു അതു പോലും ചെയ്തില്ല? മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തെറ്റ് തന്നെയാണ്. അതെ പോലെ സ്വയം രക്ഷ ചെയ്തില്ലെങ്കില്‍ അതും തെറ്റാണ്. നീ അവരെ ചീറി ഭയപ്പെടുത്തിയിരുന്നെങ്കില്‍ നിന്നെ ആരും ഉപദ്രവിക്കാതിരുന്നേനെ' എന്നു പറഞ്ഞു. 
         പാമ്പിനു തന്റെ തെറ്റ് മനസ്സിലായി. അതു ആ സദ്ഗുരുവിനെ വീണ്ടും നമസ്കരിച്ചു. അതിനു ശേഷം അതു തന്റെ പ്രാണ രക്ഷാര്‍ത്ഥം ചീറി ഭയപ്പെടുത്തും. അപ്പോള്‍ ആളുകള്‍ക്ക് അതിനോട് ഭയമായി. പിന്നീട് അവര്‍ അതിനെ ഉപദ്രവിക്കാതെയായി. ആ പാമ്പ് അങ്ങനെ കുറേക്കാലം കഴിഞ്ഞു സദ്ഗുരുവിന്റെ ധ്യാനം കൊണ്ടു തന്റെ അവസാന കാലത്ത് മോക്ഷം പ്രാപിച്ചു. കേവലം ഒരു ഹിംസ്ര ജന്തുവായ പാമ്പിനെ പോലും സദ്ഗുരു മാറ്റി ഭാഗവാങ്കലേക്ക് നയിച്ചു എന്നു പറയുമ്പോള്‍ സദ്ഗുരുവിന്റെ മഹിമ എത്ര വലുതാണ്‌ എന്നു മനസ്സിലാക്കാം.  ആററിവ് ഇല്ലാത്ത ഒരു പാമ്പ് പോലും സദ്ഗുരുവിന്റെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചു അതു അനുസരിച്ച് മോക്ഷം പ്രാപിച്ചു. അപ്പോള്‍ മനുഷ്യരായ നാം സദ്ഗുരുവിനെ വിശ്വാസിക്കെണ്ടെ? ജയ്‌ സദ്ഗുരു മഹാരാജ് കീ ജയ്‌! രാധേകൃഷ്ണാ!

  ഭക്തി രഹസ്യം
അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം യോഗ ക്ഷേമം വഹാമ്യഹം.
       രാധേകൃഷ്ണാ! ഭഗവാനെ മുറുകെ പിടിക്കണം. ഒരു ക്ഷണം പോലും ഭഗവാനെ മറക്കരുത്. മറക്കേണ്ട ആവശ്യവും ഇല്ല. സദാ സര്‍വദാ കൃഷ്ണ സ്മരണം ചെയ്യണം. 'എന്നെ മാത്രം ചിന്തിച്ചു കൊണ്ടു, മറ്റു ചിന്തകളെ വെടിഞ്ഞു ആരാണോ എന്നെ ആരാധിക്കുന്നത്, അവരുടെ യോഗവും ക്ഷേമവും ഞാന്‍ വഹിക്കുന്നു' എന്നു ഭഗവാന്‍ ഗീതയില്‍ പറയുന്നു. യോഗം എന്നാല്‍ കിട്ടാന്‍ പ്രയാസമായത്  കിട്ടുന്നത്. ക്ഷേമം എന്നാല്‍ അതിനെ സംരക്ഷിക്കുന്നത്. 
      എല്ലാ പ്രായത്തിലും കാലത്തിലും ഭഗവാനെ അനുഭവിക്കാം. ഭഗവാന്‍ നമുക്ക് നല്ലത് തന്നെ ചെയ്യുന്നു എന്നു ദൃഡമായി വിശ്വസിക്കണം. ആ വിശ്വാസം ഒട്ടും മാറാന്‍ പാടില്ല. അങ്ങനെ മാറുമ്പോള്‍ ഭഗവാന്റെ അനുഗ്രഹത്തെ നാം അറിയുന്നില്ല. ഭഗവാന്‍ ഇപ്പോഴും നമുക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. പക്ഷെ നാം വല്ലപ്പോഴും മാത്രം അതു കൈ നീട്ടി സ്വീകരിക്കുന്നു. ഭഗവാന്‍ ഭക്തന്മാര്‍ക്കു പലപ്പോഴും ഇതു കാണിച്ചു കൊടുക്കുന്നു.
       ഒരു ചെറിയ ഗ്രാമത്തില്‍ ഒരു ഭക്തന്‍ വസിച്ചു വന്നിരുന്നു. എപ്പോഴും നാമ ജപം ചെയ്യുമായിരുന്നു. ഓരോരുത്തരും അവരവരുടെ ഗൃഹത്തില്‍ ഇരുന്നുകൊണ്ട് നാമജപം ചെയ്യേണ്ടതാണ്. നാമം ജപിക്കുന്ന സമയത്ത് നമ്മുടെ മറ്റു ചിന്തകള്‍ നമ്മില്‍ നിന്നും അകന്നു നില്‍ക്കും. ആ ഭക്തന്‍ എന്നും നാമജപം ചെയ്യും. പലരും അദ്ദേഹത്തിന്റെ ഗൃഹത്തില്‍ വന്നു അദ്ദേഹത്തിന്റെ കൂടെ നാമം ജപിക്കുമായിരുന്നു. അദ്ദേഹം എപ്പോഴും 'ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്യുന്നു. ഭഗവാന്‍ എനിക്ക് ആവശ്യമുള്ളത് നോക്കി ചെയ്തു കൊളളും' എന്നു പറയുമായിരുന്നു. അദ്ദേഹത്തിന് അതില്‍ നല്ല വിശ്വാസമായിരുന്നു. 
        ഒരു ഏകാദശി ദിവസം ആ ഗൃഹത്തില്‍ ഭജന നടക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്നു ഭഗവത്  കീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ടിരുന്നു. കുറെ നേരം പാടിയപ്പോള്‍ എല്ലാര്‍ക്കും തൊണ്ട അടയ്ക്കുന്നത് പോലെ തോന്നി. ഉടനെ ഗൃഹനാഥന്‍ ഒരു യുവാവിനെ വിളിച്ചു അടുത്തുള്ള കടയില്‍ പോയി കുറച്ചു ശര്‍ക്കരയും ചുക്കും വാങ്ങി കൊണ്ടു വരാന്‍ പറഞ്ഞു. വെള്ളത്തില്‍ ചുക്കും ശര്‍ക്കരയും ചേര്‍ത്തു കാച്ചി എല്ലാവര്‍ക്കും കുടിക്കാന്‍ കൊടുക്കാം എന്നു അദ്ദേഹം വിചാരിച്ചു. പുലരുന്നത് വരെ എല്ലാവര്‍ക്കും പാടാന്‍ കഴിയണ്ടെ? അപ്പോള്‍ രാത്രിയായി കഴിഞ്ഞിരുന്നു. കടക്കാരന്‍ കട അടച്ചു പൂട്ടി ഇറങ്ങുന്ന സമയത്താണ് ആ യുവാവ് അവിടെ എത്തുന്നത്‌. കടക്കാരന്‍ താന്‍ കട പൂട്ടി കഴിഞ്ഞു എന്നും ഇനി ഇപ്പോള്‍ ഒന്നും തരാന്‍ നിവൃത്തിയില്ല എന്നും പറഞ്ഞു. അപ്പോള്‍ ആ യുവാവ് ആ ഭക്തന്റെ വീട്ടില്‍ ഭജന നടക്കുന്നു എന്നും എല്ലാവര്‍ക്കും തൊണ്ട അടക്കുന്നത് കൊണ്ടു കുറച്ചു ചുക്ക് വെള്ളം ഉണ്ടാക്കാന്‍ ചുക്കും ശര്‍ക്കരയും വാങ്ങാനാണ് താന്‍ വന്നതെന്നും പറഞ്ഞു.
        കടക്കാരന്‍ ഇതു കേട്ട് കട വീണ്ടും തുറക്കാം എന്നു പറഞ്ഞു. തനിക്കു ഏകാദശി ഭജന ഒന്നും കൂടാന്‍ സാധിച്ചില്ല. ഈ ഒരു ഉപകാരം എങ്കിലും ചെയ്യാം എന്നു വിചാരിച്ചു. അയാള്‍ കട തുറന്നു സാധനം എടുത്തു കൊടുക്കാന്‍ ഒരുങ്ങി. വിളക്കൊക്കെ അണച്ചു പോയത് കൊണ്ടു വെളിച്ചം കുറവായിരുന്നു. അയാള്‍ തപ്പി തപ്പി സാധനങ്ങള്‍ എടുത്തു കൊടുത്തു, കട വീണ്ടും പൂട്ടി ഇറങ്ങി. യുവാവ് ശര്‍ക്കരയും ചുക്കും ഭക്തന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു. അദ്ദേഹം അവ ഇട്ടു വെള്ളം തിളപ്പിച്ച്‌ എല്ലാവരും കുടിച്ചു. ഭജന നേരം വെളുക്കും വരെ തുടര്‍ന്നു. 
         കാലത്ത് ആ കടക്കാരന്‍ കട തുറക്കാന്‍ എത്തി. അയാള്‍ പതിവ് പോലെ കട തുറന്നിട്ട്‌ സാധനങ്ങള്‍ എടുത്തു വയ്ക്കാന്‍ ആരംഭിച്ചു. അപ്പോഴാണ്‌ അയാളുടെ കണ്ണില്‍ തലേ ദിവസം അയാള്‍ എടുത്തു കൊടുത്ത സാധനങ്ങളുടെ ഡപ്പി കണ്ണില്‍ പെട്ടത്. അയാള്‍ ഞെട്ടി പോയി. ശര്‍ക്കരക്കു പകരം അയാള്‍ എടുത്തു ക്കൊടുത്തയച്ചത് എലി വിഷമായിരുന്നു. രണ്ടും അടുത്തടുത്തു വെച്ചിരുന്നത് കൊണ്ടു ഇരുട്ടില്‍ അയാള്‍ക്ക്‌ മാറി പോയിരുന്നു. സത്യം മനസ്സിലാക്കിയപ്പോള്‍ അയാള്‍ വല്ലാതെ വിയര്‍ത്തു പോയി. അവിടെ എന്ത് സംഭവിച്ചു എന്നറിയാന്‍ മനസ്സ് തുടിച്ചു. താന്‍ ചെയ്ത തെറ്റ് കാരണം എത്ര പേര്‍ക്ക് മരണം സംഭവിച്ചോ എന്നറിയില്ലല്ലോ എന്നു വിചാരിച്ചു ഹൃദയം തുടിച്ചു. അയാള്‍ ഉടനെ അങ്ങോട്ടു ഓടി.
          പോകുന്ന വഴി മുഴുവന്‍ അയാള്‍ ഹൃദയം പൊട്ടി ഭഗവാനെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. തനിക്കു ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞുവല്ലോ എന്നു അയാള്‍ക്കു ദുഃഖം തോന്നി. വിറച്ചു കൊണ്ടു അയാള്‍ അവിടെ എത്തിയപ്പോള്‍ അവിടെ ഭജന തകൃതിയായി നടക്കുകയായിരുന്നു. ഭജന്‍ അവസാനിക്കുന്നതിനുള്ള പുറപ്പാട്! അതു കണ്ടപ്പോള്‍ അയാള്‍ക്ക്‌ സമാധാനമായി. 'ഓ ദൈവം കാത്തു! ആരും ഇന്നലെ ചുക്കു വെള്ളം കഴിച്ചിട്ടില്ല' എന്നു വിചാരിച്ചു. ഉടനെ തന്നെ അയാള്‍ ഭക്തനോടു 'ഇന്നലെ ചുക്കു വെള്ളം ഇട്ടില്ല അല്ലെ? ഏതായാലും നന്നായി' എന്നു പറഞ്ഞു. അതിനു അദ്ദേഹം 'ആരു പറഞ്ഞു.? ഇന്നലെ കൃത്യ സമയത്ത് തന്നെ താന്‍ കൊടുത്തയച്ച ചുക്കും ശര്‍ക്കരയും ഞങ്ങള്‍ക്ക് വളരെ പ്രയോജനപ്പെട്ടു. ചൂടോടെ ചുക്കു വെള്ളം ഇട്ടു കുടിച്ചത്‌ കൊണ്ടാണ് ഇത്രയും നേരം ഞങ്ങള്‍ക്ക് പാടാന്‍ കഴിഞ്ഞത്' എന്നു പറഞ്ഞു. ഇതു കേട്ടതും അയാള്‍ക്കു അത്ഭുതം തോന്നി. 'എവിടെ? ഇന്നലെ ഞാന്‍ തന്നയച്ച പൊതി എവിടെ?' എന്നു ചോദിച്ചു അവിടെ നോക്കി.  അപ്പോള്‍ അവിടെ അയാള്‍ കൊടുത്തയച്ച പൊതി പകുതി സാധനം എടുത്ത ശേഷം വെച്ചിരിക്കുന്നത് കണ്ടു. സംശയം തീര്‍ക്കാന്‍ അയാള്‍ അതു എടുത്തു നോക്കി. അയാള്‍ സ്ഥബ്ധനായി പോയി. അതില്‍ എലിവിഷം തന്നെയാണ് ഇരുന്നത്. 
        'ഇന്നലെ ഈ സാധനം കൊണ്ടാണോ നിങ്ങള്‍ ചുക്കു വെള്ളം ഉണ്ടാക്കിയത്?' എന്നയാള്‍ ചോദിച്ചു. അതെ എന്നു അദ്ദേഹവും പറഞ്ഞു. എന്താണ് അയാള്‍ ഇങ്ങനെ ചോദിക്കുന്നതെന്ന് അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു തനിക്കു പറ്റിയ അബദ്ധം പറഞ്ഞു. ഇതു കേട്ട പാതി അവിടെ കൂടിയിരുന്ന എല്ലാവരും ഭയം കൊണ്ടു വിളറിപ്പോയി. അവര്‍ എല്ലാവരും വിഷം കഴിച്ചിരിക്കുന്നു! ഏതു നേരവും അവര്‍ മരിക്കാന്‍ സാധ്യതയുണ്ട് എന്നു വിചാരിച്ചു. പക്ഷെ ഗൃഹനാഥനായ ആ ഭക്തന്‍ ചിരിച്ചു. എന്നിട്ട് അവരോടു 'ആരും വിഷമിക്കരുത്. നമ്മളെ ഒരു വിഷവും ഒന്നും ചെയ്യില്ല കാരണം നമ്മള്‍ പുലരും വരെ ഭഗവാന്റെ കീര്‍ത്തനങ്ങളാണ് പാടി കൊണ്ടിരുന്നത്. യാതൊരു ചിന്തയും ഇല്ലാതെ ഭഗവാനെ മാത്രം ചിന്തിച്ചിരുന്ന നമ്മെ ഭഗവാന്‍ ഒരിക്കലും കൈവെടിയുകയില്ല. നാം വിഷം കഴിച്ചിട്ടുണ്ടെങ്കിലും അതിനെ ഇല്ലാതാക്കാന്‍ ഭഗവാന് കഴിയും. നിങ്ങള്‍ ധൈര്യമായി ഇരിക്കു' എന്നു പറഞ്ഞു.
       അദ്ദേഹത്തിന്റെ ആ ദൃഡവിശ്വാസം അവര്‍ക്കും ധൈര്യമേകി. പക്ഷെ അവര്‍ക്കു അവിടെ എന്തു സംഭവിച്ചു എന്നറിയാന്‍ ആകാംക്ഷ ഉണ്ടായിരുന്നു. അവര്‍ എങ്ങനെ രക്ഷപ്പെട്ടു എന്നവര്‍ ചോദിച്ചു. അദ്ദേഹം അതിനു 'ഭഗവാന്‍ തീര്‍ച്ചയായും നാം കഴിച്ച വിഷത്തെ സ്വീകരിച്ചു നമ്മെ രക്ഷിച്ചിരിക്കും' എന്നു പറഞ്ഞു. എല്ലാവരും അപ്പോഴാണ്‌ അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തിയെ ശ്രദ്ധിച്ചത്. അതു നീല നിറമായി മാറിയിരുന്നു. ഭഗവാന്‍ തന്റെ  ഭക്തന്മാരെ രക്ഷിക്കാനായി വിഷം സ്വയം ഏറ്റെടുത്തിരുന്നു എന്നു അവര്‍ക്കു മനസ്സിലായി. എല്ലാവരും ഭഗവാന്റെ മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ചു. അവര്‍ക്കു നടന്നത് വിശ്വസിക്കാന്‍ പോലും പ്രയാസമായിരുന്നു. ഭഗവാനില്‍ ദൃഡ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടു അവരുടെ ജീവന്‍ തന്നെ ഭഗവാന്‍  രക്ഷിച്ചു. ഭഗവാന്‍ നമുക്കു നല്ലത് തന്നെ ചെയ്യുന്നു. നാം അതു മനസ്സിലാക്കി വരുന്നതെന്തും സന്തോഷത്തോടെ സ്വീകരിക്കണം. ഒരു ഭക്തന്റെ ദൃഡ വിശ്വാസം എത്രയോ പേരുടെ ജീവന്‍ രക്ഷിച്ചു. ആ ഒരു വിശ്വാസം നമുക്കും ഭഗവാങ്കല്‍ ഉണ്ടാവണം എന്നു പ്രാര്‍ത്ഥിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!        
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 48)   
         നാം എത്രയോ ജന്മങ്ങള്‍ എടുത്തു കഴിച്ചു. അങ്ങനെ പല ജന്മങ്ങള്‍ ചുറ്റി സഞ്ചരിച്ചു ഒടുവില്‍ മനുഷ്യ ജന്മം ലഭിച്ചു. എത്രയോ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചു. അവസാനം ഒരു സദ്ഗുരുവിന്റെ കീഴില്‍ വന്നു പെടുന്നു. പിന്നീട് അലഞ്ഞു നടന്ന മനസ്സ് ഒരു ദൈവത്തില്‍ ഒതുങ്ങുന്നു. അദ്ദേഹം ആ ജീവനെ നല്ല വഴി കാണിച്ചു ജനിമരണത്തില്‍ നിന്നും രക്ഷിച്ചു കരകേറ്റുന്നു. അത് വരെ അടുത്തുള്ള ദൈവത്തെ കാണാന്‍ കൂട്ടാക്കാതെ ദൂരെയുള്ള ക്ഷേത്രങ്ങളിലെ ഭഗവാനെ തേടി അലഞ്ഞിരുന്നവര്‍ ക്രമേണ അരികിലുള്ള ദൈവത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. എന്നാല്‍  തിരുക്കോളൂരിലെ ഒരു സ്ത്രീ അവിടെ നിറഞ്ഞു വിളങ്ങുന്ന വൈത്തമാനിധിപ്പെരുമാളെ വിട്ടിട്ടു നാട് വിടാന്‍ ഒരുങ്ങി നിന്ന്. അപ്പോഴാണ്‌ യദൃച്ഛയാ അവിടെ രമാനുജര്‍ എത്തിയത്. അവളെ ആ ഉദ്യമത്തില്‍ നിന്നും അദ്ദേഹം പിന്തിരിക്കാന്‍ പറയുന്നു. അതിനു അവള്‍ കുറെ കാരണങ്ങള്‍ കൊണ്ടു തനിക്കു അവിടെ താങ്ങാന്‍ അര്‍ഹതയില്ല എന്നു പറയുന്നു. 
      തിരുക്കോളൂരിലെ ഒരു വീഥിയില്‍ ആ സ്ത്രീയുടെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ടു സ്വാമി രാമാനുജര്‍ ശിഷ്യരുടെ കൂടെ നിന്നു. തുടര്‍ച്ചയായി അവള്‍ രാമായണത്തിലെ ഓരോ ഭക്തരുടെ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. വിഭീഷണനെ  കുറിച്ചു പറഞ്ഞ അവള്‍ ഇപ്പോള്‍ ശബരിയെ കുറിച്ചാണ് പറഞ്ഞത്. നേരെ ആരണ്യ കാണ്ഡത്തിലേക്കു ഒരു പോക്കു.   
'ഇനിയത് എന്റു വൈത്തേനോ ശബരിയൈപ്പോലെ'
        ശബരി ഒരു വേടത്തിയാണ്! ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒന്നും വലുതായിട്ട് അറിയില്ല. പക്ഷേ നല്ല ഒരു ഗുരു ഭക്തയാണ്. മതംഗ മഹര്‍ഷിയുടെ ആശ്രമത്തില്‍ ദാസ്യം ചെയ്തു വന്നിരുന്നു. ആ മഹര്‍ഷിമാരുടെ കൂടെ കൂടി അവരെപ്പോലെ ഒരു തപസ്വിനിയായിത്തീര്‍ന്നു. നമ്മുടെ സംഗം ആരുടെ കൂടെയാണോ അതിന്റെ സ്വാധീനം നമ്മുടെ പെരുമാറ്റത്തില്‍ തീര്‍ച്ചയായും ഉണ്ടാവും! ഒരിക്കല്‍ തന്റെ സഹോദരന്റെ കൂടെ ശബരി മതംഗ മഹര്‍ഷിയുടെ ആശ്രമത്തിന്റെ അരികില്‍ വന്നു ചേര്‍ന്നു.  അവിടെ ആ മഹര്‍ഷികള്‍ ധ്യാനം ചെയ്യുന്നതും മറ്റും കണ്ടു ആ ജീവിത രീതിയോട് വല്ലാതെ ആകൃഷ്ടയായി.  തന്റെ സഹോദരന്റെ കൂടെ തിരികെ പോകാന്‍ അവള്‍ വിസമ്മതിച്ചു. എന്നിട്ട് തനിക്കു അവിടെ അവരുടെ കൂടാനാണ് മോഹം എന്നറിയിച്ചു.  അയാള്‍ അവളെ പലതും പറഞ്ഞു വിലക്കി നോക്കി. അവരൊക്കെ ഉയര്‍ന്ന ജാതിക്കാരായ മഹര്‍ഷികളാണ് . അവര്‍ വേടര്‍ കുലത്തില്‍ ജനിച്ച അവരെ കൂട്ടില്ല എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ അവള്‍ അത് കാര്യമായെടുത്തില്ല. അവള്‍ ദൂരെ ഇരുന്നു കൊണ്ടു അവരെ കണ്ടു കൊണ്ടു ജീവിതം കഴിച്ചു കൂട്ടാം എന്നുറച്ചു തീരുമാനിച്ചു. 
       ആ ഋഷികള്‍ സ്നാനത്തിനായി നദിയിലേക്ക് പോകും. തിരിച്ചു വന്നിട്ടു ധ്യാനിക്കും. അവള്‍ അവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചു നോക്കി നില്‍ക്കും. അവര്‍ നടന്നു പോകുന്ന വഴി തന്നാലാവും വിധം വൃത്തിയാക്കി വൈക്കും. ഋഷികള്‍ ഇത് ശ്രദ്ധിച്ചു. അവര്‍ക്ക് വേണ്ടി ഇത്രയും സൗകര്യം ചെയ്തു തരുന്നതാരാണെന്നു അവര്‍ നോക്കി. മതംഗ മഹര്‍ഷി അവളെ അടുത്തു വിളിച്ചു എന്താണ് ഇങ്ങനെ അവര്‍ക്കു വേണ്ടി കൈങ്കര്യങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചു. അതിനു അവള്‍ അവരുടെ ജീവിതം കണ്ടു ആകൃഷ്ടയായി എന്നും അവരെ പോലെ തനിക്കും ജീവിതം നയിക്കാന്‍ ആഗ്രഹം ഉണ്ടെന്നും അതിനു വേണ്ടി മുതല്‍ പടിയായി അവര്‍ക്കു വേണ്ട കൈങ്കര്യങ്ങള്‍ ചെയ്യുന്നു എന്നും പറഞ്ഞു. മഹര്‍ഷിക്ക് ഇതു കേട്ട് സന്തോഷമായി.  അവളുടെ വിനയം അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു. അദ്ദേഹം അവളെ സ്വന്തം ശിഷ്യയായി സ്വീകരിച്ചു ഉപദേശം നല്‍കി. 
       ശബരി അന്നു മുതല്‍ അവരുടെ കൂടെ കൂടി കഴിഞ്ഞു വന്നു. അവര്‍ക്കു വേണ്ട കൈങ്കര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു കൊണ്ടിരുന്നു.  കാലം കുറെ കഴിഞ്ഞു. മതംഗ മഹര്‍ഷിയുടെ അവസാന കാലം അടുത്തു. അദ്ദേഹം തന്റെ ശരീരം ത്യജിക്കുന്നതിനു മുന്‍പ്, ശിഷ്യരെ എല്ലാവരെയും വിളിച്ചു. ഓരോരുത്തരായി വിളിച്ചു അവര്‍ക്കു എന്തു വേണം എന്നു ചോദിച്ചു അനുഗ്രഹിച്ചു കൊണ്ടിരുന്നു. ശബരിയുടെ ഊഴം വന്നപ്പോള്‍ അവള്‍ തനിക്കു മറ്റൊന്നും വേണ്ടെന്നും, ഗുരു പോകുന്ന സ്ഥലത്തേക്ക് തന്നെയും വിളിച്ചു കൊണ്ടു പോകണം എന്നും പറഞ്ഞു. അവിടെ വന്നു അദ്ദേഹത്തിനു കൈങ്കര്യം ചെയ്തു കൊള്ളാം എന്നു പറഞ്ഞു. മതംഗ മഹര്‍ഷി അവളെ അനുഗ്രഹിച്ചു. എന്നിട്ടു ശബരിയോടു ശ്രീരാമന്‍ വനവാസത്തിനായി അവിടെ വരുമെന്നും ആ സമയം ശബരി ആശ്രമത്തില്‍ ഇരുന്നു രാമനെ സ്വീകരിച്ചു അതിഥി പൂജ ചെയ്യണം എന്നും കല്പിച്ചു. അതിനു ശേഷം അവള്‍ക്കു അദ്ദേഹത്തിന്റെ അടുത്തെത്താം എന്നു പറഞ്ഞു. ശബരി ഒന്നും ആലോചിക്കാതെ ശരി എന്നു സമ്മതിച്ചു.   
             തന്റെ ഗുരു പറഞ്ഞ ഒരു കൈങ്കര്യമാണ്‌, താന്‍ അത് ചെയ്തിരിക്കണം എന്നു മാത്രം ചിന്തിച്ചു. ഗുരു നമുക്കായിട്ടു എന്തു കൈങ്കര്യം തരുന്നുവോ അതു ശ്രദ്ധയോടെ ചെയ്യണം.  ശബരി അതു സന്തോഷത്തോടെ സ്വീകരിച്ചു. മതംഗ മഹര്‍ഷി ദേഹ ത്യാഗം ചെയ്തു. ശബരി ആ ആശ്രമത്തില്‍ താമസിച്ച്, അവിടെ രാമന്റെ വരവിനായി കാത്തിരുന്നു. എന്നും ആശ്രമത്തിലേക്കുള്ള  വഴി വൃത്തിയാക്കും.  അവിടെയുള്ള നല്ല പഴങ്ങളും പൂക്കളും പറിച്ചു വെച്ച് കാത്തിരിക്കും. രാവിലെ വരുമോ, ഉച്ചയ്ക്കു വരുമോ, സന്ധ്യയ്ക്കു വരുമോ എന്നു നോക്കി നോക്കി നില്‍ക്കും. ഓരോ ദിവസവും മനസ്സ് തളരാതെ അവള്‍ കാത്തിരുന്നു. രാത്രി നല്ല ഉറക്കമില്ല. നാളെ രാമന്‍ വരും എന്നു ചിന്തിച്ചു കഴിയും. 
        ഇതു പോലെ മനസ്സ് ഭഗവാന് വേണ്ടി കാത്തിരിക്കണം. ഹൃദയം മുഴുവനും ഭഗവാന്റെ വരവിനു വേണ്ടി അര്‍പ്പിക്കണം. ജീവിതചര്യകള്‍ എല്ലാം ചെയ്യുമ്പോഴും ഹൃദയത്തില്‍ ഭഗവാന്റെ വരവിനെ കുറിച്ചുള്ള ചിന്ത ഉണ്ടാവണം. നാമ ജപം വിടാതെ ചെയ്യണം. ശ്രദ്ധയോടെ കാത്തിരിക്കണം. ഭഗവാന്‍ വരും എന്നാ ഉറച്ച വിശ്വാസം വേണം. എന്നാല്‍ ഒരു ദിവസം ഭഗവാന്‍ തീര്‍ച്ചയായും നമ്മുടെ മുന്‍പില്‍ വരും. ശബരിക്കു ആ വെമ്പല്‍ ഉണ്ടായിരുന്നു. ഒരു ദിവസം ശ്രീരാമന്‍ അവിടെ വന്നു ചേര്‍ന്നു. ജഡാ മുടി ധരിച്ച്‌, മരവുരി ഉടുത്ത് കൊണ്ടു, ലക്ഷ്മണന്റെ കൂടെ അവിടെ എത്തി. ശബരിയുടെ ആനന്ദത്തിനു അളവില്ലായിരുന്നു. രാമ ലക്ഷ്മണന്മാരെ സന്തോഷത്തോടെ സ്വീകരിച്ചു. അവളുടെ ഉത്സാഹം കണ്ടു രാമനും സന്തോഷമായി.  തനിക്കു എത്രയും പ്രധാനപെട്ട ദൌത്യങ്ങള്‍ എല്ലാം തന്നെ ഒതുക്കി വെച്ച് ആ ഒരു ദിവസം ശബരിക്കായി മാറ്റി വെച്ചു. 
      ഒരു പാറ തുടച്ചു വൃത്തിയാക്കി ഭഗവാനു ആസനം തയ്യാറാക്കി വെച്ചിരുന്നു അവള്‍. ഭഗവാന്‍ അതില്‍ ഇരുന്നു. നല്ല മധുരമുള്ള പഴങ്ങള്‍ നോക്കി അവള്‍ പറിച്ചു വെച്ചിരുന്നു. അതു ഭഗവാനു സ്നേഹത്തോടെ അവള്‍ നല്‍കി. 'പ്രഭോ! ഈ പഴം കഴിച്ചു നോക്കു! ഇതു നല്ല മധുരം ഉള്ളതാണ്' എന്നൊക്കെ പറഞ്ഞു കൊണ്ടു കൊടുത്തു. ഭഗവാന്‍ അതൊക്കെ വളരെ താല്പര്യത്തോടെ കഴിച്ചു. ഇത്രയും സ്വാദിഷ്ടമായ പഴങ്ങള്‍ വേറെ കഴിച്ചിട്ടേയില്ല  എന്നുപറയുകയും ചെയ്തു. ലക്ഷ്മണന്‍ ആകെ അമ്പരന്നു നില്‍ക്കുകയാണ്. വനവാസത്തില്‍ ഇത്രയും വര്‍ഷങ്ങള്‍ രാമന് എന്നും പഴങ്ങള്‍ താന്‍ സ്വന്തം കൈകൊണ്ടു പറിച്ചു നല്‍കിയിരുന്നു. പക്ഷേ ഭഗവാന്‍ ഇത്രയും ആസ്വദിച്ചു കഴിക്കുന്നത്‌ താന്‍ കണ്ടിട്ടില്ല എന്നു വിചാരിച്ചു അത്ഭുതപ്പെട്ടു. ശബരിയുടെ ഭാഗ്യം എന്നു വിചാരിച്ചു. 
         ശബരി അതിനു ശേഷം രാമനെയും ലക്ഷ്മണനെയും ആശ്രമം മുഴുവനും ചുറ്റി കാണിച്ചു.  എന്നിട്ടു രാമനെ ആസനത്തില്‍ ഇരുത്തിയിട്ട് രാമനു തന്റെ ആതിഥ്യം ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചു. രാമനും തന്റെ സന്തോഷം അറിയിച്ചു. ഉടനെ രാമനോട് താന്‍ പുറപ്പെടുകയാണെന്നും തന്നെ പോകാന്‍ അനുവദിക്കണം എന്നും പറഞ്ഞു. രാമന്‍ അത്ഭുതത്തോടെ എവിടേക്കു എന്നു ചോദിച്ചപ്പോള്‍ തന്റെ ഗുരുവിന്റെ അടുത്തേയ്ക്ക് പോകുന്നു എന്നു സന്തോഷ പൂര്‍വ്വം പറഞ്ഞു. തന്റെ ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണ് താന്‍ രാമനു വേണ്ടി ഇവിടെ കാത്തു നിന്നത്‌ എന്നും അദ്ദേഹം പറഞ്ഞ കാര്യം താന്‍ ചെയ്തു തീര്‍ത്തുവെന്നും ഇനി തനിക്കു തന്റെ ഗുരുവിന്റെ അടുത്തേക്ക് പോകണം എന്നും പറഞ്ഞു. 
           രാമന്‍ നോക്കി നില്‍ക്കെ ധ്യാന നിരതയായി യോഗാഗ്നിയില്‍ തന്റെ ശരീരം ദഹിപ്പിച്ചു എന്നിട്ടു വൈകുണ്ഠം പോയി ചേര്‍ന്നു.  കാട്ടില്‍ ഗുഹന്‍ ഭക്ഷണം നല്‍കിയപ്പോള്‍ നിരസിച്ച രാമന്‍ എന്തു കൊണ്ടു ശബരിയുടെ പക്കല്‍ നിന്നും പഴങ്ങള്‍ സ്വീകരിച്ചു എന്നു എല്ലാവരും ചോദിക്കും.  മഹാന്‍മാര്‍ അതിനു, ശബരിക്കു ഗുരു കൃപ എന്ന ബലം ഉണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് ഭഗവാന്‍ ശബരി നല്‍കിയ പഴങ്ങള്‍ സ്വീകരിച്ചത്‌ എന്നും പറയും. അങ്ങനെ ഭഗവാന്‍ ശബരീ മോക്ഷ സാക്ഷീ ഭൂതനായിത്തീര്‍ന്നു. ശബരിയുടെ ഗുരു ഭക്തി അത്രയ്ക്ക് ശ്രേഷ്ഠമാണ്. തന്റെ ഗുരു പറഞ്ഞത് കൊണ്ടു രാമനു വേണ്ടി ശ്രദ്ധയോടെ പഴങ്ങള്‍ എടുത്തു വെച്ചു. ലക്ഷ്മണനായി  നിന്ന് കൊണ്ടു അതൊക്കെ അന്നു നോക്കിയിരുന്നു രാമാനുജര്‍. ഇപ്പോള്‍ പെണ്‍പിള്ളൈ പഴയ കാര്യങ്ങളൊക്കെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ സന്തോഷത്തോടെ അതെല്ലാം കേട്ട് നിന്നു. താന്‍ ശബരിയെ പോലെ ഭഗവാനു വേണ്ടി ഒന്നും തന്നെ ഒരുക്കി വെച്ചില്ലല്ലോ. അപ്പോള്‍ തനിക്കു ഇവിടെ ഇരിക്കാനുള്ള അര്‍ഹത ഉണ്ടോ എന്നു ചോദിച്ചു. രാമാനുജര്‍ അവള്‍ക്കു ആ അര്‍ഹത തന്റെ കടാക്ഷം കൊണ്ടു നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!      

Monday, June 13, 2011

പ്രേമവേദം ജൂണ്‍- 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം 
ത്വദ് ബ്രഹ്മരന്ധ്ര പദമീശ്വര! വിശ്വകന്ദ!
ഛന്ദാംസി കേശവ! ഘനാസ്തവ കേശപാശാഃ 
ഉല്ലാസി ചില്ലിയുഗലം ദൃഹിനസ്യ ഗേഹം
പക്ഷ്മാണി രാത്രി ദിവസൌ സവിതാ ച നേത്രേ.
                                                                                                     (ദശഃ6 ശ്ലോഃ 4)
        വിശ്വത്തിന്റെ ഹെതുഭൂതനായ ഈശ്വര, വേദങ്ങള്‍ അങ്ങയുടെ ശിരസ്സിലുള്ള ബ്രഹ്മരന്ധ്രത്തിന്റെ സ്ഥാനമാണ്.  ഹി കേശവ, മേഘങ്ങള്‍ അങ്ങയുടെ മുടിക്കെട്ടാണ്, ബ്രഹ്മലോകമാകട്ടെ പ്രകാശമെഴുന്ന ചില്ലി യുഗ്മങ്ങളുമാണ്. അങ്ങയുടെ പക്ഷ്മങ്ങളാണ് രാത്രിയും, പകലും, സൂര്യന്‍ കണ്ണുകളാകുന്നു.
                (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)      
                      
സദ്ഗുരുവാത്സല്യം
 യസ്മാത്‌ പരതരം നാസ്തി നേതി നേതിതിവൈ ശ്രുതിഃ 
മനസാ വചസാ ചൈവ സത്യമാരാധയേത് ഗുരും!
       രാധേകൃഷ്ണാ! ഗുരുതത്വം സര്‍വ ശ്രേഷ്ഠം! ആകാശത്തേക്കാള്‍  ഉയര്‍ന്നതാണ് ഗുരു തത്വം. കടലിനേക്കാള്‍ ആഴമേറിയതുമാണ്. ഭൂമിയെക്കാള്‍ ക്ഷമയുള്ളതും അഗ്നിയെക്കാള്‍ പരിശുദ്ധമായതുമാണ് ഗുരു തത്വം. ഗുരു ഭക്തി വളരെ ഉത്തമമായത്. ഏതു മഹാനോട് ചോദിച്ചാലും അവരുടെ ആനന്ദത്തിനു കാരണം ഗുരു തന്നെ എന്ന് പറയും. ഗുരു പരമാത്മാവിനെ കാണിച്ചു തരുന്നു. നാം തെറ്റായി മനസ്സിലാക്കിയിട്ടുള്ളതിനെ തിരുത്തി തരുന്നു.  പരബ്രഹ്മതിനെ മുറുകെ പിടിച്ചു കൊള്ളൂ. ഭഗവാനെ വിശ്വാസിക്കു, ഭഗവന്‍ നാമ ങ്ങളെ വിടാതെ ജപിക്കു എന്നൊക്കെ പറഞ്ഞു തരുന്നു. ഗുരു ആരായാലും തത്വം ഒന്നു തന്നെയാണ്. അതില്‍ യാതൊരു മാറ്റവും ഇല്ല. പരമേശ്വരന്‍ പാര്‍വതിക്ക് ഗുരുവിന്റെ മഹത്വത്തെ ഉപദേശിച്ചു കൊടുക്കുന്നു. 'ഹേ പാര്‍വതി! അത് കൊണ്ടു ഗുരുവിനെ ആരാധിക്കു!' എന്ന് പറയുന്നു. ആരാധിക്കുക എന്നാല്‍ ഗുരു വാക്യങ്ങളെ മനസ്സില്‍ ധ്യാനിച്ച്‌ അതിനനുസരിച്ച് നടന്നു, ജീവിതം ഭഗവത് ഇഷ്ടമായി അര്‍പ്പിക്കുന്നതാണ് സദ്‌ ശിഷ്യന്റെ ലക്ഷണം. അതാണ്‌ ശരിയായ ഗുരു ആരാധനം! വ്യാസര്‍, വാല്മീകി, ധ്രുവന്‍, പ്രഹ്ലാദന്‍ തുടങ്ങിയ ശിഷ്യര്‍ ഗുരു വാക്യം അനുസരിച്ച്, നാരദര്‍ എന്ന സദ്ഗുരുവുവിനെ ആരാധിച്ചു.   
      വ്യാസരും, വാല്മീകിയും, ഭാഗവതം രാമായണം എഴുതി അവരുടെ ഗുരുവിനെ ആരാധിച്ചു. ധ്രുവന്‍ ഹരിയെ പ്രത്യക്ഷപ്പെടുത്തി സദ്ഗുരുവിനെ ആരാധിച്ചു. പ്രഹ്ലാദനും ഗുരുവിന്റെ വാക്കുകള്‍ അതെ പോലെ പാലിച്ചു നരസിംഹ മൂര്‍ത്തിയെ പ്രത്യക്ഷപ്പെടുത്തി. ഗുരുവിനു വേണ്ടി നമ്മെ കൊണ്ടു മറ്റൊന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. ഗുരു പറയുന്നത് ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം. അതാണ്‌ ജീവിതത്തിന്റെ രഹസ്യം! സാധാരണ ഒരാള്‍ നമ്മോടു എന്തെങ്കിലും പറഞ്ഞാല്‍ തന്നെ നാം അതു ആലോചിച്ചു നോക്കി ഏതു അര്‍ത്ഥത്തിലാണ് അവര്‍ പറയുന്നത് എന്ന് മനസ്സില്ലാക്കി പ്രവര്‍ത്തിക്കണം എന്നാണു ധര്‍മ്മ ശാസ്ത്രങ്ങള്‍ നമ്മൊരു പറയുന്നത്. അപ്പോള്‍ ആത്മാവിനു ഹിതം ചെയ്യുന്ന ഗുരുവിന്റെ വാക്യങ്ങള്‍ നാം ശ്രദ്ധിച്ചു മനസിലാക്കണ്ടെ?
          ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ധാരാളം ജനങ്ങള്‍ വസിച്ചു വന്നിരുന്നു. അവിടെ രമണീയമായ ഒരു ഉദ്യാനം ഉണ്ടായിരുന്നു. പക്ഷെ അവിടുത്തെ ജനങ്ങള്‍ ആരും അവിടെ പോവുക പതിവില്ലായിരുന്നു. ഒരിക്കല്‍ ആ ഗ്രാമത്തില്‍ എവിടെ നിന്നോ ഒരു സദ്ഗുരു എത്തി. നല്ല ഭഗവത് ഭക്തനായിരുന്നു. എല്ലാവര്‍ക്കും ഹിതം ഉപദേശിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഗ്രാമത്തിലെ ആ ഉദ്യാനം കണ്ടു. ഹരിത ഭംഗി നിറഞ്ഞ ആ സ്ഥലം അദ്ദേഹത്തിനെ ഹഠാകര്‍ഷിച്ചു. സ്വസ്ഥമായിട്ടിരുന്നു ഈശ്വരനെ ധ്യാനിക്കാന്‍ പറ്റിയ സ്ഥലം എന്നു വിചാരിച്ചു അദ്ദേഹം ആ ഉദ്യാനത്തില്‍ പ്രവേശിക്കാന്‍ തുടങ്ങവേ അവിടെയുള്ള ആളുകള്‍ അദ്ദേഹത്തെ തടഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം അത്ഭുതത്തോടെ അതിന്റെ കാരണം ആരാഞ്ഞു. അതിനു അവര്‍ അദ്ദേഹത്തോട് ആ ഉദ്യാനത്തില്‍ ഒരു കൊടും വിഷമുള്ള ക്രൂര സര്‍പ്പം വസിക്കുന്നുണ്ടെന്നും, ആരെങ്കിലും അവിടെ ചെന്നാല്‍ ആ സര്‍പ്പം അവരെ ചീറിപ്പാഞ്ഞു വന്നു കടിക്കുമായിരുന്നു എന്നും പറഞ്ഞു. ഇത്രയും നല്ല ഒരു ഉദ്യാനം ഉണ്ടായിരുന്നിട്ടു കൂടി അവര്‍ക്ക് അത് അനുഭവിക്കാനുള്ള ഭാഗ്യം ഇല്ല എന്നു പറഞ്ഞു. 
         ഇതു കേട്ട മഹാന്‍ ചിരിച്ചു കൊണ്ടു വീണ്ടും അവിടെ പോകാന്‍ ഒരുമ്പെട്ടു. അപ്പോള്‍ ഗ്രാമ വാസികള്‍ വീണ്ടും അദ്ദേഹത്തെ അതില്‍ നിന്നും വിലക്കി. അദ്ദേഹത്തെ പോലെ ഒരു മഹാന്‍ അവിടെ അപൂര്‍വമായിട്ടാണ് വരാറ്. അവര്‍ക്കു അവിചാരിതമായി കിട്ടിയ ആ ഭാഗ്യം അവര്‍ കളയാന്‍ തയ്യാറല്ല എന്നു അറിയിച്ചു. അതിനു അദ്ദേഹവും അവര്‍ പറയുന്നത് അദ്ദേഹം വിശ്വസിക്കുന്നു എന്നും ആ സത്യം സ്വയം കണ്ടു മനസ്സിലാക്കാനുമാണ്‌ താന്‍ പോകുന്നതെന്നും പറഞ്ഞു. അവര്‍ എത്ര തടയാന്‍ ശ്രമിച്ചിട്ടും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. ആ മഹാന്‍ ഉദ്യാനത്തിന്റെ അകത്തേക്ക് കടന്നു.
        ഉദ്യാനത്തിന്റെ അകത്തു ഒരു കുറ്റിക്കാട്ടില്‍ ആ ദുഷ്ട നാഗം ഒളിച്ചിരിക്കുകയായിരുന്നു. ദൂരെ നിന്നും ആ മഹാന്റെ വരവ് അതു അറിഞ്ഞു.  തന്റെ സ്വൈര വാസസ്ഥലത്തില്‍ ധൈര്യമായി കടന്നു വരുന്നത് ആരാണെന്നു നോക്കി ചീറി കൊണ്ടു അടുത്തു. സര്‍പ്പം പാഞ്ഞടുക്കുന്നത് കണ്ട മഹാന്‍ വെറുതെ അതു നോക്കി നിന്നു.  പാമ്പു അടുത്തു വന്നു അദ്ദേഹത്തെ കൊത്താന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം പാമ്പിനോട് ' എന്തിനാ നീ ആവശ്യമില്ലാതെ എല്ലാവരെയും കടിച്ചു പാപത്തെ സമ്പാദിക്കുന്നു? കോടി ജന്മ പാപം നീ സമ്പാദിച്ചത്‌ കൊണ്ടല്ലേ ഇതു പോലെ ഒരു ജന്മം നിനക്കു ഇപ്പോള്‍ കിട്ടിയിരിക്കുന്നതു.  ഇനിയെങ്കിലും ഇതൊക്കെ നിറുത്തി നന്നാക്കാന്‍ നോക്കണ്ടെ?' എന്നു പറഞ്ഞു.  അത്ഭുതാവാഹം! ഇതു കേട്ട പാമ്പു പെട്ടെന്നു ഒന്ന് അറച്ചു നിന്നു. അദ്ദേഹം ശരീരത്തെ കടന്നു അതിനെ ഒരു ആത്മാവായി കണ്ടു. അതു കൊണ്ടു അദ്ദേഹം പറഞ്ഞത് ആ ആത്മാവ് കേട്ടു.
        പാഞ്ഞു വന്ന പാമ്പ് പെട്ടെന്നു അടങ്ങി അദ്ദേഹത്തിന്റെ കാല്‍ ചുവട്ടില്‍ വന്നു കിടന്നു. അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി കൊണ്ടു എന്തൊക്കെയോ പറഞ്ഞു. മഹാനായ സദ്ഗുരുവിനു ആ പാമ്പ് പറയുന്നതു മനസ്സിലായി. മൃഗങ്ങളും പക്ഷികളും സംസാരിക്കുന്നതൊക്കെ പണ്ടു കാലത്തു ചിലര്‍ മനസ്സിലാക്കിയിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ നമുക്ക് അതൊക്കെ അന്യമായി പോയി. എന്തായാലും ആ മഹാനോട് പാമ്പു സംസാരിച്ചു.  'അങ്ങു എന്നെ കുട്ടപ്പെടുതുന്നുവല്ലോ, കടിക്കുക എന്നത് എന്റെ സ്വഭാവമാണ്! ഈശ്വരന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ അങ്ങനെയാണ്. ഇതു മാറ്റണം എന്നു അങ്ങു പറഞ്ഞാല്‍ അതു ഇതു വിധത്തിലാണ് ന്യായം?' എന്നു ചോദിച്ചു. ഇതു കേട്ടു ആ മഹാന്‍ പാമ്പിന്റെ അടുത്തു ഇരുന്നു. അതിനെ പതുക്കെ തലോടിക്കൊണ്ടു അതിനോട് 'ഇത്രയും പറയുന്നതില്‍ നിന്നും നിനക്കു തന്നെ മനസ്സിലായിരിക്കും നീ ആത്മാവാണ്, വെറും പാമ്പല്ല. നിന്റെ ശരീരത്തില്‍ കുടുങ്ങിയിരിക്കുന്നത് കൊണ്ടു മാത്രമാണ് നിനക്കു സ്വഭാവം ഉണ്ടായത്. നീ ശരീരം അല്ല ആത്മാ എന്നറിഞ്ഞ സ്ഥിതിക്ക് ഇനി ഇങ്ങനെ ചെയ്യരുത്. ഈ ശരീരത്തില്‍ ജീവിച്ചു അതിനെ അവസാനം വെടിയുക. ഇനി ഒരിക്കലും മറ്റുള്ളവരെ കഷ്ടപ്പെടുത്താതെ ജീവിക്കാന്‍ നോക്കു.' എന്നു പറഞ്ഞു. പാമ്പ് മഹാനെ ഗുരുവായി സ്വീകരിച്ചു, അദ്ദേഹം പറഞ്ഞത് അംഗീകരിച്ചു അദ്ദേഹത്തെ നമസ്കരിച്ചു. തുടര്‍ന്നു എന്ത് സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

ഭക്തിരഹസ്യം 
        രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ നാം ഠാക്കുര്‍ കിഷന്‍ സിങ്ങിനോട് രാജാവിന്  ബഹുമാനം വര്‍ദ്ധിച്ചതായി കണ്ടു. അദ്ദേഹത്തിന്റെ ഭക്തിയുടെ പ്രഭാവം കണ്ടു രാജാവിനും ഭക്തി ഉണ്ടായി. കിഷന്‍ സിംഗിനെ പോലെ താനും ഒരു ഭക്തനാകണം എന്ന് നിശ്ചയിച്ചു. ഭക്തിയുടെ ബലം അതാണ്‌. അതു ചുറ്റിലും പകരും.  ഭക്തന്മാര്‍ ഒരിക്കലും തോല്‍ക്കുന്നില്ല. അവരുടെ ദൃഡ വിശ്വാസം അവരെ സദാ രക്ഷിക്കുന്നു. എന്ത് നടന്നാലും അത് ഭഗവാന്റെ ഇഷ്ടം എന്ന് കരുതിയിരിക്കുക. ഠാക്കുര്‍ കിഷന്‍ കിഷന്‍ സിങ്ങും എല്ലാം ഭഗവാന്റെ സങ്കല്‍പം എന്ന് കരുതി ജീവിതം തള്ളി നീക്കി. 
       ഒരിക്കല്‍ ഠാക്കുര്‍ കിഷന്‍ സിങ്ങും, രാജനും കുതിരയില്‍ എവിടെയോ പോവുകയായിരുന്നു.  രാജന്‍ എന്തൊക്കെയോ രാജ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തോട്  ചോദിച്ചു കൊണ്ടിരുന്നു. സാധാരണ കിഷന്‍ സിംഗ് രാജന്‍ പറയുന്നത് ശ്രദ്ധിച്ചു കേട്ട് മറുപടി പറയും. പക്ഷെ എന്ത് കൊണ്ടോ അപ്പോള്‍ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ ആ സമയം തന്റെ ആരാധനാ മൂര്‍ത്തിയായിരുന്നു. നട്ടുച്ച സമയം കഴിഞ്ഞിരുന്നു അപ്പോള്‍. പെട്ടെന്നാണ് കിഷന്‍സിംഗ് തന്റെ ഭഗവാന് നിവേദ്യം അര്‍പ്പിക്കേണ്ട സമയം ആയല്ലോ എന്നോര്‍ത്തത്. ഉടനെ അദ്ദേഹം മനസ്സ് കൊണ്ടു തന്റെ ആരാധനാ മൂര്‍ത്തിയുടെ അടുത്തെത്തി. തന്റെ ശരീരം തോളില്‍ കിടന്ന ഷാള്‍ കൊണ്ടു പുതച്ചു മൂടി എന്നിട്ട് ഭഗവാനെ ധ്യാനിച്ച്‌ കൊണ്ടു കുതിരയില്‍ നീങ്ങി. 
          രാജന്‍ എന്തൊക്കെയോ ചോദിച്ചിട്ടും കിഷന്‍ സിംഗ് മറുപടി പറയാത്തപ്പോള്‍ എന്തോ പ്രശ്നം ഉണ്ട് എന്ന് രാജന് തോന്നി. കിഷന്‍ സിംഗിന്റെ മനസ്സ് ഇവിടെയൊന്നുമല്ല  എന്ന് തോന്നി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ രാജാവിന്റെ ക്ഷമ നശിച്ചു. അദ്ദേഹം ഠാക്കുര്‍ കിഷന്‍ സിംഗ് പുതച്ചിരുന്ന ഷാള്‍ പെട്ടെന്ന് പിടിച്ചു വലിച്ചു അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. രാജന്‍ ഷാള്‍ വലിച്ച വേഗത്തില്‍ ഠാക്കുര്‍ കിഷന്‍ സിംഗിന്റെ ദേഹമാസകലം തയിരു വീണിരുന്നത് കണ്ടു അത്ഭുതപ്പെട്ടു. കിഷന്‍ സിങ്ങിനോട് അദ്ദേഹം 'ഹേ കിഷന്‍ സിംഗ്! എന്താണിത്? ഷാളിന്റെ അടിയില്‍ അങ്ങ് എന്ത് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അങ്ങയുടെ മേല്‍ എങ്ങനെ തയിരു വന്നു? അങ്ങ് കയ്യില്‍ ഒന്നും കൊണ്ടു വന്നിരുന്നില്ലല്ലോ. എനിക്കൊന്നും മനസ്സിലാകുന്നില്ല' എന്ന് പറഞ്ഞു. 
        ഉടനെ ഠാക്കുര്‍ കിഷന്‍ സിംഗ് എന്ത് പറയണം എന്നറിയാതെ പകച്ചു നിന്ന്. എന്നിട്ട് ഒന്നുമില്ല ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിയാന്‍ ശ്രമിച്ചു. പക്ഷെ രാജന്‍ വിടുന്ന ഭാവമില്ല. 'കിഷന്‍ സിംഗ് ദയവു ചെയ്തു പറയു. എനിക്ക് അതറിയാതെ സമാധാനം വരില്ല' എന്ന് നിര്‍ബന്ധിച്ചു. ഉടനെ ഠാക്കുര്‍ കിഷന്‍ സിംഗ് രാജനോട്‌ 'ക്ഷമിക്കു രാജന്‍! ഞാന്‍ അങ്ങയുടെ കൂടെ സവാരിക്ക് വന്നു പോയി. ആ സമയത്താണ് എന്റെ കൃഷ്ണന് നിവേദ്യത്തിന്റെ സമയമായി എന്നോര്‍മ്മ വന്നത്. ഭഗവാന് വിശക്കില്ലേ? ഞാനാണെങ്കില്‍ ഇവിടെയും! അപ്പോള്‍ ഞാന്‍ മാനസീകമായി എന്റെ കൃഷ്ണനെ എടുത്തു കുറച്ചു തയിരു ഊട്ടിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അങ്ങ് ഷാള്‍ വലിച്ചു എന്നെ വിളിച്ചത്. ഷാള്‍ തട്ടി എന്റെ കയ്യിലിരുന്ന തയിരു മുഴുവന്‍ കളഞ്ഞു' എന്ന് പറഞ്ഞു. 
       രാജാവ് വിസ്മയ ഭരിതനായി. ഇതെന്തു അത്ഭുതം മാനസീകമായി കൊടുത്തു കൊണ്ടിരുന്ന തയിരു ദേഹത്ത് വീഴുമോ? ഇതെന്തു മായം എന്ന് അതിശയിച്ചു. പക്ഷെ ഭക്തിയില്‍ എത്രത്തോളം ആഴത്തില്‍ നാം ഇറങ്ങുന്നുവോ അത്രത്തോളം അത് സത്യമാകും. ഠാക്കുര്‍ കിഷന്‍ സിംഗ് ആ സത്യം രാജാവിനെ ബോധ്യപ്പെടുത്തി. രാജന് വളരെ സന്തോഷമായി. ഇദ്ദേഹം മനസ്സ് കൊണ്ടു സദാ ഭഗവാന്റെ അടുക്കലാണ്. അദ്ദേഹത്തെ താന്‍ ഇനി രാജ്യ കാര്യങ്ങള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കില്ല എന്ന് തീരുമാനിച്ചു. ഠാക്കുര്‍ കിഷന്‍ സിങ്ങിനോട് താന്‍ ഒരു ഗ്രാമം അദ്ദേഹത്തിന് നല്‍കാം എന്നും അവിടെ ഇരുന്നു അദ്ദേഹം യഥേഷ്ടം ഭഗവത് ധ്യാനം ചെയ്യാം എന്നും പറഞ്ഞു.  ഠാക്കുര്‍ കിഷന്‍ സിംഗ് ഉടന്‍ അതും ഭഗവാന്റെ കല്പനയായി അംഗീകരിച്ചു. അന്ന് മുതല്‍ അദ്ദേഹം മുഴുവന്‍ സമയവും ഭഗവത് ധ്യാനത്തിനായി ചിലവഴിച്ചു ജീവിതം നയിച്ചു. അദ്ദേഹത്തിന്റെ ദൃഡ വിശ്വാസവും ഭക്തിയുമാണ് ഇത് സാധ്യമാക്കിയത്. അത് പോലൊരു വിശ്വാസം ഭഗവാനില്‍ നമുക്കും വരണം. അത് പോലെ അനന്യ ചിന്തകളൊക്കെ വിട്ടിട്ടു ഭഗവാനെ തന്നെ ചിന്തിക്കണം. അങ്ങനെയായാല്‍ നമ്മുടെ ജീവിതവും വിജയിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 48)
'ഇക്കാരൈക്കേ സെന്റെനോ വിഭീഷണനൈപ്പോലെ!'   
        രാധേകൃഷ്ണാ!  പെണ്‍പിള്ളൈ അടുത്തതായി രാമായണത്തില്‍ യുദ്ധ കാണ്ഡത്തിലേക്ക് പോയി. ഭക്തനായ വിഭീഷണനെ കുറിച്ചാണ് അവള്‍ പറഞ്ഞത് വിഭീഷണനെ ധര്‍മ്മാത്മാ എന്നാണു വാല്മീകി വര്‍ണ്ണിക്കുന്നത്.  വിഭീഷണനെ കുറിച്ച് ശൂര്‍പ്പണഖ നേരത്തെ തന്നെ രാമനോട് പറഞ്ഞിരുന്നു. രാവണന്‍ തെറ്റു ചെയ്യുമ്പോള്‍ വിഭീഷണന്‍ അയാളെ ഉപദേശിക്കുന്നു. ദൂതനായി വന്ന ആഞ്ചനെയരെ കൊല്ലാന്‍ ഒരുങ്ങുമ്പോള്‍ വിഭീഷണന്‍ ധര്‍മ്മം എന്താണെന്ന് പറഞ്ഞു അവരെ അതില്‍ നിന്നും  പിന്തിരിപ്പിക്കുന്നു. സീതയെ അപഹരിച്ചു കൊണ്ടു വന്നു തന്നെ പ്രാപിക്കുവാന്‍ നിര്‍ബന്ധിക്കുമ്പോള്‍ വിഭീഷണന്‍ അത് ചെയ്യരുതെന്ന് പറഞ്ഞു കൊടുക്കുന്നു. രാവണന്‍ ചെയ്യുന്ന തെറ്റു രാക്ഷസ കുലത്തിനെ തന്നെ നശിപ്പിക്കും എന്ന് ചൂണ്ടി കാട്ടുന്നു. സീതയെ രാമനു തിരികെ നല്‍കി രാമനെ ശരണം പ്രാപിക്കണം എന്ന് പറയുന്നു. 
         വിഭീഷണന്റെ വാക്കുകള്‍ ഒന്നും തന്നെ രാവണന്‍ മുഖവിലയ്ക്കെടുത്തില്ല. അയാള്‍ യാതൊരു കാരണവശാലും സീതയെ മടക്കി അയക്കുവാന്‍ തയ്യാറല്ലായിരുന്നു. യുദ്ധത്തിനുള്ള സന്നാഹങ്ങള്‍ ഒക്കെ അവിടെ ഒരുങ്ങി തുടങ്ങി. ഇത് കണ്ടു ദുഃഖിച്ച വിഭീഷണന്‍ രാവണനെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. ഇനി ആ ദുഷ്ടന്റെ കൂടെയിരുന്നിട്ടു  കാര്യമില്ല. അയാള്‍ തെറ്റു തിരുത്തില്ല. അയാളുടെ കൂടെ നിന്നാല്‍ താനും പാപിയാകും എന്ന് വിചാരിച്ചു ലങ്കാ രാജ്യവും തന്റെ ബന്ധുക്കളെയും സ്വത്തുക്കളെയും ഉപേക്ഷിച്ചു. രാമനെ തന്നെ ശരണം പ്രാപിക്കുന്നതാണ് ഉത്തമം എന്ന് തീരുമാനിച്ചു.       
          ഇതിനിടയില്‍ ആഞ്ചനേയര്‍ ലങ്കയില്‍ സീതയെ തിരഞ്ഞു കണ്ടു പിടിച്ചു, രാക്ഷസന്മാരെ എതിര്‍ത്ത്, ലങ്കയെ ചുട്ടു ചാമ്പലാക്കിയിട്ടു രാമന്റെ അടുക്കല്‍ തിരിച്ചെത്തി. രാമന്‍ വാനരപ്പടയുടെ സഹായത്താല്‍ സേതുബന്ധനം ചെയ്തു സമുദ്രത്തെ തരണം ചെയ്യാന്‍ തീരുമാനിച്ചു. സുഗ്രിവാദി വാനരന്മാര്‍ ചേര്‍ന്ന് തുടര്‍ നടപടികളെ കുറിച്ച് ആലോചന നടത്തിക്കൊണ്ടിരുന്നു. അപ്പോഴാണ്‌ ആകാശ മാര്‍ഗ്ഗമായി വിഭീഷണനും പരിവാരങ്ങളും രാമനെ ശരണം പ്രാപിക്കാന്‍ വന്നിറങ്ങുന്നത്! രാമന്‍ തന്നെ ഉപേക്ഷിക്കുകയില്ല എന്നാ ദൃഡ വിശ്വാസം വിഭീഷണന് ഉണ്ടായിരുന്നു. 
          വിഭീഷണന്‍ വന്നിറങ്ങുന്നത് വാനരക്കൂട്ടം കണ്ടു. അവര്‍ എല്ലാവരും ചുറ്റിലും കൂടി നിന്നു. വിഭീഷണന്‍ അവരോടു കാര്യം പറഞ്ഞയക്കുന്നു. താന്‍ തന്റെ സഹോദരനായ രാവണനെ വിട്ടിട്ടു രാമനെ ശരണം പ്രാപിക്കാന്‍ വന്നിരിക്കുന്നു എന്നു പറയുന്നു. രാമചന്ദ്ര മൂര്‍ത്തി എന്ത് ചെയ്യണം എന്നു എല്ലാവരോടും ആലോചിച്ചു. സുഗ്രീവന്‍ വിഭീഷണനെ ചേര്‍ക്കുവാന്‍ പാടില്ല എന്നു പറഞ്ഞു. കാരണം തന്റെ സഹോദരനെ അനാദരവായി വിട്ടിട്ടു അയാള്‍ ഇവിടെ വന്നിരിക്കുന്നു. അത് ശരിയല്ല എന്നു പറഞ്ഞു. രാമന്‍ ചിരിച്ചു. കുറച്ചു മുമ്പ് മാത്രമാണ് സുഗ്രീവന്‍ തന്റെ സഹോദരന്‍ വാലിയെ വധിക്കാന്‍ വേണ്ടി രാമന്റെ  സഹായം തേടിയത്. പക്ഷെ അപ്പോള്‍ ആഞ്ചനേയര്‍ വിഭീഷണനെ ചേര്‍ക്കാം എന്നു പറയുന്നു. ലങ്കയില്‍ അദ്ദേഹത്തെ കൊല്ലാനായി രാക്ഷസന്മാര്‍ തുനിഞ്ഞപ്പോള്‍ അവരെ തടുത്തു അദ്ദേഹത്തെ രക്ഷിച്ചയാളാണ് വിഭീഷണന്‍! വിഭീഷണന്‍ ധര്‍മ്മാത്മാവാണ്! മാത്രമല്ല ശത്രുക്കളെ കുറിച്ച് നല്ല പോലെ അറിയാവുന്ന ഒരേ ഒരു ആളാണ്‌ വിഭീഷണന്‍. ഓരോരുത്തരുടെയും ബലം എന്താണ്, ദൌര്‍ബല്യം എന്താണ് എന്നൊക്കെ വിഭീഷണനില്‍ നിന്നും മനസ്സിലാക്കാം! അത് രാജ തന്ത്രമാണ്. ശ്രീ രാമനു ആഞ്ചനേയര്‍ പറയുന്നത് ശരിയാണെന്ന് തോന്നി. മാത്രമല്ല തന്നെ ശരണം പ്രാപിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നൊരു വ്രതം അദ്ദേഹത്തിനു ഉണ്ട്. തന്റെ സകലതും ഉപേക്ഷിച്ചിട്ട് തന്നെ ശരണം പ്രാപിച്ചു ഇക്കരയ്ക്കെത്തിയ വിഭീഷണനെ രാമന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. എന്നിട്ട് അപ്പോള്‍ തന്നെ വിഭീഷണനെ ലങ്കയുടെ രാജാവായി പട്ടാഭിഷേകം ചെയ്തു. 
       എല്ലാം വിട്ടിട്ടു ഭഗവാന്‍ തന്നെ ഗതി എന്നു വരുന്നതാണ് ശരണാഗതി. ആ സ്ഥിതിയില്‍ യാതൊരു വ്യാകുലതയും, ചിന്തയും ഇല്ല. വിഭീഷണന്‍ അതു പോലെ ഭഗവാനെ ശരണം പ്രാപിച്ചു. വിഭീഷണന്റെ വാക്കുകള്‍ കേട്ട് അദ്ദേഹത്തിന്റെ കൂടെ നാല് മന്ത്രിമാറും ഭഗവാന്റെ പക്കല്‍ വന്നു ചേര്‍ന്ന്.  അവര്‍ക്ക് വേറെ യാതൊരു യോഗ്യതകളും ഇല്ലായിരുന്നു. വിഭീഷണന്റെ വാക്കുകളെ അനുസരിച്ച് രാമനില്‍ പരിപൂര്‍ണ്ണ വിശ്വാസത്തോടെ വന്നു എന്നത് മാത്രമാണ് അവരുടെ യോഗ്യത. അവരെ ഒരു ചോദ്യം പോലും ഇല്ലാതെ എല്ലാവരും സ്വീകരിച്ചു. 
       വൈഷ്ണവ സമ്പ്രദായത്തില്‍ രാമായണത്തിന്റെ കാതലായ ഭാഗം വിഭീഷണ ശരണാഗതിയാണ്. രാമായണത്തിന് ശരണാഗതി ഗ്രന്ഥം എന്ന പേരു തന്നെ ഉണ്ട്.  വിഭീഷണനെ പോലെ താന്‍ ഭഗവാനെ ശരണം പ്രാപിച്ചു ഇവിടെ വന്നില്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു.  താന്‍ വൈത്തമാനിധി പെരുമാള്‍ തന്നെ രക്ഷിക്കും എന്ന വിശ്വാസം പോലും ഇല്ലാത്തത് കൊണ്ടല്ലേ ഈ നാട്‌ വിട്ടു പോകുന്നത്. തനിക്കു ഇവിടെ ഇരിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നു ചോദിച്ചു. രാധേകൃഷ്ണാ!

Friday, May 13, 2011

പ്രേമവേദം മേയ് - 11

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഗ്രീവാ മഹസ്തവ മുഖഞ്ച ജന, സ്തപസ്തു 
  ഫാലം ശിരസ്തവ സമസ്തമയസ്യ സത്യം;
ഏവം ജഗത്മയ താനോ ജഗദാശ്രിതൈര-
പ്യനൈര്‍ നിബദ്ധ വപുഷേ ഭഗവന്‍! നമസ്തേ.
                       (ദശഃ 6 ശ്ളോഃ3) 
        മഹര്‍ലോകം അങ്ങയുടെ കണ്ഠവും, ജനലോകം മുഖവും, തപോലോകം നെറ്റിയും, സത്യലോകം അഖില രോപ്പാത്മാവായ അങ്ങയുടെ ശിരസ്സുമാകുന്നു. ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ശരീരത്തോടു കൂടിയ ഭഗവാനേ, ലോകത്തെയാശ്രയിച്ചിരിക്കുന്ന അന്യവസ്തുക്കളാല്‍ നിറഞ്ഞ ശരീരത്തോടു കൂടിയ അങ്ങേയ്ക്ക് നമസ്കാരം.
                         (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍) 
ഗുരുജിഅമ്മ 
ആനന്ദരഹസ്യം
നിത്യം വിഷ്ണു സഹസ്രനാമം ജപിക്കു! പരിസരം മുഴുവനും പുനിതമാകും. ഭഗവാന്റെ നാമങ്ങള്‍ക്ക് തുല്യം ഒന്നും തന്നെയില്ല. രാധേകൃഷ്ണാ!
 

സദ്ഗുരുവാത്സല്യം
      രാധേകൃഷ്ണാ! സദ്ഗുരുവിന്റെ മഹിമ എത്ര പറഞ്ഞാലും മതിയാവില്ല. ഈ പംക്തിയില്‍ നാം തുടര്‍ച്ചയായി ഗുരു മഹിമയാണ് കണ്ടു വരുന്നത്. ഇതാ ഗുരുവിന്റെ മാഹാത്മ്യം കാണിക്കുന്ന മാറ്റൊരു ചരിത്രം! 108 ദിവ്യ ദേശങ്ങളും സദ്ഗുരുനാഥന്റെ ശരീരത്തില്‍ ഉണ്ട്. ഭഗവാനെ ചുമന്നു നടക്കുന്ന ഒരു ദിവ്യ ക്ഷേത്രം തന്നെയാണ് സദ്ഗുരു.  സദ്ഗുരു നാഥനെ മാത്രം ധ്യാനിച്ച്‌ കൊണ്ടിരുന്നാല്‍ മതി. വേറെ ഒന്നും തന്നെ വേണ്ടാ. വേറെ ഒന്നും നമ്മാല്‍ സാധ്യമല്ല. മോക്ഷത്തിനുള്ള ഏക വഴി, സദ്ഗുരുനാഥന്‍ തന്നെയാണ്. 
        ഗുരുവായൂര്‍ ദിവ്യ ക്ഷേത്രത്തിന്റെ പരിസരത്തു മാല കെട്ടി കൊടുക്കുന്ന ഒരു വാരസ്യാര്‍ പെണ്‍കുട്ടി ഉണ്ടായിരുന്നു. മഹാ ഭക്തയായ അവള്‍ മഞ്ജുള എന്നാ പേരില്‍ പ്രസിദ്ധയാണ്. അവളുടെ കഥ കേള്‍ക്കാത്ത മലയാളികള്‍ തന്നെ ഉണ്ടാവില്ല. ബാല്യം മുതല്‍ക്കു തന്നെ ഗുരുവായൂരപ്പനില്‍ നൈസര്‍ഗ്ഗിഗമായ പ്രേമ അവള്‍ക്കു ഉണ്ടായിരുന്നു. വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടും അവളെ ഒരിക്കലും അലട്ടിയിരുന്നില്ല. പക്ഷെ ഒരു ദിവസം ഭഗവാനു മാല കൊണ്ടു കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അവള്‍ക്കു വല്ലാത്ത വിഷമവും ആയിരുന്നു. എന്ത് വന്നാലും ദിവസം ഒരു മാല ഭഗവാനു കൊടുക്കുന്നത് ഒരു കടമയായി അവള്‍ ചെയ്തു വന്നിരുന്നു. ഒരു ദിവസം അവിചാരിതമായ കാരണത്താല്‍ അവള്‍ക്കു ക്ഷേത്രത്തില്‍ എത്തുവാന്‍ വൈകിപ്പോയി. 
        മഞ്ജുള പതിവ് പോലെ മാല കെട്ടി ഒടിയെതിയപ്പോഴേക്കും നട അടച്ചു കഴിഞ്ഞിരുന്നു. അവള്‍ക്കു ദുഃഖം താങ്ങാനായില്ല. പ്രായത്തില്‍ ചെറിയ ബാലികയാണെങ്കിലും ഭക്തിയില്‍ നല്ല ദൃഡതയുണ്ടായിരുന്നു. അവളുടെ ഹൃദയം വല്ലാതെ വേദനിച്ചു. 'പ്രഭോ  ഗുരുവായൂരപ്പാ! ഇന്നെന്തു പറ്റി? എന്റെ മാല വേണ്ടേ? എനിക്കു അഹങ്കാരം വന്നുവോ? നിനക്കു ഞാന്‍ എന്നും മാല കൊടുക്കുന്നു എന്നഹങ്കരിച്ചോ? അത് കൊണ്ടാണോ ഇന്ന് എന്റെ മാല തിരസ്കരിച്ചത്? എന്താ കൃഷ്ണാ ഇത്?' എന്നവള്‍ പൊട്ടി പൊട്ടിക്കരഞ്ഞു. ഹൃദയം നൊന്തപ്പോള്‍ ഭഗവാന്‍ സദ്ഗുരുവിനെ അവിടേയ്ക്കു അയച്ചു.
       ക്ഷേത്രത്തില്‍ തൊഴുതിട്ടു പുറത്തേയ്ക്കു വരികയായിരുന്നു മഹാ ഭക്തനായ പൂന്താനം തിരുമേനി! അദ്ദേഹം നോക്കുമ്പോള്‍ വിതുമ്പലടക്കാന്‍ കഴിയാതെ കരഞ്ഞു കൊണ്ടിരിക്കുന്ന മഞ്ജുള എന്നാ ബാലിക! അവളുടെ അടുത്തെത്തി നെറുകയില്‍ തലോടി അദ്ദേഹം അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. "അല്ലാ! ഇത് ഗുരുവായൂരപ്പന്റെ മഞ്ജുളക്കുട്ടിയല്ലേ? മോള്‍ എന്തിനാ ഇങ്ങനെ കരയുന്നത്?' എന്ന് ചോദിച്ചു. കണ്ണീര്‍ വാര്‍ത്തു കൊണ്ടു മഞ്ജുള തനിക്കു ഇന്നു ഗുരുവായൂരപ്പന് മാല ചാര്‍ത്താന്‍ സാധിച്ചില്ല  എന്നു സങ്കടം പറഞ്ഞു. ഇത് കേട്ടതും പൂന്താനം തിരുമേനി 'ആഹാ! ഇത്രേയുള്ളോ? ഇതിനാണോ മോളു കരഞ്ഞത്? അയ്യേ! കണ്ണ് തുടയ്ക്കു! എന്റെ കുട്ടി.. ആരാ പറഞ്ഞത് ഭഗവാന്‍ ശ്രീകോവിലിന്റെ ഉള്ളില്‍ മാത്രമേയുള്ളൂ എന്നു? ഭഗവാന്‍ എവിടെയും നിറഞ്ഞു നില്‍ക്കുകയല്ലേ?  മോളു ഭഗവാനെ നല്ലോണ്ണം മനസ്സില്‍ ധ്യാനിച്ച്‌ ഇതാ ഈ ആല്‍ത്തറയില്‍ ആ മാല ചാര്‍ത്തൂ! ഭഗവാന്‍ അത് തീര്‍ച്ചയായും സ്വീകരിച്ചിരിക്കും!' എന്നിങ്ങനെ പറഞ്ഞു കുട്ടിയുടെ കണ്ണു തുടച്ചു.
          പൂന്താനം തിരുമേനി പറഞ്ഞപ്പോള്‍ മഞ്ജുളയ്ക്കു സമാധാനമായി. അവള്‍ക്കു അദ്ദേഹത്തെ വിശ്വാസമാണ്. ഭഗവാനെ ഇപ്പോഴും നേരില്‍ കാണുന്ന ഭക്തനല്ലേ! അവള്‍ കണ്ണീര്‍ തുടച്ചു കൊണ്ടു ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച്‌. "കൃഷ്ണാ! എന്നും ഞാന്‍ മാല കെട്ടി മേല്‍ശാന്തിയുടെ കയ്യില്‍ കൊടുക്കും, അദ്ദേഹം അത് നിനക്ക് ചാര്‍ത്തും. ഇന്നു നീ മാല എന്റെ കൈ കൊണ്ടു തന്നെ സ്വീകരിക്കണം എന്നു തീരുമാനിച്ചിരിക്കുന്നു. അതല്ലേ ഈ ലീല! എനിക്ക് സന്തോഷമായി. ഇതാ തിരുമേനി പറഞ്ഞതനുസരിച്ച് നീ ഇവിടെ ഉണ്ടെന്നു വിശ്വസിച്ചു ഞാന്‍ ഈ മാല ഇവിടെ ചാര്‍ത്തുന്നു. പ്രഭോ! ദയവായി ഇത് നീ സ്വീകരിക്കണമേ!' എന്നു ഉള്ളുരുകി പ്രാര്‍ത്ഥിച്ചു! എന്നിട്ട് താന്‍ കൊണ്ടു വന്ന മാല ആ മരത്തില്‍ ചാര്‍ത്തി. പൂന്താനം തിരുമേനിയെ നമസ്കരിച്ചിട്ട്‌ അവള്‍ തന്റെ വസതിയിലേക്ക് പോയി. തിരുമേനി പറഞ്ഞാല്‍ അത് ശരിയായിരിക്കും എന്നവള്‍ക്ക് നല്ല വിശ്വാസമായിരുന്നു. അത് കൊണ്ടു സമാധാനമായി വീട്ടിലേക്കു പോയി.
       പിറ്റേ ദിവസം പുലരും മുമ്പേ നിര്‍മ്മാല്യ ദര്‍ശനത്തിനായി  ഭക്തര്‍ ക്ഷേത്ര നടയില്‍ കൂടി. നമ്മുടെ സങ്കടങ്ങള്‍ തീര്‍ക്കാനായി ആ ചെറിയ ഉണ്ണി നേരത്തെ ഉണര്‍ന്നു ദര്‍ശനം നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു. നട തുറന്നു നിര്‍മ്മാല്യ ദര്‍ശനം എല്ലാവരും കണ്‍കുളിര്‍ക്കെ കണ്ടു.  മേല്‍ ശാന്തി പതുക്കെ ചാര്‍ത്തിയിരുന്ന മാലകളൊക്കെ മാറ്റി തുടങ്ങി. എല്ലാ മാലയും അദ്ദേഹം മാറ്റി പക്ഷെ എത്ര മാറ്റിയിട്ടും ഒരേ ഒരു മാല മാത്രം ഇപ്പോഴും ശേഷിച്ചു. അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. ഇതെന്തു അത്ഭുതം. ഞാന്‍ എത്ര പ്രാവശ്യം എടുത്തു മാറ്റി നോക്കി എന്നിട്ടും ഒരു മാല മാത്രം ഭഗവാന്റെ കഴുത്തില്‍ നിന്നും പിരിയാതെ ഇരിക്കുന്നു എന്നു അന്ധാളിച്ചു നോക്കി. പൂന്താനം തിരുമേനി ഇതെല്ലാം കണ്ടു കൊണ്ടു നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍  ആനന്ദ ബാഷ്പം പൊടിഞ്ഞു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. കഴിഞ്ഞ ദിവസം താന്‍ പറഞ്ഞതനുസരിച്ച് മഞ്ജുള ആല്‍ത്തറയില്‍ മാല ചാര്‍ത്തിയില്ലേ അത് ഭഗവാന്‍ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മേല്ശന്തിയോടു അത് മഞ്ജുള ചാര്‍ത്തിയ മാലയാണെന്നു വിളിച്ചു പറഞ്ഞു.
          മഞ്ജുള എപ്പോള്‍ മാല ചാര്‍ത്തി എന്നു അദ്ദേഹം ആലോചിച്ചു നിന്നപ്പോള്‍ പൂന്താനം തലേ ദിവസം ഉണ്ടായതെല്ലാം അദ്ദേഹത്തോട് വിസ്തരിച്ചു പറഞ്ഞു. അത് മഞ്ജുള തന്നെ ചാര്‍ത്തിയ മാലയാണോ എന്നു മേല്‍ശാന്തി സംശയം ചോദിച്ചപ്പോള്‍ പൂന്താനം തിരുമേനി ഭഗവാനോട് പ്രാര്‍ത്ഥിച്ചു. 'ഭഗവാനെ അങ്ങ്  മഞ്ജുളയുടെ മാല സ്വീകരിച്ചത് സത്യമാണെങ്കില്‍ ആ മാല ഇപ്പോള്‍ താഴെ വീഴട്ടെ!'  അത്ഭുതം! ഭഗവാന്റെ കഴുത്തില്‍ നിന്നും അതുവരെ ഇളകാതിരുന്ന മാല അപ്പോള്‍ താഴെ വീണു. എല്ലാവരും ഒരേ സ്വരത്തില്‍ ഗുരുവായൂരപ്പാ! എന്നുറക്കെ വിളിച്ചു. സദ്ഗുരുവിന്റെ വാക്കിനെ സത്യമാക്കാനായി ഭഗവാന്‍ ആ അത്ഭുതം കാണിച്ചു. ഇതിനിടയില്‍ ആരോ മഞ്ജുളയെ വിളിച്ചു കൊണ്ടു വന്നു. എല്ലാവരും അവളുടെ ഭക്തിയെ പുകഴ്ത്തിയപ്പോള്‍  അവള്‍ പൂന്താനം തിരുമേനിയുടെ കാലില്‍ വീണു. അദ്ദേഹം പറഞ്ഞത് കൊണ്ടാണ് തന്റെ മാല ഭഗവാന്‍ സ്വീകരിച്ചത് എന്നു അവള്‍ തീര്‍ത്തും പറഞ്ഞു. 
        സദ്ഗുരുനാഥന്റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ് മഞ്ജുളക്കു ഈ അസുലഭ ഭാഗ്യം ലഭിച്ചത്. ഗുരുവിനെ പരിപൂര്‍ണ്ണമായി ആശ്രയിക്കുക. അതില്‍ കവിഞ്ഞു ഒന്നും തന്നെയില്ല. ഏഴു ദിവസം കൊണ്ടു ഭാഗവത സപ്താഹം നടത്താം. ഒന്‍പതു ദിവസം കൊണ്ടു രാമായണ നവാഹവും നടത്താം. പക്ഷെ സദ്ഗുരു  മാഹാത്മ്യത്തിനു എത്ര കോടി ജന്മം എടുത്താലും തികയില്ല. അത്ര അനന്തമാണ്‌ അത്! ജയ് സദ്ഗുരുനാഥ്  മഹാരാജ് കീ! ഗുരുരേവ പരാ ഗതിഃ!

ഭക്തിരഹസ്യം
      രാധേകൃഷ്ണാ! ഠാക്കുര്‍കിഷന്‍ സിംഗ് ഗര്‍ഭിണിയായ ഒരു മാനിനെ വെട്ടിയിട്ട് അതിന്റെ ദൈന്യത കണ്ടു മനസ്സ് നൊന്തു കരഞ്ഞത് നാം കഴിഞ്ഞ ലക്കത്തില്‍ വായിച്ചു. 'നിനക്ക് ഞാന്‍ ഒരു ദ്രോഹവും ചെയ്യാത്തപ്പോള്‍ നീ എന്തിനു എന്നെ വെട്ടി?' എന്ന ചോദ്യം മാനിന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നു. അദ്ദേഹം തന്റെ ചെയ്തിയില്‍ വളരെയധികം പശ്ചാത്തപിച്ചു! ഇതിനൊക്കെ കാരണം തന്റെ കയ്യിലുള്ള കത്തിയല്ലേ എന്ന് ചിന്തിച്ചു. ആ കത്തി തന്റെ കയ്യില്‍ ഇല്ലായിരുന്നെങ്കില്‍ താന്‍ ഈ കൊല ചെയ്യുമോ എന്ന് അദ്ദേഹത്തിന് തോന്നി. ഈ കത്തി കയ്യില്‍ ഇരിക്കുന്നത് കൊണ്ടാണ് തന്റെ ബുദ്ധി ഇങ്ങനെ അഹിംസയില്‍ വര്‍ത്തിക്കുന്നത് എന്ന് സ്വയം തോന്നി. അദ്ദേഹമോ ഒരു ക്ഷത്രിയനാണ്. ആയുധം കൈയില്‍ ഇല്ലാതെ ഇരിക്കാന്‍ പാടില്ലതാനും.  പശ്ചാത്താപം കൊണ്ടു ആദ്ദേഹം ആ കത്തി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. താന്‍ ഇനി ഇരുമ്പ് കൊണ്ടുള്ള കത്തി കയ്യില്‍ വയ്ക്കില്ല എന്ന് ശപഥം ചെയ്തു. പക്ഷെ അദ്ദേഹം ഈ കാര്യം രാജനോടോ മറ്റാരോടോ പറഞ്ഞില്ല.
        തിരികെ വീട്ടിലെത്തിയ അദ്ദേഹം മരം കൊണ്ടു ഒരു കത്തി പോലെ ഉണ്ടാക്കി തന്റെ കത്തിയുടെ ഉറയില്‍ ഇട്ടു.  ഈ കാര്യം മറ്റാര്‍ക്കും തന്നെ അറിയില്ലായിരുന്നു. ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി. രാജന് കിഷന്‍ സിങ്ങിനോട് വലിയ ബഹുമാനവും ഇഷ്ടവും ആയിരുന്നു. എന്ത് ചെയ്താലും കിഷന്‍ സിങ്ങിനോട് ആലോചിച്ച ശേഷം മാത്രമേ ചെയ്യു!  ഇത് ഠാക്കുര്‍കിഷന്‍ സിങ്ങിനു കൊട്ടാരത്തിനുള്ളില്‍ തന്നെ ശത്രുക്കളെ സൃഷ്ടിച്ചു. രാജാവ് അദ്ദേഹത്തിന് കൊടുത്തിട്ടുള്ള സ്വാതന്ത്ര്യത്തില്‍ അസൂയാലുക്കളായ ചിലരെങ്കിലും ഉണ്ടായിരുന്നു. അസൂയ എന്നത് ഒരു അസുരനെ പോലെയാണ്. അത് നമ്മുടെ ബുദ്ധിയെ നശിപ്പിക്കും. നമ്മെ തിന്മയില്ലേക്ക് നയിക്കുകയും ചെയ്യും.  ശൂര്‍പ്പണഖ, രാവണന്‍ തുടങ്ങിയവര്‍ക്കും അസൂയ തന്നെയാണ് അവരുടെ നാശത്തിനു കാരണം ആയത്. 
        ഏതെങ്കിലും വിധത്തില്‍ ഠാക്കുര്‍ കിഷന്‍ സിംഗിന്റെ അന്ത്യം കാണാന്‍ ഒരു മന്ത്രി കാത്തിരുന്നു. ഒരു ദിവസം  ഠാക്കുര്‍ തന്റെ കത്തി ഊരിയെടുത്തു തുടച്ചു കൊണ്ടിരിക്കുമ്പോള്‍ യദൃച്ചയാ ആ മന്ത്രിയുടെ അനുയായി അത് കണ്ടു പിടിച്ചു. കിഷന്‍ സിംഗ് ആ കത്തി എടുത്തു നോക്കുമ്പോളൊക്കെ ആ പഴയ സംഭവം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എത്തും. ഇനി ഒരിക്കലും താന്‍ അത് പോലെ ഹിംസ ചെയ്യാന്‍ പാടില്ല എന്ന് വീണ്ടും വിചാരിക്കും. ഈശ്വരനോട് തനിക്കു സദ്ബുദ്ധി തരണമേ എന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. മന്ത്രി അദ്ദേഹം തടി കൊണ്ടു കത്തി ഉണ്ടാക്കി കൊണ്ടു നടക്കുന്നു എന്നു കണ്ടു പിടിച്ചു വേഗം രാജാവിന്റെ അടുത്തു ചെന്നു താന്‍ അറിഞ്ഞ കാര്യം ധരിപ്പിച്ചു. 
       രാജാവ് ഇത് കേട്ട് ചിരിച്ചു. അയാളുടെ അസൂയ അദ്ദേഹത്തിനും മനസ്സിലായിരുന്നു. അയാള്‍ പറഞ്ഞത് ഒട്ടും വിശ്വസിച്ചില്ല.  പക്ഷെ ആ മന്ത്രി സമ്മതിച്ചില്ല. താന്‍ അതു നിരൂപിച്ചു കാണിക്കാം എന്നായി മന്ത്രി. രാജന്‍ അതു സമ്മതിച്ചു. പക്ഷെ എങ്ങനെ അതു നിരൂപിച്ചു കാണിക്കും എന്നു ചോദിച്ചു. 
അതിനു അയാള്‍ രാജനോട്‌ ഒരു വിരുന്നിനു ഏര്‍പ്പാട് ചെയ്യാന്‍ പറഞ്ഞു. വിരുന്നില്‍ നല്ല വിഭവങ്ങള്‍ ഉണ്ടായിര്‍ക്കണം. വിരുന്നു കഴിഞ്ഞിട്ട് രാജന്റെ കത്തി പുറത്തെടുത്തു എല്ലാവരെയും കാണിക്കണം. എന്നിട്ട് 'എന്റെ കത്തി എത്ര മൂര്‍ച്ച  യേറിയതാണ്. ഇതിനേക്കാള്‍ മൂര്‍ച്ചയുള്ള കത്തി ആരുടെ പക്കലെങ്കിലും ഉണ്ടോ' എന്നു ചോദിക്കണം. അപ്പോള്‍ എല്ലാവരും അവരവരുടെ കത്തി പുറത്തു എടുത്തു കാണിക്കും. അങ്ങനെ കിഷന്‍ സിംഗിന്റെ കള്ളത്തരം നമുക്ക് കണ്ടുപിടിക്കാം എന്നു അയാള്‍ പറഞ്ഞു. രാജാവിന് ഈ ഭ്രാന്തന്‍ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. പക്ഷെ ആ ദുഷ്ട മന്ത്രിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഈ പരീക്ഷണത്തിന്‌ സമ്മതിച്ചു.
        ഒരു വലിയ വിരുന്നു ഒരുക്കി രാജന്‍ എല്ലാ മന്ത്രിമാരെയും ക്ഷണിച്ചു. വിഭവ സമൃദ്ധമായ സദ്യ കഴിഞ്ഞു രാജന്‍ തന്റെ കത്തി പുറത്തെടുത്തു കാണിച്ചു. എന്നിട്ട് 'ഇതിനേക്കാള്‍ മൂര്‍ച്ചയുള്ള കത്തി ആരുടെയെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഞാന്‍ ഒരു സമ്മാനം നല്‍കാം' എന്നു പറഞ്ഞു. രാജനു കിഷന്‍ സിംഗിന്റെ  കത്തി നല്ല മൂര്‍ച്ചയേറിയതാകും എന്നു നല്ല ഉറപ്പായിരുന്നു. ഉടനെ ഓരോരുത്തരായി അവരവരുടെ കത്തി പുറത്തു എടുത്തു കാണിച്ചു കൊണ്ടു ' എന്റെ നല്ല മൂര്‍ച്ചയാണ്  നോക്കു!' എന്ന് പറഞ്ഞു. കിഷന്‍ സിംഗ് മാത്രം തന്റെ കത്തി എടുത്തു കാണിച്ചില്ല. അദ്ദേഹം മിണ്ടാതെയിരുന്നതെയുള്ളൂ.
      ആ ദുഷ്ട മന്ത്രി രാജാവിന്റെ ചെവികളില്‍ 'അങ്ങേയ്ക്ക് ഇപ്പോള്‍ ബോധ്യമയോ? അയാള്‍ക്ക്‌ തന്റെ കത്തി കാണിക്കാന്‍ പറ്റില്ല. കാരണം അതില്‍ ശരിയായ കത്തിയല്ല ഇരിക്കുന്നത്!' എന്ന് മന്ത്രിച്ചു.  അപ്പോഴേക്കും മറ്റു മന്ത്രിമാരും ഠാക്കുര്‍ കിഷന്‍ സിങ്ങിനോട്  അങ്ങയുടെ കത്തിയും കാണിക്കു എന്ന് നിര്‍ബന്ധിച്ചു. ഠാക്കുര്‍ കിഷന്‍ സിംഗ് മനസ്സില്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. താന്‍  വെച്ചിരിക്കുന്നത് നല്ല കത്തിയല്ല എന്നു പറഞ്ഞേക്കാം എന്നു തീരുമാനിച്ചു. അദ്ദേഹത്തിന് കള്ളം പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നിയില്ല. താന്‍ ചെയ്യുന്നത് തെറ്റാണെന്നും തോന്നിയില്ല. നടക്കുന്നതെല്ലാം ഭഗവാനു അര്‍പ്പിച്ചു ഭഗവാന്റെ തീരുമാനം എന്തായാലും അതിനു വേണ്ടി തയ്യാറായി.
       അദ്ദേഹം രാജാവിന്റെ അടുത്തു 'രാജന്‍ എന്റെ കത്തി... എന്നു പറയുമ്പോഴേക്കും അന്തര്യാമിയായ 'ആ മഹാ കള്ളന്‍' ഉള്ളില്‍ നിന്നും പ്രേരിപ്പിച്ചു അദ്ദേഹത്തെ തുടര്‍ന്നു സത്യം പറയാന്‍ അനുവദിച്ചില്ല. 'എന്റെ കത്തി... എന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം അറിയാതെ 'ഏറ്റവും മൂര്‍ച്ചയേറിയതാണ്' എന്നു പറഞ്ഞു നിറുത്തി. പെട്ടെന്ന് തന്റെ വായില്‍ നിന്നും വന്ന വാക്ക് കേട്ട് അദ്ദേഹം തന്നെ ഞെട്ടിപ്പോയി. താന്‍ എന്താണീ പറഞ്ഞത്? താന്‍ പറഞ്ഞത് കള്ളമല്ലേ? അദ്ദേഹം ആകെ വിയര്‍ത്തു പോയി. അദ്ദേഹം ഒരു ആവേശത്തോടെയാണ് അത് പറയുകയും ചെയ്തത്. ആ സ്വരം കേട്ടു ദുഷ്ടനായ മന്ത്രി പോലും ഒന്ന് വിറച്ചു പോയി. അയ്യോ! സ്വയം മറന്നു താന്‍ നുണ പറഞ്ഞില്ലേ എന്നു ദുഃഖിച്ചുകൊണ്ടു ഠാക്കുര്‍ കിഷന്‍ സിംഗ് തന്റെ കത്തി പുറത്തു എടുത്തു. 
      പെട്ടെന്ന് ഒരു മിന്നല്‍ മിന്നിയ പോലെ തിളങ്ങി കൊണ്ടു കത്തി പുറത്തു വന്നു. ഠാക്കുര്‍ ഉള്‍പ്പെടെ അവിടെ കൂടിയിരുന്ന എല്ലാവരും സ്തംഭിച്ചു പോയി. ഭഗവാന്‍ ലോകത്തിലെ ഏറ്റവും മൂര്‍ച്ചയേറിയതായ തന്റെ നാന്തകം എന്നാ വാള്‍ അദ്ദേഹത്തിന്റെ ഉറയില്‍ ഇട്ടിരുന്നു. എന്റെ ഭക്തന്‍ ഒരിടത്തും തോല്‍ക്കാന്‍ പാടില്ലാ എന്ന വാശിയായിരുന്നു ഭഗവാനു! വാള്‍ പുറത്തു എടുത്തു അദ്ദേഹം വിശ്വസിക്കുവാന്‍ ആകാതെ അതില്‍ തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ആ ദുഷ്ട മന്ത്രി ഭയത്തില്‍ നടുങ്ങി പോയി. അയാള്‍ ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല. താന്‍ കാണുന്നത് സത്യമോ എന്നു അയാളും അത്ഭുതപ്പെട്ടു നോക്കി. രാജാവ് വളരെ അഭിമാനത്തോടെ ഠാക്കുര്‍ കിഷന്‍ സിംഗിനെ നോക്കി. എന്നിട്ട് ആ ദുഷ്ട മന്ത്രിയെ നോക്കി. 'ഇപ്പോള്‍ മനസ്സിലായില്ലേ? താന്‍ എന്തൊക്കെയാണ് ഇദ്ദേഹത്തെ കുറ്റം പറഞ്ഞത്' എന്നു പറഞ്ഞു കൊണ്ടു തന്റെ വാള്‍ എടുത്തു ദേഷ്യത്തില്‍ അയാളെ വെട്ടാന്‍ പോയി. 
       ഠാക്കുര്‍ കിഷന്‍ സിംഗ് പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു കൊണ്ടു രാജാവിനെ തടഞ്ഞു. 'അങ്ങ് എന്ത് അവിവേകമാണീ കാണിക്കുന്നത്? എന്തു കാരണത്തിനാണ് അങ്ങ് അദ്ദേഹത്തെ വെട്ടാന്‍ ഒരുങ്ങുന്നത്' എന്ന് ചോദിച്ചു. ഉടനെ രാജാവ് 'അങ്ങയെ കുറിച്ച് ഈ മനുഷ്യന്‍ എന്തൊക്കെ അപവാദമാണ് പറഞ്ഞതെന്ന് അങ്ങേയ്ക്കറിയാമോ? അങ്ങയുടെ ഉറയില്‍ അങ്ങ് വാളിനു പകരം കൃത്രിമമായി എന്തോ ഉണ്ടാക്കി വെച്ചിരിക്കുന്നു എന്നൊക്കെ അനാവശ്യം പറഞ്ഞു ഇയാള്‍!  മാത്രമല്ല! അങ്ങയുടെ കള്ളത്തരം പൊളിക്കാനാണെന്ന് പറഞ്ഞു എന്നെ കൊണ്ടു ഈ വിരുന്നിന്റെ വേഷം ഒക്കെ കെട്ടിച്ചു. ഇയാള്‍ പറഞ്ഞത് വിശ്വസിച്ചു ഞാനും ഇതൊക്കെ ചെയ്തു പോയി. അതിനു അങ്ങയോടു ഞാന്‍ ക്ഷമ ചോദിക്കുന്നു. അയാള്‍ പറഞ്ഞത് തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ അയാളെ കൊന്നു കൊള്ളാന്‍ വരെ അയാള്‍ എന്നോടു പറഞ്ഞു. അപ്പോള്‍ ഞാന്‍ അയാളെ കൊല്ലണ്ടെ?' എന്ന് രാജാവ് പറഞ്ഞു.  ഇത് കേട്ട് ഠാക്കുര്‍ കിഷന്‍ സിംഗ് രാജാവിന്റെ പാദങ്ങളില്‍ വീണിട്ടു 'അങ്ങ് ക്ഷമയോടെ ഇത് കേള്‍ക്കണം, ആ മന്ത്രി പറഞ്ഞത് സത്യം തന്നെയാണ്, എന്റെ ഉറയില്‍ ഞാന്‍ എന്റെ വാളു ഇട്ടിട്ടില്ല!' എന്ന് പറഞ്ഞു. 
      രാജാവ് അത്ഭുതത്തോടെ 'അങ്ങ് എന്താ ഈ പറയുന്നത്? അപ്പോള്‍  ഞങ്ങള്‍ എല്ലാവരും കണ്ട വാള്‍ ഏതാണ്?' എന്ന് ചോദിച്ചു.  ഠാക്കുര്‍ കിഷന്‍ സിംഗ് ഉടനെ നടന്ന സംഭവമെല്ലാം വിസ്തരിച്ചു പറഞ്ഞു. താന്‍ മാനിനെ കൊല്ലാന്‍ ഉണ്ടായ സാഹചര്യം, മരണ സമയത്ത് ആ മാനിന്റെ ദയനീയമായ നോട്ടം, അതിനു ശേഷം താന്‍ ഇനി കത്തി എടുക്കില്ല എന്ന് തീരുമാനിച്ചത് എല്ലാം പറഞ്ഞു. താന്‍ തന്റെ വാളിന്റെ ഉറയുടെ ഉള്ളില്‍ കൃത്രിമമായ എന്തോ ഒന്നാണ് വെച്ചിരുന്നത്. പക്ഷെ ഈ കത്തി എങ്ങനെ ഇപ്പോള്‍ തന്റെ കൈയില്‍ വന്നുപെട്ടു എന്ന് തനിക്കു ഒട്ടും അറിയില്ല. ഇത് തീര്‍ച്ചയായും ഭഗവാന്‍ കൃഷ്ണന്റെ കൃപയല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. അങ്ങ് തന്റെ ഉറയില്‍ നിന്നും എടുത്ത വാളിനെ രാജാവിന് കാട്ടി കൊടുത്തു. അത് പരിശോധിച്ച രാജാവിനും അതിന്റെ ദിവ്യത്വം അനുഭവപ്പെട്ടു. ഠാക്കുര്‍ കിഷന്‍ സിംഗ് രാജാവിനോട് 'തിരുമനസ്സേ! ഇത് ഭഗവാന്റെ വാളു തന്നെയാണ്' എന്നു പറഞ്ഞു. ഇത് കേട്ട രാജാവ് 'അങ്ങ് വലിയവന്‍ തന്നെയാണ്, സംശയം ഒന്നുമില്ല പക്ഷെ അങ്ങയുടെ മഹത്വം മനസ്സിലാക്കാത്ത ഇയാള്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കിയെ മതിയാവൂ' എന്നു പറഞ്ഞു. രാജാവിനെ വീണ്ടും തടഞ്ഞു കൊണ്ടു ഠാക്കുര്‍ കിഷന്‍ സിംഗ്  'ദയവായി അങ്ങ് അങ്ങനെ പറയരുത്. അയാള്‍ എന്റെ വാളു കാണിക്കണം എന്നു വാശി പിടിച്ച കൊണ്ടെല്ലേ  ഭഗവാന്റെ നാന്തകം ഇപ്പോള്‍ എന്റെ കൈയില്‍ ഇരിക്കുന്നത്' എന്നു പറഞ്ഞു. തന്നെ ഭഗവാന്റെ കാരുണ്യത്തിനു പാത്രീഭൂതനാക്കിയ ആ മന്ത്രിക്കു എന്തെങ്കിലും സമ്മാനം നല്‍കണം എന്നു ആവശ്യപ്പെട്ടു. 
      രാജാവിന് ഠാക്കുര്‍ കിഷന്‍ സിംഗിന്റെ മഹത്വം ശരിക്കും മനസ്സിലായി. ഈ വലിയ മനുഷ്യന്റെ മഹത്വം തനിക്കു ഇതുവരെ മനസ്സിലായില്ലല്ലോ എന്നു ലജ്ജിച്ചു. അന്ന് മുതല്‍ രാജാവും ഭക്തി മാര്‍ഗ്ഗത്തിലേയ്ക്ക്  തന്റെ ശ്രദ്ധ തിരിച്ചു. ഭഗവാന്റെ കാരുണ്യം കൊണ്ടു എല്ലാം ഭംഗിയായി തന്നെ കലാശിച്ചു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വരുന്ന ലക്കങ്ങളില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈരഹസ്യം 
(വാക്യം - 47)
         രാധേകൃഷ്ണാ! സ്വാമി നമ്മാഴ്വാര്‍ പോലും സ്തുതിച്ച ഒരു ഭവിഷ്യത്ത് ആചാര്യനാണ് സ്വാമി രാമാനുജര്‍. നമ്മാഴ്വാര്‍ കലിയുഗം തുടങ്ങിയ ഉടന്‍ അവതാരം ചെയ്തു. അദ്ദേഹത്തിന്റെ കാലത്തിനു ശേഷം അവതരിച്ച ഒരു സദാചാര്യനാണ് സ്വാമി രാമാനുജര്‍. പക്ഷെ നമ്മാഴ്വാര്‍ തന്റെ കാലത്ത് തന്നെ ഇദ്ദേഹത്തിന്റെ വരവിനെ കുറിച്ച് പ്രവചിച്ചിരുന്നു. എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു സദാചാര്യനാണ് സ്വാമി രാമാനുജര്‍. അദ്ദേഹത്തിനോട് നേരെ നിന്ന് സംസാരിക്കാന്‍ ഭാഗ്യം കിട്ടിയവളാണ് തിരുക്കോളൂരിലെ പെണ്‍പിള്ളൈ. രാമാനുജരോടു തന്റെ ഹൃദയത്തില്‍ ഉള്ള വിഷയങ്ങള്‍ എല്ലാം എടുത്തു പറയുന്നു. അവള്‍ക്കു ആരാധന തോന്നുന്ന ഭക്തന്മാരെ കുറിച്ച് എല്ലാം അവള്‍ അദ്ദേഹത്തോട് സംസാരിക്കുന്നു.  രാമാനുജരും ശിഷ്യരും അത്ഭുതത്തോടെ അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. രാമായണത്തിലെ ഭക്തന്മാരെ കുറിച്ചു അവള്‍ പറഞ്ഞു. ലക്ഷ്മണനെയും, ഭരതനേയും പറ്റി പറഞ്ഞ അവള്‍ ഗുഹനെ കുറിച്ചും പറഞ്ഞു. അടുത്തു എന്താവും അവള്‍ പറയുന്നത് എന്നു എല്ലാരും കാതോര്‍ത്തു നിന്നു.
       അടുത്തതായി അവള്‍ അടുത്ത വാക്യം പറഞ്ഞു:-
"അരക്കനുടന്‍ പൊരുതേനോ പെരിയ തിരുവുടയാര്‍ പോലെ"!
വീണ്ടും രാമായണത്തിലെ തന്നെ ഒരു വാക്യം! ഭഗവാന്‍ ശ്രീ രാമചന്ദ്രമൂര്‍ത്തി വനവാസത്തില്‍ 13 വര്‍ഷം കഴിഞ്ഞു ചിത്രകൂടത്തില്‍ നിന്നും പുറപ്പെടുന്നു. അഗസ്ത്യ മഹര്‍ഷിയെ കാണാനായിട്ടാണ് പുറപ്പാടു. അഗസ്ത്യര്‍ അവരെ പഞ്ചവടിയില്‍ താമസിക്കാന്‍ ഉപദേശിക്കുന്നു. പഞ്ചവടി അവര്‍ക്ക് ഇഷ്ടപ്പെട്ടു. അപ്പോള്‍ ഒരു മരത്തിന്റെ മുകളില്‍ വലിയ ഒരു കഴുകന്‍ ഇരിക്കുന്നത് കണ്ടു. ഇവരോട് ആ കഴുകന്‍ താന്‍ ജടായുവാണെന്നും  ദശരഥന്റെ മിത്രമാണെന്നും പറഞ്ഞു.  അത് കേട്ട് രാമ ലക്ഷ്മണന്മാര്‍ വളരെ സന്തോഷിച്ചു. രാമന്‍ ലക്ഷ്മണനോട്, ഈ കാട്ടില്‍ അവരുടെ പിതാവിന്റെ സ്ഥാനത്തു ജടായു ഇരിക്കുന്നു എന്നു പറഞ്ഞു സന്തോഷിച്ചു. 
        കാട്ടില്‍ രാമനു സീതയുടെയും, ലക്ഷ്മണന്റെയും ചുമതല ഉണ്ട്. കാരണം രാമാനാണ് മൂത്ത ജ്യേഷ്ഠന്‍! ഇപ്പോള്‍ ജടായു വന്നതിനു ശേഷം ആ ഒരു പ്രശ്നം ഇല്ല. അദ്ദേഹത്തിന്റെ ചിറകിന്റെ കീഴില്‍ ഒതുങ്ങാം എന്നു സമാധാനിച്ചു. ജാടായുവും വളരെ സന്തോഷിച്ചു. തന്റെ സുഹൃത്തായ ദശരഥന്റെ നിര്‍ത്യാനം കേട്ടു സങ്കടപ്പെട്ടു. രാമനോട് സീതയുടെ ചുമതല ഏറ്റെടുക്കാം എന്നു പറഞ്ഞു. രാമനും ലക്ഷ്മണനും കുടിലില്‍ നിന്നും പുറത്തു പോകേണ്ടി വരും. ആ സമയത്ത് സീതയുടെ രക്ഷ ജടായുവിന്റെ കയ്യിലായി. 
        അങ്ങനെ സന്തോഷത്തോടെ കഴിയുന്ന സമയത്താണ് രാവണന്റെ വരവ്! മാരീചനെ മായ മാന്റെ രൂപത്തില്‍ അയയ്ക്കുന്നു. സീതയും പൊന്മാനിനെ കണ്ടു മയങ്ങി പോയി. ലക്ഷ്മണനെ കാവല്‍ നിറുത്തിയിട്ടു രാമന്‍ സ്വയം അതിനെ പിടിക്കാന്‍ പോയി. ലക്ഷ്മണന്‍ അത് മാരീചനാണെന്ന് പറഞ്ഞു തടുത്തു നോക്കി. പക്ഷെ രാമന്‍ അത് കേട്ടില്ല. അത് മായാ മരീച്ചനാണെങ്കില്‍ അവനെ വധിക്കണം എന്നു പറഞ്ഞു പുറപ്പെട്ടു.  മാരീചനെ അസ്ത്രം എയ്തു കൊല്ലുന്ന നേരത്ത് അയാള്‍ രാമന്റെ സ്വരത്തില്‍ 'ഹാ ലക്ഷ്മണാ! ഹാ സീതേ!' എന്നുറക്കെ വിളിച്ചു കൊണ്ടു മരിച്ചു വീണു. സീത അത് കേട്ടു പരിഭ്രമിച്ചു ലക്ഷ്മണനെ പറഞ്ഞയയ്ക്കുന്നു. ലക്ഷ്മണന്‍ എത്ര എതിര്‍ത്തിട്ടും അവള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. മാത്രമല്ല ലക്ഷ്മണനെ നിന്ദിച്ചു സംസാരിക്കുകയും ചെയ്യുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ലക്ഷ്മണന് തിരിക്കേണ്ടി വന്നു. 
      ഈ തക്കം നോക്കി രാവണന്‍ കപട സന്യാസി വേഷത്തില്‍ സീതയെ അപഹരിക്കാന്‍ എത്തുന്നു. അവസാനം അവളെ അപഹരിച്ചു കൊണ്ടു പുറപ്പെടുന്നു. ഇത് കണ്ടു കൊണ്ടു ജടായു ഇടപെട്ടു. രാവണനു നല്ല ഉപദേശം കൊടുത്തു നോക്കി. പക്ഷെ രാവണന്‍ ഉണ്ടോ അതൊക്കെ കേള്‍ക്കുന്നു? ജടായുവിനോട്‌ യുദ്ധത്തിനു ഒരുങ്ങി. രാവണന്റെ നേര്‍ക്ക്‌ നേര്‍ ആ വൃദ്ധനായ ജടായു യുദ്ധം ചെയ്യുന്നു. എങ്ങനെയെങ്കിലും സീതയെ രക്ഷിക്കണം! അവള്‍ തന്റെ മരുകളുടെ സ്ഥാനത്താണ്. ബലം ഒക്കെ ക്ഷയിച്ചു കഴിഞ്ഞു. എന്നിട്ടും വിടാതെ യുദ്ധം തുടര്‍ന്നു. അവസാനം രാവണന്‍ ജടായുവിന്റെ ചിറകു അറിഞ്ഞു വീഴ്ത്തി.  സീത വീണു പോയ ജടായുവിനെ കെട്ടി പിടിച്ചു കൊണ്ടു പൊട്ടിക്കരയുന്നു.  രാവണന്‍ അവളെ ബലാല്‍ക്കാരമായി എടുത്തു കൊണ്ടു പോയി. 
        മാരീചനെ വധിച്ചതിനു ശേഷം രാമനും ലക്ഷ്മണനും കണ്ടു മുട്ടുന്നു. സീതയെ വിട്ടിട്ടു വന്നതിനു ലക്ഷ്മണനെ രാമന്‍ ശകാരിക്കുന്നു. രണ്ടു പേരും തിരികെ പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍  സീതയെ കാണ്‍മാനില്ല. ജടായുവിന്റെ ചിറകിലെ തൂവലുകള്‍ അവിടവിടെ കിടക്കുന്നത് കണ്ടു. രക്ത തുള്ളികളും കിടക്കുന്നത് കണ്ടു ഭയപ്പെട്ടു. അപ്പോള്‍ ഒരു സാധാരണ മനുഷ്യനെ പോലെ രാമന്‍ സീതയെ ജടായു എന്തെങ്കിലും ചെയ്തിരിക്കും എന്നു പറഞ്ഞു. കുറച്ചകലെ നോക്കിയപ്പോള്‍ രാവണന്റെ രഥം മുറിഞ്ഞു കിടക്കുന്നതും അതിന്റെ അടുത്തു ജടായു രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടു. 
        ഓടി ചെന്ന് ജടായുവേ എടുത്തു മടിയില്‍ വെച്ച് തലോടി. ജടായു രാവണന്‍ വന്നു സീതയെ അപഹരിച്ചു കൊണ്ടു പോയത് പറഞ്ഞു. തന്നാല്‍ ആവും വിധം താന്‍ തടുത്തു നോക്കി, പക്ഷെ തോറ്റു പോയി എന്നു ദുഃഖത്തോടെ പറഞ്ഞു. രാമനെ കണ്ടു ഈ വിവരം ധരിപ്പിക്കാനായി മാത്രം താന്‍ ഇത്രയും നേരം പ്രാണനെ ധരിച്ചിരുന്നു എന്നു പറഞ്ഞു കൊണ്ടു അദ്ദേഹം പ്രാണന്‍ വെടിഞ്ഞു.  രാമനും ലക്ഷ്മണനും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ വിലപിച്ചു. ആ കാട്ടില്‍ അവര്‍ ഇരുവരും അദ്ദേഹത്തിനു ഒരു നല്ല ചിത ഒരുക്കി, അന്ത്യ സംസ്ക്കാരങ്ങള്‍ എല്ലാം വളരെ ശ്രദ്ധയോടെ ചെയ്തു. രാമന്‍ ആ സമയത്തില്‍ താന്‍ മനുഷ്യനാണെന്നുള്ള കാര്യം മറന്നു പോയി. ജടായുവിനു വൈകുണ്ഠം പ്രദാനം ചെയ്തു. തന്റെ അച്ഛന്റെ സഹോദരന്റെ സ്ഥാനത്തു അദ്ദേഹത്തെ കരുതി. അത് കൊണ്ടു വൈഷ്ണവ സമ്പ്രദായത്തില്‍ ജടായുവിനെ പെരിയ തിരുവുടയാര്‍  എന്നു വിളിക്കും. പെണ്‍പിള്ളൈ ജടായുവിന്റെ വിഷയം പറഞ്ഞിട്ട് രാമാനുജരോടു തനിക്കു അതു പോലുള്ള ഗുണം എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. എല്ലാവരും ഭഗവാനെ രക്ഷിക്കു എന്നു വിളിച്ചു കരയുമ്പോള്‍ ഈ ജടായു ഭഗവാനു ഒരു ആപത്തു വന്നപ്പോള്‍ പ്രാണന്‍ വെടിഞ്ഞു രക്ഷിക്കാന്‍ ശ്രമിച്ചില്ലേ. താന്‍ അതു പോലെ ഭഗവാനു വേണ്ടി ഒന്നും ചെയ്തില്ലല്ലോ. അദ്ദേഹം എവിടെ താന്‍ എവിടെ എന്നു ചോദിച്ചു. 
'അരക്കനുടന്‍ പൊരുതെനോ തിരുവുടയാര്‍ പോലെ?' 
അവള്‍ പറയുന്നത് മുഴുവന്‍ വളരെ ശ്രദ്ധയോടെ രാമാനുജര്‍ കേട്ടു കൊണ്ടു നിന്നു. അന്ന് ലക്ഷ്മണനായി നിന്നു, ജടായുവിന്റെ മോക്ഷത്തിനു സാക്ഷി ഭൂതനായതാണ്. ഇന്നിതാ രാമാനുജരായി നിന്നു കൊണ്ടു അതൊക്കെ ഈ പെണ്‍ പിള്ളൈ ഓര്‍മ്മിപ്പിച്ചപ്പോള്‍ കേട്ടു കൊണ്ടിരുന്നു. അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. ആ പെണ്‍ പിള്ളയെ മനസ്സ് കൊണ്ടു അനുഗ്രഹിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!